RSS

സ്വവർഗ്ഗാനുരാഗം

09 Aug

സ്വവർഗ്ഗലൈംഗികത നിയമവിരുദ്ധമാക്കുന്നതിലെ അനീതി ദില്ലി ഹൈക്കോടതി ചൂണ്ടിക്കാണിച്ചതോടെ സദാചാരത്തിന്റെ കാവൽക്കാർക്കു് “വെകിളി” പിടിച്ചിരിക്കയാണല്ലോ. പരലോകജീവിതം വാഗ്ദാനം ചെയ്തു് സ്വന്തജീവിതം, ഇഹലോകജീവിതം, അരമനജീവിതം അതിരസജീവിതമാക്കുന്ന വിശുദ്ധന്മാരും, മുക്രികളുമെല്ലാം പോക്കറ്റിൽ ഡോളറിന്റെ കൈമണികിലുക്കവുമായി രംഗത്തെത്തി മുക്രയിടൽ തുടങ്ങിയിട്ടുണ്ടു്. ഏറ്റവും രസകരമായ കാര്യം, മറ്റെല്ലാ നിലപാടുകളിലുമെന്നപോലെതന്നെ, ഇവിടെയും ഇക്കൂട്ടരുടെ പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള ചേർച്ചയില്ലായ്മയാണു്. ഇരട്ടത്താപ്പു്, ഇരട്ടനാവു്, വിഭജിതവ്യക്തിത്വം അഥവാ, ideological schizophrenia! പ്രകൃതിസഹജമായി, കാലാനുസൃതമായി, പ്രായാനുസൃതമായി മനുഷ്യശരീരം നിർമ്മിക്കുന്ന രസങ്ങൾ അവയുടെ സ്വാഭാവികമായ ലക്ഷ്യം കണ്ടില്ലെങ്കിൽ, അതു് ശാരീരികമോ, മാനസികമോ ആയ രോഗങ്ങളിലോ, “മദം പൊട്ടലിലോ” ഒക്കെ അവസാനിക്കുമെന്നു് ഇക്കാലത്തു് ഭിഷഗ്വരന്മാർക്കും മനഃശാസ്ത്രജ്ഞർക്കും മാത്രമല്ല അറിയാവുന്നതു്. ശാരീരികരസങ്ങൾ ഊറുന്നതിനനുസരിച്ചു് വായിലേക്കു് വലിച്ചെടുത്തു് തുപ്പിക്കളയാൻ എല്ലാ മനുഷ്യരും “സത്യസന്ധരായ” പുരോഹിതരോ, അല്ലെങ്കിൽ അത്തരം ദ്രവങ്ങൾ ശരീരത്തിൽ ഉണ്ടാവുകയേ അരുതു് എന്നു് പദ്മാസനസനത്തിൽ ഇരുന്നു് പ്രകൃതിയെ വിലക്കി വരുതിക്കു് നിർത്താൻ മാത്രം ജിതേന്ദ്രിയരായി ആത്മീയവളർച്ച പ്രാപിച്ച അതീന്ദ്രിയജ്ഞാനികളോ അല്ലല്ലോ. (പണ്ടൊക്കെ ഇന്ദ്രിയവിജയികളായ ചില അൽപപ്രാണികൾ “അസ്തമിക്കരുതു്” എന്നു് പറഞ്ഞാൽ സൂര്യൻ പോലും നിന്നിടത്തു് അനങ്ങാതെ നിൽക്കുമായിരുന്നു. ഇന്റർനെറ്റ്‌ കണക്ഷനും ഗൂഗിളുമൊക്കെ കിട്ടിയതിൽപിന്നെ സൂര്യനും അനുസരണയില്ലാതായി. കലികാലം തന്നെ!) ശാരീരികരസങ്ങൾ എന്നതു് നവരസങ്ങളോ, വകയിൽ സാമ്പാറിന്റെ അനിയനായ രസമോ പോലെ എന്തോ നിസ്സാരകാര്യമാണെന്ന മട്ടിലുള്ള ആത്മീയരുടെ അവകാശവാദങ്ങളിൽ എവിടെയോ ചില പന്തികേടുകളുണ്ടെന്നതിനു് അവരുടെ സദാചാരചിത്തഭ്രമം തന്നെ തെളിവു്. പ്രാർത്ഥനയും ഉപവാസവും കുരിശും കൊന്തയും ഏലസ്സും പോത്തുകാലപ്പനും ഒരുമിച്ചു് വന്നാലും ഒഴിവാവാത്ത ഒരേയൊരു പിശാചേയുള്ളു ഈരേഴു് പതിനാRu ലോകങ്ങളിലും – ഹോർമോൺ! മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യം ‘മരണാനന്തരസുഖിക്കലിൽ’ ആണെന്നു് സ്വപ്നം കാണാൻ പഠിപ്പിക്കുന്നവർക്കു്, ബഹുഭൂരിപക്ഷം ദയനീയരായ മനുഷ്യാത്മാക്കളെക്കൊണ്ടും അതു് അംഗീകരിപ്പിക്കുന്നതിലും ഏറ്റു് പാടിക്കുന്നതിലും ഇന്നും വിജയം കാണുന്നവർക്കു് സ്വാഭാവികമായും ഇഹലോകജീവിതത്തിലെ ഇത്തരം യാഥാർത്ഥ്യങ്ങൾക്കുനേരെ കണ്ണടയ്ക്കേണ്ടതുണ്ടു്. ജീവിതയാഥാർത്ഥ്യങ്ങളെ നിഷേധിക്കുന്നവർ എന്നതാണു് അവരുടെ വിശേഷണം തന്നെ! hypocrisy ആണു് അവരുടെ സ്വഭാവജന്യഗുണം!

സ്വവർഗ്ഗാനുരാഗികൾ ഏതു് സമൂഹത്തിലും ന്യൂനപക്ഷമാണു്. അവരെ ഒന്നടങ്കം കുരിശിൽ തറക്കണമെന്നു് ഏറ്റവും മുന്നിൽ നിന്നു് ‘ധർമ്മനീതിശാസ്ത്രജ്ഞരായി’ ഭാവിച്ചു് കുരച്ചുകുരവയിടുന്ന മഹാന്മാർ ഭാരതീയ സമൂഹത്തിലെ മതപരമായ ന്യൂനപക്ഷങ്ങളുടെ പ്രതിനിധികളും, സ്വന്ത താത്പര്യങ്ങളുടെ സംരക്ഷണത്തിനായി ക്ഷീണമോ വിശ്രമമോ ഇല്ലാതെ മുറവിളി കൂട്ടുന്നവരും, പഴയ വിമോചനസമരത്തെ ന്യായീകരിക്കാൻ ബദ്ധപ്പെടുന്നവരും, പുതിയ വിമോചനസമരത്തിനായി ആഹ്വാനം ചെയ്യുന്നവരുമൊക്കെയാണെന്നു് നമുക്കെല്ലാവർക്കും അറിയാം. (പാണ്ടൻ നായുടെ പല്ലിന്റെ ശൗര്യം പണ്ടത്തേപ്പോലെ ഫലിക്കുന്നില്ല എന്നതും ചിലരെങ്കിലും തിരിച്ചറിയാൻ തുടങ്ങിയിട്ടുമുണ്ടു്.) “സമുദായം എന്ന രീതിയിൽ, മതം എന്ന രീതിയിൽ ‘ഞങ്ങൾ’ സംരക്ഷണം അവകാശപ്പെട്ടവരാണു്, അതിൽ സംശയിക്കാൻ എന്തിരിക്കുന്നു? പക്ഷേ, സ്വവർഗ്ഗാനുരാഗം എന്ന മ്ലേച്ഛത നിയമവിരുദ്ധമാക്കണം! കാരണം, സ്വവർഗ്ഗാനുരാഗം ‘പ്രകൃതിവിരുദ്ധം’ ആണു്! മനുഷ്യരുടെ ‘പ്രകൃതം’ എന്നാൽ എന്താണു്, അതു് എങ്ങനെയായിരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള യോഗ്യത ഞങ്ങൾക്കാണു്!” ഈവിധം ഉപരിപ്ലവമായ അവകാശവാദങ്ങളുമായി മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്നതല്ലാത്ത അവന്റെ സഹജവാസനകളെ കുറ്റം വിധിക്കുവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇക്കൂട്ടർക്കു് അതിനുള്ള legitimation എവിടെ നിന്നാണെന്നറിയേണ്ടേ? – reanimation നടത്തിയാൽ പോലും ജീവിപ്പിക്കാൻ കഴിയാത്തവിധം കാലഹരണപ്പെട്ടുകഴിഞ്ഞതും, ചിതലിനുപോലും വേണ്ടാതായതുമായ ചുക്കിലിവലപിടിച്ച കുറേ സാമൂഹ്യനീതിശാസ്ത്രങ്ങളുടെ ഏതാനും ഓലക്കെട്ടുകൾ! അതായതു്, ഇവിടെ മതപരമായ ഒരു ന്യൂനപക്ഷം അവരുടെ അവകാശങ്ങൾ ന്യായമാണെന്നും, അതിനുള്ള അർഹത അവർക്കുണ്ടെന്നും, അതിനാൽ അവ അംഗീകരിച്ചുകൊടുക്കാൻ പൊതുസമൂഹത്തിനു് ബാദ്ധ്യതയുണ്ടെന്നും വാദിക്കുന്ന അതേ ശ്വാസത്തിൽ തന്നെ, ലൈംഗികന്യൂനപക്ഷമായ മറ്റൊരു വിഭാഗത്തിനു് നേരെ സമൂഹം അസഹിഷ്ണുത പ്രകടിപ്പിക്കണമെന്നും, അവരെ നിയമവിരുദ്ധരായി പരിഗണിക്കണമെന്നും ലജ്ജയില്ലാതെ വിളിച്ചുകൂവാൻ മാത്രം തൊലിക്കട്ടി പ്രദർശിപ്പിക്കുന്നു! (മതന്യൂനപക്ഷമല്ലാത്ത എല്ലാവരും സ്വവർഗ്ഗാനുരാഗത്തിനുനേരെ സഹിഷ്ണുത പ്രകടിപ്പിക്കുന്നു എന്നു് ഇതിനർത്ഥമില്ല.)

ലൈംഗികത വംശവർദ്ധനവിനു് മാത്രമുള്ള ഒരു ഉപാധിയാണെന്നും, അതുകൊണ്ടു് സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം മാത്രമാണു് പ്രകൃത്യനുസൃതമെന്നും, അതിനാൽ അതുമാത്രമാണു് ധാർമ്മികമെന്നും വാദിക്കുന്ന ധാർമ്മികാചാര്യന്മാർ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതു് നന്നായിരിക്കും. ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായ ലൈംഗികതയുടെ അടിസ്ഥാന ലക്ഷ്യം, നിങ്ങൾ തന്നെ വിശേഷിപ്പിക്കുന്നപോലെ, വംശവർദ്ധനവു് എന്ന ‘പ്രകൃത്യനുസൃതത്വം’ മാത്രമാണെങ്കിൽ, ആ ലക്ഷ്യത്തിനു് പ്രയോജനപ്പെടാത്ത രീതിയിൽ നയിക്കപ്പെടുന്ന, നയിക്കപ്പെടാൻ നിർബന്ധിതമാവുന്ന ഏതൊരു മനുഷ്യജീവിതവും പ്രകൃതിവിരുദ്ധമാവണം, അതിനാൽ നിരോധിക്കപ്പെടണം. അതിന്റെ വെളിച്ചത്തിൽ, ആദ്യം നിയമവിരുദ്ധമാക്കേണ്ടതു് സ്വവർഗ്ഗാനുരാഗമല്ല, പ്രത്യുത, ദാമ്പത്യജീവിതത്തിനോ സ്ത്രീപുരുഷബന്ധത്തിനോ ഔദ്യോഗികമായി അനുവാദം നൽകാത്ത, അതുവഴി മനുഷ്യരെ ഷണ്ഡജീവിതം നയിക്കാൻ ബാദ്ധ്യസ്ഥരാക്കുന്ന, അല്ലെങ്കിൽ, പലവിധത്തിലുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗികചേഷ്ടകൾക്കും, അവിഹിതബന്ധങ്ങൾക്കും അവരെ പ്രേരിപ്പിക്കുന്ന പൗരോഹിത്യവൃത്തിയും, മഠങ്ങളിലെ കന്യാസ്ത്രീ-ജീവിതവുമാണു്. ആ അർത്ഥത്തിൽ, ശാരീരികമോ മാനസികമോ ആയ തകരാറുകൾ മൂലം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കാത്തവരും, തങ്ങളുടെ ലൈംഗികബന്ധം വഴി വംശവർദ്ധനവു് എന്ന ‘ധാർമ്മികലക്ഷ്യം’ നിറവേറ്റാൻ ആഗ്രഹമുണ്ടായിട്ടും സ്വന്ത ‘കുറ്റം’ മൂലമല്ലാതെ എന്തുകൊണ്ടോ അതിനു് കഴിയാത്തവരും, എന്തിനു്, ധാർമ്മികപ്രഭുക്കൾ നിർദ്ദേശിക്കുന്ന സെക്ഷ്വൽ-ടെക്നിക്ക്‌ ഉപയോഗിച്ചു് ‘പുള്ളയുണ്ടാക്കുക’ എന്ന മനുഷ്യന്റെ ‘പ്രഥമവും പ്രധാനവുമായ കടമ’ നിർവ്വഹിക്കാത്ത സകലരും ദൈവദോഷികളായി, പ്രകൃതിവിരുദ്ധരായി, നിയമവിരുദ്ധരായി, സമൂഹദ്രോഹികളായി മുദ്രകുത്തപ്പെടണം. അവരെയെല്ലാം രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മൻ നാറ്റ്‌സികൾ യഹൂദരോടും, മന്ദബുദ്ധികളോടും, ജിപ്സികളോടും, ഹോമോസെക്ഷ്വൽസുകളോടും ഒക്കെ ചെയ്തതുപോലെ ഗ്യാസ്‌ ചേമ്പറിൽ കയറ്റി കൊല്ലണം. കുഞ്ഞാടുകളെ ആട്ടിയോടിച്ചു് തൊഴുത്തിൽ കയറ്റുന്നതിൽ കഴിഞ്ഞ രണ്ടായിരം വർഷങ്ങളിലൂടെ കത്തോലിക്കാസഭ സമ്പാദിച്ച അനുഭവജ്ഞാനം ഇവിടെ പ്രായോഗികജ്ഞാനം എന്ന നിലയിൽ വേണമെങ്കിൽ പ്രയോജനപ്പെടുത്താവുന്നതാണു്. ഇതെല്ലാം കഴിഞ്ഞിട്ടും, ദൈവേഷ്ടം വേണ്ടത്ര നീതിപൂർവ്വം നടപ്പാക്കപ്പെട്ടില്ല എന്ന തോന്നൽ ബാക്കിയാവുന്നെങ്കിൽ, ഗ്യാസ്‌ ചേമ്പറിൽ ഓടിച്ചുകയറ്റി കൊന്ന എല്ലാറ്റിനേയും ഒറ്റക്കുഴിയിലേക്കു് തള്ളി മണ്ണിട്ടു് മൂടി അവിടെ ‘തെമ്മാടിക്കുഴി’ എന്നൊരു ബോർഡും വയ്ക്കാം! ബോർഡുള്ളതുകൊണ്ടു്, അന്ത്യന്യായവിധിക്കായി വരുന്നവർക്കു് ‘കഴുവേറികൾ’ കിടക്കുന്ന അത്തരം കുഴിമാടങ്ങൾ മാന്തുക എന്ന ബുദ്ധിമുട്ടു് ഒഴിവാക്കുകയും ചെയ്യാം!

വേദഗ്രന്ഥകാലങ്ങളിൽ സാധാരണമായിരുന്ന അത്ഭുതങ്ങൾ ഇന്നും സാദ്ധ്യമായിരുന്നെങ്കിൽ, “രാജാവിനു് കഴുതച്ചെവികളാണു്” എന്ന പരമരഹസ്യം വിളിച്ചുപറഞ്ഞു് പരസ്യമാക്കിയ മരത്തെപ്പോലെ, സന്ന്യാസജീവിതത്തിന്റെ അടിവസ്ത്രങ്ങൾ പല നാവുകളിൽ, പല ഭാഷകളിൽ, ജീവന്റെ തുടിപ്പും പശയും ഗന്ധവുമുള്ള പലതരം കഥകൾ വിളിച്ചു് പറഞ്ഞേനെ! വിശുദ്ധമെന്നു് വിൽക്കപ്പെടുന്ന സന്ന്യാസജീവിതത്തിന്റെ അടിവസ്ത്രങ്ങളിൽ പ്രകൃതിസഹജമായി പറ്റിപ്പിടിക്കുന്ന ‘പാപത്തിന്റെ’ കറയെ എത്രയോ മടങ്ങു് വെല്ലുന്ന കരുതിക്കൂട്ടിയുള്ള കാപട്യത്തിന്റെ കറകളെ താങ്ങാനാവാതെ പിശാചുക്കളുടെ ഗുഹകളിൽ നിന്നും ജീവനും കൊണ്ടു് ഓടി രക്ഷപെട്ടവർ വെളിപ്പെടുത്തുന്ന തിക്താനുഭവങ്ങൾ മഞ്ഞുമലയുടെ മുനമ്പുകൾ മാത്രമാണെന്നും, ദൈവനാമം പേറുന്ന നീചത്വത്തിന്റെ യഥാർത്ഥ മുഖം മനുഷ്യന്റെ എല്ലാ സങ്കൽപശേഷിയേയും തകിടം മറിക്കുന്നത്ര ക്രൂരവും ബീഭത്സവുമാണെന്നും ആർക്കാണു് ഇന്നു് അറിയാത്തതു്?

ധാർമ്മികപോലീസുകാർ ദുഃഖം മൂത്തു് മൂക്കുപിഴിയുന്ന മറ്റൊരു കാര്യം: “മനുഷ്യർ ‘ലൈംഗികതയുടെ ധാർമ്മികവശങ്ങൾ’ പാലിക്കുന്നില്ല!” അതുകൊണ്ടു് ലൈംഗികതയുടെ ധാർമ്മികതക്കു് ഒടിവും ചതവും ചളുക്കും പറ്റാതിരിക്കാൻ, അല്ലെങ്കിൽ, ധാർമ്മികതയുടെ കന്യാചർമ്മത്തിൽ പോറൽ വീഴാതിരിക്കാൻ, ദൈവവിശ്വാസികളായ ഭാര്യാഭർത്താക്കന്മാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം: ‘വെടി’ ഏറ്റുകഴിഞ്ഞാൽ, അഥവാ, ബീജം അണ്ഡവുമായി യോജിച്ചുകഴിഞ്ഞാൽ, പിന്നെ പ്രസവം വരെ ഭാര്യയും ഭർത്താവും തമ്മിൽ വീണ്ടുംവീണ്ടും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു് അനാവശ്യവും അധികപ്രസംഗവുമാണു്. കാരണം, അതു് ലൈംഗികതകൊണ്ടു് ദൈവം ഉദ്ദേശിക്കുന്ന ലക്ഷ്യത്തിനു് കടകവിരുദ്ധമാണു്. ഒരിക്കൽ ഒരുത്തി ഒരുത്തനുമായി ചില ഗൂഢാലോചനകളും ഗുസ്തിയും നടത്തി ഗർഭം ധരിച്ചുകഴിഞ്ഞാൽ ചുരുങ്ങിയതു് ആ ഗർഭത്തെ പ്രസവിക്കുന്നതുവരെയെങ്കിലും അതേ ഗർഭപാത്രത്തിൽ മറ്റൊരു ‘നവീന’ ഗർഭം സാധാരണഗതിയിൽ സംഭവിക്കുകയില്ല. പിന്നെയെന്തിനു് തുടരെത്തുടരെയുള്ള ലൈംഗികാദ്ധ്വാനം? അതുകൊണ്ടു് ഗർഭം ധരിച്ചുകഴിഞ്ഞാൽ പിറ്റേന്നു് മുതൽ ഭാര്യയെ ധ്യാനത്തിനു് വിടുക എന്നതാണു് ഏതൊരു വിശ്വാസിയും ചെയ്യേണ്ടതു്. അവൾ തലയിൽ മുണ്ടിട്ടു് അലയുന്ന ആത്മാക്കളെ തൃപ്തിപ്പെടുത്തേണ്ടവളല്ലോ. ഭർത്താവു് കപ്പയോ ചേനയോ മറ്റു് കാർഷികവിളവുകളോ കൃഷി ചെയ്യട്ടെ! അവൻ ഇടവകയേയും ഇടയന്മാരേയും മൂക്കുമുട്ടെ തീറ്റിപ്പോറ്റേണ്ടവനാണെന്നോർക്കുക! അതവൻ വെറുതെയല്ല ചെയ്യുന്നതു്. അവനു് സ്വർഗ്ഗത്തിൽ ഇരട്ടി പ്രതിഫലം ലഭിക്കും. (ഒരു കിലോ ഭൂമിയിലെ കപ്പയ്ക്കു് രണ്ടുകിലോ സ്വർഗ്ഗത്തിലെ കപ്പ എന്നു് ലളിതഗണിതം!) ലോകാരംഭത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ച അതേ മാതൃകയിൽ മനുഷ്യരെ സൃഷ്ടിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിനായി അനുഷ്ഠിക്കപ്പെട്ടു് നിവൃത്തീകരിക്കപ്പെടുന്ന ലൈംഗികതയൊഴികെ ബാക്കി എല്ലാത്തരം ലൈംഗികചേഷ്ടകളും പ്രകൃതിവിരുദ്ധമാണു്, പാപമാണു്. സ്ത്രീ പുരുഷലിംഗങ്ങളുടെ പ്രധാന ലക്ഷ്യം മൂത്രമൊഴിക്കുക എന്നതു് മാത്രമാണെന്ന ജ്ഞാനം ഭാര്യാഭർത്താക്കന്മാരേ, നിങ്ങൾ വിശ്വാസത്താൽ തിരിച്ചറിയുക! “യഹോവാഭക്തി (അ)ജ്ഞാനത്തിന്റെ ആരംഭമാകുന്നു!” (ഗർഭധാരണത്തിനുശേഷം ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഭാര്യമാർ ചുമതലപ്പെട്ടവരെ എത്രയും വേഗം കണ്ടു് തനിക്കും കെട്ടിയവനും വേണ്ടി ഭാരവാഹി (=ഭാരം വഹിക്കുന്നവൻ!) ആവശ്യപ്പെടുന്ന പിഴയൊടുക്കി ചീട്ടു് വാങ്ങേണ്ടതാണു്.)

സ്വവർഗ്ഗാനുരാഗികൾ ചെയ്യുന്ന മറ്റൊരു മഹാപരാധമായി ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നതു്, സ്വവർഗ്ഗരതി എയിഡ്‌സ്‌ മുതലായ രോഗങ്ങൾ വരുത്തുന്നു എന്നതാണു്. ഏതു് തരം ലൈംഗികബന്ധമായാലും, വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പങ്കാളികളുടെ ലൈംഗികരോഗങ്ങൾ പരസ്പരം പകരും. കന്യക ആയായാലും, കന്യകൻ ആയാലും, വേശ്യ ആയാലും, വേശ്യൻ ആയാലും, സ്വവർഗ്ഗാനുരാഗി ആയാലും, സ്വവർഗ്ഗാനുരാഗിണി ആയാലും, പത്മിനി ആയാലും, അയൽപക്കത്തെ ചേട്ടത്തിയോ ചേട്ടനോ ആയാലും, പകരുന്ന ത്വക്ക്‌ രോഗങ്ങൾ ഉള്ളവരാണെങ്കിൽ കേസുകെട്ടിനനുസരിച്ചു് ചിലപ്പോൾ മുഴുശരീരകോണ്ടം തന്നെ വേണ്ടിവരും. അനാഘ്രാതകുസുമമാണെന്നോ, ആദ്യാനുരാഗമാണെന്നോ ഒന്നും ഭാവിച്ചിട്ടു് വലിയ കാര്യമില്ല. പുഴുക്കടിക്കുണ്ടോ കന്യാസ്ത്രീയെന്നും കത്തനാരെന്നും ആദ്യകുർബാനയെന്നും വ്യത്യാസം? പുതച്ചാൽ കുളിരില്ല, അത്രതന്നെ!

കപടന്മാരായ സദാചാരവാദികളിൽ നിന്നും വിരുദ്ധമായി, സ്വവർഗ്ഗാനുരാഗികൾ ചുരുങ്ങിയ പക്ഷം അവരുടെ ലൈംഗികമായ ചായ്‌വിനോടു് നീതി പുലർത്തുന്നവരാണു്. അവരെ അവർ ആയിരിക്കുന്നതുപോലെ ജീവിക്കാൻ അനുവദിക്കുന്ന, അവർക്കു് അതുവഴി സാമൂഹികമായ ബുദ്ധിമുട്ടുകൾ ഭയപ്പെടാനില്ലാത്ത, അവർക്കു് നിയമത്തിന്റെ മുന്നിൽ മറ്റേതൊരു പൗരനേയും പോലെ തുല്യനീതി ലഭിക്കുമെന്നു് ഉറപ്പായും വിശ്വസിക്കാവുന്ന നാടുകളിലും സമൂഹങ്ങളിലും തങ്ങൾ സ്വവർഗ്ഗാനുരാഗികൾ ആണെന്നു് തുറന്നു് പറയാനുള്ള ആത്മാർത്ഥത അവർ കാണിക്കാറുണ്ടു്. തന്നോടു് തന്നെയുള്ള സത്യസന്ധത, താൻ ആയിരിക്കുന്ന അവസ്ഥയെ, തന്റെ സ്വത്വത്തെ അങ്ങനെതന്നെ അംഗീകരിക്കാനുള്ള മടിയില്ലായ്മ – അതാണു് അവരുടെ ആത്മാർത്ഥതയുടെ പ്രധാന ലക്ഷണം. സ്വയം ധാർമ്മികരെന്നും സന്മാർഗ്ഗികളെന്നും വിലയിരുത്തി, ശരിയായ പ്രകൃത്യനുസൃതത്വത്തിന്റെ അളവുകോൽ തങ്ങളുടെ ‘പ്രകൃതം’ മാത്രമാണെന്നും, ലോകത്തെ മുഴുവൻ ആ പ്രകൃതത്തിലേക്കു് ഒടിച്ചുമടക്കി ലൂബ്രികെയ്റ്റ്‌ ചെയ്തു് സംരക്ഷിക്കേണ്ട ചുമതല ദൈവം തങ്ങളെയാണു് ഭരമേൽപിച്ചിരിക്കുന്നതെന്നുമുള്ള ഭ്രാന്തിനു് അടിമകളായിക്കൊണ്ടു്, സ്വവർഗ്ഗാനുരാഗം നിയമവിരുദ്ധമാക്കണമെന്നും, കോഴിപ്പൂവന്റെ മാതൃകയിൽ നിരന്തരം മനുഷ്യരെ സൃഷ്ടിക്കുകയും, പിന്നെ ഇടക്കിടെ ഒരു ചെയ്ഞ്ചിനു് വേണ്ടി പ്രാർത്ഥിക്കുകയും ആണു് മനുഷ്യജീവിതത്തിന്റെ ആകെമൊത്തം ലക്ഷ്യമെന്നും പഠിപ്പിക്കുന്ന ഏതോ ശിലായുഗത്തിലെ നാടോടികളുടെ ‘സംസ്കാരം’ ഇന്നത്തെ ലോകത്തിൽ നിയമാനുസൃതമാക്കണമെന്നും കവലപ്രസംഗം നടത്തുന്ന അൽപന്മാർക്കു് ആത്മാർത്ഥതയെപ്പറ്റി എന്തറിയാൻ! മനുഷ്യത്വത്തെപ്പറ്റി എന്തറിയാൻ? തിന്നുക, തൂറുക, ‘മേച്ചിൽപ്പുറം കേറുക’ എന്നിവയല്ലാതെ മറ്റെന്തെങ്കിലും വിശുദ്ധചുമതലകൾ ആടു്-മാടു്-ഒട്ടകങ്ങൾ ചെയ്യുന്നുണ്ടോ? ഇല്ലല്ലോ! എന്നിട്ടും ദൈവം അവറ്റകളെ സംരക്ഷിക്കുന്നില്ലേ? ഉവ്വല്ലോ! അതിൽ മനുഷ്യർക്കു് ഒരു ദൃഷ്ടാന്തമുണ്ടു്! ഹേ, മനുഷ്യാ, നീ ആടു്-മാടു്-ഒട്ടകങ്ങളെ മാത്രം മാതൃകയാക്കുക! അതേ നിനക്കു് വേണ്ടൂ! ബാക്കിയെല്ലാം പാറ പിളർന്നു് ദൈവം നിനക്കു് നൽകും! ദൈവം ഒരു പരം തീർന്ന പാറവെടിക്കാരനാണു്! ഹോ! ഉടയതമ്പുരാനായ ദൈവം കർത്താവേ, ഭയങ്കരം തന്നെ! നിന്റെ ഈ നേർച്ചപ്പൂവന്മാർ!! ഇവറ്റകൾ ഇല്ലായിരുന്നെങ്കിൽ നീ സൃഷ്ടിച്ച ഈ ലോകത്തിനും ഈ ലോകത്തിലെ സകലമാന കോഴിപ്പിടകൾക്കും എന്തായിരുന്നു ഒരു ഗതി? എവിടെയായിരുന്നു ഒരാശ്രയം?

സ്വവർഗ്ഗാനുരാഗികൾ എന്നതു് കാമവെറി പൂണ്ട കുറേ ‘പ്രകൃതിവിരുദ്ധരുടെയോ’, പിടിച്ചാൽ കിട്ടാത്ത ലൈംഗികദാഹം തീർക്കാൻ എതിർലിംഗത്തിൽനിന്നും പറ്റിയ ആരെയും ലഭിക്കാത്തതുകൊണ്ടു് സ്വവർഗ്ഗമെങ്കിൽ സ്വവർഗ്ഗം എന്നു് കരുതി അവരെ തേടിപ്പോകുന്ന കുറേ ‘മാനസികരോഗികളുടെയോ’, ഒരു ലൈംഗികവിപ്ലവം വഴി സാമൂഹികസാന്മാർഗ്ഗികതയെ മുഴുവൻ തകർത്തു് തരിപ്പണമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കുറേ ‘സദാചാരവിരുദ്ധരുടെയോ’, സമൂഹത്തിന്റെ പൊതുനന്മക്കായി എന്തെങ്കിലും സംഭാവന നൽകാൻ ബൗദ്ധികമോ, സാംസ്കാരികമോ ആയ യാതൊരു ശേഷിയുമില്ലാത്ത ‘അതിർഗ്രൂപ്പുകളുടെയോ’ സംഭരണശാലയാണെന്ന രൂപത്തിലുള്ള പല വിലയിരുത്തലുകളും കേൾക്കാറുണ്ടു്. ഈ അഭിപ്രായം എത്രമാത്രം അടിസ്ഥാനരഹിതമാണെന്നതിനു് ഹോമോസെക്ഷ്വൽസ്‌ ആയിരുന്ന രാജാക്കന്മാർ അടക്കമുള്ള എത്രയോ മഹാന്മാരുടെയും മഹതികളുടെയും ഉദാഹരണങ്ങൾ ലോകചരിത്രത്തിൽ നിന്നും ചൂണ്ടിക്കാണിക്കാനാവും. രാഷ്ട്രീയത്തിലും, കലയിലും, സാഹിത്യത്തിലും, മറ്റു് പല സാംസ്കാരികമേഖലകളിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച സ്വവർഗ്ഗാനുരാഗികൾ ധാരാളമാണു്. ഒരു വ്യക്തി സ്വവർഗ്ഗാനുരാഗിയോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല ആ വ്യക്തിയുടെ ആകമാനവ്യക്തിത്വം അളക്കേണ്ടതു്. സ്വവർഗ്ഗാനുരാഗം ഒരു വ്യക്തിയെപ്പറ്റി എന്തെങ്കിലും സൂചിപ്പിക്കുന്നുണ്ടെങ്കിൽ അതു് അവന്റെ/അവളുടെ ആകമാനവ്യക്തിത്വത്തിന്റെ ഒരു ഭാഗമായ സെക്ഷ്വൽ ഓറിയെന്റേഷനെപ്പറ്റി മാത്രമാണു്. ഒരു വ്യക്തിയുടെ കഴിവുകൾ, സമൂഹത്തിനു് അവൻ/അവൾ വഴി കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങൾ, ലൈംഗികതയിൽ മാത്രം അധിഷ്ഠിതമല്ല. അങ്ങനെ ആയിരുന്നെങ്കിൽ ലോകം സാമൂഹികവും സാംസ്കാരികവുമായി ഇന്നത്തേതിനേക്കാൾ വളരെയേറെ ദരിദ്രമായിരുന്നേനെ! മാനവരാശിക്കു് പലനേട്ടങ്ങളും കാഴ്ചവച്ചവർ ലൈംഗികതക്കു് ‘four line notebooks’ സൂക്ഷിച്ചവരായിരുന്നില്ല.

പ്രായപൂർത്തിയായ മനുഷ്യർ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു് അവരുടെ വ്യക്തിപരമായ കാര്യമാണു്. ബാലികാബാലന്മാരേയോ, മാനസികവളർച്ചയെത്താത്ത മറ്റു് മനുഷ്യരേയോ, കുടുംബത്തിലേയോ, സമുദായത്തിലേയോ അധികാരശ്രേണികളിൽ താഴെ നിൽക്കുന്നവരായതിനാൽ മുതിർന്നവരെ എതിർക്കാൻ കഴിവില്ലാത്തവരേയോ (ഉദാ. മാതാപിതാക്കൾ, മുതിർന്ന ബന്ധുക്കൾ, വൈദ്യന്മാർ, പുരോഹിതന്മാർ മുതലായവരുടെ കീഴിൽ കഴിയേണ്ടിവരുന്നവർ) ലൈംഗികബന്ധത്തിനു് നിർബന്ധിക്കുന്നതും വിധേയമാക്കുന്നതുമാണു് കുറ്റകൃത്യം, അതാണു് ശിക്ഷിക്കപ്പെടേണ്ടതു്. സ്വവർഗ്ഗാനുരാഗത്തിനെതിരെ പടവാളുയർത്തുന്നവരിൽ നല്ലൊരു പങ്കും കൂടിയോ കുറഞ്ഞോ ലൈംഗികകുറ്റകൃത്യങ്ങൾ ചെയ്തവരോ, അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയതു്, അത്തരം കുറ്റകൃത്യങ്ങൾക്കുള്ള പ്രവണത ഉള്ളവരോ ആണെന്ന കാര്യത്തിൽ സംശയം വേണ്ട. അതായതു്, പിടിക്കപ്പെടാത്തതുകൊണ്ടോ, അവസരം ലഭിക്കാത്തതുകൊണ്ടോ മാത്രം സദാചാരം പ്രസംഗിച്ചു് സമൂഹത്തിൽ നല്ലപിള്ള ചമയാൻ കഴിയുന്നവരാണു് സ്വവർഗ്ഗാനുരാഗത്തിനെതിരെ ഏറ്റവും ഉച്ചത്തിൽ ബഹളം വയ്ക്കുന്നതു്. പ്രായപൂർത്തിയായ രണ്ടു് സ്വവർഗ്ഗാനുരാഗികൾ പരസ്പരസമ്മതത്തോടെ ഒരുമിച്ചു് ജീവിക്കുന്നതുവഴി മക്കൾ ജനിക്കുന്നില്ല എന്നതൊഴികെ ഭിന്നവർഗ്ഗാനുരാഗികളുടെ ദാമ്പത്യജീവിതവുമായി അതിനു് മറ്റു് വ്യത്യാസമൊന്നുമില്ല. അവരെ ലൈംഗികകുറ്റവാളികളോ, മാനസികരോഗികളൊ ഒക്കെയായി കാണുന്നതു് അറിവില്ലായ്മകൊണ്ടും, സ്വന്തനിലപാടു് മാത്രമേ ശരിയായതാവാൻ കഴിയൂ എന്ന അബദ്ധധാരണകൊണ്ടുമാണു്. ആരെങ്കിലും ഇവിടെ ‘മാനസികരോഗികൾ’ എന്ന വിശേഷണത്തിനു് അർഹരാണെങ്കിൽ അതു് സ്വവർഗ്ഗാനുരാഗികളല്ല, അവരെ പ്രകൃതിവിരുദ്ധരെന്നു് ആക്ഷേപിക്കുന്നവരാണു്. കാരണം, സ്വവർഗ്ഗാനുരാഗികൾക്കു് അതാണു് പ്രകൃതിസഹജത. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ അവർ യാതൊരു മടിയും കൂടാതെ അംഗീകരിക്കുന്ന, തുറന്നുപറയുന്ന അവരുടെ ജീവിതയാഥാർത്ഥ്യമാണതു്. അതുപോലെതന്നെ, അവരെപ്പോലെ അല്ലാത്തവരെ തൂക്കിലേറ്റണമെന്നു് അവർ ആവശ്യപ്പെടുന്നില്ലാത്തതിനാൽ ദൈവസ്നേഹം പ്രസംഗിക്കുന്ന അസഹിഷ്ണുക്കളേക്കാൾ അവർ എത്രയോ ഉയർന്ന മനുഷ്യസ്നേഹികളും ആ അർത്ഥത്തിലെങ്കിലും കൂടുതൽ സംസ്കാരസമ്പന്നരുമാണു്. സ്വവർഗ്ഗാനുരാഗം അത്ര വലിയ ഒരു പാപവും പ്രകൃതിവിരുദ്ധതയുമായിരുന്നെങ്കിൽ പ്രകൃതിയുടെ സൂപ്പർവൈസർ ആയ ദൈവത്തിനു് നേരിട്ടു് അവരെ ഭൂമിയിൽ നിന്നും നശിപ്പിക്കാമായിരുന്നു. അങ്ങനെയുള്ളവരുടെ മാത്രം തലയിലേക്കു് ഇടിത്തീ അയച്ചാൽ പ്രശ്നം പരിഹരിച്ചു് എല്ലാം ശുഭമായേനെ! ഇല്ലെന്നു് തോന്നുന്നുണ്ടോ? അതോ, അതിനുപോലും കഴിയാത്തവനെയാണോ പ്രിയ ധാർമ്മികരേ, നിങ്ങൾ സർവ്വശക്തൻ എന്നു് വിളിക്കുന്നതു്? പണ്ടു് സകല ഭൂലോകവാസികളെയും ഒരു മഹാപ്രളയത്തിൽ മുക്കിക്കൊന്നപ്പോൾ ആകെ എട്ടുപേരെയാണു് ദൈവം രക്ഷിച്ചതു് എന്നു് കഥ! ഇന്നു് യഹോവാസാക്ഷികളും പൊന്തിക്കൊസ്തുകളും തന്നെ എന്തായാലും എട്ടിൽ കൂടുതൽ വരും! ദൈവത്തിനു് അന്നത്തെയത്ര മനസ്സാക്ഷിക്കുത്തിന്റെ ആവശ്യമില്ല എന്നു് സാരം!

ചില സ്വവർഗ്ഗാനുരാഗികൾ

ജർമ്മനിയുടെ തലസ്ഥാനമായ ബെർലിൻ അതോടൊപ്പം തന്നെ ഒരു സ്വയംഭരണ സംസ്ഥാനവുമാണു്. 2001 മുതൽ ബെർലിന്റെ മേയറും സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയിലെ (SPD) അംഗവുമായ ക്ലൗസ്‌ വോവെറൈറ്റ്‌ (Klaus Wowereit) ഒരു സ്വവർഗ്ഗാനുരാഗിയാണു്. 2001-ൽ മേയർ ആവുന്നതിനു് മുൻപു് മാധ്യമങ്ങളിൽ നിന്നും ഉണ്ടാവാൻ സാദ്ധ്യതയുണ്ടായിരുന്ന ആക്രമണത്തിനെതിരെ ഒരു മുൻകൂർ ജാമ്യം എന്ന പോലെ അദ്ദേഹം തന്റെ ഹോമോസെക്ഷ്വാലിറ്റി പരസ്യമാക്കുകയായിരുന്നു. 2007-ലെ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 79 ശതമാനം ജർമ്മൻകാരും ഒരു സ്വവർഗ്ഗാനുരാഗി ജർമ്മൻ ചാൻസലർ ആവുന്നതിനു് എതിരല്ല എന്ന നിലപാടു് സ്വീകരിച്ചതിന്റെ പ്രചോദനം വോവെറൈറ്റിന്റെ ജനപ്രീതി ഒന്നു് മാത്രമായിരുന്നു. 1993 മുതൽ അദ്ദേഹം Joern Kubicki എന്നൊരു ന്യൂറോ സർജ്ജനോടൊരുമിച്ചു് ഒരു ഫ്ലാറ്റിൽ താമസിക്കുന്നു.

ബെർലിൻ പോലെതന്നെ, ജർമ്മനിയിലെ ഹംബുർഗും ഒരു സ്വയംഭരണ സംസ്ഥാനമാണു്. അവിടത്തെ മേയറും ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ (CDU)അംഗവുമായ ഒലെ ഫോൺ ബൊയ്സ്റ്റും (Ole von Beust) ഒരു സ്വവർഗ്ഗാനുരാഗിയാണു്.

മറ്റു് ചില പ്രധാന നഗരങ്ങളിലെ പ്രമുഖ ‘ഹോമോസെക്ഷ്വൽ’ മേയർമാർ:

Paris (France) – Bertrand Delanoe (2001-…)

Winnipeg, Manitoba (Canada) – Glen Murray (1998-2004)

Wowereit with Obama

ഒരു മനുഷ്യൻ സ്വവർഗ്ഗാനുരാഗിയാണെന്നതു് അവന്റെ സാംസ്കാരിക നിലവാരത്തെ, അവന്റെ ബുദ്ധിപരമായ കഴിവുകളെ ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കുന്നില്ല. പക്ഷേ, അത്തരക്കാർക്കു് ഒരു സമൂഹത്തിൽ വളരാൻ കഴിയണമെങ്കിൽ അവരെ മനസ്സിലാക്കാൻ മാത്രം ആ സമൂഹവും വളർച്ച പ്രാപിച്ചതായിരിക്കണം. അതുപോലുള്ള സ്വാഭാവിക പ്രവണതകൾ പ്രകൃതിവിരുദ്ധമെന്നോ, പൈശാചികമെന്നോ, നിരോധിക്കപ്പെടേണ്ടതെന്നോ ഒക്കെ ആരോ എവിടെയോ പറഞ്ഞതെന്നു് പറഞ്ഞതിന്റെ പ്രതിധ്വനിപോലെ കേട്ടതെന്നു് തോന്നിയതായി ഊഹിച്ച ഏതോ ചില പദാവലികളുടെ അടിസ്ഥാനത്തിൽ വിധിയെഴുതുന്ന, മുതുകു് മഴവില്ലിനൊപ്പം വളഞ്ഞാലും പിടിച്ചപിടി വിടാതെയും, ഇരുന്ന ഇരുപ്പിൽ കസേരയിൽ ഒഴിഞ്ഞാലും ഇരിക്കുന്ന കസേര ഒഴിയാതെയും പണ്ഡിതാചാര്യർ ചമയുന്ന കിഴവന്മാരും, ഇളിഭ്യന്മാരായി അവർക്കു് ഏറാൻ മൂളാൻ മാത്രം കഴിയുന്ന വിവരദോഷികളും ചുക്കാൻ പിടിക്കുന്ന സമൂഹങ്ങളിൽ മനുഷ്യരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടുകയില്ല. പദവികൾ ആരാധിക്കപ്പെടുക എന്നതിനപ്പുറമെത്തുന്ന കഴിവുകൾ അത്തരം സമൂഹങ്ങളിലെ മനുഷ്യർക്കു് എന്നാളും അജ്ഞാതവുമായിരിക്കും. ആഹാരം, വിസർജ്ജനം, പ്രജനനം എന്ന ആടു്-മാടു്-ഒട്ടക സോഷ്യൽ ഫിലോസഫിയിലേക്കു് ചുരുങ്ങുന്ന മനുഷ്യജീവിതത്തെ പരലോകജീവിതം എന്ന പച്ചനുണയിൽ പൊതിഞ്ഞു് മഹത്വവൽകരിക്കുക, കാലാൾപടയെക്കൊണ്ടു് അതിനു് മുടങ്ങാതെ ‘കീജേ’ വിളിപ്പിച്ചുകൊണ്ടിരിക്കുക – അതായിരിക്കും അവിടത്തെ മുഴുവൻ നീതിശാസ്ത്രങ്ങളുടെയും എക്കാലത്തേയും ലക്ഷ്യം.

 

Tags: ,

26 responses to “സ്വവർഗ്ഗാനുരാഗം

 1. മൂര്‍ത്തി

  Aug 9, 2009 at 22:20

  നന്നായിട്ടുണ്ട് ബാബൂജി.

   
 2. അനിൽ@ബ്ലൊഗ്

  Aug 10, 2009 at 04:21

  കൊള്ളാം, മാഷെ.
  വളരെ കണ്‍വിന്‍സിങ്ങായ ലേഖനം.
  ഇതൊക്കെ വായിച്ച് ഞാനും വഴിതെറ്റുമോ ആവോ.
  🙂

   
 3. ബഷീര്‍ വെള്ളറക്കാട്‌ / pb

  Aug 10, 2009 at 08:05

  അമ്മയെ തല്ലിയാലുമുണ്ടല്ലോ രണ്ട് അഭിപ്രായം ..കഷ്ടം

   
 4. സി. കെ. ബാബു

  Aug 10, 2009 at 08:19

  മൂർത്തി,
  നന്ദി.

  അനിൽ@ബ്ലൊഗ്‌,
  ആരെയെങ്കിലും സ്വവർഗ്ഗാനുരാഗി ആക്കുന്നതിനോ, അല്ലെങ്കിൽ ഞാൻ ഒരു സ്വവർഗ്ഗാനുരാഗി ആയതുകൊണ്ടോ അല്ല ഈ ലേഖനം എഴുതിയതു്. കേരളീയ സമൂഹത്തിൽ ഇപ്പോൾ സ്വവർഗ്ഗാനുരാഗത്തിനെതിരായി അർഹതയില്ലാത്തവർ നടത്തുന്ന പ്രതിഷേധങ്ങൾക്കും, അസഹ്യമായ ചർച്ചകൾക്കും എതിരെയുള്ള ഒരു പ്രതികരണം മാത്രമായി ഇതിനെ കണ്ടാൽ മതി.

  ബഷീർ വെള്ളറക്കാടു്,
  ആദ്യം അമ്മയെ തല്ലാതിരിക്കാൻ ശീലിക്കുക, പ്രത്യേകിച്ചും സ്വന്തം അമ്മയെ! അപ്പോൾ പല അഭിപ്രായങ്ങൾ എന്ന പ്രശ്നമുണ്ടാവില്ല.

   
 5. ബഷീര്‍ വെള്ളറക്കാട്‌ / pb

  Aug 10, 2009 at 08:33

  ശ്രീ ബാബു ,

  അമ്മയെ തല്ലരുതെന്ന് പറയാൻ പറ്റാത്ത കാലമാണല്ലോ ഇപ്പോൾ.. അതിനും ന്യായങ്ങൾ നിരത്താൻ ആളുണ്ടാവും ..എന്തായാലും അമ്മയെ തല്ലാതിരിക്കുക എന്നതാണ് താങ്കളുടെയും നിലപാട് എന്നറിഞ്ഞതിൽ സന്തോഷം.

  >>കേരളീയ സമൂഹത്തിൽ ഇപ്പോൾ സ്വവർഗ്ഗാനുരാഗത്തിനെതിരായി അർഹതയില്ലാത്തവർ നടത്തുന്ന പ്രതിഷേധങ്ങൾക്കും, <<

  അപ്പോൾ അർഹതയുള്ളവർ ആരൊക്കെയാണെന്ന് കൂടി എഴുതിയാൽ പിന്നെ അവർക്ക് പ്രതിശേധിക്കാമല്ലോ ! അല്ലേ

   
 6. Baiju Elikkattoor

  Aug 10, 2009 at 08:39

  നല്ല ലേഖനം. ഒരാവൃതി കൂടി വായിച്ചാലെ മുഴുവനും ഉള്‍ക്കൊള്ളാന്‍ കഴിയൂ. കാളിദാസന്റെ സമാനമായ പോസ്റ്റു കൂടി കാണുക (http://kaalidaasan-currentaffairs.blogspot.com/2009/08/blog-post.html)

   
 7. സി. കെ. ബാബു

  Aug 10, 2009 at 09:02

  ബഷീർ വെള്ളറക്കാടു്,
  നമ്മൾ തമ്മിൽ ഒരു ചർച്ച അർത്ഥശൂന്യമാണു്. ബഷീറിനു് ബഷീറിന്റെ വഴി, എനിക്കെന്റെ വഴി. എന്നെ വായിക്കുന്നതിനു് നന്ദി.

  Baiju Elikkattoor,
  ലിങ്കിനു് നന്ദി.

   
 8. biju chandran

  Aug 10, 2009 at 10:35

  ബാബു മാഷ്, ഈ വിഷയത്തില്‍ ബ്ലോഗില്‍ കണ്ട മികച്ച ലേഖനങ്ങളിലൊന്ന്. മറ്റൊന്ന് സൂരജിന്റെ ലേഖനം. സ്വവര്‍ഗാനുരാഗം പ്രകൃതി വിരുദ്ധമെങ്കില്‍ പൌരോഹിത്യവും പ്രകൃതി വിരുദ്ധം! ഇത്രയും നാള്‍ ചിന്തിച്ചിട്ട് തോന്നാത്ത ആശയം! ഹ ഹ ഹ !
  പുരോഹിതന്മാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനം. 🙂

   
 9. ea jabbar

  Aug 10, 2009 at 14:03

  നന്നായി….:)

   
 10. അനിൽ@ബ്ലൊഗ്

  Aug 10, 2009 at 16:23

  മാഷെ,
  എനിക്കിവിടുന്ന് പോകാന്‍ തോന്നുന്നില്ല.
  🙂
  പള്ളീലച്ചന്മാരും കന്യാസ്ത്രീകളും കാട്ടുന്നത് ദൈവ നിന്ദയാണ്, മനുഷ്യനെന്ന ജീവിയുടെ അടിസ്ഥാന ലൈംഗിക ചോദനകളെ അവര്‍ നിഷേധിക്കുന്നു എന്ന് ആര്‍ക്കും ബോദ്ധ്യപ്പെടുന്ന കാര്യം തന്നെയാണ്. അതിനാല്‍ തന്നെ ആ അര്‍ത്ഥത്തില്‍ പ്രകൃതി വിരുദ്ധത തന്നെ അത്. അതോടെ നസ്രാണി ടീമിന്റെ വാദങ്ങള്‍ തള്ളിപ്പോകുന്നു.
  ഇസ്ലാം മതം ഈ പ്രശ്നങ്ങളെ മറികടക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതായത് മനുഷ്യന്റെ ലൈംഗിക ചോദനകളെ തടയരുതെന്ന് വാദിക്കുന്നവര്‍, ശരീരത്തെ മുഴുപ്പട്ടിണിക്കിട്ട് ഉപവാസം പാടില്ല എന്ന് നിഷ്കര്‍ഷിക്കുന്നവര്‍.(വേണമെങ്കില്‍ നാലുകെട്ടാം, സബ്ജക്റ്റഡ് റ്റു ചില കണ്ടീഷന്‍സ്) അപ്പോള്‍ അവര്‍ സ്വവര്‍ഗ്ഗാനുരാഗം എതിര്‍ക്കുന്നതിനെ എങ്ങിനെ വിലയിരുത്താം?

   
 11. ബിനോയ്//Binoy

  Aug 10, 2009 at 16:43

  ഭരണകൂടങ്ങളേക്കാള്‍ വലിയ നീതിനടത്തിപ്പുകാരായി ചമയുന്ന പരാന്നഭോജികള്‍ക്ക് അവരര്‍‌ഹിക്കുന്ന ഭാഷയിലുള്ള മറുപടി. ബാബുമാഷിന് ഒരു തൊപ്പിയൂരി വണക്കം 🙂

   
 12. ടോട്ടോചാന്‍ (edukeralam)

  Aug 10, 2009 at 19:24

  തന്നോടു് തന്നെയുള്ള സത്യസന്ധത, താൻ ആയിരിക്കുന്ന അവസ്ഥയെ, തന്റെ സ്വത്വത്തെ അങ്ങനെതന്നെ അംഗീകരിക്കാനുള്ള മടിയില്ലായ്മ – അതാണു് അവരുടെ ആത്മാർത്ഥതയുടെ പ്രധാന ലക്ഷണം.

  അവരുടെ ആ ധൈര്യമാണ് പുരോഹിതവര്‍ഗ്ഗത്തിന്റെ ധൈര്യം കെടുത്തുന്നതും പലതും പുലമ്പുന്നതും…
  നല്ല ലേഖനം..
  മതങ്ങളുടെ ചരിത്രം നോക്കിയാല്‍ മനസ്സിലാക്കാം യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള അവരുടെ വിമുഖത. അതാത് കാലത്തെ രാഷ്ട്രീയത്തില്‍ ഇടപെട്ട് ഏതൊരു പുരോഗതിയേയും തുരങ്കം വയ്ക്കുന്ന സ്വഭാവം സാസ്കാരികജനിതകം വഴി പകര്‍ന്നു കിട്ടിയ വര്‍ഗ്ഗമാണവര്‍.
  ബ്രൂണോയെ ചുട്ടു കൊന്നവര്‍, ഗലീലിയോയെ തുറുങ്കിലടച്ചവര്‍,ഡാര്‍വ്വിനെ പരിഹസിച്ചവര്‍ അവരുടെ പ്രേതങ്ങളും പേക്കൂത്തുകളും ഇനിയും അവസാനിച്ചിട്ടില്ല…

   
 13. cALviN::കാല്‍‌വിന്‍

  Aug 10, 2009 at 20:11

  നന്നായിരിക്കുന്നു.

   
 14. സി. കെ. ബാബു

  Aug 10, 2009 at 21:26

  biju chandran, ജബ്ബാർ മാഷ്‌, ബിനോയ്‌, ടോട്ടോചാൻ, കാൽവിൻ,

  എല്ലവർക്കും നന്ദി.

  അനിൽ ബ്ലൊഗ്‌,
  സമയക്കുറവുകൊണ്ടു് മറുപടി നാളെ.

  ae jabbar, AK
  കമന്റുകൾ ഞാൻ ഡിലീറ്റ്‌ ചെയ്യുന്നു. കീടങ്ങൾക്കു് നിരങ്ങാനുള്ളതല്ല ഈ ബ്ലോഗ്‌!

   
 15. സി. കെ. ബാബു

  Aug 10, 2009 at 21:35

  എനിക്കു് സ്ഥിരമായി ബ്ലോഗ്‌ നോക്കാൻ അൽപം സമയതടസ്സമുള്ളതുകൊണ്ടു് തത്കാലത്തേക്കു് കമന്റ്‌ മോഡറേഷൻ വയ്ക്കുന്നു. സുഹൃത്തുക്കൾ ക്ഷമിക്കുക.

   
 16. Sulfikar

  Aug 11, 2009 at 09:49

  ദൈവം വളരെ കഷ്ടപ്പെട്ട് മണ്ണിനെ പണിതാനല്ലോ അല്ല സോറി മണ്ണില്‍ എന്തോ കെമിക്കല്‍ മിക്സ്‌ ചെയ്തു രൂപം ഉണ്ടാക്കിയാണല്ലോ എല്ലാം സൃഷ്ടിച്ചത് അത് അങ്ങനെ തന്നെ തുടര്‍ന്നിരുന്നെങ്ങില്‍ മനുഷ്യന് ഈ ലൈംഗികത എന്ന പാപം തന്നെ സഹിക്കേണ്ടിവരില്ലായിരുന്നു . ദൈവത്തിന്റെ ഓരോ അബദ്ധങ്ങളെ.

  നല്ല ലേഖനം. താങ്ക്യൂ ബാബുചേട്ട. Please add my email also with you.

   
 17. smitha adharsh

  Aug 11, 2009 at 12:08

  ചിന്തിപ്പിച്ച പോസ്റ്റ്‌…
  പറഞ്ഞപോലെ,ഏതിനും ഒരു അഭിപ്രായവും,മറുവശത്ത് അതിനു എതിരഭിപ്രായവും ഉണ്ടല്ലോ…

   
 18. സി. കെ. ബാബു

  Aug 11, 2009 at 18:22

  അനിൽ@ബ്ലൊഗ്‌,
  ഇസ്ലാമെന്നല്ല, ഏതു് മതവും മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളുടെയും മൊത്തവ്യാപാരികളാണെന്നാണു് അവകാശപ്പെടാറുള്ളതു്. തങ്ങളുടെ മതത്തിനു് എന്തെങ്കിലും പോരായ്മകളുണ്ടു് എന്നു് ഒരു മതം അംഗീകരിച്ചാൽ പിന്നെ ആരെങ്കിലും ആ മതത്തിൽ നിൽക്കുമോ? പോരായ്മകളുള്ള ഒരു മതത്തിന്റെ ദൈവത്തിനു് പിന്നെയെന്തു് വില? ഏറ്റവും വലിയവനും, ഏറ്റവും ശക്തനും, ഏറ്റവും ജ്ഞാനിയും, ഏറ്റവും കരുണാനിധിയും, ഏറ്റവും പ്രതികാരദാഹിയുമായ ഒരു ദൈവം സ്ഥാപിച്ച മതത്തിൽ കുറ്റങ്ങളും കുറവുകളും ഉണ്ടെന്നു് അംഗീകരിക്കുന്നതു് ആ മതത്തെ സംബന്ധിച്ചു് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടു് തെറ്റുകളെ പോലും എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ചു് ന്യായീകരിച്ചു് തന്റെ മതത്തെ സംരക്ഷിക്കാൻ വിശ്വാസികൾ ബദ്ധശ്രദ്ധരായിരിക്കും.

  "മനുഷ്യന്റെ ലൈംഗികചോദനകളെ തടയരുതു്, ശരീരത്തെ മുഴുപ്പട്ടിണിക്കിട്ടു് ഉപവാസം പാടില്ല എന്നൊക്കെ പറയുന്ന ഇസ്ലാം"! ഇതൊക്കെ ആരോ മുടങ്ങാതെ 'പറയുന്നുണ്ടു്' എന്നതു് ശരി. അവർക്കതിനു് അല്ലാഹു ഡോളറിൽ പ്രതിഫലവും നൽകുന്നുണ്ടു്. പക്ഷേ, ഇസ്ലാമിനെ സംബന്ധിച്ചു് ലക്ഷക്കണക്കിനാളുകളുടെ ജീവിതം നമ്മെ കാണിച്ചുതരുന്നതു് മറ്റൊരു ദയനീയ ചിത്രമാണു്. അതു് കാണണമെങ്കിൽ ആഫ്രിക്കയിലെ മുസ്ലീം രാജ്യങ്ങളിൽ ചെല്ലണം, അഫ്ഘാനിസ്ഥാനിൽ ചെല്ലണം, പാകിസ്ഥാനിൽ ചെല്ലണം. അപ്പോഴേ ദൈവം നൽകിയ നിയമങ്ങൾ മനുഷ്യരെ ചത്ത പുഴുക്കളെപ്പോലെ കൈകാര്യം ചെയ്യുന്നതിനായി വ്യാഖ്യാനിക്കപ്പെടുന്നതും വളച്ചൊടിക്കപ്പെടുന്നതും കാണാൻ കഴിയൂ. അപ്പോഴേ പ്രായപൂർത്തിയായ പുരുഷന്റെ 'ലൈംഗികചോദന തടയരുതെന്നു്' പഠിപ്പിച്ചതു് വിശ്വസിച്ചു് അതു് പ്രാവർത്തികമാക്കിയ സ്ത്രീകളെ പരസ്യമായി റോഡിൽ വച്ചു് ചാട്ടവാറിനടിക്കുന്നതും, തലവെട്ടുന്നതും, വെടിവച്ചുകൊല്ലുന്നതും, പൊതുസ്ഥലത്തു് സകലമനുഷ്യരും കാൺകെ തൂക്കിക്കൊന്നു് ഉയരത്തിൽ 'ഊഞ്ഞാൽ' ആട്ടുന്നതും കാണാൻ കഴിയൂ. അപ്പോഴേ, മനുഷ്യർക്കു്, പ്രത്യേകിച്ചും സ്ത്രീകൾക്കു് വിദ്യാഭ്യാസം നിഷേധിച്ചു് 'പൊട്ടിപ്പെണ്ണുങ്ങളായി' നിലനിർത്തി, അറുപതുവയസ്സുകാരൻ പത്തോ പന്ത്രണ്ടോ വയസ്സുമാത്രമുള്ള പെൺകുട്ടിയെ നിയമപരമായി 'നിക്കാഹ്‌' കഴിക്കാൻ മതപരമായ (അല്ലാഹുവിന്റെ!) അനുവാദവുമായി വരുമ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അറുക്കാൻ നിർത്തിയ ആട്ടിൻകുട്ടിയെപ്പോലെ 'ദൈവഭയത്താൽ' തലകുനിപ്പിക്കുന്നതു് നേരിട്ടു് കാണാൻ കഴിയൂ. എന്തിനു്, മനുഷ്യന്റെ ജീവനും അന്തസ്സിനും ഏറ്റവും ഉയർന്ന വിലകൽപിക്കുന്ന ജർമ്മനിയിൽ ജീവിക്കുന്ന മുസ്ലീമുകളായ തുർക്കികളുടെയിടയിൽ ചെന്നാൽ സഹോദരി ഒരു അമുസ്ലീമിനെ പ്രേമിച്ചതിന്റെ പേരിൽ, അല്ലെങ്കിൽ അവൾ പാശ്ചാത്യജീവിതരീതിയോടു് ആഭിമുഖ്യം കാണിച്ചതിന്റെ പേരിൽ, അവളെ കുത്തിയും വെട്ടിയും കൊന്നു് അല്ലാഹുവിന്റെ നീതി നടപ്പാക്കുന്ന സഹോദരന്മാരെ വരെ കാണാം. പലപ്പോഴും മാതാപിതാക്കളുടെ പിൻതുണയോടെ ചെയ്യുന്ന കുറ്റകൃത്യങ്ങൾ! പാശ്ചാത്യരാജ്യങ്ങളിൽ അല്ലാഹുവിന്റെ നീതിയല്ല, മനുഷ്യരുടെ നീതിയാണു് നിലവിലിരിക്കുന്നതെന്നതിനാൽ ഇത്തരം കാട്ടാളത്തങ്ങൾ ഭാഗ്യത്തിനു് വിരളമാണു്.

  അല്ലെങ്കിൽ കാടത്തം കാണാൻ എന്തിനു് ആഫ്രിക്കയിലും അഫ്ഘാനിസ്ഥാനിലുമൊക്കെ പോകണം? മലയാളബ്ലോഗുലോകത്തിൽ തന്നെയുണ്ടല്ലോ മുസ്ലീം സാഹോദര്യത്വത്തിന്റേയും അല്ലാഹുവിന്റെ മഹത്വത്തിന്റേയുമൊക്കെ വേണ്ടത്ര മാതൃകകൾ! മൈന എന്നൊരു സ്ത്രീബ്ലോഗറെ അസഭ്യം പറഞ്ഞതിലൂടെയും, ea jabbar എന്ന ബ്ലോഗറെ അങ്ങേയറ്റം നീചമായ രീതിയിൽ കരിതേച്ചു് കാണിച്ചു് ഇപ്പോഴും തേജോവധം ചെയ്തുകൊണ്ടിരിക്കുന്നതിലൂടെയും അല്ലാഹുവിന്റേയും ഇസ്ലാമിന്റേയും ഔന്നത്യവും സംസ്കാരസമ്പന്നതയും പ്രകടിപ്പിക്കുന്നവർ! ആരെങ്കിലും ഈ നികൃഷ്ടത ചൂണ്ടിക്കാണിച്ചാൽ ഉടനെ വരും "എല്ലാവരും അങ്ങനെയല്ലല്ലോ" എന്ന ലഘൂകരിക്കൽ. പരോക്ഷമായ ഈ പ്രോത്സാഹനമാണു് ഏറ്റവും അറപ്പുളവാക്കുന്നതു്. ശരിയാണു്, എല്ലാവരും അങ്ങനെയുള്ളവരല്ല. പക്ഷേ, അങ്ങനെയുള്ളവരല്ലാത്തവർക്കു് ഇത്തരം നികൃഷ്ടജീവികളെ മുഖമടച്ചു് ആട്ടാനുള്ള കടമയുണ്ടു്. അങ്ങനെ ചെയ്യാത്തിടത്തോളം അവർ ഇത്തരം കീടങ്ങളുടെ ചെയ്തികൾക്കു് മൗനാനുവാദം നൽകുകയാണു് ചെയ്യുന്നതു്. തന്റെ ദൈവത്തിന്റെ വലിപ്പം കാണിക്കാൻ ഇത്തരം കാട്ടാളത്തരീതികൾ തിരഞ്ഞെടുക്കുന്നവരാണു് ആ ദൈവത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. സാധാരണഗതിയിൽ ഈ ഒരൊറ്റ വസ്തുത മതി അതുപോലുള്ളവരുടെ ദൈവത്തേയും ആ ദൈവത്തിന്റെ അനുശാസനങ്ങളേയും നിരുപാധികം തള്ളിക്കളയാൻ.

   
 19. സി. കെ. ബാബു

  Aug 11, 2009 at 18:31

  =2=

  ബൈബിളും ഖുർആനും മറ്റു് വേദഗ്രന്ഥങ്ങളുമൊക്കെ അവ ഉണ്ടായ സമൂഹത്തിൽ ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന സാംസ്കാരികനിലവാരത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ പിന്നെ ഒരു പ്രശ്നവുമില്ല. പുരാതനകാലത്തെ അറേബ്യൻ പ്രദേശങ്ങളെ ഉദാഹരണമായി എടുത്തുനോക്കാം: ആടുമാടുകളുടെയും ഒട്ടകങ്ങളുടെയും ഭാര്യമാരുടെയും മക്കളുടെയും ഒക്കെ എണ്ണത്തിൽ അധിഷ്ഠിതമായി സമ്പത്തും സാമൂഹികപദവിയും നിശ്ചയിക്കപ്പെട്ടിരുന്ന കുറേ നാടോടികൾ. എതിരാളികളെ നേരിടാൻ സംഖ്യാബലം നിർണ്ണായകമായ ഒരു കാര്യമാണെന്നതു് അനുഭവങ്ങളിലൂടെ നേടിയ അവരുടെ അറിവു്. പിൻതലമുറകൾ ഉണ്ടാവുന്നതു് മൃഗങ്ങളായാലും മനുഷ്യരായാലും ഇണ ചേരുന്നതു് വഴിയാണെന്നു് ചങ്ങാതിമാർ പലവട്ടം കണ്ടറിഞ്ഞിട്ടുള്ളതിനാൽ, വ്യത്യസ്തലിംഗങ്ങൾ തമ്മിൽ ഇണചേരുന്നതുവഴിയേ വംശവർദ്ധനവു് സാദ്ധ്യമാവൂ എന്നും, അതുവഴി മാത്രമേ വേണ്ടത്ര സമ്പത്തും, സമൂഹത്തിൽ ഇത്തിരി നിലയും വിലയും ഒക്കെ ഉണ്ടാക്കുന്നതിനും സാധിക്കൂ എന്നും അവർ മനസ്സിലാക്കി. സ്വവർഗ്ഗാനുരാഗം കൊണ്ടു് അത്തരം പ്രയോജനമൊന്നും ഇല്ലെന്നും, ഭൂരിപക്ഷവും സ്വവർഗ്ഗനുരാഗികൾ അല്ലെന്നും തലമൂത്ത താടിക്കാരന്മാർ കാലക്രമേണ മനസ്സിലാക്കി. പിന്നെ കൽപനയിറങ്ങാൻ അധികം താമസിച്ചില്ല: "സ്വവർഗ്ഗാനുരാഗം പാപവും നിഷിദ്ധവുമാണു്. അതു് ദൈവത്തിനു് ഇഷ്ടമല്ല." ദൈവത്തിന്റെ ജാമ്യം പോലെ ഇടിച്ചാൽ പൊട്ടാത്ത ജാമ്യം വേറെയില്ല. ദൈവം ജാമ്യമെടുത്ത ഒരു കാര്യത്തെ ഒരുമാതിരിക്കാർ എതിർക്കാൻ ധൈര്യപ്പെടുകയുമില്ല. ഇനി അഥവാ ഒന്നോ രണ്ടോ പേർ എതിർത്താൽ അവരെ ഇരു ചെവിയറിയാതെ കാലപുരിയ്ക്കയക്കും. എതിരാളികളുടെ എണ്ണം കൂടുതലാണെന്നു് തോന്നിയാൽ അവരെ നേരിടാനാണു് ദൈവനാമത്തിലെ വിശുദ്ധയുദ്ധങ്ങൾ. സ്വാഭാവികമായും അങ്ങനെയൊരു യുദ്ധം അനിവാര്യമാണെന്നു് ദൈവം തക്കസമയത്തുതന്നെ വേണ്ടപ്പെട്ടവർക്കു് പ്രത്യക്ഷപ്പെട്ടു് അറിയിച്ചിരിക്കും.

  ഇന്നത്തെ മനുഷ്യരുടെ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളെപ്പറ്റി അർത്ഥപൂർവ്വമായ ഒരു വാക്കെങ്കിലും പറയാനുള്ള യോഗ്യത മതപ്രതിനിധികൾക്കില്ല, ഉണ്ടാവുകയുമരുതു്. അതു് സ്വവർഗ്ഗാനുരാഗമായാലും ശരി, മറ്റെന്തുതന്നെയായാലും ശരി. സോദോം-ഗോമോറാ എന്നീ പട്ടണങ്ങളെ ഗന്ധകവും തീയുമിറക്കി യഹോവ നശിപ്പിച്ചതു് അവിടത്തെ ജനങ്ങൾ സ്വവർഗ്ഗാനുരാഗികൾ ആയിരുന്നതുകൊണ്ടാണെന്നു് ബൈബിളിലെ കഥാപ്രസംഗം! ആ മനുഷ്യരെയും ആ ദൈവം തന്നെ സൃഷ്ടിച്ചതായിരിക്കണമല്ലോ! അവരെ മാനസാന്തരപ്പെടുത്താനായി ഒരു മാരാമൺ കൺവെൻഷൻ നടത്താൻ ദൈവത്തിനു് തോന്നാതിരുന്നതു് ഉച്ചഭാഷിണി ഇല്ലാത്തതുകൊണ്ടായിരുന്നിരിക്കും! സോദോം-ഗോമോറയിൽ നിന്നും അപ്പോൾ ദൈവം രക്ഷപെടുത്തുന്നതു് ലോത്തിനേയും രണ്ടു് പെണ്മക്കളെയും മാത്രം! അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു് മയക്കി അവനിൽ നിന്നും ഗർഭിണികളാവുന്നു – ലോകം മനുഷ്യശൂന്യമാവാതിരിക്കാൻ! അങ്ങനെ അവരിൽ നിന്നും ജനിച്ച രണ്ടു മക്കളുടെ വംശപരമ്പരയാണു് മോവാബ്യരും അമ്മോന്യരും! ഈ നുണക്കഥ എഴുതിയവനോടും യഹോവയോടും ഒരു ചോദ്യം: സോദോം-ഗോമോറാ ദഹനത്തിനു് തൊട്ടു് ശേഷമുള്ള ലോകത്തിൽ പഴയതുപോലെതന്നെ മോവാബ്യരും അമ്മോന്യരുമല്ലാതെ വേറെ പല ജാതികളുമുണ്ടായിരുന്നല്ലോ. അതിനർത്ഥം, സോദോം-ഗോമോറാ നശിച്ചു എന്നതുകൊണ്ടു് ലോകം മുഴുവൻ നശിച്ചിരുന്നില്ല എന്നല്ലേ? പിന്നെ, എന്താണു് പ്രിയപ്പെട്ട ദൈവമായ യഹോവേ, ലോത്തിന്റെ പെണ്മക്കൾക്കു് ലോത്തിൽനിന്നുതന്നെ ഗർഭം ധരിക്കണം എന്നൊരു കൊടിയ നിർബന്ധം തോന്നാനുള്ള കാരണം? ഒരു സ്വയംപരാഗണം ഒഴിവാക്കുന്നതായിരുന്നില്ലേ കൂടുതൽ 'ശാസ്ത്രീയം'? നുണ പറയാം, പക്ഷേ, ദൈവത്തിനു് യോഗ്യമല്ലാത്ത വിധം നാണം കെട്ട നുണ പറയാമോ ബഹുമാന്യനായ ബൈബിൾ രചയിതാവേ?

  സ്വവർഗ്ഗാനുരാഗം എന്നതു് മനുഷ്യരെ തീയും ഗന്ധകവും ഇറക്കി കത്തിച്ചു് കൊല്ലാൻ മതിയായ പാപമാണെന്നു് കരുതുന്ന ദൈവത്തിന്റെ ദൃഷ്ടിയിൽ പെണ്മക്കൾ അപ്പനിൽ നിന്നും കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതു് തികച്ചും ധാർമ്മികമായ കാര്യം!

  (എല്ലാ കുറ്റങ്ങൾക്കും പാപങ്ങൾക്കും ഉത്തരവാദികൾ ബൈബിളിന്റെ ലോകത്തിൽ സ്ത്രീകളാണു്. ലോകാരംഭത്തിൽ ആദാമിനെ വഴിപിഴപ്പിച്ചതും പെണ്ണായ ഹവ്വയായിരുന്നല്ലോ! കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും യേശുവിനെ ജനിപ്പിക്കാൻ ദൈവത്തിനു് മറിയയുടെ സഹായം വേണ്ടി വന്നു! മണ്ണുകുഴച്ചാൽ കയ്യിൽ ചെളിപറ്റുമെന്നു് ആദ്യത്തെ അനുഭവം കൊണ്ടുതന്നെ ദൈവത്തിനു് പിടികിട്ടി.)

   
 20. സി. കെ. ബാബു

  Aug 11, 2009 at 18:33

  =3=

  മുസ്ലീമുകളോ, ക്രിസ്തീയ പിതാക്കളോ, ദൈവത്തിന്റെ മറ്റു് അളിയന്മാരോ അമ്മാവന്മാരോ സ്വവർഗ്ഗാനുരാഗത്തെ എതിർക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ ഇതൊക്കെയാണു്. ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ ശ്രദ്ധ നൽകാൻ പോലും വിലയില്ലാത്ത കാരണങ്ങൾ. വേദഗ്രന്ഥങ്ങളിലെ ഒരുതെറ്റു് അംഗീകരിക്കുകയെന്നാൽ ബാക്കി മുഴുവൻ വചനങ്ങളും ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുകയാവും ഫലം. നുണയുടെ മീതെ നുണ അടുക്കിവച്ചു് മനുഷ്യരെ പറ്റിച്ചതിന്റെ 'ശാപം'. പണ്ടേതോ നാടോടി സമൂഹങ്ങളിൽ എഴുതിവച്ച മണ്ടത്തരങ്ങൾ academic interest-ന്റെ പേരിൽ വേണമെങ്കിൽ വായിച്ചു് നോക്കാമെന്നല്ലാതെ, അതിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾക്കു് യുക്തിയും ന്യായീകരണവുമൊക്കെ തേടി തല പുകയ്ക്കുക എന്നാൽ നമ്മൾ പോലീസ്‌ അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടിയ മണ്ടന്മാരായി അധഃപതിക്കുക എന്നേ അർത്ഥമുള്ളു.

   
 21. സി. കെ. ബാബു

  Aug 11, 2009 at 18:35

  Sulfikar, smitha adarsh,
  നന്ദി.

   
 22. വികടശിരോമണി

  Aug 11, 2009 at 18:59

  നല്ല ലേഖനം,മാഷേ.
  ഞാനും ഈ വിഷയത്തിൽ ബ്ലോഗിൽ എഴുതിയിരുന്നു.വീക്ഷണകോണുകളുടെ വ്യത്യാസം മാത്രം.അടിസ്ഥാനനിലപാടുകൾ സമാനം.
  സൂരജിന്റെ പോസ്റ്റിനൊപ്പം ഇതും ചേർത്തു വെക്കുന്നു.
  അഭിനന്ദനങ്ങൾ,ഒരിക്കൽക്കൂടി.

   
 23. chithrakaran:ചിത്രകാരന്‍

  Aug 11, 2009 at 20:42

  മനുഷ്യ സ്വാതന്ത്ര്യത്തിനു ഒഴിച്ചുകൂടാനാകാത്ത പുരോഗമനാത്മകമായ ഒരു വിധി വന്നപാടെ വിവിധ മതഭ്രാന്തന്മാര്‍ പ്രതിഷേധവുമായി ചാടിവീനത് സ്വാഭാവികം.
  ജനങ്ങള്‍ എന്നും മന്ദബുദ്ധികളായ വിശ്വാസികളായി നിലനില്‍ക്കേണ്ടത് പുരോഹിതന്‍ മാരുടെയും മത മേലാധികാരികള്ടെയും ആധിപത്യം നിലനിര്‍ത്താന്‍ ആവശ്യം ആണ് . പ്രതിഷേധത്തിന്റെ രാഷ്ട്രീയം അതുതന്നെ.

  സത്യത്തില്‍ നമ്മുടെ പള്ളിയിലെ അച്ഛന്‍മാക്കൊന്നും സ്വവര്‍ഗ്ഗ ലൈംഗീകത യെക്കുരിച്ച്ച് പ്രതിഷേധിക്കാന്‍ അര്‍ഹതയില്ല. "കയ്യില്പിടിക്കാത്തവര്‍ കല്ലെറിയട്ടെ" എന്നല്ലേ പണ്ട് കര്‍ത്ത്താവ് പറഞ്ഞിരിക്കുന്നത് !
  ഇതു പ്രകാരം ഏത്‌ പള്ളില്‍അച്ഛനാണ് കല്ലെറിയാന്‍ യോഗ്യത?
  മാത്രമല്ല സ്വവര്‍ഗ്ഗ ലൈംഗീകത ഏറ്റവും കൂടുതല്‍ പള്ളില്‍ അച്ഛന്മാര്‍ക്കിടയിലാണ് പ്രചാരത്തിലിരിക്കുക.(അച്ഛന്മാര്‍ സത്യസന്ധരും സന്മാര്‍ഗ്ഗ ചിന്തയുള്ള വരുമാനെന്കില്‍ ) എന്നാല്‍ അഭയമാര്‍ സാക്ഷ്യപ്പെടുത്തുന്നത് അച്ചന്മാര്‍ക്ക്‌ വേണ്ടിയാണ് കര്‍ത്താവിന്റെ മണവാട്ടികളെ കൊന്വേന്റുകളില്‍ ഇരച്ചിക്കൊഴികളായി വളര്‍ത്തപ്പെടുന്നത് എന്നാണല്ലോ ! ഹൂറിമാരാല്‍ സമ്പന്നമായ ഈ സ്വര്‍ഗ്ഗ ലോകം നിലനിര്‍ത്ത്താന്‍ കഴിയുന്നത്ര കാലം സ്വാതന്ത്ര്യ ചിന്തകളെ മരവിപ്പിക്കുക എന്നത് ഏത്‌ പള്ളിയില്‍ അച്ഛന്‍ റെയും അജണ്ടയാകാതിരുന്നാലെ അത്ഭുതമുള്ളൂ.

  ബാബുവിന്റെ ലേഖനം സമഗ്രമായി തന്നെ ഈ വിഷയം ചര്‍ച്ചചെയ്യുന്നു. ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

   
 24. ചാണക്യന്‍

  Aug 11, 2009 at 22:50

  നല്ല ലേഖനം മാഷെ…
  കാഴ്ച്ചപ്പാടിലെ പുതുമ അഭിനന്ദനീയം…

   
 25. സി. കെ. ബാബു

  Aug 13, 2009 at 09:29

  വികടശിരോമണി, ചിത്രകാരൻ, ചാണക്യൻ,

  വായനക്കും പ്രോത്സാഹനത്തിനും നന്ദി.

  'സത്യാന്വേഷി'യോടു്,
  മതങ്ങളുടെ 'മതങ്ങളുടേതല്ലാത്തതു്' എന്ന മുഖംമൂടിവച്ചതും അല്ലാത്തതുമായ ഒരുപാടു് 'സത്യങ്ങൾ' വായിച്ചും, കണ്ടും, അനുഭവിച്ചുമാണു് ഞാൻ ഇന്നു് നിൽക്കുന്നിടത്തു് എത്തിയതു്. അതുകൊണ്ടു്, വീണ്ടും അവിടേക്കു് ഒരു തിരിച്ചുപോക്കിനു് ആഹ്വാനം ചെയ്യുന്ന പരസ്യങ്ങൾ ഇവിടെ വേണ്ട.

   
 26. vegad joseph

  Aug 21, 2009 at 04:08

  കുണ്ടന്‍ പണി ,കോഴികോടന്‍ പണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന -ആണ്‍കുട്ടികളെ ഉപയോഗിക്കുന്ന — ലൈംഗീക രീതി ഏറ്റവും കൂടുതല്‍ ഉള്ളത് (അഗ്രച്ചര്മം മുറിച്ചുകളുയുന്ന ) സുന്നത്ത് നടത്തുന്ന സമൂഹങ്ങല്കിടയിലാണ് ഉദാഹരണത്തിന് മുസ്ലിങ്ങല്കിടയിലും ജൂതന്മാരിലും .ഇതു നിഷേധിക്കാന്‍ യേത് ” സത്യാ വിശ്വാസിക്കാവും ” ? .ഈ ഒരു ഒറ്റ കാര്യം അപഗ്രധിച്ച്ചു പഠിച്ചാല്‍ യേത് ” സത്യാ വിശ്വാസിയുടെയും ബുദ്ധ്തി തെളിയും

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: