ഇപ്പോൾ മുതൽ പരിഹാസ്യമായ ഒരു പ്രശ്നം ആവിർഭവിച്ചു: “ദൈവത്തിനു് എങ്ങനെ ഇതു് അനുവദിക്കാൻ കഴിഞ്ഞു?” ആകെ താറുമാറിലായിരുന്ന ആ ചെറിയ സമൂഹം അതിനു് കണ്ടെത്തിയ അങ്ങേയറ്റം ഭയാനകവും യുക്തിഹീനവുമായ മറുപടി: “മനുഷ്യരുടെ പാപമോചനത്തിനുള്ള ബലിയായി ദൈവം അവന്റെ സ്വന്തമകനെ നൽകി”. അങ്ങനെ ഒറ്റയടിക്കു് സുവിശേഷത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു! “പാപപരിഹാരബലി” എന്നതു് അതിന്റെ ഏറ്റവും ബീഭത്സമായ, കിരാതമായ രൂപത്തിൽ, കുറ്റവാളികളുടെ പാപമോചനത്തിനായി കുറ്റമില്ലാത്തവനെ ബലികഴിക്കുക! എത്ര ഭീകരമായ വിഗ്രഹാരാധന!
“പാപം” എന്ന ആശയം തന്നെ യേശു ഇല്ലാതാക്കിയിരുന്നു – ദൈവവും മനുഷ്യനും തമ്മിലുള്ള പിളർപ്പു് അവൻ നിരാകരിച്ചിരുന്നു, ദൈവവും മനുഷ്യനും തമ്മിലുള്ള ഈ ഏകത്വം അവൻ തന്റെ “സന്തോഷകരമായ സന്ദേശ”ത്തിലൂടെ ജീവിക്കുകയായിരുന്നു. അല്ലാതെ പ്രത്യേകാവകാശം ആയിട്ടല്ല. ഇപ്പോൾ മുതൽ ചുവടുചുവടായി രക്ഷകന്റെ ചിത്രത്തിലേക്കു് പ്രവേശിപ്പിക്കപ്പെട്ടവ: ന്യായവിധിയുടേയും തിരിച്ചുവരവിന്റേയും അനുശാസനം, കുരിശുമരണത്തെ ബലിമരണമാക്കുന്ന അനുശാസനം, പുനരുത്ഥാനത്തിന്റെ അനുശാസനം – അതെല്ലാംവഴി “അനുഗ്രഹം” എന്ന ആശയം മുഴുവൻ, സുവിശേഷത്തിന്റെ ഒരേയൊരു യാഥാർത്ഥ്യം മുഴുവൻ ആഭിചാരം ചെയ്യപ്പെട്ടു – മരണാനന്തരമുള്ള ഒരു ജീവിതാവസ്ഥക്കു് സഹായകമാവും വിധം.
യഹൂദഗുരുസഹജമായ അധികപ്രസംഗസ്വഭാവക്കാരൻ എന്ന വിശേഷണത്തിനു് എല്ലാ വിധത്തിലും യോഗ്യനായ പൗലോസ് ഈ ആശയത്തെ, ആശയമെന്ന ഈ അശ്ലീലത്തെ ലോജിക്കലാക്കി മാറ്റിയതു് ഇങ്ങനെ: “ക്രിസ്തു മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ വിശ്വാസം വ്യർത്ഥമാണു്.” – അതോടെ ഒറ്റ മാത്രയിൽ സുവിശേഷം എന്നതു് ഒരിക്കലും പൂർത്തീകരിക്കപ്പെടാൻ കഴിയാത്തതും, വാഗ്ദാനങ്ങളിൽ വച്ചു് ഏറ്റവും നിന്ദ്യമായതുമായ, വ്യക്തിയുടെ അനശരത്വം എന്ന അസംഗത അനുശാസനമായി മാറി. പൗലോസ് തന്നെ അതൊരു പ്രതിഫലം ആണെന്നു് പഠിപ്പിക്കുകയായിരുന്നു!
കുരിശിലെ മരണത്തോടെ അന്ത്യം കണ്ടതു് എന്താണെന്നു് വ്യക്തം: വാഗ്ദത്തം മാത്രമല്ലാതെ, ഭൂമിയിലെ യഥാർത്ഥമായ സന്തോഷത്തിനു് അനുയോജ്യമായ, ബുദ്ധമതാടിസ്ഥാനത്തിലുള്ള ഒരു സമാധാനപ്രസ്ഥാനത്തിന്റെ പുതിയതും, പൂർണ്ണമായും മൗലികമായതുമായ ഒരു അടിത്തറ. അതിനു് – അതു് ഞാൻ മുൻപും സൂചിപ്പിച്ചിരുന്നു – ഈ രണ്ടു് ക്ഷയോന്മുഖമതങ്ങളും തമ്മിൽ നിലനിൽക്കുന്ന അടിസ്ഥാനപരമായ വ്യത്യാസം: ബുദ്ധമതം ഒന്നും വാഗ്ദാനം ചെയ്യുന്നില്ല, പക്ഷേ നിറവേറ്റുന്നു, ക്രിസ്തുമതം എല്ലാം വാഗ്ദാനം ചെയ്യുന്നു, പക്ഷേ ഒന്നും നിറവേറ്റുന്നില്ല. – “സന്തോഷകരമായ സന്ദേശത്തിന്റെ” കാലടികളെ പിൻതുടർന്നതു് ഏറ്റവും ചീത്തയായവയായിരുന്നു: അതായതു്, പൗലോസിന്റേതു്. “സന്തോഷകരമായ സന്ദേശകാരന്റെ” നേർവിപരീതമായ വെറുപ്പിലെ ജീനിയസ്, വെറുപ്പിന്റെ ദർശനത്തിലെ, വെറുപ്പിന്റെ ഒരിക്കലും വഴങ്ങാത്ത ലോജിക്കിലെ ഗുണങ്ങൾ പൗലോസിൽ മൂർത്തീകരിക്കപ്പെടുന്നു. വെറുപ്പിനുവേണ്ടി ഈ “ദുർവിശേഷകൻ” എന്തെന്തെല്ലാം ബലികഴിച്ചില്ല? എല്ലാറ്റിലുമുപരി രക്ഷകനെത്തന്നെ: അവൻ അവനെ അവന്റെ കുരിശിൽ തറച്ചു. യേശുവിന്റെ ജീവിതം, ഉദാഹരണം, അനുശാസനം, മരണം, സുവിശേഷത്തിന്റെ മുഴുവൻ അർത്ഥവും നീതിയും – തനിക്കു് വേണ്ടതെന്തെന്നു് വെറുപ്പിന്റെ ഈ കള്ളനാണയക്കാരൻ മനസ്സിലാക്കിയതോടെ അവയിലൊന്നും ബാക്കി വന്നില്ല. യാഥാർത്ഥ്യമില്ല, ചരിത്രപരമായ സത്യമില്ല! ഒരിക്കൽ കൂടി യഹൂദന്റെ പൗരോഹിത്യ-സഹജവാസന അതേ കുറ്റകൃത്യം ചരിത്രത്തോടു് ചെയ്തു – ക്രിസ്തീയതയുടെ ഇന്നലെയും മിനിഞ്ഞാന്നും അവൻ കേവലം വെട്ടിത്തിരുത്തി, അവൻ ആദ്യകാല ക്രിസ്തീയതയുടെ ഒരു ചരിത്രം കണ്ടുപിടിച്ചു. പോരെങ്കിൽ: തന്റെ പ്രവൃത്തിയുടെ മുൻചരിത്രം ആകത്തക്കവിധത്തിൽ അവൻ യിസ്രായേലിന്റെ ചരിത്രത്തെ ഒരിക്കൽ കൂടി തിരുത്തിക്കുറിച്ചു: എല്ലാ പ്രവാചകന്മാരും തന്റെ രക്ഷകനെപ്പറ്റിയാണു് പറഞ്ഞതു്! പിന്നീടു് ക്രിസ്തുസഭ മാനവചരിത്രത്തെത്തന്നെ ക്രിസ്തീയതയുടെ മുൻചരിത്രമായി തിരുത്തിയെഴുതി.
രക്ഷകന്റെ രൂപം, അനുശാസനം, പ്രവർത്തനം, മരണം, മരണത്തിന്റെ അർത്ഥം, മരണത്തിന്റെ ശേഷമുള്ളവ പോലും – ഒന്നും സ്പർശിക്കപ്പെടാതിരുന്നില്ല, ഒന്നിനും യാഥാർത്ഥ്യവുമായി സാമ്യം പോലും ഉണ്ടായിരുന്നില്ല. ആ മുഴുവൻ അസ്തിത്വത്തിന്റേയും ഗുരുത്വകേന്ദ്രം ആ അസ്തിത്വത്തിന്റെ ശേഷത്തിലേക്കു് പൗലോസ് കേവലമായി മാറ്റിസ്ഥാപിച്ചു – “പുനരുത്ഥാനം ചെയ്ത” യേശു എന്ന നുണയിലേക്കു്. രക്ഷകന്റെ ജീവിതം കൊണ്ടു് അടിസ്ഥാനപരമായി പൗലോസിനു് യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല – അവനു് വേണ്ടതു് കുരിശിലെ മരണവും ഒരൽപംകൂടിയും മാത്രമായിരുന്നു.
stoic പ്രബോധോദയകേന്ദ്രം തറവാടായിരുന്ന ഒരു പൗലോസ്, രക്ഷകൻ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായി തനിക്കുണ്ടായ ഒരു മായാദൃശ്യം ചെത്തിമിനുക്കുമ്പോൾ അവനെ സത്യസന്ധനായി പരിഗണിക്കുക, അല്ലെങ്കിൽ, അതുപോലൊരു മായാദൃശ്യം തനിക്കുണ്ടായി എന്നു് വർണ്ണിക്കുമ്പോൾ തന്നെ അവനെ വിശ്വസിക്കുക എന്നതു് ഒരു മനഃശാസ്ത്രജ്ഞനെസംബന്ധിച്ചു് യഥാർത്ഥത്തിൽ ഭോഷത്തമായിരിക്കും: പൗലോസിനു് തന്റെ ലക്ഷ്യം ആവശ്യമായിരുന്നു, അതുകൊണ്ടു് ഒരു മാർഗ്ഗവും ആവശ്യമായിരുന്നു. അവൻ സ്വയം വിശ്വസിക്കാത്ത കാര്യം, ഏതു് വിഡ്ഢികളുടെ ഇടയിലാണോ അവൻ അത്തരം അനുശാസനങ്ങൾ പ്രസംഗിച്ചതു്, അവർ അതൊക്കെ വിശ്വസിച്ചു. – അധികാരമായിരുന്നു അവന്റെ ആവശ്യം; പൗലോസിലെ പൗരോഹിത്യം ഒരിക്കൽ കൂടി അധികാരത്തിലെത്താൻ ആഗ്രഹിച്ചു – സാമാന്യജനങ്ങളിൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ, അവരെ പറ്റങ്ങളാക്കിമാറ്റാൻ പര്യാപ്തമായ പദങ്ങളും, അനുശാസനങ്ങളും, പ്രതീകങ്ങളും മാത്രമേ അവനു് ആവശ്യമുണ്ടായിരുന്നുള്ളു. എന്തായിരുന്നു പിൽകാലത്തു് മുഹമ്മദ് ക്രിസ്തീയതയിൽ നിന്നും കടമെടുത്ത ഒരു കാര്യം? പൗലോസിന്റെ കണ്ടുപിടുത്തം, പൗരോഹിത്യസ്വേച്ഛാധിപത്യത്തിനുള്ള അവന്റെ മാർഗ്ഗം, പറ്റങ്ങളുടെ രൂപീകരണം: വ്യക്തിയുടെ അനശരത്വത്തിലുള്ള വിശ്വാസം – എന്നുവച്ചാൽ “അന്ത്യന്യായവിധി” എന്ന അനുശാസനം.
ജീവിതത്തിന്റെ ഗുരുത്വകേന്ദ്രം ജീവിതത്തിൽ തന്നെയല്ലാതെ, “അതിനപ്പുറത്തേക്കു്” – ശൂന്യതയിലേക്കു് – മാറ്റിസ്ഥാപിക്കുമ്പോൾ ജീവിതത്തിന്റെ ഗുരുത്വകേന്ദ്രത്തെ അപ്പാടെ എടുത്തു് കളയുകയാണു് നമ്മൾ ചെയ്യുന്നതു്. വ്യക്തിയുടെ അനശ്വരത എന്ന വലിയ നുണ എല്ലാ യുക്തിയേയും, ജന്മവാസനകളിലെ എല്ലാ പ്രകൃത്യനുസൃതയേയും നശിപ്പിക്കുന്നു – ജന്മവാസനകളിലെ ഉദാരപ്രകൃതിയായ, ജീവിതാഭിവൃദ്ധിക്കു് സഹായകമായ, ഭാവി ഉറപ്പു് നൽകുന്നതായ എല്ലാം അപ്പോൾ ശങ്കാധീനമാവുന്നു. ജീവിക്കുന്നതിനു് യാതൊരു അർത്ഥവുമില്ലാത്ത വിധത്തിൽ ജീവിക്കുക എന്നതു് അപ്പോൾ ജീവിതത്തിന്റെ അർത്ഥമായി മാറുന്നു…
ബിനോയ്//Binoy
Aug 3, 2009 at 11:08
പൗരോഹിത്യത്തിന്‍റെ ചെരുപ്പുകള്‍ക്കായി മുറിച്ച് മിനുക്കിയെടുത്ത പ്രവാചകപാദങ്ങള്‍. പ്രക്രീയ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ബാബുമാഷേ നന്ദി 🙂
chithrakaran:ചിത്രകാരന്‍
Aug 3, 2009 at 16:42
എത്ര നൂറ്റാണ്ടുകള്‍ വേണമെങ്കിലും അവര്‍ അടിമത്വത്തിന്റെ കുരിശു ചുമന്നുകൊള്ളും !!!!
ജനത്തിന് പ്രതീക്ഷ നല്‍കുന്ന മനോഹരമായ ഒരു നുണക്കഥ … അത്രയേ പൌരോഹിത്യശക്തിയുടെ കേന്ദ്രീകരണത്തിന് ആവശ്യമുള്ളു.
ഗുരുജി
Aug 4, 2009 at 04:12
പൗരോഹിത്യം ശാപമാണു.
ആത്മീയതയെ ബാധിച്ച
മാറാ രോഗം
സി. കെ. ബാബു
Aug 5, 2009 at 09:19
ബിനോയ്, ചിത്രകാരൻ, ഗുരുജി,
നന്ദി.
suraj::സൂരജ്
Aug 6, 2009 at 00:57
കര്‍ട്ടന്‍ റെയ്സറാണെന്ന് കരുതുന്നു…
ങാ ങാ പോരട്ടെ, പോരട്ടെ.
സി. കെ. ബാബു
Aug 8, 2009 at 09:24
സൂരജ്,
🙂
Oru palakkadan
Sep 26, 2013 at 09:21
ക്രിസ്തുവിന്റെ സത്യസുവിശേഷ പ്രചരണം പരിശുദ്ധമായ അവസ്ഥയില്‍ അപ്പൊസ്തലന്‍മാരിലൂടെ നടക്കുന്ന സമയത്ത് തന്നെ അവര്‍ക്ക് വിരുദ്ധമായി വ്യാജ സുവിശേഷം പ്രചരിപ്പിച്ചുകൊണ്ട് ആശയ കുഴപ്പം സൃഷ്ടിച്ച വ്യക്തിയാണ് പൌലോസ്. ഇക്കാര്യം അപ്പൊസ്തലന്‍മാര്‍ അന്നുതന്നെ തിരിച്ചറിഞ്ഞിട്ടുള്ളതും അവര്‍ക്ക് വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ആശയത്തെ പുറത്താക്കികൊണ്ട് വിധി പറഞ്ഞതുമാണ്. ഇത്രയും മനസ്സിലായതിന് ശേഷവും ആരെങ്കിലും പൌലോസിനെ ന്യായീകരിക്കുകയും അപ്പൊസ്തലന്മാരെ സംശയിക്കുകയും ചെയ്യുന്നുവെങ്കില്‍ മറ്റൊരര്‍ഥത്തില്‍ അവര്‍ വാദിക്കുന്നത് മഹാനായ യേശുവിന്റെ പ്രവര്‍ത്തനവും പ്രാര്‍ഥനയും പാഴായി പോയെന്നാണ്.