RSS

നുണ, ജ്ഞാനം, സന്യാസം…

16 Nov

(Friedrich Nietzsche-യുടെ Gay Science എന്ന പുസ്തകത്തില്‍ നിന്നും ചില ഭാഗങ്ങള്‍- ഒരു സ്വതന്ത്ര തര്‍ജ്ജമ)

നുണ കൂട്ടിച്ചേര്‍ക്കുന്നവര്‍

‍ഫ്രാന്‍സില്‍ അരിസ്റ്റോട്ടിലിന്റെ ഏകകങ്ങളെ നിരോധിക്കാന്‍ – അതുവഴി സ്വാഭാവികമായും മറ്റുചിലര്‍ അവയെ പ്രതിരോധിക്കാനും! – ആരംഭിച്ചപ്പോള്‍, സാധാരണ കാണാന്‍ കഴിയുന്നതും, എന്നാല്‍ മനുഷ്യര്‍ മനസ്സില്ലാമനസ്സോടെ മാത്രം കാണാന്‍ ആഗ്രഹിക്കുന്നതുമായ ഒരു പ്രത്യേകത അവിടെയും കാണാനായി: – ആ നിയമങ്ങളെ അനുകൂലിച്ചിരുന്നവര്‍ അവ നിലനില്‍ക്കേണ്ടതിന്റെ കാരണങ്ങള്‍ എന്ന മട്ടില്‍ നുണകള്‍ നിരത്താന്‍ തുടങ്ങി. ആ നിയമങ്ങളുടെ അധീശശക്തിയില്‍ ശീലിച്ചുപോയെന്നും, അതുകൊണ്ടു് മറ്റൊന്നു് ഞങ്ങള്‍ക്കു് ആവശ്യമില്ലെന്നും സമ്മതിക്കാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു ആ നുണകള്‍. നിലവിലിരിക്കുന്ന നീതിശാസ്ത്രങ്ങളിലെയും, മതങ്ങളിലെയും ശീലങ്ങള്‍ക്കും അതുതന്നെയാണു് എന്നും സംഭവിച്ചിരുന്നതും, ഇന്നും സംഭവിക്കുന്നതും. പഴയ ശീലങ്ങളെ എതിര്‍ക്കാനും, അവയുടെ അടിസ്ഥാനവും ലക്ഷ്യങ്ങളും ചോദ്യം ചെയ്യാനും ചില മനുഷ്യര്‍ തയ്യാറാവുമ്പോള്‍, അവയുടെ പിന്നിലെ കാരണങ്ങളും ഉദ്ദേശ്യങ്ങളുമെന്ന പേരില്‍ കുറെ നുണകള്‍കൂടി അവയോടു് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. എല്ലാക്കാലത്തേയും യാഥാസ്ഥിതികരുടെ വഞ്ചനാത്മകതയുടെ വലിപ്പമാണു് ഇവിടെ വെളിപ്പെടുന്നതു് – ‘നുണകൂട്ടിച്ചേര്‍ക്കുന്നവര്‍’ ആണു് ഇക്കൂട്ടര്‍.

ജ്ഞാനത്തിനു് മുന്‍കൂട്ടി നിശ്ചയിക്കപ്പെടാതെ

ഒരുവനോടു് പറ്റിച്ചേര്‍ന്നാല്‍ അവനെ എന്നേക്കുമായി ജ്ഞാനത്തിന്റെ അനുയായി ആവാന്‍ അയോഗ്യനാക്കുന്നതും, അത്ര വിരളമല്ലാത്തതുമായ ഒരു മണ്ടന്‍ ‘എളിമ’യുണ്ടു്: ഈ തരത്തില്‍പെട്ട ഒരു മനുഷ്യന്‍ അപൂര്‍വ്വമായ എന്തെങ്കിലും കണ്ടാല്‍ അതേനിമിഷം ചുവടുതിരിച്ചശേഷം തന്നോടുതന്നെ പറയും: – “നിനക്കു് തെറ്റുപറ്റി! എവിടെയായിരുന്നു നിന്റെ ബോധം? നീ കണ്ടതു് ഒരിക്കലും സത്യമാവാന്‍ കഴിയില്ല!” അതിനുശേഷം ഒന്നുകൂടി സൂക്ഷിച്ചു് നോക്കുന്നതിനും, ശ്രദ്ധിക്കുന്നതിനും പകരം അവനെ ആരോ ഭീഷണിപ്പെടുത്തിയാലെന്നപോലെ, ശ്രദ്ധേയമായിരുന്ന ആ വസ്തുവില്‍ നിന്നും ഒഴിഞ്ഞുമാറി അവന്‍ ഓടിയകലുകയും, കഴിയുന്നത്ര വേഗം താന്‍ കണ്ടതിനെ തലയില്‍നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യും. അവന്റെ ആന്തരിക ‘കാനോന്‍’ ഇതാണു്: “വസ്തുതകളെ സംബന്ധിച്ചുള്ള സാധാരണ അഭിപ്രായങ്ങള്‍ക്കു് വിരുദ്ധമായതൊന്നും എനിക്കു് കാണേണ്ട. പുതിയ സത്യങ്ങളെ കണ്ടെത്താനാണോ ഞാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു്? പഴയതുതന്നെ ഒരുപാടുണ്ടു്.”

പരിത്യാഗി (സന്യാസി)

ഒരു പരിത്യാഗി എന്താണു് ചെയ്യുന്നതു്? തനിക്കു് കൂടുതല്‍ ഉന്നതമായ ഒരു ലോകം നേടാന്‍ വേണ്ടിയാണവന്‍ പ്രയത്നിക്കുന്നതു്. പ്രതിജ്ഞാബദ്ധരായ സാമാന്യമനുഷ്യരേക്കാള്‍ കൂടുതല്‍ അകലത്തില്‍, കൂടുതല്‍ ദൂരത്തില്‍, കൂടുതല്‍ ഉയരത്തില്‍ പറക്കാനാണു് അവന്റെ ആഗ്രഹം. തന്റെ പറക്കലിനെ തടസ്സപ്പെടുത്തിയേക്കാവുന്ന പല ഭാരങ്ങളും അവന്‍ വലിച്ചെറിയുന്നു. അവയില്‍ ചിലതൊക്കെ അവനു് ഒട്ടും വിലകുറഞ്ഞവയോ ഇഷ്ടമില്ലാത്തവയോ അല്ല. എങ്കിലും, ‘ഔന്നത്യം’ എന്ന അഭിലാഷപൂര്‍ത്തീകരണത്തിനായി അവന്‍ അവയെ ബലികഴിക്കുന്നു. ഈ ബലികഴിക്കല്‍, ഈ വലിച്ചെറിയല്‍ – കൃത്യമായി അതുമാത്രമാണു് അവനില്‍ ബാഹ്യലോകത്തിനു് ദൃശ്യമാവുന്നതു്. അതിന്റെ വെളിച്ചത്തില്‍ അവനു് ‘പരിത്യാഗി’ എന്ന നാമം നല്‍കപ്പെടുന്നു. ഈ നാമത്തില്‍, തന്റെ ശിരോവസ്ത്രത്തില്‍ പൊതിഞ്ഞു്, നീളക്കുപ്പായത്തിനുള്ളിലെ ആത്മാവായി അവന്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഈ ദൃശ്യം നമ്മില്‍ ജനിപ്പിക്കുന്ന പ്രതീതിയില്‍ അവന്‍ സംതൃപ്തനാണു്: അതുവഴി, മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്നു് പറക്കുന്നതിനുള്ള അവന്റെ അഭിലാഷം, അവന്റെ ഗര്‍വ്വ്, അവന്റെ ഉദ്ദേശ്യം മറച്ചുവയ്ക്കാന്‍ അവനു് കഴിയുന്നു. അതേ, അവന്‍ നമ്മള്‍ ചിന്തിക്കുന്നതിലും കൂടുതല്‍ ബുദ്ധിമാനാണു്, നമ്മുടെ നേരെ മര്യാദ പ്രദര്‍ശിപ്പിക്കുന്ന ‘പ്രതിജ്ഞാബദ്ധന്‍! – അതായതു്, പരിത്യജിക്കുന്നതില്‍പോലും അവന്‍ സാമാന്യമനുഷ്യരോടു് തുല്യനാണു്.

ഒറ്റപ്പെടലിന്റെ ന്യായവാദം

‘മനസ്സാക്ഷിയുടെ പരാതിപ്പെടല്‍’ വളരെ പ്രബുദ്ധരായവരുടെ ഇടയില്‍ പോലും ‘അതും ഇതും ഒക്കെ നിന്റെ സമൂഹത്തിലെ നല്ല ചിട്ടകള്‍ക്കു് വിരുദ്ധമാണു്’ എന്ന വികാരത്തേക്കാള്‍ ബലഹീനമാണു്. ആരുടെ ഇടയില്‍, ആര്‍ക്കുവേണ്ടി ഒരുവന്‍ വളര്‍ത്തപ്പെട്ടുവോ, അവരുടെ തണുത്ത നോട്ടങ്ങളെ, വക്രമാക്കപ്പെടുന്ന അവരുടെ മുഖങ്ങളെ ശക്തരായവര്‍ പോലും ഭയപ്പെടുന്നു. എന്തിനെയാണു് യഥാര്‍ത്ഥത്തില്‍ അവര്‍ ഭയപ്പെടുന്നതു്? ഒറ്റപ്പെടലിനെ! ഒരു വ്യക്തിക്കോ വസ്തുതക്കോ അനുകൂലമായ ഏറ്റവും നല്ല ന്യായവാദങ്ങളെപ്പോലും ‘ഒറ്റപ്പെടല്‍’ എന്ന ന്യായവാദം തറപറ്റിക്കുന്നു! മനുഷ്യരിലെ ‘കാലിക്കൂട്ടനൈസര്‍ഗ്ഗികത’യാണു് (herd instinct) ഇവിടെ വെളിപ്പെടുന്നതു്!

വിശ്വസിക്കപ്പെടുന്ന ആന്തരോദ്ദേശ്യം (believed motive)

മനുഷ്യരാശിയുടെ ഇതുവരെയുള്ള പ്രവൃത്തികളുടെ ആന്തരോദ്ദേശ്യങ്ങള്‍ അറിയേണ്ടതു് എത്ര പ്രധാനമാണെങ്കില്‍ത്തന്നെയും: – ഒരുപക്ഷേ, അത്തരം കാര്യങ്ങളുടെ ഇങ്ങനെയോ അങ്ങനെയോ ഉള്ള ആന്തരോദ്ദേശ്യങ്ങളേക്കാള്‍, അവയിലുള്ള ‘വിശ്വാസം’, അതായതു്, മനുഷ്യരാശി ഇതുവരെ അവരുടെ പ്രവൃത്തികളുടെ യഥാര്‍ത്ഥ ഉത്തോലകം (lever) ആയി കരുതി അടിയില്‍ തിരുകിയിരുന്ന ‘സങ്കല്‍പങ്ങള്‍’, അതാണു് സത്യാന്വേഷികളുടെ നോട്ടത്തില്‍ കൂടുതല്‍ സാരവത്തായതു്. ഇത്തരമോ അത്തരമോ ആയ ആന്തരോദ്ദേശ്യങ്ങളിലെ മനുഷ്യരുടെ ‘വിശ്വാസ’ത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അവര്‍ക്കു് അവരുടെ ആന്തരികഭാഗ്യമായാലും ദുരിതമായാലും ലഭിച്ചിരുന്നതു്- അല്ലാതെ, അവരുടെ പ്രവൃത്തികളുടെ യഥാര്‍ത്ഥത്തിലുള്ള ആന്തരോദ്ദേശ്യങ്ങള്‍ വഴിയായിരുന്നില്ല. അവയോടുള്ള മനുഷ്യരുടെ താത്പര്യത്തിനു് രണ്ടാം സ്ഥാനം മാത്രമേ ഉള്ളു.

സത്യബോധം

“അതു് നമുക്കൊന്നു് പരീക്ഷിച്ചുനോക്കാം” എന്ന മറുപടി അനുവദിക്കുന്ന എല്ലാത്തരം സന്ദേഹാത്മകത്വത്തെയും (scepticism) ഞാന്‍ പുകഴ്ത്തുന്നു. അതേസമയം, പരീക്ഷണങ്ങള്‍ അനുവദിക്കാത്ത ചോദ്യങ്ങളെപ്പറ്റിയും കാര്യങ്ങളെപ്പറ്റിയും എന്തെങ്കിലും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതാണു് എന്റെ സത്യബോധത്തിന്റെ അതിര്‍വരമ്പു്. കാരണം, അവിടെ ധീരോദാത്തതക്കു് അതിന്റെ അവകാശം നഷ്ടപ്പെടുന്നു.

ചോദ്യവും ഉത്തരവും

പ്രാകൃതജനവിഭാഗങ്ങള്‍ എന്താണു് യൂറോപ്യരില്‍ നിന്നും ആദ്യം സ്വീകരിക്കുന്നതു്? ബ്രാണ്ടിയും ക്രിസ്തീയതയും – യൂറോപ്യന്‍ നര്‍കോട്ടിക്സ്‌. – ഏതുവഴിയാണു് അവര്‍ ഏറ്റവും വേഗം നശിക്കുന്നതു്? യൂറോപ്യന്‍ നര്‍കോസിസ്‌ വഴി.

ദൈവത്തിന്റെ നിബന്ധനകള്‍

“ദൈവത്തിനും ബുദ്ധിമാന്മാരായ മനുഷ്യര്‍ ഇല്ലാതെ നിലനില്‍ക്കാനാവില്ല” എന്നു് മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞു – ശരിയായ അര്‍ത്ഥത്തില്‍! “ബുദ്ധിയില്ലാത്ത മനുഷ്യര്‍ ഇല്ലെങ്കില്‍ ദൈവത്തിന്റെ നിലനില്‍പ്പു് കൂടുതല്‍ പ്രയാസമേറിയതായിരിക്കും” – നല്ലവനായ ലൂഥര്‍ പക്ഷേ അതു് പറഞ്ഞില്ല!

ധൂപക്കുറ്റി

ബുദ്ധന്‍ പറഞ്ഞു: “ഉപകാരികളോടു് മുഖസ്തുതി പറയരുതു്!” ഈ സുഭാഷിതം ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ ഉച്ചരിക്കപ്പെട്ടാല്‍ അതിനകത്തെ വായുവിനെ മുഴുവന്‍ അതു് ക്രിസ്തീയതയില്‍നിന്നും ശുദ്ധീകരിക്കും.

പുതിയ സമരങ്ങള്‍

ബുദ്ധന്‍ മരിച്ചശേഷം നൂറ്റാണ്ടുകളോളം മനുഷ്യന്‍ അവന്റെ നിഴല്‍ ഒരു ഗുഹയില്‍ കാണിച്ചുകൊണ്ടിരുന്നു – ഭീമവും ഭീകരവുമായ ഒരു നിഴല്‍! ‘ദൈവം മരിച്ചു’: – എങ്കിലും മനുഷ്യന്റെ രീതിയനുസരിച്ചു് ഇനിയും എത്രയോ സഹസ്രാബ്ദങ്ങളിലൂടെ ദൈവത്തിന്റെ നിഴല്‍ അവര്‍ കാണിച്ചുകൊണ്ടിരിക്കും – നമ്മളോ? നമ്മള്‍ അവന്റെ നിഴലിനെക്കൂടി കീഴടക്കണം!

ക്രിസ്തീയതയും ആത്മഹത്യയും

രൂപമെടുത്തകാലത്തു് ആത്മഹത്യയോടുണ്ടായിരുന്ന ഭീമമായ അതികാംക്ഷയെ ക്രിസ്തീയത അതിന്റെ ശക്തിയുടെ ഒരു ഉത്തോലകമാക്കി: – അതു് രണ്ടുതരം ആത്മഹത്യയെ ബാക്കിയാക്കി, അവയെ അത്യുന്നതമായ അന്തസ്സിന്റെയും അതിമഹത്തായ പ്രത്യാശയുടെയും നവവസ്ത്രങ്ങള്‍ ധരിപ്പിച്ചു, അല്ലാത്തവയെ എല്ലാം ഭയങ്കരമായ രീതിയില്‍ നിരോധിച്ചു – രക്തസാക്ഷിത്വവും, സന്യാസികളുടെ സ്വന്തം ശരീരത്തില്‍നിന്നും സാവധാനത്തിലുള്ള വേര്‍പെടലും മാത്രം അനുവദിക്കപ്പെട്ടു.

ആപത്കരമായ തീരുമാനം

ലോകത്തെ വികൃതവും ചീത്തയുമായി കാണാനുള്ള ക്രിസ്തീയ തീരുമാനം ലോകത്തെ വികൃതവും ചീത്തയുമാക്കി.

അജ്ഞേയമായ വിശദീകരണങ്ങള്‍ (mystic explainations)

അജ്ഞേയതയുടെ വിശദീകരണങ്ങള്‍ ആഴമേറിയതാണെന്നു് വിശ്വസിക്കപ്പെടുന്നു; പക്ഷേ, അവ ഉപരിപ്ലവം പോലുമല്ലെന്നതാണു് സത്യം!

 
4 Comments

Posted by on Nov 16, 2008 in ഫിലോസഫി

 

Tags: , , ,

4 responses to “നുണ, ജ്ഞാനം, സന്യാസം…

 1. - സാഗര്‍ : Sagar -

  Nov 17, 2008 at 07:03

  “അതു് നമുക്കൊന്നു് പരീക്ഷിച്ചുനോക്കാം” എന്ന മറുപടി അനുവദിക്കുന്ന എല്ലാത്തരം സന്ദേഹാത്മകത്വത്തെയും (scepticism) ഞാന്‍ പുകഴ്ത്തുന്നു. അതേസമയം, പരീക്ഷണങ്ങള്‍ അനുവദിക്കാത്ത ചോദ്യങ്ങളെപ്പറ്റിയും കാര്യങ്ങളെപ്പറ്റിയും എന്തെങ്കിലും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

  ഞാനും…..!!!

   
 2. വിദുരര്‍

  Nov 17, 2008 at 14:44

  ഈ നിരീക്ഷണങ്ങളില്‍ ചിലതിനോടൊക്കെ ശക്തമായ വിയോജിപ്പുകള്‍ മാറ്റി വെച്ചു കൊണ്ടു തന്നെ നിങ്ങളുടെ ഈ ശ്രമത്തെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഇദ്ദേഹത്തെ തൊട്ടു നോക്കാതെ മനുഷ്യന്‌ മുന്നോട്ടുപോവാന്‍ പറ്റില്ലല്ലൊ.
  ————–
  “ബുദ്ധന്‍ മരിച്ചശേഷം നൂറ്റാണ്ടുകളോളം മനുഷ്യന്‍ അവന്റെ നിഴല്‍ ഒരു ഗുഹയില്‍ കാണിച്ചുകൊണ്ടിരുന്നു – ഭീമവും ഭീകരവുമായ ഒരു നിഴല്‍! ‘ദൈവം മരിച്ചു’: – എങ്കിലും മനുഷ്യന്റെ രീതിയനുസരിച്ചു് ഇനിയും എത്രയോ സഹസ്രാബ്ദങ്ങളിലൂടെ ദൈവത്തിന്റെ നിഴല്‍ അവര്‍ കാണിച്ചുകൊണ്ടിരിക്കും – നമ്മളോ? നമ്മള്‍ അവന്റെ നിഴലിനെക്കൂടി കീഴടക്കണം!”

   
 3. നിഴല്രൂപന്|nizhalroopan

  Nov 17, 2008 at 14:56

  >> "പരിത്യാഗി"

  ചുരുക്കിപ്പറഞ്ഞാല് തട്ടിപ്പോയാല് രാഷ്ട്റപിതാവിന്റെ 'പോസ്റ്റ്' ഉറപ്പാണ് എന്ന് മനസ്സിലാക്കിയാവും Mr. M.K Gandhi സകല തോന്യാസങ്ങളും കാണിച്ചത് അല്ലെ?. അതല്ല നേതാവ് ചമയാനുള്ള 'ego' മൂത്ത് ചെയ്തതാകുമൊ? എങ്ങനെ ആയാലും അങ്ങേര് മഹാ സ്വാര്‍ത്ഥനാകാതെ വഴിയില്ല അല്ലെ?
  പിന്നെ അഹിംസ സ്വീകരിച്ചത് British police-നെ കണ്ട് മുട്ട് ഇടിച്ചത് കൊണ്ടാവാനെ തരമുള്ളു.

  ഓ. ടൊ : ചിലപ്പോ എന്റെ മൂള വളരാത്തത്കൊണ്ട് തോന്നുന്ന ചോദ്യങ്ങളാവും. ക്ഷമിച്ചേക്കണെ…

   
 4. സി. കെ. ബാബു

  Nov 17, 2008 at 17:03

  സാഗര്‍,
  നന്ദി.

  വിദൂരര്‍,
  വായനക്കു് നന്ദി. തന്റെ നിരീക്ഷണങ്ങളോടു് യോജിക്കാന്‍ എല്ലാവര്‍ക്കും സാദ്ധ്യമല്ല എന്നു് ആദ്യം പറഞ്ഞതു് നീറ്റ്സ്‌ഷെ തന്നെയല്ലേ?

  നിഴല്‍‌രൂപന്‍,
  “ചിലപ്പോ എന്റെ മൂള വളരാത്തത്കൊണ്ട് തോന്നുന്ന ചോദ്യങ്ങളാവും.”

  ഉള്‍ക്കാഴ്ച ഒരു നല്ല ആരംഭമാണെന്നു് കേട്ടിട്ടുണ്ടു്. നീറ്റ്സ്‌ഷെയെ പഠിക്കാന്‍ പക്ഷേ അതു് മാത്രം മതിയോ എന്നറിയില്ല. എന്നാലും എല്ലാവിധ ഭാവുകങ്ങളും!

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: