RSS

ലോജിക്കിന്റെ ഉത്ഭവം

11 Jan
(by Friedrich Nietzsche – സ്വതന്ത്ര പരിഭാഷ)

മനുഷ്യമസ്തിഷ്കത്തില്‍ എങ്ങനെയാണു് യുക്തിബോധം രൂപം കൊണ്ടതു്? തീര്‍ച്ചയായും യുക്തിയില്ലായ്മയുടെ, ആദ്യകാലത്തു് ഭീമാകാരമായിരുന്നിരിക്കാനിടയുള്ള ലോകത്തില്‍ നിന്നേ ആവൂ. നമ്മള്‍ ഇന്നു് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്ന എണ്ണമറ്റ അസ്തിത്വങ്ങള്‍ എന്നെന്നേക്കുമായി മണ്മറഞ്ഞു. എന്നിരുന്നാലും അവയുടെ വഴികള്‍ നേരായവ ആയിരുന്നിരിക്കണം. ഉദാഹരണത്തിനു്, ആഹാരത്തിന്റെ കാര്യത്തിലോ, വര്‍ഗ്ഗശത്രുക്കളുടെ കാര്യത്തിലോ “തുല്യമായതിനെ” എളുപ്പം വീണ്ടും വീണ്ടും  കണ്ടെത്താന്‍ കഴിയാതിരുന്നവനു്, അല്ലെങ്കില്‍ വളരെ സാവധാനം അന്തര്‍ഗണിച്ചിരുന്നവനു്, അഥവാ അന്തര്‍ഗണനത്തില്‍ (subsumption) വളരെ സൂക്ഷ്മാലു ആയിരുന്നവനു്, തുടര്‍ജീവിതത്തിനുള്ള സാദ്ധ്യത, സാമ്യതയുള്ളവയിലെല്ലാം ഉടനടി സമത്വം കണ്ടെത്തിയിരുന്നവനെ അപേക്ഷിച്ചു് അത്യന്തം വിരളമായിരുന്നു. അതായതു്, സമാനതയെ തുല്യതയായി പരിഗണിക്കാനുള്ള പ്രബലമായ പ്രവണതയാണു്, – സത്യത്തില്‍ അതൊരു യുക്തിഹീനമായ പ്രവണതയാണു്; കാരണം, “തുല്യമായവ” എന്നൊന്നു് യഥാര്‍ത്ഥത്തില്‍ ഇല്ല – എല്ലാ യുക്തിബോധത്തിന്റെയും അടിത്തറ പാകിയതു്. അതുപോലെതന്നെ, സാരാംശം (substance) എന്ന, യുക്തിബോധത്തിനു് ഒഴിവാക്കാനാവാത്ത ആശയത്തിന്റെ – അങ്ങനെയൊന്നിനു് കര്‍ശനമായ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവുമായി ഒരു സാദൃശ്യവും ഇല്ലെങ്കിലും! – രൂപമെടുക്കലിനു് ദീര്‍ഘകാലം വസ്തുക്കളിലെ പരിവര്‍ത്തനം എന്ന പ്രതിഭാസം കാണപ്പെടാതെയോ, അനുഭവപ്പെടാതെയോ പോയിട്ടുണ്ടാവണം. കൃത്യമായി കാര്യങ്ങള്‍ കാണാന്‍ കഴിയാതിരുന്ന അസ്തിത്വങ്ങള്‍ക്കു് എല്ലാം “ഒഴുകുന്നതായി” (ചലനാത്മകമായി) കാണാന്‍ കഴിഞ്ഞവയെ അപേക്ഷിച്ചു് നേട്ടങ്ങള്‍ കൈവരിക്കാനായി.

അടിസ്ഥാനപരമായി, തീരുമാനമെടുക്കുന്നതിലെ ഏതുതരം കൂടിയ ശ്രദ്ധയും, സന്ദേഹത്തിന്റെ ഏതുതരം പ്രവണതയും ജീവിതത്തിനു് അങ്ങേയറ്റം അപകടകരമാണു്. അതിന്റെ നേരെ വിപരീതമായ പ്രവണത, തീരുമാനം നീട്ടിവയ്ക്കുന്നതിനേക്കാള്‍ അതംഗീകരിക്കുന്നതും, കാത്തിരിക്കുന്നതിനേക്കാള്‍ തെറ്റുപറ്റുന്നതും, രചിക്കുന്നതും, നിഷേധിക്കുന്നതിനേക്കാള്‍ സമ്മതിക്കുന്നതും, നീതിപൂര്‍വ്വമാവുന്നതിനേക്കാള്‍ വിധിക്കുന്നതും കാലാന്തരങ്ങളിലൂടെ അതിശക്തമായി വളര്‍ത്തിയെടുക്കപ്പെടാതിരുന്നെങ്കില്‍, ജീവനുള്ളവയൊന്നും അതിജീവിക്കുമായിരുന്നില്ല. ഇന്നത്തെ മനുഷ്യരുടെ തലച്ചോറിനുള്ളിലെ യുക്തിപൂര്‍വ്വമായ ചിന്തകളുടെയും അനുമാനങ്ങളുടെയും ഗതി, ഒറ്റയൊറ്റയായി എടുത്താല്‍ അത്യന്തം യുക്തിഹീനവും, നീതിരഹിതവുമായ ആസക്തികളുടെ സമരങ്ങളും പ്രക്രിയകളുമാണു്. നമ്മള്‍ അറിയുന്നതു് സാധാരണഗതിയില്‍ ആ സമരത്തിന്റെ ഫലം മാത്രം – അത്ര വേഗത്തിലും അത്ര മറഞ്ഞുമാണു് അതിപുരാതനമായ ഈ മെക്കാനിസം ഇന്നു് നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതു്.

വാല്‍ നക്ഷത്രം:

ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ എന്ന പേരിനു് പല ഉച്ചാരണങ്ങള്‍ നല്‍കി കാണുന്നതിനാല്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ: ഇംഗ്ലീഷ്‌ ഭാഷയില്‍ നിന്നും വിപരീതമായി ജര്‍മ്മന്‍ ഭാഷ ഉച്ചരിക്കുന്നതു് എഴുതുന്നതുപോലെ തന്നെയാണു്. അക്ഷരങ്ങളുടെ ഉച്ചാരണത്തിലും വ്യത്യാസമുണ്ടു്. z എന്ന അക്ഷരം റ്റ്‌സ്‌, sch എന്നതു് ഷ്‌, e എന്നതു് എ, ch എന്നതു് ഹ്‌ (ചിലപ്പോള്‍ ‘ക്‌’ എന്നും!). ച, ജ മുതലായ അക്ഷരങ്ങള്‍ ഇല്ല. g = ഗ്‌, j = യ്‌, v = ഫ്‌. ei = ഐ, ie = ഈ. ഉദാഹരണത്തിനു്, നിഷ്കളങ്കമായ ഉച്ചാരണത്തില്‍, Rajan‍ = രയാന്‍, Varghese = ഫര്‍ഗ്‌ഹേസെ etc. ചൈനാക്കാര്‍ എന്ന ‘Chinesen’ കിനേസെന്‍, ഷിനേസെന്‍, ഹിനേസെന്‍ എന്നൊക്കെ ഉച്ചരിക്കപ്പെടും! ഹിമാലയ “ഹിമലായ” ആയി മാറും. ഇംഗ്ലീഷില്‍ ഫ്രീഡ്രിക്ക്‌ നീച്ച എന്നാണു് പ്രയോഗമെങ്കിലും അദ്ദേഹത്തിന്റെ മാതൃഭാഷയായ ജര്‍മ്മനില്‍ അതു് ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ എന്നാണു്. ജര്‍മ്മനില്‍ ജര്‍മ്മന്‍ എന്നതു് ഡൊയ്റ്റ്ഷ്‌ (Deutsch) എന്നും. Goethe എന്നതു് ചില മലയാളപത്രങ്ങള്‍ വരെ “ഗൊയ്ഥെ” എന്നും മറ്റും എഴുതാറുണ്ടെങ്കിലും, ‘ഗ്വേറ്റെ’ എന്നതാണു് ജര്‍മ്മനില്‍ ശരി. ഉച്ചരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ t-ക്കും e-ക്കും ഇടയില്‍ ഒരു ഇളം ‘h’ (ഹ്‌) ഉണ്ടെന്നു് മനസ്സിലാവുകയും ചെയ്യും. അതുപോലെ കാര്‍ള്‍ മാര്‍ക്സിന്റെ പുസ്തകം ‘ദസ്‌ കപിറ്റാല്‍’ (das Kapital) ആണു്. Kapital എന്ന ജര്‍മ്മന്‍ വാക്കു് നപുംസകലിംഗമായതിനാല്‍ ചേര്‍ക്കേണ്ടുന്ന ഒരു ആര്‍ട്ടിക്കിളാണു് ദസ്‌. “ദാസ്‌ കാപിറ്റല്‍” അല്ല. ഇംഗ്ലീഷില്‍ the മാത്രമാണു് ആര്‍ട്ടിക്കിള്‍ എങ്കില്‍ ജര്‍മ്മനില്‍ അവ പുല്ലിംഗത്തിനും (der), സ്ത്രീലിംഗത്തിനും (die), നപുംസകത്തിനും (das) വേറെ വേറെയാണു്. ഇവയ്ക്കു് നാമം വിഭക്തിയോടു് ചേരുന്നതിന്റെയും മറ്റും അടിസ്ഥാനത്തില്‍ പലവിധ രൂപമാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യും! (ഉദാ. den, dem, des, dessen, deren…) ചില ജര്‍മ്മന്‍ വാക്കുകള്‍ അവയുടെ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ ഇംഗ്ലീഷിലേക്കുപോലും തര്‍ജ്ജമ ചെയ്യുക ദുഷ്കരമാണു്. മലയാളത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ഇങ്ങനെയൊക്കെയാണെങ്കിലും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന സ്വിറ്റ്‌സര്‍ലന്റ്‌, ഓസ്ട്രിയ, ജര്‍മ്മനി എന്നിവിടങ്ങളിലെ സംസാരഭാഷയില്‍ പലപ്പോഴും അവ ഒരേ ഭാഷയാണെന്നു് പോലും തോന്നാത്തത്ര വ്യത്യാസങ്ങള്‍ ഉണ്ടുതാനും. മലയാളം വിക്കിപ്പീഡിയയില്‍ ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെയെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചപ്പോള്‍ അതിലെ പല പ്രയോഗങ്ങളും വളരെ രസകരമായി തോന്നി. ഈച്ചയെ അറിയാവുന്നതുകൊണ്ടാവാം നീച്ച അരോചകമായി തോന്നിയതു്. കൊളോണിയല്‍ മുതലാളികള്‍ ആയിരുന്ന ഇംഗ്ലീഷുകാര്‍ അന്യഭാഷകളിലെ വാക്കുകള്‍ അവരുടെ നാക്കിനു് ചേരുമ്പടി വെട്ടി മുറിക്കുകയായിരുന്നല്ലോ! ഇംഗ്ലീഷിനോടൊപ്പം ജര്‍മ്മന്‍ ഉച്ചാരണങ്ങളും അറിയണമെന്നുള്ളവര്‍ക്കു് ഇതാ രണ്ട്‌ ലിങ്കുകള്‍: dict.cc, inogolo.com. Friedrich Nietzsche എന്ന പേരിന്റെ ഉച്ചാരണങ്ങള്‍ രണ്ടാമത്തെ ലിങ്കിലേ ലഭിക്കൂ.]

 
15 Comments

Posted by on Jan 11, 2009 in ഫിലോസഫി

 

Tags: ,

15 responses to “ലോജിക്കിന്റെ ഉത്ഭവം

 1. മൂര്‍ത്തി

  Jan 11, 2009 at 18:41

  തുടരുക..

  ജര്‍മ്മന്‍ ക്ലാസിനും നന്ദി.

   
 2. ...പകല്‍കിനാവന്‍...daYdreamEr...

  Jan 11, 2009 at 19:03

  വളരെ ഉപകാരപ്രദം… നന്ദി…

   
 3. പൊട്ട സ്ലേറ്റ്‌

  Jan 11, 2009 at 21:12

  എഴുത്ത് അറിവ് വര്‍ധിപ്പിക്കാന്‍ സഹായകം. പക്ഷെ അല്പം കൂടി ലളിതമായ രീതിയില്‍ എഴുതിയാല്‍ നന്നായിരിക്കും എന്നൊരു അഭിപ്രായം എനിക്കുണ്ട്.

   
 4. പാമരന്‍

  Jan 11, 2009 at 21:18

  വാല്‌ ഇഷ്ടപ്പെട്ടു.. നന്ദി.

   
 5. t.k. formerly known as തൊമ്മന്‍

  Jan 12, 2009 at 08:02

  കൊള്ളാം! Thus Spoke Zarathustra വായിക്കാന്‍ ശ്രമിച്ച്, മടുത്ത് എടുത്തുവച്ചിട്ട് കുറെ ആയി. അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചറിയാന്‍ പറ്റിയ ഒരു പുസ്തകം നിര്‍ദ്ദേശിക്കാമോ? (ഇംഗ്ലീഷില്‍)

   
 6. ബിനോയ്

  Jan 12, 2009 at 09:09

  മുഴുവന്‍ വായിച്ചു. ബള്‍ബ് തെളിഞ്ഞുവരുന്നതേയുള്ളു. ഇനിയും വായിക്കാം. അതിനുമുന്‍പ്‌ നീറ്റ്‌സ്‌ഷെ പറഞ്ഞതത്രയും ശരിയെന്നൊരു കമന്റിടുന്നു.

   
 7. സി. കെ. ബാബു

  Jan 12, 2009 at 10:06

  വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി.

  t.k.,
  മുകളില്‍ കൊടുത്ത ലിങ്കില്‍ ധാരാളം literature ഉണ്ടല്ലോ. ഏതെങ്കിലും പുസ്തകം വാങ്ങുന്നതിനു് മുന്‍പു് ആദ്യം അവയില്‍ ഒന്നു് പരതുന്നതു്‍ നന്നായിരിക്കുമെന്നു് തോന്നുന്നു. ഒരു ബഹുമുഖവ്യക്തിത്വമായിരുന്ന നീറ്റ്സ്‌ഷെയുടെ ആശയങ്ങള്‍ മുഴുവന്‍ ആറ്റിക്കുറുക്കിയ ഒരു പുസ്തകം ഉണ്ടോ എന്നെനിക്കറിയില്ല. കൂടാതെ, ഒരെഴുത്തുകാരനെ അറിയാന്‍ അവനെപ്പറ്റി മറ്റാരെങ്കിലും‍ എഴുതിയതു് വായിക്കുന്നതിനേക്കാള്‍ അവന്റെതന്നെ ഗ്രന്ഥങ്ങള്‍ വായിക്കുന്നതാണു് നല്ലതെന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായവും.

  ഞാന്‍ നീറ്റ്സ്‌ഷെയെ വായിക്കുന്നതു് ജര്‍മ്മന്‍ ഭാഷയിലാണു്. ആദ്യം വായിച്ച ഗ്രന്ഥം Menschliches, Allzumenschliches (Human, All-Too-Human) ആയിരുന്നു. Also sprach Zarathustra (Thus Spoke Zarathustra) നീറ്റ്സ്‌ഷെയുടെ ഇഷ്ടകൃതിയും താരതമ്യേന കട്ടികൂടിയതുമാണു്. ‘Antichrist’ എന്ന കൃതിയുടെ മുഖവുരയില്‍ നീറ്റ്സ്‌ഷെതന്നെ അതു് സൂചിപ്പിക്കുന്നുമുണ്ടു്. “ഈ പുസ്തകം വളരെ ചുരുക്കം പേര്‍ക്കുള്ളതാണു്… എന്റെ ‘Zarathustra’ മനസ്സിലാക്കുന്നവരായിരിക്കും അവര്‍.”

   
 8. സങ്കുചിതന്‍

  Jan 12, 2009 at 11:55

  എഴുത്തുകാരനെ പറ്റി അറിയുക എന്നത് ആണ് ഈ കാലത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഒന്ന് എന്ന് തോന്നുന്നു. എന്തിനാ, എഴുത്തുകാരനെ പറ്റി അറിയുന്നത്? എഴുത്ത് വായിച്ചാ പോരേ?

   
 9. സി. കെ. ബാബു

  Jan 12, 2009 at 12:38

  സങ്കുചിതന്‍,
  എഴുത്തുകാരനെ അറിയുക എന്നാല്‍ അവന്റെ ഉയരവും തൂക്കവുമൊക്കെ അറിയുകയാണെന്നു് കരുതി അല്ലേ?

   
 10. ജിവി/JiVi

  Jan 12, 2009 at 14:54

  ഭൂഗോളത്തിലെ പല ഭാഗത്തുള്ള പല സംസ്കാരങ്ങളില് പെട്ട ആളുകള്ക്ക് പല ലോജിക്കല്ലേ ഉള്ളത് എന്ന് തോന്നിയിട്ടുണ്ട്. ഗണിതപ്രശ്നം നിര്ദ്ധാരണത്തിലോ ഒരു സോഫ്റ്റ്വെയര് ഉണ്ടാക്കുന്നതിലോ ലോകത്തെല്ലായിടത്തുമുള്ളവര് ഒരേ ലോജിക്കാവാം പ്രയോഗിക്കുന്നത്. എന്നാല് വ്യക്തി ജീവിതത്തിലെ ഒരേ പ്രശനത്തിന്റെ കുരുക്കഴിക്കുന്നതില് അല്ലെങ്കില് നാട്ടിലെ ഒരേമട്ടിലുള്ള വികസനപ്രശനത്തിന് പരിഹാരം കാണുന്നതില് ഇന്ത്യയിലെയും മധ്യപൌരസ്ത്യദേശത്തെയും പാശ്ചാത്യലോകത്തെയും ആള്ക്കാര് വ്യ്ത്യസ്ഥങ്ങളായ ലോജിക്ക് അല്ലേ പ്രയോഗിക്കുക?

   
 11. സങ്കുചിതന്‍

  Jan 12, 2009 at 15:14

  സങ്കുചിതന്‍,
  എഴുത്തുകാരനെ അറിയുക എന്നാല്‍ അവന്റെ ഉയരവും തൂക്കവുമൊക്കെ അറിയുകയാണെന്നു് കരുതി അല്ലേ?

  yes അണ്ണാ,
  അതു തന്നെ കരുതി, അതല്ലെ അണ്ണനും ഉദ്ദേശിച്ചത്?
  😉 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂

   
 12. സി. കെ. ബാബു

  Jan 12, 2009 at 17:54

  ജിവി,
  logos (വാക്കു്, ഭാഷ, നിയമം)എന്ന ഗ്രീക്ക് പദത്തില്‍ നിന്നും രൂപം കൊണ്ട ലോജിക്ക് എന്ന വാക്കിനു് സത്യത്തില്‍ “ശരിയായ” ചിന്ത എന്ന അര്‍ത്ഥമേ ആദ്യം ഉണ്ടായിരുന്നുള്ളു. Heracleitus-നു് ശേഷം അതിനു്‌ ലോകതത്വം, യാഥാര്‍ത്ഥ്യത്തിന്റെ മൌലിക ഘടകം മുതലായ പല അര്‍ത്ഥങ്ങള്‍ ലഭിച്ചു. അതിനുശേഷം ലോജിക്ക് ഒരു നീണ്ട ചരിത്രമാണു് പിന്നിട്ടതു്. ഇന്നു് ലോജിക്കിനു് പല മുഖങ്ങളുണ്ടല്ലോ. mathematical logic, formal logic, modal logic, predicate logic അങ്ങനെ എത്ര വിഭാഗങ്ങള്‍!

  പക്ഷേ ഇവിടെ നീറ്റ്സ്‌ഷെ “ലോജിക്ക്” എന്നതുതന്നെ മനുഷ്യര്‍ നിലനില്പിനുവേണ്ടി ലോജിക്കല്‍ അല്ലാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരായിരുന്ന ഒരു അവസ്ഥയില്‍ നിന്നുമാണു് രൂപമെടുത്തതെന്നും, അടിസ്ഥാനപരമായി ഇന്നും ലോജിക്കല്‍ എന്നു് നമുക്കു് തോന്നുന്ന കാര്യങ്ങള്‍ തലച്ചോറില്‍ ഇല്ലോജിക്കല്‍ ആയാണു്‌ നടക്കുന്നതെന്നുമേ പറയുന്നുള്ളു. അതും ജിവി പറയുന്ന പലതരം ജനവിഭാഗങ്ങളില്‍ കാണുന്ന വ്യത്യസ്തമായ ലോജിക്കും തമ്മില്‍ നേരിട്ടു് ബന്ധപ്പെടുത്തുന്നതു് ശരിയാവില്ല. മനുഷ്യരുടെ ശരികളും തെറ്റുകളും അവരുടെ സാമൂഹികവും സംസ്കാരികവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്നതിനാല്‍, അവരുടെ ലോജിക്കും തീരുമാനങ്ങളും ആ തലത്തില്‍ നിന്നുകൊണ്ടാവാനല്ലേ കഴിയൂ? അജ്ഞരും അന്ധവിശ്വാസികളും പോലും എടുക്കുന്ന തീരുമാനങ്ങള്‍ അവരുടെ കാഴ്ചപ്പാടില്‍ “ലോജിക്കല്‍” തന്നെയാണു്. തലച്ചോറില്‍ ലഭ്യമായ ഇന്‍ഫര്‍മേഷന്‍ വച്ചുകൊണ്ടല്ലേ തലച്ചോറിനു് തീരുമാനങ്ങളില്‍ എത്താന്‍ കഴിയൂ. അത്തരം പ്രശ്നങ്ങള്‍ ബുദ്ധിയും ചിന്താശേഷിയും വളരുന്നതിനനുസരിച്ചു് മാറുകയും ചെയ്യും. എങ്ങനെ വളര്‍ത്തപ്പെടുന്നു എന്നതാണു്‌‍ കാര്യം. പിന്നീടു് ഒരു തിരുത്തല്‍ പ്രയാസമായിരിക്കും.

  ആരംഭം മുതല്‍ തലയില്‍ എല്ലാം ലോജിക്കല്‍ ആയിട്ടാണു് തീരുമാനിക്കപ്പെട്ടിരുന്നതെങ്കില്‍ മനുഷ്യരുടെ നിലനില്പിനെത്തന്നെ അതു് പ്രതികൂലമായി ബാധിച്ചേക്കാമായിരുന്നേനെ എന്ന ഒരു മൌലികസത്യം വെളിപ്പെടുത്തുക മാത്രമാണു് നീറ്റ്സ്‌ഷെ ഇവിടെ ചെയ്യുന്നതു്. മനുഷ്യന്റെ പ്രവൃത്തികള്‍ അധികവും അവന്റെ ബോധപൂര്‍വ്വമായ പങ്കാളിത്തമില്ലാതെയാണു് നടക്കുന്നതെന്നു് ഇന്നു് നമുക്കു് അറിയുകയും ചെയ്യാമല്ലോ.

   
 13. ജിവി/JiVi

  Jan 12, 2009 at 18:27

  Thank u, Babuji

   
 14. സങ്കുചിതന്‍

  Jan 12, 2009 at 21:23

  സൈറണുകള്‍ക്ക് അവയുടെ ഒച്ചയേക്കാള്‍ മാരകമായ ഒരായുധമുണ്ട്, മൌനം.

  ഇത് പറഞ്ഞതാരാണെന്നറിയാമ്മോ അണ്ണാ?

   
 15. ഭ്രമരന്‍

  Jan 14, 2009 at 14:19

  കൊള്ളാം!തുടരുക..

   
 
%d bloggers like this: