(Origin of Religions – by Friedrich Nietzsche – ഒരു സ്വതന്ത്ര തര്‍ജ്ജമ)
യഥാര്‍ത്ഥത്തില്‍ മതസ്ഥാപകരുടെ രണ്ടു് കണ്ടുപിടുത്തങ്ങളില്‍ ഒന്നു് “ഇച്ഛയുടെ പള്ളിക്കൂടം” (disciplina voluntatis) ആവാന്‍ കഴിയുന്നതും, അതോടൊപ്പം വിരസതയെ നശിപ്പിക്കാനുതകുന്നതുമായ ഒരു നിശ്ചിതതരം ജീവിതവും, ചിട്ടകളുടെ ഒരു ദൈനംദിനത്വവും ആവിഷ്കരിക്കുക എന്നതാണു്. മറ്റൊന്നു്, ഏറ്റവും ഉന്നതമായ മൂല്യങ്ങളാല്‍ പ്രകാശിതമാണെന്നു് തോന്നിക്കാന്‍ പര്യാപ്തമായ ഒരു വ്യാഖ്യാനം ആ ജീവിതത്തിനും ചിട്ടകള്‍ക്കും നല്‍കുക എന്നതും. അതുവഴി, അത്തരമൊരു ജീവിതത്തിനുവേണ്ടി പൊരുതാനും, വേണ്ടിവന്നാല്‍ ജീവന്‍ വെടിയാനും മനുഷ്യന്‍ തയ്യാറാവുന്നത്ര മേന്മയുള്ള ഒന്നായി അതു് മാറുന്നു. സത്യത്തില്‍, ഈ രണ്ടു് കണ്ടുപിടുത്തങ്ങളില്‍ രണ്ടാമത്തേതാണു് പ്രധാനമായതു്. ജീവിതരീതി എന്ന ആദ്യത്തേതു്, സാധാരണഗതിയില്‍ നിലവില്‍ ഉണ്ടായിരുന്നതുതന്നെയാണു്. പക്ഷേ, മറ്റു് പലതരം ജീവിതരീതികളുടെ ഇടയിലായിരുന്നതിനാല്‍ അതിന്റെ ആന്തരികമൂല്യം തിരിച്ചറിയപ്പെട്ടില്ല എന്നുമാത്രം. അതു് കണ്ടെത്തുന്നതില്‍, അതു് തെരഞ്ഞെടുക്കുന്നതില്‍, അതിനെ എന്തിനായി ഉപയോഗപ്പെടുത്താം, അതിനെ എങ്ങനെ വ്യാഖ്യാനിക്കാം എന്നു് ആദ്യമായി അനുമാനിക്കുന്നതില്‍, അതിലൂടെയാണു് യഥാര്‍ത്ഥത്തില്‍ ഒരു മതസ്ഥാപകന്റെ പ്രാധാന്യവും ഒറിജിനാലിറ്റിയും വെളിപ്പെടുന്നതു്.
ഉദാഹരണത്തിനു്, യേശു (അഥവാ, പൗലോസ്) റോമന്‍സാമ്രാജ്യത്തിലെ ഗ്രാമപ്രദേശങ്ങളിലെ ചെറിയമനുഷ്യരുടെ* എളിയതും നന്മനിറഞ്ഞതും അധഃകൃതവുമായ ജീവിതം കണ്ടെത്തി, അതിനെ വ്യാഖ്യാനിച്ചു, ഏറ്റവും ഉയര്‍ന്ന അര്‍ത്ഥവും മൂല്യവും അതിലേക്കു് പകര്‍ന്നുനല്‍കി – അതുവഴി, മറ്റെല്ലാത്തരം ജീവിതത്തേയും നിന്ദയോടെ വീക്ഷിക്കാന്‍ ഉതകുന്ന നിശ്ശബ്ദമായ ഒരുതരം മൊറേവിയന്‍ ഫണറ്റിസവും**, (Moravian Church) രഹസ്യമായ അധോലോക ആത്മവിശ്വാസവും അനുസ്യൂതമായി വളര്‍ന്നു് വളര്‍ന്നു് അവസാനം ലോകത്തെ ജയിക്കാമെന്ന*** നിലയിലെത്തി. (“ലോകത്തെ ജയിക്കാമെന്ന” എന്നാല്‍ അന്നത്തെ റോമിനേയും, റോമാസാമ്രാജ്യത്തിലെ ഉന്നതമായ വര്‍ഗ്ഗങ്ങളെയും ജയിക്കാന്‍ ആവുമെന്ന നില എന്നര്‍ത്ഥം!)
അതുപോലെതന്നെ ബുദ്ധനും തന്റെ ജനങ്ങളുടെ ഇടയിലെ ശിഥിലീകരിച്ചു് കിടന്നിരുന്ന വര്‍ഗ്ഗങ്ങളേയും, സമൂഹത്തിലെ വിവിധ ശ്രേണികളെയും കണ്ടെത്തുകയായിരുന്നു. അലസത മൂലം നല്ലവരും, നന്മ നിറഞ്ഞവരും (എല്ലാറ്റിലുമുപരി നിരുപദ്രവികളും!), അതുപോലെതന്നെ അലസത മൂലം ഇന്ദ്രിയനിഗ്രഹികളും, മിതമായ ആഗ്രഹങ്ങള്‍ പോലും മിക്കവാറും ഇല്ലാത്തവരുമായി ജീവിക്കുന്ന ഒരുതരം മനുഷ്യര്‍! അതുപോലുള്ള ഒരു ജനവിഭാഗത്തെ മുഴുവന്‍ അലസതയും (vis inertiae) അനിവാര്യതയുമടക്കം, ഭൗമികമായ കഷ്ടതകളുടെ (“കഷ്ടത” എന്നാല്‍ ജോലികള്‍, അഥവാ പൊതുവേ പ്രവൃത്തികള്‍ മൊത്തത്തില്‍!) പുനരാഗമനത്തിന്റെ തടയല്‍ വാഗ്ദാനം ചെയ്യുന്ന ഒരു വിശ്വാസത്തിലേക്കു് ‘തള്ളിയുരുട്ടി കയറ്റുന്നതു്’ എങ്ങനെയെന്നു് ബുദ്ധന്‍ മനസ്സിലാക്കി. അതു് മനസ്സിലാക്കിയതാണു് ബുദ്ധന്റെ ജീനിയസ്!
ഒരു മതസ്ഥാപകനു് ഇതുവരെ തങ്ങള്‍ ഒന്നാണെന്ന തിരിച്ചറിവു് ഉണ്ടായിട്ടില്ലാത്തതും, ഒരു നിശ്ചിത ശരാശരിയില്‍ ഉള്‍പ്പെട്ടതുമായ ആത്മാക്കളെ സംബന്ധിച്ച അറിവില്‍ മനഃശാസ്ത്രപരമായ അപ്രമാദിത്വം ഉണ്ടായിരിക്കണം. അവനാണു് അവരെ ഒരുമയിലേക്കു് കൊണ്ടുവരുന്നതു്. ആ അര്‍ത്ഥത്തില്‍, ഒരു മതത്തിന്റെ സ്ഥാപനം എന്നതു് ദീര്‍ഘമായ ഒരു തിരിച്ചറിവിന്റെ ആഘോഷമാണു്.
* ‘ചെറിയ മനുഷ്യരുടെ ജീവിതം’ എന്നതുകൊണ്ടു് നീറ്റ്‌സ്‌ഷെ ഇവിടെ ഉദ്ദേശിക്കുന്നതു് ബൈബിളിലെ അപ്പോസ്തലപ്രവൃത്തികളില്‍ വര്‍ണ്ണിക്കപ്പെടുന്ന പൗലോസിന്റെ പ്രേഷിതപ്രവര്‍ത്തനയാത്രകളും, പൗലോസിന്റെ ലേഖനങ്ങളുമാണു്. സ്നേഹത്തിന്റെ നിബന്ധനകളില്‍ അധിഷ്ഠിതവും, പ്രവണതാപരമായി ലോകവിമുഖവുമായ ഒരു ജീവിതം ക്രിസ്തുവിലൂടെ നയിച്ചുകൊണ്ടു് പാപത്തിനും മരണത്തിനുമെതിരായി വിജയം കൈവരിക്കുക എന്ന പൗലോസിന്റെ ethical സമീപനം പലവട്ടം നീറ്റ്‌സ്‌ഷെയുടെ നിശിതമായ വിമര്‍ശനത്തിനു് വിധേയമായിട്ടുള്ളതാണു്.
** ‘മൊറേവിയന്‍ ഫണറ്റിസം’ (Herrnhuter Fanatism എന്നും പ്രയോഗം) എന്നു് നീറ്റ്‌സ്‌ഷെ വിശേഷിപ്പിക്കുന്ന മൊറേവിയന്‍ ചര്‍ച്ച് പൈറ്റിസത്തില്‍നിന്നും (Pietism) ഉരുത്തിരിഞ്ഞ ഒരു ക്രിസ്തീയസമൂഹമാണു്. ആദ്യകാലക്രിസ്തീയജീവിതത്തിന്റെ വിശ്വാസങ്ങളും ജീവിതരീതികളും എന്നാളും നിലനിര്‍ത്താന്‍ കര്‍ശനമായി ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ അംഗത്വത്തിനു് ഒഴിച്ചുകൂടാനാവാത്ത നിബന്ധനയാണു് ക്രൂശിക്കപ്പെട്ടവനും ഉയിര്‍ത്തെഴുന്നേറ്റവനുമായ യേശുവുമായുള്ള വ്യക്തിപരമായ ബന്ധനം.
*** യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ അഞ്ചാം അദ്ധ്യായം നാലും അഞ്ചും വാക്യങ്ങളാണു് നീറ്റ്‌സ്‌ഷെ ഇവിടെ പരാമര്‍ശിക്കുന്നതു്. “ദൈവത്തില്‍ നിന്നു് ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു. ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ.”
‘vis inertiae’: ന്യൂട്ടന്റെ നിയമങ്ങളിലെ ‘action-reaction’ തത്വം പോലെതന്നെ മറ്റൊരു തത്വമായ അവസ്ഥാന്തരത്തിനെതിരായി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന ‘inertia force’. (ന്യൂട്ടന്റെ ഒന്നാം ചലനനിയമം)
ശ്രീവല്ലഭന്‍.
Dec 23, 2008 at 11:02
സ്ത്രീകള്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച ഏതെങ്കിലും മതങ്ങള്‍ ഉണ്ടോ?
achu
Apr 17, 2011 at 15:07
valare sariyanalooooooo.. adhikamarum chindikkatha karyamayirikkum ethu
by,
Achuikru
Dreamworld
ചിത്രകാരന്‍chithrakaran
Dec 23, 2008 at 12:43
മനോഹരമായി പറഞ്ഞിരിക്കുന്നു.
ഒരു മത പ്രവാചകന്റെ ജോലി സങ്കീര്‍ണ്ണമായ സോഫ്റ്റ്വെയര്‍ രചനപോലെ വിഷമമുള്ളതാണ്.
മനുഷ്യന്റെ ചിന്തകളേയും,പ്രവര്‍ത്തികളേയും അവരറിയാതെത്തന്നെ തന്റെ ഇച്ഛാനുസാരം വഴിതിരിച്ചുവിടാനുള്ള ഒരു സോഫ്റ്റ്വെയറാണ് മതനിയമങ്ങളിലൂടെയും,ജീവിതചര്യയിലൂടേയും,
ലോകവീക്ഷണത്തിലൂടേയും മത പ്രവാചകന്‍
രചിക്കുന്നത്.
അസാദ്ധ്യമായ മനശ്ശാസ്ത്ര ജ്ഞാനം ഇതിനാവശ്യമാണെന്നത് പരമ പ്രധാനം തന്നെ.
ഈ പഴയ സോഫ്റ്റ്വെയറില്‍(മതവിശ്വാസത്തില്‍)
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെ
ആധുനിക മനുഷ്യരാക്കാന്‍ ഈ മതപ്രവാചകരേക്കാള്‍ ശക്തമായ സോഫ്റ്റ്വെയറ്
എഴുതാന്‍ വശമുള്ള നീത്ഷെമാരുടെ മനശ്ശാസ്ത്രജ്ഞാനം കൊണ്ടേ കഴിയു എന്നത് മറ്റൊരു സത്യം !
സി. കെ. ബാബു
Dec 23, 2008 at 13:43
ശ്രീവല്ലഭന്‍,
മതസ്ഥാപനത്തിനായി സ്ത്രീകള്‍ മുന്‍കൈ എടുത്ത ശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതു് എന്റെ അറിവില്‍ Theosophical Society ആണു്. Madame Blavatsky മുന്‍കൈ എടുത്തു് Col. H.S. Olcott , William Quan Judge മുതലായവരുമായി ചേര്‍ന്നു് 1875-ല്‍ രൂപീകരിച്ച പ്രസ്ഥാനം. അതിലെ പില്‍കാലത്തെ പ്രശസ്തനേതാവായിരുന്ന Annie Besant നമുക്കു് കൂടുതല്‍ പരിചിതയാണല്ലോ.
Theosophical Society-യെപ്പറ്റി ഇതുകൂടി ചേര്‍ത്തു് വായിക്കാം. അതുപോലെ തന്നെ ആദ്യം ആനി ബെസന്റിനോടൊത്തു് ഉണ്ടായിരുന്നെങ്കിലും പിന്നീടു് തിയോസഫിക്കല്‍ സൊസൈറ്റിയോടു് വിട പറഞ്ഞ Jiddu Krishnamurti-യുടെ കഥയും രസകരമായിരിക്കും എന്നു് തോന്നുന്നു.
ചിത്രകാരന്‍,
പൌലോസിനെപ്പോലുള്ള മതപ്രവാചകര്‍ “ലോകത്തിന്റെ ജ്ഞാനം ഭോഷത്തം” എന്നും മറ്റും ആക്ഷേപിച്ചു് ആട്ടിന്‍പറ്റത്തെ തൊഴുത്തിനു് പുറത്തിറക്കാത്തതു് അവര്‍ കൈവിട്ടുപോകാതിരിക്കാനല്ലേ? മറ്റുചില കാര്യങ്ങളും ലോകത്തില്‍ ഉണ്ടെന്നു് കുഞ്ഞാടുകള്‍ അറിയരുതല്ലോ! അവരതറിഞ്ഞാല്‍ പിന്നെ പ്രവാചക-പുരോഹിതവര്‍ഗ്ഗത്തിനു് ജീവിക്കണമെങ്കില്‍ അദ്ധ്വാനിക്കേണ്ടി വരില്ലേ? കഴിയുമായിരുന്നെങ്കില്‍ സത്യം പറയുന്ന സകല തത്വചിന്തകരുടെയും ഗ്രന്ഥങ്ങള്‍ അവര്‍ പണ്ടത്തെപ്പോലെതന്നെ ഇന്നും തീയിലിട്ടേനെ!
കാര്യങ്ങള്‍ മനസ്സിലാക്കുക, തെറ്റുകള്‍ തിരുത്തുക എന്നൊരേര്‍പ്പാടു് പൌരോഹിത്യത്തിനു് ബാധകമല്ല! അഭയക്കേസില്‍ നമ്മള്‍ നിത്യേന കാണുന്നതു് അതിന്റെ തെളിവല്ലേ? ദൈവത്തിന്റെ പ്രതിനിധികള്‍ക്കു് തെറ്റു് പറ്റുകയില്ല. പറ്റിയാലും അതു് സമ്മതിക്കില്ല. കാരണം, സ്വയം ദൈവങ്ങള്‍ എന്നു് തോന്നുന്നവര്‍ക്കു് തെറ്റുപറ്റുന്നതു് ദൈവത്തിനു് തെറ്റുപറ്റുന്നതിനു് തുല്യം. അതുകൊണ്ടു് ഒരു നുണയെ നേരാക്കി അപ്രമാദിത്വം സ്ഥാപിക്കാന്‍ ഒന്നിനുപിറകെ ഒന്നായി ആയിരം നുണകള്‍ പറഞ്ഞു് അവര്‍ നുണയുടെ ഒരു ബാബേല്‍ ഗോപുരം തന്നെ തീര്‍ക്കുന്നു – എന്നെങ്കിലും അതു് ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും എന്നറിയാതെ!
മുക്കുവന്‍
Aug 3, 2009 at 17:19
I do agree that relegion is made out of stories. bible is a story written by some good philosophers in 1,2 centuries. old testments are contradicting with each other in every sentence…
പുരോഹിതവര്‍ഗ്ഗത്തിനു് ജീവിക്കണമെങ്കില്‍ അദ്ധ്വാനിക്കേണ്ടി വരില്ലേ?
I do not agree with this line… they are working hard to teach others to become foolish 🙂
being said that, I strongly believe that those guys are helping good amount of poor people than myself. they totally sacrifice their family and work for others. some are not but majority is far better than me!