വിശ്വാസിയുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ ഫൈസൽ കൊണ്ടോട്ടിയുടെ കമന്റിനുള്ള മറുപടിയാണിതു്. കമന്റിന്റെ ദൈർഘ്യം മൂലം കമന്റ് ബോക്സിൽ ഒതുങ്ങാത്തതുകൊണ്ടു് പോസ്റ്റാക്കുന്നു.
Faizal Kondotty,
ഖുർആനിലും ബൈബിളിലും സൂചിപ്പിക്കപ്പെടുന്ന തരത്തിലുള്ള ഒരു ദൈവം ഉണ്ടാവാൻ കഴിയില്ല എന്നു് വ്യക്തമാക്കുകയായിരുന്നു പ്രധാനമായും എന്റെ പോസ്റ്റിന്റെ ലക്ഷ്യം. അതിൽ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾക്കുള്ള യുക്തിസഹമായ എതിർവാദമായിരുന്നേനെ എന്റെ അഭിപ്രായം തെറ്റാണെന്നു് തെളിയിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം. വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനു് മാത്രമായി എതിർചോദ്യങ്ങൾ ചോദിച്ചു് ചർച്ച വലിച്ചുനീട്ടുന്നതിന്റെ അർത്ഥമില്ലായ്മയും ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടു് ഞാൻ തിരിച്ചു് ചോദിക്കുന്നു: ഞാൻ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിക്കാൻ മതിയായ എന്തെങ്കിലും കാര്യങ്ങൾ പറയാനുണ്ടോ?
പല ചോദ്യങ്ങളുടെയും മറുപടി എന്റെ പഴയ പോസ്റ്റുകളിലായി പറഞ്ഞിട്ടുള്ളവയാണെങ്കിലും കമന്റിൽ ചോദിച്ച സ്ഥിതിക്കു് ഒരുവട്ടം കൂടി മറുപടി പറയുന്നു, പ്രയോജനം ഒന്നും ഉണ്ടാവാൻ വഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ.
ഏതു് രാജ്യവും നടത്തുന്ന നിയമനിർമ്മാണം ആ രാജ്യത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തിലുള്ളതായിരിക്കും. അതു് അവരുടെ ചുമതലയും അവകാശവുമാണു്. തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങൾ നിർമ്മിക്കുന്ന മനുഷ്യർ വിഡ്ഢികളാണെന്നു് സാരം. ജനങ്ങളെ ബൗദ്ധികമായി വളർത്തി മറ്റു് രാജ്യങ്ങളുടെ ചൂഷണത്തിൽ നിന്നും രക്ഷപെടാനും സ്വന്ത താൽപര്യങ്ങൾ സംരക്ഷിക്കാനും ശേഷിയുള്ളവരാക്കിത്തീർക്കുകയാണു് ഏതു് രാജ്യത്തിന്റെയും ചുമതല. ശാസ്ത്രപുരോഗതിമൂലം ഒരു ഗ്രാമമെന്നോണം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ചൂഷണത്തിനു് വിധേയമാവാതെ പിടിച്ചുനിൽക്കാൻ ശത്രുചിത്രങ്ങൾ കാണിച്ചു് മനുഷ്യരെ വികാരഭരിതരാക്കി സ്വന്തചേരിയിൽ പിടിച്ചുനിർത്തുന്ന പഴയ തന്ത്രങ്ങൾ ഫലപ്രദമാവില്ല. സഹകരണവും, സഹിഷ്ണുതയും വിദ്യാഭ്യാസവുമാണു് പരിഹാരം. ചൈനയേയും പാകിസ്ഥാനേയും സ്നേഹിക്കുന്നവരെയല്ല, ഭാരതത്തെ സ്നേഹിക്കുന്നവരെയാണു് ഇന്നു് രാജ്യത്തിനു് ആവശ്യം. നിയമത്തെ ദുരുപയോഗം ചെയ്യലും സ്വജനപക്ഷപാതവുമൊക്കെ ലോകത്തിൽ എന്നുമുണ്ടായിരുന്നു, എന്നാളും ഉണ്ടായിരിക്കുകയും ചെയ്യും. ഒറ്റയടിക്കു് അതിനു് പരിഹാരം കാണാൻ ആവില്ല. അതിനെതിരായി ചെയ്യാൻ കഴിയുന്നതു് ദുരുപയോഗം കുറയ്ക്കാൻ കഴിയുന്ന തരത്തിൽ നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുകയും, അതുവഴി നിയമം അനുസരിക്കുന്നവർ വിഡ്ഢികളാക്കപ്പെടുന്ന അവസ്ഥ ഇല്ലായ്മ ചെയ്യുകയുമാണു്. രാജ്യത്തിന്റെയും വ്യക്തിയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കാനും അവ നടപ്പാക്കാനും കഴിയണമെങ്കിൽ മനുഷ്യർ ബോധവത്കരിക്കപ്പെടണം, അവർ മാനസികമായി വളരണം, മനുഷ്യരുടെ ചിന്താഗതിയിൽ മാറ്റം വരണം. എന്നാൽത്തന്നെയും, അതുവഴി തിന്മയുടെ അളവു് കുറക്കാമെന്നല്ലാതെ, തിന്മയെ പൂർണ്ണമായും ലോകത്തിൽ നിന്നു് നിർമ്മാർജ്ജനം ചെയ്യുക മനുഷ്യനെന്നല്ല, “ദൈവത്തിനു്” പോലും കഴിയുകയില്ല. ദൈവത്തിനും ദൈവത്തിന്റെ നിയമങ്ങൾക്കും അതിനു് കഴിയുമായിരുന്നെങ്കിൽ രണ്ടായിരം വർഷത്തെ ക്രിസ്തുമതത്തിനു് ക്രിസ്ത്യൻ രാജ്യങ്ങളിലും, ഒന്നരസഹസ്രാബ്ദം പഴക്കമുള്ള ഇസ്ലാമിനു് മുസ്ലീം രാജ്യങ്ങളിലുമെങ്കിലും അതു് പണ്ടേ കഴിയേണ്ടതായിരുന്നു. ഇവിടെയും “ദൈവത്തിന്റെ” സർവ്വശക്തി പരാജയപ്പെടുന്നു എന്നു് മാത്രമാണു് അതിനർത്ഥം.
മനുഷ്യനു് സ്വാർത്ഥത പാടുണ്ടോ എന്ന ചോദ്യം അർത്ഥശൂന്യമാണു്. കാരണം, പ്രകൃതിസഹജതയെ പൂർണ്ണമായി തുടച്ചുമാറ്റാനാവില്ല. മനുഷ്യരിൽ മാത്രമല്ല ഏതു് ജീവിയിലും സ്വാർത്ഥത ഒരു ജന്മവാസനയാണു്. ജന്മവാസനയെ മറച്ചുപിടിക്കാൻ മൃഗങ്ങൾക്കാവില്ല എന്നതു് മൃഗലോകത്തെ വീക്ഷിക്കുന്നവർക്കറിയാം. മാനസികവും സാംസ്കാരികവുമായ വളർച്ച മൂലം മനുഷ്യർ ചില നിയന്ത്രണങ്ങൾക്കു് നിർബന്ധിതരാവുന്നു. അതു് പലതരം പ്രശ്നങ്ങൾക്കും കാരണമാവുന്നുമുണ്ടു്. മഠങ്ങളിലും മറ്റും സംഭവിക്കുന്ന ചില വഴുതലുകൾ അതിനൊരു ചെറിയ ഉദാഹരണം മാത്രം. സമൂഹജീവിയായ മനുഷ്യനു് സമാധാനപരമായി ജീവിക്കാൻ നിയമങ്ങൾ വേണം. ആധുനികനഗരങ്ങളിൽ വാഹനഗതാഗതം നിയമങ്ങൾ വഴി നിയന്ത്രിച്ചില്ലെങ്കിൽ ജീവിതം തന്നെ സാദ്ധ്യമാവില്ല. പക്ഷേ, ആ നിയമങ്ങൾ എല്ലാവർക്കും ബാധകമാണു്. അവ എല്ലാവരുടെയും പൊതുനന്മയെ ലക്ഷ്യമാക്കിയുള്ളതാണു്. മതമോ ജാതിയോ തിരിച്ചുള്ളതല്ല. (കേരളത്തിലെപ്പോലെ, ഉറക്കെ ഹോൺ അടിക്കുന്നവനല്ല റോഡിൽ മുൻഗണന!) ഓരോ സമൂഹവും അവർക്കനുയോജ്യമായ നിയമങ്ങളാണു് ഉണ്ടാക്കുന്നതു്. ജർമ്മൻ സമൂഹത്തിലെ നിയമങ്ങൾ യെമൻ സമൂഹത്തിനു് മനസ്സിലാവണമെന്നുപോലുമില്ല. ആയിരത്തഞ്ഞൂറു് വർഷം മുൻപത്തെ മെക്കയിലെയോ, രണ്ടായിരം വർഷം മുൻപത്തെ യേരുശലേമിലേയോ നിയമങ്ങൾകൊണ്ടു് ഇന്നു് അവിടങ്ങളിൽ പോലും വലിയ പ്രയോജനമൊന്നും ഉണ്ടെന്നു് തോന്നുന്നില്ല. പിന്നെ മറ്റു രാജ്യങ്ങളിലെ കാര്യം പറയണോ?
ഡാർവ്വിനിസത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയും ഇത്രയുമേ പറയാനുള്ളു: ആറുദിവസം കൊണ്ടു് സകല പ്രപഞ്ചവും മനുഷ്യരടക്കമുള്ള ജീവജാലങ്ങളും ദൈവം സൃഷ്ടിച്ചു എന്നു് വിശ്വസിക്കും. പക്ഷേ, 1300 കോടി വർഷങ്ങളിൽ സംഭവിക്കാവുന്ന പരിണാമങ്ങളെ ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങളും ഡാർവ്വിനിസവും – രണ്ടും വിമർശനാത്മകമായി പഠിക്കുക – കഴിയുമെങ്കിൽ!
ഓരോ മനുഷ്യനും അവനവനു് തോന്നുന്നതു് ചെയ്യാമെന്നു് ആരെങ്കിലും പറഞ്ഞാലല്ലേ അതു് മനുഷ്യത്വമാണോ അല്ലയോ എന്ന ചോദ്യം ഉദിക്കുന്നുള്ളു? ഓരോരുത്തനും അവനവനു് തോന്നുന്നതു് ചെയ്യുന്നതു് മനുഷ്യത്വമല്ല, അനാർക്കിസമാണു്. അതു് ഞാൻ ചെയ്താലും, മുഹമ്മദ് നബി ചെയ്താലും! ഒരുവൻ നിന്നോടു് ചെയ്യണമെന്നു് നീ ആഗ്രഹിക്കുന്നതു് അവനോടും ചെയ്യുന്നതാണു് മനുഷ്യത്വം. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണു് മനുഷ്യത്വം. എത്ര സൂക്ഷിച്ചു് നോക്കിയിട്ടും മനുഷ്യത്വത്തിൽ ഒരു ഏകദൈവത്വത്തിന്റെ സാന്നിദ്ധ്യമോ ആവശ്യമോ എനിക്കു് കാണാൻ കഴിയുന്നില്ല. മനുഷ്യത്വമാണു് ഒരുവന്റെ ലക്ഷ്യമെങ്കിൽ, അതിനു് ഒരു ദൈവം അവനു് ആവശ്യമെങ്കിൽ അതിലും ഞാൻ ഒരു പ്രശ്നവും കാണുന്നില്ല.
പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു് ജീവിക്കുന്നതും അവർ പരസ്പരം എങ്ങനെ പെരുമാറണമെന്നതും അവരുടെ സ്വാതന്ത്ര്യത്തിൽപെട്ട കാര്യമാണു്. മനുഷ്യർ അനേക രക്തച്ചൊരിച്ചിലുകളിലൂടെ “ദൈവം” അവരോധിച്ചവർ എന്നു് അവകാശപ്പെടുന്നവരും, അല്ലാത്ത തരത്തിൽ സമൂഹത്തിന്റെ തലപ്പത്തു് എത്തിപ്പെട്ടവരുമായ വല്യേട്ടന്മാരിൽ നിന്നും നേടിയെടുത്ത മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യമാണതു്. ഒരുമിച്ചുള്ള ജീവിതത്തിനു് വലിയ അർത്ഥമില്ല എന്നു് തോന്നുന്ന അവസരത്തിൽ, ഒരുമിച്ചു് കഴിഞ്ഞു് ജീവിതം നരകമാക്കുന്നതിൽ എത്രയോ ഭേദമാണു് അവർ തമ്മിൽ പിരിയുന്നതു്. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവേ കാണാറുള്ളതുപോലെ പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും തമ്മിൽ പിരിയാൻ കഴിഞ്ഞാൽ അതു് ഒന്നുകൂടി നല്ലതു്. അതു് പക്ഷേ ബന്ധപ്പെട്ടവരുടെ മാനസികവളർച്ചയിൽ അധിഷ്ഠിതമായ കാര്യമാണു്.
ജീവനാംശത്തിന്റെ കാര്യവും ഓരോ സമൂഹത്തിന്റെയും ഘടന അനുസരിച്ചു് മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യമാണു്. ഒരു കാർഷികരാജ്യത്തിലെ ദാമ്പത്യബന്ധവും, പുരുഷനും സ്ത്രീയും ജോലിചെയ്തു് സ്വന്തമായ വരുമാനം ഉണ്ടാക്കുന്ന, രണ്ടുപേരും പൂർണ്ണ സ്വയംപര്യാപ്തത ആസ്വദിക്കുന്ന ഒരു വ്യവസായിക രാജ്യത്തിലെ ദാമ്പത്യബന്ധവും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമാവില്ല. മതപരമായ അർത്ഥത്തിലെ വിവാഹബന്ധം പോലും വിരളമായേ യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടാകുന്നുള്ളു എന്നതു് മറ്റൊരു കാര്യം. അതെന്തായാലും ഖുർആനിൽ പറയുന്നപോലെ “മടക്കിയെടുക്കാൻ അനുമതിയുള്ള വിവാഹമോചനം രണ്ടുപ്രാവശ്യം മാത്രമാകുന്നു. മൂന്നാമതും അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിനുശേഷം അവളുമായി ബന്ധപ്പെടൽ അവനു് അനുവദനീയമാവില്ല; അവൾ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നതു് വരേക്കും. എന്നിട്ടു് അവൻ (പുതിയ ഭർത്താവു്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ (പഴയ ദാമ്പത്യത്തിലേക്കു്) തിരിച്ചു് പോകുന്നതിൽ അവരിരുവർക്കും കുറ്റമില്ല.” (ഖുർആൻ 2: 229, 230) മുതലായ നിയമങ്ങൾക്കു് അക്കാലത്തെ അറബികളുടെ ഇടയിലെ നാട്ടുനടപ്പുകളുടെ വെളിച്ചത്തിൽ മാത്രമേ എന്തെങ്കിലും പ്രസക്തിയുള്ളു. ഒരു സമൂഹത്തിലെ നിയമങ്ങൾ ആ സമൂഹത്തിന്റെ സാംസ്കാരികനിലവാരമാണു് കാണിച്ചുതരുന്നതു്. അതുകൊണ്ടാണു് ഓരോ സമൂഹവും അവരുടെ മാനസികവളർച്ചയ്ക്കനുസരിച്ച നിയമങ്ങളുണ്ടാക്കുന്നതും അവ മറ്റു് സമൂഹങ്ങളിലേതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതും. മനുഷ്യരെ ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും വളരാൻ അനുവദിച്ചാൽ അവരുടെ നിയമങ്ങളുടെ നിലവാരവും അതിനനുസരിച്ചു് വളരും.
ഖുർആനിലോ പുതിയനിയമത്തിലോ പറയുന്നപോലുള്ള ഒരു മരണാനന്തര ജീവിതം ഉണ്ടെന്നു് ഞാൻ വിശ്വസിക്കുന്നില്ല. നരകത്തിലെത്തുന്ന പാപികളെ കൈകാര്യം ചെയ്യുന്ന ഭാഗം വായിച്ചിട്ടുണ്ടാവുമെന്നു് കരുതുന്നു: “തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ടു് കരിക്കുന്നതാണു്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്കു് നാം വേറെ തൊലികൾ മാറ്റിക്കൊടുക്കുന്നതാണു്. അവർ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാൻ വേണ്ടിയാണതു് (!)” ഖുർആൻ 4: 56) പുതിയ പുതിയ തൊലികൾ മാറ്റിവച്ചുകൊടുത്തു് കരിക്കാൻ കാത്തിരിക്കുന്ന ദൈവം! അങ്ങേർക്കു് വേറെ ജോലിയൊന്നുമില്ലേ? ഇതു് കേട്ടു് ഇന്നത്തെ പ്രൈമറിസ്കൂളിലെ കുട്ടികൾ ചിരിക്കാതിരുന്നാൽ ഭാഗ്യം! ഈ പ്രപഞ്ചത്തിൽ ഉള്ളതൊന്നും നശിക്കുന്നില്ലെന്നു് ഞാൻ വിശ്വസിക്കുന്നു. അതു് പക്ഷേ, തികച്ചും ഭൗതികമായ അർത്ഥത്തിലാണു്, അല്ലാതെ ആത്മീയമോ മതപരമോ ആയ യാതൊരു അർത്ഥത്തിലും മനസ്സിലാക്കേണ്ട ഒരു “മരണാനന്തരജീവിതം” അല്ല. അതു് എന്റെ വ്യക്തിപരമായ വിശ്വാസം. അതിൽ മറ്റാർക്കും ഇടപെടേണ്ട കാര്യമില്ല.
അധികവും ബാലിശമായ അവസാനപാരഗ്രാഫിനെപ്പറ്റി ഇത്രയുമേ പറയാനുള്ളു: അഴിമതി അതു് രാഷ്ട്രീയക്കാരൻ ചെയ്താലും ഇമാം ചെയ്താലും, കർദ്ദിനാൾ ചെയ്താലും അഴിമതി തന്നെ. അതു് ആ സമൂഹത്തിൽ നിലവിലിരിക്കുന്ന നിയമം അനുസരിച്ചു് ശിക്ഷിക്കപ്പെടണം.
കമന്റിലെ പോയിന്റുകളിൽ ഇതിൽ കൂടുതലായ വിശദീകരണമൊന്നും തരാനില്ല. ഞാൻ ആദ്യം പറഞ്ഞപോലെ, പോസ്റ്റിൽ സൂചിപ്പിച്ച കാര്യങ്ങൾക്കു് ന്യായവും വ്യക്തവുമായ എതിർവാദമുഖങ്ങൾ ഉണ്ടെങ്കിൽ അതിനു് മറുപടി പറയാം.
Melethil
May 22, 2009 at 14:21
പൊന്നു മാഷേ നമിച്ചു………
ഇത് വായിച്ച് ഈ “ദൈവ ബ്ലോഗ്ഗികള്‍ ” (അതോ ഭോഗികളോ) എല്ലാരും മാനസാന്തരപ്പെടട്ടെ !! ചിന്ത . കോം തുറക്കാന്‍ വയ്യ എന്നായിട്ടുണ്ട്. ദൈവത്തിന്റെ defenders – നെക്കൊണ്ട്. കലക്കി , ഈ ചേട്ടന്‍ കുറേക്കാലമായി ഈ ചോദ്യവും ആയി നടക്കുന്നു. മറുപടി പറയാതെ ആളുകള്‍ ഒഴിവാക്കുന്നതാണെന്ന് മനസ്സിലാക്കാനുള്ള അറിവ് പോലുമില്ലെങ്കില്‍ എന്ത് ചെയ്യും ? എന്തൊരു തരം ചോദ്യങ്ങള്‍…ഇതൊക്കെ ആരേലും പറഞ്ഞു കൊടുക്കുന്നതോ അതോ സ്വയം ചിന്തിച്ച്..ഹോ പാടില്ലല്ലോ , സ്വയം ചിന്തിക്കരുതെന്നു മറ്റെയാള്‍ , മറ്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് ..!!
സത
May 22, 2009 at 14:34
പ്രിയ ബാബു,
ആ ചോദ്യം കണ്ടപ്പോള്‍ ഉത്തരമായി എഴുതണം എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ താങ്കള്‍ ഉത്തരം കൊടുക്കും എന്നറിവുള്ളതിനാല്‍ വേണ്ട എന്ന് വച്ചു. താങ്കള്‍ കൊടുത്ത മറുപടി വായിച്ചപ്പോള്‍, ആര്‍ക്കും കൊടുക്കാന്‍ പറ്റുമായിരുന്നതിനേക്കാള്‍ വളരെ വളരെ മികച്ച ഒന്നാണെന്നും തോന്നി.
സമൂഹത്തില്‍ നിന്നും ഉള്‍വലിഞ്ഞു ജീവിക്കുന്ന ദൈവ വിശ്വാസികള്‍ സമൂഹത്തിനു നാശം ഉണ്ടാക്കുന്നു എന്നത് സത്യം മാത്രമാണ്. സമൂഹവുമായി താദാല്‍മ്യം പ്രാപിച്ചു കൊണ്ടുള്ള ഒരു വിശ്വാസവും എതിര്‍ക്കപ്പെടെണ്ടതും ഇല്ല തന്നെ. അത് ചെകുത്താനെ വിശ്വസിച്ചാലും, പ്രത്യേകിച്ച് ഒന്നും വിശ്വസിച്ചില്ലേലും നല്ലത് തന്നെ..
നന്ദി.
suraj::സൂരജ്
May 22, 2009 at 14:37
ട്രാക്കട്ടുമേ… :))
ea jabbar
May 22, 2009 at 15:01
പല്ലിവാലുമായി ഫൈസലും കൂട്ടരും ഇവിടെയും വന്നുവോ!
ഞാന്‍ ബ്ലോഗ് തുടങ്ങുമ്പോള്‍ ആദ്യം പോസ്റ്റു ചെയ്തത് ഈ കുറിപ്പുകളായിരുന്നു.
വിശ്വാസവും സന്മാര്‍ഗ്ഗവും മതത്തിന്റെ ധാര്‍മ്മികത
chithrakaran:ചിത്രകാരന്‍
May 22, 2009 at 15:20
മത-ദൈവ വിശ്വാസികള്‍ക്ക് ഇതൊന്നും മനസ്സിലാകില്ല.എന്നാല്‍ ഇത്തരം വിഷയങ്ങളുമായി തല പുകഞ്ഞു നടക്കുന്ന ചിന്താശീലര്‍ക്ക് ഇത്തരം പോസ്റ്റുകള്‍ വഴികാട്ടികളാകും തീര്‍ച്ച.
cALviN::കാല്‍വിന്‍
May 22, 2009 at 17:46
മരണാനന്തരജീവിതം ഉണ്ടെന്ന് ഒക്കെ വിചാരിച്ച് ഈജിപ്തുകാർ ശരീരം അഴുകാനനുവദിക്കാതെ മമ്മിഫിക്കേഷൻ നടത്തി സൂക്ഷിച്ചു വെച്ചു. അന്ത്യവിധിനാളിൽ ഉപകാരപ്പെടാൻ…
അതിപ്പോ മ്യൂസിയങ്ങളിൽ ഒണ്ട്.
ഇന്നത്തെക്കാലത്തെ ചില വിശ്വാസങ്ങളും മ്യൂസിയം പീസ് ആണ്. ചരിത്രത്തിന്റെ ഭാഗമായി പഠിക്കാൻ കൊള്ളാം.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനകാലം വരെ മനുഷ്യർ സ്വർഗനരകങ്ങളിൽ വിശ്വസിച്ചിരിന്നുവെന്നും സ്വർഗത്തിലെത്താൻ ദൈവത്തിന്റെ പേരിൽ യുദ്ധങ്ങളും തീവ്രവാദപ്രവർത്തനങ്ങളും നടത്തിയിരുന്നുവെന്നും ഇല്ലാത്ത നരകത്തിന്റെ പേരു പറഞ്ഞ് പുരോഹിതർ മനുഷ്യരെ സിനിമ പോലുള്ള വിനോദങ്ങൾ വരെ ആസ്വദിക്കുന്നതിൽ നിന്നും വിലക്കിയിരുന്നുവെന്നും ഒക്കെ ഒരു കാലത്ത് വിദ്യർത്ഥികൾ പഠിക്കുമായിരിക്കും.
ഭാസകരപട്ടേലർ
May 22, 2009 at 18:01
ബാബുമാഷേ,
ബൈബിളിലെയും ഖുർ-ആനിലേയും തെറ്റുകൾ ചൂണ്ടിക്കാണിച്ച പോലെ ഗീതയേയും മനുസ്മ്രീതിയേയും കുടെ ഒന്ന് പൊളിചടുക്കണെ… ചില സംഘപരിവാർ ചെട്ടന്മാർ അവസരം മുതലാക്കാൻ ഈ ഏരിയയിൽ കർങുനുന്റ്.. ആ സല്യൊം ഒഴിവക്കാം…
അക്ഷ്രതെത് ഷമിക്കുക
സത
May 22, 2009 at 18:49
ഭാസകരപട്ടേലർ,
സുഹൃത്തേ, താങ്കള്‍ എന്നെ അല്ല ഉദ്ദേശിച്ചത് എന്ന് കരുതുന്നില്ല. ഗീതയെയും മനുസ്മ്രുതിയെയും ഒന്നും തലയില്‍ ചുമന്നു നടക്കുന്നില്ല കേട്ടോ.. തെറ്റുകള്‍ ഒണ്ടു എന്ന് തന്നെ ആണ് പറഞ്ഞിട്ടുള്ളത്. പക്ഷെ, അസത്യം പ്രചരിപ്പിക്കുന്നതിനെ മാത്രമേ എതിര്‍ക്കുന്നുള്ളൂ.. അസത്യം കൊണ്ട് സമൂഹത്തില്‍ വിദ്വോഷം ഒന്ടാക്കരുത് എന്നേ പറയുന്നുള്ളൂ.. അതെന്താ മോശം കാര്യമാണോ?
നന്ദി.
കൊട്ടോട്ടിക്കാരന്‍...
May 22, 2009 at 20:49
നിങ്ങള്‍ക്കു ഹാ കഷ്ടം… !
ചിന്തകന്‍
May 22, 2009 at 22:42
മുഹമ്മദ് പ്രവാചകനോ ? ഇവിടെ വായിക്കാം
പാമരന്‍
May 23, 2009 at 07:46
urulaykkupperi thanne babu maashe.. kalakki.
ചെറിയപാലം
May 23, 2009 at 11:25
ബാബു മാഷുമാർക്കും,ജബ്ബാറുകൾക്കും,സതകൾക്കും പോട്ടെ എല്ലാ ‘പുക്തി’വാദക്കാർക്കും പിന്നെ എനിക്കുൾപ്പെടെയും ഒഴിവാക്കാനാവാത്ത ഒരു ദിനമില്ലേ… അന്ത്യശ്വാസത്തിനായുള്ള ആ അവസാന വലി വലിക്കേണ്ട ദിനം!…
മാനസാന്തരത്തിന് അന്ന് സമയം തികയില്ല! ആർക്കെന്നറിയോ…ഇല്ലെങ്കിൽ നമ്മുടെ ജബ്ബാറ് മാഷ് പറഞ്ഞുതരും.
ഇപ്പോഴല്ല…..കുറച്ചുകൂടിക്കഴിഞ്ഞ്!!!
കാരണം ഈ ബാബുമാരെപ്പോലെ ചില ബ്ലോഗികളെക്കൂടി ഉണർത്താനുണ്ട്. ഇനി അതുപോലെയുള്ള ചില സ്വയം ‘ഭോഗികളെ’ ന്ന് വിശേഷിപ്പിക്കുന്നവരെ ആയാലും കുഴപ്പമില്ല !!!
(ദൈവ ബ്ലോഗ്ഗികള്‍ അല്ലെങ്കിൽ പിന്നെ ഭോഗികളെന്ന് ഒരു പുതിയ യുക്തിവാതം)
യുക്തിവാദികളുടേ ജീവിത ലക്ഷ്യം,ഭൌതിക നേട്ടങ്ങൾ, മരണാനന്തരാവസ്ഥ,സ്വർഗ്ഗം എവിടെ,നരകം ഉണ്ടില്ല… ജബ്ബാർ മാഷുടെ പുതിയ പോസ്റ്റ് പ്രതീക്ഷിക്കുന്നു!!!!!!!
സത
May 23, 2009 at 14:31
ചെറിയപാലം,
ഞാന്‍ ഒരു അവിശ്വാസി അല്ല എന്ന് പറയട്ടെ.. എന്റെ നിരീക്ഷണങള്‍ വായിക്കുമല്ലോ..
http://bhaarathaamba.blogspot.com/
ea jabbar
May 23, 2009 at 20:03
ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്യുന്നതില്‍ തെറ്റുണ്ടോ? ഫൈസല്‍ കൊണ്ടോട്ടിയുടെ ചോദ്യത്തിനു മറുപടി
biju chandran
May 24, 2009 at 09:53
ബാബു മാഷ്!
ഫൈസല്‍ കൊണ്ടോട്ടിക്കുള്ള വ്യക്തവും കൃത്യവും ആയ മറുപടി! മുന്‍ ലേഖനവും മികച്ചത്. പരിണാമ സിദ്ധാന്ധം ഇഴ കീറി പഠിച്ചു വിമര്‍ശിക്കുമ്പോള്‍ തന്നെ അദ്ദേഹം കുര്‍ ആന്‍ ദൈവ സൃഷ്ടി ആണെന്നും സ്ഥാപിക്കുന്നു. ആദം ആദ്യ മനുഷ്യനാണെന്നും ഒരു ലക്ഷത്തി ചില്വാനം പ്രവാചകന്മാരും മറ്റും മറ്റും… സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളിലെ വൈരുധ്യം അത്യാവശ്യം ബോധമുള്ളവര്‍ക്കൊക്കെ മനസ്സിലാകുന്നുണ്ട്.
ഫൈസല്‍ കൊണ്ടോട്ടിമാര്‍ confusion ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഇത്തരം ക്രിയാത്മക ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നു.
നന്ദി
..Bliпп!ппiIВ..
May 25, 2009 at 17:12
Babu mash….
very Nice…
Faizal Kondotty
May 26, 2009 at 11:27
ബാബു വിന്റെ മറുപടി ഞാന്‍ അംഗീകരിക്കുന്നു . പക്ഷെ ചില വിയോജിപ്പുകള്‍ ചൂണ്ടി ക്കാട്ടാതെ വയ്യ .യുക്തി വാദികളുടെ കേവല യുക്തിയുടെ യുക്തി രാഹിത്യം വ്യക്തമാക്കാനാണ് ഞാന്‍ ആ ചോദ്യം ഉന്നയിച്ചത് .. മതങ്ങളിലും യുക്തി ഉപയോഗിക്കാന്‍ പറയുന്നുണ്ട്
ഇസ്ലാമിലെ യുക്തിയുടെ ക്രമം താങ്കള്‍ക്കു അറിയാതിരിക്കില്ലല്ലോ .. ഒരു കാര്യം വന്നാല്‍ ആദ്യം ഖുറാനില്‍ എന്ത് പറയുന്നു എന്ന് നോക്കും, പിന്നീട് നബി ചര്യയില്‍ , അത് കൊണ്ടും വ്യക്തമായില്ലെങ്കില്‍ ഖുറാനും നബി ചര്യയും വിശകലനം ചെയ്തു പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ , അതിലും ഒരു പരിഹാരം കണ്ടില്ലെങ്കില്‍ അവസാനം സ്വന്തം മനസാക്ഷി യെ മുന്‍ നിര്‍ത്തി യുള്ള യുക്തമായ തീരുമാനം .അങ്ങിനെ തീരുമാനമെടുക്കുമ്പോഴും സൃഷ്ടാവിന്റെ സദാ നിരീക്ഷണത്തിലാണ് താനെന്നും , ആ തീരുമാനം തെറ്റായാല്‍ ദൈവത്തിന്റെ കോടതിയില്‍ താന്‍ ഉത്തരം പറയേണ്ടി വരുമെന്ന ഉത്തമ ബോധ്യം . ഈ തരത്തിലുള്ള യുക്തമായ ,പോസിറ്റീവ് ആയ തീരുമാന മെടുക്കാനുള്ള സ്വതന്ത്രം മനുഷ്യന് ഇസ്ലാം കൊടുത്തിടുണ്ട്. .
നിരുപാധികം ഉള്ള യുക്തി ഇസ്ലാം അനുവദിക്കുന്നില്ല . മോഷണത്തിന് ഇറങ്ങുന്ന ഒരാള്‍ എങ്ങിനെ പിടിക്കപ്പെടാതിരിക്കാം എന്നതിലാണ് യുക്തി പ്രയോഗിക്കുക . പക്ഷെ ദൈവം കാണുന്നുണ്ട് എന്ന ചിന്ത യുണ്ടായാല്‍ അതില്‍ നിന്ന് പിന്‍ വാങ്ങലാണ് യുക്തി ഭദ്രം എന്നയാള്‍ക്ക് തോന്നും . തന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ ഏതു കൂരിരുട്ടിലും തന്നെ കാണും എന്നും ഓരോ പ്രവര്‍ത്തനത്തിനും ശിക്ഷയും നന്മയും ഉണ്ടെന്നും വിശ്വസിക്കുന്നവന്‍ എടുക്കുന്ന തീരുമാനം കൂടുതല്‍ യുക്തിയുള്ളതായിരിക്കും . അത് കേവല യുക്തിക്കു എതിരാണെങ്കില്‍ പോലും ….താല്‍കാലിക സുഖത്തിന്റെ പേരില്‍ വയസ്സായ മാതാപിതാക്കളെ പുറം തള്ളാന്‍ ഒരുത്തന്റെ കേവല യുക്തി അവനെ പ്രേരിപ്പിച്ചേക്കാം . പക്ഷെ ഖുറാനിലേക്കും പിന്നീട് നബി ചര്യയിലെക്കും , അവസാനം ദൈവം അത് ചോദ്യം ചെയ്യപ്പെടും എന്ന ചിന്തയോടെ യുള്ള യുക്തമായ തിരഞ്ഞെടുപ്പിലെക്കും അവനെ നയിക്കുന്നു കൂടുതല്‍ കാരുണ്യത്തോടെ അവന്‍ തന്റെ മാതാ പിതാക്കളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും .
ചുരുക്കത്തില്‍ ഇസ്ലാം തീരുമാനമെടുക്കുന്നതില്‍ യുക്തിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് . അതിനാല്‍ ഖുറാനില്‍ വ്യക്തമായി പറയാത്ത കാര്യത്തിലും ഈ ക്രമത്തില്‍ അയാള്‍ക്ക് തീരുമാനമെടുക്കാം .ദൈവ ഭയമാണ് അതിന്റെ അടിസ്ഥാനം . അത് യുക്തിവാദികള്‍ പറയുന്ന പോലെ യുള്ള നിരുപാധിക യുക്തി അല്ല എന്ന് മാത്രം , കേവല യുക്തി ദൂര വ്യാപകമായ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കും, ആറ്റം ബോംബ് പോലെ ,ശാസ്ത്ര കണ്ടു പിടുത്തങ്ങള്‍ ആളുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കും …
ഞാന്‍ മുന്‍പ് മുന്‍പ് സൂചിപ്പിച്ച പോലെ , ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന്‍ താരതമ്യേന കുടുതല്‍ നേട്ടം കൈ വരിച്ചിടുന്ടെങ്കിലും സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ മുല്യ തകര്‍ച്ചയാണ് കാണുന്നത് , ideology crisis പല മേഖലയെയും മാരകമായി ബാധിച്ചതായി കാണാം . ആളുകള്‍ക്ക് യുക്തി കുറഞ്ഞു പോയത് കൊണ്ടല്ലല്ലോ ഇത് , ആണോ ? കേവല യുക്തിയുടെ കൂടിയത് കൊണ്ടാണ് ആധുനിക രീതിയിലുള്ള തട്ടിപ്പും വഞ്ചനയും കൊള്ളകളും കൊലകളും വര്‍ധിച്ചത് ..
ആപേക്ഷിക യുക്തിവാദം മനുഷ്യനെ എവിടെ കൊണ്ട് എത്തിക്കുമോ ആവോ ? മാതാ പിതാക്കള്‍ വയസ്സാകുമ്പോള്‍ mercy killing നടത്താം എന്ന് അന്നന്നത്തെ സാഹചര്യം നോക്കി മാത്രം ചിന്തിക്കുന്ന യുക്തിവാദികള്‍ തീരുമാനിക്കുന്നത് എന്നാണാവോ ? പക്ഷെ ഖുറാന്‍ പറയുന്നു
” — മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു ,അവരില്‍ (മാതാപിതാക്കളില്‍ )ഒരാളോ അവര്‍ രണ്ടു പേരും തന്നെയോ നിന്റെ അടുക്കല്‍ വച്ച് വാര്‍ദ്ധ്യക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടെ നീ ഛെ എന്ന് പറയുകയോ അവരോടെ കയര്‍ക്കുകയോ അരുത് , അവരോടെ നീ മാന്യമായ വാക്ക് പറയുക . കാരുണ്യത്തോടെ കൂടി എളിമയുടെ ചിറകു നീ ഇരുവര്‍ക്കും താഴ്ത്തി കൊടുക്കുകയും ചെയ്യുക .. “(വി.ഖു 17:23,24) “
ea jabbar
May 27, 2009 at 05:55
http://www.blogger.com/profile/05335443664047402540
എന്റെ ഫോട്ടൊയും പേരും വെച്ച് മറ്റൊരാള്‍ ഉണ്ടാക്കിയ പ്രൊഫൈല്‍ ആണിത്. അതുപയോഗിച്ച് എന്റെ പേരില്‍ അയാള്‍ വ്യാജ കമന്റുകള്‍ ഇട്ട് എന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നു. ഈ ക്രിമനലിനെ തിരിച്ചറിയുക!