RSS

ധാര്‍മ്മികതയും ഫിസിക്സും

05 Mar
(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)

എത്ര മനുഷ്യര്‍ക്കു് നിരീക്ഷിക്കാനറിയാം! അതറിയാവുന്ന ചുരുക്കം പേരില്‍ തന്നെ – എത്രപേര്‍ സ്വയം നിരീക്ഷിക്കുന്നുണ്ടു്! ‘ഓരോരുത്തനും അവനില്‍ നിന്നുതന്നെയാണു് ഏറ്റവും അകലത്തില്‍’ – ഇതു് ഏതു് ‘സൂക്ഷ്മപരിശോധകരും’ മനോവ്യഥയോടെ മനസ്സിലാക്കുന്ന കാര്യമാണു്; “നീ നിന്നെത്തന്നെ തിരിച്ചറിയുക” എന്ന, ദൈവം മനുഷ്യരോടു് അരുളിച്ചെയ്യുന്ന നീതിവാക്യം മിക്കവാറും കല്‍പിച്ചുകൂട്ടിയുള്ള ഒരു ദ്രോഹചിന്തപോലെയാണു്! ആത്മനിരീക്ഷണത്തിന്റെ കാര്യം യഥാര്‍ത്ഥത്തില്‍ അത്രമാത്രം നിരാശാജനകമാണെന്നതിനു്, ധാര്‍മ്മിക നടപടികളുടെ സാരാംശത്തെപ്പറ്റി മിക്കവാറും എല്ലാ മനുഷ്യരും സംസാരിക്കുന്ന രീതി സാക്ഷ്യം വഹിക്കുന്നു: ദ്രുതമായ, ആകാംക്ഷയുള്ള, ഉത്തമബോദ്ധ്യമായ, വായാടിത്തമായ അവരുടെ രീതി, അതിന്റെ ആവിഷ്കരണം, അതിന്റെ മന്ദഹാസം, അതിന്റെ മര്യാദയോടെയുള്ള അത്യുത്സാഹം! അവര്‍ നിന്നോടു് ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നെന്നു് തോന്നുന്നപോലെ: “എന്റെ പ്രിയപ്പെട്ട സുഹൃത്തേ, കൃത്യമായി അതിലാണെന്റെ വൈദഗ്ദ്ധ്യം! നിന്നോടു് മറുപടി പറയാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തിയിലേക്കാണു് നീ നിന്റെ ചോദ്യം തിരിച്ചുവിട്ടതു്: യാദൃച്ഛികമായി ഇക്കാര്യത്തിലെപ്പോലെ മറ്റൊന്നിലും ഞാന്‍ അത്ര ജ്ഞാനിയല്ല”.

അതായതു്: “അതു് അങ്ങനെതന്നെയാണു് ശരി” എന്നൊരു മനുഷ്യന്‍ വിധിക്കുകയും, “അതുകൊണ്ടു് അതു് സംഭവിക്കണം” എന്നു് തീരുമാനിക്കുകയും, അങ്ങനെ അവന്‍ ശരിയെന്നു് തിരിച്ചറിയുകയും, ആവശ്യം എന്നു് കരുതുകയും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ അവന്റെ നടപടികളുടെ സാരാംശം ‘ധാര്‍മ്മികം’ ആണു്!

പക്ഷേ, എന്റെ പ്രിയ സുഹൃത്തേ, ഇവിടെ നീ ഒരു നടപടിയെപ്പറ്റി എന്നതിനു് പകരം മൂന്നു് നടപടികളെപ്പറ്റിയാണു് എന്നോടു് സംസാരിക്കുന്നതു്: ഉദാഹരണത്തിനു്, “അതു് അങ്ങനെതന്നെയാണു് ശരി” എന്ന നിന്റെ വിധി ഒരു പ്രവൃത്തിയാണു് – ഏതൊരു വിധി കല്‍പിക്കലും ധാര്‍മ്മികമോ അധാര്‍മ്മികമോ ആയ രീതിയില്‍ നടത്തിക്കൂടെ? ഇതാണു്, കൃത്യമായി ഇതുമാത്രമാണു് ശരി എന്നു് എന്തടിസ്ഥാനത്തില്‍ നീ തീരുമാനിക്കുന്നു?

“എന്റെ മനസ്സാക്ഷി എന്നോടു് പറയുന്നതുകൊണ്ടു്; മനസ്സാക്ഷി ഒരിക്കലും അധാര്‍മ്മികമായി സംസാരിക്കുകയില്ല, ധാര്‍മ്മികം എന്നാല്‍ എന്തായിരിക്കണമെന്നു് നിശ്ചയിക്കുന്നതുതന്നെ മനസ്സാക്ഷിയാണു്!”

പക്ഷേ സുഹൃത്തേ, എന്തുകൊണ്ടു് നീ നിന്റെ മനസ്സാക്ഷിയുടെ ഭാഷക്കു് ചെവി കൊടുക്കുന്നു? അത്തരമൊരു വിധി സത്യവും, തെറ്റുപറ്റാത്തതുമാണെന്നു് പരിഗണിക്കാന്‍ എത്രത്തോളം നിനക്കു് അവകാശമുണ്ടു്? നിന്റെ ഈ വിശ്വാസത്തിനു് ഇപ്പറയുന്ന മനസ്സാക്ഷി ഇല്ലേ? ബൗദ്ധികമനസ്സാക്ഷി എന്നൊന്നിനെപ്പറ്റി നിനക്കൊന്നും അറിയില്ലേ? നിന്റെ ‘മനസ്സാക്ഷി’ക്കു് പിന്നിലുള്ള ഒരു മനസ്സാക്ഷിയെപ്പറ്റി? “അതു് അങ്ങനെതന്നെയാണു് ശരി” എന്ന നിന്റെ വിധിക്കു് നിന്റെ സഹജവാസനകകളില്‍, നിന്റെ ഇഷ്ടങ്ങളില്‍, അനിഷ്ടങ്ങളില്‍, അനുഭവങ്ങളില്‍, അനുഭവമില്ലായ്മകളില്‍ എല്ലാം മറഞ്ഞുകിടക്കുന്ന ഒരു മുന്‍ചരിത്രമുണ്ടു്; “അതു് എങ്ങനെയാണു് അവിടെ രൂപമെടുത്തതു്?” എന്നു് ആദ്യംതന്നെ നീ നിന്നോടു് ചോദിക്കണം. പിന്നീടു്: “അതിനു് ചെവി നല്‍കാന്‍ എന്താണു് എന്നെ പ്രേരിപ്പിക്കുന്നതു്?” എന്നു് തുടര്‍ന്നു് ചോദിക്കുക.

തന്റെ ഓഫീസറുടെ കല്‍പനകള്‍ ചെവിക്കൊള്ളുന്ന ഉത്തമനായ ഒരു പട്ടാളക്കാരനേപ്പോലെ നിനക്കു് നിന്റെ മനസ്സാക്ഷിയുടെ കല്‍പനകളെ ചെവിക്കൊള്ളാം. അല്ലെങ്കില്‍, കല്‍പിക്കുന്നവനെ സ്നേഹിക്കുന്ന ഒരു സ്ത്രീയെപ്പോലെ. അല്ലെങ്കില്‍, കല്‍പിക്കുന്നവനെ ഭയപ്പെടുന്ന ഒരു മുഖസ്തുതിക്കാരനെയോ ഭീരുവിനെയോ പോലെ. അതുമല്ലെങ്കില്‍, എതിരായി ഒന്നും പറയാനില്ലാത്തതുകൊണ്ടു് നിശബ്ദം പിന്തുടരുന്ന ഒരു ഭോഷനെപ്പോലെ. ചുരുക്കത്തില്‍, ഒരു നൂറു് തരത്തില്‍ നിനക്കു് നിന്റെ മനസ്സാക്ഷിക്കു് ചെവിനല്‍കാം.

ഇങ്ങനെയോ അങ്ങനെയോ ഉള്ള ഏതെങ്കിലും ഒരു വിധി നിന്റെ മനസ്സാക്ഷിയുടെ ഭാഷയായി നീ കേള്‍ക്കുന്നതിന്റെ – അതായതു്, ഏതെങ്കിലും ഒരുകാര്യം ശരിയാണു് എന്നു് നിനക്കു് തോന്നുന്നതിന്റെ കാരണം നീ നിന്നെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതിലും, ബാല്യം മുതല്‍ ശരിയാണെന്നു് നിന്നോടു് പറഞ്ഞിട്ടുള്ളവയെ നീ അന്ധമായി അംഗീകരിച്ചതിലുമാവാം കിടക്കുന്നതു്: അല്ലെങ്കില്‍, നിന്റെ കര്‍ത്തവ്യം എന്നു് നീ വിളിക്കുന്ന കാര്യങ്ങള്‍ വഴി ഇതുവരെ നിനക്കു് ഉപജീവനമാര്‍ഗ്ഗവും ബഹുമതിയും ലഭിച്ചതിലുമാവാം അതിന്റെ കാരണം – അവ നിന്റെ ‘നിലനില്‍പിന്റെ നിബന്ധനകള്‍’ ആയി നിനക്കു് തോന്നുന്നതുകൊണ്ടു് നീ അവയെ ‘ശരി’ ആയി പരിഗണിക്കുന്നു (നിലനില്‍ക്കാന്‍ നിനക്കൊരു അവകാശമുണ്ടെന്നതു് നിന്നെസംബന്ധിച്ചു് അനിഷേധ്യമാണുതാനും!). നിന്റെ ധാര്‍മ്മികവിധിയുടെ ‘അചഞ്ചലത്വം’ നിന്റെ വ്യക്തിപരമായ നികൃഷ്ടതയുടെ, വ്യക്തിത്വമില്ലായ്മയുടെ തെളിവാവാം, നിന്റെ ‘ധാര്‍മ്മികശക്തി’യുടെ ഉറവ നിന്റെ നിര്‍ബന്ധബുദ്ധിയില്‍ ആവാം – അല്ലെങ്കില്‍ പുതിയ ആദര്‍ശങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നിന്റെ കഴിവുകേടില്‍ ആവാം!

ചുരുക്കിപ്പറഞ്ഞാല്‍: നീ സൂക്ഷ്മമായി ചിന്തിച്ചിരുന്നെങ്കില്‍, നന്നായി നിരീക്ഷിച്ചിരുന്നെങ്കില്‍, കൂടുതല്‍ പഠിച്ചിരുന്നെങ്കില്‍ നിന്റെ ഈ ‘കര്‍ത്തവ്യ’ത്തേയും നിന്റെ ഈ ‘മനസ്സാക്ഷി’യേയും തീര്‍ച്ചയായും നീ കര്‍ത്തവ്യം എന്നോ മനസ്സാക്ഷി എന്നോ വിളിച്ചുകൊണ്ടിരിക്കുമായിരുന്നില്ല: പൊതുവേ ധാര്‍മ്മികവിധികള്‍ എങ്ങനെയാണു് രൂപംകൊണ്ടതു് എന്നതിനെക്കുറിച്ചുള്ള നിന്റെ ധാരണ, ശ്രേഷ്ഠമായ ഈ പദങ്ങളെ ഉപയോഗശൂന്യമാക്കുമായിരുന്നു – ഉദാഹരണത്തിനു് പാപം, മോക്ഷം, വീണ്ടെടുപ്പു് മുതലായ ശ്രേഷ്ഠപദങ്ങള്‍ നിനക്കു് ഉപയോഗശൂന്യമായതുപോലെ. – ഇനി ഇപ്പോള്‍ നീ എന്നോടു് ‘നിരുപാധിക അനുപേക്ഷ്യത’ (categorical imperative)* ഒന്നും ഉദ്ധരിക്കാതിരിക്കൂ സുഹൃത്തേ! – ആ വാക്കു് എന്റെ ചെവിയില്‍ ഇക്കിളിയിടുന്നു, നിന്റെ ഗൗരവസാന്നിദ്ധ്യത്തില്‍ പോലും എനിക്കു് ചിരിക്കേണ്ടിവരുന്നു: പഴയ കാന്റിനെയാണു് (Immanuel Kant) ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നതു്. വക്രമാര്‍ഗ്ഗങ്ങളിലൂടെ ‘വസ്തു അതില്‍ത്തന്നെ’ (thing in itself) – അതും വളരെ പരിഹാസ്യമായ ഒരു കാര്യം തന്നെ! – എന്ന ആശയത്തിലെത്തിച്ചേര്‍ന്ന കാന്റിന്റെ ഹൃദയത്തില്‍ ആ കുറ്റത്തിന്റെ ശിക്ഷ എന്നോണം ‘നിരുപാധികാനുപേക്ഷ്യത’ നുഴഞ്ഞുകയറുകയും അതുവഴി വീണ്ടും ‘ദൈവം’, ‘ആത്മാവു്’, ‘സ്വാതന്ത്ര്യം’, ‘മരണമില്ലായ്മ’ മുതലായവയിലേക്കു് ഒരു കുറുക്കന്‍ വഴിതെറ്റി തന്റെ കൂട്ടിലേക്കു് പിന്തിരിയുന്നതുപോലെ അവന്‍ വഴിതെറ്റി പിന്തിരിയുകയും ചെയ്തു – എന്നിരുന്നാല്‍ തന്നെയും കാന്റിന്റെ ശക്തിയും സാമര്‍ത്ഥ്യവും ആയിരുന്നു ആ കൂടു് തള്ളിത്തുറന്നതു്!

എന്തു്? നീ നിന്നിലെ ‘നിരുപാധിക അനുപേക്ഷ്യത’യെ ആദരിക്കുന്നുവെന്നോ? ധാര്‍മ്മികവിധി എന്നു് വിളിക്കപ്പെടുന്ന നിന്റെ ‘അചഞ്ചലത്വത്തെ’? “എല്ലാവരും എന്നേപ്പോലെതന്നെ വിധിക്കണം” എന്ന വികാരത്തിന്റെ ‘നിരുപാധികത്വത്തെ’? അതിനേക്കാള്‍ ഇവിടെ നീ നിന്റെ സ്വാര്‍ത്ഥപരതയെ ആദരിക്കൂ! നിന്റെ സ്വാര്‍ത്ഥതയുടെ അന്ധതയെ, നിസ്സാരത്വത്തെ, ലാളിത്യത്തെ! എന്തെന്നാല്‍, ഒരുവനു് അവന്റെ വിധി ഒരു പൊതുനിയമം ആയി തോന്നുന്നതു് സ്വാര്‍ത്ഥതയാണു്; ഈ സ്വാര്‍ത്ഥപരത വീണ്ടും അന്ധവും നിസ്സാരവും ലളിതവുമാണു്. കാരണം, അതു് തുറന്നു് കാണിക്കുന്നതു് നീ ഇതുവരെ നിന്നെത്തന്നെ കണ്ടെത്തിയിട്ടില്ലെന്നും, നീ നിനക്കു് സ്വന്തമായ, നിന്റേതു് മാത്രമായ ഒരു ആദര്‍ശം ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്നുമാണു് – അതു് ഒരിക്കലും മറ്റൊരുവന്റേതാവാന്‍ കഴിയില്ല, അപ്പോള്‍പിന്നെ ‘എല്ലാവരുടേതും എല്ലാവരുടേതും’ ആവുന്ന കാര്യം മിണ്ടാതിരിക്കുക!

“ഈ കാര്യത്തില്‍ ഓരോരുത്തരും ഈ രീതിയില്‍ പ്രവര്‍ത്തിക്കണം” എന്നു് ഇപ്പോഴും വിധിക്കുന്നവന്‍ ആത്മജ്ഞാനത്തിലേക്കു് അഞ്ചു് ചുവടുപോലും നടന്നിട്ടില്ല, അല്ലെങ്കില്‍ അവന്‍ അറിഞ്ഞേനെ:

ഒരുപോലെയുള്ള പ്രവൃത്തികള്‍ ഇല്ലെന്നു്, ഉണ്ടാവാന്‍ കഴിയില്ലെന്നു്,

ഇന്നോളം ചെയ്യപ്പെട്ടതായ ഓരോ പ്രവൃത്തിയും അതുല്യമായ, വീണ്ടും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ചെയ്യപ്പെട്ടവയാണെന്നു്,

ഭാവിയില്‍ ചെയ്യപ്പെടാനിരിക്കുന്ന ഓരോ പ്രവൃത്തികളുടെ കാര്യത്തിലും അതു് ഇങ്ങനെതന്നെ ആയിരിക്കുമെന്നു്,

പ്രവൃത്തിസംബന്ധമായ നിയന്ത്രണങ്ങള്‍ പരുക്കനായ ബാഹ്യതലത്തിനു് മാത്രമാണു് ബാധകമെന്നു് (ഇതുവരെയുള്ള ഏറ്റവും ആന്തരികവും സൂക്ഷ്മവുമായ ധാര്‍മ്മികതകളുടെ നിയന്ത്രണങ്ങള്‍ക്കുപോലും ഇതു് ബാധകമാണെന്നു്),

ഈ നിയന്ത്രണങ്ങള്‍ വഴി സമാനതയെന്നൊരു തോന്നല്‍, അതേ യഥാര്‍ത്ഥത്തില്‍ ഒരു തോന്നല്‍ മാത്രം നേടാനായേക്കാമെന്നു്,

അതിനെപ്പറ്റി ചിന്തിക്കുമ്പോഴോ, പിന്തിരിഞ്ഞു് നോക്കുമ്പോഴോ, ഓരോ പ്രവൃത്തിയും അപ്രവേശ്യമായതും, എന്നാളും അങ്ങനെമാത്രം ആയിരിക്കുന്നതുമായ ഒന്നാണെന്നു്,

പ്രവൃത്തി തിരിച്ചറിയപ്പെടാവുന്നതല്ലാത്തതുകൊണ്ടു് ‘നല്ലതു്’, ‘കുലീനം’, മഹത്തരം’ മുതലായ നമ്മുടെ അഭിപ്രായങ്ങള്‍ പ്രവൃത്തികള്‍ വഴി സത്യമെന്നു് തെളിയിക്കപ്പെടാവുന്നതല്ലെന്നു്,

തീര്‍ച്ചയായും നമ്മുടെ അഭിപ്രായങ്ങള്‍, വിലയിരുത്തലുകള്‍, മൂല്യപട്ടികകള്‍ എല്ലാം നമ്മുടെ പ്രവൃത്തികളുടെ യന്ത്രഘടനയിലെ ഏറ്റവും ശക്തമായ ഉത്തോലകങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നു്,

എങ്കിലും ഓരോ പ്രത്യേക കാര്യങ്ങളില്‍ അവയുടെ മെക്കാനിക്സിന്റെ നിയമങ്ങള്‍ തെളിയിക്കപ്പെടാവുന്നതല്ലെന്നു്.

അതുകൊണ്ടു് നമുക്കു് നമ്മുടെ അഭിപ്രായങ്ങളുടെയും വിലയിരുത്തലുകളുടെയും ശുദ്ധീകരണത്തിലേക്കും, പുതിയതും സ്വന്തവുമായ മൂല്യപട്ടികകളുടെ സൃഷ്ടിയിലേക്കും നമ്മെ ചുരുക്കാം – ‘നമ്മുടെ പ്രവൃത്തികളുടെ ധാര്‍മ്മികമൂല്യ’ത്തെപ്പറ്റി നമുക്കു് ഇനിമേല്‍ ആധിപിടിക്കാതിരിക്കാം! അതേ, സുഹൃത്തുക്കളേ! ഒരുവന്‍ മറ്റൊരുവനെപ്പറ്റി നടത്തുന്ന ധാര്‍മ്മികവായാടിത്തത്തെ സംബന്ധിച്ചു് നമുക്കു് മനംപിരട്ടല്‍ തോന്നേണ്ട സമയമായി! ധാര്‍മ്മികന്യായപീഠത്തില്‍ ഇരിക്കുന്നതു് നമുക്കു് അരോചകമാവേണ്ടിയിരിക്കുന്നു! ആ വായാടിത്തവും ദുഷിച്ച അഭിരുചികളും നമുക്കു് ഭൂതകാലത്തെ കാലത്തിലൂടെ ഏതാനും ചെറിയ ചുവടുകള്‍ മുന്നോട്ടു് വലിക്കുക എന്നതു് മാത്രമല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്തവരും, വര്‍ത്തമാനകാലത്തില്‍ ജീവിക്കാത്തവരുമായവര്‍ക്കു് വിട്ടുകൊടുക്കാം – അവര്‍ക്കെന്നാല്‍ അധികം പേര്‍ക്കും, മിക്കവാറും എല്ലാവര്‍ക്കും! പക്ഷേ, നമ്മള്‍ ആരാണോ, അവരാവാനാണു് നമ്മള്‍ ആഗ്രഹിക്കുന്നതു് – പുതിയവര്‍, അദ്വിതീയര്‍, താരതമ്യപ്പെടുത്താനാവാത്തവര്‍, തങ്ങള്‍ക്കു് സ്വന്തം നിയമം നല്‍കുന്നവര്‍, തങ്ങളെ സ്വയം നിര്‍മ്മിക്കുന്നവര്‍! അതിനു് നമ്മള്‍ നിയമപരവും, ഈ ലോകത്തില്‍ അനിവാര്യവുമായ എല്ലാത്തിന്റേയും ഏറ്റവും നല്ല പഠനക്കാരും കണ്ടുപിടുത്തക്കാരുമാവണം: ഈ അര്‍ത്ഥത്തില്‍ സ്രഷ്ടാക്കള്‍ ആവാന്‍ കഴിയണമെങ്കില്‍ നമ്മള്‍ ഫിസിസിസ്റ്റുകള്‍ ആവണം – കാരണം, ഇതുവരെയുള്ള വിലയിരുത്തലുകളും ആദര്‍ശങ്ങളും ഒന്നുകില്‍ ഫിസിക്സിനെപ്പറ്റിയുള്ള അജ്ഞതയില്‍ അധിഷ്ഠിതമോ, അല്ലെങ്കില്‍ ഫിസിക്സിനു് വിരുദ്ധമായി പടുത്തുയര്‍ത്തപ്പെട്ടതോ ആയിരുന്നു. അതുകൊണ്ടു്: ഫിസിക്സ്‌ നീണാള്‍ വാഴട്ടെ! അതിലും കൂടുതലായി എന്താണോ നമ്മെ ഫിസിക്സിലേക്കു് നിര്‍ബന്ധിക്കുന്നതു് അതു്! – നമ്മുടെ സത്യസന്ധത!

* “Act only according to that maxim whereby you can at the same time will that it should become a universal law.” വിശദമായി വേണമെങ്കില്‍ മുകളിലെ ലിങ്കില്‍ വായിക്കാം.

 
7 Comments

Posted by on Mar 5, 2009 in ഫിലോസഫി

 

Tags: , ,

7 responses to “ധാര്‍മ്മികതയും ഫിസിക്സും

 1. suraj::സൂരജ്

  Mar 5, 2009 at 14:01

  “നിരുപാധിക അനുപേക്ഷ്യത” !! ഇതെവിടുന്നു തപ്പിയെടുക്കുന്നു മാഷേ..? അമ്മച്ചിയാണെ ആ ഡിക്ഷ്ണറി ഒരു ദിവസം ഞാന്‍ ചൂണ്ടും…. ;))

   
 2. ചാണക്യന്‍

  Mar 5, 2009 at 14:10

  വായിക്കുന്നുണ്ട് മാഷെ,
  ആശംസകള്‍….

   
 3. സി. കെ. ബാബു

  Mar 5, 2009 at 14:17

  സൂരജ്,
  “നിരുപാധിക വിധിരൂപം” ആയിരുന്നു വേറൊരു സ്ഥാനാര്‍ത്ഥി. പക്ഷേ വ്യാകരണച്ചുവ ഇത്തിരി കൂടുതലല്ലേന്നൊരു സംശ്യം. എന്നാല്‍ കിടക്കട്ടെ “നിരുപാധിക അനുപേക്ഷ്യത” എന്നുകരുതി! കൂടാതെ ആശയപരമായി അതാണു് കാന്റിനോടു് കൂടുതല്‍ അടുത്തു് നില്‍ക്കുന്നതെന്നൊരു തോന്നലും‍‍!

  “മോര്‍മോണിനെ” മറന്നിട്ടില്ല! ചില കമന്റുകള്‍ കാണുമ്പോള്‍ ചില പോസ്റ്റുകള്‍ക്കു് priority കല്പിക്കേണ്ടിവരുന്നു! തണുത്ത കാപ്പിയും ചൂടന്‍ ബിയറും കഴിക്കുന്നതില്‍ ഭേദം വെള്ളമിറങ്ങാതെ ചാവുന്നതല്ലേ? അതു്‌ ഞാന്‍ പ്രത്യേകം പറയണ്ടല്ലോ! 🙂

  നന്ദി, ചാണക്യന്‍.

   
 4. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ

  Mar 5, 2009 at 20:32

  ചില പദങ്ങളുടെ തര്‍ജ്ജമ വളരെ വിഷമം പിടിച്ചതു തന്നെ. യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം ദ്യോദിപ്പിക്കുവാന്‍ കെല്‍പ്പുള്ള പദം കണ്ടു പിടിക്കുക എന്നത് തര്‍ജ്ജമയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും സാങ്കേതിക പദങ്ങള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍.

  ബാബുവിന്റെ പോസ്റ്റുകള്‍ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്. തലയില്‍ കുറച്ചു വെളിച്ചം കടന്ന അവസ്ഥ അവ വായിക്കുമ്പോഴൊക്കെ തോന്നാറുണ്ടെന്നത് മറച്ചു വയ്ക്കുന്നില്ല. ആശംസകള്‍.

   
 5. സി. കെ. ബാബു

  Mar 5, 2009 at 23:23

  മോഹന്‍,
  ദേവന്മാര്‍ക്കും ദേവികള്‍ക്കും സൂര്യനും ചന്ദ്രനും താമരയ്ക്കുമൊക്കെ ഇഷ്ടം പോലെ പര്യായപദങ്ങള്‍ ഉണ്ടു്. പക്ഷേ ശാസ്ത്രീയമോ അബ്സ്ട്രാക്റ്റോ ആയ അന്യഭാഷാപദങ്ങള്‍ക്കു്‌ തുല്യമായ വാക്കുകള്‍ മഷിയിട്ടു് നോക്കിയാലും കിട്ടില്ല. നമ്മുടെ ആത്മീയ സ്വാമിമാര്‍ക്കു് ദൈവവുമായി ബന്ധപ്പെടാന്‍‍ ഓം ഹ്രീം ധാരാളം മതിയായിരുന്നല്ലോ! രാഷ്ട്രീയത്തിനും സിനിമക്കും സുധാകരസൂക്തങ്ങള്‍ തന്നെ അധികവും! അതുകൊണ്ടു് തര്‍ജ്ജമയില്‍ തെറ്റിദ്ധാരണ ഇല്ലാതെ ആശയം വെളിപ്പെടുത്തുക അത്ര എളുപ്പമല്ല. ഒറിജിനല്‍ വാക്കുകള്‍ ബ്രാക്കറ്റില്‍ കൊടുത്തു്‌ ചിലപ്പോള്‍ രക്ഷപെടാം എന്നതു് ഭാഗ്യം. വായനക്കു് നന്ദി.

   
 6. BS Madai

  Mar 6, 2009 at 13:20

  അപ്പോ നല്ലൊരു ഫിസിസിസ്റ്റിനേ നല്ലൊരു ദൈവമാവാനും കഴിയൂ, അല്ലേ മാഷെ!? ഹ ഹ ഹ – ഇതാണു ശരിക്കും വൈരുദ്ധ്യാമകത!
  തര്‍ജ്ജമയില്‍ വിഷയത്തിന്റെ ലളിതവല്‍ക്കരണം വളരെ ദുഷ്കരം തന്നെ – പദങ്ങളുടെ ദൌര്‍ലഭ്യം അത് ഒന്നുകൂടി പരിമിതപ്പെടുത്തുന്നു. ഈ പ്രയത്നങ്ങള്‍ക്ക് നന്ദി, തുടരുക. എല്ലാ ആശംസകളും.

   
 7. സി. കെ. ബാബു

  Mar 6, 2009 at 13:49

  BS Madai,
  നമ്മള്‍ ഫിസിസിസ്റ്റ്സ് ആവണമെന്നതു്‌ നീറ്റ്സ്‌ഷെ ഇവിടെ വാച്യാര്‍ത്ഥത്തിലല്ല ഉപയോഗിച്ചതു് എന്നറിയാമല്ലോ അല്ലേ? ഗ്രീക്ക് ഫിലോസഫിയും ബൈബിളും യൂറോപ്യന്‍ ചരിത്രവുമൊക്കെ അരച്ചുകലക്കിക്കുടിച്ച ‍നീറ്റ്സ്‌ഷെയെ തെറ്റിദ്ധരിക്കാന്‍ ഒരല്പം അശ്രദ്ധ മതി. ഹിറ്റ്ലര്‍ക്കും ജര്‍മ്മന്‍ നാറ്റ്സികള്‍ക്ക്കും നീറ്റ്ഷെചിന്തകളെ തെറ്റായി വ്യാഖ്യാനിച്ചു് സ്വന്തം ലക്ഷ്യം നേടാന്‍ കഴിഞ്ഞതും അതുകൊണ്ടാണു്! അതിനു് നീറ്റ്സ്‌ഷെയുടെ മരണശേഷം അവന്റെ ചില എഴുത്തുകളിലെ തിരുത്തലുകള്‍ വഴി സഹോദരി എലിസബെത്ത് അവളുടെ പങ്കു് വഹിച്ചു എങ്കില്‍ത്തന്നെയും!

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: