RSS

യേശുവിന്റെ ബാല്യകാലകഥകൾ

08 Jun

യേശുവിന്റെ ബാല്യകാലത്തെ സംബന്ധിച്ച കഥനങ്ങൾ പൊതുവേ “തോമസിന്റെ സുവിശേഷം” എന്നു് വിളിക്കപ്പെടുന്നു. യേശുവിന്റെ അഞ്ചുമുതൽ പന്ത്രണ്ടു് വയസ്സുവരെയുള്ള കാലഘട്ടത്തിൽ ചെയ്തുകൂട്ടിയ അത്ഭുതങ്ങളുടെ കഥകളാണു് അതിന്റെ ഉള്ളടക്കം. ബൈബിൾ എന്ന പേരിൽ ഇന്നു് അറിയപ്പെടുന്ന ഗ്രന്ഥത്തിൽ ഔദ്യോഗികമായി സ്ഥാനം നൽകപ്പെടാതിരുന്ന രചനകൾക്കു് പൊതുവേ നൽകപ്പെടുന്ന പേരാണു് അപ്പോക്രിഫാ (apocrypha). ആദ്യകാലങ്ങളിൽ വിലമതിക്കപ്പെടുകയും, പിന്നീടു് മൗനാനുവാദം നൽകപ്പെടുകയും, അവസാനം ഉപേക്ഷിക്കപ്പെടുകയും ചെയ്ത, പഴയനിയമവും പുതിയനിയമവുമായി ബന്ധപ്പെട്ടതും, പലരാൽ എഴുതപ്പെട്ടതുമായ ബൈബിൾസാഹിത്യം.

യേശുവിന്റെ ബാല്യകാലകഥകളുടെ രചയിതാവായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതു് യിസ്രായേലിയും തത്വചിന്തകനുമായ ഒരു “തോമസ്‌” ആണെങ്കിലും, അതു് പല സ്വതന്ത്രവർണ്ണനകളുടെയും, കെട്ടുകഥകളുടെയും ഒരു ക്രോഡീകരണമാണെന്നതാണു് യാഥാർത്ഥ്യം. അതിൽ യേശു ധീരതയുള്ള ഒരു “അത്ഭുതക്കുട്ടി” ആയി ചിത്രീകരിക്കപ്പെടുന്നു. ഭാരതത്തിലെ കൃഷ്ണന്റേയും, ബുദ്ധന്റേയുമൊക്കെ ബാല്യകാലങ്ങളിലെ അത്ഭുതകഥകളുമായി പല സമാനതകളും അതിൽ കണ്ടെത്താനാവുമെങ്കിലും, ബൈബിളിലെ അംഗീകൃതപുതിയനിയമത്തിൽ ഉടനീളം പ്രകടമാവുന്ന “മനുഷ്യന്റെ രക്ഷ” എന്ന അടിസ്ഥാനലക്ഷ്യവുമായി ആ കഥകൾക്കു് യാതൊരു ബന്ധവുമില്ല. കേൾക്കുന്നവന്റെ ശ്രദ്ധയെ പിടിച്ചുനിർത്താനുള്ള വകയുണ്ടോ എന്നതായിരുന്നു കഥകൾ തിരഞ്ഞെടുക്കുന്നതിന്റെ അളവുകോൽ എന്നു് തോന്നുന്നു. ഒരു കഥ എത്രമാത്രം വിസ്മയജനകമോ അത്രമാത്രം എളുപ്പം അതിനു് സുവിശേഷത്തിൽ സ്ഥാനം ലഭിച്ചിരുന്നിരിക്കണം.

പുതിയനിയമത്തിൽ വർണ്ണിക്കുന്നതും, യേശു പിന്നീടു് ചെയ്യാനിരിക്കുന്നതുമായ അത്ഭുതങ്ങളുമായി പല ബാല്യകാലമാജിക്കുകളിലും ഔപചാരികമായ പൊരുത്തം ദർശിക്കാനാവും. ഉദാഹരണത്തിനു്, യേശു ശപിച്ചു് ഉണക്കുന്ന ഒരു അത്തിമരത്തെ (മത്തായി 21:18-22, മർക്കോസ്‌ 11:12-14) വേണമെങ്കിൽ ഫലം നൽകാത്ത യിസ്രായേലുമായി ബന്ധപ്പെടുത്താം. പക്ഷേ, തോമസ്‌ സുവിശേഷത്തിൽ “യേശുക്കുട്ടി” മറ്റൊരു ബാലനെ മരം ഉണങ്ങുന്നതുപോലെ ഉണക്കുന്നതിനെ ഈ ഉപമയുമായി ബാഹ്യമായി മാത്രമേ താരതമ്യം ചെയ്യാനാവൂ. ഇവിടെ അതിനെ വികാരശൂന്യനായ ഒരു “കുഞ്ഞുദൈവത്തിന്റെ” അനിയന്ത്രിതമായ ചേഷ്ട എന്നേ വിളിക്കാനാവൂ. അതുപോലെതന്നെ, പല പണ്ഡിതരുടെ മുന്നിൽ പല സന്ദർഭങ്ങളിലായി എത്തുന്ന യേശുബാലൻ മുഴുവൻ പൗരാണികജ്ഞാനവും ഉൾക്കൊള്ളുന്ന ഒരുവനായിട്ടാണു് വർണ്ണിക്കപ്പെടുന്നതു്. അതായതു്, “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു” (2:52) എന്നു് ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്നതിനു് വിപരീതമായി, ജ്ഞാനത്തിലുള്ള ഒരു “തുടർവളർച്ച” ആവശ്യമില്ലാത്തവനാണു് തോമസിന്റെ സുവിശേഷത്തിലെ യേശു. നിഗൂഢതത്വശാസ്ത്രത്തിൽ (esotericism) വിശ്വസിക്കുന്നവരായ നോസ്റ്റിക്സിന്റെ (Gnostics) സ്വാധീനം ഇവിടെ ദൃശ്യമാണു്. അവരുടെ വിശ്വാസമായ ഡോസെറ്റിസം (docetism) യേശുവിന്റെ ഭൗതികശരീരവും കുരിശുമരണവുമെല്ലാം ഇല്യൂഷൻ ആയിരുന്നുവെന്നും, യേശു യഥാർത്ഥത്തിൽ ശുദ്ധമായ ആത്മാവു് മാത്രമായതിനാൽ മരിക്കാൻ സാധിക്കുകയില്ലെന്നും മറ്റും പഠിപ്പിക്കുന്നതാണു്. ക്രിസ്തീയമതപണ്ഡിതരിൽ അധികപങ്കും ആദികാലത്തു് ശക്തമായിരുന്ന ഈ വിശ്വാസരീതിയെ നിഷേധിക്കുന്നവരാണു്. എങ്കിൽത്തന്നെയും, ധാരാളം വിശ്വാസികൾ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നതിനാൽ, തോമസ്‌ സുവിശേഷം പല ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ട ഒന്നാണെന്നതും ശ്രദ്ധേയമാണു്. തോമസ്‌ സുവിശേഷത്തിലെ ചില കഥകൾ ഇവിടെ കുറിക്കാൻ ശ്രമിക്കുന്നു.

മുഖവുര

അതിനാൽ, യിസ്രായേല്യനായ തോമസ്‌ എന്ന ഞാൻ, നമ്മുടെ നാഥനായ യേശു ക്രിസ്തു, ഞങ്ങളുടെ നാട്ടിൽ ജന്മമെടുത്തതിനു് ശേഷം നിർവ്വഹിച്ച അത്ഭുതകരമായ ബാല്യകാലപ്രവർത്തികളെ സംബന്ധിച്ച വിവരങ്ങൾ ജാതികളിൽപ്പെട്ട എല്ലാ സഹോദരങ്ങളേയും അറിയിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ അതിന്റെയെല്ലാം തുടക്കം കുറിച്ചു.

കളിമണ്ണുകൊണ്ടുള്ള കുരുവികൾ

അഞ്ചു് വയസ്സുകാരനായിരുന്ന യേശുക്കുഞ്ഞു് ഒരു പുഴക്കടവിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. താഴേക്കു് ഒഴുകിക്കൊണ്ടിരുന്ന ചെളിവെള്ളത്തെ അവൻ അരികിലെ കുഴികളിലേക്കു് തിരിച്ചുവിട്ടു. അതിനുശേഷം തന്റെ (വാക്കാലുള്ള) കൽപനകൊണ്ടുമാത്രം അവൻ ആ കുഴികളിലെ ചെളിവെള്ളത്തെ തെളിനീരാക്കി മാറ്റി. പിന്നീടു് അവൻ മണ്ണും വെള്ളവും ചേർത്തുകുഴച്ച ചെളിയിൽ നിന്നും പന്ത്രണ്ടു് കുരുവികളെ നിർമ്മിച്ചു. അവനതു് ചെയ്തതു് ഒരു ശാബത്ത്‌ നാളിലായിരുന്നു. ധാരാളം മറ്റു് കുട്ടികളും അവനോടൊപ്പം കളിച്ചുകൊണ്ടിരുന്നു. ശാബത്ത്‌ ദിവസം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ യേശു ചെയ്ത ഈ പ്രവർത്തി കണ്ട ഒരു യൂദൻ നേരെ (വളർത്തു)പിതാവായ യോസേഫിന്റെ അടുത്തുചെന്നു് വിവരം പറഞ്ഞു: “നോക്കൂ! നിന്റെ സന്തതി പുഴക്കരയിൽ കളിക്കുന്നു. അവൻ മണ്ണുകുഴച്ചു് പന്ത്രണ്ടു് കുരുവികളെയുണ്ടാക്കി. ഈ പ്രവർത്തിമൂലം അവൻ ശാബത്തിനെ അശുദ്ധമാക്കിയിരിക്കുന്നു.” യോസേഫ്‌ ഉടനെ തന്നെ പുഴക്കരെയെത്തി കാര്യം കണ്ടു് ബോദ്ധ്യപ്പെട്ടു. അപ്പോൾ അവൻ യേശുവിനെ ശകാരിച്ചു. “ശാബത്തിൽ ചെയ്യാൻ അനുവാദമില്ലാത്ത കാര്യങ്ങൾ നീ എന്തിനു് ചെയ്യുന്നു?” യേശു പക്ഷേ കൈകൊട്ടി കുരുവികളെ വിളിച്ചുകൊണ്ടു് പറഞ്ഞു: “വേഗം, വേഗം! എല്ലാവരും പറന്നുപോകൂ!” ഇതു് കേൾക്കാത്ത താമസം കുരുവികളെല്ലാം ചിലച്ചുകൊണ്ടു് ചിറകടിച്ചുപറന്നകന്നുപോയി. യൂദന്മാർ അതുകണ്ടപ്പോൾ വളരെ ഭയക്കുകയും, യേശു ചെയ്തതിനേപ്പറ്റി അവരുടെ ശാസ്ത്രിമാരോടു് പോയി പറയുകയും ചെയ്തു.

ഈസാ കളിമണ്ണുകൊണ്ടു് ഒരു പക്ഷിയുടെ രൂപമുണ്ടാക്കി അതിൽ ഊതിയപ്പോൾ അല്ലാഹു അതിനെ ജീവനുള്ള ഒരു പക്ഷിയാക്കി എന്ന ഖുർആൻ ഭാഗം മുഹമ്മദിനു് ലഭിച്ചതിന്റെ ഉറവിടം ഈ സുവിശേഷമാവണം. “… നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണു് ഞാൻ നിങ്ങളുടെ അടുത്തു് വന്നിരിക്കുന്നതു്. പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺ രൂപം നിങ്ങൾക്കുവേണ്ടി ഞാൻ ഉണ്ടാക്കുകയും, എന്നിട്ടു് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. … ” (3:49)

(“ഊതി” രോഗം ഭേദമാക്കൽ കേരളത്തിലും അജ്ഞാതമായ ഒരു ചികിത്സാരീതി അല്ലല്ലോ! ഊതി രോഗം ഭേദമാക്കാമെങ്കിൽ എന്തുകൊണ്ടു് ഊതി ജീവൻ നൽകിക്കൂടാ? ആദാമിനെ കളിമണ്ണിൽ നിന്നും സൃഷ്ടിച്ച യഹോവയും അവന്റെ മൂക്കിലൂടെ “ഊതി” ജീവൻ നൽകുകയായിരുന്നില്ലേ? യഹോവ ഈ വിദ്യ ഭാരതത്തിൽ നിന്നും പഠിച്ചതാവാനാണു് സാദ്ധ്യത! ഒരു റിസേർച്ചിനുള്ള വകുപ്പു് ലക്ഷണശാസ്ത്രപ്രകാരം കാണുന്നുണ്ടു്. നാരായവുമായി നാരായവേരു് മാന്തുകയേ വേണ്ടൂ!)

യേശു ശല്യക്കാരനെ ശിക്ഷിക്കുന്നു

ആ സമയത്തു് യോസേഫിനോടൊപ്പം എഴുത്തു്-ജ്ഞാനിയായ ഹന്നാസിന്റെ മകനും നിൽക്കുന്നുണ്ടായിരുന്നു. അവൻ ഒരു കോലെടുത്തു് കുത്തി തുളയുണ്ടാക്കി യേശു കുഴികളിൽ ശേഖരിച്ചിരുന്ന വെള്ളം മുഴുവൻ ഒഴുക്കിവിട്ടു. അതു് കണ്ടപ്പോൾ ദ്വേഷ്യം കയറിയ യേശു അവനോടു് പറഞ്ഞു: “എടാ, ദൈവമില്ലാത്ത മര്യാദകെട്ട പോക്കിരി! ആ കുഴികളും അതിലെ വെള്ളവും നിന്നോടു് എന്തു് ദ്രോഹം ചെയ്തിട്ടാണു് നീ അതിനെ ഇമ്മാതിരി ഉണങ്ങിവരളാൻ അനുവദിച്ചതു്? കണ്ടോളൂ! വെള്ളം കിട്ടാത്ത ഒരു മരം ഉണങ്ങിപ്പോകുന്നപോലെ നീയും ഇലകളോ, വേരുകളോ, ഫലങ്ങളോ ഇല്ലാതെ ഉണങ്ങി വരണ്ടുപോകും!” പറഞ്ഞുതീരേണ്ട താമസം ആ പയ്യൻ പൂർണ്ണമായും ഉണങ്ങിവരണ്ടുപോയി. യേശു കൂളായി വേദിയിൽ നിന്നും പിൻവാങ്ങി യോസേഫിന്റെ വീട്ടിലേക്കു് പോയി. വരണ്ടുപോയവന്റെ മാതാപിതാക്കൾ അവന്റെ ജീവിതം ഇത്ര ഇളംപ്രായത്തിൽ ഇതുപോലെ നശിപ്പിക്കപ്പെട്ടതിലെ ദുഃഖം മൂലം കരച്ചിലും പിഴിച്ചിലുമായി ഉണങ്ങിപ്പോയ മകന്റെ ശരീരവും ചുമന്നുകൊണ്ടു് യോസേഫിന്റെ അടുത്തു് ചെന്നു് പറഞ്ഞു: “ഇത്തരം ക്രൂരകൃത്യം ചെയ്യുന്ന ഒരു മകനാണു് നിനക്കുള്ളതു്.”

ഒരു കൂട്ടിയിടിയും പരിണതഫലങ്ങളും

ഈ സംഭവത്തിനുശേഷം പിന്നീടൊരിക്കൽ യേശുബാലൻ ഗ്രാമത്തിലൂടെ നടക്കുമ്പോൾ അവനെ കടന്നുപോയ മറ്റൊരു കുട്ടി അവന്റെ തോളുമായി കൂട്ടിയിടിച്ചു. കുപിതനായ യേശു അവനോടു് പറഞ്ഞു: “ഇനി നിന്റെ വഴിയേ നീ ഒരടി മുന്നോട്ടു് പോകരുതു്!” ഉടനെതന്നെ ആ കുട്ടി വഴിയിൽ വീണു് മരിച്ചു. ഇതു് സംഭവിക്കുന്നതു് കണ്ടുനിന്ന ചിലർ പറഞ്ഞു: “ഈ ബാലൻ എവിടെനിന്നു് വരുന്നു? അവൻ പറയുന്ന ഓരോ വാക്കും അതുപോലെതന്നെ സംഭവിക്കുന്നു!” മരിച്ച കുട്ടിയുടെ മാതാപിതാക്കൾ യോസേഫിന്റെ അടുത്തുചെന്നു് പരാതി പറഞ്ഞു: “ഇതുപോലൊരു മകനുമായി നിനക്കു് ഞങ്ങളോടൊപ്പം ഈ ഗ്രാമത്തിൽ താമസിക്കാനാവില്ല. അല്ലെങ്കിൽ, ശപിക്കുകയല്ല, അനുഗ്രഹിക്കുകയാണു് വേണ്ടതെന്നു് നീ അവനെ പറഞ്ഞു് പഠിപ്പിക്കുക.” യോസേഫ്‌ യേശുവിനെ അടുത്തു് വിളിച്ചു് വേണ്ടപോലെ ശകാരിച്ചു. “എന്തിനാണു് നീ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതു്? ഈ മനുഷ്യരാണു് അതിന്റെയൊക്കെ ഫലം അനുഭവിക്കേണ്ടവർ. അവസാനം അവർ നമ്മളെ വെറുക്കുകയും നമ്മെ ഈ ഗ്രാമത്തിൽ നിന്നും ആട്ടിയോടിക്കുകയും ചെയ്യും.” പക്ഷേ, യേശു പറഞ്ഞു: “നീ ഇപ്പറഞ്ഞ വാക്കുകൾ നിന്റേതല്ലെന്നും നിനക്കു് ആരോ ഓതിത്തന്നതാണെന്നും എനിക്കു് കൃത്യമായി അറിയാം. എന്നിരുന്നാൽത്തന്നെയും നിന്നെപ്രതി ഞാൻ നിശബ്ദത പാലിക്കാൻ ആഗ്രഹിക്കുന്നു. അതേസമയം, അവർ അതിനുള്ള ശിക്ഷ വഹിച്ചേ പറ്റൂ!” ഇതുകേട്ടപ്പോൾ യേശുവിനെപ്പറ്റി യോസേഫിനോടു് പരാതി പറഞ്ഞവരെല്ലാം അതേ നിമിഷം അന്ധന്മാരായിത്തീർന്നു. നിസ്സഹായരായി അതു് കണ്ടുനിന്നവർ വളരെ ഭയപ്പെട്ടു. അവർ യേശുവിനെപ്പറ്റിപ്പറഞ്ഞു: “നല്ലതായാലും ചീത്തയായാലും, അവൻ പറയുന്ന ഓരോ വാക്കും അത്ഭുതകരമായി അതുപോലെതന്നെ സംഭവിക്കുന്നു.” യേശു ഇതു് ചെയ്തതു് കണ്ട യോസേഫ്‌ അവന്റെ ചെവിക്കു് പിടിച്ചു് നല്ല കണക്കിനു് തിരുമ്മി. പക്ഷേ യേശു അപ്പോഴും രോഷാകുലനായി പറഞ്ഞു: “നിനക്കതു് മതിയാവണം. അന്വേഷിച്ചാലും കണ്ടെത്താതിരിക്കുകയും, വിവേകമില്ലാതിരിക്കുകയുമെന്നതു് മാറ്റമില്ലാത്ത നിന്റെ വിധിയാണു്. അങ്ങേയറ്റം ബുദ്ധിയില്ലാത്ത പ്രവർത്തിയാണു് നീ ചെയ്തതു്! ഞാൻ നിന്റേതാണെന്നും, നിന്നോടുകൂടെ ഉള്ളവനാണെന്നും നിനക്കറിയില്ലേ? നീ എനിക്കു് മനക്ലേശമുണ്ടാക്കാതിരിക്കുക!”

 
14 Comments

Posted by on Jun 8, 2009 in മതം, യേശു

 

Tags: ,

14 responses to “യേശുവിന്റെ ബാല്യകാലകഥകൾ

 1. suraj::സൂരജ്

  Jun 8, 2009 at 13:14

  ഇത്രയും കാലം "total pricks" അല്ലാത്ത ഒന്നുരണ്ട് ഡീസന്റ് ദൈവങ്ങളുണ്ടായിരുന്നത് യേശുവും ബുദ്ധനുമൊക്കെയാണെന്നാരുന്നു വിചാരിച്ചിരുന്നത് 🙂

  ശൊ ഗമ്പ്ലീറ്റ് ഇമ്പ്രഷനും പോയി !

  ഓര്‍മ്മ വന്ന ഒരു റോവന്‍ ആറ്റ്കിന്‍സണ്‍ സ്റ്റാന്റ് അപ് കോമഡീട ലിങ്ക് ഇവ്ടെ ഇടുന്നു.

   
 2. BS Madai

  Jun 8, 2009 at 13:37

  പ്രായപൂർത്തി ആയപ്പോഴാ UN സമാധാനസേനയിൽ ചേർന്നത്?!……:)

   
 3. chithrakaran:ചിത്രകാരന്‍

  Jun 8, 2009 at 14:36

  ദൈവ സങ്കല്‍പ്പങ്ങളെക്കുറിച്ച് കെട്ടിച്ചമച്ചുണ്ടാക്കിയ കുട്ടിക്കഥകളൊക്കെ പോരട്ടെ…
  ദൈവങ്ങളുടെ പൊള്ളത്തരങ്ങള്‍ അതിന്റെ ബാലിശരൂപത്തില്‍ കേള്‍ക്കുംബോള്‍ വിശ്വാസികള്‍ക്കും വിവരം വെക്കാന്‍ സാധ്യതയുണ്ട്.

   
 4. Naughtybutnice

  Jun 8, 2009 at 15:17

  യൂദായുടെ സുവിശേഷം എന്നൊരെണ്ണം കൂടെ അടുത്തയിടെ കണ്ടു പിടിച്ചിട്ടുണ്ട്. ലിങ്ക് ഒന്നും കിട്ടിയില്ലേ?

   
 5. അനില്‍@ബ്ലോഗ്

  Jun 8, 2009 at 15:27

  സൂരജ് പറഞ്ഞതിനോട് യോജിക്കുന്നു.
  കുറച്ചുകാലം മുമ്പ് ചില ‘മത പഠന’ ക്ലാസുകളില്‍ പോയപ്പോഴാണ് എല്ലാ ടീമുകളും ഒരേ വണ്ടിക്കു കെട്ടാവുന്നവയാണെന്ന് മനസ്സിലായത്.

  നന്ദി, ശ്രീ.സി.കെ.ബാബു.

   
 6. മുക്കുവന്‍

  Jun 8, 2009 at 16:08

  join with chitrakaaran…

   
 7. സി. കെ. ബാബു

  Jun 8, 2009 at 18:51

  സൂരജ്‌,
  തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ, ശ്രീബുദ്ധൻ ചില അന്വേഷണങ്ങൾ എങ്കിലും നടത്തിയിട്ടുണ്ടു്. പക്ഷേ, എന്തു് പ്രയോജനം? മന്ത്രവും ജപവുമായി ഭക്തിയുടെ ലഹരിയിൽ കിറുങ്ങി നടക്കുന്ന അനുയായികൾ അവനെപ്പിടിച്ചും ദൈവമാക്കി! പല്ല് തേയ്ക്കാത്തവനോടുള്ള സഹതാപം മൂലം ആരെങ്കിലും കരിമ്പു് വാങ്ങിത്തിന്നാൻ പണം കൊടുത്താൽ അതുകൊടുത്തു് പുഴുങ്ങിയ കിഴങ്ങു് വാങ്ങിത്തിന്നുന്നവന്റെ അവസ്ഥ!

  ആറ്റ്കിൻസൺ യേശുവിനെപ്പറ്റി കോമഡി അവതരിപ്പിച്ചാൽ പ്രശ്നമൊന്നുമില്ല. പക്ഷേ, അതു് മുഹമ്മദിനെപ്പറ്റി എങ്ങാനും ആയിരുന്നെങ്കിൽ പാകിസ്ഥാൻ കത്തിയെരിഞ്ഞേനെ!

  BS Madai,
  സമാധാനസേനയിലായിരുന്നോ, സായുധസേനയിലായിരുന്നോ എന്നാർക്കറിയാം? യേശു എന്തായിരുന്നു എന്നതല്ല, എന്തായിരുന്നു എന്നാണു് ആളുകൾ വിശ്വസിക്കുന്നതു് എന്നതിലാണു് കാര്യം. എന്തൊക്കെ ആയിരുന്നാലും, ദൈവപുത്രൻ മാത്രമായിരുന്നില്ല എന്നതു് ചിന്താശേഷിയുള്ളവർക്കു് ഉറപ്പാണു്.

  ചിത്രകാരൻ,
  പക്കാ വിശ്വാസികൾക്കു് വിവരം വെക്കുന്നതിനേക്കാൾ എളുപ്പം വന്ധ്യംകരണശസ്ത്രക്രിയക്കു് ശേഷമുള്ള ഗർഭധാരണമാണെന്നാണു് എന്റെ പക്ഷം.

  Naughtybutnice,
  വലതുവശത്തെ സൈഡ്‌ ബാറിലേക്കു് ഒന്നു് കണ്ണോടിക്കാമായിരുന്നില്ലേ? വായനക്കു് നന്ദി.

  അനിൽ@ബ്ലോഗ്‌, മുക്കുവൻ,
  നന്ദി.

   
 8. ബിനോയ്//Binoy

  Jun 9, 2009 at 07:04

  ചുരുക്കിപ്പറഞ്ഞാല്‍ ചാത്തന്‍ പരുവത്തിലേ ആളൊരു terror of the town ആയിരുന്നു അല്ലേ. 🙂

   
 9. സി. കെ. ബാബു

  Jun 9, 2009 at 09:15

  ബിനോയ്‌,
  വിശ്വാസികൾ വിചാരിച്ചാൽ സൃഷ്ടിക്കാൻ കഴിയാത്ത 'വിശുദ്ധ വീരഗാഥകൾ' ഉണ്ടോ? മനുഷ്യമനസ്സിനെ ദൈവവിശ്വാസം ബാധിച്ചു്, ഭാവന അങ്ങു് ചിറകുവിരിച്ചു് പറക്കാൻ തുടങ്ങിയാൽ പിന്നെ ദൈവം പിടിച്ചാൽ പോലും കിട്ടില്ല. മനുഷ്യൻ എന്ന ജീവി കഷ്ടം തോന്നേണ്ടതിലും ദയനീയമായ ഒരു നിർമ്മിതിതന്നെ!

   
 10. അപ്പൂട്ടന്‍

  Jun 9, 2009 at 09:18

  നിറം പിടിപ്പിച്ച കഥകളാണല്ലൊ. ഇവയെല്ലാം യേശുവിന്റെ മഹത്വം കൂട്ടാന്‍ സഹായിച്ചേക്കും എന്ന് പാവം തോമസ്‌ കരുതിക്കാണും. പക്ഷെ വിമര്‍ശനബുദ്ധ്യാ കാണുന്നവര്‍ക്ക് ഇതില്‍ ഒരു ദൈവീകത കാണാന്‍ വിഷമം. സ്വന്തം തോളില്‍ ഇടിച്ച ഒരാളെ കൊല്ലുക എന്നത് ഏതു മനുഷ്യനാണ് ചെയ്യുക? ഗുണ്ടകള്‍ വരെ രണ്ടു പെട പെടച്ചു വിടും, കൊല്ലില്ല.

  തനിക്കെതിരെ പരാതി പറയുന്നവരെ ഇത്രയും അസഹിഷ്ണുതയോടെ ആണോ യേശു കണ്ടിരുന്നത്‌? പാവം, ആ മഹാത്മാവ് ഇതൊന്നും കണ്ടില്ലല്ലോ എന്ന് കരുതി സമാധാനിക്കാം.

   
 11. സി. കെ. ബാബു

  Jun 9, 2009 at 11:07

  അപ്പൂട്ടൻ,
  സ്വന്തം ചിന്തയിൽ ഒതുങ്ങുന്ന കഥകൾ കേൾക്കണം എന്നാഗ്രഹിക്കാനേ മനുഷ്യനു് കഴിയൂ. അതിനനുയോജ്യമായ കഥകൾ അവർക്കു് ലഭിക്കുകയും ചെയ്യുന്നു.

  കഥയുടെ നിലവാരം അതു് കേൾക്കുന്നവന്റെ നിലവാരത്തിനു് അനുസൃതമേ ആവൂ. അതിലെ അപാകതകൾ തിരിച്ചറിയാൻ അവനാവില്ല – അവൻ ബൗദ്ധികമായി വളർന്നാലല്ലാതെ! അങ്ങനെ വളരണമെങ്കിൽ അവൻ ആ കഥകളുടെ ചട്ടക്കൂട്ടിൽ നിന്നു് പുറത്തുകടക്കാതെ നിവൃത്തിയുമില്ല.

   
 12. പാര്‍ത്ഥന്‍

  Jun 14, 2009 at 15:56

  ഈ തരം കഥകൾ യേശുവിനെക്കുറിച്ചാവുമ്പോൾ ഇത്തിരി കൂടിപ്പോയോന്നൊരു തോന്നൽ. അല്ല, കൃഷ്ണന്റെ കഥകൾ കേട്ടിട്ടായിരുന്നോ തോമാച്ചൻ ഇതെല്ലാം എഴുതി ചേർത്തത്.

  കരിങ്കണ്ണിട്ടു കപ്പലു പൊളിച്ച ഒരു കോയാക്കയുടെ കഥ പ്രസിദ്ധമാണ്. അത്രയ്ക്കില്ലെങ്കിലും, വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന കോഴികുഞ്ഞുങ്ങളെ കണ്ട്, ‘തൊഴുതോര് തൊഴുതോര് മാറിക്ക്’ എന്ന് ശങ്കരമ്മാൻ പറഞ്ഞതിനുശേഷം ആ കോഴികുഞ്ഞുങ്ങളെല്ലാം ചത്തുവീണത് അനുഭവത്തിലുള്ള സംഭവമാണ്. അതുകൊണ്ട് യേശുവിനെ ചെറുതാക്കി കാണുന്നില്ല.

   
 13. സി. കെ. ബാബു

  Jun 14, 2009 at 19:24

  പാർത്ഥൻ,
  'തോമസിന്റെ സുവിശേഷം' എന്ന പേരിൽ നിന്നും ഇതു് തോമസ്‌ എഴുതിയതാണെന്നു് കരുതരുതു്. രചനകൾക്കു് ആധികാരികത നൽകാൻ അക്കാലത്തു് ഈ രീതി സ്വീകരിച്ചിരുന്നു. യേശുവിനെപ്പറ്റി ആരംഭകാല ക്രിസ്ത്യാനികളുടെ വെറും ഭാവനാസൃഷ്ടികൾ മാത്രമാണിവ. യേശുവിനെ ചെറുതാക്കി കാണിക്കുകയായിരുന്നില്ല, ഉയർത്താവുന്നതിന്റെ പരമാവധി ഉയർത്തിക്കാണിക്കുക എന്നതായിരുനു അതു് എഴുതിയവരുടെ ലക്ഷ്യം. അക്കാലത്തെ മനുഷ്യരുടെ ബുദ്ധി അവർക്കു് അവരുടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനു് തടസ്സമാവാൻ പര്യാപ്തവുമായിരുന്നില്ല. ആരാദ്ധ്യപുരുഷരുടെ ബാല്യകാലം അത്ഭുതകഥകൾ കൊണ്ടലങ്കരിക്കുന്നതു് എല്ലാ പുരാതനസംസ്കാരങ്ങളിലും കാണാൻ കഴിയുന്ന കാര്യമാണു്. ആകെ അപ്പോക്രിഫസൃഷ്ടികൾ ഒരു ബൈബിളിനോളം തന്നെ വലിയ ഒരു പുസ്തകമാണു്. യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു് തെളിഞ്ഞതിനാൽ ക്രൈസ്തവസഭ ഔദ്യോഗികമായി ഉപേക്ഷിച്ച അപ്പോക്രിഫ ഇന്നു് പുസ്തകശേഖരങ്ങളിൽ മാത്രമേ കാണാനാവൂ.

  കരിങ്കണ്ണു് കപ്പൽ തകർക്കുന്നതും, കോഴിക്കുഞ്ഞുങ്ങൾ ആരുടെയോ ജൽപനം കേട്ടു് ചത്തുവീണതുമൊക്കെ യാഥാർത്ഥ്യങ്ങളാണെന്നു് പാർത്ഥൻ വിശ്വസിക്കുന്നു എന്നു് സ്വപ്നം കാണാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. And if you really believe it, naturally you are free to do so. 🙂

   
 14. കടവന്‍

  Jul 3, 2009 at 10:37

  "എടാ, ദൈവമില്ലാത്ത മര്യാദകെട്ട പോക്കിരി! ആ കുഴികളും അതിലെ വെള്ളവും നിന്നോടു് എന്തു് ദ്രോഹം ചെയ്തിട്ടാണു് നീ അതിനെ ഇമ്മാതിരി ഉണങ്ങിവരളാൻ അനുവദിച്ചതു്? prem nzseer style?

   
 
%d bloggers like this: