RSS

ഭൂമിയുടെ പരിണാമം

14 Oct

ഭൂമിയില്‍ ജീവന്‍ രൂപമെടുത്തതിനെപ്പറ്റി ശാസ്ത്രത്തില്‍ നിലവിലിരിക്കുന്ന നിലപാടുകളുടെ ഒരു ചെറിയ ക്രോഡീകരണമാണിതു്. ഈ വിഷയത്തില്‍ ഭൂലോകത്തിലും ബ്ലോഗിലും കാലാകാലങ്ങളിലായി അഭിപ്രായസംഘട്ടനങ്ങള്‍ നടക്കുന്നുണ്ടെന്നതിനാല്‍, – ഒരുപക്ഷേ എന്നാളും നടക്കുമെന്നതിനാല്‍, – ഭൂമിയുടെ പരിണാമം ഒരു അന്തരീക്ഷത്തിനും, അന്തരീക്ഷപരിണാമം ഭൂമിയില്‍ ജീവന്റെ ആദ്യഘടകങ്ങള്‍ രൂപമെടുക്കുന്നതിനും സഹായകമായതെങ്ങനെ എന്നതിലേക്കു് കടക്കുന്നതിനു് മുന്‍പു് ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടെ!

പ്രപഞ്ചവും ജീവനും “ദൈവം” എന്ന ഒരു പ്രപഞ്ചാതീതശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടു എന്ന മതങ്ങളുടെ, പ്രത്യേകിച്ചും സെമിറ്റിക്‌ മതങ്ങളുടെ, കാഴ്ചപ്പാടില്‍ നിന്നും വിഭിന്നമായി, പ്രകൃതിക്കു് അതീതമായ യാതൊരു ശക്തിയുടെയും പങ്കാളിത്തമില്ലാതെ ജീവന്‍ എന്ന പ്രതിഭാസം സ്വയമേവ രൂപമെടുക്കുകയായിരുന്നു എന്ന അഭിപ്രായമാണു് ശാസ്ത്രം പ്രതിനിധീകരിക്കുന്നതു്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മതങ്ങളുടെ അടിസ്ഥാനനിലപാടുകള്‍ ഏതാനും നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള ശാസ്ത്രീയ അറിവുകള്‍ വഴി അര്‍ത്ഥശൂന്യമാവുക എന്നതു് മതങ്ങളുടെ നിലനില്‍പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണു്. അതുകൊണ്ടു് മതം ശാസ്ത്രനിലപാടുകളെ എതിര്‍ക്കാന്‍ നിര്‍ബന്ധിതമാവുന്നു. അതേസമയം, ശാസ്ത്രജ്ഞരെ സംബന്ധിച്ചു് ഇതുവരെ തെളിയിക്കപ്പെട്ട എല്ലാ വസ്തുതകളും ജീവന്റെ രൂപീകരണപ്രക്രിയയിലെ അവരുടെ നിലപാടു് നീതീകരിക്കുന്നവയാണെന്നതിനാല്‍, അവര്‍ മതത്തിനു് ചെവി നല്‍കുന്നതുമില്ല. അണികള്‍ പിടിവിട്ടു് പോകരുതെന്നതിനാല്‍, മതങ്ങള്‍ സ്വന്തനിലപാടുകളുടെ വിശദീകരണത്തിനും നീതീകരണത്തിനും നിര്‍ബന്ധിതരാവുന്നു. അതിനു് അവര്‍ക്കുള്ള ആയുധങ്ങള്‍ സഹസ്രാബ്ദങ്ങളിലൂടെ സംഭരിച്ച ധനവും, അത്രയും നാളുകളായിത്തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന “ദൈവവചനങ്ങളും” മാത്രമാണു്. ശാസ്ത്രത്തിനു് അറിയാത്ത ധാരാളം കാര്യങ്ങള്‍ ഉണ്ടെന്നതാണു് മതപക്ഷത്തിന്റെ ഒരു പുതിയ വാദമുഖം! ഈ വിവരം അവര്‍ അറിഞ്ഞതുതന്നെ, ശാസ്ത്രം പറഞ്ഞതുകൊണ്ടു് മാത്രമാണു് എന്നതു് മറ്റൊരു സത്യം. ശാസ്ത്രത്തിനു് അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും അറിയേണ്ടുന്നവനായ ഒരു ദൈവത്തെ “അറിയുന്നവര്‍” ആണു് തങ്ങള്‍ എന്ന നിലപാടിലെ പൊരുത്തക്കേടു് എന്തുകൊണ്ടോ അവര്‍ തിരിച്ചറിയുന്നില്ല. പ്രപഞ്ചത്തെ സംബന്ധിച്ചു് അത്തരം “ശാസ്ത്രത്തിനറിയാത്ത അറിവുകള്‍” ദൈവം എവിടെയാണോ ശേഖരിച്ചിരിക്കുന്നതു്, (അവനവന്റെ വേദഗ്രന്ഥങ്ങളില്‍ ആണെന്നു് ഓരോരുത്തന്റെയും വിശ്വാസം!) അവിടെനിന്നും എടുത്തു് തന്റേടത്തോടെ ശാസ്ത്രത്തിന്റെ മുന്നിലേക്കിട്ടിരുന്നെങ്കില്‍, ഒറ്റയടിക്കു് അവര്‍ക്കു് ശാസ്ത്രത്തെ കടത്തിവെട്ടാന്‍ കഴിഞ്ഞേനെ! മാത്രവുമല്ല, അറിവു് തേടുന്ന സകല മനുഷ്യര്‍ക്കും അതു് പ്രയോജനകരവുമായിരുന്നേനെ! മനുഷ്യന്‍ അറിവുനേടുന്നതു് ദൈവങ്ങള്‍ക്കു് ഇഷ്ടമുള്ള കാര്യമല്ല. ബൈബിളില്‍ പറയുന്നപോലെ, അറിവു് നേടിയാല്‍ മനുഷ്യര്‍ “ദൈവത്തേപ്പോലെ” ആകുമല്ലോ! അതുകൊണ്ടാണു് അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു് ദൈവം കല്‍പിച്ചതുതന്നെ! അപ്പോള്‍, അതുപോലൊരു ദൈവത്തിന്റെ പ്രതിനിധികള്‍ അറിവു് പങ്കുവയ്ക്കുന്നവരാവുമോ? അവരുടെ നിലപാടു് ശരിയെങ്കില്‍, സത്യം രഹസ്യത്തിലാവണം സ്ഥിതിചെയ്യുന്നതു്”!

“യഥാര്‍ത്ഥ” ദൈവം ശാസ്ത്രത്തെ ഭയപ്പെടണമോ? സര്‍വ്വശക്തനായ ഒരു ദൈവത്തിന്റെ അസ്തിത്വം മനുഷ്യര്‍ വാദിച്ചു് സ്ഥാപിക്കേണ്ടതുണ്ടോ? ദൈവത്തെ മനുഷ്യര്‍ സഹായിക്കണമോ? രോഗം, പ്രകൃതിക്ഷോഭം മുതലായ മാരകമായ സാഹചര്യങ്ങളില്‍ നിന്നു് ഭാഗ്യം മൂലം രക്ഷപെടുന്നവരില്‍ എല്ലാ മതവിഭാഗങ്ങളും, നിരീശ്വരവാദികളുമുണ്ടു്. രക്ഷപെട്ട നിരീശ്വരവാദികള്‍ക്കു് അതു് ഭാഗ്യം കൊണ്ടാണെന്നു് പറയാനും, വിശ്വാസികള്‍ക്കു് അതു് ദൈവാനുഗ്രഹം കൊണ്ടാണെന്നു് പറയാനും കഴിയുന്നതു് അവര്‍ ജീവിക്കുന്നതുകൊണ്ടല്ലേ? അതേ അത്യാഹിതങ്ങള്‍ വഴി മരിക്കേണ്ടിവന്നവരോ? അവരുടെ “ആത്മാവിനു്” അഭിപ്രായമില്ലേ? അവരെ ദൈവം വിളിച്ചതെങ്കില്‍, ഒരുപക്ഷേ അതുവഴി അനാഥരാവേണ്ടിവന്ന അവരുടെ കുഞ്ഞുങ്ങളുടെ ശരീരത്തിന്റെയും ആത്മാവിന്റെയും അഭിപ്രായങ്ങളോ? തീര്‍ച്ചയായും ഈ ചോദ്യങ്ങള്‍ക്കൊക്കെ എന്തെങ്കിലും മുട്ടായുക്തികള്‍ മറുപടി ആയി നല്‍കാനാവും. മനുഷ്യരുടെ ഏതു് നിലപാടുകള്‍ക്കും അവയുടേതായ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ആദ്ധ്യാത്മികതയും വൈദികജ്ഞാനവുമൊക്കെ ഘോഷിക്കുന്ന മഹാജ്ഞാനികളെ (ദൈവജ്ഞാനത്തെ അറിയുക എന്നതില്‍ കവിഞ്ഞ മഹാജ്ഞാനമുണ്ടോ?) ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. അവര്‍ ഇത്തിരി വലിയവനായ ദൈവത്തെ പ്രതിനിധീകരിക്കുന്നവരായതിനാല്‍, അവര്‍ക്കു് ആരെയും അവജ്ഞയോടെ വീക്ഷിക്കാം, വിമര്‍ശിക്കാം. അതേസമയം, ഈ വല്യേട്ടന്മാര്‍ക്കു് അതേ നാണയത്തില്‍ ആരെങ്കിലും മറുപടി കൊടുത്താല്‍ അവര്‍ കെറുവിക്കും! കാരണം അവര്‍ ദൈവത്തെപ്പോലെതന്നെ ഇത്തിരി വലിയവരാണല്ലോ! ദൈവത്തിന്റെ ജ്ഞാനം വല്ല “അണ്ടനും അടകോടനും” ഒക്കെ പുഷ്പം പോലെ വലിച്ചെറിയാവുന്നതാണെന്നു് വന്നാല്‍ എന്താവും ലോകത്തിന്റെ ഗതി? ലോകത്തിന്റെ ചുമതല വഹിക്കുന്നവര്‍ക്കല്ലേ അതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലാവൂ! അതുകൊണ്ടു് വിമര്‍ശിക്കുന്നവനെ നിശബ്ദനാക്കാന്‍ വേണ്ടി അവനു് എവിടെയെങ്കിലും ചൊറിയോ ചിരങ്ങോ ഉണ്ടെങ്കില്‍ അതിന്റെ പൊറ്റ വരെ മാന്തി പൊളിച്ചു് നാല്‍ക്കവലയില്‍ ചെണ്ടമേളത്തോടെ പ്രതിഷ്ഠിച്ചു് സ്വന്തം യോഗ്യത തെളിയിക്കാന്‍ നോക്കും! അതാണു് ദൈവസ്നേഹിയുടെ മനുഷ്യസ്നേഹം! ദൈവസ്നേഹിയുടെ സ്നേഹം മനുഷ്യര്‍ക്കു് ലഭിക്കണമെങ്കില്‍ അവര്‍ ദൈവത്തെ – നിവൃത്തിയുണ്ടെങ്കില്‍ സ്വന്തം ദൈവത്തെ! – സ്നേഹിക്കുന്നവരായിരിക്കണം. ഒരുവന്‍ ദൈവത്തെ സ്നേഹിക്കാത്തവന്‍ ആയതും ദൈവം അറിഞ്ഞുകൊണ്ടാവണം എന്നതിനാല്‍, ദൈവം വെളിവുള്ളവനും, ചെയ്യുന്ന പ്രവൃത്തികള്‍ക്കു് എന്തെങ്കിലും ലക്‍ഷ്യമുള്ളവനുമാണെങ്കില്‍, ആ “നിഷേധി”യിലും ദൈവം ഉണ്ടായിരിക്കേണ്ടതല്ലേ എന്നൊന്നും ചോദിച്ചിട്ടു് കാര്യമില്ല. അല്ലെങ്കില്‍ തന്നെ, ചോദിക്കാന്‍ ആര്‍ക്കാണു് കഴിയാത്തതു്? ഉത്തരങ്ങള്‍ക്കല്ലേ പഞ്ഞം! (“ദൈവം” എന്ന സര്‍വ്വചോദ്യസംഹാരിയെ മറക്കുന്നില്ല!) ദൈവസ്നേഹികളുടെ മനുഷ്യസ്നേഹത്തിലെ “ജാതീയ-വര്‍ഗ്ഗീയ” പരിഗണനകള്‍ വേറൊരദ്ധ്യായം!

“എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു് തെളിച്ചും വ്യക്തമായും പറയാന്‍ സാധിക്കും, ഇല്ലെങ്കില്‍ മനുഷ്യന്‍ നിശബ്ദത പാലിക്കണം” എന്നു് ഒരു തത്വചിന്തകന്‍ ഒരിക്കല്‍ പറഞ്ഞതായി കേട്ടിട്ടുണ്ടു്. നിശബ്ദത പാലിച്ചില്ലെങ്കിലും, പറയുന്ന കാര്യങ്ങള്‍ പത്തുപേര്‍ക്കു് പതിനഞ്ചുവിധത്തില്‍ അര്‍ത്ഥം കല്‍പിക്കാവുന്ന വിധത്തിലായാല്‍ അതുകൊണ്ടു് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്നു് തോന്നുന്നില്ല. എങ്കിലും, മനുഷ്യര്‍ ഒരുപാടു് കാലങ്ങളിലൂടെ, ഒരുപാടു് ജീവന്‍ നഷ്ടപ്പെടുത്തി ജനാധിപത്യവും, അഭിപ്രായസ്വാതന്ത്ര്യവും ഒക്കെ നേടിയെടുത്തു് ചെവികളെ ഈയത്തില്‍ നിന്നും സ്വതന്ത്രമാക്കിയതിനാല്‍, മനുഷ്യര്‍ക്കു് ഒരഭിപ്രായം പറയാനോ, മറ്റുള്ളവര്‍ പറയുന്നതു് കേള്‍ക്കാനോ ഇന്നു് അധികപങ്കു് രാജ്യങ്ങളിലും വലിയ തടസ്സമില്ല. പറഞ്ഞിട്ടു് പ്രയോജനമില്ലെങ്കില്‍ മിണ്ടാതിരിക്കുകയുമാവാം എന്നതു് വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ മഹാഭാഗ്യം!

ലോകജനതയില്‍ എണ്ണംകൊണ്ടു് അവഗണനീയമായ ഒരു വിഭാഗമാണു് ശാസ്ത്രജ്ഞര്‍. മുഴുവന്‍ മനുഷ്യരും തന്നെ ഏതെങ്കിലുമൊക്കെ മതങ്ങളില്‍ വിശ്വസിക്കുന്നവരാണു്. കാരണം, മതവിശ്വാസം എളുപ്പമാണു്, സാമ്പത്തികമായി താങ്ങാവുന്നതാണു്, വേണ്ടത്ര ചേരുവകള്‍ ചേര്‍ത്തു് പാകം ചെയ്തു്, ചെറുപ്പം മുതല്‍ തീറ്റി ശീലിപ്പിച്ചതിനാല്‍ ഇഷ്ടാഹാരമായി മാറിയതാണു്. (വലിയ ചൂടില്ലാതെ കിട്ടിയാല്‍ പന്നി പായസവും കുടിക്കും. പക്ഷേ, ഒരിക്കലും പായസം കുടിച്ചിട്ടില്ലെങ്കില്‍ അതു് കുടിക്കണമെന്നൊരു സ്വപ്നം കാണാന്‍ പന്നിക്കും കഴിയില്ല. യുവത്വത്തില്‍ പായസം ആസ്വദിച്ചവരില്‍ ചിലരെങ്കിലും വാര്‍ദ്ധക്യത്തില്‍ പഴയ “പന്നിത്തീറ്റയിലേക്കു്” മടങ്ങുന്നതിനു് കാരണം ഈ ഗൃഹാതുരത്വമാണു്.) ചുരുക്കത്തില്‍, മതങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ലോകചിത്രവും ഏതാനും വാചകങ്ങളില്‍ ഒതുക്കാന്‍ മാത്രം ലളിതമാണു്. “ദൈവം – മതസ്ഥാപകന്‍ – പുരോഹിതര്‍/അധികാരികള്‍ – കാലാള്‍പ്പട”! തീര്‍ന്നു! ഏതു് മതത്തിലായാലും, ഈ പറഞ്ഞതിനു് അപ്പുറത്തുള്ളതെല്ലാം പൊടിപ്പും തൊങ്ങലും തോരണവും കെട്ടിയ കെട്ടുകഥകള്‍ മാത്രം! നൂറ്റാണ്ടുകളിലൂടെ ആവര്‍ത്തിക്കപ്പെട്ടു്, മനസ്സിലെ മായ്ക്കാനാവാത്ത “വടു” ആയി മാറിയ പാണന്റെ പാട്ടുകള്‍! മതസ്ഥാപകന്‍ ഏറ്റുവാങ്ങിയതും, മതാധികാരികള്‍ വ്യാഖ്യാനിക്കുന്നതുമായ ദൈവകല്‍പനകള്‍ വീഴ്ചകൂടാതെ പ്രാവര്‍ത്തികമാക്കുക എന്നൊരു ഉത്തരവാദിത്വമേ വിശ്വാസികളായ കാലാള്‍പ്പടയ്ക്കുള്ളു. ഒരു വിശ്വാസിയെസംബന്ധിച്ചു് ആവര്‍ത്തിക്കപ്പെടേണ്ട ചില കാണാപ്പാഠങ്ങളിലും, ഏതാനും ശാരീരിക പ്രവൃത്തികളിലും ഒതുങ്ങുന്ന ചില ശീലങ്ങളാണു് മതവിശ്വാസം. പരിശീലിപ്പിച്ചാല്‍ ആനയെ സ്റ്റൂളില്‍ ഇരുത്താമെന്നു് സര്‍ക്കസ്‌ കണ്ടിട്ടുള്ളവര്‍ക്കറിയാം. ആനകള്‍ ജനിക്കുന്നതു് പക്ഷേ സ്റ്റൂളില്‍ ഇരിക്കാനല്ല. ശീലിപ്പിച്ചാല്‍ തത്തമ്മയെക്കൊണ്ടു് ഉടമസ്ഥന്റെ ദേശീയഗാനം പാടിക്കാം. പക്ഷേ, ഉഗാണ്ടയുടെയോ ഉസ്ബക്കിസ്ഥാന്റെയോ ദേശീയഗാനം പാടാനല്ല ഒരു തത്തമ്മ ജനിക്കുന്നതു്. മനുഷ്യനെ “സ്വന്തം സ്റ്റൂളില്‍” ഇരിക്കുന്ന ആനയും, “അവനവന്റെ ദേശീയഗാനം” പാടുന്ന തത്തയുമാക്കി മാറ്റി പണമുണ്ടാക്കാന്‍ കഴിയുന്ന മാന്ത്രികതന്ത്രമാണു് മതം. സര്‍വ്വോപരി, – ഇതു് വളരെ പ്രധാനപ്പെട്ട കാര്യമാണു് – നമുക്കുവേണ്ടി മറ്റാരോ ചിന്തിക്കുന്നതുകൊണ്ടു്, സ്വയം ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല. മതാധികാരികള്‍ പറയുന്നതു് വിശ്വസിച്ചാല്‍ ചോദ്യങ്ങളില്ല. ചോദ്യങ്ങള്‍ ഇല്ലാത്തിടത്തു് മറുപടിയുടെ ആവശ്യവുമില്ല. ഇനി അഥവാ, ചോദ്യം ഉണ്ടെങ്കില്‍ ഏതു് ചോദ്യത്തിനും നല്‍കാന്‍ കഴിയുന്ന മറുപടിയുമുണ്ടു് – “ദൈവം”! പണ്ടൊക്കെ ചോദ്യകര്‍ത്താവിന്റെ കഴുത്തു് മുറിയ്ക്കുന്നതും ഒരുതരം മറുപടി ആയിരുന്നു. (ഈ രീതി ചില രാജ്യങ്ങളില്‍ ഇന്നും നിലവിലുണ്ടു്!) എത്ര ലളിതമാണു് കാര്യങ്ങള്‍ എന്നു് നോക്കൂ! ആര്‍ക്കും യാതൊരു ബുദ്ധിയുടെയോ, ചിന്തയുടെയോ, അക്ഷരജ്ഞാനത്തിന്റെ പോലുമോ ആവശ്യമില്ലാതെ പിന്‍തുടരാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍!

ശാസ്ത്രസംബന്ധമായ കാര്യങ്ങള്‍ ഇപ്പറഞ്ഞതുപോലെ അത്ര എളുപ്പമായ കാര്യങ്ങളല്ല. ശാസ്ത്രത്തില്‍ വ്യാഖ്യാനം എന്നതു് വാചകമടിയോ, വളച്ചൊടിക്കലോ അല്ല. അവിടെ പല നിബന്ധനകളും പാലിക്കേണ്ടതുണ്ടു്. മനുഷ്യചിന്തയ്ക്കു് അഗമ്യമായ സ്വര്‍ഗ്ഗം എന്നൊരു മേഖലയില്‍ ദൈവം എന്ന ഇടിച്ചാല്‍ പൊട്ടാത്ത ഒരു ഉത്തരം നിശ്ചയിച്ചുറപ്പിച്ചിട്ടു്, അതിനനുയോജ്യമായ ചോദ്യങ്ങള്‍ തയ്യാറാക്കുന്ന മതങ്ങളുടെ രീതിയില്‍ നിന്നു് വിഭിന്നമായി, ചെറിയചെറിയ ചുവടുകളിലൂടെ, കൊച്ചുകൊച്ചു് ചോദ്യങ്ങളിലൂടെ മറുപടികള്‍ കണ്ടെത്തി അറിവിന്റെ ചക്രവാളം പടിപടിയായി വികസിപ്പിക്കുന്നതാണു് ശാസ്ത്രം പിന്‍തുടരുന്ന രീതി. അറിവിന്റെ അടിത്തറകളില്‍ നിന്നു് ആരംഭിക്കാതെ, “ജ്ഞാനവൃക്ഷത്തിന്റെ” ഏതെങ്കിലും ഒരു കൊമ്പില്‍ തൂങ്ങിക്കിടന്നു് വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നവരെ തൃപ്തിപ്പെടുത്തുക എന്നതു് ശാസ്ത്രത്തിനു് സാദ്ധ്യമല്ല. അങ്ങനെയൊരു ഉത്തര‍വാദിത്വം ഒരു ശാസ്ത്രവും ഏറ്റെടുത്തിട്ടുമില്ല. സ്വന്ത വഴികള്‍ ഓരോ മനുഷ്യനും സ്വയം കണ്ടെത്തണം. ഏതു് ചോദ്യത്തിനും റെഡി മെയ്ഡ് മറുപടി ലഭിച്ചില്ലെങ്കില്‍ അതു് ശാസ്ത്രത്തിന്റെ കഴിവുകേടായി പരിഹസിക്കാന്‍ ശ്രമിക്കുന്നതില്‍ കൂടിയ ഒരു തെളിവു് അത്തരം ചോദ്യകര്‍ത്താക്കളുടെ അറിവിന്റെയും, വീക്ഷണചക്രവാളത്തിന്റെയും പരിമിതിക്കു് ആവശ്യമില്ല. ഈ വസ്തുത അവര്‍ക്കു് സ്വയം മനസ്സിലാവാത്തതിന്റെ കാരണവും വേറെങ്ങും തേടേണ്ടതില്ല.

ഇവിടെ “ഇടിച്ചാല്‍ പൊട്ടാത്ത” എന്ന വിശേഷണം ദൈവത്തിനു് കൊടുത്തതു്, ദൈവം എന്നതു് ഉണ്ടെന്നോ, ഇല്ലെന്നോ തെളിയിക്കാന്‍ കഴിയാത്ത ഒരു ആശയം ആയതുകൊണ്ടാണു്. ഒരു പൊതുഘടകം ഇല്ലാത്ത രണ്ടു് ലോകങ്ങളെ സമന്വയിക്കാനുള്ള ഏതു് ശ്രമവും വൈരുദ്ധ്യത്തിലേ അവസാനിക്കൂ. അത്തരം രണ്ടു് ലോകങ്ങളാണു് ദൈവവും, പ്രപഞ്ചവും. ഇന്ദ്രിയാധിഷ്ഠിതമായി മനുഷ്യബുദ്ധിക്കു് അഗമ്യവും, അതേസമയം ഭാവനവഴി, എന്തും ഏതും സങ്കല്‍പിക്കാനാവുന്നതുമായ ഒരു ലോകത്തെ, ഇന്ദ്രിയഗോചരമായ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തിലെ മാനദണ്ഡങ്ങള്‍ കൊണ്ടു് അനുകൂലമോ, പ്രതികൂലമോ ആയി യുക്തിപൂര്‍വ്വം അപഗ്രഥിക്കാനാവില്ല. ആവുന്നതു് കുറേ ബഹളം വയ്ക്കല്‍ മാത്രം! ബഹളക്കാര്‍ക്കു് യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തെസംബന്ധിച്ച അറിവു് എത്ര പരിമിതമാണോ, അത്രയും കൂടുതലായിരിക്കും ബഹളത്തിന്റെ ഒച്ച! വീണ്ടും വ്യക്തിസ്വാതന്ത്ര്യം!

ഇതെഴുന്നതിന്റെ ലക്‍ഷ്യം ഇവിടെ പറയുന്ന കാര്യങ്ങള്‍ അറിയാത്തവരും, എന്നാല്‍ അറിയണമെന്നു് ആഗ്രഹമുള്ളവരും ആയവര്‍ക്കു് ഒരു ചെറിയ സഹായം എന്ന രീതിയിലാണു്. ഈ നിലപാടുകളോടു് യോജിക്കാന്‍ കഴിയാത്ത ധാരാളം പേര്‍ ഉണ്ടാവാം. അവര്‍ ഇതിനെ അവഗണിച്ചേക്കുക. പ്രത്യേകിച്ചും ഈ വിഷയത്തിലെ മതപരനിലപാടുകാരോടു് ഒരു തര്‍ക്കമോ, അവരെ അവരുടെ വിശ്വാസങ്ങളില്‍ നിന്നു് പിന്‍തിരിപ്പിക്കലോ എന്റെ ലക്‍ഷ്യമല്ല. കാരണം, അതിനുള്ള കഴിവു് എനിക്കില്ല. മതപണ്ഡിതര്‍ ദൈവത്തെ അറിഞ്ഞിട്ടുള്ളവരായതിനാല്‍, അവരുമായി ഒരു തര്‍ക്കം എന്റെ ദൃഷ്ടിയില്‍ ദൈവവുമായി നേരിട്ടുള്ള ഒരു തര്‍ക്കം തന്നെയാണു്! ഇന്നോ നാളെയോ രോഗമോ അപകടമോ മൂലം, മലമൂത്രവിസര്‍ജ്ജനം ഇരുന്നിടത്തു് ഇരുന്നോ, കിടന്നിടത്തു് കിടന്നോ ചെയ്യേണ്ടിവന്നേക്കാവുന്നവനായ ഞാന്‍ അങ്ങനെയൊരു സാഹസത്തിനു് മുതിരരുതു് എന്ന അറിവു് അഹങ്കരിക്കുന്നൊരു അല്‍പജ്ഞാനി ആണെങ്കിലും എനിക്കുമുണ്ടു്.

ഇനി വിഷയത്തിലേക്കു്:

അനേക കോടി വര്‍ഷങ്ങളിലൂടെ, “സോളാര്‍ നെബ്യുല” യുടെ 99,9 ശതമാനവും ഉള്‍ക്കൊണ്ടുകൊണ്ടു് ആദ്യം സൂര്യനും, “ബാക്കിയായ” നിസ്സാര അംശത്തില്‍ നിന്നും പില്‍ക്കാലങ്ങളില്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളും രൂപമെടുത്തു. സൗരയൂഥരൂപീകരണമല്ല ഇവിടെ വിഷയം എന്നതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്കു് കടക്കുന്നില്ല. ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പു് ആ ഗ്രഹങ്ങളില്‍ ഒന്നായി ജന്മമെടുത്ത ഭൂമിയില്‍ ശൂന്യാകാശത്തില്‍ നിന്നും കാലാന്തരങ്ങളില്‍ എത്തിപ്പെട്ട ഉല്‍ക്കകളിലെയും, പൊടിപടലങ്ങളിലെയും ദ്രവ്യങ്ങള്‍ വഴി വളര്‍ന്നു് ഭൂമി അതിന്റെ ഇന്നത്തെ വലിപ്പത്തില്‍ എത്തിച്ചേരുകയായിരുന്നു. ഭാരമുള്ള മൂലകങ്ങളുമായി രാസപ്രവര്‍ത്തനം നടത്തി സംയുക്തങ്ങളായി ഭൂമിക്കുള്ളില്‍ പെട്ടുപോയവയൊഴികെ, ബാക്കി വാതകരൂപത്തിലുള്ള ഘടകങ്ങള്‍ എല്ലാം ശൂന്യാകാശത്തിലേക്കു് രക്ഷപെട്ടതിനാല്‍, ആദ്യകാലഭൂമിയില്‍ ഒരു “അന്തരീക്ഷം” ഉണ്ടായിരുന്നില്ല. മറ്റു് മൂലകങ്ങളുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാത്ത ഹീലിയം പോലുള്ള ഇനര്‍ട്ട്‌ ഗ്യാസുകള്‍ ഭൂമിയില്‍ വളരെ വിരളമാണെന്നതു് ഇതിനൊരു തെളിവായി കാണാവുന്നതാണു്. സൂര്യന്റെ ദ്രവ്യത്തിലെ 98 ശതമാനവും ഭാരം കുറഞ്ഞ വാതകങ്ങളായ ഹൈഡ്രജനും ഹീലിയവും ആണെങ്കിലും, ഭൂമിയിലെ ദ്രവ്യത്തിന്റെ നല്ലൊരു പങ്കു് ഇരുമ്പു്, നിക്കല്‍ മുതലായ ഭാരമേറിയ പദാര്‍ത്ഥങ്ങളാണെന്നതും ഈ നിഗമനത്തെ ശരിവയ്ക്കുന്നു. അങ്ങനെ രൂപമെടുത്ത സംയുക്തങ്ങള്‍ വീണ്ടും നശിപ്പിക്കപ്പെട്ടില്ല എന്നതില്‍ നിന്നും, ഭൂമിയുടെ ഉള്ളിലെ ഉരുകിയ ദ്രവ്യത്തില്‍ നിന്നും വ്യത്യസ്തമായി, മിതമായ ഊഷ്മാവായിരുന്നിരിക്കണം അന്നത്തെ ഭൗമോപരിതലങ്ങളില്‍ നിലനിന്നിരുന്നതു് എന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

ഭൂമിയില്‍ ജീവന്‍ രൂപമെടുക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ക്കു് കാരണഭൂതമായ പല ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണു് അഗ്നിപര്‍വ്വതങ്ങള്‍. അവ ഇന്നത്തേപ്പോലെതന്നെ അന്നും, ഭൗമാന്തര്‍ഭാഗത്തുനിന്നും പുറത്തേക്കു് തുപ്പിയിരുന്നതു് ഉരുകിയ ലാവയോടൊപ്പം, വലിയ അളവില്‍ നീരാവിയും, നൈട്രജനും, കാര്‍ബണ്‍ ഡയോക്സൈഡും, ഹൈഡ്രജന്‍, മെഥെയ്ന്‍, അമ്മോണിയ മുതലായ വാതകങ്ങളുമായിരുന്നു. ഭൂമിയുടെ പരിണാമത്തിന്റെ ഈ ഘട്ടത്തില്‍, ഒരു അന്തരീക്ഷം രൂപംകൊള്ളുവാന്‍ അത്യാവശ്യമായിരുന്ന, ഭൂമിക്കുള്ളില്‍ സംയുക്തങ്ങളായി മറഞ്ഞിരുന്നിരുന്ന വാതകങ്ങള്‍, ഭൂമിതന്നെ അഗ്നിപര്‍വ്വതസ്ഫോടനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തിലേക്കു് എത്തിക്കുകയായിരുന്നു. ഇന്നു് ഏകദേശം അഞ്ഞൂറു് അഗ്നിപര്‍വ്വതങ്ങളാണു് ആക്റ്റീവ്‌ ആയവ എന്നു് കണക്കാക്കപ്പെടുന്നതു്. ആരംഭത്തില്‍ സ്വാഭാവികമായും അതില്‍ എത്രയോ കൂടുതല്‍ ആയിരുന്നിരിക്കണം. അഗ്നിപര്‍വ്വതങ്ങള്‍ ഇന്നു് ഒരു വര്‍ഷം പുറത്തേക്കു് വര്‍ഷിക്കുന്ന ആകെ മിശ്രിതം ഏതാണ്ടു് മൂന്നു് ക്യുബിക്‌ കിലോമീറ്റര്‍ ആണു്. അതായതു്, കഴിഞ്ഞ 450 കോടി വര്‍ഷങ്ങളിലെ‍ അവയുടെ അളവു് നല്ലൊരു പരിധിവരെ നിര്‍ണ്ണയിക്കാനാവും. വാതകങ്ങളില്‍ 97 ശതമാനവും നീരാവി ആണെന്നിരിക്കെ, അതിദീര്‍ഘമായ ഈ കാലഘട്ടത്തില്‍ അവയില്‍ നിന്നും സമുദ്രങ്ങളും, വാതകങ്ങളില്‍നിന്നും അന്തരീക്ഷവും, ഖരപദാര്‍ത്ഥങ്ങളില്‍നിന്നും ഭൂഖണ്ഡങ്ങളും രൂപമെടുത്തു എന്നതില്‍ യുക്തിഹീനമായി ഒന്നുമില്ല എന്നു് സാരം. മാത്രവുമല്ല, ഭൂമിയിലെ ഇവയുടെ ഇന്നത്തെ വ്യാപ്തത്തിന്റെ കണക്കുകളുമായി അവ പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടു്.

മറ്റു് വാതകങ്ങളോടൊപ്പം അന്തരീക്ഷത്തിലെത്തിയ നീരാവി തണുക്കാനും മഴയായി പെയ്യാനും തുടങ്ങി. പക്ഷേ, ഭൂതലത്തിനു് അപ്പോഴും നൂറു് ഡിഗ്രി സെല്‍ഷ്യസിലും വളരെക്കൂടുതല്‍ താപനിലയുണ്ടായിരുന്നതിനാല്‍, മഴ ഭൂമിയെ നനയ്ക്കുകയായിരുന്നില്ല, പെയ്യുന്ന മഴയെ ഭൂതലം നിരന്തരം വീണ്ടും ആവിയാക്കുകയായിരുന്നു. അങ്ങനെ, വീണ്ടും അന്തരീക്ഷത്തിലെത്തിക്കൊണ്ടിരുന്ന നീരാവി, താപം കൂടുതല്‍ വേഗതയില്‍ അന്തരീക്ഷത്തിന്റെ ഉപരിതലങ്ങളില്‍ എത്തുന്നതിനും, ശൂന്യാകാശത്തിലേക്കു് റേഡിയേറ്റ്‌ ചെയ്യപ്പെടുന്നതിനും, അതുവഴി ഭൗമോപരിതലം കൂടുതല്‍ വേഗത്തില്‍ തണുക്കുന്നതിനും സഹായകമായി. ഇന്നത്തെ ഭൂമിയിലെ മുഴുവന്‍ ജലവും നീരാവിയായി അന്തരീക്ഷത്തില്‍ നിറഞ്ഞു് നിന്നിരുന്നുവെങ്കില്‍, ഭൂതലത്തിലെ മര്‍ദ്ദം ഇപ്പോഴത്തേതിനേക്കാള്‍ ഏകദേശം മുന്നൂറു് മടങ്ങു് കൂടുതലായിരുന്നേനെ! അന്നു് ഇത്രയും ജലം ഭൂമിയില്‍ ഇല്ലായിരുന്നു എന്നതിനാല്‍ അന്നത്തെ മര്‍ദ്ദം ഇതിലും അല്‍പം കുറവായിരുന്നിരിക്കാമെന്നതു് സ്വാഭാവികം. അക്കാലത്തെ ഭൂമിയുടെ അവസ്ഥ ഭീകരമായിരുന്നിരിക്കണം! നീരാവിയില്‍ മൂടിയിരുന്നതിനാല്‍ ഒരു തരി സൂര്യപ്രകാശം പോലും കാണാനില്ലാത്ത ഇരുണ്ട ഭൂമി! നിരന്തരം കര്‍ണ്ണകഠോരവും ഭയാനകവുമായ ഇടിയും മിന്നലും നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷം! ഭൂമിയിലെ വെളിച്ചം മിന്നലിന്റേതുമാത്രം! ഈ അവസ്ഥയില്‍ ഭൂമി അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കണം എന്നാണു് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. അതിനുശേഷം ഭൂതലം കൂടുതല്‍ തണുത്തപ്പോള്‍, പെയ്യുന്ന മഴ ജലമായി ഭൂമിയിലെ “വലിയ കുഴികളില്‍” നിറയാനും അങ്ങനെ, ആദ്യസാഗരങ്ങള്‍ രൂപമെടുക്കാനും തുടങ്ങി. കാലാന്തരത്തില്‍ അന്തരീക്ഷം തെളിഞ്ഞു. ഭൂഖണ്ഡങ്ങളുടെ ആകെ വിസ്തീര്‍ണ്ണം ഏതാണ്ട്‌ ഇന്നത്തേതുതന്നെ ആയിരുന്നെങ്കിലും, ഭൂഖണ്ഡങ്ങളുടെ ചലനങ്ങള്‍ ആരംഭിച്ചിരുന്നില്ലാത്തതിനാല്‍ ഉണങ്ങിയ ഭൂമിയുടെ “മുഖച്ഛായ” ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ജീവന്‍ രൂപമെടുത്തിരുന്നില്ല. കാറ്റും മഴയും ഉപരിതലത്തിലെ പാറകളെയും, തണുത്ത ലാവയേയുമൊക്കെ പൊട്ടിക്കാനും പൊടിക്കാനും ആരംഭിച്ചതുവഴി ഭൗമോപരിതലം മണലും പൊടിയും കൊണ്ടു് നിറഞ്ഞുകൊണ്ടിരുന്നു.

അടുത്തതില്‍: അന്തരീക്ഷപരിണാമം.

 
33 Comments

Posted by on Oct 14, 2008 in ലേഖനം

 

Tags: , , ,

33 responses to “ഭൂമിയുടെ പരിണാമം

  1. തറവാടി

    Oct 14, 2008 at 14:35

    >>>പഴക്കമുള്ള ശാസ്ത്രീയ അറിവുകള്‍ വഴി അര്‍ത്ഥശൂന്യമാവുക എന്നതു് മതങ്ങളുടെ നിലനില്‍പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണു്<<<

    ഏതൊക്കെ ശാസ്ത്ര നിയമങ്ങളാണ് മത വിശ്വാസങ്ങള്‍ക്കെതിരെന്നത് അറിയാന്‍ താത്പര്യമുണ്ട്.

    >>>അതുകൊണ്ടു് മതം ശാസ്ത്രനിലപാടുകളെ എതിര്‍ക്കാന്‍ നിര്‍ബന്ധിതമാവുന്നു<<<

    അംഗീകരിക്കാനാവാത്ത കുറച്ചനുമാനങ്ങള്‍ ശാസ്ത്രം എന്ന ലേബലില്‍ ഉണ്ടാക്കിയാലും അംഗീകരിക്കപ്പെടില്ല.

    >>> ശാസ്ത്രജ്ഞരെ സംബന്ധിച്ചു് ഇതുവരെ തെളിയിക്കപ്പെട്ട എല്ലാ വസ്തുതകളും ജീവന്റെ രൂപീകരണപ്രക്രിയയിലെ അവരുടെ നിലപാടു് നീതീകരിക്കുന്നവയാണെന്നതിനാല്‍, അവര്‍ മതത്തിനു് ചെവി നല്‍കുന്നതുമില്ല<<<<

    കുറേ അനുമാനങ്ങള്‍ ഉദ്ധരിക്കപ്പെട്ടതല്ലാതെ എന്തു തെളിയീച്ചെന്നാണ് താങ്കള്‍ പറയുന്നത്?
    മതഗ്രന്ഥങ്ങളുടെ അനുമാനങ്ങള്‍ തെറ്റെന്ന് ഉറപ്പിക്കാന്‍ മാത്രം തെളിവുകള്‍ ഡാര്‍‌വിനില്‍ നിന്നും ഉണ്ടായെന്നാണോ എങ്കില്‍ വിശദമാക്കുക.

    >>അണികള്‍ പിടിവിട്ടു് പോകരുതെന്നതിനാല്‍, മതങ്ങള്‍ സ്വന്തനിലപാടുകളുടെ വിശദീകരണത്തിനും നീതീകരണത്തിനും നിര്‍ബന്ധിതരാവുന്നു.<<<

    ദൈവ വിശ്വാസമെന്നാല്‍ കിരീടവും ചെങ്കോലുമുള്ള ഒരാള്‍ സിംഹാസനത്തിലിരുന്ന് ഭരിക്കുന്നവനാണെന്ന് ആരാണ് താങ്കളെ വിശ്വസിപ്പിച്ചത്?

    >>'യഥാര്‍ത്ഥ' ദൈവം ശാസ്ത്രത്തെ ഭയപ്പെടണമോ? <<<

    വേണമെന്ന് താങ്കളെപ്പോലുള്ളവര്‍ വരുത്തുന്നതല്ലെ. ദൈവ വിശ്വാസികള്‍ ശാസ്ത്രം പഠിക്കാറേ ഇല്ലെന്ന് തോന്നുന്നല്ലോ ഇതു കാണുമ്പോള്‍.

    >>>സര്‍വ്വശക്തനായ ഒരു ദൈവത്തിന്റെ അസ്തിത്വം മനുഷ്യര്‍ വാദിച്ചു് സ്ഥാപിക്കേണ്ടതുണ്ടോ?<<<

    വേണ്ട.

    >>>ദൈവത്തെ മനുഷ്യര്‍ സഹായിക്കണമോ?<<<

    മനുഷ്യര്‍ ദൈവത്തെ സഹായിക്കണമെന്ന് ആരണു താങ്കളെ പഠിപ്പിച്ചത്?

    >> രോഗം, പ്രകൃതിക്ഷോഭം മുതലായ മാരകമായ സാഹചര്യങ്ങളില്‍ നിന്നു് ഭാഗ്യം മൂലം രക്ഷപെടുന്നവരില്‍ എല്ലാ മതവിഭാഗങ്ങളും, നിരീശ്വരവാദികളുമുണ്ടു്.<<<

    ഉണ്ടാകുമല്ലോ കാരണം ദൈവ വിശ്വാസം എന്നത് രാഷ്ട്രീയ ഗ്രൂപ്പല്ല.

    >>>ലോകജനതയില്‍ എണ്ണംകൊണ്ടു് അവഗണനീയമായ ഒരു വിഭാഗമാണു് ശാസ്ത്രജ്ഞര്‍<<<

    വിശ്വാസികള്‍ക്ക് ശാസ്ത്രഞ്ജരാവാനോ ആയവരില്‍ ഒരധികാരമോ അവകാശമോ ഇല്ല അവര്‍ നിരീശ്വര വാദികളാണെന്ന ഒരു ധ്വനിയുണ്ടല്ലോ.

    >>> മുഴുവന്‍ മനുഷ്യരും തന്നെ ഏതെങ്കിലുമൊക്കെ മതങ്ങളില്‍ വിശ്വസിക്കുന്നവരാണു്. കാരണം, മതവിശ്വാസം എളുപ്പമാണു്, സാമ്പത്തികമായി താങ്ങാവുന്നതാണു്, വേണ്ടത്ര ചേരുവകള്‍ ചേര്‍ത്തു് പാകം ചെയ്തു്, ചെറുപ്പം മുതല്‍ തീറ്റി ശീലിപ്പിച്ചതിനാല്‍ ഇഷ്ടാഹാരമായി മാറിയതാണു്. <<<<

    അപ്പോ ശാസ്ത്രം അഭ്യസിക്കുന്നവരെല്ലാം മത വിശ്വാസം വിട്ടെന്നാണോ , ഇതൊരു പുതിയ അറിവാണ് നന്ദി
    മതത്തില്‍ വിശ്വസിച്ചാല്‍ ഭക്ഷണം വേണ്ട എന്നാണോ?

    >>“ദൈവം – മതസ്ഥാപകന്‍ – പുരോഹിതര്‍/അധികാരികള്‍ – കാലാള്‍പ്പട”! തീര്‍ന്നു! ഏതു് മതത്തിലായാലും<<<

    അറിവില്ലായ്മ!

    >>>ഒരു വിശ്വാസിയെസംബന്ധിച്ചു് ആവര്‍ത്തിക്കപ്പെടേണ്ട ചില കാണാപ്പാഠങ്ങളിലും, ഏതാനും ശാരീരിക പ്രവൃത്തികളിലും ഒതുങ്ങുന്ന ചില ശീലങ്ങളാണു് മതവിശ്വാസം.<<<

    വിവരക്കേട്

    >>സര്‍വ്വോപരി, – ഇതു് വളരെ പ്രധാനപ്പെട്ട കാര്യമാണു് – നമുക്കുവേണ്ടി മറ്റാരോ ചിന്തിക്കുന്നതുകൊണ്ടു്, സ്വയം ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല. മതാധികാരികള്‍ പറയുന്നതു് വിശ്വസിച്ചാല്‍ ചോദ്യങ്ങളില്ല.<<<

    താങ്കളിപ്പോഴും പതിനാറാം നൂറ്റാണ്ടിലാണല്ലേ!

    >>>ഇതെഴുന്നതിന്റെ ലക്‍ഷ്യം ഇവിടെ പറയുന്ന കാര്യങ്ങള്‍ അറിയാത്തവരും, എന്നാല്‍ അറിയണമെന്നു് ആഗ്രഹമുള്ളവരും ആയവര്‍ക്കു് ഒരു ചെറിയ സഹായം എന്ന രീതിയിലാണു്. ഈ നിലപാടുകളോടു് യോജിക്കാന്‍ കഴിയാത്ത ധാരാളം പേര്‍ ഉണ്ടാവാം. അവര്‍ ഇതിനെ അവഗണിച്ചേക്കുക.<<

    അറിയാന്‍ തന്നെയാണ് മുഴുവന്‍ വായിച്ചത് , കാലങ്ങളായി വിശ്വാസത്തെ തള്ളിപ്പറയാന്‍ കണ്ടെടുത്ത കുറെ ക്രാപ്പുകളല്ലാതെ മറ്റെന്താണ് താങ്കളുടെ ഈ പോസ്റ്റിലുള്ളത്? മാത്രമല്ല ഇതില്‍ സൂചിപ്പിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് കാര്യങ്ങള്‍ മറ്റു പലരും സൂചിപ്പിച്ചിട്ടുള്ളതാണ്. പുതിയതായി എന്തെങ്കിലും ഉണ്ടെങ്കില്‍ പറയുമല്ലോ.

    >> പ്രത്യേകിച്ചും ഈ വിഷയത്തിലെ മതപരനിലപാടുകാരോടു് ഒരു തര്‍ക്കമോ, അവരെ അവരുടെ വിശ്വാസങ്ങളില്‍ നിന്നു് പിന്‍തിരിപ്പിക്കലോ എന്റെ ലക്‍ഷ്യമല്ല.<<<

    ലക്ഷ്യമുണ്ടായിട്ടും കാര്യമില്ല കുറച്ചൂടെ അറിവ് സമ്പാദിച്ച് വരൂ എന്നിട്ട് നോക്കാം.

    **********************
    ഇനി വിഷയത്തെപ്പറ്റി,

    താങ്കള്‍ എഴുതിയത് മുഴുവന്‍ കാലങ്ങളായി കേട്ട് തഴമ്പിച്ചതാണ് , വിശ്വാസത്തിന്‍‌റ്റെ കാര്യത്തിലും അങ്ങിനെത്തന്നെ പക്ഷെ അത് മാറ്റപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കുക. ഇവിടെ പറഞ്ഞ പലതിനേയും ചോദ്യം ചെയ്യുന്നതരത്തിലുള്ളവ ബൂലോകത്തുതന്നെ പല പോസ്റ്റുകളിലും കിടക്കുന്നുണ്ട് , സമയം കിട്ടുമ്പോള്‍ വായിക്കുക.

    വ്യക്തിപരം:

    കുറച്ച് മുറി സയന്‍സറിഞ്ഞാല്‍ പിന്നെ വിശ്വാസത്തെ അന്ധമായിട്ടെതിര്‍ക്കുന്ന ഒരു പതിവ് ശൈലിമാത്രമായേ എനിക്കീ പോസ്റ്റിനെപ്പറ്റി തോന്നിയുള്ളു. നിലവിലുള്ള ഒരു തത്വം ചോദ്യം ചെയ്യപ്പെടുമ്പോള്‍ വ്യക്തമായി പഠിച്ചായിരിക്കണം ചെയ്യേണ്ടത് അല്ലാതെ എന്തെങ്കിലും കുറച്ച് മനസ്സിലാക്കിയല്ല.

    ഡാര്‍‌വിന്‍ ഉണ്ടാക്കിയ കുറെ അനുമാനങ്ങളാണ് പരിണാമ സിദ്ധാന്തം ( എന്തിനെ അടിസ്ഥാനപ്പെടുത്തി എന്നതൊക്കെ അവിടെ കിടക്കട്ടെ). ദൈവ വിശ്വാസത്തെ തെറ്റെന്നാക്കാന്‍ അവക്കയിട്ടില്ല . ഡാര്‍‌വിന്‍ ഉണ്ടാക്കിയ അനുമാനങ്ങള്‍ ദൈവ വിശ്വാസത്തെ തോല്‍‌പ്പിച്ചു എന്ന് താങ്കള്‍ക്കും അതുപോലുള്ളവര്‍ക്കും തോന്നുന്നെങ്കില്‍ അതു പിന്‍‌തുടരുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. അതേ സമയം ഇപ്പോഴും ആദ്യ വിശ്വാസത്തില്‍ തുടരുന്നവരെ തെറ്റെന്തിന് പുച്ഛിക്കുന്നു?

    വിശ്വാസം എന്നത് അദ്യം ഞാന്‍ പറഞ്ഞതുപോലെ കിരീടം വെച്ച ഒരാള്‍ എന്ന രീതിയല്ല എന്ന് മനസ്സിലാക്കുന്നതോടെ ഇത്തരം തര്‍ക്കങ്ങള്‍ക്ക് വിരാമമാകും എന്നു കരുതാം.

    എന്‍‌റ്റെ ഭാഷയില്‍ എന്തെങ്കിലും താങ്കള്‍ക്ക് വിഷമമുണ്ടയെങ്കില്‍ ക്ഷമിക്കുക വ്യക്തിപരമായെടുക്കരുത് , ഒരു തര്‍ക്കത്തിന് താത്പര്യമില്ലെന്നും അറിയീക്കട്ടെ.

     
  2. Sands | കരിങ്കല്ല്

    Oct 14, 2008 at 15:34

    അല്ലെങ്കില്‍ തന്നെ, ചോദിക്കാന്‍ ആര്‍ക്കാണു് കഴിയാത്തതു്? ഉത്തരങ്ങള്‍ക്കല്ലേ പഞ്ഞം!

    “Philosophy is questions that may never be answered. Religion is answers that may never be questioned.” — കേട്ടിട്ടില്ലേ ഇതു്‌?

    ഇതറിഞ്ഞിട്ടും മതത്തെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കാനെങ്ങനെ സാധിക്കുന്നു. 😉 😉

    സത്യം പറഞ്ഞാല്‍ ജീവനുണ്ടായി എന്ന കാര്യത്തേക്കാള്‍ ആ ആമുഖം ആണെനിക്കിഷ്ടമായതു്‌ – കലക്കി… കലകലക്കി 🙂

    ശാസ്ത്രത്തിനു് അറിയാത്ത ധാരാളം കാര്യങ്ങള്‍ ഉണ്ടെന്നതാണു് മതപക്ഷത്തിന്റെ ഒരു പുതിയ വാദമുഖം! ഈ വിവരം അവര്‍ അറിഞ്ഞതുതന്നെ, ശാസ്ത്രം പറഞ്ഞതുകൊണ്ടു് മാത്രമാണു് എന്നതു് മറ്റൊരു സത്യം. ശാസ്ത്രത്തിനു് അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും അറിയേണ്ടുന്നവനായ ഒരു ദൈവത്തെ ‘അറിയുന്നവര്‍’ ആണു് തങ്ങള്‍ എന്ന നിലപാടിലെ പൊരുത്തക്കേടു് എന്തുകൊണ്ടോ അവര്‍ തിരിച്ചറിയുന്നില്ല. — ഇതു വളരേ നല്ല ആര്‍ഗ്യുമെന്റ് ആണു്‌. ഞാന്‍ ഒരിക്കലും ഇങ്ങനെ ചിന്തിച്ചു നോക്കിയിട്ടില്ല. നന്ദി 🙂

    അടുത്ത പ്രാവശ്യം ഒരു വാഗ്വാദം ഉണ്ടാവുമ്പോള്‍ ഉപകാരപ്പെടും 🙂

    Now to a doubt of mine: Water vapour is one of the main green-house gases. In that case, if the whole atmosphere was filled with water-vapour, it should have warmed up the earth, than helping to cool it. Right?

    Or did it have anything to do with Global Dimming?

    Sandeep.

     
  3. ഞാന്‍

    Oct 14, 2008 at 16:08

    Water vapour is one of the main green-house gases. In that case, if the whole atmosphere was filled with water-vapor, it should have warmed up the earth, than helping to cool it. Right?

    Atmosphere is transparent to most of solar radiation. The green house gases trap the heat energy from infrared rays emitted by hot earth surface.

    Now, if no light reaches earth surface, it won’t get heated and hence won’t heat the earth’s surface and the earth’s surface won’t radiate infrared energy.

     
  4. ഞാന്‍

    Oct 14, 2008 at 16:17

    @ Post….

    I really can’t connect it with my logic, about the “facts” you scribbled. Life was created on Earth by Flying Spaghetti Monster (PBUH). He was drunk like anything when he created Earth, which is quite evident from the problems we face today.

    Our religion was endorsed by different academicians all over the world.

     
  5. ഭൂമിപുത്രി

    Oct 14, 2008 at 17:51

    വഴിമാറിപ്പോകാതെ വിവരണം തുടരുക ബാബു

     
  6. സി. കെ. ബാബു

    Oct 14, 2008 at 18:25

    തറവാടി,
    No reply. Not only now, but in all future. Sorry.

    വായിച്ച മറ്റുള്ളവര്‍ക്കു്‌ നന്ദി.

     
  7. ബ്രിനോജ്‌

    Oct 14, 2008 at 18:37

    നന്ദി ബാബു സര്‍,ദയവായി തുടരൂ..
    വിശ്വാസി ചേട്ടന്മാര്‍ കലിപ്പിലാണല്ലൊ.ഇപ്പോഴും എവല്യൂഷന്‍ ഇവര്‍ക്കൊക്കെ ഡാര്‍വിനില്‍ എത്തിയിട്ടേ ഉള്ളൂ.ചുമ്മാ ചോദ്യം ചോദിക്കാനല്ലേ..ഒന്നും വായിക്കണ്ട ആവശ്യം ഇല്ലല്ലോ..സ്വന്തം വിശ്വാസത്തിനു തെളിവു വേണ്ടാത്തവര്‍ മിസ്സിംഗ്‌ ലിങ്കുകള്‍ അന്വേഷിക്കുന്നത്‌ കാണാന്‍ നല്ല രസം!!
    ചെവി കൊടുക്കാതിരിക്കൂ സര്‍..ആവശ്യമുള്ളവര്‍ വായിക്കും,സ്വയം അന്വേഷിക്കും..തൊണ്ട തൊടാതെ വിഴുങ്ങാന്‍ ശാസ്ത്രം ആരോടും ആവശ്യപ്പെട്ടിട്ടില്ലല്ലോ!!
    പോസ്റ്റിനും തുടരാന്‍ പോകുന്നവയ്ക്കും നന്ദി.

     
  8. തറവാടി

    Oct 14, 2008 at 18:47

    ബാബു,

    തര്‍ക്കത്തിനില്ലെന്ന് ഞാനും പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ
    താങ്കള്‍ മറുപടി പറയാത്തതില്‍ ഖേദമൊന്നുമില്ല , സോറി അവശ്യവുമില്ല.

    ഭൂമിയുടെ പരിണാമത്തെപ്പറ്റിയോ മറ്റെന്ത് വിഷയത്തിന്‍‌റ്റെ ഉത്ഭവത്തെക്കുറിച്ചോ തങ്കളെന്നല്ല ആരെഴുതിയാലും അവിടേക്ക് തിരിഞ്ഞുനോക്കാന്‍ എനിക്കൊരു താത്പര്യവുമില്ല,

    പോസ്റ്റ് ഭുമിയുടെ പരിണാമം എന്നിട്ട് ആമുഖം എന്ന പേരില്‍ ദൈവ വിശ്വാസത്തെ ബാലിശമായ കുറെ വാദങ്ങള്‍ കൊണ്ട് പുച്ഛിച്ചത് കണ്ടപ്പോള്‍ പറഞ്ഞെന്നേയുള്ളു.

     
  9. സി. കെ. ബാബു

    Oct 14, 2008 at 18:53

    നന്ദി, ബ്രിനോജ്.

     
  10. sajan jcb

    Oct 14, 2008 at 19:49

    ശാസ്ത്രം എന്നാല്‍ ചോദ്യം ചോദിക്കാനുള്ളതാകയാല്‍ ചില ചോദ്യങ്ങള്‍…

    അഗ്നിപര്‍വ്വതം പൊട്ടിയാണല്ലോ ഭൂമിയില്‍ നീരാവി കൊണ്ട് നിറഞ്ഞത്? അതു തണുത്തിട്ടാണല്ലോ സമുദ്രം ഭൂമിയില്‍ ഉണ്ടായത്?

    എങ്ങിനെ ഭൂമിക്കുള്ളില്‍ നീരാവി ഉണ്ടാകാന്‍ മാത്രം ജലം ഉണ്ടായി… അതു ചൂടു പിടിച്ച് നൂറു ഡിഗ്രി ആകുമ്പോഴല്ലേ നീരാവി ആകുന്നത്? ഭൂമിയുടെ ഉള്ളില്‍ ഇത്രയധികം വെള്ളം ഉണ്ടായിരുന്നെങ്കില്‍ ഭൂമി എങ്ങിനെ ചൂടു പിടിച്ചു.

    ഭൂമിയുടെ 75 ശതമാനവും സമുദ്രമല്ലേ… ഇത്രയും വെള്ളം നീരാവിയായി സ്ഥിതി ചെയ്തിരുന്നത് (പണ്ട്) ഭൂമിക്കുള്ളിലായിരുന്നു… അതു മുഴുവന്‍ പുറത്തു വന്ന നിലയ്ക്ക് ഭൂമിയുടെ ഉള്ള് ഇപ്പോള്‍ പൊള്ളയായിരിക്കുമോ?

    (തികച്ചും ശാസ്ത്രപരമായ സംശയങ്ങളാണ്; മണ്ടത്തരമായിരിക്കാം ; വ്യക്തമാക്കി തരാമോ?)

     
  11. അനില്‍@ബ്ലോഗ്

    Oct 14, 2008 at 20:44

    🙂

     
  12. സി. കെ. ബാബു

    Oct 15, 2008 at 09:38

    sajan jcb,
    വ്യക്തമാക്കിത്തരാന്‍ ആവില്ല. Sorry!

    അനില്‍@ബ്ലോഗ്,
    നന്ദി.

     
  13. Sands | കരിങ്കല്ല്

    Oct 15, 2008 at 14:04

    @ഞാന്‍

    Thanks for the explanation.

    That is exactly what I had mentioned with “Global Dimming”.

    But I wanted to have a reply from Babu — perhaps, he sounds more authoritative to my ears! 🙂

     
  14. സി. കെ. ബാബു

    Oct 15, 2008 at 15:06

    sands,
    A detailed answer to your question is included in the next post. So please wait a few days. Roughly, it depends on the bandwidth of ‘light’ capable of reaching the surface of earth through the atmosphere.

     
  15. smitha adharsh

    Oct 15, 2008 at 20:35

    🙂

     
  16. Jack Rabbit

    Oct 16, 2008 at 06:04

    Babu mash,
    The first half is really a good introduction to philosophy of science.

    Tharavadi,
    As discussed in the comments in one of your posts (ref: Mathamilatha jeevan), evolution didn’t start or end with Darwin. It wasn’t derived based on some axioms like in Mathematics. If you are really interested in history of evolutionary thought, check Evolution: The history of an idea

    Sands,
    Is your advisor related to this Ernst Mayr ?

     
  17. റോബി

    Oct 16, 2008 at 06:50

    ബാബുമാഷെ നന്നായി. തുടർച്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു.
    ആദ്യത്തെ ചില paragraphs വേണമായിരുന്നോ എന്നു സംശയം. (പറഞ്ഞിട്ടും ഗുണമൊന്നും ഇല്ലല്ലോ എന്നോർത്തിട്ടാ..)എന്നാലും വായിക്കാൻ രസം.

    @സാജൻ,
    ലോജിക്കിലാണു പ്രശ്നം. ജലം ചൂടു പിടിച്ചു മാത്രമല്ല നീരാവിയുണ്ടാകുന്നത്. ഭൂമിയുടെ ഉൾ‌ഭാഗത്ത് ജലം ചൂടു പിടിച്ചാണു നീരാവിയുണ്ടായതെന്ന സാജന്റെ അനുമാനമാണു പ്രശ്നം.

    water vapour is just an oxide of Hydrogen. When Hydrogen is burned, water vapour is produced. അന്നുണ്ടായിരുന്ന ചൂടിൽ ഹൈഡ്രജൻ കത്തുക എന്നത് അസംഭവ്യമായിരുന്നില്ല.

    (പള്ളിയിലൊക്കെ ഒരുപാട് മെഴുകുതിരി കത്തിച്ചിട്ടുണ്ടാകുമല്ലോ. മെഴുകുതിരി കത്തുന്നതിന്റെ കെമിസ്ട്രി ആലോചിച്ചു നോക്കൂ. മനസ്സിലാകും.)

     
  18. സി. കെ. ബാബു

    Oct 16, 2008 at 07:46

    smitha adharsh,
    നന്ദി.

    jack rabbit,
    I do it my way.

    റോബി,
    ആദ്യഭാഗത്തിനു് “ഭൂമി ഉരുണ്ടതല്ല” എന്ന എന്റെ പോസ്റ്റുമായി നേരിയ ബന്ധമുണ്ടു്. “ചിലരോടു്” പറഞ്ഞിട്ടു് ഗുണമില്ല എന്നു് സമ്മതിക്കുന്നു. പക്ഷേ ബുദ്ധി ഉണ്ടെങ്കിലും അവസരം നല്‍കാഞ്ഞതുമൂലം മാത്രം കാര്യങ്ങള്‍ ‍അറിയാന്‍ കഴിയാതെ പോയ നല്ലൊരു വിഭാഗത്തിനു് സാവകാശമെങ്കിലും ഗുണമുണ്ടാവും എന്നാണെന്റെ ധാരണ. അവരില്‍ അധികം പേരും നിശബ്ദരായതിനാല്‍ അവരെ ഇവിടെ കാണാന്‍ ആവില്ല.

     
  19. കാവലാന്‍

    Oct 16, 2008 at 07:50

    “പറഞ്ഞിട്ടും ഗുണമൊന്നും ഇല്ലല്ലോ എന്നോർത്തിട്ടാ…..”

    “അനുമാനമാണു പ്രശ്നം”

    ഇതു രണ്ടുമാണ് വാസ്തവത്തില്‍ സീകെയുടെ പോസ്റ്റുകള്‍ വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.(മുന്‍പ് ഒരു പോസ്റ്റിന്റെ ‘തലവരിയെ’ ക്കുറിച്ച് ഞാനും പറ്ഞ്ഞു നോക്കിയിരുന്നു)
    കേള്‍ക്കാനിഷ്ടമില്ലെങ്കിലും ചിലതു കേട്ടേ തീരൂ,ചില ഇടുങ്ങിയ ആകാശങ്ങളുടെ മേല്‍ക്കൂരകള്‍ തുറന്നു കിട്ടാന്‍ ആക്ഷേപഹാസ്യത്തിന്റെ വെള്ളിടികള്‍ നല്ലതു തന്നെ തുറസ്സായ ഇടങ്ങളില്‍ അതു പക്ഷേ ഒന്നുമല്ലതാനും.

    അനുമാനങ്ങളില്‍ നിന്നു വ്യതിചലിക്കാനുള്ള വൈഷമ്യമാണു കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. 🙂

     
  20. സി. കെ. ബാബു

    Oct 16, 2008 at 08:54

    അനുമാനങ്ങളില്‍ നിന്നു വ്യതിചലിക്കാനുള്ള വൈഷമ്യമാണു കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്.”

    You said it, Kavalaan!

    “………. ഈ വിഷയത്തില്‍ ഭൂലോകത്തിലും ബ്ലോഗിലും കാലാകാലങ്ങളിലായി അഭിപ്രായസംഘട്ടനങ്ങള്‍ നടക്കുന്നുണ്ടെന്നതിനാല്‍, – ഒരുപക്ഷേ എന്നാളും നടക്കുമെന്നതിനാല്‍, – ഭൂമിയുടെ പരിണാമം ഒരു അന്തരീക്ഷത്തിനും, അന്തരീക്ഷപരിണാമം ഭൂമിയില്‍ ജീവന്റെ ആദ്യഘടകങ്ങള്‍ രൂപമെടുക്കുന്നതിനും സഹായകമായതെങ്ങനെ എന്നതിലേക്കു് കടക്കുന്നതിനു് മുന്‍പു് ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടെ!
    …………………………
    …………………………
    ഇനി വിഷയത്തിലേക്കു്
    :”

    ലേഖനത്തിലെ ഈ വാചകങ്ങള്‍ വായിച്ചാല്‍ ചക്കയും ചക്കക്കുരുവും ഒരുമിച്ചു് വിഴുങ്ങണം എന്നല്ല ഞാന്‍ ലക്‍ഷ്യമാക്കുന്നതെന്നു് തിരിച്ചറിയാന്‍ സാധാരണഗതിയില്‍ കഴിയേണ്ടതാണു്.

    ഞാന്‍ തന്നെ എത്രയോ വട്ടം ആവര്‍ത്തിച്ച വാചകം:
    “കാണാന്‍ ആഗ്രഹിക്കുന്നതേ മനുഷ്യര്‍‍ കാണൂ!”

     
  21. ഹാരിസ്

    Oct 16, 2008 at 09:08

    ചിലരുടെ തലച്ചോറിലെ ചില ഭാഗങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിക്കും.
    ചിലര്‍ക്ക് യുക്തിചിന്ത ,മറ്റുചിലര്‍ക്ക് ഭാവന,പ്രായോഗികത അങ്ങനെ അങ്ങനെ…
    അതനുസരിച്ചാണ് ആളുകള്‍ അറിവ് തേടുന്നതും തെടാതിരിക്കുന്നതും,ഓരോ വിഷയത്തിലും.
    പറഞ്ഞുകൊണ്ടേ ഇരിക്കുക…സമാന മനസ്കര്‍ക്കുപകരിക്കും .
    മറുപടി പറഞ്ഞു സമയം കളയരുത്

     
  22. സി. കെ. ബാബു

    Oct 16, 2008 at 09:19

    നന്ദി, ഹാരിസ്.

     
  23. Sands | കരിങ്കല്ല്

    Oct 16, 2008 at 11:42

    @Jack Rabbit

    OFF TOPIC:

    My advisor is Ernst (W) Mayr — but not the same Ernst Mayr of biology.

    My advisor is a mathematician by training.

    Other than the same first/last names and that they are Germans, I don’t know of any connection. 🙂

    But I do get to the biologist, when I google for my prof. 🙂

    Sands.

     
  24. ജിവി/JiVi

    Oct 16, 2008 at 12:01

    എഴുത്ത് തുടരുക, ബാബുജി. തര്‍ക്കങ്ങളെ ഒഴിവാക്കി താല്പര്യമുള്ളവര്‍ക്കായി എഴുതാനുള്ള തീരുമാനം ഏറ്റവും നന്നായി.

    സൌരയൂഥരൂപീകരണത്തെക്കുറിച്ച് വിശദീകരിക്കുന്നില്ല എന്ന് ആദ്യം എഴുതിയല്ലോ. അതു സംബന്ധമായ പോസ്റ്റുകള്‍ മുമ്പ് ഇട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ആ വഴിക്കും ഒരു ശ്രമമുണ്ടാകണം.

     
  25. ഉഗ്രന്‍

    Oct 16, 2008 at 13:06

    @ ബാബു,

    താങ്കളുടെ നീണ്ട പോസ്റ്റും വായനക്കാരുടെ മറുപടികളും അതിനുള്ള താങ്കളുടെ മറുപടികളും വയിച്ചതിനു ശേഷം എഴുതാന്ന്‍ തോന്നിയത് താഴെ.

    1) എല്ലാ വിശ്വാസികളും (എതു മതത്തിന്‍‌റ്റെ ആയാലും) മനുഷ്യരെല്ലാവരും ദൈവ വിശ്വാസികള്‍ ആകണം എന്നു ശഠിക്കുന്നവരല്ല. പക്ഷെ അങ്ങിനെയുള്ള ചിലര്‍‍ എല്ലാ മത വിഭാഗങ്ങളിലും ഉണ്ട് എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. അതിന്‍‌റ്റെ നേര്‍‌വിപരീതമെന്നോണം,‍ തങ്ങള്‍ മാത്രം ദൈവത്തില്‍ വിശ്വസിക്കാതിരുന്നാല്‍ പോര, മറിച്ച് ലോക ജനത മുഴുവന്‍ അങ്ങനെ ആകണം എന്ന വിശ്വസിക്കുന്ന ചിലരെയും കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട്. ആദ്യ കൂട്ടര്‍ ദൈവ വിശ്വാസം സര്‍‌വപ്രശ്നങ്ങള്‍ക്കും പരിഹാരമായി കാണുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ ദൈവവിശ്വാസമാണ്‌ പ്രശ്നകാരണം എന്ന് കരുതുന്നു. ഇത്രയും പറയാന്‍ കാരണം ഞാന്‍ ഈ രണ്ടു കൂട്ടരിലും പെടുന്നില്ല എന്നറിയിക്കാനാണ്‌. ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്‌ പക്ഷെ ഈ ലോകത്തുള്ളവരെല്ലാം ദൈവ വിശ്വാസികള്‍ ആകണെമെന്ന വ്യക്തിപരമായ ആഗ്രഹം മാത്രമേ ഉള്ളൂ, നിര്‍ബന്ധം ഒട്ടും ഇല്ല.

    ഒരു മുസ്ലിം മത വിശ്വാസിയായതു കൊണ്ടും മറ്റു മതവിശ്വാസങ്ങളെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള അറിവ് ഇല്ലാത്തതുകൊണ്ടും ഉത്തരങ്ങള്‍‍ കൂടുതലും ഇസ്ലാമിനോട് ബന്ധപ്പെട്ടതായിരുക്കും എന്നത് ക്ഷമിക്കുക. മറ്റുമതങ്ങളെ കൊച്ചാക്കാനൊ, സര്‍‌വോപരി മറ്റുമതവിശ്വാസികളെയോ ഒരു മതത്തിലും വിശ്വസിക്കാത്ത താങ്കളെപ്പോലുള്ളവരെയോ വേദനിപ്പിക്കാനോ അല്ല എന്നത് മനസ്സിലാക്കണമെന്ന് അഭ്യര്‍‌ത്ഥിക്കുന്നു.

    2)“സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മതങ്ങളുടെ അടിസ്ഥാനനിലപാടുകള്‍ ഏതാനും നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള ശാസ്ത്രീയ അറിവുകള്‍ വഴി അര്‍ത്ഥശൂന്യമാവുക എന്നതു് മതങ്ങളുടെ നിലനില്‍പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണു്. അതുകൊണ്ടു് മതം ശാസ്ത്രനിലപാടുകളെ എതിര്‍ക്കാന്‍ നിര്‍ബന്ധിതമാവുന്നു.”

    മതങ്ങളുടെ അടിസ്ഥാന നിലപാട് എന്നത് ദൈവം ഉണ്ടെന്ന കാഴ്ച്ചപാടും പ്രപഞ്ചവും ഭൂമിയും ജീവനുമെല്ലാം ദൈവ സ്ര്‌ഷ്ടിയാണെന്നതും ആണ്‌. ഇന്ന് വരെ നടന്നിട്ടുള്ള ശാസ്ത്രത്തിന്‍‌റ്റെ വെളിപ്പെടുത്തലുകളില്‍ (തെളിയിക്കപ്പെട്ട കണ്ടുപിടിത്തമെന്നോ വെറും തിയറി എന്നോ ഞാന്‍ തരംതിരിക്കുന്നില്ല) പരിണാമ സിദ്ധാന്തം മാത്രമേ ദൈവ വിശ്വാസത്തിന്‌ ഒരു വെല്ലുവിളി (അതായത് ദൈവ സ്ര്‌ഷ്ടിയെന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ പര്യാപ്തമായത്) എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളൂ. പരിണാമ സിദ്ധാന്തം ഈ പോസ്റ്റിലെ വിഷയം അല്ലാത്തതിനാലും അതിനെക്കുറിച്ച് മറ്റൊരു പോസ്റ്റ് താങ്കള്‍ എഴുതും എന്ന പ്രതീക്ഷ ഉള്ളതിനാലും കൂടുതല്‍ വിശദീകരിക്കുന്നില്ല. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല എന്ന്‌ വ്യക്തമാക്കുന്നു.

    ഇനി ഇസ്ലാം മതത്തിനെ അടിസ്ഥാനമാക്കി ഞാനൊന്നു പറഞ്ഞോട്ടെ. ഇസ്ലാം മതം ശാസ്ത്രത്തെ എതിര്‍ക്കുന്നു എന്നെനിക്ക് തോന്നിയിട്ടില്ല. ഇസ്ലാം മതവിശ്വാസികള്‍ എന്നു പറയുന്നവര്‍ എതിര്‍ത്തിരുന്നു ഇപ്പോഴും എതിര്‍ക്കുന്നു എന്നു പറഞ്ഞാല്‍ ശരിയായിരിക്കാം. പക്ഷെ എല്ലാ ഇസ്ലാം മത വിശ്വാസികളും എതിര്‍ക്കുന്നു എന്ന് പറഞ്ഞാല്‍ തെറ്റായി പോവുകയും ചെയ്യും. ഇരുട്ടിന്‍‌റ്റെ ആഴത്തില്‍ കിടന്നിരുന്ന അറബികള്‍ ശാസ്ത്രത്തില്‍ പുരോഗതി കൈവരിച്ചത് ഇസ്ലാം മതത്തിന്‍‌റ്റെ ആഗമനത്തിന്‌ ശേഷമായിരുന്നു എന്നത് വെറും യാദ്ര്‌ശ്ഛികമായി ഞാന്‍ കാണുന്നില്ല. (ഇപ്പോള്‍ വീണ്ടും ഇരുട്ടിലല്ലേ ഇസ്ലാമുണ്ടായിട്ടും എന്ന ചോദ്യം പ്രസക്തം. പക്ഷെ ഇസ്ലാം ശാസ്ത്രത്തെ എതിര്‍ക്കുന്നില്ല എന്നേ തെളിയിക്കാന്‍ ഉദ്ദേശിക്കുന്നൂള്ളൂ). നമ്മുടെ ചുറ്റുപാടുകളെയും പ്രകൃതിയെയും നിരീക്ഷിക്കാന്‍ ഒന്നിലധികം ഇടത്ത് ഖുര്‍‌ആനില്‍ പറയുന്നുണ്ട് എന്നതു കൂടി ഇവിടെ എഴുതുന്നു.

    3)“ശാസ്ത്രത്തിനു് അറിയാത്ത ധാരാളം കാര്യങ്ങള്‍ ഉണ്ടെന്നതാണു് മതപക്ഷത്തിന്റെ ഒരു പുതിയ വാദമുഖം!”

    തങ്ങള്‍ക്ക് എല്ലാം മനസ്സിലായി എന്ന ഭാവത്തിലുള്ള വാദമുഖങ്ങള്‍ ആരെങ്കിലും പുതുതായി പറഞ്ഞപ്പോഴായിക്കൂടെ മറുവാദം ഉണര്‍ന്നത്? വാദത്തില്‍‍ തെറ്റുണ്ടെന്നും തോന്നുന്നില്ല. എല്ലാം കണ്ടുപിടിച്ച് കഴിഞ്ഞു, ഇനി ശാസ്ത്രജ്ഞന്‍ എന്നൊരു വിഭാഗത്തെ വേണ്ട എന്നൊരു സമയം വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

    4)“ഈ വിവരം അവര്‍ അറിഞ്ഞതുതന്നെ, ശാസ്ത്രം പറഞ്ഞതുകൊണ്ടു് മാത്രമാണു് എന്നതു് മറ്റൊരു സത്യം.”

    അതു ശരിയാണോ? മനുഷ്യന്‌ മനസ്സിലാകാത്ത പല കാര്യങ്ങളും ഉണ്ടെന്നത് ദൈവ വിശ്വാസത്തിന്‍‌റ്റെ ഭാഗം അല്ലേ? അതു കൊണ്ട് കൂടിയാണല്ലോ മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്.

    5)“ശാസ്ത്രത്തിനു് അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും അറിയേണ്ടുന്നവനായ ഒരു ദൈവത്തെ ‘അറിയുന്നവര്‍’ ആണു് തങ്ങള്‍ എന്ന നിലപാടിലെ പൊരുത്തക്കേടു് എന്തുകൊണ്ടോ അവര്‍ തിരിച്ചറിയുന്നില്ല.”

    ‘അറിയുന്നവര്‍’ എന്നത് ‘ആരാധിക്കുന്നവര്‍’ എന്നാക്കി തിരുത്തിയാല്‍ (ശരി അതാണ്‌ താനും) പൊരുത്തക്കേടില്ലെന്ന് മനസ്സിലാകുമല്ലോ?

    6)“പ്രപഞ്ചത്തെ സംബന്ധിച്ചു് അത്തരം ‘ശാസ്ത്രത്തിനറിയാത്ത അറിവുകള്‍’ ദൈവം എവിടെയാണോ ശേഖരിച്ചിരിക്കുന്നതു്, (അവനവന്റെ വേദഗ്രന്ഥങ്ങളില്‍ ആണെന്നു് ഓരോരുത്തന്റെയും വിശ്വാസം!) അവിടെനിന്നും എടുത്തു് തന്റേടത്തോടെ ശാസ്ത്രത്തിന്റെ മുന്നിലേക്കിട്ടിരുന്നെങ്കില്‍, ഒറ്റയടിക്കു് അവര്‍ക്കു് ശാസ്ത്രത്തെ കടത്തിവെട്ടാന്‍ കഴിഞ്ഞേനെ! മാത്രവുമല്ല, അറിവു് തേടുന്ന സകല മനുഷ്യര്‍ക്കും അതു് പ്രയോജനകരവുമായിരുന്നേനെ!”

    മുന്‍പത്തെ വിശദീകരണത്തില്‍ നിന്നും ദൈവം (കുറഞ്ഞത് എനിക്കെങ്കിലും) കൂട്ടുകാരന്‍ അല്ലെന്ന് മനസ്സിലായല്ലോ? അതുകൊണ്ട് അറിയില്ല എന്ന് പറയേണ്ടി വരും. പിന്നെ വേദ ഗ്രന്ധത്തിന്‍‌റ്റെ കാര്യം. അങ്ങിനെ ഒരു വിശ്വാസം എനിക്കില്ല. ചില കാര്യങ്ങള്‍ ശാസ്ത്രം തെളിവുകളോടെ വെളിപ്പെടുത്തുമ്പോള്‍ അത് വേദ ഗ്രന്ധത്തില്‍ നിലവില്‍ ഉള്ള ഒന്നായി കണ്ടിട്ടുണ്ട്. പക്ഷെ വേദ ഗ്രന്ധം ഒരു ശാസ്ത്ര ഗ്രന്ധം അല്ല. കാരണം ശാസ്ത്രം വെളിപ്പെടുത്തിയ എല്ലാ കാര്യങ്ങളും വേദഗ്രന്ധത്തില്‍ ഇല്ല. കാരണം വേദ ഗ്രന്ധത്തിന്‍‌റ്റെ ഉപയോഗം അതല്ല തന്നെ. ചില ചരിത്ര സംഭവങ്ങള്‍ ഉള്ളതു കൊണ്ട് അത് ചരിത്ര ഗ്രന്ധം ആകുന്നില്ല എന്നത് പോലെ.

    7)“മനുഷ്യന്‍ അറിവുനേടുന്നതു് ‘ദൈവങ്ങള്‍ക്കു്’ ഇഷ്ടമുള്ള കാര്യമല്ല. ബൈബിളില്‍ പറയുന്നപോലെ, അറിവു് നേടിയാല്‍ ‘മനുഷ്യര്‍ ദൈവത്തേപ്പോലെ’ ആകുമല്ലോ! അതുകൊണ്ടാണു് അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു് ‘ദൈവം’ കല്‍പിച്ചതുതന്നെ! അപ്പോള്‍, അതുപോലൊരു ദൈവത്തിന്റെ പ്രതിനിധികള്‍ അറിവു് പങ്കുവയ്ക്കുന്നവരാവുമോ? അവരുടെ നിലപാടു് ശരിയെങ്കില്‍, സത്യം രഹസ്യത്തിലാവണം സ്ഥിതിചെയ്യുന്നതു്”!”

    രണ്ടാമത്തെ പോയിന്‍‌റ്റിലെ വിശദീകരണം മനുഷ്യര്‍ അറിവു നേടുന്നതില്‍ ദൈവത്തിനോ മതത്തിനോ വിരോധം ഇല്ലെന്ന് തെളിയിക്കുമെന്ന് കരുതുന്നു. പിന്നെ, ബൈബിളിലെ കാര്യം അറിയാത്തത് കൊണ്ട് അതിനുത്തരം ഇല്ല!

    8) ഇവിടുന്നങ്ങോട്ടുള്ള താങ്കളുടെ വരികള്‍ക്ക് പ്രതികരിക്കാന്‍ തോന്നുന്നില്ല. കാരണം ഇതു വരെ പറഞ്ഞതില്‍ കൂടുതലൊന്നും അതിലുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ മറ്റുള്ളവരുടെ വിശ്വാസത്തെ കളിയാക്കുന്ന എഴുത്തിന്‍‌റ്റെ രീതി പഠിപ്പും വിദ്യാഭ്യാസവുമുള്ള ഒരാളുടെ അടുത്ത് നിന്ന് കണ്ടപ്പോള്‍ വിഷമം തോന്നി. ഞാനെത്ര പറഞ്ഞിട്ടും ഇവനൊന്നും കേള്‍‍ക്കുന്നില്ലല്ലോ എന്ന വിഷമം വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് വെറുപ്പും ദേഷ്യവുമായി മാറിയോ?

    9)“ഇനി വിഷയത്തിലേക്കു്:…”
    ഉള്ളതു പറയണമല്ലോ. ഇവിടെ നിന്നങ്ങോട്ട് നല്ല ഒരു ലേഖനം. ലളിതമായ ഭാഷയില്‍ സധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ എഴുതിയിരിക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന ഒന്നിനെയും ഇസ്ലാം മതം എതിര്‍ക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല! നമ്മള്‍ തമ്മില്‍ വിശ്വാസപരമായ എതിര്‍പ്പ് ഉണ്ടാകും. ഞാന്‍ ഇതെല്ലാം നടന്നു, പക്ഷെ നടത്തിയത് ദൈവം ആണെന്ന് വിശ്വസിക്കുന്നു. താങ്കള്‍ ഇതെല്ലാം സ്വയമേ നടന്നു, ഒരു ശക്തിയും ഇടപെടാതെ എന്ന് വിശ്വസിക്കുന്നു.

    മറുപടി തന്നാലും തന്നില്ലെങ്കിലും അടുത്ത ലേഖനത്തിനായി ഞാന്‍ കാത്തിരിക്കുന്നു.

     
  26. സി. കെ. ബാബു

    Oct 16, 2008 at 13:57

    ജിവി,
    പ്രപഞ്ചപരിണാമം എന്നതു് എത്രയോ പുസ്തകങ്ങള്‍ എഴുതാന്‍ കഴിയുന്ന ഒരു വിഷയം! അതുകൊണ്ടു് ലേഖനത്തില്‍ മുറിക്കലുകള്‍ അനിവാര്യമാവുന്നു. ബ്ലോഗിന്റെ പരിധിയില്‍‍ ഒതുങ്ങണമല്ലോ. ഇത്തരം വിഷയങ്ങള്‍ തുടര്‍ന്നും എഴുതണമെന്നുണ്ടു്. ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുന്നുണ്ടെന്നു് അറിയുന്നതുതന്നെയാണു്‌ അതിനുള്ള പ്രേരണയും. പ്രോത്സാഹനത്തിനു് വളരെ നന്ദി.

    ഉഗ്രന്‍,

    ഹിന്ദുക്കളിലും മുസ്ലീമുകളിലും ക്രിസ്ത്യാനികളിലും എത്രയോ വ്യത്യസ്തനിലപാടുകാരുണ്ടു്‌. അവരില്‍ പലരും എന്റെ പോസ്റ്റുകള്‍ വായിക്കുന്നുണ്ടാവണം. അതില്‍ എനിക്കു് സന്തോഷവുമുണ്ടു്‌. പക്ഷേ ഓരോ നിലപാടുകളുമായി ത‍ര്‍ക്കിക്കാന്‍ പോയിട്ടു് ഇടപെടാന്‍ പോലും എനിക്കു് സാധിക്കുകയില്ല. ബ്ലോഗില്‍ മാത്രം ജീവിക്കുന്നവരുണ്ടാവാം. അവരുടെ ഭാഗ്യം. പക്ഷേ എനിക്കു് അതാവില്ല.

    ഞാന്‍ ഒരു വിശ്വാസിയല്ല എന്നു് അറിയാമല്ലോ. മതവും ശാസ്ത്രവും തമ്മിലുള്ള തര്‍ക്കങ്ങളുടെ അര്‍ത്ഥശൂന്യത ഞാന്‍ ഈ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടു്‌.

    അതുകൊണ്ടു് ഞാന്‍ താങ്കളെ താങ്കളുടെ വഴിക്കു് വിടുന്നു. ഒരു ചര്‍ച്ചക്കില്ല. അതുകൊണ്ടുതന്നെ മറുപടി പ്രതീക്ഷിക്കുന്നുമില്ല. എന്റെ പോസ്റ്റുകള്‍ ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുത്തണമോ വേണ്ടയോ എന്നതു് താങ്കളുടെ ഇഷ്ടം.

    കാര്യങ്ങള്‍ ആദ്യമേ തുറന്നു് പറഞ്ഞാല്‍ സമയം ലാഭിക്കാമെന്നും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമെന്നും വിശ്വസിക്കുന്നതുകൊണ്ടാണു് വളച്ചുകെട്ടില്ലാതെ നേരിട്ടു് പറയുന്നതു്. അതുവഴി ഞാന്‍ മുഷിപ്പിച്ചില്ല എന്നു് കരുതുന്നു. ആശംസകളോടെ,

     
  27. ഉഗ്രന്‍

    Oct 16, 2008 at 20:25

    @ ബാബു

    മറുപടി താങ്കള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും (ആഗ്രഹിക്കുന്നില്ലെങ്കിലും) എനിക്കു മുഷിപ്പ് ഒട്ടുമില്ല എന്നറിയിക്കാന്‍ വേണ്ടി മാത്രം ഒരു മറുപടി. ദയവായി എഴുത്തു തുടരുക കാരണം പോസ്റ്റ് പ്രയോജനപ്രദം ആണെന്നതിന്‌ സംശയം വേണ്ട.

    🙂

    കുറിപ്പ്: തര്‍ക്കിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കമന്‍‌റ്റില്‍ എഴുതിയിരുന്നതു പോലെ മനസ്സില്‍ തോന്നിയത് പകര്‍ത്തിയെന്നേ ഉള്ളൂ.

     
  28. റഫീക്ക് കിഴാറ്റൂര്‍

    Oct 17, 2008 at 20:08

    ബാബു മാഷേ…
    നന്നായി.
    തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

     
  29. ചിന്തകൻ

    Oct 17, 2008 at 23:26

    പ്രിയ ബാബു മാഷ്
    കുറച്ച് കാലമായി താങ്കളുടെ ബ്ലോഗുകള്‍ വായിക്കുന്ന ഒരാളാണ് ഞാന്‍. ഒരു നിരീശ്വരവാദിയായ താങ്കള്‍ ശാസ്ത്രത്തിന്റെ ലേബലില്‍‍ സ്വന്തം വിവരക്കേടും ചേര്‍ത്ത് തികച്ചും അമാന്യമായ രീതിയില്‍ മതങ്ങളെ പരിഹസിക്കുന്ന ഒരാളായാണ് എനിക്ക് തൊന്നിയത്. അത് താങ്കള്‍ക്ക് തുടരാവുന്നതാണ്.

    മറ്റുള്ളവരെ പരിഹസിക്കുകയോ വിമര്‍ശിക്കുകയോ താങ്കള്‍ക്കാവാം. അതിനെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ തികച്ചും അസഹിഷ്ണുത പരമായ നിലപാട്. താങ്കള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു വിശയത്തെ പിന്നെന്തിനിവിടെ പോസ്റ്റണം? എന്തും പറയാം പക്ഷേ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല. ഇതെന്ത് ന്യായം?
    ഇത് പൌരോഹിത്യത്തിന്റെ നിലപാടിനേക്കാള്‍ കടുത്തതല്ലേ? വാഴ്ത്തു പാട്ടുകാരെ മാത്രമേ ഇഷ്ടമുള്ളോ? ശാസ്ത്രത്തിന്റെ ഒരു ‘വക്ക്‘ മാത്രം അറിയാമെന്നത് മതങ്ങളെയെല്ലാം തെറിപറയാനുള്ള ലൈസന്‍സാണോ?

    ഞാന്‍ എനിക്കിഷ്ടമുള്ളത് പറയും ‘വേണ്ടവന്‍ സ്വീകരിച്ചോ വേണ്ടാത്തവന്‍ സ്വീകരിക്കണമെന്നില്ല‘ എന്നാണെങ്കില്‍ മറ്റു വിശ്വാ‍സങ്ങളെ അപഹസിക്കാന്‍ താങ്കള്‍ക്കും അവകാശം ഇല്ല.

    എന്റെ കടുത്ത പ്രതിഷേധം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

     
  30. സി. കെ. ബാബു

    Oct 18, 2008 at 09:04

    റഫീക്ക്,
    🙂

     
  31. സി. കെ. ബാബു

    Oct 18, 2008 at 10:46

    ചിന്തകന്‍,

    ശാസ്ത്രത്തിന്റെ ലേബലില്‍‍ സ്വന്തം വിവരക്കേടും ചേര്‍ത്ത് തികച്ചും അമാന്യമായ രീതിയില്‍…”

    ഇതിനെയാണോ താങ്കള്‍ “മാന്യത” എന്നു് വിളിക്കുന്നതു്? എനിക്കു് വിവരക്കേടുണ്ടെങ്കില്‍ എന്നെ അവഗണിക്കുക. വിവരക്കേടുള്ളവരെ അവഗണിക്കണമെന്നാണു് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചതു്. ചിന്തകന്റെ കാര്യം എനിക്കറിയില്ല.

    “ശാസ്ത്രത്തിന്റെ ഒരു ‘വക്ക്‘ മാത്രം അറിയാമെന്നത് …”

    ശാസ്ത്രത്തിന്റെ മാത്രമല്ല, മതത്തിന്റെയും “വക്കു്” മാത്രം അറിയുന്നതാണു് ഫലപ്രദമായ ചര്‍ച്ചയ്ക്കു് വിഘാതമായി നില്‍ക്കുന്നതു്. അതു് ആര്‍ക്കു് എത്രത്തോളം എന്നൊന്നും നമുക്കു് പരസ്പരം പറഞ്ഞു് മനസ്സിലാക്കാന്‍ ആവില്ല. ആ വിവരം മര്യാദ വിടാതെ പറയാനാണു് “sorry” എന്നും മറ്റും ചേര്‍ക്കേണ്ടിവരുന്നതു്.

    “ഞാന്‍ എനിക്കിഷ്ടമുള്ളത് പറയും ‘വേണ്ടവന്‍ സ്വീകരിച്ചോ വേണ്ടാത്തവന്‍ സ്വീകരിക്കണമെന്നില്ല‘ എന്നാണെങ്കില്‍ മറ്റു വിശ്വാ‍സങ്ങളെ അപഹസിക്കാന്‍ താങ്കള്‍ക്കും അവകാശം ഇല്ല. ”

    അതൊരു തെറ്റായ നിഗമനമാണല്ലോ ചിന്തകാ!

    ഞാന്‍ എനിക്കിഷ്ടമുള്ളത് പറയും ‘വേണ്ടവന്‍ സ്വീകരിച്ചോ വേണ്ടാത്തവന്‍ സ്വീകരിക്കണമെന്നില്ല‘ എന്നാണെങ്കില്‍ “എനിക്കിഷ്ടമുള്ളതു് എന്റെ ബ്ലോഗില്‍ ഞാനും പറയും” എന്നാവേണ്ടിയിരുന്നു ശരിയായ നിഗമനം! അങ്ങനെ ആയിരുന്നെങ്കില്‍ അതിനെതിരായി എനിക്കൊന്നും പറയാനും ഉണ്ടാവുമായിരുന്നില്ല.

    ചിന്തകപ്പോലുള്ളവര്‍ക്കു് വേണ്ടതു് ചര്‍ച്ചകള്‍ക്കു് വേണ്ടി മാത്രമുള്ള ചര്‍ച്ചകള്‍ ആണു്. അതില്‍ എനിക്കു് താത്പര്യമില്ല, സമയവുമില്ല. അത്തരം ഛര്‍ദ്ദിക്കുന്നതുവരെ “ചര്‍ച്ചിക്കുന്ന” ചര്‍ച്ചകളുടെ ഉദാഹരണങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ടോ?

    എന്റെ കടുത്ത പ്രതിഷേധം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.”

    പ്രതിഷേധം ഞാന്‍ വരവുവച്ചിരിക്കുന്നു.

    പ്രതിഷേധിക്കാനുള്ള ആരുടെ അവകാശത്തിലും ഞാന്‍ കൈകടത്തിയിട്ടില്ല. മാത്രവുമല്ല, ഏതു് മതത്തിലും വിശ്വസിക്കാന്‍ മനുഷ്യനു് സ്വാതന്ത്ര്യമുള്ളതുപോലെ, ഒരു മാങ്ങാത്തൊലിയിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ടു് എന്നു് “ചിന്തിക്കുന്ന” കൂട്ടത്തിലാണു് ഞാന്‍. ഇതൊക്കെ ഞാന്‍ തന്നെ പല പോസ്റ്റുകളിലൂടെ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണു്.

    ഇക്കാര്യങ്ങളില്‍ എന്റെ നിലപാടുകള്‍ മനസ്സിലാക്കാന്‍ സാധാരണഗതിയില്‍ ഇത്രയുമൊക്കെ ധാരാളം മതി. പക്ഷേ, ഇതുവരെയുള്ള അനുഭവം വച്ചു് കമന്റ് വായിച്ചു് തീരുന്നതിനു് മുന്‍പുതന്നെ മറുപടി വരുമെന്നറിയാം. അതിനു് മറുപടി പറയാനും, മറുപടിക്കു് മറുപടി പറയാനും, മറുപടിയുടെ മറുപടിയുടെ മറുപടിക്കു് വീണ്ടും മറുപടികള്‍ ലഭിക്കാനും അവയ്ക്കും മറുപടികള്‍ പറയാനും എനിക്കു് സമയമില്ല, താത്പര്യവുമില്ല.

    അതുകൊണ്ടാണു് വിവരമില്ലാത്ത എന്റെ പോസ്റ്റുകള്‍ അവഗണിക്കാനും, സ്വന്തനിലപാടുകള്‍ സ്വന്ത ബ്ലോഗില്‍ സ്വന്ത പോസ്റ്റുകളിലൂടെ ആവിഷ്കരിക്കാനും വീണ്ടും വീണ്ടും വീണ്ടും വീണ്ടും ആവശ്യപ്പെടുന്നതു്.

    അതിലെല്ലാമുപരി, എത്രയൊക്കെപ്പറഞ്ഞാലും എന്റെ ബ്ലോഗില്‍ വന്നു് ഇതുപോലുള്ള “മാന്യതകള്‍” വിളമ്പുന്നതു് സഹിഷ്ണുതയാണെന്നു് ഞാന്‍ അംഗീകരിച്ചു് തരുകയും ചെയ്യണം!

    ഇതൊക്കെ ആണെങ്കിലും, ഇത്രയൊക്കെ പറഞ്ഞെങ്കിലും, ചിന്തകന്റെ മറുപടി ഉടനെ വരുമെന്നു് അറിയാം. അതുകൊണ്ടു് മുന്‍‌കൂര്‍ ജാമ്യം: “തുടര്‍ മറുപടികള്‍‍ക്കു്” എന്റെ “തുടര്‍ മറുപടികള്‍” ഉണ്ടായിരിക്കുന്നതല്ല. വേണമെങ്കില്‍ ഞാന്‍ അതിനു് ക്ഷമ ചോദിക്കുന്നു എന്നുകൂടി പറയാം. പക്ഷേ, അതുകൊണ്ടും യാതൊരു പ്രയോജനവും ഇല്ല എന്നതിനു് എന്റെ പല ബ്ലോഗനുഭവങ്ങളും സാക്ഷി!

    ഇതില്‍ കൂടുതലൊന്നും ഇക്കാര്യത്തില്‍ പറയാന്‍ സത്യമായിട്ടും എനിക്കറിയില്ല. സുല്ല്!!!

     
  32. ചിന്തകൻ

    Oct 18, 2008 at 20:16

    🙂

     
  33. ചാര്‍വാകന്‍

    Dec 5, 2008 at 07:00

    ചിന്തക്കുമേലെ അടപ്പുണ്ടാക്കി മതബോധമെന്ന അരകൂകൊണ്ടൊരു സീലും വെച്ചാ
    പിന്നൊന്നും തലെകേറത്തില്ല.ചോദ്യങ്ങളൊന്നും പാടില്ലാന്നാ…ചെറുപ്പത്തിലേ
    പഠിപ്പിച്ചിട്ടുള്ളത്.ഉത്തരമെല്ലാം പൊത്തകത്തിലുണ്ടല്ലോ?
    കുറച്ചുപേരെങ്കിലുമുണ്ടാവും –തുടരുക…

     
 
%d bloggers like this: