ഒരു ശരാശരി ക്രിസ്ത്യാനിക്കു് പഴയനിയമവും പുതിയനിയമവും അടങ്ങുന്ന ഒരു ബൈബിളേ പരിചയമുണ്ടാവൂ. ചെറുപ്പം മുതൽ പള്ളിയിലും വേദോപദേശക്ലാസുകളിലും കേട്ടും ഹൃദിസ്ഥമാക്കിയും ശീലിച്ചതുമൂലം ഒരു വിമർശനാത്മകവായന അനാവശ്യവും ഒരുപക്ഷേ അസാദ്ധ്യവുമായി മാറിയ ബൈബിൾ. അൽപം ശ്രദ്ധയും, മറ്റൊരു കാഴ്ചപ്പാടും ഉണ്ടായാൽ ബൈബിൾ നമ്മിൽ ഉയർത്തുന്ന ചോദ്യങ്ങൾ അനവധിയായിരിക്കും. ആദ്യകാലക്രിസ്ത്യാനികളുടെ കാര്യവും ഏതാണ്ടു് അതുപോലെതന്നെയായിരുന്നു. യേശുവിനെയും, മറിയയെയും, അപ്പൊസ്തലന്മാരെയും പറ്റി കാര്യമായി ഒന്നും സുവിശേഷങ്ങളിൽ നിന്നും അറിയാനാവില്ല എന്നതിനാൽ അവരേയും അവരുടെ ജീവിതത്തെയും അവരുടെ ദൗത്യത്തെപ്പറ്റിയുമൊക്കെ കൂടുതൽ അറിയാൻ മനുഷ്യർ ആഗ്രഹിച്ചതു് സ്വാഭാവികം മാത്രം. സകല ലോകത്തിന്റെയും രക്ഷകനാവേണ്ട തന്റെ മകന്റെ മാതാവാവാൻ ദൈവം തിരഞ്ഞെടുത്ത മറിയയുടെ ജനനവും യുവത്വവും, ഗർഭധാരണത്തിനും പ്രസവത്തിനും ശേഷവും അവൾ കന്യകയായി തുടർന്നതും മറ്റുമായ കാര്യങ്ങളെപ്പറ്റി വിശദമായി അറിയാൻ ജനങ്ങൾ ആഗ്രഹിച്ചു. മശിഹായുടെ ജന്മമെടുക്കൽ ദൈവം എങ്ങനെ പ്രാവർത്തികമാക്കി, ഐഹികജീവിതത്തിനു് ശേഷം പാപികളായ സാധാരണ മനുഷ്യരുടേതുപോലുള്ള ഒരു മരണമായിരുന്നോ മറിയയും നേരിടേണ്ടിവന്നതു്? അതുപോലെ, യേശു ബാല്യത്തിലേതന്നെ മനുഷ്യർക്കു് അത്ഭുതങ്ങളും അറിവുകളും വെളിപ്പെടുത്തി തന്റെ ദൈവികഉറവിടത്തിനു് തെളിവുകൾ നൽകിയിരുന്നോ? സുവിശേഷങ്ങളിൽ പറയുന്നതല്ലാത്ത യേശുവചനങ്ങൾ ശേഖരിക്കപ്പെട്ടിട്ടുണ്ടോ? മരണശേഷം രക്ഷകനായ യേശുവിനു് എന്തു് സംഭവിച്ചു?എങ്ങനെയായിരുന്നു ഉയിർത്തെഴുന്നേൽപ്പു്? എവിടെയൊക്കെയാണു് അപ്പൊസ്തലന്മാർ സുവിശേഷം അറിയിച്ചതു്? അവരുടെ മരണം എങ്ങനെയായിരുന്നു? തിരഞ്ഞെടുക്കപ്പെട്ടവരുടെയും തള്ളിക്കളയപ്പെട്ടവരുടെയും മരണാനന്തരലോകത്തിലെ ജീവിതം എങ്ങനെയായിരിക്കും? ചോദ്യങ്ങൾക്കുപുറമേ ചോദ്യങ്ങൾ!
തീർച്ചയായും വെറും ആകാംക്ഷയുടെ ഫലമായും ആരിലും ഇത്തരം ചോദ്യങ്ങൾ ഉടലെടുക്കാം. പക്ഷേ, സാമാന്യത്തിൽ സാമാന്യരും, സമൂഹത്തിന്റെ ഏറ്റവും താഴത്തെത്തട്ടിൽ കഴിഞ്ഞിരുന്നവരുമായിരുന്ന ആദ്യകാലക്രിസ്ത്യാനികളിൽ ഉടനെതന്നെ വരാനിരിക്കുന്ന ദൈവരാജ്യവും, അതിനു് മുന്നോടിയായി സംഭവിച്ച ദൈവപുത്രന്റെ മനുഷ്യരൂപമെടുക്കലും, അതിനുവേണ്ടി പത്രോസ് എന്ന പാറയിൽ പണിയപ്പെട്ട പള്ളിയായ ക്രിസ്തുമതവുമൊക്കെ ആനന്ദവും ആവേശവും ഉണർത്തിയ ചിന്തകൾക്കു് വഴിയൊരുക്കി എന്നതിൽ അത്ഭുതമൊന്നുമില്ല.
യേശുവിന്റെ വചനങ്ങൾ ഓർമ്മകളും ദൃക്‌സാക്ഷിവിവരണങ്ങളുമെന്ന രൂപത്തിൽ ആദ്യകാലശിഷ്യന്മാരാൽ വായ്മൊഴിയായി പുതിയ സഭാംഗങ്ങൾക്കു് പകർന്നുകൊടുക്കപ്പെടുകയായിരുന്നു. അതുമൂലം, ഒരുവശത്തു് അപ്പൊസ്തലന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട വചനങ്ങൾ രേഖപ്പെടുത്തുകയും അവ വായിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോഴും മറുവശത്തു് വായ്മൊഴിയായുള്ള പങ്കുവയ്ക്കൽ തുടർന്നുകൊണ്ടിരുന്നു. ഉറവിടം കൃത്യമായി നിശ്ചയിക്കപ്പെടാനാവാത്തവയും മുകളിൽ സൂചിപ്പിച്ചതുപോലുള്ള പല ചോദ്യങ്ങളുടെയും മറുപടികൾ ഉൾക്കൊള്ളുന്നവയുമായ ധാരാളം വായ്മൊഴികൾ താമസിയാതെ ലിഖിതരൂപത്തിൽ രംഗപ്രവേശം ചെയ്തു.
ഒരു കൃതി കാനോനിക്കലോ അല്ലയോ, അഥവാ, ഔദ്യോഗികബൈബിളിൽ അതിനു് സ്ഥാനം നൽകപ്പെടാമോ ഇല്ലയോ എന്നു് തീരുമാനിക്കപ്പെട്ടതു് അതു് യേശുവുമായി നേരിട്ടു് ബന്ധപ്പെട്ടതാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. ആദ്യകാലങ്ങളിൽ പ്രധാനമായും യേശുവചനങ്ങൾ മാത്രമേ ഘോഷിക്കപ്പെട്ടിരുന്നുള്ളു. ക്രിസ്തീയസമൂഹം വളരെ വേഗം വളർന്നതിനാൽ എല്ലാ ഇടവകകളിലും സുവിശേഷം അറിയിക്കാൻ ദൃക്‌സാക്ഷികൾക്കു് തനിയെ സാധിക്കാതെ വന്നു. അതിന്റെ ഫലമായി വായ്മൊഴിക്കു് പകരമെന്നോണം ഏഴും എട്ടും ദശകങ്ങളിൽ സുവിശേഷങ്ങൾ എഴുതപ്പെടുകയും അധികം താമസിയാതെതന്നെ അവ വിശുദ്ധവചനങ്ങളായി അംഗീകരിക്കപ്പെടുകയും ചെയ്തു. ആ സുവിശേഷങ്ങൾ രചിച്ചവർക്കു് എത്രത്തോളം യേശുവചനങ്ങളുടെ ആധികാരികവക്താക്കൾ എന്ന പദവി നൽകപ്പെടാൻ കഴിയുമെന്ന കാര്യം സംശയാസ്പദമാണെങ്കിലും, അപ്പൊസ്തലന്മാരുടെ ശേഷകാലഘട്ടത്തിൽ (A.D. 70-നും 140-നും ഇടയിൽ) അവയ്ക്കു് പൊതുവേ അംഗീകാരം ലഭിച്ചു. സഭാസംബന്ധമായ കാര്യങ്ങളിലെ പ്രധാന ചോദ്യങ്ങൾക്കു് മറുപടി ആവശ്യമായി വരുമ്പോഴെല്ലാം സുവിശേഷങ്ങളെ ആശ്രയിക്കുന്നതായിരുന്നു രീതി.
140-നും 200-നും ഇടയിൽ സുവിശേഷങ്ങൾ കാനോനിക്കൽ ആയി അംഗീകരിക്കപ്പെടാൻ തുടങ്ങി. ക്രിസ്ത്യൻ തത്വചിന്തകനായിരുന്ന ജസ്റ്റിൻ (Justin Martyr A.D. 100-165) സുവിശേഷങ്ങൾക്കു് കാനോനിക്കൽ പദവി നൽകുന്നുണ്ടു് – യോഹന്നാന്റെ സുവിശേഷം അതിൽ ഉൾപെടുന്നുണ്ടോ എന്നു് വ്യക്തമല്ലെങ്കിലും. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ‘നാലുതരം’ സുവിശേഷങ്ങൾ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ അവയെ പൊരുത്തപ്പെടുത്തി സംയോജിപ്പിച്ചു് ടാറ്റിയൻ (Tatian the Assyrian) Diatessaron എഴുതിയെങ്കിലും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഐറണിയസിന്റെ (Irenaeus) നേതൃത്വത്തിൽ അന്നത്തെ സഭാപിതാക്കൾ നാലു് സുവിശേഷങ്ങളെത്തന്നെ നിലനിർത്താൻ തീരുമാനിച്ചു. അതിന്റെ തുടർച്ചയായി അഞ്ചാം നൂറ്റാണ്ടു് ആയപ്പോഴേക്കും ടാറ്റിയൻ മതനിന്ദകനായി മുദ്രകുത്തപ്പെടുകയും, അതുവഴി രണ്ടു് നൂറ്റാണ്ടു് കാലത്തോളം സിറിയക്ക് ക്രിസ്തീയതയുടെ പ്രമാണമായിരുന്ന Diatessaron നശിപ്പിക്കപ്പെടുകയും ചെയ്തു.
ഒരുപക്ഷേ, ഇസ്ലാം മതസ്ഥാപകനായ മുഹമ്മദിനു് ലഭിച്ചതു് ഈ ഗ്രന്ഥമായതുകൊണ്ടാവാം ഇൻജീൽ (Evangelium) എന്നതു് ക്രിസ്ത്യാനികളുടെ സുവിശേഷം ഉൾക്കൊള്ളുന്ന ഒരു ഒറ്റ കൃതിയാണെന്ന നിഗമനം ഖുർആനിൽ ഉണ്ടായതു്.
കാനോന്റെ രൂപമെടുക്കൽ കിഴക്കൻ സഭകളിലും പടിഞ്ഞാറൻ സഭയിലും വ്യത്യസ്തമായിട്ടാണു് സംഭവിച്ചതു്. ചില സൃഷ്ടികളെ പാശ്ചാത്യസഭ നിരാകരിച്ചപ്പോൾ, പല കിഴക്കൻ സഭകളിലും അവ നാലാം നൂറ്റാണ്ടുവരെ അമൂല്യവും കാനോനിക്കലുമായി അംഗീകരിക്കപ്പെട്ടിരുന്നു. അവയിൽ പെടുന്നവയാണു് ബാർണബാസിന്റെ ലേഖനം, പത്രോസിനുണ്ടായ വെളിപാടു് മുതലായവ. കിഴക്കരുടെ ഇടയിൽ ഈ പ്രശ്നത്തിനു് ഒരു പരിഹാരം കാണാനായി ഒറിജെൻ (Origen A.D 185-254) ക്രിസ്തീയലിഖിതങ്ങളെ കാനോനിക്കലും അല്ലാത്തവയുമായി തരം തിരിച്ചു. ഒന്നാമത്തേതു്, പൊതുവേ അംഗീകരിക്കപ്പെട്ട സുവിശേഷങ്ങൾ, രണ്ടാമത്തേതു്, കപടന്മാരാൽ രചിക്കപ്പെട്ട നുണക്കഥകൾ, മൂന്നാമത്തെ വിഭാഗം ഉറവിടത്തിന്റെ അപ്പൊസ്തലത്വവും മൗലികതയും സംശയാസ്പദമായവ. പുതിയ നിയമത്തിൽ എത്ര പുസ്തകങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്ന കാര്യത്തിൽ ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ മൂന്നാം നൂറ്റാണ്ടിൽ പോലും വ്യക്തമായ ഒരു തീരുമാനം നിലനിന്നിരുന്നില്ല. അതിനു് പരിഹാരമായി അത്തനേസിയസിന്റെ (Athanasius of Alexandria) A.D. 367-ലെ “ഈസ്റ്റർ ലേഖനം” വഴി പുതിയനിയമത്തിലെ പുസ്തകങ്ങളുടെ എണ്ണം 27 ആയി ഉറപ്പിക്കപ്പെട്ടു. എന്നിട്ടും അവയിലെ “കത്തോലിക്കാലേഖനങ്ങൾ” എന്നറിയപ്പെടുന്ന ഏഴു് ലേഖനങ്ങൾക്കു് ആറാം നൂറ്റാണ്ടിനോടടുത്തു് മാത്രമേ പൊതുവായ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞുള്ളു. അതേസമയം, യോഹന്നാനുണ്ടായ വെളിപാടു് ചില സഭാ സമൂഹങ്ങളിൽ ഒൻപതാം നൂറ്റാണ്ടിൽ പോലും കാനോനിക്കൽ ആയി കണക്കാക്കപ്പെട്ടിരുന്നില്ല.
“ഈസ്റ്റർ ലേഖനത്തിൽ” പഴയ നിയമത്തിലെ പുസ്തകങ്ങളെ വിവരിച്ചശേഷം അത്തനേസിയസ് തുടരുന്നു: “പുതിയനിയമത്തിലെ പുസ്തകങ്ങൾ ആശങ്കക്കിടയില്ലാതെ ഈ പറയുന്നവയാണു്: മത്തായിയും, മർക്കോസും, ലൂക്കോസും, യോഹന്നാനും എഴുതിയ നാലു് സുവിശേഷങ്ങൾ, അതിനുശേഷം അപ്പോസ്തലന്മാരുടെ പ്രവർത്തികളും ‘കത്തോലിക്കാലേഖനങ്ങൾ’ എന്നറിയപ്പെടുന്ന അപ്പൊസ്തലന്മാരുടെ ഏഴു് ലേഖനങ്ങളും – യാക്കോബിന്റെ ഒന്നും, പത്രോസിന്റെ രണ്ടും, യോഹന്നാന്റെ മൂന്നും, യൂദായുടെ ഒന്നും. അതിന്റെ കൂട്ടത്തിൽ അപ്പൊസ്തലനായ പൗലോസിന്റെ പതിനാലു് ലേഖനങ്ങളും – റോമർക്കു് ഒന്നും, കൊരിന്ത്യർക്കു് രണ്ടും, ഗലാത്യർക്കും എഫേസ്യർക്കും, ഫിലിപ്പിയർക്കും, കൊലോസ്സ്യർക്കും ഓരോന്നും, തെസ്സലോനിക്യർക്കു് രണ്ടും, എബ്രായർക്കു് ഒന്നും, തീമൊഥേയോസിനു് രണ്ടും, തീത്തോസിനു് ഒന്നും, അവസാനമായി ഫിലേമോന്നു് ഒന്നും. കൂടാതെ യോഹന്നാനു് ഉണ്ടായ വെളിപാടും.”
പാശ്ചാത്യസഭയിൽ A.D.400-ൽ തന്നെ 27 പുസ്തകങ്ങളുള്ള പുതിയനിയമം അംഗീകരിക്കപ്പെട്ടു് കഴിഞ്ഞിരുന്നു. അവിടെ ചില പുസ്തകങ്ങളെ സംബന്ധിച്ചു് അവ കാനോനിക്കലോ അല്ലയോ എന്നതിനേക്കാൾ അവ വ്യാജമോ അല്ലയോ എന്നതായിരുന്നു പ്രധാനമായും നിലനിന്നിരുന്ന സംശയം. ഉദാഹരണത്തിനു് പൗലോസ് എബ്രായർക്കെഴുതിയ ലേഖനത്തിന്റെ ഉറവിടശുദ്ധി സംശയാസ്പദമാണു്. അവസാനം, കത്തോലിക്കാസഭ 1546-ലെ സിനോഡിൽ (Counsil of Trent) നാലാം നൂറ്റാണ്ടിലെ ബൈബിളിനെ – അവയിലെ ചില പുസ്തകങ്ങളുടെ ഉറവിടശുദ്ധിയെ സംബന്ധിച്ചു് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ തന്നെ – അന്തിമമായി അംഗീകരിച്ചു.
ചുരുക്കിപ്പറഞ്ഞാൽ, എല്ലാ ദൈവവചനങ്ങളും മനുഷ്യവചനങ്ങൾ മാത്രം! ദൈവവചനങ്ങൾ എഴുതിയുണ്ടാക്കിയവൻ എല്ലാക്കാലവും മനുഷ്യൻ മാത്രമായിരുന്നതിനാൽ ആ വചനങ്ങളിൽ വർണ്ണിക്കപ്പെടുന്ന ദൈവവും അവന്റെ സൃഷ്ടി മാത്രമേ ആവാൻ കഴിയൂ! അനാദ്യന്തനായ ഒരു അരൂപിയിൽ അക്ഷരാഭ്യാസം ആരോപിക്കുന്നതു് അവനെ അവഹേളിക്കുന്നതിനു് തുല്യമാണു്.
ആരംഭമോ അവസാനമോ ഇല്ലാത്ത ഒരുവൻ, യാതൊരു രൂപവും ഇല്ലാത്ത ഒരുവൻ, സകലമാന പ്രപഞ്ചവും അതിനപ്പുറം വല്ലതുമുണ്ടെങ്കിൽ അതും സൃഷ്ടിച്ച ഒരുവൻ നിലത്തെഴുത്തിനിരിക്കുന്നതു് ഒന്നാലോചിച്ചുനോക്കൂ! അവൻ എഴുതുന്നതു് മണലിലോ അതോ അരിയിലോ? എഴുതുന്നതു് പച്ചമലയാളത്തിൽ ഹരിശ്രീ ഗണപതായേ നമഃ എന്നുതന്നെയാവുമല്ലേ?
അനില്‍@ബ്ലോഗ്
Jun 22, 2009 at 05:09
ബാബുമാഷെ,
കൃസ്ത്യന്‍ ഇസ്ലാം മതങ്ങള്‍ തമ്മില്‍ വളരെയധികം ചേര്‍ന്നു കിടക്കുന്ന ഒന്നാണ്. രണ്ടിനേയും ഒന്നിച്ചെടുത്ത് അഥവാ കൃസ്തുമത വിശ്വാസങ്ങളുടേയും പ്രമാണങ്ങളേയും കൂടി പരിശോധിച്ച് ഇസ്ലാമിനെ പഠിക്കുന്നതായിരിക്കും കൂടുതല്‍ ശരി എന്ന് ബോദ്ധ്യപ്പെടുത്തുന്നു താങ്കളുടെ കുറിപ്പുകള്‍.
സുവിശേഷങ്ങളും ഹദീസുകളും ഒരേ സ്റ്റാറ്റസ് ഉള്ള സംഭവങ്ങളാണല്ലെ, ഒരു പക്ഷെ ഒരേ രീതി പിന്തുടര്‍ന്ന് രചിക്കപ്പെട്ടവ?
ഏതായാലും ക്രൈസ്തവ വിമര്‍ശനങ്ങള്‍ കാര്യമായ ആക്രമണങ്ങള്‍ വിളിച്ചു വരുത്തില്ലെന്നൊരു ഗുണമുണ്ട്.
🙂
സി. കെ. ബാബു
Jun 22, 2009 at 10:30
അനിൽ@ബ്ലോഗ്,
ഈ രണ്ടു് മതങ്ങളിലേയും ദൈവവും പുരാതനപ്രവാചകന്മാരും അവരെസംബന്ധിച്ചുള്ള കഥകളും ഒന്നുതന്നെ – വിദ്യാഭ്യാസം ഇല്ലാതിരുന്നവനായ മുഹമ്മദ് നബിയുടെ വചനങ്ങളിൽ അതിന്റേതായ അപാകതകളും കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ഉണ്ടെങ്കിൽ തന്നെയും. ബൈബിളിലെപ്പോലെ ഖുർആനിലും പിൽക്കാലത്തു് ഒരു പുതുക്കിയെഴുതൽ നടന്നിരുന്നുവെങ്കിൽ തീർച്ചയായും അതിന്റെ സാഹിത്യപരമായ നിലവാരവും അതിനനുസരിച്ചു് ഉയർന്നതായിരുന്നേനെ.
Peshitta എന്നറിയപ്പെടുന്ന ബൈബിളിന്റെ ഒരു ജനകീയ വേർഷൻ സുറിയാനി ഭാഷയിൽ നിലനിന്നിരുന്നു എന്നതും ഖുർആൻ രചനയുടെ നിലവാരത്തെ സ്വാധീനിച്ച ഒരു ഘടകമായിരുന്നിരിക്കാം.
വിമർശനങ്ങളോടു് ക്രിസ്തുമതം കാണിക്കുന്ന സഹിഷ്ണുത അന്ധകാരയുഗത്തിലും അതിനു് ശേഷവും ഒരുപാടു് രക്തച്ചൊരിച്ചിലുകളിലൂടെ മനുഷ്യർ നേടിയെടുത്തതാണു്. പുരോഗമനവാദികളായ ഭരണാധികാരികളുടെ പിന്തുണയോടെ തത്വചിന്തകരും സാമൂഹികപരിഷ്കർത്താക്കളും ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു. എല്ലാ ഭരണാധികാരികളും സഭാപിതാക്കളുമായി ഒത്തുകളിക്കുകയായിരുന്നെങ്കിൽ ഇന്നും ലോകം അന്ധകാരയുഗത്തിൽ കഴിയേണ്ടി വന്നേനെ.
മനുഷ്യബുദ്ധിയുടെ വളർച്ചയെ ഏറ്റവും കൂടുതൽ തടയുന്നതു് ദൈവത്തെ പൊക്കിപ്പിടിക്കുന്ന മതനേതാക്കളാണു്. എന്നും അതങ്ങനെതന്നെ ആയിരുന്നു. തടവിലിട്ടു് വളർത്തി മനുഷ്യരെ മന്ദബുദ്ധികളാക്കിയാൽ തടവറ കാവൽക്കാർക്കു് ഹാലേലുയ്യ പാടാനേ അവർക്കു് കഴിയൂ. 'ദൈവം' എന്ന വജ്രായുധം കാണിച്ചു് ഭയപ്പെടുത്തുന്നതിനാൽ എതിർക്കാനോ വിമർശിക്കാനോ ആരും ധൈര്യപ്പെടുകയുമില്ല.
അപ്പു
Jun 22, 2009 at 10:53
ബാബുമാഷേ,
ഈ ലേഖനത്തിൽ “കത്തോലിക്കാലേഖനങ്ങൾ” എന്നു പരാമർശിച്ചിരിക്കുന്നത് ‘അപോക്രിഫാ’ ആണോ? അതോ സെയ്ന്റ് പോൾ എഴുതിയ ലേഖനങ്ങളോ?
chithragupthan
Jun 22, 2009 at 10:59
നഷ്ടപ്പെട്ട ഹിന്ദുവോട്ട് തിരിച്ചുകിട്ടാനുള്ള കുറുക്കുവഴിയാണോ ഇസ്ലാം-ക്രൈസ്തവ വിമർശനം?
വളരെ വൈകിപ്പോയി. സുരാജും മറ്റും ദേശാഭിമാനിയിൽ ഹിന്ദുക്കളെ മൊത്തം അപമാനിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനുമുൻപ് ലേഖനങ്ങളെഴുതിയപ്പോളേ ഞാൻ സൂചിപ്പിച്ചിരുന്നു, അവ ഉദ്ദേശിച്ച ഗുണം ചെയ്യില്ലെന്നു.
കൊമ്പത്തുള്ളതു കിട്ടിയതുമില്ല, കക്ഷത്തുള്ളതു വീണും പോയി…
സി. കെ. ബാബു
Jun 22, 2009 at 11:30
അപ്പു,
അല്ല. അവ ഇപ്പോഴത്തെ ബൈബിളിൽ ഉള്ളവ തന്നെയാണു്. അതു് അടുത്തപാരഗ്രാഫിൽ തന്നെ പറയുന്നുണ്ടല്ലോ.
ഇവയാണു് 'കത്തോലിക്കാലേഖനങ്ങൾ' എന്നറിയപ്പെടുന്ന ബൈബിളിലെ പുസ്തകങ്ങൾ: യാക്കോബിന്റെ ഒന്നും, പത്രോസിന്റെ രണ്ടും, യോഹന്നാന്റെ മൂന്നും, യൂദായുടെ ഒന്നും – അങ്ങനെ ആകെ ഏഴു്.
അപ്പോക്രിഫ ഔദ്യോഗികബൈബിളിൽ ഇല്ലാത്ത രചനകളാണു്. പഴയനിയമത്തിലേയും പുതിയനിയമത്തിലേയും അപ്പോക്രിഫകൾതന്നെ വലിപ്പംകൊണ്ടു് ഏകദേശം ഒരു ബൈബിളിനോളം വരും.
chithragupthan,
ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നതു് ശരി. പക്ഷേ, ഈ ബ്ലോഗിൽ എഴുതുന്ന ലേഖനങ്ങൾക്കു് മതചരിത്രപരമായ ചില യാഥാർത്ഥ്യങ്ങൾ അതു് അറിയാത്തവരെ അറിയിക്കുക എന്ന ഒരു ഉദ്ദേശ്യം മാത്രമേ ഉള്ളു. (മറ്റു് ഭാഷ എതിർപക്ഷത്തിനു് മനസ്സിലാവുന്നില്ലെങ്കിൽ!) അപമാനിക്കലിനെ ചിലപ്പോഴെങ്കിലും അപമാനം കൊണ്ടു് നേരിടേണ്ടി വരുമെങ്കിലും
അപമാനിക്കൽ പ്രശ്നപരിഹാരത്തിനുള്ള ഒരു നല്ലമാർഗ്ഗമായി ഞാൻ കാണുന്നില്ല.
ഏതെങ്കിലും ഒരു ഐഡിയോളജിയെ അന്ധമായി ഞാൻ പിൻതുടരുന്നില്ല. ഇടതുപക്ഷത്തെ അനുകൂലിക്കുന്നതിനു് എനിക്കു് ഏറെ ആലോചനയുടെ പിൻബലമുള്ള കാരണങ്ങളുണ്ടു്. അവയെ അവതരിപ്പിക്കാനും പ്രതിരോധിക്കാനും മതങ്ങളെ പങ്കെടുപ്പിക്കാതെതന്നെ എനിക്കു് കഴിയുമെന്നാണെന്റെ വിശ്വാസം.
ktm
Jun 23, 2009 at 15:59
കൂടുതലറിയാന്….www.55a.net and http://www.harunyahya.com
സി. കെ. ബാബു
Jun 23, 2009 at 16:26
കൂടുതൽ അറിയണമെന്നില്ല.