RSS

Daily Archives: Jan 2, 2009

മമ്മൂട്ടിയുടെ ബ്ലോഗും എന്റെ പുതുവര്‍ഷവും

2009 ജനുവരി മാസം ഒന്നാം തീയതി മുതല്‍ നന്നാവാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണു് രാത്രി രണ്ടുമണിക്കു് ഉറങ്ങാന്‍ കിടന്നിട്ടും, നല്ലൊരു അവധി ദിവസമായിരുന്നിട്ടും രാവിലെ ആറുമണിക്കു് പതിവുപോലെ കണ്ണുതുറന്നപ്പോള്‍ ഒന്നുകൂടി ‘എംബ്രിയോണിക്‌’ മാതൃകയില്‍ ചുരുണ്ടുകൂടിക്കിടന്നു് ഉറങ്ങാതെ എഴുന്നേറ്റു് കട്ടിലില്‍ ഇരുന്നതു്. തുടര്‍ന്നു് ഉറങ്ങണമോ വേണ്ടയോ എന്നു് ഒരു പിടിയുമില്ലാതെ ഏതാണ്ടു് ഒരു അരമണിക്കൂര്‍ ഞാന്‍ അങ്ങനെ ഇരുന്നുകാണണം. കാരണം, ബാത്രൂമില്‍ എത്തിയപ്പോഴാണു് അവിടത്തെ സമയം സൂക്ഷിപ്പുകാരന്‍ ‘ആറു് മുപ്പതു്’ എന്നു് എന്നെ നോക്കി ചിരിച്ചതു്! കണ്ണടച്ചുപിടിച്ചാലും കാണാന്‍ കഴിയുന്നത്ര വലിയ അക്കങ്ങളുള്ള ആ പഹയന്റെ അടുത്തു് ഞഞ്ഞാപിഞ്ഞാ ഒന്നും ചിലവാവില്ല. പറഞ്ഞാല്‍പറഞ്ഞതുതന്നെ! ചിരിച്ചാല്‍ ചിരിച്ചതുതന്നെ!

വര്‍ഷത്തില്‍ 365 ദിവസവും, അധിവര്‍ഷത്തില്‍ 366 ദിവസവും ആവര്‍ത്തിച്ചിട്ടും ആവേശത്തിനു് ഒരു കുറവും സംഭവിച്ചിട്ടില്ലാത്ത ‘പ്രഭാതകര്‍മ്മങ്ങള്‍’ എന്ന പരോപകാരം ‘താമസമെന്തേ വരുവാന്‍’ എന്ന പിന്നണിഗാനത്തോടുകൂടെ പൂര്‍ത്തിയാക്കി അടുക്കളയിലെത്തി രണ്ടു് ടോസ്റ്റും രണ്ടു് കപ്പു് കാപ്പിയും ഒരു ഗ്ലാസ്‌ ജ്യൂസും ഒരു മുട്ടയും ഒരു സ്ലൈസ്ഡ്‌ തക്കാളിയും പ്രധാനറോളുകളില്‍ അഭിനയിക്കുന്ന ‘ബ്രേക്ക്ഫാസ്റ്റ്‌’ എന്ന ബ്ലോക്ക്‌ ബസ്റ്റര്‍ ആഘോഷപൂര്‍വ്വം ആസ്വദിച്ചുകഴിഞ്ഞപ്പോള്‍ ടാര്‍സനേപ്പോലെ കൂവിവിളിച്ചു് ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്കു് ഒന്നു് ഊഞ്ഞാലാടാമെന്നൊരു ധൈര്യം തോന്നിയെങ്കിലും അടുക്കളയിലോ പ്രാന്തപ്രദേശങ്ങളിലോ മരങ്ങളും ഊഞ്ഞാലും ഒന്നുമില്ലാത്തതുകൊണ്ടും, സര്‍വ്വവസ്ത്രാഭരണഷൂവിഭൂഷിതനായവന്‍ മരം ചാടുന്നതു് ടാര്‍സവംശത്തിനു് ആകമാനം അപമാനമായതുകൊണ്ടും ഞാന്‍ ഒരു ഭാരതീയ ഋഷിവര്യനെപ്പോലെ സംയമനം പാലിക്കാന്‍ തീരുമാനിച്ചു. ബോധപൂര്‍വ്വമല്ലെങ്കിലും അതുവഴി 2009-ല്‍ നല്ലവനാവണം എന്നെടുത്ത തീരുമാനത്തിനോടു് എനിക്കു് നീതി പുലര്‍ത്താനുമായി. ‘Man proposes God disposes’ എന്നാണല്ലോ! എന്റെ പ്രൊപ്പോസല്‍ ദൈവം ഡിസ്പോസല്‍ ആക്കി എന്നു് ചുരുക്കം!

പണ്ടൊക്കെ മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലാവുകയായിരുന്നുവെങ്കില്‍, ഇന്നു് മറ്റു് കടുംകൈകള്‍ ഫലിക്കാതെ വരുമ്പോള്‍ ബ്ലോഗില്‍ പോസ്റ്റി മനുഷ്യരെ വധിക്കുക എന്നതാണു് അംഗീകൃത ലോകതത്വം. അവശനും ആര്‍ത്തനും ആലംബഹീനനുമായ ഒരു മനുഷ്യനു് ഒറ്റയ്ക്കു് ബ്ലോഗ്‌ മാനിയക്കെതിരായി ഒന്നും ചെയ്യാനാവില്ല. ‘വധിച്ചില്ലെങ്കില്‍ വധിക്കപ്പെടും എന്നതാണു് സ്ഥിതി!’ ഒരു കല്യാണം കഴിക്കണമെങ്കില്‍ ബ്ലോഗ്‌ വേണം എന്ന നിലയില്‍ വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. “നീ പോടാ ബ്ലോഗില്ലാത്തവനേ!” എന്ന വാചകം ഇക്കാലത്തു് ഒരുവനോടു് പറയാവുന്നതില്‍ വച്ചു് ഏറ്റവും വലിയ തെറിയാണു്! ഇനിയും അമാന്തിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്നു് വന്നപ്പോള്‍ ഞാനും തുടങ്ങി കുറെനാള്‍ മുമ്പു് ഒന്നുരണ്ടെണ്ണം. വരമൊഴി തിരുമൊഴിയാവാതെ പാഴ്മൊഴിയായി മൊഴിചൊല്ലി വിടചൊല്ലാതിരിക്കാന്‍ നാല്‍പതു് ദിവസം എരുമപ്പാല്‍ മാത്രം കുടിച്ചുകൊണ്ടു് വ്രതമെടുത്തു. ഏറ്റവും നല്ല ‘ശുഭമുഹൂര്‍ത്തം’ കണിയാനു് കൈമടക്കുകൊടുത്തു് പിടിച്ചുവാങ്ങി. അങ്ങനെ ഞാന്‍ ഗൂഗിളിന്റെ ബ്ലോഗില്‍‍‍ വലതുകാല്‍ ചവിട്ടി ഗൃഹപ്രവേശം നടത്തി. ഒന്നോ ഒന്നിലധികമോ ബ്ലോഗുകള്‍ ഉള്ളവനു് ഇരുപത്തിനാലുമണിക്കൂറും ഇരുന്നയിരുപ്പു് ഇരിക്കേണ്ടി വന്നേക്കാമെന്നതിനാല്‍ വിരേചനം സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടാവാമെങ്കിലും വിരസത ഉണ്ടാവാന്‍ വഴിയില്ല. അതായതു്, മറ്റു് കടുംകൈകള്‍ ഒന്നും ചെയ്യാനില്ലെന്നു് തോന്നുമ്പോഴൊക്കെ ബ്ലോഗില്‍ പോസ്റ്റെഴുതി അബദ്ധത്തില്‍ അവ വായിക്കേണ്ടി വരുന്നവരെ വധിക്കാം, അല്ലെങ്കില്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു് അത്ഭുതപ്പെടാം, കണ്ണുതള്ളാം.

ഒന്നാം തീയതി ചെയ്യാന്‍ പറ്റിയ മറ്റു് സദ്കര്‍മ്മങ്ങള്‍ ഒന്നും തത്കാലം തലയില്‍ മുട്ടിവിളിക്കാത്തതുകൊണ്ടു് അവസാനം കമ്പ്യൂട്ടറിനെ ശരണം പ്രാപിച്ചു. മന്മോഹന്‍ജിയോ സോണിയാജിയോ രാഹുല്‍ജിയോ ഇമെയിലായി എനിക്കു് പുതുവത്സരാശംസകള്‍ നേര്‍ന്നിട്ടുണ്ടോ എന്നു് നോക്കി. അത്ഭുതം! ഇല്ല! നവവത്സരാഘോഷങ്ങള്‍ കഴിഞ്ഞു് ഒത്തിരി താമസിച്ചു് കിടന്നതുകൊണ്ടു് പാവങ്ങള്‍ കൂര്‍ക്കം വലിച്ചു് ഉറങ്ങുകയാവും. ധൃതി വേണ്ടല്ലോ. അവര്‍ എഴുന്നേല്‍ക്കുമ്പോള്‍ എഴുതുകയോ വിളിക്കുകയോ ചെയ്യട്ടെ! ഒബാമയുടെ ഇമെയിലും വന്നിട്ടില്ല. അതു് പിന്നെ അമേരിക്കയിലെ സാമ്പത്തികബുദ്ധിമുട്ടുകൊണ്ടാണെന്നു് കരുതി ക്ഷമിക്കാം. ബ്ലോഗില്‍ എന്തുണ്ടു് വിശേഷം? പുതിയ കഥകളോ കവിതകളോ മറ്റോ? റബ്ബറിന്റെ വിലനിലവാരം എങ്ങനെയുണ്ടു്? എന്റെ കൈവശം തുളവീണ നാലു് ബലൂണുകള്‍ ഉണ്ടു്. റബ്ബറിന്റെ വില അല്‍പം കൂടിയിട്ടു് വേണം അതൊന്നു് വിറ്റു് നാലു് കാശുണ്ടാക്കി അടിപൊളിയായി ഒന്നാഘോഷിക്കാന്‍! അങ്ങനെ പോസ്റ്റുകള്‍ തപ്പി തപ്പി ചെല്ലുമ്പോഴാണു് കണ്ടതു്: മമ്മൂട്ടി ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു! ഒരു പറ്റു് മമ്മൂട്ടിക്കും പറ്റാമെന്നതിനാല്‍ അതു് അത്ര സാരമാക്കാനില്ല. മറ്റു് ശീലക്കേടുകള്‍ ഒന്നുമില്ലല്ലോ! ഒരബദ്ധം മമ്മൂട്ടിക്കു്പറ്റിയതുകൊണ്ടു് അതേ അബദ്ധം മോഹന്‍ലാലിനു് പറ്റിക്കൂടെന്നുമില്ല. കണ്ണില്‍ വിലകുറഞ്ഞ ഏതെങ്കിലും എണ്ണ ഒഴിച്ചു് ചായ കുടിച്ചുകൊണ്ടു് കാത്തിരിക്കുക തന്നെ! ഏതായാലും നമ്മടെ മമ്മുക്കാ എഴുതിയതല്ലേ! വായിക്കാമെന്നു് കരുതി.

പുതുവത്സരാശംസകളോടെയുള്ള തുടക്കം നന്നായി. ഒരു നല്ല കാര്യം തുടങ്ങുമ്പോളങ്ങനെ വേണം. മമ്മൂക്കായ്ക്കു് എന്റെയും ‘ചങ്കുതുറന്ന’ നവവത്സരാശംസകള്‍! അത്രയൊക്കെയേ എനിക്കു് പറ്റൂ! താഴേക്കു് വായിച്ചു് ചെന്നപ്പോള്‍ ഒരു വാചകം എന്റെ ശ്രദ്ധയില്‍പെട്ടു. “അധ്വാനിക്കുക എന്നതു് ഒരു ഭാരമോ കടമയോ അല്ല, ഒരു ശീലമാണു്.” ഉള്ളതു് പറയണമല്ലോ! രണ്ടുവട്ടം വായിച്ചിട്ടും അതിന്റെ ഗുട്ടന്‍സ്‌ എനിക്കു് പിടി കിട്ടിയില്ല. എന്റെ അനുഭവത്തില്‍ അദ്ധ്വാനം ഭാരമേറിയ ഒരു കാര്യമാണു്. (ചുമ്മാ ഒരു രസത്തിനാണെന്നും പറഞ്ഞു് എടുത്താല്‍ പൊങ്ങാത്ത ചാക്കുകെട്ടു് ചുമക്കുന്നവനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒരു നാറാണത്തു് ഭ്രാന്തന്‍ ഉണ്ടായിരുന്നു. പക്ഷേ അതു് വേറെ കേസുകെട്ടു്!) എന്റെ അഭിപ്രായത്തില്‍ അദ്ധ്വാനം ഭാരം മാത്രമല്ല, കടമയുമാണു്. ഒരു മനുഷ്യജീവി എന്ന നിലയില്‍ എനിക്കു് കടമകളുണ്ടു്. എന്റെ രാജ്യത്തിനോടു്, എന്റെ സമൂഹത്തിനോടു്, എന്റെ കുടുംബത്തിനോടു്, എല്ലാറ്റിലുമുപരി എന്നോടുതന്നെ! എന്റെ ജീവിതത്തിനോടു് ഞാനെങ്കിലും കടപ്പെട്ടിരിക്കണമല്ലോ. ജീവിതം മുന്നോട്ടു് പോകണമെന്നതു് നിലനില്‍പിന്റെ പ്രശ്നമാണു്. അതിനാല്‍, ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും ജീവിതം ഒരു ബാദ്ധ്യതയാണു്, അല്ലെങ്കില്‍ ആവണം. എന്റെ കടമകള്‍ നിറവേറ്റാന്‍ വേണ്ടി ഏതൊരു സാധാരണ മനുഷ്യനെയും പോലെ എനിക്കു് ചെയ്യാന്‍ കഴിയുന്നതാണു് അദ്ധ്വാനം. അതുവഴി അദ്ധ്വാനം എന്റെ കടമയായി മാറുകയല്ലേ ചെയ്യുന്നതു്? ബൗദ്ധികമായാലും ശാരീരികമായാലും മനുഷ്യോര്‍ജ്ജം ചിലവഴിക്കപ്പെടേണ്ടി വരുന്നു എന്നതിനാല്‍ അദ്ധ്വാനം (work) ഒരു ഭാരം തന്നെയാണു്. മനുഷ്യശരീരത്തിന്റെ രണ്ടു് ശതമാനം മാത്രം ഭാരം വരുന്ന തലച്ചോറു് ആകെ ഊര്‍ജ്ജത്തിന്റെ ശരാശരി ഇരുപതു് ശതമാനമാണു് ഉപയോഗിക്കുന്നതു്. ഊര്‍ജ്ജത്തിന്റെ 80 ശതമാനം കൊണ്ടു് ശരീരത്തിലെ ബാക്കി 98 ശതമാനം തൃപ്തിപ്പെടുന്നു! അതായതു്, ശരീരംകൊണ്ടുള്ള അദ്ധ്വാനം മാത്രമല്ല, ബൗദ്ധികമായ അദ്ധ്വാനവും ഭാരം തന്നെയാണു്. അതേസമയം, മമ്മൂക്ക പറഞ്ഞതു് അദ്ധ്വാനം ഒരു ഭാരമായി ‘കരുതരുതു്’ എന്നായിരുന്നെങ്കില്‍ ഒരു പള്ളിപ്രസംഗത്തിനു് നല്‍കുന്ന വില തീര്‍ച്ചയായും ആ വാചകത്തിനു് നല്‍കേണ്ടിയും വന്നേനെ! അദ്ധ്വാനിക്കാത്തവര്‍ അദ്ധ്വാനിക്കുന്നവരോടു് നടത്തുന്ന ആഹ്വാനങ്ങളാണല്ലോ പള്ളിപ്രസംഗങ്ങള്‍! അതുപോലെ, അദ്ധ്വാനം എന്റെ ദൃഷ്ടിയില്‍ അതില്‍ത്തന്നെ ഒരു ശീലമല്ല. അതു് ജീവിതത്തിലെ അനിവാര്യതകള്‍ മൂലം ചെയ്യേണ്ടിവരികയും ശീലമായി മാറുകയും ചെയ്യുന്ന ഒരു ബാദ്ധ്യതയാണു്. ഇരതേടല്‍, ഇണചേരല്‍, ഇളംതലമുറയെ വളര്‍ത്തി വലുതാക്കല്‍ മുതലായ ജീവജാലങ്ങളുടെ സ്വാഭാവികഗതി തടസ്സപ്പെടാതിരിക്കണമെങ്കില്‍ നിറവേറ്റപ്പെടേണ്ട അദ്ധ്വാനങ്ങള്‍, കടമകള്‍!

കൂടാതെ, അത്ര പ്രധാനമല്ലെങ്കിലും രസകരമായി തോന്നിയതു് ‘കൗശലപൂര്‍വ്വമുള്ള നിക്ഷേപങ്ങളുമുണ്ടാവണം’ എന്ന പ്രയോഗമാണു്. ഇന്നത്തെ സാമ്പത്തികപ്രതിസന്ധിക്കു് കാരണം പ്രധാനമായും ഓഹരി-, റിയല്‍ എസ്റ്റേറ്റ്‌മേഖലകളിലെ ‘കൗശലക്കാര്‍’ – പ്രത്യേകിച്ചും അമേരിക്കയില്‍ – വേണ്ടവിധം നിയന്ത്രിക്കപ്പെടാതിരുന്നതുമൂലമാണെന്നിരിക്കെ, ‘കൗശലപൂര്‍വ്വമായ നിക്ഷേപങ്ങള്‍’ എന്നതു് ഒഴിവാക്കാമായിരുന്നു എന്നു് തോന്നുന്നു. കൗശലം എന്ന പദത്തിനു് സൂത്രപ്പണികളിലുള്ള സാമര്‍ത്ഥ്യം എന്നൊരു നെഗറ്റീവ്‌ ഛായ കൂടി ഉള്ളതുകൊണ്ടാവാം, കൗശലം എന്നു് കേള്‍ക്കുമ്പോള്‍ ഞാന്‍ സാധാരണ കുറുക്കനെയാണു് ഓര്‍ക്കാറു്. കേരളത്തിലെ ഒരു പ്രസിദ്ധ സിനിമാനടന്‍ ബ്ലോഗെഴുതുമ്പോള്‍ വായനക്കാരുടെ പ്രതീക്ഷയും അതിനനുസൃതം വലുതായിരിക്കുമല്ലോ. വായന കൂടുതല്‍ ശ്രദ്ധാപൂര്‍വ്വവും!

മമ്മൂട്ടിയേപ്പോലുള്ളവര്‍ ബ്ലോഗിംഗിലേക്കു് കടന്നുവരുന്നതു് കേരളസമൂഹത്തിനു് പൊതുവേയും, മലയാളം ബ്ലോഗ്‌ ലോകത്തിനു് പ്രത്യേകിച്ചും അഭിമാനത്തിനും പുതിയ ഉണര്‍വ്വിനും കാരണമാവുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണു്. ഏറെ നല്ല പോസ്റ്റുകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

(ഇതില്‍ മമ്മൂട്ടിയെപ്പറ്റിക്കൂടി എഴുതിയതു് അതുവഴി എന്റെ ബ്ലോഗില്‍ നാലാളെ കൂട്ടാനാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ!)

 

Tags: , ,