RSS

സുഹൃത്തുക്കളെപ്പറ്റി – ഫ്രീഡ്രിഹ് നീറ്റ്‌സ്ഷെ

03 Nov
(ഒരു സ്വതന്ത്ര തര്‍ജ്ജമ)

നീ സ്വയം ഒന്നാലോചിച്ചുനോക്കൂ: നിന്റെ ഏറ്റവും അടുത്ത പരിചിതരുടെ കാര്യത്തില്‍ പോലും എത്ര വ്യത്യസ്തമാണു് ധാരണകള്‍, എത്ര വിഭിന്നമാണു് അഭിപ്രായങ്ങള്‍! ഒരേ അഭിപ്രായത്തിനുതന്നെ നിന്റെ സുഹൃത്തുക്കളുടെ മനസ്സില്‍ നിന്റേതിനേക്കാള്‍ എത്ര വ്യത്യസ്തമായ സ്ഥാനവും വിലയുമാണു്! തെറ്റിദ്ധാരണകള്‍ക്കും, ശത്രുതാപരമായ പരസ്പര അകല്‍ചയ്ക്കും നൂറുകണക്കിനു് അവസരങ്ങള്‍! അതിന്റെ എല്ലാം ഫലമായി നീ നിന്നോടുതന്നെ പറഞ്ഞേക്കാം: നമ്മുടെ എല്ലാ കൂട്ടുകെട്ടുകളും സൗഹൃദങ്ങളും എത്ര ഉറപ്പില്ലാത്ത തറയിലാണു് നില്‍ക്കുന്നതു്; എത്ര അടുത്താണു് തണുത്ത മഴകള്‍, കലുഷിതമായ കാലാവസ്ഥകള്‍, എത്ര ഏകാന്തനാണു് ഓരോ മനുഷ്യനും!

ഒരുവന്‍ ഈ വസ്തുതയോടൊപ്പം, എല്ലാ അഭിപ്രായങ്ങളുടെയും പ്രവൃത്തികളുടെയും രീതിയും കരുത്തും അവന്റെ സഹമനുഷ്യര്‍ക്കു് എത്ര അത്യാവശ്യവും, ഉത്തരവാദിത്വം ഏല്‍ക്കാനാവാത്തതുമാണെന്നും തിരിച്ചറിഞ്ഞാല്‍, സ്വഭാവത്തിന്റേയും, തൊഴിലിന്റേയും, കഴിവിന്റെയും, ചുറ്റുപാടുകളുടെയും വേര്‍പെടുത്താനാവാത്ത കെട്ടുപിണയലുകളില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങളുടെ പിന്നിലെ ആന്തരികനിര്‍ബന്ധം മനസ്സിലാക്കാനുതകുന്നൊരു ദൃഷ്ടി നേടിയെടുക്കുവാന്‍ അവനു് കഴിഞ്ഞേക്കാം. ഒരുപക്ഷേ അതുവഴി അവനു് “സുഹൃത്തുക്കളേ, സുഹൃത്തുക്കളായി ആരുമില്ല” എന്നു് വിലപിച്ച ജ്ഞാനിയുടെ അനുഭവതീവ്രതയുടെ കയ്പുരസം ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം. അതിലുപരി, ചിലപ്പോള്‍ അവന്‍ സമ്മതിച്ചേക്കാം: അതേ, സുഹൃത്തുക്കളുണ്ടു്; പക്ഷേ, അബദ്ധവും, നിന്നെപ്പറ്റിയുള്ള തെറ്റിദ്ധാരണയുമാണു് അവരെ നിന്നിലേക്കടുപ്പിച്ചതു്. നിന്റെ സുഹൃത്തുക്കളായി തുടരാന്‍ അവര്‍ നിശ്ശബ്ദത പാലിക്കാന്‍ പഠിച്ചവരായിരിക്കണം. കാരണം, മിക്കവാറും എല്ലായ്പോഴും അതുപോലുള്ള മാനുഷികബന്ധങ്ങള്‍ നിലനില്‍ക്കുന്നതു് ഏതാനും ചില കാര്യങ്ങള്‍ ഒരിക്കലും പറയപ്പെടാതിരിക്കുന്നതിലൂടെ, അവയെ ഒരിക്കലും സ്പര്‍ശിക്കപ്പെടാതിരിക്കുന്നതിലൂടെ മാത്രമാണു്: അത്തരം കല്ലുകള്‍ ഉരുളാന്‍ തുടങ്ങിയാല്‍ അവയെ പിന്തുടര്‍ന്നു് ആ സൗഹൃദങ്ങളും തകരും! തന്നെപ്പറ്റി തന്റെ ആത്മസുഹൃത്തുക്കള്‍ക്കു് അറിയാവുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിയേണ്ടിവന്നാല്‍ മരണകരമായി വ്രണപ്പെടേണ്ടിവരാത്ത മനുഷ്യരുണ്ടോ?

നമ്മള്‍ നമ്മളെത്തന്നെ തിരിച്ചറിയുന്നതിലൂടെ, നമ്മുടെ സ്വത്വവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങളുടെയും മാനസികാവസ്ഥകളുടെയും ഒരു മണ്ഡലം മാത്രമാണെന്നു് മനസ്സിലാക്കുന്നതിലൂടെ, അങ്ങനെ സ്വയം അല്‍പം വിലകുറച്ചു് കാണാന്‍ ശീലിക്കുന്നതിലൂടെ നമുക്കു് മറ്റുള്ളവരുമായി ഒരു സന്തുലിതാവസ്ഥ സ്ഥാപിക്കുവാന്‍ കഴിഞ്ഞേക്കാം. നമ്മുടെ പരിചയക്കാര്‍ക്കു്, അവര്‍ ഏറ്റവും വലിയവര്‍ ആയാല്‍ പോലും, വില കല്‍പിക്കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്നതു് സത്യമാണു്. പക്ഷേ, അത്രയും തന്നെ കാരണങ്ങള്‍ അതേ പരിഗണനകള്‍ നമ്മുടെ നേരെ തിരിക്കാനും ഉണ്ടു്. അങ്ങനെ നമുക്കു് സ്വയം സഹിക്കുന്നതുപോലെ പരസ്പരവും സഹിക്കാന്‍ ശ്രമിക്കാം! അതുവഴി ചിലപ്പോള്‍ ഓരോരുത്തനും ഒരിക്കല്‍ സന്തോഷത്തിന്റെ നാഴിക വരികയും, “സുഹൃത്തുക്കളേ, സുഹൃത്തുക്കളായി ആരുമില്ല!” എന്നു് മരിക്കുന്ന ജ്ഞാനി വിലപിച്ചതുപോലെ, “ശത്രുക്കളേ, ശത്രുവായി ആരുമില്ല!” എന്നു് ജീവിക്കുന്ന വിഡ്ഢിയായ ഞാന്‍ പറയുന്നു എന്നു് വിളിച്ചുപറയാന്‍ കഴിയുകയും ചെയ്തേക്കാം.

 
12 Comments

Posted by on Nov 3, 2008 in ഫിലോസഫി

 

Tags: ,

12 responses to “സുഹൃത്തുക്കളെപ്പറ്റി – ഫ്രീഡ്രിഹ് നീറ്റ്‌സ്ഷെ

 1. സൂരജ് :: suraj

  Nov 4, 2008 at 05:01

  ചിന്തയുടെ ചുഴിയില്‍ക്കിടന്ന് വട്ടം കറങ്ങി. സയന്‍സ് പഠിക്കാന്‍ ഇതിന്റെ ഏഴിലൊന്ന് മിനക്കേടില്ല എന്ന് മനസ്സിലായി ! :))

   
 2. ഇളം വെയില്‍ | ilamveyil

  Nov 4, 2008 at 07:20

  തീ നാളങ്ങള്‍ക്കിടയിലൂടെ കൃത്യമായി വലിച്ച ഒരു നൂലാണ്‌ ബന്ധങ്ങള്‍ എന്നു കേട്ടിട്ടുണ്ട്…..

   
 3. സി. കെ. ബാബു

  Nov 4, 2008 at 10:42

  സൂരജ്,

  ഒരു ഫിലൊസഫര്‍? ഞാന്‍ ഒരു ഡൈനമൈറ്റാണു്‌! – ഫ്രീഡ്രിഹ് നീറ്റ്സ്‌ഷെ. (സൂക്ഷിച്ചുവേണം കൂടുതല്‍ താഴേക്കിറങ്ങാന്‍ എന്നു് ചുരുക്കം!) 🙂

  ഇളംവെയില്‍,

  ശരിയാണു്. തീയോടു് അടുത്താല്‍ ബന്ധങ്ങളുടെ നൂലു് പൊട്ടും. ഒരിക്കല്‍ പൊട്ടിയാല്‍ പിന്നീടു് ഒട്ടിക്കാനോ കൂട്ടികെട്ടാനോ കഴിഞ്ഞാല്‍‍ തന്നെയും പഴയപോലെ മിനുസമായിരിക്കില്ല. അതിനാല്‍ വഴിത്തിരിവുകളില്‍ എന്താണു് വേണ്ടതെന്നു് മൂന്നുപ്രാവശ്യം മുന്‍‌കൂട്ടി ആലോചിക്കുക! 🙂

   
 4. കാവലാന്‍

  Nov 4, 2008 at 11:52

  “ഒരു ഫിലൊസഫര്‍? ഞാന്‍ ഒരു ഡൈനമൈറ്റാണു്‌!”

  അതാണു ശരി, ചിന്താമണ്ഡലങ്ങളില്‍ ഒരു ‘Small Bang’ എങ്കിലും നടത്താതെ ചിലരുടെ വാക്കുകള്‍ പിന്‍വാങ്ങില്ല.

   
 5. സി. കെ. ബാബു

  Nov 4, 2008 at 15:01

  കാവലാന്‍,
  പേട്ടണ്ടികള്‍ക്കു് എവിടെ ചിന്താമണ്ഡലം, അണ്ടിക്കറയല്ലാതെ? 🙂

   
 6. പ്രിയ ഉണ്ണികൃഷ്ണന്‍

  Nov 6, 2008 at 07:37

  രണ്ടാമത്തെ പാരഗ്രാഫ് വായിച്ച് കിറുങ്ങിപ്പോയി

  കറ നല്ലതാണ് 🙂

   
 7. കാവലാന്‍

  Nov 6, 2008 at 09:21

  “പേട്ടണ്ടികള്‍ക്കു് എവിടെ ചിന്താമണ്ഡലം,”

  ‘അടിവാങ്ങുമ്പോ മോതിരക്കയ്യോണ്ട്’ എന്നതാ പ്രമാണം.എന്തായാലും നാട്ടില്‍ പോകുകയാ പോണ പോക്കില്‍ ഒന്നു വാങ്ങീട്ടു പോവാം 😉

  പേട്ടണ്ടികള്‍ എന്നത് ചള്ളുപ്രായത്തിലേ നീരൂറ്റിമാറ്റപ്പെട്ട് പേടായിപ്പോവുന്നതാ മാഷേ,പരിപ്പുറച്ചതിനു ശേഷം ചൂതന്‍ കുത്തിയാല്‍ ഒരണ്ടിയും പേട്ടണ്ടിയാവില്ല.പേട്ടണ്ടിമാത്രം കായ്ക്കുന്ന കശുമാവുകളില്ല,
  അഥവാ ഉണ്ടെങ്കില്‍ അവ കാലത്തിന്റെ കരങ്ങളാല്‍ വെട്ടി വിറകാക്കപ്പെട്ടുപോവുകതന്നെ ചെയ്യും.

   
 8. സി. കെ. ബാബു

  Nov 6, 2008 at 11:02

  പ്രിയ,
  ഒന്നിനും കൊള്ളാത്തതിനും “ഒന്നിനും കൊള്ളാത്തതു്” എന്നൊരു യോഗ്യത ഉള്ളപോലെ അന്യന്റെ ദേഹത്തു് തേച്ചു് പൊള്ളിക്കാം എന്നൊരു യോഗ്യത പേട്ടണ്ടിക്കറയ്ക്കുമുണ്ടു്. പ്രിയ ഉദ്ദേശിച്ചതു്‌ നിറം നല്‍കാന്‍ കഴിയുന്ന നല്ല “കറകളുടെ” കാര്യമാണെന്നു് കരുതുന്നു. 🙂

  കാവലാന്‍,
  “യാത്ര” വായിച്ചപ്പോള്‍ നാട്ടില്‍ പോകുന്നു എന്നു് തോന്നിയിരുന്നു. കവികളുടെ കാര്യമല്ലേ? ഭാവന ആയിക്കൂടെന്നുമില്ലല്ലോ! അതുകൊണ്ടു് അവിടെ നേരാതിരുന്ന യാത്രാമംഗളങ്ങള്‍ ഇവിടെ നേരുന്നു.

  ചെറുപ്രായത്തിലേ നീരൂറ്റാന്‍ കശുമാവുകളുടെ ചുവട്ടില്‍ പണ്ടാരോ നിര്‍മ്മിച്ച നിയമങ്ങളുമായി കാത്തിരിക്കുന്നവരാണു് ‍ഭൂവുടമകളെങ്കില്‍ അത്തരം മാവുകളെ വെട്ടിത്തീയിടാന്‍ കരുത്തുള്ള കൈകള്‍ അവയില്‍നിന്നും ഒരുനാളും ഉണ്ടാവുകയില്ല.

  ചിലയിടങ്ങളില്‍ കാലത്തിനും കൈകളോ ചലനമോ ഇല്ല. സ്വന്തം “കാലത്തില്‍” നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ കുഞ്ഞണ്ടികള്‍ക്കു് ഈ വിവരം അറിയാനും നീരൂറ്റുന്നവരെ എതിര്‍ക്കാനും ഒട്ടു് കഴിയുന്നുമില്ല.

  സമീപങ്ങളില്‍‌ നീരൂറ്റാന്‍ പറ്റാത്തതുമൂലം പരിപ്പുറച്ചുപോയവയെ പേട്ടണ്ടികള്‍ ആക്കാന്‍ കഴിഞ്ഞില്ലെങ്കിലും വളരാന്‍ അനുവദിക്കാതിരിക്കുകയെങ്കിലും ചെയ്യണം. ഉടമയുടെ നിലനില്പിന്റെ ആവശ്യമാണതു്! അതിനാല്‍ അവയെ നിരന്തരം “ചൂതന്‍” കുത്തിക്കൊണ്ടിരിക്കുന്നു!

  എത്ര വര്‍ഷങ്ങളാണു് നമ്മുടെ “കാലത്തിന്റെ” മാനദണ്ഡം? ഒരു മനുഷ്യജന്മം? ഒരായിരം വര്‍ഷം? രണ്ടായിരം? മൂവായിരം?….

   
 9. ചിത്രകാരന്‍chithrakaran

  Nov 6, 2008 at 18:53

  ശത്രുവും മിത്രവും എല്ലാം ജീവിതത്തിന്റെ ഭ്രമണപഥത്തിലെ ഓരോ സംഗമ സ്ഥാനങ്ങള്‍ മാത്രം.എന്നും ഒരേ ഭ്രമണ പഥത്തിലൂടെ മാത്രം കറങ്ങുന്നവര്‍‌ക്ക് ശത്രുവും മിത്രവും കൂടപ്പിറപ്പുകളാണെന്ന് തോന്നും.
  -ചിത്രകാരന്റെ ഭ്രാന്ത്‍.

   
 10. ഭൂമിപുത്രി

  Nov 7, 2008 at 19:52

  ബ്യൂട്ടി!
  ബാബു കുറച്ചുകാലമിനി നീറ്റ്ഷേയിൽ ശ്രദ്ധിച്ചാൽ മതിട്ടൊ.പ്രപഞ്ചത്തിന്റെ കഥകളൊക്കെ പിന്നീടാകാം.

   
 11. സി. കെ. ബാബു

  Nov 7, 2008 at 23:03

  ചിത്രകാരന്‍,
  ഭ്രമണപഥങ്ങള്‍ സംഗമിച്ചേക്കാം. പക്ഷേ ഒന്നാവില്ല. അപ്പനും അമ്മയും മക്കളും എല്ലാം വ്യത്യസ്തലോകങ്ങള്‍! ഓരോ മനുഷ്യനും, അവന്റെ ഭ്രമണപഥവും, ലോകവും അദ്വിതീയമാണു്. അറിവുനേടി ഭ്രമണപഥത്തിന്റെ റേഞ്ചു് വിപുലീകരിക്കുന്നതിലൂടെ വ്യക്തിത്വം വളരുന്നു. വ്യക്തിത്വങ്ങളിലെ പൊതുഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകളാണു് ‍ ബന്ധങ്ങളുടെ മാനദണ്ഡം.

  സ്വയം ചിന്തിക്കുന്നതാണു് ചിന്ത. അതു് എങ്ങനെ ഭ്രാന്താവും? എന്റെ അഭിപ്രായത്തില്‍ ചിന്താശൂന്യതയാണു് ഭ്രാന്തു്. ഒരുവനുവേണ്ടി അച്ചനും ബിഷപ്പും രാഷ്ട്രീയനേതാവും ചിന്തിക്കുന്നതും അവന്‍ അന്തം വിട്ടു് ആമോദത്തോടെ പുറകെ ഓടുന്നതുമാണു് യഥാര്‍ത്ഥ ഭ്രാന്തു്! എന്തിന്റെ പുറകെയാണു് ഓടുന്നതു് എന്നു് അറിയാതെ, ഒരു വിശ്വാസത്തിന്റെ പേരില്‍ മതിമറന്നു് ഓടുന്നവനാണു് എന്റെ നോട്ടത്തില്‍ തനിഭ്രാന്തന്‍‍! ഈ വര്‍ഗ്ഗത്തിനു് അടുത്ത ഒരു ആയിരം കൊല്ലത്തേയ്ക്കു് കേരളത്തില്‍ പഞ്ഞമുണ്ടാവുമെന്നു് സംശയിക്കുകയും വേണ്ട! 🙂

  ഭൂമിപുത്രി,
  പ്രപഞ്ചകഥയുടെ പകുതിയും എഴുതി. ബാക്കി നാളെ എഴുതി പോസ്റ്റ് ചെയ്യും. ഇന്നലെയേ ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ എനിക്കു് ഏതാനും മണിക്കൂറുകള്‍ എങ്കിലും ലാഭിക്കാമായിരുന്നു! 🙂

  നീറ്റ്സ്‌ഷെയെ തത്കാലം സിലെക്റ്റീവ് ആയിട്ടേ എഴുതാന്‍ പാടുള്ളു. കേരളത്തിലെ രാഷ്ട്രീയം, ആത്മീയം, മാധ്യമലോകം, സിനിമാലോകം, താത്വിക ചര്‍ച്ചാലോകം മുതലായവയുടെയൊക്കെ “പരമവും” ആര്‍ഷയോഗ്യവുമായ അവസ്ഥയുടെ വെളിച്ചത്തില്‍‍ മറ്റു് മാര്‍ഗ്ഗമൊന്നും ഞാന്‍ കാണുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചുറ്റിത്തിരിയുന്ന സാംസ്കാരികനായകന്മാരുടെ വായിലിരിപ്പു് കേള്‍ക്കുമ്പോഴും, കയ്യിലിരിപ്പു് കാണുമ്പോഴും നീറ്റ്സ്‌ഷെയുടെ തത്വചിന്തകള്‍ എഴുതാനല്ല, നെഞ്ചത്തടിച്ചു് വിലപിക്കാനാണു് തോന്നുന്നതു്!

   
 12. വല്യമ്മായി

  Apr 13, 2009 at 13:03

  അഭിപ്രായഭിന്നതകള്‍ക്കും ശീലവ്യത്യാസങ്ങള്‍ക്കും ഉപരിയായി തുടങ്ങിയ സൗഹൃദങ്ങള്‍ക്കേ നിലനില്‍‌പ്പുള്ളൂ ‍എന്നാണെന്റേയും അനുഭവം.നന്ദി,ഈ പരിഭാഷയ്ക്ക്.

   
 
%d bloggers like this: