(Friedrich Nietzsche-യുടെ Gay Science എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം - സ്വതന്ത്ര തര്‍ജ്ജമ)
ലോകം ജൈവമായ ഒരസ്തിത്വം ആണെന്നു് ചിന്തിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. എങ്ങോട്ടാണു് ലോകം വികാസം പ്രാപിക്കേണ്ടതു്? എവിടെനിന്നുമാണു് അതു് ആഹാരം കഴിക്കേണ്ടതു്? എങ്ങിനെയാണു് അതിനു് വളരാനും വംശം വര്‍ദ്ധിപ്പിക്കാനും കഴിയേണ്ടതു്? ജൈവാവസ്ഥ എന്നാല്‍ എന്തെന്നു് ഏകദേശം നമുക്കറിയാം. പ്രപഞ്ചത്തെ ഒരു “ഓര്‍ഗനിസം” എന്നു് വിളിക്കുന്നവര്‍ ചെയ്യുന്നപോലെ, എങ്ങനെയാണു് ഭൂമിയുടെ ഉപരിതലത്തില്‍നിന്നുകൊണ്ടു് മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന, ഏറെ താമസിച്ചതും അവാച്യവുമായ ഒരു വ്യുത്പന്നതയെ (derivative), വിരളമായതും, ആകസ്മികവുമായ ഒന്നിനെ നമുക്കു് പരമാര്‍ത്ഥമായി, സാര്‍വ്വത്രികമായി, നിത്യമായി വ്യാഖ്യാനിക്കാന്‍ കഴിയുക? അതെനിക്കു് മനംപിരട്ടല്‍ ഉണ്ടാക്കുന്നു! പ്രപഞ്ചം ഒരു യന്ത്രമാണെന്നു് വിശ്വസിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. തീര്‍ച്ചയായിട്ടും പ്രപഞ്ചം ഒരു ലക്ഷ്യത്തിനായി നിര്‍മ്മിക്കപ്പെട്ട ഒന്നല്ല. “യന്ത്രം” എന്ന വാക്കുവഴി നമ്മള്‍ പ്രപഞ്ചത്തിനു് വളരെ ഉയര്‍ന്ന പദവിയാണു് നല്‍കുന്നതു്. നമ്മുടെ അയല്‍പക്ക വാനഗോളങ്ങളുടേതുപോലെ ചാക്രികമായതും, രൂപപൂര്‍ണ്ണതയുള്ളതുമായ ചലനങ്ങള്‍ പ്രപഞ്ചത്തില്‍ പൊതുവായതും വ്യാപകമായതുമായി ധരിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. ക്ഷീരപഥത്തിലേക്കുള്ള ഒരു നോട്ടം ധാരാളം മതി അവിടെ നക്ഷത്രങ്ങളുടെ ചലനങ്ങള്‍ മുതലായ കാര്യങ്ങളില്‍ വളരെ പരുക്കനും പരസ്പരവിരുദ്ധവുമായ അവസ്ഥകളാണു് നിലനില്‍ക്കുന്നതെന്ന കാര്യത്തില്‍ നമുക്കു് യാതൊരു സംശയവും തോന്നാതിരിക്കാന്‍. നമ്മള്‍ ജീവിക്കുന്ന നക്ഷത്രസംബന്ധിയായ ഈ വ്യവസ്ഥ ഒരു അപവാദമാണു്. ഈ വ്യവസ്ഥയും അതിനോടനുബന്ധിച്ച ഗണനീയമായ കാലദൈര്‍ഘ്യവും ജൈവാവസ്ഥയുടെ രൂപമെടുക്കല്‍ എന്ന “അപവാദങ്ങളുടെ അപവാദം” സാദ്ധ്യമാക്കുകയായിരുന്നു! അതില്‍ നിന്നും വിപരീതമായി, പ്രപഞ്ചത്തിന്റെ ആകമാനസ്വഭാവം യാതൊരു അടുക്കും ചിട്ടയുമില്ലാതെ കുഴഞ്ഞുമറിഞ്ഞതാണു് (chaos) – അനന്തകാലത്തിലേക്കും! chaos എന്നതു് അനിവാര്യതയുടെ അഭാവം എന്ന അര്‍ത്ഥത്തിലല്ല, വ്യവസ്ഥയുടെ, ക്രമത്തിന്റെ, രൂപത്തിന്റെ, ഭംഗിയുടെ, ജ്ഞാനത്തിന്റെ, എന്നുവേണ്ട, എന്തെല്ലാമാണോ മാനുഷികമായ സൗന്ദര്യബോധത്തിനു് നല്‍കപ്പെട്ടിരിക്കുന്ന പേരുകള്‍, അവയുടെ എല്ലാം അഭാവം എന്ന അര്‍ത്ഥത്തില്‍! നമ്മുടെ യുക്തിയുക്തതയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, ചാപിള്ളകളായിപ്പോയ ജന്മങ്ങളായിരുന്നു പ്രപഞ്ചത്തിലെ സാമാന്യനിയമം. അപവാദങ്ങള്‍ രഹസ്യമായ ലക്ഷ്യമല്ല. പ്രപഞ്ചത്തില്‍ അതിന്റേതായ രീതിയില്‍ നിത്യമായി ആവര്‍ത്തിക്കപ്പെടുന്ന ഈ കളിവട്ടം ഒരിക്കലും “താളാത്മകമായൊരു മധുരസംഗീതം” എന്നു് വിളിക്കപ്പെടാവുന്നതല്ല. എല്ലാറ്റിനും പുറമെ, “ചാപിള്ളകളായിപ്പോയ ജന്മങ്ങള്‍” എന്ന പ്രയോഗംതന്നെ “മാനുഷീകരിക്കപ്പെട്ട” ഒന്നായതിനാല്‍ സ്വതേ കുറ്റമറ്റതല്ലതാനും. പ്രപഞ്ചത്തെ എങ്ങനെയാണു് നമ്മള്‍ കുറ്റപ്പെടുത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്നതു്? പ്രപഞ്ചത്തിനു് ഹൃദയശൂന്യതയോ, യുക്തിയില്ലായ്മയോ, അല്ലെങ്കില്‍ അവയുടെ വിപരീതമായ ഗുണങ്ങളോ ആരോപിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. പ്രപഞ്ചം പരിപൂര്‍ണ്ണമോ, ഹൃദ്യമായതോ, കുലീനമായതോ അല്ല, അതിലേതെങ്കിലുമാവാന്‍ അതൊരിക്കലും ആഗ്രഹിക്കുന്നുമില്ല. മനുഷ്യനെ അനുകരിക്കാന്‍ പ്രപഞ്ചം യാതൊരു പരിശ്രമവും നടത്തുന്നില്ല! നമ്മുടെ സൗന്ദര്യബോധത്തിന്റെയോ, ധാര്‍മ്മാധര്‍മ്മവിവേചനത്തിന്റെയോ വിധിനിര്‍ണ്ണയങ്ങള്‍ പ്രപഞ്ചത്തെ ഒരുവിധത്തിലും ബാധിക്കുന്നില്ല! അതിനു് അതിജീവനനൈസര്‍ഗ്ഗികതയോ (survival instinct) മറ്റേതെങ്കിലും തരത്തിലുള്ള നൈസര്‍ഗ്ഗികതയോ ഇല്ല. പ്രപഞ്ചം ഒരു നിയമത്തേയും അറിയുന്നില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഉണ്ടെന്നു് പറയാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. പ്രപഞ്ചത്തില്‍ നിയമങ്ങളല്ല, അനിവാര്യതകളേ ഉള്ളു. അവിടെ കല്‍പിക്കുന്നവനില്ല, അനുസരിക്കുന്നവനില്ല, അതിരുകള്‍ ലംഘിക്കുന്നവനുമില്ല. ലക്ഷ്യം ഇല്ല എന്നറിയുമ്പോള്‍, യാദൃച്ഛികതയുമില്ല എന്നു് നമുക്കു് അറിയാനാവും. ലക്ഷ്യങ്ങള്‍ ഉള്ള ഒരു ലോകത്തിലേ “യാദൃച്ഛികത” എന്ന പദത്തിനു് എന്തെങ്കിലും അര്‍ത്ഥമുള്ളു. മരണം ജീവിതത്തിന്റെ വിപരീതമായ അവസ്ഥയാണെന്നു് പറയാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. ജീവിക്കുന്നവര്‍ മരിച്ചവരുടെ മറ്റൊരു പ്രകൃതി മാത്രം – വളരെ അപൂര്‍വ്വമായ ഒരു പ്രകൃതി. ലോകം സ്ഥിരമായി പുതിയവയെ സൃഷ്ടിക്കുന്നുവെന്നു് ചിന്തിക്കാതിരിക്കാന്‍ നമുക്കു് ശ്രദ്ധിക്കാം. നിത്യവും സ്ഥിരമായതുമായ വസ്തുക്കളില്ല. ദ്രവ്യം എന്നതു് “എലിയറ്റിക്കുകളുടെ” (Eleatics) ദൈവത്തെപ്പോലെതന്നെ ഒരു അബദ്ധമാണു്.
പക്ഷേ, എപ്പോഴാണു് നമ്മുടെ മുന്‍കരുതലുകളും ശ്രദ്ധയും അവസാനിക്കുക? എപ്പോഴാണു് ദൈവത്തിന്റെ ഈ മുഴുവന്‍ നിഴലുകളും നമ്മെ ഇരുട്ടില്‍ മൂടാതിരിക്കുക? എപ്പോഴാണു് നമ്മള്‍ പ്രകൃതിയെ ദൈവമോചിതമാക്കിക്കഴിയുക? എപ്പോഴാണു് നമുക്കു് ശുദ്ധമായ, പുതിയതായി കണ്ടെടുത്ത, പുതിയതായി സ്വതന്ത്രമാക്കിയ പ്രകൃതിയുടെ ഭാഗമായി മനുഷ്യരാശിയെയും ‘പ്രകൃതീകരിക്കാന്‍’ ആരംഭിക്കാനാവുക?
- സാഗര്‍ : Sagar -
Nov 21, 2008 at 13:25
എപ്പോഴാണു് നമ്മള്‍ പ്രകൃതിയെ ദൈവമോചിതമാക്കിക്കഴിയുക?
ചിന്തിക്കബിള്‍…..
ചിത്രകാരന്‍chithrakaran
Nov 21, 2008 at 14:16
ഉപ്പിലിട്ട നാരങ്ങയ്യില്‍ പൂപ്പലു പിടിച്ചതുപോലെ നിസ്സാരമായ ജൈവീക പാടയുടെ ഗുണഭോക്താക്കളായി കണ്ണുമിഴിച്ച ഒരു സംസ്ക്കാരം !
ഹാരിസ്
Nov 21, 2008 at 17:42
പ്രപഞ്ചത്തില്‍ നിയമങ്ങളല്ല, അനിവാര്യതകളേ ഉള്ളു.
സത്യം.
വിശാലാര്‍ത്ഥത്തില്‍ ജീവിതം പോലെ.
പാമരന്‍
Nov 21, 2008 at 19:52
ലക്ഷ്യങ്ങള്‍ ഉള്ള ഒരു ലോകത്തിലേ ‘യാദൃച്ഛികത’ എന്ന പദത്തിനു് എന്തെങ്കിലും അര്‍ത്ഥമുള്ളു. very true.
ഓ.ടോ. പുതിയ വാക്കുകള്‍ കലക്കുന്നുണ്ട്!
സി. കെ. ബാബു
Nov 22, 2008 at 10:49
സാഗര്‍, ചിത്രകാരന്‍, ഹാരിസ്, പാമരന്‍,
എല്ലാവര്‍ക്കും നന്ദി.
മാരീചന്‍
Nov 22, 2008 at 14:12
പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായന കുറേക്കൂടി ആയാസ രഹിതമാകും. നീറ്റ്ഷേയെക്കുറിച്ചൊക്കെ എഴുതുമ്പോള്‍ ഖണ്ഡിക തിരിക്കുക തന്നെ വേണം.. വേണ്ടേ…
സി. കെ. ബാബു
Nov 22, 2008 at 15:37
മാരീചന്‍,
നീറ്റ്സ്‌ഷെയുടെ ഗ്രന്ഥത്തില്‍ മൂന്നാം അദ്ധ്യായത്തിലെ രണ്ടാമത്തെ പാരഗ്രാഫാണിതു് (Verse No. 109). ഒന്നിനെ ഞാന്‍ രണ്ടാക്കുകയായിരുന്നു. അതില്‍ കൂടുതല്‍ അനീതി കാണിക്കാന്‍ തോന്നിയില്ല. ആശയപരമായി മറ്റൊരു പിരിക്കലിനു് പറ്റിയ സ്ഥാനം കാണാന്‍ കഴിഞ്ഞില്ല എന്നതും മറയ്ക്കുന്നില്ല.
ബിനോയ്
Nov 23, 2008 at 07:56
നിഴലുകളെ തുളച്ചുവരുന്ന ഇത്തിരിവെട്ടത്തെ ആവേശത്തോടെ കാത്തിരിക്കുന്നവരുണ്ടിവിടെ. ആശംസകള്‍.
സി. കെ. ബാബു
Nov 23, 2008 at 11:24
ബിനോയ്,
യാതൊരു കൃത്രിമത്വവും ഇല്ലാതെ മനുഷ്യനെ കാണാന്‍ മനുഷ്യരാശിയെ മൂടുന്ന നിഴലുകളുടെ ഇരുട്ടിനെ തുളക്കാതെ നിവൃത്തിയില്ലല്ലോ. സൂചിമുനകള്‍ പോലെ സൂക്ഷ്മവും കൂര്‍ത്തതുമായ അറിവിന്റെ ഇത്തിരിവെട്ടങ്ങളാണു് അതിനു് ഏറ്റവും പറ്റിയ പണിയായുധങ്ങള്‍! പ്രോത്സാഹനത്തിനു് നന്ദി.
- സാഗര്‍ : Sagar -
Nov 27, 2008 at 08:38
സി.കെ.,
വീണ്ടും മനുഷ്യക്കുരുതി… ഇത്തവണ മുംബൈയില്‍ ..
എല്ലാം ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരില്‍.. ദൈവമാണ് മനുഷ്യരെ (അതൊ മതത്തെയൊ?) സൃഷ്ടിച്ചത് എന്ന വിശ്വാസമാണല്ലോ ഭൂരിപക്ഷം മതങ്ങളുടെയും base എന്നത്…
ശാസ്ത്രത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഇവിടെയാണ് എന്നു തോന്നുന്നു..മനുഷ്യരുടെയും മറ്റു ജീവികളുടെയും പരിണാമത്തെ പറ്റിയുള്ള ശാസ്ത്രത്തിന്‍റെ പഠനം പുരോഗമിക്കട്ടെ… അതൊക്കെ തെളിയിക്കാന്‍ കഴിയട്ടെ..
ഒരാളെങ്കിലും ഈ ഭ്രാന്തില്‍ നിന്നും മുക്തനായാല്‍ അത്രയുമായി..
ഇപ്പോഴത്തെ ഈ നീണ്‌ട ലിസ്റ്റ്..( മുംബൈ,ഡെല്‍ഹി,ഗുജറാത്ത്,ഒറീസ്സ,…
യു എസ്,യുകെ, ഔസ്ട്രെലിയ,…..)…മതങ്ങളുടെ പേരില്‍ കൂട്ടക്കുരുതികള്‍ നടന്ന സ്ഥലങ്ങളുടെ ഈ ലിസ്റ്റ് എന്നെങ്കിലും അവസാനിച്ചിരുന്നെങ്കില്‍..
സാധാരണ ജനങ്ങളിലേക്ക് സയന്‍സിനെ ഇറക്കിക്കൊണ്‌ടു വരാനുള്ള ശ്രമത്തിന് മനുഷ്യരാശിയുടെ പേരില്‍ നന്ദി….
താങ്കളുടെ ഉദ്യമങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍..
—-ഒരു മനുഷ്യന്‍—
സി. കെ. ബാബു
Nov 27, 2008 at 14:18
സാഗര്‍,
ബോംബേയിലെ സ്ഫോടനപരമ്പരയുടെ വാര്‍ത്തകള്‍ കേട്ടു. ചിത്രങ്ങളും കണ്ടു. അഭിപ്രായം ഒന്നും പറയുന്നില്ല. പറയാന്‍ ഒന്നും ഇല്ലാത്തതുകൊണ്ടല്ല. അന്ധമായ മതവിശ്വാസത്തിന്റെ പുകമറയില്‍, മസ്തിഷ്കപ്രക്ഷാളനത്തിന്റെ ഏകതാനതയില്‍ സ്വന്തം പ്രവൃത്തികളെ വിലയിരുത്താന്‍ കഴിവില്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ബുദ്ധിശൂന്യരെ സംഭാഷണം കൊണ്ടു് നേര്‍വഴി കാണിക്കാന്‍ ആവില്ല. യുക്തിയുക്തത ബുദ്ധിയുടെയും വിവേകത്തിന്റെയും പണിയായുധമാണു്, അല്ലാതെ മതഭ്രാന്തിന്റേതോ മറ്റേതെങ്കിലും തരത്തില്‍പ്പെട്ട മാനസികവിഭ്രാന്തിയുടേതോ അല്ല.
വായനക്കും അഭിപ്രായത്തിനും നന്ദി.
Arun Meethale Chirakkal
Nov 28, 2008 at 08:58
Nietzsche posts are pretty interesting, especially the one ‘Nietzsche and Women’. In the preface of one of the copy of (See I’ve two) ‘Thus Spake Zaratustra’ it says that Nietzsche’s mysogyny can be attributed to his ‘possessive and overbearing sister Elezabeth’, It’s the first time I came to know that ‘Will to Power’ was edited by her. And you seemed to have missed a pretty interesting quote ‘Ah, women. They make the highs higher and the lows more frequent’. When I posted the quote in my blog one of the first comments I received was from a respected blogger, a widely read teacher who often writes about contemporaray issues with such finesse, and it was ‘what a sexist remark’ LOL…Thank You for the informative posts.
സി. കെ. ബാബു
Nov 29, 2008 at 16:22
Arun,
I don’t know what exactly the reason of Nietzsche’s misogyny was. But I know that he was not yet five as his father died and was ‘destined’ to grow up in a family with five women – his mother, his younger sister Elisabeth, his maternal grandmother, and two maiden aunts. So I think, whatever he says about women, he must know out of his own experience whether it is really applicable to them or not!
Nietzsche spent his last eleven years in total mental darkness, at first in asylum, then under his mother’s care and after her death under the care of his sister Elisabeth until his death in 1900.
Elisabeth’s husband Bernhard Förster was a chauvinist and anti-Semite, who committed suicide in 1889. She, an adorer of Adolf Hitler and ‘full authority’ of Nietzshe’s work, edited some of his works. So is the origin of the book ‘The Will to Power’. She is mostly responsible for the ‘Nazi-Fascist-Image’ of Nietzsche among common people.
As you know, most of Nietzsche’s writings are in form of aphorisms. You can find a lot of them about women too in many of his books. My post ‘Nietzsche and Women’ was only a selected few of them out of the book ‘Human, All-Too-Human’.
Nietzshe himself was very proud of his book ‘Thus Spoke Zarathustra’.
Thank you very much for reading me. Best wishes!