RSS

യേശുക്കുഞ്ഞിന്റെ വിഷചികിത്സ

15 Jun
(യേശുവി‌ന്റെ ബാല്യകാലകഥകൾ-3)

കുപിതനായ അധ്യാപകൻ

യേശുബാലൻ പ്രായംകൊണ്ടും ബുദ്ധികൊണ്ടും കുറച്ചുകൂടി മുതിർന്നപ്പോൾ അവൻ ജീവിതകാലം മുഴുവൻ അക്ഷരം അറിയാത്തവനായി കഴിയാതിരിക്കാൻ വേണ്ടി യോസേഫ്‌ അവനെ മറ്റൊരു അധ്യാപകന്റെ അടുത്തു് കൊണ്ടുചെന്നാക്കി. ആ അധ്യാപകൻ യോസേഫിനോടു് പറഞ്ഞു: “ഞാൻ അവനെ ആദ്യം ഗ്രീക്ക്‌ അക്ഷരമാലയും, അതിനുശേഷം ഹീബ്രൂഭാഷയും പഠിപ്പിക്കാനാണു് ഉദ്ദേശിക്കുന്നതു്.” ആദ്യത്തെ അധ്യാപകനുണ്ടായ അനുഭവം കേട്ടറിഞ്ഞിരുന്നതുമൂലം യേശുവിന്റെ അറിവിന്റെ പേരിൽ അവനു് അൽപം ഭയവുമുണ്ടായിരുന്നു. എങ്കിലും അവൻ ഗ്രീക്ക്‌ ആൽഫബേറ്റ്‌ എഴുതിക്കാണിച്ചിട്ടു് ദീർഘനേരം യേശുവിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നിട്ടും ഏറെ നേരം മറുപടി ഒന്നും പറയാതിരുന്ന യേശു അവസാനം ആ അധ്യാപകനോടു് പറഞ്ഞു: “നീ യഥാർത്ഥത്തിൽ ഒരു അധ്യാപകനാണെങ്കിൽ, നിനക്കു് അക്ഷരങ്ങൾ നല്ല നിശ്ചയമാണെങ്കിൽ നീ ആദ്യം A-യുടെ അർത്ഥം പറയൂ, അപ്പോൾ ഞാൻ B-യുടെ അർത്ഥം പറയാം.” അതു് കേട്ടപ്പോൾ ദ്വേഷ്യം കയറിയ അധ്യാപകൻ അവന്റെ തലയ്ക്കുതന്നെ ഒരടി കൊടുത്തു. അടികൊണ്ടു് നല്ലപോലെ വേദനിച്ച യേശു അവനെ പ്രാകി. അതു് കേൾക്കേണ്ട താമസം, അധ്യാപകൻ ബോധം കെട്ടു് തറയിൽ മുഖമടിച്ചു് വീണു. യേശു ഒന്നും സംഭവിക്കാത്തപോലെ വീട്ടിലേക്കും പോയി. ഈ കഥ കേട്ടു് ആകെ മനപ്രയാസത്തിലായ യോസേഫ്‌ മറിയയോടു് പറഞ്ഞു: “നീ അവനെ ഇനി പടിക്കു് പുറത്തിറക്കരുതു്. കാരണം, അവനെ ദ്വേഷ്യം കയറ്റുന്നവരുടെയെല്ലാം വിധി മരണമാണു്”.

സ്നേഹമുള്ള അധ്യാപകൻ

കുറച്ചു് നാളുകൾക്കു് ശേഷം യോസേഫിന്റെ അടുത്ത സുഹൃത്തായിരുന്ന മറ്റൊരധ്യാപകൻ അവനോടു് പറഞ്ഞു: “നീ നിന്റെ മകനെ എന്റെ സ്കൂളിലേക്കു് വിടൂ. ഒരുപക്ഷേ എനിക്കു് അവനെ സൗഹൃദപരമായ രീതിയിൽ അക്ഷരമാല പഠിപ്പിക്കാൻ കഴിഞ്ഞേക്കും.” യോസേഫ്‌ അവനോടു് പറഞ്ഞു: “സഹോദരാ, നിനക്കു് അതിനുള്ള ധൈര്യമുണ്ടെങ്കിൽ നീ അവനെ വിളിച്ചു് കൊണ്ടുപോയിക്കൊള്ളൂ.” ആ അധ്യാപകൻ അവനെ അൽപം ഭയത്തോടും മനപ്രയാസത്തോടും കൂടിയാണെങ്കിലും കൂടെ കൊണ്ടുപോയി. യേശുക്കുട്ടൻ അതേസമയം സന്തോഷത്തോടെതന്നെ അവന്റെ കൂട്ടത്തിൽ പോവുകയും ചെയ്തു. ലജ്ജയോ മടിയോ കാണിക്കാതെ ധാർഷ്ട്യത്തോടെതന്നെ അവൻ ക്ലാസ്‌റൂമിൽ പ്രവേശിച്ചു. അപ്പോൾ അതാ കിടക്കുന്നു മേശപ്പുറത്തു് ഒരു പുസ്തകം. യേശു അതു് കയ്യിലെടുത്തു് വായിക്കാൻ തുടങ്ങി. പക്ഷേ, വായിച്ചതു് അതിലെ അക്ഷരങ്ങളായിരുന്നില്ല, പകരം അവൻ പരിശുദ്ധാത്മാവു് നിറഞ്ഞവനായി തന്റെ വായ്‌ തുറന്നു് ചുറ്റും നിന്നവരെ പഠിപ്പിച്ചതു് മോശെയുടെ നിയമങ്ങളായിരുന്നു! വലിയോരുകൂട്ടം അപ്പോഴേക്കും അവിടേക്കൊഴുകിയെത്തി അവൻ പഠിപ്പിക്കുന്നതു് ശ്രദ്ധാപൂർവ്വം കേട്ടു. ഒരു മൈനർ ആയിരുന്ന യേശുവിന്റെ പഠിപ്പിക്കലുകളുടെ ഭംഗിയും അക്ഷരങ്ങളുടെ ഘടനയിലെ കൃത്യതയുമെല്ലാം കണ്ടും കേട്ടും അവർ അത്ഭുതപരതന്ത്രരായി. ഈ വിവരം കേട്ടറിഞ്ഞപ്പോൾ യോസേഫിനു് മൊത്തത്തിൽ ഭയമായി. യേശു അവസാനം ഈ അധ്യാപകനും വിവരമില്ലാത്തവനാണെന്നെങ്ങാനും സ്ഥാപിച്ചുകളയുമോ എന്നതായിരുന്നു അവന്റെ ഭയം. അവൻ ഉടനെ സ്കൂളിലേയ്ക്കോടി. പക്ഷേ, ആ അധ്യാപകൻ അവനോടു് പറഞ്ഞു: “സഹോദരാ, നീ അറിഞ്ഞിരിക്കാൻ വേണ്ടിയാണു് ഞാൻ ഇതു് പറയുന്നതു്: ഞാൻ നിന്റെ മകനെ ഒരു വിദ്യാർത്ഥി എന്ന നിലയിലാണു് ഏറ്റെടുത്തതു്; എന്നാൽ ഇതുപോലെ ചാരുതയും ജ്ഞാനവും നിറഞ്ഞവനായ ഒരുവനു് എന്റെ അധ്യാപനത്തിന്റെ യാതൊരു ആവശ്യവുമില്ല. അതുകൊണ്ടു് സഹോദരാ, നീ അവനെ നിന്റെ വീട്ടിലേക്കു് തിരിച്ചു് കൊണ്ടുപോകണം എന്നൊരപേക്ഷ മാത്രമേ എനിക്കുള്ളു.” ഇതുകേട്ടു് സന്തോഷഭരിതനായ യേശു അധ്യാപകനെ നോക്കി ചിരിച്ചുകൊണ്ടു് പറഞ്ഞു: “നീ നേരു് പറഞ്ഞതുകൊണ്ടും നേരിനു് സാക്ഷ്യം വഹിച്ചതുകൊണ്ടും നിന്നെപ്രതി മുൻപു് എന്റെ ശാപമേറ്റവരും സുഖം പ്രാപിക്കും. “യേശുവിന്റെ ശാപമേറ്റു് ബോധം കെട്ടു് മുഖമടച്ചുവീണ അധ്യാപകൻ ആ നിമിഷം സുഖം പ്രാപിച്ചു. യോസേഫ്‌ യേശുവുമായി വീട്ടിലേക്കു് പോയി.

അണലിവിഷം ഇറക്കുന്നതു്

ഒരിക്കൽ യോസേഫ്‌ തന്റെ മകനായ യാക്കോബിനെ വയലിലോ വനത്തിലോ പോയി വിറകു് ശേഖരിച്ചു് ഒരു കെട്ടാക്കി കൊണ്ടുവരാൻ വേണ്ടി പറഞ്ഞയച്ചു. ഒരു കൂട്ടെന്ന നിലയിൽ യേശുക്കുഞ്ഞും കൂട്ടത്തിൽ പോയി. വിറകു് ശേഖരിച്ചുകൊണ്ടിരുന്നതിനിടയിൽ ഒരു അണലി യാക്കോബിന്റെ കയ്യിൽ കടിച്ചു. യാക്കോബ്‌ വേദനകൊണ്ടു് തറയിൽ കിടന്നു് പുളഞ്ഞപ്പോൾ യേശു അവനെ സമീപിച്ചു് മുറിപ്പാടിൽ ഊതി. ആ നിമിഷം വേദന അവസാനിച്ചു, കടിച്ച പാമ്പു് കഷണങ്ങളായി പൊട്ടിച്ചിതറി, യാക്കോബ്‌ തൽക്ഷണം സുഖം പ്രാപിച്ചു.

മരിച്ച കുഞ്ഞിനെ ഉയിർപ്പിക്കുന്നതു്

അതിനുശേഷം ഒരിക്കൽ യോസേഫിന്റെ അയൽപക്കത്തു് ദീർഘനാൾ രോഗമായി കിടന്നിരുന്ന ഒരു കുഞ്ഞു് മരിച്ചു. കുഞ്ഞു് മരിച്ചതിലെ ദുഃഖം മൂലം അതിന്റെ അമ്മ അലമുറയിട്ടു് കരഞ്ഞുകൊണ്ടിരുന്നു. കരച്ചിലും ബഹളവും കേട്ട യേശുക്കുട്ടൻ ധൃതിപ്പെട്ടു് അവിടെയെത്തി. കുഞ്ഞു് മരിച്ചതായി കണ്ടെത്തിയ അവൻ അതിന്റെ നെഞ്ചിൽ കൈതൊട്ടുകൊണ്ടു് പറഞ്ഞു: “കുഞ്ഞേ, ഞാൻ നിന്നോടു് പറയുന്നു, നീ മരിക്കരുതു്, പകരം, നീ തുടർന്നു് ജീവിച്ചു് നിന്റെ അമ്മയോടു് ചേരുക.” ആ കുഞ്ഞു് ഇതു് കേട്ടപ്പോൾ കണ്ണു് തുറന്നു് അവനെ നോക്കി ചിരിച്ചു. യേശുവോ ആ അമ്മയോടു് പറഞ്ഞു: “നീ നിന്റെ കുഞ്ഞിനെയെടുത്തു് അതിനു് പാലു് കൊടുക്കുക, എന്നെ ഓർമ്മിക്കുകയും ചെയ്യുക.” ഇതു് കണ്ടുകൊണ്ടു് ചുറ്റും നിന്നിരുന്ന ജനം അത്ഭുതപ്പെട്ടുകൊണ്ടു് പറഞ്ഞു: “തീർച്ചയായും ഈ ബാലൻ ഒരു ദൈവമോ, ഒരു മാലാഖയോ ആണു്. അവൻ പറയുന്ന ഓരോ വാക്കും അതുപോലെതന്നെ സംഭവിക്കുന്നു.” അതിനുശേഷം യേശു മറ്റു് കുട്ടികളോടൊത്തു് കളിക്കാനായി അവിടെനിന്നും പോയി.

ഒരു തൊഴിലാളിയെ ഉയിർപ്പിക്കുന്നതു്

കുറേ നാളുകൾക്കു് ശേഷം ഒരു വീടുപണി നടന്നുകൊണ്ടിരുന്ന സമയത്തു് യേശു ആ പരിസരത്തു് ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു. അപ്പോൾ അതാ പണിസ്ഥലത്തു് വലിയൊരു തിരക്കും ബഹളവും! സംഗതി എന്തെന്നറിയാനായി യേശുബാലനും അടുത്തു് ചെന്നു. അവൻ കണ്ടതോ തറയിൽ മരിച്ചുകിടക്കുന്ന ഒരു പണിക്കാരനേയും! യേശു ഉടനെ അവന്റെ കൈപിടിച്ചുകൊണ്ടു് പറഞ്ഞു: “ഞാൻ നിന്നോടു് പറയുന്നു: നീ എഴുന്നേറ്റു് നിന്റെ പണി തുടരുക.” അവൻ ഉടനെ പിടച്ചെഴുന്നേറ്റു് യേശുവിനു് സ്തുതിഗീതങ്ങൾ പാടി. ജനക്കൂട്ടം അതു് കണ്ടപ്പോൾ പതിവുപോലെ അത്ഭുതപ്പെട്ടുകൊണ്ടു് പറഞ്ഞു: “ഈ ബാലൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനാണു്. കാരണം അവൻ ധാരാളം മനുഷ്യരെ മരണത്തിൽ നിന്നും രക്ഷപെടുത്തുന്നു. അവന്റെ ജീവിതകാലം മുഴുവനും മനുഷ്യരെ രക്ഷപെടുത്താനുള്ള വരം അവനു് ലഭിച്ചിട്ടുണ്ടു്.”

(യേശുബാലന്റെ ഈ അത്ഭുതകൃത്യങ്ങളുടെ authenticity-യിൽ കേരളത്തിലാർക്കും തെല്ലും സംശയമില്ലെന്നു് ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ഒരു നവവിശ്വാസതരംഗം തന്നെ രൂപമെടുത്തുകഴിഞ്ഞു എന്നും അവർ അറിയിച്ചു. അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ഭക്തജനങ്ങളുടെ ആത്മീയദാഹം ശമിപ്പിക്കുന്നതിനുവേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു് ശ്രീയേശുബാലാനന്ദരോഗശാന്തിശുശ്രൂഷാകേന്ദ്രങ്ങളും അഞ്ചു് ശ്രീയേശുബാലാദൃശ്യബോധധ്യാനമന്ദിരങ്ങളും മൂന്നു് പുതിയ ശ്രീയേശുബാലാത്ഭുതസാക്ഷ്യബസിലിക്കകളും എണ്ണമറ്റ ചാപ്പലുകളും തകൃതിയായി പണികഴിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണത്രേ! ‘ഹരേ രാമ ഹരേ കൃഷ്ണ’ മൂവ്മെന്റിനുശേഷം ഇത്ര ആവേശപൂർവ്വമായ ഒരു ആത്മീയ ഉണർവ്വ് ഭാരതം ദർശിച്ചിട്ടില്ലെന്നാണു് പൊതുവേയുള്ള വിലയിരുത്തൽ.)

 
13 Comments

Posted by on Jun 15, 2009 in മതം, യേശു

 

Tags: ,

13 responses to “യേശുക്കുഞ്ഞിന്റെ വിഷചികിത്സ

 1. രിയാസ് അഹമദ് / riyaz ahamed

  Jun 15, 2009 at 17:20

  ഹഹഹ! ആ യേശുക്കുട്ടന്‍ എന്ന പ്രയോഗം ആദ്യമായാണ് കാണുന്നത്.

   
 2. അനില്‍@ബ്ലോഗ്

  Jun 15, 2009 at 19:34

  🙂
  ഈ കഥകള്‍ പിഡീഫില്‍ നല്‍കുന്നതിന് പ്രത്യേകം നന്ദി.

   
 3. പാമരന്‍

  Jun 16, 2009 at 06:31

  ഹെന്‍റെ ഗര്‍ത്താവേ!

   
 4. സി. കെ. ബാബു

  Jun 16, 2009 at 08:34

  രിയാസ്‌ അഹമദ്‌,
  നന്ദി.

  അനിൽ@ബ്ലോഗ്‌,
  ഒരിക്കൽ സൂരജ്‌ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിരുന്നു. PDF-ൽ ആക്കിയാൽ ഫയൽ ഷെയർ ചെയ്യാൻ എളുപ്പമാണെന്നു്. PDF conversion അത്ര അദ്ധ്വാനമുള്ള കാര്യവുമല്ല.

  പാമരൻ,
  🙂

   
 5. നാട്ടുകാരന്‍

  Jun 16, 2009 at 17:54

  ഉദേശ്യം നല്ലതാണെങ്കില്‍ അഭിനന്ദനങ്ങള്‍ !

   
 6. സി. കെ. ബാബു

  Jun 16, 2009 at 20:26

  നാട്ടുകാരൻ,
  ഉറങ്ങിക്കിടക്കുന്നവരുടെ തലയിൽ ഐസിട്ടു് തണുപ്പിച്ച വെള്ളം കോരി ഒഴിക്കുകയാണു് ഉദ്ദേശ്യം. 🙂

   
 7. Melethil

  Jun 17, 2009 at 03:49

  എല്ലാ പ്രവാചകന്മാരും/ദൈവപുത്രന്മാരും കൂടി മരിച്ചവരെയൊക്കെ തിരിച്ചു കൊണ്ട് വന്നിരുന്നെങ്കില്‍ ഭൂമിയില്‍ സ്ഥലം ഉണ്ടാകുമായിരുന്നില്ലല്ലോ ബാബുമാഷേ, നമ്മള്‍ പാവം മനുഷ്യപുത്രന്മാര്‍ക്ക്!! ഒരുത്തനെ ചുമ്മാ ചാവാനും വിടില്ലെന്ന് വച്ചാല്‍..?

   
 8. സി. കെ. ബാബു

  Jun 17, 2009 at 08:37

  Melethil,
  ഭൂമിയിൽ accomodation പ്രശ്നം ഉണ്ടാവാതിരിക്കാനല്ലേ അവരെ കയ്യോടെ സ്വർഗ്ഗത്തിലെത്തിക്കുന്നതു്! യേശു മരണശേഷം നരകത്തിൽ പോയി ആദാമടക്കം 'കുറെയെണ്ണങ്ങളെ' രക്ഷപെടുത്തുന്നുണ്ടു്. അങ്ങനെ രക്ഷപെടുത്തിയവരിൽ രണ്ടുപേർ ഭൂമിയിൽ കുറച്ചുദിവസം തങ്ങി വിവരം മനുഷ്യരെ അറിയിക്കുകയായിരുന്നു! ഭക്തി തലക്കു് പിടിച്ചാൽ യുക്തി മുങ്ങിക്കുളിക്കാൻ പോകും എന്നതിന്റെ മറ്റൊരു തെളിവു്.

  നരകത്തിൽ നിന്നുള്ള കൂട്ടിക്കൊണ്ടുപോകൽ ഭാഗത്തേക്കു് ഞാൻ പിന്നീടു് വരുന്നുണ്ടു്.

   
 9. അരുണ്‍ ചുള്ളിക്കല്‍

  Jun 17, 2009 at 14:13

  ഇയ്യാളുതെന്തു ഭാവിച്ചാന്റെ സീ.കെ. ഞങ്ങടെ പിതാക്കന്മാരു കഷ്ടപ്പെട്ടു മറച്ചു വെച്ചതൊക്കെ നിങ്ങള്‍ പുറത്തു കൊണ്‍ടു വരുന്നോ…ഇതു ശെരിയാകേലാ..

  പിന്നെ ബര്‍‌ണ്ണാബാസിന്റെ സുവിശേഷം എന്നത് കൂടി ഒന്നു തപ്പി പിടിച്ചു തന്നാല്‍ കൊള്ളാരുന്നു…

  ആശംസകള്‍

  -ഒരു വിശ്വാസി 😀

   
 10. സി. കെ. ബാബു

  Jun 17, 2009 at 16:44

  അരുൺ ചുള്ളിക്കൽ,
  പിതാക്കന്മാരുടെയും യഥാർത്ഥ വിശ്വാസികളുടെയും മുന്നിൽ ഇന്നു് സാക്ഷാൽ യേശുവിനെ തപ്പിപ്പിടിച്ചു് കൊണ്ടുചെന്നുനിർത്തിയാൽ അവൻ വീണ്ടും കുരിശിലേറ്റപ്പെടും. പ്രധാനപിതാവു് ആയിരിക്കും ആദ്യത്തെ ആണി അടിക്കുന്നതു്. പിന്നെയാണു് ബർണ്ണബാസിന്റെ സുവിശേഷം! ബർണ്ണാബാസിന്റേതെന്ന പേരിൽ സുവിശേഷം മാത്രമല്ല മറ്റു് പല രചനകളുമുണ്ടു്. മുസ്ലീമുകൾ ഉയർത്തിപ്പിടിക്കുന്ന ഒരു സൃഷ്ടി വരെ അവയിൽ പെടും. ('ബർണ്ണബാസ്' തന്നെ പലതുണ്ടു്.) അവയൊക്കെ ആരു് എപ്പോൾ എഴുതി എന്നൊക്കെ ഇന്നു് യഹോവയ്ക്കോ യേശുവിനോ പോലും പിടിയുണ്ടാവില്ല. സ്വാശ്രയകോളേജ്‌ പ്രശ്നവും കക്ഷിരാഷ്ട്രീയവുമൊക്കെയാണു് പിതാക്കന്മാരുടെ തലവേദന! സത്യവിശ്വാസികൾക്കു് അതൊന്നും അറിയേണ്ട ആവശ്യവുമില്ല. പിന്നെ കുറേ പുരാണഗവേഷകരാണു് വസ്തുതകൾ മായം ചേർക്കാതെ അറിയാൻ ആഗ്രഹിക്കുന്നവർ. അവർക്കു് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായിട്ടുമുണ്ടു്.

   
 11. ഉറുമ്പ്‌ /ANT

  Jun 18, 2009 at 11:51

  നന്നായി.
  മുസ്ലീങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു കഥയെ അധികരിച്ച് ഞാൻ എഴുതിയതാണിത്‌ http://urumbukadikal.blogspot.com/2008/02/blog-post_27.html

   
 12. സി. കെ. ബാബു

  Jun 18, 2009 at 14:43

  ഉറുമ്പു്,
  നാടകം വായിച്ചു. നന്നായി എഴുതി. നന്ദി.

   
 13. BS Madai

  Jun 21, 2009 at 09:36

  ബാബു മാഷെ,
  Comments ഇടുന്നില്ലെങ്കിലും വായന നടക്കുന്നെണ്ടെന്നു അറിയിക്കട്ടെ.

   
 
%d bloggers like this: