RSS

കാര്യകാരണബന്ധം – (cause and effect)

23 Mar
(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)
“വിശദീകരണം” (explanation) എന്നാണു് നമ്മള്‍ അതിനെ വിളിക്കുന്നതു്: പക്ഷേ പൗരാണികമായ കാലഘട്ടങ്ങളിലെ ജ്ഞാനത്തില്‍ നിന്നും ശാസ്ത്രത്തില്‍ നിന്നും നമ്മളെ വേര്‍തിരിക്കുന്നതു് “വര്‍ണ്ണന”യാണു് (description). നമ്മള്‍ കൂടുതല്‍ മെച്ചമായി വര്‍ണ്ണിക്കുന്നു – പക്ഷേ, മുന്‍പുണ്ടായിരുന്നവരെപ്പോലെതന്നെ നമ്മളും വളരെ കുറച്ചേ വിശദീകരിക്കുന്നുള്ളു. പഴയ സംസ്കാരങ്ങളിലെ അപരിഷ്കൃതരായ ആളുകളും അന്വേഷകരും “കാരണവും” “ഫലവും” (cause and effect) എന്നു് പറയപ്പെടുന്ന രണ്ടു് വ്യത്യസ്തകാര്യങ്ങള്‍ മാത്രമാണു് കണ്ടതെങ്കില്‍ നമ്മള്‍ നാനാവിധമായ ഒന്നിനുപിറകെഒന്നുകള്‍ കണ്ടെത്തി; രൂപമെടുക്കലിന്റെ (becoming) ചിത്രം നമ്മള്‍ പൂര്‍ത്തീകരിച്ചു, എങ്കിലും ആ ചിത്രത്തിന്റെ അപ്പുറമോ അതിനു് പിന്നിലോ എത്തിച്ചേര്‍ന്നതുമില്ല.

എല്ലാവിധത്തിലും കൂടുതല്‍ പൂര്‍ണ്ണമായി “കാരണങ്ങളുടെ” നിരകള്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നതിനാല്‍ നമ്മള്‍ ഇങ്ങനെ തീരുമാനിക്കുന്നു: അതോ ഇതോ ഒക്കെ സംഭവിക്കാന്‍ അതും ഇതുമൊക്കെ ആദ്യമേ സംഭവിച്ചിരിക്കണം – പക്ഷേ അതുവഴി നമ്മള്‍ എന്തെങ്കിലും മനസ്സിലാക്കുക എന്നതു് ഉണ്ടായില്ല. ഉദാഹരണത്തിനു്, ഏതൊരു രാസപരമായ രൂപമെടുക്കലിലും ഗുണം (quality) എന്നതു് ഒരു “അത്ഭുതമായി” പണ്ടേപ്പോലെതന്നെ നമുക്കു് തോന്നുന്നു, അതുപോലെതന്നെയാണു് ഓരോ യാന്ത്രികചലനങ്ങളും; തള്ളല്‍ (push) എന്നാല്‍ എന്തെന്നു് ആരും “വിശദീകരിച്ചില്ല”. എങ്ങനെ നമുക്കു് അതൊക്കെ വിശദീകരിക്കാന്‍ കഴിയും! വരകള്‍, പ്രതലങ്ങള്‍, രൂപങ്ങള്‍, പരമാണുക്കള്‍, വിഭജിക്കാവുന്ന സമയഘട്ടങ്ങള്‍, വിഭജിക്കാവുന്ന സ്ഥലങ്ങള്‍ (spaces) മുതലായ ഇല്ലാത്ത കാര്യങ്ങള്‍ കൊണ്ടാണു് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ – എല്ലാറ്റിനേയും നമ്മള്‍ ആദ്യമേതന്നെ ചിത്രങ്ങളായി, നമ്മുടെ ചിത്രങ്ങളായി, മാറ്റുമ്പോള്‍ എങ്ങനെയാണു് വിശദീകരണം എന്നതു് സാദ്ധ്യം പോലുമാവുന്നതു്!

കാര്യങ്ങളെ കഴിവതും വിശ്വസ്തമായി മാനുഷീകരിക്കാനുള്ള ഒരു ശ്രമമായി ശാസ്ത്രത്തെ പരിഗണിച്ചാല്‍ ധാരാളം മതി; കാര്യങ്ങളെയും അവയുടെ ഒന്നിനുപിറകെഒന്നുകളെയും വര്‍ണ്ണിക്കുന്നതിലൂടെ നമ്മള്‍ നമ്മെത്തന്നെ കൂടുതല്‍ കൃത്യമായി വര്‍ണ്ണിക്കുവാന്‍ പഠിക്കുന്നു.
കാരണവും ഫലവും: അത്തരമൊരു ദ്വിത്വം (duality) ഒരുപക്ഷേ ഒരിക്കലും നിലനില്‍ക്കുന്നില്ല – നമ്മുടെ മുന്നിലെ അവിച്ഛിന്നതയില്‍നിന്നും (continuum) ഏതാനും കഷണങ്ങള്‍ വേര്‍പെടുത്തി എടുക്കുക മാത്രമാണു് സത്യത്തില്‍ നമ്മള്‍ ചെയ്യുന്നതു്; അഥവാ, ഒരു ചലനത്തെ എപ്പോഴും ഒറ്റപ്പെട്ട ബിന്ദുക്കളായി മാത്രം നമ്മള്‍ നിരീക്ഷിക്കുന്നതുപോലെ, യഥാര്‍ത്ഥത്തില്‍ കാണുകയല്ല, അനുമാനിക്കുകമാത്രമാണു് (നമ്മള്‍ ചെയ്യുന്നതു്). വിവിധതരം ഫലങ്ങള്‍ (effects) സംഭവിക്കുന്നതിന്റെ ഗതിവേഗം നമ്മെ വഴിതെറ്റിക്കുന്നു; പക്ഷേ ആ ഗതിവേഗം നമുക്കു് മാത്രമാണു്. നമുക്കു് പിടികിട്ടാത്ത അനന്തമായ എത്രയോ പ്രക്രിയകള്‍ ഈ ദ്രുതഗതിയുടെ നിമിഷത്തില്‍ സംഭവിക്കുന്നുണ്ടു്.
കാരണവും ഫലവും എന്നതു് നമ്മുടെ രീതി അനുസരിച്ചു് യഥേഷ്ടം വിഭജിക്കപ്പെട്ടതും കഷണിക്കപ്പെട്ടതുമായി കാണാതെ, അവിച്ഛിന്നതയായി കാണാന്‍ കഴിയുന്ന, സംഭവപരമ്പരകളുടെ ഒരു പ്രവാഹമായി കാണാന്‍ കഴിയുന്ന ഒരു മനുഷ്യബുദ്ധി (intellect) കാര്യകാരണബന്ധം എന്ന ആശയം വലിച്ചെറിയുകയും എല്ലാ നിബന്ധനത്വവും (coditionality) നിഷേധിക്കുകയും ചെയ്യും.
 
10 Comments

Posted by on Mar 23, 2009 in ഫിലോസഫി

 

Tags: ,

10 responses to “കാര്യകാരണബന്ധം – (cause and effect)

 1. ചാണക്യന്‍

  Mar 23, 2009 at 15:55

  നല്ല സംരംഭം..തുടരുക….
  ആശംസകള്‍…

   
 2. പ്രിയ ഉണ്ണികൃഷ്ണന്‍

  Mar 23, 2009 at 16:52

  കോസ് ആന്റ് ഇഫെക്റ്റ് !

  ഇതേപ്പറ്റി കുറച്ചൂടി എഴുതാമോ?

   
 3. അനില്‍@ബ്ലോഗ്

  Mar 23, 2009 at 17:31

  “കാരണവും ഫലവും എന്നതു് നമ്മുടെ രീതി അനുസരിച്ചു് യഥേഷ്ടം വിഭജിക്കപ്പെട്ടതും കഷണിക്കപ്പെട്ടതുമായി കാണാതെ, അവിച്ഛിന്നതയായി കാണാന്‍ കഴിയുന്ന,”

  തലപെരുക്കുന്നു.

  എന്നാലും “പ്രാര്‍ത്ഥനാ ഗ്രന്ധം ഓതും പോലെ” വായിച്ചു , തല്‍ക്കാലം.
  🙂

   
 4. സി. കെ. ബാബു

  Mar 24, 2009 at 15:57

  ചാണക്യന്‍,
  നന്ദി.

  പ്രിയ,
  വിപുലമായ ഒരു വിഷയമാണതു്. കാര്യകാരണബന്ധം നിലനില്‍ക്കുന്നു എന്നു് തോന്നുന്ന ധാരാളം കാര്യങ്ങള്‍ ദൈനംദിനജീവിതത്തില്‍ സ്വാഭാവികമായും ഉണ്ടു്. അതു് cause and effect ഒരു പ്രപഞ്ചനിയമം ആയി നിര്‍വചിക്കുന്നതിനുള്ള ന്യായമല്ല. ക്വാണ്ടം ഫിസിക്സും, തലച്ചോറിനെ സംബന്ധിച്ചു് ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചു് അറിവിനെപ്പറ്റിയും, തീരുമാനങ്ങള്‍ രൂപമെടുക്കുന്നതിനെപ്പറ്റിയുമൊക്കെ മനുഷ്യര്‍ നടത്തുന്ന ഇന്നത്തെ പഠനങ്ങളും അത്തരം ഒരു നിഗമനത്തെ നിഷേധിക്കുന്നവയാണു്.

  കാരണങ്ങളുടെ എല്ലാം ആദ്യകാരണമായി ദൈവത്തെ നിര്‍വചിക്കാന്‍ വരെ ചിലര്‍ ചില കാലങ്ങളില്‍ cause and effect-നെ ഉപയോഗിച്ചിട്ടുണ്ടു്. ശാസ്ത്രം ഇന്നെവിടെ എത്തി നില്‍ക്കുന്നു എന്നതിനെപ്പറ്റിയൊന്നും കാര്യമായ അറിവില്ലാത്തവര്‍ ഇന്നും അത്തരം വാദമുഖങ്ങള്‍ ഉന്നയിക്കാറുമുണ്ടു്. അവിടെ എതിര്‍വാദങ്ങള്‍ കൊണ്ടുചെന്നിട്ടു് വലിയ കാര്യമൊന്നുമില്ല. ശാസ്ത്രജ്ഞാനി എന്നു് ഭാവിച്ചു് ശാസ്ത്രത്തെ വിമര്‍ശിക്കുന്നവനു് ശാസ്ത്രമെന്തെന്നതു് പോയിട്ടു് മിഥ്യാസങ്കല്പമെന്നാല്‍ എന്തെന്നു് പോലും ‍അറിയില്ല എന്നതാണു് സത്യം. ദൈവം എന്ന ഒരു സാങ്കല്പികസര്‍വ്വജ്ഞാനിയിലുള്ള വിശ്വാസം മൂലം മനുഷ്യന്‍ സര്‍വ്വജ്ഞാനി ആകുന്നില്ല. പക്ഷേ പലപ്പോഴും അത്തരമൊരു നിലപാടാണു് ഇക്കൂട്ടരില്‍ പൊതുവേ കണ്ടുവരുന്നതു്. ദൈവം എന്ന ആദ്യകാരണത്തിനു് ഒരു കാരണം വേണ്ടെങ്കില്‍ അങ്ങനെയൊരു കാരണം വേണ്ടാത്തതിനും ഒരു കാരണം വേണ്ടേ എന്ന ചോദ്യം ചോദിക്കപ്പെടുന്നില്ല. കാരണം, എന്തുകൊണ്ടോ മനുഷ്യരുടെ ദൈവം എന്ന സങ്കല്പം ചോദ്യങ്ങള്‍ക്കു് അതീതമായ എന്തോ ഒന്നാണു്. അതേസമയം സംശയരഹിതവും പൂര്‍ണ്ണവുമായ യാഥാര്‍ത്ഥ്യവും!

  ഒരുവന്റെ ചോദ്യങ്ങള്‍ക്കു് അവനു് ലഭിക്കുന്ന മറുപടികളില്‍ അവന്‍ സംതൃപ്തനാണോ അല്ലയോ എന്നതു് അവന്റെ ആകമാനഅറിവിന്റെ അളവില്‍ അധിഷ്ഠിതമായ കാര്യമാണു്. ഇത്തരം കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നതുതന്നെ അങ്ങേയറ്റം അസാധാരണവും! പണ്ടാരോ പറഞ്ഞതു് കാണാതെ പഠിച്ചു് നിരന്തരം ഛര്‍ദ്ദിക്കുന്ന “പണ്ഡിതരില്‍” നിന്നും അവയെല്ലാം അതേപടി എളുപ്പത്തിന്റെയും കഴിവില്ലായ്മയുടെയും പേരില്‍ വേദവാക്യമായി ഇക്കൂട്ടര്‍ ഏറ്റെടുക്കുന്നു. സ്വയം ചിന്തിക്കുക എന്നതാണു് ഇക്കൂട്ടര്‍ക്കു് ഏറ്റവും മടിയുള്ള കാര്യം. മനുഷ്യരുടെ ഈ ചായ്‌വിനെപ്പറ്റി റൂസോ എഴുതിയതു് വായിച്ചതായി ഓര്‍ക്കുന്നു.

  അനില്‍@ബ്ലോഗ്,
  “പ്രാര്‍ത്ഥനാഗ്രന്ഥം ഓതുമ്പോലെ” ഫിലോസഫി വായിക്കുന്നവര്‍ ഉണ്ടാവുമെന്നു് അറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല, “ഭാവിയില്‍ ഒരുപക്ഷേ ആളുകള്‍ എന്നെയും ഒരു വിശുദ്ധനായി പ്രഖ്യാപിച്ചേക്കും” എന്നു് നീറ്റ്സ്‌ഷെ പറഞ്ഞതു്. 🙂

   
 5. പ്രിയ ഉണ്ണികൃഷ്ണന്‍

  Mar 24, 2009 at 18:59

  നന്ദി 🙂

   
 6. ..Bliпп!ппiIВ..

  Mar 25, 2009 at 11:14

  സത്യത്തില്‍ എന്തൊക്കെയാ നടക്കുന്നത്.!!! എല്ലാം സത്യത്തില്‍ അനിശ്ചിതം തന്നെ.. ഇപ്പം ശരിക്കും ബോധ്യപ്പെട്ടുവരുന്നു..

  ..മനുഷ്യാ,
  “എന്തുകൊണ്ട്‌ ?” “എന്തിന്‌?” ഇതൊക്കെ നീ നിന്റെ ഗള്ളീല്‌ കെടന്ന്‌ അലക്കിയാല്‍ മതി..
  അല്ലെ CK?

   
 7. സി. കെ. ബാബു

  Mar 26, 2009 at 11:00

  Blinn,
  എന്തുചെയ്യാന്‍? അനിശ്ചിതത്വത്തെ അനിശ്ചിതത്വമായി കാണുന്നതിനുപകരം അതിനുപിന്നില്‍ ഏതോ അദൃശ്യശക്തിയുടെ കളി കാണുന്നതാണു് മനുഷ്യനു് കൂടുതലിഷ്ടം. മനുഷ്യരുടെ ഈ ബലഹീനത അറിയാവുന്നവര്‍ അവരെ മുതലെടുക്കുന്നു! ദൈവം എന്ന ആശയത്തേപ്പോലെ അതിനു് അനുയോജ്യമായ മറ്റൊരു തന്ത്രമില്ല. മനുഷ്യത്വമോ ആത്മാര്‍ത്ഥതയോ തൊട്ടുതീണ്ടിയില്ലാത്ത ആര്‍ക്കും സുഖജീവിതത്തിനു് പറ്റിയ മാര്‍ഗ്ഗം. മജീഷ്യന്മാര്‍ കാണികളുടെ കണ്ണുവെട്ടിക്കാനായി ധരിക്കുന്നതുപോലുള്ള വിചിത്രമായ ചില വസ്ത്രങ്ങള്‍ കൂടി വാരിച്ചാര്‍ത്തിയാല്‍ കാര്യം വളരെ എളുപ്പമായി. തീനാളം, ജലം, ചന്ദനത്തിരി, കുന്തുരുക്കസുഗന്ധം, പിന്നെയൊരല്‍പം ഓം ഹ്രീം, തനിക്കുതന്നെ നല്ല നിശ്ചയമില്ലാത്ത കുറെ പൊട്ടത്തരങ്ങള്‍ ഇടിച്ചാല്‍ പൊട്ടാത്തതും, ദൈവത്തില്‍ നിന്നും നേരിട്ടു് ഏറ്റെടുത്തതുമായ പരമസത്യങ്ങള്‍ എന്ന രീതിയില്‍ ഒരു ഭാവഭേദവും മുഖത്തു് കാണിക്കാതെ കാണികളോടു് വിളിച്ചു് കൂവുന്നതിനുള്ള തൊലിക്കട്ടി ഇത്രയൊക്കെ മതി മുതല്‍മുടക്കായി.

  കറന്‍സി ഇരട്ടിപ്പിക്കാം എന്നു് പറഞ്ഞു് അടുത്തുകൂടുന്നവരെ വിശ്വസിക്കുന്നു ചില മനുഷ്യര്‍! പിന്നെയാണു് സകലപ്രപഞ്ചത്തിന്റെയും സ്രഷ്ടാവായി വാഴിച്ചിരിക്കുന്ന ഒരു സര്‍വ്വശക്തനെ വിറ്റു് കാശാക്കല്‍! ദൈവം ഇല്ലെന്നോ ഉണ്ടെന്നോ തെളിയിക്കാന്‍ ഒരു സിബിഐക്കും ഒട്ടു് കഴിയുകയുമില്ല!!

   
 8. ..Bliпп!ппiIВ..

  Mar 27, 2009 at 10:10

  ബാബു മാഷ്,..
  മാഷ് പറഞപോലെ, പ്രപഞ്ചത്തില്‍ നടക്കുന്നതെല്ലാം മനുഷ്യന്റെ യുക്തിക്കനുസരിച്ചുള്ളതാവണം എന്ന മനുഷ്യന്റെ സ്റ്റീരിയോറ്റൈപ്പ് ചിന്താഗതിയില്‍ നിന്നുമാണ്‌ ദൈവങ്ങളുടെ പിറവി. ഇതെല്ലാം സംഭവിക്കണമെങ്കില്‍ ഒരു കാരണം വേണമല്ലൊ (ശാസ്ത്ര നിഗമനങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ കഴിയാതെ വന്നപോള്‍, മത തത്വങ്ങളില്‍ ഇത്തിരി വിട്ടുവീഴ്ച്ചയൊക്കെ നടത്തിയാണ്‌ ഈ പറഞ “കാരണം” എന്നതിലേക്ക്‌ തന്നെ എത്തിയത്. അതിനുമുന്‍പ്‌ ദൈവം ഒരു കാരണമല്ലായിരുന്നു, മറിച്ച് ഇമ്മിണി ബല്യ ഒരു മനുഷ്യന്‍, അല്ലെങ്കില്‍ രാജാതിരാജന്‍, മാഷ് പണ്ട്‌ പറഞപോലെ, ആകാശത്ത്‌ പത്മാസനത്തില്‍ ഇരുന്ന്‌ ഭൂതകണ്ണടവച്ച് മനുഷ്യനെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മനുഷ്യമനസ്സുള്ള അരൂപി..)

  സത്യത്തില്‍ കാര്യകാരണത്തില്‍ നിന്നും ഈ എന്റെ ചിന്ത മുക്തി നേടിയതും ഈ അടുത്താണ്‌.കാര്യകാരണബന്ദത്തെ കുറിച്ചുള്ള നല്ല വല്ല ലിങ്കോ മറ്റൊ ഉണ്ടെങ്കില്‍ പറയാന്‍ മറക്കരുത്‌.

   
 9. സി. കെ. ബാബു

  Mar 27, 2009 at 16:28

  Blinn,
  കാര്യകാരണബന്ധം സംബന്ധിച്ചു് കുറച്ചുകാര്യങ്ങള്‍ ഇവിടെ വായിക്കാം.

   
 10. ..Bliпп!ппiIВ..

  Mar 30, 2009 at 07:37

  Thankyou…

   
 
%d bloggers like this: