RSS

മമ്മൂട്ടിയുടെ ബ്ലോഗും എന്റെ പുതുവര്‍ഷവും

02 Jan

2009 ജനുവരി മാസം ഒന്നാം തീയതി മുതല്‍ നന്നാവാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണു് രാത്രി രണ്ടുമണിക്കു് ഉറങ്ങാന്‍ കിടന്നിട്ടും, നല്ലൊരു അവധി ദിവസമായിരുന്നിട്ടും രാവിലെ ആറുമണിക്കു് പതിവുപോലെ കണ്ണുതുറന്നപ്പോള്‍ ഒന്നുകൂടി ‘എംബ്രിയോണിക്‌’ മാതൃകയില്‍ ചുരുണ്ടുകൂടിക്കിടന്നു് ഉറങ്ങാതെ എഴുന്നേറ്റു് കട്ടിലില്‍ ഇരുന്നതു്. തുടര്‍ന്നു് ഉറങ്ങണമോ വേണ്ടയോ എന്നു് ഒരു പിടിയുമില്ലാതെ ഏതാണ്ടു് ഒരു അരമണിക്കൂര്‍ ഞാന്‍ അങ്ങനെ ഇരുന്നുകാണണം. കാരണം, ബാത്രൂമില്‍ എത്തിയപ്പോഴാണു് അവിടത്തെ സമയം സൂക്ഷിപ്പുകാരന്‍ ‘ആറു് മുപ്പതു്’ എന്നു് എന്നെ നോക്കി ചിരിച്ചതു്! കണ്ണടച്ചുപിടിച്ചാലും കാണാന്‍ കഴിയുന്നത്ര വലിയ അക്കങ്ങളുള്ള ആ പഹയന്റെ അടുത്തു് ഞഞ്ഞാപിഞ്ഞാ ഒന്നും ചിലവാവില്ല. പറഞ്ഞാല്‍പറഞ്ഞതുതന്നെ! ചിരിച്ചാല്‍ ചിരിച്ചതുതന്നെ!

വര്‍ഷത്തില്‍ 365 ദിവസവും, അധിവര്‍ഷത്തില്‍ 366 ദിവസവും ആവര്‍ത്തിച്ചിട്ടും ആവേശത്തിനു് ഒരു കുറവും സംഭവിച്ചിട്ടില്ലാത്ത ‘പ്രഭാതകര്‍മ്മങ്ങള്‍’ എന്ന പരോപകാരം ‘താമസമെന്തേ വരുവാന്‍’ എന്ന പിന്നണിഗാനത്തോടുകൂടെ പൂര്‍ത്തിയാക്കി അടുക്കളയിലെത്തി രണ്ടു് ടോസ്റ്റും രണ്ടു് കപ്പു് കാപ്പിയും ഒരു ഗ്ലാസ്‌ ജ്യൂസും ഒരു മുട്ടയും ഒരു സ്ലൈസ്ഡ്‌ തക്കാളിയും പ്രധാനറോളുകളില്‍ അഭിനയിക്കുന്ന ‘ബ്രേക്ക്ഫാസ്റ്റ്‌’ എന്ന ബ്ലോക്ക്‌ ബസ്റ്റര്‍ ആഘോഷപൂര്‍വ്വം ആസ്വദിച്ചുകഴിഞ്ഞപ്പോള്‍ ടാര്‍സനേപ്പോലെ കൂവിവിളിച്ചു് ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്കു് ഒന്നു് ഊഞ്ഞാലാടാമെന്നൊരു ധൈര്യം തോന്നിയെങ്കിലും അടുക്കളയിലോ പ്രാന്തപ്രദേശങ്ങളിലോ മരങ്ങളും ഊഞ്ഞാലും ഒന്നുമില്ലാത്തതുകൊണ്ടും, സര്‍വ്വവസ്ത്രാഭരണഷൂവിഭൂഷിതനായവന്‍ മരം ചാടുന്നതു് ടാര്‍സവംശത്തിനു് ആകമാനം അപമാനമായതുകൊണ്ടും ഞാന്‍ ഒരു ഭാരതീയ ഋഷിവര്യനെപ്പോലെ സംയമനം പാലിക്കാന്‍ തീരുമാനിച്ചു. ബോധപൂര്‍വ്വമല്ലെങ്കിലും അതുവഴി 2009-ല്‍ നല്ലവനാവണം എന്നെടുത്ത തീരുമാനത്തിനോടു് എനിക്കു് നീതി പുലര്‍ത്താനുമായി. ‘Man proposes God disposes’ എന്നാണല്ലോ! എന്റെ പ്രൊപ്പോസല്‍ ദൈവം ഡിസ്പോസല്‍ ആക്കി എന്നു് ചുരുക്കം!

പണ്ടൊക്കെ മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലാവുകയായിരുന്നുവെങ്കില്‍, ഇന്നു് മറ്റു് കടുംകൈകള്‍ ഫലിക്കാതെ വരുമ്പോള്‍ ബ്ലോഗില്‍ പോസ്റ്റി മനുഷ്യരെ വധിക്കുക എന്നതാണു് അംഗീകൃത ലോകതത്വം. അവശനും ആര്‍ത്തനും ആലംബഹീനനുമായ ഒരു മനുഷ്യനു് ഒറ്റയ്ക്കു് ബ്ലോഗ്‌ മാനിയക്കെതിരായി ഒന്നും ചെയ്യാനാവില്ല. ‘വധിച്ചില്ലെങ്കില്‍ വധിക്കപ്പെടും എന്നതാണു് സ്ഥിതി!’ ഒരു കല്യാണം കഴിക്കണമെങ്കില്‍ ബ്ലോഗ്‌ വേണം എന്ന നിലയില്‍ വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. “നീ പോടാ ബ്ലോഗില്ലാത്തവനേ!” എന്ന വാചകം ഇക്കാലത്തു് ഒരുവനോടു് പറയാവുന്നതില്‍ വച്ചു് ഏറ്റവും വലിയ തെറിയാണു്! ഇനിയും അമാന്തിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്നു് വന്നപ്പോള്‍ ഞാനും തുടങ്ങി കുറെനാള്‍ മുമ്പു് ഒന്നുരണ്ടെണ്ണം. വരമൊഴി തിരുമൊഴിയാവാതെ പാഴ്മൊഴിയായി മൊഴിചൊല്ലി വിടചൊല്ലാതിരിക്കാന്‍ നാല്‍പതു് ദിവസം എരുമപ്പാല്‍ മാത്രം കുടിച്ചുകൊണ്ടു് വ്രതമെടുത്തു. ഏറ്റവും നല്ല ‘ശുഭമുഹൂര്‍ത്തം’ കണിയാനു് കൈമടക്കുകൊടുത്തു് പിടിച്ചുവാങ്ങി. അങ്ങനെ ഞാന്‍ ഗൂഗിളിന്റെ ബ്ലോഗില്‍‍‍ വലതുകാല്‍ ചവിട്ടി ഗൃഹപ്രവേശം നടത്തി. ഒന്നോ ഒന്നിലധികമോ ബ്ലോഗുകള്‍ ഉള്ളവനു് ഇരുപത്തിനാലുമണിക്കൂറും ഇരുന്നയിരുപ്പു് ഇരിക്കേണ്ടി വന്നേക്കാമെന്നതിനാല്‍ വിരേചനം സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടാവാമെങ്കിലും വിരസത ഉണ്ടാവാന്‍ വഴിയില്ല. അതായതു്, മറ്റു് കടുംകൈകള്‍ ഒന്നും ചെയ്യാനില്ലെന്നു് തോന്നുമ്പോഴൊക്കെ ബ്ലോഗില്‍ പോസ്റ്റെഴുതി അബദ്ധത്തില്‍ അവ വായിക്കേണ്ടി വരുന്നവരെ വധിക്കാം, അല്ലെങ്കില്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു് അത്ഭുതപ്പെടാം, കണ്ണുതള്ളാം.

ഒന്നാം തീയതി ചെയ്യാന്‍ പറ്റിയ മറ്റു് സദ്കര്‍മ്മങ്ങള്‍ ഒന്നും തത്കാലം തലയില്‍ മുട്ടിവിളിക്കാത്തതുകൊണ്ടു് അവസാനം കമ്പ്യൂട്ടറിനെ ശരണം പ്രാപിച്ചു. മന്മോഹന്‍ജിയോ സോണിയാജിയോ രാഹുല്‍ജിയോ ഇമെയിലായി എനിക്കു് പുതുവത്സരാശംസകള്‍ നേര്‍ന്നിട്ടുണ്ടോ എന്നു് നോക്കി. അത്ഭുതം! ഇല്ല! നവവത്സരാഘോഷങ്ങള്‍ കഴിഞ്ഞു് ഒത്തിരി താമസിച്ചു് കിടന്നതുകൊണ്ടു് പാവങ്ങള്‍ കൂര്‍ക്കം വലിച്ചു് ഉറങ്ങുകയാവും. ധൃതി വേണ്ടല്ലോ. അവര്‍ എഴുന്നേല്‍ക്കുമ്പോള്‍ എഴുതുകയോ വിളിക്കുകയോ ചെയ്യട്ടെ! ഒബാമയുടെ ഇമെയിലും വന്നിട്ടില്ല. അതു് പിന്നെ അമേരിക്കയിലെ സാമ്പത്തികബുദ്ധിമുട്ടുകൊണ്ടാണെന്നു് കരുതി ക്ഷമിക്കാം. ബ്ലോഗില്‍ എന്തുണ്ടു് വിശേഷം? പുതിയ കഥകളോ കവിതകളോ മറ്റോ? റബ്ബറിന്റെ വിലനിലവാരം എങ്ങനെയുണ്ടു്? എന്റെ കൈവശം തുളവീണ നാലു് ബലൂണുകള്‍ ഉണ്ടു്. റബ്ബറിന്റെ വില അല്‍പം കൂടിയിട്ടു് വേണം അതൊന്നു് വിറ്റു് നാലു് കാശുണ്ടാക്കി അടിപൊളിയായി ഒന്നാഘോഷിക്കാന്‍! അങ്ങനെ പോസ്റ്റുകള്‍ തപ്പി തപ്പി ചെല്ലുമ്പോഴാണു് കണ്ടതു്: മമ്മൂട്ടി ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു! ഒരു പറ്റു് മമ്മൂട്ടിക്കും പറ്റാമെന്നതിനാല്‍ അതു് അത്ര സാരമാക്കാനില്ല. മറ്റു് ശീലക്കേടുകള്‍ ഒന്നുമില്ലല്ലോ! ഒരബദ്ധം മമ്മൂട്ടിക്കു്പറ്റിയതുകൊണ്ടു് അതേ അബദ്ധം മോഹന്‍ലാലിനു് പറ്റിക്കൂടെന്നുമില്ല. കണ്ണില്‍ വിലകുറഞ്ഞ ഏതെങ്കിലും എണ്ണ ഒഴിച്ചു് ചായ കുടിച്ചുകൊണ്ടു് കാത്തിരിക്കുക തന്നെ! ഏതായാലും നമ്മടെ മമ്മുക്കാ എഴുതിയതല്ലേ! വായിക്കാമെന്നു് കരുതി.

പുതുവത്സരാശംസകളോടെയുള്ള തുടക്കം നന്നായി. ഒരു നല്ല കാര്യം തുടങ്ങുമ്പോളങ്ങനെ വേണം. മമ്മൂക്കായ്ക്കു് എന്റെയും ‘ചങ്കുതുറന്ന’ നവവത്സരാശംസകള്‍! അത്രയൊക്കെയേ എനിക്കു് പറ്റൂ! താഴേക്കു് വായിച്ചു് ചെന്നപ്പോള്‍ ഒരു വാചകം എന്റെ ശ്രദ്ധയില്‍പെട്ടു. “അധ്വാനിക്കുക എന്നതു് ഒരു ഭാരമോ കടമയോ അല്ല, ഒരു ശീലമാണു്.” ഉള്ളതു് പറയണമല്ലോ! രണ്ടുവട്ടം വായിച്ചിട്ടും അതിന്റെ ഗുട്ടന്‍സ്‌ എനിക്കു് പിടി കിട്ടിയില്ല. എന്റെ അനുഭവത്തില്‍ അദ്ധ്വാനം ഭാരമേറിയ ഒരു കാര്യമാണു്. (ചുമ്മാ ഒരു രസത്തിനാണെന്നും പറഞ്ഞു് എടുത്താല്‍ പൊങ്ങാത്ത ചാക്കുകെട്ടു് ചുമക്കുന്നവനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒരു നാറാണത്തു് ഭ്രാന്തന്‍ ഉണ്ടായിരുന്നു. പക്ഷേ അതു് വേറെ കേസുകെട്ടു്!) എന്റെ അഭിപ്രായത്തില്‍ അദ്ധ്വാനം ഭാരം മാത്രമല്ല, കടമയുമാണു്. ഒരു മനുഷ്യജീവി എന്ന നിലയില്‍ എനിക്കു് കടമകളുണ്ടു്. എന്റെ രാജ്യത്തിനോടു്, എന്റെ സമൂഹത്തിനോടു്, എന്റെ കുടുംബത്തിനോടു്, എല്ലാറ്റിലുമുപരി എന്നോടുതന്നെ! എന്റെ ജീവിതത്തിനോടു് ഞാനെങ്കിലും കടപ്പെട്ടിരിക്കണമല്ലോ. ജീവിതം മുന്നോട്ടു് പോകണമെന്നതു് നിലനില്‍പിന്റെ പ്രശ്നമാണു്. അതിനാല്‍, ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും ജീവിതം ഒരു ബാദ്ധ്യതയാണു്, അല്ലെങ്കില്‍ ആവണം. എന്റെ കടമകള്‍ നിറവേറ്റാന്‍ വേണ്ടി ഏതൊരു സാധാരണ മനുഷ്യനെയും പോലെ എനിക്കു് ചെയ്യാന്‍ കഴിയുന്നതാണു് അദ്ധ്വാനം. അതുവഴി അദ്ധ്വാനം എന്റെ കടമയായി മാറുകയല്ലേ ചെയ്യുന്നതു്? ബൗദ്ധികമായാലും ശാരീരികമായാലും മനുഷ്യോര്‍ജ്ജം ചിലവഴിക്കപ്പെടേണ്ടി വരുന്നു എന്നതിനാല്‍ അദ്ധ്വാനം (work) ഒരു ഭാരം തന്നെയാണു്. മനുഷ്യശരീരത്തിന്റെ രണ്ടു് ശതമാനം മാത്രം ഭാരം വരുന്ന തലച്ചോറു് ആകെ ഊര്‍ജ്ജത്തിന്റെ ശരാശരി ഇരുപതു് ശതമാനമാണു് ഉപയോഗിക്കുന്നതു്. ഊര്‍ജ്ജത്തിന്റെ 80 ശതമാനം കൊണ്ടു് ശരീരത്തിലെ ബാക്കി 98 ശതമാനം തൃപ്തിപ്പെടുന്നു! അതായതു്, ശരീരംകൊണ്ടുള്ള അദ്ധ്വാനം മാത്രമല്ല, ബൗദ്ധികമായ അദ്ധ്വാനവും ഭാരം തന്നെയാണു്. അതേസമയം, മമ്മൂക്ക പറഞ്ഞതു് അദ്ധ്വാനം ഒരു ഭാരമായി ‘കരുതരുതു്’ എന്നായിരുന്നെങ്കില്‍ ഒരു പള്ളിപ്രസംഗത്തിനു് നല്‍കുന്ന വില തീര്‍ച്ചയായും ആ വാചകത്തിനു് നല്‍കേണ്ടിയും വന്നേനെ! അദ്ധ്വാനിക്കാത്തവര്‍ അദ്ധ്വാനിക്കുന്നവരോടു് നടത്തുന്ന ആഹ്വാനങ്ങളാണല്ലോ പള്ളിപ്രസംഗങ്ങള്‍! അതുപോലെ, അദ്ധ്വാനം എന്റെ ദൃഷ്ടിയില്‍ അതില്‍ത്തന്നെ ഒരു ശീലമല്ല. അതു് ജീവിതത്തിലെ അനിവാര്യതകള്‍ മൂലം ചെയ്യേണ്ടിവരികയും ശീലമായി മാറുകയും ചെയ്യുന്ന ഒരു ബാദ്ധ്യതയാണു്. ഇരതേടല്‍, ഇണചേരല്‍, ഇളംതലമുറയെ വളര്‍ത്തി വലുതാക്കല്‍ മുതലായ ജീവജാലങ്ങളുടെ സ്വാഭാവികഗതി തടസ്സപ്പെടാതിരിക്കണമെങ്കില്‍ നിറവേറ്റപ്പെടേണ്ട അദ്ധ്വാനങ്ങള്‍, കടമകള്‍!

കൂടാതെ, അത്ര പ്രധാനമല്ലെങ്കിലും രസകരമായി തോന്നിയതു് ‘കൗശലപൂര്‍വ്വമുള്ള നിക്ഷേപങ്ങളുമുണ്ടാവണം’ എന്ന പ്രയോഗമാണു്. ഇന്നത്തെ സാമ്പത്തികപ്രതിസന്ധിക്കു് കാരണം പ്രധാനമായും ഓഹരി-, റിയല്‍ എസ്റ്റേറ്റ്‌മേഖലകളിലെ ‘കൗശലക്കാര്‍’ – പ്രത്യേകിച്ചും അമേരിക്കയില്‍ – വേണ്ടവിധം നിയന്ത്രിക്കപ്പെടാതിരുന്നതുമൂലമാണെന്നിരിക്കെ, ‘കൗശലപൂര്‍വ്വമായ നിക്ഷേപങ്ങള്‍’ എന്നതു് ഒഴിവാക്കാമായിരുന്നു എന്നു് തോന്നുന്നു. കൗശലം എന്ന പദത്തിനു് സൂത്രപ്പണികളിലുള്ള സാമര്‍ത്ഥ്യം എന്നൊരു നെഗറ്റീവ്‌ ഛായ കൂടി ഉള്ളതുകൊണ്ടാവാം, കൗശലം എന്നു് കേള്‍ക്കുമ്പോള്‍ ഞാന്‍ സാധാരണ കുറുക്കനെയാണു് ഓര്‍ക്കാറു്. കേരളത്തിലെ ഒരു പ്രസിദ്ധ സിനിമാനടന്‍ ബ്ലോഗെഴുതുമ്പോള്‍ വായനക്കാരുടെ പ്രതീക്ഷയും അതിനനുസൃതം വലുതായിരിക്കുമല്ലോ. വായന കൂടുതല്‍ ശ്രദ്ധാപൂര്‍വ്വവും!

മമ്മൂട്ടിയേപ്പോലുള്ളവര്‍ ബ്ലോഗിംഗിലേക്കു് കടന്നുവരുന്നതു് കേരളസമൂഹത്തിനു് പൊതുവേയും, മലയാളം ബ്ലോഗ്‌ ലോകത്തിനു് പ്രത്യേകിച്ചും അഭിമാനത്തിനും പുതിയ ഉണര്‍വ്വിനും കാരണമാവുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണു്. ഏറെ നല്ല പോസ്റ്റുകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

(ഇതില്‍ മമ്മൂട്ടിയെപ്പറ്റിക്കൂടി എഴുതിയതു് അതുവഴി എന്റെ ബ്ലോഗില്‍ നാലാളെ കൂട്ടാനാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ!)

 

Tags: , ,

33 responses to “മമ്മൂട്ടിയുടെ ബ്ലോഗും എന്റെ പുതുവര്‍ഷവും

 1. ഭൂമിപുത്രി

  Jan 2, 2009 at 17:41

  ബാബൂ,ഇതൊക്കെ മമ്മൂട്ടീടെ ബ്ലോഗിലെഴുതിയിടെന്നെ,
  അങ്ങേരിതൊക്കെയൊന്നറിയണ്ടേ?

   
 2. അനില്‍@ബ്ലോഗ്

  Jan 2, 2009 at 18:06

  എന്റെ പുതുവസ്തരാശംസകള്‍ എടുക്കുമെങ്കില്‍ ഒരു പഴങ്കഞ്ഞി ആശംസകള്‍ !!

  മമ്മൂക്കയെ അത്ര രസത്തോടെ അല്ല ഞമ്മള് കാണുന്നത്.

  🙂

   
 3. സി. കെ. ബാബു

  Jan 2, 2009 at 18:17

  ഭൂമിപുത്രി,

  ആദ്യം എഴുതുന്നതു് മമ്മൂട്ടിയാണോന്നു് അറിയണം. ആണെങ്കില്‍ മമ്മൂട്ടി കമന്റുകള്‍ വായിക്കുന്നുണ്ടോന്നറിയണം.

  അതൊന്നുമറിയാതെ നാനൂറും അഞ്ഞൂറും കമന്റുകളുടെ ഇടയില്‍ കൊണ്ടുപോയി എന്റെ പോസ്റ്റ് തിരുകുന്നതില്‍ വലിയ കാര്യമില്ല. അതുകൊണ്ടാണു് അങ്ങോട്ടു് ലിങ്ക് പോലും കൊടുക്കാതിരുന്നതു്.

  മമ്മൂട്ടിയാണു് എഴുതുന്നതെങ്കില്‍, ‍തുടര്‍ന്നും എഴുതുമെങ്കില്‍ താല്പര്യമുള്ള വിഷയങ്ങളില്‍ ഇടപെടാന്‍ ഇനിയും സമയമുണ്ടല്ലോ.

  അനില്‍@ബ്ലോഗ്,

  ചെറുപ്പത്തില്‍ ചൂടുചോറിനു് പകരം ഉള്ളി ചതച്ചിട്ട പഴംകഞ്ഞി മതിയെന്നു് ഞാനും അനിയനും തമ്മില്‍‍ ലഹള പതിവായിരുന്നു. ഇന്നു് ലഹളക്കായി അവനില്ല. പഴംകഞ്ഞി കണ്ട നാളും മറന്നു.

  എന്റെയും നവവത്സരാശംസകള്‍!

  മമ്മൂക്കയുടെ കാര്യത്തില്‍ മുന്‍‌വിധിയൊന്നുമില്ല. പക്ഷേ “അമ്മയുടെ അല്ലേ മോളു്, ചെറിച്ചി എന്നല്ലേ പേരു്!” എന്നു് പറഞ്ഞപോലെ “കേരളമല്ലേ നാടു്, വ്യാജന്മാരല്ലേ പള്ളിയകത്തുപോലും”!

  ഒറിജിനല്‍ മമ്മൂട്ടി ആയിരുന്നെങ്കില്‍ നന്നായിരുന്നു. കാത്തിരുന്നു് കാണാം.

   
 4. ഞാന്‍

  Jan 2, 2009 at 19:46

  എഴുതുന്നത് ഒറിജിനല്‍ മമ്മൂട്ടി തന്നെ. ഞാനല്ലേ ഇന്നലെ സ്വനലേഖ ഇന്‍സ്റ്റോള്‍ ചെയ്തു കൊടുത്തേ 😉

  ഇവിടെ ആളു കേറാന്‍ ഒരു മമ്മൂട്ടി വേണമെന്നുണ്ടോ? അല്ല ആരാ ഈ മമ്മൂട്ടി? [എന്റെ ബ്ലോഗ്ഗിലും കുറച്ച് ആളുകള്‍ കയറട്ടെ…]

   
 5. സി. കെ. ബാബു

  Jan 2, 2009 at 20:02

  അങ്ങനെയോ? എങ്കില്‍ “ഞാനിന്റെ” ഉത്തരവാദിത്വത്തില്‍ ഞാന്‍ അങ്ങോട്ടൊരു ലിങ്ക് കൊടുത്തേക്കാം. അപ്പോള്‍ മമ്മൂട്ടി അറിയില്ല എന്ന ഭൂമിപുത്രിയുടെ പരാതിയും തീരും. ആ പത്രത്തിലെ ഫോട്ടോയില്‍ “ഞാന്‍” ഉണ്ടോ?

  പിന്നെ ആളു് കേറുന്ന കാര്യം! അതൊക്കെ ഓരോ ട്രെയ്ഡ് സീക്രെട്ടുകളല്ലേ! ചുമ്മാ വെറുതെ വെടിയും പുകയും, അല്ലാതെന്താ? 🙂

   
 6. ഭൂമിപുത്രി

  Jan 2, 2009 at 20:12

  ടിവി ന്യൂസിലുണ്ടായിരുന്നു ബാബൂ.
  അല്ലെങ്കിൽ‌പ്പിന്നെ ഞാൻ പോയി കമന്റിട്വോ?
  അനില് മോഹനലാലിന്റെ ആളാട്ടൊ ,-)
  (wink wink)

   
 7. ഞാന്‍

  Jan 2, 2009 at 20:17

  ആ പത്രത്തിലെ ഫോട്ടോയില്‍ ഞാനില്ല… അല്ല നിങ്ങള് തന്നെ പറ ഞാനൊക്കെ ആ മമ്മുട്ടിയുടെ കൂടെ ഫോട്ടോയ്ക്ക് നിക്കുമോ… ഞാനാ ബ്ലോഗ്ഗ് പോലും തുറന്ന് നോക്കീല്ല 😉 … ബ്ലോഗ്ഗിങ്ങ് തുടങ്ങിയത് വെച്ച് നോക്കുമ്പോ ഞാനാണേ സീനിയര്‍. അപ്പോ ആ ഒരു ബഹുമാനം വേണ്ടേ… അല്ല വേണ്ടേ?

   
 8. സി. കെ. ബാബു

  Jan 2, 2009 at 20:35

  ഭൂമിപുത്രി,

  TV ന്യൂസ് എനിക്കു് കിട്ടില്ല. പിന്നെ Fan Club മുതലായ കാര്യങ്ങളില്‍ ഞാനൊരു ശിശുവാണു്.

  ഞാന്‍,
  ഞാനിനു് കണ്ണുകിട്ടാതെ കോലം കുത്തേണ്ട ആവശ്യം വന്നാല്‍ മമ്മൂട്ടിയെ പരിഗണക്കാമെന്നു് തോന്നുന്നു. 🙂

  ബ്ലോഗിലെ നമ്മുടെയൊക്കെ seniority മമ്മൂട്ടി consider ചെയ്യണമെന്നതു് ന്യായമായ ഒരു ഡിമാന്‍ഡ് ആണെന്നു് പറയാതെ വയ്യ. നമുക്കു് ഒരു റാഗിംഗ് സംഘടിപ്പിച്ചാലോ, പുള്ളീടെ തുടക്കത്തിലെ സ്ഥലജലഭ്രമമൊക്കെ ഒന്നു് മാറ്റിയെടുക്കാന്‍? 🙂

   
 9. suraj::സൂരജ്

  Jan 2, 2009 at 20:43

  ആദ്യ വരി മെയിലില്‍ വായിച്ചപ്പോ..’നന്നായീ’ന്നാ വിശാരിച്ചേ..
  ചുമ്മാ ഒരു കലണ്ടറ് മാറ്റുമ്പഴേക്കും അങ്ങ് ‘നന്നാ’വുമോ മനുഷമ്മാര് ?

  ഏതായാലും ബാക്കി വായിച്ചപ്പ‍, ‘നന്നായി’ട്ടില്ല എന്നു മനസ്സിലായി. അതിനിരിക്കട്ട് ഒരു ചിയേഴ്സ് !
  ചിയേഴ്സ് ഫോര്‍ ബീയിങ് യൂ !! ഹ ഹാ!

   
 10. മൂര്‍ത്തി

  Jan 2, 2009 at 20:50

  എന്നെ ഒരു ആള്‍ ആയി കൂട്ടിയിട്ടുണ്ടെങ്കില്‍ ഇതാ ഞാന്‍ കയറിയിരിക്കുന്നു. ആ നവ ബ്ലോഗറെ പ്രോത്സാഹിപ്പിക്കാന്‍ സീരിയസ് ബ്ലോഗിങ്ങിലേക്ക് സ്വാഗതം എന്ന് ഒരു കമന്റും താങ്ങി. ഇനി എന്റെ കമന്റ് കാണാത്തതുകൊണ്ട് പുള്ളി നിര്‍ത്തിപ്പോയി എന്ന് വരരുതല്ലോ…യേത്?

   
 11. Inji Pennu

  Jan 2, 2009 at 20:53

  ഓഫ്:
  റാഗിംഗ് ഞാന്‍-നു ഇഷ്ടപ്പെടാന്‍ ആണ് സാധ്യത അല്ലേ? ഞാനേ 🙂

   
 12. suraj::സൂരജ്

  Jan 2, 2009 at 20:53

  ഹമ്പട “ഞാനേ”…

  അപ്പം മമ്മൂട്ടിയേം ഗ്നൂവല്‍ക്കരിക്കാന്‍ പ്ലാനൊണ്ടാ ?

  മാതൃഭൂമീല് മമ്മൂട്ടീടെ ബ്ലോഗിന്റെ ആ ലിങ്ക് കണ്ടോ ?

  ” ള്‍ള്‍ള്‍. യദശശദശശസസര്‍ര്‍സ്ര.ധവസഭറഹസര്‍.ഋസശ ” തള്ളേ..ഇതെന്തര് സംസ്കിറിതോ പാലി ഫാഷകളാ ?

   
 13. മൂര്‍ത്തി

  Jan 2, 2009 at 21:08

  🙂

  ആ ലിങ്ക് കണ്ടാല്‍ മമ്മുക്ക ഫാന്‍സുകാര്‍ ദേഷ്യം വന്ന് മാതൃഭൂമി ഓണ്‍ലയില്‍ ഹാക്ക് ചെയ്യാന്‍ എല്ലാ സാധ്യതയുമുണ്ട്. നാളെ അറിയാം.

   
 14. സി. കെ. ബാബു

  Jan 2, 2009 at 21:17

  സൂരജ്,

  പോത്തുകാലപ്പനാണെ സത്യം! ഞാന്‍ നന്നാവാന്‍ തീരുമാനിച്ചതാ! ആ മമ്മൂട്ടി ഒറ്റ ഒരുത്തനാ അപ്രതീക്ഷിതമായി ഒരു ബ്ലോഗ് തുടങ്ങി എന്നെ കെണിവച്ചു് കുഴിയിലാക്കിയതു്. ആത്മാവു് നശിച്ചാല്‍ സാരമില്ല. ശരീരം കുഴിയില്‍ വീണാല്‍ പിന്നെ എങ്ങനെ സില്‍മ കാണും? ഇനി 2010 വരെ കാക്കണം.

  മൂര്‍ത്തി,
  എന്റെ ഇടതുകൈ നെഞ്ചത്തും വലതുകൈ തലയിലും വച്ചുകൊണ്ട്‌ ഞാന്‍ പറയുന്നു, മൂര്‍ത്തി കമന്റിട്ടിട്ടും മമ്മൂട്ടി നിര്‍ത്തിപ്പോകാനാണു് തീരുമാനിക്കുന്നതെങ്കില്‍ ഞാന്‍ ഇനി സിനിമയേ കാണില്ല. കാവിലമ്മയാണേ ഇതു് സത്യം.. സത്യം.. സത്യം.. (കാവിലമ്മേടെ പേരെന്താന്നു് മറന്നുപോയി! ഓര്‍ക്കുമ്പോ കൂട്ടിച്ചേര്‍ക്കാം) 🙂

  കാര്യമായി:

  മമ്മൂട്ടി ബ്ലോഗിലേക്കു് വന്നതു് വളരെ നല്ല കാര്യമായി എനിക്കു് തോന്നുന്നു. സാമൂഹികനന്മയ്ക്കായി അവരെപ്പോലുള്ളവരൊക്കെ ഉണ്ടെങ്കില്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇത്തിരി വളിപ്പും തമാശയുമൊക്കെ ബ്ലോഗ് ലോകത്തില്‍ ഉണ്ടു് എന്നറിയാന്‍ മാത്രമുള്ള പക്വതയും മനുഷ്യജ്ഞാനവും അദ്ദേഹത്തിനുണ്ടാവുമെന്നാണെന്റെ വിശ്വാസം.

  സൂരജ്:

  ” ള്‍ള്‍ള്‍. യദശശദശശസസര്‍ര്‍സ്ര.ധവസഭറഹസര്‍.ഋസശ ”

  കേരള കൌമുദി ഓണ്‍ലൈന്‍ എഡിഷന്‍ ലിങ്ക് നല്‍കുമ്പോഴും ഇങ്ങനെയൊക്കെയാണു് കാണാറു്. അവര്‍ എന്നോടുള്ള ദ്വേഷ്യം തീര്‍ക്കാന്‍ തെറി മറിച്ചു്പറയുന്നതാണെന്നാണു് ഞാന്‍ ഇതുവരെ കരുതിയിരുന്നതു്. അപ്പൊ അവര്‍ എല്ലാവരേയും തെറി പറയാറുണ്ടല്ലേ? ഹ.. ഹ..

   
 15. ഭൂമിപുത്രി

  Jan 2, 2009 at 21:39

  ലോകനാർക്കാവിലമ്മയായിരുന്നൊ ബാബുവെ മനസ്സിൽ???

   
 16. സി. കെ. ബാബു

  Jan 2, 2009 at 21:52

  ഭൂമിപുത്രിക്കു് പരഹൃദയജ്ഞാനമേ ഉള്ളോ, അതോ പരകായപ്രവേശവുമുണ്ടോ? എന്റെ ലോകനാര്‍ കാവിലമ്മേ നീ തന്നെ ശരണം. 🙂

   
 17. മൂര്‍ത്തി

  Jan 2, 2009 at 22:00

  ഹും….ഇതോ പരകായപ്രവേശം? ചെറു ബാല്യക്കാരുടെ കമന്റ് കളിക്ക് കൂട്ടിരുന്നതോ പരഹൃദയ ജ്ഞാനം? അവസാ‍നം മൂന്ന് ക്വസ്റ്റ്യന്‍ മാര്‍ക്കിട്ടപ്പോള്‍ ആകെ ഗണ്‍ഫ്യൂ ആയിരുന്നെന്ന് മനസ്സിലാക്കാനുള്ള പഠിപ്പ് പോലും തികഞ്ഞില്ലേ മക്കളേ?

  ഭൂമിപുത്രിക്കു വേണ്ടി ചന്തു സ്റ്റൈലില്‍ ഒരു ഡയലോഗ് ഇരിക്കട്ടെ.

  🙂 ഞാന്‍ ഒരാഴ്ച ഇനി ഇവിടെ ഉണ്ടാവില്ല.

   
 18. ശ്രീവല്ലഭന്‍.

  Jan 2, 2009 at 23:18

  “നീ പോടാ ബ്ലോഗില്ലാത്തവനേ!” ഹ ഹാ

  അവസാനം പറഞ്ഞതും ഇഷ്ടപ്പെട്ടു 🙂

  നന്നായത് തന്നെ!

   
 19. പ്രിയ ഉണ്ണികൃഷ്ണന്‍

  Jan 3, 2009 at 04:59

  “നീ പോടാ ബ്ലോഗില്ലാത്തവനേ!” എന്ന വാചകം ഇക്കാലത്തു് ഒരുവനോടു് പറയാവുന്നതില്‍ വച്ചു് ഏറ്റവും വലിയ തെറിയാണു്!

  അത്രെന്നെ

   
 20. പാമരന്‍

  Jan 3, 2009 at 05:09

  “ബ്ലോഗില്‍ പോസ്റ്റി മനുഷ്യരെ വധിക്കുക എന്നതാണു് അംഗീകൃത ലോകതത്വം.”

  പണ്ടാരടങ്ങാനായിട്ട്‌ ഇനി 2010 ഇല്‌ മോഹന്‍ലാല്‌ ബ്ളോഗു തുടങ്ങാണ്ടിരുന്നാല്‍ മതിയാരുന്നു.. ഇങ്ങേരുടെ അടുത്ത കൊല്ലത്തെ റിസൊലൂഷനെങ്കിലും..! ഹെന്‍റെ പോത്തുംകാലപ്പാ!

   
 21. suraj::സൂരജ്

  Jan 3, 2009 at 05:16

  പാമരന്‍ ജീ,
  ങ ങ…ങ ങ… മോഹന്‍ ലാലിനു ബ്ലോഗു തൊടങ്ങണോങ്കീ പൂജപ്പുര-മുടവന്മുകള്‍ ഭാഗത്തൊള്ള ബീ.ജേ.പിക്കാരട സമ്മതം വേണം.ഇല്ലെങ്കീ പോസ്റ്ററ് കീറിക്കളി തൊടങ്ങിയാലാ (പണ്ട് കൈരളീ ടീവീന്റ ഷെയറെട്ത്ത കാലത്തേ പോല). ഇനി ലവമ്മാര് സമ്മയിച്ചാലും ആന്റണി പെരുംബാവൂര് സമ്മയിക്കണ്ടേ ? ;))

   
 22. തറവാടി

  Jan 3, 2009 at 07:19

  അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയാവരുതെന്ന് ആരോ പറഞ്ഞിട്ടുള്ളത് എത്ര ശരി!
  പണ്ടൊരിക്കല്‍ ഇവിടെവന്നിട്ട് ഇനിയില്ല എന്നും കരുതി പോയതായിരുന്നു നല്ലത് കണ്ടാല്‍ നല്ലതെന്ന് പറയാഞ്ഞാല്‍ ശരിയല്ലല്ലോ.

  ഈ പോസ്റ്റിഷ്ടായി , സര്‍‌വ്വ്‌ ഐശ്വര്യങ്ങളുമുള്ള ഒരു വര്‍ഷമാകട്ടെ താങ്കള്‍ക്ക് 2009 എന്നാശംസിക്കുന്നു 🙂

   
 23. ഭൂമിപുത്രി

  Jan 3, 2009 at 07:44

  നേരാങ്ങള ബാബുച്ചേകവർക്ക് നേർവഴി ചൊല്ലിക്കൊടുക്കുവാൻ മറ്റാരുണ്ട് മൂർത്തീ????????

   
 24. ഞാന്‍

  Jan 3, 2009 at 08:01

  ള്‍ള്‍ള്‍ – www
  യദശശദശശസസര്‍ര്‍സ്ര – i-am-mammootty
  ധവസഭറഹസര്‍ – blogspot
  ഋസശ – com

  ഇതൊക്കെ വളരെ ബുദ്ധിമുട്ടി കണ്ടുപിടിക്കുവാന്‍ മാത്രം കഴിയുന്ന കാര്യമാ. റാഗിങ്ങ് സീനിയേഴ്സിന്റെ അവകാശമാണ്…. 😀 ഇനിയിപ്പോ മമ്മൂട്ടിയാണ് സൂപ്പര്‍സ്റ്റാറാണ് എന്നൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. ഇതൊക്കെ മമ്മൂട്ടിയുടെ നല്ലതിന് വേണ്ടിയല്ലെ നമ്മള്‍ ചെയ്യുന്നേ… അല്ലേ?

   
 25. മൂര്‍ത്തി

  Jan 3, 2009 at 08:10

  ഇതൊക്കെ മമ്മൂട്ടിയുടെ നല്ലതിന് വേണ്ടിയല്ലെ നമ്മള്‍ ചെയ്യുന്നേ… അല്ലേ?

  അഫ്‌ഗാനിസ്ഥാനിലെ സാമ്രാജ്യത്വ ഇടപെടല്‍ അവിടത്തെ വനിതകളെ വിമോചിപ്പിക്കാന്‍, ഇറാഖ് അധിനിവേശം ജനാധിപത്യപുനഃസ്ഥാപനത്തിനു് എന്നിവ പോലെ.

  അല്ലേ, ഞാനേ?

  🙂 🙂 രണ്ട് സ്മൈലി.

   
 26. ഞാന്‍

  Jan 3, 2009 at 08:19

  മമ്മൂട്ടിയുടെ ഗ്നുവല്‍ക്കരണത്തെപ്പറ്റി പറഞ്ഞപ്പോഴാണ് ഇത് ഓര്‍മ്മ വന്നത്. പോസ്റ്റും മമ്മൂട്ടി ഇതിനെ പറ്റി പോസ്റ്റാതിരിക്കില്ല. ആ ഒരു ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണ്….. 🙂

  @ മൂര്‍ത്തി

  ആണവക്കരാര്‍ ഒപ്പിടുന്ന സമയത്ത് എന്തൊക്കെ ആയിരുന്നു ഇവിടെയൊക്കെ. “ഇനിയിപ്പോ ഇന്ത്യയ്ക്ക് എന്ത് സംഭവിച്ചാലും അമേരിക്ക നാറ്റോയെ ഇറക്കി ഇന്ത്യയെ രക്ഷിക്കും” എന്നൊക്കെ. ആദ്യ ദിവസങ്ങളിലെ അമേരിക്കന്‍ ഉല്‍സാഹക്കമ്മിറ്റി കണ്ടപ്പോ ഞാനും അങ്ങനെയൊക്കെ കരുതി, ദാ ഇന്നലെ അമേരിക്ക തനി സ്വഭാവ് വീണ്ടും കാണിച്ചിരിക്കുന്നു…. ജയ് അമേരിക്ക‌! ജയ് മുതലാളിത്തം… 🙂 [ക്ഷമി ബാബു സാറെ]

   
 27. സി. കെ. ബാബു

  Jan 3, 2009 at 09:00

  ശ്രീവല്ലഭന്‍, പ്രിയ,
  🙂

  പാമരന്‍,
  പാപി ചെല്ലുന്നിടം കുമ്പസാരക്കൂടു് എന്നോ മറ്റോ അല്ലേ? മോഹന്‍ലാല്‍ 2010-ലേ ബ്ലോഗ് തൂടങ്ങൂ! എല്ലാം കുശുമ്പന്മാരാണേ! നമ്മടെ‍ കഞ്ഞിയില്‍ അര‍(വ)ണയെ പിടിച്ചിടാന്‍ നടക്കുന്ന CIA ചാരന്മാര്‍! 🙂

  തറവാടി,
  മടങ്ങിവന്നതിനു് നന്ദി. തറവാടിക്കും കുടുംബത്തിനും നന്മ നിറഞ്ഞ ഒരു 2009 ആശംസിക്കുന്നു.

  ഭൂമിപുത്രി,
  അനുഗ്രഹിക്കാന്‍ ബ്ലോഗനാര്‍ കാവിലമ്മയും, നേരാങ്ങളയ്ക്കു് ‍നേര്‍വഴി ചൊല്ലിക്കൊടുക്കാന്‍ നേര്‍പെങ്ങള്‍ ഭൂമിയാര്‍ച്ചയും ഉള്ളപ്പോള്‍ ഈ ബാബുച്ചേകവരെ തോല്‍പ്പിക്കാന്‍ ഒരു ‍മൂര്‍ത്തിക്കും ആവില്ല പെങ്ങളേ! 🙂

  ഞാന്‍,
  പ്രൊഫൈല്‍ നോക്കിയാല്‍ ഇഞ്ചിപ്പെണ്ണിനേക്കാള്‍ “ഞാന്‍” സീനിയറാണു്. അതാവും റാഗിംഗ് എന്നു് കേട്ടപ്പോള്‍ ഇഞ്ചിപ്പെണ്ണിന്റെ കൊണ്‍സേണ്‍. 🙂

  മമ്മൂട്ടിയെ നന്നാക്കാനാവുമോ എന്ന കാര്യത്തില്‍ എനിക്കു് ന്യായമായ ചില സംശയങ്ങള്‍ ഉണ്ടു്. എങ്കിലും നമ്മള്‍ മുന്നോട്ടു് വച്ച കാല്‍ (സൈഡുകളിലേക്കല്ലാതെ!) പിന്നോട്ടെടുക്കുന്നവര്‍ അല്ലാത്തതിനാല്‍ ശ്രമം തുടരുക തന്നെ ചെയ്യും.

  (ആഗോളസാമ്പത്തികമാന്ദ്യം മൂലം ഓഫ് ടോപിക്കുകള്‍ പഴയ നിരക്കില്‍ അനുവദിക്കാനോ ക്ഷമിക്കാനോ എനിക്കു് കഴിയില്ല എന്നു് ഖേദപൂര്‍വ്വം അറിയിക്കുന്നു. തൊഴിലാളികളെ പിരിച്ചുവിടേണ്ട അവസ്ഥയിലാണു് ഞാന്‍‍!) 🙂

   
 28. Rare Rose

  Jan 3, 2009 at 13:29

  അങ്ങനെ നമ്മുടെ മമ്മുക്കയും ബൂലോകവാസിയായല്ലേ…എന്തായാലും ഞാനാവഴി ചെന്നിട്ടു സാമ്പത്തിക മാന്ദ്യം എന്നൊക്കെ കണ്ടു ഞെട്ടിത്തരിച്ചു നില്‍ക്കുവാരുന്നു…കമന്റാനാണെങ്കില്‍ എന്താ ഒരു തിരക്കു…
  ഇനിയുള്ള പോസ്റ്റുകള്‍ ഇതു പോലെ പ്രസംഗം ആക്കാതെ അദ്ദേഹം സ്വാഭാവികമായി തുടങ്ങണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നതു….‍.:)

   
 29. sreeNu Guy

  Jan 3, 2009 at 14:00

  പുതുവത്സരാശംസകള്‍

   
 30. സി. കെ. ബാബു

  Jan 3, 2009 at 15:32

  Rare Rose,
  മമ്മൂട്ടിയേപ്പോലുള്ളവര്‍ ബ്ലോഗ് തുടങ്ങുന്നതു് ബ്ലോഗ് ലോകത്തില്‍ ഒരു പുതിയ ഉണര്‍വ്വ് ഉണ്ടാവാന്‍ തീര്‍ച്ചയായും നല്ലതാണു്. പക്ഷേ ആരാധകസംഘം രണ്ടുദിവസം കൊണ്ടു് അഞ്ഞൂറും അറുന്നൂറും കമന്റുകള്‍ ഇടുന്ന ഒരു ബ്ലോഗില്‍ അവയെല്ലാം വായിക്കാന്‍ തന്നെ ഏറെ സമയം വേണ്ടിവരുമെന്നതിനാല്‍ വായനക്കാരും മമ്മൂട്ടിയും തമ്മില്‍ ആശയപരവും ക്രിയേറ്റീവുമായ ഒരു ഇന്ററാക്ഷന്‍ സാദ്ധ്യമാവും എന്നെനിക്കു് തോന്നുന്നില്ല. അവിടെ കമന്റുന്നവരില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നതും ഒരുപക്ഷേ അതാവില്ല.

  കേരളീയരുടെ ദൈനംദിനജീവിതത്തിന്റെ തന്നെ ഒരു ഭാഗം എന്നു് പറയാവുന്ന മലയാളസിനിമാലോകത്തിലെ ഒരു പ്രമുഖനെന്ന നിലയില്‍ മമ്മൂട്ടിക്കു് പറയാനുള്ള കാര്യങ്ങള്‍ ഒരു one way traffic പോലെ പറയാനാവും. പക്ഷേ പ്രായോഗികബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള ഒരു പരസ്പരത്വം എഴുത്തുകാരനും വായനക്കാരും തമ്മില്‍ സാദ്ധ്യമായിരുന്നെങ്കില്‍ അതായിരുന്നേനെ സമൂഹത്തിന് കൂടുതല്‍ പ്രയോജനപ്രദം. കാരണം, നമുക്കു് വേണ്ടതു് സ്വന്തം വിധി സ്വയം ഏറ്റെടുക്കാന്‍ കരുത്തും ഇച്ഛാശക്തിയുമുള്ള ഒരു പുതിയ തലമുറയെ ആണു്. ആദ്ധ്യാത്മികത ജനങ്ങളെ നിഷ്ക്രിയരാക്കി. സിനിമ അവരെ സ്വപ്നജീവികളാക്കി. രാഷ്ട്രീയക്കാര്‍ അവരെ കപടരാക്കി. വ്യാജം ജീവിതത്തിന്റെ എല്ലാ തുറകളിലും പിടിമുറുക്കി. അതിന്റെയൊക്കെ ഫലമായി രൂപമെടുത്തതു് ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ജനതയും! ഏതായാലും നമുക്കു് കാത്തിരിക്കാം. ആരാധകരുടെ euphoria ഒന്നു് തണുത്തു് കഴിഞ്ഞാല്‍‍ ഒരുപക്ഷേ അവസ്ഥയില്‍ മാറ്റമുണ്ടായേക്കാം.

  sreeNu Guy,
  എന്റെയും പുതുവത്സരാശംസകള്‍!

   
 31. ലാലേട്ടന്‍ :: Lalettan

  Jan 4, 2009 at 22:15

   
 32. കാവലാന്‍

  Jan 5, 2009 at 10:47

  “അധ്വാനിക്കുക എന്നതു് ഒരു ഭാരമോ കടമയോ അല്ല, ഒരു ശീലമാണു്.”

  ഹോ ഹോ ഹോ…………………ഹൂ ഹോയ്…..

  ഞമ്മളു വള്ളീത്തൂങ്ങി എത്തുമ്പ്ലയ്ക്കും പൂരംകഴിഞ്ഞപറമ്പു പോലെ ശൂന്യസ്യഃഗുണസ്യഃ
  തപ്പിനോക്കിയപ്പോ കിട്ടിയതാ മുകളില്‍ കോട്ടിയിട്ടിരിക്കുന്നത്.മമ്മൂക്കടെ പോസ്റ്റു വായിച്ചപ്പോള്‍ എനിക്കും മുട്ടിയതാ ഒന്നു ചോദിച്ചേയ്ക്കാം എന്ന്.പുതു വര്‍ഷത്തിലെ ആദ്യത്തെ അഹങ്കാരാങ്കം അങ്ങേരടെ കളരീലാവണ്ട എന്നു കരുതി. അധ്വാനിക്കുക എന്നത് ശീലമാവുന്നത് എങ്ങനെയെന്നറിയണമെങ്കില്‍ ആദ്യം
  ജിംനേഷ്യം എന്തെന്നറിയണം(ദ കിംഗ്) അതിന് മിനിമം ‘ശങ്കരാന്തിപ്പോര്‍ക്ക്’എന്തെന്ന് അറിയണം(ഈസ്റ്റര്‍ പോര്‍ക്കിനെയൊ,ഹിപ്പൊയെയൊ അറിഞ്ഞാലും മതി) ഉണ്ടുറങ്ങി ഉണ്ണിപ്രൊഡക്ക്ഷനും നടത്തി കഴിഞ്ഞുകൂടുന്നവര്‍ക്ക് ശരീരത്തിന്റെ ഇലാസ്റ്റിക് ലിമിറ്റ് കഴിയാറായാല്‍ ഡോട്ടര്‍മാര്‍ വിധിക്കുന്ന ഒരു ശിക്ഷയാണ് ‘അധ്വാനിക്കുക എന്ന ശീലം’. അല്ലാത്ത സകല ചരാചരങ്ങള്‍ക്കും അധ്വാനമെന്നത് നിലനില്പ്പാണ്. അധ്വാനിക്കാതെ ഒരു വസ്തുവും നിലനില്‍ക്കുന്നില്ല എന്നാണ് എന്റെ എളിയ ബുദ്ധിയില്‍ തോന്നിയത്.

  അധ്വാനിക്കുന്നവയെ എങ്ങനെ ഊറ്റി ജീവിയ്ക്കാം എന്നുചിന്തിക്കാന്‍ മാത്രം തലച്ചോറിന്റെ സര്‍വ്വ അധ്വാന ശേഷിയും ഉപയോഗിക്കുന്ന വര്‍ഗ്ഗത്തില്‍ പെട്ട കച്ചവട/രാഷ്ട്രീയ പരാദങ്ങളാണ് പ്രതിസന്ധിയ്ക്കു കാരണമെന്നും.

  ഓടോ; നന്നാവാനെങ്ങാനും തീരുമാനമുണ്ടെങ്കില്‍ ഒന്നു പുനഃപ്പരിശോധന നടത്തിയേര്.നരകത്തീന്നു പിടലിപിടിച്ചു വെളിയില്‍ തള്ളിയാല്‍ പിന്നെ ത്രിശങ്കവിലാണു പൊറുതിസാധ്യത.

   
 33. സി. കെ. ബാബു

  Jan 5, 2009 at 11:36

  ലാലേട്ടാ,
  ആദ്യമായി എന്റെ ബ്ലോഗില്‍ വന്നു് കമന്റിയതിനു് നന്ദി ലാലേട്ടാ. Lalettan the great! Lalettan the one and only one! Lalettan the unique and universal! Lalettan the unquestionable and unparalleled. Lalettan is my anything and everything! I will die for you Laletta! ലാലേട്ടന്‍ പറഞ്ഞതു് അക്ഷരം പ്രതി ശരിയാണു് ലാലേട്ടാ! ലാലേട്ടന്‍ പറഞ്ഞപോലെ തന്നെ ഞാന്‍ ചെയ്യും ലാലേട്ടാ!

  പക്ഷേങ്കി, എനിക്കു് ആഹമൊത്തം ഒരു ലുങ്കിയേ സ്വന്തമായുള്ളു ലാലേട്ടാ. അതു് ഇന്‍‌വെസ്റ്റ് ചെയ്യാന്‍ പറ്റുമോ ലാലേട്ടാ? പറ്റുമെങ്കില്‍ എന്നെ ദയവായി ഒന്നറിയിക്കണേ ലാലേട്ടാ! ലാലേട്ടനു് വേണ്ടി എന്റെ ഒറ്റലുങ്കി ഞാന്‍ ഇന്‍‌വെസ്റ്റ് ചെയ്യും ലാലേട്ടാ. എന്നിട്ടു് ഞാന്‍ പിറന്നപടി ലോകത്തിന്റെ വിരിമാറിലൂടെ ലാലേട്ടനെ പോലെ കൈവീശി നടക്കും ലാലേട്ടാ! ഒരിക്കല്‍ കൂടി നന്ദി ലാലേട്ടാ! ഒരായിരം പുതുവത്സരാശംസകള്‍ ലാലേട്ടാ! പതിനായിരം പുതുവത്സരാശംസകള്‍ ലാലേട്ടാ! ഓ! ലാലേട്ടാ! എന്റെ ലാലേട്ടാ! പൊന്നു് ലാലേട്ടാ! എന്റെ തങ്കം ലാലേട്ടാ! ഒരു ലക്ഷം നന്ദി ലാലേട്ടാ! ഒരു കോടി നന്ദി ലാലേട്ടാ!

  കാവലാന്‍,
  നന്നാവാന്‍ ഞാന്‍ തീരുമാനിച്ചതായിരുന്നു. കണ്ണില്‍ ചോരയില്ലാത്ത ആ ദുഷ്ടന്‍ മമ്മൂട്ടി ഒന്നാം തീയതി തന്നെ എന്റെ സകല പ്രതിജ്ഞകളും പ്രതീക്ഷകളും ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ എറിഞ്ഞുകളഞ്ഞു. അദ്ധ്വാനം ഒരു ഭാരമല്ലാത്രെ! ഇതുവരെ ഭാരമില്ലാതെ അദ്ധ്വാനിച്ചു് ശീലമില്ലാത്ത ഞാന്‍ എങ്ങനെ ഇനിമുതല്‍ ഭാരമില്ലാതെ അദ്ധ്വാനിക്കും കാവലാനെ? പട്ടിണി കിടന്നു് ചാവാതിരുന്നാല്‍ അടുത്തകൊല്ലം ഒരു പുതിയ ആരംഭം പറ്റുമോന്നു് നോക്കണം.

  ലാലേട്ടനിലാണു് എന്റെ ആശ്രയം. എന്റെ ലാലേട്ടന്‍ ഒരുത്തന്‍ മാത്രമാണു്‌ ഹെഡ്ജ് ഫണ്ഡ്സില്‍ ഇന്‍‌വെസ്റ്റ് ചെയ്യാന്‍ എന്നെ ഉപദേശിച്ചതു്, കാവലാനറിയാമോ? ലാലേട്ടനാണു്‌ മോനേ ഹീറോ! 🙂

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: