യേശുവിന്റെ ബാല്യകാല സുവിശേഷങ്ങൾ
യേശുവിന്റെ ബാല്യകാലം വർണ്ണിക്കുന്ന സുവിശേഷങ്ങളുടെ അടിത്തറ യാക്കോബിന്റെയും (Protoevangelium of James) തോമസിന്റെയും അപ്പോക്രിഫൽ സുവിശേഷങ്ങളാണു്. മറ്റു് ശൈശവകാല സുവിശേഷങ്ങൾ ഒന്നുകിൽ അവയോടു് കൂട്ടിച്ചേർത്തോ, അല്ലെങ്കിൽ അവയിൽ നിന്നും സഭയുടെ ഡോഗ്മയുമായി പൊരുത്തപ്പെടാത്ത ഭാഗങ്ങൾ നീക്കം ചെയ്തോ എഴുതപ്പെട്ടവയാണു്. മറ്റൊരു രീതി ഈ രണ്ടു് ഉറവിടങ്ങളിലെയും ഉള്ളടക്കങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു് പുതിയതു് സൃഷ്ടിക്കുന്നതായിരുന്നു. പഴയവയിൽ നിന്നും പുതിയ സുവിശേഷങ്ങൾ എഴുതിയുണ്ടാക്കുന്ന രീതി പുരാതനകാലത്തിലോ, മദ്ധ്യകാലത്തിലോ മാത്രം ഒതുങ്ങിയിരുന്നില്ല. ഉദാഹരണത്തിനു്, ഇരുപതാം നൂറ്റാണ്ടിൽ പോലും യേശുവിന്റെ ജീവിതം വിവരിക്കുന്ന ലാറ്റിൻ ഭാഷയിലെ ഒരു പുസ്തകത്തിന്റെ ഫ്രഞ്ചു് തർജ്ജമ Catull Mendes എന്നൊരാൾ പ്രസിദ്ധീകരിച്ചിരുന്നു. നിലവിലിരിക്കുന്ന കഥകളുടെ ശേഖരണങ്ങളായ പഴയ ടെക്സ്റ്റുകളിൽ നിന്നും വ്യത്യസ്തമായി അതു് പൂർണ്ണമായും വ്യാജനിർമ്മിതമായിരുന്നു. അതുപോലെതന്നെ ജർമ്മനിയിൽ “ബെനാൻ ലേഖനം” എന്ന പേരിൽ ഒരു രചന പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ബെനാൻ (Benan) എന്നൊരു ഈജിപ്ഷ്യൻ ഡോക്ടർ ഡൊമിറ്റിയാന്റെ (Domitian) കാലത്തു് എഴുതപ്പെട്ടതു് എന്നു് അവകാശപ്പെടുന്ന ഒരു സൃഷ്ടി. അതിൽ യേശു ഒരു ഈജിപ്ഷ്യൻ ജ്യോതിശാസ്ത്രജ്ഞന്റെ കീഴിൽ വളർത്തപ്പെട്ടു എന്നും, അതുവഴി അവന്റെ രഹസ്യജ്ഞാനം യേശുവിനു് പകർന്നുകിട്ടി എന്നും മറ്റും വിവരിച്ചിരിക്കുന്നു. യേശുവിനു് അപകീർത്തി ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ രചിക്കപ്പെട്ട ഈ പുസ്തകം പക്ഷേ, അധികം താമസിയാതെതന്നെ വ്യാജമാണെന്നു് തിരിച്ചറിയപ്പെട്ടു.
അറേബ്യൻ ബാല്യകാല സുവിശേഷം
സുറിയാനി ഭാഷയിൽ രചിക്കപ്പെട്ടു് പിന്നീടു് മറ്റു് ഭാഷകളിലേക്കു് തർജ്ജമ ചെയ്യപ്പെട്ടവയാണു് യേശുവിന്റെ അറേബ്യയിലെ ബാല്യകാല സുവിശേഷം. യേശുവിന്റെ ജനനം, ഈജിപ്റ്റിലെ അത്ഭുതങ്ങൾ, തോമസിന്റെ സുവിശേഷത്തിൽ നിന്നും ഏറ്റെടുത്ത യേശുബാലന്റെ ബാല്യകാലത്തെ അത്ഭുതപ്രവൃത്തികൾ ഇവയാണു് അതിന്റെ ഉള്ളടക്കം. അറബിയിലേക്കുള്ള തർജ്ജമ വഴി അതിലെ പല ഐതിഹ്യങ്ങളും മുസ്ലീമുകളുടെ ഇടയിലും പ്രചരിച്ചിരുന്നു. അവയിൽ ചിലതു് ഖുർആനിലും കാണാമെന്നതിനാൽ, മുഹമ്മദിനും അവയെപ്പറ്റി അറിവുണ്ടായിരുന്നിരിക്കണം.
ഹേരോദാരാജാവിനാൽ യേശു കൊല്ലപ്പെടാതിരിക്കാൻ യോസേഫിനു് സ്വപ്നത്തിൽ ദൈവത്തിന്റെ അരുളപ്പാടുണ്ടായപ്രകാരം യോസേഫും മറിയയും യേശുവുമായി ഹേരൊദാരാജാവു് മരിക്കുന്നതുവരെ ഈജിപ്റ്റിൽ ചെന്നു് പാർക്കുകയായിരുന്നു എന്നു് മത്തായിയുടെ സുവിശേഷം പറയുന്നു (മത്തായി 2:13-15).
ഉണ്ണിയേശു ഈജിപ്റ്റിൽ
… ഉണ്ണിയേശുനാഥനെ ഒരു സ്ത്രീ സുഗന്ധജലം ഉപയോഗിച്ചു് കുളിപ്പിച്ചു. അതിനുശേഷം ആ ജലം അവൾ കളയാതെ സൂക്ഷിച്ചുവച്ചു. കുഷ്ടരോഗബാധമൂലം ദേഹം മുഴുവൻ വെളുത്തുകഴിഞ്ഞിരുന്ന ഒരു ബാലിക ആ ഭാഗത്തു് താമസിച്ചിരുന്നു. യേശുവിനെ കുളിപ്പിച്ച സ്ത്രീ അവളെക്കണ്ടപ്പോൾ ആ ജലത്തിന്റെ ഒരംശമെടുത്തു് ആ പെൺകുട്ടിയുടെ ദേഹത്തൊഴിച്ചു. അതുകൊണ്ടു് ദേഹമാസകലം കഴുകിയപ്പോൾ ഉടനെതന്നെ അവൾ കുഷ്ടരോഗത്തിൽ നിന്നും പൂർണ്ണമായും മോചിതയായി. ഈ അത്ഭുതം കണ്ട ആ പട്ടണത്തിലെ ജനങ്ങൾ ഒന്നടങ്കം പറഞ്ഞു: “യോസേഫും മറിയയും ഈ കുഞ്ഞും ദൈവങ്ങളാണു്, യാതൊരു സംശയവുമില്ല.” അവർ ആ പട്ടണം വിട്ടു് പോകാൻ തുടങ്ങിയപ്പോൾ തന്നെയും കൂട്ടത്തിൽ കൊണ്ടുപോകണമെന്നു് ആ പെൺകുട്ടി അവരോടു് അപേക്ഷിക്കുകയും ചെയ്തു.
അവിടെ നിന്നും തുടർന്നു് യാത്ര ചെയ്തു് യോസേഫും മഹത്വവതിയായ മറിയയും ഒറ്റപ്പെട്ട ഒരു പ്രദേശത്തു് എത്തിച്ചേർന്നു. അതു് മോഷ്ടാക്കളാൽ ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശമാണെന്നു് കേട്ടതിനാൽ അവർ രാത്രിയിൽ യാത്ര തുടരാൻ തീരുമാനിച്ചു. എന്നിട്ടും അതാ കിടക്കുന്നു വഴിയിൽ രണ്ടു് കവർച്ചക്കാർ! അവരുടെ കൂട്ടുകാരായ മറ്റു് ധാരാളം കൊള്ളക്കാരും അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. യേശുവും കുടുംബവും ചെന്നുപെട്ട രണ്ടു് കള്ളന്മാർ ടൈറ്റസും ഡ്യുമാക്കസും ആയിരുന്നു. അപ്പോൾ ടൈറ്റസ് ഡ്യുമാക്കസിനോടു് പറഞ്ഞു: “നമ്മുടെ കൂട്ടുകാരുടെ ശ്രദ്ധയിൽപെടാതെ തുടർന്നു് യാത്രചെയ്യാൻ നീ ദയവുചെയ്തു് ഇവരെ അനുവദിക്കുക.” പക്ഷേ ഡ്യുമാക്കസ് സമ്മതിച്ചില്ല. അപ്പോൾ അവൻ ബഹളമുണ്ടാക്കി മറ്റുള്ളവരെ ഉണർത്താതിരിക്കാനായി ടൈറ്റസ് അവനു് നാൽപതു് ദ്രഹ്മം (പഴയ ഗ്രീക്ക് നാണയം drachma) പണയമായി കൊടുത്തു. പോരാത്തതിനു് തന്റെ അരയിൽ ചുറ്റിയിരുന്ന ബെൽറ്റും അവൻ അഴിച്ചുനൽകി. അതുകണ്ടപ്പോൾ ദൈവമാതാവായ മറിയ ടൈറ്റസിനെ അനുഗ്രഹിച്ചു: “മഹത്വമുള്ളവനായ ദൈവം നിന്നെ അനുഗ്രഹിക്കുകയും നിന്റെ പാപങ്ങൾ മോചിച്ചുതരികയും ചെയ്യും.” അപ്പോൾ യേശുക്കുഞ്ഞു് അവളോടു് പറഞ്ഞു: “അമ്മേ, മുപ്പതു് വർഷങ്ങൾ കഴിയുമ്പോൾ ഞാൻ യേരുശലേമിൽ യൂദന്മാരാൽ ക്രൂശിക്കപ്പെടേണ്ടവനാണു്, ഈ രണ്ടു് കള്ളന്മാരും – ടൈറ്റസ് എന്റെ വലതുവശത്തും, ഡ്യുമാക്കസ് ഇടതുവശത്തുമായി – അന്നു് എന്നോടൊപ്പം കുരിശിൽ തറയ്ക്കപ്പെടും. ആ ദിവസത്തിനുശേഷം ടൈറ്റസ് എനിക്കു് മുൻപായി പറുദീസയിൽ എത്തിച്ചേരും.” അതു് കേട്ട ടൈറ്റസ് യേശുവിനോടു് പറഞ്ഞു: “പ്രിയ മകനേ, ദൈവം നിന്നെ അതിൽനിന്നും രക്ഷിക്കട്ടെ.” അനന്തരം അവർ വിഗ്രഹങ്ങളുടെ പട്ടണത്തിലേക്കു് പോയി. ആ പട്ടണത്തോടടുത്തപ്പോൾ അവർ മണൽക്കുന്നുകളായി രൂപാന്തരം പ്രാപിച്ചു.
അവിടെനിന്നും അവർ അൽ-മറ്റാറിയ എന്ന സ്ഥലത്തു് എത്തിചേർന്നു. അവിടെ യേശു ഒരു നീരുറവയെ ഉത്ഭവിപ്പിച്ചു. ആ ഉറവയിലെ ജലത്തിൽ മറിയ യേശുവിന്റെ കുപ്പായം അലക്കിപ്പിഴിഞ്ഞപ്പോൾ അതിൽ നിന്നും ഉതിർന്ന യേശുവിന്റെ വിയർപ്പാണു് ആ ഭാഗത്തെ സുഗന്ധതൈലങ്ങളായി മാറിയതു്.
ആട്ടിൻകുട്ടികളായി പരിണമിച്ച മനുഷ്യകുട്ടികൾ
ഒരിക്കൽ മഹത്വവാനായ യേശുക്കുട്ടൻ വീട്ടിൽനിന്നും പുറത്തേക്കിറങ്ങിയപ്പോൾ തെരുവിൽ കളിക്കാനായി വട്ടം കൂടിയ കുറെ കുട്ടികളെ കണ്ടു. പക്ഷേ, അവൻ അവരുടെ അടുത്തേക്കു് ചെന്നപ്പോൾ അവരെല്ലാവരും ഓടിയൊളിച്ചു. യേശു അവരെത്തേടി ഒരു വീടിനു് മുന്നിലെത്തി. വീടിനു് വെളിയിൽ കൂട്ടംകൂടിനിന്നു് കുശലം പറഞ്ഞിരുന്ന കുറെ സ്ത്രീകളോടു് യേശു ആ കുട്ടികളെപ്പറ്റി ചോദിച്ചപ്പോൾ ഇവിടെയെങ്ങും ആരുമില്ല എന്നായിരുന്നു അവരുടെ മറുപടി. നിങ്ങളുടെ അടുക്കളയിൽ നിൽക്കുന്നവർ പിന്നെ ആരാണെന്ന ചോദ്യത്തിനു് അതു് മൂന്നു് വയസ്സുള്ള ആട്ടിൻകുട്ടികളാണെന്നായിരുന്നു ആ സ്ത്രീകളുടെ പ്രതികരണം. അപ്പോൾ യേശു വിളിച്ചുപറഞ്ഞു: “കുഞ്ഞാടുകളേ, നിങ്ങൾ നിങ്ങളുടെ ഇടയന്റെ അടുത്തേക്കു് ഇറങ്ങിവരൂ.” അപ്പോൾ ആ കുട്ടികൾ എല്ലാവരും ആട്ടിൻകുട്ടികളുടെ രൂപത്തിൽ പുറത്തിറങ്ങിവന്നു് യേശുവിനു് ചുറ്റും ചാടിക്കളിക്കാൻ തുടങ്ങി. ഇതു് കണ്ടപ്പോൾ ആ സ്ത്രീകൾക്കു് ആകെമൊത്തം അത്ഭുതവും ഭയവുമായി. ഉടനടി അവർ യേശുവിനു് മുന്നിൽ വീണുകിടന്നു് അപേക്ഷിച്ചു: “ഓ! ഞങ്ങളുടെ ദൈവമായ യേശുവേ, മറിയയുടെ പുത്രനേ, സത്യമായിട്ടും നീ യിസ്രായേലിന്റെ നല്ല ഇടയനാണു് , നിന്റെ മുന്നിൽ വീണുകിടക്കുന്ന ഈ കന്യകമാരോടു് കരുണ തോന്നേണമേ, നശിപ്പിക്കാനല്ല, രക്ഷിക്കാനായാണു് നീ വന്നിരിക്കുന്നതെന്നതിൽ ഒരുനാളും ഞങ്ങൾക്കു് സംശയമുണ്ടായിരുന്നില്ല.” അപ്പോൾ യേശുബാലൻ പറഞ്ഞു: “ലോകജനതയുടെ ഇടയിൽ എത്യോപ്യക്കാരെപ്പോലെയാണു് യിസ്രയേലിന്റെ സന്തതികൾ.” അതുകേട്ട ആ സ്ത്രീകൾ മറുപടിയായി പറഞ്ഞു: “പ്രതാപവാനായ യേശുവേ, നീ എല്ലാം അറിയുന്നവനാണു്, ഒന്നും നിനക്കു് മറഞ്ഞിരിക്കുന്നില്ല; എങ്കിലും, ഇപ്പോൾ നിന്റെ അടിമകളായ ഈ കുട്ടികളോടു് നിനക്കു് ദയതോന്നി അവരെ മുൻപിലത്തെ അവസ്ഥയിലേക്കു് മാറ്റിത്തരണമെന്നു് ഞങ്ങൾ താഴാഴ്മയോടെ നിന്നോടു് അപേക്ഷിക്കുന്നു.” അപ്പോൾ യേശുക്കുഞ്ഞു് ആ കുട്ടികളെ നോക്കി പറഞ്ഞു: “വരൂ കുട്ടികളേ, നമുക്കു് കളിക്കാൻ പോകാം.” അതേ നിമിഷം ആട്ടിൻകുട്ടികളായി പരിണമിച്ചിരുന്ന കുട്ടികൾ എല്ലാവരും ആ സ്ത്രീകളുടെ സാന്നിദ്ധ്യത്തിൽ തന്നെ തിരിച്ചു് മനുഷ്യക്കുട്ടികളായി രൂപാന്തരം പ്രാപിച്ചു.
അനില്‍@ബ്ലോഗ്
Jul 1, 2009 at 18:18
രസകരം !
ആ ഉറവയിലെ ജലത്തിൽ മറിയ യേശുവിന്റെ കുപ്പായം അലക്കിപ്പിഴിഞ്ഞപ്പോൾ അതിൽ നിന്നും ഉതിർന്ന യേശുവിന്റെ വിയർപ്പാണു് ആ ഭാഗത്തെ സുഗന്ധതൈലങ്ങളായി മാറിയതു്.
അപ്പോള്‍ അതാണ് സുഗന്ധദ്രവ്യങ്ങളുടെ ടെക്നോളജി.
🙂
മുക്കുവന്‍
Jul 1, 2009 at 20:08
"കുഞ്ഞാടുകളേ, നിങ്ങൾ നിങ്ങളുടെ ഇടയന്റെ അടുത്തേക്കു് ഇറങ്ങിവരൂ." …
hahaha… I love that story…
സി. കെ. ബാബു
Jul 2, 2009 at 10:05
അനിൽ@ബ്ലോഗ്, മുക്കുവൻ,
പുരാതന ക്രിസ്ത്യാനികൾ 'മരണതുല്യമായ' ഗൗരവത്തോടെ കണ്ടിരുന്നതും, പള്ളികളിലും ഇടവകകളിലുമൊക്കെ പതിവായി വായിച്ചിരുന്നതുമാണു് ഈ കഥകൾ. ഇതുപോലുള്ള മതപരമായ കഥകൾ സത്യമെന്നു് വിശ്വസിക്കാൻ മടിക്കാത്ത ഗണനീയമായ ഒരു വിഭാഗം മനുഷ്യരെ പ്രബുദ്ധരെന്നു് അവകാശപ്പെടുന്ന കേരളത്തിലെ വിദ്യാസമ്പന്നരുടെ ഇടയിൽ പോലും ഇന്നും കാണാൻ കഴിയുന്നില്ലേ? ജനങ്ങളെ നയിക്കാൻ വേണ്ടത്ര അറിവും യോഗ്യതയുമുണ്ടെന്നു് ഭാവിച്ചു് ഇറങ്ങിത്തിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയനേതാക്കൾ വരെ അതിൽ പെടും. കേരളത്തിലെ ഏറ്റവും വലിയ 'വിപ്ലവകാരി' പോലും വിശ്വാസപരമായ കാര്യങ്ങളിൽ ഉള്ളിന്റെയുള്ളിൽ ഒരു യാഥാസ്ഥിതികനാണു്.
cALviN::കാല്‍വിന്‍
Jul 2, 2009 at 16:56
"പ്രതാപവാനായ യേശുവേ, നീ എല്ലാം അറിയുന്നവനാണു്, ഒന്നും നിനക്കു് മറഞ്ഞിരിക്കുന്നില്ല; എങ്കിലും, ഇപ്പോൾ നിന്റെ അടിമകളായ ഈ കുട്ടികളോടു് നിനക്കു് ദയതോന്നി അവരെ മുൻപിലത്തെ അവസ്ഥയിലേക്കു് മാറ്റിത്തരണമെന്നു് ഞങ്ങൾ താഴാഴ്മയോടെ നിന്നോടു് അപേക്ഷിക്കുന്നു." അപ്പോൾ യേശുക്കുഞ്ഞു് ആ കുട്ടികളെ നോക്കി പറഞ്ഞു: "വരൂ കുട്ടികളേ, നമുക്കു് കളിക്കാൻ പോകാം."
Thus Spoke our dear യ്യേശുക്കുഞ്ഞ് !
ചാര്‍വാകന്‍
Jul 2, 2009 at 18:31
എന്തായാലും ,നരകതീയില്‍വെന്തു പോവാനുള്ള ബാബുസാറിനോട് ഒരുശോദ്യം , പറയൂ ആരാണാവിപ്ളവകാരി,ഈ ഞാനാണോ?
(മെയിലുതന്നാലും മതി)
സി. കെ. ബാബു
Jul 2, 2009 at 21:14
കാൽവിൻ,
ഈ പരനുണക്കഥകൾ കേൾക്കാൻ ഇടവരുന്നതിനു് മുൻപേ സ്വർഗ്ഗാരോഹണം ചെയ്യാൻ പറ്റിയതു് യേശുവിന്റെ ഭാഗ്യം! 🙂
ചാർവാകൻ,
എന്താപ്പോ അങ്ങനെയൊരു തോന്നൽ? ആരോടെങ്കിലുമുള്ള വ്യക്തിപരമായ പരാമർശം ആയിരുന്നു അതെങ്കിൽ ഞാൻ അങ്ങനെതന്നെ പറഞ്ഞേനെ! അതൊരു ജെനറൽ സ്റ്റേറ്റ്‌മെന്റായിരുന്നു! സാമൂഹികപരിണാമം ലക്ഷ്യമാക്കുന്ന ഏതു് തരം വിപ്ലവവും ആരംഭിക്കേണ്ടതു് മനുഷ്യരുടെ തലയിലാണെന്നും, പഴയ വിശ്വാസങ്ങൾ പലപ്പോഴും അറിഞ്ഞും, ചിലപ്പോൾ അറിയാതെയും ഇന്നും കേരളീയന്റെ/ഭാരതീയന്റെ (മനുഷ്യരുടെ പൊതുവെതന്നെ) തലയിൽ കുടിപാർക്കുന്നുണ്ടെന്നും സൂചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇന്നിന്റെ പ്രശ്നങ്ങളുടെ നിരുപാധികമായ പരിഹാരം ഇന്നലെകളിൽ ഉണ്ടെന്ന വിശ്വാസം കടുംപിടുത്തമാകുന്നതും, മനുഷ്യരിൽ അടിച്ചേല്പിക്കപ്പെടുന്നതും ഒരുതരം യാഥാസ്ഥിതികത്വമാണെന്നാണു് എന്റെ അഭിപ്രായം.
തെറ്റിദ്ധാരണ വേണ്ട എന്നു ചുരുക്കം. 🙂