RSS

പാപത്തിന്റെ ഉറവിടം

29 Mar
(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)

ക്രിസ്തീയത ഭരിക്കുന്നതോ, അല്ലെങ്കിൽ ഒരിക്കൽ ഭരിച്ചിരുന്നതോ ആയ പ്രദേശങ്ങളിലെല്ലാം മനസ്സിലാക്കപ്പെടുന്ന വിധത്തിലുള്ള പാപം:

പാപം എന്നതു് ഒരു യഹൂദചിന്തയും ഒരു യഹൂദകണ്ടുപിടുത്തവുമാണു്. എല്ലാ ക്രിസ്തീയ ധാർമ്മികതയുടെയും ഈ ഒരു പശ്ചാത്തലത്തിൽ നിന്നുള്ള കാഴ്ചപ്പാടിൽ ക്രിസ്തീയതയുടെ യഥാർത്ഥ ലക്ഷ്യം ലോകത്തെ മുഴുവൻ “യഹൂദീകരിക്കുക” എന്നതായിരുന്നു. ക്രിസ്തീയതയ്ക്കു് ഈ ലക്ഷ്യം യൂറോപ്പിൽ എത്രത്തോളം സാദ്ധ്യമായി എന്നു് ഏറ്റവും നന്നായി മനസ്സിലാക്കാൻ പാപചിന്ത എന്നൊന്നില്ലാത്ത ലോകമായിരുന്ന ഗ്രീക്ക്‌ പൗരാണികതയ്ക്കു് നമ്മുടെ ചിന്താമേഖലകളുമായി ഇപ്പോഴുമുള്ള അന്യത്വം എത്ര വലുതാണു് എന്നു് ചിന്തിച്ചാൽ മതി – പരസ്പരസൗഹൃദം സ്ഥാപിക്കാനും കൂട്ടിച്ചേർക്കാനും പൂർണ്ണമനസ്സോടെ അനേകം തലമുറകളും എത്രയോ ഉൽകൃഷ്ടവ്യക്തികളും നടത്തിയ പരിശ്രമങ്ങൾക്കു് ഒരു കുറവും ഇല്ലാതിരുന്നിട്ടുകൂടി.

“നീ അനുതപിച്ചാലേ ദൈവം നിന്നോടു് കാരുണ്യവാനാവൂ” ഒരു പുരാതന ഗ്രീസ്കാരനില്‍ ഇതൊരു പൊട്ടിച്ചിരിയും അസഹ്യതയുമേ ജനിപ്പിക്കുമായിരുന്നുള്ളു: “അടിമകൾ അങ്ങനെ ചിന്തിച്ചേക്കാം” എന്നാവും അവൻ അതിനു് മറുപടി പറയുക. ഇവിടെ ഒരു ശക്തിമാനായ, അതിശക്തിമാനായ, എന്നിട്ടും പ്രതികാരദാഹിയായ ഒരു ദൈവമാണു് സങ്കല്‍പിക്കപ്പെടുന്നതു്: ബഹുമാനത്തിനു് പരിക്കേല്‍പിക്കുക എന്ന ഒരു കാര്യത്തിലൊഴികെ യാതൊരുവിധ ഹാനിയും വരുത്തുവാൻ ആർക്കും കഴിയാത്തത്ര വലിയതാണു് അവന്റെ ശക്തി. ഓരോ പാപവും ദൈവബഹുമാനത്തിനു് പരിക്കേൽപിക്കലാണു്, ദൈവത്തിന്റെ രാജകീയപ്രൗഢിയ്ക്കു് പരിക്കേൽപ്പിക്കുന്ന കുറ്റകൃത്യം – അതിൽ കൂടുതലൊന്നുമില്ല! പശ്ചാത്താപം, താഴാഴ്മ, പൊടിമണ്ണിൽ കിടന്നു് ഉരുളൽ – അതൊക്കെയാണു് അവൻ കരുണ ദാനം ചെയ്യുന്നതിനുള്ള ആദ്യത്തേതും അവസാനത്തേതുമായ നിബന്ധന: അതിനർത്ഥം, അതൊക്കെയാണു് അവന്റെ ദൈവികമഹത്വം പുനഃപ്രതിഷ്ഠിക്കപ്പെടുന്നതിനുള്ള നിബന്ധന!

പാപം വഴി മറ്റു് നഷ്ടങ്ങൾ വല്ലതും സംഭവിക്കുന്നുണ്ടോ, അതുവഴി നിഗൂഢമായതും പെരുകുന്നതും, മനുഷ്യരെ ഒന്നിനുപിറകെ ഒന്നായി പിടികൂടി ശ്വാസം മുട്ടിക്കുന്നതുമായ പകർച്ചവ്യാധിപോലെയുള്ള മറ്റു് അത്യാഹിതങ്ങളുടെ വിത്തുകൾ പാകപ്പെടുന്നുണ്ടോ – അതൊന്നും മഹത്വദാഹിയും പൗരസ്ത്യനുമായ ഈ സ്വർഗ്ഗവാസിയിൽ യാതൊരു ഉത്ക്കണ്ഠയും ഉണ്ടാക്കുന്നില്ല: പാപം എന്നതു് അവനോടു് ചെയ്യുന്ന ഒരു കുറ്റകൃത്യമാണു്, മാനവരാശിയോടുള്ളതല്ല! – തന്റെ കരുണ അവൻ ആർക്കാണോ ദാനം ചെയ്തതു്, അവനു് പാപങ്ങളുടെ സ്വാഭാവികമായ അനന്തരഫലങ്ങളെപ്പറ്റിയുള്ള ഉത്ക്കണ്ഠയില്ലായ്മയും അവൻ ദാനം ചെയ്യുന്നു.

മനുഷ്യരാശിക്കെതിരെ ഏതെങ്കിലും ഒരു പാപം ചെയ്യാൻ മൗലികമായിത്തന്നെ ആര്‍ക്കും ഒരിക്കലും കഴിയാത്തത്ര അകലത്തിൽ വേർപെട്ടതായും, പരസ്പരം എതിർതിരിഞ്ഞതായുമാണു് ദൈവവും മനുഷ്യനും ഇവിടെ ചിന്തിക്കപ്പെടുന്നതു് – ഓരോ പ്രവർത്തിയും അതിന്റെ പ്രകൃത്യതീതമായ അനന്തരഫലങ്ങളുടെ കാഴ്ചപ്പാടിൽ മാത്രമാണു് വിലയിരുത്തപ്പെടേണ്ടതു്, അവയുടെ പ്രകൃത്യനുസൃതമായ ഫലങ്ങളുടെ കാഴ്ചപ്പാടിലല്ല: പ്രകൃത്യനുസൃതമായതെല്ലാം പൊതുവേ അയോഗ്യമെന്നു് കരുതുന്ന യഹൂദചിന്ത അങ്ങനെയാണു് ആഗ്രഹിക്കുന്നതു്!

അതേസമയം, ഗ്രീക്കുകാര്‍ ഇതിനു് വിപരീതമായി ദൈവനിന്ദകനും അന്തസ്സു് ഉണ്ടാവാൻ കഴിയും എന്നു് ചിന്തിച്ചിരുന്നവരാണു് – പ്രമീതിയസിന്റെ (Prometheus) കാര്യത്തിലെന്ന പോലെ മോഷണത്തിലും, അസൂയാഭ്രാന്തിന്റെ ഫലമായി എജാക്സ്‌ (Ajax) നടത്തുന്ന കന്നുകാലിക്കൂട്ടക്കൊലയിലും: ദൈവനിന്ദകനുപോലും അന്തസ്സു് കൽപിച്ചു് പാടിപ്പുകഴ്ത്താനും കൂട്ടിച്ചേർക്കാനുമുള്ള ആഗ്രഹത്തിന്റെ പേരിൽ അവർ ട്രാജഡി കണ്ടുപിടിച്ചു – സാഹിത്യരചനാപരമായ കഴിവും ഔന്നത്യത്തിലേക്കുള്ള ചായ്‌വും ഒക്കെ ഉണ്ടായിട്ടുപോലും യഹൂദനു് അവന്റെ അഗാധസത്തയിൽ എന്നും അന്യമായി നിലനിന്ന ഒരു കലയും ഒരു ആസക്തിയും.

 
10 Comments

Posted by on Mar 29, 2009 in ഫിലോസഫി, മതം

 

Tags: , ,

10 responses to “പാപത്തിന്റെ ഉറവിടം

 1. ചാണക്യന്‍

  Mar 29, 2009 at 19:56

  വായിക്കുന്നുണ്ട്…..

   
 2. പ്രിയ ഉണ്ണികൃഷ്ണന്‍

  Mar 30, 2009 at 03:41

  “ഓരോ പ്രവർത്തിയും അതിന്റെ പ്രകൃത്യതീതമായ അനന്തരഫലങ്ങളുടെ കാഴ്ചപ്പാടിൽ മാത്രമാണു് വിലയിരുത്തപ്പെടേണ്ടതു് “

  അതെങ്ങനെ സാധ്യമാകും? പ്രകൃതിക്കതീതമായ അനന്തരഫലങ്ങളുടെ കാഴ്ചപ്പാട് അത്രയ്ക്ക് ലളിതമല്ലല്ലോ.

  ഓ.ടോ : ബാബൂജീ, ട്രാന്‍സന്‍‌ഡെന്റലിസത്തെക്കുറിച്ച് എഴുതാമോ… ഏറെ ഇഷ്ടപ്പെട്ട സബ്ജെക്റ്റാ 🙂

   
 3. സി. കെ. ബാബു

  Mar 30, 2009 at 10:34

  ചാണക്യൻ,
  നന്ദി.

  പ്രിയ,
  യഹൂദചിന്ത അങ്ങനെ (തെറ്റായി!) ആഗ്രഹിക്കുന്നു എന്നാണു് നീറ്റ്‌സ്‌ഷെ ഇവിടെ ഉദ്ദേശിക്കുന്നതു്.

  യഹൂദർ പ്രവർത്തികളെ അവയുടെ പ്രകൃത്യനുസൃതമായ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കാണാത്തതിനെ പരിഹസിക്കുകയാണു്, അഥവാ ചോദ്യം ചെയ്യുകയാണു് നീറ്റ്‌സ്‌ഷെ. ആ ഭാഗം ഇറ്റാലിക്സിൽ ആണു് കൊടുത്തിരിക്കുന്നതെന്നും ശ്രദ്ധിക്കുക.

  ഒന്നുകൂടി വായിച്ചാൽ മനസ്സിലാകും. എന്നിട്ടും മനസ്സിലായില്ലെങ്കിൽ ചിന്ത ‘മസാലദോശയെപ്പറ്റി’ ആയതുകൊണ്ടാവും. അതിനാൽ മൂന്നാമത്തെ വായന മസാലദോശക്കുശേഷം മാത്രം! 🙂

  രാമായണം/മഹാഭാരതം വീഡിയോ കാണാൻ തുടങ്ങുന്നതിനു് മുൻപായി മുട്ടത്തുവർക്കിയുടെ മറിയക്കുട്ടിയും, പാടാത്ത പൈങ്കിളിയും ഓടിച്ചു് വായിച്ചു് തീർക്കുന്നതുപോലെ ഫിലോസഫി വായിച്ചാൽ അതു് ‘കൊലയിലും വലിയ ചതി’ ആവും. പറഞ്ഞില്ലെന്നു് വേണ്ട! 🙂

  ‘ട്രാൻസെൻഡെന്റൽ മെഡിറ്റേഷൻ’ ആണു് ഉദ്ദേശിച്ചതെങ്കിൽ അതു് ഏതെങ്കിലും ഭാരതീയ ഭക്തന്മാർ എഴുതുന്നതാവും ഉചിതം. (കഞ്ചാവും കറുപ്പുമൊക്കെ ട്രാൻസെൻഡെന്റൽ മെഡിറ്റേഷനു് തുല്യമായതോ, അതിൽ കൂടിയതോ ആയ ഫലം നൽകുമെന്നാണു് കേട്ടിട്ടും കണ്ടിട്ടുമുള്ളതു്! വടക്കേ ഇൻഡ്യയിലെ പല ക്ഷേത്രപരിസരങ്ങളിലും ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ചില സ്വാമിമാരെ ശ്രദ്ധിച്ചാൽ ഇതു് നേരിട്ടു് മനസ്സിലാക്കാം.)

  ഇനി, ‘ട്രാൻസെൻഡെന്റൽ ഐഡിയലിസം’ ആണു് ഉദ്ദേശിച്ചതെങ്കിൽ അതു് ഒരുവിധമെങ്കിലും മനസ്സിലാവുന്ന വിധത്തിൽ എഴുതണമെങ്കിൽ റെനേ ഡെക്കാർട്ടിന്റെ പ്രോബ്ലമാറ്റിക്‌ ഐഡിയലിസം മുതൽ ജോർജ്ജ്‌ ബെർക്ക്ലിയുടെ ഡോഗ്മാറ്റിക്‌ ഐഡിയലിസവും ഇമ്മാന്വേൽ കാന്റിന്റെ ഫോർമ്മലിസ്റ്റിക്‌ ഐഡിയലിസവും അതിനപ്പുറവും ഒക്കെ വിവരിക്കേണ്ടിവരും. ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെയെയും ആധുനികശാസ്ത്രത്തെയും വേണ്ടവിധത്തിൽ മനസ്സിലാക്കിയാൽ ഇതിന്റെയൊന്നും കാര്യമായ ആവശ്യം വരില്ലെന്നാണു് എന്റെ തോന്നൽ – വേണ്ടത്ര അടിത്തറ ഇല്ലാതെ പുതിയവയെ മനസ്സിലാക്കാൻ എളുപ്പമല്ല എന്നു് സമ്മതിച്ചുകൊണ്ടുതന്നെ. എഴുതാനുള്ള വിഷയങ്ങളുടെ കുറവല്ല, സമയക്കുറവാണു് എന്റെ പ്രധാന പ്രശ്നം.

   
 4. ബിനോയ്

  Mar 30, 2009 at 11:45

  ബാബുമാഷേ ഹാജരുണ്ടേ 🙂

   
 5. പ്രിയ ഉണ്ണികൃഷ്ണന്‍

  Mar 30, 2009 at 16:33

  മനസ്സിലായെന്റപ്പനേ…

  ചെടാ ഒരു മസാലദോശ കാരണം മനുഷ്യന് ജീവിക്കാന്‍ വയ്യാണ്ടായല്ലോ

  ‘ അതീന്ദ്രിയത്തെക്കുറിച്ചാ ഉദ്ദേശിച്ചെ ‘

   
 6. സി. കെ. ബാബു

  Mar 30, 2009 at 21:41

  ബിനോയ്‌,
  ഹാജർ വച്ചതിനു് നന്ദി.

  പ്രിയ,
  ചിരിക്കാൻ തന്നെത്താൻ ഇക്കിളിയിടേണ്ട കാര്യമില്ല എന്നൊരു ഗുണം അതീന്ദ്രിയജ്ഞാനത്തെപ്പറ്റിയുള്ള ചിന്തകൾക്കു് തീർച്ചയായും ഉണ്ടു്. ‘Religulous’ എന്ന ഡോക്യുമെന്ററി കണ്ടില്ലെങ്കിൽ കാണുന്നതു് നല്ലതാണു്. ‘ridiculous religion’ എന്ന വാക്കുകളുടെ ഒരു ഭാഗിക സിന്തെസിസ്‌ ആണു് ആ പേരു്. പല മതങ്ങളിലെയും സാമാന്യബോധത്തിനു് നിരക്കാത്ത കെട്ടുകഥകൾ മുഴുവൻ നിത്യസത്യം എന്നു് അംഗീകരിക്കാൻ മനുഷ്യർ നിരുപാധികം തയാറാവുന്നതിനെ അതിൽ തുറന്നു് കാണിക്കുന്നുണ്ടു്. ഏദെൻ തോട്ടത്തിൽ വച്ചു് പാമ്പു് സ്ത്രീയുമായി ‘സംസാരിക്കുന്നതും’ അതുപോലെ മറ്റു് പല മതങ്ങളിലുമുള്ള ഇടിച്ചാലും കടിച്ചാലും പൊട്ടാത്ത ശാശ്വതസത്യ-മണ്ടത്തരങ്ങളുമൊക്കെ!

  അതീന്ദ്രിയവും, ട്രാൻസെൻഡെന്റൽ മെഡിറ്റേഷനും, വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങൾ ദേവീദേവന്മാരാവുന്നതും, വിഗ്രഹം സ്കോച്ച്‌ വിസ്ക്കി കുടിക്കുന്നതും, സായിബാബ അന്തരീക്ഷത്തിൽ നിന്നും ‘മീൻ’ പിടിക്കുന്നതും, അത്തരം പതിനായിരം മറ്റു് അത്ഭുതങ്ങളും എല്ലാം ഒരേ തൂവൽ പക്ഷികൾ മാത്രം. മതവിശ്വാസം ഒരുതരം ലഹരിയാണു്. ഒരു മനുഷ്യൻ ലഹരിയിൽ ആയിരിക്കുന്നിടത്തോളം അവനുമായി യുക്തിപൂർവ്വമായ ഒരു സംഭാഷണം സാദ്ധ്യമാവില്ല. അവൻ ലഹരിയിലാണെന്നു് അവനറിയില്ല, അവനെ അറിയിക്കാനും ആർക്കുമാവില്ല.

  മദ്യലഹരി ചിലപ്പോൾ നല്ല പൊട്ടിക്കൽ കിട്ടിയാൽ മാറും. വിശ്വാസലഹരിയുടെ അടിസ്ഥാനം ദൈവമാണു്. മനുഷ്യൻ കക്കൂസിൽ പോകുമ്പോഴും അവനെന്തു് ചെയ്യുന്നു എന്നു് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ദൈവം. അറുന്നൂറു് കോടി മനുഷ്യരുടെ ഏതേതു് മുടി എപ്പോൾ കൊഴിയുന്നു, എപ്പോൾ നരയ്ക്കുന്നു എന്നൊക്കെ കൃത്യമായി കണക്കെഴുതി സൂക്ഷിക്കുന്ന ദൈവം. ചത്താലും മനുഷ്യരുടെ സംരക്ഷണം ഉറപ്പായും ഏറ്റെടുക്കുന്ന ദൈവം! അതുകൊണ്ടു് വിശ്വാസലഹരിയുടെ കാര്യത്തിൽ എതിർ നിലപാടുകൾ, അവയെത്ര ന്യായമായതായാലും വിലപ്പോവില്ല. ‘നീയാരു്? എന്നെയും എന്റെ ദൈവത്തെയും ചോദ്യം ചെയ്യാൻ?’ ‘എന്റെയും ദൈവത്തിന്റെയും മുന്നിൽ നീയെന്ന മനുഷ്യൻ ആരു്?’ മറ്റു് മതവിശ്വാസികൾക്കു് എന്റെ സത്യവിശ്വാസത്തിനു് മുന്നിൽ എന്തു് വില? നിത്യസത്യം എന്നതു് ‘എന്റെയും’ ‘എന്റെ’ മതത്തിന്റെയും ‘എന്റെ’ ദൈവത്തിന്റെയും മാത്രം പക്ഷവും അവകാശവും!! എന്താ, ശരിയല്ലേ?

  ഒരിക്കൽ കൂടി: മതവിശ്വാസത്തിനു് അടിമയായ ഒരുവന്റെ വിവേചനബുദ്ധിയുടെ മീതെ, അവന്റെ എല്ലാ പ്രവർത്തികളുടെയും മീതെ വിശ്വാസം എന്ന ലഹരി ഒരു ഇരുണ്ട നിഴൽ പോലെ മൂടുന്നു. സ്വയം മോചിപ്പിച്ചാലല്ലാതെ മോചനമില്ലാത്ത, ആരംഭത്തിൽ തന്റെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ ചുറ്റുപാടുകളിൽ നിന്നും അവൻ ഏറ്റെടുത്ത, ഏറ്റെടുക്കാൻ നിർബന്ധിതനായ അവന്റെ വിശ്വാസമെന്ന കരിനിഴൽ!

   
 7. BS Madai

  Mar 31, 2009 at 09:20

  Present Sir…..

   
 8. സി. കെ. ബാബു

  Mar 31, 2009 at 16:21

  BS Madai,
  Good boy! Please take your honourable seat! 🙂

   
 9. govindan kutty

  Mar 31, 2009 at 18:16

  when nietzche wept എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ബ്ലോഗ് കണ്ടെത്തിയത് രസകരമായ ആകസ്മികത. നീത്ഷെയെ ഡോക്റ്റര്‍ ജോസഫ് ബ്ര്യൂവര്‍ മനോരോഗത്തിന് ചികിത്സിക്കുന്നതാണ് കഥ. അതിനിടെ ബ്ര്യൂവറിന്റെ മാനസികപ്രശ്നം നീത്ഷേയും അപഗ്രഥിക്കുന്നുണ്ട്. മാനസികചികിത്സയുടെ തുടക്കക്കാരനായ ബ്ര്യൂവറും നീത്ഷേയും ജീവിതത്തില്‍ നേരില്‍ കണ്ടിരുന്നില്ല. നോവലില്‍ ഉദ്ധരിക്കപ്പെടുന്ന നീത്ഷേമൊഴികളില്‍ ഒന്ന് ഇങ്ങനെ: നിങ്ങള്‍ നിങ്ങളായിത്തീരുക. become who you are.

   
 10. സി. കെ. ബാബു

  Apr 1, 2009 at 12:33

  ശ്രീ ഗോവിന്ദൻ കുട്ടി,

  ‘അവനവന്‍ ആയിരിക്കുക, സ്വന്തം അളവുകളും തൂക്കങ്ങളും കൊണ്ടു് തന്നെത്തന്നെ അളക്കുക’ – സാമൂഹ്യവാസന എന്നൊരു ‘നീറ്റ്‌സ്‌ഷെപോസ്റ്റിൽ’ ഇതു് കുറച്ചുകൂടി വ്യക്തമാക്കിയിട്ടുണ്ടു്.

  ‘നീ നിന്റെ സ്വന്തം വിവേചനബുദ്ധിയെ ഉപയോഗപ്പെടുത്തൂ!’ എന്നു് ഇമ്മാന്വേൽ കാന്റും വ്യക്തമായി പറഞ്ഞിട്ടുണ്ടു്. പക്ഷേ ആഹ്വാനങ്ങളുടെയും വ്യക്തമാക്കലുകളുടെയും കുറവല്ലല്ലോ മനുഷ്യൻ പഴയ മണ്ടത്തരങ്ങളിലും അന്ധവിശ്വാസങ്ങളിലും കടിച്ചുതൂങ്ങുന്നതിന്റെ കാരണം. കാന്റോ, നീറ്റ്‌സ്‌ഷെയോ, റൂസോയൊ, അതുപോലെ മറ്റെത്രയോ ചിന്തകരോ ശാസ്ത്രജ്ഞരോ വെളിപ്പെടുത്തിയ കാര്യങ്ങളെക്കാൾ യേശു വെള്ളം വീഞ്ഞാക്കുന്നതും, മരിച്ചവനെ ഉയിർപ്പിക്കുന്നതും, മുഹമ്മദ്‌ ഒറ്റരാത്രികൊണ്ടു് ഉടലോടെ സ്വർഗ്ഗത്തിൽ പോയിട്ടു് മടങ്ങിവരുന്നതും, മോശെ ചെങ്കടലിനെ രണ്ടായി പകുത്തതും, മഹർഷിമാരുടെ അത്ഭുതപരാക്രമങ്ങളും, കുരങ്ങു് പർവ്വതം പറിച്ചെടുത്തു് തലച്ചുമടായി പറക്കുന്നതും പോലെയുള്ള കഥാപ്രസംഗങ്ങളാണു് പൊതുജനത്തിനു് വേണ്ടതു്. അവർക്കു് വേണ്ടതു് അവർക്കു് ലഭിക്കുകയും ചെയ്യുന്നു.

  എഴുത്തും വായനയും അറിയാത്ത ഏതെങ്കിലും ആദിവാസികളാണു് ഇതൊക്കെ അക്ഷരംപ്രതി വിശ്വസിക്കുന്നതെങ്കിൽ അതു് മനസ്സിലാക്കാമായിരുന്നു. പക്ഷേ, ശാസ്ത്രത്തിലും മറ്റും ബിരുദമുള്ളവരും, രാഷ്ട്രത്തിൽ ജനങ്ങളെ നയിക്കേണ്ട നേതാക്കളും ഒക്കെയാണു് ഇത്തരം കെട്ടുകഥകൾ കൈകൾ കൂപ്പി, അർദ്ധനിമീലിതനേത്രങ്ങളോടെ, ധ്യാനനിമഗ്നരായി കേട്ടുനിന്നു് കോൾമയിർക്കൊള്ളുന്നതു്!! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതുപോലൊരു സമൂഹത്തിലെ സാമാന്യബോധമുള്ള ഏതൊരു മനുഷ്യനും ലജ്ജിക്കേണ്ട ഒരവസ്ഥയാണിതു്. അതിനുപകരം അവർ ഒറ്റനോട്ടത്തിലേ പരിഹാസ്യം എന്നു് തിരിച്ചറിയേണ്ട ഈ പൊട്ടത്തരങ്ങൾക്കു് ശാസ്ത്രീയമായ അടിത്തറയുണ്ടെന്നു് ‘തെളിയിക്കാൻ’ പെടാപ്പാടു് പെടുന്നു.

  കിണറ്റില്‍ വീണ ‘അമ്പിളിയമ്മാവനെ’ പാതാളക്കരണ്ടി കൊണ്ടു് കോരിയെടുക്കാൻ ശ്രമിച്ചു് കാലുതെറ്റി മലർന്നടിച്ചു് വീണപ്പോൾ ‘മാമൻ’ മോളിൽ നിൽക്കുന്നതു് കണ്ടു് വീണെങ്കിലും കാര്യം സാധിച്ചല്ലോ എന്നു് ആർപ്പിട്ട മുത്തുപിള്ളയുടെ നാട്ടുകാരല്ലേ നമ്മൾ!? ‘മായ മായ സകലതും മായ’!

  നീറ്റ്‌സ്‌ഷെയുടെ മനോരോഗത്തെപ്പറ്റി പറഞ്ഞതുകൊണ്ടു് ചിലതു് സൂചിപ്പിക്കട്ടെ:

  നീറ്റ്‌സ്‌ഷെ ഒരു മാനസികരോഗിയായിരുന്നു എന്നു് മുൻകൂറായി പ്രഖ്യാപിക്കുന്നതിനുള്ള വ്യഗ്രത പല വിശ്വാസിസുഹൃത്തുക്കളിലും കണ്ടിട്ടുണ്ടു്. നീറ്റ്‌സ്‌ഷെയുടെ ‘മനോരോഗത്തിനു്’ കാരണം organic ആയിരുന്നു എന്നറിയാമെന്നു് കരുതുന്നു.

  ഒരു മനുഷ്യന്റെ ചിന്തകളെയും പ്രവര്‍ത്തികളെയും നിഷേധിക്കാന്‍ അവന്റെ തികച്ചും വ്യക്തിപരമായ വൈകാരികജീവിതത്തെയും ഇഷ്ടാനിഷ്ടങ്ങളെയും ചെളിയിലിട്ടുരുട്ടുന്ന രീതിയിൽ നിന്നും ഇതുവരെ മോചിതരായിട്ടില്ലാത്തവരാണല്ലോ നമ്മൾ ഭാരതീയർ, പ്രത്യേകിച്ചും മലയാളികൾ. നമ്മുടെ നിലപാടുകളാണു് ഏറ്റവും ശരിയായതു് എന്നതിനുള്ള തെളിവുകളാണു് നമുക്കു് വേണ്ടതെന്നതിനാൽ നമ്മുടെ വിലയിരുത്തലുകൾ തേടുന്നതും അതിനു് പറ്റിയ കാരണങ്ങളായിരിക്കും. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു് നേരിടാന്‍ കഴിവില്ലാത്തവര്‍ ചെളി വാരിയെറിഞ്ഞു് സംതൃപ്തിപ്പെടുന്നു. ഉദാഹരണം വേണമെങ്കില്‍ ഇപ്പോള്‍ ശശി തരൂറിനെപ്പറ്റി നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം നോക്കിയാല്‍ മതി. ഞാന്‍ ശശി തരൂറിനെ അനുകൂലിക്കുന്നുവെന്നോ പ്രതികൂലിക്കുന്നുവെന്നോ ഇതിനര്‍ത്ഥമില്ല. വ്യക്തിയെ തുണിയുരിയുന്നതല്ല വിമര്‍ശനം.

  ഒരു വ്യക്തിയുടെ നിലപാടുകൾ, അവന്റെ ചിന്തകൾ, അവ എത്ര മഹത്തരമായിരുന്നാൽ തന്നെയും, രോഗമോ വാർദ്ധക്യമോ അപകടങ്ങളോ മൂലം മനസ്സിന്റെ ഇഷ്ടമനുസരിച്ചു് പ്രവർത്തിക്കാൻ ശരീരത്തിനോ, ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കാൻ മനസ്സിനോ കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ, അവന്റെ പരിചരണത്തിനു് ആരുമില്ലാത്ത അവസ്ഥയിൽ, അവൻ കിടന്ന കിടപ്പിൽ മലമൂത്രവിസർജ്ജനം ചെയ്തു് അതിൽത്തന്നെ കിടന്നു് നാറി നരകിച്ചു് ഒടുങ്ങേണ്ടതായിവരും എന്നു് നമുക്കെല്ലാം അറിയാവുന്നതായ ഒരു സത്യമാണു്. വീട്ടിൽ കിടന്നാണു് ചാവുന്നതെങ്കിൽ ചീഞ്ഞുനാറും. വെളിയിലാണെങ്കിൽ ശവംതീനികൾക്കു് ഇരയാവും. ഈ ദാരുണാവസ്ഥയിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ ഏതെങ്കിലും ഒരു ദൈവത്തിനോ, മനുഷ്യന്റെ ഉള്ളിൽ ഉണ്ടെന്നു് പഠിപ്പിക്കപ്പെടുന്ന പരമാത്മാവിനോ കഴിയില്ലതന്നെ. ചിന്താശേഷിയെ മാറ്റിനിർത്തിയാൽ, മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യർ മൃഗങ്ങൾ തന്നെ. ചിതലും ഉറുമ്പും, ആനയും ഒട്ടകവും ഒക്കെത്തമ്മിലുള്ളപോലുള്ള വ്യത്യാസങ്ങൾ മനുഷ്യരും മറ്റു് മൃഗങ്ങളും തമ്മിൽ ഉണ്ടെന്നതു് ശരിയെങ്കിൽ തന്നെയും. തത്വചിന്തകനായാലും, ശാസ്ത്രജ്ഞനായാലും, പരമോന്നതനായ ആത്മീയ പിതാവായാലും ഈ വസ്തുതകൾക്കു് മാറ്റം വരുന്നില്ല.

  ഇത്രയും നീറ്റ്‌സ്‌ഷെ ഒരു മാനസികരോഗിയായിരുന്നു എന്നു് അവമതിക്കാൻ ശ്രമിക്കുന്ന ബുദ്ധിമാന്മാർക്കുവേണ്ടി.

  വായനക്കു് നന്ദി.

   
 
%d bloggers like this: