RSS

ജീവന്‍ എന്ന സങ്കീര്‍ണ്ണത

08 Nov

ഏകദേശം മുന്നൂറ്റന്‍പതുകോടി വര്‍ഷങ്ങള്‍ക്കു് മുന്‍പു് പ്രോട്ടീനുകളുടെയും ന്യൂക്ലിക്‌ ആസിഡുകളുടെയും ആദ്യകാലരൂപങ്ങള്‍ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ടാവണം. ആരംഭത്തില്‍ പൊതുവായ ഒരു ആവരണം ഇല്ലാതിരുന്ന ഈ മോളിക്യൂള്‍ ശൃംഖലകളുടെ സംയുക്തത്തിനു് കാലാന്തരത്തില്‍ ഒരു ‘സംരക്ഷണകവചം’ ലഭിച്ചു. മൈക്രോ അളവുകളുള്ള ഒരു മോളിക്യൂള്‍ശൃംഖല ജലത്തില്‍ കഴിയുകയും ചലിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ജലത്തിന്റെ ഒരു നേരിയ ‘പാട’ അതിനെ പൊതിയുന്നുണ്ടാവും. മോളിക്യൂള്‍ ശൃംഖലയുടെ ഉപരിതലത്തിലെ എലക്ട്രിക്‌ ചാര്‍ജ്‌ ഈ പാടയ്ക്കു് കൂടുതല്‍ സ്ഥിരത നല്‍കുന്നു. ഈ സാഹചര്യത്തില്‍, ജലത്തിലെ കൊഴുപ്പുകള്‍ക്കു് (lipids) ഈ പാടയോടു് പറ്റിച്ചേര്‍ന്നു്, ഒരു അര്‍ദ്ധചര്‍മ്മമായി രൂപാന്തരം പ്രാപിക്കുവാന്‍ കഴിയും. ഈ തത്വപ്രകാരമാവാം ആദ്യകാല മോളിക്യൂള്‍ശൃംഖലകള്‍ക്കു് കാലക്രമേണ ഒരു ആവരണം ലഭിച്ചതു്. ഒരുവശത്തു്, ബാഹ്യലോകത്തില്‍ നിന്നുള്ള പ്രതികൂലമായ ഇടപെടലുകളെ നിരോധിക്കുക, മറുവശത്തു്, നിലനില്‍പിനു് ആവശ്യമായ ഊര്‍ജ്ജം (ആഹാരം!) പുറമെനിന്നും ഏറ്റെടുക്കാന്‍ കഴിയുക! പാരഡോക്സിക്കല്‍ ആയ ഈ രണ്ടു് ലക്‍ഷ്യങ്ങള്‍ ഒറ്റയടിക്കു് നേടാന്‍ ഏറ്റവും അനുയോജ്യമായതാണു് ഒരു അര്‍ദ്ധപ്രവേശ്യതനുസ്തരം (semi-permeable membrane). ഇന്നും സെല്ലുകളുടെ കവചം ഒരു അര്‍ദ്ധപ്രവേശ്യതനുസ്തരമാണു്. ഓക്സിജന്‍ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ രൂപമെടുത്തതിനാല്‍ “ജീവന്റെ” ആദ്യകാല രൂപങ്ങള്‍ ഓക്സിജന്‍ “ശ്വസിക്കാത്തവ” (anaerobic) ആയിരുന്നു. ആഹാരം സ്വയം “തയ്യാറാക്കാന്‍” കഴിയാത്തവയായിരുന്നതിനാല്‍ ഇവയ്ക്കു് ബാഹ്യലോകത്തില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കേണ്ടിയുമിരുന്നു. 350 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളില്‍ നിന്നും ഇവയുടെ ചില ഫോസിലുകള്‍ കണ്ടെത്താനായിട്ടുണ്ടു്. അനേകകോടി വര്‍ഷങ്ങളിലൂടെ ഈ സെല്ലുകള്‍ക്കു് രൂപാന്തരം സംഭവിച്ചു്, സൂര്യപ്രകാശത്തില്‍ നിന്നും സ്വയം ആഹാരം പാകപ്പെടുത്താന്‍ (Photosynthesis) കഴിവുള്ള സെല്ലുകള്‍ രൂപമെടുത്തു. സ്വന്തമായ ചര്‍മ്മവും, ഊര്‍ജ്ജത്തിലെ സ്വയംപര്യാപ്തതയുമെല്ലാം ആദിസമുദ്രത്തിലെ ജലത്തില്‍ തടസ്സമില്ലാതെ സ്വതന്ത്രമായി വളര്‍ന്നു് പെരുകാന്‍ അവയെ സഹായിച്ചു.

ജീനുകളിലെ സാമ്യത്തിന്റെ അടിസ്ഥാനത്തില്‍ “ജീവനുള്ള” വസ്തുക്കളെ മൂന്നു് വിഭാഗങ്ങളായി (Domain) തരം തിരിക്കാം. 1). ബാക്റ്റീരിയകളുടെ വളരെ പുരാതനരൂപമായ Archaea. അങ്ങേയറ്റം പ്രതികൂലമായ സാഹചര്യങ്ങളിലും ജീവിക്കാന്‍ കഴിയുന്ന ഇവയാണു് ജീവന്റെ ആദ്യരൂപങ്ങള്‍. കാര്‍ബണ്‍ ഡയോക്സൈഡ്‌, നൈട്രജന്‍ മുതലായവയെ ആഗിരണം ചെയ്തും മീഥെയ്ന്‍ വിസര്‍ജ്ജിച്ചും ജീവിക്കുന്ന ഇവയുടെ നിലനില്പിനു് സൂര്യപ്രകാശമോ, ഓക്സിജനോ ആവശ്യമില്ല. 2). ഈ ബാക്റ്റീരിയകളില്‍ നിന്നും കുറച്ചുകൂടി പുരോഗമിച്ച Eubacteria. സാധാരണ ജീവികളുടെ സെല്ലിലേതുപോലെ തനുസ്തരത്തില്‍ പൊതിഞ്ഞ ന്യൂക്ലിയസോ, ഓര്‍ഗനെല്‍സോ ഇല്ലാത്ത prokaryotic cells ഈ വിഭാഗത്തില്‍ പെടുന്നു. 300 കോടി വര്‍ഷങ്ങളായി ഭൂമിയില്‍ ജീവിക്കുന്ന ബ്ലൂ-ഗ്രീന്‍ അല്‍ജീ (blue-green algae) ഇത്തരത്തില്‍ പെട്ടതാണു്. ആദ്യകാലങ്ങളില്‍ ഭീമമായ അളവില്‍ ഉണ്ടായിരുന്ന ഇവ photosynthesis വഴി അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു് വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു് വഹിച്ചു. 3). കൂണ്‍ജാതികളുടെയും, സസ്യങ്ങളുടെയും, മനുഷ്യരടക്കമുള്ള ജന്തുക്കളുടെയുമൊക്കെ ജീവന്റെ അടിസ്ഥാനഘടകവും, ന്യൂക്ലിയസില്‍ ജെനറ്റിക്‌ ഇന്‍ഫര്‍മേഷന്‍സ്‌ സൂക്ഷിച്ചിരിക്കുന്നതുമായ ‘eucaryotic cells’-ന്റെ ലോകമായ Eucaryota. ഈ ഡൊമെയ്ന്റെ അവാന്തരവിഭാഗങ്ങളെ വിവിധ ‘രാജ്യങ്ങളായി’ തരംതിരിച്ചിരിക്കുന്നു. 1. Kingdom Protista: ലളിതഘടനയുള്ള യൂക്കാരിയോട്ടിക്ക്‌ സെല്‍ ജീവികള്‍. 2.) Kingdom Fungi: വിവിധയിനം കൂണ്‍ജാതികളുടെ ലോകം. 3.) Kingdom Plantae: വൃക്ഷസസ്യലതാദികളുടെ ലോകം. 4.) Kingdom Animalia: ഇഴജന്തുക്കള്‍ മുതല്‍ പക്ഷിപറവകളും, സസ്തനജീവികളും വരെയുള്ള ജന്തുലോകം.

എന്‍സൈമുകളുടെയും മറ്റു്പ്രോട്ടീനുകളുടെയും നിര്‍മ്മാണം നിയന്ത്രിക്കുന്നതു് ന്യൂക്ലിക്‌ ആസിഡുകളാണു്. അതേസമയം, എന്‍സൈമുകള്‍ ന്യൂക്ലിക്‌ ആസിഡിന്റെയും, പ്രോട്ടീനുകളുടെയും മറ്റു് സെല്‍ ഘടകങ്ങളുടെയും രൂപമെടുക്കലിനു് ആവശ്യവുമാണു്. അങ്ങനെ, പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രോട്ടീനും ന്യൂക്ലിക്‌ ആസിഡും ഒരുമിച്ചതുവഴി ഭൂമിയില്‍ ബയോളജിക്കല്‍ ഇവൊല്യൂഷനു് ആരംഭം കുറിക്കപ്പെട്ടു. ‘ജീവനു്’ ഒരു ആരംഭം വേണം എന്നു് നിര്‍ബന്ധമാണെങ്കില്‍ ഈ സംയോജനത്തിനാണു് ആ വിശേഷണം ഏറ്റവും യോജിക്കുന്നതു്. കോടിക്കണക്കിനു് വര്‍ഷങ്ങളിലൂടെ ‘ജീവനു്’ സംഭവിച്ച പരിണാമങ്ങള്‍ ഇന്നു് എങ്ങനെ അറിയാന്‍ കഴിയും? അതിനുള്ള ഒരു മാര്‍ഗ്ഗം ഫോസിലുകള്‍ കണ്ടെത്തി പരിശോധിക്കുകയാണു്. മറ്റൊരു വഴി DNA അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും. പക്ഷേ, ഇതുവരെ ഭൂമിയില്‍ രൂപംകൊണ്ട ജീവനുകളില്‍ 99 ശതമാനവും എപ്പോഴേ നശിച്ചുകഴിഞ്ഞു. അവയില്‍ ഒരു ചെറിയ ഭാഗം മാത്രമേ ഫോസിലുകളായിട്ടുള്ളു. ഈ ഫോസിലുകളുടെതന്നെ വളരെ ചെറിയ ഒരംശത്തെ മാത്രമേ മനുഷ്യനു് കണ്ടെത്താന്‍ കഴിയുന്നുള്ളു. ഫോസിലുകള്‍ വഴിയുള്ള പഠനത്തിനു് തന്മൂലം പരിമിതികളുണ്ടു്. അതേസമയം, ജീവന്റെ പരിണാമദശകളിലേക്കു് തിരിഞ്ഞുനോക്കാന്‍ DNA-യുടെ പഠനം കൂടുതല്‍ സഹായകമാണു്. കമ്പ്യൂട്ടര്‍, ശക്തിയേറിയ മൈക്രോസ്കോപ്പുകള്‍ മുതലായ ആധുനിക ഉപകരണങ്ങളുടെ കണ്ടുപിടുത്തം വഴി അതിനു് ഇതുവരെയുണ്ടായിരുന്ന സാങ്കേതികബുദ്ധിമുട്ടുകള്‍ നല്ലൊരംശം കുറയുകയും ചെയ്തു.

ബീജസംയോജനം സംഭവിച്ച ഒരു അണ്ഡത്തില്‍ നിന്നും ഒരു പൂര്‍ണ്ണജീവി ആയിത്തീരാന്‍ വേണ്ടുന്ന വിവരങ്ങള്‍ മുഴുവന്‍ DNA-യിലാണു് ശേഖരിക്കപ്പെട്ടിരിക്കുന്നതെങ്കില്‍, കോടാനുകോടി സെല്ലുകളുടെ സമാഹാരമായ ശരീരത്തില്‍ എങ്ങനെ വിവിധ ഘട്ടങ്ങളിലായി എത്രയോ വിഭിന്നമായ ജോലികള്‍ ചെയ്യേണ്ടുന്ന വ്യത്യസ്തമായ സെല്ലുകള്‍ രൂപമെടുക്കുന്നു? ഉദാഹരണത്തിനു്, കരളിലെ പേശികളുടെ ഘടനയോ ജോലിയോ അല്ല മസിലുകളിലോ ഹൃദയത്തിലോ തലച്ചോറിലോ ഉള്ളവയുടേതു്! ഇവയുടെ ‘നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ’ ചുമതല വഹിക്കുന്നതു് ‘ജെനറ്റിക്‌ സ്വിച്ചുകള്‍’ ആണു്. കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ രീതിയില്‍ ബന്ധപ്പെട്ട ജീനുകള്‍ ഓണോ ഓഫോ ആവുന്നതുവഴി എംബ്രിയോയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വേണ്ടതു് വേണ്ടിടത്തു് വേണ്ടപോലെ രൂപമെടുക്കുന്നു. ഇതുസംബന്ധിച്ച പഠനങ്ങള്‍ വ്യത്യസ്ത ജീവികളുടെ എംബ്രിയോകളില്‍ നടത്തുന്നതുവഴി ഓരോ ജീനുകളും എന്താണു് ചെയ്യുന്നതെന്നു് മാത്രമല്ല, ഇവൊല്യൂഷന്‍ മൂലം ജീന്‍ ഘടനയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നു എന്നും മനസ്സിലാക്കാന്‍ കഴിയും. കൂടാതെ, ജീന്‍ ഘടനകളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്താനും, അതു് ശരീരരൂപീകരണത്തെ എങ്ങനെ ബാധിക്കുന്നു എന്നു് കണ്ടെത്താനും ഇത്തരം പരീക്ഷണങ്ങള്‍ ഉപകരിക്കും. ഉദാഹരണത്തിനു്, കൈകാലുകളോ, ചിറകുകളോ ഉള്ള എല്ലാ ജീവികളിലും ‘Sonic hedgehog’ എന്നു് പേരിട്ടിരിക്കുന്ന ഒരു ജീനുണ്ടു്. മനുഷ്യരുടെ കാര്യത്തില്‍, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ എട്ടാം ആഴ്ചയില്‍ ഈ ജീന്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആ കുഞ്ഞിന്റെ വിരലുകള്‍ വൈകല്യമുള്ളതായിരിക്കും. വിരലുകളുടെ വ്യത്യസ്ത രൂപങ്ങള്‍ക്കു് കാരണമായ ഈ ജീനിന്റെ എംബ്രിയോകളിലെ പ്രവര്‍ത്തനമണ്ഡലത്തെ കൃത്യസമയത്തു് വൈറ്റമിന്‍ A-യുടെ ഒരു രൂപമാറ്റമായ retinoic acid കൊണ്ടു് ‘ട്രീറ്റ്‌’ ചെയ്താല്‍, വിരലുകളുടെ ഡ്യൂപ്ലിക്കേഷന്‍ (mirror-image) ആവും ഫലം. മനുഷ്യരടക്കം, അംഗങ്ങളോ ചിറകുകളോ ഉള്ള എല്ലാ ജീവികള്‍ക്കും ഇതു് ബാധകമാണു്. ഭൂമിയുടെ രൂപീകരണത്തില്‍ അടിത്തറപാകി, ഏകകോശജീവികള്‍ മുതല്‍ മനുഷ്യന്‍ വരെ എത്തിച്ചേര്‍ന്ന ജീവന്റെ വളര്‍ച്ചയെസംബന്ധിച്ച ഇത്തരം അറിവുകള്‍ 450 കോടി വര്‍ഷങ്ങളായി തുടരുന്ന ഒരു നിരന്തരപരിണാമത്തിന്റെ ചരിത്രമാണു് നമ്മെ തുറന്നുകാണിക്കുന്നതു്. യുക്തിസഹമായ മറ്റൊരു വിശദീകരണവും അതിനു് നല്‍കാനാവില്ല.

കൂടാതെ, വിവിധ തരം ജീവികളിലെ പ്രോട്ടീനുകള്‍ തമ്മിലുള്ള സാമ്യം ജീവന്‍ എന്ന പ്രതിഭാസം ഒരു ആദി ‘ജീവനില്‍’ നിന്നും ഉത്ഭവിച്ചു് പരിണമിച്ചതായിരിക്കണമെന്നതിനു് മതിയായ തെളിവു് നല്‍കുന്നു. ഈ വസ്തുത മനസ്സിലാക്കാന്‍ Cytochrome c എന്ന ഒരു ചെറിയ എന്‍സൈം (പ്രോട്ടീന്‍) ഉദാഹരണമായെടുത്താല്‍ മതി. ഏകദേശം നൂറു് അംഗങ്ങളുള്ള ഒരു പ്രോട്ടീന്‍ ശൃംഖലയാണതു്. മനുഷ്യരിലും ചിമ്പാന്‍സീകളിലും ഇവയുടെ സീക്വന്‍സില്‍ ഒരു വ്യത്യാസവുമില്ല. റീസസ്‌ കുരങ്ങില്‍ (Rhesus monkey) ഒരേയൊരു അമിനോ ആസിഡിന്റെ സ്ഥാനത്തിനു് മാത്രമാണു് വ്യത്യാസം! അതേസമയം, മനുഷ്യന്റേയും പട്ടിയുടേയും സിറ്റൊക്രോം-സി ശൃംഖലകള്‍ തമ്മില്‍ പതിനൊന്നു് സ്ഥാനങ്ങളില്‍ വ്യത്യാസം കാണാന്‍ കഴിയും. ഈ നാലു്ജീവികളിലും ശൃംഖലയിലെ ആകെ അമിനോ ആസിഡ്‌ അംഗങ്ങളുടെ എണ്ണം 104 ആണു്. അതായതു്, പട്ടിയുടെ കാര്യത്തില്‍ ഈ എന്‍സൈമിലെ ആകെ 104 അമിനോ ആസിഡുകളില്‍ 93 സ്ഥാനങ്ങളിലേതും മനുഷ്യരില്‍ ഉള്ളതുമായി യാതൊരു വ്യത്യാസവുമില്ലാത്തവയാണു്. ഈ ഉദാഹരണത്തിലേതുപോലെ, മനുഷ്യനില്‍ ആരംഭിച്ചു്, കുരങ്ങു്, പട്ടി, മുയല്‍, കോഴി, തവള, മത്സ്യം, ശലഭം, ഗോതമ്പു്, പൂപ്പു്, യീസ്റ്റ്‌ മുതലായ ‘ജീവനുകളിലേക്കു്’ പോകുന്നതിനനുസരിച്ചു് സിറ്റൊക്രോം ശൃംഖലയിലെ അമിനോ ആസിഡ്‌ സ്ഥാനങ്ങളിലെ വ്യത്യാസത്തിന്റെ എണ്ണവും കൂടിക്കൊണ്ടിരിക്കുമെങ്കിലും വ്യത്യാസമില്ലാത്ത സ്ഥാനങ്ങളുടെ എണ്ണം ശ്രദ്ധാര്‍ഹമായവിധം വലുതാണു്. സ്പഷ്ടമായ ഈ സാമ്യവും ഒരു ജെനറ്റിക്‌ തുടര്‍ച്ചയിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്. ഈ വസ്തുത വേണ്ടപോലെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്കു് അതില്‍ ഒരു യാദൃച്ഛികത ദര്‍ശിക്കാനാവുമെന്നു് തോന്നുന്നില്ല.

2004-ല്‍ Neil Shubin എന്ന ശാസ്ത്രജ്ഞനും സുഹൃത്തുക്കളും ചേര്‍ന്നു് കണ്ടെത്തിയതും, ‘Tiktaalik‘ എന്നു് നാമകരണം ചെയ്യപ്പെട്ടതുമായ ഒരു ഫോസില്‍ മത്സ്യങ്ങളേയും നാല്‍ക്കാലികളായ ഉഭയജീവികളേയും (amphibians) തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണു്. മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, തല വശങ്ങളിലേക്കു് തിരിക്കാന്‍ കഴിയുന്ന വിധത്തിലാണു് അതിന്റെ ശരീരഘടന. 375 മില്യണ്‍ വര്‍ഷങ്ങള്‍ക്കു് മുന്‍പു് ജീവിച്ചിരുന്നതും, പകുതി മത്സ്യവും, പകുതി നാല്‍ക്കാലിയുമായ (tetrapod) ഈ ജീവിയെ കണ്ടെത്തിയ ആ ശാസ്ത്രജ്ഞര്‍ ഈ വിഭാഗത്തില്‍ പെട്ട ജീവികളെ ‘fishapod’ എന്നു് വിളിക്കുന്നു! ജലജീവികളില്‍ നിന്നും കരജീവികളിലേക്കുള്ള പരിണാമത്തിനു് തെളിവുനല്‍കുന്ന ഒരു കണ്ണിയാണു് Tiktaalik. ഈ ഫോസില്‍ കണ്ടെത്തിയ ആര്‍ക്ട്ടിക്ക്‌ പ്രദേശത്തു് ജീവിക്കുന്ന മനുഷ്യരോടു് അതിനൊരു പേരു് നിര്‍ദ്ദേശിക്കാന്‍ പറയുകയും അവര്‍ അതിനു് Siksagiaq, Tiktaalik എന്നീ രണ്ടു് പേരുകള്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. അവയില്‍നിന്നും എല്ലാ നാവുകള്‍ക്കും ഒരുവിധം വഴങ്ങുന്നതായതിനാല്‍ ‘വലിയ ശുദ്ധജലമത്സ്യം’ എന്നര്‍ത്ഥമുള്ള രണ്ടാമത്തെ പേരു് സ്വീകരിക്കപ്പെട്ടു.

ഊര്‍ജ്ജത്തെ ക്രമാനുഗതമായി രൂപം മാറ്റുവാനും, ആ രൂപപരിണാമങ്ങള്‍ സംഭവിക്കുന്ന രീതികളെ അനന്യവും തുല്യവുമായ മറ്റൊരു വ്യവസ്ഥയിലേക്കു് പകര്‍ന്നുകൊടുക്കുവാനും കഴിയുന്ന ഒരു പ്രതിഭാസം എന്ന ശാസ്ത്രീയ നിര്‍വചനം ജീവനു് നല്‍കേണ്ടിവരുന്നതില്‍നിന്നും ജീവനില്ലാത്തവയും ജീവന്‍ ഉള്ളവയും തമ്മില്‍ പൊതുവായതും സ്പഷ്ടമായതുമായ ഒരു വേര്‍പെടുത്തല്‍ എത്ര പ്രയാസമേറിയതാണെന്നു് മനസ്സിലാക്കാം. ജീവന്റെ രൂപമെടുക്കല്‍ വഴി ഭൂമിയില്‍ പ്രത്യേകമായി എന്തെങ്കിലും സംഭവിച്ചില്ല. ഭൂമിയില്‍ ആദിയില്‍ നിലനിന്നിരുന്ന അവസ്ഥകളുടെ നിരന്തരവും വ്യവസ്ഥാനുസൃതവുമായ പരിണാമങ്ങളുടെ ഭാഗമായി രൂപമെടുത്ത ജീവന്‍ എന്ന പ്രതിഭാസത്തിന്റെ ആരംഭം ഏതെങ്കിലും ഒരു നിശ്ചിത നിമിഷത്തില്‍ ആയിരുന്നു എന്നു് പറയുന്നതില്‍ തന്മൂലം വലിയ അര്‍ത്ഥവുമില്ല. ജീവന്‍ = മനുഷ്യജീവന്‍ എന്നും, മനുഷ്യജീവന്‍ മറ്റു് ജീവനുകളില്‍ നിന്നും ഉന്നതമായ എന്തോ ആണെന്നും നമുക്കു് തോന്നുന്നുണ്ടെങ്കില്‍ അതു് മനുഷ്യനെ പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദുവാക്കി ചിന്തിക്കുവാന്‍ ചരിത്രപരമായി നമ്മള്‍ ശീലിപ്പിക്കപ്പെട്ട ഭ്രാന്തുമൂലമാണു്. ജീവന്‍ വിശിഷ്ടമെങ്കില്‍ എല്ലാ ജീവനും വിശിഷ്ടമാണു്, വിശുദ്ധമെങ്കില്‍ എല്ലാ ജീവനും വിശുദ്ധമാണു്. ജീവനു് മനുഷ്യനെന്നോ, മൃഗമെന്നോ, സസ്യമെന്നോ ഉള്ള അതിര്‍വരമ്പുകളില്ല. ഇരയെ തിന്നുന്ന വന്യമൃഗങ്ങളോ, മനുഷ്യര്‍ അടക്കമുള്ള ശത്രുക്കളുടെ ശരീരത്തില്‍ വിഷം കയറ്റി കൊന്നു് സ്വന്തജീവിതം സുരക്ഷിതമാക്കുന്ന ജീവികളോ മനുഷ്യര്‍ ചെയ്യുന്നതുപോലെ ജീവന്റെ വിശിഷ്ടതയോ വിശുദ്ധിയോ ഘോഷിക്കുന്നില്ല. അതിനു് കാരണം ഒരുപക്ഷേ, മനുഷ്യന്‍ തനിക്കുണ്ടെന്നു് അഭിമാനിക്കുന്നതും, യഥാര്‍ത്ഥത്തില്‍ മനുഷ്യനെ മൃഗത്തിന്റെ നിലവാരത്തില്‍നിന്നും ഉയര്‍ത്തേണ്ടുന്നതുമായ “ബോധം” അവയ്ക്കില്ലാത്തതിനാലാവാം! അതുകൊണ്ടാവാം അവയ്ക്കു് “പ്രാര്‍ത്ഥിച്ചുകൊണ്ടു്” മനുഷ്യരെയും മറ്റു് മൃഗങ്ങളെയും കുരുതി കഴിക്കാന്‍ മാത്രമുള്ള അധമത്വം ഇല്ലാത്തതു്!

 
16 Comments

Posted by on Nov 8, 2008 in ലേഖനം

 

Tags: ,

16 responses to “ജീവന്‍ എന്ന സങ്കീര്‍ണ്ണത

 1. അനില്‍@ബ്ലോഗ്

  Nov 8, 2008 at 16:15

  അഭിനന്ദനങ്ങള്‍ , ശ്രീ.ബാബു,

  “പരണ്ടലുകള്‍” ഒഴിവാക്കിയതിനു പ്രത്യേകിച്ചും.
  വെളിച്ചം ഉള്ളിടത്ത് ഇരുട്ട് അപ്രത്യക്ഷമാകുന്നപോലെ “അറിവു” ഉള്ളിടത്ത് അജ്ഞതക്കു പ്രസക്തിയില്ല, അതിനാല്‍ തന്നെ അതിനെതിരെ വാഗ് പ്രയോഗങ്ങളും ആവശ്യമില്ല.

  ആശംസകള്‍.

   
 2. പാമരന്‍

  Nov 8, 2008 at 20:11

  നന്ദി മാഷെ.

  ‘അര്‍ദ്ധപ്രവേശ്യതനുസ്തരം’ സ്വന്തം സൃഷ്ടിയാണോ?

   
 3. സി. കെ. ബാബു

  Nov 8, 2008 at 21:28

  അനില്‍@ബ്ലോഗ്,
  വായിച്ചതിനു് നന്ദി. ചിരണ്ടലിനു് “പരണ്ടല്‍!” അല്ലാതെ കൂടിയേ കഴിയൂ എന്നതുകൊണ്ടല്ല. 🙂

  പാമരന്‍,
  “അര്‍ദ്ധപ്രവേശ്യതനുസ്തരം” എന്ന വാക്കു് സ്വന്തം സൃഷ്ടിയെന്നതിനേക്കാള്‍ സ്വന്തം “സിന്തെസിസ്” എന്നു് പറയുന്നതാവും ശരി. “സുതാര്യത” കൂടുതല്‍ യോജിക്കുന്നതു്‌ പ്രകാശവുമായിട്ടാണെന്നു് തോന്നിയതിനാല്‍ ഒരു ചെറിയ പരീക്ഷണം. 🙂

   
 4. Malayalee

  Nov 10, 2008 at 05:01

  ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

  നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

  ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

   
 5. - സാഗര്‍ : sagar -

  Nov 10, 2008 at 06:23

  വളരെ നന്നായിരിക്കുന്നു.
  നന്ദി..

   
 6. സി. കെ. ബാബു

  Nov 11, 2008 at 10:35

  സാഗര്‍,
  എന്റെയും നന്ദി.

   
 7. ഞാന്‍

  Nov 11, 2008 at 15:03

  കട്ടി ഒരല്പം കൂടുതലാണ്…. എനിക്കധികവും മനസ്സിലായതുമില്ല. (കുറ്റം പറഞ്ഞതല്ല)

   
 8. സി. കെ. ബാബു

  Nov 11, 2008 at 15:41

  ഞാന്‍,
  അതു് ഞാന്‍ വിശ്വസിക്കുന്നില്ല.
  You have to understand it because you belong to the group of people who have no other choice. 🙂

   
 9. അപ്പു

  Nov 11, 2008 at 15:48

  ബാബുവേട്ടാ, വളരെ നല്ല ലേഖനം. ദയവായി മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കൂ.

   
 10. ഞാന്‍

  Nov 11, 2008 at 16:15

  റീഡറില്‍ കണ്ടിരുന്നു… സമയം ഇല്ലാത്തതിനാല്‍ ഇന്നാണ് വായിച്ചത്…”ഒന്നും മനസ്സിലായില്ല” എന്നായിരുന്നില്ല ഞാനുദ്ദേശിച്ചത്… എനിക്ക് ലാറ്റിനും ഗ്രീക്കുമൊക്കെ ആയി തോന്നുന്ന ചില കാര്യങ്ങള്‍, ദഹിക്കുവാന്‍ അല്പം പ്രയാസം… ദഹിപ്പിച്ചു കൊണ്ടിരിക്കുന്നു… 🙂 12-ആം ക്ലാസ്സില്‍ നിര്‍ത്തിയതാണ് ബയോളജി പഠനം. പിന്നെ ജെനെറ്റിക്‍സ് തുറന്ന് നോക്കിയത് എട്ടാം സെമസ്റ്ററില്‍ പ്രോജക്ടിന്റെ ആവശ്യത്തിന് ജെനെറ്റിക്‍ അല്‍ഗോരിതത്തിന് വേണ്ടി. [Evolution നേരില്‍ കാണുവാന്‍ കഴിയില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് ജെനെറ്റിക്‍ അല്‍ഗോരിതങ്ങളില്‍ കൂടിയത് നേരില്‍ കാണാം. Evolution തെറ്റാണ് എന്ന് പറയുന്നവര്‍, ജെനെറ്റിക്‍ അല്‍ഗോരിതങ്ങള്‍ എന്തുകൊണ്ട് വര്‍ക്ക് ചെയ്യുന്നു എന്നതിന് കൂടി ഉത്തരം തരേണ്ടതായുണ്ട്]

  ഈ പോസ്റ്റിനെ, മുന്‍ പോസ്റ്റുകളെ പോലെ ‘പോസ്റ്റ്മോര്‍ട്ടം’ ചെയ്യുവാന്‍ ആരും ഒരെമ്പെടാത്തതിന് കാരണം ഇതിന്റെ അധികമായുള്ള കട്ടിയും ആധികാരിതയും തന്നെയാണ്. ഇത് കഷ്ടപ്പെട്ട് വായിച്ചു മനസ്സിലാക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത്… യേത്? 😉

  പിന്നെ എനിക്ക് ഓപ്ഷന്‍ ഇല്ലാ എന്ന് പറയരുത് കേട്ടോ… നൂഡില്‍സ് ദൈവം, ഗൂഗ്‌ള്‍ ദൈവം, അപ്രത്യക്ഷയാ(നാ)യ പിങ്ക് ഒറ്റകൊമ്പി(ന്‍)-കുതിര ദൈവം, അങ്ങനെ അങ്ങനെ കുറേയുണ്ട്……. തിരഞ്ഞെടുക്കാനാണെങ്കില്‍ ആധുനിക മതങ്ങളേറെയുണ്ട്

   
 11. സി. കെ. ബാബു

  Nov 11, 2008 at 21:18

  അപ്പു,
  മലയാളം വിക്കിയില്‍ ചേര്‍ക്കുക എന്ന ലക്‍ഷ്യത്തില്‍ അല്ല എഴുതിയതു് എന്നതിനാല്‍ അതിനു് ചേര്‍ന്ന ഒരു ഘടന ഈ ലേഖനത്തിനില്ല. അങ്ങനെ വേണമെങ്കില്‍ ഇതിന്റെ രൂപത്തിനു് അല്പം മാറ്റം വരുത്തേണ്ടി വരും. ഒരു പ്രതികരണം എന്ന രീതിയിലുള്ള ഒരു “ഝടിതിപ്പതിപ്പു്” മാത്രമായിരുന്നു ഇതിന്റെ ഉദ്ദേശം.

  ഞാന്‍,

  ഓപ്ഷന്‍ ഇല്ല എന്നതുകൊണ്ടു് ഉദ്ദേശിച്ചതു്, as an academic you are ‘destined’ to conquer knowledge എന്ന അര്‍ത്ഥത്തിലാണു്. അതു് ഒരു നെഗറ്റീവ് പരാമര്‍ശമായിരുന്നില്ല.

  ശാസ്ത്രത്തെയും ഇവൊല്യൂഷനെയും ഒക്കെ ചോദ്യം ചെയ്യുന്നവര്‍‍ – ചുരുങ്ങിയതു് ബ്ലോഗിലെങ്കിലും – അവരുടെ വേദഗ്രന്ഥങ്ങള്‍ പോലും ശരിക്കു് വായിച്ചു് മനസ്സിലാക്കിയിട്ടുള്ളവരല്ല. അവ കയ്യില്‍ എടുക്കുമ്പോള്‍ ഭയം മൂലം മുട്ടു് കൂട്ടിയിടിച്ചാല്‍ ശ്രദ്ധിച്ചു് വായിക്കാനാവുമോ? ഭയപ്പെടുന്ന മനസ്സിനു് സ്വതന്ത്രമായി ചിന്തിക്കാനാവില്ല. സ്വന്തം നിലപാടുകള്‍ ശരിയാണെന്നു് സ്ഥാപിക്കാന്‍ ഉതകുന്ന ചില വാക്യങ്ങള്‍ അവര്‍ ചെറുപ്പം മുതലുള്ള ആവര്‍ത്തനം വഴി ഹൃദിസ്ഥമാക്കിയിട്ടുണ്ടു്. ഏറ്റവും കുറഞ്ഞതു് അത്രതന്നെ എതിര്‍വാദമുഖങ്ങളും അതേ ഗ്രന്ഥങ്ങളില്‍ തന്നെയുണ്ടു്. അവ കാണാന്‍ പക്ഷേ ഭയമില്ലാത്ത കണ്ണുകള്‍ ഉണ്ടായാലേ പറ്റൂ.

  ഇത്തരക്കാരോടാണു് ‘ജെനെറ്റിക്ക് ആല്‍ഗോരിതം’ വായിച്ചു് മനസ്സിലാക്കാന്‍ പറയുന്നതു്! നല്ല കാര്യമായി!! അറിയാനല്ല, അറിയാതിരിക്കാനുള്ള വഴികളാണു് അവര്‍ക്കു് വേണ്ടതു്. ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരു അറിവിന്റെയും ആവശ്യമില്ല! ഏതെങ്കിലും ഒരു കാര്യത്തില്‍ വിശ്വസിക്കാന്‍ അതു് സാമാന്യബുദ്ധിക്കു് നിരക്കുന്നതാവണമെന്നും യാതൊരു നിര്‍ബന്ധവുമില്ല.

  ഇക്കൂട്ടരോടു് ചര്‍ച്ചയ്ക്കു് പോകാതിരുന്നാല്‍ സമയം ലാഭിക്കാം. ഞാന്‍ അണ്ടര്‍വെയര്‍ ധരിക്കണമോ, മറ്റെന്തെങ്കിലും ധരിക്കാതിരിക്കണമോ എന്നു് സ്വയം തീരുമാനിക്കാന്‍ മാത്രം വെളിവു് എനിക്കു് എന്തായാലും ഉണ്ടു്. അതിനു് ഏതെങ്കിലും ഒരു ദൈവത്തിന്റെ ആവശ്യം എനിക്കില്ല. അതിനും ദൈവം വേണമെന്നുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ അതിനനുസരിച്ചു് ജീവിക്കട്ടെ! അവരുമായി ചര്‍ച്ചചെയ്തു് എന്റെ നിലപാടു് നീതീകരിക്കേണ്ടതോ, അവരുടെ നിലപാടു് തെറ്റാണെന്നു് തെളിയിക്കേണ്ടതോ ആയ ഒരാവശ്യവും എനിക്കില്ല. ഒരു ചെറിയ ഭാഗ്യം! ചെറിയ ഭാഗ്യങ്ങളിലും സന്തോഷിക്കാന്‍ മനുഷ്യനു് കഴിയണം എന്നാണല്ലോ കോരമ്പടത്തില്‍ കുഞ്ഞുവര്‍ക്കിപ്പിള്ള നമ്മോടു് ആഹ്വാനം ചെയ്തതു്!

   
 12. - സാഗര്‍ : Sagar -

  Nov 12, 2008 at 07:17

  എല്ലാ പോസ്റ്റുകളും വായിച്ചു.. …..
  ബാബു സാറേ……ഞാന്‍ നമിച്ചു !!!!

   
 13. കാവലാന്‍

  Nov 13, 2008 at 06:58

  “””ഭയപ്പെടുന്ന മനസ്സിനു് സ്വതന്ത്രമായി ചിന്തിക്കാനാവില്ല.””””

  ചില വാചകങ്ങള്‍ കണ്ടാല്‍ കമന്റാതിരിക്കാനാവില്ല ഏതു കാട്ടിലിരുന്നായാലും. 🙂

   
 14. സി. കെ. ബാബു

  Nov 13, 2008 at 10:51

  സാഗര്‍,
  വളരെ നന്ദി.

  കാവലാന്‍,
  അതുകൊണ്ടല്ലേ കുട്ടികളെ ഭയപ്പെടുത്തി പഠിപ്പിക്കാന്‍ ശ്രമിക്കരുതെന്നു് മനഃശാസ്ത്രജ്ഞര്‍ പറയുന്നതു്!

  നാട്ടിലെ “കാട്ടില്‍” ആവുമെന്നു് കരുതുന്നു. എങ്കില്‍ ആ “കാട്ടിലേക്കു്‌” മറ്റൊരു “കാടന്റെ” ആശംസകള്‍!

   
 15. ജയതി

  Nov 15, 2008 at 16:32

  ഒരു വിദ്യാർത്ഥി എന്നു മാത്രം അവകാശപ്പെടുന്നുള്ളു എങ്കിലും നല്ലൊരു അദ്ധ്യാപകൻ കൂടിയണെന്നതിന്ന് ഈ ലേഖനം സാക്ഷി.ഇത്ര ഗഹനമായ ഒരു വിഷയം എത്ര ലളിതമായി പറഞ്ഞിരിക്കുന്നു.ആശംസകൾ. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു

   
 16. സി. കെ. ബാബു

  Nov 16, 2008 at 15:36

  ശ്രീ ജയതി,
  എന്തെങ്കിലുമൊക്കെ അറിയാന്‍ ശ്രമിക്കുമ്പോള്‍ കാര്യമായി ഒന്നും അറിയില്ലെന്നും അറിയാന്‍ മനുഷ്യനു് കഴിയില്ലെന്നും തിരിച്ചറിയേണ്ടിവരുന്നു. ‍അതു് ആകെ അറിവിന്റെ അപാരത കൊണ്ടു് മാത്രമല്ലെന്നും, പൂര്‍ണ്ണമായ അറിവു് ഒരു മരീചികയാണെന്നും കൂടി മനസ്സിലാക്കേണ്ടിവരുമ്പോള്‍ വിദ്യാര്‍ത്ഥി എന്നതില്‍ കവിഞ്ഞ ഒരു വിശേഷണം ഞാന്‍ എനിക്കു് നല്‍കിയാല്‍ അതു് അധികപ്രസംഗത്തിലും അധികമായിരിക്കും.

  ഇവിടെയാണു് ആദ്ധ്യാത്മികതയുടെ പ്രതിനിധികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നതു്‌. മനുഷ്യനു് അറിയാന്‍ കഴിയാത്തവ അറിയാന്‍ കഴിയുന്നവയെക്കാള്‍ എത്രയോ കൂടുതലാണെന്ന വസ്തുത ഒരു സാങ്കല്പികസര്‍വ്വജ്ഞാനത്തിന്റെ കൂട്ടുപിടിച്ചു്‌ എത്ര തന്മയത്വമായാണു് അവര്‍ മറച്ചുപിടിക്കുന്നതു്? എത്ര സമര്‍ത്ഥമായാണു് അവര്‍ ആ “ജ്ഞാനത്തിന്റെ” പിന്‍ബലത്തില്‍ സ്വയം ജ്ഞാനികളായി ജീവിതത്തില്‍ അഭിനയിക്കുന്നതു്‌? അത്തരം കുറുക്കുവഴികള്‍ ഇല്ലാതെ മുന്നോട്ടു് പോകാന്‍ കഴിയാത്തവരാണു് മിക്കവാറും എല്ലാ മനുഷ്യരും എന്നതും തീര്‍ച്ചയായും ശരിയാവാം. പക്ഷേ അന്വേഷണം അതുവഴി ശ്വാസം കിട്ടാതെ മരിക്കുന്നു!

  വഴിയില്‍ പെറുക്കികൂട്ടിയ കുറെ കല്ലുകള്‍ നിരത്തുക മാത്രമാണു് ഞാനിവിടെ. ആര്‍ക്കെങ്കിലും അവയില്‍ ചിലതു് പ്രയോജനപ്പെട്ടുകൂടെന്നില്ലല്ലോ. അല്ലാതെ ഒരു അധ്യാപനം എന്റെ ലക്ഷ്യമല്ല.

  എന്നെ വായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി. ആശംസകളോടെ,

   
 
%d bloggers like this: