RSS

ധാർമ്മികതയും മറ്റും

05 Apr
(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)

1. ധാർമ്മികപ്രതിഭാസങ്ങൾ എന്നൊന്നില്ല; പ്രതിഭാസങ്ങളുടെ ധാർമ്മികവ്യാഖ്യാനങ്ങളേയുള്ളു.

2. അധാർമ്മികതയെപ്പറ്റി ലജ്ജിക്കുക എന്നതു് ഗോവണിയിലെ ഒരു പടിയാണു്; അതിന്റെ അവസാനം മനുഷ്യൻ ധാർമ്മികതയെപ്പറ്റി ലജ്ജിക്കുന്നു.

3. ഞാൻ അതു് ചെയ്തു എന്നു് ഓർമ്മ പറയുന്നു, ഞാൻ അതു് ചെയ്തിരിക്കില്ല എന്നു് അഭിമാനം പറയുന്നു; അവസാനം ഓർമ്മ കീഴടങ്ങുന്നു.

4. നല്ലപേരിനുവേണ്ടി എപ്പോഴെങ്കിലും സ്വയം ബലികഴിച്ചിട്ടില്ലാത്തവർ ആരുണ്ടു്?

5. തന്നെത്തന്നെ വിലമതിക്കാത്തപ്പോഴും ഒരുവൻ തന്നെത്തന്നെ വിലമതിക്കാത്തവൻ എന്ന വില തനിക്കു് മതിക്കുന്നു.

6. കുട്ടിയായിരുന്നപ്പോൾ കളിയിൽ കാണിച്ചിരുന്ന ആത്മാർത്ഥത വീണ്ടുകിട്ടുന്നതാണു് പുരുഷന്റെ പക്വത.

7. മനസ്സാക്ഷിയെ മെരുക്കിയാൽ അതു് കുത്തുന്നതിനൊപ്പം നമ്മെ ചുംബിക്കുകയും ചെയ്യുന്നു.

8. ഒരു വലിയ മനുഷ്യനെന്നോ? ഞാൻ കാണുന്നതു് സ്വന്തം ആദര്‍ശങ്ങളുടെ ഒരു അഭിനേതാവിനെ മാത്രമാണു്.

9. നിരാശനായവൻ പറയുന്നു: “പ്രതിദ്ധ്വനികളെ ശ്രദ്ധിച്ചപ്പോൾ ഞാൻ പുകഴ്ത്തലുകൾ മാത്രമേ കേട്ടുള്ളു”.

10. ഒരു ജ്ഞാനി ഇന്നു് അവനെ ദൈവത്തിന്റെ മൃഗാവതാരമായി കാണാൻ ആഗ്രഹിക്കുന്നു.

11. ചുരുങ്ങിയപക്ഷം നന്ദിയും ശുദ്ധിയും എന്ന രണ്ടു് ഗുണങ്ങൾ കൂടി ഇല്ലെങ്കിൽ ഒരു ജീന്യസിനെ സഹിക്കുക അസാദ്ധ്യമായിരിക്കും.

12. ഒന്നിനോടു് മാത്രമുള്ള സ്നേഹം കാട്ടാളത്തമാണു്; കാരണം അതു് മറ്റുള്ളവരുടെ ചെലവിലാണു് സംഭവിക്കുന്നതു്.

13. ഹൃദയത്തെ ബന്ധിച്ചു് തടവിലാക്കിയാൽ മനസ്സിനു് ധാരാളം സ്വാതന്ത്ര്യങ്ങൾ നൽകാൻ കഴിയും.

14. കുറ്റവാളി പലപ്പോഴും അവന്റെ കുറ്റത്തിനൊപ്പം വളരുന്നില്ല; അവൻ അതിനെ ലഘൂകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു.

15. അഭിമാനത്തിനു് പരിക്കുപറ്റുമ്പോഴാണു് പൊങ്ങച്ചത്തിനു് ഏറ്റവും കൂടുതൽ പരിക്കുപറ്റുന്നതു്.

16. സ്നേഹമോ വെറുപ്പോ പങ്കെടുക്കാത്ത കളികളിൽ സ്ത്രീ ഒരു ശരാശരി കളിക്കാരിയാണു്.

17. മയക്കുന്നതെങ്ങനെയെന്നു് മറക്കുന്ന അതേ അളവിൽ സ്ത്രീ വെറുക്കാൻ പഠിക്കുന്നു.

18. ഒരേ വികാരങ്ങളുടെ ഗതിവേഗം സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമാണു്. അതുകൊണ്ടു് സ്ത്രീയും പുരുഷനും എന്നും തെറ്റിദ്ധരിച്ചുകൊണ്ടേയിരിക്കുന്നു.

19. വ്യക്തിപരമായ സകല പൊങ്ങച്ചങ്ങളുടെയും പിന്നണിയിൽ സ്ത്രീകൾക്കു് ‘സ്ത്രീത്വം’ എന്നതിനോടു് വ്യക്തിപരമല്ലാത്ത നിന്ദയുണ്ടു്.

20. സ്നേഹത്തിന്റെ വളർച്ചയേക്കാൾ വേഗം വൈകാരികത മുന്നേറുന്നതുകൊണ്ടു് വേരുകൾ ബലഹീനമായിത്തീരുകയും എളുപ്പം വലിച്ചുപറിക്കാൻ കഴിയുകയും ചെയ്യുന്നു.

21. വിവാഹം വഴി വെപ്പാട്ടിത്തവും ദുഷിപ്പിക്കപ്പെട്ടു.

22. സമാധാനാവസ്ഥയിൽ യുദ്ധതൽപരനായ മനുഷ്യൻ അവനെത്തന്നെ ആക്രമിക്കുന്നു.

23. കടലിൽ ദാഹംകൊണ്ടു് മരിക്കേണ്ടിവരുന്നതു് ഭയങ്കരമാണു് – ദാഹം ശമിപ്പിക്കാൻ കഴിയാത്തത്ര ഉപ്പു് നിങ്ങളുടെ സത്യത്തിൽ ചേർക്കണമോ?

24. മനുഷ്യസ്നേഹമല്ല, മനുഷ്യസ്നേഹത്തിലെ ബലഹീനതയാണു് മനുഷ്യരെ ചുട്ടെരിക്കുന്നതിൽ നിന്നും ഇന്നത്തെ ക്രിസ്ത്യാനികളെ തടയുന്നതു്.

25. ഒരു വികാരത്തെ അടക്കാനുള്ള ഇച്ഛാശക്തി ഒന്നോ അതിലധികമോ വികാരങ്ങളുടെ ഇച്ഛാശക്തി മാത്രമേ ആവൂ.

 
12 Comments

Posted by on Apr 5, 2009 in ഫിലോസഫി

 

Tags: ,

12 responses to “ധാർമ്മികതയും മറ്റും

  1. അനില്‍@ബ്ലോഗ്

    Apr 5, 2009 at 14:57

    കൊള്ളാം മാഷെ.
    എല്ലാം ഒരോ അദ്ധ്യായങ്ങളായി വിപുലീകരിക്കാവുന്ന പോയന്റുകള്‍ !

    ഒരേ വികാരങ്ങളുടെ ഗതിവേഗം സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമാണു്. അതുകൊണ്ടു് സ്ത്രീയും പുരുഷനും എന്നും തെറ്റിദ്ധരിച്ചുകൊണ്ടേയിരിക്കുന്നു.

    ഇത് വളരെ ഇഷ്ടപ്പെട്ടു.

     
  2. നാട്ടുകാരന്‍

    Apr 5, 2009 at 15:12

    ഇത് നമ്മെ പലതും ഓര്‍മിപ്പിക്കുന്നു

     
  3. BS Madai

    Apr 5, 2009 at 18:50

    “ഒന്നിനോടു് മാത്രമുള്ള സ്നേഹം കാട്ടാളത്തമാണു്; കാരണം അതു് മറ്റുള്ളവരുടെ ചെലവിലാണു് സംഭവിക്കുന്നതു്” –
    Maashe, could you please slightly explain this for easy understanding? (keyman is not working)

     
  4. ചാണക്യന്‍

    Apr 5, 2009 at 20:12

    വളരെ..നന്നായി..മാഷെ..
    അഭിനന്ദനങ്ങള്‍….

     
  5. പ്രിയ ഉണ്ണികൃഷ്ണന്‍

    Apr 5, 2009 at 21:24

    ചിന്തിപ്പിക്കുന്നു കുറെ…

     
  6. സി. കെ. ബാബു

    Apr 6, 2009 at 08:29

    അനിൽ@ബ്ലോഗ്‌, നാട്ടുകാരൻ, ചാണക്യൻ, പ്രിയ,
    നന്ദി.

    BS Madai,
    ഒന്നിനോടു് മാത്രമുള്ള സ്നേഹം മറ്റുള്ളവരോടുള്ള അസഹിഷ്ണുതയാവുമ്പോൾ അവർ അതിന്റെ പേരിൽ സഹിക്കേണ്ടിവരുന്നു, അഥവാ അതു് സംഭവിക്കുന്നതു് അവരുടെ ചെലവിലാണു്. മറ്റുള്ളവയെ അവഗണിക്കാതെ ഒന്നിനെ മാത്രം സ്നേഹിക്കുക സാദ്ധ്യമല്ലല്ലോ. ഏകദൈവം, ഏകസത്യം, ഏകമതം, ഏകസമുദായം, എകജാതി മുതലായവയിൽ മാത്രമുള്ള വിശ്വാസവും, അവ മാത്രമാണു് ശരി എന്ന നിലപാടും ഉദാഹരണം. എന്തിനു്, ഏകപത്നീവ്രതവും, ഏകഭർത്തൃവ്രതവും പോലും ഒരർത്ഥത്തിൽ മറ്റുള്ളവരുടെ ചെലവിലാണു് സംഭവിക്കുന്നതു്.

    ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മതങ്ങളെ അപേക്ഷിച്ചു് ഹിന്ദുമതം പൊതുവേ മറ്റു് മതങ്ങളോടു് പ്രദര്‍ശിപ്പിക്കുന്ന സഹിഷ്ണുതയുടെ കാരണവും ഹിന്ദുമതത്തിൽ അംഗീകരിക്കപ്പെടുന്ന ബഹുദൈവവിശ്വാസമല്ലാതെ മറ്റൊന്നല്ല.

    ബഹുദൈവവിശ്വാസം കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനത്തെപ്പറ്റി നീറ്റ്‌സ്‌ഷെ തന്നെ പറഞ്ഞിട്ടുള്ളതു് ഞാൻ അടുത്ത പോസ്റ്റായി ഇടുന്നുണ്ടു്.

     
  7. ബിനോയ്

    Apr 6, 2009 at 12:22

    ബാബുമാഷേ നന്ദി. നല്ല കുറേ ചിന്തകളെ ഉണര്‍ത്തി വിട്ടതിന്. 🙂

     
  8. chithrakaran:ചിത്രകാരന്‍

    Apr 6, 2009 at 17:50

    ഓരോ വാചകവും ഒരു കടലാക്കി നിവര്‍ത്തി, പരത്തി വലുതാക്കാം. അനുഭവത്തിന്റെ ചുറ്റികകൊണ്ട് എത്രവേണമെങ്കിലും അടിച്ചു പരത്താം.

     
  9. സി. കെ. ബാബു

    Apr 7, 2009 at 11:44

    നന്ദി, ബിനോയ്‌.

    ചിത്രകാരൻ,
    അഭിപ്രായത്തിനു് നന്ദി.

    ബ്ലോഗോസ്ഫിയറിൽ നിന്നു് മാറി നിൽക്കുന്നതിനു് കാരണമുണ്ടാവുമെന്നറിയാം. എങ്കിലും അന്ധരായ ചില മാമൂൽ ചിതലുകൾ സമൂഹത്തെ പൊതിയാൻ ഉപയോഗിക്കുന്ന അന്ധകാരവല്മീകത്തിനെതിരെ ശബ്ദമുയർത്തിയിരുന്ന ഒരു വ്യക്തി എന്ന നിലയിൽ താങ്കളുടെ അസാന്നിദ്ധ്യം ചിലരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നു് തോന്നുന്നു – ഒരു തിരിച്ചുവരവു് പ്രതീക്ഷിക്കുന്നുണ്ടെന്നും.

     
  10. BS Madai

    Apr 7, 2009 at 12:04

    ബാബു മാഷെ, വിശദീകരണത്തിനു നന്ദി, ഒരിക്കല്‍ കൂടി. Eagerly waiting for the next post.

     
  11. ജയതി

    Apr 8, 2009 at 11:30

    ‘ഞാൻ അതു് ചെയ്തു എന്നു് ഓർമ്മ പറയുന്നു, ഞാൻ അതു് ചെയ്തിരിക്കില്ല എന്നു് അഭിമാനം പറയുന്നു; അവസാനം ഓർമ്മ കീഴടങ്ങുന്നു.‘

    എന്നിട്ട് അഭിമാനം ജയിക്കുമെന്നാണോ?

     
  12. സി. കെ. ബാബു

    Apr 8, 2009 at 12:54

    ശ്രീ ജയതി,

    ഒരുവന്റെ കീഴടങ്ങലല്ലേ മറ്റൊരുവന്റെ ജയം?

     
 
%d bloggers like this: