അഗ്നിപര്‍വ്വതസ്ഫോടനങ്ങളിലൂടെ കാലാന്തരങ്ങളില്‍ അന്തരീക്ഷത്തില്‍ വാതകങ്ങളും, ഭൂമിയില്‍ ആദിസമുദ്രങ്ങളും രൂപംകൊണ്ടെങ്കിലും, അന്നത്തെ അന്തരീക്ഷത്തില്‍ സ്വതന്ത്രമായ പ്രാണവായു (oxygen) ഉണ്ടായിരുന്നില്ല. Oxygen വളരെ ആക്റ്റീവ് ആയ ഒരു മൂലകം ആയതിനാല്‍, അതു് വളരെ വേഗം മറ്റു് മൂലകങ്ങളുമായി ചേര്‍ന്നു് സംയുക്തങ്ങളായിത്തീരും എന്നതാണു് കാരണം. ഇന്നത്തെ അന്തരീക്ഷത്തിലെ വാതകങ്ങള്‍ അന്നത്തേതുപോലെതന്നെ നൈട്രജനും, കാര്‍ബണ്‍ഡയോക്സൈഡും, മെഥെയ്നും, അമ്മോണിയയുമൊക്കെ മാത്രമായിരുന്നെങ്കില്‍ മനുഷ്യനു് ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുമായിരുന്നില്ല. അതേസമയം, വിചിത്രം എന്നു് തോന്നാമെങ്കിലും, ആദി അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലാതിരുന്നതു് ഭൂമിയില്‍ ജീവന്റെ മൗലികഘടകങ്ങള്‍ രൂപമെടുക്കുന്നതിനു് സഹായകമാവുകയായിരുന്നു. അതെങ്ങനെയെന്നു് നോക്കാം. സാധാരണ പ്രകാശത്തേക്കാള്‍ കുറഞ്ഞ തര്‍ംഗദൈര്‍ഘ്യമുള്ളതും ഉയര്‍ന്ന ഊര്‍ജ്ജമുള്ളതുമായ അള്‍ട്രാ വയലറ്റ് (UV) രശ്മികളെ ഭൂമിയിലെത്താതെ തടഞ്ഞുനിര്‍ത്തുന്നതില്‍ ഓക്സിജന്‍ പ്രധാന പങ്കു് വഹിക്കുന്നുണ്ടു്. അന്നു് അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലായിരുന്നു എന്നതിനാല്‍, UV രശ്മികള്‍ക്കു് തടസ്സമില്ലാതെ ഭൗമോപരിതലത്തില്‍ എത്താന്‍ കഴിയുമായിരുന്നു. ആദിസമുദ്രങ്ങളിലെയും കടലുകളിലെയും ജലനിരപ്പുകളില്‍ നിന്നും അനേകം മീറ്റര്‍ ആഴത്തില്‍ വരെ എത്താനും അവയ്ക്കു് കഴിഞ്ഞിരുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍, നൈട്രജന്‍, ഹൈഡ്രജന്‍ മുതലായ മൂലകങ്ങളുടെ സംയുക്തങ്ങള്‍ അടക്കമുള്ള അജൈവ മോളിക്യൂളുകള്‍ അന്തരീക്ഷത്തിലും ജലത്തിലും ധാരാളമായി ഉണ്ടായിരുന്നതിനാല്‍, ഈ രശ്മികള്‍ക്കു് അത്തരം അജൈവ സംയുക്തങ്ങളില്‍നിന്നും ജൈവവസ്തുക്കളുടെ അടിസ്ഥാനഘടകങ്ങളായ മോളിക്യൂളുകള്‍ക്കു് ജന്മം നല്‍കാന്‍ കഴിഞ്ഞിരുന്നു. ഇന്നു് ഏതു് പരീക്ഷണശാലയിലും തെളിയിക്കാന്‍ കഴിയുന്ന ഒരു വസ്തുതയാണിതു്. അതേസമയം, അങ്ങനെ രൂപമെടുക്കുന്ന മോളിക്യൂളുകളെ വീണ്ടും നശിപ്പിക്കാനും ഈ രശ്മികളുടെ എനര്‍ജി മതിയായിരുന്നു. അതിനാല്‍, സൃഷ്ടിക്കപ്പെടുന്നവ ഉടനെതന്നെ വീണ്ടും നശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നെങ്കിലും, ചില മോളിക്യൂളുകള്‍ക്കെങ്കിലും ജലാന്തര്‍ഭാഗത്തേക്കു് താഴ്‌ന്നു് രക്ഷപെടുവാന്‍ കഴിഞ്ഞിരുന്നു. കാരണം, UV രശ്മികള്‍ക്കു് പത്തോ പതിനഞ്ചോ മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ എത്താന്‍ കഴിയുമായിരുന്നില്ല. അതുമൂലം, ജലോപരിതലത്തില്‍ സൃഷ്ടിയും സംഹാരവും നടന്നുകൊണ്ടിരുന്നപ്പോഴും സമുദ്രജലത്തിന്റെ പ്രക്ഷുബ്ധത മൂലം പില്‍ക്കാലത്തെ ജീവന്‍ എന്ന സങ്കീര്‍ണ്ണതയുടെ മൗലികഘടകങ്ങള്‍ ആവേണ്ടിയിരുന്ന മോളിക്യൂളുകള്‍ കൂടുതല്‍ കൂടുതല്‍ അളവില്‍ താഴേക്കു് എത്തിപ്പെട്ടുകൊണ്ടിരുന്നു.
ഈ പ്രക്രിയ നടന്നുകൊണ്ടിരുന്നതിനൊപ്പംതന്നെ, UV രശ്മികള്‍ ഉപരിതലജലത്തെ അതിന്റെ ഘടകങ്ങളായ ഹൈഡ്രജനും ഓക്സിജനുമായി വേര്‍പിരിച്ചുകൊണ്ടിരുന്നു (photodissociation). മൂലകങ്ങളില്‍ ഏറ്റവും ഭാരം കുറഞ്ഞതായതിനാല്‍, അതുവഴി രൂപമെടുത്ത ഹൈഡ്രജന്‍ അന്തരീക്ഷത്തിലൂടെ ശൂന്യാകാശത്തിലേക്കു് പോയി മറഞ്ഞു. ബാക്കിയായ ഓക്സിജന്‍ UV രശ്മികളെ തടഞ്ഞിരുന്നതിനാല്‍ തുടര്‍ന്നുള്ള photodissociation സാദ്ധ്യമായിരുന്നില്ല. മറുവശത്തു്, അന്തരീക്ഷത്തില്‍ നിലവിലുള്ള ഓക്സിജന്റെ അളവു് oxidation മൂലം കുറഞ്ഞുകൊണ്ടുമിരുന്നു. അങ്ങനെ കുറഞ്ഞു് ഒരു പ്രത്യേക മൂല്യത്തില്‍ എത്തുമ്പോള്‍ ഓക്സിജന്റെ അളവു് UV രശ്മികളെ തടയാന്‍ മതിയാവാതാവും. അതുവഴി photodissociation പുനഃസ്ഥാപിക്കപ്പെടും. ചാക്രികമായി ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ ‘feedback’ അവസ്ഥയെ ശാസ്ത്രജ്ഞര്‍ ‘Urey-effect’ എന്നു് വിളിക്കുന്നു. (അതിന്റെ ഉപജ്ഞാതാവും നോബല്‍ പ്രൈസ് നേടിയവനുമായ Harold C. Urey-യുടെ ഓര്‍മ്മയ്ക്കായി.) അന്നത്തെ ഭൗമോപരിതലത്തില്‍ നിന്നും ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആഴങ്ങളില്‍ കുടുങ്ങിയ ധാതുക്കളുടെ പരിശോധനയില്‍ നിന്നും ആദ്യ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉണ്ടായിരുന്നില്ല എന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തുകയായിരുന്നു.
‘Urey-effect’ വഴി അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു് (സ്വയം നിയന്ത്രിതമായി) ഒരു നിശ്ചിത പരിധിക്കുള്ളില്‍ “ചാഞ്ചാടി”ക്കൊണ്ടിരുന്നു. ഏതു് മൂല്യത്തെ കേന്ദ്രീകരിച്ചായിരുന്നിരിക്കണം ആ ആന്ദോലനം? Berkner, Marshall എന്ന രണ്ടു് അമേരിക്കന്‍ geophysicists കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഈ വിഷയത്തില്‍ നടത്തിയ കണക്കുകൂട്ടലുകള്‍ അന്നത്തെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു് 0,1 ശതമാനം (ഇന്നത്തെ അളവിന്റെ ആയിരത്തിലൊന്നു്) ആയിരുന്നിരിക്കണം എന്നു് കണ്ടെത്തി. photodissociation വലിയ തോതില്‍ ഓക്സിജന്‍ നിര്‍മ്മിക്കുവാന്‍ പര്യാപ്തമല്ല എന്നതിനാല്‍, ഈ ചെറിയ അളവു് സ്വാഭാവികവുമായിരുന്നു. അതേസമയം, UV കിരണങ്ങളെ ഫലപ്രദമായി തടയാന്‍ ഈ അളവു് ധാരാളം മതി താനും. ഈ അറിവിന്റെ വെളിച്ചത്തില്‍, അന്തരീക്ഷത്തിലെ ‘UV filter’-ന്റെ frequency bandwidth അവര്‍ കണക്കുകൂട്ടി. പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ് angsrom ആണു്. ഒരു angsrom = 0,1 നാനോമീറ്റര്‍ അഥവാ, ഒരു മീറ്ററിന്റെ ആയിരം കോടിയില്‍ ഒരംശം. മറ്റു് വാതകങ്ങളും, 0,1 ശതമാനം ഓക്സിജനും ചേര്‍ന്ന അന്നത്തെ അന്തരീക്ഷത്തിനു് ഏറ്റവും ശക്തവും ഫലപ്രദവുമായി തടയാന്‍ കഴിഞ്ഞിരുന്നതു് UV ബാന്‍ഡ്‌വിഡ്തിലെ 2600 മുതല്‍ 2800 angstrom വരെയുള്ള തരംഗദൈര്‍ഘ്യങ്ങളെ ആയിരുന്നു എന്നവര്‍ കണ്ടെത്തി. ജീവജാലങ്ങളുടെ അടിസ്ഥാനഘടകങ്ങളായ Protein, Nucleic acid (സെല്‍ കേന്ദ്രത്തില്‍ ജീവന്റെ Genetic code സൂക്ഷിക്കുന്ന വസ്തു) എന്നിവയെ നിശേഷം നശിപ്പിക്കാന്‍ കഴിയുമായിരുന്ന UV wavelength-ന്റെ bandwidth ആണിതു്! ഈ bandwidth ഭൌമോപരിതലത്തില്‍ എത്താതെ തടയപ്പെട്ടതിനാല്‍, അതുവരെ രൂപമെടുത്തതും ശേഖരിക്കപ്പെട്ടതുമായ മോളിക്യൂളുകള്‍ നശിപ്പിക്കപ്പെടാതിരിക്കുകയും, തുടര്‍ന്നുള്ള പരിണാമത്തിനു് വഴിതുറക്കുകയും ചെയ്തു. UV റേഡിയേഷന്‍ എന്നതു് തരംഗദൈര്‍ഘ്യങ്ങളുടെ നീണ്ട നിരയ്ക്കു് (bandwidth) പൊതുവേ പറയുന്ന പേരാണു്. അല്ലാതെ, അതൊരു ഒറ്റ തരംഗദൈര്‍ഘ്യമല്ല. UV രശ്മികളുടെ തരംഗദൈര്‍ഘ്യം അനുസരിച്ചാണു് അവയുടെ പ്രവര്‍ത്തനമേഖല. photodissociation-നു് വേണ്ട തരംഗദൈര്‍ഘ്യമല്ല അണുനശീകരണത്തിനു് വേണ്ടതു് എന്നു് ചുരുക്കം.
“ജീവവിരോധിയായ” അവസ്ഥയില്‍ ആദ്യം ജീവനു് ഹരിശ്രീ കുറിക്കുകയും, പിന്നീടു് ജീവനു് നിലനില്‍ക്കാന്‍ അത്യന്താപേക്ഷിതമായ അവസ്ഥയിലേക്കു്പരിണമിക്കുകയും ചെയ്ത അന്തരീക്ഷം നല്‍കുന്ന സേവനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പണ്ടേ മനുഷ്യവര്‍ഗ്ഗം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായേനെ. ജീവികളുടെ നിലനില്‍പിനു് ഒഴിച്ചുകൂടാനാവാത്ത ശരീരത്തിലെ രാസപരിണാമത്തിനു് വേണ്ട ഓക്സിജനും, സസ്യലോകത്തിനു് അത്യാവശ്യമായ കാര്‍ബണ്‍ ഡയോക്സൈഡും പരസ്പരം വച്ചുമാറാന്‍ ഈ രണ്ടു് വിഭാഗങ്ങള്‍ക്കും അന്തരീക്ഷത്തിന്റെ സഹായമില്ലാതെ സാദ്ധ്യമാവുകയില്ല. സൂര്യനില്‍ നിന്നു്പുറപ്പെടുന്ന UV റേഡിയേഷന്‍ ഭൂമിയിലെ മുഴുവന്‍ ജീവനെയും നശിപ്പിക്കാന്‍ ശക്തിയുള്ളതാണെന്നു് ശൂന്യാകാശഗവേഷണങ്ങള്‍ നമ്മെ മനസ്സിലാക്കി. അവയെ ഫലപ്രദമായി തടയാന്‍ അന്തരീക്ഷത്തിലെ ഓക്സിജന്‍ ഫില്‍റ്ററിനു് കഴിയുന്നു. അന്തരീക്ഷവായു അധികപങ്കു് ഉല്‍ക്കകളേയും ഭൂമിയില്‍ എത്തുന്നതിനു് മുന്‍പുതന്നെ ഘര്‍ഷണം വഴി കത്തിച്ചു് നശിപ്പിക്കുന്നു. അന്തരീക്ഷം ഇല്ലാത്ത ഭൂമിയുടെ ഉപരിതലം ചന്ദ്രന്‍, ചൊവ്വാഗ്രഹം (Mars) മുതലായ വാനഗോളങ്ങളുടേതിനു് സമം ആയിരുന്നേനെ! സമുദ്രങ്ങളെപ്പോലെതന്നെ, ഭൂമിയുടെ air-conditioner കൂടിയാണു് അന്തരീക്ഷം. പകല്‍ സമയത്തെ ചൂടു് രാത്രികാലത്തേക്കായി സംഭരിച്ചുവയ്ക്കാന്‍ അവയ്ക്കു് കഴിയുന്നതുവഴി ഭൂമിയുടെ പകല്‍ഭാഗവും, രാത്രിഭാഗവും തമ്മിലുള്ള ഊഷ്മാവില്‍ ചന്ദ്രനിലേതും മറ്റും പോലുള്ള വലിയ വ്യത്യാസം ഉണ്ടാവുന്നില്ല. അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ മഴയോ കാലാവസ്ഥയോ ഉണ്ടാവുമായിരുന്നില്ല. അവയില്ലായിരുന്നെങ്കില്‍ ഫലഭൂയിഷ്ഠമായ മണ്ണും, കൃഷിയും, മനുഷ്യരുടെ സ്ഥിരതാമസവും പിന്നീടുണ്ടായ സാംസ്കാരികമായ വളര്‍ച്ചയും അസാദ്ധ്യമായിരുന്നേനെ! ഇതിലൊന്നും തീരുന്നതല്ല ഭൂമിയിലെ ജീവന്റെ നിലനില്‍പിനു് അന്തരീക്ഷം വഹിക്കുന്ന പങ്കു്.
സൂര്യനില്‍ നിന്നും പുറപ്പെടുന്ന റേഡിയേഷനുകളിലെ ജീവനു് ഹാനികരങ്ങളായ X-rays, gamma-rays മുതലായ മറ്റു് രശ്മികളെപ്പറ്റി മനുഷ്യനു് മനസ്സിലാക്കാന്‍ കഴിഞ്ഞതുതന്നെ ശൂന്യാകാശഗവേഷണം ആരംഭിച്ചതുശേഷമാണു്. അവയെ അന്തരീക്ഷം തടഞ്ഞുനിര്‍ത്തിയിരുന്നതിനാല്‍ അവ ഭൂമിയില്‍ എത്തിയിരുന്നില്ല. ‘ഇല്ലാത്തതിനെ’ അറിയാന്‍ മനുഷ്യനു് കഴിയില്ലല്ലോ! തരംഗദൈര്‍ഘ്യം കുറഞ്ഞ (ഊര്‍ജ്ജം കൂടിയ) ഇത്തരം രശ്മികളെ കൂടാതെ, കൂടിയ തരംഗദൈര്‍ഘ്യമുള്ള (ഊര്‍ജ്ജം കുറഞ്ഞ) കിരണങ്ങളെയും അന്തരീക്ഷം ഭൂമിയിലേക്കു് കടത്തിവിടുന്നില്ല. ഇതിനൊരു അപവാദം VHF (very high frequency) തരംഗങ്ങളാണു്. ആകാശം മേഘാവൃതമായിരിക്കുമ്പോഴും radio astronomy സംബന്ധമായ പരീക്ഷണങ്ങളും പഠനങ്ങളും നടത്താന്‍ കഴിയുന്നതു് അതുകൊണ്ടാണു്.
അതുപോലെതന്നെ, മേഘങ്ങള്‍ സൂര്യപ്രകാശത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുമെന്നു് നമുക്കറിയാം. പക്ഷേ സൂര്യപ്രകാശത്തേക്കാള്‍ കൂടുതലായി സൂര്യനില്‍ നിന്നുള്ള ചൂടിനെ തടഞ്ഞുനിര്‍ത്താനാണു് മേഘത്തിനു്, അഥവാ ജലകണങ്ങള്‍ക്കു് കഴിയുന്നതു്. നല്ല ചൂടുണ്ടായിരുന്ന ആദ്യകാല ഭൂമിയിലേക്കു്, അഗ്നിപര്‍വ്വതങ്ങളില്‍ നിന്നും അന്തരീക്ഷത്തിലെത്തിയ നീരാവി തണുത്തു് പെയ്തിരുന്ന മഴ വീണ്ടും ആവിയായിക്കൊണ്ടിരുന്നതിനാല്‍, അന്തരീക്ഷം നീരാവിയാല്‍ പൂരിതമായിരുന്നു. ഈ പ്രത്യേകതമൂലം, ആ കാലഘട്ടത്തില്‍, സൂര്യപ്രകാശത്തിനു് മാത്രമല്ല, അതിനേക്കാള്‍ കൂടുതലായി സൂര്യനില്‍ നിന്നുള്ള ചൂടിനും ഭൂമിയില്‍ എത്താനാവുമായിരുന്നില്ല. അതുവഴി, ഭൂമിയുടെ ചൂടിനു്, അന്തരീക്ഷത്തെ മാദ്ധ്യമമാക്കി, ശൂന്യാകാശത്തിലേക്കു് കൂടുതല്‍ ഫലപ്രദമായി നഷ്ടപ്പെടുവാന്‍ കഴിഞ്ഞു. ഇന്നത്തെ ‘ഗ്രീന്‍ഹൗസ്’ പ്രതിഭാസം അന്നത്തെ അന്തരീക്ഷത്തില്‍ അപ്രസക്തമായിരുന്നു എന്നു് സാരം. മുകളില്‍ സൂചിപ്പിച്ച റേഡിയോ ഫ്രീക്വന്‍സിയുടെ (VHF) ഒരു അപവാദം ഒഴിച്ചാല്‍, സൂര്യനില്‍ നിന്നുള്ള റേഡിയേഷനിലെ നേരിയ ഒരംശം മാത്രമാണു് അന്തരീക്ഷം ഭൂമിയില്‍ എത്തിക്കുന്നതു്. ഇന്ദ്രിയഗോചരമായ വയലറ്റ് മുതല്‍ ചുവപ്പു് വരെ, അല്ലെങ്കില്‍, 4000 angstrom മുതല്‍ 7000 angstrom വരെ മാത്രമുള്ള വളരെ ചെറിയ ഒരംശം!
ശീലം മൂലം, സ്വയം പ്രത്യക്ഷം എന്നപോലെയാണു് പല കാര്യങ്ങളും നമ്മള്‍ കാണുന്നതു്. ഉദാഹരണത്തിനു്, നമുക്കു് “സൗന്ദര്യവും പ്രകൃതിഭംഗിയും” ഒക്കെ ആസ്വദിക്കുന്നതിനുവേണ്ടി അന്തരീക്ഷം അതിനനുയോജ്യമായ ഒരംശം പ്രകാശത്തെ ഭൂമിയില്‍ എത്തിക്കുകയായിരുന്നു എന്ന രീതിയില്‍ നമ്മുടെ കാഴ്ചശക്തിയെപ്പറ്റി ചിന്തിക്കുന്നതാണു് നമുക്കു് പൊതുവേ എളുപ്പം. പക്ഷേ, മനുഷ്യന്‍ രൂപമെടുക്കുന്നതിനും എത്രയോ കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പുതന്നെ പ്രകൃതിയില്‍ ലഭ്യമായിരുന്ന electromagnetic radiation-ലെ വളരെ ചെറിയ ഒരു bandwidth, തങ്ങളുടെ ചുറ്റുപാടുകളിലൂടെ അധികം “തപ്പിത്തടയാതെ” ജീവിക്കുവാനായി ജീവജാലങ്ങളില്‍ കാഴ്ചശക്തിയായി, കണ്ണുകളായി രൂപം കൊള്ളുകയായിരുന്നു എന്നതു് അതിന്റെ വസ്തുനിഷ്ഠമായ വശം. ആദ്യകാലങ്ങളില്‍ മനുഷ്യനും അവന്റെ കാഴ്ചശക്തി ആഹാരസമ്പാദനത്തിനും, ഇണയെത്തേടുന്നതിനും, ശത്രുക്കളില്‍ നിന്നും രക്ഷപെടുന്നതിനും, പ്രാകൃതമായ മറ്റു് ജീവിതസാഹചര്യങ്ങളെ കീഴടക്കുന്നതിനും മറ്റും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതു്. പിന്നീടാണു് അവ സൗന്ദര്യബോധത്തിന്റേയും ആസ്വാദനത്തിന്റേയും മറ്റും മാദ്ധ്യമങ്ങളും അളവുകോലുകളുമൊക്കെ ആയി മാറിയതു്. പ്രകൃതി മനുഷ്യന്റെ കാഴ്ചശക്തിയില്‍ വരുത്തുന്ന വെട്ടിച്ചുരുക്കലുകളെ നികത്താനുള്ള മാര്‍ഗ്ഗങ്ങള്‍ വരെ കാലക്രമേണ മനുഷ്യന്‍ കണ്ടെത്തി. കണ്ണട, കണ്ണിന്റെ ലേസര്‍ ഓപ്പറേഷന്‍ മുതലായവ ചില ഉദാഹരണങ്ങള്‍ മാത്രം. മനുഷ്യരുടെ ഈ ജൈത്രയാത്ര ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
എന്നിട്ടും, തന്റെ യഥാര്‍ത്ഥ രൂപം എങ്ങനെയാണെന്നു് നമുക്കാര്‍ക്കും അറിയാനാവില്ല എന്നതാണു് സത്യം. ആകെ നമുക്കു് നമ്മെപ്പറ്റി കാഴ്ചയിലൂടെ അറിയാന്‍ കഴിയുന്നതു്, പതിനഞ്ചുകോടി കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന സൂര്യന്‍ എന്നൊരു നക്ഷത്രത്തില്‍ നിന്നും പുറപ്പെടുന്ന എലക്ട്രോമാഗ്നെറ്റിക് റേഡിയേഷനിലെ, അന്തരീക്ഷത്താല്‍ അധികപങ്കും അരിച്ചുമാറ്റപ്പെട്ടശേഷം ഭൂമിയില്‍ എത്തുന്ന വളരെ ചെറിയ ഒരു പ്രകാശസ്പെക്ട്രത്തിന്റെ വെളിച്ചത്തില്‍ നമ്മള്‍ എങ്ങനെ കാണപ്പെടുന്നു എന്നുമാത്രം! പൂര്‍ണ്ണമായും വസ്തുനിഷ്ഠമായി (ആ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍!) നമ്മള്‍ “കാഴ്ചയില്‍” എങ്ങനെയാണു് ഇരിക്കുന്നതെന്നു് കാണാന്‍ (“കാണല്‍” എന്നതു് തികച്ചും ഭൗതികമായ അര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കുക!) ഒരുകാലത്തും നമുക്കു് ആവില്ല! ആദ്ധ്യാത്മികതകൊണ്ടു് ഉപജീവനം കഴിക്കുന്നവരും, അവരെ താങ്ങിക്കൊണ്ടു് പുറകെ നടക്കുന്നവരുമൊക്കെ ഇന്ദ്രിയങ്ങള്‍ക്കു് അതീതമായ ലോകങ്ങളിലേയ്ക്കു് വരെ ചേക്കേറി, സാമാന്യജനങ്ങള്‍ക്കു് അത്ര എളുപ്പമൊന്നും കാണാന്‍ കഴിയാത്ത അവിടത്തെ “കാഴ്ചകള്‍” ഘോരഘോരം വാദമുഖങ്ങളിലൂടെ വെളിപ്പെടുത്താറുണ്ടു്. അവരുടെ ചാക്കില്‍ വീഴുന്നതിനു് മുന്‍പു് അത്ഭുതങ്ങള്‍ തേടുന്ന “സാമാന്യജനപ്പരിഷകള്‍” ഈ കാര്യങ്ങളൊക്കെ ഒന്നു് ചിന്തിക്കാന്‍ തയ്യാറായിരുന്നെങ്കില്‍, അധികം താമസമില്ലാതെ ആദ്ധ്യാത്മികതയുടെ അതീന്ദ്രിയലോകം അപ്രത്യക്ഷമാവുകയും തൂമ്പയ്ക്കും മണ്‍വെട്ടിയ്ക്കും ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും ചെയ്തേനെ! “ചിന്തിക്കുക എന്നതും ഒരു കഴിവാണു്, അതു് എല്ലാവര്‍ക്കും ആവുന്നതല്ല” എന്നു് പറഞ്ഞ പണ്ഡിതന്‍ തീര്‍ച്ചയായും ഈ അത്ഭുതാന്വേഷികളെ കണ്ടിട്ടാവണം അങ്ങനെ പറഞ്ഞതു്!
ഒരു പ്രത്യേക പിണ്ഡമുള്ള ഭൂമി. അതുവഴി അന്തരീക്ഷവാതകങ്ങളെ ഒരു നിശ്ചിതമായ മര്‍ദ്ദത്തില്‍ പിടിച്ചുനിര്‍ത്താന്‍ മതിയായ ഗുരുത്വാകര്‍ഷണം. ഊര്‍ജ്ജദായകനായ സൂര്യനില്‍ നിന്നുള്ള പ്രത്യേക അകലവും റേഡിയേഷന്‍ സ്പെക്ട്രവും വഴി നിശ്ചയിക്കപ്പെട്ട ഊഷ്മാവിന്റേയും റേഡിയേഷന്റേയും വിതരണം. അഗ്നിപര്‍വ്വതപ്രവര്‍ത്തനങ്ങള്‍ വഴി അന്തരീക്ഷത്തില്‍ നിലനിന്ന വാതകങ്ങളുടെ രാസഘടന. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍, പ്രകൃതിനിയമങ്ങള്‍ക്കു് വിധേയമായി സംഭവിച്ച പരിണാമങ്ങള്‍ ഭൂമിയില്‍ ജീവന്റെ അടിസ്ഥാനഘടകങ്ങളും അതിസങ്കീര്‍ണ്ണങ്ങളുമായ Biopolymers-ന്റെ (Proteins, Nucleic acids) രൂപമെടുക്കലിനു് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. തെറ്റായ നിഗമനത്തില്‍ എത്തിച്ചേരാതിരിക്കാന്‍ ഇവിടെ ഒരു കാര്യം സൂചിപ്പിക്കട്ടെ: ജീവന്‍ ഉണ്ടാവുന്നതിനുവേണ്ടി ഈ സാഹചര്യങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാവുകയായിരുന്നില്ല, യാദൃച്ഛികമായി പ്രകൃതിയില്‍ രംഗപ്രവേശം ചെയ്ത ചുറ്റുപാടുകള്‍ ജീവന്റെ രൂപമെടുക്കലിനു് കാരണമാവുകയായിരുന്നു. മുകളില്‍ സൂചിപ്പിച്ചപോലെ, പ്രോട്ടീനുകളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്ന, ഇന്നത്തെ നിലയിലെത്തിച്ചേര്‍ന്ന ജീവനു് നിലനില്‍ക്കാന്‍ പോലും കഴിയാതിരുന്ന മാരകമായ അവസ്ഥയില്‍ നിന്നുമായിരുന്നു ‘ജീവന്‍’ എന്ന പ്രതിഭാസം യാത്ര ആരംഭിച്ചതു്!
മനുഷ്യനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ലോകചിത്രത്തിനു്, ലോകത്തെ മനുഷ്യന്റെ കളിയരങ്ങു് മാത്രമായി വീക്ഷിച്ചുകൊണ്ടുള്ള ലോകചരിത്രത്തിനു് ഏതാനും ആയിരം വര്‍ഷങ്ങളുടെ പഴക്കമേയുള്ളു. പ്രപഞ്ചചരിത്രം ഏകദേശം 1350 കോടി വര്‍ഷങ്ങളുടെ ചരിത്രമാണു്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യചരിത്രം ഏതാനും നിമിഷങ്ങളുടെ മാത്രം ദൈര്‍ഘ്യമുള്ള ഒരു “കൊച്ചുചെറുകഥ” ആയി ചുരുങ്ങുന്നു. തലമുറകളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യമനസ്സില്‍ വേരുറച്ചുപോയ ഓരോ “അറിവുകളും” മുന്‍വിധികളാണു്. (ഓരോ വാക്കും ഓരോ മുന്‍വിധിയാണെന്നു് നീറ്റ്‌സ്ഷെ) അവയുടെ അടിസ്ഥാനത്തില്‍, ശാസ്ത്രീയമായ പുതിയ അറിവുകളെ നിഷേധിക്കുന്നതിനോ വിമര്‍ശിക്കുന്നതിനോ മുന്‍പു് ഈ വസ്തുതകള്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കണം. പരിണാമസിദ്ധാന്തത്തേയും ഡാര്‍വിനിസത്തിനേയും ഒക്കെ വിമര്‍ശിക്കുന്നവര്‍, “അറിവുകള്‍” എന്നു് അവര്‍ കരുതുന്ന മനുഷ്യചരിത്രപരമായ മുന്‍വിധികളെ വീണ്ടും വീണ്ടും ഉയര്‍ത്തിക്കാണിക്കുക മാത്രമാണു് ചെയ്യുന്നതു്. ഏറ്റവും ചുരുങ്ങിയതു്, മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാവുന്നതിനു് കോടാനുകോടി വര്‍ഷങ്ങള്‍ക്കു് മുന്‍പുതന്നെ ജീവന്റെ പ്രാകൃതമായ രൂപങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്നെങ്കിലും അംഗീകരിക്കാന്‍ മനുഷ്യനു് കഴിഞ്ഞാല്‍ അതു് അറിവിലേക്കുള്ള വലിയൊരു ചുവടായിരിക്കും. പ്രപഞ്ചസൃഷ്ടിയെ അടിസ്ഥാനപ്പെടുത്തിയുള്ള യഹൂദ കലണ്ടറായ Anno Mundi (“in the year of the world”) പ്രകാരം യഹോവ സൃഷ്ടി നടത്തിയതു് 5769 വര്‍ഷങ്ങള്‍ക്കു് മുന്‍പു് മാത്രമായിരുന്നു! അതിനു് മുന്‍പു് പ്രപഞ്ചം എന്നാല്‍ ഒന്നുമില്ലാത്ത ശൂന്യത. ആകാശവുമില്ല, ഭൂമിയുമില്ല. കീഴ്‌വഴക്കം മൂലം, അതു് അക്ഷരം പ്രതി ശരിയാണെന്നു് വിശ്വസിക്കുന്ന യഹൂദമതമൗലികരുണ്ടു്. അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുക സാദ്ധ്യമല്ല. (ഗണിതശാസ്ത്രപരമായി, ഏതെങ്കിലും ഒരു ഉപ്പായി മാപ്ലയുടെ ജനനത്തീയതിയോ, മരണത്തീയതിയോ അടിസ്ഥാനമാക്കിയും ഒരു കലണ്ടര്‍ നിര്‍മ്മിക്കാനാവും.) മനഃശാസ്ത്രപരമായി വിശ്വാസം ബുദ്ധിയേക്കാള്‍ ആഴത്തിലാണു് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍, ശരി-തെറ്റുകളുടെ മാനദണ്ഡം നിശ്ചയിക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നതു് വിശ്വാസമായിരിക്കും, ബുദ്ധി ആയിരിക്കുകയില്ല. ഒരുവന്റെ വിശ്വാസത്തെ അതിനു് വെളിയില്‍ നിന്നു് വീക്ഷിക്കുന്ന മറ്റൊരുവനേ അതിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിയാനാവൂ! അതിനായാലും അല്‍പം ബുദ്ധി ഇല്ലാത്തവനു് ഒട്ടു് കഴിയുകയുമില്ല. കടുവയെ പിടിക്കുന്ന കിടുവകളും ഉള്ളതാണീ ലോകമെന്നു് സാരം!
അടുത്തതില്‍: ജീവന്റെ ഉത്ഭവം
ഞാന്‍
Oct 18, 2008 at 14:18
കമന്റ് ട്രാക്കിങ്ങിന്… (ആദ്യ കമന്റ് തന്നെ അപഃശകുനം… അല്ലെ 😉 )
എനിക്കീ വിഷയത്തില്‍ പ്രത്യേകിച്ച് പറയുവാനൊന്നുമില്ല. പഠിച്ച കാര്യങ്ങള്‍ കുറെ കൂടി തെളിഞ്ഞു. എതിര്‍ക്കുവാനാണെനിലൊന്നുമില്ല… (എതിര്‍പ്പുകളുടെ ഒരു റേഞ്ച് കാണാനാണേ കമന്റ് ട്രാക്ക് ചെയ്യുന്നത്)
സി. കെ. ബാബു
Oct 18, 2008 at 14:24
ഞാന്‍,
അപശകുനം? ഹ ഹ ഹ! ഏലസ്സിനോടാ കളി?
യാരിദ്|~|Yarid
Oct 18, 2008 at 16:09
വായിച്ചു.പതിവു പോലെതന്നെ, ബുദ്ധിയുടെ കടുപ്പം കാരണം മൂന്നുനാലു തവണ വായിച്ചാല്‍ അല്പസ്വല്പം മനസ്സിലാകുമായിരിക്കും..!
ചെലപ്പൊ ഇവിടുന്ന് ബിരിയാണി കിട്ടാന്‍ വഴിയുണ്ട്. പതിവുപോലെ..;)
അനില്‍@ബ്ലോഗ്
Oct 18, 2008 at 17:33
ആദ്യ കമന്റ് അപശകുനം !! അതിഷ്ടപ്പെട്ടു 🙂
ഒരു വഴി എനിക്കും കിടക്കട്ടെ.
അനില്‍@ബ്ലോഗ്
Oct 18, 2008 at 18:15
ബൂമിയിലെ ചൂട് പുറത്തേക്ക് രക്ഷപ്പെട്ടഭാഗം പിടികിട്ടിയില്ല.നീരാവി പടലത്തിന്റെ മുകള്‍ ഭാഗം ഉന്നത ഊഷ്മാവിലല്ലേ ഉണ്ടായിരിക്കുക? ഇതിനെ എങ്ങിനെ ക്രോസ്സ് ചെയ്തിട്ടുണ്ടാവും?
നമ്മള്‍ ‘കാഴ്ചയില്‍’ എങ്ങനെയാണു് ഇരിക്കുന്നതെന്നു് കാണാന്‍ (‘കാണല്‍’ എന്നതു് തികച്ചും ഭൗതികമായ അര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കുക!) ഒരുകാലത്തും നമുക്കു് ആവില്ല
ബുദ്ധിമുട്ടില്ലെങ്കില്‍ ഇതൊന്നു വിശദമാക്കാമോ?
സൂര്യനല്ലാത്ത പ്രകാശ സ്രോതസ്സുകളുടെ സാമീപ്യത്തിലും കാഴ്ച എന്ന സംവേദനം ഇതേപോലെയല്ലെ ?
സി. കെ. ബാബു
Oct 18, 2008 at 19:38
യാരിദ്,
ഒരുപാടു് ബിരിയാണി ബുദ്ധി കുറയ്ക്കും. വയറ്റിലെ ബിരിയാണിയുടെ ഗ്രാവിറ്റേഷന്‍ തലച്ചോറിനെ താഴേക്കു് ആകര്‍ഷിക്കുന്നതാണു് കാരണം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ “വയറന്മാര്‍” കേരളത്തില്‍ ആവുന്നതെന്തുകൊണ്ടാണെന്നാ കരുതിയതു്? 🙂
അനില്‍@ബ്ലോഗ്,
ശൂന്യാകാശത്തില്‍ ചൂടല്ലല്ലോ “കൊടിയ” തണുപ്പല്ലേ?
എല്ലാ “സൂര്യന്മാരും” ഒരുപോലെ അല്ല. അവയുടെ റേഡിയേഷന്‍ സ്പെക്ട്രത്തിന്റെ കാര്യത്തിലും ഇതുതന്നെ അവസ്ഥ. അതുവഴി ആ വെളിച്ചത്തിലെ കാഴ്ചയും.
ചന്ദ്രനില്‍ ഇറങ്ങുന്നവര്‍ക്കു് കണ്ണുകളെ പ്രത്യേകം സംരക്ഷിക്കാതെ ചന്ദ്രോപരിതലം വീക്ഷിക്കാനാവില്ല. അന്തരീക്ഷം ഇല്ലാത്ത ചന്ദ്രനില്‍ സൂര്യപ്രകാശത്തിന്റെ പ്രതിഫലനം മനുഷ്യനു് കൂടുതല്‍ ഹാനികരമാവും. അതിനാല്‍ ചന്ദ്രന്റെ “നിറം” നേരിട്ടു് കാണുവാന്‍ ആവില്ല. ചന്ദ്രനില്‍ നിന്നും ഭൂമിയില്‍ എത്തിച്ച ഒരു കല്ലിന്റെ നിറം നമ്മള്‍ കാണുന്നതു് വീണ്ടും സൂര്യപ്രകാശത്തിന്റെ ഭൂമിയിലെ സ്പെക്ട്രത്തില്‍! ഇതിനെപ്പറ്റി തുടര്‍ന്നു് ചിന്തിച്ചാല്‍ ആ കല്ലിന്റെ യഥാര്‍ത്ഥനിറം എന്തെന്നു് ചന്ദ്രനില്‍ പോയവര്‍ക്കോ നമുക്കോ ഒരിക്കലും അറിയാന്‍ ആവില്ലെന്നു് മനസ്സിലാവും. അതുതന്നെ നമ്മള്‍ നമ്മെ കാണുന്നതിന്റെ അവസ്ഥയും. Disco-യിലും മറ്റും വര്‍ണ്ണവെളിച്ചത്തില്‍ നമ്മളുടെ “നിറം” മാറുന്നില്ലേ? infrared ക്യാമറ, ultraviolet ക്യാമറ ഇവവഴിയെല്ലാം എടുക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടില്ലേ?
നമ്മുടെ സൂര്യന്റെ ഭൂമിയിലെ വെളിച്ചത്തിന്റെ സ്പെക്ട്രം മറ്റൊന്നായിരുന്നെങ്കില്‍ നമ്മള്‍ കാണപ്പെടുന്നതും സ്വാഭാവികമായും മറ്റു് വിധത്തില്‍ ആയിരുന്നേനെ! മറ്റൊരു സൂര്യനിലെ “ഭൂമിയുടെ” കാര്യത്തിലും, അതിന്റെ അന്തരീക്ഷത്തിലും അതുവഴിയുള്ള പ്രകാശസ്പെക്ട്രത്തിന്റെ ബാന്‍ഡ്‌വിഡ്തിലും ആശ്രയിച്ചിരിക്കും അവിടത്തെ നമ്മുടെ കാഴ്ച. ഇതൊക്കെയാണു് നമ്മുടെ കാഴ്ചയിലെ “വസ്തുനിഷ്ഠതയുടെ” അവസ്ഥ!
ബാബുരാജ്
Oct 18, 2008 at 19:59
ബാബു മാഷേ,
ഇപ്പോള്‍ ഈ പോസ്റ്റ് ഇട്ടത് യാദൃശ്ചികമല്ല എന്നു കരുതുന്നു. ചില പാരമ്പര്യവാദികളുടെ വാചകക്കസര്‍ത്തുകള്‍ ഞാനും കണ്ടിരുന്നു. യഹൂദന്മാരെപ്പറ്റി പറഞ്ഞതുപോലെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല.
ആദിമ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലായിരുന്നു എന്നു അറിഞ്ഞിരുന്നു. പക്ഷെ UV dissociation കൊണ്ടു തന്നെയാണോ ഓക്സിജന്‍ ഉണ്ടായത്? ഹൈഡ്രജന്‍ ശൂന്യാകാശത്തേക്ക് പോയി എന്നതും വിശ്വസിക്കാന്‍ വിഷമം. ഞാന്‍ അറിഞ്ഞിരുന്നത് സമുദ്രത്തില്‍ ആദ്യം ഉണ്ടായ ആള്‍ഗെ പോലുള്ള ജീവനുകളാണ് ഓക്സിജന്‍ ഉല്‍പ്പാദിപ്പിച്ചത് എന്നാണ്. ഒന്നു ക്ലിയര്‍ ചെയ്യുമോ?
കാഴ്ചയുടെ ഉല്‍പ്പത്തിയും, യഥാര്‍ത്ഥ രൂപത്തിന്റെ പ്രഹേളികയും പുതിയ ഒരു ത്രെഡ് ആയി. നല്ല ആശയം. അഭിനന്ദനങ്ങള്‍!
സി. കെ. ബാബു
Oct 18, 2008 at 20:58
ബാബുരാജ്,
ഞാന്‍ ഇവിടെ വരച്ചുകാണിക്കാന്‍ ശ്രമിച്ചതു് “ജീവന്‍” രൂപമെടുക്കുന്നതിനു് വളരെ മുന്‍പുള്ള അവസ്ഥയാണു്. ജൈവമോളിക്യൂളുകള്‍ എന്നു് ഞാന്‍ വിശേഷിപ്പിച്ചവ ജീവന്‍ ആയിരുന്നില്ല. അത്തരം ജീവന്റെ മൌലികഘടകങ്ങള്‍ ജീവന്‍ ആയി വളര്‍ന്നതും, സമുദ്രത്തില്‍ ആള്‍ഗെ ഉണ്ടായതുമൊക്കെ പിന്നീടു് എത്രയോ വര്‍ഷങ്ങള്‍ക്കു് ശേഷമാണു്. അതിലേക്കു് ഞാന്‍ വരുന്നുണ്ടു്. പില്‍ക്കാലത്തെ സസ്യജാലങ്ങളുടെ ഓക്സിജന്‍ നിര്‍മ്മാണം photodissociation വഴി ആദ്യഭൂമിയില്‍ സംഭവിച്ചതിനേക്കാള്‍ സ്വാഭാവികമായും വളരെ കൂടിയ അളവിലായിരുന്നു. Urey effect-ന്റെ തുടര്‍ പഠനങ്ങള്‍ ഇന്നത്തേതിന്റെ ആയിരത്തിലൊരു അംശം ഓക്സിജന്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളു എന്നാണല്ലോ കണ്ടെത്തിയതും.
Rajeeve Chelanat
Oct 19, 2008 at 10:38
അഭിപ്രായിക്കാനുള്ള അറിവൊന്നുമില്ലെങ്കിലും വായിച്ചു എന്നറിയിക്കാന്‍ മാത്രം.
അഭിവാദ്യങ്ങളോടെ
സി. കെ. ബാബു
Oct 19, 2008 at 12:19
നന്ദി, രാജീവ്.
Sands | കരിങ്കല്ല്
Oct 19, 2008 at 13:27
ശീലം മൂലം, സ്വയം പ്രത്യക്ഷം എന്നപോലെയാണു് പല കാര്യങ്ങളും നമ്മള്‍ കാണുന്നതു്. ഉദാഹരണത്തിനു്, നമുക്കു് ‘സൗന്ദര്യവും പ്രകൃതിഭംഗിയും’ ഒക്കെ ആസ്വദിക്കുന്നതിനുവേണ്ടി അന്തരീക്ഷം അതിനനുയോജ്യമായ ഒരംശം പ്രകാശത്തെ ഭൂമിയില്‍ എത്തിക്കുകയായിരുന്നു എന്ന രീതിയില്‍ നമ്മുടെ കാഴ്ചശക്തിയെപ്പറ്റി ചിന്തിക്കുന്നതാണു് നമുക്കു് പൊതുവേ എളുപ്പം.. .. .. ……………………….
…………………………
…………
……………………….
………………………
……… ലേസര്‍ ഓപ്പറേഷന്‍ മുതലായവ ചില ഉദാഹരണങ്ങള്‍ മാത്രം! മനുഷ്യരുടെ ഈ ജൈത്രയാത്ര ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു!
ഇതു …ഈ പാരഗ്രാഫ് മാത്രം മുഴുവനായി മനസ്സിലാക്കാന്‍ ആള്‍ക്കാര്‍ക്കു് കഴിഞ്ഞാല്‍ … നീറ്റ്സ്ഷേ പറഞ്ഞ പോലെ .. ദൈവം ശരിക്കും മരിക്കും. 🙂
പിന്നെ..
‘ഇല്ലാത്തതിനെ’ അറിയാന്‍ മനുഷ്യനു് കഴിയില്ലല്ലോ! — പോണ പോക്കില്‍ .. ഇവിടെയും ഇരിക്കട്ടെ അല്ലേ .. ഒരു കുത്തു്? 😉
🙂
സംഭവം നന്നായീ..
എന്റെ സംശയം from last time … അതും ക്ലിയറായീ…
ഉഗ്രന്‍
Oct 19, 2008 at 14:16
ഇതു ട്രാക്ക് ചെയ്യാതെ പറ്റില്ലല്ലോ!!!
🙂
പിന്നെ നിറങ്ങളുടെ കാര്യത്തിലെ ആ പുതിയ അറിവ് ഇഷ്ടമായി. പല ജീവികള്‍ക്കും നിറങ്ങള്‍ കാണാന്‍ കഴിവില്ല എന്നത് പഠിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു നമ്മള്‍ കാണുന്നതെല്ലാം അങ്ങിനെ തന്നെ ആയിരിക്കണം എന്നില്ലെന്ന്.
ഓ.ടോ: ഒരു സംശയം. അന്ന് ഇന്നുള്ളതിന്‍റ്റെ ആയിരത്തില്‍ ഒന്ന് ഓക്സിജന്‍ UV രശ്മികളെ തടഞ്ഞിരുന്നെങ്കില്‍, ozone പാളി പോയാലും അന്തരീക്ഷത്തില്‍ ബാക്കിയുള്ള ഓക്സിജന്‍ മതിയാവില്ലേ UV-B, UV-C എന്നീ രശ്മികളെ തടുക്കാന്‍? പൊട്ടത്തരമാണെങ്കില്‍ ക്ഷമിക്കുക.
കാവലാന്‍
Oct 19, 2008 at 15:23
ഹഹഹ ഞാന്‍ വിചാരിച്ചു സികെ സ്റ്റൈലങ്ങുമാറ്റിയെന്ന് ആദ്യത്തെ ഗ്രാഫിലൊന്നും ഒരു പാരയും കണ്ടില്ല!!!
“വിശ്വാസം ബുദ്ധിയേക്കാള്‍ ആഴത്തിലാണു് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍, ശരി-തെറ്റുകളുടെ മാനദണ്ഡം നിശ്ചയിക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നതു് വിശ്വാസമായിരിക്കും”
പാര താഴെ ചാരി വച്ചതു പിന്നെയാ കണ്ടത്. 🙂
അനില്‍_ANIL
Oct 19, 2008 at 15:54
ചില സംശയങ്ങള്‍ ചാടിക്കേറി ചോദിക്കണമെന്ന് തൊട്ടു മുമ്പത്തെ പോസ്റ്റ് (കമന്റൊന്നും വരുന്നേനു മുമ്പ്) കണ്ടപ്പോ തോന്നിയിരുന്നു. അടങ്ങിയിരുന്ന് ഈ പോസ്റ്റ് വായിച്ചപ്പോഴല്ലേ മനസിലായത് ‘സമാധാനമുള്ള മാട് തെളിഞ്ഞ വെള്ളം കുടിക്കുമെന്ന്‘ 🙂
എന്തൊക്കെയായാലും വിവരങ്ങള്‍ എന്നെപ്പോലുള്ളവര്‍ക്കും പോലും മനസിലാവുന്ന രീതിയില്‍ ക്രോഡീകരിച്ചെഴുതുന്ന ബാബുമാഷിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
ജീവന്‍ വാഴ്ഹ!
സി. കെ. ബാബു
Oct 19, 2008 at 18:17
sands,
മനസ്സിലാക്കാനല്ല, “മനസ്സിലാക്കാതിരിക്കാന്‍” പറ്റിയ എന്തെങ്കിലും കണ്ടെത്താനാവുമോ എന്ന ചിന്തയോടെ ആണു് അധികം contra നിലപാടുകാരും ഇത്തരം ലേഖനങ്ങള്‍ വായിക്കുന്നതു് എന്നതാണു് പ്രശ്നം.
“ദൈവം ചത്തു” എന്നു് നീറ്റ്സ്‌ഷെ പറഞ്ഞു. ഞാന്‍ ചോദിക്കുന്നതു്: ഒരിക്കലും ജീവിക്കാത്ത ഒന്നിനു് ചാവാന്‍ പറ്റുമോ?
‘ഇല്ലാത്തതിനെ’ അറിയാന്‍ മനുഷ്യനു് കഴിയില്ലല്ലോ!
ഏതര്‍ത്ഥത്തിലും!! 🙂
ഉഗ്രന്‍, (പേരു് എന്തായാലും ഉഗ്രന്‍!)
പറഞ്ഞപോലെ അതു് നേരാവേണ്ടതാണല്ലോ! പിന്നെ ഈ ശാസ്ത്രജ്ഞര്‍ എന്തിനു് വെറുതെ ബഹളം വയ്ക്കുന്നു? പ്രശ്നപരിഹാരം മതങ്ങളില്‍ എത്ര എളുപ്പമാണെന്നതു് എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു! 🙂
കാവലാന്‍,
5769 വര്‍ഷങ്ങള്‍ക്കു് മുന്‍പു് ഭൂമിയോ, ആകാശമോ, സൂര്യനോ, ചന്ദ്രനോ, നക്ഷത്രങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല, എല്ലാം ശൂന്യമായിരുന്നു എന്നൊക്കെ പറഞ്ഞു് കണ്ണുരുട്ടുന്ന വല്യേട്ടന്മാരെപ്പറ്റി പിന്നെ എന്താണു് പറയേണ്ടതു്? യഹൂദരുടെ അതേ ദൈവം തന്നെയാണു് ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും ഒക്കെ ദൈവം എന്നു് മറക്കരുതു്. അതുകൂടി കൂട്ടിച്ചേര്‍ത്തു് വായിക്കണം. ഓരോരോ അളിഞ്ഞ വ്യാഖ്യാനങ്ങള്‍ കൊണ്ടു് പിടിച്ചുനില്‍ക്കാനുള്ള കഴിവിനെയാണല്ലോ നമ്മള്‍ മതപാണ്ഡിത്യം എന്നു് വിളിക്കുന്നതു്! കേള്‍ക്കുന്ന കുഞ്ഞാടുകള്‍ക്കു് ആട്ടിന്‍കാട്ടവും കൂര്‍ക്കക്കിഴങ്ങും തമ്മില്‍ തിരിച്ചറിയില്ലെങ്കില്‍ പിന്നെ എന്താണു് പറഞ്ഞുകൂടാത്തതു്. ഈ പറഞ്ഞ ദൈവത്തെ എന്തുവില കൊടുത്തും നീതീകരിക്കാന്‍ ശ്രമിക്കുന്ന അതേശ്വാസത്തില്‍ ശാസ്ത്രത്തിനെ അംഗീകരിക്കുന്നു എന്നുവരെ പറഞ്ഞുകളയും അവരില്‍ ചിലര്‍! ഒക്കുന്നിടത്തു് ഒപ്പിക്കുക അതാണു് നയം!
അനില്‍,
“സമാധാനമുള്ള മാടു് തെളിഞ്ഞ വെള്ളം കുടിക്കും.” ഇതു് കൊള്ളാം. മുന്‍പു് കേട്ടിരുന്നില്ല. 🙂
“സമാധാനത്തിലാണു് ശക്തി ഇരിക്കുന്നതു്” എന്നു് കേട്ടിട്ടുണ്ടു്.
ഉഗ്രന്‍
Oct 19, 2008 at 19:41
പ്രിയ ബാബു,
എന്‍റ്റെ ചോദ്യത്തിനുള്ള മറൂപടി പരിഹാസമാണോ അല്ലയോ എന്ന് മനസ്സിലായില്ല. ഏതായാലും ഒന്ന് മനസ്സിലായി. ദൈവവിശ്വാസം ഇല്ലാത്തവരോടേ താങ്കള്‍ നല്ല രീതിയില്‍ പ്രതികരിക്കൂ എന്ന്. പിന്നെ വിദ്യാഭ്യാസം കൊണ്ടും കര്‍മ്മം കൊണ്ടും ഒരു എന്‍ജിനീയര്‍ ആയ എനിക്ക് അതിന്‍റ്റെ ഉത്തരം കണ്ടുപിടിക്കാന്‍ വലിയ വിഷമം വരുമെന്ന് തോന്നുന്നില്ല.
“വല്യ ഇന്‍ജിനീരാണെങ്കില്‍ ഇവിടെ വന്നതെന്തിനെടോ” എന്നാകാം അടുത്ത ചോദ്യം. കാരണം ലളിതമാണ്. സങ്കീര്‍ണ്ണമായ ശാസ്ത്ര രഹസ്യങ്ങള്‍ ലളിതമായ മലയാളത്തില്‍ വിശദീകരിക്കുന്ന ഒരു ശൈലിയാണ് താങ്കളുടേത് എന്നതു തന്നെ.
ഒരു മതമൗലിക വാദിയും താങ്കളും തമ്മിലുള്ള വ്യത്യാസം പലതുണ്ട്. പക്ഷെ നിങ്ങള്‍ തമ്മിലുള്ള സാമ്യം ഒന്നേ ഉള്ളൂ. “അസഹിഷ്ണുത”
🙂
സൂരജ് :: suraj
Oct 20, 2008 at 01:25
മാഷേ…ഏ..ഏ..ഏ..ഏ (എക്കോ)
ഭയങ്കരന്‍ പ്രോജക്ടാണല്ലോ ഏറ്റെടുത്തിരിക്കുന്നത് ! നമ്മുടെ ‘കാന്തപ്രഭാവാ ഇന്‍സ്ടിറ്റ്യൂട്ട് ഒഫ് താന്ത്രിക് തേങ്ങാക്കൊല’യുടെ ആ ഏലസ്സ് കെട്ടീട്ടുണ്ടല്ലൊ അല്ലേ 🙂
ഇന്റര്‍ നെറ്റ് ഉപയോഗം മസ്തിഷ്കശേഷി കൂട്ടുമെന്നത്രെ യൂക്കാലില് അണ്ണന്മാര്‍ കണ്ടെത്തിയത്…. ഹ ഹ ഹ… അണ്ണന്മാര് മലയാളം ബ്ലോഗുകള് കണ്ടിട്ടില്ലാ…
(ഞമ്മക്ക് ജ്ജ് ലിങ്കൊന്നും തരണ്ടാ, മൂളയുപയോഗിച്ച് പറഞ്ഞ് തരീ…കറന്റ് എന്നാലെന്താണ്ടാ ? അന്റ ഫിസിക്സില ഡെഫനിഷന്നൊന്നും മ്മക്ക് കേക്കണ്ടാ !!!)
എല്ലാ “സൂര്യന്മാരും” ഒരുപോലെ അല്ല. അവയുടെ റേഡിയേഷന്‍ സ്പെക്ട്രത്തിന്റെ കാര്യത്തിലും ഇതുതന്നെ അവസ്ഥ. അതുവഴി ആ വെളിച്ചത്തിലെ കാഴ്ചയും.
ആകെ കാണാവുന്ന ‘ഇത്തിരിവെളിച്ചം’ വച്ചോണ്ടാണ് ജന്മാന്തര യാത്രയും ഡി.എന്‍.ഏയുടെ അനുക്രമത്തിലെ “ബോധവും” വരെയൊക്കെ ചിലര്‍ വ്യാഖ്യാനിച്ചു സുയിപ്പാക്കുന്നത് !!
@ ഉഗ്രന്‍:
ഓക്സിജന്റെ ഏതു കണികാ രൂപമാണ് ഓസോണ്‍ പാളിയുടെ രൂപത്തില്‍ അള്‍ട്രാ വയലറ്റ് രശ്മിയെ ‘തടയുന്നത്’ എന്ന് ഒന്ന് ചുമ്മാ ഗൂഗിള്‍ സെര്‍ച് ചെയ്താല് സംശയം മാറ്റാവുന്നതല്ലേ ഉള്ളൂ ?
സി. കെ. ബാബു
Oct 20, 2008 at 08:37
സൂരജ്,
ഞമ്മക്കു് കാര്യം അറിയണോന്നു് ബെല്യേ നിര്‍പ്പന്തം ഇല്ല. ശുമ്മാതെ ശോത്യങ്ങളു് ഇങ്ങനെ ഓരോന്നു് ശോതിച്ചോണ്ടിരിക്കണം. ഒന്നിനു് മറുപടി ബന്നിട്ടു് ബേണം അടുത്ത ശോത്യം ശോതിക്കാന്‍! “തൂറി തോല്പിക്കുക” എന്നും പറയും! 🙂
“കാള വാലുപൊക്കിയാല്‍ സംശയിക്കണ്ട! പശു വാലുപൊക്കിയാല്‍ സംശയിക്കണം” എന്നു് ഒരിക്കല്‍ ഞങ്ങളുടെ ക്ലാസിലെ ഒരു യോഗ്യനോടു് ഫിസിക്സ് മാഷ് അറ്റകൈക്കു് പറഞ്ഞതു് ഓര്‍മ്മ വരുന്നു. നല്ല മാഷന്മാര്‍ അതൊക്കെ പറഞ്ഞുകേട്ടിട്ടുള്ളതുകൊണ്ടു് ഇപ്പോള്‍ വാലുകണ്ടാല്‍ മതി കാളയോ പശുവോ എന്നു് തിരിച്ചറിയാന്‍ വലിയ വേദങ്ങള്‍ ഒന്നും തപ്പി നടക്കേണ്ടതില്ല. 🙂
Sands | കരിങ്കല്ല്
Oct 20, 2008 at 11:13
പോസ്റ്റുമായി ഡയറക്റ്റ് ബന്ധമൊന്നുമില്ല.. still….
ഇന്നു രാവിലെ വായിച്ചതാ..
ഇവിടെ ഒന്നെഴുതണം എന്നു തോന്നി…
കുറച്ചു കാലങ്ങളായി ഞാന്‍ നടത്തുന്ന വാദപ്രതിവാദങ്ങളില്‍ … എനിക്കു നേരേ പ്രയോഗിക്കുന്ന ആയുധം ആണിത്. ഇതു പ്രയോഗിച്ചു കഴിഞ്ഞാല്‍ ഞാന്‍ തോറ്റു പോകുന്നു! 😦 …. ഇതാണ്‍ സംഭവം …
It’s either we are right, you are wrong OR “right” and “wrong” have no meaning.
—— 😉
From: Breaking the spell – Religion as natural phenomenon by Daniel Dennet; appendix B
——-
qwerty
_qwerty_
_qw_er_ty_
സി. കെ. ബാബു
Oct 20, 2008 at 13:22
sands,
ശരിയും തെറ്റും ആപേക്ഷികമായ കാര്യങ്ങളല്ലേ? ഒരു ഉദാഹരണം: ജര്‍മ്മനിയില്‍ റെയില്‍വേ സ്റ്റേഷനുകളിലും മറ്റും പരസ്പരം സ്നേഹിക്കുന്ന ആണും പെണ്ണും പരസ്പരം കെട്ടിപ്പുണര്‍ന്നുനില്‍ക്കുന്നതു് കണ്ടിട്ടുണ്ടാവുമല്ലോ. ആരെങ്കിലും അവരെ കമന്റടിക്കാനോ ചൂളമടിക്കാനോ പോവാറുണ്ടോ? അതേസമയം കേരളത്തിലെ ഏതെങ്കിലും ഒരു ട്രാന്‍സ്പോര്‍ട് ബസ്സ്റ്റാന്‍ഡില്‍ അതുപോലൊരു “സംഭവം” നടന്നാല്‍ എന്താവും ബഹളം? ഊണുകഴിഞ്ഞാല്‍ നീട്ടി ഒരേമ്പക്കം വിടുന്നതില്‍ മലയാളി അസംബന്ധം ഒന്നും കാണുന്നില്ല. ജര്‍മ്മനിയില്‍ അതേസമയം അങ്ങനെയൊരേര്‍പ്പാടു് പരസ്യമായി കാണാന്‍ ആവുമോ എന്നു് ശ്രദ്ധിക്കൂ. സ്ഥലകാലബോധമില്ലാത്ത വല്ല രോഗികളുമൊഴികെ മറ്റാരെയും അത്തരം ഒരവസ്ഥയില്‍ കാണാനാവില്ല. അങ്ങനെ എത്രയെത്ര ശരികളും തെറ്റുകളും! ജര്‍മ്മനിയിലെയോ മറ്റേതെങ്കിലും ഒരു രാജ്യത്തിലേയോ ശരി കേരളത്തിലെ ശരിയോ നേരേമറിച്ചോ ആവണമെന്നില്ല.
“It’s either we are right, you are wrong OR “right” and “wrong” have no meaning.”
കഴിയുമെങ്കില്‍ ചിരിച്ചോളൂ! മറ്റൊന്നും ഈ വിഡ്ഢിത്തം അര്‍ഹിക്കുന്നില്ല. There is nothing in this world, which you can call absolute true, absolute false or “the absolute truth”. There are only truths and untruths!
Daniel Dennet “Naturalism” എന്നറിയപ്പെടുന്ന ഫിലോസഫിയുടെ പ്രതിനിധിയാണു്. Genetics-ല്‍ ചില “പന്തികേടുകള്‍” കാണുന്നതിനാല്‍ Memetics-ന്റെ വക്കീല്‍. “Brights” എന്നറിയപ്പെടുന്ന വിഭാഗത്തിലെ അംഗം. ഭൂതപ്രേതാദികള്‍ പോലെയുള്ള പ്രകൃത്യതീതമായ ഒന്നിലും വിശ്വസിക്കാത്തവര്‍, നിരീശ്വരവാദികള്‍, മന്ത്രതന്ത്രങ്ങളെ നിഷേധിക്കുന്നവര്‍. Natural Science-നു് വിശദീകരിക്കാന്‍ കഴിയാത്ത ഒന്നുമില്ല എന്ന നിലപാടുകാരന്‍.
എല്ലാം നല്ലതു്! But a scientist is a scientist, nothing more, nothing less! ഏതെങ്കിലും ഒരു മേശവലിപ്പിനുള്ളില്‍ ഒതുങ്ങാതെ നിരന്തരമായ യാത്രയും അന്വേഷണവുമാണു് ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞന്റെ ജീവിതലക്‍ഷ്യം.
ഇളം വെയില്‍ | ilamveyil
Oct 20, 2008 at 15:31
എല്ലാ ലേഖനങ്ങളും സ്ഥിരമായി വായിക്കുന്നു…. വീണ്ടും വീണ്ടും…
ഒരു സംശയം..
“മൂലകങ്ങളില്‍ ഏറ്റവും ഭാരം കുറഞ്ഞതായതിനാല്‍, അതുവഴി രൂപമെടുത്ത ഹൈഡ്രജന്‍ അന്തരീക്ഷത്തിലൂടെ ശൂന്യാകാശത്തിലേക്കു് പോയി മറഞ്ഞു”
ഇത് ഇപ്പൊഴും സംഭവിക്കാവുന്നത് ആണോ?
സി. കെ. ബാബു
Oct 20, 2008 at 17:48
ഇളം വെയില്‍,
ഇന്നത്തെ അന്തരീക്ഷത്തില്‍ ഏകദേശം 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്സിജനുമായിരിക്കുമ്പോള്‍ ഹൈഡ്രജന്‍ വെറും 0,00005 ശതമാനം മാത്രമാണു്. അതേസമയം 90 കിലോമീറ്റര്‍ മുകളിലുള്ള നിരകളില്‍ ഹൈഡ്രജന്‍ പോലെ ഭാരം കുറഞ്ഞ വാതകങ്ങളുടെ അളവു് താരതമ്യേന കൂടുതലുമാണു്. ഹൈഡ്രജന്റെ diffusion കാലാകാലമായി സംഭവിക്കുന്നുണ്ടു്. പക്ഷേ അതിന്റെ വിശദാംശങ്ങള്‍ ഏതാനും വാചകങ്ങളില്‍ ചുരുക്കി എഴുതാവുന്നതല്ല. വിവിധ അന്തരീക്ഷപാളികളില്‍ ഉയരം കൂടുന്നതിനനുസരിച്ചു് വാതകങ്ങളുടെ ഘടനയില്‍ വരുന്ന മാറ്റവും, അവയുടെ ഊഷ്മാവില്‍ കുറഞ്ഞും കൂടിയും വീണ്ടും കുറഞ്ഞും വരുന്ന വ്യത്യാസങ്ങളും, വളരെ ഉയര്‍ന്ന പാളികളിലെ ionization-നും അതില്‍ കൂടുതലുമൊക്കെയായി വളരെ വ്യാപിച്ചു് കിടക്കുന്ന ഒരു വിഷയമാണതു്.
പതിവായി വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. നന്മകള്‍ നേരുന്നു.
പ്രിയ ഉണ്ണികൃഷ്ണന്‍
Oct 20, 2008 at 18:58
ഇല്ല്യ്, സംശയം ചോദിക്കല്‍ ഞാന്‍ നിര്‍ത്തി
ഈ പോസ്റ്റ് ഇട്ട അന്നൂതൊട്ട് വായിക്കാാന്‍ തുടങ്ങീതാ…
ഭൂമിപുത്രി
Oct 20, 2008 at 20:08
എന്റെ ദൈവമേ! ബാബൂനിത് രണ്ടു ഭാഗങ്ങളായിട്ടാല്‍പ്പോരായിരുന്നോ?
ഈയൊരു ബ്ലോഗ് മാത്രം വായിച്ചോണ്ടിരുന്നാൽ മതീന്നാണോ വീചാരം?
(ഉഗ്രനീപ്പറഞ്ഞത് ‘ഏതായാലും ഒന്ന് മനസ്സിലായി. ദൈവവിശ്വാസം ഇല്ലാത്തവരോടേ താങ്കള്‍ നല്ല രീതിയില്‍ പ്രതികരിക്കൂ എന്ന്’
ശരിയല്ലകെട്ടൊ.ബാബുവെന്നോട് വഴക്കിനൊന്നും വരാറില്ല)
Namaskar
Oct 21, 2008 at 08:07
അടുത്തതില്‍: ജീവന്റെ ഉത്ഭവം
ഇങ്ങ് പോരട്ടെ…:)
സി. കെ. ബാബു
Oct 21, 2008 at 09:46
പ്രിയ,
വസ്തുതകളെ വളച്ചൊടിക്കരുതു്! ഇതുവരെ ചോദിച്ച സംശയങ്ങള്‍ക്കൊക്കെ അവധിയെടുത്തു് ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി ഞാന്‍ മറുപടി പറഞ്ഞിട്ടില്ലേ? ഇനി സംശയം ചോദിക്കില്ല എന്നൊക്കെ പരസ്യമായി പറഞ്ഞാല്‍ എന്റെ മറുപടി മുഴുവന്‍ തെറ്റായിരുന്നു എന്ന കാര്യം മാലോകര്‍ എല്ലാവരും മനസ്സിലാക്കില്ലേ? മേലില്‍ ഏതെങ്കിലും ഒരു വിശ്വാസി എന്റെ പോസ്റ്റ് വായിക്കുമോ? ഇതു് ഫയങ്കര ചതിയായിപ്പോയി! 🙂
ഏതായാലും വായിക്കാന്‍ തുടങ്ങിയ സ്ഥിതിക്കു് തുടര്‍ന്നും വായിച്ചോളൂ! സ്വയംകൃതാനര്‍ത്ഥം! 🙂
ഭൂമിപുത്രി,
രണ്ടും മൂന്നും ഭാഗങ്ങളായിട്ടൊക്കെ ഇട്ടോണ്ടിരുന്നാല്‍ എന്നെങ്കിലും ഒരവസാനമുണ്ടാവുമോ? ഇനിയും എത്രയെത്ര കാര്യങ്ങള്‍ പറയാന്‍ കിടക്കുന്നു! 🙂
ദൈവവിശ്വാസം ഉള്ളവരോടു് ഞാന്‍ സാധാരണ പ്രതികരിക്കാറില്ല! ഭൂമിപുത്രിക്കു് ഒരു special consideration തരുന്നു എന്നുമാത്രം! അതും ഒരു സ്വാര്‍ത്ഥചിന്തയുമില്ലാതെയല്ല. ചാവുമെന്നു് നല്ല ഉറപ്പില്ലെങ്കിലും, എന്നെങ്കിലും ചാവേണ്ടിവന്നാല്‍ എനിക്കുവേണ്ടി ഒരു നല്ലവാക്കു് ദൈവത്തിനോടു് പറയാന്‍ ആരുമില്ലെങ്കില്‍, ഇക്കണ്ട ബ്ലോഗ് പാപങ്ങളില്‍ നിന്നെല്ലാം എന്നെ മോചിപ്പിച്ചു് ദൈവം സ്വര്‍ഗ്ഗത്തിലേക്കു് ഒരു വിസ തരുമോ? നരകത്തില്‍ പൊള്ളുന്ന ചൂടായതുകൊണ്ടു് ആത്മാവു് പപ്പടം പോലെ പൊള്ളി കുമളയ്ക്കുമത്രെ! സത്യം പറയാമല്ലോ, ഭൂമിപുത്രിയുടെ പക്ഷത്തുനിന്നുള്ള അത്തരം ഒരു recommendation ആണു് സകല പതിവുകളേയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള എന്റെ ഈ പ്രതികരണത്തിന്റെ നിഗൂഢലക്‍ഷ്യം! 🙂
namaskar,
നന്ദി.
സൂരജ് :: suraj
Oct 21, 2008 at 10:06
മാഷ് ചറപറാന്ന് കുറേ ചോദ്യം എറിയുക… “പുലികളേ പറയൂ” എന്ന്‍ ആക്രോശിക്കുക… കാലത്ത് 10.30ന് പോസ്റ്റിട്ടാല്‍ 11.33 വരെ കാക്കുക..പത്ത് കമന്റ് സ്വയം ഇടുക.. “ആരെടാ അവിടെ പോരിനു വാടാ”ന്ന ലൈനില് , ഒരു 3.00 മണി വരെ ആരും മറുപടി തന്നില്ലെങ്കില്‍ “കണ്ടോ അപ്പോ ഞാന്‍ പറഞ്ഞത് എല്ലാരും സമ്മതിച്ചു തന്നിരിക്കുന്നു” എന്നങ്ങ് ഡിക്ലയര്‍ ചെയ്യുക…പുരപ്പുറത്ത് ഏണിവച്ചു കയറുക… അവിടെ തലകുത്തിമറിയുക…കൊക്കരക്കോ കോ..!
ബ്ലോഗിലെ തര്‍ക്കശാസ്ത്ര കോളെജിന്റെ പ്രിന്‍സിപ്പാള്‍ ഇപ്പൊ അങ്ങനെയാത്രെ ;))
സി. കെ. ബാബു
Oct 21, 2008 at 10:19
What an idea!
പക്ഷേങ്കി അതിനു് എന്റെ തൊലിക്കട്ടി പോരല്ലോ സൂരജേ! 😉
പ്രൊഫൈലിലെ പുതിയ പോട്ടത്തിലെ പൂച്ച പുലി ആയുര്‍വേദപഥ്യമെടുത്തു് മെലിഞ്ഞതോ, അതോ എലി പനങ്കള്ളുകുടിച്ചു് വീര്‍ത്തതോ? 😉
ഭൂമിപുത്രി
Oct 21, 2008 at 20:39
“ചാവുമെന്നു് നല്ല ഉറപ്പില്ലെങ്കിലും,..”
വിശ്വാസികളും അവിശ്വാസികളും ഒരേപോലെ അംഗീകരിച്ച് സ്വീകരിയ്ക്കാൻ റെഡിയായിരിയ്ക്കുന്ന ഒന്നാൺ മരണം.
ബാബൂനിങ്ങിനെയൊരു സംശയം വരാൻ കാര്യമെന്താണാവോ?
മരിയ്ക്കേണ്ട സമയത്ത് മാന്യമായി സ്ഥലം കാലിയാക്കീല്ലെങ്കിൽ ഇവിടുത്തെ നരകജീവിതം ഒന്നു മതിയാകും ബാബൂന്റെ പാപപരിഹാരത്തിൻ.
പാമരന്‍
Oct 22, 2008 at 01:31
വായിച്ചു മാഷെ. അപ്പഴാ ദേ ഇതും കണ്ടത്..
സി. കെ. ബാബു
Oct 22, 2008 at 11:01
ഭൂമിപുത്രി,
യാതൊന്നും അന്ധമായി വിശ്വസിക്കരുതു് എന്നു് കേട്ടിട്ടില്ലേ? മരണത്തെ ഇതില്‍നിന്നും ഒഴിവാക്കുന്നതെന്തിനു്? ഭാവി പ്രവചിക്കാന്‍ എല്ലാവരും കാക്കാത്തികളല്ലല്ലോ.
ഒരുദാഹരണം:
2×3 =3×2 ആയതുകൊണ്ടു് axb = bxa എന്നു് ലളിതമായ ഗണിതശാസ്ത്രത്തില്‍ നിഗമിക്കാം. പക്ഷേ a, b എന്നിവ മാട്രിക്സ് ആണെങ്കില്‍ axb = bxa എന്നതു് തെറ്റായ നിഗമനമാണു്. പക്ഷേ അതറിയാന്‍ ആദ്യം മാട്രിക്സ് എന്താണെന്നു് അറിയണം. അല്ലെങ്കില്‍ ഒരു നീണ്ട ചര്‍ച്ചയും ചുരുങ്ങിയതു് ഒരു അഞ്ഞൂറു് കമന്റുകളുമാവും ഫലം! പ്രപഞ്ചസൃഷ്ടി 5769 വര്‍ഷങ്ങള്‍ക്കു് മുന്‍പായിരുന്നു എന്ന ബൈബിള്‍കഥ പോലും കേട്ടിട്ടില്ലാത്ത വിശ്വാസികളുമായി ബിഗ്-ബാംഗും ഇവൊല്യൂഷനും ഡാര്‍വിനിസവുമൊക്കെ ചര്‍ച്ചചെയ്യുന്നതുപോലെ! 🙂
പാമരന്‍,
മില്ലര്‍ നടത്തിയ പരീക്ഷണത്തിന്റെ ലക്‍ഷ്യം ആദി അന്തരീക്ഷത്തിലും ഭൂമിയിലും സ്വാഭാവികമായി ഉണ്ടായിരുന്നിരിക്കേണ്ട അനോര്‍ഗാനിക് മോളിക്യൂളുകള്‍ക്കു് ഓര്‍ഗാനിക് മോളിക്യൂളുകളായി മാറാന്‍ കഴിയുമോ എന്നറിയുക എന്നതായിരുന്നു. അതിനു് വേണ്ട എനര്‍ജി നല്‍കിയതു് അന്നു് അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന മിന്നലാവാം എന്ന നിഗമനമാണു് എനര്‍ജിയുടെ സ്ഥാനത്തു് എലക്ട്രിക് സ്പാര്‍ക് ഉപയോഗിച്ചതിനു് കാരണം. എലക്ട്രിക് സ്പാര്‍ക്കിനുപകരം UV രശ്മികളോ, അഗ്നിപര്‍വ്വതങ്ങള്‍ വഴിയുള്ള സ്പാര്‍ക്കുകളോ, മറ്റു് എനര്‍ജി സോഴ്സുകളോ ഉപയോഗിച്ചാലും ഇതേ ഫലം ലഭിക്കും. ജീവന്‍ പോലും ഉണ്ടാവുന്നതിനു് മുന്‍പു് സംഭവിച്ച കാര്യങ്ങളുടെ എല്ലാ സാദ്ധ്യതകളും recontruct ചെയ്യുക, ഏറ്റവും plausible ആയതു് സ്വീകരിക്കുക, അല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളില്ലല്ലോ.