ഗൗരവത്തില്‍ എടുക്കുക
മിക്കവാറും എല്ലാ മനുഷ്യരിലും ബുദ്ധിശക്തി (intellect) മന്ദഗതിയായതും, മങ്ങിയതും, “കിറുകിറുക്കുന്നതും”, പ്രവര്‍ത്തിച്ചു് തുടങ്ങാന്‍ പ്രയാസമേറിയതുമായ ഒരു യന്ത്രമാണു്. ഈ യന്ത്രത്തോടൊത്തു് പ്രവര്‍ത്തിക്കുകയും, അതിനായി നല്ലപോലെ ചിന്തിക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ മനുഷ്യര്‍ അതിനെ വിളിക്കുന്നതു് ‘കാര്യം ഗൗരവത്തില്‍ എടുക്കുക’ എന്നാണു്. ഓ! ആ “നല്ലപോലെ ചിന്തിക്കല്‍” അവര്‍ക്കു് എത്ര പ്രയാസമേറിയതായിരിക്കണം! നല്ലപോലെ ചിന്തിക്കേണ്ടിവരുമ്പോള്‍ ഓരോ പ്രാവശ്യവും മനുഷ്യന്‍ എന്ന രമണീയജന്തുവിനു് തന്റെ സദ്ഭാവം നഷ്ടപ്പെടുന്നു എന്നപോലെ തോന്നുന്നു – അപ്പോള്‍ അവനു് ഗൗരവഭാവം കൈവരുന്നു! “ചിരിയും ആനന്ദവും ഉള്ളിടത്തു് ചിന്ത പ്രവര്‍ത്തിക്കുകയില്ല” എന്നതാണു് സാനന്ദശാസ്ത്രത്തിനു് നേരെയുള്ള (Gay Science) ഈ ഗൗരവജന്തുക്കളുടെ മുന്‍വിധി. വരൂ! നമുക്കു് തെളിയിച്ചുകൊടുക്കാം, അതൊരു മുന്‍വിധിയാണെന്നു്!
ഉപമ
യാതൊരു ചിന്തകരിലാണോ എല്ലാ നക്ഷത്രങ്ങളും ചാക്രികമായ ഭ്രമണപഥങ്ങളില്‍ ചലിക്കുന്നതു്, അവരല്ല ഏറ്റവുമധികം ആഴമുള്ളവര്‍. ഭീമാകാരമായ ശൂന്യാകാശത്തിലേക്കെന്നപോലെ തന്നിലേക്കുതന്നെ ചുഴിഞ്ഞുനോക്കുകയും താരാപഥങ്ങളെ തന്നില്‍ വഹിക്കുകയും ചെയ്യുന്നവന്‍ – അവനറിയാം എത്രമാത്രം ക്രമരഹിതമായവയാണു് എല്ലാ താരാപഥങ്ങളുമെന്നു്. ഈ നോട്ടം അവനെ അസ്തിത്വത്തിന്റെ ലബിരിന്തുകളിലേക്കും, താറുമാറുകളിലേക്കും (chaos) നയിക്കുന്നു.
നക്ഷത്രങ്ങള്‍ക്കുമുപരി
നക്ഷത്രങ്ങളെ നീ നിന്നിലുപരിയായി ദര്‍ശിക്കുന്നിടത്തോളം നിനക്കു് ജ്ഞാനം തേടുന്നവന്റെ ദൃഷ്ടികള്‍ ഉണ്ടായിരിക്കുകയില്ല.
അന്ധതയോടുള്ള താത്പര്യം
സഞ്ചാരി തന്റെ നിഴലിനോടു്പറഞ്ഞു: “ഞാന്‍ എവിടെയാണു് നില്‍ക്കുന്നതെന്നു് എന്റെ ചിന്തകള്‍ എന്നെ കാണിച്ചുതരണം. പക്ഷേ ഞാന്‍ എങ്ങോട്ടാണു് പോകുന്നതെന്നു് അവ എന്നോടു് പ്രവചിക്കരുതു്. ഭാവിയെപ്പറ്റിയുള്ള അറിവില്ലായ്മയാണു് എനിക്കിഷ്ടം. കാരണം, വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങളിലുള്ള അക്ഷമയും, അവയെ മുന്‍കൂട്ടി രുചിച്ചുനോക്കലും വഴി കടപുഴകി തറപറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”
വ്യാക്ഷേപകം
ഇവിടെ പ്രത്യാശകളുണ്ടു്. പക്ഷേ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ആത്മാവില്‍ തിളക്കവും തീയും പ്രഭാതാരുണിമയും അനുഭവിച്ചിട്ടില്ലെങ്കില്‍ അവയെപ്പറ്റി നിങ്ങള്‍ എന്തു് കാണാനും കേള്‍ക്കാനും? ഓര്‍മ്മിപ്പിക്കാനേ എനിക്കു് കഴിയൂ – അതില്‍ കൂടുതല്‍ എനിക്കാവില്ല! കല്ലുകളെ ചലിപ്പിക്കാനും, മൃഗങ്ങളെ മനുഷ്യരാക്കാനും – അതാണോ നിങ്ങള്‍ എന്നില്‍ നിന്നും ആഗ്രഹിക്കുന്നതു്? ആഹ്! നിങ്ങള്‍ ഇപ്പോഴും കല്ലുകളും മൃഗങ്ങളുമാണെങ്കില്‍ നിങ്ങള്‍ ആദ്യം നിങ്ങളുടെ ഓര്‍ഫിയസിനെ (Orpheus) തേടൂ!
മതങ്ങളുടെ ആരംഭം
ഷൊപ്പെന്‍ഹൗവര്‍ (Arthur Schopenhauer) ചിന്തിച്ചപോലെ മതങ്ങളുടെ രൂപമെടുക്കലിനു് പിന്നില്‍ ഒരു മെറ്റഫിസിക്കല്‍ ആവശ്യകതയല്ല, അതു് അതില്‍നിന്നുള്ള ഒരു “തുടര്‍നാമ്പെടുക്കല്‍” മാത്രമാണു്. മതപരമായ ചിന്തകളുടെ ഭരണത്തിന്‍ കീഴില്‍ “മറ്റൊരു ലോകത്തെ” (പിന്നിലെ, അടിയിലെ, മുകളിലെ) സംബന്ധിച്ചുള്ള സങ്കല്‍പങ്ങളില്‍ മനുഷ്യര്‍ ശീലിച്ചുപോയതുകൊണ്ടു് മതപരമായ ചിന്തകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ അസുഖപ്രദമായ ഒരുതരം ശൂന്യതയും നഷ്ടബോധവും അവനുണ്ടാവുന്നു – ഈ മാനസികാവസ്ഥയില്‍ നിന്നും വീണ്ടും “മറ്റൊരു ലോകം” ഉരുത്തിരിയുന്നു, പക്ഷേ ഇപ്പോഴത്തേതു് മതപരമല്ല, മെറ്റഫിസിക്കല്‍ മാത്രമാണു്. ആദിപുരാതനകാലത്തു് “മറ്റൊരു ലോകം” എന്ന സങ്കല്‍പത്തിലേക്കു് പൊതുവേ മനുഷ്യനെ നയിച്ചതു് പ്രകൃതിയിലെ ചില പ്രത്യേക പ്രതിഭാസങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ മനുഷ്യബുദ്ധിയുടെ അമ്പരപ്പുമൂലം സംഭവിച്ച തെറ്റുകളാണു്, അല്ലാതെ ഏതെങ്കിലും ഒരു ആസക്തിയോ ആവശ്യകതയോ ആയിരുന്നില്ല.
മതയുദ്ധങ്ങള്‍
സാമാന്യജനം (mob) ഇതുവരെ കൈവരിച്ചതില്‍ വച്ചു് ഏറ്റവും വലിയ പുരോഗതി മതയുദ്ധങ്ങളാണു്. അവര്‍ ആശയങ്ങളെ ഭയഭക്തിയോടെ കൈകര്യം ചെയ്യാന്‍ തുടങ്ങി എന്നതിന്റെ തെളിവുകളാണവ. മതശാഖകള്‍ തമ്മിലുള്ള ചെറിയ ചെറിയ ലഹളകളിലൂടെ പൊതുജനത്തിന്റെ യുക്തിയുക്തത സംസ്കരിക്കപ്പെടുമ്പോള്‍ മാത്രമാണു് മതയുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതു്. കാരണം, അപ്പോള്‍ സാമാന്യരായ മനുഷ്യര്‍ പോലും പണ്ഡിതനാട്യക്കാരും, അതുവഴി നിസ്സാരകാര്യങ്ങള്‍ വരെ വളരെ പ്രധാനപ്പെട്ടവയായി പരിഗണിക്കുന്നവരും ആവുകയും, അങ്ങനെ “ആത്മാവിന്റെ നിത്യശാന്തി” പോലും ആശയങ്ങളിലെ (വാക്കുകളിലെ) നേരിയ വ്യത്യാസങ്ങളില്‍ തൂങ്ങിയാണു് കിടക്കുന്നതെന്ന തോന്നല്‍ അവരില്‍ രൂപമെടുക്കുകയും ചെയ്യും.
അനുഭവങ്ങളുടെ വ്യാഖ്യാതാക്കള്‍ എന്ന നിലയില്‍
എല്ലാ മതസ്ഥാപകര്‍ക്കും ഒരു പ്രത്യേകതരം സത്യസന്ധത അന്യമായിരുന്നു: – അവരുടെ അനുഭവങ്ങളില്‍ നിന്നും അവര്‍ ഒരിക്കലും ജ്ഞാനത്തിന്റെ ഒരു മനസ്സാക്ഷിത്വം രൂപപ്പെടുത്തിയില്ല. “ഞാന്‍ എന്താണു് സത്യത്തില്‍ അനുഭവിച്ചതു്? അന്നു് എനിക്കുള്ളിലും, എനിക്കുചുറ്റും എന്തായിരുന്നു സംഭവിച്ചതു്? എന്റെ യുക്തിയുക്തതക്കു് (reasoning power) വേണ്ടത്ര വ്യക്തതയുണ്ടായിരുന്നോ? എന്റെ ഇച്ഛാശക്തി ഇന്ദ്രിയപരമായ ചതിവുകള്‍ക്കെതിരായി തിരിയുകയും, അസംഭാവ്യമായതിനെ ധീരമായി പ്രതിരോധിക്കുകയും ചെയ്തിരുന്നോ?” – അങ്ങനെ അവരിലാരും ചോദിച്ചില്ല. പ്രിയപ്പെട്ടവരായ മതവിശ്വാസികളാരും ഇപ്പോള്‍ പോലും അങ്ങനെ ചോദിക്കുന്നില്ല. അതിനേക്കാള്‍ കൂടുതല്‍ യുക്തിയുക്തതക്കു് വിരുദ്ധമായവയ്ക്കുവേണ്ടിയുള്ള ദാഹമാണു് അവര്‍ക്കുള്ളതു്. ആ ദാഹം ശമിപ്പിക്കുന്നതു് പ്രയാസമുള്ള ഒരു കാര്യമാക്കാന്‍ അവരാഗ്രഹിക്കുന്നില്ല. അതിനാല്‍ അവര്‍ അത്ഭുതവും, പുനര്‍ജന്മവും “അനുഭവിക്കുന്നു”, മാലാഖമാരുടെ സ്വരം കേള്‍ക്കുന്നു! പക്ഷേ നമ്മള്‍, ബാക്കിയുള്ളവരായ നമ്മള്‍, യുക്തിയുക്തതക്കുവേണ്ടി ദാഹിക്കുന്നവരായ നമ്മള്‍ നമ്മുടെ അനുഭവങ്ങളെ ഒരു ശാസ്ത്രീയ പരീക്ഷണത്തിന്റെ കാര്യത്തിലെന്നപോലെ കര്‍ശനമായി മുഖാമുഖം കാണാന്‍ ആഗ്രഹിക്കുന്നവരാണു് – മണിക്കൂറുകള്‍ തോറും, ദിവസങ്ങള്‍ തോറും! സ്വയം പരീക്ഷണവും പരീക്ഷണമൃഗങ്ങളും ആവാനാണു് നമ്മള്‍ ആഗ്രഹിക്കുന്നതു്!
അനില്‍@ബ്ലോഗ്
Feb 19, 2009 at 19:27
യ്യോ…
🙂
...പകല്‍കിനാവന്‍...daYdreamEr...
Feb 19, 2009 at 19:29
നമിച്ചു…!
പ്രിയ ഉണ്ണികൃഷ്ണന്‍
Feb 19, 2009 at 20:09
അവസാനവാചകം… !
ദീപക് രാജ്|Deepak Raj
Feb 19, 2009 at 20:29
“ആദിപുരാതനകാലത്തു് ‘മറ്റൊരു ലോകം’ എന്ന സങ്കല്‍പത്തിലേക്കു് പൊതുവേ മനുഷ്യനെ നയിച്ചതു് പ്രകൃതിയിലെ ചില പ്രത്യേക പ്രതിഭാസങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ മനുഷ്യബുദ്ധിയുടെ അമ്പരപ്പുമൂലം സംഭവിച്ച തെറ്റുകളാണു്,”
അതെ ഇന്നും അറിയാത്തതിനെയും നിര്‍വ്വചിക്കാന്‍ പ്രയാസം ഉള്ളതിനെയും ദൈവമെന്നു വിളിച്ചാല്‍ തലവേദന ഒഴിവാക്കാം.
ഓഫ്. അമൃതാന്ജന്റെ വിലയേ.. സഹിക്കാന്‍ വയ്യ..
ചാണക്യന്‍
Feb 19, 2009 at 23:27
നന്നായി…നല്ല പരിഭാഷ…
ആശംസകള്‍…
vimathan
Feb 20, 2009 at 04:49
വ്യക്തതയുള്ള പരിഭാഷ. നീറ്റ്ഷെയെ ഇതിന് മുന്‍പ് വായിച്ചിട്ടില്ല. താങ്കളുടെ പരിഭാഷകള്‍ മാത്രമാണ് വായിച്ചിരിക്കുന്നത്. നന്ദി, തുടരുക.
ഒരു ഓഫ്: chaos എന്നതിന് താറുമാറുകള്‍ എന്ന് പരിഭാഷപ്പെടുത്തിയത് രസിച്ചു. “താറ്” “മാറ്” ആവുന്ന chaos.., മലയാളത്തിലെ ചില പ്രയോഗങ്ങള്‍ വിചിത്രം തന്നെ
പാമരന്‍
Feb 20, 2009 at 07:05
thanks!
സി. കെ. ബാബു
Feb 20, 2009 at 09:10
അനില്‍@ബ്ലോഗ്, പകല്‍കിനാവന്‍, പ്രിയ, ദീപക് രാജ്, ചാണക്യന്‍, വിമതന്‍, പാമരന്‍,
എല്ലാവര്‍ക്കും നന്ദി.
വിമതന്‍,
chaos-നെ “താറുമാറു്” എന്നു് പരിഭാഷപ്പെടുത്തിയതു് അത്ര തൃപ്തികരമായി എനിക്കും തോന്നിയില്ല. അതുകൊണ്ടാണു് ഇംഗ്ലീഷ് ബ്രാക്കറ്റില്‍ കൊടുത്തതും. താറുമാറു്, അലങ്കോലം, കലാപം, കുഴപ്പം, അനന്തതമസ്സ്, അടുക്കും ചിട്ടയുമില്ലായ്മ ഇവയൊക്കെയായിരുന്നു choice! “താറുമാറു്” എന്നതു് തമ്മില്‍ ഭേദം തൊമ്മന്‍ എന്നു് തോന്നി. ആന കരിമ്പിന്‍ കാട്ടില്‍ കയറിയപോലെ “ആരോ പ്രപഞ്ചത്തില്‍ കയറി” താറുമാറാക്കിയതാണെന്ന തോന്നല്‍ ഉണ്ടാവാതിരിക്കാന്‍ ഇംഗ്ലീഷും കൊടുത്തു. മതവിശ്വാസങ്ങളുടെ ലോകത്തിലെ ചര്‍ച്ചകളില്‍ ആശയങ്ങളേക്കാള്‍ അക്ഷരങ്ങളാണല്ലോ പലപ്പോഴും “chaos”-നു് കാരണമാവാറുള്ളതും! 🙂
the man to walk with
Feb 20, 2009 at 14:01
oru blog jalakam thurannu..puthiya kazhchakal ..nanni
സി. കെ. ബാബു
Feb 20, 2009 at 22:02
the man to walk with,
വായനക്കു് ഞാനും നന്ദി പറയുന്നു.
Sapna Anu B.George
Mar 1, 2009 at 19:09
സാഷ്ടാഗം പ്രാമാണം ബാബു ജി
സി. കെ. ബാബു
Mar 1, 2009 at 22:59
ഓ, സപ്ന! അത്രക്കൊന്നും വേണ്ട കേട്ടോ. പുകഴ്ത്തല്‍ കേട്ടാല്‍ പെട്ടെന്നു് നിഗളിക്കുമെന്നൊരു സ്വഭാവദൂഷ്യം എനിക്കുണ്ടു്. പറഞ്ഞില്ലാന്നു് വേണ്ട. പോരാത്തതിനു് എന്റെ പതിവു് വിരുന്നുകാരുടെ കൂട്ടത്തിലെ ആദ്യത്തെ വനിതാരത്നമാവാന്‍ തീരുമാനിച്ചതിനു് സപ്നയോടു് ഞാനാണു് നന്ദി പറയേണ്ടതു്. 🙂