RSS

വിശ്വാസികളും ചർച്ചയും

20 Aug

മലയാളം ബ്ലോഗുകളിൽ മതവിശ്വാസവും, യുക്തിവാദവും തമ്മിൽ നടക്കുന്ന, പലപ്പോഴും തെറിവിളിയായി അധഃപതിച്ചു്, പങ്കാളികൾ ക്ഷീണിക്കുമ്പോൾ എങ്ങുമെങ്ങുമെത്താതെ അവസാനിക്കുന്ന ചർച്ചകളുടെ അർത്ഥശൂന്യതയെപ്പറ്റി എനിക്കു് തോന്നുന്ന ചില കാര്യങ്ങളാണിവ.

അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ആയിരക്കണക്കിനു് വർഷങ്ങളിലൂടെ എത്രയോ വട്ടം ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളാണു് ദൈവവും മതവും വിശ്വാസവുമൊക്കെ. എന്നിട്ടും അത്തരം ചർച്ചകൾക്കു് വ്യക്തമായ ഒരു അന്തിമതീരുമാനത്തിലെത്താൻ കഴിയാതിരുന്നതിന്റെ കാരണം എന്തെന്നു് ചിന്തിക്കുന്ന ലോകത്തിലെ ധാരാളം മനുഷ്യർക്കിന്നറിയാം. സന്മാർഗ്ഗസംരക്ഷകർ എന്ന ആട്ടിൻതോൽ ധരിച്ച, സ്ഥാപിതതാൽപര്യസംരക്ഷകരായ സാമൂഹികചെന്നായ്ക്കളുടെ നിരന്തരമായ “കഠിനാദ്ധ്വാനവും” കൈകടത്തലും മൂലം അത്തരം അറിവുകൾ ബഹുഭൂരിപക്ഷം കേരളീയരിലും എത്തിയില്ല എന്നു് മാത്രം. (പോരെങ്കിൽ നമുക്കു് മനോരമയും, വനിതയും, ഫയറും ഒക്കെയുണ്ടല്ലോ!) മതവിശ്വാസം എന്നതു് യുക്തിയുടെ പണിയായുധങ്ങൾ കൊണ്ടു് സ്ഥാപിക്കാനോ ന്യായീകരിക്കാനോ കഴിയുന്ന ഒന്നല്ല – പല വിശ്വാസികളും അതിനു് ശ്രമിക്കാറുണ്ടെങ്കിലും. മനുഷ്യനു് എന്തും ഏതും വിശ്വസിക്കാം, അഥവാ, വിശ്വാസത്തിനു് പരിധികളില്ല. സൂര്യനെ വിഴുങ്ങാൻ ശേഷിയുള്ള പാമ്പും, ഒറ്റ രാത്രികൊണ്ടു് സ്വർഗ്ഗത്തിൽ പോയി മടങ്ങിവരുന്ന മുഹമ്മദും, മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു് പച്ചയായ ശരീരവുമായി സ്വർഗ്ഗാരോഹണം ചെയ്ത യേശുവുമൊന്നും വിശ്വാസത്തിന്റെ ലോകത്തിൽ വൈരുദ്ധ്യങ്ങളല്ല. അതേസമയം, അത്തരം ലോകങ്ങളുമായി ഏതെങ്കിലുമൊരു ബന്ധം സങ്കൽപിക്കാൻ പോലും കഴിയുന്ന ലോകമല്ല യുക്തിബോധത്തിന്റേതു്. മാനസികവിഭ്രാന്തിയുടെയും യുക്തിയുടെയും ലോകങ്ങൾ പരസ്പരം ബന്ധിപ്പിക്കാവുന്നവയല്ല. ഒരു വിശ്വാസി സ്വാഭാവികം എന്നപോലെ വിശ്വസിക്കാൻ തയ്യാറാവുന്ന നൂറുകണക്കിനു് ഉദാഹരണങ്ങളിൽ ചിലതു് മാത്രമാണിവ. ഇതിൽ ഏതെങ്കിലും ഒരു കാര്യം ഇന്നത്തെ സാധാരണ ജീവിതത്തിലും സംഭവിക്കാനുള്ള സാദ്ധ്യതയിൽ വിശ്വസിക്കുന്ന ഒരുവനു് മാനസികവിഭ്രാന്തി ഉള്ളതായി മനുഷ്യർ വിശ്വസിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, പണ്ടൊരു കാലത്തു് അക്ഷരം പ്രതി സംഭവിച്ച കാര്യങ്ങളാണു് ഇതൊക്കെ എന്നു് വിശ്വസിക്കാൻ ചില മനുഷ്യർ ഇന്നും ലജ്ജിക്കുന്നില്ല! ഈ നുണകളെ ആരെങ്കിലും ചോദ്യം ചെയ്താൽ അതൊക്കെ പ്രതീകങ്ങളാണെന്നു് സ്ഥാപിച്ചു് ജാള്യത മറയ്ക്കാൻ സ്വയം ബുദ്ധിജീവികളായി കരുതുന്ന ചിലർ ശ്രമിക്കാറുമുണ്ടു്. പക്ഷേ, വസ്തുതകളുടെ തനിനിറത്തിൽ അതുവഴി മാറ്റമൊന്നും വരുന്നില്ല. ഒരു പർവ്വതം പറിച്ചെടുത്തു് പറക്കാൻ എത്ര ശക്തനായാലും ഒരു കുരങ്ങനു് കഴിയുമെന്നു് തലയിൽ കുടിപാർപ്പുള്ള ആരെങ്കിലും ഇന്നു് തമാശക്കുപോലും വിശ്വസിക്കുമോ? പക്ഷേ, പുരാണത്തിലെ അത്തരം കഥകൾ അങ്ങേയറ്റം ഗൗരവത്തോടെ വിശ്വസിക്കാൻ മാത്രമല്ല, അതിനെ പരിഹസിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവനെ പറ്റിയാൽ വകവരുത്താൻ പോലും ചില മനുഷ്യർ തയ്യാറാവും! എന്തുകൊണ്ടു് ഇങ്ങനെ സംഭവിക്കുന്നു? ഇത്തരം വിഷയങ്ങളിൽ ഉണ്ടെന്നു് സങ്കൽപിക്കപ്പെടുന്ന ദൈവത്തിന്റെ പങ്കാളിത്തവും ശീലമായി മാറുന്ന കീഴ്‌വഴക്കങ്ങളും മനുഷ്യനെ എന്തെന്തു് ചെയ്തികൾക്കു് പ്രാപ്തനാക്കുമെന്നതിനുള്ള തെളിവുകളാണിവ. വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ആരെങ്കിലുമായിരുന്നു ഇതൊക്കെ വിശ്വസിക്കുന്നതെങ്കിൽ അതു് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ.

അനിശ്ചിതത്വങ്ങളുടെ ആകെത്തുകയായ ജീവിതത്തിൽ ആശ്രയയോഗ്യനും വിശ്വസ്തനുമായി ആരോ ചൂണ്ടിക്കാണിച്ച അത്താണിയായ ദൈവത്തെ സാമാന്യമനുഷ്യൻ വലിയ ആലോചനയോ അപഗ്രഥനമോ ഒന്നും നടത്താതെ മനസ്സിലേറ്റുന്നതു് സ്വാഭാവികം. ഈ സംഗതി അവിടെ അവസാനിച്ചിരുന്നെങ്കിൽ പ്രശ്നമൊന്നുമില്ലായിരുന്നു. പക്ഷേ, ആ അത്താണിക്കു് കാവൽക്കാർ ഉണ്ടാവുകയും, അത്താണിയിൽ ഭാരം ഇറക്കിവയ്ക്കുന്നതിനു് നികുതി നിശ്ചയിക്കപ്പെടുകയും, നികുതി അടയ്ക്കുന്നതിലെ പിഴവുകൾ കർശനമായി ശിക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്കു് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമ്പോൾ അതൊരു പ്രശ്നമായി മാറുന്നു. കരുതിക്കൂട്ടിയുള്ള ഈ ചൂഷണം മനസ്സിലാക്കാതിരിക്കാൻ മനുഷ്യർ അജ്ഞതയിൽ പിടിച്ചുനിർത്തപ്പെടുകയും കൂടി ചെയ്യുമ്പോൾ അതു് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഗൗരവതരമായ ഒരു സാമൂഹികപ്രശ്നമായി രൂപാന്തരം പ്രാപിക്കുന്നു. നൽകാൻ കഴിയാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്തു് പ്രതിഫലം പറ്റുന്നതു് ചൂഷണമാണു്. അത്തരം ചൂഷണങ്ങൾക്കുനേരെ നിശബ്ദത പാലിക്കാൻ ഒരു ആധുനികസമൂഹത്തിനു് അവകാശമില്ല. (അതോടൊപ്പം, “എന്റെ ശത്രുവിന്റെ ശത്രു എനിക്കു് സുഹൃത്തു്” എന്ന തത്വത്തിൽ സാമൂഹിക പരിഷ്കർത്താക്കളുടെ വേഷമണിയുന്നവർ പൊതുസമൂഹത്തിനു് ഗുണത്തിലേറെ ദോഷമേ ചെയ്യൂ എന്നും കൂടി മനസ്സിലാക്കിയിരുന്നാൽ പിൽകാലത്തു് ദൗർഭാഗ്യകരമായ ആശ്ചര്യങ്ങളെ നേരിടാതിരിക്കാം.)

ഇവിടെയാണു് മനുഷ്യർക്കു് കുറ്റവും ശിക്ഷയും വിധിക്കുന്ന ഈ “ദൈവം” ആരാണു് എന്ന ചിന്ത പ്രസക്തമാവുന്നതു്. ഇപ്പോഴാണു് ദൈവത്തിന്റെ വിശ്വസ്തകാവൽക്കാരായി സ്വയം അവരോധിച്ചിരിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ദൈവവും മനുഷ്യന്റെ ചിന്തയ്ക്കോ ബുദ്ധിക്കോ ഏതെങ്കിലും വിധത്തിൽ പൂർണ്ണമായി അറിയാൻ കഴിയാത്ത ഒരു പ്രപഞ്ചത്തിന്റെ “നാഥനും” (അങ്ങനെയൊന്നു് ഉണ്ടെങ്കിൽ!) തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു് വ്യക്തമാവുന്നതു്. അപ്പോൾ മാത്രമാണു് ഒരു പ്രപഞ്ചനാഥനെ പ്രതിനിധീകരിക്കുന്നതിനുള്ള യാതൊരു യോഗ്യതയും ഇല്ലാത്ത കുറെ എലികളാണു് പുലിത്തോലിട്ടു് മനുഷ്യരുടെ മുന്നിൽ “പുലിക്കളി” നടത്തി പണം പിടുങ്ങുന്നതു് എന്നു് തിരിച്ചറിയാൻ നമ്മൾ നിർബന്ധിതരാവുന്നതു്. തീർച്ചയായും “പുലിക്കളികൾ” കാണാനും അതിനു് പ്രതിഫലം നൽകാനും, മനുഷ്യർക്കു് സ്വാതന്ത്ര്യമുണ്ടു്. പക്ഷേ, പുലിത്തോലിനുള്ളിൽ എലികളാണെന്ന സത്യം “പുലികൾ” മറച്ചുപിടിക്കുകയാണെങ്കിൽ അതു് ജനവഞ്ചനയാണു്. അതുകൊണ്ടുതന്നെ, ജനജീവിതത്തെ പ്രത്യക്ഷമോ പരോക്ഷമോ ആയി ബാധിക്കുന്ന എല്ലാ കാര്യങ്ങളുടെയും വിവിധ വശങ്ങൾ വ്യക്തമായി മനസ്സിലാക്കാനുള്ള സാഹചര്യം ജനങ്ങൾക്കു് ലഭിച്ചിരിക്കണം. അതിനു് അറിവിലേക്കുള്ള വാതിലുകൾ തുറന്നിട്ടാൽ മാത്രം പോരാ, അറിവിനെ ഉൾക്കൊള്ളാൻ മതിയായ വിദ്യാഭ്യാസം മൗലികമായ മനുഷ്യാവകാശമായി അംഗീകരിക്കുകയും ലഭ്യമാക്കുകയും വേണം. ഒരു പൗരന്റെ തീരുമാനങ്ങളും നിലപാടുകളും യുക്തിപൂർവ്വമാവുന്നതിനുള്ള അടിസ്ഥാനനിബന്ധനയാണതു്. ആദ്യം സൂചിപ്പിച്ചതുപോലെ, മാനസികവിഭ്രാന്തിയും യുക്തിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിലേ മതങ്ങളുടെ “ദൈവവും”, ഒരു പ്രപഞ്ചനിയന്ത്രണശക്തി “ഉണ്ടായിരിക്കണം” എന്ന നിർബന്ധത്തിൽ നിന്നും “ഉടലെടുക്കുന്ന ദൈവവും” തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാവുകയുള്ളു. മനുഷ്യനെ അവന്റെ വിധിയിൽ നിന്നും അവന്റെ ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കാൻ കഴിവുള്ള ഒരു ദൈവം, അതിനുവേണ്ടി ആരാധിക്കപ്പെടേണ്ട ഒരു ദൈവം, അതിനായി മനുഷ്യനോടു് പിഴയൊടുക്കാൻ ആവശ്യപ്പെടുന്ന ഒരു ദൈവം ഉണ്ടെന്ന മതങ്ങളുടെ അവകാശവാദം മനുഷ്യബുദ്ധിയെ ബലാൽസംഗം ചെയ്യുന്നതിനു് തുല്യമാണു്. ദുരിതങ്ങളിൽ നിന്നും മനുഷ്യനു് മോചനം നൽകാൻ കഴിയുന്ന ഒരു സർവ്വശക്തനു് ദുരിതങ്ങൾ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനും കഴിയേണ്ടതാണു് എന്നതു് ഒരു സിമ്പിൾ ലോജിക്കാണു്. അതുപോലെതന്നെ, മനുഷ്യർക്കു് മരണാനന്തരം സ്വർഗ്ഗീയപറുദീസ ഒരുക്കാൻ കഴിയുന്ന ഒരു ദൈവത്തിനു് മരണത്തിനു് മുൻപുള്ള അവരുടെ ജീവിതത്തിലും പറുദീസയും തീന്മേശയും ഒരുക്കാൻ തീർച്ചയായും കഴിയണം. അതറിയാൻ ഏതെങ്കിലും ഡോഗ്മക്കാരന്റേയോ വ്യാഖ്യാതാവിന്റേയോ സഹായം ആവശ്യമില്ല. അത്തരം ലളിതയാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചു് തലതിരിക്കുന്നവർക്കാണു് “ഭണ്ഡാരദൈവങ്ങളുടെ” ആവശ്യം. ഒരു വിശ്വാസിക്കു് അതൊന്നും മനസ്സിലാവുന്നില്ലെങ്കിൽ അതിന്റെ കാരണമെന്തെന്നു് അവൻ അവനിൽ തന്നെ, അവന്റെ ബുദ്ധിശൂന്യതയിൽ തന്നെയാണു് തേടേണ്ടതു്. വിശ്വാസത്തിന്റെ കാര്യത്തിൽ പൊതുവേ എന്നപോലെ, ഒരുവനു് അവന്റെ ബുദ്ധിയിലുള്ള “വിശ്വാസം” അവന്റെ ബുദ്ധിയുടെ തെളിവല്ല. ആ “ബുദ്ധി” കൊണ്ടു് അതു് മനസ്സിലാക്കാൻ അവനു് ആവുകയുമില്ല. അതുപോലുള്ളവരാണു് കേട്ടറിവുകളിൽ മാത്രമുള്ള അവരുടെ ആരാദ്ധ്യപുരുഷന്മാരെ ആദർശപുരുഷന്മാരാക്കി മാറ്റി, സ്വന്തം മൂഢത്വത്തെ ശ്രേഷ്ഠതയാക്കി മാറ്റി ആമോദം കൊള്ളുന്നവർ!

മതങ്ങളുടെ ദൈവവും, എന്തെന്നോ ഏതെന്നോ അറിയാത്ത, ഉണ്ടെന്നും ഇല്ലെന്നും ഒരേശ്വാസത്തിൽ പറഞ്ഞാലും വൈരുദ്ധ്യമൊന്നുമില്ലാത്ത “പ്രപഞ്ചനിയന്ത്രകശക്തി” എന്ന ദൈവവും രണ്ടും രണ്ടാണു് എന്നപോലെതന്നെ വിശ്വാസത്തിന്റെ കാര്യത്തിലും രണ്ടിനമുണ്ടു്. വിശ്വാസത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനു് മുൻപു്  “ഏതു്” വിശ്വാസമാണു് ചർച്ചാവിഷയം എന്നു് നിശ്ചയിക്കപ്പെട്ടാൽ പല ചർച്ചകളും ആരംഭത്തിലേതന്നെ ഒഴിവാക്കാനും സമയം ലാഭിക്കാനും അതു് സഹായിക്കും. വിശ്വാസം എന്നതു് അതിൽത്തന്നെ ഒരു ചീത്തക്കാര്യമല്ല. ജീവിതത്തിൽ ഒരു പ്രത്യേകലക്ഷ്യം നേടാനായി പരിശ്രമിക്കുന്ന ഏതൊരുവനും ആ ലക്ഷ്യം നേടാനുള്ള അവന്റെ യോഗ്യതയിലും കഴിവിലുമുള്ള വിശ്വാസം അഥവാ, ആത്മവിശ്വാസം അത്യന്താപേക്ഷിതമാണു്. അതില്ലാതെ ഒരു ശാസ്ത്രജ്ഞനും ഒരു കലാകാരനും ഒരു സാഹിത്യകാരനും വിജയിക്കാനാവില്ല. അത്തരം ആത്മവിശ്വാസത്തിനു് യുക്തിബോധത്തിന്റേതായ ഒരടിത്തറയുണ്ടു്. അവന്റെ നിലപാടു് തെറ്റാണെന്നു് യുക്തിപൂർവ്വം അവനെ ബോദ്ധ്യപ്പെടുത്തിയാൽ അതു് തിരുത്താൻ അവൻ മടിക്കുകയില്ല. ആ വിശ്വാസത്തേപ്പറ്റി വലിയ ചർച്ചയൊന്നും ആവശ്യമില്ല. ഏതെങ്കിലും ഒരു വിശ്വാസി അങ്ങനെയൊരു ചർച്ച ആവശ്യമുള്ളതായി കരുതുന്നുണ്ടെന്നും തോന്നുന്നില്ല. വിശ്വാസപരമായ കാര്യങ്ങളിൽ ദൈവം കടന്നുവരുമ്പോഴാണു് എപ്പോഴും അതൊരു വലിയ പ്രശ്നമായി മാറുന്നതു്. എന്തുകൊണ്ടെന്നറിയില്ല, ദൈവത്തെ സംരക്ഷിക്കേണ്ടതു് തന്റെ ഒന്നാമത്തെ ചുമതല ആയാണു് ചില വിശ്വാസികൾ കരുതുന്നതു്. അതേസമയം അവരുടെ ദൈവം സർവ്വശക്തനാണു് താനും! മതപരമായ ചർച്ചകളിൽ ദൈവപക്ഷം ചേരുന്നവരെ അവരുടെ സഹിഷ്ണുതയുടേയും, ഭാഷയുടെയും, അറിവിന്റേയും അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ ദൈവസംരക്ഷകരാവാൻ മറ്റാരേക്കാളും അവർക്കുള്ള യോഗ്യത പിടികിട്ടും. കുറേ ശ്രമിച്ചിട്ടും പ്രയോജനമില്ലെങ്കിൽ ദൈവവും മനുഷ്യരെ കൈവിടും എന്നതിന്റെ തെളിവാണവർ!

തന്നിൽത്തന്നെയുള്ള വിശ്വാസത്തിൽ നിന്നും, അഥവാ, ആത്മവിശ്വാസത്തിൽ നിന്നും വിപരീതമായി, മതപരമായ വിശ്വാസം മനുഷ്യനു് അവന്റെ വിശ്വാസത്തിൽ തന്നെയുള്ള വിശ്വാസമാണു് – അതുകൊണ്ടുതന്നെ അതു് യുക്തിരഹിതവുമാണു്. യുക്തിരഹിതമായതുകൊണ്ടു് മതപരമായ വിശ്വാസം മനുഷ്യനു് തികച്ചും പ്രയോജനരഹിതമാണെന്നു് അർത്ഥമില്ല. ഒരു മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുമ്പോഴും സത്യത്തിൽ അവൻ അവനിൽ തന്നെയാണു് വിശ്വസിക്കുന്നതു്. പ്രത്യക്ഷമായ ദൈവവിശ്വാസം പരോക്ഷമായ ആത്മവിശ്വാസം മാത്രമാണു്. ബുദ്ധിയിലൂടെയല്ല, വിശ്വാസത്തിലൂടെയാണു് ഒരുവൻ തന്റെ വിശ്വാസത്തിൽ എത്തുന്നതു് എന്നതിനാൽ ഈ സത്യം അവൻ അറിയുന്നില്ലെന്നു് മാത്രം. ബുദ്ധിയിലൂടെ വിശ്വാസത്തിൽ എത്താൻ സാധാരണഗതിയിൽ ആർക്കും കഴിയുകയുമില്ല. കാരണം, ലോജിക്കൽ അല്ലാത്ത തീരുമാനങ്ങൾക്കു് ബുദ്ധിയുടെ അംഗീകാരം ലഭിക്കുകയില്ല. മതപരമായ വിശ്വാസം ഒരു വിശ്വാസിക്കു് നൽകുന്നതു് മനഃശാസ്ത്രപരമായ ഒരു പിൻതുണ, ഒരു ആത്മബലം മാത്രമാണു്. അതിൽ അമാനുഷികമോ, അഭൗമികമോ ആയ യാതൊന്നുമില്ല. ദൈവത്തിനെന്ന ധാരണയിൽ ഒരു വിശ്വാസി അർപ്പിക്കുന്ന പ്രാർത്ഥനയും നോമ്പും നേർച്ചയുമെല്ലാം മനഃശാസ്ത്രപരമായ ഒരു പിൻതുണയ്ക്കായി, അവന്റെ സ്വന്തം ആത്മവിശ്വാസത്തിനായി അവൻ നൽകുന്ന വിലമാത്രമാണു് – അവനു് അറിയാൻ കഴിയാത്തതോ, ഒരുപക്ഷേ, ആഗ്രഹിക്കാത്തതോ ആയ മറ്റൊരു സത്യം! ഒരുകാര്യം എന്തായാലും നമുക്കു് വ്യക്തമായിരിക്കണം: ഏതെങ്കിലും ഒരു മനുഷ്യജീവിതത്തെ സംബന്ധിച്ചു് ദൈവം ഒരിക്കൽ – ലോകാരംഭത്തിനു് മുൻപേതന്നെ എന്നു് കാന്താരിയേക്കാൾ എരിവേറിയ വിശ്വാസമുള്ള ചില അൽപപ്രാണികളുടെ ഭാഷ! – കൈക്കൊണ്ട ഒരു തീരുമാനം, അഥവാ ഒരു മനുഷ്യന്റെ “ദൈവവിധി”, ദൈവത്തിനു് വിലകൊടുത്തോ, ദൈവത്തിനോടു്  “മുട്ടിപ്പായി” (“ദൈവത്തിന്റെ സ്വൈര്യം കെടുത്തി” എന്നു് പച്ചമലയാളം) പ്രാർത്ഥിച്ചോ, നോമ്പു് നോറ്റോ ദൈവത്തെക്കൊണ്ടു് പുനഃപരിശോധിപ്പിക്കാമെന്നും, തിരുത്തിക്കാമെന്നും കരുതുന്നവൻ അവനെ അവന്റെ ദൈവത്തിനും മുകളിലായി പ്രതിഷ്ഠിക്കുകയാണു് ചെയ്യുന്നതു്.

മുടങ്ങാതെ പ്രാർത്ഥിച്ചിട്ടും രോഗം ബാധിച്ചു് മരിച്ച വിശ്വാസിയായ ഒരു ചെറുപ്പക്കാരന്റെ “ആത്മാവിനു്” വേണമെങ്കിൽ ഇങ്ങനെയും പറയാം: “എനിക്കൊരു തീരാരോഗം വരണമെന്നും, അതുവഴി ഞാൻ അതിദാരുണമായി മരിക്കണമെന്നുമായിരുന്നു ദൈവവിധി. മരണത്തിൽ നിന്നും എന്നെ മോചിപ്പിക്കാൻ ഞാൻ കണ്ണീരോടെ പ്രാർത്ഥിക്കണമെന്നതും എങ്കിൽ പോലും ഞാൻ മരിക്കണമെന്നതും ദൈവത്തിന്റെ മാറ്റമില്ലാത്ത വിധിയായിരുന്നു. (അല്ലെങ്കിൽ ഞാൻ മരിക്കുകയില്ലായിരുന്നല്ലോ!) പക്ഷേ, ദൈവത്തിന്റെ തീരുമാനം എന്തെന്നു് അറിയാൻ കഴിയാതിരുന്നതുകൊണ്ടു് ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” രോഗവും മരണവും, അതിനെതിരായ പ്രാർത്ഥനയും ഒരേ കഷായകുറിപ്പടിയിൽ രേഖപ്പെടുത്തുന്ന ഒരു ആയുർവ്വേദവൈദ്യനാണോ ദൈവം? പ്രാർത്ഥിച്ചാൽ തിരുത്താൻ വേണ്ടി മനുഷ്യരുടെ വിധി നിശ്ചയിക്കുന്നവൻ ഒരിക്കലും “ദൈവം” എന്ന നാമത്തിനു് അർഹനല്ല. മനുഷ്യരോടു് പ്രാർത്ഥനയും നോമ്പും നേർച്ചയും ആവശ്യപ്പെടുന്ന ദൈവത്തിനു് ഒരു പേരേയുള്ളു: “പുരോഹിതൻ”! മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നതു് ദൈവനിശ്ചിതമായ ഒരു വിധിയാണെങ്കിൽ മനുഷ്യവിധിയെ തിരുത്താനായി നടത്തപ്പെടുന്ന ഏതുതരത്തിലുള്ള ചടങ്ങുകളും ദൈവനിശ്ചയത്തെ അവഹേളിക്കലാണു്, ഭ്രാന്താണു്.

ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രമായും, മനുഷ്യനെ സൃഷ്ടിയുടെ “മകുടമായും” സങ്കൽപിച്ചിരുന്ന ഒരു കാലത്തു് മനുഷ്യരെ നിയന്ത്രിച്ചിരുന്ന പുരോഹിതവർഗ്ഗവും അവരുടെ ശിങ്കിടികളും കൂടി തട്ടിക്കൂട്ടിയ ഒരു പ്രപഞ്ചവ്യാഖ്യാനത്തിൽ നിന്നും ഇതിൽ കൂടുതലൊക്കെ എന്തു് പ്രതീക്ഷിക്കാൻ? പ്രപഞ്ചത്തെപ്പറ്റി ഒരു സാമാന്യധാരണയെങ്കിലുമുള്ള ആർക്കും അറിയാം ഭൂമിക്കു് ഈ പ്രപഞ്ചത്തിൽ ഒരു ബിന്ദുവിന്റെ പോലും വലിപ്പമോ പ്രാധാന്യമോ ഇല്ലെന്നു്. പിന്നെ അതിൽ ജീവിക്കുന്ന മനുഷ്യരുടെ കാര്യം എന്തു് പറയാൻ? അത്തരം മനുഷ്യരുടെ ജീവിതവും ചേഷ്ടകളും കൃത്യമായി ഒളിഞ്ഞുനോക്കിക്കൊണ്ടിരിക്കുന്നവനാണു് പ്രപഞ്ചനാഥനെങ്കിൽ ദയനീയമാണു് അവന്റെ കാര്യം എന്നേ പറയാനുള്ളു. പുരോഹിതൻ സൃഷ്ടിച്ചെടുത്ത ഒരു നുണ മാത്രമാണു് മതങ്ങളിലെ ദൈവം! മനുഷ്യരെ ഒന്നടങ്കം ഒരു പിൻതുടരൽ ഭീതിക്കു് അടിമപ്പെടുത്തുകയായിരുന്നു അതുവഴി ഈ വിശുദ്ധപരാന്നഭോജികളുടെ ലക്ഷ്യം. അടിസ്ഥാനരഹിതമായ പിൻതുടരൽഭീതി ഒരു മാനസികരോഗമാണു്. മനുഷ്യരാശിയെ മാനസികരോഗികൾ ആക്കുകയായിരുന്നു പുരോഹിതന്റെ ലക്ഷ്യം. ഇന്നും അവൻ ചെയ്യുന്നതു് മറ്റൊന്നുമല്ല.

ദൈവത്തിൽ (യഹോവയിൽ, അല്ലാഹുവിൽ, ബുദ്ധനിൽ, യേശുവിൽ, മറിയയിൽ) വിശ്വസിക്കുന്ന അതേ പ്രയോജനം കല്ലുകൊണ്ടോ മരംകൊണ്ടോ കളിമണ്ണുകൊണ്ടോ ഉള്ള ദേവീ-ദേവവിഗ്രഹങ്ങളിലുള്ള വിശ്വാസത്തിൽ നിന്നും തീർച്ചയായും മനുഷ്യനു് ലഭിക്കും. അതുപോലെതന്നെ, വിശ്വാസത്തിനു് പ്രതിഫലം ലഭിക്കുന്നതിനു് (കൃത്യമായി പറഞ്ഞാൽ, വിശ്വാസത്തിനു് പ്രതിഫലം ലഭിക്കുമെന്ന വിശ്വാസത്തിനു്) ദൈവം മൂർത്തമോ അമൂർത്തമോ എന്ന വ്യത്യാസമൊന്നുമില്ല. രൂപമോ, ഭാവമോ, പേരോ, ഭൗതികമായ മറ്റു് ഏതെങ്കിലും ഗുണങ്ങളോ ഇല്ലാത്ത ഒരു അമൂർത്ത ദൈവത്തിൽ വിശ്വസിക്കാൻ ഒന്നാമതു് മനുഷ്യർക്കാവില്ല, രണ്ടാമതു്, അങ്ങനെയൊരു ദൈവം വെറുംവാക്കുകൾ കൊണ്ടുള്ള പാഴ്‌വർണ്ണന മാത്രമായ, യാതൊരു അർത്ഥവുമില്ലാത്ത ഒരു മസ്തിഷ്കഭൂതം മാത്രമാണുതാനും. ഭൗതികമായ നിലനിൽപിന്റെ എല്ലാ ഗുണങ്ങളും സ്വഭാവങ്ങളും നിഷേധിക്കപ്പെടുന്ന ഒരു വസ്തുവിനു് (ആ വസ്തുവിനു് ദൈവം എന്നു് പേരു് നൽകിയാലും!) ഭൗതികമായ നിലനിൽപുമില്ല, അത്രതന്നെ! ശൂന്യത! വരയില്ലാത്ത “വട്ടപ്പൂജ്യം”!

ഭൗതികതയുടെ ഗുണങ്ങൾ കൊണ്ടു് വർണ്ണിക്കാനാവാത്ത ഒരു “ദൈവത്തെ ആരാധിക്കുക” എന്നാൽ ഭൗതികതയുടെ ഗുണങ്ങളൊന്നുമില്ലാത്ത ഒരു “വിഗ്രഹത്തെ ആരാധിക്കുക” എന്നേ അർത്ഥമുള്ളു, Full stop!

ഖുർആനിലെ ഒരു വാക്യം: “(നബിയേ,) നിന്നോടവർ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ്‌ തീർത്ഥാടനത്തിനും കാലനിർണ്ണയത്തിനുള്ള ഉപാധികളാകുന്നു അവ.” (2:189) ചന്ദ്രക്കലകളെപ്പറ്റി അല്ലാഹു മുഹമ്മദിനു് വെളിപ്പെടുത്തിക്കൊടുത്ത ഈ “പ്രപഞ്ചസത്യം” ഒരുപ്രാവശ്യമെങ്കിലും വായിച്ചിട്ടുള്ളവൻ ഖുർആനിൽ ബിഗ്‌-ബാംഗ്‌ സൂചിപ്പിച്ചിട്ടുണ്ടെന്നും മറ്റും അവകാശപ്പെടാൻ വാസ്തവത്തിൽ ലജ്ജിക്കേണ്ടതല്ലേ? ചന്ദ്രക്കലയെന്തെന്നുപോലും അറിയാത്ത അല്ലാഹുവാണു് ബിഗ്‌-ബാംഗ്‌ കൃത്യമായി മുഹമ്മദിനു് വെളിപ്പെടുത്തിക്കൊടുക്കുന്നതു്! പൊതുജനം ഇതൊക്കെ കേൾക്കുമ്പോൾ തൊണ്ടതൊടാതെ വിഴുങ്ങുമെന്നാണു് ഈ ‘ഖുർആൻ-ബാംഗ്‌ പണ്ഡിതർ’ കരുതുന്നതെങ്കിൽ അവർ എത്രമാത്രം വിഡ്ഢികളായിരിക്കണം എന്നു് ചിന്തിച്ചാൽ മതി.

ഖുർആനിൽ നിന്നും വീണ്ടും: “തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇമ്രാന്റെ മകളായ മർയമിനേയും (ഉപമയായി എടുത്തു് കാണിച്ചിരിക്കുന്നു.) അപ്പോൾ നമ്മുടെ ആത്മചൈതന്യത്തിൽ നിന്നും നാം അതിൽ ഊതുകയുണ്ടായി.” (66:12)

ഇനി മറ്റൊന്നു്: “തീർച്ചയായും അല്ലാഹുവിനു് പുറമേ നിങ്ങൾ വിളിച്ചു് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്മാർ മാത്രമാണു്. … … അവർക്കു് നടക്കാൻ കാലുകളുണ്ടോ? അവർക്കു് പിടിക്കാൻ കൈകളുണ്ടോ? അവർക്കു് കാണാൻ കണ്ണുകളുണ്ടോ? അവർക്കു് കേൾക്കാൻ കാതുകളുണ്ടോ?” (7:194,195)

മറിയയുടെ ഗുഹ്യസ്ഥാനത്തു് ഊതുന്ന അല്ലാഹു, കയ്യും കാലും മൂക്കുമുള്ള അല്ലാഹു, ബിഗ്‌-ബാംഗിൽ ഡോക്ടറേറ്റ്‌ എടുത്ത അല്ലാഹു, ജെനറ്റിക്സിൽ റിസേർച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന അല്ലാഹു, പരിണാമസിദ്ധാന്തം കണ്ടുപിടിക്കാതിരിക്കാൻ ചാൾസ്‌ ഡാർവിനെ അവന്റെ കപ്പൽ യാത്രയ്ക്കിടയിൽ മുക്കി കൊല്ലാൻ എന്തുകൊണ്ടോ മറന്നുപോയ അല്ലാഹു!!

ഇതുപോലൊരു നൂറു് മണ്ടത്തരങ്ങൾ വേറെയുമുണ്ടു്. അതിനെപ്പറ്റിയൊക്കെ ഖുർആൻ മാത്രമാണു് genuine എന്നു് അലമുറയിടുന്ന ഒരു വിശ്വാസിയുമായി ചർച്ച ചെയ്യാൻ പോയാൽ കേൾക്കുന്ന വാദമുഖങ്ങൾ കേട്ടോളൂ: ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങൾക്കു് തെളിവില്ല, ചർച്ച നടത്തുന്നവരുടെ യുക്തി അടിച്ചുപോയി, യുക്തിവാദികൾക്കു് ഒരു ചോദ്യത്തിനും മറുപടിയില്ല, മാഷ്‌ എന്നെ ചിരിപ്പിച്ചുകൊല്ലും, നാളെ ഞാൻ പരിണാമവാദത്തിന്റെ ശവസംസ്കാരം നടത്തും, ഞങ്ങൾ ഇങ്ങനെ ഒന്നുരണ്ടുപേരൊഴികെ ബാക്കി നിങ്ങളൊക്കെ വരികൾക്കിടയിലൂടെയാണു് വായിക്കുന്നതു്, … പോരെങ്കിൽ മുകളിൽ സൂചിപ്പിച്ചപോലെ, പരിണാമസിദ്ധാന്തവും, ബിഗ്‌-ബാംഗും, ജെനറ്റിക്സും, ഇടതുപക്ഷവും, വലതുപക്ഷവും, എന്തിനു് , ചർച്ചയിൽ പങ്കെടുക്കുന്നവനേയും, പറ്റുമെങ്കിൽ അവന്റെ സകല കുടുംബാംഗങ്ങളെ വരെയും അസഭ്യം പറയും. ഇതൊക്കെ ചെയ്യുന്നവർ തന്നെ യുക്തിവാദികൾ ലോകത്തിലുള്ള സകലവിഷയങ്ങളും കൂട്ടിക്കലർത്തുന്നു എന്ന പരാതിയും ഉന്നയിക്കും. വസ്തുതകൾ അറിയാവുന്നവനു് വ്യക്തിഹത്യ ചെയ്യാതെ തന്നെ കാര്യങ്ങൾ അവതരിപ്പിക്കാം. അതെങ്ങനെ, പാലിൽ വെള്ളം ചേർക്കുന്നതും, ചക്ക പഴുക്കുന്നതും, പച്ച മാങ്ങ പുളിക്കുന്നതുമെല്ലാമാണു് വിശ്വാസത്തിലെ യുക്തി തെളിയിക്കാനായി നിരത്തുന്ന വാദമുഖങ്ങൾക്കു് നൽകുന്ന പിൻബലങ്ങൾ! അതൊക്കെ വേദോപദേശക്ലാസുകളിലെ കൊച്ചുകുട്ടികളോടു്  (ഒരുപക്ഷേ) “രസകരമായ” ഉപമകളായി പറയാൻ കൊള്ളാം. ദൈവവും മതവും വിശ്വാസവുമൊക്കെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നിടത്തു് അത്തരം ഉപമകൾ വിലപ്പോവുകയില്ല.

മനുഷ്യനു് ആദ്യം വേണ്ടതു് തന്നോടുതന്നെയുള്ള ആത്മാർത്ഥതയാണു്. മനുഷ്യരുടെ ശാരീരികാവയവങ്ങളുള്ള, ഏതെങ്കിലും മറിയയുടെ ഗുഹ്യസ്ഥാനത്തു് ഊതുന്ന ഒരുവനാണു്  “പ്രപഞ്ചനാഥൻ” എന്നു് വിശേഷിപ്പിക്കപ്പെടുന്ന അല്ലാഹുവെന്നും മറ്റുമുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനു് മുൻപു് ഏതു് പ്രപഞ്ചമാണു് അല്ലാഹുവെന്ന, മുഹമ്മദിന്റെ അഭിപ്രായത്തിൽ “കൗശലക്കാരനായ”, ഈ ദൈവം നിയന്ത്രിക്കുന്നതു് എന്നൊരു നേരിയ ധാരണയെങ്കിലും ഇല്ലെങ്കിൽ പിന്നെ അങ്ങനെയുള്ളവരുടെ വാദങ്ങളിൽ എന്തു് ശാസ്ത്രീയത? എന്തു് യുക്തിബോധം? അതുപോലുള്ളവർക്കു് കൂടുതൽ യോജിച്ച പങ്കാളികൾ സന്തോഷ്‌ മാധവനേപ്പോലെയുള്ളവരായിരിക്കും. അവരും ദൈവനാമത്തിലാണു് വിശുദ്ധനാടകങ്ങളുടെ അരങ്ങേറ്റം നടത്തുന്നതു് എന്നതിനാൽ അവിടെ കൂടുതൽ സമാനതകൾ കണ്ടെത്താനായേക്കും.

ബൈബിളിലുമുണ്ടു് ഇതുപോലെ കുറെ ഏറെ “പാണ്ഡിത്യങ്ങൾ”! ഇതാ ഒന്നു്: “ഭൂമിയിൽ നിന്നു് പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു് ദൈവം കൽപിച്ചു. അങ്ങനെ സംഭവിച്ചു” (ഉൽപത്തി 1:11). പുതിയതായി സൃഷ്ടിച്ചതും, പാഴും ശൂന്യവുമായിരുന്നതുമായ ഒരു ഭൂമിയിൽ അതതുതരം പുല്ലോ സസ്യങ്ങളോ മരങ്ങളോ മുളച്ചുവരട്ടേ എന്നു് കൽപിച്ചാൽ ഒരു ചവറും മുളച്ചുവരില്ല, വരാൻ കഴിയില്ല – കൽപിക്കുന്നതു് ദൈവമായാലും പോത്തുകാലപ്പനായാലും! പറവജാതികളുടെയും മൃഗങ്ങളുടേയുമൊക്കെ സൃഷ്ടിയും ഇതുപോലെതന്നെ. ഏതു് വേദഗ്രന്ഥത്തിന്റെ അവസ്ഥയും ഇതിൽ നിന്നും ഒട്ടും ഭിന്നമല്ല. ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ എഴുതിവച്ചിരിക്കുന്ന കിത്താബുകളാണു് ദൈവികമെന്നും വിശുദ്ധമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നതു്!

ഇതൊക്കെ മുഖവിലക്കെടുക്കുന്ന വിശ്വാസിയാണു് വേദവാക്യങ്ങൾ സാക്ഷാൽ ദൈവം കേട്ടെഴുത്തായി പറഞ്ഞുകൊടുത്തതാണെന്നു് ഘോരഘോരം വാദിക്കുന്നതും അതു് തെളിയിക്കാൻ ശാസ്ത്രത്തിന്റേയും യുക്തിയുടെയും കൂട്ടുപിടിക്കുന്നതും! സാമാന്യബോധമുള്ളവർക്കു് അടിസ്ഥാനരഹിതമെന്നു് രണ്ടാമതൊന്നു് ആലോചിക്കാതെ ഉറപ്പിക്കാൻ കഴിയുന്ന ഇത്തരം വാക്യങ്ങൾ ഉച്ചരിക്കുമ്പോൾ വിശ്വാസിയുടെ മുഖത്തു് നിഴലിക്കുന്ന ഭക്തിയും, ഗൗരവവും കാണേണ്ടതുതന്നെയാണു്! വിശ്വാസികൾക്കു് പൊതുവേ തമാശ മനസ്സിലാവില്ല. വേദഗ്രന്ഥങ്ങൾ മനുഷ്യരെ ചിരിക്കാൻ അനുവദിക്കുന്നില്ല. ചിരിയൊക്കെ അങ്ങു് സ്വർഗ്ഗത്തിൽ ചെന്നിട്ടു് മതി എന്നാണു് ദൈവകൽപന. ഇനി അഥവാ, ഒരു വിശ്വാസി ചിരിക്കുന്നതായി ആരെങ്കിലും കാണുന്നുവെങ്കിൽ സംശയിക്കണ്ട, അതു് യുക്തിപൂർവ്വം ചിന്തിക്കുന്ന ആരെങ്കിലും തുറന്നുപറയുന്ന സത്യം കേൾക്കുമ്പോഴുള്ള പരിഹാസച്ചിരിയായിരിക്കും. ഭൂലോകത്തിൽ വച്ചു് ദൈവകൽപന അനുസരിച്ചു് ജീവിച്ചതുകൊണ്ടു് ചിരിക്കാൻ കഴിയാതെ പോയ ചിരികൾ മുഴുവനുമായിരിക്കാം ശവക്കുഴികളിലെ “സ്വർഗ്ഗീയ പറുദീസയിൽ” എത്തിയ തലയോടുകൾ ഇങ്ങനെ നിത്യമായി “ചിരിച്ചു്” തീർക്കുന്നതു്. മല്ലുസിൽമയിലെ ദേശാടനപ്പക്ഷികൾ കരയാറില്ലാത്തപോലെ, ശവക്കുഴികളിലെ തലയോടുകളും കരയാറില്ല.

ഒരു വേദഗ്രന്ഥത്തിലെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അവയ്ക്കുള്ള മറുപടി പറയുകയാണു് സത്യസന്ധമായ ഒരു ചർച്ചയ്ക്കു് ആവശ്യം. അതിനു് കഴിയാത്തിടത്തോളം ആ ഗ്രന്ഥത്തിന്റെ ദൈവികമായ ആധികാരികതയാണു് ചോദ്യം ചെയ്യപ്പെടുന്നതു്. അതോടെ ഏതെങ്കിലും മാനുഷികപ്രശ്നങ്ങളിൽ വിധി പ്രസ്താവിക്കുന്നതിനുള്ള യുക്തിസഹമായ യോഗ്യത അതിലെ എല്ലാ വാക്യങ്ങൾക്കും നഷ്ടമാവുന്നു. ലക്ഷങ്ങൾ വിശ്വസിക്കുന്നു എന്നതു് ഒരു മതം “സത്യത്തെ” പ്രതിനിധീകരിക്കുന്നു എന്നതിന്റെ തെളിവല്ല. മനുഷ്യർ എന്തെന്തെല്ലാം വിശ്വസിക്കുന്നില്ല? അനേക ലക്ഷങ്ങൾ വിശ്വസിക്കുന്ന മറ്റു് മതങ്ങളും “സത്യത്തെ” പ്രതിനിധീകരിക്കുന്നു എന്നു് അവകാശപ്പെടുന്നവയാണു്. “അത്ഭുതങ്ങൾ” പ്രവർത്തിക്കുന്നതു് ദൈവികമായ ഏതെങ്കിലും സത്യത്തിന്റെ തെളിവല്ല, അതു് വയറ്റിൽപിഴപ്പിനായി “മാജിക്ക്‌ ഷോ” നടത്തുന്നവരുടെ കൈത്തൊഴിലാണു്. സത്യം എന്നതു് ഒരു മതത്തിനു് ഉള്ളതും മറ്റൊരു മതത്തിനു് ഇല്ലാത്തതുമായ ഒന്നല്ല.

 
43 Comments

Posted by on Aug 20, 2009 in ചര്‍ച്ച, മതം

 

Tags: ,

43 responses to “വിശ്വാസികളും ചർച്ചയും

 1. ചാണക്യന്‍

  Aug 20, 2009 at 22:23

  വായിച്ചു…..

  കണ്ണുകാണാത്ത ദൈവങ്ങളെ എന്നെ സൃഷ്ടിച്ചത് എന്റെ അച്ഛനും അമ്മയുമാണോ?…. അതോ നിങ്ങളോ?

  എന്റെ മുന്നിലുള്ള സത്യത്തെ ആരാധിക്കണോ അതോ, നിങ്ങളെ ആരാധിക്കണോ..?

   
 2. cALviN::കാല്‍‌വിന്‍

  Aug 20, 2009 at 23:07

  വളരെ ലളിതമായി കാര്യങ്ങൾ അപ്പടി അവതരിപ്പിച്ചിരിക്കുന്നു! കൂടുതൽ ഇനി എന്ത് പറയാൻ 🙂
  വിശ്വാസിയുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ ചോദ്യങ്ങൾക്ക് ഇനിയെങ്കിലും ഫൈസലോ മറ്റാരെങ്കിലുമോ മറുപടി ആയി എത്തുമോ എന്തോ.. കാലം കുറച്ചായേ.. 🙂

   
 3. പാമരന്‍

  Aug 21, 2009 at 01:27

  കൊള്ളാം മാഷെ. ഉഗ്രനായി. ഇതില്‍ കൂടുതല്‍ എന്താണിനി കണ്ണടച്ചിരുട്ടാക്കുന്നവരോടു പറയുക!

  കമന്‍റു മായ്ക്കലിനെപ്പറ്റി ചര്‍ച്ചയോടു ചര്‍ച്ച! എന്നാല്‍ യഥാര്‍ത്ഥ ചോദ്യങ്ങളൊന്നും കണ്ട മട്ടില്ല!

   
 4. Faizal Kondotty

  Aug 21, 2009 at 04:19

  🙂

   
 5. അനിൽ@ബ്ലൊഗ്

  Aug 21, 2009 at 04:52

  ആ അത്താണിക്കു് കാവൽക്കാർ ഉണ്ടാവുകയും, അത്താണിയിൽ ഭാരം ഇറക്കിവയ്ക്കുന്നതിനു് നികുതി നിശ്ചയിക്കപ്പെടുകയും, നികുതി അടയ്ക്കുന്നതിലെ പിഴവുകൾ കർശനമായി ശിക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്കു് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമ്പോൾ അതൊരു പ്രശ്നമായി മാറുന്നു.

  സത്യം.

   
 6. അനിൽ@ബ്ലൊഗ്

  Aug 21, 2009 at 04:53

  യ്യോ,വഴിവെട്ടിയില്ല.

   
 7. വേഗാഡ്

  Aug 21, 2009 at 04:53

  വിശ്വാസം ചര്‍ച്ച ചെയ്യാവുന്ന ഒരു സംഗതിയല്ല 3+2=5 യ്ന്നത് നിങ്ങള്‍ വിശ്വസിക്കേണ്ടുന്ന ഒരു കാര്യമല്ല വിശ്വസിക്കാതെ തന്നെഅത് സത്യമാണ് പക്ഷെ 3+2=6 എന്ന് നിങ്ങള്ക്ക് വേണമെങ്കില്‍ വിശ്വസിക്കാം .ബുദ്ധ്തി ഉപയോഘിചു മനസിലാക്കാന്‍ വയ്യാത്ത കാര്യങ്ങളെ -നിങ്ങള്ക്ക് വിശ്വസിക്കാം അതിനു തെളിവ് വേണമെന്നില്ല അത് നിങ്ങളുടെ ഗതികേട് . പക്ഷെ ചിലപ്പോഴെന്കിലും നമ്മള്‍ "ഇന്ന് മനസിലാക്കുന്ന തരത്തിലുള്ള ബുദ്ധിക്ക് "അപ്പുറം പോവേണ്ടിവരും .ഭാവനയുടെയും സൌന്തര്യ്ത്തിന്ടേയും സഹായത്താല്‍–,, അല്ലെങ്കില്‍ ഒരു റോസാ പ്പൂവിന്റെ ഭംഗി യും ഒരു കൊച്ചു കുഞിന്റെ ചിരിയും നമ്മുക്ക് ആസ്വദിക്കാനാവാതെ പോവും

   
 8. Melethil

  Aug 21, 2009 at 04:59

  ഒരു മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുമ്പോഴും സത്യത്തിൽ അവൻ അവനിൽ തന്നെയാണു് വിശ്വസിക്കുന്നതു്. പ്രത്യക്ഷമായ ദൈവവിശ്വാസം പരോക്ഷമായ ആത്മവിശ്വാസം മാത്രമാണു്.

  ഇതാണ് സംഭവം! പ്രത്യേകിച്ചും രണ്ടാമത്തെ വരി, അറിയുന്നവനു മതവും, ദൈവവും വേണ്ട.

   
 9. കൃഷ്‌ണ.തൃഷ്‌ണ

  Aug 21, 2009 at 05:09

  അനിശ്ചിതത്വങ്ങളുടെ ആകെത്തുകയായ ജീവിതത്തിൽ ആശ്രയയോഗ്യനും വിശ്വസ്തനുമായി ആരോ ചൂണ്ടിക്കാണിച്ച അത്താണിയായ ദൈവത്തെ സാമാന്യമനുഷ്യൻ വലിയ ആലോചനയോ അപഗ്രഥനമോ ഒന്നും നടത്താതെ മനസ്സിലേറ്റുന്നതു് സ്വാഭാവികം. ഈ സംഗതി അവിടെ അവസാനിച്ചിരുന്നെങ്കിൽ പ്രശ്നമൊന്നുമില്ലായിരുന്നു. പക്ഷേ, ആ അത്താണിക്കു് കാവൽക്കാർ ഉണ്ടാവുകയും, അത്താണിയിൽ ഭാരം ഇറക്കിവയ്ക്കുന്നതിനു് നികുതി നിശ്ചയിക്കപ്പെടുകയും, നികുതി അടയ്ക്കുന്നതിലെ പിഴവുകൾ കർശനമായി ശിക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്കു് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമ്പോൾ അതൊരു പ്രശ്നമായി മാറുന്നു. കരുതിക്കൂട്ടിയുള്ള ഈ ചൂഷണം മനസ്സിലാക്കാതിരിക്കാൻ മനുഷ്യർ അജ്ഞതയിൽ പിടിച്ചുനിർത്തപ്പെടുകയും കൂടി ചെയ്യുമ്പോൾ അതു് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഗൗരവതരമായ ഒരു സാമൂഹികപ്രശ്നമായി രൂപാന്തരം പ്രാപിക്കുന്നു.

  മാഷേ, സത്യം, സത്യം, സത്യം.
  ദൈവത്തിന്റെ കുറെ കാവല്‍ക്കാരും, പകരക്കാരും!!!
  മനോഹരമായിരിക്കുന്നു ഈ പോസ്റ്റും

   
 10. സി.കെ.ബാബു

  Aug 21, 2009 at 09:52

  ചാണക്യൻ, കാൽവിൻ, പാമരൻ, Faizal Kondotty, അനിൽബ്ലൊഗ്‌, Melethil, കൃഷ്ണ.തൃഷ്ണ,

  എല്ലാവർക്കും നന്ദി.

  വേഗാഡ്‌,
  3+2=5 എന്നതു് 'തെറ്റു്' ആവുന്നതും 3+2=6 എന്നതു് 'ശരി' ആക്കാവുന്നതുമായ മേഖലകൾ ഗണിതശാസ്ത്രത്തിലെ vector ലോകത്തിലുണ്ടു്. ഇവിടെ ഗണിതശാസ്ത്രമല്ല വിഷയം എന്നതിനാൽ അതിലേക്കു് കടക്കുന്നില്ല.

  കലയുടെയും സൗന്ദര്യത്തിന്റെയുമൊക്കെ ആസ്വാദനത്തിൽ ബുദ്ധിയേക്കാൾ ഹൃദയമാണു് (മനസ്സു് എന്ന അർത്ഥത്തിൽ) പങ്കെടുക്കുന്നതു്. രണ്ടും നിയന്ത്രിക്കപ്പെടുന്നതു് തലച്ചോറിലും. ഒരു കുഞ്ഞിന്റെയോ പുഷ്പത്തിന്റെയോ ഭംഗി ആസ്വദിക്കാൻ ബുദ്ധിയുടെ 'അപ്പുറം' പോകേണ്ട ആവശ്യമൊന്നുമില്ല എന്നു് ചുരുക്കം. സർവ്വസംഹാരിയായ അഗ്നിപർവ്വതങ്ങൾക്കും വർണ്ണിക്കാനാവാത്ത ഭംഗിയുണ്ടു്. വേണ്ടത്ര അകലത്തിൽ നിന്നു് വീക്ഷിക്കണമെന്നേയുള്ളു.

  വായനക്കു് നന്ദി.

   
 11. പട്ടൌടി

  Aug 21, 2009 at 10:11

  ഒരു കുഴി കുത്തി വെള്ളം കണ്ടെത്തണമെങ്കില്‍ തന്നെ എന്തൊരു ബുദ്ധിമുട്ടാണ്‌, അപ്പോള്‍ പിന്നെ കടലും പര്‍‌വതവും ആകാശവും അവിടെ നക്ഷത്രങ്ങളും ഒക്കെ ഉണ്ടാക്കിയ ഭയങ്കരന്‍ ആരാണ്‌ എന്ന ചോദ്യമാണ്‌ ഒരു പ്രാകൃതമനുഷ്യനെ ദൈവം എന്ന ഉത്തരത്തിലേക്ക് നയിച്ചത്. ഇക്കണ്ടതെല്ലാം ഉണ്ടാക്കിയത് അവനാണെങ്കില്‍ നമ്മളെയും ഉണ്ടാക്കിയത് അവന്‍ തന്നെ.
  ഇത്രയും ശക്തിയുള്ള ഒരാളിനോട് കീഴ്പ്പെട്ടില്ലെങ്കില്‍ സംഗതി പുലിവാലാകുമെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ദൈവം അങ്ങനെ ഒരു സൂപ്പര്‍ രാജാവ് ആയി. ജനം കാണിക്ക വച്ചു, കാലില്‍ വീണു സ്തോത്രങ്ങള്‍ പാടി.
  കുറച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് ചിന്താശേഷി വര്‍ദ്ധിച്ചു. ദൈവത്തെക്കുറിച്ച് വിശ്വസിച്ച
  ഇതെല്ലാം ലോജിക്കല്‍ ആണോ എന്ന് ആലോചിക്കുമ്പോള്‍ അവന്‍ അമൂര്‍ത്തവും അരൂപിയും പരബ്രഹ്മവും ഒക്കെയാണ്‌ എന്നതിലും എത്തിച്ചേരേണ്ടിയും വന്നു.
  പിന്നെയും കുഴപ്പമായി, അമൂര്‍ത്തവും അരൂപവും മനസ്സ്, വികാരം തുടങ്ങി ജന്തുസഹജമായ ഒന്നുമില്ലാത്തവനും ആണെങ്കില്‍ പിന്നെ പ്രാര്‍ത്ഥനയും ബലിയും ഒക്കെ അവന്‍ ആസ്വദിക്കുന്നത് എങ്ങനെ? അപ്പോള്‍ ദൈവത്തിന്റെ ദ്വന്ദഭാവം ഉണ്ടാക്കിയെടുത്തു- സത്യത്തില്‍ അരൂപിയാണെങ്കിലും ഫോര്‍ പ്രാക്റ്റിക്കല്‍ പര്‍പ്പസസ്, അവന്‍ ആകാശത്തു കസേരയിട്ടിരിക്കുന്ന വല്യേട്ടന്‍ ആകാറുമുണ്ട്. അവതാരമെടുക്കാറുണ്ട്, മനുഷ്യരൂപത്തില്‍ വരാറുമുണ്ട്, അതൊക്കെ പുള്ളിയുടെ ഓരോ തമാശകള്‍.
  ദൈവം ഉണ്ടോ ഇല്ലയോ എന്നു ചോദിക്കുമ്പോള്‍ താത്വികമായ മറുപടിക്ക് ഈ ലോജിക്കല്‍ ദൈവത്തെയും പ്രാര്‍ത്ഥിക്കാനും മറ്റും ആള്രൂപിയായ ദൈവത്തെയും ആണ്‌ മനുഷ്യന്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ അവതാരം എന്ന ബ്രിഡ്ജ് ആവയമായും വന്നു.
  വിശ്വാസം ഒട്ടു മിക്കവരിലും പൂര്‍ണ്ണവുമല്ല. ഏറ്റവും ഭക്തനായ പൈലറ്റിനോട് പോപ്പും ആയത്തുള്ളയും ലാമയും ശങ്കരാചാര്യനും ആശീര്‍‌വദിച്ച വിമാനമാണോ അതോ ഒരു സാധാരണ എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്ത വിമാനമാണോ പറപ്പിക്കാന്‍ നിന്നക്കിഷ്ടം എന്നു ചോദിച്ചാല്‍ വിശ്വാസപൂര്വ്വം അയാള്‍ എന്തു പറയുമെന്ന് കേള്‍ക്കാം, പക്ഷേ അതിനെ ചലിപ്പിക്കും മുന്നേ അതേ വ്യക്തി പ്രാര്‍ത്ഥിക്കുന്നതും കാണാം.
  മനുഷ്യര്‍ ഭൂരിപക്ഷവും മരിക്കാന്‍ ഇഷ്ടമില്ലാത്തവരാകയാല്‍ മരണത്തിനു ശേഷം ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നു. ആ ജീവിതം വാഗ്ദാനം ചെയ്യാന്‍ വിശ്വാസത്തിനേ കഴിയൂ.
  വിശ്വാസിക്ക് കുഴക്കുന്ന ചോദ്യത്തിനെല്ലാം ഉത്തരം ദൈവം എന്നാണ്‌. അവന്‍ അനിശ്ചിതാവസ്ഥയെയും ദൈവനിശ്ചയമാക്കുന്നു.
  ഒരു ബന്ധു മരിക്കാന്‍ കിടക്കുമ്പോള്‍ ഓടിപ്പോയി പ്രാര്‍ത്ഥിച്ചാല്‍ വിശ്വാസിക്ക് ആ ബന്ധുവിനു വേണ്ടി എന്തോ ചെയ്തെന്നും ആ ബന്ധുവിന്റെ കാര്യം നോക്കാന്‍ ശക്തിയുള്ള ആരെങ്കിലും ഉണ്ടെന്നും ഒരു സംതൃപ്തി ലഭിക്കും.
  ഒരു കാരണവുമില്ലാതെ ആ ബന്ധു മരിച്ചാല്‍ അത് അദ്ദേഹം ജീവിച്ചിരുന്നപ്പോഴോ ജനിക്കുന്നതിനു മുന്നേയോ ചെയ്ത ദൈവാനിഷ്ടങ്ങള്‍ക്ക് കിട്ടിയ പ്രതിഫലമാണെന്ന് കരുതി വിശ്വാസി സമാധാനിച്ചോളും.
  വിശ്വാസിയെ ഒരു ഗുണ്ട വന്നിടിച്ചാല്‍ ഇവനോടൊക്കെ ദൈവം ചോദിക്കും എന്ന് അവന്‍ സമാധാനിച്ചോളും.
  ഒരു മനശാന്തി ഉപകരണം എന്ന നിലയില്‍ വിശ്വാസത്തിനോട് ഒരു എതിര്‍പ്പും കാണിക്കേണ്ടതില്ലെന്ന് എനിക്കു തോന്നാറുണ്ട്. അടുത്ത വീട്ടിലെ രവിയേട്ടന്‌ എന്നും രണ്ട് പെഗ്ഗ് അടിച്ചാലേ ഉറക്കം വരൂ. പാവം എങ്ങനെയെങ്കിലും ഉറങ്ങിക്കോട്ടെ, വെള്ളമടി ഒഴുച്ചാല്‍ രവിയേട്ന് നല്ല മനുഷ്യനാണ്‌.
  കുഴപ്പം തുടങ്ങിയത് ഞാന്‍ ദൈവം അവതരിച്ചതാണ്‌, ഞാന്‍ ദൈവത്തിന്റെ മരുമകനാണ്‌, ഞാന്‍ ദൈവത്തിന്റെ ഏജന്റ് ആണ്‌ എന്നൊക്കെ പറഞ്ഞ് ആളുകള്‍ ഇതിനെ മുതലെടുക്കാന്‍ തുടങ്ങിയപ്പോഴാണ്‌. ഇവര്‍ പലതരം കാരണങ്ങള്‍ കൊണ്ടാവാം ഇതൊക്കെ ചെയ്തത്. ഫലത്തില്‍ മനുഷ്യനു സംഘം ചേര്‍ന്ന് മറ്റു സംഘങ്ങളെ നായാടാനുള്ള സഹജവാസനയെ ഇവര്‍ ദൈവസങ്കല്പ്പത്തോട് കൂട്ടിക്കെട്ടുകയാണ്‌ ചെയ്തത്. ചിലര്‍ ദൈവനിയോഗിയായ രാജാക്കന്മാരായി, ചിലര്‍ ദൈവനിയോഗിയായ നേതാക്കന്മാരായി, ചിലര്‍ ദൈവനിയോഗിയായ പ്രഭുക്കന്മാരായി, ചിലര്‍ ദൈവം തന്നെയായി.
  ചണ്ഡാളനായി ജനിച്ചത് പൂര്‍വ്വജന്മത്തിലെ പാപം കൊണ്ടാണ്‌, വഴിമാറെടാ മുണ്ടയ്ക്കല്‍ ചണ്ഡാളാ എന്നുപറഞ്ഞ് ചിലര്‍ മറ്റു സംഘങ്ങളെ അടിച്ചോടിച്ചു.
  ദരിദ്രനും ദു:ഖിതനും ചത്തു കഴിഞ്ഞാല്‍ രക്ഷപ്പെട്ടു, അതുകൊണ്ട് ഞങ്ങളെ വന്ന് അടിക്കാന്‍ ശ്രമിക്കാതെ സമാധാനിക്കിന്‍ എന്നു പറഞ്ഞ് പ്രഭുക്കളും രാജാക്കളും മഹാവിപ്ലവങ്ങള്‍ ഒഴിവാക്കി.
  രാജ്യങ്ങള്‍ സ്ഥാപിച്ചു, തകര്‍ത്തു, വീണ്ടുമുണ്ടാക്കി. യുദ്ധങ്ങള്‍ നയിച്ചു, മതത്തിന്റെ പേരില്‍ വെറുത്താലെ മതം വളരുകയും മതവിശ്വാസിക്ക് തങ്ങളുടെ മതവിശ്വാസം ഊട്ടിയുറപ്പിക്കാനും കഴിയൂ എന്നും അവസ്ഥ വന്നു. ഫ്രണ്ട് എന്‍ഡില്‍ അപ്പോഴും ആഗോള സ്നേഹവും സഹനവും ഒക്കെ പറഞ്ഞ് പുരോഹിതരെ നിരത്തി പബ്ലിക്ക് ഇമേജ് നില നിര്‍ത്തി.

   
 12. പട്ടൌടി

  Aug 21, 2009 at 10:12

  വിശ്വസിക്കണോ വേണ്ടയോ?
  തങ്ങളുടെ മതത്തില്‍ വിശ്വസിച്ചാലേ സ്വര്‍ഗ്ഗത്തു പോകൂ എന്ന് മതങ്ങള്‍ പറയുന്നു. ഇങ്ങനെ പറയുന്ന മതങ്ങള്‍ നിരവധിയാണ്‌, തന്റെ മതത്തിലും മറ്റൊരു മതത്തിലും ഒരേ സമയം വിശ്വസിക്കാന്‍ അനുവദിക്കുന്നുമില്ല. അതായത് മതം പറയുന്നത് ശരിയാണെങ്കില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മളെല്ലാം നരകത്തില്‍ പോകും!

   
 13. സി.കെ.ബാബു

  Aug 21, 2009 at 10:40

  പട്ടൗടി,
  യോജിക്കുന്നു. നന്ദി.

   
 14. പട്ടൌടി

  Aug 21, 2009 at 10:40

  എന്താണ്‌ മനുഷ്യനെ വിശ്വാസിയാക്കുന്നത് എന്നു ചോദിച്ചാല്‍ അനിശ്ചിതാവസ്ഥയെക്കുറിച്ചുള്ള ഭയം, അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഭയം എന്നിങ്ങനെ രണ്ടുകാര്യങ്ങളേ കാണാനാവൂ. ബാക്കി വരുന്നത് അനുകരണമാണ്‌, ജനിച്ച കുടുംബത്തിന്റെയും നാടിന്റെയും മാതൃകാവ്യക്തികളുടെയും വിശ്വാസം ഒരാളിനെ തനിക്കു ചുറ്റുമുള്ളവര്‍ക്കുള്ള തരം ദൈവമില്ലാത്ത അവസ്ഥ സങ്കല്പ്പിക്കാനാവാത്ത മാനസികാവസ്ഥയില്‍ എത്തിക്കുന്നു. ബെനഡിക്റ്റ് ജനിച്ചത് കുവൈത്തിലായിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം പോപ്പ് ആകുകയില്ലായിരുന്നു, പകരം ഒരു മുഫ്തി ആയേനെ.
  സത്യത്തില്‍ ഒരു ദൈവമുണ്ടെന്ന് വിശ്വസിച്ചിട്ട് ഞാന്‍ അങ്ങനെ ആയി എന്നു പറയുന്നവര്‍ ഇക്കാലത്തുണ്ടാവുമെന്ന് തോന്നുന്നില്ല. പകരം ഒരു വിശ്വാസിയായിട്ട് അതിനെ ന്യായീകരിക്കാന്‍ ലോജിക്കുകള്‍ സ്വയം കണ്ടെത്തുകയാണ്‌ എല്ലാവരും ചെയ്യന്നത്. അതുവഴി സ്വയം ന്യായീകരിക്കുകയും ലോകത്തിനു മുന്നില്‍ സ്വയം ഡിഫന്‍ഡ് ചെയ്യുകയുമല്ലാതെ അതില്‍ സത്യമില്ലെന്ന് നെഞ്ചില്‍ കൈവച്ച് ഞാനെന്തിനാണ്‌ വിശ്വാസിയായതെന്ന് ആത്മാര്‍ത്ഥമായി ചോദിച്ചാല്‍ വിശ്വാസിക്കു തന്നെ ബോദ്ധ്യം വരും അത്.
  നിലവിലുള്ള മതമെല്ലാം കാലത്തിന്റെ പുരോഗതിക്കോ ഇന്നത്തെ യുക്തിക്കോ ചേരുന്നതല്ല എന്നതാണ്‌ ഇപ്പോഴത്തെ വിശ്വാസി നേരിടുന്ന പ്രതിസന്ധി. എന്നാല്‍ വിശ്വാസരാഹിത്യം സ്വീകരിക്കാന്‍ സഹജമായ ഭയം അവനെ അനുവദിക്കുന്നുമില്ല.
  കാലത്തിനും സംസ്കാരത്തിനും ചേരുന്ന ഒരു പുതിയ മതം ഉണ്ടാക്കിയാലോ?
  മറ്റു മനുഷ്യരെ വെറുക്കുന്ന ഒന്നും അതിലുണ്ടാകരുത്.
  കുറഞ്ഞ പക്ഷം ഇന്നത്തെ ശാസ്ത്രീയ സത്യങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത ഒന്നും അതിലുണ്ടാവരുത്.
  ന്യൂനപക്ഷങ്ങളെയും (ലൈംഗിക ന്യൂനപക്ഷങ്ങള്‍ അടക്കം) ന്യൂനപക്ഷ സംസ്കാരങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ആഹ്വാനങ്ങളൊന്നും അതിലുണ്ടാവരുത്
  ഭരണകൂടങ്ങളിലും ലോക പുരോഗതിയിലും നുഴഞ്ഞു കയറി മനുഷ്യനെ പിന്നാക്കം പായിക്കുകയും തമ്മില്‍ തല്ലിക്കുകയും ചെയ്യുന്തൊന്നും ഉണ്ടാവരുത്.
  ഇന്നിനു നിരക്കുന്ന നീതിന്യായ വ്യവസ്ഥകള്‍ മാത്രമേ ഉണ്ടാകാവൂ
  മതത്തിന്റെ പേരില്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന ഹിഡന്‍ അജെന്‍ഡകള്‍ ഉണ്ടാകരുത്.
  അത് സ്വാഭാവികമായി മനുഷ്യനെ ആകര്‍ഷിക്കുന്നതായിരിക്കണം, വാളെടുത്തും ഭയപ്പെടുത്തിയും വിശ്വാസിയാക്കാന്‍ ശ്രമിക്കരുത്.
  നല്ലതും ആകര്‍ഷകമായതും എല്ലാം ത്യജിച്ച് കഷ്ടപ്പാടുകളുടെയും അജ്ഞതയുടെയും വഴി അതു വിശ്വാസിക്കു കൊടുക്കരുത്.
  ഭാഷയും ടെക്നോളജിയും വ്യക്തമായ ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് വ്യക്തമായ നിര്ദ്ദേശങ്ങളും മാര്‍ഗങ്ങളും ഭരണവും അതിനുണ്ടായിരിക്കണം, മിനിമം ഒരു കോര്‍പ്പറേറ്റ് സുത്യാര്യത, ലീഗല്‍ ഭാഷയിലെ ഭരണസംഹിത, ഓഡിറ്റ്, പബ്ലിക്കേഷന്‍ ഓഫ് എസ്സന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍, റിസേര്‍ച്ച് & ഡെവലപ്പ്മെന്റ്, ഒക്കെ അതിനുണ്ടാവണം.

  ബാബുമാഷ്, ഒരു പുതിയ മതം സ്ഥാപിക്കാന്‍ മാത്രം മതകാര്യങ്ങളില്‍ അറിവുള്ള ആളെന്ന നിലയ്ക്ക് താങ്കള്‍ തന്നെ ഒരു കൈ നോക്കുന്നോ?

   
 15. manu

  Aug 21, 2009 at 16:07

  i can't properly read all the letters.which font is best for your site ? pls help me

   
 16. സി.കെ.ബാബു

  Aug 21, 2009 at 19:35

  പട്ടൗടി,
  ഞാൻ ഒരു മതസ്ഥാപകൻ? ഹ ഹ ഹ! താടിയും ജഡയുമൊക്കെയായി നന്മതിന്മകൾകപ്പുറമെന്നോണം പത്മാസനത്തിൽ!! മോശമില്ല. ആലോചിക്കാവുന്ന കാര്യമാണു്. 🙂

  manu,
  to solve your reading problems I can recommend 'ആദ്യാക്ഷരി'. You can get many other useful informations regarding 'Malayalam Blogging' also there.

  Alternatively, to read my blogposts you can also use either my WordPress BLog or my documents on 'Scribd'. These links are shown on the sidebar too. Scribd has the advantage that you can even download the documents as PDF.

   
 17. കാവലാന്‍

  Aug 21, 2009 at 20:18

  മനുഷ്യത്വത്തിനോടുള്ള ആത്മാര്‍ത്ഥതയേക്കാള്‍ വിശ്വാസത്തോടുള്ള വിധേയത്വം സൂക്ഷിക്കുന്നവരാണ് മനുഷ്യ വര്‍ഗ്ഗത്തിന് ദുരന്തം സംഭാവന ചെയ്യുന്നതെന്നു തോന്നുന്നു. ആരാധനാ മന്ത്രങ്ങളേക്കാള്‍ ഉച്ചത്തില്‍ ഏതൊരു ശബ്ദവും അവര്‍ ശ്രവിക്കില്ല.

  'സ്വർഗ്ഗീയ പറുദീസയിൽ' എത്തിയ തലയോടുകൾ ഇങ്ങനെ നിത്യമായി 'ചിരിച്ചു്' തീർക്കുന്നതു്! ***തലയോടുകള്‍ കരയാറില്ല!***

  ഇതു വരെ തലയോടുകള്‍ ഭീതിയുടെ സിംബലായിരുന്നു,ഇനിയങ്ങോട്ട് അവയുടെ നിത്യമായ ചിരിയും ചിരിയുടെ ചരിത്രവുമോര്‍ത്താല്‍ ചിരിച്ചു പോകുമല്ലോ മാഷെ (:=

   
 18. chithrakaran:ചിത്രകാരന്‍

  Aug 21, 2009 at 20:33

  വിശ്വാസിയോട് തര്‍ക്കിച്ചു സമയം കളയുന്നതില്‍ കാര്യമില്ല. ആധുനിക ശാസ്ത്രീയ കാഴ്ച്ചപ്പാടുള്ള ഒരാളെ സംബന്ധിച്ച് വിശ്വാസി പലകാരണങ്ങളാല്‍ ചിന്താശേഷി കുറഞ്ഞുപോയ ഒരു സഹജീവിയാണ്.ഭയം കാരണമോ,സാമൂഹ്യ വിലക്കുകള്‍ കാരണമൊ മനസ്സിന്റെ നവീകരണത്തിന്റെ വാതില്‍ അടഞ്ഞുപോയ
  വിശ്വാസിയെ നമുക്ക് ഒന്നും ബോധ്യപ്പെടുത്താനാകില്ല.
  വിശ്വാസി താന്‍ അറിവില്ലാത്തവനും ചിന്താശേഷി മരവിപ്പിക്കപ്പെട്ടവനുമാണെന്ന് സ്വയം തിരിച്ചറിയുന്ന നിമിഷത്തില്‍ മാത്രമേ അയാളുടെ മനസ്സിന്റെ വാതില്‍ തുറക്കപ്പെടുന്നുള്ളു. അതു സംഭവിക്കാത്ത കാലത്തോളം ഇറച്ചിക്കോഴികളായും, കുറുക്കന്മാരായും ദൈവത്തിനും,പുരോഹിതര്‍ക്കുമായി ജീവിക്കാനുള്ള നിയോഗമാണ് വിശ്വാസിക്ക് തിരഞ്ഞെടുക്കാനുള്ളത്.

  അതായത് മതവിശ്വാസം എന്നത് അടിമത്വത്തിനു കീഴിലുള്ള അച്ചടക്കത്തോടെയുള്ള ജീവിതമാണ്.
  അവര്‍ക്ക് ഇരുട്ട് പ്രകാശത്തേക്കാള്‍ സുഖപ്രദമാണ്.
  എണ്ണപ്പണത്തിന്റെ അനര്‍ഹമായ സൌഭാഗ്യം നമ്മുടെ വിശ്വാസികളെ കൂടുതല്‍ വിഢികളും മന്ദബുദ്ധികളുമാക്കാന്‍ കാരണമായിരിക്കുന്നു.
  ശാസ്ത്രത്തിന്റെ അക്ഷരമാല ദഹിക്കാത്തവനുപോലും ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സാങ്കേതിക സഹായം വിരല്‍ തുംബില്‍ ലഭിക്കാന്‍ അനര്‍ഹമായ സംബത്ത് ഇടവരുത്തിയിരിക്കുന്നു. മന്ദ ബുദ്ധി അതും തന്റെ മതവിശ്വാസത്തിലെ പ്രപഞ്ചത്തിന്റെ ഉടമയായ ഭഗവാന്റെ കൃപാകടാക്ഷമാണെന്നു ധരിച്ച്, ആധുനിക വാര്‍ത്താവിനിമയ സംവിധാനമായ ഇന്റെര്‍നെറ്റില്‍ പോലും മതവിശ്വാസത്തിന്റെ വിഡ്ഢിത്തം എഴുതിപ്പിടിപ്പിക്കാന്‍ പണത്തിന്റെ ഹുങ്ക് ഉപയോഗപ്പെടുത്തുന്നു.

  ജീവിതത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ പോയിട്ട് ഒരു തീപ്പെട്ടികൊള്ളിപോലും കണ്ടിട്ടില്ലാത്ത പ്രാകൃതരായ പഴഞ്ചന്‍ പ്രവാചകന്മാരേയും , അവന്റെയൊക്കെ പ്രപഞ്ചദര്‍ശനങ്ങളേയും സത്യമാണെന്നു സ്ഥാപിക്കാന്‍ നെറ്റില്‍ വരുന്ന വിശ്വാസികളെ മനോരോഗികളായി കണ്ട് സഹതപിക്കുക മാത്രമേ കഴിയു.

  പോരേ ബാബു…? ചിത്രകാരന് ബാബുവിന്റെ ലേഖനം വായിച്ചപ്പോള്‍ ഇങ്ങനെയൊക്കെയാണ് ചിന്തിക്കാന്‍ കഴിയുന്നത് ! ഇതൊരു രോഗമാകാതിരിക്കട്ടെ എന്ന് സര്‍വ്വശക്തനായ പടച്ചോനോട് പ്രാര്‍ത്ഥിക്കട്ടെ 🙂 ഹഹഹ….

   
 19. ചാണക്യന്‍

  Aug 21, 2009 at 21:00

  പ്രിയ ചിത്രകാരാ,

  വിശ്വാസി എന്നതിനെ തീവ്ര വിശ്വാസി എന്ന് പറയാൻ അഭ്യർത്ഥിക്കുന്നു…:):)

   
 20. സി.കെ.ബാബു

  Aug 21, 2009 at 21:04

  കാവലാൻ,
  തലയോടു് നല്ലകാലത്തിൽ മുട്ടിൽ കിടന്നു് ദിവസത്തിൽ പലവട്ടം കരച്ചിലോടു് കരച്ചിലായിരുന്നില്ലേ? കരച്ചിലിന്റെ quota അങ്ങനെ തീർന്നു. 🙂

  ചിത്രകാരൻ,
  "വിശ്വാസി താന്‍ അറിവില്ലാത്തവനും ചിന്താശേഷി മരവിപ്പിക്കപ്പെട്ടവനുമാണെന്ന് സ്വയം തിരിച്ചറിയുന്ന നിമിഷത്തില്‍ മാത്രമേ അയാളുടെ മനസ്സിന്റെ വാതില്‍ തുറക്കപ്പെടുന്നുള്ളു."

  നാഴികയ്ക്കു് നാൽപതുവട്ടം "ഞാൻ പാപി, ഞാൻ പാപി, ഞാൻ മഹാ പാപി" എന്നു് വലിയകൂട്ടമിടുന്ന 'പാപ്പി'കൾക്കാണോ തിരിച്ചറിവുണ്ടാവാൻ പോകുന്നതു്? അസാദ്ധ്യം! ഇക്കൂട്ടരുടെ പ്രാർത്ഥന കേട്ടു് മടുത്തു് ഇപ്പോൾ ദൈവത്തിനും ഒറ്റ പ്രാർത്ഥനയേയുള്ളു: "എന്റെ കുറ്റം, എന്റെ കുറ്റം, എന്റെ മാപ്പർഹിക്കാത്ത മഹാകുറ്റം!" പക്ഷേ പാവം ദൈവത്തിന്റെ പ്രാർത്ഥന ആരു് കേൾക്കാൻ?

   
 21. മൂര്‍ത്തി

  Aug 21, 2009 at 22:07

  !

   
 22. Faizal Kondotty

  Aug 21, 2009 at 22:49

  ചിത്രകാരാ ..
  കമന്റിന്റെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കുന്നു .പക്ഷെ എല്ലാവരും താങ്കളെപ്പോലെ നിരീശ്വര വാദത്തിനു അടിമപ്പെടണം എന്ന് പറയുന്നതും ശരിയല്ല .

  വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ക്കിടയിലും പരസ്പര സ്നേഹവും പരിഗണനയും വച്ച് മുറുകെ പിടിക്കുന്നുവെങ്കില്‍ അത് വളരെ നല്ലതാണ് ..

  അല്ലാതെ എല്ലാവരും നിരീശ്വര വാദികള്‍ ആകണം എന്നൊക്കെ പറയുന്നത് ഒരു തരം മൗലിക വാദം ആണ് ..

  വിവിധ മത വിശ്വാസികള്‍ ഭൂരിപക്ഷവും സ്നേഹത്തോടെ തന്നെയാണ് കേരളത്തില്‍ കഴിഞ്ഞു വരുന്നത് .. നിഷ്കളങ്കമായ ദൈവ വിശ്വാസം എങ്ങിനെ സമൂഹത്തില്‍ കുഴപ്പം ആയി തീരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല !

  താങ്കള്‍ക്കു ഈശ്വരനില്‍ വിശ്വാസം ഇല്ലാത്ത പോലെ തന്നെ , മറ്റൊരാള്‍ക്ക് വിശ്വസിക്കാനും അവകാശം ഉണ്ട് ..അഥവാ രണ്ടും ഒരു തരം വിശ്വാസം ആണ് .പക്ഷെ പരസ്പരം മാനിക്കാനും സ്നേഹിക്കാനും ഈ വിശ്വാസം തടസ്സം ആകരുത് എന്ന് മാത്രം ..

  വ്യത്യസ്ത മതത്തില്‍ പെട്ടവരും , മതവിശ്വാസം ഇല്ലാത്തവരും ആയ കുറച്ചു സുഹൃത്തുക്കള്‍ എനിക്കുണ്ട് ..അവരോടു നല്ല സുഹൃത്ത് ബന്ധവും . സ്നേഹവും , നന്മകളില്‍ പരസ്പര സഹകരണവും വച്ച് പുലര്‍ത്താന്‍ എന്റെ മത വിശ്വാസം എനിക്ക് തടസ്സം ആവുന്നില്ല എന്ന് മാത്രം എനിക്കറിയാം

  പ്രിയപ്പെട്ടവരേ,

  നല്ല കൂട്ടായ്മകള്‍ക്ക് ആശംസകള്‍ ! ഒന്നിനും ഒരു തടസ്സം ആയി ബൂലോഗത്ത്‌ ഞാന്‍ ഉണ്ടാവില്ല എന്ന് കൂടി ഉറപ്പു തരട്ടെ അല്ലെങ്കില്‍ തന്നെ നല്ല ബന്ധങ്ങളെക്കാള്‍ വലുതായി മറ്റെന്തുണ്ട് ?എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ചാല്‍ എന്റെ നിലപാടുകള്‍ വ്യക്തമാവും ..മുന്‍വിധികള്‍ ഒരിക്കലും നന്നല്ല ഊഹങ്ങള് ശരിയായിക്കൊള്ളണം എന്നുമില്ല .
  സംഘടിതം ആയി മത വിശ്വാസികളെ ആക്രമിക്കുക എന്നതാവരുത് ഒരു കൂട്ടായ്മയുടെയും ലക്ഷ്യം . വിരോധം ഒരിക്കലും constructive അല്ല.

  ചിത്രകാരന്‍ ,
  എണ്ണപ്പണം കൊണ്ട് കൂടിയാണ് കേരത്തിന്റെ സമ്പത്ത് വ്യവസ്ഥ പിടിച്ചു നില്‍ക്കുന്നത് എന്ന് വിസ്മരിക്കരുത് .. കേരത്തിലെ വീടുകളിലെ അടുപ്പുകളില്‍ പുകയുയരാതാകുമോ എന്ന് ഭയന്ന് മരുഭൂമിയിലെ തളര്‍ന്നു വീഴുന്ന ചൂടില്‍ പണിയെടുക്കുന്നവരെ മതത്തിന്റെ പേരില്‍ ആണെങ്കില്‍ പോലും ആക്ഷേപിക്കരുത് .

   
 23. സി.കെ.ബാബു

  Aug 22, 2009 at 16:13

  Faizal Kondotty,
  ചിത്രകാരനെ അഭിസംബോധനം ചെയ്തു് പറഞ്ഞ കാര്യങ്ങൾക്കു് താത്പര്യമുണ്ടെങ്കിൽ ചിത്രകാരൻ തന്നെ മറുപടി പറയും.

  ഞാൻ ചില പൊതുവായ കാര്യങ്ങൾ സൂചിപ്പിക്കുകയാണു്. മതവിശ്വാസങ്ങളും വ്യക്തിബന്ധങ്ങളുമൊക്കെ ഓരോരുത്തരുടെ സ്വന്തം കാര്യം. പക്ഷേ, മതങ്ങൾ അടക്കമുള്ള സാമൂഹികഘടകങ്ങളിൽ സമൂഹത്തിന്റെ ഭദ്രതയെത്തന്നെ അപകടപ്പെടുത്തിയേക്കാവുന്ന രീതിയിലുള്ള നീക്കങ്ങൾ ശ്രദ്ധിക്കപ്പെടുമ്പോൾ അതു് ചൂണ്ടിക്കാണിക്കേണ്ടതും അതിനെതിരേ ശബ്ദമുയർത്തേണ്ടതും ഏതൊരു സമൂഹത്തിലേയും ചിന്താശേഷിയുള്ള മനുഷ്യരുടെ കടമയും അവകാശവുമാണു്.

  ഏതെങ്കിലും ഒരു മതഗ്രന്ഥമോ പ്രത്യയശാസ്ത്രമോ ഏകപക്ഷീയമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കപ്പെടുമ്പോൾ അവർ അതു് മാത്രമാണു് ശരി എന്നു് കരുതി തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണു്. അതിലൊക്കെ വിശ്വസിക്കുന്നവരിലും അല്ലാത്തവരിലും പെട്ട മുഴുവൻതന്നെ ജനങ്ങളും അതൊന്നും വായിച്ചിട്ടും പഠിച്ചിട്ടുമുള്ളവരല്ല. മാത്രവുമല്ല, അരി തേടിക്കഴിഞ്ഞു് അറിവുതേടാൻ സമയമോ, 'പണ്ഡിതന്മാരിൽ' നിന്നും കേൾക്കുന്നതു് വേണ്ടവിധം അപഗ്രഥനം ചെയ്തു് മനസ്സിലാക്കാൻ മതിയായ വിദ്യാഭ്യാസമോ ഇല്ലാത്തവരും, വ്യക്തിആരാധന സ്വഭാവഗുണമായി വളർത്തിയെടുക്കപ്പെട്ടവരുമായ മനുഷ്യർ വസിക്കുന്ന സമൂഹങ്ങളിൽ തൊണ്ടതൊടാതെ വിഴുങ്ങത്തക്കവിധം 'ഗുളികപ്പരുവത്തിലാക്കി' ദൈവത്തിന്റെ മേമ്പൊടിയും ചേർത്തു് പാടിക്കേൾപ്പിക്കുന്ന കെട്ടുകഥകൾ എളുപ്പത്തിന്റെ പേരിൽ കണ്ണുമടച്ചു് വിഴുങ്ങാൻ ജനങ്ങൾ തയ്യാറാവും. അവരെ വസ്തുതകളുടെ മറുവശം കാണിച്ചുകൊടുക്കാനുള്ള ബാദ്ധ്യത കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർക്കുണ്ടു്. അതറിയാനുള്ള മൗലികമായ അവകാശം ജനങ്ങൾക്കുമുണ്ടു്. രണ്ടുവശവും കേട്ട ശേഷം എടുക്കുന്ന തീരുമാനങ്ങൾക്കേ ഏന്തെങ്കിലും അർത്ഥമുള്ളു. അത്തരം ശ്രമങ്ങളെ തടയാൻ ശ്രമിക്കുന്നതു് മിതമായ ഭാഷയിൽ പറഞ്ഞാൽ മനുഷ്യാവകാശലംഘനമാണു്. സമൂഹം ബോധവത്കരിക്കപ്പെടരുതെന്നു് കരുതുന്ന ഒരുവനു് ആ സമൂഹത്തിലെ അംഗം എന്നു് അവകാശപ്പെടാൻ യാതൊരു അർഹതയുമില്ല.

  ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, ചന്ദ്രക്കലകളെപ്പറ്റി വിഡ്ഢിത്തം എഴുതിവച്ചിരിക്കുന്ന ഒരു ഗ്രന്ഥത്തിൽ ബിഗ്‌-ബാംഗിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ടെന്നു് ആരെങ്കിലും അവകാശപ്പെട്ടാൽ അതു് അജ്ഞത മാത്രമല്ല, ആഭാസത്തരവുമാണു്. അത്തരം 'പാണ്ഡിത്യങ്ങൾ' ഇന്റർനെറ്റ്‌ പോലുള്ള പരസ്യവേദികളിൽ വിളിച്ചുപറഞ്ഞാൽ അതു് പമ്പരവിഡ്ഢിത്തമാണെന്നറിയാവുന്നവർ അതിനെതിരായി പ്രതികരിച്ചെന്നുവരും. ശാസ്ത്രത്തിന്റെ മേൽകുപ്പായം മോഷ്ടിച്ചുധരിച്ചുകൊണ്ടു് മനുഷ്യന്റെ സാമാന്യബുദ്ധിയേയും യുക്തിബോധത്തേയും കൂട്ടബലാൽസംഗം ചെയ്യുകയാണു് ഇക്കൂട്ടർ ചെയ്യുന്നതു്. ഏഭ്യത്തരത്തിനും വേണം ഒരു പരിധി!

   
 24. സി.കെ.ബാബു

  Aug 22, 2009 at 16:16

  =2=

  ഇവിടെ ആരും മതവിശ്വാസികളെ തെറിപറയുന്നില്ല. റിയാലിറ്റിയും ഇല്യൂഷനും തമ്മിൽ വേർതിരിച്ചു് കാണിക്കാൻ ശ്രമിക്കുന്നതു് വ്യത്യസ്ത മതസ്ഥരെ തമ്മിൽ തല്ലിക്കുന്നതിനല്ല. മതവിശ്വാസികളെ തമ്മിൽ തല്ലിക്കുന്നതു് എപ്പോഴും മതനേതൃത്വങ്ങൾ തന്നെയാണു്. അതുകൊണ്ടുള്ള പ്രയോജനവും അവർക്കുതന്നെ. നോർത്ത്‌ അയർലണ്ടിൽ പരസ്പരം കൊല്ലുന്നതു് (ഇപ്പോൾ ഇത്തിരി ആശ്വാസമുണ്ടെങ്കിലും!) ക്രിസ്തീയരായ കത്തോലിക്കരും പ്രോട്ടസ്റ്റന്റുകാരുമാണു്. തമ്മിൽ കടിച്ചുകീറാൻ തയ്യാറായി നിൽക്കുന്ന ഷിയായും സുന്നിയും വിഭാഗങ്ങൾ മുസ്ലീമുകളാണു്. അവരിലാരും നിരീശ്വരവാദികളോ നിഷ്പക്ഷമതികളോ അല്ല!

  കൈകാലുകളും കണ്ണും ചെവിയുമുള്ള ഒരു 'രൂപത്തെ' പ്രപഞ്ചനാഥനായ ഒരു ദൈവമായി അംഗീകരിക്കാൻ ഇന്നത്തെ മനുഷ്യർ തയ്യാറാവുന്നില്ലെങ്കിൽ അതു് നിരീശ്വരവാദമല്ല, അതവർക്കു് ബോധവും വെളിവുമുണ്ടെന്നതിന്റെ തെളിവാണു്. പ്രപഞ്ചം എന്നാൽ എന്തെന്നു് ഒരേകദേശ ധാരണയെങ്കിലും ഉള്ള ആർക്കും അത്തരമൊരു നിലപാടു് സ്വീകരിക്കാനേ കഴിയൂ. ഈ ആധുനിക ലോകത്തിലെ അറിവുകളുടെ വെളിച്ചത്തിലും ദൈവത്തെ 'മനുഷ്യരൂപിയായി' ചിന്തിക്കുന്നവർക്കും അംഗീകരിക്കുന്നവർക്കും ഒന്നുകിൽ ഭ്രാന്തു് അല്ലെങ്കിൽ അതിലും കൂടിയ മറ്റേതോ 'പ്രേതബാധ'!

  അവസാനമായി ഇതുകൂടി: "കേരളത്തിലെ വീടുകളിലെ അടുപ്പുകളിൽ പുകയുയരാതാവുമോ എന്നു് ഭയന്നു് മരുഭൂമിയിലെ തളർന്നുവീഴുന്ന ചൂടിൽ പണിയെടുക്കുന്നവരെ" ഇവിടെ ആരും ആക്ഷേപിക്കുന്നില്ല. വ്യക്തിപരമായി എനിക്കു് അവരോടു് അങ്ങേയറ്റം ബഹുമാനവുമുണ്ടു്. അവർ ഏതെങ്കിലും ഒരു പ്രത്യേക മതസ്ഥരല്ല താനും. അതുകൊണ്ടു് ഏതെങ്കിലും 'ഒരു' മതത്തിന്റെ പേരിൽ അവരെ 'ആക്ഷേപിക്കുക' എന്നതു് പ്രായോഗികമായി സാദ്ധ്യവുമല്ല. പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമൊക്കെ ചെല്ലുന്ന 'അഗതിപ്പരിഷകളായ' എത്രയോ മുസ്ലീം സഹോദരങ്ങളെ അറബികൾ എങ്ങനെയാണു് ട്രീറ്റ്‌ ചെയ്യുന്നതെന്നു്, അവർ എങ്ങനെയാണു് അവിടെ ജീവിക്കുന്നതെന്നു് നേരിട്ടു് കണ്ടിട്ടില്ലെങ്കിലും പലവട്ടം പല ഡൊക്യുമെന്ററികളിലൂടെ ഞാനും മനസ്സിലാക്കിയിട്ടുണ്ടു്. അതിനു് നേരേ വിപരീതമായി 'പന്നികളായ' സായിപ്പന്മാർക്കു് അറബികൾ അവിടെ ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങൾ എന്തെന്നും എനിക്കറിയാം. മണലാരണ്യങ്ങളിൽ പണിയെടുക്കുന്നവർക്കു് അറബി കൊടുക്കുന്ന സക്കാത്തല്ല അവർക്കു് ലഭിക്കുന്ന പ്രതിഫലം. അതു് അവരുടെ സ്വന്തം വിയർപ്പിന്റെ വിലയാണു് – അവർ അർഹിക്കുന്നതിലും വളരെ കുറഞ്ഞ വില! "നിന്റെ നാട്ടിൽ നിനക്കു് ഇതുപോലും ഇല്ലായിരുന്നല്ലോ" എന്നു് പറയുന്നതാവാം മുസ്ലീം സാഹോദര്യത്വം! എത്രയായാലും 'പന്നികളായ' സായിപ്പന്മാരുടെ നാട്ടിൽ ജോലിക്കാണു് കൂലി അല്ലാതെ, ജോലി ചെയ്യുന്നവന്റെ പാസ്പോർട്ട്‌ ഏതു് നാട്ടിലെയാണു് എന്നതിന്റെ അടിസ്ഥാനത്തിലല്ല.

  തന്റെ മതത്തിലേക്കു് മറ്റു് മനുഷ്യരെ ആകർഷിക്കുന്നതിനു് വേണ്ടി നുണപറയുന്നതും, വേദഗ്രന്ഥത്തിലെ വാക്യങ്ങളിൽ അനുയോജ്യമായവ മാത്രം പൊക്കിപ്പിടിക്കുന്നതും, അല്ലാത്തവ വളച്ചൊടിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നതും മനഃപൂർവ്വമാണെങ്കിൽ അതു് ജനവഞ്ചനയാണു്, അതല്ല, അറിവില്ലായ്മകൊണ്ടാണെങ്കിൽ അതു് വിഡ്ഢിത്തമാണു്. ഇത്തരക്കാരെ തന്റെ അഭിഭാഷകന്മാരാക്കേണ്ടിവരുന്നവനാണു് ദൈവമെങ്കിൽ "പാവം ദൈവം" എന്നേ പറയാനുള്ളു! അത്തരം ഒരു ദൈവം പ്രപഞ്ചനാഥൻ ആവാൻ കഴിയില്ല എന്നു് പറയുന്നതു് നിരീശ്വരവാദമാണെങ്കിൽ ഏതൊരു നിരീശ്വരവാദിക്കും താനൊരു നിരീശ്വരവാദിയാണെന്നതിൽ അങ്ങേയറ്റം അഭിമാനിക്കാം.

   
 25. Faizal Kondotty

  Aug 22, 2009 at 18:56

  ബാബു ,
  താങ്കളുടെ നിഗമനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല ..പക്ഷെ ചിത്രകാരന്‍ ആവശ്യമില്ലാതെ ഈ വിഷയത്തില്‍ എന്നപ്പണം കൊണ്ട് വന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല ..അതിനാല്‍ ഒന്ന് വ്യക്തത വരുത്തി എന്നെ ഉള്ളൂ .
  വീണ്ടും പറയട്ടെ , വ്യത്യസ്ത ആശയങ്ങല്‍ക്കിടയിലും പരമാവധി വ്യക്തി ബന്ധങ്ങള്‍ നന്നാക്കി കൊണ്ട് പോകണം എന്ന് തന്നെയാണ് എനിക്കുള്ളത് ..ഞാന്‍ ആരുടേയും വീട്ടുകാരെ ഇത് വരെ ഒരു വിഷയത്തിലും വലിച്ചിഴച്ചിട്ടില്ല .. (എന്നെ പറ്റി ചില പരാമര്‍ശങ്ങള്‍ ഇവിടെ വായിക്കാന്‍ ഇടയായി )
  എനിക്കറിയാവുന്ന പോലെ ആശയ പരമായി സംവദിച്ചു എന്ന് മാത്രം , അത് ഇരു കൂട്ടര്‍ക്കും ആസ്വാദകരം ആയിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് ..ഇതിനാണ് എന്നെ ഇത്ര മാത്രം തെറ്റിദ്ധരിക്കുന്നത് ? ഞാന്‍ ഇതൊന്നും വൈകാരികം ആയി കാണുന്ന ആളല്ല ബാബു .ബാബുവിന്റെ പല പോസ്റ്റുകളും (വിശിഷ്യാ ശൈലി ) ആസ്വദിച്ചിട്ടുമുണ്ട് .

  look, alll feathers are not alike.

  താങ്കള്‍ എന്റെ കാഴ്ചപ്പാടുകളെ എങ്ങിനെ വിലയിരുത്തുന്നു എന്ന് എനിക്കറിയില്ല .. എങ്കിലും ദയവായി ഈ പോസ്റ്റ്‌ കാണുക, സമയം ഉണ്ടെങ്കില്‍..എന്റെ വേദഗ്രന്ഥ വായന ഇങ്ങിനെയൊക്കെയാണ്

   
 26. സി.കെ.ബാബു

  Aug 22, 2009 at 19:54

  Faizal Kondotty,
  വിശ്വാസികൾ സംവാദങ്ങളിൽ എതിരാളിയുടെ "കുടുംബാംഗങ്ങളെ വരേയും അസഭ്യം പറയും" എന്നതു് ഫൈസലിനെ ഉദ്ദേശിച്ചു് പറഞ്ഞതല്ല. അതും ബ്ലോഗിലെ ഇത്തരം ചർച്ചകളിൽ നടന്നിട്ടുള്ളതുകൊണ്ടു് സൂചിപ്പിച്ചതാണു്.

  എഴുതുമ്പോൾ ഏതെങ്കിലും ഭാഗം ക്വോട്ട്‌ ചെയ്യാൻ വേണ്ടിയല്ലാതെ ഒരിക്കൽ വായിച്ച മതഗ്രന്ഥങ്ങൾ ഞാൻ തുറക്കാറില്ല. മിക്കവാറും എല്ലാ വാക്യങ്ങൾക്കും വിപരീതമായ വാക്യങ്ങളും അവയിൽ തന്നെയുള്ളതു് എന്നെ മടുപ്പിക്കുന്നു. വെറുതെ കളയാൻ സമയവുമില്ല.

  എങ്കിലും, ഫൈസലിന്റെ ഖുർആൻ ശ്രമങ്ങൾക്കു് ആശംസകൾ! കാര്യങ്ങൾ മനസ്സിലാക്കാൻ ഉപമകളും കഥകളും ആവശ്യമായ വളർച്ചയുടെയും വായനയുടെയും ഘട്ടം കടന്നിട്ടില്ലാത്തവർക്കു് ഒരുപക്ഷേ അതുകൊണ്ടു് പ്രയോജനമുണ്ടാവാം.

   
 27. Faizal Kondotty

  Aug 22, 2009 at 20:10

  സി കെ ,
  ഏതായാലും നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും നന്ദി ..എന്റെ പോയിന്റ്‌ ഓഫ് വ്യൂ പറഞ്ഞു എന്നെ ഉള്ളൂ , മുകളിലത്തെ കമന്റില്‍ , എല്ലാവരെയും ഒരു പോലെ കണ്ടു അണ്ടര്‍ estimate ചെയ്യുന്നതിലെ നിരര്‍ത്ഥകത യും
  ഏതായാലും മനസ്സിലാക്കിയതിനു നന്ദി …

  ലളിതവും , എന്നാല്‍ സാധാരണക്കാരന്റെ വരെ മനസ്സിനെ സ്പര്ശിക്കുന്നതും ആയ ഒന്നാണ് വേദ ഗ്രന്ഥ വചനങ്ങള്‍ എന്നാണ് എന്റെ അനുഭവം
  complex things easy to do, simplicity is the real challenge എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍
  anyway thanks again .

   
 28. MKERALAM

  Aug 22, 2009 at 21:05

  ബാബുവിന്റെ കാഴ്ച്ചപ്പാടുകളോടെ നൂറു വട്ടം യോജിക്കുന്നു. പക്ഷെ ഒരു സംശയം നിരത്തുന്നു,

  ചരിത്രപരമായി ചിന്തിക്കുമ്പോള്‍, മതഗ്രന്ധങ്ങളിലെ ‘ലോകനാഥനെ‘ അന്വേഷിക്കാന്‍ തുടങ്ങിയതിന്റെ ചരിത്രമെന്താണ്‍്. വിശ്വസിയാണോ ഈ ലോക നാഥന്മാര്‍ക്കു ആദ്യമായി പരിവേഷമുണ്ടാക്കിക്കൊണ്ടു വന്നത്. അവിടേക്കു നോക്കാതെ മതത്തിന്റെ ചരിത്രത്തില്‍ ഒളിച്ചിരിക്കുന്ന കാരണദേഹങ്ങളെ കാണുവാന്‍ കഴിയില്ല-അധികാര രാഷ്ട്ര്രിയം കൈയ്യാളിയവര്‍ കൈയ്യാളുന്നവര്‍.

  വിശ്വാസി വിഡ്ഡിയാണ്‍്, പക്ഷെ വിശ്വാസി-രാഷ്ട്ര്രിയ- അധികാര അവസ്ഥകളെ നേര്രേഖയില്‍ നിര്‍ത്താതെ വിശ്വാസിയുടെ ശോക ചിത്രം പൂര്‍ണമാകുന്നില്ല. പാവം വിശ്വാസി.

  ശബരിമലയില്‍ ലോകനാഥന്‍ ഇല്ല എന്നു യുക്തിവാദി ഖോര ഖോരം സമര്‍ഥിക്കുമ്പോള്‍ അവരെ ചിരിച്ചു തള്ളി കെട്ടും താങ്ങി പോകുന്ന വിശ്വാസിയുടെ പിച്ചക്കാശു വാങ്ങിയ അധികാര വര്‍ഗം പ്രതിക്കൂട്ടില്‍ കയറുന്നുണ്ടോ? ഇല്ലെന്നല്ല പറഞ്ഞത്,പക്ഷെ വളരെ ചെറിയ തോതില്‍.

  മനുഷ്യനെ അടിമകളാക്കുന്നതു കൊണ്ടു ദൈവത്തിനു യാതൊരു പ്രയോജനവുമില്ല,പക്ഷെ പ്രയോജനവുള്ളതു അധികാരികള്‍ക്കാണ്‍്.

  ഇന്തയില്‍, കേരളത്തില്‍ ഇന്നു വിശ്വാസിയെ കൂടാതെ ആര്‍ക്കെങ്കിലും ഭരിക്കാനാകുമോ? അധികാരമുള്ള, മാറ്റം വരുത്താന്‍ കഴിവുള്ളവരെ മാറ്റി നിര്‍ത്തി വിശ്വാസിയെ മാ‍ത്രം ക്രൂശിക്കുന്നത് എന്താണ്‍് എന്നു മന്‍സിലാകുന്നില്ല. അതൊരു പക്ഷെ പൊസ്റ്റിന്റെ വിഷയം അതല്ലായിരിക്കാം. എങ്കിലും വിശ്വസിയെ ഇങ്ങനെ പതെറ്റിക്ക് ആക്കിയതില്‍ രാഷ്ട്ര്രിയക്കാരന്റെ പങ്കിനെക്കുറിച്ച താങ്കള്‍ എന്തു പറയുന്നു.

  അഥവാ ഹൈപ്പൊതെറ്റിക്കലി, കേരളത്തിലെ വിശ്വാസികള്‍ ഒന്നടങ്കം രാഷനല്‍ തിങ്കേഴ്സ് ആകാന്‍ തീരുമാനിച്ചാല്‍ നെട്ടോട്ടമോടുന്നവര്‍ ആരായിരിക്കും? മാര്‍ക്സിസ്റ്റ് പാര്‍ട്ടി പോലും ഓടാതിരിക്കുമോ?

   
 29. Joker

  Aug 23, 2009 at 10:44

  അവർ അർഹിക്കുന്നതിലും വളരെ കുറഞ്ഞ വില! "നിന്റെ നാട്ടിൽ നിനക്കു് ഇതുപോലും ഇല്ലായിരുന്നല്ലോ" എന്നു് പറയുന്നതാവാം മുസ്ലീം സാഹോദര്യത്വം! എത്രയായാലും 'പന്നികളായ' സായിപ്പന്മാരുടെ നാട്ടിൽ ജോലിക്കാണു് കൂലി അല്ലാതെ, ജോലി ചെയ്യുന്നവന്റെ പാസ്പോർട്ട്‌ ഏതു് നാട്ടിലെയാണു് എന്നതിന്റെ അടിസ്ഥാനത്തിലല്ല.
  ========================
  ശ്രീ.ബാബു, താങ്കള്ളുട്റ്റെ പോസ്റ്റുമായി 100 ശതമാനം യോജിക്കാന്‍ കഴിയില്ലെങ്കിലും, മേല്‍ പറഞ്ഞ വരികള്‍ക്ക് 100 മാര്‍ക്ക്.

   
 30. biju chandran

  Aug 23, 2009 at 13:16

  ബാബു മാഷേ നല്ല ലേഖനം. പ്രത്യേകിച്ച് അന്ധ വിശ്വാസികളും യുക്തിവാദികളും തമ്മിലുള്ള ചര്‍ച്ച പല ബ്ലോഗുകളിലും നടക്കുന്ന സമയത്ത്. ശാസ്ത്ര വിദ്യാഭ്യാസമുള്ളവരൊക്കെ ശാസ്ത്രീയമായി ചിന്തിക്കും എന്നുള്ളത് ഒരു തെറ്റായ ധാരണയാണ് പലപ്പോഴും. പണ്ടൊരിക്കല്‍ ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ പരിപാടി കണ്ടതോര്‍ക്കുന്നു. അതില്‍ ജ്യോതിഷത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു isro സയന്റിസ്റ്റിനെ കണ്ടു! ഇന്നാള് പുറത്തിറക്കിയ ആണവ അന്തര്‍ വാഹിനി യുടെ നീറ്റിലിറക്കല്‍ ചടങ്ങില്‍ പൂജ നടത്തുന്ന പ്രധാനമന്ത്രിയുടെ പത്നി, റോക്കറ്റ് വിക്ഷേപണ സമയത്തൊക്കെ രാഹു കാലം നോക്കലും തേങ്ങ ഉടയ്ക്കലും. … ഇത്തരം കാര്യങ്ങളൊക്കെ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.

  ചിത്രകാരന്റെ കമന്റ്‌ വായിച്ചു ചിരിച്ചു മണ്ണ് കപ്പി 🙂 ചിത്രകാരന്റെ തന്നെ പഴയ ഒരു കമന്റ്‌ ആണ് ഓര്‍മ വരുന്നത്, " മതവിശ്വാസം ഒരു വൈറസ്‌ ബാധയാണ്."… ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു വൈറസ്‌ ബാധ.

  ബാബു മാഷിന്റെയും സൂരജിന്റെയുമൊക്കെ ബ്ലോഗുകള്‍ ഒരു പ്രത്യാശയാണ്, … പ്രത്യേകിച്ച് മതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും (രണ്ടും ഒന്ന് തന്നെ!) വക്താക്കള്‍ ശാസ്ത്രത്തിന്റെ മേലങ്കിയുമിട്ട് ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ സമയത്ത്. just go ahead. വായനക്കാര്‍ ധാരാളം.

   
 31. സി.കെ.ബാബു

  Aug 23, 2009 at 14:23

  MKERALAM,
  ചോദ്യങ്ങൾക്കു് എന്റെ ചിന്തയിൽ ശരിയെന്നു് തോന്നുന്ന മറുപടികൾ പറയാൻ ശ്രമിക്കാം.

  മാനവചരിത്രം സുദീർഘമായ ഒരു അദ്ധ്യായമാണെന്നു് പറയേണ്ടതില്ലല്ലോ. അതിലെ ശുദ്ധജന്തുശാസ്ത്രപരമായ ഭാഗം മതപരമായ ചരിത്രത്തിൽ അപ്രധാനമായ പങ്കേ വഹിക്കുന്നുള്ളു. അതേസമയം, പ്രകൃതിയിലെ നശീകരണശേഷിയുള്ള പ്രതിഭാസങ്ങളോടുള്ള ഭയം ജന്തുലോകത്തിൽ ഇന്നും കാണാവുന്നവയാണെന്നതിനാൽ, മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള വളർച്ചയിൽ ഈ ഭയം തുടർന്നും നിലനിന്നിരിക്കണം. അതായതു്, 'ദൈവം' എന്ന ആശയത്തിന്റെ വേരുകൾ മനുഷ്യനിലേക്കുള്ള പരിണാമത്തിലെ ജന്തുശാസ്ത്രപരമായ ഘട്ടത്തിൽ തന്നെ രൂപമെടുത്തിരുന്നു എന്നു് കരുതുന്നതിൽ തെറ്റില്ല. പിൽക്കാലത്തു്, മനുഷ്യർ കൃഷിചെയ്യാനും അങ്ങനെ സ്ഥിരമായി ഒരിടത്തു് താമസിക്കാനും ആരംഭിച്ചതിനുശേഷം മാത്രമാണു് മതങ്ങൾ രൂപമെടുത്തതു്. ചിന്ത രൂപമെടുക്കാനും വളരാനും സ്വസ്ഥത ഇല്ലാതെ കഴിയുകയുമില്ല.

  ജീവിതത്തിൽ തിന്മ മാത്രമല്ല, നന്മയും മനുഷ്യൻ അനുഭവിക്കുന്നുണ്ടെന്നതിനാൽ, വിശദീകരിക്കാനാവാത്ത വിധത്തിൽ മനുഷ്യരുടെ കണക്കുകൂട്ടലുകൾ പലപ്പോഴും തെറ്റാറുണ്ടെന്നതിനാൽ, സ്വാഭാവികമായും അവയുടെയൊക്കെ നിയന്ത്രകനായ ദൈവത്തെ തൃപ്തിപ്പെടുത്തേണ്ടതു് 'ലോജിക്കലി' ആവശ്യമായി. മൃഗബലിയും, മനുഷ്യബലിയും, മറ്റു് ബലികളും, പൂഴിയിലും ചാരത്തിലും ഉരുണ്ടുകൊണ്ടുള്ള പ്രാർത്ഥനയും ദൈവശിക്ഷ ഒഴിവാക്കാനും, ദൈവം നൽകിയ നന്മക്കു് നന്ദി പറയാനും ആവശ്യമാണെന്നു് പുരാതനമനുഷ്യർ ഊഹിച്ചു. അതിന്റെയൊക്കെ ചുമതല പുരോഹിതവർഗ്ഗം ഏറ്റെടുത്തു. തൊഴിൽ വിഭജനം എന്ന ന്യായീകരണം. അവർ വഴി വിശ്വാസങ്ങളും ആചാരങ്ങളും പിൻതലമുറകളിലേക്കു് പകർന്നുകൊടുക്കപ്പെട്ടു. അവയുടെ നിരുപാധികമായ പരിപാലനം കർശനമായി നിർദ്ദേശിക്കപ്പെട്ടു. ഓരോ പകർന്നുകൊടുക്കലിലൂടെയും അവ മനുഷ്യന്റെ ഇച്ഛാശക്തിക്കു് പ്രവേശിക്കാനോ തിരുത്താനോ കഴിയാത്ത മനസ്സിന്റെ ആഴമേറിയ തലങ്ങളിൽ, അഥവാ, 'Read Only Memory' (ROM)-ൽ സേവ്‌ ചെയ്യപ്പെട്ടു. ഇത്തരം ആചാരങ്ങളുടെ അറിഞ്ഞും അറിയാതെയും നവീകരിക്കപ്പെട്ട രൂപമാണു് ഇന്നു് നമ്മൾ കാണുന്ന മതവിശ്വാസങ്ങൾ. അവയുടെ വിശദാംശങ്ങൾ കാലാവസ്ഥയുടെയും അതിനനുസരിച്ച ജീവിതരീതികളുടെയും അതിന്റെ പരിണതഫലമായ സംസ്കാരത്തിന്റെയും അടിസ്ഥാനത്തിൽ ഓരോ സമൂഹത്തിലും വ്യത്യസ്തമാവുന്നതു് സ്വാഭാവികം. ഉദാഹരണത്തിനു്, 'മനുഷ്യബലി' അതിന്റെ പ്രാകൃതരൂപത്തിൽ ഇന്നു് ഏതെങ്കിലും പരിഷ്കൃതസമൂഹത്തിൽ നിലവിലുണ്ടെന്നു് തോന്നുന്നില്ല. പക്ഷേ, മതത്തിന്റെ പേരിൽ നിരപരാധികൾ എവിടെയൊക്കെ കൊല്ലപ്പെടുന്നുണ്ടോ അവിടെയെല്ലാം സംഭവിക്കുന്നതു് പരോക്ഷമായ മനുഷ്യബലി തന്നെയാണു്. പ്രാകൃതമായ മനുഷ്യബലി ന്യായീകരിക്കാൻ മടിക്കാത്ത ഏതാനും പ്രാകൃതമനസ്സുകളെ കണ്ടെത്താൻ ഇന്നും ബുദ്ധിമുട്ടുണ്ടാവുകയുമില്ല.

  ഒരിക്കൽ ശീലിപ്പിച്ചാൽ തലച്ചോറിന്റെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളും ഓട്ടോമാറ്റിക്‌ ആയിട്ടാണു് സംഭവിക്കുന്നതു്. ശരീരത്തിലെ എത്രയോ അവയവങ്ങൾ ഒരേസമയം പങ്കെടുക്കേണ്ടുന്ന ഡ്രൈവിംഗ്‌ തന്നെ ഏറ്റവും നല്ല ഉദാഹരണം. 'ബോധപൂർവ്വം' ആ അവയവങ്ങളെ ശ്രദ്ധിച്ചുകൊണ്ടു് ഒരു ഡ്രൈവിംഗ്‌ സാദ്ധ്യമല്ല തന്നെ. ഒരു വിശ്വാസിയുടെ മനസ്സിൽ നിന്നും 'ദൈവം' എന്ന ആശയം തുടച്ചു് മാറ്റാൻ കഴിയാത്തതും അതുകൊണ്ടുതന്നെ. ഈ രീതിയിൽ ഒരു വിശകലനത്തിനു് ഒരു വിശ്വാസി തയ്യാറാവുകയുമില്ല. അത്ര ആഴത്തിലാണു് അവന്റെ 'ദൈവഭയം'. ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചതുപോലെ, മനുഷ്യർ ഏതെങ്കിലും ഒരു ദൈവത്തിൽ വിശ്വസിക്കുന്നതു് അതിൽത്തന്നെ ചീത്തയായ ഒരു കാര്യമല്ല. അതുപോലെതന്നെ, മനുഷ്യാന്തസ്സിനു് അനുസൃതമായി ജീവിക്കാനും മരിക്കാനും ഒരു ദൈവത്തിന്റെ ആവശ്യവുമില്ല. പ്രപഞ്ചവും, അതിലെ ഒരു ബിന്ദുപോലുമല്ലാത്ത ഭൂമിയിലെ ജീവിതങ്ങളും മരണങ്ങളും വീക്ഷിക്കുന്ന മണ്ടനല്ലാത്ത ആർക്കും ഒരു ദൈവത്തെയോ മരണാനന്തരജീവിതത്തേയോ കാണാനാവില്ല. ദൈവവിശ്വാസം നിഷേധിക്കാൻ ആവില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മനസ്സിലാക്കാനും അതേ വീക്ഷണം തന്നെ ധാരാളം മതി.

  ചുരുക്കത്തിൽ ഇങ്ങനെ പറയാമെന്നു് തോന്നുന്നു: പ്രപഞ്ചം – പ്രപഞ്ചത്തിലെ പ്രതിഭാസങ്ങൾ – ജന്തുലോകം – മനുഷ്യലോകം – പ്രപഞ്ചനിയന്ത്രകശക്തി – ദൈവം – മതങ്ങൾ! തികച്ചും 'സ്റ്റാറ്റിസ്റ്റിക്കൽ' എന്നു് പ്രൂവ്‌ ചെയ്തുകഴിഞ്ഞ ഒരു പ്രപഞ്ചത്തിൽ ഒരു 'ലോകനാഥനു്' സ്ഥാനമില്ല. അല്ലെങ്കിൽ, ചെയ്യുന്നതെന്തെന്നും അതിന്റെ പരിണതഫലമെന്തെന്നും അറിയാത്ത ഒരു കളിക്കുട്ടിയോ, ഒരു മാനസികരോഗിയോ ആണു് പ്രപഞ്ചനാഥൻ എന്നു് നമ്മൾ സമ്മതിക്കേണ്ടിവരും.

   
 32. സി.കെ.ബാബു

  Aug 23, 2009 at 14:27

  =2=

  'വിശ്വാസി വിഡ്ഢിയാണു്' എന്ന അഭിപ്രായം പൊതുവേ നമ്മൾ പറയാറുണ്ടെങ്കിലും അതത്ര ശരിയല്ല. ഒരു വിശ്വാസിക്കു് അവൻ ചെയ്യുന്ന പ്രവൃത്തികളുടെ നിയന്ത്രണശേഷി ഇല്ല എന്നതാണു് കൂടുതൽ ശരി. അവൻ എങ്ങനെയാണോ അങ്ങനെയായിരിക്കാൻ മാത്രമേ അവനു് കഴിയൂ. എഞ്ചിനിയറിംഗിൽ ബിരുദവും, ഡോക്ടറേറ്റും IAS-ൽ അനേകവർഷങ്ങൾ പ്രവർത്തനപരിചയവും ഉണ്ടായിട്ടും ശകുനത്തിലും, ദശാസന്ധികളിലും വിശ്വസിക്കാൻ ഒരു വിശ്വാസി തയ്യാറാവുന്നതിന്റെ വെളിച്ചത്തിൽ മറ്റൊരു നിഗമനത്തിലെത്താൻ കഴിയുകയില്ല. വിശ്വാസത്തിനുവേണ്ടി യുക്തിയെ ബലികഴിക്കാൻ ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും മടിക്കുന്നില്ലെങ്കിൽ, എത്ര ആഴത്തിലാണു് വളർത്തൽ വഴി മനുഷ്യമനസ്സിൽ ഇത്തരം കാര്യങ്ങൾ വേരോടുന്നതു് എന്നു് മനസ്സിലാക്കാവുന്നതേയുള്ളു. ഈ വിരോധാഭാസത്തിനു് സുപ്രീം കോടതി ജഡ്ജിമാർ പോലും അപവാദമല്ല എന്നു് ഈയിടെത്തന്നെ കേരളത്തിൽ നമ്മൾ കണ്ടതുമാണല്ലോ. ദൈവവിശ്വാസം പരോക്ഷമായ ആത്മവിശ്വാസമാണു്, വ്യക്തിസ്വാതന്ത്ര്യമാണു്. പക്ഷേ, അതു് ഏതെങ്കിലും ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കി അതിന്റെ പ്രതിനിധിയായി ചമയാനുള്ള അവകാശം ഒരു ബഹുമുഖസമൂഹത്തിൽ ഉന്നതാധികാരം വഹിക്കുന്ന ഒരു വ്യക്തിക്കില്ല. അതുവഴി അവൻ അവന്റെ പദവിയെ അവഹേളിക്കുകയാണു് ചെയ്യുന്നതു്.

  ശബരിമലയിലെന്നല്ല, ഒരിടത്തും ഒരു 'ലോകനാഥൻ' ഇല്ല എന്ന എന്റെ നിലപാടു് ഞാൻ മുകളിൽ പറഞ്ഞതിൽ നിന്നും വ്യക്തമായിക്കാണുമല്ലോ. 'ശബരിമലക്കാരെ' ചിരിച്ചുതള്ളുകയല്ല, വസ്തുതകൾ ശാസ്ത്രീയമായി പറഞ്ഞു് മനസ്സിലാക്കുകയാണു് വേണ്ടതു്. പക്ഷേ വളർത്തൽ മൂലം വിശ്വാസിയായി 'രൂപാന്തരം' പ്രാപിച്ച വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയെപ്പോലും 'ദൈവത്തിനെതിരായ' കാര്യങ്ങൾ യുക്തിപൂർവ്വം പറഞ്ഞു് മനസ്സിലാക്കാനാവില്ല എന്നിരിക്കെ, അന്യസംസ്ഥാനങ്ങളിൽ നിന്നുവരെ 'ആട്ടിയടിച്ചു്' കൊണ്ടുവരുന്ന പ്രാഥമികവിദ്യാഭ്യാസം പോലുമില്ലാത്ത 'സത്യാന്വേഷികളെ' എന്തെങ്കിലും പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്നതു് മണ്ടത്തരമായിരിക്കും. 'ലോകനാഥനെ' വിലകൊടുത്തു് വാങ്ങാൻ ആളുകൾ ഉള്ളിടത്തോളം 'ലോകനാഥൻ' വിൽക്കപ്പെടുകയും ചെയ്യും. ക്രൂരമാണെന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ: ഈ ലോകത്തിൽ ബുദ്ധിയിൽ വളരെ പിന്നാക്കം നിൽക്കുന്ന മനുഷ്യർ ധാരാളമുണ്ടു്. ഒരു തൊഴിൽ പഠിച്ചവൻ ആ തൊഴിലിൽ എൿസ്പെർട്ട്‌ ആയിരിക്കാം. ആ 'ബുദ്ധി' അല്ല ഞാൻ ഉദ്ദേശിക്കുന്നതു്. ചിന്താശേഷി, ചിന്തിച്ചതിനേപ്പറ്റി പുനർവ്വിചിന്തനം ചെയ്യുന്നതിനുള്ള ശേഷി, അതൊരു കഴിവാണു്. അതു് എല്ലാവർക്കുമുള്ള ഒന്നല്ല. പക്ഷേ, 'ലോകനാഥനെ' വാങ്ങാൻ പോകുന്ന ആരോടെങ്കിലും അവർ ചിന്താശേഷി ഇല്ലാത്തവരാണെന്നു് പറഞ്ഞുനോക്കൂ! അവർ പടവാളെടുക്കും. ഈ ലോകത്തിലെ ഏതു് മനുഷ്യനും അവന്റെ നിലപാടിന്റെ ഊനമില്ലായ്മയിൽ ഉറച്ചു് വിശ്വസിക്കുന്നവനാണു്. സ്വന്തനിലനിൽപിന്റെ നീതീകരണത്തിനു് അതൊരു നിബന്ധന പോലുമാണു്. പോരെങ്കിൽ, സർവ്വശക്തനായ ദൈവമാണു് അവന്റെ കാവൽക്കാരനും സഹായിയും! അവന്റെ നിലപാടു് തെറ്റുകയോ?

  എല്ലാ മനുഷ്യരെയും യുക്തിയും അയുക്തിയും തമ്മിൽ തിരിച്ചറിയാൻ കഴിയുന്ന ഒരവസ്ഥയിലേക്കു് വളർത്തിയെടുക്കുക എന്നതു് സ്വപ്നം പോലും കാണേണ്ട കാര്യമില്ലാത്ത ഒരു യാഥാർത്ഥ്യമാണു്. സാമൂഹികനവീകരണത്തിനു് അതിന്റെ ആവശ്യവുമില്ല. locomotive ആണു് തീവണ്ടിയെ വലിക്കുന്നതു്. സമൂഹത്തെ നയിക്കുന്നവർ അവരുടെ ജോലി എന്തെന്നു് അറിയുന്നവരും, ഭരിക്കാൻ ഇറങ്ങിത്തിരിക്കുന്നതിനു് മുൻപു് ചെയ്യേണ്ട ഗൃഹപാഠങ്ങൾ ചെയ്തിട്ടുള്ളവരുമാണെങ്കിൽ പകുതി നേടി. കേരളത്തെ സംബന്ധിച്ചു് പറയുകയാണെങ്കിൽ, സ്വന്തം തൊഴിലിനു് യോഗ്യതയും അർഹതയും ഉള്ള ആരെയെങ്കിലും എനിക്കു് മുകൾത്തട്ടിൽ കാണാൻ കഴിയുന്നില്ല. മറ്റൊരവസ്ഥ കണ്ടിട്ടില്ലാത്ത ജനങ്ങൾ, അവരിൽ നിന്നുതന്നെ വരുന്ന കുറെ നേതാക്കൾ! അവർ മുടങ്ങാതെ എറിഞ്ഞുകൊടുക്കുന്ന എല്ലിൻകഷണങ്ങളുമായി കടിപിടികൂടുന്ന കുറേ അനുയായികളും അവരുടെ കാഴ്ചക്കാരും! കോഴിപ്പോരും അങ്കംവെട്ടുമായിരുന്നല്ലോ പണ്ടേതന്നെ മലയാളിയുടെ ഇഷ്ടവിനോദങ്ങൾ! ഗത്യന്തരമില്ലാതെ നാടുവിട്ട കുറേ മനുഷ്യർ അയക്കുന്ന പണമില്ലായിരുന്നെങ്കിൽ പട്ടിണിമരണം തന്നെ ഭയപ്പെടേണ്ട ഒരു മണ്ടൻസമൂഹം.

   
 33. സി.കെ.ബാബു

  Aug 23, 2009 at 14:30

  =3=

  ജീർണ്ണിച്ച ഒരു സമൂഹത്തിനു് അതിനനുസരിച്ച ഒരു നേതൃത്വമേ ലഭിക്കൂ. അഴിമതി ഒരു ദൈനംദിനപ്രതിഭാസമായി അംഗീകരിച്ചുകഴിഞ്ഞ ഒരു സമൂഹത്തിനു് അഴിമതിക്കാരായ നേതാക്കളെ മാത്രമേ ഉത്പാദിപ്പിക്കാൻ കഴിയൂ. കള്ളന്മാരുടെ ഗുഹയായി മാറിക്കഴിഞ്ഞ നേതാക്കളുടെ ലോകത്തിൽ സത്യസന്ധരും സമൂഹത്തിൽ മാറ്റം വരുത്താൻ കഴിവുള്ളവരുമായവർക്കു് അധികനാൾ പിടിച്ചുനിൽക്കാനാവില്ല. വിശ്വാസികളെ 'പതെറ്റിക്ക്‌' ആക്കിയതിൽ മതനേതൃത്വത്തിനും രാഷ്ട്രീയക്കാരനും സമൂഹത്തിനും വിശ്വാസിക്കും ഒരുപോലെ പങ്കുണ്ടു്. കേരളത്തിലും മലയാളം ബ്ലോഗുകളിലുമൊക്കെ നോക്കൂ. ആരാണു് മതനേതാക്കളുടേയും രാഷ്ട്രീയനേതാക്കളുടേയും കുറ്റകൃത്യങ്ങൾ വരെ കഴുകിവെളുപ്പിക്കാൻ ശ്രമിക്കുന്നതു്? മലയാളിസമൂഹത്തിലെ അംഗങ്ങൾ അല്ലാതെ മറ്റാരാണവർ? തെറ്റിനെ തെറ്റെന്നു് വിളിക്കാനുള്ള ശേഷി നമുക്കു് പണ്ടേ കൈമോശം വന്നുപോയി. പുതിയ തലമുറകൾ വഴിയേ എന്തെങ്കിലും നേടാനാവൂ. അതു് വ്യക്തമായി അറിയാവുന്നതുകൊണ്ടുതന്നെയാണു് പകർച്ചവ്യാധിയുടെ അണുക്കളിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനെതിരായി സ്ഥാപിതതാത്പര്യസംരക്ഷകർ വിദ്യാഭ്യാസമേഖലയിൽ തന്നെ കൈവയ്ക്കുന്നതു്. ഹിന്ദു ചെയ്താൽ മുസ്ലീം ചെയ്യുന്നില്ലേ എന്നാണു് ചോദ്യം! മറിച്ചും. അഭയക്കേസ്‌ താരതമ്യം ചെയ്യുന്നതു് ലാവ്ലിൻ പ്രശ്നവുമായി! ഇതിലൊക്കെ കൂടുതൽ ഒരു സമൂഹം അധഃപതിക്കാനുണ്ടോ? തെറ്റിനെ തെറ്റായി കാണുകയല്ല, മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു് നീതീകരിക്കുന്നതാണു് കേരളമാതൃക!

  അതുകൊണ്ടൊക്കെ, കേരളത്തിലെ വിശ്വാസികൾ ഒന്നടങ്കം പോയിട്ടു്, അവിശ്വാസികളിൽ നല്ലൊരു വിഭാഗം പോലും എന്നെങ്കിലും റാഷണൽ തിങ്കേഴ്‌സ്‌ ആവുമെന്ന വ്യാമോഹമൊന്നും വേണ്ട. കേരളത്തിൽ നിലവിലിരിക്കുന്നതു് രാഷ്ട്രീയമല്ല. നാമമാത്രമായിക്കഴിഞ്ഞ ഒരു രാഷ്ട്രീയ നേതൃത്വം മാത്രം! രാഷ്ട്രീയനേതാക്കൾ നടപ്പാക്കുന്നതു് മതനേതൃത്വവുമായി ഒത്തുകളിച്ചുകൊണ്ടു് അധികാരത്തിൽ എത്തുന്നതിനോ പിടിച്ചുനിൽക്കുന്നതിനോ ഉള്ള നീചം എന്നു് മാത്രം വിശേഷിപ്പിക്കേണ്ട കുറേ 'അജണ്ടകൾ' മാത്രം! ജുഡീഷ്യറിയെ വരെ ഈ സിൻഡിക്കേറ്റിന്റെ ഭാഗമാക്കാനുള്ള ശ്രമം തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു! കേൾക്കുമ്പോൾത്തന്നെ അറപ്പു് തോന്നുന്ന കുറെ വാചകക്കസർത്തുകൾ! കോഴിയുടെ മുലയൂട്ടുപോലെ ജനങ്ങൾക്കു് 'ചേളാകം' നിറയെ വാഗ്ദാനങ്ങൾ! ഈ വാഗ്ദാനങ്ങളുടെ നാലിലൊന്നു് നടപ്പാക്കിയിരുന്നെങ്കിൽ കേരളം പാശ്ചാത്യരാജ്യങ്ങളെ കടത്തിവെട്ടിയേനെ! ഇടതു്, വലതു്, മദ്ധ്യം എന്നു് മാറിമാറി നടത്തുന്ന 'ഭരണം' വഴി നടത്തുന്ന ജനവഞ്ചന! പൊതുമുതലിനെ ഏതാനും പോക്കറ്റുകളിലേക്കു് ഭാഗം വയ്ക്കുക എന്ന 'ഭരണതന്ത്രം'!

  joker,
  വായിക്കുന്നവർ എല്ലാവരും എന്നോടു് 100% യോജിക്കുമെന്ന വ്യാമോഹമൊന്നും എനിക്കില്ല. എന്നെ വായിക്കുന്നതിനു് നന്ദി പ്രകടിപ്പിക്കുന്നു. 🙂

  biju chandran,
  നന്ദി.

   
 34. ബിനോയ്//Binoy

  Aug 24, 2009 at 09:38

  "..ആ അത്താണിക്കു് കാവൽക്കാർ ഉണ്ടാവുകയും, അത്താണിയിൽ ഭാരം ഇറക്കിവയ്ക്കുന്നതിനു് നികുതി നിശ്ചയിക്കപ്പെടുകയും, നികുതി അടയ്ക്കുന്നതിലെ പിഴവുകൾ കർശനമായി ശിക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്കു് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമ്പോൾ അതൊരു പ്രശ്നമായി മാറുന്നു.."

  ബാബുമാഷേ, പലരും കോട്ട് ചെയ്ത ഈ ലളിതമായ വാചകത്തിന്‍റെ അര്‍ത്ഥം സാമാന്യജനത്തിന് പിടികിട്ടുന്ന കാലം വരെയും ദൈവത്തിന്‍റെ ദല്ലാളന്‍‌മാരായി ചമയുന്ന പുരോഹിതര്‍ ഓസില്‍ പുട്ടടിക്കുകയും വിശ്വാസിയുടെ യുക്തിബോധത്തില്‍ ദിവ്യവിസര്‍ജ്ജനം നടത്തി മയക്കി‌ക്കിടത്തുകയും ചെയ്തുകൊണ്ടിരിക്കും.

  ലേഖനത്തിന്‍റെ പൊരുളിനോട് നൂറ് ശതമാനവും യോജിക്കുന്നു 🙂

   
 35. Nikhil Mathew

  Aug 25, 2009 at 17:12

  ഞാന്‍ കാണുന്ന ആ സത്യം വിശ്വാസികള്‍ എന്തേ കാണുന്നില്ല, അംഗീകരിക്കുന്നില്ല എന്ന ഗദ്ഗതം പേറി നടക്കുന്നത് വല്യ ഒരു കഷ്ടം തന്നെയാല്ലേ ബാബു ?

  എല്ലാവര്‍ക്കും ഒരു ചോദ്യം … After all its always good to have a check about ourselves every now and then.

  മാജിക്‌‌ അല്ലാന്നു ഉറപ്പുള്ള രീതിയില്‍ ഒരാള്‍ നാളെ നമ്മുടെ മുന്നില്‍ ഒരു അത്ഭുതം പ്രവര്‍ത്തിക്കുകയാനെന്നിരിക്കട്ടെ. ഫോര്‍ എക്സാമ്പിള്‍ നമ്മുക്ക് വര്‍ഷങ്ങളായി അറിയാവുന്ന ഒരു അന്ധന് കാഴ്ച കൊടുക്കുന്നു. നമ്മള്‍ അന്നുമുതല്‍ എനിക്കറിയില്ലാത്ത ശക്തികളും ലോകത്തില്‍ ഉണ്ട് എന്ന് വിശ്വസിക്കാന്‍ തയാറാകുമോ അതോ ഞാന്‍ ഇത്രയും കാലം നിരീശ്വര വാദിയായിരുന്നിട്ടു ഇനി മാറാന്‍ പാടില്ല എന്ന് പറഞ്ഞു ജീവിക്കുമോ ?

  മതങ്ങള്‍ പറയുന്ന ദൈവത്തെ തേടി സമയം പാഴാക്കണ്ട. ആ ദൈവം ഇല്ല,. മതാചാരികള്‍ പറയുന്ന ദൈവം ഇല്ലെന്നു കണ്ടു ദൈവമേ ഇല്ല എന്ന് പറയുന്നത് എല്ലാ മനുഷ്യരും കറുപ്പെന്നു ആഫ്രിക്ക കാരന്‍ പറയുന്നത് പോലാ… hope u will see the real god one day…

   
 36. സി.കെ.ബാബു

  Aug 25, 2009 at 17:59

  ബിനോയ്‌,
  നന്ദി.

  Nikhil Mathew,
  "മതങ്ങൾ പറയുന്ന ദൈവത്തെ തേടി സമയം പാഴാക്കണ്ട. ആ ദൈവം ഇല്ല" എന്നും, ഒരു നിഖിൽ മാത്യു വിശ്വസിക്കുന്ന തരത്തിലുള്ള മറ്റേതോ 'യഥാർത്ഥ'ദൈവം ഉണ്ടെന്നും, "ഞാൻ കാണുന്ന ആ സത്യം ബാബു എന്തേ കാണുന്നില്ല, അംഗീകരിക്കുന്നില്ല" എന്നും വിലപിച്ചുകൊണ്ടു് എന്റെ പുറകെ വരുന്നതും ഒരുതരം "ഗദ്‌ഗദം പേറി നടക്കൽ" അല്ലേ പ്രിയ നിഖിൽ?

  യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു വാക്യം: "എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ!" (ലൂക്കോസ്‌ 23:28)

  അതിൽ കൂടുതൽ എനിക്കും ഒന്നും പറയാനില്ല.

  വായനക്കു് നന്ദി.

  ചർച്ചക്കില്ല.

   
 37. സന്ദേഹി-cinic

  Aug 25, 2009 at 23:13

  സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?
  http://sandehiyudeislam.blogspot.com/2009/08/blog-post_21.html
  മാധവിക്കുട്ടിയും ജമാ-അത്തെ ഇസ്ലാമിയും
  http://maudoodism.blogspot.com/2009/08/blog-post_05.html

   
 38. സി.കെ.ബാബു

  Aug 26, 2009 at 11:31

  സന്ദേഹി-cinic,
  വിശ്വാസികളുമായുള്ള ചർച്ചകൾ പൊതുവേ ഞാൻ ഒഴിവാക്കാറാണു് പതിവു്. എങ്കിലും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു. ഒരു ചർച്ച എന്നിൽ നിന്നും പ്രതീക്ഷിക്കരുതു്.

  ഒരു മുസ്ലീമായ നിങ്ങൾ സ്വവർഗ്ഗരതിയെപ്പറ്റി ഒരു നിലപാടു് സ്വീകരിക്കുന്നു. അതേസമയം മറ്റു് ചില മുസ്ലീമുകൾ അതിനെതിരായ മറ്റൊരു നിലപാടു് സ്വീകരിക്കുന്നു. ഇതു് രണ്ടുമല്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന മുസ്ലീമുകളും തീർച്ചയായും ലോകത്തിൽ ധാരാളമുണ്ടു്. ഇവർ എല്ലാവരും അവരുടെ നിലപാടിനു് ആധാരമാക്കുന്നതു് മുസ്ലീമുകളുടെ വിശുദ്ധഗ്രന്ഥമായ ഖുർആനും! ഇതിൽ നിന്നും വേണമെന്നുണ്ടെങ്കിൽ നമുക്കു് വായിച്ചെടുക്കാവുന്ന ലളിതമായ ഒരു സത്യമുണ്ടു്: ഖുർആൻ വചനങ്ങൾ മനുഷ്യർക്കു് വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ അർത്ഥത്തിൽ വ്യാഖ്യാനിക്കാവുന്നവയാണു് എന്നതാണതു്. സർവ്വശക്തനായ, സമ്പൂർണ്ണനായ ഒരു ദൈവം(?) നൽകിയതെന്നു് വിശ്വസിക്കപ്പെടുന്ന ഒരു ഗ്രന്ഥത്തിന്റെ ഉള്ളടക്കം മനുഷ്യർക്കു് 'തോന്നിയപോലെ' തിരുത്തിവായിക്കാവുന്നതാണെന്ന ഈ തെളിവിന്റെ വെളിച്ചത്തിൽ, ഒരു സത്യം നിരുപാധികം അംഗീകരിക്കാനുള്ള ബാദ്ധ്യത ചിന്താശേഷിയുള്ള ഏതൊരു മനുഷ്യനുമുണ്ടു് – ആ ഗ്രന്ഥം യാതൊരു കാരണവശാലും തെറ്റുപറ്റാൻ സാദ്ധ്യതയില്ലാത്തവൻ 'ആയിരിക്കേണ്ട' ഒരു ദൈവത്തിൽ നിന്നും വരുന്നതാവാൻ കഴിയില്ല എന്നതാണു് ആ സത്യം.

  ഒരു വിശ്വാസിക്കു് അതൊന്നും മനസ്സിലാവുന്നില്ലെങ്കിൽ അതിനു് മറ്റാരെയെങ്കിലും പഴിപറഞ്ഞിട്ടു് കാര്യമില്ല. അവന്റെ വഴി പിൻതുടരുകയാണു് അവനു് ഏറ്റവും അനുയോജ്യവും, അവനു് ആകെ ചെയ്യാൻ കഴിയുന്നതും. വിശ്വാസിയുടെ നിലപാടിലെ യുക്തിശൂന്യത ചൂണ്ടിക്കാണിക്കുന്നവരെ വ്യക്തിപരമായി ആക്രമിച്ചു് പരാജയപ്പെടുത്തുക എന്നതാണു് അവന്റെ strategy. ചവിട്ടിയും തൊഴിച്ചും വിഷം കുത്തിവച്ചും തുപ്പിയും തൂറിയും എതിരാളിയെ തോൽപിക്കുന്ന രീതി ജന്തുലോകത്തിലേതാണു്. സ്വന്തനിലപാടുകളെ ന്യായീകരിക്കാൻ മനുഷ്യലോകം അവലംബിക്കുന്ന മാർഗ്ഗം യുക്തിബോധത്തോടെയുള്ള arguments ആണു്.

  ഒരു വേദഗ്രന്ഥത്തിൽ നിന്നും അനുയോജ്യമായതു് മാത്രം തിരഞ്ഞെടുക്കുന്ന രീതി ജനവഞ്ചനയാണു്, പ്രത്യേകിച്ചും അവ നിത്യമായ ദൈവികസത്യമാണെന്നതിന്റെ തെളിവിനായി മനുഷ്യരുടെ മുന്നിൽ നിരത്തപ്പെടുമ്പോൾ! എതിർവാദങ്ങളെപ്പറ്റി നിശബ്ദത പാലിക്കുന്നതല്ല, വസ്തുനിഷ്ഠമായി ഖണ്ഡിക്കുന്നതാണു് സത്യസന്ധതയും തന്നോടുതന്നെയുള്ള ആത്മാർത്ഥതയും.

  ഇന്നത്തെ മനുഷ്യന്റെ സാമാന്യബുദ്ധിക്കു് നിരക്കാത്തവ ബൗദ്ധികമായ ചവറുകളാണു്. വിശുദ്ധിയുടെ മേലങ്കി അണിയിച്ചതുകൊണ്ടോ, കുന്തുരുക്കം പുകച്ചതുകൊണ്ടോ ചവറുകൾ ചവറുകളല്ലാതാവുന്നില്ല. ചവറുകളുടെ സ്ഥാനം ചവറ്റുകുഴിയിലാണു്. അട്ടകളാണു് അതിൽ ഇഴയേണ്ടതു്, മനുഷ്യരല്ല.

  രോഗകാരണം തിരിച്ചറിയാതെ ചികിത്സിച്ചുകൊണ്ടിരുന്നാൽ വൈദ്യനു് പണമുണ്ടാക്കാം. ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർവ്വശക്തനായ ഒരു 'ലോകനാഥനു്' കഴിയുന്നില്ലെങ്കിൽ ആ ലോകനാഥൻ തന്നെയാണു് ചോദ്യം ചെയ്യപ്പെടേണ്ടതു്. ഉരുണ്ടുകളിച്ചതുകൊണ്ടു് പ്രയോജനമൊന്നുമില്ല. മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ 'ലോകനാഥനു്' കഴിയില്ലെന്നുള്ള തിരിച്ചറിവാണു് ലോകത്തിലെ പ്രശ്നങ്ങളുടെ പരിഹാരം മനുഷ്യനു് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലേക്കുള്ള ആദ്യപടി. ചുരുങ്ങിയ പക്ഷം, മനുഷ്യരെ നയിക്കുന്നവർക്കെങ്കിലും ആ തിരിച്ചറിവു് ഉണ്ടായിരിക്കണം.

  മാധവിക്കുട്ടിയുടെ കാര്യത്തിൽ ജമാ-അത്തെ ഇസ്ലാമിയുടെ നിലപാടും ഇതിന്റെയൊക്കെ വെളിച്ചത്തിൽ കണ്ടാൽ മതി. സ്വന്തകാര്യലാഭത്തിനു് ശവത്തെപ്പോലും വലിച്ചിഴക്കാൻ മടിക്കാത്ത കാപാലന്മാർ! കൂടുതലൊന്നും പറയുന്നില്ല. കാരണം, 'ദൈവത്തിന്റെ സ്വന്തമായ' ഈ ജന്തുക്കളോടുള്ള അറപ്പു്!

  വായനക്കു് നന്ദി.

   
 39. vegadjoseph

  Aug 26, 2009 at 16:10

  ദൈവ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയില്‍ നടക്കുന്ന ഒരു ഞാണിന്‍മേല്‍ കളിയല്ല ജീവിതം. നമ്മുടെ കാലഘട്ടത്തിലെ സമസ്യകള്‍ കുറേകൂടി വലിയ ഉത്തരങ്ങള്‍ തേടുന്നു “If there is no god we have to make one” എന്ന് “വോള്‍ട്ടെയര്‍ പറയുന്നതിന്റെയും “Beyond good and evil” എന്ന് നീത്ഷെ പറയുന്നതിന്റെയും സാങ്ങത്യം നമ്മള്‍ പരിശോധിക്കേണ്ടതാണ്

   
 40. c.k.babu

  Aug 26, 2009 at 17:46

  vegadjoseph,
  എന്റെ അഭിപ്രായത്തിൽ ജീവിതം ഒരു ഞാണിന്മേൽ കളി തന്നെയാണു്. ഒരു ചുവടു് തെറ്റിയാൽ ഒരുപക്ഷേ ഒരിക്കലും എഴുന്നേൽക്കാനാവാത്ത വിധം താഴെവീണു് ജീവിതം എന്നേക്കുമായി നശിച്ചേക്കാവുന്ന ഒരുതരം ഞാണിന്മേൽ കളി! ആ കളി പക്ഷേ അരങ്ങേറുന്നതു് ദൈവവിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിൽ മാത്രമല്ല. അങ്ങനെയാണെന്നു് ഞാൻ പോസ്റ്റിൽ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല എന്നാണെന്റെ വിശ്വാസം.

  അതുപോലെതന്നെ, “If there is no god we have to make one” എന്നതിനേക്കാൾ, “If there is no god they will make one” എന്നതാണു് അനുഭവത്തിന്റെയും ബൈബിളിന്റെയും വെളിച്ചത്തിൽ കൂടുതൽ ശരിയായി എനിക്കു് തോന്നുന്നതു്. മോശെ പർവ്വതത്തിൽ ഇറങ്ങിവരാൻ താമസിച്ചപ്പോൾ ജനങ്ങൾ നിർബന്ധമായി ആവശ്യപ്പെട്ടതുമൂലമാണു് അഹറോൻ അവരുടെ ആഭരണങ്ങൾ ഉരുക്കി ഒരു കാളക്കുട്ടിയെ സൃഷ്ടിച്ചു് അവരുടെ ദൈവമാക്കി അവരോധിച്ചതു്.

  “Beyond good and evil, Prelude to a future philosophy” എന്നതു് നീറ്റ്‌സ്‌ഷെയുടെ ഒരു പുസ്തകമാണു്. അതുവഴി എന്താണു് ഉദ്ദേശിച്ചതെന്നു് മനസ്സിലായില്ല. ഇത്തരം കാര്യങ്ങൾ സൂചിപ്പിക്കുമ്പോൾ അൽപം കൂടി വ്യക്തത വരുത്തിയില്ലെങ്കിൽ “സാംഗത്യം” എന്നല്ല, മറ്റൊന്നും പരിശോധിക്കാൻ ആവില്ല. നന്മ തിന്മകൾക്കപ്പുറം ഒരു ദൈവം കുത്തിയിരിക്കുന്നുണ്ടു് എന്നു് നീറ്റ്‌സ്‌ഷെ ഉദ്ദേശിച്ചിരിക്കാൻ വഴിയില്ല എന്ന കാര്യം മാത്രം എന്തായാലും നിസ്സംശയം പറയാം.

  “നമ്മുടെ കാലഘട്ടത്തിലെ സമസ്യകൾ കുറേക്കൂടി വലിയ ഉത്തരങ്ങൾ തേടുന്നു.” അതു് പതിമൂന്നൂ് വട്ടം ശരി. പക്ഷേ ആരാണു് ഉത്തരങ്ങൾ തേടേണ്ടതു്? അവൻ? ഇവൻ? മറ്റവൻ? മന്ത്രി? പള്ളീലച്ചൻ? ഞാനും എനിക്കു് വേണ്ടപ്പെട്ടവരും ഒഴികെ ബാക്കി എല്ലാവരും? അതു് പറയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതാണു് ഭാരതീയർ കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും! രക്ഷകനായ “മശിഹായ്ക്കു്” വേണ്ടിയുള്ള ഒടുങ്ങാത്ത കാത്തിരിപ്പു്! ഈ കാലഘട്ടത്തിലെ സമസ്യകൾക്കു് ഉത്തരം തേടേണ്ടതു് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന, നിങ്ങളും ഞാനുമടങ്ങുന്ന ഓരോരുത്തരുമാണു്.

   
 41. vegadjoseph

  Aug 27, 2009 at 05:13

  “ഈ കാലഘട്ടത്തിലെ സമസ്യകൾക്കു് ഉത്തരം തേടേണ്ടതു് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന, നിങ്ങളും ഞാനുമടങ്ങുന്ന ഓരോരുത്തരുമാണു്.” എന്ന് തന്നെയാണ് ഞാനും ഉദ്ദേശിച്ചത് അല്ലാതെ നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടത് മറ്റുള്ളവര്‍ക്ക് “ക്വട്ടേഷന്‍” കൊടുത്തുകൊണ്ടല്ലാ .പക്ഷെ അവനവുനു വേണ്ടിയോ മറ്റുള്ളവന് വേണ്ടിയോ ചി്ത്നിക്കുന്നവര്‍ എത്രപേരുണ്ടാവും?
  “നന്മ തിന്മകൾക്കപ്പുറം ഒരു ദൈവം കുത്തിയിരിക്കുന്നുണ്ടു് ” എന്നല്ല ഞാനും ഉദ്ദേശിച്ചത് നന്മ തിന്മ,പാപം പുണ്യം ,തെറ്റ് ശെരി , ചൂട് തണുപ്പ് ,”CPM,RSS ” തുടങ്ങിയ ദ്വാത്നങള്ക്കപ്പുറമുള്ള ഒരു ചിന്താ ലോകത്തെയാണ്
  “പൂര്‍ണതയില്‍ അപൂര്‍ണത കണ്ടെത്താനുള്ള വിധി വളരെ ചുരുക്കം ചിലര്‍ക്കെ ഉണ്ടാകാറുള്ളൂ അവര്‍ കള്ളന്മാരും, പ്രവാചകന്മാരും ആകുന്നു വേശ്യകളും, വിപ്ലവകാരികളും ആകുന്നു”

   
 42. c.k.babu

  Aug 27, 2009 at 09:09

  നന്മ തിന്മ, പാപം പുണ്യം, തെറ്റു് ശരി, ചൂടു് തണുപ്പു് എന്ന ദ്വന്ദങ്ങൾക്കപ്പുറത്തുള്ള ഒരു ചിന്താലോകത്തെപ്പറ്റി പരാമർശിക്കാൻ നീറ്റ്‌സ്‌ഷെയുടെ ‘Beyond good and evil’-നേക്കാൾ അനുയോജ്യം നമ്മുടെ പഴയ “അദ്വൈതം” തന്നെ. ഒന്നു് ചെത്തിമിനുക്കുകയേ വേണ്ടൂ. കൂടാതെ ഈ ദ്വന്ദങ്ങളിൽ എങ്ങനെ “CPM, RSS” എന്ന രണ്ടു് രാഷ്ട്രീയ വിഭാഗങ്ങൾ ചേരും എന്നും മനസ്സിലാകുന്നില്ല.

  “പൂർണ്ണതയിൽ അപൂർണ്ണത കണ്ടെത്തുക” എന്നതൊക്കെ വളരെ പഴകി ജീർണ്ണിച്ച ശീലുകളല്ലേ? പല ഭാരതീയരും അംഗീകരിക്കാൻ തയ്യാറല്ലെങ്കിലും ലോകം അതിൽ നിന്നൊക്കെ വളരെ മുന്നോട്ടു് പോയി. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ (dynamic universum) എന്തു് പൂർണ്ണത?

   
 43. vegadjoseph

  Aug 27, 2009 at 14:55

  പ്രീയപെട്ട ബാബു
  “നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തില്‍ (dynamic universe) എന്തു് പൂര്‍ണത ?
  എന്ന വാചകം കലക്കി . ഈ ആശയം ക്വാണ്ടം ഫിസിക്സിനകത്ത് നിന്ന് ആലോചിക്കുമ്പോള്‍ കുറേകൂടി മനോഹരമാകുന്നു “Both the observer and the observed involve uncertainties that preclude exact knowledge” എന്ന് Heisenberg പറയുന്ന സംഗതി. വേറൊന്നുള്ളത് എല്ലാ തത്വചിത്നകളേയും അപഗ്രധിച്ച്ചു അവസാനം യെതിച്ച്ചുരുന്നത് Derrida പറയുന്ന “freeplay of the signifier ” എന്നിടത്താണ് അല്ലങ്കില്‍ “Hegel’s thesis/antithesis leading to synthesis ” എന്നിടത്ത്– ദൈവം മരിച്ചുകഴിഞ സ്ഥിതിക്ക്‌ നമ്മുക്ക് നമ്മുടെ ജീവിതം അങ്ങിനെ ജീവിക്കനല്ലേ ആവൂ — ഈ അര്‍ത്ഥത്തില്‍ ആണ് ഞാന്‍ ദ്വന്ദങളേക്കുറിച്ച് പറഞത് ഈ ഒരു തലത്തില്‍ CPM., RSS തുടങ്ങിയ ദയനീയ ഫലിതങ്ങളുടെ സാധ്യത
  ആസ്വധ്യകരമല്ലേ? പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍ ?

   
 
%d bloggers like this: