RSS

പ്രാര്‍ത്ഥനയുടെ വില

16 Jan
(By Friedrich Nietzsche – ഒരു സ്വതന്ത്ര പരിഭാഷ)

ആത്മാവിന്റെ ആരോഹണം അജ്ഞാതമായവരോ, അല്ലെങ്കില്‍ അതു് അവരുടെ ശ്രദ്ധയില്ലാതെ സംഭവിക്കുന്നവരോ, അതുമല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ സ്വന്തമായ ചിന്ത എന്നൊന്നു് ഇല്ലാത്തവരോ ആയവര്‍ക്കു് വേണ്ടിയാണു് പ്രാര്‍ത്ഥന കണ്ടുപിടിക്കപ്പെട്ടതു്. സമാധാനവും ഒരുതരം അന്തസ്സും ആവശ്യമായ വിശുദ്ധമന്ദിരങ്ങളിലും, ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സന്ദര്‍ഭങ്ങളിലും ഇത്തരത്തില്‍ പെട്ട ആളുകള്‍ എന്തു് ചെയ്യാന്‍? അതുകൊണ്ടു് അവര്‍ ഒരു ശല്യമാവാതിരിക്കാന്‍ വേണ്ടി ചെറുതും വലുതുമായ മതങ്ങളുടെ സ്ഥാപകന്മാര്‍ അവര്‍ക്കു് കൈകളും കാലുകളും (കണ്ണുകള്‍ പ്രത്യേകിച്ചും!) ഒരു നിര്‍ദ്ദിഷ്ടരീതിയില്‍ സ്ഥിരമായി “വിന്യസിച്ചു”കൊണ്ടുള്ളതും, ഓര്‍മ്മശക്തിയെ പങ്കെടുപ്പിച്ചുകൊണ്ടും ആയാസപ്പെടുത്തിക്കൊണ്ടുള്ളതുമായ ചുണ്ടുകളുടെ ഒരുതരം ദീര്‍ഘവും യാന്ത്രികവുമായ ജോലി – പ്രാര്‍ത്ഥന – എന്ന പ്രമാണസൂത്രം കല്‍പിച്ചുകൊടുത്തു!

അതിന്റെ ഫലമായി അവര്‍ ഒന്നുകില്‍ ടിബറ്റുകാരെപ്പോലെ “ഓം മണി പദ്മേ ഹൂം” എന്നു് എണ്ണമറ്റ പ്രാവശ്യം അയവിറക്കും, അല്ലെങ്കില്‍, ബനാറസിലേപ്പോലെ ദൈവത്തിന്റെ നാമമായ റാം-റാം-റാം മുതലായവ (ആകര്‍ഷകമായോ അല്ലാതെയോ) വിരലുകളില്‍ എണ്ണിത്തീര്‍ക്കും, അല്ലെങ്കില്‍, വിഷ്ണുവിന്റെ ആയിരമോ, അള്ളായുടെ തൊണ്ണൂറ്റൊന്‍പതോ വിളിപ്പേരുകള്‍ വിളിച്ചു് ബഹുമാനിക്കും, അതുമല്ലെങ്കില്‍ അവര്‍ പ്രാര്‍ത്ഥനാചക്രങ്ങളേയോ കൊന്തമാലയേയോ ഓപറേറ്റ്‌ ചെയ്യും. അതെന്തായാലും, ഈ ജോലിവഴി അവര്‍ കുറെനേരത്തേക്കെങ്കിലും “കെട്ടിയിടപ്പെടുകയും” ഒരുമാതിരി സഹിക്കാവുന്ന രൂപത്തിലുള്ള ഒരു കാഴ്ച പ്രദാനം ചെയ്യുകയും ചെയ്യുമെന്നതാണു് പ്രധാനമായ കാര്യം.

സ്വന്തചിന്തകള്‍ ഉള്ളവരും ആത്മാവിന്റെ ഔന്നത്യം സ്വാഭാവികമായിത്തന്നെ അറിയാവുന്നവരുമായ ഭക്തന്മാരുടെ പ്രയോജനത്തിനു് വേണ്ടിയാണു് ഇക്കൂട്ടത്തില്‍ പെട്ടവരുടെ തരം പ്രാര്‍ത്ഥന കണ്ടുപിടിക്കപ്പെട്ടതു്. “ശരിയായ” ഭക്തന്മാര്‍ക്കുപോലും അഭിവന്ദ്യതയുടെ ഒരു പരമ്പര പദങ്ങളും സ്വരങ്ങളും, ഭക്തിപൂരിതമായ യാന്ത്രികതയും ആനന്ദദായകമാവുന്ന ചില ക്ഷീണിതനിമിഷങ്ങളുണ്ടു്. സ്വയം സഹായിക്കാന്‍ കഴിയുന്ന ഭക്തരായ അപൂര്‍വ്വമനുഷ്യര്‍ ഉണ്ടെന്നു് സങ്കല്‍പിച്ചാലും – എല്ലാ മതങ്ങളിലും ധര്‍മ്മനിഷ്ഠനായ മനുഷ്യന്‍ ഒരു അപവാദമാണു് – ആത്മാവില്‍ ദരിദ്രതയുള്ള ആദ്യത്തെ വിഭാഗത്തില്‍പെട്ട മനുഷ്യര്‍ സ്വയം സഹായിക്കാന്‍ അറിയാത്തവരാണു്. അവരുടെ “പ്രാര്‍ത്ഥനാചടപടശബ്ദം” നിരോധിക്കുക എന്നാല്‍, പ്രോട്ടസ്റ്റന്റുകാര്‍ നമ്മളെ കൂടുതല്‍ കൂടുതല്‍ കാണിച്ചു് തരുന്നതുപോലെ, അവരില്‍ നിന്നും അവരുടെ മതം എടുത്തു് മാറ്റുക എന്നായിരിക്കും അര്‍ത്ഥം.

ഇതുപോലുള്ള മനുഷ്യരില്‍ നിന്നും മതം ആഗ്രഹിക്കുന്നതു് അവര്‍ കണ്ണുകള്‍ കൊണ്ടും, കൈകള്‍ കൊണ്ടും, കാലുകള്‍ കൊണ്ടും, ശരീരത്തിലെ മറ്റെല്ലാ അവയവങ്ങള്‍ കൊണ്ടും ശാന്തത പാലിക്കുക എന്നതു് മാത്രമാണു് – അതുവഴി കുറെനേരത്തേക്കു് അവര്‍ നല്‍കുന്ന കാഴ്ചയില്‍ പുരോഗതി ഉണ്ടാവും, അവര്‍ മനുഷ്യസമാനരാവും!

 
26 Comments

Posted by on Jan 16, 2009 in ഫിലോസഫി

 

Tags: ,

26 responses to “പ്രാര്‍ത്ഥനയുടെ വില

 1. അനില്‍@ബ്ലോഗ്

  Jan 16, 2009 at 22:00

  “അവര്‍ മനുഷ്യസമാനരാവും!”

  നിര്‍വചനത്തിനിനി എവിടെപ്പോകും കര്‍ത്താവെ !!(ആത്മഗതം)

  നീഷെയുടെ (പ്രൊനൌണ്‍സിയേഷന്‍ പറഞ്ഞത് മറന്നു)പുസ്തകങ്ങള്‍ പൊതിയാത്തേങ്ങയാണ് ഞമ്മക്ക്. ഇനി താങ്കളുടെ വാക്കുകളാല്‍ വല്ലതും പുടികിട്ടുമോന്നു നോക്കം.

   
 2. വല്യമ്മായി

  Jan 17, 2009 at 05:39

  ഇത് മാത്രമാണോ പ്രാര്‍ത്ഥന 🙂

   
 3. സി. കെ. ബാബു

  Jan 17, 2009 at 10:35

  അനില്‍@ബ്ലൊഗ്,
  തത്വചിന്തയിലേക്കും ഫ്രീഡ്രിഹ് നീറ്റ്സ്‌ഷെയിലേക്കും ഒക്കെയുള്ള എന്റെ വഴിയും ദീര്‍ഘമായിരുന്നു. ബാലഗ്രന്ഥങ്ങളില്‍ ആരംഭിച്ച വായന പ്രേമ-ഡിറ്റക്റ്റീവ്-നോവലുകളിലൂടെയും ‍ശാസ്ത്രപഠനങ്ങളുടെ സഹായത്തോടെയും ഫിലോസഫിയില്‍ എത്തുകയായിരുന്നു. ജീവിതത്തിലെ പല അനുഭവങ്ങളും‍ അതിനു് പിന്‍‌തുണയും നല്‍കി.

  വല്യമ്മായി,
  നീറ്റ്‌സ്ഷെ ഇതെഴുതിയതു് നൂറു് വര്‍ഷങ്ങള്‍ക്കും അപ്പുറത്താണു്. എന്റെ ഇന്നത്തെ അഭിപ്രായമാണു്‌ ചോദിച്ചതെങ്കില്‍ ഇത്ര പോലും ഇല്ല എന്നാണെന്റെ മറുപടി. അതു് വല്യമ്മായിക്കു്‌ മനസ്സിലാവണമെന്നില്ല. മനസ്സിലാക്കാന്‍ ഞാന്‍ മുതിരുന്നുമില്ല. വായനക്കു് നന്ദി.

   
 4. ഭൂമിപുത്രി

  Jan 17, 2009 at 14:46

  വാ‍യിച്ചു,നീറ്റ്‌സ്ഷെയ്ക്ക് അറിയാത്ത കാര്യങ്ങളുമുണ്ടാകില്ലേ ബാബുമാഷേ? 😉

   
 5. സി. കെ. ബാബു

  Jan 17, 2009 at 15:13

  ഇല്ലെന്നു്‌ ഞാന്‍ പറഞ്ഞില്ലല്ലോ ഭൂമിപുത്രി?

   
 6. പാര്‍ത്ഥന്‍

  Jan 17, 2009 at 15:21

  ആത്മീയമായി ദാരിദ്ര്യരേഖക്കു താഴെയുള്ളവരുടെ പ്രാർത്ഥന ഭയത്തിൽ നിന്നും ഉടലെടുക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ ചില മന്ത്രോച്ചാരണങ്ങൾക്ക് ചില ശക്തി വിശേഷങ്ങളുണ്ടെന്നു പറയുന്നു. (അങ്ങനെയുണ്ടെങ്കിൽ ?) അത്‌ ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാനുള്ള സംവിധാനം ഉണ്ടെങ്കിൽ അത്‌ ഉപയോഗപ്പെടുത്തി ഒരു തീരുമാനത്തിലെത്തണം. അപ്പോൾ കപടഭക്തിയുടെ ചൂഷണം ഉണ്ടാകില്ല. മനസ്സിൽ കുറ്റബോധം ഉണ്ടാകുമ്പോൾ എങ്ങിയെങ്കിലും പണം എത്ര ചിലവാക്കിയാണെങ്കിലും പുണ്യം വിലയ്ക്കു വാങ്ങാൻ നടക്കുന്ന കച്ചവടക്കാരും സാധാരണ ലാഭേച്ചയില്ലാതെ എന്തെങ്കിലും പ്രാർത്ഥിക്കുന്നവരും ഒരേ തരത്തിലുള്ളവരാണോ?

   
 7. സി. കെ. ബാബു

  Jan 17, 2009 at 17:58

  പാര്‍ത്ഥന്‍,
  ഭയം ജീവജാലങ്ങളില്‍ നൈസര്‍ഗ്ഗികതയാണു്. നിലനില്പിന്റെ ഒരു അനിവാര്യതയാണതു്. ഇതു് ആത്മീയമായ അര്‍ത്ഥത്തില്‍ പറയുന്നതല്ല. വളര്‍ത്തല്‍ വഴി ഭയത്തിന്റെ ഇന്റെന്‍‍സിറ്റിയില്‍ മാറ്റം വരുത്താം. മന്ത്രോച്ചാരണങ്ങളിലും കൈവയ്പിലും ഒക്കെയുള്ള ശക്തിവിശേഷങ്ങള്‍ മാനസികമാണു്.

  ബോധത്തെപ്പറ്റി നമ്മള്‍ പല വാചകക്കസര്‍ത്തുകളും നടത്താറുണ്ടെങ്കിലും എന്താണു് ബോധം എന്നതിനെപ്പറ്റി ചില നേരിയ ധാരണകള്‍ ഒക്കെ ഉണ്ടെന്നല്ലാതെ കാര്യമായി ഒന്നും നമുക്കറിയില്ല. വര്‍ണ്ണനയും വിശ്വാസവും അറിവല്ലല്ലോ. ശാസ്ത്രത്തിന്റെ പുരോഗതിവഴി ഇന്നു് സൂക്ഷ്മോപകരണങ്ങള്‍ ലഭ്യമായതിനാല്‍ തലച്ചോറു്, ജീന്‍, നാനോടെക്നോളജി മുതലായ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണു് അനുദിനം എന്നോണം സംഭവിക്കുന്നതു്. അതുവഴി സ്വഭാവഗുണങ്ങളും മറ്റും എങ്ങനെ അടുത്ത തലമുറകളിലേക്കു് പകര്‍ന്നുകൊടുക്കപ്പെടുന്നു, ഏതെല്ലാം ഘടകങ്ങള്‍ ഈ പ്രക്രിയയെ ബാധിക്കുന്നു മുതലായ കാര്യങ്ങളില്‍ അത്ഭുതകരമായ അറിവുകളാണു് മനുഷ്യനു് ലഭിച്ചുകൊണ്ടിരിക്കുന്നതു്. ഒരു കമന്റില്‍ പോയിട്ടു് ഏതാനും പോസ്റ്റുകളില്‍ പോലും ഒതുക്കാവുന്നതല്ല അക്കാര്യങ്ങള്‍. ഈ പുരോഗതി തുടര്‍ന്നാല്‍ അനതിവിദൂരഭാവിയില്‍ ബോധത്തെ സംബന്ധിച്ചും കൂടുതല്‍ അറിയാന്‍ നമുക്കു് കഴിയേണ്ടതാണു്.

  അജ്ഞതയാണു് ചൂഷണത്തിന്റെ വിളനിലം. ഈ പോസ്റ്റില്‍ സൂചിപ്പിക്കപ്പെട്ടതുപോലെയുള്ള മനുഷ്യര്‍ക്കു് അറിവു് ആവശ്യമില്ല, അതിനു് കഴിവുമില്ല. അങ്ങനെയുള്ളവരെ സംബന്ധിച്ചു് ദൈവത്തെ പ്രതിനിധീകരിക്കുന്നവര്‍ ദൈവികരാണു്, ദൈവത്തെപ്പോലെതന്നെ സര്‍വ്വജ്ഞാനികളാണു്. ശാസ്ത്രജ്ഞാനവും മറ്റും മനുഷ്യജ്ഞാനം എന്നു് അവഗണിച്ചു് തള്ളിക്കളയാന്‍ അവര്‍ക്കു് കഴിയുന്നതും അവരുടെ ഗുരുക്കള്‍ സര്‍വ്വജ്ഞാനികളാണു് എന്ന വിശ്വാസമാണു്. എല്ലാത്തിന്റെയും കുറെ “മുട്ടും മുറിയും” അറിയാവുന്ന ഇക്കൂട്ടര്‍‍ എല്ലാം അറിയാം എന്നു് ഭാവിച്ചു് നടക്കുന്നു! അതുകൊണ്ടാണല്ലോ ഇവര്‍ എതിരാളികളുടെ നേരെ “കുരുടന്‍ ആനയെക്കണ്ടപോലെ” എന്നും മറ്റുമുള്ള ഉദാഹരണങ്ങള്‍ ചൂണ്ടി പരിഹസിക്കുന്നതു്. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാക്കാന്‍ മതിയായ അടിത്തറ ഇല്ല, അടിത്തറ ഇല്ലെന്നു് അറിയില്ല, എല്ലാറ്റിലുമുപരി മറ്റുള്ളവരെല്ലാം അജ്ഞരാണെന്ന പരിഹാസവും. ദൈവം പോക്കറ്റില്‍ ഉള്ളപ്പോള്‍ മനുഷ്യരെ പരിഹസിക്കാമല്ലോ! മറ്റുള്ളവര്‍ തിരിച്ചു് പരിഹസിച്ചാല്‍ ദൈവദൂഷണവും! ഏതെങ്കിലും ഒരു ശാസ്ത്രജ്ഞന്‍ ഇന്നു് വിശ്വാസികളുമായി ആത്മാര്‍ത്ഥമായ ഒരു സംവാദം ആഗ്രഹിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. പ്രയോജനമില്ലാത്ത ജോലി ചെയ്യാന്‍ അവര്‍ തയ്യാറാവുമോ? അല്പം ബുദ്ധി ഉള്ളതുകൊണ്ടാണല്ലോ അവര്‍ ശാസ്ത്രജ്ഞര്‍‍ ആയതുതന്നെ!

  പ്രാര്‍ത്ഥനയ്ക്കു് ഫലം ലഭിക്കും എന്നു് വിശ്വസിക്കുന്നവര്‍ക്കു് തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം. ആരെങ്കിലും പ്രാര്‍ത്ഥിക്കുന്നതിനോടു് എനിക്കു് വ്യക്തിപരമായി ഒരെതിര്‍പ്പുമില്ല. എതിര്‍ത്തിട്ടു് ഫലമില്ലെന്നും ഇതിനോടകം ഏതാണ്ടു് മനസ്സിലാവുകയും ചെയ്തു. പക്ഷേ പ്രാര്‍ത്ഥനയ്ക്കു് ഫലം ലഭിക്കും എന്ന വിശ്വാസം നിലനില്‍ക്കുന്നിടത്തോളം പ്രാര്‍ത്ഥിപ്പിച്ചും പുണ്യം വാഗ്ദാനം ചെയ്തും മനുഷ്യരെ ചൂഷണം ചെയ്യുന്നവരും ലോകത്തില്‍ ഉണ്ടായിരിക്കും.

  പ്രാര്‍ത്ഥനയോ, ഭക്തിയുടെ മറ്റു് ഏതു് രൂപങ്ങളോ വഴി മനുഷ്യന്‍ നേടുന്നതു്, അല്ലെങ്കില്‍ നേടാന്‍ ശ്രമിക്കുന്നതു് അവന്റെ നല്ലതോ ചീത്തയോ ആയ (അയല്‍‌വാസിയുടെ നന്മയിലെ കണ്ണുകടിയും, അവന്‍ ഇടിവെട്ടിച്ചാവണേ “എന്റെ” ദൈവമേ എന്നതും ചീത്ത ആഗ്രഹത്തിന്റെ ഉ‍ദാഹരണം!) ആഗ്രഹങ്ങളുടെ സഫലീകരണത്തിനു് അവന്‍ കൊടുക്കുന്ന മനഃശാസ്ത്രപരമായ ഒരു താങ്ങു് മാത്രം! അവന്റെ ആഗ്രഹങ്ങള്‍ നടക്കാം നടക്കാതിരിക്കാം! ചാന്‍സ് ഫിഫ്റ്റി ഫിഫ്റ്റി!

  ദൈവം ഏകനാണു്!! കോട്ടൂരച്ചനും അഭയയും സെഫിയും ഹേമയും ബസന്തും ഒക്കെ വിശ്വസിക്കുന്ന അതേ ഏകദൈവം!!!

   
 8. പാമരന്‍

  Jan 18, 2009 at 05:48

  ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടേല്‍ കോട്ടൂരച്ചന്‍ കോട്ടൂരുന്നതിനു മുന്പേ ഒന്നാലോചിച്ചേനെ 🙂

   
 9. ബിനോയ്

  Jan 18, 2009 at 12:53

  പ്രകൃതിയെ, ഇരയെ, മിത്രത്തെ.. എല്ലാത്തിനെയും അറിയുക എന്ന, ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള ജന്മവാസന നമ്മളില്ച്ചിലര്‍ മച്ചിലെ പെട്ടിയില്‍ വെച്ചു പൂട്ടുകയും ആ ജോലി ദൈവത്തിന്‍റെ ദല്ലാളന്മാരായ ചില അല്പജ്ഞാനികളെ ഏല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. വിവേചനശേഷി നഷ്ടപ്പെട്ടവന്‍റെ ചുണ്ടുകള്‍ക്ക് അര്‍ത്ഥരഹിതമായ ജപമന്ത്രങ്ങളുടെ ബന്ധനവും.

   
 10. സി. കെ. ബാബു

  Jan 18, 2009 at 21:16

  പാമരന്‍, ബിനോയ്,
  രണ്ടുപേര്‍ക്കും നന്ദി.

   
 11. കാവലാന്‍

  Jan 20, 2009 at 10:20

  ആവര്‍ത്തിച്ചുള്ള ഉച്ചാരണത്തിലൂടെ ഭയപ്പെടുത്തുന്ന വര്‍ത്തമാനകാലത്തില്‍ നിന്ന് പ്രതീക്ഷയുടെ ഭാവിക്കായുള്ള നിരന്തര യജ്ഞമാണ്,അല്ലെങ്കില്‍ മറ്റു വിഷയങ്ങളിലേക്ക് ചിന്തമാറിപ്പോകാതിരിക്കാന്‍ സ്വയം തീര്‍ക്കുന്ന നിയന്ത്രണമാണ് ദുര്‍ബലരായവര്‍ക്ക് പ്രാര്‍ത്ഥന.അതവരെ ഉദ്ധേശിക്കുന്നിടത്ത് എത്തിക്കുന്നുണ്ടോ എന്നത് വേറെ കാര്യം.അഥവാ എത്തിയില്ലെങ്കില്‍ എത്തിയിടം വരെയേ ഉദ്ധേശിച്ചുള്ളൂ എന്നു മാറ്റിച്ചിന്തിക്കുന്നതിന്
  അവര്‍ക്ക് മറ്റൊന്നും തടസ്സമില്ല.

  സ്വന്തമായ ചിന്താഗതിയുള്ളവന്‍ വര്‍ത്തമാനകാലത്തിന്റെ ആവശ്യകത മനസ്സിലാക്കി,ഭാവി എന്നത് പെട്ടന്ന് പൊട്ടി വീഴുന്ന ഒന്നല്ലെന്നും അത് ഭൂതകാലത്തില്‍ ആരംഭിച്ച് വര്‍ത്തമാനകാലത്തിലൂടെ നവീകരിക്കപ്പെടുന്നതിന്റെ തുടര്‍ച്ചയാണെന്നും മനസ്സിലാക്കി ബുദ്ധിയും ശ്രദ്ധയും പ്രവൃത്തിയില്‍ അര്‍പ്പിച്ചുകൊണ്ട് പ്രയത്നിക്കുന്നു.ബലവാന് പാര്‍‍ത്ഥനയില്ല എന്ന് ഈ പറഞ്ഞതിനര്‍ത്ഥമില്ല,അത് കേവലം അധരവ്യായാമമല്ല.മറ്റുള്ളവര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ ഒച്ചകള്‍കൊണ്ടും ബഹളങ്ങള്‍കൊണ്ടും ഒരു ദൈവത്തെ സൃഷ്ടിക്കുകയല്ല ചുരുങ്ങിയ പക്ഷം അവരുടെ പ്രാര്‍ത്ഥന.

  ആദ്യത്തെകൂട്ടരെ മതങ്ങളോ,പുരോഹിതരോ,അല്ലെങ്കില്‍ പ്രത്യയശാസ്ത്രങ്ങളുടെ അപ്പൊസ്തോലരോ പെട്ടന്നുപാട്ടിലാക്കുന്നു.അവനെന്തു വേണം പൂജിക്കാനൊരു വിഗ്രഹം,പ്രാര്‍ത്ഥനയ്ക്കൊരു പദം അത് ഈശ്വരനാമമായാലെന്ത് ഇങ്കുലാബുവിളിയായാലെന്ത്! രണ്ടാമത്തെകൂട്ടരെ അങ്ങനെ എളുപ്പത്തില്‍ കിട്ടാത്തതിനാല്‍ അവര്‍ മതങ്ങള്‍ക്കും പുരോഹിത/അധികാര വര്‍ഗ്ഗങ്ങള്‍ക്കും അത്ര അനഭിമതരും ശത്രുക്കളുമായിത്തീരുന്നു.എങ്കിലും പുരോഗതിയുടെ പാതയിലെ ആദ്യത്തെ തൊഴിലാളിയും രക്തസാക്ഷിയും എക്കാലവും അവനായിരിക്കും.

  കാട്ടിക്കൂട്ടലുകള്‍ക്ക് പരിഹാസം,പുച്ഛം ഒരു പോം വഴിയാണെന്ന് തോന്നുന്നെങ്കിലും ദൗര്‍ബല്യത്തിന് അത് നന്നെന്നു തോന്നുന്നില്ല.ദൗര്‍ബല്യത്തെ പുച്ഛിക്കുന്നയിടങ്ങളില്‍ പലപ്പോഴും അക്രമങ്ങളുടെ തുടക്കവും കാണേണ്ടി വരുന്നു.

   
 12. - സാഗര്‍ : Sagar -

  Jan 20, 2009 at 14:54

  ഒരു കൊച്ചു ഓ.ടോ.
  ഒരിടത്ത് വായിച്ചു..

  Do not keep the direction of the head towards north because the magnetic meridian of the earth retards the blood flow through brain capillaries and affect the functioning of brain cells.

  വല്ല കഴമ്പും ഉണ്ടോ ? അതോ കൂണ്‍ മുളച്ചത് പോലെയാണോ?

   
 13. സി. കെ. ബാബു

  Jan 20, 2009 at 15:37

  കാവലാന്‍,
  “മരിക്കുന്ന ദൈവങ്ങള്‍, ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍” എന്ന എന്റെ ബ്ലോഗില്‍ “ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍” – (8) എന്ന പോസ്റ്റില്‍ പ്രാര്‍ത്ഥനയെപ്പറ്റി ഞാന്‍ താഴെപ്പറയുന്നതെഴുതിയിരുന്നു.

  “ദൈവമേ, നീ പരിശുദ്ധനാകുന്നു” എന്ന പ്രാര്‍ത്ഥനാശകലത്തിന്റെ അര്‍ത്ഥം നമുക്കറിയാം. ദൈവത്തോടുള്ള നന്ദിയും ബഹുമാനവും സൂചിപ്പിക്കുവാന്‍ ഈ വാചകം ഉപയോഗപ്പെടുത്തുന്നതും മനസ്സിലാക്കാം. പക്ഷേ അതു് വീണ്ടും വീണ്ടും നൂറുപ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടാലോ? “സുഹൃത്തേ, നീ നല്ലവനാണു്” എന്നൊരു നല്ല മനുഷ്യന്‍ നമ്മോടു് പറഞ്ഞാല്‍ നമ്മള്‍ അതില്‍ സന്തോഷിക്കും. നമ്മുടെ സന്തോഷം ന്യായമായും അവനെ അറിയിക്കുകയും ചെയ്യും. അതേസമയം ആ മനുഷ്യന്‍ അതേ വാചകം ഇരുന്ന ഇരുപ്പില്‍ ഇരുപത്തഞ്ചുപ്രാവശ്യം നമ്മുടെ ചെവിയില്‍ ഉരുവിടാന്‍ തുടങ്ങിയാല്‍ അയാളെ നമ്മള്‍ സ്നേഹപൂര്‍വ്വം അടുത്ത മാനസികരോഗാശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കും. കാരണം, അയാളുടെ ഈ പ്രവൃത്തി നമ്മുടെ ദൃഷ്ടിയില്‍ ഒരു abnormality ആണു്. അതേസമയം കാണാതെ പഠിച്ച ചില പ്രാര്‍ത്ഥനകളും മന്ത്രങ്ങളുമൊക്കെ കൊന്തയുടെയോ ജപമാലയുടെയോ സഹായത്തോടെ ഇടവിടാതെ ആവര്‍ത്തിക്കുന്ന ഒരു ഭക്തന്‍ ഒരു അസാധാരണത്വവും നമ്മില്‍ ഉദിപ്പിക്കാറില്ല. പക്ഷേ, ആ ഭക്തന്റെ ഈ പ്രവൃത്തി ദൈവത്തിന്റെ ദൃഷ്ടിയിലൂടെ കാണാന്‍ ശ്രമിച്ചാല്‍, ദൈവം ഒന്നുകില്‍ ചെവിയില്ലാത്തവനോ, അല്ലെങ്കില്‍ കേള്‍ക്കുന്നതു് മനസ്സിലാക്കാന്‍ കഴിവില്ലാത്തവനോ ആയിരിക്കാമെന്നു് നമുക്കു് തോന്നിയാല്‍ അതില്‍ അത്ഭുതമെന്തു്? തങ്ങളുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ സ്വന്തദൈവത്തെ ഇതുപോലെ കുരങ്ങുകളിപ്പിക്കുവാന്‍ വിശ്വാസികള്‍ തയ്യാറാവുമായിരുന്നോ? പറയുന്ന കാര്യങ്ങള്‍ നൂറുവട്ടം ആവര്‍ത്തിച്ചാലും മനസ്സിലാവാത്തവര്‍ നമ്മുടെ അഭിപ്രായത്തില്‍ വിഡ്ഢികളാണു്. അവര്‍ക്കു് തുല്യനാവണമോ ദൈവം? സാധാരണ ജീവിതത്തില്‍ abnormal ആയ കാര്യങ്ങള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തികച്ചും normal ആയി പരിഗണിക്കപ്പെടുന്നു.

  ഈ പോസ്റ്റില്‍ നീറ്റ്സ്‌ഷെ സൂചിപ്പിക്കുന്നതരം മനുഷ്യര്‍ ഏകദേശം ഇത്തരക്കാരാണു്. അവിടെ ഒരു വിധ ചിന്തയും സംഭവിക്കുന്നില്ല, അഥവാ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ അതു് ചിന്തയല്ല, വിശ്വാസമാണു്. ചില മനുഷ്യരുടെ പഠിപ്പിക്കല്‍ വഴി, അവരുടെ അപ്രമാദിത്വത്തിലും വിശ്വാസയോഗ്യതയിലുമുള്ള ഇക്കൂട്ടരുടെ അന്ധമായ ഉറപ്പുവഴി, അവര്‍ ചൂണ്ടിക്കാണിക്കുന്നതു് ചോദ്യം ചെയ്യാ‍നാവാത്ത ഒരു ശക്തിയായി പഠിപ്പിക്കപ്പെട്ട ദൈവമാണെന്നതുവഴി, അവര്‍ ആവശ്യപ്പെടുന്നതു് എന്തുതന്നെയായാലും നിരുപാധികം അംഗീകരിക്കാനും അനുസരിക്കാനും മടിയില്ലാതായിത്തീര്‍ന്ന വിധേയര്‍, അടിമകള്‍, വിശ്വാസികള്‍! ഈ വിഷയത്തില്‍ പ്രധാന നടന്‍ ദൈവമാണെന്നതുതന്നെയാണു് അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാദ്ധ്യമല്ലാത്തതിന്റെ പ്രധാന കാരണവും. യുദ്ധം വഴിയോ മറ്റോ ഏതെങ്കിലും ഒരു സമൂഹത്തിന്റെ ദൈവം നശിപ്പിക്കപ്പെടുകയും, വിജയികളുടെ ദൈവം അവരോധിക്കപ്പെടുകയും ചെയ്താല്‍ പഴയ വിശ്വാസികള്‍ പുതിയ ദൈവത്തിന്റെ പുറകെ കൂടും, അത്രതന്നെ! അതാണു് വിശ്വാസി! വിശ്വസിക്കാന്‍ ഒരു ദൈവം വേണം! ഏതുദൈവം എന്നതല്ല കാര്യം. ദൈവമില്ലെങ്കില്‍ പുതിയൊരു ദൈവം സൃഷ്ടിക്കപ്പെടും, അതാണു് വിശ്വാസി! ഇന്നു് ലോകത്തില്‍ നിലവിലിരിക്കുന്ന എല്ലാ മതങ്ങളുടെയും ദൈവങ്ങളെ നിരുപാധികം നിഷേധിക്കാന്‍ മതിയായ ശാസ്ത്രീയമായ അറിവു് ‍ഇന്നത്തെ ലോകത്തിലുണ്ടു്. പക്ഷേ അതു് ഏതെങ്കിലും ഒരു വിശ്വാസിയെ പറഞ്ഞു് മനസ്സിലാക്കാന്‍ ആവില്ല, അതാണു് പ്രശ്നം.

  ഞാന്‍ തന്നെ പലവട്ടം പറഞ്ഞതാണു് താഴെപ്പറയുന്ന ഉദാഹരണം‍ എങ്കിലും ഒരിക്കല്‍ കൂടി പറയുന്നു:

  പ്രപഞ്ചത്തെ സംബന്ധിച്ചു്‌ നമ്മള്‍ നേടിയ അറിവുകള്‍ വഴി ആ അറിവുകള്‍ നേടിയവര്‍ മനസ്സിലാക്കിയ ഒരു കാര്യമാണു് ആകെയുള്ളതിന്റെ നാലോ അഞ്ചോ ശതമാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ മനുഷ്യനു് അറിയില്ല എന്നതും അറിയാന്‍ കഴിയില്ല എന്നതും. ഇതാണു് വസ്തുത എന്നിരിക്കെയാണു് തങ്ങള്‍ വിശ്വസിക്കുന്ന മതഗ്രന്ഥം പോലും ശരിക്കു് വായിക്കാത്ത കുറെ വിശ്വാസികള്‍ അത്തരമൊരു പ്രപഞ്ചത്തിന്റെ നിയന്ത്രകശക്തിയെ തങ്ങള്‍ക്കറിയാമെന്നു് വീമ്പിളക്കുന്നതു്. അവരാണു്‌ ശാസ്ത്രജ്ഞരെ നോക്കി – മുകളിലെ ഒരു കമന്റില്‍ പറഞ്ഞപോലെ – “നിന്റെയൊക്കെ അറിവു് കുരുടന്‍ ആനയെക്കണ്ടപോലെയാണു്” എന്നു് പരിഹസിക്കുന്നതു്! എന്താണതിനര്‍ത്ഥം? പൌലോസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ലോ‍കത്തിന്റെ ജ്ഞാനത്തിനേയും”, ശാസ്ത്രത്തിനെയും നിഷേധിക്കാനും, പരിഹസിക്കാനും, ഏതെങ്കിലുമൊരു ദൈവത്തില്‍ വിശ്വസിക്കാനും, നേരെചൊവ്വേ എഴുതാനും വായിക്കാനും പോലും അറിയണമെന്നില്ല! വേണമെങ്കില്‍ ഈ ഒരു ഉദാഹരണം മാത്രം മതി ദൈവജ്ഞാനം ഘോഷിക്കുന്നവരുടെ പൊള്ളത്തരം തിരിച്ചറിയാന്‍! അതുപോലും തിരിച്ചറിയാന്‍ കഴിയാത്തവരായവരെ അവരുടെ വഴിക്കു് വിടുന്നതു് അവരെ നിര്‍ഭാഗ്യവാന്മാരാക്കാതിരിക്കാനും, അതേസമയം മറുവിഭാഗത്തിനു് സമയം ലാഭിക്കാനും സഹായകമാവുമെന്നു് അവരൊഴികെ ബാക്കി എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ഒരുവനില്‍ ഇല്ലാത്ത വിവരം ഉണ്ടാക്കിയെടുക്കാനും ചില അടിത്തറകള്‍ ഇല്ലാ‍തെ കഴിയില്ലല്ലോ! ലോകം ഇന്നു് എത്തിനില്‍ക്കുന്ന ശാസ്ത്രീയതലങ്ങള്‍ ആരെങ്കിലും വിശദമാക്കാന്‍ ശ്രമിച്ചാല്‍ അതേ ശാസ്ത്രം മനുഷ്യരാശിക്കു് സംഭാവനചെയ്ത പണിയായുധങ്ങള്‍തന്നെ ഉപയോഗിച്ചുകൊണ്ടു് ദൈവത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരെപ്പറ്റിയും, അവരുടെ ശാസ്ത്രവിമര്‍ശനത്തിനുള്ള അര്‍ഹതയെപ്പറ്റിയും കൂടുതല്‍ പറയണോ?

  കാവലാന്‍ പറഞ്ഞ “ആദ്യത്തെകൂട്ടരെ മതങ്ങളോ,പുരോഹിതരോ,അല്ലെങ്കില്‍ പ്രത്യയശാസ്ത്രങ്ങളുടെ അപ്പൊസ്തോലരോ പെട്ടന്നുപാട്ടിലാക്കുന്നു.” എന്നതാണു് ഈ വസ്തുതകളുടെ പ്രായോഗിക ജീവിതത്തിലെ പ്രശ്നം. ചെന്നായ്ക്കള്‍ ആ‍ട്ടിന്‍‌തോല്‍ ധരിച്ചു് നേതാക്കളായി രംഗപ്രവേശം ചെയ്യുമ്പോള്‍ അജ്ഞരായവര്‍ (സ്വന്തം കാഴ്ചപ്പാടില്‍ അവര്‍ ജ്ഞാനികളാണു്!) അവരുടെ പുറകെ കൂടുന്നു! അവര്‍ ചൂഷകരാണെന്നു് തിരിച്ചറിയാന്‍ അവര്‍ക്കു് കഴിയാതെ പോകുന്നു. നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന ശത്രുചിത്രങ്ങളുടെ നേരെ അവര്‍ കല്ലെറിയുന്നു. എതിരാളികളെ കൊലപ്പെടുത്താന്‍ വരെ അവര്‍ തയ്യാറാവുന്നു. അതുകണ്ടു് നേതാക്കള്‍ ദന്തഗോപുരങ്ങളിലിരുന്നു് ഊറിച്ചിരിക്കുന്നു! പുതിയ പുതിയ കല്പനകള്‍ ഇറക്കി അണികളെ ആവേശഭരിതരാക്കുന്നു! സ്വന്തം ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ മൃഗങ്ങള്‍ പോലും ചെയ്യില്ലെന്നിരിക്കെ, അവര്‍ അവര്‍ക്കുകൂടി പ്രയോജനം ചെയ്യാവുന്ന എല്ലാത്തരം സാമൂഹികനവീകരണശ്രമങ്ങളെയും എതിര്‍ക്കാന്‍ മടിക്കാത്ത നിലയിലേക്കുവരെ അധഃപതിക്കുന്നു!

  വളര്‍ത്തല്‍ വഴി കേരളത്തിലെ ജനങ്ങള്‍ അധികവും പിന്‍‌ഗാമികള്‍ മാത്രമായി തരംതാഴ്ന്നതാണു്‌ സാമൂഹികവളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഒരു പ്രധാന‍ ഘടകം. മുന്‍‌ഗാമികളായി ചമയുന്നവര്‍ക്കു് അവരുടെ കാഴ്ചപ്പാടില്‍ ജീവിതം പ്രശ്നരഹിതമാണു്‌.ഒരു മാറ്റം അതുകൊണ്ടു് ‍അവരുടെ ആവശ്യമല്ല. മാറ്റം ആവശ്യമുള്ളവരെ‍ മുദ്രാവാക്യം വിളിക്കാന്‍ മാത്രം കഴിയുന്ന വിഡ്ഢികളായി അവര്‍ മാറ്റിയെടുക്കുകയും ചെയ്തു! നേതാക്കളുടെ സ്തുതിപാ‍ഠകര്‍! നേതാക്കളാല്‍ ബുദ്ധി ആമ്പ്യൂട്ടേയ്റ്റ് ചെയ്യപ്പെട്ടവര്‍!

  ഇതൊക്കെയാണു് രോഗകാരണങ്ങള്‍‍. രോഗം മാറാന്‍ രോഗകാരണം ഉന്മൂലനം ചെയ്യപ്പെടണം. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സ നേതാക്കള്‍ തന്നെ ആവശ്യത്തിലേറെ ഘോരഘോരം പ്രസംഗിക്കുന്നുണ്ടു് – പക്ഷേ കാളവണ്ടി ഇപ്പോഴും തുടങ്ങിയിടത്തുതന്നെ! മനുഷ്യര്‍ ബോധവത്കരിക്കപ്പെടണം. എല്ലാവരും ഒന്നോ ഒന്നിലധികമോ ബിരുദമെടുക്കണം എന്നല്ല ‍ അതിനര്‍ത്ഥം. മനുഷ്യനെ സാംസ്കാരികമായി വളരാന്‍ സഹായിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം വഴി മാത്രം സാദ്ധ്യമാവുന്ന ബോധവത്കരണം, തൊഴിലിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കുന്ന ബോധവത്കരണം, മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിക്കുന്ന ബോധവത്കരണം – അതാണു് ഇവിടെ ഉദ്ദേശിക്കുന്നതു്.

  നേരെ നടക്കുന്ന നേതൃഞണ്ടുകള്‍ക്കേ പിന്‍‌ഗാമികളായ ഞണ്ടുകളെ നേരെ നടക്കുന്നതെങ്ങനെയെന്നു് പഠിപ്പിക്കാന്‍ കഴിയൂ. ആ നിലയിലേയ്ക്കു് എത്താന്‍ കേരളം ഇനിയും ഏറെ ദൂരം പോകണം.

  സാഗര്‍,
  തെക്കോട്ടു് തലവച്ചുറങ്ങിയാല്‍ ചത്തുപോകും എന്നൊരു പഴഞ്ചൊല്ല് ഞാനും കേട്ടിട്ടുണ്ടു്. എങ്ങോട്ടു്‌ തലവച്ചുറങ്ങിയാലും എന്നെങ്കിലും ചത്തുപോ‍കും എന്നാണു് പല ചത്തുപോകലുകള്‍ കാണേണ്ടിവന്നിട്ടുള്ള എന്റെ അനുഭവം.

  അങ്ങനെയെങ്കില്‍ ഉത്തരധ്രുവത്തിനോടടുത്തു് ജീവിക്കുന്ന എസ്കിമോകളും, ദീര്‍ഘകാലം ദക്ഷിണധ്രുവത്തില്‍ കഴിഞ്ഞു്‌ പരീക്ഷണങ്ങള്‍ നടത്താന്‍ അവിടെ താമസസൌകര്യം ഒരുക്കിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാരുമൊക്കെ ചോരയോട്ടമില്ലാത്ത തലച്ചോറുകൊണ്ടു്‌ ചിന്തിക്കേണ്ടി വരുമല്ലോ!

  ധ്രുവപ്രദേശത്തിനോടു് കൂടുതല്‍ അടുത്തു് താമസിക്കുന്ന സായിപ്പന്മാരുടെയും ഭൂമദ്ധ്യരേഖയോടടുത്തു് കഴിയുന്ന ആഫ്രിക്കക്കാരുടെയും ബുദ്ധി താരതമ്യം ചെയ്താല്‍ മാത്രം മതിയല്ലോ ഈ “തിയറിയുടെ” തെളിവിനു്‌? എത്രയെത്ര കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടാണു് ഇദി അമീന്‍ ചത്തതു്? പോരെങ്കില്‍ ഇപ്പൊഴത്തെ ആഫ്രിക്കന്‍ നേതാക്കളെ നോക്കൂ! എന്താ അവരുടെയൊക്കെ ഒരു ബുദ്ധി! (കാന്തത്തിന്റെ മദ്ധ്യത്തിലാണല്ലോ ഏറ്റവും കുറഞ്ഞ കാന്തശക്തി. അതാവും ആഫ്രിക്കക്കാരന്റെ അപാരബുദ്ധിയുടെ രഹസ്യം!)

  മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നു് കേട്ടിട്ടില്ലേ? കവലകളില്‍ കഥാപ്രസംഗങ്ങള്‍ക്കു് പഞ്ഞമില്ല. അവ വേണമെങ്കില്‍ കേള്‍ക്കാം. പക്ഷേ അവറ്റകളുടെ വാചകമടിയില്‍ പെട്ടുപോകാതിരുന്നാല്‍ പെഴ്സ് കാലിയാവാതിരിക്കും! ഞാന്‍ വിഡ്ഢിയാക്കപ്പെട്ടല്ലോ എന്നു് ഭാവിയില്‍ ദുഃഖിക്കാതെയുമിരിക്കാം.

   
 14. - സാഗര്‍ : Sagar -

  Jan 21, 2009 at 05:28

  ഓഹോ.. ചത്ത് പോകും എന്നു ഞാന്‍ കേട്ടിരുന്നില്ല.. ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പം ഉണ്ടായിരുന്നു.. ചുമ്മാ കെടന്നാല്‍ മതീല്ലൊ.. ഇന്‍ഷുറന്‍സ് കാശ് കിട്ടുകയും ചെയ്യും…

   
 15. cibu cj

  Jan 23, 2009 at 08:11

  പ്രാർത്ഥനയിലെ ആവർത്തനത്തെ പറ്റി മാത്രം: അതൊരു മെഡിറ്റേഷൻ ഇൻ ഡിസ്ഗൈസ് ആണെന്ന്‌ എനിക്ക് തോന്നുന്നു. അതിലുപയോഗിക്കേണ്ടുന്ന വാക്കുകളും മറ്റും ഓരോരുത്തർക്കും സ്വന്തം ഇഷ്ടപ്രകാരം എന്തും ആവാം. എല്ലാം ചുമ്മാ.

   
 16. സി. കെ. ബാബു

  Jan 23, 2009 at 12:32

  cibu cj,
  ശീലം മൂലമുള്ള ബാദ്ധ്യത, അത്രമാത്രം! ചെയ്താല്‍ സംതൃപ്തി, ചെയ്തില്ലെങ്കില്‍ കുറ്റബോധം! പ്രാര്‍ത്ഥനയില്‍ ഹിന്ദുവോ മുസ്ലീമോ ഉപയോഗിക്കുന്ന വാക്കുകളല്ലല്ലോ ക്രിസ്ത്യാനിയുടേതു്! ഇവര്‍ക്കെല്ലാം ആനന്ദത്തിന്റെയും സംതൃപ്തിയുടെയും അനുഭൂതി നല്‍കുന്നതു്‌ തലച്ചോറിലെ “പ്രതിഫലകേന്ദ്രം” ആണെന്നതിനാല്‍ ഭക്തന്റെ മതമോ, അവന്‍‍ ഏതു് വാക്കുകള്‍ ഉപയോഗിക്കുന്നു എന്നതോ തീര്‍ച്ചയായും അപ്രസക്തമാണു്‌.

  അവന്റെ ചേഷ്ടകളെ പുറത്തുനിന്നുകൊണ്ടു് വീക്ഷിക്കുന്ന ഒരു സ്വതന്ത്രബുദ്ധിക്കു് അങ്ങേയറ്റം പോയാല്‍ അതില്‍ ഒരുതരം തമാശയേ കാണാന്‍ കഴിയൂ! പക്ഷേ ഭക്തനു് അതു്‌ അവന്റെ ജീവിതത്തിന്റെതന്നെ പരമമായ ലക്ഷ്യമാണു്‌. അതു് അവനു് “ദൈവികമായ” ഒരു അനുഭവം നല്‍കുന്നുമുണ്ടു്. Neuroscience ഇതിനോടകം മനസ്സിലാക്കിയതുപോലെ, ഈ “ദൈവികാനുഭവം” അവന്റെ തലച്ചോറിന്റെതന്നെ ഒരു സൃഷ്ടിയാണെന്നു് അവനറിയില്ല എന്നുമാത്രം! അതറിയാന്‍ കഴിയുമായിരുന്നെങ്കില്‍ അവന്‍ ഈ ഗോഷ്ടി കാണിക്കുമായിരുന്നില്ലല്ലോ. സാദാഭക്തനെ അവന്റെ പ്രാര്‍ത്ഥനയുമായി കഴിയാന്‍ വിടുന്നതാണു് അവനോടു് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. പക്ഷേ അവന്റെ ഭക്തിയുടെ “എരിവു്” പലപ്പോഴും എതിരഭിപ്രായം പുലര്‍ത്തുന്ന ‍ചേരിയെ കല്ലെറിയാന്‍ അവനെ പ്രേരിപ്പിക്കുന്നു. മനസ്സിലാവാത്ത കാര്യങ്ങളോടു്‌ അങ്ങനെ പ്രതികരിക്കാനേ അവനു്‌ കഴിയൂ എന്നതു്‌ അവന്റെ വിധി! അവനുകൂടി മനസ്സിലാവുന്ന വിധത്തിലേക്കു് ലഘൂകരിക്കാവുന്നതല്ല ശാസ്ത്രം എന്നതു് എതിര്‍ചേരിയുടെ വിധി!

   
 17. cibu cj

  Jan 23, 2009 at 17:45

  പ്രാർത്ഥനയെ വെറും തമാശയായല്ലാതെ, എന്തുകൊണ്ട് മെഡിറ്റേഷനായി കണ്ടുകൂടാ എന്ന്‌ മനസ്സിലായില്ല. മെഡിറ്റേഷന്‌ കൃത്യമായ ന്യൂറോശയൻസ് ഗുണങ്ങളുള്ളതായിയും ധാരാളം പഠനങ്ങളുണ്ടല്ലോ. മെഡിറ്റേഷനുപയോഗിക്കുന്ന വിവിധമാർഗങ്ങളാവുന്നു വിവിധമതക്കാരുടെ പ്രാർത്ഥനകൾ. (അങ്ങനെയല്ല പലപ്പോഴും പ്രാർത്ഥിക്കുന്നവൻ കാണുന്നത്‌ എന്നത്‌ വേറേ കാര്യം)

   
 18. സി. കെ. ബാബു

  Jan 24, 2009 at 15:39

  cibu cj,
  മെഡിറ്റേഷനു് ഗുണങ്ങളുണ്ടു് എന്ന അറിവും ആ ഗുണങ്ങള്‍ എങ്ങനെ ഉണ്ടാവുന്നു എന്ന അറിവും രണ്ടും രണ്ടാണു്. മെഡിറ്റേഷനിലെ ഏകാഗ്രത‍ മനുഷ്യനു് പ്രയോജനം ചെയ്യും എന്നതു് പുരാതനകാലം മുതലുള്ള അറിവാണു്. അതറിയാന്‍ neuroscience വേണ്ട. ഇന്നത്തെ അര്‍ത്ഥത്തിലെ ശാസ്ത്രം രൂപമെടുത്തിട്ടില്ലായിരുന്ന കാലഘട്ടങ്ങളിലും തപസ്സനുഷ്ഠിച്ചിരുന്ന മനുഷ്യര്‍ ഉണ്ടായിരുന്നല്ലോ. മിക്കവാറും എല്ലാ ശാസ്ത്രീയ കണ്ടെത്തലുകളും ദീര്‍ഘകാലത്തെ തപസ്യയുടെ ഫലമല്ലേ? ഒരു സുപ്രഭാതത്തില്‍ ചില സൊല്യൂഷന്‍സ് പെട്ടെന്നു് വെളിപ്പെട്ടിട്ടുണ്ടെങ്കിലും അവ ഉണ്ടായിട്ടുള്ളതു് ആ വിഷയത്തില്‍ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ശാസ്ത്രജ്ഞര്‍ക്കായിരുന്നല്ലോ.

  പ്രാര്‍ത്ഥന എന്ന അധരവ്യായാമം മെഡിറ്റേഷന്റെ ഉപാധിയാവുമ്പോള്‍ അതു് പരിഹാസ്യമോ തമാശയോ ആയി മാറുന്നതു് രണ്ടു് വിധത്തില്‍ വിശദീകരിക്കാം. ഒരു വിശദീകരണം ഞാന്‍ മുകളില്‍ കാവലാനു് കൊടുത്ത മറുപടിയിലെ രണ്ടാം ഖണ്ഡികയിലുണ്ടു്. മറ്റൊന്നു് ഒന്നോ രണ്ടോ ദശാബ്ദങ്ങളില്‍ കൂടുതല്‍ പഴക്കമില്ലാത്തതും ഇന്നും സംഭവിക്കുന്നതുമായ ശാസ്ത്രീയമായ കണ്ടെത്തലുകളാണു്. neuroscience-ലും, genetics-ലും nanotechnology-യുടെ സഹായത്തോടെ സംഭവിക്കുന്ന കണ്ടെത്തലുകളാണു് ഞാനുദ്ദേശിച്ചതു്‍. Scanning tunnelling microscope (STM) കണ്ടുപിടിച്ചതു് 1981-ലും, Atomic force microscope (AFM) കണ്ടുപിടിച്ചതു് 1986-ലും മാത്രമാണെന്നോര്‍ക്കുക! technology-യിലും medicine-ലും ഇവയെ പ്രായോഗികമായി ഉപയോഗിക്കുവാന്‍ ഉതകുന്ന ഉപകരണങ്ങളുടെ ഡെവലപ്മെന്റിനു് പിന്നെയും കുറെ നാളുകള്‍ വേണ്ടിവന്നിരിക്കണമല്ലോ. തലച്ചോറിനെയും ജീനുകളെയുമൊക്കെ സംബന്ധിച്ചുള്ള പഠനങ്ങള്‍ ഇന്നും ആരംഭദശയിലാണു്. എങ്കിലും, ഇതുവരെയുള്ള കണ്ടെത്തലുകള്‍ പ്രാര്‍ത്ഥന വഴിയും ധ്യാനം വഴിയും മനുഷ്യനു് ലഭിക്കുന്ന ഫലങ്ങള്‍ പ്രാര്‍ത്ഥിക്കുന്നവന്റെ തന്നെ തലച്ചോറിന്റെ ഒരു നിര്‍മ്മിതിയാണെന്നതിനു് മതിയായ തെളിവുകള്‍ നല്‍കുന്നുണ്ടു്.

  ഇത്തരം‍ കാര്യങ്ങള്‍ മനസ്സിലാക്കിയ ഒരുവനു് ഒരു ഭക്തനോ മറ്റാരെങ്കിലുമോ അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ അധരവ്യായാമം ചെയ്യുന്നതു് കാണുമ്പോള്‍ അതില്‍ തമാശ അല്ലാതെ മറ്റെന്തു് തോന്നാന്‍? ഈ പിറുപിറുക്കലിനെ പ്രാര്‍ത്ഥനയെന്നോ മെഡിറ്റേഷന്‍ എന്നോ വിളിച്ചതുകൊണ്ടു് വസ്തുതയില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുമോ?

  മെഡിറ്റേഷനിലോ പ്രാര്‍ത്ഥനയിലോ ആത്മാര്‍ത്ഥമായി മുഴുകുന്ന ഒരു മനുഷ്യനു് ആശ്വാസം ലഭിക്കുന്നില്ല എന്നു് ഇപ്പറഞ്ഞതിനു് അര്‍ത്ഥവുമില്ല. പക്ഷേ ആ ആശ്വാസം ഏതോ ആത്യന്തികമായ ഒരു ശക്തിയില്‍ നിന്നും വരുന്നതാണെന്നും, ആ ശക്തിയെ ഭയപ്പെടണമെന്നും, തൃപ്തിപ്പെടുത്തണമെന്നും ഒക്കെ പഠിപ്പിക്കപ്പെടുമ്പോള്‍ അതൊരു കച്ചവടമാവുന്നു. ടിക്കറ്റെടുക്കുന്നവനൊക്കെ ലക്ഷാധിപതി ആവുമെന്നു് പറയുന്നതിനു് തുല്യമാണതു്. ഈ കാര്യങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സ്വയം മനസ്സിലാക്കിയാല്‍ മാത്രമേ തന്റെ പ്രവൃത്തിയുടെ പരിഹാസ്യത തിരിച്ചറിയാന്‍ മനുഷ്യനു് കഴിയൂ. അതു് പറയുന്നത്ര എളുപ്പമല്ല എന്നുമറിയാം. ഏറ്റവും എളുപ്പം വിശ്വാസമാണു്. എങ്കിലും വസ്തുതകള്‍ മനുഷ്യരില്‍ നിന്നും മറച്ചുപിടിക്കാതിരിക്കേണ്ടതു് ആവശ്യമാണെന്നാണു് എന്റെ വ്യക്തമായ അഭിപ്രായം. അവ സ്വീകരിക്കണമോ നിരാകരിക്കണമോ എന്നതു് ഓരോരുത്തരുടെ സ്വാതന്ത്ര്യം.

   
 19. പാര്‍ത്ഥന്‍

  Jan 24, 2009 at 22:35

  സി.കെ.:)
  cibuന് കൊടുത്ത മറുപടിയിൽ, ധ്യാ‍നം, സാധന, പ്രാർത്ഥന, ഭക്തി എന്നിവയെയെല്ലാം ഒരേ തുലാസിൽ വെച്ചു വിശദീകരിക്കുന്നപോലെ തോന്നി. അനുഭവജ്ഞാനം ഉള്ളവർക്ക് ഇതിന്റെയെല്ലാം വ്യത്യാസങ്ങൾ അറിയാം.

  ഇത്‌ താങ്കളുടെ വരികളാണ്:
  (കാട്ടിക്കൂട്ടലുകള്‍ക്ക് പരിഹാസം,പുച്ഛം ഒരു പോം വഴിയാണെന്ന് തോന്നുന്നെങ്കിലും ദൗര്‍ബല്യത്തിന് അത് നന്നെന്നു തോന്നുന്നില്ല.ദൗര്‍ബല്യത്തെ പുച്ഛിക്കുന്നയിടങ്ങളില്‍ പലപ്പോഴും അക്രമങ്ങളുടെ തുടക്കവും കാണേണ്ടി വരുന്നു.)

  ഇവിടെ പുച്ഛിക്കലല്ല വേണ്ടത് എന്ന് താങ്കളും വിലയിരുത്തുന്നുണ്ട്. ജനങ്ങളിൽ വിവേകവും അനുഭവജ്ഞാനവും ഉണ്ടാക്കുകയല്ലേ വേണ്ടത്. എന്റെ ഒരു അഭിപ്രായമാണ്.

  ഗീതയിൽ വിശ്വരൂപം ദർശിക്കുന്ന സമയത്തെ മഹേശ്വരരൂപ വർണ്ണനയുണ്ട് . (ഭ.ഗീ. 11:10,11 ശ്ലോകങ്ങൾ.) അതിൽ ആ രൂപത്തിന് “ചെവി” (കാത്‌) ഉണ്ടെന്ന്‌ പറയുന്നില്ല. ഈ കേന്ദ്രസ്ഥാനത്തുപോലും ഇതെല്ലാം കേൾക്കാനുള്ള ഒരു കാതുപോലുമ്മില്ലെന്നിരിക്കെ. മറുപടി കിട്ടും എന്നു കരുതി വിളിച്ചുകൂവേണ്ടതില്ല. ഗീതയും താങ്കളും പറയുന്നത് ഒന്നുതന്നെ. പാവം അന്ധരായ ഭക്തർ.

   
 20. cibu cj

  Jan 24, 2009 at 23:14

  എന്തിനാണ്‌ തമാശ തോന്നുന്നത്‌? അവർ ചെയ്യുന്നതിനു ഗുണഫലങ്ങളുണ്ടെന്ന്‌ സയൻസ് തന്നെ പറയുന്നതല്ലേ. അത്‌ സ്വന്തം മനസ്സ്‌ തന്നെ നിർമ്മിക്കുന്നതോ മറിച്ചോ ആയിക്കൊള്ളട്ടെ. ഫലമുണ്ടല്ലോ. എങ്കിൽ അതിനെ പരിഹസിക്കേണ്ടതെന്തിന്‌? ശാരീരികമായ വ്യായാമം പോലെ മാനസികമായ ഒരു വ്യായാമമായി പ്രാർത്ഥനയേയും ധ്യാനത്തേയും കൂട്ടിയാൽ പോരേ. ഗുണഫലങ്ങളെ വിശദീകരിക്കാൻ ഉപയോഗ്ക്കിന്ന മോഡൽ സശയൻസിന്റേയും മതത്തിന്റേയും വ്യത്യസ്തമായിരിക്കാം. ഗുണഫലത്തിനെ വിശദീകരിക്കാൻ മോഡൽ ഉണ്ടോ ഇല്ലയോ, അത്‌ എല്ലാസമയത്തും ലോജിക്കലാണോ എന്നതൊക്കെ ഒരു സെക്കണ്ടറി കാര്യമല്ലേ. ഗുണമല്ലേ പ്രധാനം.

  (കച്ചവടത്തെ പറ്റി ഞാൻ ഒന്നും പറയുന്നില്ല)

   
 21. സി. കെ. ബാബു

  Jan 25, 2009 at 12:55

  പാര്‍ത്ഥന്‍,
  കണ്ടോ കണ്ടോ എത്ര പെട്ടെന്നാണു്‌ നമ്മള്‍ ഓരോരോ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതു്‌!

  “കാട്ടിക്കൂട്ടലുകള്‍ക്ക് പരിഹാസം,പുച്ഛം ഒരു പോം വഴിയാണെന്ന് തോന്നുന്നെങ്കിലും ദൗര്‍ബല്യത്തിന് അത് നന്നെന്നു തോന്നുന്നില്ല.ദൗര്‍ബല്യത്തെ പുച്ഛിക്കുന്നയിടങ്ങളില്‍ പലപ്പോഴും അക്രമങ്ങളുടെ തുടക്കവും കാണേണ്ടി വരുന്നു.”

  ഇവ‌ എന്റെ വാചകങ്ങളല്ല. ആവാന്‍ സാദ്ധ്യതയും ഇല്ല. അതു് കാവലാന്റെ വാചകങ്ങളാണു്. എന്നാല്‍ തന്നെയും “പുച്ഛിക്കലല്ല വേണ്ടതു്” എന്നതിനോടു് യോജിക്കുകയും ചെയ്യുന്നു.

  ഒരു പുരാതനകാലഘട്ടം അസ്തിത്വത്തിന്റെയും സത്യത്തിന്റെയും അര്‍ത്ഥവും വ്യാപ്തിയും തേടി നടത്തിയ അന്വേഷണങ്ങളുടെ ഫലമാണു് ഗീത. അതില്‍ ഏതൊരു ഭാരതീയനും അഭിമാനിക്കുകയും ചെയ്യാം. പക്ഷേ ആ അന്വേഷണഫലങ്ങള്‍ക്കു്‌ ആത്യന്തികത്വം കല്പിക്കുമ്പോള്‍ സത്യാന്വേഷണം എന്ന അവരുടെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുകയാണു് നമ്മള്‍ ചെയ്യുന്നതു്‌. സത്യം തേടിയുള്ള മനുഷ്യയാത്രയുടെ ചരിത്രവും ഗതിയും മനസ്സിലാക്കുന്ന ഏതൊരു സത്യാന്വേഷിയും ആത്യന്തികമായ ഒരു സത്യം ഒരുപക്ഷേ ഒരിക്കലും കണ്ടെത്താനാവില്ലെന്നും അതേസമയംതന്നെ അതിനുവേണ്ടിയുള്ള അന്വേഷണം തുടരുകയല്ലാതെ മറ്റു്‌ പോംവഴികള്‍ ഒന്നും മനുഷ്യബുദ്ധിക്കു് ഇല്ലെന്നും തിരിച്ചറിയുന്നവനായിരിക്കും. തിരിച്ചറിഞ്ഞു എന്ന വിശ്വാസം തിരിച്ചറിവാകുമോ? പ്രപഞ്ചത്തില്‍ നിന്നും ഉരുത്തിരിഞ്ഞവരും അതേ പ്രപഞ്ചത്തിന്റെതന്നെ ഭാഗവുമാണു് മനുഷ്യര്‍. പ്രപഞ്ചത്തിനുള്ളില്‍ നിന്നുകൊണ്ടു് പ്രപഞ്ചത്തെ പൂര്‍ണ്ണമായി അറിയാന്‍ മനുഷ്യനു് കഴിയുമോ? മനുഷ്യരുടെ ഇന്ദ്രിയങ്ങളുടെ റേഞ്ചിന്റെ പരിമിതി മാത്രം മതി അതിനു്‌ തെളിവായിട്ടു്. ഇങ്ങനെയൊരു ഡിലെമ്മയില്‍ എത്തിയ പുരാതനമനുഷ്യര്‍‍ സകലപ്രപഞ്ചത്തിന്റെയും ഒരു നിയന്ത്രകശക്തിയില്‍ എല്ലാ ചോദ്യങ്ങളുടെയും അന്തിമമറുപടി ആരോപിച്ചു് സ്വൈര്യം തേടി. പക്ഷേ അങ്ങനെയൊരു ശക്തി ഉണ്ടെങ്കില്‍ അതു് ഈ പ്രപഞ്ചത്തിനും അതീതമായിരിക്കണം. ഈ പ്രപഞ്ചത്തെത്തന്നെ മനസ്സിലാക്കാന്‍ കഴിയാത്ത മനുഷ്യനു് അങ്ങനെയൊരു നിഗമനം നടത്താന്‍‌ അവകാശമുണ്ടോ? അജ്ഞരായ മനുഷ്യര്‍ക്കു് വേണ്ടതു് ഉറപ്പാണു്. മനുഷ്യജ്ഞാനികളായവര്‍ ആദ്യകാലങ്ങളില്‍ നല്ല ഉദ്ദേശത്തില്‍ നല്‍കിയ ഈ “ഉറപ്പു്” മനുഷ്യദ്രോഹികളായവര്‍ സ്വന്തം വയറിനായി ദുരുപയോഗം ചെയ്യുന്നു. ഉപജീവനത്തിനായി അതീന്ദ്രിയജ്ഞാനത്തില്‍ വരെ കൈവയ്ക്കാന്‍ മടിക്കാത്തവരല്ലേ‌ മനുഷ്യര്‍?

  “ശ്രീ ചൈതന്യ ചരിതാമൃത” എന്ന ഭക്തിവേദാന്ത സ്വാമി പ്രഭുപദയുടെ ഗ്രന്ഥത്തില്‍ രാമചന്ദ്രപുരി എന്നൊരു മുതിര്‍ന്ന സ്വാമി തനിക്കു്‌ ഇഷ്ടമല്ലാതിരുന്ന ശ്രീ ചൈതന്യമഹാപ്രഭുവിന്റെ മുറിയില്‍ ഉറുമ്പുകളെ കണ്ടപ്പോള്‍ അതു് രാത്രിയില്‍ കല്‍ക്കണ്ടത്തിന്റെ കഷണങ്ങള്‍ മുറിയില്‍ വീണതുകൊണ്ടാണെന്നും, ലോകവിമുഖനായി ജീവിക്കേണ്ടുന്ന സന്യാസി‍ ഇന്ദ്രിയ പോഷണത്തില്‍ മുഴുകിയെന്നു് കുറ്റപ്പെടുത്തിയെന്നും മറ്റും വായിച്ചിട്ടുണ്ടു്‌. “അതീന്ദ്രിയം” ഘോഷിക്കുന്ന സന്യാസിമാരെ അടുത്തറിഞ്ഞാല്‍ അവരെപ്പറ്റിയുള്ള പല സാങ്കല്പികസൌധങ്ങളും ഇതുപോലെ തകര്‍ന്നുവീഴും. മനുഷ്യരില്‍ വ്യാജമായ ധാരണ സൃഷ്ടിക്കുന്നതിലും അതു് അഭംഗുരം നിലനിര്‍ത്തുന്നതിലുമാണു് സ്വാമിമാരുടെയും മറ്റെല്ലാത്തരം ആത്മീയരുടെയും വിജയം. ഒരു സ്വാമിയും ആ സ്വാമിയെ കുറ്റം പറയുന്ന മറ്റൊരു സ്വാമിയും അടിസ്ഥാനപരമായി ഒരു കള്ളനാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രം!

  മനുഷ്യരുടെ ഇന്ദ്രിയങ്ങളുടെ എക്സ്റ്റെന്‍ഷനായ ശാസ്ത്രീയഉപകരണങ്ങളുടെ കണ്ടെത്തല്‍‍ കൂടുതല്‍ ആഴത്തിലേക്കു് നോക്കുവാന്‍ മനുഷ്യനെ സഹായിക്കുന്നു. ആധുനികശാസ്ത്രം പുരാണങ്ങളില്‍ അന്തര്‍ലീനമാണു് എന്നു് പറയുന്നവര്‍ തന്നെ ശാസ്ത്രജ്ഞരുടെ പുതിയ പരീക്ഷണങ്ങളില്‍ ചിലതു്‍ ഇടയ്ക്കിടെ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അത്യന്തം ആനന്ദിക്കുന്നതു്‌ ‌ശ്രദ്ധിച്ചിട്ടുണ്ടു്. പക്ഷേ പരീക്ഷണം വിജയിച്ചാല്‍ അതു് മതഗ്രന്ഥങ്ങളിലെ ഏതെങ്കിലും വാക്യങ്ങള്‍ വ്യാഖ്യാനിച്ചു്‌ “അതു് ഞങ്ങള്‍ക്കു് എപ്പോഴേ അറിയാമായിരുന്നു” എന്നു് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യും!

  ജനങ്ങളില്‍ വിവേകം ഉണ്ടാവണമെങ്കില്‍ അവര്‍ ലോകത്തിലെ ഇന്നത്തെ അറിവുകള്‍ക്കു് ചെവി നല്‍കണം. അതില്‍ നിന്നും അവരെ പിന്‍‌തിരിപ്പിക്കുന്നതു് മതഗ്രന്ഥങ്ങള്‍ സര്‍വ്വജ്ഞാനത്തിന്റെയും ഉറവിടമാണെന്ന വിശ്വാസമാണു്. ദൈവത്തിലും മതങ്ങളിലും വിശ്വസിക്കാന്‍ ഒരു മുന്നറിവിന്റെയും ആവശ്യമില്ല. ചുമ്മാ വിശ്വസിച്ചാല്‍ മതി. പോരാത്തതിനു് ചെവി നല്‍കിയാലും പിടികിട്ടാന്‍ പ്രയാസമായ കാര്യങ്ങളാണു് ശാസ്ത്രീയമായ അറിവിന്റെ ലോകത്തില്‍ ഉള്ളതും! ‌ ‍

  അനുഭവജ്ഞാനം ആര്‍ക്കും നല്‍കാന്‍ കഴിയുന്നതല്ല. അതു് ഓരോ മനുഷ്യനും പച്ചയായ ജീവിതത്തിലൂടെ ജീവിച്ചും അനുഭവിച്ചും നേടേണ്ടതാണു്.

  cibu cj,

  പുച്ഛവും (പരിഹാസം) സാരസ്യവും (തമാശ)തമ്മില്‍ ‍തെറ്റിദ്ധരിക്കണ്ട!

  നാറാണത്തുഭ്രാന്തന്റെ പ്രവര്‍ത്തിയില്‍ മനുഷ്യര്‍ക്കു് തത്വചിന്തയോ ഭ്രാന്തോ തമാശയോ ദര്‍ശിക്കാം. അതു്‌ മനുഷ്യരുടെ സ്വാതന്ത്ര്യമാണു്. അവന്റെ കല്ലുരുട്ടല്‍ പ്രക്രിയ വഴിപോക്കരുടെ ജീവനും സ്വത്തിനും അപകടമാവാതിരിക്കുന്നിടത്തോളം ഒരുപക്ഷേ ആരും അവനെ തടഞ്ഞെന്നും വരില്ല. പക്ഷേ താന്‍ ഇങ്ങനെ കല്ലുരുട്ടുന്നതു് ലോകത്തില്‍ നിന്നും ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിനായോ, ‍വന്യമൃഗസംരക്ഷണത്തിനായോ, അല്ലെങ്കില്‍ ആഗോളസാമ്പത്തികമാന്ദ്യത്തിനെതിരായോ ഒക്കെ ആണെന്നു് അവന്‍ പറഞ്ഞാല്‍ അതിനു്‌ പിന്നില്‍ ഒരു ചോദ്യചിഹ്നം ഇടാനുള്ള അവകാശമെങ്കിലും മനുഷ്യര്‍ അര്‍ഹിക്കുന്നുണ്ടെന്നു്‌ തോന്നുന്നു. കല്ലുരുട്ടരുതെന്നു് അവര്‍ അവനോടു്‌ പറയുന്നില്ലാത്ത സ്ഥിതിക്കു് പ്രത്യേകിച്ചും!‍

   
 22. പാര്‍ത്ഥന്‍

  Jan 25, 2009 at 14:15

  സി.കെ.:)
  – കാവലാന്റെ വരികൾ കോട്ടു ചെയ്ത് താങ്കളുടെയാണേന്നു പറഞ്ഞ എന്റെ തെറ്റ് ക്ഷമിക്കുക.
  – ആധുനികശാസ്ത്രവും പൌരാണികവേദാന്തശാസ്ത്രവും ഒരിക്കലും ഒരേ അളവുകോൽ ഉപയോഗിച്ച്‌ അളക്കരുത്‌ എന്നൊരഭിപ്രായമുണ്ട്‌. രണ്ടിന്റെയും തിയറികൾ വ്യത്യസ്തമാണ്. എന്തെങ്കിലും സാമ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ തന്നെ അത്‌ ഇതാണ് എന്ന് പറയാനും കഴിയില്ല. അതിൽ ഇങ്ങനെപറയുന്നു, ഇതിൽ ഇങ്ങനെ കണ്ടെത്തിയിരിക്കുന്നു എന്നേ പറയാ‍ൻ കഴിയൂ.
  “മതഗ്രന്ഥങ്ങള്‍ സര്‍വ്വജ്ഞാനത്തിന്റെയും ഉറവിടമാണെന്ന വിശ്വാസം“, അങ്ങനെ വിശ്വസിക്കുന്നെങ്കിൽ അത്‌ അന്ധവിശ്വാസമാണ്. അങ്ങനെയെങ്കിൽ ഈ ബ്ലോഗുവായന പോലും വേണ്ടല്ലോ.
  “പക്ഷേ അങ്ങനെയൊരു ശക്തി ഉണ്ടെങ്കില്‍ അതു് ഈ പ്രപഞ്ചത്തിനും അതീതമായിരിക്കണം“.
  ഇത് താങ്കളുടെ അഭിപ്രായമോ അതോ പൊതുജനം അങ്ങിനെയാണ് വിശ്വസിക്കുന്നതെന്നു താങ്കൾ കരുതുന്നതോ. എങ്കിൽ ഞാൻ അതിൽ പെടുന്നില്ല.

  – നാറാണത്തു ഭ്രാന്തൻ കല്ലുരുട്ടി താഴേക്കിടുന്നതിനെക്കുറിച്ച് ഇപ്പോഴാണ് അതിന്റെ അപകടാവസ്ഥ മനസ്സിലായത്‌. ഒരുപക്ഷെ അന്ന്‌ ആ മലയുടെ താഴെ ആരും താമസിക്കുന്നില്ല എന്ന അറിവുണ്ടായിരുന്നതുകൊണ്ടാവാം ഇത്ര ധൈര്യത്തിൽ താഴേക്കുരുട്ടിയിരുന്നത്‌.

   
 23. സി. കെ. ബാബു

  Jan 25, 2009 at 16:39

  പാര്‍ത്ഥന്‍,
  ചുരുക്കി പറയാന്‍ ശ്രമിക്കാം:
  വേദങ്ങള്‍ ശാസ്ത്രമല്ല. കാരണം, ശാസ്ത്രത്തെ ശാസ്ത്രമാക്കുന്ന നിബന്ധനകള്‍ വേദങ്ങളില്‍ അപ്ലൈ ചെയ്യാവുന്നതല്ല എന്നതുതന്നെ. ഭൌതികലോകത്തെയും അതിലെ പ്രതിഭാസങ്ങളെയും മുന്‍‌വിധിയില്ലാത്ത വീക്ഷണങ്ങളിലൂടെയും വ്യവസ്ഥാപിതമായ പരീക്ഷണങ്ങളിലൂടെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സമ്പ്രദായമാണു് ശാസ്ത്രം. ശാസ്ത്രം നടത്തുന്ന പ്രഖ്യാപനങ്ങള്‍ വെരിഫൈ ചെയ്യാന്‍ കഴിയുന്നതായിരിക്കണം. ശാസ്ത്രസത്യങ്ങള്‍ തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടാവുന്നവയും ആ ആവര്‍ത്തനങ്ങള്‍ ഓരോ പ്രാവശ്യവും ഒരേ ഫലം തരുന്നവയുമായിരിക്കണം. ഈ നിബന്ധനകള്‍ വേദങ്ങളില്‍ സാദ്ധ്യമാവില്ലല്ലോ.

  മതഗ്രന്ഥങ്ങള്‍ സര്‍വ്വജ്ഞാനത്തിന്റെയും ഉറവിടമാണെന്ന നിഗമനത്തില്‍ ഒരു വിശ്വാസി എത്തിച്ചേരുന്നതു് ഒരു സിമ്പിള്‍ ലോജിക്ക് വഴിയാണു്: മതഗ്രന്ഥങ്ങള്‍ ദൈവവചനങ്ങളാണു്, ദൈവം സര്‍വ്വജ്ഞാനിയാണു്, അതുകൊണ്ടു് മതഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതു് സര്‍വ്വജ്ഞാനമാണു്. ദൈവം മനുഷ്യര്‍ക്കു് വെളിപ്പെടുത്തിക്കൊടുത്തു എന്നു് വിശ്വസിക്കപ്പെടുന്ന ബൈബിള്‍, ഖുര്‍ ആന്‍ മുതലായവ ഉദാഹരണങ്ങള്‍. വിശ്വാസത്തിനു് ഏറ്റക്കുറച്ചിലുകള്‍ ഉള്ളതിനാല്‍ എല്ലാ വിശ്വാസികളും ഈ ലോജിക്ക് പിന്‍‌തുടരുന്നവര്‍ ആവണമെന്നുമില്ല.

  “പക്ഷേ അങ്ങനെയൊരു ശക്തി ഉണ്ടെങ്കില്‍ അതു് ഈ പ്രപഞ്ചത്തിനും അതീതമായിരിക്കണം” എന്നതു്
  എന്റെ സ്വന്തം അഭിപ്രായമോ പൊതുജനം അങ്ങനെ വിശ്വസിക്കുന്നതെന്നു് ഞാന്‍ കരുതുന്നതോ അല്ല. “ഒരു വ്യവസ്ഥയെ (system) അതിനുള്ളില്‍ തന്നെ നിന്നുകൊണ്ടു് പൂര്‍ണ്ണമായി അപഗ്രഥിക്കാനാവില്ല” എന്ന ശാസ്ത്രസത്യത്തെ ഞാന്‍ പ്രപഞ്ചം എന്ന സിസ്റ്റത്തിലേക്കു് വിപുലീകരിച്ചു എന്നുമാത്രം. ദൈവം എന്ന വാക്കു് നിര്‍വചനപ്രകാരം പ്രതിനിധീകരിക്കുന്നതു് സകല പ്രപഞ്ചത്തിന്റെയും ഒരു “അഡ്മിനിസ്ട്രേറ്ററെ” ആണെന്നതിനാല്‍ അത്തരം ഒരു പദവി സാദ്ധ്യമാവാ‍ന്‍, പ്രപഞ്ചത്തിന്മേലുള്ള ദൈവത്തിന്റെ സ്വാധീനവും ആക്ഷന്‍ പൊട്ടെന്‍ഷ്യലും സാധൂകരിക്കപ്പെടാന്‍, അങ്ങനെ ദൈവത്തിന്റെ മുഴുവന്‍ പ്രപഞ്ചത്തിന്മേലുമുള്ള‍ അധികാരത്തിന്റെയും ശക്തിയുടെയും വലിഡിറ്റി വൈരുദ്ധ്യമില്ലാത്തതാവാന്‍ ദൈവം നമുക്കു് അറിയാവുന്നതും അല്ലാത്തതുമായ എല്ലാ പ്രപഞ്ചങ്ങള്‍ക്കും അതീതമായ “അസ്തിത്വം” ഉള്ളവനായാലേ കഴിയൂ. അതാണു് ഞാന്‍ അതുവഴി ഉദ്ദേശിച്ചതു്. വ്യക്തിപരമായ നിലപാടുകളുമായി അതിനു് ബന്ധമൊന്നുമില്ല എന്നു് സാരം. അതുകൊണ്ടുതന്നെ ഈ കാര്യങ്ങള്‍ ഒരു പൊതുവായ അര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കണമെന്നു് അപേക്ഷിക്കുന്നു.

   
 24. പാര്‍ത്ഥന്‍

  Jan 26, 2009 at 15:34

  “വേദങ്ങൾ ശാസ്ത്രമല്ല” എന്നു പറഞ്ഞത് അല്പം കടന്ന കയ്യായിപ്പോയി. വേദങ്ങളുടെ അനുബന്ധമായി നിരവധി ശാഖകൾ ഉണ്ട്. ഉപനിഷത്തുക്കൾ, വാസ്തുവിദ്യ, ആയുർവ്വേദം തുടങ്ങി സംഗീതം വരെ അത് പടർന്നു കിടക്കുന്നു. എല്ലാം മനുഷ്യ/സാ‍മൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടു തന്നെയാണ്. ആധുനിക ശാസ്ത്രത്തിന്റെ വിശകലനത്തിന് യോജിച്ചതല്ല എന്നോ അതിന്റെ സമ്മതപത്രം ഇല്ലെന്നോ പറയാം.

  ഈശ്വര ചൈതന്യം തന്നെയാണ് പ്രപഞ്ചം എന്നു അദ്ദ്വൈതം പറയുമ്പോൾ, പ്രപഞ്ചത്തിനു മീതെ വേറൊരു ശക്തിയെ പ്രതിഷ്ഠിക്കുന്നതെങ്ങിനെ. സർവ്വശക്തനായ ഈശ്വരനും ഭയഭക്തിബഹുമാനത്തോടെ അദ്ദേഹത്തെ അനുസരിക്കുന്ന ഭക്തന്മാരുമെന്നതാണ് ദ്വൈതത്തിലെ സങ്കല്പം. സെമിറ്റിക് മതങ്ങളുടെ കാഴ്ചപ്പാടും ഇതുതന്നെയായതുകൊണ്ട്‌ ഭൂരിഭാഗവും ഈ സങ്കല്പത്തിന്റെ വിശ്വാസികളായി.

   
 25. സി. കെ. ബാബു

  Jan 26, 2009 at 19:48

  പാര്‍ത്ഥന്‍,

  ഇവിടെ പ്രാര്‍ത്ഥനയെപ്പറ്റി നീറ്റ്സ്‌ഷെ എഴുതിയ ഒരു ചെറിയ ഉപന്യാസമായിരുന്നല്ലോ വിഷയം.

  “ഈശ്വര ചൈതന്യം തന്നെയാണ് പ്രപഞ്ചം എന്നു അദ്ദ്വൈതം പറയുമ്പോള്‍, പ്രപഞ്ചത്തിനു മീതെ വേറൊരു ശക്തിയെ പ്രതിഷ്ഠിക്കുന്നതെങ്ങിനെ.”

  പ്രപഞ്ചത്തെ പ്രപഞ്ചമെന്നും, വാസ്തുവിദ്യയെ വാസ്തുവിദ്യയെന്നും, ആയുര്‍വേദത്തെ ആയുര്‍വേദമെന്നും (ഒരു ചികിത്സാരീതി എന്ന നിലയില്‍) വിളിച്ചാല്‍ പിന്നെ തെറ്റിദ്ധാരണകള്‍ ഉണ്ടാവില്ല. അതിനെല്ലാം ഇടയില്‍ ഒരു ഈശ്വരനെ പ്രതിഷ്ഠിക്കുമ്പോള്‍ മനുഷ്യബുദ്ധിക്കും യുക്തിക്കും പ്രവേശനമില്ലാത്ത ആദ്ധ്യാത്മികതയുടെ മറ്റൊരു തലത്തെ ഈ വിഷയങ്ങളുമായി കൂട്ടിക്കുഴക്കുകയാണു് നമ്മള്‍ ചെയ്യുന്നതു്. അതോടെ സകല പ്രശ്നങ്ങളും‍ ആരംഭിക്കുന്നു. ഈശ്വരന്‍ പ്രപഞ്ചവുമായി ഒന്നുതന്നെയോ അതോ മറ്റൊന്നോ, പ്രപഞ്ചത്തിനുള്ളിലോ അതോ ബാഹ്യമായതോ മുതലായ പ്രശ്നങ്ങള്‍ ഇവയൊന്നുമായി യാതൊരു ബന്ധവും ഉണ്ടാവേണ്ട കാര്യമില്ലാത്ത വിഷയങ്ങളില്‍ (ഉദാ. രോഗചികിത്സ, കെട്ടിടം പണി, മുതലായവ) നുഴഞ്ഞുകയറി ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിശ്ചയിക്കാനും മനുഷ്യരെ ചിന്താക്കുഴപ്പത്തിലാക്കാനും തുടങ്ങും. ഒരു ഈശ്വരചൈതന്യത്തിന്റെയും സഹായമില്ലാതെ ഇത്തരം കാര്യങ്ങള്‍ വളരെ ഭംഗിയായി ചെയ്യുന്ന ധാരാളം സമൂഹങ്ങള്‍ ലോകത്തിലുണ്ടു്. എന്നെ വിശ്വസിച്ചോളൂ, ഒരു സംശയവും വേണ്ട!‍ എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും പറയുന്നതാണു്. രണ്ടും കാണേണ്ടിവന്നിട്ടുള്ളതുകൊണ്ടു്‌ ഭാരതത്തിനു് ഈശ്വരന്‍ വിധിച്ചു്‌ (അതോ ശപിച്ചോ?) നല്‍കിയിരിക്കുന്ന ദയനീയമായ അവസ്ഥയില്‍ അല്പം ദുഃഖമുണ്ടെന്നും കൂട്ടിക്കോളൂ.

  Natural Science എന്നതു് മനുഷ്യബുദ്ധി മാത്രം പങ്കെടുക്കുന്ന ഒരു മേഖലയാണു്. അതില്‍ ദൈവത്തിനോ ആത്മീയതയ്ക്കോ സ്ഥാനമില്ല. അതെന്താണെന്നു് ഞാന്‍ കഴിഞ്ഞ കമന്റില്‍ പറഞ്ഞിരുന്നല്ലോ. എന്തും ഏതും സങ്കല്പിക്കാന്‍ കഴിയുന്ന ഭാവനയുടെ ലോകവും, പ്രായോഗിക ചിന്തകളിലും പ്രവര്‍ത്തികളിലും ഒതുങ്ങുന്ന ശാസ്ത്രത്തിന്റെ ലോകവും തമ്മില്‍ ഒരു ചര്‍ച്ച ആരംഭിച്ചാല്‍ അതു് എങ്ങുമെത്താതെ ലോകാവസാനത്തോളം നീണ്ടുപോകും. ഒരിക്കലും പരസ്പരം പൊരുത്തപ്പെടാന്‍ കഴിയാത്ത ഇത്തരം paradoxical ലോകങ്ങളെപ്പറ്റി ബെര്‍ട്രാന്‍ഡ് റസ്സല്‍ എഴുതിയിട്ടുണ്ടു്.

  അദ്വൈതവും മറ്റും സംബന്ധിച്ച എത്രയോ ചര്‍ച്ചകള്‍ ചര്‍വ്വിതചര്‍വ്വണം പോലെ എങ്ങുമെത്താതെ നീണ്ടുപോകുന്നതു് എത്രവട്ടം നമ്മള്‍ കണ്ടിരിക്കുന്നു. അതുപോലൊരു ചര്‍ച്ച വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചതുകൊണ്ടു്‌ നമുക്കു് രണ്ടുപേര്‍ക്കും സമയനഷ്ടമല്ലാതെ മറ്റൊന്നും നേടാനില്ല. അതുകൊണ്ടു് ഞാന്‍ നിര്‍ത്തുന്നു. നന്മകള്‍ നേരുന്നു.

   
 26. പാര്‍ത്ഥന്‍

  Jan 26, 2009 at 21:35

  നീറ്റ്സ്‌ഷെയുടെ അടുത്ത അദ്ധ്യായത്തിന്‌ കാത്തിരിക്കുന്നു.

  ഒരു ബിന്ദുവിൽ എത്തും എന്ന് വിചാരിക്കാതെ തന്നെയാണ് ചില സംശയങ്ങൾ ചോദ്യങ്ങളായത്‌. താങ്കൾ കൊടുക്കുന്ന മറുപടിയിലെ പ്രത്യേകത ആകർഷകമാണ് പലപ്പോഴും. വീണുകിട്ടുന്ന ചില ആശയങ്ങൾ ചേർത്തുവെയ്ക്കാനും കൂടിയാണ്.

   
 
%d bloggers like this: