RSS

ജീവന്റെ ഉത്ഭവത്തെപ്പറ്റി

28 Oct

ആദിസ്ഫോടനത്തിനോടനത്തിലൂടെ സ്ഥലവും, സമയവും (space and time) ഉണ്ടായതിനോടനുബന്ധിച്ചു് രൂപംകൊണ്ട ഹൈഡ്രജനില്‍ നിന്നുമാണു് മറ്റു് എല്ലാ മൂലകങ്ങളും അവയുടെ സംയുക്തങ്ങളും അവസാനം നമ്മള്‍ തന്നെയും രൂപമെടുത്തതു്. ആ അര്‍ത്ഥത്തില്‍, പ്രപഞ്ചത്തിന്റെ ചരിത്രം ഹൈഡ്രജന്റെ ചരിത്രമാണു്. സ്ഥലം, കാലം, ഹൈഡ്രജന്‍, പ്രകൃതിനിയമങ്ങള്‍ ഇവ മതിയായിരുന്നു പ്രപഞ്ചത്തിന്റെ രൂപമെടുക്കലിനു് എന്ന ലളിതമായ സത്യം കണ്ടെത്തിയതു് ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണു്. പ്രപഞ്ചത്തിലെ ദ്രവ്യം മുഴുവന്‍ തന്നെ ഹൈഡ്രജനും ഹീലിയവുമാണു്. അതില്‍, ഹൈഡ്രജന്‍ ഹീലിയത്തിന്റെ പത്തിരട്ടി വരും. ഭാരമുള്ള മൂലകങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ പ്രപഞ്ചത്തില്‍ ആകെ ഉള്ളു എങ്കിലും ഭൂമിയില്‍ അവയാണു് അധികപങ്കും. ഒരു കോടിക്കും രണ്ടുകോടിക്കുമിടയില്‍ ഡിഗ്രി കെല്‍വിന്‍ ഊഷ്മാവില്‍ ഹൈഡ്രജനു് ഹീലിയമായി മാറാന്‍ കഴിയും. പത്തുകോടിക്കും ഇരുപതുകോടിക്കും ഇടയില്‍ ഹീലിയം കാര്‍ബണും ഓക്സിജനുമായി മാറും. അന്‍പതുകോടിക്കും നൂറുകോടിക്കും ഇടയിലെ ഊഷ്മാവില്‍ കാര്‍ബണും ഓക്സിജനും ചേര്‍ന്നു് മഗ്നീഷ്യം, സോഡിയം, സിലിക്കണ്‍, സള്‍ഫര്‍ എന്നീ മൂലകങ്ങള്‍ രൂപമെടുക്കും. ഊഷ്മാവു് ഇനിയും കൂടുമ്പോള്‍, സങ്കീര്‍ണ്ണമായ ന്യൂക്ലിയര്‍ റിയാക്ഷന്റെ ഫലമായി ഈ മൂലകങ്ങള്‍ക്കു് ക്രോമിയം, മാംഗനീസ്‌, ഇരുമ്പു്, നിക്കല്‍ മുതലായവയായി പരിണമിക്കാനാവും. ഭൂമിയുടെ ഉപരിപടലത്തിന്റെ (തോടിന്റെ) 99 ശതമാനവും ഓക്സിജന്‍, സിലിക്കണ്‍, അലൂമിനിയം, ഇരുമ്പു്, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നീ എട്ടു് മൂലകങ്ങളുടെ സംയുക്തങ്ങളാണു്. അതില്‍ത്തന്നെ ഭാരംകൊണ്ടു് 47 ശതമാനവും ഓക്സിജനും.

എന്തുകൊണ്ടു് ഇത്തരം സാഹചര്യങ്ങളില്‍ ഹൈഡ്രജനു് ഇതുപോലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നു് നമുക്കറിയില്ല. തത്വത്തില്‍ അങ്ങനെയുള്ള മാറ്റങ്ങള്‍ ഉണ്ടാവാതിരിക്കാനും കഴിയുമായിരുന്നു. പക്ഷേ, അപ്പോള്‍ പ്രപഞ്ചത്തെ വീക്ഷിക്കാനും, അതിനെപ്പറ്റിയൊക്കെ ചിന്തിക്കാനും മനുഷ്യനും ഉണ്ടാവുമായിരുന്നില്ല. മറ്റു് ജീവികളും ജന്തുക്കളുമെല്ലാം ഉണ്ടായി കോടിക്കണക്കിനു് വര്‍ഷങ്ങള്‍ക്കുശേഷം രൂപമെടുത്ത മനുഷ്യന്‍ എന്ന ജീവി 1370 കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു പ്രപഞ്ചത്തിന്റെ “സൃഷ്ടി-സ്ഥിതി-സംഹാരങ്ങളുടെ” പിന്നില്‍ ഒരു അദൃശ്യ ശക്തിയുടെ “ബുദ്ധിയോ, ബോധമോ” (intelligence) സങ്കല്‍പിക്കാനായി ഏതാനും പതിനായിരം വര്‍ഷങ്ങളിലൂടെ മാത്രം രൂപമെടുത്തു് വളര്‍ന്ന അവന്റെ സ്വന്തം ബുദ്ധിയും ബോധവും ഒക്കെ ഉപയോഗിക്കുന്നതു് പരിഹാസ്യമേ ആവൂ. മനുഷ്യന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്ന, മനുഷ്യന്‍ കുഴയ്ക്കുന്നതുപോലെ മണ്ണുകുഴയ്ക്കുന്ന, മനുഷ്യന്‍ കണക്കുകൂട്ടുന്നതുപോലെ കണക്കുകൂട്ടുന്ന, മനുഷ്യന്‍ മക്കളെ ജനിപ്പിക്കുന്നതുപോലെ മക്കളെ ജനിപ്പിക്കുന്ന ഒരു മഹാശക്ത ഒരു മഹാമനുഷ്യന്‍ മാത്രമേ ആവൂ. അതുപോലൊന്നിനെ പ്രപഞ്ചരഹസ്യങ്ങളുടെ മറുപടിയായി പ്രതിഷ്ഠിക്കാന്‍ മനുഷ്യനു് മാത്രമേ കഴിയൂ! യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനുള്ള കഴിവുകേടില്‍നിന്നും തന്ത്രപൂര്‍വ്വമായ ഒരു തടിതപ്പല്‍, അത്രതന്നെ! അതില്‍ ആശ്രയിച്ചു് തൃപ്തിപ്പെടാന്‍ മനുഷ്യരെ വീണ്ടും വീണ്ടും പഠിപ്പിക്കുന്നവരാണു് മാനവരാശിയുടെ വളര്‍ച്ചയുടെ പാതയിലെ വിലങ്ങുതടികളും നശീകരണശക്തികളും!

ഹൈഡ്രജന്റെ രണ്ടു് ആറ്റവും ഓക്സിജന്റെ ഒരു ആറ്റവും ചേര്‍ന്നതാണു് ജലം എന്നു് നമുക്കറിയാം. അദൃശ്യവും വാതകരൂപത്തിലുള്ളതുമായ ഈ രണ്ടു് ഘടകങ്ങളുമായി യാതൊരു സാമ്യവുമില്ലാത്തതാണു് ദ്രാവകാവസ്ഥയിലുള്ള ജലം എന്ന പദാര്‍ത്ഥമെങ്കിലും, അതുമായി പൊരുത്തപ്പെടാന്‍ നമ്മള്‍ ശീലിച്ചുകഴിഞ്ഞതിനാല്‍ ഈ വസ്തുത നമുക്കിന്നു് ഒരു “അത്ഭുതം” അല്ല. ജലമായി മാറിയശേഷം, ഏകകോശജീവികളെപ്പോലെ, ഒരു ജലമോളിക്യൂളിനു് സ്വയം വിഭജിച്ചു് രണ്ടു് ജലമോളിക്യൂളുകളായി മാറുവാന്‍ കഴിയുമായിരുന്നെങ്കില്‍ ജലത്തെ ജീവന്റെ ഒരു പ്രാകൃതരൂപം എന്നു് നമുക്കു് വിളിക്കേണ്ടിവരുമായിരുന്നു. (പെരുകുക എന്നതു് നമ്മെ സംബന്ധിച്ചു് ജീവന്റെ ഒരു മൗലികഭാവമാണല്ലോ!) അതിനു് ഒരുപക്ഷേ നമുക്കു് വലിയ മടിയുമുണ്ടാവുമായിരുന്നില്ല. കാരണം, ഇവിടെ “ജീവിതനാടകം” അത്ര സങ്കീര്‍ണ്ണമല്ലാത്തതും, അതിലെ അഭിനേതാക്കളുടെ എണ്ണം പരിമിതവുമായതിനാല്‍, കാര്യങ്ങള്‍ ആര്‍ക്കു് വേണമെങ്കിലും പരീക്ഷണശാലയില്‍ നേരിട്ടു് കണ്ടു് ബോദ്ധ്യപ്പെടാവുന്നത്ര ലളിതമാണു്. പക്ഷേ, യഥാര്‍ത്ഥ ജീവന്റെ ഘടന രണ്ടു് മൂലകങ്ങള്‍ ചേര്‍ന്നു് ജലം എന്ന സംയുക്തം ഉണ്ടാവുന്നതുപോലെ അത്ര എളുപ്പം മനസ്സിലാക്കാവുന്നതല്ല. അതു് ഇന്നത്തെ കമ്പ്യൂട്ടറുകളെപ്പോലും തോല്‍പിക്കാന്‍ കഴിയുന്നത്ര സങ്കീര്‍ണ്ണമാണു്. (നാളെ ഈ അവസ്ഥ മാറിക്കൂടെന്നുമില്ല. അതിലേക്കാണു് ഇതുവരെയുള്ള എല്ലാ അനുഭവങ്ങളും വിരല്‍ ചൂണ്ടുന്നതും.)

മനസ്സിലാവാത്ത കാര്യങ്ങളെ അത്ഭുതമെന്നും ദൈവികമെന്നുമൊക്കെ വിശേഷിപ്പിക്കാനും, അറിയാന്‍ കഴിയുന്ന അത്ഭുതങ്ങള്‍ക്കു് ആകര്‍ഷണീയത കുറയുന്നതിനാല്‍ അവജ്ഞയോടെ വീക്ഷിക്കാനും, മനുഷ്യനു് ഒരു ജന്മവാസന തന്നെ ഉണ്ടെന്നു് തോന്നുന്നു. അതുകൊണ്ടാവാം, തങ്ങള്‍ അത്ഭുതങ്ങളായി കരുതി ആരാധിക്കുന്ന കാര്യങ്ങളിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാണിക്കപ്പെടുന്നതു് പൊതുവേ മനുഷ്യര്‍ക്കു് ഇഷ്ടപ്പെടാറില്ല. അതിനു് ശ്രമിക്കുന്നവര്‍ ശത്രുക്കളായി പരിഗണിക്കപ്പെടുന്നു, എതിര്‍ക്കപ്പെടുന്നു. വിശുദ്ധമായിരുന്ന എത്രയോ പഴയ അത്ഭുതങ്ങള്‍ക്കു് ഇതിനോടകം ശാസ്ത്രത്തിന്റെ വളര്‍ച്ചയും, ബോധവത്കരണവും മൂലം മായാമയതയും ദൈവികതയും നഷ്ടപ്പെട്ടുകഴിഞ്ഞു. അതുവഴി, വിശ്വാസികള്‍ ദൈവത്തിനായി റിസര്‍വ്‌ ചെയ്തിരിക്കുന്ന അത്ഭുതങ്ങളുടെ ലോകം അനുദിനം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. വിശ്വാസികള്‍ സ്വന്തം ദൈവത്തിനോടു് ചെയ്യുന്നതു് അക്ഷന്തവ്യമായ ഒരു അപരാധമാണെന്നേ അതിനര്‍ത്ഥമുള്ളു. ശാസ്ത്രത്തിന്റെ പുരോഗതിക്കനുസരിച്ചു് അനുദിനമെന്നോണം വിസ്തീര്‍ണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളുടെ ലോകത്തിന്റെ ചുമതല മാത്രമേ ദൈവത്തിനുള്ളുവെങ്കില്‍, ദൈവവും, ഒപ്പം ദൈവലോകത്തിന്റെ ചുമതലക്കാരും തലചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലേക്കു് നിരന്തരമെന്നോണം മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണു് നമ്മള്‍ കാണുന്നതു്. അറിഞ്ഞോ അറിയാതെയോ വിശ്വാസികള്‍ അവരുടെ പാവം ദൈവത്തിന്റെ കഴുത്തിലിട്ടു് വലിച്ചു് മുറുക്കുന്ന ഓരോരോ കൊലക്കയറുകള്‍!

കെമിക്കല്‍ ഇവൊല്യൂഷന്‍

ആദ്യ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന വാതകങ്ങളായ അമ്മോണിയ, മീഥെയ്ന്‍, കാര്‍ബണ്‍ ഡയോക്സൈഡ്‌, നീരാവി മുതലായവ സ്വാഭാവികമായും സമുദ്രജലത്തിലും അലിഞ്ഞുചേര്‍ന്നിരുന്നിരിക്കണം. ഇതുപോലുള്ള അനോര്‍ഗാനിക്‌ മോളിക്യൂളുകളില്‍ നിന്നും ജീവന്റെ അടിസ്ഥാനഘടകങ്ങളായ ജൈവമോളിക്യൂളുകള്‍ എങ്ങനെ രൂപമെടുത്തു എന്നതു് അന്‍പത്തഞ്ചു് വര്‍ഷം മുന്‍പുവരെ ശാസ്ത്രലോകത്തിന്റെ തലവേദനയായിരുന്നു. 1953-ല്‍ സ്റ്റാന്‍ലി മില്ലര്‍ എന്നൊരു രസതന്ത്രവിദ്യാര്‍ത്ഥി തട്ടിക്കൂട്ടിയ ഒരു പരീക്ഷണമാണു് ഈ പ്രശ്നത്തിനു് താത്കാലികമായെങ്കിലും ഒരു പരിഹാരമായതു്. (ഇന്നത്തെ ജീവജാലങ്ങളില്‍ കാണപ്പെടുന്ന രാസപരമായ അടിസ്ഥാനഘടകങ്ങള്‍ എല്ലാം പരീക്ഷണശാലയില്‍ നിര്‍മ്മിക്കുവാന്‍ ശാസ്ത്രത്തിനു് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണു് മില്ലറിന്റെ കണ്ടെത്തലിനെ ‘താത്കാലികം’ എന്നു് വിശേഷിപ്പിക്കേണ്ടി വന്നതു്. അന്വേഷണം ഇന്നും തുടരുന്നു. പൂര്‍ണ്ണമായ ഉത്തരം അല്ലെങ്കിലും, RNA (Ribonucleic acid) അടിസ്ഥാനമാക്കിയുള്ള ചില പഠനങ്ങള്‍ ആശയ്ക്കു് വകനല്‍കുന്നവയാണു്.) ആദ്യ ഭൂമിയില്‍ നിലനിന്നിരിക്കാനിടയുള്ള അവസ്ഥയുടെ വളരെ ചെറിയ ഒരു പതിപ്പായിരുന്നു മില്ലറുടെ പരീക്ഷണത്തിന്റെ ഘടകങ്ങള്‍. ഒരു ഗ്ലാസ്‌പാത്രത്തില്‍ അമ്മോണിയ, മീഥെയ്ന്‍, വെള്ളം എന്നിവയുടെ മിശ്രിതവും, എലക്ട്രിക്‌ സ്പാര്‍ക്കും! മിശ്രിതത്തില്‍ റിയാക്ഷന്‍ സംഭവിക്കാന്‍ ആവശ്യമായ എനര്‍ജി ആദ്യ അന്തരീക്ഷത്തില്‍ ഇടിമിന്നലോ, UV രശ്മികളോ ആയിരുന്നിരിക്കണം എന്നതിനാല്‍ മില്ലര്‍ ഇടിമിന്നലിന്റെ സ്ഥാനത്തു് എലക്ട്രിക്‌ സ്പാര്‍ക്ക്‌ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ പരീക്ഷണം വഴി മറ്റു് പല സംയുക്തങ്ങളോടുമൊപ്പം glycine, alanine, asparagine എന്നീ മൂന്നു് amino-acids രൂപമെടുത്തു! പല ശാസ്ത്രജ്ഞരും ആദ്യം ഇതു് വിശ്വസിക്കാന്‍ തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ പരീക്ഷണം പലരാല്‍ സ്വതന്ത്രമായി ആവര്‍ത്തിക്കപ്പെട്ടു. മില്ലര്‍ക്കു് എവിടെയോ തെറ്റു് സംഭവിച്ചതാണു് എന്നു് തെളിയിക്കുക എന്നതായിരുന്നു അധികം പേരുടെയും ലക്‍ഷ്യം. പക്ഷേ, എല്ലാ പരീക്ഷണങ്ങളും വിജയിക്കുകയായിരുന്നു. ഘടകപദാര്‍ത്ഥങ്ങളില്‍ മാറ്റം വരുത്തിയും, സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചും പരീക്ഷണം പലര്‍ പലവട്ടം നടത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ഒരേയൊരു പരീക്ഷണം വഴി വ്യത്യസ്തമായ 70 അമിനോ ആസിഡുകള്‍ വരെ രൂപമെടുക്കുകയുണ്ടായി. ചില പരീക്ഷണങ്ങളില്‍ Adenine, Porphyrin, Adenosine triphosphate മുതലായവ പോലും ഉണ്ടായിവന്നു. അനോര്‍ഗാനിക്‌ മോളിക്യൂളുകളില്‍ നിന്നും ഓര്‍ഗാനിക്‌ മോളിക്യൂളുകളിലേക്കും അവിടെനിന്നും ജീവന്‍ എന്ന സങ്കീര്‍ണ്ണതയുടെ ഘടകങ്ങളായ Proteins, Nucleic acids മുതലായവയിലേക്കും നടന്ന പരിണാമങ്ങള്‍ ഭൂമിയില്‍ സംഭവിച്ചതു് ഏതാനും ദിവസങ്ങള്‍കൊണ്ടല്ല, കോടിക്കണക്കിനു് വര്‍ഷങ്ങള്‍ കൊണ്ടാണു് എന്നുകൂടി ഓര്‍ക്കുക. പ്രോട്ടീന്‍ എന്നതു് നൂറുമുതല്‍ 30000 വരെ എണ്ണം വരാവുന്ന അമിനോ ആസിഡുകള്‍ കോര്‍ത്തിണക്കിയിരിക്കുന്ന ശൃംഖലകളാണു്. കൃത്രിമമായി സൃഷ്ടിക്കാവുന്നതും അല്ലാത്തതുമായ ധാരാളം അമിനോ ആസിഡുകള്‍ ഉണ്ടെങ്കിലും, ഭൂമിയിലെ മുഴുവന്‍ തന്നെ “ജീവനുകളുടെയും” അടിസ്ഥാനഘടകമായ ലക്ഷക്കണക്കിനു് വ്യത്യസ്ത പ്രോട്ടീനുകളുടെ രൂപീകരണത്തിനു് പ്രകൃതി ഉപയോഗിക്കുന്നതു് ഇരുപതു് അമിനോ ആസിഡുകള്‍ മാത്രമാണു്.

പുതിയ തലമുറ രൂപമെടുക്കുന്നതിനു് വേണ്ട പ്ലാനും വിവരങ്ങളും ന്യൂക്ലിക്‌ ആസിഡുകളുടെ ശൃംഖലകളിലൂടെ പകര്‍ന്നുനല്‍കി വംശവര്‍ദ്ധന നടത്തുന്ന രീതിയാണു് പ്രോട്ടീനില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതും, നമ്മള്‍ “ജീവന്‍” എന്നു് പേരുനല്‍കി വിളിക്കുന്നതുമായ പ്രതിഭാസം പിന്തുടരുന്ന മാര്‍ഗ്ഗം. ഭൂമിയില്‍ ജീവന്റെ ഉത്ഭവത്തിനു് പ്രകൃതി പ്രോട്ടീന്‍, ന്യൂക്ലിക്‌ ആസിഡ്‌ എന്നീ രണ്ടു് ബയോപോളിമെറുകള്‍ ഉപയോഗപ്പെടുത്തിയതിനു് ഏറ്റവും എളുപ്പം ചിന്തിക്കാവുന്ന കാരണം, ഇവ രണ്ടുമാണു് ആവശ്യത്തിനു് മതിയായ അളവില്‍ ആദ്യഭൂമിയില്‍ ഉണ്ടായിരുന്നതു് എന്നതാവും. ഭൂമിയില്‍ അന്നു് നിലവിലിരുന്ന സാഹചര്യത്തില്‍ ഈ രണ്ടു് ബയോപോളിമെറുകള്‍ വലിയ അളവില്‍ രൂപം കൊള്ളുന്നതിനായിരുന്നിരിക്കണം കൂടുതല്‍ സാദ്ധ്യത. ജീവന്റെ രൂപമെടുക്കലിലേക്കു് നയിച്ച മോളിക്യൂളുകളെ കൂടാതെ പലതരം മറ്റു് മോളിക്യൂളുകളും, ഇന്നത്തെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നതുപോലെ, അന്നും ഉണ്ടായിരുന്നിരിക്കണം. പക്ഷേ, പ്രകൃതിസഹജവും പരിണാമതത്വത്തില്‍ അധിഷ്ഠിതവുമായ സെലക്ഷന്‍ വഴി, നിലനില്‍പിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്‍ഷ്യത്തില്‍, സുലഭമായിരുന്നതും, എളുപ്പമായിരുന്നതുമായ മോളിക്യൂളുകള്‍ക്കു് പ്രകൃതി മുന്‍ഗണന നല്‍കുകയായിരുന്നിരിക്കണം. ആദിഭൂമിയില്‍ സംഭവിച്ചിരിക്കാവുന്ന ഒരു കെമിക്കല്‍ റിയാക്ഷന്‍ ലാബറട്ടറിയില്‍ പുനര്‍നിര്‍മ്മിക്കുന്നത്ര ലളിതമായി കോടിക്കണക്കിനു് വര്‍ഷങ്ങളിലൂടെ സാവകാശം സംഭവിച്ച ഒരു പ്രതിഭാസത്തെ പരിശോധിക്കാനാവില്ലല്ലോ. ഈ വക കാര്യങ്ങളില്‍ ഒരു ബാഹ്യശക്തിയുടെ കൈകടത്തല്‍ സങ്കല്‍പിച്ചു് കാര്യം എളുപ്പമാക്കുന്ന രീതി ശാസ്ത്രീയമല്ലെന്നു് മാത്രമല്ല, അതിനു് ഒരു സര്‍വ്വശക്തിക്കു് കോടിക്കണക്കിനു് വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നു് ചിന്തിക്കുന്നതും സാമാന്യബോധത്തിനു് നിരക്കുന്നതാവില്ല!

അന്തരീക്ഷപാളികളില്‍ സമീകൃതമായി വിതരണം ചെയ്യപ്പെട്ട രീതിയില്‍ പലതരം അണുക്കള്‍ ഉണ്ടു്. 15 കിലോമീറ്റര്‍ ഉയരത്തില്‍ 1000 ക്യുബിക്‌ മീറ്റര്‍ വായുവില്‍ ശരാശരി 100 വ്യത്യസ്ത അണുക്കള്‍ എന്ന തോതില്‍ അവയെ കാണാന്‍ കഴിയും. മുകളിലേക്കു് പോകുന്തോറും അണുക്കളുടെ എണ്ണം കുറയുമെങ്കിലും, 50 കിലോമീറ്റര്‍ ഉയരത്തില്‍ പോലും അന്തരീക്ഷം പൂര്‍ണ്ണമായി അണുസ്വതന്ത്രമല്ല. അണുജീവികളെ 350 കിലോമീറ്റര്‍ ഉയരത്തിലേക്കു് അയച്ചു് നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചതു്, ഇത്തരം ജീവികളില്‍ അധികപങ്കിനും മൈനസ്‌ 150 ഡിഗ്രി സെല്‍സ്യസും‌ അതില്‍ താഴെയുമുള്ള തണുപ്പിനെ അതിജീവിക്കുവാന്‍ കഴിയുമെന്നാണു്. ഭൂമിയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ absolute zero (-273,15° Celsius)-യുടെ അടുത്തെത്തുന്ന തണുപ്പിനെ വരെ അതിജീവിക്കാന്‍ അവയില്‍ ചിലതിനു് കഴിഞ്ഞിരുന്നു. അത്തരം തണുപ്പില്‍ അവ “മരിച്ചതുപോലെ” ഉള്ള ഒരു അവസ്ഥയിലെത്തുന്നു. പക്ഷേ, അനുകൂല സാഹചര്യങ്ങളില്‍, അനേക മാസങ്ങള്‍ക്കു് ശേഷം പോലും വീണ്ടും ജീവിക്കുവാന്‍ അവയ്ക്കു് കഴിയുകയും ചെയ്യും. (മുകളിലേക്കു് അയച്ച അണുക്കളില്‍ ചിലതു് ശൂന്യാകാശത്തിലെ UV രശ്മികള്‍ ഏറ്റപ്പോഴും “മരിച്ചതുപോലെ” ഉള്ള അവസ്ഥ സ്വീകരിക്കുകയായിരുന്നു. തിരിച്ചു് ഭൂമിയിലെത്തിച്ചപ്പോള്‍ അവ സ്വാഭാവികമായി വീണ്ടും ജീവിച്ചില്ല എങ്കിലും, പ്രത്യേക തരംഗദൈര്‍ഘ്യമുള്ള രശ്മികള്‍ പതിപ്പിച്ചപ്പോള്‍ യാതൊന്നും സംഭവിച്ചില്ല എന്നപോലെ വീണ്ടും ജീവിക്കുകയും ചെയ്തു.)

ഈ വസ്തുതകളുടെ വെളിച്ചത്തില്‍, ഭൂമിയില്‍ ജീവന്റെ ആദ്യഘടകങ്ങള്‍ രൂപമെടുക്കാനോ, അല്ലെങ്കില്‍ രൂപമെടുത്തവയെ മതിയായ അളവിലേക്കു് വര്‍ദ്ധിക്കുവാനോ സഹായിച്ചിരിക്കാവുന്ന മറ്റൊരു സാദ്ധ്യത അന്തരീക്ഷത്തില്‍ കാണുന്ന അണുക്കളും, സ്വതന്ത്രശൂന്യാകാശത്തില്‍ (ഒരു വാനഗോളത്തിന്റെയും അന്തരീക്ഷമല്ലാത്ത ഭാഗം) radio astronomers ഇന്നു് നിരന്തരം എന്നോണം കണ്ടെത്തിക്കൊണ്ടിരിക്കുന്ന കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ അനോര്‍ഗാനിക്‌ മോളിക്യൂളുകളും നല്‍കുന്നുണ്ടു്. അവയുടെ സാന്ദ്രത എത്ര കുറവായിരുന്നാല്‍ തന്നെയും, പ്രപഞ്ചവിശാലതയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അവയുടെ കേവലമായ അളവു് അവഗണിക്കാനാവുന്നതല്ല. ശൂന്യാകാശത്തില്‍ നിന്നും micro organisms ജീവന്റെ “റെഡി മെയ്ഡ്‌” ആദ്യകണികകളായി ഭൂമിയില്‍ എത്തിച്ചേര്‍ന്നിരിക്കാം എന്ന നിഗമനം അധികം ശാസ്ത്രജ്ഞരും തള്ളിക്കളയുന്നു എങ്കിലും, ഭൂമിയില്‍ organic evolution-ന്റെ മുന്നോടിയായിരുന്ന chemical evolution രൂപം കൊള്ളുന്നതിനോ, ത്വരിതപ്പെടുത്തുന്നതിനോ ശൂന്യാകാശത്തില്‍ നിന്നും എത്തിയ മോളിക്യൂളുകള്‍ സഹായിച്ചിട്ടുണ്ടാവാം എന്ന സാദ്ധ്യത ആരുംതന്നെ നിഷേധിക്കുന്നില്ല. പ്രകൃതിനിയമങ്ങള്‍ക്കനുസൃതമായി, നിലവിലിരിക്കുന്ന അവസ്ഥയില്‍നിന്നും സാഹചര്യനിബന്ധനകള്‍ ഏറ്റവും അനുയോജ്യമായതിനെ തുടര്‍വളര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കുന്ന പ്രക്രിയയാണല്ലോ ഇവൊല്യൂഷന്‍. ആദിഭൂമിയില്‍ ഉണ്ടായിരുന്ന അനോര്‍ഗാനിക്‌ മോളിക്യൂളുകളില്‍ നിന്നും രൂപമെടുത്ത ഓര്‍ഗാനിക് മോളിക്യൂളുകളിലെ, ജീവന്റെ ഭാഗമായിത്തീരാന്‍ ഏറ്റവും അനുയോജ്യമായവയെ പ്രകൃതി മുന്‍ഗണനയോടെ തെരഞ്ഞെടുത്തതിനെ കെമിക്കല്‍ ഇവൊല്യൂഷന്‍ എന്നു് വിളിക്കുന്നതും ഈ സംഭവവികാസങ്ങളിലെ പരിണാമസ്വഭാവം മൂലമാണു്.

ഇത്തരം സാഹചര്യങ്ങളിലെല്ലാം സാധാരണ “അത്ഭുതം തേടികള്‍ക്കു്” പറ്റുന്ന തെറ്റു് പറ്റാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുക: “ജീവന്‍” ഉണ്ടാവുന്നതിനുവേണ്ടിയായിരുന്നില്ല ഈ സെലക്ഷന്‍, ഈ സെലക്ഷന്‍ വഴി ജീവന്‍ രൂപമെടുക്കുകയായിരുന്നു എന്നാണു് നമ്മള്‍ മനസ്സിലാക്കേണ്ടതു്. ഏതു് മൂലകം ഏതു് അവസ്ഥയില്‍ ഏതിനോടു് ചേരുന്നു എന്നതിനെല്ലാം വ്യക്തമായ പ്രകൃതിനിയമങ്ങള്‍ ഉണ്ടു്. അതുപോലുള്ള പ്രകൃതിനിയമങ്ങള്‍ ഉള്ളതുകൊണ്ടു് മാത്രമാണു് ശാസ്ത്രം സാദ്ധ്യമാവുന്നതുതന്നെ. അത്തരം പ്രകൃതിനിയമങ്ങളെ അടിസ്ഥാനമാക്കി, പ്രകൃതിയില്‍ തന്നെ ലഭ്യമായ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി, മൂലകങ്ങള്‍ ആദ്യം മോളിക്യൂളുകള്‍ ആയും, അനോര്‍ഗാനിക്‌ സംയുക്തങ്ങളായും, പിന്നീടു് ഓര്‍ഗാനിക്‌ സംയുക്തങ്ങളായും, അവയുടെ തമ്മില്‍ത്തമ്മിലുള്ള സംയോജനം വഴി സങ്കീര്‍ണ്ണമായ മോളിക്യൂള്‍ ശൃംഖലകളായും, അവസാനം നമ്മള്‍ “ജീവന്‍” എന്നു് വിളിക്കുന്ന, സ്വയം വിഭജിച്ചു് പെരുകാന്‍ കഴിയുന്ന ഏകകോശജീവികളായും പരിണമിക്കുകയായിരുന്നു.

കോടിക്കണക്കിനു് വര്‍ഷങ്ങളിലൂടെ സംഭവിക്കുന്ന അനുസ്യൂതമായ ഒരു പ്രതിഭാസത്തില്‍ ജീവന്‍ ഇല്ലാത്തവയില്‍ നിന്നും ജീവന്‍ ഉള്ളവയിലേക്കുള്ള ഒരു കുതിച്ചുചാട്ടം കാണാന്‍ കഴിയാത്തതെന്തു് എന്ന ചോദ്യത്തിനു് ഒരു പ്രസക്തിയുമില്ല. ജീവന്‍ എന്ന അവസ്ഥയെ – ചരിത്രപരമായ കാരണങ്ങളാല്‍ – തികച്ചും സബ്ജെക്റ്റീവ്‌ ആയി മാത്രം മനസ്സിലാക്കാന്‍ ശീലിച്ചിരിക്കുന്ന മനുഷ്യര്‍ക്കു് “ജീവന്‍ ഉണ്ടായി” എന്നു് കേള്‍ക്കുന്നതിനേക്കാള്‍, “ജീവന്‍ ഉണ്ടാക്കപ്പെട്ട” എന്നു് വിശ്വസിക്കാനാണു് കൂടുതലിഷ്ടം. ജീവന്‍ ഉണ്ടാക്കപ്പെടുന്നതാണല്ലോ നമുക്കു് നിത്യാനുഭവം മൂലം പരിചിതവും! എവിടെയോ ആര്‍ക്കോ ഉണ്ടാവുന്ന വെളിപാടുകളും അത്ഭുതങ്ങളും ഒരു തെളിവുമില്ലാതെ കണുമടച്ചു് വിശ്വസിക്കുന്ന ഒറ്റബുദ്ധിക്കാര്‍ക്കുപോലും ജീവന്‍ സ്വയം രൂപമെടുത്ത കാര്യത്തില്‍ തെളിവുകള്‍ വേണം. ഇവരുടേതു് ഒരു മനഃശാസ്ത്രപരമായ പ്രശ്നമായതിനാല്‍ സാമാന്യമായ സഹായങ്ങളൊന്നും പരിഹാരത്തിലേക്കു് നയിക്കുകയുമില്ല. അതുകൊണ്ടു് ആ ഭാഗം ഒഴിവാക്കുകയേ നിവൃത്തിയുള്ളു! ചില പ്രത്യേക കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ചില പ്രത്യേക നിലവാരത്തില്‍ മനുഷ്യന്‍ എത്തിയിരിക്കണം. പ്രപഞ്ചപരിണാമം എന്ന പ്രക്രിയക്കു് വേണ്ടിവന്ന കാലത്തിന്റെ മാനദണ്ഡം കോടാനുകോടി വര്‍ഷങ്ങളാണു്. അതു് മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍കൊണ്ടു് എളുപ്പം ഉള്‍ക്കൊള്ളാവുന്നതല്ല. കാലത്തെപ്പറ്റിയുള്ള മനുഷ്യരുടെ ധാരണയിലെ ഈ പരിമിതി ഇല്ലായിരുന്നെങ്കില്‍ സകലപ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടു് ആറായിരം വര്‍ഷം പോലും ആയിട്ടില്ല എന്നൊക്കെ ആര്‍ക്കും നമ്മളെ വിശ്വസിപ്പിക്കാന്‍ ആവുമായിരുന്നില്ല. ശരിയായ “കാലബോധത്തിനു്” മനുഷ്യര്‍ പ്രാപ്തരായിരുന്നെങ്കില്‍ ഒരുകോടി വര്‍ഷങ്ങളില്‍ നടക്കാവുന്ന മാറ്റങ്ങളെസംബന്ധിച്ചു് സംശയാലുക്കള്‍ ആവാനും നമുക്കു് കഴിയുമായിരുന്നില്ല. മനുഷ്യന്റെ നൂറു് വയസ്സു് എന്നതു് പത്തു് ലക്ഷം വര്‍ഷങ്ങളുടെ പതിനായിരത്തിലൊരു ഭാഗം മാത്രമാണെന്ന യാഥാര്‍ത്ഥ്യം ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ലക്ഷം വര്‍ഷങ്ങളിലൂടെയല്ല, എത്രയോ കോടി വര്‍ഷങ്ങളിലൂടെയാണു് ഭൂമിയില്‍ ജീവന്‍ എന്ന പ്രതിഭാസം രൂപം കൊണ്ടതു്!

“ജീവന്‍” എന്നതു് വ്യക്തമായ ഒരു അതിര്‍വരമ്പു് കല്‍പിക്കാനാവുന്ന ഒരവസ്ഥയല്ല. ജനിക്കുക, ജീവിക്കുക മരിക്കുക എന്ന ജീവന്റെ പൊതുസ്വഭാവം പോലും എല്ലാ ജീവനും ബാധകമല്ല. ഒരു ഏകകോശജീവി സ്വയം വിഭജിച്ചാണു് പെരുകുന്നതു്. വിഭജനം വഴി ഒരു ജീവി രണ്ടായിത്തീരുമ്പോള്‍ അവിടെ ഒരു “യഥാര്‍ത്ഥ മരണം” സംഭവിക്കുന്നില്ല. അതുവഴി ഒരു “ശവം” ഉണ്ടാവുന്നില്ല എന്നു് ചുരുക്കം! (അവയെ അമ്മിക്കല്ലില്‍ വച്ചു് അരച്ചാല്‍ തീര്‍ച്ചയായും ശവങ്ങള്‍ ഉണ്ടാവും. പക്ഷേ, ഇവിടെ ഏകകോശജീവികളുടെ പെരുകലും, സ്വാഭാവികമായ മരണവുമാണു് വിഷയം). അതുപോലെ, “ജീവന്‍” എന്നതിന്റെ ഒരു പ്രത്യേകരൂപമാണു് വൈറസുകള്‍. പെരുകുക എന്നൊരു ജീവിതലക്‍ഷ്യം മാത്രമേ വൈറസിനുള്ളു. അതിനുപോലും ജീവനുള്ള ഒരു സെല്ലില്‍ കുടിയേറാതെ അതിനു് കഴിയുകയുമില്ല. അങ്ങനെ കുടിയേറി, സ്വന്തം DNA ആ സെല്ലിലേക്കു് പകര്‍ത്തുന്നതാണു് ഒരു വൈറസിനെ സംബന്ധിച്ചു് ജന്മസാഫല്യം! കുടിയേറിയ സെല്ലിന്റെ ഉടമയുടെ ശരീരത്തിലെ പ്രോട്ടീന്‍ നിര്‍മ്മാണത്തിന്റെ കോഡില്‍ മാറ്റം വരുത്തി ഈ DNA എണ്ണമറ്റ വൈറസുകളുടെ നിര്‍മ്മാണത്തിനു് കാരണഭൂതമായി ആതിഥേയശരീരത്തില്‍ പെരുകുന്നു. അതു് പലപ്പോഴും ആതിഥേയന്റെ മരണത്തില്‍ തന്നെ കലാശിക്കാമെന്നതിനാല്‍, അതുവഴി വൈറസുകള്‍ തങ്ങള്‍ക്കുതന്നെ ഉപദ്രവമാണു് ചെയ്യുന്നതും. കാരണം, ജീവനുള്ള സെല്ലുകളിലേ വൈറസുകള്‍ക്കു് പെരുകാനാവൂ. വൈറസുകളുടെ അവസ്ഥയെ “ജീവന്‍” എന്നു് വിളിക്കാമോ എന്ന കാര്യത്തില്‍ പോലും ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ടു്.

ഇനി, ജീവന്റെ സങ്കീര്‍ണ്ണതയാണു് ജീവനെയും, ജീവന്‍ “അല്ലായ്മ”യേയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രതിഭാസം എന്നു് തോന്നുന്നുവെങ്കില്‍, അതും ന്യായീകരിക്കാനാവില്ല. കാരണം, ജീവന്‍ എന്ന പ്രതിഭാസത്തേക്കാള്‍ സങ്കീര്‍ണ്ണതയുടെ കാര്യത്തില്‍ ജീവന്‍ ഇല്ലാത്ത atomic and sub-atomic ലോകം ഒരുപടി മുന്നിലല്ലാതെ പിന്നിലല്ല! ആ ലോകത്തെപ്പറ്റി ഒരു ധാരണയുമില്ലാത്തവര്‍ക്കേ ഇതു് നിഷേധിക്കാനാവൂ. ആ ലോകവും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇന്നും മനുഷ്യനു് കഴിഞ്ഞിട്ടുമില്ല. ശക്തിയേറിയ കമ്പ്യൂട്ടറുകളും, CERN പോലെ അനേക കോടികള്‍ ചിലവുവരുന്ന പരീക്ഷണശാലകളുമൊക്കെ മനുഷ്യര്‍ നിര്‍മ്മിക്കുന്നതും അറിയാത്ത കാര്യങ്ങള്‍ അറിയുന്നതിനു് വേണ്ടിയാണു്. ഏകതാനത്തില്‍, ജീവിതമെന്ന പേരില്‍ ജീര്‍ണ്ണിക്കുന്നതിനിടയില്‍, ജീര്‍ണ്ണിക്കുന്നവരുടെ ചെലവില്‍ സുഖജീവിതം നയിക്കുന്നവര്‍ മോക്ഷം പ്രാപിക്കാന്‍ അനിവാര്യമെന്നു് കല്‍പിക്കുന്ന ചടങ്ങുകള്‍ മുടങ്ങാതെ നിറവേറ്റി, കര്‍ത്താവിലോ, കര്‍മ്മത്തിലോ, ക്രിയയിലോ നിദ്ര പ്രാപിച്ചാല്‍ മതി എന്നുള്ളവര്‍ക്കു് ഈവക അന്വേഷണങ്ങളുടെയോ തലവേദനകളുടെയോ ഒന്നും ആവശ്യമില്ലതാനും.

മനുഷ്യന്റെ കാര്യത്തിലായാലും, മറ്റു് ജീവികളുടെ കാര്യത്തിലായാലും, ബീജസംയോഗം നടന്ന ഒരു അണ്ഡമാണല്ലോ ഒരു ജീവിയായി വളരുന്നതു്. ഒരു അണ്ഡം ഏകകോശജീവിയെപ്പോലെ സ്വയം വീണ്ടും വീണ്ടും വിഭജിച്ചു് പൂര്‍ണ്ണ ജീവി ആയിത്തീരുന്നതിനുള്ള കാലഘട്ടത്തിനിടയില്‍, എപ്പോള്‍ എവിടെ എങ്ങനെ ഉടലും കയ്യും കാലും വിരലുകളും ആന്തരീകാവയവങ്ങളുമൊക്കെ രൂപംകൊണ്ടു് വളരണം എന്നതിന്റെ “സ്കെച്ചും പ്ലാനും” വിഭജനം വഴി രൂപമെടുക്കുന്ന ഓരോ സെല്ലുകളിലേയും ജീനുകളില്‍ സൂക്ഷിച്ചിട്ടുണ്ടു്. ജീനുകള്‍ എന്നതു് ശരീരത്തിലെ ഓരോ സെല്ലുകളിലും ഉള്ള DNA (Deoxyribonucleic acid) -യുടെ സങ്കീര്‍ണ്ണമായ ശൃംഖലയാണു്. സന്ദര്‍ഭാനുസരണം ജീനുകളിലെ ഓരോ ഭാഗങ്ങള്‍ “ഓണും ഓഫും” ആവുന്നതുവഴി ഓരോരോ ശരീരഭാഗങ്ങള്‍ രൂപമെടുക്കുന്നു. കോഴിമുട്ടയിലും മറ്റും ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍, അവയവങ്ങള്‍ രൂപം കൊള്ളേണ്ട ഭാഗത്തുനിന്നും സെല്ലുകളെ സമയത്തുതന്നെ മാറ്റി സ്ഥാപിച്ചാല്‍ അവയവങ്ങളും സ്ഥാനം മാറി (വൈകല്യമായി) പ്രത്യക്ഷപ്പെടും. ഒരു മനുഷ്യശരീരത്തെ സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ ശരീരത്തിലെ ഓരോ ജീനുകളിലും കൃത്യമായി സൂക്ഷിച്ചിട്ടുണ്ടു്. അല്‍പം ശാരീരികദ്രാവകമോ, ശരീരഭാഗങ്ങളുടെ നേരിയ ഒരംശമോ ധാരാളം മതി ഒരു മനുഷ്യനെ മറ്റുള്ളവരില്‍നിന്നും വേര്‍തിരിച്ചറിയാന്‍! ഒരു മനുഷ്യന്‍ മരിച്ചു് അവന്റെ “ജീവാത്മാവു് പരമാത്മാവുമായി” യോജിച്ചുകഴിഞ്ഞാലും, അവന്‍ ആരായിരുന്നു എന്നതിനേപ്പറ്റി വിവരം നല്‍കുവാന്‍ “ആത്മാവു്” നഷ്ടപ്പെട്ട അവന്റെ ശരീരത്തിന്റെ (അവന്റെ ശവത്തിന്റെ!) ഒരു നിസ്സാര അംശം മാത്രം മതി. മോക്ഷം പ്രാപിക്കാനായി സ്ഥലംവിടുന്ന ആത്മാവില്‍ ജീവന്റെ എല്ലാ അംശങ്ങളും ഉണ്ടായിരിക്കണമെന്നില്ല എന്നല്ലേ അതുവഴി നമ്മള്‍ മനസ്സിലാക്കേണ്ടതു്? വാക്കുകളെ ആദ്ധ്യാത്മിക ഉരലിലിട്ടു് ശരിക്കും കുത്തിപ്പൊടിച്ചു് പാറ്റിക്കൊഴിച്ചു് ശീലപ്പൊടിയാക്കിയാല്‍ മറ്റു് പല അര്‍ത്ഥങ്ങളും കണ്ടെത്താന്‍ കഴിയേണ്ടതാണു്.

അടുത്തതില്‍: ജീവന്‍ എന്ന സങ്കീര്‍ണ്ണത

 
24 Comments

Posted by on Oct 28, 2008 in ലേഖനം

 

Tags: , ,

24 responses to “ജീവന്റെ ഉത്ഭവത്തെപ്പറ്റി

  1. P.C.MADHURAJ

    Oct 28, 2008 at 15:45

    ജീവോല്പത്തിയെക്കുറിച്ചുള്ള അടുത്ത ഭാഗം എഴുതുന്നതിനുമുൻപെങ്കിലും ഒരല്പംകൂടി അപ്ഡേറ്റുക.
    ബയോളജിസ്റ്റും കെമിസ്റ്റും ഫിസിസിസ്റ്റും മാത്രമല്ല ജനിതകശാസ്ത്രജ്ഞനും ജിയൊളജിസ്റ്റും ഇവരെല്ലാവരും പരസ്പരപുച്ഛമില്ലാതെ മൾടിദിസിപ്ലിനറി അപ്പ്രൊച്ചിൽ പുലറ്ത്തുന്ന വീക്ഷണങ്ങളും അവസാനവാക്കെന്നു പറഞ്ഞിട്ടില്ല ജീവോല്പത്തിയെക്കുറിച്ചൊന്നും.
    സൌകര്യമുണ്ടെങ്കിൽ തഴെപ്പറയുന്ന പുസ്തകം ഒന്നു നോക്കുക.പൌൾ ഡേവീസിനും ദൈവസൃഷ്ടിവാദത്തോടനുഭാവമില്ലെങ്കിലും താങ്കളുടെ എഴുത്തിലുള്ള പെർഫ്യൂം അതിലില്ല. ആത്മവാദികളെ വിമറ്ഴിക്കുമ്പോൾ താങ്കളൂടെ വാക്കികൾക്കിടയിലൂടെ വരുന്ന പെറ്ഫ്യൂം മറ്റെന്തോനാറ്റത്തെ മറച്ചുവക്കാനാണെന്നു തോന്നുന്നു.
    Please refer: The Fifth Miracle: Paul Davies (penguin-1999)

     
  2. സി. കെ. ബാബു

    Oct 28, 2008 at 16:01

    p.c.madhuraj,
    താങ്കള്‍ അപ്ഡേറ്റിയ വിവരങ്ങള്‍ ഒരു പെര്‍ഫ്യൂമിന്റെയും നാറ്റമില്ലാതെ ഒരു പോസ്റ്റായി ഇടൂ! എനിക്കു് മാത്രമല്ല, എല്ലാവര്‍ക്കും up-to-date ആയി കാര്യങ്ങള്‍ മനസ്സിലാക്കാമല്ലോ! അതല്ലേ നാറ്റം കുറഞ്ഞതും gentlemanly ആയതുമായ രീതി?‍

     
  3. Aakash

    Oct 28, 2008 at 16:06

    നന്ദി ബാബുമാഷ്. ഈ ബ്ലോഗ് സാധാരണ ഭാഷയില്‍ സയന്‍സ് അറിയാന്‍ ഒരു നല്ല സംരംഭമായ് തീരട്ടെ എന്ന് ആശംസിക്കുന്നു.

    മില്ലറിന്റെ പരീക്ഷണത്തില്‍ 22 അമിനോ ആസിഡുകള്‍ രൂപപ്പെട്ടിരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്തു വന്നത്. വിക്കിയുടെ In the News.. വിഭാഗത്തില്‍ അത് ചില ദിവസങ്ങള്‍ സ്ഥാനം പിടിച്ചിരുന്നു. ഈ ലിങ്ക് നോക്കൂ..

    ഓ ടോ
    ഇത്തരം നല്ല ലേഖനങ്ങള്‍ക്കിടയിലും വിശ്വാസികള്‍ക്കിട്ടു കൊട്ട് വേണോ..വായിക്കുന്നവര്‍ സ്വയം തീരുമാനിച്ചോട്ടെ…

     
  4. സി. കെ. ബാബു

    Oct 28, 2008 at 16:29

    aakash,
    ഈ വിഷയത്തെപ്പറ്റി എഴുതാന്‍ ഞാന്‍ തീരുമാനിച്ചതുതന്നെ ബ്ലോഗില്‍ അടുത്തയിട നടന്ന ചില ചര്‍ച്ചകളോടുള്ള പ്രതികരണം എന്ന നിലയിലാണു്. ദൈവം ഏതാനും ദിവസം അവധിയെടുത്തു് പ്രപഞ്ചം ഉണ്ടാക്കി എന്നു് ഘോഷിച്ചുകൊണ്ടു് ശാസ്ത്രത്തെ ആര്‍ക്കും തെറി പറയാം. അതു് അനുവദനീയമാണു്. പക്ഷേ വിശ്വാസത്തെ നേരിയ തോതില്‍ പോലും വിമര്‍ശിച്ചാല്‍ വിശ്വാസികള്‍ മുഴുവന്‍ മുടിയഴിച്ചാടും!

    സന്ദര്‍ഭത്തിനനുസരിച്ചു് ഇത്തരം നിലപാടുകളിലേക്കു് വിരല്‍ ചൂണ്ടിയാലേ ഇക്കൂട്ടര്‍‍ മറ്റുള്ളവരില്‍ നിന്നു് ആവശ്യപ്പെടുന്നതും സ്വയം കാണിക്കാത്തതുമായ “സഹിഷ്ണുതയുടെ” തനിനിറം മനുഷ്യര്‍ക്കു് മനസ്സിലാവൂ! വിവിധതരം മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ വിശ്വാസികളാണെന്നതു് ഒരു ലളിതസത്യമാണു്! അവര്‍ ദൈവത്തിന്റെ ആളുകളല്ലേ? അതുകൊണ്ടു് അവര്‍ക്കു്‌ സാദാ മനുഷ്യര്‍ക്കൊന്നും ഇല്ലാത്ത ചില പ്രത്യേക അവകാശങ്ങളൊക്കെയുണ്ടു്. അതു് മറ്റുള്ളവര്‍ അംഗീകരിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ രാജ്യത്തിനുതന്നെ തീയിട്ടുകളയും!‍

     
  5. vimathan

    Oct 28, 2008 at 16:40

    ശാസ്ത്രസംബന്ധിയായ വിഷയങള്‍ എഴുതുമ്പോള്‍, അതില്‍ “ഇടപെടലുകള്‍ക്ക്” ശ്രമിക്കുന്ന ആത്മീയവാദികളോട് ZERO TOLERANCE എന്ന ഒരു നയം മാത്രമേ സ്വീകരിക്കാനാവൂ. താങ്കള്‍ക്ക് എല്ലാ വിധ ആശംസകളും.

     
  6. സി. കെ. ബാബു

    Oct 28, 2008 at 17:18

    നന്ദി, vimathan‍.

    ശാസ്ത്രീയ തത്വങ്ങളും സമവാക്യങ്ങളും മാത്രം എഴുതിയാല്‍ അതു് വായിക്കുന്നവര്‍ ശാസ്ത്രീയമായ കാര്യങ്ങളില്‍ താത്പര്യം ഉള്ളവരാണു്. അവര്‍ക്കു് ഇന്റര്‍നെറ്റില്‍ അതിനു് മറ്റു് സാദ്ധ്യതകളുമുണ്ടു്. കയ്യില്‍ ജപമാലയുമായി ശാസ്ത്രത്തിന്റെ പുറകെ നടക്കുന്നവര്‍ അതൊന്നും വായിക്കില്ല. വായിച്ചിട്ടു് കാര്യവുമില്ല. ഒരാള്‍ക്കു് പത്തു് പേരില്‍ ID-യുമുണ്ടാക്കി കുരച്ചതു് തന്നെ പത്തു് സ്വരത്തില്‍ കുരക്കാന്‍ അതൊന്നും വായിച്ചില്ലെങ്കിലും ആവും! അതിനൊക്കെ നമ്മള്‍ മറുപടി പറഞ്ഞുകൊള്ളണം! പറഞ്ഞാല്‍ മനസ്സിലാവുന്നവരോടാണെങ്കില്‍ വേണ്ടില്ല. വിമര്‍ശനങ്ങള്‍ക്കു് അതേ നാണയത്തില്‍ മറുപടി പറഞ്ഞാല്‍ കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞതുപോലെ ആവും ബഹളം! കാട്ടിലെ ഗുഹയില്‍ ഉടുക്കും കൊട്ടി കിറുങ്ങി ഇരുന്നുകൊണ്ടു് പാണ്ഡിത്യം പ്രസംഗിക്കാന്‍ അല്ലാതെ മറ്റൊന്നിനും കൊള്ളാത്ത യോഗ്യന്മാര്‍‍! സ്വയം നന്നാവുകയുമില്ല, മറ്റുള്ളവരെ നന്നാവാന്‍ സമ്മതിക്കുകയുമില്ല! സമൂഹത്തിന്റെ ശാപം എന്നു് പറഞ്ഞാല്‍ മതിയല്ലോ!

     
  7. പട്ടൌടി

    Oct 29, 2008 at 21:59

    മിസ്റ്റര്‍ ബാബു,
    ജീവന്‍ ഇങ്ങനെ ഉണ്ടാകുന്നത്‌ നിങ്ങള്‍ നേരിട്ടു കണ്ടോ, ഇല്ലല്ലോ? അപ്പോള്‍ ഇതൊക്കെ വെറും വിശ്വാസം മാത്രമാണ്‌. ശരിക്കുള്ള ഭൂമിയുടെയും ജീവന്റെയും ഉല്‍പ്പത്തി ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നത്‌ വൂഡൂ മതത്തില്‍ മാത്രമാണ്‌. ഞാന്‍ ജനിച്ചത്‌ മറ്റൊരു മതത്തിലാണെങ്കിലും വൂഡൂ ശാസ്ത്രജ്നരുടെ പ്രഭാഷണം കേട്ട്‌ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കി ആ മതം തിരഞ്ഞെടുക്കുകയായിരുന്നു. നിങ്ങളും നിങ്ങളുടെ അന്ധവിശ്വാസി ശാസ്ത്രജ്നര്‍ം പറയുമ്പോലെയല്ല കാര്യങ്ങള്‍.

    വൂഡൂ മതം ആയിരക്കണക്കിനു വര്‍ഷം മുന്നേ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു:

    ആദിയില്‍ കൂറ്റന്‍ ഒരു സര്‍പ്പമല്ലാതെ ഒന്നുമില്ലായിരുന്നു. അവന്‍ വ്യോമപഥങ്ങളിലൂടെ പറന്നു നടക്കവേ ഒരിക്കല്‍ പടം പൊഴിഞ്ഞു. താഴേക്കു പറന്ന ആ തോല്‍ ഒരു മഴവില്ലായി. ആ മഴവില്ലിന്റെ സൌന്ദര്യം കണ്ട്‌ കാമമോഹിതനായ സര്‍പ്പം അതിനോട്‌ ഇണചേര്‍ന്നു. മഴവില്ല് കൂറ്റന്‍ മുട്ടകള്‍ ഇട്ടു. അതാണ്‌ സൂര്യനും ചന്ദ്രനും ചൊവ്വയുമെല്ലാം. അതില്‍ സൂര്യന്റെ ചൂടേറ്റ്‌ ഭൂമുട്ടയില്‍ ജീവന്‍ കിളിര്‍ത്തു.

    കൂടുതല്‍ അറിയണമെങ്കില്‍ ഗൂഗിളില്‍ വൂഡൂ ഓറിജിന്‍ ഓഫ്‌ ലൈഫ്‌ എന്നോ ജെനീസിസ്‌ ഇന്‍ വൂഡൂ എന്നോ അന്വേഷിച്ചാല്‍ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങള്‍ കിട്ടും. അവ തരുന്നത്ര ആധികാരികമായ വിവരം മറ്റൊന്നിലുമില്ല.

    ദയവായി നിങ്ങള്‍ ശാസ്ത്രമെന്ന
    പേരില്‍ പൊട്ടത്തരങ്ങള്‍ എഴുതരുത്‌. വൂഡൂ പഠിക്കൂ, അതാണ്‌ ശരി. സാധിക്കുമെങ്കില്‍ നിങ്ങള്‍ ആദിയില്‍ പാമ്പില്ലായിരുന്നെന്നും അതിന്റെ പടം മഴവില്ലായില്ലെന്നും എനിക്കു ബോദ്ധ്യമാകുന്ന രീതിയില്‍ തെളിയിക്കൂ. ലക്ഷക്കണക്കിനു ആഫ്രിക്കന്‍ വംശജരും എന്നെപ്പോലെയുള്ള സത്യാന്വേഷികളും വൂഡൂയില്‍ വിശ്വസിക്കുന്നുണ്ട്‌, അവരുടെ എണ്ണം നിരീശ്വരവാദികളുടെ പല മടങ്ങ്‌ വരും എന്നത്‌ മാത്രം മതിയല്ലോ ശരിയെന്തെന്ന് ബോദ്ധ്യപെടാന്‍..

     
  8. റോബി

    Oct 29, 2008 at 23:15

    ജീവന്‍ ചില അന്യഗ്രഹ’ജീവികള്‍ ‘ മനപൂര്‍വ്വം ഭൂമിയില്‍ സ്ഥാപിക്കുകയായിരുന്നു എന്നായിരുന്നു കാള്‍ സാഗന്റെ വ്യക്തിപരമായ അഭിപ്രായം. (ശാസ്ത്രത്തില്‍ ഇത്തരം അഭിപ്രായങ്ങള്‍ക്കു സ്ഥാനമില്ലെങ്കിലും വെറുതെ ഇവിടെ എഴുതുന്നു.)
    ചില ഫോസ്സിലുകളോടനുബന്ധിച്ച് കണ്ടെത്തിയ ബക്കി ബോള്‍സ് എന്ന രാസരൂപങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ നിലയില്‍ inert gases കണ്ടെത്തിയത് ഇതിനു തെളിവായി പിന്നീട് വ്യാഖ്യാനിക്കപ്പെട്ടിട്ടുമുണ്ട്. inter stellar space-ല്‍ ആണല്ലോ inert gases അധികവുമുള്ളത്.

    2000 വര്‍ഷം പഴക്കമുള്ള ഒരു മിത്തില്‍ വിശ്വസിക്കാമെങ്കില്‍ എന്തുകൊണ്ട് ഇതില്‍ വിശ്വസിച്ചുകൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

    ചില സംശയങ്ങള്‍
    100-ല്‍ താഴെ അമിനോആസിഡുകളുള്ള പ്രോട്ടീനുകളുമുണ്ടല്ലോ.

    space-time ഗ്രാഫ് extrapolate ചെയ്യുമ്പോള്‍ ഒരു singularity-യില്‍ എത്തുന്നില്ലെന്നും അതിനാല്‍ സമയത്തിനു തുടക്കമില്ലെന്നും സ്റ്റീവന്‍ ഹോക്കിംഗ് എഴുതി വായിച്ചിട്ടുണ്ട്. ഒരു സ്ര്^ഷ്ടിക്കുള്ള സാധ്യതകളെ അങ്ങനെയല്ലേ നിരാകരിക്കുന്നത്?

     
  9. പാമരന്‍

    Oct 30, 2008 at 03:16

    ബാബു സാര്‍,

    നിങ്ങളിപ്പോഴും സത്യം മനസ്സിലാക്കുന്നില്ല. ഞാന്‍ പട്ടൌഡീ (സ) യുടെ അനുയായി ആയതായി പ്രഖ്യാപിയ്ക്കുന്നു. വൂഡൂ മതം കീ ജെയ്‌! സാക്ഷാല്‍ പോത്തുംകാലപ്പന്‍ പോലും വൂഡു മതത്തിലെ അനേകം പ്രവാചകരില്‍ ഒരാള്‍ മാത്രമാണ്‌.

     
  10. സി. കെ. ബാബു

    Oct 30, 2008 at 12:30

    ശ്രീ പട്ടൌടി,
    വൂഡൂ സ്രഷ്ടാവായ പാമ്പിനോടും പാമ്പാട്ടികളോടുമുള്ള പൂര്‍ണ്ണബഹുമാനത്തോടുകൂടി പറയട്ടെ: നിങ്ങള്‍ ചെയ്യുന്നതു് മൂന്നു് വന്‍‌മതങ്ങളെ നിന്ദിക്കലാണു്. സത്യ ഏകദൈവമായ യഹോവയാണു് (അദ്ദേഹത്തിനു് വേറൊരു വിളിപ്പേരുമുണ്ടു് എന്നറിയാമല്ലോ!) ഏതാനും ദിവസങ്ങള്‍ കൊണ്ടു് സകലതും ഉണ്ടാക്കിയതു് എന്നു് കോടിക്കണക്കിനു് മനുഷ്യര്‍ വിശ്വസിക്കുന്നുണ്ടെന്നു് മറക്കരുതു്. ജോര്‍ജ് ബുഷ് അടക്കമുള്ള മുഴുവന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ‍ പോലും ദൈവമാണു് അദ്ദേഹം! വിശ്വാസിയല്ലാത്ത എന്നേപ്പോലുള്ളവര്‍ വിമര്‍ശിക്കുന്നു എന്നുകരുതി ഒരു മതവിശ്വാസിയായ താങ്കള്‍ മറ്റു് മതവിശ്വാസികളെയോ അവരുടെ ദൈവങ്ങളെയോ അവഹേളിക്കരുതു്. അതു് ദൈവങ്ങള്‍ തമ്മിലുള്ള ഒരു പ്രപഞ്ചമഹായുദ്ധത്തിനുതന്നെ കാരണമായേക്കാം. എങ്കിലും എന്റെ ഇഷ്ടമല്ല, വൂഡൂ പാമ്പുദൈവത്തിന്റെ ഇഷ്ടം തന്നെ നിറവേറ്റപ്പെടട്ടെ!

    റോബി,
    അഭിപ്രായങ്ങള്‍ക്കു് ശാസ്ത്രലോകത്തിലും പഞ്ഞമില്ലല്ലോ. ശാസ്ത്രത്തെ തെറിപറയുന്ന പോത്തിങ്കാലപ്പന്മാരുടെ അനുയായികള്‍ പോലും അപ്പന്റെ “ശക്തി” തെളിയിക്കാന്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കാറും വളച്ചൊടിക്കാറുമുണ്ടു്.

    ശൂന്യാകാശത്തില്‍ നിന്നും “ജീവന്‍” ഭൂമിയില്‍ എത്തിയിരിക്കാമെന്ന നിഗമനം പുതിയതല്ല. അണുബാധ വായുവില്‍ നിന്നുപോലും ഉണ്ടാവാം എന്നു് Louis Pasteur പരീക്ഷണങ്ങളിലൂടെ തെളിയിച്ചതോടെ ഈ ആശയത്തിനു് കൂടുതല്‍ പ്രാബല്യം ലഭിച്ചു. Svante Arrhenius എന്ന Sweden-കാരന്‍ അതിന്റെ ഒരു പ്രധാന പ്രതിനിധി ആയിരുന്നു. അതുവഴിയും ജീവന്റെ ആദ്യസൃഷ്ടിയെ ഭൂമിയില്‍ നിന്നും ശൂന്യാകാശത്തിലേക്കോ മറ്റൊരു ഗ്രഹത്തിലേക്കോ മാറ്റി സ്ഥാപിക്കുക മാത്രമല്ലേ നമ്മള്‍ ചെയ്യുന്നുള്ളു? യഥാര്‍ത്ഥ മറുപടി ആവുന്നില്ലല്ലോ. കൂടാതെ ജീവന്റെ രൂപമെടുക്കല്‍ വരെ വിടവുകളില്ലാത്ത തുടര്‍ച്ചയായി ഭൂമിയുടെയും, അന്തരീക്ഷത്തിന്റേയും, മോളിക്യൂളുകളുടെയുമെല്ലാം ഇവൊല്യൂഷന്‍ reconstruct ചെയ്യാന്‍ നമുക്കു് കഴിയുന്നുണ്ടെന്നിരിക്കെ, ജീവന്‍ ഭൂമിക്കു് വെളിയില്‍ നിന്നുമാണു് ഇവിടെ എത്തിയതു് എന്നതിനു് പ്രാധാന്യം കുറയുകയും ചെയ്യുന്നു. സാമാന്യബോധത്തിനു് നിരക്കുന്ന വ്യാഖ്യാനങ്ങളും വിമര്‍ശനങ്ങളും‍ നല്ലതാണു്. ‍തുടര്‍ന്നുള്ള പരിശോധനകളില്‍ അവ plausible ആണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലേ അവയ്ക്കു് അംഗീകാരം ലഭിക്കൂ എന്നുമാത്രം.‍

    “2000 വര്‍ഷം പഴക്കമുള്ള ഒരു മിത്തില്‍ വിശ്വസിക്കാമെങ്കില്‍ എന്തുകൊണ്ട് ഇതില്‍ വിശ്വസിച്ചുകൂടാ?”
    ഈ ചോദ്യം ഒരു വിശ്വാസിക്കു് ചോദിക്കാം. പക്ഷേ ഒരു ശാസ്ത്രജ്ഞനു് ആവില്ല.

    100-ല്‍ താഴെ അമിനോആസിഡുകളുള്ള പ്രോട്ടീനുകള്‍ തീര്‍ച്ചയായും ഉണ്ടു്. “ഏകദേശം” എന്നു് ചേര്‍ക്കാന്‍ വിട്ടുപോയതാണു്.

    ബ്ലാക്ക് ഹോളുകളില്‍ എത്തുന്ന ഇന്‍ഫര്‍മേഷന്‍സ് എന്നേക്കുമായി നശിക്കുമെന്നും എഴുപതുകളില്‍ സ്റ്റീവന്‍ ഹോക്കിംഗ് പറഞ്ഞിരുന്നു. അതിന്റെ പേരില്‍ ഒരു പന്തയവും വച്ചു. പിന്നീടു് അതു് തെറ്റായിരുന്നു എന്നും പന്തയത്തില്‍ തോറ്റു എന്നും സമ്മതിക്കുകയും ചെയ്തു!

    താത്വികമായ അറിവുകള്‍ക്കു് തെളിയിക്കപ്പെടുന്ന പുതിയ അറിവുകള്‍ വരുന്നതുവരെയേ validity ഉള്ളു. അതുവഴി ഒന്നുകില്‍ പഴയ അറിവു് തിരുത്തി എഴുതപ്പെടുകയോ, അല്ലെങ്കില്‍ പൂര്‍ത്തീകരിക്കപ്പെടുകയോ ചെയ്യും! അങ്ങനെയല്ലേ ശാസ്ത്രം വളരുന്നതുതന്നെ.

    പാമരന്‍,
    പോത്തിങ്കാലപ്പന്റെ യഥാര്‍ത്ഥമഹത്വം ‍മനസ്സിലാക്കാന്‍ തന്നെ എന്റെ തലച്ചോറിനു് കഴിയുന്നില്ല. പിന്നെ എങ്ങനെ വൂഡൂ പാമ്പിന്റെ കാമ്പറിയും? ഏതായാലും പാമരന്‍ വൂഡൂ പാമ്പന്‍ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുമ്പോള്‍ (അതോ ഇനി വൂഡൂ മതത്തില്‍ നല്ലവരുടെ സ്ഥാനം ഇടത്തോ മറ്റോ ആണോ? ആണെങ്കില്‍ ഇടത്തുവശത്തിരിക്കുമ്പോള്‍!) ഈയുള്ളവനേക്കൂടി ഓര്‍ക്കുകയും ഒരു ഝടിതിപ്രാര്‍ത്ഥനയെങ്കിലും മദ്ധ്യസ്ഥപ്രാര്‍ത്ഥനയായി പാമ്പിന്റെ ചെവിയില്‍ മന്ത്രിക്കുകയും ചെയ്യണമെന്നു് താഴ്മയായി അപേക്ഷിക്കുന്നു.

    പിന്നെ ഈ പട്ടൌടി (സ) പുടികിട്ടീല്ല. പട്ടൌടി ഒരു പാട്ടുകാരനായതുകൊണ്ടു് “സരിഗമപതനിസ” യിലെ പൊതുഘടകമായ “സ” പുറത്തെടുക്കപ്പെട്ടതോ മറ്റോ ആണോ? അതോ വല്ല വൂഡൂ മന്ത്രമോ? ഈ “സ” എപ്പോഴും കൂട്ടി വായിച്ചില്ലെങ്കില്‍ കിഡ്നിയില്‍ കല്ലുണ്ടാവുമോ? അതോ കിടപ്പിലായി പോകുമോ?അറിയാന്‍ മേലാഞ്ഞിട്ടു് ചോദിക്കുന്നതാണേ! 🙂

     
  11. കാവലാന്‍

    Oct 30, 2008 at 19:23

    “ഒന്നുകില്‍ പഴയ അറിവു് തിരുത്തി എഴുതപ്പെടുകയോ, അല്ലെങ്കില്‍ പൂര്‍ത്തീകരിക്കപ്പെടുകയോ ചെയ്യും! അങ്ങനെയല്ലേ ശാസ്ത്രം വളരുന്നതുതന്നെ.”

    സമൂഹവും 🙂

     
  12. സി. കെ. ബാബു

    Oct 30, 2008 at 21:34

    കാവലാന്‍,

    മറ്റു് വാക്കുകളില്‍:

    പൂര്‍ണ്ണജ്ഞാനത്തിന്റെ പ്രതിനിധികള്‍ എന്നു്‌ ഭാവിച്ചു്‌ ഭരിക്കുന്നവര്‍ എല്ലാത്തരം വളര്‍ച്ചയുടെയും ശത്രുക്കള്‍!

     
  13. റിംപോച്ചേ

    Oct 31, 2008 at 06:27

    ഒരു ഓടോ സംശയം ആണ്
    നക്ഷത്രം ബ്ലാക്ക്‌ ഹോള്‍ അയാള്‍ അതിന്റെ ഗ്രഹങ്ങളെ എല്ലാം ബ്ലാക്ക്‌ ഹോള്‍ വിഴുങ്ങും എന്നും ,
    അതല്ല ബ്ലാക്ക്‌ ഹോളിനു നക്ഷത്രത്തിനെ അത്രതന്നെ ആകര്‍ഷണ ശക്തി മാത്രമെ ഉണ്ടാവുകയുള്ളൂ എന്നും അതുകൊണ്ട് ഗ്രഹങ്ങള്‍ പഴയതുപോലെ തന്നെ ഭ്രമണം ചെയ്യും എന്നും കേട്ടു ഇതില്‍ ഏതാണ് ശരി ?

     
  14. സൂരജ് :: suraj

    Oct 31, 2008 at 08:18

    പട്ടൗഡിക്ക് നമോവാകം.

    പാമരനേ…. മകനേ…ആദിപ്രപഞ്ചത്തിന്റെ ക്വാണ്ടം സംത്രാസമായി ടപ്പേ! എന്ന മഹാസ്ഫോടനത്തിനു കാരണമായ പരബ്രഹ്മന്‍ പോത്തുകാലപ്പനെ പിടിച്ച് വൂഡൂവിന്റെ അനേക പ്രവാചകരിലൊരാള്‍ മാത്രമാക്കിയ നിനക്കു തിളയ്ക്കുന്ന കനോള എണ്ണയില്‍ നിത്യ നരക വിശ്രമം !!

    ബാബു മാഷേ “(സ)” ? “സലല്ലാഹു അലൈഹിവസല്ലം” 🙂

    ഇനി സൂരജ് (പോ) എന്നേ പറയാവൂ ,വിളിക്കാവൂ . ‘(പോ)’ ന്നു വച്ചാ പോത്തുകാലപ്പനില്‍ അവന്റെ നാമം നിത്യമാകട്ടെ

    അടുത്ത തവണ ബ്രൂട്ടിന്റെ പെര്‍ഫ്യൂം ഉപയോഗിക്കണം. ജീന്‍സ് രണ്ട് മാസം നനയ്ക്കാതെ ഉപയോഗിച്ചു കഴിയുമൊമ്പോ ഹോസ്റ്റലില്‍ ഞങ്ങ അദ്ദാണ് പ്രയോഗിച്ചിരുന്നത്.

    റോബിച്ചാ,

    പ്രപഞ്ചത്തിന്റെ ആദിയില്‍ ഒരു സിങ്കുലാരിറ്റി ഉണ്ടെന്ന ഗണിത ഉപപത്തി മുന്നോട്ടു വച്ച വേന്ദ്രന്മാരില്‍ പ്രധാനിയാണ് ഹോക്കിംഗ് (ഒപ്പം ഞമ്മട hero, പെന്‍ റോസ് അപ്പൂപ്പനും).

    നമ്മുടെ ഭൂതകാലത്തിന്റെ സ്പേസ് ടൈം light cone പുറകോട്ട് പുറകോട്ട് തപ്പിയാല്‍ പ്രപഞ്ചോല്പ്പത്തി സമയത്തെ ദ്രവ്യത്തിന്റെ ധനാത്മക ഊര്‍ജ്ജം കാരണം light cone-ന്റെ പ്രകാശ രേഖകള്‍ക്ക് വക്രത വര്‍ദ്ധിച്ചു വരുകയും ഒരു ബിന്ദുവില്‍ അതിന്റെ cross section പൂജ്യമാകുകയും ചെയ്യും എന്നാണ് ഹോക്കിംഗ് പെന്‍ റോസ് എന്നിവരുടെ ഈ ഗണിത ക്രിയകളുടെ ലളിത വിശദീകരണം. ഈ ബിന്ദു സമയത്തിന്റെ തുടക്കമാണെന്ന് തന്നെ ഹോക്കിംഗ് പറഞ്ഞിട്ടുണ്ട്.

    ഇവിടെ ഒരു പ്രശ്നവും ഉദിക്കുന്നു. ഈ സിങ്കുലാരിറ്റിയെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ കൈയ്യും നീട്ടി സ്വീകരിക്കാം. എന്നാല്‍ ഈ അതിസൂക്ഷ്മ ബിന്ദു എന്നത് ക്വാണ്ടം ലോകത്താണ് എന്ന് ഓര്‍ക്കുമ്പോഴാണു പ്രശ്നം. അവിടെ ക്വാണ്ടം ഭൗതികത്തിന്റെ അനിശ്ചിതത്വ തത്വം കേറി വരുന്നുണ്ട്. ലളിതമായി പറഞ്ഞാല്‍ അനിശ്ചിതത്വ തത്വം മൂലം ആ സിങ്കുലാരിറ്റിയെ “കൃത്യമായ” “മൂര്‍ത്തമായ” ഒരു ബിന്ദു എന്ന് വിളിക്കാനും പറ്റില്ല. (see: ground state fluctuations etc) അടിസ്ഥാനപരമായി ഇത് ഗുരുത്വാകര്‍ഷണത്തെ ക്വാണ്ടം ഭൗതികവും ആപേക്ഷികതയുടെ ഭൗതികവും രണ്ട് രീതിക്ക് കാണുന്നതിന്റെ പ്രശ്നം കൂടിയാണ്.

    ഇന്ന് സൂപ്പര്‍ ഗ്രാവിറ്റി മുതല്‍ സ്ട്രിംഗ് തിയറിയും ക്വാണ്ടം ലൂപ്പ് തിയറിയും ബ്രേന്‍ തിയറിയും എല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ശ്രമിക്കുന്നത് ഈ സംയോജനത്തിനാണ്.

    “സൃഷ്ടി”യുടെ ആരംഭത്തിലെ അവസ്ഥ നിര്‍ണ്ണയിക്കാന്‍ ശാസ്ത്രത്തിലെ വ്യവസ്ഥാപിതം ആയ ടൂളുകള്‍ പോരാ എന്ന കാഴ്ചപ്പാട് ശക്തമാണ് ഭൗതികശാസ്ത്രജ്ഞരില്‍. ആ ബിന്ദു സമയത്തിന്റെ തുടക്കമാണെന്നും അതിനാല്‍ അതിന്റെയപ്പുറത്ത് എന്ത് എന്ന ചോദ്യത്തിനു പ്രസക്തിയില്ല എന്നുമാണ് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള വിശദീകരണം. ചില തിയറികളിലാകട്ടെ ആ ബിന്ദുവിനപ്പുറമുള്ള സംഗതികള്‍ക്ക് പ്രപഞ്ച സൃഷ്ടിയില്‍ ചില ‘ഇടപെടലുകള്‍’ നടത്താനാവില്ലേ എന്ന് അന്വേഷിക്കുന്നുണ്ട്.

    ഈ “പ്രപഞ്ചാതീത ഇടപെടല്‍” സാധുതയുള്ളതല്ലെന്ന് ഹോക്കിംഗ് വാദിക്കുന്നു. അതിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കവെ ആണ് ഹോക്കിംഗ് no boundary proposal വച്ചത്.

    ഇമാജിനറി നമ്പറുകള്‍ പോലെ ഇമാജിനറി ടൈം (സാങ്കല്പിക സമയം) എന്നൊന്ന് ഇതില്‍ ഹോക്കിംഗും ജേയിംസ് ഹാര്‍ട്ട്ലും മുന്നോട്ട് വയ്ക്കുന്നു. ഈ ഹോക്കിംഗ് -ഹാര്‍ട്ട്ല്‍ മാതൃകയില്‍ സ്പെയ്സും ഇമാജിനറി ടൈമും വ്യാപ്തിയില്‍ finite ആണ്, അതേസമയം അതിരുകളില്ലാത്തതുമത്രെ! എന്നാല്‍ സാമാന്യ വ്യവഹാരത്തില്‍ മനസിലാക്കിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അദ്ദേഹം ഭൂമിയുടെ പ്രതലത്തെ ‘ഇമാജിനറിടൈം- സ്പേയ്സ്ടൈ’മായി സങ്കല്പിക്കാന്‍ പറയുന്നു. ഭൂമിയുടെ പ്രതലം finite ആണ്, അതേസമയം അതിരുകളില്ലാത്തതും. ഇങ്ങനെയൊരു പ്രതലം സങ്കല്പിച്ചാല്‍ പിന്നെ അതിന് ഒരു സിങ്കുലാരിറ്റി – തുടക്കം – എവിടെ എന്ന ചോദ്യത്തിനു സ്ഥാനമില്ലാതാകും. അതായത് ഇങ്ങനെയൊരു ഇമാജിനറിടൈം-സ്പേസ് ടൈമില്‍ സമയത്തിന്റെ തുടക്കം എവിടെ എന്ന് ചോദിക്കുന്നത് ഭൂമിയുടെ North Pole-ല്‍ ചെന്നിട്ട് north എവിടെ എന്ന് ചോദിക്കും പോലിരിക്കുമെന്നാണ് ഹോക്കിംഗിന്റെ മതം.

    യഥാര്‍ത്ഥ സമയത്തിന്റെ ചരിത്രത്തില്‍ സിങ്കുലാരിറ്റി ഉണ്ട്. അത് ഏറേക്കുറേ അനിഷേധ്യമാണ്. ഹോക്കിംഗും അതു നിഷേധിച്ചിട്ടില്ല. എന്നാല്‍ ഇമാജിനറി ടൈമിന്റെ ചരിത്രത്തില്‍ സിങ്കുലാരിറ്റയില്ല. ഭൂമിയുടെ പ്രതലത്തിനു beginning ഇല്ലാത്തതു പോലെ ഇമാജിനറിടൈം-സ്പേയ്സ് ടൈമിനും ഒരു single point of beginning ഇല്ല എന്ന്.

    ഒരു ബൗദ്ധിക സര്‍ക്കസ് എന്നതിനപ്പുറം ഇതിനു ചില പ്രയോജനങ്ങളുണ്ട്:
    * നമുക്കറിവുള്ള രൂപത്തിലെ ഭൗതിക ശാസ്ത്ര നിയമങ്ങള്‍ പ്രപഞ്ചത്തിലെല്ലായിടത്തും പ്രപഞ്ചാരംഭത്തിലടക്കം പൂര്‍ണ്ണമായും applicable ആണ് എന്ന് സ്ഥാപിക്കാന്‍ ഈ no-boundary ഉപപത്തി ഉദ്യമിക്കുന്നു.
    *ഇമാജിനറി ടൈമിലാകുമ്പോള്‍ “സൃഷ്ടി”യുടെ ആരംഭത്തിലെ അവസ്ഥ നിര്‍ണ്ണയിക്കാന്‍ ശാസ്ത്രത്തിലെ വ്യവസ്ഥാപിതം ആയ ടൂളുകള്‍ മതിയാകും.
    * ഇമാജിനറി ടൈമിലെ പ്രപഞ്ചത്തിന്റെ അവസ്ഥ വച്ച് യഥാര്‍ത്ഥ ടൈമിലെ പ്രപഞ്ചാവസ്ഥ ഗണിതക്രിയകള്‍ വഴി ഉരുത്തിരിക്കാനാകും.
    *ഇമാജിനറി-ടൈം ഉപപത്തിയില്‍ പ്രപഞ്ചാരംഭം പൂര്‍ണ്ണമായി വിശദീകരിക്കാന്‍ ആരംഭത്തിലെ സിങ്കുലാരിറ്റി കൊണ്ടുതന്നെ സാധിക്കും. ബാഹ്യ ഇടപെടലുകള്‍ വച്ച് വിശദീകരിക്കേണ്ട കാര്യമേ വരുന്നില്ല എന്ന്.

    ………………….
    ഇത്രയുമെഴുതി അലുമ്പാക്കിയതിന് ബാബു മാഷ് ചൂരലെടുക്കുന്നതായി അടിയന്‍ ദര്‍ശിക്കുന്നു… അടിയന്‍ ഓടി..

     
  15. Sands | കരിങ്കല്ല്

    Oct 31, 2008 at 10:34

    കാത്തിരുന്ന ഒരു പോസ്റ്റാണിത് … വായിക്കാനിതു വരെയൊത്തില്ല.. ഇപ്പോഴും…

    ഇത്തിരി പ്രശ്നങ്ങള്‍ തീര്‍ക്കാനുണ്ട്… എന്നിട്ടു വായിക്കാം … അതു വരെ ഒരു കുഞ്ഞു നമസ്കാരം.

     
  16. സി. കെ. ബാബു

    Oct 31, 2008 at 12:05

    റിം‌പോച്ചേ,
    വലിയ ബ്ലാക്ക് ഹോളുകള്‍ക്കു് ആയിരം കോടി സൂര്യന്മാരുടെ (നക്ഷത്രം) പിണ്ഡം (mass) വരെ ഉണ്ടാവാമെന്നാണു് കണക്കുകൂട്ടപ്പെട്ടിരിക്കുന്നതു്. മുഴുവന്‍ തന്നെ ഗാലക്സികള്‍ക്കും ബ്ലാക്ക് ഹോള്‍ എന്ന “ഹൃദയം” ഉണ്ടു്. കൂടുതല്‍ ഇവിടെ വായിക്കാം.

    റോബി/സൂരജ്,

    ഹോക്കിംഗിന്റെ കണക്കുകൂട്ടലുകള്‍ വിവാദത്തില്‍ പെട്ട Euclidean path integral-ല്‍ അധിഷ്ഠിതമാണു്. ‍ Wick rotation എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഓപ്പറേഷന്‍. അതുവഴി, four dimensional space-time “മാന്ത്രികമെന്നോണം” four dimensional space ആയി മാറ്റപ്പെടുന്നു! ആ സ്പേയ്സില്‍ സാദ്ധ്യമായ ഫോര്‍ഡൈമെന്‍ഷണല്‍ ജ്യോമട്രിയുടെയും, ടോപോളജിയുടെയും ഇന്റഗ്രലുകള്‍ കണ്ടെത്തി ഫിസിക്സിലെ ചോദ്യങ്ങള്‍ക്കു് മറുപടി കണ്ടെത്താന്‍ ശ്രമിക്കുന്നു. 1983-ല്‍ Jim Hartle-നോടും, 1998-ല്‍ Neil Turok-നോടും ചേര്‍ന്നു് ബിഗ്-ബാംഗ്-സിംഗുലാരിറ്റിയെ എലിമിനേറ്റ് ചെയ്തു് പ്രപഞ്ചാരംഭത്തെ ഒരു imaginary time വഴി വിശദീകരിക്കാന്‍ ഹോക്കിംഗ് ശ്രമിച്ചിരുന്നു. പക്ഷേ, ആര്‍ക്കുമറിയില്ല യൂക്ലിഡിയന്‍ ഇന്റഗ്രല്‍ എങ്ങനെ നിര്‍വചിക്കപ്പെടണമെന്നു്! അതിനാല്‍ ഇതുവരെ ഒരു “അര്‍ദ്ധക്ലാസിക്കല്‍” approximation മാത്രമേ അതുവഴി സാദ്ധ്യമായിട്ടുള്ളു. ജനറല്‍ റിലേറ്റിവിറ്റിയുടെ ക്ലാസിക്കല്‍ സമവാക്യങ്ങളുടെ ഉത്തരങ്ങളോടടുത്തു് നില്‍ക്കുന്നവയെ അല്ലാതെ, എല്ലാ ജ്യോമട്രിയേയും ഇന്റഗ്രേറ്റ് ചെയ്യുക സാദ്ധ്യമല്ല എന്നര്‍ത്ഥം. ഈ കണക്കുകള്‍ വഴി ലഭിക്കുന്ന ഭാഗികമായ മറുപടികള്‍ എത്രത്തോളം ഒരു പൂര്‍ണ്ണ മറുപടിയുമായി ഒത്തുപോകും എന്നതും സംശയാസ്പദമാണു്. ഹോക്കിംഗിന്റെ വാദഗതികള്‍‍ speculative ആയ അനുമാനങ്ങളില്‍ അധിഷ്ഠിതമാണു്.(ഉദാ. Anti de Sitter space with negative cosmological constant etc.) നമ്മുടെ പ്രപഞ്ചത്തില്‍ ഒരു കോസ്മോളജിക്കല്‍ കോണ്‍‍സ്റ്റന്റ് ഉണ്ടെങ്കില്‍ അതു് പോസിറ്റീവ് ആയിരിക്കണം.

    അങ്ങനെ പല ബല‍ഹീനതകളുമുള്ളതാണു് ഹോക്കിംഗിന്റെ വാദഗതികള്‍! പല ശാസ്ത്രജ്ഞരും ഹോക്കിംഗിന്റെ രീതിയെ “mathematical gymnastics” എന്നു് വിളിക്കുന്നതും വെറുതെയല്ല. “ഈ മാര്‍ഗ്ഗങ്ങള്‍ വഴി പീഡിപ്പിക്കപ്പെട്ടു എന്നു് തോന്നുന്നവര്‍ ലളിതമായ മറ്റെന്തിലേക്കെങ്കിലും തിരിച്ചുപോകുന്നതാണു് നല്ലതു്, ഉദാഹരണത്തിനു് ഗണിതശാസ്ത്രത്തിലേക്കു്!” എന്നു് John Baez ഒരിക്കല്‍ സൂചിപ്പിച്ചതും ശ്രദ്ധേയമാണു്.

    sands,
    welcome!

     
  17. സി. കെ. ബാബു

    Oct 31, 2008 at 12:40

    സൂരജ് (പോ) എന്നു് എഴുതാന്‍ വിട്ടുപോയി. എന്റെ പാപം, എന്റെ പാപം, എന്റെ മഹാപാപം! പോത്തുകാലപ്പന്‍ ഇനി എത്ര കൊടുംകാറ്റുകളും സുനാമികളുമാണാവോ എന്നോടുള്ള പ്രതികാരത്തിനായി ഭൂമിയിലേക്കയക്കുന്നതു്!

    (സ. ഈ.) എന്നുപറഞ്ഞാല്‍ മെക്കയിലെ പള്ളിയുടെ സമീപത്തുള്ള രണ്ടു് കുന്നുകള്‍ക്കിടയിലൂടെ ഓടുക എന്ന കര്‍മ്മമാണെന്നു് കേട്ടിട്ടുണ്ടു്. (ഈ വിവരം “അപ്ഡേറ്റ്” ചെയ്തതല്ല!)

    പോത്തുകാലപ്പന്‍ എന്നോടു് (പോ. ഈ.) എന്നെങ്ങാനും കല്പിച്ചാല്‍ ഞാന്‍ പോത്താനിക്കാടു് മുതല്‍ ഈരാറ്റുപേട്ട വരെയും തിരിച്ചും ഒടേണ്ടിവരുമോ എന്റെ വിശുദ്ധ ധൂപക്കുറ്റികളേ! പോത്തുകാലപ്പന്റെ പ്രധാനപുരോഹിതനായതിനാല്‍ എന്നെ നാടുനീളെ ഓടിക്കാതിരിക്കാന്‍ സൂരജ് (പോ) അങ്ങേരെ ഒന്നു് പറഞ്ഞു് ശാന്തനാക്കണം. ചെലവു് എന്താന്നു് പറഞ്ഞാല്‍ മതി, ഞാന്‍ ചെയ്തോളാം. 🙂

     
  18. റോബി

    Oct 31, 2008 at 14:13

    സൂരജെ,
    തിരുത്തിയതിനു നന്ദി. വര്‍ഷങ്ങള്ക്കു മുന്പ് ഹോക്കിംഗിന്റെ ഹ്രസ്വചരിത്രം വായിച്ചപ്പോള്‍ ഒരു വാചകം മനസ്സില്‍ തങ്ങി…having changed my mind, I am now trying to convince other physicists that
    there was in fact no singularity at the beginning of the universe.

    രണ്ടാമത് ഒന്നു കൂടി നോക്കുന്നു.

     
  19. സൂരജ് :: suraj

    Oct 31, 2008 at 17:03

    ബാബു മാഷേ,

    ക്ഷമിച്ചെന്ന് ഇന്നലെ സ്വപ്നദര്‍ശനം തന്നു…കണ്ടോ ഒരു വഴിപാടും വേണ്ടാ.

    ഹോ! മൂര്‍ത്തിമാഷിന്റെ “ദ വിസാ ഗോഡ്” പോലെ പോത്തുകാലപ്പന്‍-the inexpensive god, എന്നൊരെണ്ണം പടച്ചിറക്കിയാലോന്നാ.

    റോബിച്ചാ,

    ഹോക്കിംഗിന്റെ 2001-ല്‍ ഇറങ്ങിയ “യൂണിവേഴ്സ് ഇന്‍ എ നട്ട് ഷെല്ലില്‍” ഇതിന്റെ ലളിത വിശദീകരണം ഉണ്ട്. വിക് റൊട്ടേഷന്‍ ഗുല്‍മാലുകള്‍ കാണണമെങ്കില്‍ ഹോക്കിംഗും പെന്‍ റോസും തമ്മിലുള്ള സംവാദരൂപത്തില്‍ 1999-ലോ മറ്റോ‍ ഇറങ്ങിയ “നേയ്ചര്‍ ഒഫ് സ്പേയ്സ് ആന്റ് ടൈം” എന്ന കൊച്ചു പുസ്തകം നോക്കാവുന്നതാണ്. പത്തു മിനിറ്റ് കൊണ്ട് ജോണ്‍ ബേയ്സ് പറഞ്ഞപോലെ വട്ടായിക്കിട്ടും :))

     
  20. പാമരന്‍

    Nov 7, 2008 at 02:12

     
  21. സൂരജ്

    Nov 11, 2008 at 02:51

    Mathrubhoomi News : “പ്രപഞ്ചത്തെക്കുറിച്ചുള്ള ഐന്‍സ്റ്റീന്റെ സിദ്ധാന്തവും ബ്രഹ്മത്തെക്കുറിച്ചുള്ള ശങ്കരാചാര്യരുടെ വിവരണവും ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണത്തിന്‌ ഇന്ത്യയിലെയും വിദേശത്തെയും ഗവേഷകര്‍ മുന്‍കൈ എടുക്കണമെന്ന്‌ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള ഒരു ഏകീകൃത സിദ്ധാന്തത്തിന്‌ പ്രപഞ്ചോല്‌പത്തിയെക്കുറിച്ചുള്ള പുത്തനറിവുകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
    സ്വാമി രംഗനാഥാനന്ദയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ സ്വാമിയുടെ ജന്മനാടായ തൃക്കൂര്‍ സര്‍വ്വോദയ ഹൈസ്‌കൂള്‍ അങ്കണത്തില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    പ്രപഞ്ചത്തെക്കുറിച്ചുള്ള ഐന്‍സ്റ്റീന്റെ ‘ചതുര്‍മാന തുടര്‍ച്ചസിദ്ധാന്ത’ത്തെക്കുറിച്ചുള്ള പഠനവും സ്വാമി രംഗനാഥാനന്ദയുടെ ‘വിവേകചൂഡാമണി’യിലെ പരാമര്‍ശവുമാണ്‌ ഇത്തരമൊരു വിലയിരുത്തലിന്‌ ആധാരമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി….
    …. ഒരു രാജ്യത്തിന്റെ സന്തോഷത്തിന്‌ വേണ്ടത്‌ സാമ്പത്തികവളര്‍ച്ച മാത്രമല്ല. ആത്മീയമായ ഉല്‍ക്കര്‍ഷംകൊണ്ടു മാത്രമേ സന്തോഷം നിലനില്‍ക്കൂവെന്ന്‌ സ്വാമി രംഗനാഥാനന്ദ തിരിച്ചറിഞ്ഞു. ഭൗതികനേട്ടങ്ങള്‍ മോക്ഷത്തിന്റെ മാര്‍ഗമല്ല. ധാര്‍മികതയില്‍ അധിഷുിതമായ ആത്മീയപാത ഇതിന്‌ അനിവാര്യമാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ സ്വാമിയെ പ്രേരിപ്പിച്ച ഘടകം ഇതാണെന്നും അബ്ദുല്‍ കലാം പറഞ്ഞു……”

    ഇന്ത്യ അര്‍ഹിക്കുന്ന (മുന്‍)രാഷ്ട്രപതി തന്നെ !!!

     
  22. റോബി

    Nov 11, 2008 at 03:31

    അങ്ങനെ നമ്മുടേ ‘ശാസ്ത്രജ്ഞ‘ന് ഫിസിക്സും അറിയില്ല എന്ന് മനസ്സിലായി.

     
  23. Boban Joseph

    Feb 18, 2010 at 13:00

    Dear Babu,

    I totally agree with you.
    Science is truth. Nobody is able to prove it as only a belief.
    Pl. see my blogs also

    http://prapanchacharithram.blogspot.com/

    http://jyothishasthrasathyangal.blogspot.com/

    With regards,

    Boban

     
  24. ajith

    May 24, 2010 at 05:38

    enikku comments vayichappol പട്ടൗഡി yodu thonniyathu sahathaapam mathramaaanu. pottatharngal swayam vishwasikkukayum athu mathramaanu sari ennu mattullavarude munpil vilambukayum athu kelkkunnavar thalakkakathu yaathoru moolayum illathavaranennu swayam vishwasikkukayum cheyyunna ivare polullavar ee 21 am noottandilum jeevichirippundu ennu vishwasikkaan [prayaasam thonnunnu

    note : ee moola prakrithiyil adyamaayi undayirunna paambinte mathapithaakkal aaranaavo? veroru samshayam sarppam ennu paranjaal athu moorkhsanaano atho rajavembaalayaano athu innu nilanilkkaatha valla species aano enthaayalum പട്ടൗഡിക്ക് നമോവാകം.

     
 
%d bloggers like this: