RSS

മനുവിന്റെ നിയമങ്ങളും ക്രിസ്തീയതയും

20 Jul
(നീറ്റ്‌സ്‌ഷെയുടെ Antichrist-ൽ നിന്നും – ഒരു സ്വതന്ത്ര പരിഭാഷ)
മനുവിന്റെ നിയമങ്ങളുടെയും ക്രിസ്തീയതയുടെയും ഉദ്ദേശ്യങ്ങൾ താരതമ്യം ചെയ്താൽ, അവയുടെ ഉദ്ദേശ്യങ്ങളിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളെ ശക്തമായ വെളിച്ചത്തിലേക്കു് കൊണ്ടുവന്നാൽ, ക്രിസ്തീയതയുടെ ഉദ്ദേശ്യത്തിന്റെ അപവിത്രത വളരെ സ്പഷ്ടമാവും. അപ്പോൾ ക്രിസ്തീയതയെ നിന്ദ്യമാക്കാതിരിക്കാൻ ക്രിസ്തീയതയുടെ വിമർശകർക്കു് കഴിയാതെ വരും. മനുവിന്റേതു് പോലുള്ള ഒരു നീതിശാസ്ത്രഗ്രന്ഥം രൂപമെടുക്കുന്നതു് ഏതൊരു നല്ല നിയമഗ്രന്ഥവും രൂപമെടുക്കുന്നതുപോലെയാണു്: അതു് സുദീർഘമായ നൂറ്റാണ്ടുകളിലെ അനുഭവജ്ഞാനത്തെ, ദീർഘദൃഷ്ടിയെ, പരീക്ഷണാധിഷ്ഠിതധാർമ്മികതയെ സംക്ഷേപിക്കുകയാണു് ചെയ്യുന്നതു്; അവസാനം അതൊരു തീരുമാനത്തിലെത്തിച്ചേരുന്നു, പുതിയതൊന്നും അതു് നിർമ്മിക്കുന്നില്ല. ഏറെ നഷ്ടങ്ങൾ സഹിച്ചു്, സാവധാനം നേടിയെടുത്ത ഒരു സത്യത്തിനു് ആധികാരികത ഉറപ്പു് വരുത്തുക എന്ന ഉപാധിയിൽ അധിഷ്ഠിതമായ അതുപോലുള്ള ഒരു നിയമസംഹിതയുടെ മുൻവ്യവസ്ഥകളുടെ അടിസ്ഥാനം അവയെ തെളിയിക്കുന്നതിനുള്ള ഉപാധികളിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമാണു്. ഒരു നീതിശാസ്ത്രസംഹിത ഒരിക്കലും ഒരു നിയമത്തിന്റെ ഭൂതകാലചരിത്രത്തിലെ പ്രയോജനത്തെപ്പറ്റിയോ, അടിസ്ഥാനത്തെപ്പറ്റിയോ, കാര്യകാരണങ്ങളെപ്പറ്റിയോ വിവരിക്കുന്നില്ല: അങ്ങനെ ചെയ്താൽ, അതിന്റെ ആജ്ഞാസ്വഭാവം (imperative tone), അഥവാ, അനുസരിക്കപ്പെടുന്നതിനുള്ള മുൻവ്യവസ്ഥയായ “നീ ഇന്നതു് ചെയ്യണം” (അല്ലെങ്കിൽ “നീ ഇന്നതു് ചെയ്യരുതു്”) എന്ന വിധിരൂപം, അതിനു് നഷ്ടമാവും. പ്രശ്നം സ്ഥിതി ചെയ്യുന്നതും കൃത്യമായി ഇവിടെത്തന്നെയാണു് .ഒരു ജനവിഭാഗത്തിന്റെ വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ, അതിലെ ഏറ്റവും ജാഗരൂകരായവരുടെ നിരയിലെ (circumspect stratum), അഥവാ, പിൻ-മുൻ-വീക്ഷണശേഷിയുള്ളവരുടെ നിരയിലെ മനുഷ്യർ, ആ ജനവിഭാഗത്തിനു് ജീവിക്കാൻ വേണ്ടതായ – എന്നുവച്ചാൽ, ജീവിക്കാൻ കഴിയേണ്ടതായ – അനുഭവജ്ഞാനശേഖരണം പൂർത്തീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നു. പരീക്ഷണകാലഘട്ടങ്ങളിലെ തിക്തമായ അനുഭവങ്ങളുടെ വിളവു് കഴിയുന്നത്ര സമൃദ്ധവും പൂർണ്ണവുമായി വീട്ടിലെത്തിക്കുക എന്നതാണു് അവർ ലക്ഷ്യമാക്കുന്നതു്. തൻനിമിത്തം, എല്ലാറ്റിലുമുപരിയായി അപ്പോൾ തടയപ്പെടേണ്ടതു്, അവയിലെ തുടർന്നുള്ള പരീക്ഷണങ്ങളാണു്, മൂല്യങ്ങളുടെ ദ്രാവകാവസ്ഥയിലുള്ള തുടർച്ചയാണു്, പരിശോധനകളും, തിരഞ്ഞെടുക്കലുകളും, മൂല്യങ്ങളുടെ അനന്തമായ വിമർശനവുമാണു്. അതിനാൽ, തടയപ്പെടേണ്ടവ സംഭവിക്കാതിരിക്കാൻ ഒരു ഇരട്ടമതിൽ പണിതുയർത്തപ്പെടുന്നു: ഒന്നാമതു് വെളിപാടിന്റേതു്, അതായതു്, ഈ നിയമങ്ങളിലെ യുക്തിയുടെ ഉറവിടം മാനുഷികമല്ല, അഥവാ, അവ തെറ്റുകളിലൂടെയും തിരുത്തലുകളിലൂടെയും മനുഷ്യർ തന്നെ സാവധാനം കണ്ടെത്തിയ നിയമങ്ങളല്ല, പകരം, ദൈവികമായ ഉറവിടത്തിൽ നിന്നും ലഭിച്ചവയാണു്, പരിപൂർണ്ണമാണു് , സമഗ്രമാണു്, ഒരു ചരിത്രം ഇല്ലാത്തതാണു്, ഒരു സമ്മാനമാണു്, ഒരു അത്ഭുതമാണു്, (ദൈവത്തിൽ നിന്നും) പകർന്നു് കിട്ടിയതുമാത്രമാണു്. രണ്ടാമത്തെ മതിൽ പാരമ്പര്യത്തിന്റേതാണു്, അതായതു്, ഈ നിയമങ്ങൾ അനാദികാലം മുതലേ നിലനിൽക്കുന്നവയാണെന്നും, അതിനാൽ അവയെ സംശയിക്കുക എന്നതു് പൂർവ്വികരോടുള്ള അനാദരവും മഹാപാതകവുമാണെന്നുമുള്ള അവകാശവാദം. “ദൈവം അതു് തന്നു, പൂർവ്വികർ അതു് ജീവിച്ചു” എന്ന അടിത്തറയിലാണു് ഇത്തരം നിയമങ്ങളുടെ പ്രാമാണികത്വം നിലനിൽക്കുന്നതു്. അന്തർബോധത്തെ ചുവടു് ചുവടായി ശരിയെന്നു് തിരിച്ചറിഞ്ഞ (അതായതു്, കഠിനമായതും കർശനമായി അരിക്കപ്പെട്ടതുമായ അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ട) ജീവിതത്തിൽ നിന്നും പിൻതള്ളുക എന്നതിലാണു് ഇതുപോലൊരു നടപടിക്രമത്തിന്റെ ഉന്നതഹേതു കുടികൊള്ളുന്നതു്: അങ്ങനെ, എല്ലാത്തരം നിപുണതയുടേയും, ജീവിതകലയിലെ എല്ലാത്തരം പരിപൂർണ്ണതകളുടെയും മുൻനിബന്ധനയായ സഹജവാസനയുടെ പൂർണ്ണമായ അനൈച്ഛികപ്രവർത്തനം സാദ്ധ്യമാക്കിത്തീർക്കുന്നു. മനുവിന്റേതു് പോലുള്ള ഒരു നിയമപുസ്തകം ആവിഷ്കരിക്കുക എന്നാൽ, ജനങ്ങൾക്കു് ഇനിമേലിൽ, നിപുണരാവാനുള്ള, പൂർണ്ണരാവാനുള്ള – ഏറ്റവും ഉയർന്ന തരം ജീവിതം ആഗ്രഹിക്കുവാനുള്ള അവസരം നൽകുക എന്നാണർത്ഥം. അതിനു് അതു് അബോധാവസ്ഥയിൽ ആക്കപ്പെടണം. ഏതു് വിശുദ്ധനുണയുടെയും ലക്ഷ്യം ഇതാണു്.

ജാതിവ്യവസ്ഥ എന്ന, സർവ്വപ്രധാനവും പ്രബലവുമായ നിയമം, പ്രകൃതിവ്യവസ്ഥയുടെ ഒരു അംഗീകരണം മാത്രമാണു്, ഒന്നാം നിരയിൽ പെട്ടതും, പ്രകൃത്യനുസരണവുമായ ഈ നിയമാനുസൃതത്വത്തിനു് എതിരായി നിരങ്കുശത്വത്തിനോ, ഏതെങ്കിലും ആധുനിക ആശയങ്ങൾക്കോ ഒന്നും ചെയ്യാനാവില്ല. പരസ്പരനിബന്ധനയായിക്കൊണ്ടു് നിലകൊള്ളുന്നതും, ശരീരശാസ്ത്രപരമായി വ്യത്യസ്ത ഗുരുത്വാകർഷണതയുള്ളതും, ഓരോന്നിനും അതിന്റേതായ ശുചിത്വപരിപാലനവും, അതിന്റേതായ തൊഴിൽമേഖലയും, അതിന്റേതായ പരിപൂർണ്ണതാബോധവും നിപുണതയും ഉള്ളതുമായ മൂന്നുതരം മനുഷ്യർ ആരോഗ്യപൂർണ്ണമായ ഏതു് സമൂഹത്തിലും തമ്മിൽത്തമ്മിൽ ഇടപെടുന്നുണ്ടു്. പ്രധാനമായും ആത്മീയരായവരേയും പ്രധാനമായും ശാരീരികശക്തിയും ഊർജ്ജസ്വലതയും ഉള്ളവരേയും, ഈ രണ്ടു് തരത്തിലുമുള്ള മികവു് കാണിക്കാത്ത ഇടത്തരക്കാരായ മൂന്നാമത്തെ വിഭാഗത്തേയും തമ്മിൽത്തമ്മിൽ വേർപിരിക്കുന്നതു് മനുവല്ല, പ്രകൃതിയാണു് – മൂന്നാമത്തെ വിഭാഗമാണു് ബഹുഭൂരിപക്ഷവും, ആദ്യത്തെ വിഭാഗം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേരും (elite).

ഏറ്റവും ഉയർന്ന ജാതിക്കു് – ഞാൻ അവരെ ഏറ്റവും വിരളമായവർ എന്നു് വിളിക്കുന്നു – പരിപൂർണ്ണരായതിനാൽ വിരളമായവരുടെ പ്രത്യേകാവകാശങ്ങളുമുണ്ടു്: ഭൂമിയിലെ സന്തോഷവും, സൗന്ദര്യവും, ധന്യതയും പ്രതിനിധീകരിക്കുന്നതിനുള്ള അവകാശം അവയിൽപ്പെടുന്നു. ഏറ്റവും ആത്മീയരായ മനുഷ്യർക്കു് മാത്രമേ സൗന്ദര്യത്തിനു്, മനോഹരമായതിനു് അനുവാദമുള്ളു: അവരുടെ ഇടയിൽ മാത്രമാണു് ധന്യത ബലഹീനതയല്ലാത്തതു്. Pulchrum est paucorum hominum (രമണീയത ചുരുക്കം മനുഷ്യർക്കു് സ്വന്തമാണു്): സദ്‌ഗുണം ഒരു പ്രത്യേകാവകാശമാണു്. അതിനു് വിപരീതമായി, പെരുമാറ്റവൈകൃതവും, വിഷാദാത്മകമായ നോട്ടവും, അസുഖദായകമായ ദൃഷ്ടിയും പോലെ അവർക്കു് ചേരാത്തതായി മറ്റൊന്നുമില്ല, അതുപോലെതന്നെ, വസ്തുതകളുടെ ആകമാനസ്വഭാവത്തോടുള്ള ധാർമ്മികരോഷവും (അവർക്കുള്ളതല്ല). ധാർമ്മികരോഷം ചണ്ഡാലന്റെ പ്രത്യേകാവകാശമാണു്; വിഷാദാത്മകത്വവും അതുപോലെതന്നെ.

“ലോകം പരിപൂർണ്ണമാണു്” എന്നാണു് ആത്മീയരായവരുടെ സഹജബോധം, അംഗീകാരത്തിന്റെ സഹജബോധം പറയുന്നതു്: അപൂർണ്ണതയും, എല്ലാത്തരം “താഴെ” ഉള്ളവയും, അകൽച്ചയും, അകൽച്ചയിലെ ആർദ്രഭാവവും, എന്തിനു്, ചണ്ഡാലൻ പോലും ഈ പരിപൂർണ്ണതയിൽ പെടുന്നു. മറ്റു് മനുഷ്യർ അവരുടെ അധോഗതി കണ്ടേക്കാവുന്നിടത്തു് മാനസികശേഷിയുള്ളവർ, അതിശക്തരെന്ന നിലയിൽ, അവരുടെ ഭാഗ്യം കണ്ടെത്തുന്നു: ലബിരിന്തിൽ, തങ്ങളോടും മറ്റുള്ളവരോടുമുള്ള കാഠിന്യത്തിൽ, പരീക്ഷണങ്ങളിൽ; സ്വയം കീഴടക്കലിലാണു് അവരുടെ സന്തോഷം; താപസവൃത്തി അവരിൽ സ്വഭാവവും, ആവശ്യകതയും, നൈസർഗ്ഗികതയും ആയി മാറുന്നു. ഭാരമേറിയ ജോലികൾ അവർക്കു് പ്രത്യേകാവകാശമാണു്. മറ്റുള്ളവർ തങ്ങളെ തകർക്കുന്ന ഭാരങ്ങളായി കരുതുന്ന കാര്യങ്ങളുമായി കളിക്കുന്നതാണു് അവർക്കു് നേരമ്പോക്കിനുള്ള വിനോദം. ജ്ഞാനം – താപസവൃത്തിയുടെ ഒരു രൂപം. അഭിവന്ദ്യരായ തരം മനുഷ്യരാണവർ: പക്ഷേ, സന്തോഷദായകരും മനം കവരുന്നവരും ആയിരിക്കാൻ അതവർക്കൊരു തടസ്സമാവുന്നുമില്ല. അവർ ഭരിക്കുന്നതു് അവർ അതാഗ്രഹിക്കുന്നതുകൊണ്ടല്ല, അവർ അതായിരിക്കുന്നതുകൊണ്ടാണു്; രണ്ടാമത്തവർ ആയിരിക്കാനുള്ള സ്വാതന്ത്ര്യം അവർക്കില്ല.

രണ്ടാമത്തവർ: അവർ നിയമത്തിന്റെ സംരക്ഷകരാണു്, ക്രമപരിപാലനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാവൽക്കാർ, ഉത്തമരായ പടയാളികൾ, എല്ലാറ്റിലുമുപരി, പടയാളിയുടെ ഉന്നതരൂപമായ രാജാവു്, ന്യായാധിപൻ, നിയമത്തെ കാത്തുസൂക്ഷിക്കുന്നവർ. രണ്ടാമത്തവർ ഭരണനിർവ്വാഹകസംഘമാണു്, ആത്മീയരോടു് ഏറ്റവും അടുത്തവർ, അവരോടു് ചേർന്നവർ, അവരിൽ നിന്നും ഭരണസംബന്ധമായ പരുക്കൻ ജോലികൾ ഏറ്റെടുക്കുന്നവർ. – അവരുടെ അകമ്പടി, അവരുടെ വലംകൈ, അവരുടെ ഏറ്റവും നല്ല ശിഷ്യഗണം.

ഒരിക്കൽ കൂടി പറയുന്നു, ഇവയൊന്നും നിരങ്കുശമായതോ, കൃത്രിമസൃഷ്ടിയോ അല്ല; ഇവയിൽ നിന്നും വ്യത്യസ്തമായതെന്തോ അതാണു് കൃത്രിമസൃഷ്ടി – പ്രകൃത്യനുസൃതമായതിനെ നശിപ്പിക്കാനായി കണ്ടുപിടിക്കുന്നവയാണു് കൃത്രിമസൃഷ്ടി. ജാതിവ്യവസ്ഥ, അഥവാ, വിവിധ അണികളുടെ തരം തിരിക്കൽ, ജീവിതത്തിലെ ഉന്നതമായ നിയമത്തിനു് രൂപം നൽകിയതുതന്നെയാണു്; ഈ മൂന്നു് ശ്രേണികളുടെ തരംതിരിക്കൽ സമൂഹത്തിന്റെ നിലനിൽപിനു് അനുപേക്ഷണീയമാണു്, ഉയർന്നതും കൂടുതൽ ഉയർന്നതുമായ മാതൃകകളുടെ രൂപമെടുക്കൽ അങ്ങനെയേ സാദ്ധ്യമാവൂ. അവകാശങ്ങളിലെ അതുല്യതയാണു് അവകാശങ്ങൾ ഉണ്ടാവുന്നതിനുള്ള നിബന്ധന തന്നെ.

അവകാശം ഒരു പ്രത്യേകാനുകൂല്യമാണു്. തന്റേതായ രീതിയിലുള്ള ഒരു അസ്തിത്വത്തിനു് ഏതു് മനുഷ്യനും പ്രത്യേകമായ അവകാശമുണ്ടു്. ഇടത്തരക്കാരായ മനുഷ്യരുടെ പ്രത്യേകമായ അവകാശങ്ങളെ നമ്മൾ വിലകുറച്ചു് കാണരുതു്. മനുഷ്യൻ ഉയരുന്തോറും ജീവിതം കൂടുതൽ കൂടുതൽ കഠിനമാവുകയാണു് ചെയ്യുന്നതു് – (അതോടൊപ്പം) തണുപ്പു് കൂടുന്നു, ഉത്തരവാദിത്വം കൂടുന്നു.

ഒരു ഉന്നത സംസ്കാരം ഒരു പിരമിഡാണു്. വിശാലമായ ഒരു അടിത്തറയിലേ അതിനു് നിലനിൽക്കാൻ കഴിയൂ; ശക്തവും പരിപക്വമായി ഘനീഭവിച്ചതുമായ ഇടത്തരക്കാർ അതിന്റെ മുൻനിബന്ധനയാണു്. കൈത്തൊഴിൽ, ക്രയവിക്രയം, കൃഷി, ശാസ്ത്രം, പ്രധാനമായ കലാവിഭാഗം, ഒറ്റവാക്കിൽ പറഞ്ഞാൽ, തൊഴിൽപരമായ എല്ലാ പ്രവർത്തനങ്ങളുടെയും സാരസർവ്വസം, (ഇവയെല്ലാം) ഒരിടത്തരം അളവു് കഴിവും ഉൽക്കർഷേച്ഛയുമായി മാത്രമേ പൊരുത്തപ്പെടുകയുള്ളു; അത്തരം കാര്യങ്ങൾ അപവാദങ്ങളുടെ ഇടയിൽ അസ്ഥാനത്തായിരിക്കും. അതിനാവശ്യമായ സഹജവാസന അരിസ്റ്റോക്രസിക്കും അനാർക്കിസത്തിനും വിരുദ്ധമാണു്. ഒരുവൻ പൊതുസമൂഹത്തിനു് പ്രയോജനപ്രദമാവാൻ, അതിലെ ഒരു ചക്രമാവാൻ, അതിൽ ഒരു ചുമതല ഏറ്റെടുക്കാൻ, അതിനു് ഓരോരുത്തർക്കും പ്രകൃതിദത്തമായ ഒരു വിധിയുണ്ടു്: സമൂഹമല്ല, ബഹുഭൂരിപക്ഷം മനുഷ്യരും പ്രാപ്തന്മാരായ വിധത്തിലുള്ള ഒരുതരം ഭാഗ്യമാണു് അവരിൽ നിന്നും ബുദ്ധിയുള്ള യന്ത്രങ്ങളെ നിർമ്മിക്കുന്നതു്. ഇടത്തരക്കാരനെ സംബന്ധിച്ചു് ഇടത്തരക്കാരനായിരിക്കുന്നതാണു് അവന്റെ ഭാഗ്യം; ഒരു കാര്യത്തിലെ നൈപുണ്യം, സ്പെഷ്യലൈസേഷൻ – പ്രകൃതിദത്തമായ സഹജവാസന.

സമൂഹത്തിലെ ഇടനിലയെ അതിൽത്തന്നെ ഒരു തടസ്സമായി കാണുക എന്നതു് ആഴമേറിയ ഒരാത്മാവിനു് തികച്ചും അനുയോജ്യമല്ലാത്ത ഒരു കാര്യമായിരിക്കും. യഥാർത്ഥത്തിൽ അപവാദങ്ങൾ ഉണ്ടാവുന്നതിനുള്ള ആദ്യത്തെ നിബന്ധനയാണതു്: ഒരു ഉയർന്ന സംസ്കാരം അതിലാണു് ആശ്രയിക്കുന്നതു്. “അപവാദ-മനുഷ്യൻ” അവന്റെ സഹജീവികളായ ഇടനിലക്കാരുമായി തന്നോടും തന്റെ തരക്കാരോടുമെന്നതിൽ കൂടുതൽ ബഹുമാനപൂർവ്വം ഇടപെടുന്നുവെങ്കിൽ അതു് വെറും ഹൃദയനന്മയോ മര്യാദയോ അല്ല, അതവന്റെ സാമാന്യമായ കടമയാണു്.

ഇന്നത്തെ പ്രാകൃതരിൽ ആരെയാണു് ഞാൻ ഏറ്റവും വെറുക്കുന്നതു്? സഹജവാസനയുടെയും, സന്തോഷത്തിന്റെയും, തൊഴിലാളികൾക്കു് അവരുടെ എളിയ അസ്തിത്വത്തിലുള്ള സംതൃപ്തിബോധത്തിന്റേയും അടിത്തറ മാന്തുന്നവരും, അവരെ അസൂയാകലുഷിതരാക്കുന്നവരും, അവരെ പ്രതികാരദാഹികളാക്കുന്നവരുമായ സോഷ്യലിസ്റ്റ്‌ പ്രാകൃതരും, ചണ്ഡാല അപ്പൊസ്തലന്മാരുമാണവർ. തിന്മയുടെ ഉറവിടം ഒരിക്കലും അതുല്യമായ അവകാശങ്ങളിലല്ല, തുല്യമായ അവകാശം എന്ന അവകാശവാദത്തിലാണു് കുടികൊള്ളുന്നതു്.

എന്താണു് ചീത്തയായതു്? അതു് ഞാൻ പക്ഷേ നേരത്തേ പറഞ്ഞുകഴിഞ്ഞതാണു്: ബലഹീനതയിൽ നിന്നും, അസൂയയിൽ നിന്നും, പ്രതികാരദാഹത്തിൽ നിന്നും ഉടലെടുക്കുന്നവയെല്ലാം ചീത്തയായതാണു്. അനാർക്കിസ്റ്റിന്റേയും ക്രിസ്ത്യാനിയുടെയും ഉറവിടം ഒന്നുതന്നെയാണു്.

(പൗലോസ്‌ സ്ഥാപിച്ച ക്രിസ്തുമതത്തെപ്പറ്റി അടുത്തതിൽ)

Addendum:

ഭാരതീയ മനസ്സുകളിൽ നിന്നും ഇന്നും വിട്ടുമാറാൻ മടിക്കുന്ന ജുഗുപ്സാവഹമായ ജാതിചിന്തയുടെ ന്യായീകരണമാണു് ഈ ലേഖനത്തിന്റെ ലക്ഷ്യം എന്ന, ഒരുപക്ഷേ ഉണ്ടായേക്കാവുന്ന, ധാരണ മുളയിലേ നുള്ളുന്നതിനു് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതു് ആവശ്യമാണെന്നു് തോന്നുന്നു.

ജീവിതത്തിൽ മനുഷ്യർ സംതൃപ്തരാണോ അല്ലയോ എന്നതു് അവർക്കു് സ്വന്തജീവിതത്തിൽ നിന്നും ലഭിക്കുന്ന സന്തോഷത്തിൽ, അഥവാ, ഭാഗ്യാനുഭൂതിയിൽ അധിഷ്ഠിതമാണു്. സഹജവാസനക്കനുസൃതമായ കർമ്മങ്ങളിൽ ഏർപ്പെടാൻ കഴിയുന്നതിലാണു് മനുഷ്യന്റെ ആനന്ദം കുടികൊള്ളുന്നതു്. അതുവഴി ഒരു ശരാശരി ജീവിതം നയിക്കുന്നതിനുള്ള വരുമാനം ഉണ്ടാക്കാൻ കഴിയുകയുംകൂടി ചെയ്താൽ അവൻ സംതൃപ്തനുമായിരിക്കും. സമൂഹത്തിന്റെ ആകമാനവളർച്ചക്കനുസരിച്ചു് ജീവിതശരാശരിയും വളർന്നുകൊണ്ടിരിക്കുന്നതിനാൽ ചലനാത്മകമായ ഈ പ്രക്രിയയെ വിദൂരഭൂതകാലങ്ങളിലെ മനുഷ്യരുടെ ജീവിതാവസ്ഥകളോ ജീവിതനിലവാരമോ ആയി താരതമ്യം ചെയ്യുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ആയിരം വർഷങ്ങൾക്കു് മുൻപു് ലോകസമൂഹങ്ങളിൽ നിലനിന്നിരുന്ന ജീവിതശരാശരിയുടെ വളർച്ചയുടെ ഗതിവേഗത്തേക്കാൾ എത്രയോ മടങ്ങു് കൂടുതലാണു് ഇന്നത്തെ സമൂഹങ്ങളുടെ വളർച്ച എന്നതിനാൽ പുരാതനനീതിശാസ്ത്രങ്ങൾ ആധുനിക ലോകത്തിന്റെ പ്രശ്നപരിഹാരങ്ങൾക്കു് അടിസ്ഥാനമാക്കുന്നതും വിവേകശൂന്യതയായിരിക്കും. അതുപോലെതന്നെ, ഒരേ സമൂഹത്തിലും ഒരേ കാലഘട്ടത്തിലും ജീവിക്കുന്ന മനുഷ്യർ തന്നെ ‘ഭാഗ്യം’ എന്ന അവസ്ഥയെ വിലയിരുത്തുന്നതു് ഒരേതരത്തിലല്ല. ഏതെങ്കിലും നീതിശാസ്ത്രങ്ങൾ വഴിയോ, വിപ്ലവം വഴിയോ മനുഷ്യരെ ഒരച്ചിലുണ്ടാക്കിയ പാവകളാക്കിത്തീർക്കുക സാദ്ധ്യമല്ല, അഥവാ, സാദ്ധ്യമായാൽതന്നെ അവർ ഒരേപോലെ സന്തോഷവാന്മാരും സംതൃപ്തരും ആയിരിക്കുകയുമില്ല. ശിൽപകാരനാവേണ്ടവൻ സംഗീതജ്ഞനാവേണ്ടിവന്നാൽ, ശാസ്ത്രജ്ഞനാവേണ്ടവൻ കാര്യമായ ബുദ്ധിയൊന്നും ആവശ്യമില്ലാത്ത ഒരു തൊഴിൽ ചെയ്യേണ്ടിവന്നാൽ അതു് അവനെ മുരടിപ്പിക്കുകയല്ലാതെ ഒരിക്കലും സംതൃപ്തനാക്കുകയില്ല. അതുപോലെതന്നെ, കലയും സാഹിത്യവും അടക്കമുള്ള സർഗ്ഗാത്മകപ്രവർത്തനങ്ങളിൽ നിന്നും ഏതെങ്കിലും നീതിശാസ്ത്രത്തിന്റെ പേരിൽ മനുഷ്യർക്കു് വിലക്കു് കൽപിക്കുന്നതു് മനുഷ്യദ്രോഹമാണു്, അതു് മനുഷ്യരുടെ സാംസ്കാരികവളർച്ചയെ മുരടിപ്പിക്കലാണു്. രോഗബാധിതമായ ഒരു മനസ്സിനു് മാത്രമേ പ്രതിഭാധനരായ മനുഷ്യരുടെ സർഗ്ഗശക്തിയിൽ പൈശാചികത ദർശിക്കാനാവൂ.

മനുഷ്യർ വിവിധതരം തൊഴിലുകൾ ചെയ്യാതെ ഏതെങ്കിലും ഒരു സമൂഹത്തിനു് നിലനിൽക്കാനാവുമോ? ഒരു തൊഴിൽ ചെയ്യുന്നവനെ ആ തൊഴിലിന്റെ പേരിൽ ഒരു ജാതിയാക്കി, അതുപോലുള്ള പലതരം ‘ജാതികളെ’ ഉന്നതമെന്നോ നീചമെന്നോ തരംതിരിച്ചു് സമൂഹത്തിലെ വിവിധ തട്ടുകളിലെ തടവറകളിലാക്കുന്നതാണു് ഭാരതത്തിൽ പ്രായോഗികമാക്കപ്പെടുന്നതും അങ്ങേയറ്റം നിന്ദ്യമായതുമായ ജാതിവ്യവസ്ഥ. നേരേമറിച്ചു്, ഒരുവന്റെ സഹജവാസന ശാസ്ത്രത്തിലോ, കലയിലോ, സാഹിത്യത്തിലോ, കൈത്തൊഴിലുകളിലോ എന്നതിനനുസരിച്ചു് അതിനു് അനുയോജ്യമായ പഠനവും പരിശീലനവും പൂർത്തിയാക്കി ആ പ്രവർത്തനമേഖലകളിൽ ഏർപ്പെടാൻ സമൂഹത്തിലെ ഏതൊരു വ്യക്തിക്കും അവസരം ലഭിക്കുന്നതു് വിവേചനപരമായ ജാതിവ്യവസ്ഥയല്ല, അതു് ഓരോരുത്തനും അവന്റെ വ്യക്തിപരമായ ഭാഗ്യം കണ്ടെത്തുന്നതിനുള്ള നീതിയുക്തമായ സാമൂഹികവ്യവസ്ഥിതിയാണു്. അതു് പ്രകൃതിനിയമത്തിന്റെ അംഗീകാരമാണു്. കാപ്പിറ്റലിസ്റ്റ്‌ സമൂഹങ്ങളിലും, കമ്മ്യൂണിസ്റ്റ്‌ സമൂഹങ്ങളിലും, ഏകാധിപത്യപരമോ, സമഗ്രാധിപത്യപരമോ ആയ സമൂഹങ്ങളിലുമെല്ലാം വിവിധശ്രേണികളിലാണു് മനുഷ്യർ ജോലിചെയ്യുന്നതു്. ജീവിതകാലം മുഴുവൻ മോചനമില്ലാത്തവിധം തന്റെ ‘വിധിയിൽ’, തന്റെ ‘ജാതിയിൽ’ തളയ്ക്കപ്പെടാൻ മനുഷ്യൻ നിർബന്ധിക്കപ്പെടാത്തിടത്തോളം അതിൽ അനീതിയായി ഒന്നുമില്ല. ജാതിചിന്ത സ്വന്തസംസ്കാരത്തിന്റെ ഭാഗമാണെന്ന സത്യത്തിനുനേരെ കണ്ണടച്ചുകൊണ്ടു്, സംസ്കാരസമ്പന്നർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന കാടന്മാരിൽ നിന്നും വിഭിന്നമായി, യഥാർത്ഥത്തിൽ സാംസ്കാരികമായ വളർച്ച പ്രാപിച്ച സമൂഹങ്ങളിൽ ആരും ആരെയും അവന്റെ തൊഴിലിന്റെ പേരിൽ ഉയർന്നവനെന്നോ താഴ്‌ന്നവനെന്നോ വിലയിരുത്തുന്നില്ല. ഏതു് തൊഴിലും, അതു് ചെയ്യുന്ന തൊഴിലാളികളും സമൂഹത്തിന്റെ ഭാഗമാണു്, സമൂഹത്തിന്റെ ആരോഗ്യപൂർണ്ണമായ നിലനിൽപിനു് അവ അത്യന്താപേക്ഷിതമാണു്. ഏതു് തൊഴിൽ ചെയ്യുന്നതിനും അതിന്റേതായ അറിവും പരിശീലനവും ആവശ്യമാണു്. ‘ഉന്നതമായ’ തൊഴിലുകൾ ചെയ്യുന്ന വ്യക്തികൾ ആരാധിക്കപ്പെടുകയോ, ‘നീചമായ’ തൊഴിലുകൾ ചെയ്യുന്നവർ നിന്ദിക്കപെടുകയോ അല്ല, ഓരോരുത്തരിലേയും വ്യത്യസ്തമായ കഴിവുകൾ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയുമാണു് ചെയ്യേണ്ടതു്. വ്യക്തികൾ ദൈവങ്ങളാക്കപ്പെടുന്നതുവഴി ഒരു സമൂഹം വെളിപ്പെടുത്തുന്നതു് അതിന്റെ അജ്ഞതയും പിന്നാക്കാവസ്ഥയുമാണു്. ഒരു തൊഴിൽ ‘ഉന്നതമോ’ ‘നീചമോ’ ആക്കുന്നതു് അർഹതയില്ലാതെ ‘ഔന്നത്യത്തിൽ’ എത്തിച്ചേർന്ന മനുഷ്യാധമന്മാരാണു്, അല്ലാതെ പ്രകൃതിയല്ല. ‘ഉന്നതന്റെയും’ കൂടി നിലനിൽപിനു് അനിവാര്യമായ ജോലികൾ ചെയ്യുന്ന ‘താഴ്‌ന്ന’ മനുഷ്യരേയും അവരുടെ പ്രവർത്തനമേഖലകളേയും ‘നീചം’ എന്നു് മുദ്രകുത്തുന്നതുവഴി ഉന്നതം എന്നു് ‘ഉന്നതർ’ കരുതുന്ന അവരുടെ സ്വന്തം തൊഴിലിനെ നീചമാക്കുകയാണു് അവർ ചെയ്യുന്നതു്. സ്വന്തം തൊഴിലിനെ നീചമാക്കുന്ന അവരാണു് യഥാർത്ഥത്തിൽ നീചന്മാർ എന്ന പേരിനു് കൂടുതൽ യോഗ്യർ.

പ്രകൃതിനിയമങ്ങളെ ദൈവികപരിവേഷം ചാർത്തി, മതത്തിന്റെ ചട്ടക്കൂട്ടിലാക്കി, പുരോഹിതഹസ്തങ്ങളിൽ ഏൽപിക്കപ്പെട്ട മനുസ്മൃതി അതിന്റെ സത്തയിൽ മനസ്സിലാക്കപ്പെട്ടിരുന്നെങ്കിൽ, തെറ്റായ ദിശയിലേക്കു് നയിക്കുന്ന വ്യാഖ്യാനങ്ങൾ ആരംഭത്തിലേ തിരിച്ചറിഞ്ഞു് തിരുത്തപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഭാരതത്തിൽ ജാതിഭ്രാന്തു് ഇത്ര കൊടുമ്പിരിക്കൊള്ളുമായിരുന്നില്ല എന്നു് മിക്കവാറും ഉറപ്പാണെങ്കിലും അത്തരം ഒരു ഉറപ്പുകൊണ്ടു് ഇന്നു് വലിയ പ്രയോജനമൊന്നുമില്ല. അത്രമാത്രം ജാതിഭൂതം കുടത്തിൽ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞു. മുകളിലെ ലേഖനത്തിൽ വായിക്കാവുന്നതുപോലെ, മതപരമായ ഒരു നീതിശാസ്ത്രം നിലനിൽക്കുന്നതുതന്നെ അതിന്റെ ദൈവികഉറവിടം, തന്മൂലമുള്ള അപ്രമാദിത്വം, പൂർവ്വികന്മാരാൽ നിരുപാധികം പിന്തുടരപ്പെട്ട കീഴ്‌വഴക്കത്തിന്റെ പിൻബലം മുതലായവയുടെ അടിത്തറയിലാവുമ്പോൾ അവയിൽ ഏതെങ്കിലും വിധത്തിലുള്ള ഒരു തിരുത്തൽ പുരോഹിതപക്ഷത്തുനിന്നും ഉണ്ടാവുകയില്ല എന്നു് മാത്രമല്ല, അതിനെ കൂടുതൽ കൂടുതൽ കർശനമാക്കുന്നതിലാവും അവരുടെ പൂർണ്ണമായ ശ്രദ്ധയും. വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഒരു മതഗ്രന്ഥത്തിലെ ഏതു് തിരുത്തലും അതിന്റെ അടിസ്ഥാനനിഗമനങ്ങളുടെ അടിസ്ഥാനമില്ലായ്മയുടെ തെളിവായിരിക്കുമെന്നതിനാൽ അവയെ എന്തു് വിലകൊടുത്തും സംരക്ഷിക്കേണ്ടതു് പൗരോഹിത്യത്തിന്റെ നിലനിൽപിന്റെ പ്രശ്നവുമാണു്. സ്വന്തനിലനിൽപിനു് അനുയോജ്യമല്ലാത്ത മതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുപിടിക്കുക എന്ന, ഇന്നും വിട്ടുവീഴ്ചയില്ലാതെ പിതുടരപ്പെടുന്ന, പൗരോഹിത്യ ജാഗ്രതയുടെയും, ‘മുകളിലെവിടെയോ കിരീടവും ചെങ്കോലുമായി സിംഹാസനത്തിൽ ഉറച്ചിരുന്നു് വാഴുന്ന’ ദൈവത്തിങ്കലേക്കു് നിരന്തരം ചൂണ്ടുവിരൽ ചൂണ്ടുന്നതിന്റേയും അടിസ്ഥാനലക്ഷ്യവും മറ്റൊന്നുമല്ല. സ്വന്തസമൂഹത്തിലെ ‘ദൈവസൃഷ്ടികളായ’ മനുഷ്യരെ തൊട്ടുകൂടാത്തവരെന്നും തീണ്ടിക്കൂടാത്തവരെന്നും തരം തിരിക്കുന്ന നികൃഷ്ടമായ നിലയിലേക്കു് ‘ദൈവദത്തമായ’ വിശ്വാസപ്രമാണങ്ങളുടെ വ്യാഖ്യാനങ്ങൾ അധഃപതിക്കുമ്പോഴും അവയ്ക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതിരിക്കുകയും, അതോടൊപ്പം വേദഗ്രന്ഥങ്ങളുടെയും മനുഷ്യരുടെയും ഉറവിടം ദൈവമാണെന്നു് വായിട്ടലയ്ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനു് പിന്നിൽ പാമ്പുകളുടേതിനു് തുല്യമായി പിളർന്ന ഇരട്ട നാവല്ലാതെ മറ്റെന്താണു്?

ക്രിസ്തുമതസ്ഥാപനത്തിനു് പൗലോസ്‌ അവലംബിച്ച മാർഗ്ഗങ്ങളും, സാമൂഹികനിയമങ്ങളെ മതനീതിശാസ്ത്രത്തിൽ നിന്നും വേർപെടുത്തി ചിന്തിക്കാൻ മാത്രം സാംസ്കാരികമായി വളർന്നിട്ടില്ലാത്ത സമൂഹങ്ങളിൽ ഒരു നീതിശാസ്ത്രം രൂപമെടുക്കുന്നതിന്റെ നിബന്ധനകളും താരതമ്യം ചെയ്യുന്ന നീറ്റ്‌സ്‌ഷെ മനുസ്മൃതിയ്ക്കു് മനുഷ്യരുടെ അനുഭവജ്ഞാനത്തിൽ അധിഷ്ഠിതമായ, ചരിത്രത്തിൽ വേരൂന്നിയ ഒരു വിശദീകരണം നൽകുകയാണിവിടെ. അതു് ഒരിക്കലും മനുസ്മൃതിയുടെയോ, മറ്റേതെങ്കിലും നീതിശാസ്ത്രങ്ങളുടെയോ അപ്രമാദിത്വത്തിന്റെയോ ആത്യന്തികത്വത്തിന്റെയോ ന്യായീകരണമായി മനസ്സിലാക്കേണ്ടതല്ല.

സൗമ്യമായ കാലാവസ്ഥയുള്ള ഒരു രാജ്യത്തിൽ, ആയിരക്കണക്കിനു് വർഷങ്ങൾക്കു് മുൻപു് രൂപമെടുത്ത ഏതെങ്കിലും ഒരു മതത്തിലെ ആചാരമര്യാദകൾ തണുത്ത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ഭൂമിയിലെ രാജ്യങ്ങളിൽപോലും അതേപടി അനുഷ്ഠിക്കപ്പെടാൻ ആവില്ലെന്നിരിക്കെ, അതിനു് സർവ്വപ്രപഞ്ചത്തിലും സാധുത്വവും ദൈവികത്വവും ആത്യന്തികത്വവുമൊക്കെ കൽപിക്കുന്നതു് പരിഹാസ്യമാണെന്നല്ലാതെ എന്തു് പറയാൻ?

മനുവിന്റെ നിയമപുസ്തകത്തിൽ നിന്നും വേണമെങ്കിൽ ഇതാ ഒരു ഉദാഹരണം: “തന്റെ പേശികൾ ബലഹീനമാവുകയും, തന്റെ തലയിലെ മുടി നരയ്ക്കുകയും, തന്റെ മകന്റെ മകനെ കാണുകയും ചെയ്യുമ്പോൾ കുടുംബനാഥനായ ഒരുവൻ (തുടർജീവിതം നയിക്കാനായി) വനത്തിലേക്കു് പോകട്ടെ.” (6: 2) സ്വീഡനിലോ ഡെന്മാർക്കിലോ ജീവിക്കുന്ന മനുഷ്യർക്കു് സാമാന്യബോധമുള്ള ആരെങ്കിലും ഇതുപോലൊരു നിർദ്ദേശം നൽകുമെന്നു് തോന്നുന്നില്ല.

 

Tags: , ,

16 responses to “മനുവിന്റെ നിയമങ്ങളും ക്രിസ്തീയതയും

 1. അനില്‍@ബ്ലോഗ്

  Jul 20, 2009 at 17:26

  ഇത് പി.ഡി.എഫ് എടുക്കുകയേ നിര്‍വ്വാ‍ഹമുള്ളൂ.
  🙂

   
 2. chithrakaran:ചിത്രകാരന്‍

  Jul 20, 2009 at 20:18

  തത്വചിന്തകന്‍ മാനവികതയുടെ അനന്തമായ സ്വതന്ത്രആകാശത്തിലേക്ക് മനുഷ്യകുലത്തിന് വഴിയൊരുക്കുന്നത് അധികാരത്തിന്റേയും മതകാര്‍ക്കശ്യത്തിന്റേയും വിഷം ചേര്‍ന്ന കഫത്തില്‍ നിന്നും നഷ്ട ഭൂതകാലത്തെ ചികഞ്ഞെടുത്തു സൃഷ്ടിക്കുന്ന
  വര്‍ത്തമാനത്തിന്റെ കോണീപ്പടികളിലൂടെയാണെന്നു തോന്നുന്നു.

  സത്യത്തില്‍ അടിമകളോളം,അല്ലെങ്കില്‍ ശൂദ്രരോളം
  ജീവിതത്തിന്റെ തൃപ്തിയും,സൌന്ദര്യവും അതിനു മുകളിലാണെന്ന് വിശ്വസിച്ചിരുന്ന ആരും അനുഭവിച്ചിരിക്കില്ല. സുഖം ഒരു മാനസിക അവസ്ഥയാണെങ്കിലും, കായികാദ്ധ്വാനത്തിലൂടെ
  ലഭിക്കുന്ന പരമാനന്ദരസമൊന്നും ദേഹാദ്ധ്വാനമില്ലാതെ ദുരഭിമാനങ്ങളുടെ ചാക്കുകെട്ടുകള്‍ക്കുമുകളില്‍ സുഖിച്ചിരിക്കുന്ന ഒരുവനും ലഭിക്കുകയില്ല.

  അടിമത്വത്തിനും,ജാതീയതക്കും ഇതൊരു ന്യായീകരണമല്ലെന്നത് മറ്റൊരുകാര്യം.

   
 3. suraj::സൂരജ്

  Jul 21, 2009 at 00:22

  ലേഖനം വായിച്ചപ്പോള്‍ ആദ്യമുണ്ടായ ഞെട്ടല്‍ അഡെന്‍ഡം വായിച്ചപ്പോള്‍ ഒഴിഞ്ഞെങ്കിലും താഴെ ക്വോട്ടുന്ന ഭാഗം കല്ലുകടിയായി തോന്നി:

  പ്രകൃതിനിയമങ്ങളെ ദൈവികപരിവേഷം ചാർത്തി, മതത്തിന്റെ ചട്ടക്കൂട്ടിലാക്കി, പുരോഹിതഹസ്തങ്ങളിൽ ഏൽപിക്കപ്പെട്ട മനുസ്മൃതി അതിന്റെ സത്തയിൽ മനസ്സിലാക്കപ്പെട്ടിരുന്നെങ്കിൽ, തെറ്റായ ദിശയിലേക്കു് നയിക്കുന്ന വ്യാഖ്യാനങ്ങൾ ആരംഭത്തിലേ തിരിച്ചറിഞ്ഞു് തിരുത്തപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഭാരതത്തിൽ ജാതിഭ്രാന്തു് ഇത്ര കൊടുമ്പിരിക്കൊള്ളുമായിരുന്നില്ല എന്നു് മിക്കവാറും ഉറപ്പാണെങ്കിലും അത്തരം ഒരു ഉറപ്പുകൊണ്ടു് ഇന്നു് വലിയ പ്രയോജനമൊന്നുമില്ല.

  മനുസ്മൃതി മറ്റെന്തോ ഉദ്ദേശിച്ച്, മറ്റെവിടുന്നോ ഇറക്കപ്പെട്ടതാണെന്നും അതിനെ “പില്‍ക്കാലത്ത്” വളച്ചൊടിച്ചതാണ് ജാതിഭീകരതയായി വളരാന്‍ കാരണമെന്നുമുള്ള നിയോബ്രാഹ്മണിക്കല്‍ അപ്പോളജിസ്റ്റുകളുടെ വാദം പോലെ തോന്നി ഇത്.

  ഒന്ന് വ്യക്തത വരുത്തുമോ ?

   
 4. suraj::സൂരജ്

  Jul 21, 2009 at 00:22

  ട്രാക്കിംഗ്

   
 5. cALviN::കാല്‍‌വിന്‍

  Jul 21, 2009 at 01:35

  Addendum ഉള്ളത് കൊണ്ട് വെറുതേ വിട്ടിരിക്കുന്നു 🙂

   
 6. പാമരന്‍

  Jul 21, 2009 at 06:50

  thanks.

   
 7. സി. കെ. ബാബു

  Jul 21, 2009 at 11:05

  അനിൽ ബ്ലോഗ്‌,
  PDF-നേയും നമ്മൾ വിലകുറച്ചു് കാണരുതു് എന്നു് ഗുണപാഠം. 🙂

  ചിത്രകാരൻ,
  അംഗീകരിക്കുന്നു. 'വിഷം' എന്നു് തിരിച്ചറിയലാണു് വിഷത്തെ ഒഴിവാക്കാനുള്ള ആദ്യപടി.

  സൂരജ്‌,
  നിയോബ്രാഹ്മണിക്കൽ അപ്പോളജെറ്റിക്സുമായി ഇതിനു് ബന്ധമൊന്നുമില്ല. നേരെ മറിച്ചാണു്. ഒരു ആകമാനപശ്ചാത്തലത്തിൽ ഈ ഭാഗത്തെ കണ്ടിരുന്നെങ്കിൽ അങ്ങനെയൊരു സംശയം ഉണ്ടാവുമായിരുന്നില്ല. പ്രകൃതിയിൽ സ്വാഭാവികമായ വൈവിധ്യങ്ങളെ മതത്തിന്റെ ഇടുങ്ങിയ ചട്ടക്കൂട്ടിൽ ഒതുക്കി ക്രോഡീകരിക്കപ്പെട്ടതാണു് മനുവിന്റെ നിയമങ്ങൾ എന്നതാണു് അടിസ്ഥാന നിഗമനം. അവയ്ക്കു് ദൈവികഉറവിടവും കീഴ്‌വഴക്കത്തിന്റെ പിൻബലവും കൽപിച്ചതു് അവയെ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തവയാണെന്നു് വരുത്തുന്നതിനു് വേണ്ടിയായിരുന്നു. നീറ്റ്‌സ്‌ഷെയുടെ വാക്കിൽ പറഞ്ഞാൽ ജനങ്ങൾ അവ അബോധാവസ്ഥയിൽ, അഥവാ, മറുചോദ്യമില്ലാതെ പിൻതുടരുന്നതിനുവേണ്ടി കണ്ടുപിടിക്കപ്പെട്ട 'വിശുദ്ധനുണകൾ'. പിൽക്കാലത്തെ ചിന്താശേഷിയുള്ള വിഭാഗം ഈ വിശുദ്ധനുണകളെ തിരിച്ചറിയേണ്ടിയിരുന്നു, അതിനുശേഷം ആ നിയമങ്ങളുടെ സത്ത, അതായതു്, അവയിൽ അടങ്ങിയിരിക്കുന്ന പ്രകൃത്യനുസൃതസ്വഭാവം മനസ്സിലാക്കേണ്ടിയിരുന്നു. അവയെ മത-ജാതി-ഭ്രാന്തിന്റെ ചട്ടക്കൂട്ടിൽ നിന്നും സ്വതന്ത്രമാക്കേണ്ടിയിരുന്നു. മനുഷ്യരെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി തരം തിരിക്കാൻ അനുയോജ്യമായ വ്യാഖ്യാനങ്ങളുടെ രംഗപ്രവേശം മുളയിലേ നുള്ളിക്കളയേണ്ടതാണെന്നു് അവർ അറിയേണ്ടിയിരുന്നു. പക്ഷെ, സർവ്വാധികാരികളായിരുന്ന പുരോഹിതർ മറ്റു് മനുഷ്യരെ ചെവിയിലും പോരെങ്കിൽ വായിലും കണ്ണിലും വരെ 'ഈയം ഉരുക്കിയൊഴിച്ചു്' മതഗ്രന്ഥങ്ങളിൽ നിന്നും അകറ്റിനിർത്തി ഒരു ജനവിഭാഗത്തിന്റെ മുഴുവൻ ചിന്താശേഷിയുടെയും കൂമ്പു് നുള്ളുകയായിരുന്നു എന്നതും ഇന്നാർക്കുമറിയാം.

  ഇന്നും ഭാരതത്തിൽ 'അറിവുകളും ഒറ്റമൂലികളും' പിതാവിൽ നിന്നും പുത്രനിലേക്കു് മാത്രം പകർന്നുകൊടുക്കപ്പെടുന്ന വിശിഷ്ടവസ്തുക്കളാണല്ലോ. അറിവു് പങ്കുവയ്ക്കപ്പെടേണ്ടതു് സാമൂഹികവളർച്ചക്കു് ആവശ്യമാണെന്ന സത്യത്തിന്റെ വിളക്കു് ഭാരതീയന്റെ ചെറിയ തലയിൽ ഇതുവരെ പ്രകാശിക്കാൻ തുടങ്ങിയിട്ടില്ല. അമ്പലത്തിലും പള്ളിയിലും തിരി കത്തിക്കണമെന്നേ അവനറിയൂ! ഏകലവ്യന്മാരുടെ പെരുവിരൽ മുറിക്കപ്പെടണം എന്നതാണു് ഭാരതീയജ്ഞാനം! അത്തരം ഒരു സമൂഹം വളർന്നാലല്ലേ അത്ഭുതമുള്ളു. അതുപോലുള്ള പ്രവണതകളെ ന്യായീകരിക്കുന്ന അപ്പോളജെറ്റിക്സിൽ എന്തു് ലോജിക്‌? പക്ഷേ, അതു് മനസ്സിലാക്കി അതിനെ എതിർക്കണമെങ്കിലും ജനങ്ങൾക്കു് അത്യാവശ്യം ബോധം വേണം. സ്വന്തം ഭാഗ്യം സ്വയം കണ്ടെത്തുന്നതിനുള്ള തന്റേടം വേണം. ചൂഷകനെ ആരാധിക്കാതിരിക്കാൻ മാത്രമെങ്കിലുമുള്ള ആത്മബോധം വേണം.

  ചുരുക്കത്തിൽ, മനുസ്മൃതിയുടെ രൂപമെടുക്കലിൽ തന്നെ പ്രകൃതിനിയമങ്ങൾ വളച്ചൊടിക്കപ്പെടുകയും കൂട്ടിനുള്ളിൽ അടക്കപ്പെടുകയുമായിരുന്നു. അതിനെ പിൽക്കാലപൗരോഹിത്യം കൂടുതൽ കൂടുതൽ വളച്ചൊടിച്ചു് കൂടുതൽ കൂടുതൽ ഇടുങ്ങിയ കൂടുകളിൽ ഒതുക്കി. ഇന്നും ഒതുക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു.

  കാൽവിൻ,
  'അക്ഷരം മെതിക്കുന്ന' ആത്മീയർ ചാടിപ്പിടിക്കാൻ പറ്റിയ ഒരു കച്ചിത്തുരുമ്പിനു് വേണ്ടി കാത്തിരിക്കുമ്പോൾ addendum മാത്രമാണു് ആശ്രയം. 🙂

  പാമരൻ,
  നന്ദി.

   
 8. കാവലാന്‍

  Jul 21, 2009 at 15:28

  സര്‍ക്കസ്സുകൂടാരത്തിലെ സിംഹത്തിന്റെ അവസ്ഥയില്‍ നിന്ന് മനുഷ്യന്‍ മോചിതനാകാത്തിടത്തോളം തീ എന്നത് അവന് പൊള്ളിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒന്നുമാത്രമാണ്.അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയുടെ നീതികേട് അല്പ്പമെങ്കിലും അനുഭവിച്ച് ജീവിക്കുന്ന ഒരാള്‍ മനുസ്മൃതിയെന്നാല്‍ മനുഷ്യ പീഡനാധ്യാപന സഹായി എന്നതില്‍ കവിഞ്ഞ് മനസ്സിലാക്കാന്‍ സാധ്യതയില്ല.മനുഷ്യ സ്വാര്‍ത്ഥയാല്‍ ദുരുപയോഗം ചെയ്യപ്പെട്ട ഒരു തത്വസംഹിതയാണ് മനുസ്മൃതി എന്നു തോന്നുന്നു.

   
 9. സി. കെ. ബാബു

  Jul 21, 2009 at 20:23

  കാവലാൻ,
  മനുസ്മൃതി മാത്രമല്ല, ഏതു് നീതിശാസ്ത്രവും അവയെ ഏറ്റെടുത്തവർ ദുരുപയോഗം ചെയ്തിട്ടേയുള്ളു.

  മനുഷ്യനു് ദുരുപയോഗം ചെയ്യാനും തിരുത്താനും കഴിയുന്ന ഒരു നീതിശാസ്ത്രം ഒരിക്കലും ദൈവികമാവില്ല, മാനുഷികം മാത്രമേ ആവൂ. മനുസ്മൃതി അടക്കമുള്ള ഏതൊരു നീതിശാസ്ത്രത്തിനും അതു് രൂപമെടുത്ത കാലഘട്ടത്തിലും പശ്ചാത്തലത്തിലും മാത്രമേ എന്തെങ്കിലും പ്രസക്തിയുള്ളു. കാലവും പശ്ചാത്തലവും മാറിയാലും പഴകിജീർണ്ണിച്ച നിയമങ്ങളെ കെട്ടിപ്പിടിച്ചു് പുറകോട്ടു് തിരിഞ്ഞിരിക്കാൻ 'നിത്യഇന്നലെകൾ' ആയ മനുഷ്യർക്കേ കഴിയൂ. അങ്ങനെയുള്ളവർക്കു് മുന്നോട്ടു് പോകാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ മേൽ നിയന്ത്രണാധികാരം നൽകുന്നതു് സമൂഹദ്രോഹമായിരിക്കും.

  ജീവിതത്തെയാണു് പ്രോത്സാഹിപ്പിക്കേണ്ടതു്, മരണത്തെയല്ല.

   
 10. പാര്‍ത്ഥന്‍

  Jul 26, 2009 at 17:56

  ഒറ്റ വായനയിൽ മുഴുവനും തലയിൽ കയറിയിട്ടില്ല. എങ്കിലും ചിലത്
  കൊണ്ടു. അതിൽ ഒന്ന് ഇതാണ്:

  സൗമ്യമായ കാലാവസ്ഥയുള്ള ഒരു രാജ്യത്തിൽ, ആയിരക്കണക്കിനു് വർഷങ്ങൾക്കു് മുൻപു് രൂപമെടുത്ത ഏതെങ്കിലും ഒരു മതത്തിലെ ആചാരമര്യാദകൾ തണുത്ത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ഭൂമിയിലെ രാജ്യങ്ങളിൽപോലും അതേപടി അനുഷ്ഠിക്കപ്പെടാൻ ആവില്ലെന്നിരിക്കെ, അതിനു് സർവ്വപ്രപഞ്ചത്തിലും സാധുത്വവും ദൈവികത്വവും ആത്യന്തികത്വവുമൊക്കെ കൽപിക്കുന്നതു് പരിഹാസ്യമാണെന്നല്ലാതെ എന്തു് പറയാൻ?

  ഈ സത്യം വിളിച്ചു പറയാൻ മതഭ്രാന്തർക്ക് കഴിയില്ല. അതുതന്നെയാണ് സാമാന്യജനത്തിന്റെ പരാജയവും.

  ———————————–
  രണ്ടാമത്തേത്:

  ഒരുവൻ (തുടർജീവിതം നയിക്കാനായി) വനത്തിലേക്കു് പോകട്ടെ." (6: 2)

  ഇത് അല്പം ഭാഗം അടർത്തിയെടുത്തതിന്റെ അർത്ഥമായിട്ടാണ് തോന്നുന്നത്‌.
  മനുഷ്യ ജീവിതത്തിൽ 4 ആശ്രമങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ട്.
  ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ് അത്.
  ഇതിൽ വനത്തിലേയ്ക്കു പോകുവാൻ പ്രേരിപ്പിക്കുന്ന ആശ്രമം ഏതായിരിക്കും.
  വാനപ്രസ്ഥം എന്നതിന് വനത്തിലേയ്ക്കു പോകുക എന്ന വികടപരിഭാഷയെ ആശ്രയിച്ചതാവാനാണ് സാദ്ധ്യത.

   
 11. സി. കെ. ബാബു

  Jul 27, 2009 at 14:05

  പാർത്ഥൻ,
  അതു് ഒരു വാക്യം അടർത്തിയെടുത്തതുതന്നെയാണു്. ധ്രുവപ്രദേശത്തോടു് അടുത്തു് കിടക്കുന്ന രാജ്യങ്ങളിലെ വനങ്ങളിൽ പ്രത്യേകിച്ചും മഞ്ഞുകാലങ്ങളിൽ മരവുരിയും മൺകുടവുമായി ജീവിക്കുക സാദ്ധ്യമല്ലെന്നും അതിനാൽ അത്തരമൊരു നിർദ്ദേശം ഒരു നീതിശാസ്ത്രകാരനും നൽകുകയില്ലെന്നും വ്യക്തമാക്കുകയായിരുന്നു ഉദ്ദേശ്യം. അതിനു് അത്തരം ഒരു അടർത്തിയെടുക്കൽ ധാരാളം മതി. ജീവിതത്തിലെ നാലു് 'ആശ്രമങ്ങളെ' വിശദമാക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ അത്തരം ഒരു വാക്യം അടർത്തിയെടുത്താൽ മതിയാവുകയില്ല എന്നു് എനിക്കുമറിയാം. അതിനുപോലും മുഴുവൻ മനുസ്മൃതിയും പകർത്തേണ്ട ആവശ്യം തീർച്ചയായും ഇല്ല.

  വാനപ്രസ്ഥത്തെ വനത്തിലേക്കു് പോകുക എന്നു് 'വികടമായി' പരിഭാഷപ്പെടുത്തിയതല്ല എന്നറിയാൻ മനുസ്മൃതി വായിച്ചുനോക്കുക എന്നേ പറയാനുള്ളു. വനത്തിൽ ചെന്നശേഷം ജീവിക്കേണ്ടതെങ്ങനെയെന്നും മറ്റും അതിൽ തുടർന്നു് വിവരിക്കുന്നുണ്ടു്. പോരാത്തതിനു്, ഗാർഹസ്ഥ്യവും, ബ്രഹ്മചര്യവും, വാനപ്രസ്ഥവും, സന്ന്യാസവുമൊന്നും പോസ്റ്റിൽ സൂചിപ്പിക്കുകപോലും ചെയ്തിട്ടില്ല എന്നതിനാൽ അവയ്ക്കൊക്കെ ഇവിടെ എന്തു് പ്രസക്തി? ആ ഗ്രന്ഥം മുഴുവൻ വായിച്ചുനോക്കിയാൽ വനത്തിലേക്കു് പോകാതെ ജീവിക്കാൻ 'അനുവാദമുള്ള' മറ്റു് ചില വയസ്സൻ വിഭാഗങ്ങളെയും പരിചയപ്പെടാം. അതിലുപരി, മുൻവിധിയുടെ കണ്ണടയില്ലാതെ, ഇന്നത്തെ അറിവിന്റെ വെളിച്ചത്തിലും പിൻബലത്തിലുമാണു് വായിക്കുന്നതെങ്കിൽ മറ്റു് പല മണ്ടത്തരങ്ങളും അതിൽ കണ്ടെത്താനാവും. ഏതായാലും മനുസ്മൃതി മുഴുവൻ വർണ്ണിക്കുക എന്നതു് എന്റെ ലക്ഷ്യമല്ല, എന്റെ ലക്ഷ്യത്തിനു് അതിന്റെ ആവശ്യവുമില്ല.

   
 12. suraj::സൂരജ്

  Jul 27, 2009 at 14:37

  അതങ്ങനെയാ ബാബുമാഷേ,

  വല്‍ക്കലം ധരിച്ച് ജടാധാരിയായി നഖവും മുടിയും കത്രിക്കാതെ നടക്കാനും ഉഴുത നിലത്ത് കൃഷിചെയ്തതോ ഗ്രാമത്തില്‍ കിട്ടുന്നതോ ആയ ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കാനുമൊക്കെ വളരെ സ്ട്രെയിറ്റ് ഫോര്‍വേഡായി നല്‍കുന്ന “ഉപദേശം” പോലും (സ്മൃതി 6:6,16) നമ്മടെ ആധ്യാത്മിക കുളിയാണ്ടറുകള് സിംബളിസം വച്ച് വ്യാഖ്യാനിച്ച് മറിച്ചളയും.

  സെന്‍ പറഞ്ഞ പോലെ Argumentative Indian എന്നല്ല Interpretative Indian എന്ന് വേണം പറയാന്‍ ;))

   
 13. പാര്‍ത്ഥന്‍

  Jul 27, 2009 at 23:42

  മനുസ്മൃതി മുഴുവൻ വായിച്ചിട്ടോ, ആശ്രമധർമ്മങ്ങൾ ഹൃദിസ്ഥമാക്കിയിട്ടോ അല്ല കമന്റ് എഴുതിയത്. സ്വന്തം യുക്തിയിൽ വന്നത് എഴുതിയെന്നു മാത്രം.
  എന്നോ തിരുത്തേണ്ടിയിരുന്ന ഈ സ്മൃതി ഭരിക്കപ്പെടുവാൻ വേണ്ടി നിലനിർത്തിയത് ഭരണകർത്താക്കളാണ്. രാജാക്കന്മാർ ബ്രാഹ്മണർ – സവർണ്ണർ മാത്രമല്ലായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

  ഓർമ്മയിൽ നിൽക്കുന്ന 5 തലമുറയിൽ ആരെങ്കിലും മനുസ്മൃതി കക്ഷത്തും വെച്ച് കഞ്ഞിം പയറും വേണ്ടെന്നു വച്ച് കാട്ടിലേയ്ക്ക് പോയതായി
  അറിയുമോ .

  മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചു പറഞ്ഞുപോരുന്നതാണ്‌ ഈ ആശ്രമങ്ങൾ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
  ഋഷിമാരുടെ തപോവനം അല്ല ആശ്രമം.
  ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല്‌ ആശ്രമധർമ്മങ്ങൾ ഉണ്ടെന്നു പറയുന്നു. വേണമെങ്കിൽ അതൊക്കെ ശീലിച്ചു നോക്കാം. നിർബ്ബന്ധമായി ചെയ്യേണ്ടതാണെന്ന് എവിടെയും പരാമർശമില്ല.
  ഈ ധർമ്മാചരണങ്ങൾക്ക്‌ അൽപം ബുദ്ധിമുട്ടുണ്ട്‌. അതുകൊണ്ട്‌ കുറച്ച്‌ ‘ശ്രമം‘ വേണ്ടിവരും (അദ്ധ്വാനിക്കേണ്ടിവരും).
  സുഖലോലുപന്മാർക്ക് പറഞ്ഞിട്ടുള്ളതല്ല ആശ്രമധർമ്മങ്ങൾ.

  it was first translated into English in 1794 by Sir William Jones, The Manu Smriti was written as the words of the original creator.
  വിക്കി പറയുന്നതാണിത്. ശ്രുതികൾ പോലും ദൈവീകമാണെന്ന് ഒരിടത്തും പറയുന്നില്ല. അപ്പോഴാണ് സ്മൃതികൾ ദൈവീകമാണെന്ന
  സായിപ്പിന്റെ കണ്ടെത്തൽ. സെമിറ്റിക് മതങ്ങളുടെ ആധികാരികതവെച്ച് താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന അബദ്ധങ്ങളാണ്. ഭാരതീയരെന്നു
  നടിക്കുന്ന ബുജികൾ അതിനു ഏലേസ പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

  ശ്രുതികൾ ശശ്വതസത്യങ്ങളെയും, സ്മൃതികൾ കാലംതോറും മാറിമാറി വരുന്ന ഭൌതിക ജീവിതചര്യകളെയും പ്രതിപാദിക്കുന്നു. ശ്രുതികളിലേത് ആധ്യാത്മിക
  വിചാരങ്ങളാണെങ്കിൽ സ്മൃതികളിലേത് ഭൌതിക കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയാണ്.
  ഭൌതിക സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് അതിനനുസരിച്ച് ആചാരങ്ങളും നിയമങ്ങളും മാറിക്കൊണ്ടിരിക്കും.

   
 14. suraj::സൂരജ്

  Jul 28, 2009 at 05:40

  ബാബു മാഷേ, മുട്ടന്‍ ഓഫ്, ലേലു അല്ലൂ…

  Interpretative Indian എന്നത് മുകളില്‍ തമാശയ്ക്ക് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കാന്‍ ഇറങ്ങിത്തിരിച്ചപോലായല്ലോ പാര്‍ത്ഥരേ കഥ 😉 ഇന്റര്‍പ്രെട്ടേയ്ഷന്‍ മാത്രം വായിച്ചാ ഇങ്ങനെ കണ്‍ഫ്യൂ അടിക്കും, സ്വാഭാവികം.

  മനുസ്മൃതി കക്ഷത്ത് വച്ചു നടക്കേന്നും വേണ്ട, ചുമ്മാ ഒരുവട്ടം ഒന്ന് വായിച്ചാലെങ്കിലും മതി.

  സ്മൃതീടെ കാര്യം പോട്ട്, സായിപ്പ് ഇത് ദൈവീകമാണെന്ന് കണ്ടുപിടിച്ചളഞ്ഞു എന്നു പരിഭവിക്കാന്‍ വിക്കിയിലെ തുണ്ടും മുറിയും ഉദ്ധരിക്കുമ്പോള്‍ വിക്കിയെങ്കിലും മുഴുവനായി വായിച്ചിട്ട് പോരായിരുന്നോ ?

  വിക്കീല്‍ നിന്ന് : …The text presents itself as a discourse given by the sage called Manu to a group of seers, or rishis, who beseech him to tell them the "law of all the social classes"…

  …The Manu Smriti was written as the words of the original creator, the “Imperishable One,” or “Brahmā”. By attributing the words to supernatural forces, the text takes on an authoritative tone as a statement on Dharma, in opposition to previous texts in the field, which were more scholarly. A content analysis, however, shows the obvious influence of previous Dharmasutras and Arthasastric work. In particular, the Manu Smriti was the first to adopt the term vyavaharapadas. These eighteen Titles of Law or Grounds for Litigation make up more than one fifth of the work and deal primarily with matters of the king, state, and judicial procedure

  ഇതെല്ലാം ഒള്ളത് തന്നേന്ന് സ്മൃതി വായിച്ചുനോക്കാവുന്നതേയുള്ളൂ കേട്ടോ- ചുരുങ്ങിയത് ഒന്നാമധ്യായമെങ്കിലും 😉

  പിന്നെ വിക്കീന്നുള്ള ഈ ഉദ്ധരണി വിക്കിക്കാരന്മാരുടെ സ്വന്തം സാധനമല്ല, Dharmasastra: A Literary History എന്ന പാട്രിക് ജേ ഒളിവെല്ലിന്റെ (യൂണിവേഴ്സിറ്റി ഒഫ് ടെക്സാസ് കോളെജ് ഒഫ് ലിബറല്‍ ആട്സ്) പഠനമാണ് വിക്കിലേഖനത്തിന്റെ റെഫറന്‍സ്. പ്രാക്തന ഇന്ത്യന്‍ സംസ്കാരത്തെപ്പറ്റി വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള Olivelleന്റെ പുസ്തകങ്ങള്‍ ഇവിടെക്കാണാം.

  ഈയുള്ളവന്‍ വായിച്ചിട്ടുള്ളിടത്തോളം സ്മൃതിയും ശ്രുതിയും ഒന്നും ദൈവീകമാണെന്ന്‍ ഒളിവെല്ല് അടിച്ച് വിട്ടിട്ടില്ല, സെമൈറ്റിക് മതസങ്കല്പങ്ങളുടെ മഞ്ഞക്കണ്ണട വച്ച് മൂപ്പര് ഇതിനെയൊന്നും അളന്നിട്ടുമില്ലേ ;))

   
 15. പാര്‍ത്ഥന്‍

  Jul 28, 2009 at 10:38

  സൂരജ്, അതും വായിച്ചിരുന്നു. ദൈവീകം എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ടല്ലോ. അതു മതി.

  ഇതു കണ്ടോ. ഇതും വിക്കി പറയുന്നതാണ്.
  The original treatise consisted of one thousand chapters of law, polity, and pleasure given by Brahmā. His son, Manu,
  learns these lessons and proceeds to teach his own students, including Bhrigu. Bhrigu then relays this information
  in the Manu Smriti, to an audience of his own pupils.

  ഇനി ബ്രാഹ്മണർക്ക് അധികാരം നിലനിർത്താനായി എഴുതിയുണ്ടാക്കിയ മനുസ്മൃതി ഈ മനു തന്നെയാണോ എഴുതിയത്. . Totaly confusion of india ആയി.

  (ഇതിന്റെ പേരിൽ ചർച്ച നീണ്ടു പോകണ്ട. മനുസ്മൃതിയുടെ ആധികാരികത എഴുതിപിടിപ്പിച്ചിട്ടുള്ളത് ഉൾക്കൊള്ളാനാവാത്തതുകൊണ്ട്
  എഴുതിപ്പോയതാണ്.)

   
 16. സി. കെ. ബാബു

  Jul 28, 2009 at 11:16

  പാർത്ഥൻ,
  ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങളെന്തു്, പാർത്ഥൻ പറയുന്ന കാര്യങ്ങളെന്തു്? അവ തമ്മിൽ പ്രത്യക്ഷമായ യാതൊരു ബന്ധവുമില്ല എന്നതു് ഒരുവശം. പാർത്ഥൻ പറയുന്ന കാര്യങ്ങളിലെ പരസ്പരവൈരുദ്ധ്യം മറ്റൊരു വശം.

  ഉദാഹരണത്തിനു്, "മനുസ്മൃതി മുഴുവൻ വായിച്ചിട്ടോ, ആശ്രമധർമ്മങ്ങൾ ഹൃദിസ്ഥമാക്കിയിട്ടോ അല്ല കമന്റെഴുതിയതു്" എന്നു് പറയുന്ന പാർത്ഥൻ തന്നെയാണു് "ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാലു് ആശ്രമധർമ്മങ്ങൾ ഉണ്ടെന്നു് പറയുന്നു. വേണമെങ്കിൽ അതൊക്കെ ശീലിച്ചുനോക്കാം. നിർബന്ധമായി ചെയ്യേണ്ടതാണെന്നു് എവിടെയും പരാമർശമില്ല" എന്നും പറയുന്നതു്. ഒരു ഗ്രന്ഥം വായിച്ചുനോക്കാതെ അതിൽ ഏതെങ്കിലും ഒരു കാര്യം 'എവിടെയും പരാമർശിച്ചിട്ടില്ല' എന്നു് പറയുന്നതു് ഒരു വൈരുദ്ധ്യമാണെന്നുപോലും തിരിച്ചറിയാതെയാണോ മനുസ്മൃതിയെപ്പറ്റിയും തത്വചിന്തകളെപ്പറ്റിയും ചർച്ചക്കു് വരുന്നതു്? ഒരു ഗ്രന്ഥത്തിൽ എന്തൊക്കെ പരാമർശിച്ചിട്ടുണ്ടെന്നറിയാൻ അതു് വായിച്ചു് നോക്കുകയല്ലാതെ മറ്റു് വഴിയെന്തെങ്കിലുമുള്ളതായി പാർത്ഥനറിയുമോ? അതോ ഒരു ഗ്രന്ഥം വായിച്ചിട്ടുള്ളവനെ ചോദ്യം ചെയ്യാനുള്ള യോഗ്യത അതു് വായിക്കാത്തവാനായിരിക്കണം എന്നാണോ? അതുപോലെതന്നെ, "ഒറ്റവായനയിൽ മുഴുവനും തലയിൽ കയറിയില്ല" എന്നു് പോസ്റ്റിനെപ്പറ്റിയും പാർത്ഥൻ തന്നെ പറയുന്നു. ഒരു കാര്യത്തെ ബുദ്ധിപൂർവ്വം വിമർശിക്കുന്നതിന്റെ സാമാന്യമായ മുൻനിബന്ധന അതു് എന്താണെന്നു് മനസ്സിലാക്കുകയല്ലേ‌? സംശയം കൊണ്ടു ചോദിക്കുന്നതാണു്.

  പാർത്ഥന്റെ ഇത്തരം അഭിപ്രായങ്ങളുടെ പച്ചമലയാളത്തിലെ പരിഭാഷ: "മനുസ്മൃതിയിൽ പറയുന്ന കാര്യങ്ങൾ ഞാൻ വായിച്ചിട്ടില്ല, പോസ്റ്റിൽ വായിച്ച കാര്യങ്ങൾ എനിക്കു് വേണ്ടവിധം മനസ്സിലായിട്ടില്ല, എങ്കിലും അവയെപ്പറ്റി എനിക്കു് തോന്നുന്ന അഭിപ്രായം പറയാനുള്ള യോഗ്യത എനിക്കുണ്ടു്. എന്റെ അഭിപ്രായങ്ങൾ ശരിയാണെന്ന ഉത്തമവിശ്വാസവും എനിക്കുണ്ടു്."

  പാർത്ഥൻ പിന്നെയും പറയുന്നു: “ഇതിന്റെ പേരിൽ ചർച്ച നീണ്ടു പോകണ്ട. മനുസ്മൃതിയുടെ ആധികാരികത എഴുതിപിടിപ്പിച്ചിട്ടുള്ളത് ഉൾക്കൊള്ളാനാവാത്തതുകൊണ്ട്
  എഴുതിപ്പോയതാണ്” മനുസ്മൃതി വായിക്കാത്ത പാർത്ഥന്റെ മനുസ്മൃതിയുടെ ആധികാരികതയെയെപ്പറ്റിയുള്ള ദുഃഖം!

  എന്റെ മറ്റൊരു പോസ്റ്റിലെ പാർത്ഥന്റെ ഒരു കമന്റ്:

  “കരിങ്കണ്ണിട്ടു കപ്പലു പൊളിച്ച ഒരു കോയാക്കയുടെ കഥ പ്രസിദ്ധമാണ്. അത്രയ്ക്കില്ലെങ്കിലും, വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന കോഴികുഞ്ഞുങ്ങളെ കണ്ട്, ‘തൊഴുതോര് തൊഴുതോര് മാറിക്ക്’ എന്ന് ശങ്കരമ്മാൻ പറഞ്ഞതിനുശേഷം ആ കോഴികുഞ്ഞുങ്ങളെല്ലാം ചത്തുവീണത് അനുഭവത്തിലുള്ള സംഭവമാണ്.”

  ഇത്തരം “വിശ്വാസയോഗ്യമായ അനുഭവങ്ങൾ” ഉള്ള പാർത്ഥൻ തന്നെ വേണം നീറ്റ്സ്ഷെയും മനുസ്മൃതിയും ഒക്കെ കൈകാര്യം ചെയ്യാൻ!

  ചർച്ച നീണ്ടു പോകണ്ട എന്ന അഭിപ്രായത്തോട് യോ‍ജിക്കുന്നു. കാരണം, സമയലാഭം.

   
 
%d bloggers like this: