RSS

മരണത്തെപ്പറ്റിയുള്ള ചിന്ത

02 Mar
(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)

മരണത്തെപ്പറ്റിയുള്ള ചിന്ത

തെരുവുകളുടെ ദുര്‍ഘടതകളുടെയും, ആവശ്യങ്ങളുടെയും, ബഹളങ്ങളുടെയും നടുവില്‍ ജീവിക്കേണ്ടിവരുമ്പോള്‍ അതെന്നില്‍ വിഷാദഭാവം കലര്‍ന്നൊരു ഭാഗ്യം സൃഷ്ടിക്കുന്നു. എത്രമാത്രം ആസ്വാദനവും, അക്ഷമയും, അഭിലാഷവും, എത്രമാത്രം വരണ്ട ജീവിതവും, ജീവിതത്തിന്റെ മദോന്മത്തതയുമാണു് ഓരോ നിമിഷവും അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു്! എങ്കില്‍ത്തന്നെയും, ബഹളം വയ്ക്കുന്നവരും, ജീവിക്കുന്നവരും, ജീവിതദാഹികളുമായ ഇവര്‍ക്കുമുഴുവന്‍ താമസിയാതെ എല്ലാം നിശബ്ദമാവും. ഓരോരുത്തന്റെയും തൊട്ടുപിന്നില്‍ അവന്റെ നിഴല്‍, അവന്റെ ഇരുണ്ട സഹയാത്രികന്‍ നില്‍ക്കുന്നുണ്ടു്! ദേശാന്തരഗമനം ചെയ്യുന്ന ഒരു കപ്പലിന്റെ യാത്രാരംഭത്തിനു് മുന്‍പുള്ള ഏറ്റവും അവസാനത്തെ നിമിഷം പോലെയാണതു്: പരസ്പരം പറഞ്ഞറിയിക്കാന്‍ മുന്‍പൊരിക്കലുമില്ലാതിരുന്നത്ര കാര്യങ്ങള്‍! ആ നാഴിക ഞെരുക്കുന്നു, ഈ ശബ്ദമുഖരിതകളുടെ എല്ലാം പിന്നില്‍ ഇരയ്ക്കായി അത്യാര്‍ത്തിയോടെ, ഉറപ്പോടെ സമുദ്രവും അതിന്റെ ശൂന്യമായ നിശബ്ദതയും അക്ഷമയോടെ കാത്തിരിക്കുന്നു. അതോടൊപ്പം അവരെല്ലാവരും ഇതുവരെ ഉണ്ടായിരുന്നതെല്ലാം ഒന്നുമായിരുന്നില്ലെന്നും, അല്ലെങ്കില്‍ കുറവായിരുന്നുവെന്നും, അടുത്ത ഭാവിയില്‍ വരാനിരിക്കുന്നതാണു് എല്ലാമെന്നും കരുതുന്നു – എല്ലാവരും! അതുകൊണ്ടാണു് ഈ തിരക്കു്, ഈ ആര്‍പ്പുവിളി, ഈ സ്വയം ചെവിപൊട്ടിക്കല്‍, സ്വയം മുന്‍ഗണന നേടല്‍! ആ ഭാവിയില്‍ ഓരോരുത്തനും ഒന്നാമനാവണം – പക്ഷേ, മരണവും ശ്മശാനനിശബ്ദതയും മാത്രമാണു് ആ ഭാവിയില്‍ എല്ലാവര്‍ക്കും പൊതുവായതും തികച്ചും തീര്‍ച്ചയായതും! എന്നിട്ടും ഈ ഒരേയൊരു തീര്‍ച്ചയും പൊതുത്വവും മനുഷ്യരെ മിക്കവാറും ഒട്ടുംതന്നെ ബാധിക്കുന്നില്ലെന്നു് മാത്രമല്ല, അവര്‍ മരണവുമായുള്ള അവരുടെ സാഹോദര്യത്വം തിരിച്ചറിയുന്നതില്‍ നിന്നും അങ്ങേയറ്റം അകലെയുമാണു്!

മരണത്തെ സംബന്ധിച്ച ചിന്തകള്‍ ചിന്തിക്കാന്‍ മനുഷ്യര്‍ സമ്പൂര്‍ണ്ണമായും തയ്യാറില്ല എന്നു് കാണുന്നതു് എന്നെ ഭാഗ്യവാനാക്കുന്നു. ജീവിതത്തെ സംബന്ധിച്ച ചിന്തകള്‍ മരണചിന്തകളേക്കാള്‍ നൂറുമടങ്ങു് ചിന്തായോഗ്യമാക്കുന്നതിനുവേണ്ടി സന്തോഷത്തോടെ എന്തെങ്കിലും ചെയ്യുവാനാണു് ഞാന്‍ ആഗ്രഹിക്കുന്നതു്.

സദാചാരഘോഷകരോടു്

ഞാന്‍ സദാചാരം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനു് ആഗ്രഹിക്കുന്നവര്‍ക്കു് ഞാന്‍ ഇങ്ങനെ ഒരു ഉപദേശം തരുന്നു: ഉത്കൃഷ്ടമായ എല്ലാ കാര്യങ്ങളുടെയും അവസ്ഥകളുടെയും മൂല്യവും മാഹാത്മ്യവും ഉന്മൂലനം ചെയ്യാനാണു് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ അധരവ്യായാമം ഇതുവരെയെന്നപോലെതന്നെ ഇനിയും തുടരുക! അവയെ നിങ്ങളുടെ ധര്‍മ്മാചാരങ്ങളുടെ (moral) തലപ്പത്തു് പ്രതിഷ്ഠിച്ചു്, രാവിലെ മുതല്‍ വൈകിട്ടുവരെ സ്വഭാവഗുണത്തിലെ ഭാഗ്യത്തെപ്പറ്റിയും, ആത്മാവിന്റെ ശാന്തിയെപ്പറ്റിയും, നീതിനിഷ്ഠയെപ്പറ്റിയും, സര്‍വ്വാന്തര്‍യാമിയായ ന്യായവിധിയെപ്പറ്റിയും വാതോരാതെ ചിലയ്ക്കുക. നിങ്ങള്‍ അതു് ചെയ്യുന്ന രീതി അനുസരിച്ചു് ആ നല്ല കാര്യങ്ങള്‍ക്കു് അവസാനം ഒരു ജനസമ്മതിയും തെരുവിന്റെ ആര്‍പ്പുവിളികളും നേടാനാവും. പക്ഷേ അപ്പോഴേക്കും അവയുടെ പുറത്തെ സ്വര്‍ണ്ണം മുഴുവന്‍ തേഞ്ഞുപോയിട്ടുണ്ടാവും! പോരാ, അവയുടെ അകത്തെ സ്വര്‍ണ്ണം മുഴുവന്‍ ഈയമായി മാറിയിട്ടുണ്ടാവും! ആല്‍കെമിയുടെ വിപരീതകലയില്‍, അഥവാ അമൂല്യമായവയെ അവമൂല്യനം ചെയ്യുന്നതില്‍, സത്യമായിട്ടും നിങ്ങള്‍ അതിസമര്‍ത്ഥരാണു്!

ഇതുവരെയെന്നതുപോലെ ഇനിയും നിങ്ങള്‍ അന്വേഷിക്കുന്നതിന്റെ നേരെ വിപരീതമായതു് ലഭിക്കാതിരിക്കാന്‍ ഒരു പരീക്ഷണം എന്ന നിലയില്‍ നിങ്ങള്‍ മറ്റൊരു രീതി ശ്രമിച്ചുനോക്കൂ: ആ നല്ല കാര്യങ്ങളെ നിഷേധിക്കൂ, ജനക്കൂട്ടത്തിന്റെ കയ്യടികളില്‍നിന്നും, ലഘുവായ പ്രചാരങ്ങളില്‍ നിന്നും അവയെ സ്വതന്ത്രമാക്കൂ, അവയെ വീണ്ടും ഏകാന്തമനസ്സുകളുടെ ഗുപ്തമായ ലജ്ജാശീലമാക്കി മാറ്റൂ, ധര്‍മ്മാചാരം നിഷിദ്ധമായ എന്തോ ആണെന്നു് പറയൂ! ഒരുപക്ഷേ അങ്ങനെ നിങ്ങള്‍ക്കു് ഇത്തരം കാര്യങ്ങളുടെ നേരെയുള്ള മനുഷ്യരുടെ രീതി ഉള്‍ക്കൊള്ളാനായേക്കും, അതിലാണു് കാര്യം. “വീരോചിതം”, അതാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്. പക്ഷേ, അപ്പോള്‍ ഭയക്കേണ്ടതായ ചിലതു് അവയിലുണ്ടാവണം, അല്ലാതെ, ഇതുവരെയെന്നപോലെ, അറപ്പു് തോന്നേണ്ടവയാവരുതു്!

ധര്‍മ്മാചാരങ്ങളെ സംബന്ധിച്ചു് ഇന്നു് പറയേണ്ടതു് മാസ്റ്റര്‍ എക്‍ഹാര്‍ട്ട്‌ (Meister Eckhart) പറഞ്ഞപോലെയാണു്: “ദൈവത്തില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ ഞാന്‍ ദൈവത്തോടു് അപേക്ഷിക്കുന്നു.”

 
14 Comments

Posted by on Mar 2, 2009 in ഫിലോസഫി

 

Tags: ,

14 responses to “മരണത്തെപ്പറ്റിയുള്ള ചിന്ത

  1. വേറിട്ട ശബ്ദം

    Mar 2, 2009 at 15:07

    ഈ നല്ല പോസ്റ്റിനു നന്ദി…

     
  2. പ്രിയ ഉണ്ണികൃഷ്ണന്‍

    Mar 2, 2009 at 17:36

    ‘ സദാചാരഘോഷകരോട് ‘ വായിച്ചപ്പോ എന്തൊക്ക്യോ തോന്നി. എന്താന്നു പറയാന്‍ പറ്റില്ല.

     
  3. ചാണക്യന്‍

    Mar 2, 2009 at 17:40

    ” ജനക്കൂട്ടത്തിന്റെ കയ്യടികളില്‍നിന്നും, ലഘുവായ പ്രചാരങ്ങളില്‍ നിന്നും അവയെ സ്വതന്ത്രമാക്കൂ,…”-

    മാഷെ,
    നല്ല സംരംഭം..ഈ പരിഭാഷ തുടരുക…..
    ആശംസകള്‍…..

     
  4. ജ്വാല

    Mar 2, 2009 at 18:45

    ‘ദൈവം മരിച്ചു..”എന്ന നീഷെ യുടെ പരാമര്‍ശം ഇതുവരെയും മനസ്സ് അംഗീ‍കരിക്കുവാന്‍ കൂട്ടാക്കിയിട്ടില്ല.അതുപോലെ മരണത്തിലുള്ള സാഹോദര്യം മനസ്സിലാക്കുവാനും മനപൂര്‍വ്വം വിസ്മരിക്കുന്നു.
    നല്ല പോസ്റ്റ്.ആശംസകള്‍

     
  5. വേണു venu

    Mar 2, 2009 at 20:36

    ഓരോരുത്തനും ഒന്നാമനാവണം – പക്ഷേ, മരണവും ശ്മശാനനിശബ്ദതയും മാത്രമാണു് ആ ഭാവിയില്‍ എല്ലാവര്‍ക്കും പൊതുവായതും തികച്ചും തീര്‍ച്ചയായതും!
    അവിടെ ആര്‍ക്കും ഒന്നാമനാകാതെ പിന്നില്‍ എത്രയും പിന്നിലെത്താനുള്ള ശ്രമവും.
    ബാബു മാഷേ ചിന്ത തുടരട്ടെ…

     
  6. സി. കെ. ബാബു

    Mar 2, 2009 at 22:23

    വേറിട്ട ശബ്ദം,
    നന്ദി.

    പ്രിയ,
    “മോറല്‍ ഘോഷിക്കല്‍ എളുപ്പമാണു്‌, മോറല്‍ സ്ഥാപിക്കല്‍ പ്രയാസവും” എന്ന ഷൊപ്പെന്‍ഹവ്വറുടെ ഒരു വാചകം ഇവിടെ ഒരു അടിസ്ഥാനചിന്ത എന്ന രീതിയില്‍ കൂട്ടിച്ചേര്‍ത്തു് വായിക്കാവുന്നതാണു്. ഷൊപ്പെന്‍‌ഹവ്വര്‍ നീറ്റ്സ്‌ഷെയുടെ ഗുരുവായിരുന്നല്ലോ, പിന്നീടു് ആശയപരമായി അകന്നെങ്കിലും.

    മറ്റൊരിടത്തു് നീറ്റ്സ്‌ഷെ: “കാട്ടുമൃഗത്തിന്റെ നീചത്വവും തിന്മയും മറച്ചുവയ്ക്കാനുള്ള മുഖംമൂടി എന്നതിനേക്കാള്‍, മെരുങ്ങിയ മൃഗങ്ങള്‍ എന്ന നിലയില്‍ അരോചകമായ സ്വന്തദര്‍ശനം മറച്ചുവയ്ക്കാനാണു് മനുഷ്യനു് മോറല്‍-മൂടുപടം കൂടുതല്‍ ആവശ്യം.”

    ചാണക്യന്‍,
    നീറ്റ്സ്‌ഷെയുടെ ആശയങ്ങളില്‍ നമ്മുടെ സമൂഹത്തിനു് റെലവന്റ് ആയ ചിലതു് തെരഞ്ഞെടുത്തു് തര്‍ജ്ജമ ചെയ്യുകയാണു് ലക്ഷ്യം, കഴിയുന്നിടത്തോളം.

    ജ്വാല,
    മരണത്തിലുള്ള സഹോദര്യം മനുഷ്യര്‍ മനസ്സിലാക്കാത്തതു് വിഷാദാത്മകമെങ്കിലും ഒരു ഭാഗ്യമായിട്ടാണു് നീറ്റ്സ്‌ഷെ കാണുന്നതു് എന്നു് മറക്കണ്ട . മരണത്തേക്കാള്‍ ജീവിതമാവണം ചിന്തകളുടെ കേന്ദ്രബിന്ദു എന്നതാണു് ഇവിടെ സൂചന.

    “ദൈവം മരിച്ചു” എന്നതു് അതേസമയം അതിനേക്കാളൊക്കെ വളരെ എളുപ്പം മനസ്സിലാക്കാവുന്ന കാര്യമാണു്. മനുഷ്യരുടെ ദൈവം ജീവിക്കുന്നവനും, സ്നേഹിക്കുന്നവനും, കോപിക്കുന്നവനും, സഹായിക്കുന്നവനും, ദ്രോഹിക്കുന്നവനുമൊക്കെയാണു്, ആവണം. അങ്ങനെ അല്ലാത്തൊരു ദൈവത്തെക്കൊണ്ടു് മനുഷ്യനു് എന്തു് പ്രയോജനം? ലുഡ്‌വിഗ് ഫൊയര്‍ബാഹിന്റെ ദൈവാപഗ്രഥനം.

    ഓരോ മനുഷ്യന്റെ ദൈവവും അവന്‍ മരിക്കുന്നതോടെ മരിക്കുന്നു. മനുഷ്യന്റെ ദൈവം മനുഷ്യനോളം മാത്രം! മനുഷ്യരേ ഇല്ലാത്ത ഒരു ലോകത്തില്‍ ദൈവവുമില്ല എന്നു് സാരം. അത്ര എളുപ്പമാണു് ആ കാര്യം.

    പക്ഷേ, അതു് അംഗീകരിക്കാന്‍ മനുഷ്യനു് കഴിയാത്തതു് “എന്റെ ദൈവത്തെ ഞാന്‍ സഹായിക്കണം” എന്ന അഹംഭാവം മാത്രം! പാവം ദൈവം! ദൈവത്തെ സഹായിക്കാന്‍ ബോംബുമായി നടക്കുന്നില്ലേ ചില “വിശ്വാസികള്‍”! എന്താണവര്‍ ദൈവം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്? സിംഹാസനത്തിനു് ഇളക്കം തട്ടാതിരിക്കാന്‍ ക്വൊട്ടേഷന്‍കാരുടെ സഹായം ആവശ്യമുള്ള ഏതോ ലോക്കല്‍ പ്രഭുവോ‍? (ബ്രെയിന്‍ വാഷ് ചെയ്ത ഒരുപറ്റം കൂലിപ്പട എന്നതില്‍ കവിഞ്ഞു് അവര്‍ ഒന്നുമല്ല എന്നതു് ഇതിന്റെ മറുവശം!)

    മനുഷ്യന്റെ വാക്കുകള്‍ കൊണ്ടോ, ചിന്തകള്‍ കൊണ്ടോ, പ്രവര്‍ത്തികള്‍ കൊണ്ടോ, മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ കൊണ്ടോ ദൈവത്തെ വര്‍ണ്ണിക്കാമെന്നോ, അറിയാമെന്നോ, അനുഭവിക്കാമെന്നോ ഏതെങ്കിലും മനുഷ്യന്‍ കരുതിയാല്‍ അതു് അഹംഭാവം മാത്രമല്ല, പൂര്‍ണ്ണമായ അജ്ഞതയുമാണു്. തങ്ങള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട സ്പെഷ്യല്‍ ജനുസ്സുകളാണെന്നുവരെ ചിന്തിക്കുന്നവരല്ലേ മനുഷ്യര്‍!

    “ദൈവം മരിച്ചു” എന്ന നീറ്റ്സ്‌ഷെയുടെ വാക്യം ഉള്‍ക്കൊള്ളാനും എല്ലാവര്‍ക്കുമാവില്ല. ഏറേ പേര്‍ക്കും വളരെ പ്രയാസമേറിയ കാര്യമാണതു്. അതിനും മനുഷ്യന്‍ “തെരഞ്ഞെടുക്കപ്പെടണം”. ദൈവത്താലല്ല, തന്നെത്താന്‍! സ്വന്തതീരുമാനത്താല്‍! സ്വന്തം ഇച്ഛാശക്തിയാല്‍!

    ദൈവത്തില്‍ വിശ്വസിക്കുന്നതാണു് എത്രയോ മടങ്ങു് എളുപ്പം. “ജ്വാല”ക്കു് എത്രത്തോളം “ചിന്താഗ്നി” താങ്ങാനാവുമെന്നറിയാത്തതുകൊണ്ടു് പിന്നറിയിപ്പായി ഇങ്ങനെയൊരു മുന്നറിയിപ്പു് നല്‍കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണു്. 🙂

    വേണു,
    പ്രോത്സാഹനത്തിനു് നന്ദി.

     
  7. പാമരന്‍

    Mar 3, 2009 at 05:52

    നന്ദി മാഷെ. “ഹോപ്‌ വിതൌട്ട്‌ റീസണ്‍” എന്ന സര്‍വൈവല്‍ ഇന്‍സ്റ്റിംക്റ്റ്‌ ഒരു ജനിതക സവിശേഷത ആണെന്നും അതാണു ദൈവ വിശ്വാസത്തിനു നിദാനമെന്നും എവിടെയോ വായിച്ചു. ഫിക്ഷന്‍ ആയിരിക്കുമോ?

     
  8. BS Madai

    Mar 3, 2009 at 09:12

    “മനുഷ്യന്റെ ദൈവം മനുഷ്യനോളം മാത്രം” ഒരു പക്ഷെ ഈ ഒരു concept ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, കാര്യങ്ങള്‍ കുറേകൂടി എളുപ്പമാകും അല്ലെ മാഷേ? നല്ലൊരു ലേഖനത്തിന് നന്ദി.

     
  9. സി. കെ. ബാബു

    Mar 3, 2009 at 12:30

    പാമരന്‍,
    സര്‍വൈവല്‍ ‌ ഇന്‍സ്റ്റിംക്റ്റ്‌ ഒരു ജനിതക സവിശേഷത ആണെന്നതു് ശരി. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു് സകലജീവജാലങ്ങള്‍ക്കും അതു്‌ ബാധകവുമാണു്. പക്ഷേ മനുഷ്യരുടെ കാര്യത്തില്‍ മാത്രം അതിനെ ദൈവവുമായി കൂട്ടിക്കെട്ടി ദൈവവിശ്വാസത്തിനു് നിദാനമാക്കുന്നതെന്തിനെന്നു് എനിക്കറിയില്ല. ശാസ്ത്രത്തിന്റെ ചിലവില്‍ തങ്ങളുടെ ദൈവത്തെ സംരക്ഷിച്ചു് അനുയായികളുടെ മുന്നില്‍ മുഖം രക്ഷിക്കാനുള്ള മതപണ്ഡിതരുടെ മറ്റൊരു തന്ത്രം! ഏതാനും വര്‍ഷങ്ങളായി “ജനിതകം” ആണു് താരം!

    സര്‍വ്വശക്തനായ ഒരു ദൈവത്തിനു് മനുഷ്യരെ തന്നില്‍ വിശ്വസിപ്പിക്കാന്‍ ‍മതപണ്ഡിതര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കുറെ മനുഷ്യരുടെയോ ശാസ്ത്രത്തിന്റേയോ ഒക്കെ സഹായം വേണമെന്നതില്‍ തന്നെ ഇല്ലേ ഇത്തിരി ഏറെ പന്തികേടു്? ദൈവവിശ്വാസം സ്ഥാപിക്കാന്‍ ദൈവവിശ്വാസികള്‍ ശാസ്ത്രഘോഷണം നടത്തുന്നു! ദൈവജ്ഞാനികള്‍ ജീവനോടെ ചിതയില്‍ ചുട്ടെരിച്ച ഏറെ ശാസ്ത്രജ്ഞ്ജര്‍ “സ്വര്‍ഗ്ഗത്തിലോ നരകത്തിലോ” ഇരുന്നു് അതുകേട്ടു്‌ ചിരിക്കുന്നുണ്ടാവും!

    BS Madai,
    “മനുഷ്യന്റെ ദൈവം മനുഷ്യനോളം മാത്രം” അല്ലെങ്കില്‍ “ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക” മുതലായ ആശയങ്ങള്‍ ലളിതവും മനസ്സിലാക്കാന്‍ എളുപ്പവുമാണു്‌. മനസ്സിലാക്കാന്‍ മനസ്സില്ലാത്തതാണു് പ്രശ്നം. “നമ്മുടെ ദൈവമാണു് ഏറ്റവും വലിയവന്‍, ആ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കേ രക്ഷയുള്ളു, അവര്‍ക്കേ ജീവിക്കാന്‍ അവകാശമുള്ളു” മുതലായ നിലപാടുകള്‍ വഴി ശത്രുചിത്രങ്ങള്‍ സൃഷ്ടിച്ചു് മനുഷ്യരെ തമ്മിലടിപ്പിച്ചു് സുഖമായി ജീവിക്കുന്നവരും അവരുടെ പുറകെ നടക്കുന്ന ചിന്താശൂന്യരും അതൊന്നും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നില്ല!

    എത്രയോ നൂറ്റാണ്ടുകള്‍ക്കു് മുന്‍പു്‌ സംഭവിച്ചു എന്നു് പഠിപ്പിക്കപ്പെടുന്ന വ്രണങ്ങള്‍ ഉണങ്ങി സുഖം പ്രാപിക്കാതിരിക്കാന്‍ നിരന്തരം പൊറ്റ മാന്തിപ്പൊളിച്ചു് ചോര ഒലിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നിലെ രഹസ്യവും ആദര്‍ശങ്ങളുടെ പേരില്‍ മനുഷ്യര്‍ തമ്മില്‍ നിലനില്‍ക്കുന്ന ഇത്തരം വെറുപ്പിന്റെ പോറ്റിവളര്‍ത്തലാണു്. ആ ലക്ഷ്യം നേടാന്‍ ഏതു് മാര്‍ഗ്ഗവും ന്യായീകരിക്കപ്പെടും! മതങ്ങള്‍ക്കു് അതിനു്‌ ഏറ്റവും അനുയോജ്യമായ ഉപകരണമാണു് ദൈവം!

    മതങ്ങള്‍ ദൈവത്തിനു് അനുകൂലമായി നടത്തുന്ന അതേ വാദങ്ങളാണു് ദൈവത്തിനെതിരായുള്ള ഏറ്റവും യുക്തമായ വാദങ്ങള്‍‍!

     
  10. ജ്വാല

    Mar 3, 2009 at 18:39

    ശരിയാണ് മാഷെ.ഓരോ മനുഷ്യനും തന്റെ ഭാവനയില്‍ ഓരൊ ദൈവങ്ങളെ സൃഷ്ടിക്കുന്നു.നമ്മള്‍ സൃഷ്ടിക്കുന്ന ഓരോ ദൈവ രൂപവും ചിലപ്പോള്‍ നമുക്കു തന്നെ ബാധ്യതയാകുന്നു.എങ്കിലും“ ഉണ്ട് എന്നു വിശ്വസിക്കുന്നതിനു ഇല്ല എന്നു പറയുന്നതിനേക്കാള്‍ ഒരു സുഖം.അത് ഒരു പരിമിതി തന്നെ.മനസ്സിലാക്കാന്‍ ശ്രമിക്കുന്നു

     
  11. ചിന്തകന്‍

    Mar 4, 2009 at 15:16

    ഞാന്‍ സദാചാരം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല.

    മരണത്തോട് കൂടി അവസാനിക്കുന്ന ആകെ കൂടിയുള്ള ഈ ഒരു ജീവിതത്തില്‍ ‘സദാചാരം‘ തീര്‍ച്ചയായും ഒരു രസം കൊല്ലി തന്നെ.

    താങ്കളോട് ഞാനും യോജിക്കുന്നു. അര്‍ത്ഥവത്താ‍യ ചിന്തകള്‍.

     
  12. പാര്‍ത്ഥന്‍

    Mar 4, 2009 at 18:35

    സിംഹാസനത്തിനു് ഇളക്കം തട്ടാതിരിക്കാന്‍ ക്വൊട്ടേഷന്‍കാരുടെ സഹായം ആവശ്യമുള്ള ഏതോ ലോക്കല്‍ പ്രഭുവോ‍?

    ഇതൊന്നുമല്ല ഭീകരം. ഈ ദൈവത്തിനെ ത്തന്നെ ക്വൊട്ടേഷൻ ഏല്പിക്കുന്നതാണ്.
    (അവിടെ ക്വൊട്ടേഷൻ ടീം എന്നു പറയില്ല, രക്ഷകൻ എന്നാണ് അപ്പോഴത്തെ വിശേഷണം.)

    ഭാരതീയ തത്ത്വസംഹിതകളെ മനസ്സിലാക്കിയ ഒരാൾ മരണത്തിനെ പേടിക്കുമോ? സ്വർഗ്ഗപരായണന്മാർക്കല്ലെ അതിൽ വേവലാതിയുള്ളത്‌.

    “ദൈവം മരിച്ചു”. ജനിക്കുന്നവൻ ഒരിക്കൽ മരിക്കും. കാരണമില്ലാത്തവനും ജനിക്കാത്തവനും ആയ ‘അവൻ‘ മരിക്കുന്നില്ല.

     
  13. suraj::സൂരജ്

    Mar 4, 2009 at 18:57

    ഇങ്ങനെ കഷ്ണം കഷ്ണമായി റിലീസുന്ന നീച്ചേ ചിന്തകള്‍ എല്ലാം കൂടി പുസ്തകമാക്കണം – അച്ചടിയല്ല, പി.ഡി.എഫ് ! ചെല വചനപ്രഘോഷകര്‍ക്ക് ഇ-മെയില്‍ ഫോര്വേഡ് കൊടുക്കാനാ. വെട്ടം വീഴട്ട് ;))

     
  14. സി. കെ. ബാബു

    Mar 5, 2009 at 09:55

    ചിന്തകന്‍,
    അപ്പോ പറഞ്ഞുവന്നതു്…

    … അങ്ങനെ ആ ഒട്ടകം ദൈവനാമത്തില്‍ ഓടി ഓടി അവസാനം സ്വര്‍ഗ്ഗത്തിലെത്തി ഒത്തിരി ഒത്തിരി ഒട്ടകകന്യകകളെ കല്യാണം കഴിച്ചു് എണ്ണമറ്റ പുത്രകളത്രാദികളുമായി പിന്നെയൊരിക്കലും ചാവാതെ സുഖമായി വാണു.
    ശുഭം.

    ഒട്ടകമന്ത്രം:
    ഭോഗം ശരണം ഗച്ഛാമി
    ലിംഗം ശരണം ഗച്ഛാമി

    പാര്‍ത്ഥന്‍,
    പുരാതന ഭാരതീയചിന്തകളോടുള്ള പൂര്‍ണ്ണബഹുമാനത്തോടുകൂടി പറയട്ടെ: ഏതെങ്കിലും ചിന്തയെ (നീറ്റ്സ്‌ഷെയുടെ അടക്കം!) ആത്യന്തികം എന്നു് വിലയിരുത്തുന്നതിനോടു് എനിക്കു് യോജിപ്പില്ല. അതുവഴി ചിന്താശേഷി മുരടിക്കുകയേയുള്ളു. സ്വന്തം വാലില്‍ കടിക്കാനായി വട്ടം ചുറ്റുന്ന നായ്ക്കു് തുല്യമാവും അപ്പോള്‍ മനുഷ്യന്റെ അവസ്ഥ. ഏതു് ചിന്തയും തുടര്‍ചിന്തകള്‍ക്കുള്ള പ്രേരണ മാത്രമായി മനസ്സിലാക്കുന്നതാണു് എനിക്കിഷ്ടം. അതാണു് ഇത്തരം പോസ്റ്റുകളുടെ ലക്ഷ്യവും. ഞാന്‍ വായിച്ചവയില്‍ അതിനു് ഏറ്റവും അനുയോജ്യമായി തോന്നിയതു് നീറ്റ്സ്‌ഷെയുടെ ചിന്തകള്‍ ആയതുകൊണ്ടാണു് അതില്‍ ചിലതു് പരിഭാഷപ്പെടുത്താമെന്നു് കരുതിയതു്.

    സൂരജ്,
    നീറ്റ്സ്‌ഷെയുടെ “Gay Science” എന്ന ഗ്രന്ഥത്തിന്റെ ചെറിയൊരു മൂലയില്‍ സ്പര്‍ശിച്ചിട്ടേ ഉള്ളു. വേണമെങ്കില്‍ പോസ്റ്റുകള്‍ PDF ആയും കൊടുക്കാം, അതാണു് ഉദ്ദേശിച്ചതെങ്കില്‍!

    നീറ്റ്സ്‌ഷെയെ മനസ്സിലാക്കാന്‍ വേണ്ട അടിത്തറ അധികം വചനപ്രഘോഷകര്‍ക്കും ഇല്ല എന്നതാണു് സത്യം. ദൈവം അവര്‍ക്കു് ഉപജീവനമാര്‍ഗ്ഗമാണു്. അതിനൊത്ത കുറെ കൂലിത്തല്ലുകാര്‍ അവരുടെ പുറകേയും! ദൈവത്തിനു് അങ്ങനെ ചെയ്യാമായിരുന്നു അല്ലെങ്കില്‍ ഇങ്ങനെ ചെയ്യാതിരിക്കാമായിരുന്നു എന്നൊക്കെ എത്ര ആധികാരികമായി, എത്ര കൃത്യമായി ആണു് അവര്‍ ഘോഷിക്കുന്നതു്? മനുഷ്യന്റെ ചിന്താശേഷിയുടെ പരിമിതിയെപ്പറ്റി അല്പമെങ്കിലും ബോധം ഉണ്ടായിരുന്നെങ്കില്‍ അതൊക്കെ പറയാന്‍ ഇക്കൂട്ടര്‍ മടിച്ചേനെ! ഇല്ലാത്ത സാമാന്യബോധം ഉണ്ടാക്കിക്കൊടുക്കാന്‍ നീറ്റ്സ്‌ഷെക്കുപോയിട്ടു് ദൈവത്തിനുപോലും ആവുമോ? ഏതായാലും ഇവരൊന്നു്‍ ആഞ്ഞുപിടിച്ചാല്‍ ഒരുപക്ഷേ‍ ദൈവം രക്ഷപെട്ടേക്കും! അല്ലെങ്കില്‍ ദൈവത്തിന്റെ കാലം കഷ്ടകാലം!

     
 
%d bloggers like this: