RSS

Daily Archives: Sep 8, 2009

ഡാർവിൻ – മനുഷ്യനും ശാസ്ത്രജ്ഞനും

“പക്ഷികളെ വെടിവയ്ക്കാനും, പട്ടികളെയും എലികളെയും പിടിക്കാനുമല്ലാതെ നിന്നേക്കൊണ്ടു് ഒരു പ്രയോജനവുമില്ല. നീ നിനക്കും നിന്റെ കുടുംബത്തിനും പേരുദോഷം വരുത്തിയിട്ടേ അടങ്ങൂ!” ഡാർവിന്റെ ചെറുപ്പത്തിൽ അവന്റെ പിതാവു് അവനെപ്പറ്റി പറഞ്ഞ അഭിപ്രായമാണിതു്.

ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയിൽ സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ചാൾസ്‌ റോബർട്ട്‌ ഡാർവിന്റെ (Charles Robert Darwin) ജനനം. പിതാവു് ഒരു ഡോക്ടർ. മാതാവു് ധനികനായ ഒരു പോർസ്‌ലെയിൻ നിർമ്മാണഫാക്ടറി ഉടമയുടെ മകൾ. ആ ദമ്പതികളുടെ ആറു് മക്കളിൽ അഞ്ചാമത്തവനായിരുന്നു ചാൾസ്‌. ആംഗ്ലിക്കൻ ചർച്ചിലാണു് മാമൂദീസ മുക്കപ്പെട്ടതെങ്കിലും ആ കുടുംബം പോയിരുന്നതു് ഡോഗ്മകളെ നിഷേധിക്കുകയും ദൈവത്തിന്റെയും മനുഷ്യന്റേയും പ്രകൃതിയുടെയും ഏകത്വത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന, പ്രോട്ടസ്റ്റന്റ്‌ വിഭാഗത്തിൽ പെട്ട യൂണിറ്റേറിയൻ ചർച്ചിന്റെ (Unitarianism) വക അടുത്തുള്ള ഒരു പള്ളിയിലായിരുന്നു. പിതാവു് ഒരു വിശ്വാസി ആയിരുന്നില്ലെങ്കിലും മാതാവു് വിശ്വാസകാര്യങ്ങളിൽ വളരെ തൽപരയായിരുന്നു. ഞായറാഴ്ചകളിൽ മക്കളോടൊത്തു് പതിവായി കുർബാനയിൽ പങ്കെടുക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു. അതുവഴി ചെറുപ്പത്തിലേ ചാൾസിന്റെ മനസ്സിൽ വേരോടിയിരുന്ന ആശ്വാസദായകമായ ഭക്തിക്കു് അവനു് എട്ടു് വയസ്സുള്ളപ്പോൾ സംഭവിച്ച അമ്മയുടെ മരണം ആദ്യത്തെ മുറിവേൽപിച്ചു. “മരണക്കിടക്കയിൽ കറുത്ത വെൽവെറ്റിൽ പൊതിഞ്ഞു് കിടക്കുന്ന ഒരു രൂപമായല്ലാതെ മറ്റൊന്നും അമ്മയെപ്പറ്റി ഓർക്കാൻ എനിക്കു് കഴിയുന്നില്ല” എന്നു് പിൽക്കാലത്തു് എഴുതുന്നതല്ലാതെ അമ്മയെപ്പറ്റി കൂടുതലൊന്നും പരാമർശിക്കപ്പെടുന്നില്ല എന്നതിനാൽ, ഡാർവിന്റെ മനസ്സിൽ അമ്മയുടെ ഓർമ്മ ചെറുപ്പത്തിലേ തന്നെ മറവിയിലേക്കു് അമർത്തിയൊതുക്കപ്പെട്ടിരുന്നിരിക്കണം.

ദിവസത്തിൽ അധികപങ്കും പുറത്തെ പ്രകൃതിയിൽ കഴിയാനും, വണ്ടുകളേയും ശലഭങ്ങളെയും മറ്റു് ചെറുജീവികളേയും ശേഖരിച്ചു് പരിശോധിക്കാനുമായിരുന്നു ചാൾസ്‌ ഏറെ ഇഷ്ടപ്പെട്ടതു്. സ്കൂൾജീവിതം തുടങ്ങിയതു് തന്നേക്കാൾ അഞ്ചു് വയസ്സിനു് മൂത്ത സഹോദരനായ ഇറാസ്മസിനോടൊപ്പം ഷ്രൂസ്ബറിയിലെ ഒരു ഡോക്ടർ ബട്ലറുടെ ബോർഡിംഗ്‌ സ്കൂളിൽ. മണിക്കൂറുകളോളം സ്കൂളിലെ ഏതെങ്കിലും ഒരു മൂലയിൽ ഇരുന്നു് ഷേൿസ്പിയറിന്റെ ചരിത്രനാടകങ്ങൾ വായിക്കുമായിരുന്ന തന്നെ ഏറ്റവും ആകർഷിച്ചിരുന്ന പുസ്തകം ‘ലോകത്തിലെ നൂറു് അത്ഭുതങ്ങൾ’ ആയിരുന്നു എന്നും, വിദൂരദേശങ്ങൾ സന്ദർശിക്കുന്നതിനുള്ള ആഗ്രഹം തന്നിൽ ഉണർത്തിയതു് ആ ഗ്രന്ഥമായിരുന്നു എന്നും ഡാർവിൻ എഴുതുന്നു. ‘കാണാതെ പഠിത്തം’ കൊണ്ടു് വലിയ പ്രയോജനം ഒന്നുമില്ലെന്നു് മനസ്സിലാക്കിയ ആ സഹോദരർ ഒരു ഹോബി എന്ന നിലയിൽ സ്വന്തമായി രാസപരമായ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നു. അതിനുതകുന്ന ഒരു ലബോറട്ടറി തട്ടിക്കൂട്ടാൻ വേണ്ടിയിരുന്ന 50 പൗണ്ട്‌ അക്കാലത്തെ ഒരു വീട്ടുവേലക്കാരന്റെ വാർഷികവരുമാനത്തേക്കാൾ കൂടുതലായിരുന്നു എന്നതിനാൽ ചിലവു് കുറഞ്ഞ ഒരു ഹോബി ആയിരുന്നില്ല അതു്. പൂന്തോട്ടത്തിലെ ഗ്രീൻഹൗസിൽ ആയിരുന്നു ‘രഹസ്യ പരീക്ഷണങ്ങൾ’. സഹോദരികൾക്കു് അവിടെ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. പരീക്ഷണങ്ങളിൽ അധിഷ്ഠിതമായ ശാസ്ത്രത്തെ പരിചയപ്പെടാൻ കഴിഞ്ഞ ഈ കാലഘട്ടം തന്റെ സ്കൂൾ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായിരുന്നു എന്നു് ഡാർവിൻ രേഖപ്പെടുത്തുന്നു. ഇത്തരം പരീക്ഷണങ്ങൾ സഹപാഠികളുടെ ഇടയിൽ ‘ഗ്യാസ്‌’ എന്നൊരു പരിഹാസപ്പേരും ചാൾസിനു് നേടിക്കൊടുത്തത്രെ! സഹോദരനിൽ നിന്നും പഠിച്ച മറ്റൊരു ഹോബിയായിരുന്നു പക്ഷികളെ വെടിവച്ചു് വീഴ്ത്തൽ. സാമ്പത്തികവും സാമൂഹികവുമായി വളരെ ഉയർന്ന ഒരു കുടുംബത്തിലെ അംഗം എന്ന നിലയിൽ പിതാവായ റോബർട്ട്‌ ഡാർവിൻ മകന്റെ പ്രവൃത്തികളിൽ അസന്തുഷ്ടനാവുന്നതു് സ്വാഭാവികം. മകന്റെ രീതികളോടുള്ള അവന്റെ അസംതൃപ്തിയുടെ പ്രതിഫലനമാണു് ആദ്യം സൂചിപ്പിച്ച പ്രതികരണം.

ചാൾസിനെ ‘നേർവഴിക്കു്’ ആക്കാനായി പിതാവു് റോബർട്ട്‌ ഡാർവിൻ അവനെ സ്കൂളിൽ നിന്നും മാറ്റി എഡിൻബർഗ്‌ യൂണിവേഴ്സിറ്റിയിൽ ചേർക്കുന്നു. അങ്ങനെ മെഡിസിൻ പഠനം ആരംഭിക്കുന്ന ഡാർവിൻ അവിടെവച്ചു് സ്വതന്ത്രനാക്കപ്പെട്ട ഒരു അടിമയെ പരിചയപ്പെടുന്നു. ലോകസഞ്ചാരി ആയിരുന്ന ഒരു ഇംഗ്ലണ്ടുകാരൻ ഗിയാനയിൽ നിന്നും കൂടെ കൊണ്ടുവന്നു് ടാക്സിഡെർമിയിൽ (Taxidermy) പരിശീലനം നൽകിയിരുന്ന അവനിൽ നിന്നും ചാൾസ്‌ അതിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കി. എഡിൻബർഗിൽ വച്ചാണു് ഡാർവിൻ ലാമാർക്കിയൻ സിദ്ധാന്തത്തിന്റെ (Lamarckism) അനുയായിയും സ്വതന്ത്ര ചിന്തകനുമായിരുന്ന റോബർട്ട്‌ ഗ്രാന്റ്‌ എന്ന അദ്ധ്യാപകനെ പരിചയപ്പെടുന്നതു്. മെഡിസിനിലും സർജ്ജറിയിലും താത്പര്യം കാണിക്കാതിരുന്ന ഡാർവിൻ പ്രകൃതിശാസ്ത്രപരമായ കാര്യങ്ങളിലായിരുന്നു കൂടുതൽ വ്യാപൃതനായിരുന്നതു്. ക്ഷമ നശിച്ച പിതാവു് അവനെ അവിടെനിന്നും തിയോളജി പഠിക്കുന്നതിനായി കേംബ്രിഡ്ജിലേക്കു് മാറ്റി. അവിടെയും പക്ഷിവേട്ടയിലും കുതിരസവാരിയിലുമായിരുന്നു താത്പര്യമെങ്കിലും അതോടൊപ്പം പഴയ ഇഷ്ടവിനോദമായ ചെറുജീവികളെ ശേഖരിക്കലും തരം തിരിക്കലും മറ്റു് സഹപാഠികളുമായി മത്സരിച്ചെന്നോണം അവൻ തുടർന്നുകൊണ്ടിരുന്നു. അതിന്റെ ഫലമായി അവൻ പ്രൊഫസർ ജോൺ ഹെൻസ്ലോവിന്റെ (John Stevens Henslow) സുഹൃത്തും അനുയായിയുമായിത്തീർന്നു. അക്കാലത്തു് ഇംഗ്ലണ്ടിൽ വളരെ വിലമതിക്കപ്പെട്ടിരുന്ന നാചുറൽ തിയോളജിയുടെ പ്രധാന പ്രതിനിധി ആയിരുന്ന വില്യം പാലിയുടെ (William Paley) സൃഷ്ടികൾ ഡാർവിനെ ആകർഷിച്ചിരുന്നു. അവ തിയോളജി പഠനത്തിന്റെ ഒരു ഭാഗവുമായിരുന്നു. ‘സമയനഷ്ടം’ എന്നു് ഡാർവിൻ വിശേഷിപ്പിച്ച തന്റെ തിയോളജി പഠനത്തിന്റെ അവസാനം, പാലിയും, യൂക്ലിഡും, ഗ്രീക്ക്‌-ലാറ്റിൻ ക്ലാസിക്കുകളും വിഷയങ്ങളായി ഉൾക്കൊണ്ടിരുന്ന പരീക്ഷ 178 വിദ്യാർത്ഥികളിൽ പത്താമത്തവനായി പാസാവാൻ ഏതായാലും അവനു് കഴിഞ്ഞു. ജോൺ ഹെർഷെലിന്റെയും (John Herschel) അലെക്സാണ്ടർ ഫോൺ ഹുംബോൾഡ്റ്റിന്റേയും (Alexander von Humboldt) രചനകൾ ഡാർവിൻ കേംബ്രിഡ്ജിലെ അവസാനവർഷം വായിച്ചവയിൽ പെടുന്നു.

അങ്ങനെ തിയോളജി പഠനം പൂർത്തിയായതോടെ ബാക്കി ജീവിതം ഏതെങ്കിലും ഒരു ഗ്രാമീണ ഇടവകയിൽ പാതിരിയായി തള്ളിനീക്കുന്നതിനു് പിന്നെ തടസ്സം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഡാർവിന്റെ വിധി മറ്റൊന്നായിരുന്നു. അതിനായെന്നോണം പല യാദൃച്ഛികതകളുടെ ഒരു ശൃംഖല തന്നെ ഡാർവിനെ തേടി വരികയായിരുന്നു. തെക്കേ അമേരിക്കയുടെ തീരപ്രദേശങ്ങൾ സർവ്വേ ചെയ്യുന്നതിനു് HMS ബീഗിൾ എന്ന കപ്പലിൽ രണ്ടു് വർഷം നീണ്ടുനിൽക്കുന്ന ഒരു യാത്ര ക്യാപ്റ്റൻ റോബർട്ട്‌ ഫിറ്റ്‌സ്‌റോയ്‌ സ്വന്ത ഉത്തരവാദിത്വത്തിൽ പ്ലാൻ ചെയ്തിരുന്നു. ഒരു ‘ജെന്റിൽമൻ സഹചാരി’ എന്ന നിലയിൽ അവന്റെ കൂടെ പോകാനായി ക്ഷണിക്കപ്പെട്ട പ്രകൃതി ശാസ്ത്രജ്ഞർ എല്ലാം ഒന്നിനുപുറകെ ഒന്നായി ഒഴിവു് പറഞ്ഞു. അങ്ങനെ, പ്രകൃതിശാസ്ത്രത്തിൽ ബിരുദം ഒന്നുമില്ലായിരുന്നെങ്കിലും അതിൽ ആവശ്യത്തിലേറെ പരിചയസമ്പത്തും അതിലേറെ താത്പര്യവുമുണ്ടായിരുന്ന ഡാർവിനു് യാത്ര തുടങ്ങുന്നതിനു് നാലാഴ്ച മുൻപു് ക്ഷണക്കത്തു് ലഭിക്കുന്നു! ഡാർവിൻ കുടുംബത്തിന്റെ സമൂഹത്തിലെ പദവിയും അതിനു് സഹായകമായി. ‘വെറുതെ രണ്ടുവർഷം നഷ്ടപ്പെടുത്തലായതുകൊണ്ടു്’ സ്വാഭാവികമായും പിതാവു് അതിനെതിരായിരുന്നു എങ്കിലും അളിയൻ വെഡ്ജ്‌വുഡിന്റെ നിർബന്ധത്തിനു് വഴങ്ങി അവസാനം അവനും അനുവാദം നൽകി.

ആ കപ്പലിലെ യാത്ര ഡാർവിനെ സംബന്ധിച്ചു് ഒരു പീഡനമായിരുന്നു. വിടാതെ പിടികൂടിയ കടൽച്ചൊരുക്കു് അവനെ ശാരീരികമായി തളർത്തിക്കൊണ്ടിരുന്നു. മൂന്നു് മീറ്റർ സമചതുരത്തിലുള്ള കാബിൻ മറ്റു് രണ്ടുപേരുമായി പങ്കിടേണ്ടിയിരുന്നു. ചെറിയ ആ കപ്പലിൽ ആകെ 73 പേർ ഒതുങ്ങിക്കൂടണമായിരുന്നു. ഒരു തികഞ്ഞ യാഥാസ്ഥിതികനും കപ്പലിലെ അച്ചടക്കത്തിനു് വളരെ പ്രാധാന്യം കൽപിച്ചിരുന്നവനുമായ ക്യാപ്റ്റൻ ഫിറ്റ്‌സ്‌റോയ്‌ കപ്പൽ ജീവനക്കാർക്കു് നൽകിയിരുന്ന ചാട്ടവാറടിപോലുള്ള കഠിനമായ ശിക്ഷ പുരോഗമനചിന്താഗതിക്കാരനായ ഡാർവിനു് അംഗീകരിക്കാനാവുന്നതായിരുന്നില്ല. അതേസമയം 22 വയസ്സുകാരനായ ഡാർവിനു് തന്നേക്കാൾ നാലു് വയസ്സിനു് മൂത്തവനും കാർട്ടോഗ്രാഫിയിലും മീറ്റിയറോളജിയിലും കടൽ യാത്രയിലും അനുഭവസമ്പന്നനുമായ ഫിറ്റ്‌സ്‌റോയ്‌ ഒരു മാതൃകാപുരുഷനുമായിരുന്നു. ലോകവീക്ഷണത്തിൽ വ്യത്യസ്ത നിലപാടുകാർ ആയിരുന്നെങ്കിലും ‘ജെന്റിൽമെൻ’ ആയിരുന്ന അവർ പരസ്പരം ബഹുമാനിച്ചിരുന്നു. ആ യാത്രയിലുടനീളം തന്നെ നിരന്തരം അലട്ടിയിരുന്ന മനംപിരട്ടലും ഛർദ്ദിയും ഫിറ്റ്‌സ്‌റോയിയോടൊത്തു് ആഹാരം കഴിച്ചിരുന്ന സമയങ്ങളിലും മറ്റും ഡാർവിനെ വല്ലാതെ അലട്ടിയിരുന്നതായി ഡാർവിൻതന്നെ എഴുതുന്നു. പലപ്പോഴും പിതാവിന്റെ ഉപദേശം കേൾക്കാതിരുന്നതിൽ അവൻ ദുഃഖിച്ചു. പക്ഷേ, അറ്റ്‌ലാന്റിക്കിന്റെ മദ്ധ്യത്തിൽ എത്തിയിരുന്ന ബീഗിളിൽ നിന്നും ഒരു തിരിച്ചുപോക്കു് സാദ്ധ്യമായിരുന്നില്ല. പോരെങ്കിൽ അവർക്കൊരു ദൗത്യം നിറവേറ്റേണ്ടതായിട്ടുണ്ടായിരുന്നു. അറ്റ്‌ലാന്റിക്കിലും പസിഫിക്കിലും ഇംഗ്ലണ്ടിന്റെ സ്വാധീനം വിപുലീകരിക്കുന്നതിനുവേണ്ടി റോയൽ നേവിയുടെ നിർദ്ദേശപ്രകാരം തെക്കേ അമേരിക്കയുടെ തീരപ്രദേശങ്ങൾ അളന്നുകുറിക്കുക, രേഖാംശരേഖകൾ തിട്ടപ്പെടുത്തുക, കാലാവസ്ഥാനിരീക്ഷണം നടത്തുക മുതലായ നടപടികൾ രണ്ടു് വർഷം കൊണ്ടു് തീർത്തശേഷം ഓസ്റ്റ്രേലിയയും ഏഷ്യയും ആഫ്രിക്കയും ചുറ്റി ഇംഗ്ലണ്ടിൽ തിരിച്ചെത്തുക എന്നതായിരുന്നു ക്യാപ്റ്റൻ ഫിറ്റ്‌സ്‌റോയിയുടെ ചുമതല. ഡാർവിന്റെ അഭിപ്രായത്തിൽ രണ്ടു് വർഷം കൊണ്ടു് ഒരിക്കലും തീർക്കാൻ കഴിയാത്ത ഒരു ജോലിയാണെന്നതിനാൽ തിരിച്ചു് നാട്ടിലെത്തി ഇടവകവികാരിയാവുന്നതുനുള്ള അവസരം നഷ്ടപ്പെടുമോ എന്നായിരുന്നു ആരംഭത്തിൽ ഡാർവിന്റെ കലശലായ പേടി.

എന്നിരിക്കിലും, കേപ്‌ വെർഡെ ഐലൻഡ്‌സിൽ ആദ്യമായി കപ്പൽ കരയോടടുപ്പിച്ചു് ഭൂമിയിൽ കാലുറപ്പിക്കാൻ കഴിഞ്ഞപ്പോൾ ഡാർവിന്റെ സകല നിരാശകളും അവസാനിച്ചു. കടൽത്തീരത്തെ പാറക്കെട്ടുകളുടെ പാർശ്വങ്ങളിൽ കണ്ട നെടുനീളത്തിലുള്ള രേഖകളും, കടൽനിരപ്പിൽ നിന്നും അനേകമീറ്റർ ഉയരത്തിൽ കണ്ടെത്തിയതും കടലിൽ മാത്രം ജീവിക്കുന്നതുമായ കക്കയിനങ്ങളുടെ തോടുകളുമെല്ലാം നൽകിയ പുതിയ അനുഭവം ആദ്യമായി അവനിലെ പ്രകൃതിശാസ്ത്രജ്ഞനെ വിളിച്ചുണർത്തി. നമ്മൾ ജീവിക്കുന്ന ഭൂമി നിശ്ചലമായ ഒന്നല്ല എന്നും, ഭൂമിയുടെ പ്രതലം ചലനങ്ങൾക്കു് വിധേയമാണെന്നും, അതുവഴി സംഭവിക്കുന്ന ഭൂതലത്തിന്റെ ആരോഹണമാണു് കടലിൽ ആയിരിക്കേണ്ട കക്കത്തോടുകൾ കടൽ നിരപ്പിൽ നിന്നും അനേകമീറ്റർ ഉയരത്തിൽ കാണപ്പെടുന്നതിന്റെ കാരണമെന്നും ഡാർവിൻ മനസ്സിലാക്കി. ഭൂമിയുടെ ഈ ജിയോളജിക്കൽ ചലനാത്മകത ഡാർവിൻ പിന്നീടു് ബയോളജിയിലേക്കു് ഏറ്റെടുക്കുകയായിരുന്നു. അവിടെ നിന്നും താമസിയാതെ ഭൂമദ്ധ്യരേഖ കടന്നു് തെക്കു് പടിഞ്ഞാറു് ദിശയിൽ യാത്ര തുടർന്ന ബീഗിൾ 1832 ഫെബ്രുവരി 28-നു് ഇന്നത്തെ സാൽവഡോറിൽ എത്തിച്ചേർന്നു. ആദ്യമായി തെക്കേ അമേരിക്കയുടെ മണ്ണിൽ കാലുവച്ച ഡാർവിന്റെ അത്ഭുതത്തിനു് അളവില്ലായിരുന്നു. ഉഷ്ണമേഖലാപ്രദേശത്തെ വനങ്ങൾ! അവർണ്ണനീയമായ പ്രകൃതിഭംഗി! ഏറെത്താമസിയാതെ പള്ളിവികാരി ആവേണ്ട ഡാർവിൻ അപ്പോഴും അതിലെല്ലാം കാണുന്നതു് ദൈവത്തിന്റെ കരവിരുതാണു്.

മൂന്നാഴ്ചക്കു് ശേഷം തെക്കു് ലക്ഷ്യമാക്കി ബീഗിൾ വീണ്ടും യാത്ര തുടരുന്നു. യാത്രയുടെ ചിത്രങ്ങൾ വരയ്ക്കാൻ ചുമതലപ്പെട്ടവനായ കപ്പലിലെ പെയ്ന്ററുമായി ഡാർവിൻ സൗഹൃദം സ്ഥാപിക്കുന്നു. തെക്കേ അമേരിക്കൻ സമൂഹങ്ങളിലെ ജീവിതം ഡ്രോയിംഗിലും വാട്ടർ കളറിലും ചിത്രീകരിക്കുന്നതും അവനായിരുന്നു. ബ്രസീലിലെ അടിമസമ്പ്രദായത്തെപ്പറ്റിയുള്ള ചർച്ചയിൽ ആദ്യമായി ഫിറ്റ്‌സ്‌റോയിയും ഡാർവിനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുന്നു. അടിമകൾക്കു് സ്വതന്ത്രരാവണമെന്ന ആഗ്രഹമേ ഇല്ല എന്ന വാദവുമായി ഫിറ്റ്‌സ്‌റോയ്‌ അടിമസമ്പ്രദായത്തെ ന്യായീകരിക്കുന്നു. ബോധവത്കരിക്കപ്പെട്ടതും സഹിഷ്ണുതയുള്ളതുമായ ഒരു കുടുംബത്തിൽ വളർന്നതുമൂലം ഉത്തമബോദ്ധ്യത്തോടെ ഒരു ലിബറൽ ആയിരുന്ന ഡാർവിനു് സ്വാഭാവികമായും ഫിറ്റ്‌സ്‌റോയിയുടെ നിലപാടിനെ എതിർക്കേണ്ടി വരുന്നു. അതേസമയം ഫിറ്റ്‌സ്‌റോയ്‌ അടിമത്തത്തെ പിൻതുണച്ചുവെങ്കിൽ അതു് അക്കാലത്തു് ഇംഗ്ലണ്ടിൽ സാധാരണമായിരുന്ന ഒരു രീതിയെ പ്രതിരോധിക്കുക മാത്രവുമായിരുന്നു. ആ പര്യവേക്ഷണത്തിന്റെ സാമ്പത്തികം അടക്കമുള്ള മുഴുവൻ ഉത്തരവാദിത്വവും വഹിക്കേണ്ടിയിരുന്ന ഫിറ്റ്‌സ്‌റോയിയും മാനസികമായ തന്റെ ചാഞ്ചാട്ടങ്ങളിൽ ക്ലേശിതനായിരുന്നു. അവൻ തന്റെ പ്രശ്നങ്ങൾക്കു് ബൈബിളിൽ ആശ്രയവും പരിഹാരവും തേടാൻ ശ്രമിച്ചു.

അനുവദിക്കപ്പെട്ടിരുന്ന രണ്ടു് വർഷങ്ങൾ അവസാനിക്കാൻ പോകുന്നു! കാലാവസ്ഥ മോശമായിക്കൊണ്ടുമിരുന്നു. ഊഷ്മാവു് പൂജ്യം ഡിഗ്രിയോടടുത്തു്! അപ്പോഴാണു് പസിഫിക്കിലേക്കു് പ്രവേശിക്കുന്നതിനു് പകരം കപ്പൽ വീണ്ടും വടക്കോട്ടു് തിരിച്ചുവിടാൻ ഫിറ്റ്‌സ്‌റോയ്‌ തീരുമാനിക്കുന്നതു്. സർവ്വേ ചെയ്യേണ്ടിയിരുന്ന ഒരു ഭാഗം വിട്ടുപോയത്രെ! പദ്ധതിയുടെ ഭാഗമായ ‘ലോകം ചുറ്റൽ’ ഉപേക്ഷിക്കാനാണോ ക്യാപ്റ്റന്റെ തീരുമാനം എന്നുവരെ ഡാർവിൻ സംശയിക്കാൻ തുടങ്ങി. പക്ഷേ യാദൃച്ഛികമായ ഈ ദൗർഭാഗ്യത്തിലും ഭാഗ്യം ഡാർവിനെ തേടിവരികയായിരുന്നു. ഒരു സഹായിയുമായി അർജന്റീനയുടെ തീരപ്രദേശങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവരുന്ന ഡാർവിൻ അവിടെ അപൂർവ്വവും ഭീമാകാരവുമായ ഫോസിലുകൾ കണ്ടെത്തുന്നു. മണ്മറഞ്ഞ ജീവികളുടേതെന്ന നിഗമനത്തിൽ വിദഗ്ദ്ധരെക്കൊണ്ടു് പരിശോധിപ്പിക്കുന്നതിനായി ഡാർവിൻ അവയെല്ലാം ഒരു ചരക്കുകപ്പലിൽ ഇംഗ്ലണ്ടിലെ മ്യൂസിയത്തിലേക്കു് അയക്കുന്നു. ആ അസ്ഥികൾ ‘പ്രളയകാലത്തിനു് മുൻപു്’ ജീവിച്ചിരുന്ന വർഗ്ഗങ്ങളുടേതായിരിക്കണം എന്നായിരുന്നു ഡാർവിന്റെ ധാരണ. അവ എങ്ങനെ അർജന്റീനയുടെ തീരപ്രദേശത്തെത്തി? അവിടങ്ങളിൽ ഇന്നും വലിയ ഇനം ജീവികൾ ഉണ്ടെന്നതിനാൽ അവ താൻ കണ്ടെത്തിയ ഫോസിലുകളുടെ ഒരു തുടർച്ചയാവാം എന്നു് ഡാർവിൻ ഊഹിക്കുന്നു.

യാത്ര വീണ്ടും ശരിയായ ദിശയിൽ തുടർന്നു. ഓരോ സ്റ്റേഷനുകളിലും ഡാർവിന്റെ ശേഖരണം വളർന്നുകൊണ്ടിരുന്നു. ഇംഗ്ലണ്ടിന്റെ ഖജനാവിലേക്കു് വർഷം മുപ്പതു് പൗണ്ടു് നൽകണം എന്ന നിബന്ധനയിൽ ക്യാപ്റ്റൻ ഫിറ്റ്‌സ്‌റോയ്‌ സിംസ്‌ കോവിങ്ങ്ടൺ എന്ന ഷിപ്‌ബോയിയെ അവനു് സഹായിയായി നൽകുന്നു. പലപ്പോഴും കടൽചൊരുക്കുമൂലം രോഗിയായിരുന്ന ഡാർവിനു് ബുദ്ധിമാനായിരുന്ന സിംസ്‌ ഒരു വലിയ നേട്ടമായിരുന്നു. താൻ ശേഖരിച്ച ജീവികളേയും മറ്റും വേണ്ടവിധം സംസ്കരിച്ചു് സൂക്ഷിക്കാനും അങ്ങനെ കാബിനിൽ അടുക്കും ചിട്ടയും വരുത്തുവാനും സിംസ്‌ ഡാർവിനെ അങ്ങേയറ്റം സഹായിച്ചു. ഒരു വർഷത്തിലേറേ HMS ബീഗിൾ തെക്കേ അമേരിക്കയുടെ പശ്ചിമതീരം സർവ്വേ ചെയ്യാൻ ചിലവഴിച്ചു. അതിനിടെ ചിലിയുടേയും പെറുവിന്റേയും ഉൾഭാഗത്തേക്കു് കടന്നും അവർ ചില പഠനങ്ങൾ നടത്തുകയുണ്ടായി.

യാത്രതുടങ്ങി മൂന്നരവർഷങ്ങൾക്കു് ശേഷം അവസാനം തേക്കേ അമേരിക്കയോടു് വിടപറഞ്ഞു് 1835 സെപ്റ്റംബറിൽ അവർ ഡാർവിന്റെ ‘വിധി ദ്വീപുകൾ’ എന്നു് വിളിക്കാവുന്ന ഗലാപ്പഗോസ്‌ ദ്വീപുകളുടെ നേരെ യാത്ര തുടർന്നു. തന്റെ ഈ മുഴുവൻ കപ്പൽ യാത്രയുടെയും ഒരേയൊരു ലക്ഷ്യം തന്നെ ഈ ദ്വീപുകളിൽ എത്തിക്കുകയായിരുന്നു എന്നതുപോലെ തോന്നുന്നു എന്നു് ഡാർവിൻ വിശേഷിപ്പിച്ച ഗലാപ്പഗോസ്‌ ദ്വീപുകളെ ക്യാപ്റ്റൻ ഫിറ്റ്‌സ്‌റോയി വിശേഷിപ്പിച്ചതു് ചെകുത്താന്മാർക്കു് മാത്രം താമസിക്കാൻ കൊള്ളാവുന്നതു് എന്നായിരുന്നു. അഞ്ചാഴ്ച ആ ദ്വീപുകളിൽ ചുറ്റിക്കറങ്ങിയ ഡാർവിൻ പിൽക്കാലത്തു് പറഞ്ഞതു് അവിടെ നടത്തിയ നിരീക്ഷണങ്ങളാണു് തന്നെ പ്രധാനമായും ജീവിവർഗ്ഗങ്ങളുടെ ഉത്ഭവത്തെ സംബന്ധിച്ചുള്ള പഠനങ്ങളിലേക്കു് നയിച്ചതു് എന്നായിരുന്നു. നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന പ്രകൃതിശാസ്ത്രത്തോടുള്ള തന്റെ സ്നേഹം ഒന്നു മാത്രമായിരുന്നു സൂര്യന്റെ ചൂടിനെ ശക്തമായി പ്രതിഫലിപ്പിക്കുന്ന ആ തരിശുഭൂമിയിലൂടെയുള്ള അലയൽ താങ്ങാനുള്ള കരുത്തു് തനിക്കു് നൽകിയതു് എന്നു് ഡാർവിൻ എഴുതുന്നു. നൂറിലേറെ വർഷങ്ങൾ ആയുസ്സുള്ളതും, അൻപതു് കിലോയോളം തൂക്കമുള്ളതുമായ ആമകളാണു് ഡാർവിനെ അവിടെ ഏറ്റവും ആകർഷിച്ചതു്. ഓട്ടികളിലെ മാതൃകയുടെ അടിസ്ഥാനത്തിൽ ആമകൾ ഏതു് ദ്വീപിൽ നിന്നും വരുന്നവയാണെന്നു് നിശ്ചയിക്കാമെന്ന ദ്വീപ്‌ നിവാസികളിൽ നിന്നും ലഭിച്ച സൂചന പരിസ്ഥിതികൾക്കനുസരിച്ചു് ജീവികളിൽ സംഭവിക്കാവുന്ന മാറ്റങ്ങളെ സംബന്ധിച്ചു് ഡാർവിനെ ബോധവാനാക്കി. കപ്പലിലെത്തിക്കപ്പെട്ട അത്തരം നാൽപത്തെട്ടു് ആമകളിൽ അധികപങ്കും ഭക്ഷിക്കപ്പെട്ടശേഷം അവയുടെ ഓട്ടികൾ കടലിൽ എറിയപ്പെട്ടു.

അഞ്ചു് വർഷങ്ങളോളം HMS ബീഗിൾ യാത്രയിലായിരുന്നു. ഡാർവിൻ പരിശീലിപ്പിച്ചെടുത്ത സിംസ്‌ കോവിങ്ങ്ടൺന്റെ സഹായത്തോടെ, ശേഖരിക്കപ്പെട്ട മുഴുവൻ ജീവികളുടെയും മൃതശരീരങ്ങൾ വിവരണസഹിതം തരം തിരിക്കപ്പെട്ടു. താൻ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും മൂവായിരത്തോളം പേജുകളിലായാണു് ഡാർവിൻ എഴുതി സൂക്ഷിച്ചിരുന്നതു്. 1529 സ്പീഷീസ്‌ സ്പിരിറ്റിൽ സൂക്ഷിക്കപ്പെട്ടു. 3907 ചർമ്മങ്ങളും അസ്ഥികളും ലേബൽ ചെയ്യപ്പെടുകയും പന്ത്രണ്ടു് പട്ടികകളിലായി അവ തരം തിരിക്കപ്പെടുകയും ചെയ്തു. ശേഖരണങ്ങളുടെ അനേകം പെട്ടികൾ ഇംഗ്ലണ്ടിലേക്കു് അയക്കപ്പെട്ടു. അവന്റെ അന്വേഷണത്വരയും ശാസ്ത്രദാഹവും കണ്ടെത്താത്തതായി ഒന്നുമുണ്ടായിരുന്നില്ല. തന്റെ കണ്ടെത്തലുകൾ വിദഗ്ദ്ധരുടെ ലോകത്തെ അത്ഭുതപ്പെടുത്തുമെന്നു് ഡാർവിനു് ഉറപ്പായിരുന്നു.

തെക്കേ അമേരിക്ക, ഗലാപ്പഗോസ്‌ ദ്വീപുകൾ, ഓസ്റ്റ്രേലിയ, ന്യൂസിലന്റ്‌ മുതലായ സ്ഥലങ്ങളുടെ നിരീക്ഷണങ്ങൾക്കു് ശേഷം HMS ബീഗിൾ സൗത്ത്‌ ആഫ്രിക്ക, ബ്രസീൽ വഴി ഇംഗ്ലണ്ടിലേക്കു് മടങ്ങി. ഇംഗ്ലണ്ടിലെത്തിയ ഡാർവിനു് ആവേശഭരിതമായ സ്വീകരണമായിരുന്നു ലഭിച്ചതു്. തിയോളജി പഠനത്തിനുശേഷം ഏതെങ്കിലും ഒരു ഗ്രാമത്തിൽ പള്ളിവികാരിയാവുക എന്നതിൽ കവിഞ്ഞ ലക്ഷ്യമൊന്നുമില്ലാതിരുന്ന ഡാർവിൻ അംഗീകരിക്കപ്പെട്ട ഒരു പ്രകൃതിശാസ്ത്രജ്ഞനായി മാറി. അങ്ങനെ, ഇരുപത്തെട്ടാമത്തെ വയസ്സിൽ സഹോദരന്റെ ഒത്താശയോടെ ഡാർവിൻ റോയൽ ജിയോളജിക്കൽ സൊസൈറ്റിയുടെ മുന്നിൽ തന്റെ ആദ്യത്തെ പ്രഭാഷണം നടത്തി. തെക്കേ അമേരിക്കയിൽ നടത്തിയ നിരീക്ഷണങ്ങൾ തെളിവായി നിരത്തി, ഭൂപ്രതലത്തിനു് ആരോഹണം സംഭവിക്കുന്നുണ്ടെന്നു് സ്ഥാപിക്കുകയായിരുന്നു ഡാർവിൻ. കോടിക്കണക്കിനു് വർഷങ്ങളിലൂടെ സംഭവിക്കുന്ന ഈ ഭൂതലചലനം പ്രപഞ്ചസൃഷ്ടി നടന്നിട്ടു് ഏതാനും ആയിരം വർഷങ്ങളേ ആയിട്ടുള്ളു എന്ന ബൈബിൾ വർണ്ണനയിൽ വിശ്വസിക്കുന്ന ഒരു സമൂഹം എത്രത്തോളം അംഗീകരിക്കുമെന്ന കാര്യത്തിൽ ഡാർവിൻ സംശയാലുവായിരുന്നു. പക്ഷേ, ശാസ്ത്രജ്ഞരുടെയും വിദഗ്ദ്ധരുടെയും ഇടയിൽ ഈ ആശയം ആവേശപൂർവ്വം അംഗീകരിക്കപ്പെട്ടു. ഡാർവിനെ സംബന്ധിച്ചു് കൂടുതൽ പ്രാധാന്യം അർഹിച്ചിരുന്ന കാര്യം ഫോസിലുകളും, സസ്യങ്ങളും, പക്ഷികളും, ഉരഗങ്ങളുമൊക്കെ അടങ്ങുന്ന തന്റെ ശേഖരണം വിദഗ്ദ്ധരെക്കൊണ്ടു് പരിശോധിപ്പിക്കുക എന്നതായിരുന്നു. പക്ഷിശാസ്ത്രത്തിൽ ഒരു വിദഗ്ദ്ധനായിരുന്ന ജോൺ ഗൗൾഡ്‌ ഈ വിഷയത്തിൽ നിർണ്ണായകമായ സഹായം നൽകി. ഡാർവിൻ ഗലാപ്പഗോസിൽ നിന്നും കൊണ്ടുവന്ന പല തരം പക്ഷികൾ ഡാർവിൻ ധരിച്ചിരുന്നതുപോലെ മൂന്നു് തരത്തിൽ പെട്ട പക്ഷികളുടെ ഒരു ‘മിശ്രിതം’ അല്ലെന്നും അവയെല്ലാം ഫിഞ്ചെസ്‌ എന്ന ഒരേയൊരു ഇനത്തിന്റെതന്നെ പല വകഭേദങ്ങളാണെന്നും അവൻ തിരിച്ചറിഞ്ഞു. അടിസ്ഥാനപരമായി അവയുടെ വ്യത്യാസം ചുണ്ടുകളിൽ മാത്രമാണെന്നും ഗൗൾഡ്‌ ഡാർവിനെ ധരിപ്പിച്ചു. ഈ ഒരു ഇനം അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഗലാപ്പഗോസിലെ വിവിധ ദ്വീപുകളിൽ കുടിയേറി അവിടെ നിലനിന്നിരുന്ന പരിസ്ഥിതികൾക്കനുസൃതമായി വ്യത്യസ്ത തരങ്ങളായി പിരിഞ്ഞതായിക്കൂടെ എന്നതായിരുന്നു ഡാർവിന്റെ ചിന്ത. അതു് അങ്ങനെതന്നെ ആയിരുന്നു എന്നു് ഇന്നു് ശാസ്ത്രജ്ഞർക്കറിയാം. മരങ്ങളിലെ ദ്വാരങ്ങളിൽ നിന്നും പ്രാണികളെയും പുഴുക്കളെയും കൊത്തിയെടുക്കാൻ ഉതകും വിധം മെലിഞ്ഞുനീണ്ട ചുണ്ടുകൾ കാലാന്തരത്തിൽ രൂപമെടുത്തു. കുറിയതും കട്ടിയുള്ളതുമായ ചുണ്ടുകൾ പഴങ്ങളും വിത്തുകളും കൊത്തിപ്പൊട്ടിക്കുന്നതിനു് ആവശ്യമായിരുന്നു. അങ്ങനെ ആ പക്ഷികളിൽ അവയുടെ പരിസ്ഥിതിയിൽ ലഭ്യമായിരുന്ന ആഹാരപദാർത്ഥങ്ങൾ ഉപയോഗിച്ചു് ജീവിക്കാൻ അനുയോജ്യമായ രീതിയിൽ അവയുടെ ശരീരഘടനകളിൽ മാറ്റങ്ങൾ സംഭവിച്ചു. പരിസ്ഥിതിയുമായി ഏറ്റവും നന്നായി ഇണങ്ങിച്ചേരാൻ കഴിഞ്ഞ ഇനങ്ങൾ അതിജീവിച്ചു. അല്ലാത്തവക്കു് വംശനാശം സംഭവിച്ചു.

ആകെ ആശയക്കുഴപ്പത്തിലായ ഡാർവിൻ ഒരു ഇരട്ടജീവിതം നയിക്കാൻ തുടങ്ങി. ബാഹ്യലോകത്തിലെ യാഥാസ്ഥിതികരായ ശാസ്ത്രജ്ഞർക്കു് ഡാർവിൻ ഒരു ഭൂഗർഭശാസ്ത്രജ്ഞനും ജന്തുശാസ്ത്രജ്ഞനും. പക്ഷേ, അവന്റെ ഉള്ളിൽ ‘ദൈവനിന്ദാപരമായ’ ചിന്തകൾ തിളച്ചുമറിയുകയായിരുന്നു. താൻ കണ്ടെത്തിയ ഫോസിലുകളും, പരിസ്ഥിതിക്കനുസൃതമായി ഇനം തിരിഞ്ഞ ഫിഞ്ചെസുമെല്ലാം ജീവജാലങ്ങളുടെ മാറ്റമില്ലായ്മ എന്ന ബൈബിളിൽ അധിഷ്ഠിതമായ ക്രിസ്തീയവിശാസത്തിന്റെ അടിസ്ഥാനമില്ലായ്മയുടെ വ്യക്തമായ തെളിവായി ഡാർവിൻ മനസ്സിലാക്കി. അങ്ങനെയെങ്കിൽ സ്രഷ്ടാവായ ഒരു ദൈവത്തിനു് പ്രപഞ്ചത്തിൽ എവിടെ സ്ഥാനം? അക്കാലത്തു് ആരോടും പറയാൻ ‘കൊള്ളാത്ത’ ചിന്തകൾ! സമൂഹത്തിൽ തന്റെ വിലയും നിലയും എന്നേക്കുമായി നശിപ്പിക്കാൻ മതിയായ ദൈവദൂഷണം!

1837-ൽ മാനവചരിത്രത്തെ ആകെ മാറ്റിമറിച്ച വിപ്ലവകരമായ ആ സ്കെച്ച്‌ ‘I think’ എന്ന തലക്കെട്ടുമായി ഡാർവിൻ കടലാസിലേക്കു് പകർത്തി. വളരെ സിമ്പിൾ ആയ ഒരു ‘ഇവൊല്യൂഷണറി ട്രീ’യുടെ പ്രോട്ടോടൈപ്പ്‌ ആയിരുന്നു ആ സ്കെച്ച്‌. ഒരു വർഗ്ഗത്തിൽ നിന്നും പരസ്പരം വിഭജിച്ചു് വളർന്നു് വികസിക്കുന്ന വിവിധ വർഗ്ഗങ്ങൾ. അതിൽ ചില സ്പീഷീസിനു് ഇടക്കുവച്ചു് വളർച്ച മുരടിച്ചു് വംശനാശം സംഭവിക്കുന്നു. മറ്റു് ചിലതു് തുടർന്നും വളരുന്നു. ഒരു നാച്ചുറൽ സെലക്ഷന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിയുമായി ഏറ്റവും എളുപ്പം ഇണങ്ങിച്ചേരാൻ കഴിയുന്ന ഇനങ്ങൾ അതിജീവിക്കുന്നു എന്നതാണു് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന്റെ കേന്ദ്രബിന്ദു.

താമസിയാതെ പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ച ഡാർവിൻ ഒരു പ്രകൃതിശാസ്ത്രജ്ഞൻ എന്ന നിലയിൽ വളരെ വേഗം പ്രസിദ്ധിയാർജ്ജിച്ചു. തന്റെ കസിൻ ആയിരുന്ന എമ്മാ വെഡ്ജ്‌വുഡിനെ ആയിരുന്നു ഡാർവിൻ വിവാഹം കഴിച്ചിരുന്നതു്. സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്ന ഡാർവിൻ ദമ്പതികൾക്കു് അല്ലലില്ലാതെ ജീവിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. എങ്കിലും, ‘ദൈവനിന്ദാപരമായ’ തന്റെ ചിന്തകൾ ഡാർവിനെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. ലോകത്തിനു് മുന്നിൽ ‘ദൈയവഭയമുള്ള’ ഒരു പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ഡാർവിന്റെ മനസ്സിൽ ഇതുവരെയുള്ള വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുന്ന ചിന്തകളായിരുന്നു മുഴുവൻ. ആകെ രണ്ടുപേരോടു് മാത്രം തുറന്നു് പറഞ്ഞിരുന്ന ചിന്താരേഖകൾ. തന്റെ ഇവൊല്യൂഷൻ തിയറി സ്ഥാപിക്കുന്നതിനു് വേണ്ടി കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഡാർവിൻ വിശ്രമമില്ലാതെ പരിശ്രമിച്ചുകൊണ്ടിരുന്നു. ബീഗിൾ യാത്രയിൽ നിന്നും കൂടെ കൊണ്ടുവന്ന ഒരു അപൂർവരോഗം അവനെ അലട്ടിക്കൊണ്ടിരുന്നു. മക്കളുമൊത്തുള്ള വിനോദങ്ങളിൽ നിന്നുമാണു് അവനു് അൽപമെങ്കിലും ആനന്ദം ലഭിച്ചിരുന്നതു്. അതും തന്റെ ഓമനയായിരുന്ന മൂത്ത മകൾ ആനി പത്താമത്തെ വയസ്സിൽ ഒരു പനിപിടിച്ചു് മരിച്ചതോടെ അവസാനിച്ചു. പല വിദഗ്ദ്ധന്മാരെയും മകളെ രക്ഷിക്കാനായി ഡാർവിൻ സമീപിച്ചെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. മകളുടെ മരണത്തിന്റെ പേരിൽ ഡാർവിൻ തന്നെത്തന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. സ്വന്തം കസിനെ വിവാഹം കഴിച്ചതുവഴി ആനിയും ഇവൊല്യൂഷന്റെ ഇരയാവുകയല്ലായിരുന്നോ എന്ന സംശയം. എല്ലാറ്റിലുമുപരി, സ്രഷ്ടാവായ ഒരു ദൈവമുണ്ടെങ്കിൽ അവനു് നിരപരാധിയായ ഒരു ജീവിയെ എങ്ങനെ ഇതുപോലെ മരിക്കാൻ അനുവദിക്കാൻ കഴിയും? ബീഗിൾ യാത്രയുടെ ആരംഭത്തിൽ വിശ്വാസിയും മതപണ്ഡിതനുമായിരുന്ന ഡാർവിനിൽ നിരീക്ഷണങ്ങളിലൂടെ രൂപമെടുത്തതും തന്നെ വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്നതുമായ ദൈവാസ്തിത്വത്തെക്കുറിച്ചുള്ള സംശയത്തിനു് ആനിയുടെ മരണം അവസാനരൂപം നൽകി. അതേസമയം എമ്മായുടെ വിശ്വാസം കൂടുകയായിരുന്നു. ഭർത്താവിന്റെ അവിശ്വാസം സ്വർഗ്ഗത്തിൽ അവരെത്തമ്മിൽ വേർപ്പെടുത്തുമോ എന്നായിരുന്നു അവളുടെ ചിന്ത!

പരിണാമസിദ്ധാന്തത്തിനു് കൂടുതൽ തെളിവുകൾ തേടി ഡാർവിൻ ചില ബ്രീഡറെ സമീപിക്കുന്നു. അതുവഴി, മൃഗങ്ങളെ വളർത്തുന്നവർ മുൻഗണന നൽകുന്ന ഗുണവിശേഷങ്ങൾ പല തലമുറകൾക്കു് ശേഷം സ്ഥിരീകരിക്കപ്പെടുന്നു എന്നും, പ്രകൃതിയിലും അങ്ങനെതന്നെയേ വരൂ എന്നും ഡാർവിൻ മനസ്സിലാക്കി. പക്ഷേ പ്രകൃതിയിൽ നിലനിൽപിനു് വേണ്ടിയുള്ള സമരമാണു് ‘ബ്രീഡറുടെ’ പങ്കു് വഹിക്കുന്നതു് എന്ന വ്യത്യാസം മാത്രം.

തനിക്കും കുടുംബത്തിനും സമൂഹത്തിൽ സംഭവിക്കാവുന്ന മാനഹാനിയെ ഭയന്നതുമൂലം തന്റെ തിയറി പ്രസിദ്ധീകരിക്കാൻ ഡാർവിൻ ധൈര്യപ്പെട്ടില്ല. രോഗിയായ താൻ മരിച്ചാൽ പ്രസിദ്ധീകരിക്കാനായി തന്റെ തിയറിയുടെ ഒരു കയ്യെഴുത്തുപ്രതി അവൻ ഭാര്യയെ ഏൽപിച്ചിരുന്നു. അങ്ങനെ ഏതാണ്ടു് ഇരുപതു് വർഷം പഴക്കമുള്ള തന്റെ തിയറിയെ ഡാർവിൻ തേച്ചു് മിനുക്കിക്കൊണ്ടിരിക്കുമ്പോൾ, ആൽഫ്രെഡ്‌ റസൽ വാലസ്‌ (Alfred Russel Wallace) എന്നൊരു 35 വയസ്സുകാരൻ പണ്ടു് ഡാർവിൻ തെക്കേ അമേരിക്കയിൽ ചെയ്തിരുന്നതുപോലെ മലേഷ്യൻ വനങ്ങളിൽ ശലഭങ്ങളെയും പക്ഷികളെയും സസ്യങ്ങളെയും ശേഖരിച്ചുകൊണ്ടിരുന്നു. അവന്റെ പര്യവേക്ഷണങ്ങൾ ആരും സ്പോൺസർ ചെയ്തതല്ലായിരുന്നതിനാൽ തനിക്കു് വേണ്ട പണം അവൻ സ്വയം ഉണ്ടാക്കേണ്ടിയിരുന്നു. അതിനായി അവൻ ചെയ്തിരുന്നതു് ലണ്ടൻ മ്യൂസിയത്തിനു് വേണ്ടി ദുർലഭമായ ജീവികളെ വേട്ടയാടുകയായിരുന്നു. ഡാർവിന്റേതുപോലുള്ള തത്വദീക്ഷയൊന്നും ചെറുപ്പക്കാരനായ വാലസിനുണ്ടായിരുന്നില്ല. നിരീക്ഷിക്കുന്നതു് അതുപോലെ ഏതാനും ദിവസങ്ങൾ കൊണ്ടു് അവൻ എഴുതി വയ്ക്കുന്നു. “നിലനിൽപിനു് വേണ്ടിയുള്ള വ്യത്യസ്ത വർഗ്ഗങ്ങളുടെ സമരത്തിലൂടെ വർഗ്ഗങ്ങൾക്കു് പരിണാമം സംഭവിക്കുന്നു.” തന്റെ നിരീക്ഷണങ്ങൾ അവൻ അയച്ചുകൊടുക്കുന്നതു് മറ്റാർക്കുമല്ല, ഡാർവിനുതന്നെ! താൻ പലവട്ടം എഴുത്തുകുത്തുകൾ നടത്തിയിട്ടുള്ള ഡാർവിൻ തന്റെ തിയറി പബ്ലിഷ്‌ ചെയ്യാൻ സഹായിക്കുമെന്നുള്ള പ്രതീക്ഷയിൽ! 1858 ജൂൺ 18-നു് മലേഷ്യയിൽ നിന്നും അയച്ച ആ കത്തു് തുറന്നപ്പോൾ ഡാർവിന്റെ തിയറിയുടെ അടിസ്ഥാനഘടകങ്ങൾ പൂർണ്ണരൂപത്തിൽ എഴുതിയിരിക്കുന്നതാണു് ഡാർവിൻ കണ്ടതു്! വർഷങ്ങൾ നീണ്ടുനിന്ന മാനസികസംഘർഷത്തിനും കുറ്റബോധത്തിനും ശേഷം ഇപ്പോൾ ഇങ്ങനെ ഒരു വിധി! തന്റെ തിയറി പ്രസിദ്ധീകരിക്കുകയല്ലാതെ ഡാർവിനു് മറ്റു് നിവൃത്തിയുണ്ടായിരുന്നില്ല. ആരാണു് ഇവൊല്യൂഷൻ തിയറിക്കു് ആദ്യം രൂപം നൽകിയതെന്നു് ലോകം അറിയണം. ഡാർവിൻ ഒരു സുഹൃത്തിനു് ഇങ്ങനെ എഴുതി: “ഈ തിയറി പ്രസിദ്ധീകരിക്കുക എന്നതു് ഒരു കൊലപാതകം സമ്മതിക്കുന്നതുപോലെയാണു്. തീർച്ചയായും അവർ എന്നെ കുരിശിൽ തറയ്ക്കും.”

ഒരുവശത്തു്, വാലസിനെ തഴയുക എന്നതു് ഡാർവിനെ വിഷമിപ്പിച്ചപ്പോൾ, മറുവശത്തു് ഈ തിയറിയുടെ ആദ്യസ്രഷ്ടാവു് എന്ന സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നതു് ഡാർവിന്റെ അവകാശവുമായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടുപേരുടെയും തിയറികളിലെ പ്രസക്ത ഭാഗങ്ങൾ ഒരുമിച്ചു് പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും അതു് സമൂഹത്തിൽ കാര്യമായ ചലനമൊന്നും സൃഷ്ടിച്ചില്ല. പക്ഷേ, പതിനഞ്ചു് മാസങ്ങൾക്കു് ശേഷം പ്രസിദ്ധീകരിക്കപ്പെട്ട On the Origin of Species എന്ന ഡാർവിന്റെ ബുക്ക്‌ സമൂഹത്തിൽ ആകമാനം ബഹളത്തിനു് കാരണമായി. ആ ബുക്കിന്റെ പ്രസിദ്ധീകരണത്തിനു് ആറു് മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഓക്സ്ഫോർഡിൽ വച്ചു് സഭയും ശാസ്ത്രവും തമ്മിലുള്ള പരസ്യമായ ഒരു വാക്കുതർക്കത്തിൽ അതെത്തിച്ചേർന്നു. സാമൂഹിക-സാംസ്കാരികതലങ്ങളിൽ പേരെടുത്ത ഏകദേശം എഴുന്നൂറോളം പേർ ആ സമ്മേളനത്തിൽ പങ്കെടുത്തു. ബീഗിൾ ക്യാപ്റ്റൻ ആയിരുന്ന ഫിറ്റ്‌സ്‌റോയിയും എത്തിച്ചേർന്നിരുന്നു. ഡാർവിന്റെ പുസ്തകം അവനെ ഒരു പ്രതിസന്ധിയിൽ ആക്കിയിരുന്നു.

ഓക്സ്ഫോർഡ്‌ ബിഷപ്പ്‌ സാമുവൽ വിൽബർഫോഴ്സ്‌ ഡാർവിന്റെ ട്രാൻസ്മ്യൂട്ടേഷൻ ഓഫ്‌ സ്പീഷീസിനെ എതിർത്തില്ലെങ്കിലും മനുഷ്യന്റെ മുൻഗാമികൾ കുരങ്ങുകളാണെന്ന നിഗമനത്തെ അതിശക്തമായി എതിർത്തു. “നിങ്ങൾ ആ ഗ്രന്ഥം വായിച്ചിട്ടുപോലുമില്ല” എന്നു് സൂചിപ്പിച്ചുകൊണ്ടു് തോമസ്‌ ഹക്സ്‌ലി നടത്തിയ “കഴിവുകളെ ദുരുപയോഗം ചെയ്യുന്ന ഒരുവനിൽ നിന്നും ജനിക്കുന്നതിനേക്കാൾ ഒരു കുരങ്ങിൽ നിന്നു് ജനിക്കുന്നതാണു് എനിക്കിഷ്ടം” എന്ന പ്രസിദ്ധമായ എതിർവാദം ശാസ്ത്രത്തിന്റെ വിജയത്തിന്റെ പ്രതീകമായി മാറി. ഇത്രയുമായപ്പോൾ “ഇതാണു് സത്യം, ഇതിലാണു് സത്യം” എന്നു് വിളിച്ചുപറഞ്ഞുകൊണ്ടു് ബൈബിളുമായി പ്രത്യക്ഷപ്പെടുന്ന ഫിറ്റ്‌സ്‌റോയിയെ ജനം കൂവി നിശബ്ദനാക്കുന്നു. ഡാർവിനെ ഇത്തരം ‘ചെകുത്താന്റെ ആശയങ്ങൾ’ കണ്ടെത്താൻ സഹായിച്ചതു് താനാണെന്ന കുറ്റബോധം ഫിറ്റ്‌സ്‌റോയിയെ ആകെ തകർത്തു. അഞ്ചു് വർഷങ്ങൾക്കു് ശേഷം അവൻ ആത്മഹത്യ ചെയ്തു.

കാർട്ടൂണുകളിലൂടെയും മറ്റും ഡാർവിൻ അക്കാലത്തു് എത്രമാത്രം അപഹാസ്യനാക്കപ്പെട്ടു എന്നതുതന്നെ പരിണാമസിദ്ധാന്തത്തിൽ മനുഷ്യർ എത്രത്തോളം താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നതിന്റെ തെളിവാണു്. ഇന്നും ഡാർവിനെ ഒരു ദൈവനിന്ദകനും ശത്രുവുമായി കാണുന്ന ധാരാളം മനുഷ്യർ ലോകത്തിലുണ്ടു്. രോഗിയായ ഡാർവിൻ ചർച്ചകളും വിമർശനങ്ങളും മറ്റുള്ളവരെ ഏൽപിച്ചു് തോട്ടവും ചെടികളും കുടുംബവും അടങ്ങുന്ന സ്വകാര്യജീവിതത്തിലേക്കു് സ്വയം ചുരുങ്ങി. അപ്പോഴും ഓരോ വീക്ഷണങ്ങളിലും തന്റെ പരിണാമസിദ്ധാന്തത്തിന്റെ തെളിവുകൾ കണ്ടെത്തുകയായിരുന്നു ഡാർവിൻ. ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാൻ മനുഷ്യൻ തയ്യാറായാൽ, ജീവജാലങ്ങളുടെ അസ്തിത്വത്തെ അടിസ്ഥാനപരമായി വിശദീകരിക്കാൻ ഡാർവിന്റെ സിദ്ധാന്തത്തേക്കാൾ അനുയോജ്യമായ മറ്റൊരു സിദ്ധാന്തം നൂറ്റൻപതു് വർഷങ്ങൾക്കു് ശേഷവും മനുഷ്യനു് കൈവരിക്കാനായിട്ടില്ല.

ലോകത്തിൽ വലിയ ചലനങ്ങൾ ഡാർവിൻ സൃഷ്ടിച്ചു. ശാസ്ത്രത്തിനു്, അനേകം മനുഷ്യർക്കു്, അനേകം ശാസ്ത്രജ്ഞർക്കു് അന്നും ഇന്നും മാതൃകയും പ്രചോദനവും നൽകി. വിശ്വാസം നഷ്ടപ്പെട്ടു് വൃദ്ധനായപ്പോൾ പോലും തന്റെ പ്രിയ പുത്രി ആനിയുടെ മരണം ഡാർവിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. ഡാർവിൻ ഓർമ്മിക്കുന്നു: “അവൾ എന്നോടൊപ്പം നടക്കാൻ പോരുമ്പോൾ മുഴുവൻ സമയവും അവളുടെ മനോഹരമായ മുഖം മധുരമായ പുഞ്ചിരിയാൽ അലങ്കരിച്ചുകൊണ്ടും സ്വയം ചുറ്റിത്തിരിഞ്ഞുകൊണ്ടും എന്റെ മുന്നിലൂടെ തുള്ളിക്കളിച്ചു് പോകുന്നതു് ഞാൻ ഇപ്പോഴും ഓർക്കുന്നു.”

ഒരിക്കൽ കോപ്പർനിക്കസ്‌ ഭൂമിയെ സൗരയൂഥത്തിന്റെ മദ്ധ്യത്തിൽ നിന്നും തള്ളിമാറ്റിയതുപോലെ, ഡാർവിൻ മനുഷ്യനെ സൃഷ്ടിയുടെ മദ്ധ്യത്തിൽ നിന്നും തള്ളിമാറ്റുകയായിരുന്നു. കോടിക്കണക്കിനു് വർഷങ്ങൾക്കു് മുൻപു് സംഭവിച്ച പ്രപഞ്ചാരംഭം മുതൽ ഏതാനും മൂലകങ്ങളിൽ നിന്നും രൂപമെടുത്തതും നശിച്ചതും ഇന്നും പുതുതായി രൂപമെടുത്തുകൊണ്ടിരിക്കുന്നതുമായ എണ്ണമറ്റതും വർണ്ണനാതീതമായതുമായ ജീവജാലങ്ങൾ! അതിലെ ഒരു ഭാഗം, ഏതു് സമയവും പൂർണ്ണമായി നശിച്ചുപോകാവുന്ന ഒരു ചെറിയ ഭാഗം മാത്രമാണു് മനുഷ്യൻ എന്ന തിരിച്ചറിവു്! ഡാർവിനോടല്ലാതെ മറ്റാരോടാണു് മനുഷ്യവർഗ്ഗം നിഷേധിക്കാനാവാത്ത ഈ യാഥാർത്ഥ്യത്തിനു് കടപ്പെട്ടിരിക്കുന്നതു്?

അടുത്തതിൽ: സ്റ്റെം സെൽ റിസെർച്ച്‌ അഥവാ മനുഷ്യനു് ഒരു സ്പെയർ പാർട്ട്‌സ്‌ സ്റ്റോർ!

 
Leave a comment

Posted by on Sep 8, 2009 in ലേഖനം

 

Tags: , ,