RSS

സത്യം സത്യമായി നുണ

11 May

സത്യം എന്നതു് ഭയങ്കരമായ ഒരു കാര്യം തന്നെ! സത്യമില്ലാതെ ജീവിക്കുക എന്നതുതന്നെ മനുഷ്യനു് അസാദ്ധ്യമാണു്. മനുഷ്യവർഗ്ഗം സത്യം തേടുന്ന ജീവികളാണു്. അതിനു് അവർ പല മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ടു്. മതം, തത്വചിന്ത, ധ്യാനം, തപസ്സു് മുതലായവ കൂടാതെ മഷിനോട്ടം, കവടിനിരത്തൽ, തത്തയെക്കൊണ്ടു് സത്യച്ചീട്ടിൽ കൊത്തിക്കൽ, മുഖലക്ഷണം പരിശോധിക്കൽ, ഹസ്തരേഖാശാസ്ത്രം, ഗൗളിശാസ്ത്രം, തലയിൽ കാക്ക തൂറിയാൽ അതിനെ അപഗ്രഥിക്കൽ അങ്ങനെ പലതരം ശാസ്ത്ര-സാങ്കേതികത്വങ്ങൾ ഉപയോഗിച്ചു് അവർ സത്യത്തെ കണ്ടെത്തുന്നു. സത്യം കണ്ടെത്താൻ സഹായകം എന്നു് തോന്നുന്ന ഏതു് ചപ്പും ചവറും പൊക്കിനോക്കാൻ മനുഷ്യർ മടിക്കാറില്ല. അത്ര തീവ്രമാണു് അവന്റെ സത്യാഗ്രഹം. പൂച്ച ട്രാഫിക്‌ ലൈറ്റ്‌ ശ്രദ്ധിക്കാതെ റോഡ്‌ ക്രോസ്‌ ചെയ്താൽ, ആമ അട്ടഹസിച്ചാൽ, ആന പൊട്ടിച്ചിരിച്ചാൽ, ഉറുമ്പു് അപ്രതീക്ഷിതമായോ അസാധാരണമായോ വളി വിട്ടാൽ അതിലെല്ലാം ചില സത്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടെന്നു് മനുഷ്യനറിയാം. അതൊക്കെ കൃത്യമായി വീക്ഷിച്ചാൽ ഏമ്പക്കം മുതൽ അപകടമരണം വരെ മനുഷ്യർക്കു് സംഭവിക്കാനുള്ള സാദ്ധ്യതകളെ പ്രവചിക്കാൻ കഴിയുമെന്നും അവൻ മനസ്സിലാക്കിയിട്ടുണ്ടു്. അതൊക്കെ ശാസ്ത്രീയമായ കാര്യങ്ങൾ ആയതിനാൽ അതിനെപ്പറ്റി പഠിച്ച പണ്ഡിതർക്കേ കൃത്യമായ പ്രവചനം സാദ്ധ്യമാവൂ. ഉദാഹരണത്തിനു് ഉത്തരത്തിലോ ചോദ്യത്തിലോ ഇരുന്നു് ഒരു പല്ലി ഒരു പദ്യം ചൊല്ലിയാൽ അതു് വ്യാഖ്യാനിക്കണമെങ്കിൽ വീടിന്റെ ഏതു് മൂലയിലിരുന്നു് എപ്പോൾ എങ്ങനെ ചൊല്ലി എന്നെല്ലാം അറിഞ്ഞിരിക്കണം. പിടിവിട്ടു് താഴേക്കു് വീഴുന്നതിനിടയിലാണു് പല്ലി ഇത്തരം ശ്ലോകങ്ങൾ ചൊല്ലുന്നതെങ്കിൽ അതു് ‘ദാണ്ടെ കെടക്കണു മൈ(ഡിയ)രു്’ (പാലിഭാഷയുടെ ഒരു വകഭേദമായ പല്ലിഭാഷയെ മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തിയതു്) എന്നാവാനാണു് മിക്കവാറും സാദ്ധ്യത. ഇതിൽ ബ്രാക്കറ്റിലെ രണ്ടക്ഷരങ്ങൾ (= ഡിയ) എഴുതുമ്പോഴല്ലാതെ പറയുമ്പോൾ പല്ലികൾ ഉപയോഗിക്കാറില്ല. ഈ സൂക്തം പക്ഷേ മനുഷ്യരേക്കാൾ വീഴുന്ന പല്ലിയെത്തന്നെയാണു് ബാധിക്കാറുള്ളതു്. അതു് അത്യാഹിതമോ അംഗഭംഗമോ ആയിക്കൂടെന്നുമില്ല.

പലകാര്യങ്ങളെപ്പറ്റിയും മനുഷ്യർ സംശയാലുക്കളാണെങ്കിലും ഒരു കാര്യത്തിൽ മനുഷ്യനു് യാതൊരു സംശയവുമില്ല – നിത്യമായ, ആത്യന്തികമായ ഒരു സത്യം ഉണ്ടെന്നതാണതു്. എന്നോ എവിടെയോ വച്ചു് ആരോ ഒരുത്തൻ ഈ പരമസത്യത്തിനു് ദൈവം എന്നൊരു പേരിട്ടതുമുതൽ മനുഷ്യർ ദൈവം എന്ന സത്യത്തെ തേടാൻ തുടങ്ങി. മനുഷ്യൻ ജീവിക്കുന്നതു് അപ്പം കൊണ്ടു് മാത്രമല്ലെങ്കിലും ഇടയ്ക്കിടെ അപ്പമോ കപ്പയോ കിട്ടിയില്ലെങ്കിൽ ആളു് വടിയാവുമെന്നതിനാൽ ആദ്യമാദ്യം സത്യംതേടലിനിടയിൽ തടി അനങ്ങി അദ്ധ്വാനിക്കാനും മനുഷ്യർ നിർബന്ധിതരായിരുന്നു. അങ്ങനെയിരിക്കെയാണു് തേടിയ വള്ളി കാലിൽ ചുറ്റിയപോലെ മനുഷ്യവർഗ്ഗം മുഴുവൻ അന്വേഷിച്ചും ആരാധിച്ചും കാത്തിരുന്നും മടുത്ത ദൈവം ആർക്കോ പ്രത്യക്ഷപെട്ടു എന്ന വാർത്ത കാട്ടുതീ പോലെ ലോകത്തിൽ പരന്നതു്.

കൂട്ടത്തിലെത്തിയാൽ കൂവാതിരിക്കാൻ കുറുക്കനു് കഴിയാത്തതുപോലെ അത്ഭുതം എന്നു് കേട്ടാൽ അന്തം വിടാതിരിക്കാൻ പൊതുവേ മനുഷ്യനു് കഴിയാറില്ല. അറിയുന്ന കാര്യങ്ങളോടോ ചെറിയ കാര്യങ്ങളോടോ മനുഷ്യനു് വലിയ താൽപര്യമോ ബഹുമാനമോ പണ്ടേതന്നെ ഒട്ടില്ലതാനും. അറിയാത്തതും ഇത്തിരി വലുതുമായ കാര്യങ്ങളേ അവനു് വേണ്ടൂ. മനുഷ്യരുടെ ഈ ബലഹീനത മുതലെടുത്തു് ദൈവം തനിക്കു് പ്രത്യക്ഷപെട്ടു എന്നു് തോന്നിയവനും അവന്റെ ശിങ്കിടികളും കൂടി മനുഷ്യരുടെ ഇടയിൽ തൊഴിൽ വിഭജനം എന്നൊരേർപ്പാടു് സ്ഥാപിച്ചെടുത്തു. വെളിപ്പെട്ട ദൈവം മനുഷ്യരെ അറിയിക്കാനായി തന്നെ പിടിച്ചേൽപിച്ചതു് എന്നു് പ്രഖ്യാപിക്കപ്പെട്ട കൽപനകളും നിയമങ്ങളും അവർക്കു് അങ്ങനെ ചില തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിയമപരമായ അധികാരം നേടിക്കൊടുത്തു, അഥവാ അതുവഴി അവർ അതിനുള്ള അവകാശം പിടിച്ചുവാങ്ങി. ചില പ്രദേശങ്ങളിൽ ഈ ദൈവികനിയമങ്ങൾ എഴുതിയ കൽപലകകളെ അതു് ദൈവത്തിൽ നിന്നും ഏറ്റെടുത്തവൻ തന്നെ കലികയറി എറിഞ്ഞു് പൊട്ടിച്ചപ്പോൾ രണ്ടാമതും കൊത്തിക്കൊടുക്കാൻ വരെ, തീക്ഷ്ണതയുള്ളവനെങ്കിലും അതോടൊപ്പം കരുണയുമുള്ളവനായ ഒരു ദൈവം തയ്യാറായതായാണു് റിപ്പോർട്ട്‌ (പുറപ്പാടു് 36:1).

അങ്ങനെ സ്ഥാപിക്കപ്പെട്ട പുതിയ തൊഴിൽവിഭജനപ്രകാരം ആത്മീയർ എന്ന പേരിൽ ദൈവപ്രതിനിധികളായി പട്ടംകെട്ടി സ്വയം അവരോധിച്ച പുരോഹിത-നിയമാധികാരികളുടെ ജോലി സത്യത്തെ എണ്ണതേച്ചു് കുളിപ്പിച്ചു് മിനുക്കി മുടിചീകി കൈവളയും കൊലുസുമിട്ടു് ഒരുക്കി തൊട്ടിലിൽ കിടത്തി ഇക്കിളിയിട്ടു് താരാട്ടുപാട്ടു് പാടുക എന്നതും, പേരിനു് ഒരാത്മാവു് ഉണ്ടെങ്കിലും പ്രായോഗികമായി “അനാത്മീയപ്പരിഷകൾ” ആയ ബാക്കിയുള്ള അലവലാതികളുടെ ജോലി മൂക്കത്തെ വിയർപ്പുമായി അദ്ധ്വാനിച്ചു് അപ്പവും വീഞ്ഞുമുണ്ടാക്കി സത്യത്തെ അഥവാ ദൈവത്തെ തേച്ചുകുളിപ്പിച്ചു് കളിപ്പിക്കുന്നവരെ തീറ്റിപ്പോറ്റുക എന്നതുമാണെന്നു് രേഖാമൂലം നിശ്ചയിച്ചുറപ്പിക്കപ്പെട്ടു. ഈ തീരുമാനം അംഗീകരിക്കാൻ മടിച്ച മനുഷ്യരിൽ അതു് കൊല്ലും കൊലയും വഴി അടിച്ചേൽപിക്കപ്പെട്ടു. ദൈവത്തിനു് അതിനുള്ള അധികാരവുമുണ്ടല്ലോ! കാലക്രമേണ അദ്ധ്വാനിച്ചു് അപ്പമുണ്ടാക്കുന്നവർക്കു് അദ്ധ്വാനിക്കാതെ അപ്പം തിന്നുന്നവരെ ചോദ്യം ചെയ്യാനോ, അവരുടെ നീതിശാസ്ത്രങ്ങൾ വായിക്കാനോ പഠിക്കാനോ അവകാശമില്ലാതായി. “നീ അടുത്തു് ചെന്നു് നമ്മുടെ ദൈവം അരുളിച്ചെയ്യുന്നതു് ഒക്കെയും കേൾക്ക. എന്നിട്ടു് നിന്നോടു് അരുളിച്ചെയ്യുന്നതു് ഒക്കെയും ഞങ്ങളോടു് പറക; ഞങ്ങൾ കേട്ടു് അനുസരിച്ചുകൊള്ളാം” (ആവർത്തനം 5:27) എന്നു് അങ്ങോട്ടു് കേറിപ്പറയാൻ മാത്രം മണ്ടന്മാരായിരുന്നു അക്കാലത്തെ അജഗണമഖിലം എന്നാണു് കേൾവി. അങ്ങനെ, നക്ഷത്രനില തങ്ങൾക്കു് അനുകൂലമെന്നു് തിരിച്ചറിഞ്ഞ ഒരു ശുഭമുഹൂർത്തത്തിൽ അദ്ധ്വാനിക്കാതെ അപ്പം തിന്നു് അപ്പിയിടുന്നവർ സ്വർഗ്ഗത്തിന്റെ താക്കോൽ ഏറ്റെടുത്തു് മടിയിൽ തിരുകി. അതുമുതൽ അവർ മനുഷ്യരുടെ പ്രത്യുത്പാദനത്തിന്റെയും ജനനത്തിന്റെയും മരണത്തിന്റെയും ഭൂമിയുടെയും സ്വർഗ്ഗത്തിന്റേയും നരകത്തിന്റെയും കാവൽനായ്ക്കളായി ചാർജ്ജെടുത്തു് കുരയ്ക്കാൻ തുടങ്ങി. പിടിക്കാത്ത സിനിമയുടെ പണിയാത്ത തിയേറ്ററിലെ കന്നിപ്രദർശനത്തിനു് ടിക്കറ്റ്‌ വിൽക്കുന്നതുപോലെ അവർ മനുഷ്യരുടെ പാപങ്ങൾ മുൻകൂറായി ടിക്കറ്റ്‌ വിറ്റു് മോചിച്ചുകൊടുത്തു. പാപമോചനചീട്ടു് ലഭിച്ച വിശ്വാസികളായ ആടുകളും പോത്തുകളും ആടിയാടി പ്രാർത്ഥിക്കുന്ന കൊന്തനമസ്കാരത്തിനിടയിലും സ്വർഗ്ഗത്തിലെത്തുമ്പോൾ കാണാൻ പോകുന്ന പൂരവും പൂരാടവും പൂരുരുട്ടാതിയും രഹസ്യമായി സ്വപ്നം കണ്ടുകൊണ്ടിരുന്നതിനിടയിൽ ആടുമാടുകളുടെ ദൈവിക ഇടയന്മാർ (“cowboys of yahova”) തങ്ങൾക്കു് ഭൂമിയിൽ സ്വർഗ്ഗതുല്യമായ ബസിലിക്കകളും കൊട്ടാരസദൃശമായ വാസസ്ഥലങ്ങളും പണികഴിപ്പിച്ചുകൊണ്ടിരുന്നു.

കാര്യങ്ങൾ ഇത്രയുമെത്തിയപ്പോൾ തലയിൽ കുടിപാർപ്പുള്ളവരും മരിക്കാൻ ഭയമില്ലാതിരുന്നവരുമായ ചില മഹാപാപികൾ സത്യദൈവത്തിന്റെ കൽപനകളിൽ “സത്യത്തിൽ” എന്താണു് എഴുതിയിരിക്കുന്നതു് എന്നു് അറിയാൻ ശ്രമിച്ചു. അവരുടെ ശ്രമഫലമായി ചെമ്പു് തെളിഞ്ഞു, സനാതനസത്യങ്ങളിൽ നിന്നും പൂച്ചകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുചാടി. ദൈവിക മറുപടികളുടെ ശാശ്വതഭണ്ഡാരം എന്നു് വാഴ്ത്തപ്പെട്ടതു് ഉത്തരങ്ങളിലേറെ ചോദ്യങ്ങളും, അതിലേറെ വൈരുദ്ധ്യങ്ങളും നിറഞ്ഞ ജീർണ്ണതയുടെ കലവറയാണെന്നു് തിരിച്ചറിയപ്പെട്ടു. മേൽക്കോയ്മക്കു് മുന്നിൽ മുട്ടുമടക്കിയില്ലെങ്കിൽ അടിമമനസ്സിലെ ഭയം മൂലം കൂട്ടിയിടിക്കുന്ന മുട്ടുകളിലൂടെ മൂത്രമൊഴുകുന്നവർക്കൊഴികെ ബാക്കി മനുഷ്യർക്കു് കാര്യങ്ങളുടെ കിടപ്പും ഇരിപ്പും ഏകദേശം പിടികിട്ടി.

വസ്തുതകൾ അന്യരുടെ കണ്ണടയിലൂടെയല്ലാതെ കാണാൻ ആഗ്രഹിക്കുന്നവൻ തന്റെ സ്വന്തം യുക്തിബോധത്തെയാണു് ആശ്രയിക്കുന്നതു്. തന്റെ നിലപാടു് എന്തുതന്നെ ആയിരുന്നാലും അതു് വ്യക്തമാക്കാൻ ശ്രമിക്കുന്ന ഒരുവൻ ആ നിലപാടിനു് ആധാരമായ ഗ്രന്ഥം ആദ്യാവസാനം വായിച്ചിരിക്കണം, വ്യക്തമായി മനസ്സിലാക്കിയിരിക്കണം. അല്ലാത്തവനു് ആ വിഷയത്തെപ്പറ്റി ആധികാരികമായി പറയാൻ ന്യായമായ ഒരവകാശവുമില്ല. മതപരമോ അല്ലാത്തതോ ആയ ഒരു ഗ്രന്ഥത്തിൽ നിന്നും തനിക്കു് വേണ്ടതു് മാത്രം തിരഞ്ഞെടുക്കാനുള്ള അവകാശം തീർച്ചയായും ആർക്കുമുണ്ടു്. പക്ഷേ, മറ്റുള്ളവരുടെ മുന്നിൽ തന്റെ നിലപാടു് പൂർണ്ണമായും ശരിയെന്നു് സ്ഥാപിക്കുകയും, അതിലേക്കു് അവരെ ആകർഷിക്കുകയുമാണു് അവന്റെ ലക്ഷ്യമെങ്കിൽ തന്റെ ഗ്രന്ഥത്തിലെ തനിക്കു് പ്രതികൂലമായ വസ്തുതകളും അവൻ മനസ്സിലാക്കിയിരിക്കണം. അത്തരം വൈരുദ്ധ്യങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ വിഷയത്തിൽ നിന്നും വ്യതിചലിക്കാതെ, സൂചിപ്പിച്ച കാര്യത്തിനു് വ്യക്തമായ മറുപടി പറയാനുള്ള അവന്റെ ബാദ്ധ്യതയോടു് നീതിപുലർത്താൻ അതുവഴിയേ അവനു് കഴിയൂ. അതിനു് കഴിവില്ലാത്തവൻ അവന്റെ വിശ്വാസം വ്യക്തിപരമായ കാര്യമായി കരുതി വീട്ടിലിരുന്നു് ഇഷ്ടാനുസരണം പ്രാർത്ഥിക്കുകയോ ധ്യാനിക്കുകയോ കുമ്പിടുകയോ കുരവയിടുകയോ ഒക്കെ ചെയ്യുന്നതാണു് സാമാന്യമര്യാദ. കഥയറിയാതെ ആട്ടം കാണണമോ വേണ്ടയോ എന്ന തീരുമാനം വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണു്. കാണുന്നതു് മനസ്സിലാവുന്നുണ്ടോ ഇല്ലയോ എന്നതു് അവന്റെ സ്വന്തം പ്രശ്നവും. പക്ഷേ, കഥയറിയാത്തവൻ ആളുകളുടെ മുന്നിൽ കഥകളിക്കാൻ തുടങ്ങിയാൽ അതു് സമൂഹദ്രോഹമേ ആവൂ.

ദൈവത്തേയും മതത്തേയും ശാസ്ത്രവുമായി ബന്ധിപ്പിച്ചു് സ്വന്തവിശ്വാസം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു വിശ്വാസി അവന്റെ മതഗ്രന്ഥം വായിച്ചാൽ മാത്രം പോരാ, ശാസ്ത്രത്തിലും അവഗാഹം ഉള്ളവനായിരിക്കണം. മതഗ്രന്ഥത്തിലെ ഒരു വാക്കിനു് ഏതെങ്കിലുമൊരു ആധുനിക ശാസ്ത്രപദവുമായുള്ള സ്വരസാമ്യം ആ ശാസ്ത്രസത്യത്തെപ്പറ്റി ആയിരത്തഞ്ഞൂറോ രണ്ടായിരമോ വർഷങ്ങൾക്കു് മുൻപേതന്നെ അതു് ദൈവം വെളിപ്പെടുത്തിയിരുന്നു എന്നതിനു് തെളിവായി ചൂണ്ടിക്കാണിക്കുന്ന ഒരുവനു് അതിനനുസരിച്ചുള്ള ശാസ്ത്രജ്ഞാനമേ ഉണ്ടാവൂ എന്നതിനാൽ അതു് അങ്ങനെയല്ല എന്നു് അവനെ മനസ്സിലാക്കിക്കൊടുക്കാൻ എത്ര വലിയ ശാസ്ത്രജ്ഞനും ആവുകയുമില്ല. ഒരുവൻ എഴുതുന്ന ലേഖനത്തിൽ നിന്നും അവന്റെ ശാസ്ത്രജ്ഞാനത്തിന്റെ നിലവാരം ശാസ്ത്രവുമായി ബന്ധമുള്ളവർക്കു് എളുപ്പം മനസ്സിലാക്കാൻ കഴിയും. ശാസ്ത്രത്തിലെ ഒരു ബിരുദം ശാസ്ത്രജ്ഞാനത്തിന്റെ തെളിവു് ആവണമെന്നു് നിർബന്ധമൊന്നുമില്ല. സ്വന്തം മതഗ്രന്ഥം പോലും ഒരുവൻ വേണ്ടത്ര മനസ്സിലാക്കി വായിച്ചിട്ടുണ്ടോ ഇല്ലയോ എന്നതും ആ ഗ്രന്ഥം ശ്രദ്ധാപൂർവ്വം വായിച്ചിട്ടുള്ളവർക്കു് ഒറ്റനോട്ടത്തിൽ പിടികിട്ടും. അത്തരമൊരുത്തന്റെ തെറ്റുകൾ തിരുത്താനോ അതിനായി അവനെ ഗണിതശാസ്ത്രത്തിലെയും ഫിസിക്സിലെയും തത്വങ്ങളോ അവന്റെതന്നെ മതഗ്രന്ഥത്തിലെ വാക്യങ്ങളോ ഒക്കെ പഠിപ്പിച്ചുകൊടുക്കാനോ ഉള്ള ചുമതല മറ്റാർക്കുമില്ല, ആരെങ്കിലും ഇനി അതിനു് ശ്രമിച്ചാലും അതൊട്ടു് സാധിക്കുകയുമില്ല. അവനു് സാമാന്യബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വന്തഗ്രന്ഥത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന, ഒരു ശാസ്ത്രത്തിന്റെയും സഹായം ആവശ്യമില്ലാതെ മനസ്സിലാക്കാൻ കഴിയുന്ന മണ്ടത്തരങ്ങൾ അവൻ ആദ്യമേ മനസ്സിലാക്കിയേനെ. എങ്കിൽ അവൻ അതിൽ ശാസ്ത്രരഹസ്യങ്ങൾ ഒളിച്ചുവച്ചിരിക്കുന്നു എന്നു് ചിന്തിക്കാനോ, അതിനായി വിഫലമായി മുങ്ങിത്തപ്പാനോ, അതൊക്കെ പരസ്യമായി വിളിച്ചുകൂവി നാണംകെടാനോ തുനിയുമായിരുന്നില്ല. തികച്ചും ഭൗതികമായ കാര്യങ്ങളായാൽ പോലും അതറിയാത്തവനു് തനിക്കതറിയില്ലെന്നു് അറിയാൻ കഴിയില്ല. അവനെ അതു് അറിയിക്കാനും ആർക്കും കഴിയില്ല. ഒരുവന്റെ തലച്ചോറിൽ ഉള്ള കാര്യങ്ങൾ അറിയാനല്ലേ അവന്റെ തലച്ചോറിനു് കഴിയൂ? ആത്മീയതയുടെ മൺകലങ്ങൾ പൊതുവേ കമിഴ്‌ന്നേ ഇരിക്കൂ. അതുകൊണ്ടു് ആ അവസ്ഥയിൽ അതു് നിറക്കുക സാദ്ധ്യമല്ല.

തന്റെ വിശ്വാസത്തെപ്പറ്റി ഏതെങ്കിലും ഡോക്ടർ മർക്കോസോ, പ്രൊഫസർ ലൂക്കോസോ, ഡയറക്ടർ ഇദി അമീനോ പറഞ്ഞതു് ക്വോട്ട്‌ ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിൽ യാതൊരു കാര്യവുമില്ലതാനും. കാരണം, ഒരു വ്യക്തിയുടെ അഭിപ്രായം അവന്റെ സ്വന്തമാണു്, അതു് പ്രതിനിധീകരിക്കാൻ അവനു് സ്വാതന്ത്ര്യവുമുണ്ടു്. അവൻ അതു് പ്രതിനിധീകരിക്കുന്നതിനു് അവന്റേതായ കാരണങ്ങളും ന്യായീകരണങ്ങളും അവനുണ്ടാവും. പക്ഷേ, തന്റെ മതഗ്രന്ഥത്തിലെ ഏതെങ്കിലും ഒരു ഭാഗമോ വാചകമോ വിമർശിക്കപ്പെടുമ്പോൾ അതിനെ സാമാന്യബോധത്തിനു് നിരക്കുന്ന വിധത്തിൽ നേരിടാനും ഖണ്ഡിക്കാനും അവനോ, അവനെ ക്വോട്ട്‌ ചെയ്യുന്നവനോ കഴിയുന്നുണ്ടോ എന്നതാണു് കാര്യം. തന്റെ വേദഗ്രന്ഥം എത്രമാത്രം ദൈവികവും കുറ്റമറ്റതുമാണെന്നാണോ ഒരുവൻ വാശിപിടിക്കുന്നതു്, അത്രമാത്രം വലുതാണു് അതിനെതിരായ ഏതു് വിമർശനവും അടിസ്ഥാനരഹിതമാണെന്നു് യുക്തിപൂർവ്വം തെളിയിക്കാനുള്ള അവന്റെ ബാദ്ധ്യത.

ദൈവവചനങ്ങൾ കുറ്റമില്ലാത്തവയും നിത്യസത്യങ്ങളുമാണെന്ന വിശ്വാസികളുടെ വാദം എത്രമാത്രം അബദ്ധജടിലമാണെന്നതിനു് ഞാൻ ബൈബിളിൽ നിന്നും ലളിതമായ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. (ഇതു് ബൈബിളിൽ മാത്രമല്ല, ഖുർആനിലും വായിക്കാവുന്നതാണു്. ആ രണ്ടു് ഗ്രന്ഥങ്ങളിലും ഇതുപോലുള്ള ഉദാഹരണങ്ങൾ വേറെയും ധാരാളമുണ്ടു്. ഖുർആൻ ബൈബിളിനെ നിഷേധിക്കുന്നില്ലെന്നു് മാത്രമല്ല, പലവട്ടം ശരിവക്കുകയും ചെയ്യുന്നുണ്ടു് എന്നും ഓർക്കുക. ഇവിടെ പക്ഷേ ഞാൻ ബൈബിളിലെ വിവരണമാണു് അടിസ്ഥാനമാക്കുന്നതു്.) ആദിയിലെ മനുഷ്യസൃഷ്ടിയാണു് വിഷയം. ദൈവമായ യഹോവ മണ്ണുകുഴച്ചു് മനുഷ്യരൂപം സൃഷ്ടിച്ചു് അതിന്റെ മൂക്കിൽ ജീവശ്വാസം ഊതി ആദാം എന്ന ആദ്യമനുഷ്യനെ സൃഷ്ടിച്ചു. അതിനുശേഷം അവനു് ഒരു ഗാഢനിദ്രവരുത്തി അവന്റെ ഇടതുവശത്തെ ഒരു വാരിയെല്ല് ഊരിയെടുത്തു് ഹവ്വ എന്ന ആദ്യത്തെ സ്ത്രീയേയും സൃഷ്ടിച്ചു. ഇവരുടെ ആദ്യത്തെ രണ്ടു് മക്കളാണു് കർഷകനായ കയീനും, ആട്ടിടയനായ ഹാബേലും. ഇവർ യഹോവക്കു് ബലി അർപ്പിച്ചപ്പോൾ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളുടെ മേദസ്സിൽ നിന്നുള്ള ഹാബേലിന്റെ ബലിയിൽ യഹോവ സന്തുഷ്ടനാവുകയും, കയീന്റെ കാർഷികവിഭവങ്ങളിൽ നിന്നുള്ള ബലിയിൽ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കയീൻ കുശുമ്പുമൂലം അനുജനെ വയലിലേക്കു് വിളിച്ചുകൊണ്ടുപോയി തല്ലിക്കൊന്നു. ഇത്രയും നമ്മളിൽ പലരും കേട്ടിട്ടുള്ള കഥയാണു്. ദൈവത്തിനു് നൽകുന്ന ബലികൾ ഊനമില്ലാത്തതായിരുന്നാൽ അതുകൊണ്ടുള്ള നേട്ടം തങ്ങൾക്കാണെന്നു് അറിയാവുന്നതിനാലാവാം ഇത്രയും ഭാഗം വീണ്ടും വീണ്ടും ആവർത്തിച്ചു് പഠിപ്പിച്ചു് മനുഷ്യരുടെ തലയിൽ പതിപ്പിക്കുവാൻ പൗരോഹിത്യം ലക്ഷ്യബോധത്തോടെ ഇക്കാലമത്രയും വിശ്രമമില്ലാതെ പരിശ്രമിച്ചതു്. പക്ഷേ, ബൈബിളിലെ ഈ ഭാഗം അൽപം കൂടി തുടർന്നു് വായിച്ചാലോ? അനുജനെ കൊന്ന കയീനെ യഹോവ “നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു് എന്നോടു് നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു് ഏറ്റുകൊൾവാൻ വായ്തുറന്ന ദേശം നീ വിട്ടു് ശാപഗ്രസ്തനായി പോകേണം. …” മുതലായ ചില പതിവു് വാചകമടികൾക്കുശേഷം ദേശത്തുനിന്നും പുറത്താക്കുന്നു. അപ്പോൾ “ആരെങ്കിലും എന്നെ കണ്ടാൽ എന്നെ കൊല്ലും” എന്നു് വിലപിക്കുന്ന കയീനെ ആരും കൊല്ലാതിരിക്കാൻ യഹോവ അവനു് ഒരു അടയാളം വക്കുകയും “ആരെങ്കിലും കയീനെ കൊന്നാൽ അവനു് ഏഴിരട്ടി പകരം കിട്ടും” എന്നു് അരുളിച്ചെയ്യുകയും ചെയ്യുന്നു.

ഈ ഭാഗം ഒന്നു് ശ്രദ്ധിക്കൂ. ആദിമനുഷ്യരായ ആദാമിന്റെയും ഹവ്വയുടെയും ആദ്യത്തെ രണ്ടുമക്കളിൽ ഒരുവനായ ഹാബേൽ കൊലചെയ്യപ്പെട്ട സ്ഥിതിക്കു്, ഹവ്വ മൂന്നാമത്തെ പുത്രനായ ശേത്തിനെയോ മറ്റു് ‘പുത്രന്മാരെയോ, പുത്രിമാരേയോ’ പ്രസവിക്കാൻ തുടങ്ങിയിരുന്നില്ല എന്ന സ്ഥിതിക്കു് കയീനെ ലോകത്തിൽ മറ്റാരു് കാണാൻ? മറ്റാരു് അവനെ കൊല്ലാൻ? യഹോവ അവനു് വച്ചുകൊടുത്ത “അടയാളം” മറ്റാരെ കാണിക്കാൻ? ശത്രുക്കളെപ്പറ്റിയുള്ള കയീന്റെ ഭയത്തിനു് എന്തടിസ്ഥാനം? സഹോദരഘാതകനായ കയീനെ ആരെങ്കിലും കൊന്നാൽ കൊല്ലുന്നവനു് എന്തു് ന്യായീകരണത്തിന്റെ പേരിൽ യഹോവ ഏഴിരട്ടി പ്രതികാരം ചെയ്യുമെന്നു് കൽപിക്കുന്നു? എന്താണു് ഏഴിരട്ടി എന്നാൽ? യഹോവ അവനെ ഏഴുപ്രാവശ്യം കൊല്ലുമെന്നോ?

ഇത്രയുംകൊണ്ടു് തീർന്നില്ല, കഥാപ്രസംഗം പിന്നേയും മുന്നേറുന്നു: “അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു് പുറപ്പെട്ടു് ഏദനു് കിഴക്കു് നോദ്‌ ദേശത്തു് ചെന്നു് പാർത്തു. കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു. അവൾ ഗർഭം ധരിച്ചു് ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക്‌ എന്നു് തന്റെ മകന്റെ പേരിട്ടു.”

പൊട്ടന്മാരായ നമുക്കു് വീണ്ടും സംശയം. വീണ്ടും ചോദ്യങ്ങൾ. ആദാമും ഹവ്വായും ലോകത്തിലെ ആദ്യത്തെ ആണും പെണ്ണും. കയീൻ അവരുടെ തത്കാലം ജീവിച്ചിരിക്കുന്ന ഒരേയൊരു മകൻ. പിന്നെ കയീനു് കല്യാണം കഴിക്കാൻ പറ്റിയ ഒരു പെണ്ണു് നോദ്‌ ദേശത്തു് എവിടെനിന്നു് വന്നു? കല്യാണച്ചടങ്ങും ആർഭാടവുമൊക്കെ കാണാൻ മറ്റാരും ലോകത്തിലില്ലെങ്കിൽ കല്യാണവസ്ത്രങ്ങൾ തയ്ക്കേണ്ടതോ, സ്വർണ്ണക്കടക്കു് അതേപടി വീട്ടിലേക്കു് സ്ഥാനമാറ്റം കൊടുക്കേണ്ടതോ, കല്യാണസദ്യ ഒരുക്കേണ്ടതോ ആയ ആവശ്യമൊന്നും ഇല്ലെന്നു് വേണമെങ്കിൽ സമ്മതിക്കാം. പക്ഷേ മണവാട്ടിക്കു് അപ്പനും അമ്മയും വേണ്ടേ? അവൾ കുഞ്ഞായിരിക്കുമ്പോൾ മുലകൊടുത്തു് വളർത്തപ്പെടണ്ടേ? ഇനി, കേരളക്കരയിലെ പതിവുപോലെ അവൾക്കു് പുലിയോ കടുവയോ മുലകൊടുത്തു് വളർത്തുകയായിരുന്നോ? എന്നാലും ജനിപ്പിക്കാൻ മാതാപിതാക്കളില്ലാതെ!? മതങ്ങളിലെ പൊതുരീതിപോലെ അവൾ വല്ല അത്ഭുതഗർഭത്തിന്റേയും ഫലമാണെങ്കിൽ ചുരുങ്ങിയപക്ഷം ഒരമ്മയെങ്കിലും വേണ്ടേ? ഇതൊന്നുമല്ല, അവൾ വല്ല പാറയും പിളർന്നു് ഉണ്ടായതാണെങ്കിൽ “സത്യം തേടുന്ന ജീവികൾ” എന്ന നിലയിൽ മനുഷ്യരുടെ അന്വേഷണത്വര ശമിപ്പിക്കാനെങ്കിലും ബൈബിൾ രചയിതാവു് ആ വിവരം നമ്മോടൊന്നു് പറയേണ്ടതായിരുന്നില്ലേ? കുലീനരും വിശ്വാസികളും നാട്ടിൽ കൊള്ളാവുന്നവരുമായ ചേട്ടന്മാരും ചേട്ടത്തിമാരും ഇതൊക്കെ കേൾക്കുമ്പോൾ ചൂടാവുമെന്നറിയാം. കാരണം, അവർ അതിവിശുദ്ധമെന്നു് വാഴ്ത്തുന്ന വേദവാക്യങ്ങളാണല്ലോ ഇവിടെ പ്രതിക്കൂട്ടിൽ കയറ്റപ്പെടുന്നതു്! വിറകിനടിയിലെ മിന്നാമിനുങ്ങിനെ ഊതി ഊതിയാണു് തങ്ങൾ തീയുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു് മനസ്സിലാക്കാൻ ശ്രമിക്കുന്നവരെ ഏതു് അഹംഭാവത്തിനാണു് സഹിക്കാൻ കഴിയുന്നതു്? പക്ഷേ, “സത്യ”ദൈവത്തിൽ വിശ്വസിക്കുന്നവർ ആ ദൈവത്തിന്റെ വചനങ്ങളിൽ സ്പഷ്ടമായ കറകൾ കാണുമ്പോൾ അതു് കറയാണെന്നു് തിരിച്ചറിയുകയല്ലേ “സത്യത്തിൽ” വേണ്ടതു്? പ്രത്യേകിച്ചും “സത്യത്തിനു് സാക്ഷി നിൽക്കേണ്ടതിനു് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു” എന്നു് പീലാത്തോസിനോടു് മറുപടി പറഞ്ഞ യേശുവിന്റെ പിൻഗാമികളാണു് തങ്ങൾ എന്നു് അഭിമാനിക്കുന്നവർ!? (യോഹന്നാൻ 18:37)

യേശുവിന്റെ ഈ പ്രസ്താവനയെ “സത്യം എന്നാൽ എന്തു്” എന്ന മറുപടി കൊണ്ടു് പീലാത്തോസ്‌ നേരിടുന്നുണ്ടെങ്കിലും, അതുവഴി അവൻ എന്താണു് ഉദ്ദേശിച്ചതെന്നു് അവന്റെ അപ്പോഴത്തെ മുഖഭാവം കാണാതെ പറയുക അസാദ്ധ്യം. പീലാത്തോസിന്റെ ഈ വാചകം ഒരു ചോദ്യമായിരുന്നിരിക്കാം, യേശുവിന്റെ അഭിപ്രായത്തോടുള്ള ഒരു പരിഹാസമായിരുന്നിരിക്കാം, അല്ലെങ്കിൽ ഒരു പൊതുവായ പ്രസ്താവനയായിരുന്നിരിക്കാം. അതുവഴി അവൻ എന്താണു് അർത്ഥമാക്കിയതെന്നു് നിശ്ചയിക്കാൻ ഇന്നത്തെ മനുഷ്യർക്കു് ഒരു നിവൃത്തിയുമില്ല. മുഖത്തുനിന്നും നേരിട്ടു് കേട്ടാലല്ലാതെ, വായനകൊണ്ടു് മാത്രം മനസ്സിലാക്കാൻ കഴിയാത്തവയാണു് ചില പ്രസ്താവനകൾ എന്നതിനു് തെളിവായി ഇതിവിടെ സൂചിപ്പിച്ചു എന്നുമാത്രം. പല വേദവാക്യങ്ങളും അതു് നേരിട്ടു് കേട്ടവർ എന്ന രീതിയിലാണു് വിശ്വാസികൾ വ്യാഖ്യാനിച്ചു് കാണുന്നതു്. എല്ലാറ്റിലുമുപരി, പണ്ടു് ആരോ പറഞ്ഞതായി എഴുതപ്പെട്ട ഒരു വാചകം അതിന്റെ ശരിയായതും പൂർണ്ണമായതുമായ അർത്ഥത്തിൽ മനസ്സിലാക്കാൻ അതു് പറഞ്ഞപ്പോഴത്തെ മുഖഭാവം മാത്രമല്ല, അതു് പറഞ്ഞവന്റെ സാമൂഹികവും, സാംസ്കാരികവും, വിദ്യാഭ്യാസപരവും, വ്യക്തിപരവുമായ എത്രയോ ഘടകങ്ങളും അതു് പറഞ്ഞ സാഹചര്യവും പശ്ചാത്തലവും എല്ലാം അറിഞ്ഞിരുന്നാലേ കഴിയൂ.

ബൈബിളിൽ വർണ്ണിക്കുന്ന കയീന്റെ ഈ കഥയിൽ നിന്നും ആദാമിന്റെ കാലത്തു് ലോകത്തിൽ മറ്റു് മനുഷ്യർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ചിന്തിക്കുന്ന മനുഷ്യരുടെ ഇടയിൽ എന്തെങ്കിലും സംശയമോ രണ്ടഭിപ്രായമോ ഉണ്ടാവാൻ കഴിയുമോ? അതുപോലെ, കയീനും ഭാര്യയും കൂടി ഹാനോക്‌ എന്നൊരു പട്ടണം പണിയാൻ മാത്രം മക്കളെ ജനിപ്പിച്ചു എന്നു് വിശ്വസിക്കണമെങ്കിൽ നമ്മൾ എത്രമാത്രം വിഡ്ഢികളായിരിക്കണം? മീൻ മുട്ടയിടുന്നതുപോലെ മുട്ടയിട്ടു് മക്കളെ വിരിയിക്കുന്നവരാണോ മനുഷ്യസ്ത്രീകൾ? എന്നാൽപ്പോലും കയീന്റെ ഒറ്റത്തലമുറയിൽ അവന്റെ ഭാര്യ ഒരു പട്ടണം നിറയാൻ മാത്രം കുഞ്ഞുങ്ങളെ പ്രസവിച്ചു എന്നൊക്കെ പറഞ്ഞാൽ? അതുപോലെതന്നെ, ആദാം ഹവ്വാ എന്ന രണ്ടു് ആദിമനുഷ്യരിൽ നിന്നും അഗമ്യഗമനം വഴിയല്ലാതെ, അഥവാ, ദൈവംതന്നെ നിരോധിച്ച സഹോദരീസഹോദരങ്ങൾ തമ്മിലുള്ള ലൈംഗികബന്ധം വഴിയല്ലാതെ ലോകത്തിൽ മനുഷ്യർ ജനിക്കുമോ? പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതു് ബൈബിളിലെ പിതാക്കന്മാരുടെ വംശാവലിയുടെ അടിസ്ഥാനത്തിൽ B.C. 3761-ൽ, അഥവാ ഇന്നേക്കു് 5770 വർഷങ്ങൾക്കു് മുൻപു് മാത്രമാണെന്നു് ഇന്നും ചില യഹോവാവിശ്വാസികൾ കടുംപിടുത്തം പിടിക്കുന്നുണ്ടെന്നും കൂടി ഇതിനോടു് കൂട്ടിവായിക്കുക!

ഇതൊന്നും പോരാത്തതിനു്, കഴിഞ്ഞ നൂറ്റാണ്ടിലെ “ശുദ്ധീകരണ” വിദഗ്ദ്ധരായിരുന്ന ഹിറ്റ്‌ലറേയും സ്റ്റാലിനേയും ലജ്ജിപ്പിക്കുന്ന രീതിയിൽ നോഹയുടെ കാലത്തു് യഹോവ ഒരു മഹാപ്രളയം വഴി നോഹയും ഭാര്യയും അവരുടെ മൂന്നു് ആണ്മക്കളും അവരുടെ ഭാര്യമാരുമടക്കം ആകെ എട്ടു് മനുഷ്യരൊഴികെ ബാക്കിയെല്ലാ മനുഷ്യരെയും കിഴവനാവട്ടെ, കൈക്കുഞ്ഞാവട്ടെ, ആണാവട്ടെ പെണ്ണാവട്ടെ എല്ലാറ്റിനേയും പാപികൾ എന്നു് ഒറ്റയടിക്കു് മുദ്രകുത്തി മുക്കിക്കൊല്ലുന്നു! അതുവഴി വീണ്ടും ആരംഭിക്കുന്നു നിലത്തെഴുത്തുമുതൽ വീണ്ടും അതേ നിഷിദ്ധഗമനത്തിന്റെ നീരാളിപ്പിടുത്തം! എന്തും സാദ്ധ്യമാവേണ്ടവനായ ദൈവം പാപികളായ മനുഷ്യരെ ‘ഇടുകുടുക്കേ ചോറും കറിയും’ എന്നു് പറയുന്ന രീതിയിൽ പാപമോചിതരാക്കിയിരുന്നെങ്കിൽ അവർ നിഷിദ്ധഗമനം ചെയ്യേണ്ടിവരുമായിരുന്നോ? മനുഷ്യരായി നോഹയേയും കുടുംബത്തേയും മാത്രം പെട്ടകത്തിൽ കയറ്റി പ്രളയത്തിൽ നിന്നും രക്ഷപെടുത്താൻ ദൈവം തീരുമാനിച്ചതുതന്നെ അവർ മാത്രമായിരുന്നു ആകെ ലോകത്തിൽ പാപം ചെയ്യാത്ത പരിശുദ്ധരായി അവശേഷിച്ചവർ എന്നതിനാലായിരുന്നു എന്നതാണു് അതിലൊക്കെ രസം! പരിശുദ്ധരായിരുന്ന ആ മനുഷ്യരെ അഗമ്യഗമനമല്ലാതെ മറ്റു് പോംവഴി ഒന്നുമില്ലാത്ത അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ച ദൈവത്തോളം പാപികളായിരുന്നോ പ്രളയത്തിൽ മുങ്ങിച്ചാവേണ്ടിവന്ന മുലകുടിമാറാത്ത കുഞ്ഞുങ്ങൾ? ഈ കെട്ടുകഥകളിൽ ഏതെങ്കിലും വിധത്തിലുള്ള ദൈവത്തിന്റെ പങ്കാളിത്തം പോയിട്ടു് യാഥാർത്ഥ്യത്തിന്റെ ഒരു നേരിയ കണികപോലും ഉണ്ടാവില്ല എന്നു് മനസ്സിലാക്കാൻ സാമാന്യബോധമുള്ള ഒരു മനുഷ്യനു് രണ്ടാമതൊന്നു് ആലോചിക്കേണ്ടതുണ്ടോ? വേദഗ്രന്ഥം എന്നു് പേരിട്ടാൽ എന്തു് വിഡ്ഢിത്തവും വാങ്ങി തൊണ്ടതൊടാതെ മനുഷ്യർ വിഴുങ്ങിക്കൊള്ളണമെന്നാണോ?

ബൈബിളിലെ ആദ്യപുസ്തകമായ ഉൽപത്തിയിലെ ആദ്യത്തെ ഒൻപതു് അദ്ധ്യായങ്ങളിൽ ഈ പറഞ്ഞ കാര്യങ്ങൾ വിശദമായി വായിക്കാം. അതുകൊണ്ടു് ഇവ മാത്രമാണു് ആ അദ്ധ്യായങ്ങളിൽ വായിക്കാൻ കഴിയുന്ന വൈരുദ്ധ്യങ്ങൾ എന്നു് കരുതണ്ട. ശ്രദ്ധിച്ചു് വായിച്ചാൽ മറ്റു് പല പൊരുത്തക്കേടുകളും കണ്ടെത്താം.

മതഗ്രന്ഥങ്ങളിൽ ശാസ്ത്രീയത തേടുന്ന വിശ്വാസിസുഹൃത്തുക്കൾ കഴിയുമെങ്കിൽ ആദ്യം ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. അത്തരം പൊരുത്തക്കേടുകൾക്കു് ന്യായമായ എന്തെങ്കിലും വിശദീകരണം നൽകാൻ കഴിയുമോ എന്നു് ആലോചിക്കുക. അതിനു് യുക്തിക്കു് നിരക്കുന്ന, സാമാന്യബോധത്തിനു് സത്യമെന്നു് അംഗീകരിക്കാൻ കഴിയുന്ന വിശദീകരണങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അതു് സത്യമല്ലെന്നും, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടുകഥകളാണെന്നും, അതുകൊണ്ടുതന്നെ കെട്ടിച്ചമച്ച നുണകളാണെന്നും, അവ ഒരിക്കലും ദൈവികസത്യങ്ങൾ ആവാൻ കഴിയില്ലെന്നും അംഗീകരിക്കുക. മനുഷ്യന്റെ സാമാന്യബുദ്ധിക്കും ആത്മാർത്ഥതക്കും മനസ്സാക്ഷിക്കും പരിക്കേൽപിച്ചുകൊണ്ടല്ലാതെ ആദാമിന്റേയും ഹവ്വയുടെയും കയീന്റേയും നോഹയുടെയും കഥകളിൽ സത്യത്തിന്റെ ഒരു തരിപോലും ഉണ്ടെന്നു് സ്ഥാപിക്കാനാവില്ല. പിന്നെ അവശേഷിക്കുന്ന ഒരേയൊരു ന്യായമായ സാദ്ധ്യത ഈ വൈരുദ്ധ്യത്തെ വൈരുദ്ധ്യമായി സമ്മതിക്കുക എന്നതു് മാത്രമാണു്. അതോടെ എന്നേക്കുമായി അവസാനിക്കുന്നതു്, സംശയരഹിതമായി തെറ്റെന്നു് തെളിയിക്കപ്പെടുന്നതു്, ഈ കഥകൾ എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥങ്ങളുടെ ദൈവികതയും, ആത്യന്തികതയും, വൈരുദ്ധ്യമില്ലായ്മയും, പൂർണ്ണതയും, വിശുദ്ധിയുമൊക്കെ ആയിരിക്കും. ദൈവികസത്യങ്ങളിൽ ഒരു നുണ കണ്ടെത്തുക എന്നതു് ഒരു ലിറ്റർ പാലിൽ ഒരു തുള്ളി വിഷം ചേരുന്നതുപോലെയാണു്. അതു് മുഴുവൻ ദൈവികസത്യങ്ങളെയും സംശയാസ്പദവും തന്മൂലം ഉപയോഗശൂന്യവുമാക്കി മാറ്റുന്നു. അപ്പോൾ പിന്നെ ഒരു ലിറ്ററിൽ പകുതിയിൽ കൂടുതലും വിഷമാണെങ്കിലോ? ദൈവികസത്യങ്ങളിൽ പകുതിസത്യം എന്നൊന്നില്ല എന്നു് മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും വിശ്വാസികളെങ്കിലും മനസ്സിലാക്കേണ്ടേ?

ചുരുക്കത്തിൽ, ആദാമിന്റെയും ഹവ്വയുടെയും തത്കാലത്തെ ഏകമകനായിരുന്ന കയീൻ ഏദനു് കിഴക്കു് നോദ്‌ എന്ന ദേശത്തുചെന്നു് ഒരു സ്ത്രീയെ ഭാര്യയാക്കി അവളിൽ നിന്നും മക്കളെ ജനിപ്പിച്ചു എന്ന ബൈബിളിലെ വാക്യം സത്യമെങ്കിൽ, ആദാമിന്റെ കാലത്തു് ലോകത്തിൽ മറ്റു് ദേശങ്ങളും അവിടെ വിവാഹപ്രായമെത്തിയ സ്ത്രീകളും, കൊലക്കുറ്റം ശിക്ഷാർഹമാണെന്നു് അറിയാൻ മാത്രമെങ്കിലും സാംസ്കാരികമായി വളർച്ച പ്രാപിച്ചിരുന്ന മനുഷ്യരും ജീവിച്ചിരുന്നു എന്നതും ഒരു സത്യമായി നമ്മൾ അംഗീകരിക്കേണ്ടിവരും. അതൊരു സത്യമെങ്കിൽ അതിനർത്ഥം യഹോവ എന്ന ദൈവം സൃഷ്ടിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യനാണു് ആദാം എന്ന ബൈബിളിലെ വർണ്ണന ഒരു നുണയാണെന്നു് മാത്രവും! എങ്കിൽ, ബൈബിൾ എന്ന വിശുദ്ധഗ്രന്ഥം ഒരിക്കലും സർവ്വജ്ഞാനിയായ ഒരു ദൈവം എഴുതിയതാവില്ല. അതു് ദൈവനാമത്തിൽ ഏതോ മനുഷ്യർ എഴുതിയൊപ്പിച്ചതു് മാത്രമേ ആവൂ. അതുകൊണ്ടു് മാത്രമാണു് ബൗദ്ധികമായി വളർന്ന ഇന്നത്തെ മനുഷ്യർക്കു് അതിൽ തെറ്റുകളും വൈരുദ്ധ്യങ്ങളും നുണകളും കാണാൻ കഴിയുന്നതു്. അതുകൊണ്ടു്, ആദ്യം ഇക്കാര്യത്തിൽ ഒരു സത്യസന്ധമായ തീരുമാനം എടുത്താൽ, അഥവാ നുണയെ നുണയെന്നു് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്താൽ, വേദഗ്രന്ഥവും അതിലെ കൂടുതൽ കൂടുതൽ നുണകളും സത്യമാണെന്നു് സ്ഥാപിക്കാനുള്ള ഭഗീരഥപ്രയത്നത്തിൽ നിന്നും എന്നേക്കുമായി മുക്തി നേടാം. നിരപരാധികളായി ചുമ്മാ ഇരിക്കുന്ന മനുഷ്യരുടെ പാവം കൂതികളിൽ ആത്മീയതയുടെ ചുണ്ണാമ്പു് തേച്ചു് പൊള്ളിക്കാതിരിക്കാനെങ്കിലും അതു് സഹായിച്ചാലോ?

വേദഗ്രന്ഥങ്ങളിൽ തെറ്റുകളും നുണകളുമുണ്ടെന്നു് തിരിച്ചറിഞ്ഞവർക്കു്, അതു് സമ്മതിക്കാൻ മടിയില്ലാത്തവർക്കു് വായിക്കാനും വേണമെങ്കിൽ ചിന്തിക്കാനും വേണ്ടി ഒരു വാക്യം ഖുർആനിൽ നിന്നും: “അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയോ ചെയ്തവനേക്കാൾ കടുത്ത അക്രമികൾ ആരുണ്ടു്? അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച.” (6:21)

 
23 Comments

Posted by on May 11, 2009 in മതം, ലേഖനം

 

Tags: , ,

23 responses to “സത്യം സത്യമായി നുണ

  1. സത

    May 11, 2009 at 15:38

    ~~ദൈവംതന്നെ നിരോധിച്ച സഹോദരീസഹോദരങ്ങൾ തമ്മിലുള്ള ലൈംഗികബന്ധം വഴിയല്ലാതെ ലോകത്തിൽ മനുഷ്യർ ജനിക്കുമോ?~~

    ഇങ്ങനെ അവലോകനം ചെയ്യുമ്പോള്‍ എല്ലാം ‘ഭും’..’സ്വാഹ’..
    🙂

    മനുഷ്യന്‍ നന്നാകാന്‍ മനുഷ്യത്വം മതി. പക്ഷെ അങ്ങനെ ഈ ലോകത്ത് ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോ? എനിക്കൊരു സംശ്യയവുമില്ല.. അവന്റെ കാര്യം കട്ടപ്പുക..

     
  2. ea jabbar

    May 11, 2009 at 17:47

    നന്നായിരിക്കുന്നു ബാബു!
    പക്ഷെ ആരോടിതൊക്കെ പറയുന്നു?

    ക്വാണ്ടം ഫിസിക്സിലും ആപേക്ഷികതാസിദ്ധാന്തത്തിലും പരിണാമവാദത്തിലുമൊക്കെ മൈക്രോസ്കോപ്പും കമ്പ്യൂട്ടറും വെച്ചു ഗവേഷണം നടത്തി കുറ്റം കണ്ടെത്തിയ ശേഷം ഇതാ ശാസ്ത്രം പൊളിഞ്ഞിരിക്കുന്നു, ഇനി ഞങ്ങളുടെ വേദഗ്രന്ഥത്തിലേക്കു വരൂ എന്നു ആര്‍ത്തു വിളിക്കുന്നവരോടോ?…!
    എന്റെ ബ്ലോഗില്‍ ഒരു ലിങ്ക് കൊടുക്കാം.
    കുര്‍ ആന്‍ വിമര്‍ശനം

     
  3. - സാഗര്‍ : Sagar -

    May 11, 2009 at 17:56

    മിസ്റ്റര്‍ സി കെ ബാബു,
    നിങ്ങള്‍ക്കെന്തറിയാം.. നിങ്ങള്‍ പറയുന്ന ഈ ലോജികിനു ദൈവത്തിന്റെ മുമ്പില്‍ എന്തു വിലയാണുള്ളത്… ആറു ദിവസം കൊണ്ട് ഇത്ര വലിയ ഒരു യൂണിവേര്‍സ് തന്നെ ഒണ്ടാക്കിയെടുത്ത് ദൈവത്തിന്‍ കായെന്‌ കെട്ടാന്‍ ഒരു പെണ്ണിനെ ഒണ്ടാക്കാനാണോ പ്രയാസം.??

    അദാം ആദ്യത്തെ മനുഷ്യാനാണെന്നല്ലെ പറഞ്ഞുള്ളു.. അത് കഴിഞ്ഞും മണ്ണുണ്ടായിരുന്നല്ലൊ ഇഷ്ടം പോലെ.. അത് കൊഴച്ച് ഒരെണ്ണം കൂടെ അങ്ങ് ഒണ്ടാക്കിയാരുന്നു.. അത് സസ്പെന്‍സ് ആക്കി വെച്ചേക്കുവാരുന്നു.. എന്തേ?? സംശയമുണ്ടോ..?

    അപ്പൊ ബാക്കി ഒള്ള കാര്യങ്ങള്‍ എല്ലാം ശരിയായില്ലേ.. ഇല്ലേ..?? ഉവ്വോ?? ങേ ങേ ??

    പട്ടണം എന്നു പറഞ്ഞാല്‍ ഇപ്പൊഴത്തെ പോലത്തെ പട്ടണമല്ലാ… ചെറിയത്.. തീരെച്ചെറുത്. 4 പെരെ ആകെ ഒള്ളു…

    ഇതൊക്കെ അത്ര ബുദ്ധി ഉപയോഗിച്ചു വായിക്കേണ്ട കാര്യങ്ങള്‍ അല്ല..അഥവാ ഇപ്പൊ പുത്തി ഉപയോഗിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ ബാക്കി ഒള്ള മതക്കാരുടെ പൊത്തനങ്ങള്‍ വായിക്കൂ… ഞങ്ങള്ക്കു സന്തൊഷമാകട്ടെ….. ഞങ്ങളുടെ വയര്‍ നിറഞ്ഞി…. സോറി… ഞങ്ങളുടെ മനസ്സ് നിറഞ്ഞിരിക്കട്ടെ..

     
  4. അനില്‍@ബ്ലോഗ്

    May 11, 2009 at 18:05

    ബാബു മാഷെ,
    ഇതാ പറയുന്നത് കുറയൊക്കെ സ്വബുദ്ധി കൂടി ഉപയോഗിക്കണം എന്ന്. പറയാതെ വിട്ട കാര്യങ്ങള്‍ ഫില്‍ ഇന്‍ ദ ബ്ലാങ്ക് ചോദ്യങ്ങളാണ്, നമ്മളെ പരീക്ഷിക്കാന്‍. ദൈവ നിന്ദകന്‍ (അവിശ്വാസി എന്നു കൂട്ടിയാല്‍ മതി)സി.കെ ബാബു അതിനെ ഇങ്ങനെ പൂരിപ്പിച്ചു.
    🙂

    പലയിടത്തും ചോദിക്കണമെന്ന് വിചാരിച്ചിരുന്നതാണ് ,വാരിയെല്ല് ഊരിയെടുക്കുമ്പോള്‍ ഗാഢ നിദ്രയിലാക്കിയത് എന്തിനായിരുന്നു? ഇന്നത്തെ ജെനറല്‍ അനസ്തീഷ്യയുടെ പ്രതീകമല്ലെ അത്?

     
  5. പ്രിയ ഉണ്ണികൃഷ്ണന്‍

    May 11, 2009 at 19:01

    സത്യം വായിച്ചു. ന്നാലും “സത്യം കണ്ടെത്താൻ സഹായകം എന്നു് തോന്നുന്ന ഏതു് ചപ്പും ചവറും പൊക്കിനോക്കാൻ മനുഷ്യർ മടിക്കാറില്ല. അത്ര തീവ്രമാണു് അവന്റെ സത്യാഗ്രഹം. “ ഇത് വായിച്ചപ്പോ അറിയാണ്ട് ചിരിച്ചു പോയി

    🙂

     
  6. cALviN::കാല്‍‌വിന്‍

    May 11, 2009 at 21:08

    പറയാന്‍ ഉണ്ടായിരുന്നത് സാഗര്‍ പറഞ്ഞു.

    ദൈവത്തിന്റെ കളി ഒക്കെ താങ്കള്‍ക്കെന്തറിയാം? കയീന് ഒരു ഭാര്യയെ ഉണ്ടാക്കാന്‍ ആണോ ഇത്ര പാട്? കളിമണ്ണ് എത്ര ബാക്കി കിടക്കുന്നു? ഇപ്പോഴും പലരുടേയും തലച്ചോറ് അത് വെച്ചാണ് ദൈവം ഉണ്ടാക്കുന്നത് തന്നെ…

     
  7. ഫാ.അനോഫിലീസ് മാര്‍ ക്യൂലക്സ്

    May 11, 2009 at 21:26

    ബാബു മാഷെ,

    എന്തെല്ലാം പ്രയോഗങ്ങളാണപ്പാ! എവടന്ന് ഒപ്പിച്ചെടുക്കണിതല്ലാം?!

    ചിരിച്ച് ചിരിച്ച് മണ്ണുകപ്പാമെന്ന് വിചാരിച്ചപ്പോ അടുത്തെങ്ങും മണ്ണില്ല. ബാബേല്‍ ഗോപുരത്തിനു മുകളിലാണ് വാ‍സം. അവസാനം നല്ലപാതി ആറ്റുനോറ്റു വളര്‍ത്തുന്ന റോസച്ചെടിയുടെ ചട്ടിപൊട്ടിച്ച് ഇത്തിരെ മണ്ണെടുത്ത് കപ്പിയപ്പഴാ സമാധാനമായത്.

    ആത്മഗുദം:എന്നാലുമെന്റെ കര്‍ത്താവേ! ഈ ബാബു മാഷ് നിങ്ങളെ തേക്കാത്ത കോണ്‍ക്രീറ്റ് ചുമരിലൊരച്ച് നാരങ്ങനീരില്‍ മുക്കിയെടുത്തിട്ടും നിങ്ങ അനങ്ങാണ്ടിരിക്ക്വാണാ? ഇനിയിപ്പ നിങ്ങ ശരിക്കും ഒണ്ടാ? ഇല്ലേ? അതോ ഉണ്ടില്ലേ? ഒണ്ടെങ്കി ഇതൊന്നും കണ്ടിറ്റ് നിങ്ങക്കൊരു തേങ്ങേം ഇല്ലെ? ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായാ സംസ്ഥാന സമ്മേളനംന്ന് നിങ്ങയെങ്ങാണ്ട് പറഞ്ഞിട്ടും ഒണ്ടല്ലാ!

     
  8. മുക്കുവന്‍

    May 11, 2009 at 23:49

    പൊട്ടന്മാരായ നമുക്കു് വീണ്ടും സംശയം. വീണ്ടും ചോദ്യങ്ങൾ. ആദാമും ഹവ്വായും ലോകത്തിലെ ആദ്യത്തെ ആണും പെണ്ണും. കയീൻ അവരുടെ തൽകാലം ജീവിച്ചിരിക്കുന്ന ഒരേയൊരു മകൻ. പിന്നെ കയീനു് കല്യാണം കഴിക്കാൻ പറ്റിയ ഒരു പെണ്ണു് നോദ്‌ ദേശത്തു് എവിടെനിന്നു് വന്നു?…

    as jabbar mash said. to whom we are preaching this…

    there are people in this world to claim that those books are written by GOD..

    may god bless them…

     
  9. ശ്രീവല്ലഭന്‍.

    May 12, 2009 at 05:27

    ഇടയലേഖനം എപ്പ എത്തീന്ന് നോക്കിക്കോ. ഈ ബ്ലോഗിന്റെ കാര്യം കട്ടപ്പൊഹ. നിങ്ങള്‍ നാട്ടില്‍ എത്തിയാല്‍ പ്രതിരോധിക്കേം ചെയ്യും 🙂

    ഇതിനൊക്കെ ഞങ്ങടെ പുത്തകങ്ങളൊക്കെ നോക്കണം. എല്ലാം നേരിട്ട് ദൈവം എഴുതി വച്ചതാ. എന്തെ സംശയം ഉണ്ടോ?

     
  10. Amarghosh | വടക്കൂടന്‍

    May 12, 2009 at 06:21

    ഇത്രയൊക്കെ എഴുതിക്കൂട്ടിയിട്ടും ഈ ബ്ലോഗറുടെ തലയില്‍ ഇടിത്തീ വീണില്ലേ?
    കൊടുങ്കാറ്റ് അലറി വിളിച്ചില്ലേ?
    ബ്ലോഗന്റെ വീട് ‘പ്രളയാഗ്നി’യില്‍ വെന്ത് പോയില്ലേ?
    കലികാലം… കലികാലം 🙂

     
  11. സി. കെ. ബാബു

    May 12, 2009 at 10:22

    സത,
    മനുഷ്യൻ നന്നാകാൻ മനുഷ്യത്വം മതി. പക്ഷേ, മനുഷ്യരെ മുട്ടാടുകളെപ്പോലെ തമ്മിൽത്തമ്മിൽ കൂട്ടിയിടിപ്പിക്കുവാനും, അതുവഴി ഒഴുകിവീഴുന്ന രക്തം കുടിച്ചു് വീർക്കുവാനും ആഗ്രഹിക്കുന്ന, ദൈവപ്രതിനിധികൾ എന്നു് സ്വയം വിശേഷിപ്പിക്കുന്ന ചില കുറുക്കന്മാർക്കു് അതിനു് എറ്റവും അനുയോജ്യമായ മാധ്യമമാണു് മതം. അവർ മനുഷ്യരെ നന്നാവാൻ അനുവദിക്കുകയില്ല. പാവം മനുഷ്യർ മാത്രമല്ല, ദൈവം പോലും അവരുടെ തന്ത്രങ്ങൾക്കു് മുന്നിൽ നിസ്സഹായനാണു്.

    ജബ്ബാർ മാഷ്‌,
    ഖുർആൻ ശ്രദ്ധിച്ചു് വായിച്ചിട്ടുള്ളവർക്കു് അതു് വായിക്കാതെ വായിട്ടലക്കുന്നവരെ, വായിച്ചാലും മനസ്സിലാവാത്തവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. അതുപോലെതന്നെ, വ്യവസ്ഥാനുസൃതമാണെങ്കിൽ ക്വാണ്ടം ഫിസിക്സിനേയും റിലേറ്റിവിറ്റിയേയും ശാസ്ത്രത്തെ പൊതുവേയും ആർക്കും ചോദ്യം ചെയ്യാം. അങ്ങനെയാണു് ശാസ്ത്രം വളരുന്നതും. പക്ഷേ, ഭാര്യയെ എത്രപ്രാവശ്യം വിവാഹമോചനം ചെയ്താലാണു് വീണ്ടും അവളുമായി ശാരീരികദ്രാവകങ്ങൾ പങ്കുവക്കൽ നിഷിദ്ധമാവുന്നതു് മുതലായ നാറുന്ന കാര്യങ്ങൾക്കു് നിയമമുണ്ടാക്കുന്ന ഒരു പ്രപഞ്ചസ്രഷ്ടാവിൽ വിശ്വസിക്കുന്നവർ ക്വാണ്ടം ഫിസിക്സും, ഷൂമാൻ റെസൊണൻസും പ്രസംഗിക്കാൻ തുടങ്ങിയാൽ ചിരിക്കുകയല്ലാതെ എന്തുചെയ്യാൻ?

    സാഗർ,
    നാലുപേരുള്ള പട്ടണം ഉഗ്രനാണല്ലോ! ഒരു മകൻ പട്ടണവാതിൽ കാവൽക്കാരൻ, ഉമ്മയൊരുത്തി വീട്ടിൽ അടുക്കളയിൽ കഞ്ഞിവക്കാൻ, വാപ്പയൊരുത്തൻ കാച്ചിലും ചെറുകിഴങ്ങും നടാനും, ചാമയും, തിനയും കാരെള്ളും കൃഷി ചെയ്യാനും, അടുക്കളയിലുള്ള ഉമ്മയെ അല്ലാഹുവിന്റെ കൽപനപ്രകാരം അടിച്ചുമിടിച്ചും മര്യാദപഠിപ്പിച്ചു് വളർത്താനും, മറ്റേ മകൻ കവലയിലിരുന്നു് കള്ളുകുടിക്കാനും ചീട്ടു് കളിക്കാനും! കൂടുതൽ എന്തുവേണം? 🙂

    അനിൽ ബ്ലോഗ്‌,
    പുരാതന ഈജിപ്റ്റിൽ വേദന അറിയാതിരിക്കാനായി ഓപ്പറേഷനു് മുൻപു് മദ്യം കൊടുത്തു് ബോധം കെടുത്തിയിരുന്നത്രെ! യഹോവ ഈ കഥ കേട്ടിട്ടുണ്ടാവണം. ഗാഢനിദ്ര വരുത്തിയതു് മദ്യം കൊടുത്താണോ എന്നറിയില്ല. പക്ഷേ ആദാമിനെ ഓപ്പറേഷനു് മുൻപു് ഉറക്കിയതിനു് കാരണം എല്ലു് മോഷ്ടിക്കുന്ന യഹോവക്കു് തല്ലുകിട്ടുമെന്നുള്ള പേടികൊണ്ടും ആയിക്കൂടെന്നില്ല. 🙂

    പ്രിയ,
    തെറിപറഞ്ഞുകൊണ്ടു് തറയിൽ വീണ പല്ലിയുടെ കിടപ്പും വ്യാകുലമാതാവിന്റേതുപോലുള്ള മുഖഭാവവും കണ്ടിട്ടും ചിരിച്ചോ ദുഷ്ടേ? 🙂

    cALviN,
    ഒരു പിതാവിന്റെ മക്കൾ തമ്മിൽത്തമ്മിൽ ഇണചേരുന്നതിനെയാണു് അഗമ്യഗമനം എന്നു് വിളിക്കുന്നതെന്നു് അറിയാത്ത യഹോവ സ്വന്തം തലച്ചോറിന്റെ നിർമ്മാണത്തിലും കോൺക്രീറ്റ്‌ പാലങ്ങളുടെ പണിയിൽ സിമന്റ്‌/മണൽ റേഷ്യോയിൽ മണലിനു് അനുകൂലമായി ‘അബദ്ധത്തിൽ’ സംഭവിക്കാറുള്ള മാറ്റം പോലെ, കളിമണ്ണിന്റെ അംശം അൽപം കൂട്ടിയോ എന്നൊരു സംശയം. 🙂

    ഫാ. അനോഫിലീസ്‌ മാർ ക്യൂലക്സ്‌,
    ഹ ഹ ഹ!
    വീണ്ടും ഈ വഴി കണ്ടതിൽ സന്തോഷം. 🙂

    മുക്കുവൻ,
    ‘may god bless them…’

    ‘താൻ നിലനിൽക്കുന്നില്ല എന്നതാണു് ദൈവത്തിന്റെ ഒരേയൊരു ക്ഷമാപണം’ – Stendhal 🙂

    ശ്രീവല്ലഭൻ,
    ഇടയലേഖനം (‘cowboy love letter’) യഹോവ കൽപലകകളിൽ കൊത്തിക്കൊണ്ടിരിക്കുകയാവുമല്ലേ? മോശെയുടെ കാലത്തുതന്നെ കൽപനകൾ കൊത്താൻ നാൽപതു് ദിവസം വേണ്ടിവന്നു. പിന്നെ ഇപ്പോ ദൈവത്തിനു് വയസ്സും പ്രായോമൊക്കെ ആയ സ്ഥിതിക്കു് കൊത്തൽ അത്ര എളുപ്പം നടക്കില്ലല്ലോ!

    ദൈവം ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ഥിരതാമസമായോ? അല്ല, ഇവിടെയൊന്നും കാണാത്തതുകൊണ്ടു് ചോദിച്ചെന്നേയുള്ളു! 🙂

    വടക്കൂടൻ,
    മുട്ടിപ്പായി ദിവസത്തിൽ പലവട്ടം സ്വർഗ്ഗത്തിലേക്കുയരുന്ന പ്രാർത്ഥനകളുടെ ചൂടിന്റെ ഫലമായി ദൈവത്തിനു് തന്നെ ഇരിക്കപ്പൊറുതിയില്ല. ഒന്നു് നിലത്തു് നിറുത്തിയാലല്ലേ ദൈവത്തിനായാലും ഗുസ്തി പിടിക്കാൻ പറ്റൂ! പത്തുപേരുടെ പ്രാർത്ഥന കുറഞ്ഞാൽ അത്രയും ആശ്വാസം എന്നാണു് ദൈവം പറയുന്നതു്. ധ്രുവപ്രദേശങ്ങളിൽ ഈയിടെ ഭയങ്കരമായി മഞ്ഞുരുകുന്നതുതന്നെ പ്രാർത്ഥനയുടെ ചൂടുകൊണ്ടാണോ എന്നൊരു സംശയം പോലും ദൈവത്തിനുണ്ടു്. 🙂

     
  12. അപ്പൂട്ടന്‍

    May 12, 2009 at 11:33

    ഭൂമിയെയും മനുഷ്യനെയും കേന്ദ്രീകരിച്ചാണ് ദൈവം തന്റെ സൃഷ്ടി നടത്തിയതെന്ന ചിത്രമാണ് എല്ലാ മതവിശ്വാസങ്ങളും നമുക്ക് നല്‍കുന്നത്. ലോകാവസാനം പോലുള്ള സങ്കല്‍പ്പങ്ങള്‍ അങ്ങോട്ട്‌ തന്നെയാണ് വിരല്‍ ചൂണ്ടുന്നതും. ലോകാവസാനത്തിനു ശേഷം?

    ഭൂമി സൌരയൂഥവുമായി തട്ടിച്ചു നോക്കുന്പോള്‍ ചെറിയൊരു ഗ്രഹമാണെന്നും അങ്ങിനെ നോക്കുന്പോള്‍ ഈ പ്രപഞ്ചത്തിന്റെ നിസ്സാരമായൊരു അംശം മാത്രമേ ആകുന്നുള്ളൂ എന്നും ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നില്ലെ? ഈ ഭൂമിയില്‍ തന്നെ മനുഷ്യവാസത്തിനു യോഗ്യമായ സ്ഥലം താരതമ്യേന ചെറുതാണ്. അപ്പോള്‍ ഈ പ്രപഞ്ചത്തില്‍ മനുഷ്യന് എത്രമാത്രം പ്രാധാന്യമുണ്ട് എന്നത് ഊഹിക്കാവുന്നതെ ഉള്ളു. അങ്ങിനെ മനുഷ്യന് പ്രത്യേകിച്ച് ആവശ്യമില്ലാത്ത, എത്തിപ്പിടിക്കാന്‍ പോലുമാവാത്ത, കണ്ണെത്താത്ത നിരവധി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉള്ള ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും അതില്‍ തന്നെ വളരെ നിസ്സാരമായ, ഒരു ഗ്രഹത്തിലെ അസംഖ്യം ജീവജാലങ്ങളില്‍ ഒന്നായ, താരതമ്യേന ചെറിയൊരു ശതമാനം ഇടങ്ങളില്‍ മാത്രം ജീവിക്കാന്‍ സാധിക്കുന്ന മനുഷ്യനെ നേര്‍മാര്‍ഗത്തില്‍ എത്തിക്കാന്‍ വേണ്ടി മാത്രമാണോ സ്രഷ്ടാവ് ഇത്രയധികം ചെയ്തത്?

    ഒരു സമൂഹത്തില്‍ എങ്ങിനെ ജീവിക്കണം എന്ന് മനസിലാക്കാന്‍ മതങ്ങള്‍ തീര്‍ച്ചയായും നമ്മെ സഹായിക്കുന്നുണ്ട്. മനുഷ്യന്റെ സാംസ്കാരിക പുരോഗതിക്കും മതങ്ങള്‍ ഒരുപാടു സഹായിച്ചിട്ടുമുണ്ട്. പക്ഷെ ഇവയുടെയെല്ലാം മൊത്തവ്യാപാരികളായി ഞങ്ങള്‍ മാത്രമേയുള്ളൂ എന്ന നിലയില്‍ ചര്‍ച്ച വരുന്നതാണ് ചിലപ്പോള്‍ അസഹനീയമാകുന്നത്. സ്വര്‍ഗത്തിന്റെയും മോക്ഷത്തിന്റേയും കാര്യമൊന്നും പറയാതിരിക്കുന്നതാണ് ഭേദം, പക്ഷെ ഇത്തരം ഒരു (അതും ഇപ്പറഞ്ഞ രീതിയിലുള്ള) വിശ്വാസത്തിലൂടെ മാത്രമേ മനുഷ്യന് നന്മ കൈവരൂ എന്ന രീതിയില്‍ വരെ വിശ്വസിക്കുന്നത് എനിക്കത്ര യോജിക്കാനാവുന്നതല്ല.

    നന്മയും തിന്മയും മനുഷ്യന്റെ ഉള്ളില്‍ നിന്ന് തന്നെ വരുന്നതാണ്. സാധാരണഗതിയില്‍ ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നതോ ദ്രോഹിക്കുന്നതോ ഒരു മതവിശ്വാസത്തിന്റെ പേരിലല്ല (അത്തരമൊരു അവസ്ഥ വരാതിരിക്കട്ടെ എന്ന് ദൈവം പോലും ആശിച്ചു പോകും), സ്വയം തോന്നിയിട്ട് തന്നെയാണ്. ഒരു വിശ്വാസത്തിന്റെ കൂട്ടായ്മ ഉണ്ടെങ്കില്‍ ഇത് കുറച്ചുകൂടി mass scale-ല്‍ നടപ്പിലാക്കാന്‍ സാധിക്കും എന്ന് മാത്രം.

     
  13. ബിനോയ്

    May 12, 2009 at 11:46

    ആരുമങ്ങണെ ചൊന്തമായിട്ട് ചത്യമന്വേഷിച്ച് പുത്തിമുട്ടണ്ട. എല്ലാവനും വേണ്ടുവോളം തിന്നുതൂറാന്‍‌മാത്രം ചത്യം ഞങ്ങള്‍ ഒലത്തിവെച്ചിട്ടൊണ്ട്….
    ദേ, പല്ലി ചെലച്ചു ചത്യം.

     
  14. സി. കെ. ബാബു

    May 12, 2009 at 15:11

    അപ്പൂട്ടൻ,

    മനുഷ്യനെ കേന്ദ്രമാക്കിയുള്ളതാണു് മതങ്ങൾ എന്ന നിഗമനം യാതൊരു എതിർപ്പുമില്ലാതെ അംഗീകരിക്കുന്നു. പ്രപഞ്ചത്തിന്റെ വലിപ്പവുമായി താരത്യമ്യം ചെയ്യുമ്പോൾ മനുഷ്യൻ ഒന്നുമല്ല എന്നതും വളരെ ശരിയായ കാര്യമാണു്.

    പ്രപഞ്ചത്തേയും മനുഷ്യനെയും പറ്റി ഇതൊക്കെ പറഞ്ഞശേഷം, എന്തോ ‘നേടാൻ’ വേണ്ടി എന്തോ ‘ചെയ്ത’ ഒരു പ്രപഞ്ച ‘സ്രഷ്ടാവു്’ എന്നും മറ്റും പറയുക എന്നാൽ അതു് ആദ്യം പറഞ്ഞതിലെ മുഴുവൻ ലോജിക്കും ചവറ്റുകുട്ടയിൽ എറിയുന്നതിനു് തുല്യമാണു്. ചെയ്യലും, നേടലും, സൃഷ്ടിക്കലും, അതുപോലുള്ള മറ്റെല്ലാ പ്രവർത്തികളും മാനുഷികമായ കാര്യങ്ങളാണു്. അതുകൊണ്ടുതന്നെയാണു് അത്തരം കാര്യങ്ങളുടെ ‘ചുമതലക്കാരനായി’ വർണ്ണിക്കപ്പെടുന്ന, നിർവചിക്കപ്പെടുന്ന, മനസ്സിലാക്കപ്പെടുന്ന ഒരു ദൈവം മനുഷ്യരുടെ സൃഷ്ടി മാത്രമാണെന്നു് നിസ്സംശയം പറയാൻ കഴിയുന്നതു്.

    പ്രപഞ്ചത്തേയും മനുഷ്യനെയും പറ്റി ആദ്യം പറഞ്ഞ അതേ ലോജിക്‌ തന്നെ മതി ലോകാവസാനവും മനുഷ്യനെ കേന്ദ്രീകരിച്ചുള്ളതു് മാത്രമാണെന്നു് മനസ്സിലാക്കാൻ. ഭൂമിയിൽ ഈ ഒരു നിമിഷത്തിൽ മനുഷ്യൻ എന്ന ഒരു ജീവി അപ്പാടെ ഇല്ലാതാവുന്നു എന്നൊന്നു് സങ്കൽപിച്ചു് നോക്കൂ. അതുവഴി സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ ഇല്ലാതാവുകയോ ഭൂമിയുടെ ചലനം നിലക്കുകയോ ചെയ്യുമോ?

    മനുഷ്യർ അവരുടെ നന്മതിന്മകളുടെ കണക്കു് ബോധിപ്പിക്കേണ്ട വിധിദിനമെന്നൊക്കെ മതനേതാക്കൾ മനുഷ്യരെ പറഞ്ഞു് പേടിപ്പിക്കുന്ന ലോകാവസാനം ‘മനുഷ്യരുടെ’ ലോകത്തിന്റെ അവസാനമേ ആവൂ. ഒരോ മനുഷ്യന്റെയും മരണത്തോടെ സംഭവിക്കുന്നതും ഒരുതരം ലോകാവസാനമാണു് – അവന്റെ ലോകത്തിന്റെ അവസാനം.

    മനുഷ്യരിലെ എല്ലാ നന്മയുടെയും തിന്മയുടെയും അടിസ്ഥാനം സ്വാർത്ഥതയാണു്. സ്വന്തനിലനിൽപിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണു് ജീവികളിലെ സ്വാർത്ഥതയുടെ ലക്ഷ്യം. സ്വാർത്ഥത ജീവജാലങ്ങളിലെ ജന്മവാസനയാണു്, അതു് അതിൽത്തന്നെ തിന്മയോ പാപമോ അല്ല. ഏതൊരു ജീവിയുടെ കാര്യത്തിലും അതിന്റെ സ്വന്തം നിലനിൽപിനു് സഹായകമായ കാര്യങ്ങളാണു് അതിന്റെ കാഴ്ചപ്പാടിലെ നന്മ, അതിന്റെ നിലനിൽപിനു് ദോഷകരമായവ അതിനെ സംബന്ധിച്ചു് തിന്മയും.

    ഏതെങ്കിലും പ്രവാചകന്റെയോ ഉപദേശിയുടെയോ വാചകമടിയെ ‘ദൈവവചനം’ എന്നു് തെറ്റിദ്ധരിച്ചു്, ഇഹലോകജീവിതത്തെ അർത്ഥശൂന്യം എന്നു് വിലയിരുത്തി പരലോകജീവിതത്തിനു് മുൻഗണന നൽകുന്ന ഒരു മനുഷ്യൻ അതുവഴി അവനു് സംശയരഹിതമായി ആകെ അറിയാവുന്ന, മരണം വരെയുള്ള അവന്റെ സ്വന്തം നിലനിൽപിനു് ദോഷകരമായ ഒരു നിലപാടാണു് സ്വീകരിക്കുന്നതെന്നതിനാൽ, ഈ ഒരു കാര്യത്തിലെങ്കിലും അവൻ മൃഗങ്ങളേക്കാൾ ബുദ്ധിശൂന്യനാണു്. ഈ ലോകത്തിലെ മറ്റൊരു ജീവിയും സ്വന്തനിലനിൽപിനു് സഹായകമല്ലാത്ത ഒരു നിലപാടോ തീരുമാനമോ ഒരിക്കലും കൈക്കൊള്ളുകയില്ല. അതു് ജീവികളിൽ ജന്മസിദ്ധമായി വേരൂന്നിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണമാണു്.

    ബിനോയ്‌,
    ആർക്കുവേണം ഒലത്തിവച്ച സത്യം? വറുത്തരച്ചു് കടുകു് പൊട്ടിച്ച സത്യമൊണ്ടോ കയ്യിൽ? ഒണ്ടെങ്കി എടുക്കു് കാണട്ടെ! 🙂

     
  15. Anil

    May 13, 2009 at 07:33

    ബാബു മാഷിനോട് പറഞ്ഞിട്ടുകാര്യമില്ല അദ്ദേഹം സാത്താന്റെ പിടിയില്‍ അത്രമാത്രം അകപ്പെട്ടുപോയി. ബാക്കിയുള്ളവരോട്‌ എനിക്കുപ്രയാനുള്ളത് ദാ ഈ ലിങ്കില്‍ ക്ലിക്കി നോക്കൂ അതിലെ മൂന്നാമത്തെ വീഡിയോ കാണൂ. ഈ കാലത്തും ദൈവം ചെയ്യുന്ന അത്ഭുതങ്ങള്‍ കാണൂ നിങ്ങള്ക്ക് നിങ്ങള്‍ പോലുമറിയാതെ ചിരി സോറി വിശ്വാസം വരും

    http://anilkumarnd.blogspot.com/2009/03/blog-post.html

     
  16. സി. കെ. ബാബു

    May 13, 2009 at 09:13

    മൂണ്ണാം ദൈവികവീഡിയോയുടെ മളയാളം പരിഫാഷ:

    ണിങ്ങളു് ഇപ്പോളു് കണ്ണു് അഠച്ചു് പാർത്തിക്കരുതു്, കണ്ണു് ഥുറന്നുതന്നെ പാർത്തിക്കുക. ഞാൻ വളിച്ചു് ണീട്ടാൻ പോകുണ്ണു. ദാണ്ടെ ണീണ്ടിരിക്കുന്നു! അൽഫുതം! മഹാൽഫുതം!

    വളിച്ചാൾ ണീളുന്നതും വിട്ടാൽ പൂർവ്വസ്ഥിതിയിൽ എത്ഥുന്നതുമായ സാതനത്തിന്റെ പേരെന്തു് മാഡം?

    ‘ലവർ’ സാർ! ഹാളേളൂയ സാർ! അരി വാങ്ങിക്കാനാണു് സാർ! കയ്യോ കാലോ പൊക്കാം സാർ!

    കമോൺ പീപ്പി! എൺറ്റെ പീപ്പീടെ ണീളം കൂഡുണ്ണത് കാണൂ. യഹോവ എൺറ്റെ പീപ്പീടെ ണീളം കൂട്ടിയതിനു് പ്രെയ്സ്‌ ദ ലോഡ്‌! ണമ്മുടെ ഘർത്ഥാവിനു് സ്ഥോത്രം! ഹാളേളൂയ! യഹോവാളേളൂയ!!

    പ്രഫുത്തകേരളം! യഹോവാസാച്ചരത്തകേരളം!

     
  17. - സാഗര്‍ : Sagar -

    May 14, 2009 at 17:59

    ഈ നൂറ്റാണ്ടില്‍ ഇതാ അവസ്ഥ..
    അപ്പൊ പണ്ട് എങ്ങനെയായിരുന്നിരിക്കുമോ….

    അറിയാതെ വിളിച്ചു പോയി.. ഘര്ഥാവേ…………….

     
  18. biju chandran

    May 15, 2009 at 13:32

    Its a great article babu mash!. I decided to follow you then. 🙂

     
  19. സി. കെ. ബാബു

    May 16, 2009 at 09:11

    Sagar,
    🙂

    biju chandran,
    thank you.

     
  20. മുക്കുവന്‍

    May 17, 2009 at 05:08

    വേദഗ്രന്ഥം എന്നു് പേരിട്ടാൽ എന്തു് വിഡ്ഢിത്തവും വാങ്ങി തൊണ്ടതൊടാതെ മനുഷ്യർ വിഴുങ്ങിക്കൊള്ളണമെന്നാണോ?…

    ….well said… cheers

     
  21. പാര്‍ത്ഥന്‍

    May 21, 2009 at 18:00

    ബാബു മാഷെ, സമ്മതിച്ചിരിക്കുന്നു. സിമ്പിൾ ലോജിക്കിന്റെ കാര്യം മാ‍ത്രം. എന്നിട്ടും വിശ്വാസികൾക്ക് സംശയമില്ല.

    – മൈഡിയർ- ഇങ്ങനെയും നിരുക്തത്തിൽ പറയുന്നുണ്ടല്ലെ.

    (സ്വർഗ്ഗത്തിലെത്തുമ്പോൾ കാണാൻ പോകുന്ന പൂരവും പൂരാടവും പൂരുരുട്ടാതിയും രഹസ്യമായി സ്വപ്നം കണ്ടുകൊണ്ടിരുന്നതിനിടയിൽ …….)ഇവിടെ – മൂലം, പൂരാടം, പൂരോരുട്ടാതി … എന്നായിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗിയാകുമായിരുന്നു.

    ഇത്രയൊക്കെ വായിച്ചിട്ടും ഇതിൽ നിന്നും ‘സത്യം’ എന്താണെന്ന് മനസ്സിലായില്ലല്ലോ മാഷെ.

    പണ്ടത്തെ ഒരു കഥയുണ്ട്. മുരുകൻ ഒരിക്കൽ ബ്രഹ്മാവിനോട് ‘പ്രണവ’ ത്തിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചു. പുള്ളിക്കാണെങ്കിൽ അത് അറിയുമായിരുന്നില്ല. പ്രണവത്തിന്റെ അർത്ഥം അറിയാത്തവൻ ഇനി മുതൽ സൃഷ്ടി നടത്തണ്ട എന്നു പറഞ്ഞ് ബ്രഹ്മാവിനെ അവിടെനിന്നും മാറ്റി മുരുകൻ കുറച്ചു സൃഷ്ടി നടത്തിയതായി പറയുന്നുണ്ട്. പിന്നീട് പരമശിവൻ ബ്രഹ്മാവിന്റെ ചെവിയിൽ മന്ത്രിക്കുകയായിരുന്നു പ്രണവത്തിന്റെ അർത്ഥം. അതുകൊണ്ട് ഇന്നും അത് അറിയപ്പെടാതെ കിടക്കുന്നു. അതുപോലെത്തന്നെയാണോ ഈ ‘സത്യവും’.

     
  22. സി. കെ. ബാബു

    May 22, 2009 at 14:30

    പാർത്ഥൻ,
    ‘മൈഡിയർ’ – മനുഷ്യൻ നിർമ്മിക്കാത്ത എന്ത് നിരുക്തം‌?

    ‘കാണാൻ പോകുന്ന മൂലം’ എനിക്ക് പുതിയതുതന്നെ.

    പിന്നെ ‘കുറച്ചുകൂടി ഭംഗിയായിരുന്നേനെ’ എന്നതിനോട് ഞാൻ പാർത്ഥന്റെ കാഴ്ചപ്പാടിൽ എന്നുകൂടി ചേർക്കുന്നു. കാരണം, ഭംഗി എന്നത് വ്യക്തിനിഷ്ഠമായ ഒരു അനുഭവമാണല്ലോ.

    സത്യത്തിന്റെ കാര്യവും അതുപോലെതന്നെ -വ്യക്തിനിഷ്ഠം. സ്വയം കണ്ടെത്തുകയേ വഴിയുള്ളു. സത്യവിഷയത്തിൽ എനിക്ക് ഏതായാലും സംശയം ഒന്നുമില്ല.

    കുഞ്ഞായിരിക്കുമ്പോൾ അമ്മയുടെ കഥ പറച്ചിൽ കേട്ട് ഉറങ്ങുമായിരുന്നതുകൊണ്ടാവാം, കഥ കേട്ടാൽ എനിക്ക് ഇപ്പോഴും ഉറക്കം വരും. ബാല്യദശയിൽ കഴിയുന്ന സമൂഹങ്ങളും കഥ കേട്ട് ഉറങ്ങാനുള്ള ഒരു ചായ്‌വ് പ്രകടിപ്പിക്കുണ്ടെന്ന് കേട്ടിട്ടുണ്ട്. 🙂

     
  23. BS Madai

    May 24, 2009 at 14:27

    Babu മാഷേ, അവസാന മൂന്നു പോസ്റ്റും ഇന്നാണ് വായിക്കാന്‍ പറ്റിയത്. I sincerely appreciate your efforts u r putting on these posts. Hope atleast some of the readers are surely benefiting from these posts. once again all d best sir.

     
 
%d bloggers like this: