പ്രപഞ്ചസത്യങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍ക്കു് പ്രധാന തടസ്സമായി നില്‍ക്കുന്നതു് മനുഷ്യരുടെ Stereotyped ചിന്താഗതികള്‍ തന്നെയാണു്. പുതിയ അറിവുകള്‍ അംഗീകരിക്കണമോ നിരാകരിക്കണമോ എന്ന തീരുമാനം എപ്പോഴും നമ്മള്‍ കൈക്കൊള്ളുന്നതു് അവ എങ്ങനെയോ നമ്മില്‍ വേരുറച്ചുപോയ വിശ്വാസപ്രമാണങ്ങളുടെ അച്ചുകളില്‍ ഒതുങ്ങുന്നതോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ ഒരു യാഥാര്‍ത്ഥ്യത്തില്‍നിന്നും ഐന്‍സ്റ്റൈന്റെ ‘കാലിബര്‍’ ഉള്ളവര്‍ പോലും പലപ്പോഴും മോചിതരല്ല എന്നതാണു് സത്യം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു് നീല്‍സ് ബോറും (Niels Bohr) ഐന്‍സ്റ്റൈനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആശയപരമായ സംഘട്ടനം. അതു് 1955-ല്‍ ഐന്‍സ്റ്റൈന്‍ മരിക്കുന്നതുവരെ ഒരു തീരുമാനത്തിലെത്താതെ തുടരുകയും ചെയ്തു. വസ്തുനിഷ്ഠതയുടെ ലോകവും (objective reality) അനിശ്ചിതത്വത്തിന്റെ ക്വാണ്ടം ലോകവും (statistic reality) തമ്മിലായിരുന്നു മത്സരം. ഐന്‍സ്റ്റൈന്‍ ഫിസിക്സിലെ ഒരു ന്യൂനപക്ഷത്തോടൊപ്പം ആദ്യത്തെ പ്രപഞ്ചചിത്രത്തില്‍ അടിയുറച്ചു് വിശ്വസിച്ചു. അതു് തെളിയിക്കാനായി ഐന്‍സ്റ്റൈന്‍ മുന്നോട്ടു് വച്ച എല്ലാ ‘ചിന്താപരീക്ഷണങ്ങളെയും’ ബോര്‍ താത്വികമായി ഖണ്ഡിക്കുകയായിരുന്നു. ഒരു യഥാര്‍ത്ഥ പരീക്ഷണം വഴി ഈ വസ്തുത തെളിയിക്കാന്‍ മാത്രം അന്നു് ഫിസിക്സ് വളര്‍ന്നിരുന്നുമില്ല. ഈ വിഷയത്തില്‍ ഐന്‍സ്റ്റൈന്റെ നിലപാടു് തെറ്റായിരുന്നുവെന്നു് പിന്നീടു് നടത്തിയ പല പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു. യുക്തിസഹമായ പരീക്ഷണഫലങ്ങള്‍ വിശ്വാസപ്രമാണങ്ങളില്‍ കടിച്ചുതൂങ്ങി നിഷേധിക്കാന്‍ മടിക്കാത്ത ഒരു സാദാ യാഥാസ്ഥിതികന്‍ അല്ലാതിരുന്നതിനാല്‍, ഐന്‍സ്റ്റൈന്‍ ജീവിച്ചിരുന്നെങ്കില്‍ സ്വന്തം നിലപാടു് തിരുത്താന്‍ അദ്ദേഹം തയ്യാറാവുമായിരുന്നു എന്നുവേണം കരുതാന്‍. അന്വേഷണങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും വഴിമുട്ടുമ്പോള്‍ അതു് പഴകിയ അടിസ്ഥാനനിഗമനങ്ങളില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടുകളെ മാനദണ്ഡമാക്കുന്നതുമൂലവുമാവാം എന്ന അറിവിനെയാണല്ലോ നമ്മള്‍ ‘കോപ്പര്‍നിക്കസിന്റെ വഴിത്തിരിവു്’ എന്നു് വിശേഷിപ്പിക്കുന്നതു്. ഭൂമിയെ കേന്ദ്രമാക്കി മദ്ധ്യകാലാവസാനം വരെ നിലനിന്നിരുന്ന ലോകചിത്രം വാനഗോളങ്ങളെ സംബന്ധിച്ച പഠനങ്ങളെ മുന്നോട്ടു് നയിക്കാതായപ്പോള്‍ സൂര്യന്‍ ഭൂമിയെ ചുറ്റുകയല്ലെന്നും, പകരം സൂര്യന്‍ സൗരയൂഥത്തിന്റെ കേന്ദ്രമാണെന്നും, ഭൂമിയും ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണെന്നുമുള്ള തിരിച്ചറിവില്‍ കോപ്പര്‍നിക്കസ് എത്തിച്ചേരുകയായിരുന്നു. ഒരുപക്ഷേ ഇന്നു് – മറ്റൊരര്‍ത്ഥത്തിലാണെങ്കിലും – ‘വഴിമുട്ടി’ നില്‍ക്കുന്ന ശാസ്ത്രത്തിന്റെ തുടര്‍ന്നുള്ള പുരോഗതി ഇന്നത്തെ കാഴ്ചപ്പാടുകളിലെ അതുപോലൊരു മൗലികമായ മാറ്റത്തില്‍ ആശ്രയിച്ചിരിക്കുന്ന കാര്യമായിക്കൂടെന്നില്ല.
കിണറ്റില്‍ വീഴുന്ന ഒരു കല്ലിന്റെ സ്ഥാനത്തുനിന്നും വൃത്താകൃതിയില്‍ തരംഗങ്ങള്‍ ജലപ്രതലത്തിലൂടെ എല്ലാ വശങ്ങളിലേക്കും പടരുമെന്നു് നമുക്കറിയാം. ഒന്നിനുപകരം വേണ്ടത്ര അകലത്തില്‍ രണ്ടു് കല്ലുകള്‍ കിണറ്റില്‍ വീണാല്‍, അതുവഴി രൂപമെടുക്കുന്ന തരംഗങ്ങള്‍ പരസ്പരം സംയോജിക്കുന്നിടത്തുനിന്നും അവയിലെ ഉയര്‍ച്ചതാഴ്ച്ചകളെ (amplitude) ശക്തീകരിച്ചുകൊണ്ടോ ബലഹീനമാക്കിക്കൊണ്ടോ യാത്രതുടരുന്നതാണു് interference. ഇതൊരു തരംഗസ്വഭാവമാണു്. പ്രകാശത്തിന്റെ ഇന്റര്‍ഫെറന്‍സ് തെളിയിക്കുവാന്‍ Thomas Young നടത്തിയ double slit പരീക്ഷണവും, diffraction സംബന്ധമായി Joseph von Fraunhofer നടത്തിയ പഠനങ്ങളും വഴി പ്രകാശവും ജല-, ശബ്ദതരംഗങ്ങള്‍ പോലെതന്നെ തരംഗസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു എന്ന നിഗമനത്തില്‍ ശാസ്ത്രലോകം എത്തിച്ചേര്‍ന്നു. പക്ഷേ, ഐന്‍സ്റ്റൈനു് നോബല്‍പ്രൈസ് നേടിക്കൊടുത്ത photoelectric effect വിശദീകരിക്കുവാന്‍ പ്രകാശത്തെസംബന്ധിച്ച തരംഗതത്വം പര്യാപ്തമായില്ല. അതിന്റെ വിശദീകരണത്തിനായി ഐന്‍സ്റ്റൈനെപ്പോലൊരു ജീനിയസിനു്, അഞ്ചുവര്‍ഷം മുന്‍പു് ബ്ലാക്ക് ബോഡി റേഡിയേഷന്‍ വഴി Max Planck കണ്ടെത്തിയ ക്വാണ്ടം തിയറിയില്‍ എത്തിച്ചേരുവാന്‍ വലിയബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അങ്ങനെ പ്രകാശവും ‘ക്വാണ്ടീകരിക്കപ്പെട്ടു’. പ്രകാശം എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദമായ ‘photos’-ല്‍ നിന്നും രൂപമെടുത്ത ‘photon’ എന്ന പേരില്‍ പ്രകാശത്തിന്റെ ക്വാണ്ടം 1926 മുതല്‍ പൊതുവേ അറിയപ്പെടാന്‍ തുടങ്ങി.
അങ്ങനെ, പ്രകാശത്തിന്റെ വ്യത്യസ്ത പ്രതിഭാസങ്ങള്‍ വിശദീകരിക്കുവാന്‍ wave theory-യും quantum theory-യും ആവശ്യമാണെന്നു് പരീക്ഷണങ്ങള്‍ വഴി തെളിയിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയെന്നോണം, ‘matter wave’ എന്ന ആശയം Louis de Broglie എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ രൂപീകരിച്ചു. തരംഗങ്ങളെ വിവരിക്കാനായി ഗണിതശാസ്ത്രം ഉപയോഗിക്കുന്ന അതേ സമവാക്യങ്ങള്‍ കൊണ്ടു് നിര്‍വചിക്കാവുന്നവിധത്തില്‍ സ്ഥലത്തിലോ സമയത്തിലോ മൂല്യവ്യത്യാസം സംഭവിക്കുന്ന ദ്രവ്യകണികകളാണു് matter waves, അഥവാ ‘de Broglie waves’. കണികകള്‍ക്കു് കണികസ്വഭാവം കൂടാതെ തരംഗസ്വഭാവവും ഉണ്ടു് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. മൂന്നു് വര്‍ഷങ്ങള്‍ക്കുശേഷം എലക്ട്രോണുകളുടെ തരംഗസ്വഭാവം പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുകയും ചെയ്തു.
തന്റെ പുതിയ തത്വത്തിന്റെ വെളിച്ചത്തില്‍ എത്ര ലളിതവും രസകരവുമായാണു് de Broglie ‘പ്ലാങ്കിനേയും ഐന്‍സ്റ്റൈനേയും’ തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നു് നോക്കുക!: ഒരോ ആന്ദോലനത്തിനും (oscillation) അതിന്റേതായ ഫ്രീക്വന്‍സി ഉള്ളതിനാല്‍, അതില്‍ അടങ്ങിയിരിക്കുന്ന എനര്‍ജി രണ്ടുവിധത്തില്‍ (‘പ്ലാങ്ക്’ വഴിയും, ‘ഐന്‍സ്റ്റൈന്‍’ വഴിയും!) കണക്കുകൂട്ടാം. അതേസമയംതന്നെ, matter wave-ല്‍ കണികയുടെ സ്വന്തം എനര്‍ജി അതിന്റെ ആന്ദോലനത്തിന്റെ ‘എനര്‍ജിക്വാണ്ടിനു്’ തുല്യമായതിനാല്‍, ഈ രണ്ടു് എനര്‍ജികള്‍, അഥവാ പ്ലാങ്കിന്റെയും ഐന്‍സ്റ്റൈന്റെയും എനര്‍ജിസമവാക്യങ്ങള്‍ പരസ്പരം തുല്യമായിരിക്കണം.E = hν (Planck!), E = mc² (Einstein!)
അതായതു്, hν = mc², or Planck = Einstein!
പ്രകാശത്തിന്റെ തരംഗസ്വഭാവം തെളിയിക്കാന്‍ Thomas Young വിഭാവനം ചെയ്ത double slit experiment ക്വാണ്ടം തിയറിയുടെ ലോകത്തില്‍ ചിലപ്രശ്നങ്ങള്‍ സൃഷ്ടിച്ചു: ഒരു തരംഗത്തിന്റെ തീവ്രത (intensity) അതിന്റെ amplitude-ന്റെ വര്‍ഗ്ഗത്തിനു് (square) ആനുപാതികമായിരിക്കും. പക്ഷേ, ഡബിള്‍ സ്ലിറ്റ് പരീക്ഷണത്തില്‍ രണ്ടു് ദ്വാരങ്ങളിലൂടെ പുറത്തുവരുന്ന തരംഗങ്ങളുടെ ഇന്റെന്‍സിറ്റിയുടെ തുക, ഓരോ തരംഗത്തിന്റെയും ആംപ്ലിട്യൂഡിന്റെ വര്‍ഗ്ഗത്തിന്റെ തുകയല്ല, പകരം രണ്ടു് ആമ്പ്ലിട്യൂഡുകളുടെയും തുകയുടെ വര്‍ഗ്ഗമാണു്. ഗണിതശാസ്ത്രപരമായി പറഞ്ഞാല്‍, A, B എന്നിവ തരംഗങ്ങളുടെ amplitudes ആണെന്നു് സങ്കല്‍പിച്ചാല്‍, അവയുടെ ഇന്റെന്‍സിറ്റികളുടെ തുകയായ ‘I’ = A² + B² അല്ല, I = (A + B)² ആയിരിക്കും. അതായതു് വര്‍ഗ്ഗത്തെ വിടര്‍ത്തിയെഴുതുമ്പോള്‍, ‘I’ = A² + B² + 2AB. ഇതില്‍ 2AB എന്നതാണു് interference-ന്റെ ഘടകം. A, B എന്നിവ പോസിറ്റീവോ നെഗറ്റീവോ ആവാം എന്നതിനാല്‍, 2AB എന്നതു് ഇന്റര്‍ഫെറന്‍സ് പാറ്റേണിലെ ‘ഉയര്‍ച്ച-താഴ്ചകളെ’ പ്രതിനിധീകരിക്കുന്നു. ഈ പരീക്ഷണത്തില്‍ തരംഗങ്ങള്‍ക്കു് പകരം ഒരു ‘പീരങ്കിയില്‍’ നിന്നും വരുന്ന ‘കടുകുമണികള്‍’ (എളുപ്പത്തിനായി ഒരു ഉദാഹരണം!) ആണു് ഉപയോഗിക്കുന്നതെങ്കില്‍ ഇത്തരം ഒരു interference pattern ഉണ്ടാവുന്നില്ല. അതായതു്, ഒരോ കടുകുമണിയും എനര്‍ജിയുടെ ഏകകങ്ങളും, അവയുടെ എണ്ണം ഇന്റെന്‍സിറ്റിയും എന്ന അര്‍ത്ഥത്തില്‍ സങ്കല്പിച്ചാല്‍, ആകെ കടുകുമണികളുടെ എണ്ണം ഓരോ ദ്വാരത്തിലൂടെയും പുറത്തുവരുന്ന കടുകുമണികളുടെ എണ്ണത്തിന്റെ തുകയായിരിക്കും. ഇന്റര്‍ഫറന്‍സ് എന്നൊരു പ്രതിഭാസം അവിടെ കാണാന്‍ കഴിയില്ല. കടുകുമണികള്‍ക്കു് പകരം ആണവകണികകള്‍ ഉപയോഗിച്ചു് ഈ പരീക്ഷണം നടത്തിയാലോ?
ഇത്ര ലളിതമായ രീതിയില്‍ ഒരു പരീക്ഷണം sub-atomic particles കൊണ്ടു് നടത്താനാവില്ല എന്നതു് വ്യക്തം. പക്ഷേ, ഇതിനു് തുല്യവും അനുയോജ്യവുമായി ആണവകണികകള്‍ ഉപയോഗിച്ചു് double slit experiment നടത്തുമ്പോള്‍ വിചിത്രമായ ചില ഫലങ്ങളാണു് ലഭിക്കുന്നതു്. രണ്ടു് ദ്വാരങ്ങളും തുറന്നിരിക്കുന്ന അവസ്ഥയില്‍, തരംഗത്തിലേതുപോലെതന്നെ ഇവിടെയും interference pattern ഉണ്ടാവുന്നു. ഇവിടെ അല്‍പം തത്വം ആവശ്യമാണെന്നു് തോന്നുന്നു: matter wave-നെപ്പറ്റിയുള്ള de Broglie-യുടെ നിഗമനത്തിനു് ഒരു ഗണിതശാസ്ത്രരൂപം നല്‍കുകയായിരുന്നു തന്റെ wave mechanics-ലൂടെ Erwin Schrödinger. തരംഗങ്ങളുടെ തരംഗദൈര്‍ഘ്യം വളരെ ചെറുതാണെങ്കില്‍, തരംഗാകൃതിയിലുള്ള ചലനത്തെ നേര്‍രേഖയിലുള്ള ചലനമായി അനുമാനിക്കാം എന്ന optics-ലെ തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു Schrödinger രൂപീകരിച്ച wave function. ‘ഷ്ര്യോഡിങ്ങര്‍ ഫംഗ്ഷനിലെ’ variable ആയ Ψ (Greek letter psi) യഥേഷ്ടമായ ഒരു ആണവകണികയെ പ്രതിനിധീകരിക്കുന്നു. Ψ ഒരു തരംഗമെങ്കില്‍, അതു് amplitude-ഉം Ψ² എന്നതു് intensity-യുമാണു്. അതേസമയം, ഈ ‘തരംഗം’ ഫോട്ടോണ്‍, എലക്ട്രോണ്‍ മുതലായ കണികകളുടെ ഒരു സമൂഹമെങ്കില്‍, Ψ²എന്നതു് ഒരു കണികയെ ഒരു പ്രത്യേക സ്ഥാനത്തു് കണ്ടെത്താന്‍ കഴിയുന്നതിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ സാദ്ധ്യത (probability) മാത്രമായി മാറുന്നു.
double slit experiment ഓരോ ദ്വാരവും മാറി മാറി അടച്ചുകൊണ്ടു് ആവര്‍ത്തിച്ചാല്‍ സ്ക്രീനില്‍ നമുക്കു് ലഭിക്കുന്ന പാറ്റേണുകള്‍ ‘കടുകുമണികള്‍’ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളിലേതിനു് തുല്യമാണെങ്കിലും, രണ്ടു് ദ്വാരങ്ങളും തുറന്നിരിക്കുന്ന അവസ്ഥയില്‍ നമുക്കു് ലഭിക്കുന്നതു് അവയുടെ തുകയല്ല! അവിടെ interference pattern കാണപ്പെടുന്നു! അതില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതു്, ദ്വാരത്തിലൂടെ സ്ക്രീനിലേക്കുള്ള ഓരോ കണികയുടേയും യാത്ര സ്റ്റാറ്റിസ്റ്റിക്കല്‍ നിയമങ്ങള്‍ വഴി നിയന്ത്രിക്കപ്പെടുന്നു എന്നതാണു്. പക്ഷേ അതു് ശരിയാവണമെങ്കില്‍ ഏതെങ്കിലും ഒരു ദ്വാരത്തിലൂടെ പോകാന്‍ ‘തീരുമാനിക്കുന്ന’ കണികയ്ക്കു് കൃത്യമായി അറിയാമായിരിക്കണം മറ്റേ ദ്വാരം അടഞ്ഞോ തുറന്നോ ഇരിക്കുന്നതെന്നു്! അതാണു് ക്വാണ്ടം ലോകത്തിലെ കേന്ദ്രബിന്ദുവും രഹസ്യവും.
ഇനി, നമ്മള്‍ അതിബുദ്ധിമാന്മാരായി ചാരവൃത്തി അനുഷ്ഠിക്കാന്‍ തീരുമാനിച്ചാലോ? ഇതിലും വിചിത്രമായ ഒരു ഫലമാണു് അപ്പോള്‍ ലഭിക്കുന്നതു്! ‘ചാരവൃത്തിക്കായി’ നമ്മള്‍ പരീക്ഷണത്തെ അല്‍പം modify ചെയ്യുന്നു എന്നു് സങ്കല്‍പിക്കുക. കണിക (electron, photon etc.) ഏതു് ദ്വാരത്തിലൂടെയാണു് പോകുന്നതെന്നു് ‘വഴിതടയാത്ത വിധത്തില്‍’ അറിയാനുതകുന്ന ഒരു സംവിധാനം നമ്മള്‍ പരീക്ഷണത്തോടു് കൂട്ടിച്ചേര്‍ക്കുന്നു. കണികകള്‍ അപ്പോള്‍ ‘മര്യാദരാമന്മാര്‍’ ആവുന്നതായി കാണാം. ഒരു കണികയെ ‘ഇതിലൂടെയോ അല്ലെങ്കില്‍ അതിലൂടെയോ’ മാത്രമല്ലാതെ, ഒരിക്കലും രണ്ടു് ദ്വാരങ്ങളിലും ഒരേസമയം നമ്മള്‍ കാണുന്നില്ല. രണ്ടു് ദ്വാരങ്ങളും തുറന്നാണിരിക്കുന്നതെങ്കിലും, സ്ക്രീനില്‍ ലഭിക്കുന്ന പാറ്റേണ്‍ ‘കടുകുമണി’ പരീക്ഷണത്തിലേതുപോലെതന്നെ ആണുതാനും! അതായതു്, രണ്ടു് ദ്വാരങ്ങളും തുറന്നിരിക്കുന്നുവോ ഇല്ലയോ എന്നു് മാത്രമല്ല, നമ്മള്‍ അതിനെ ‘നോക്കുന്നുണ്ടോ’ ഇല്ലയോ എന്നും അതിനു് ‘അറിയാം’. അതിനനുസരിച്ചു് ആ കണിക ‘പെരുമാറുന്നു’! വീക്ഷിക്കപ്പെടുന്നതുവരെ അനിശ്ചിതത്വത്തില്‍ കഴിയുന്ന ‘എലക്ട്രോണ്‍തരംഗങ്ങള്‍’ വീക്ഷണം വഴി സ്പഷ്ടമായ കണികയായി ‘തകരുന്നു’. മറ്റു് വാക്കുകളില്‍, എത്രയോ സാദ്ധ്യതകളില്‍ നിന്നും ഒരു പ്രത്യേക അവസ്ഥായാഥാര്‍ത്ഥ്യം സ്വീകരിക്കുവാന്‍ നമ്മുടെ അളവുവഴി ആ കണിക നിര്‍ബന്ധിതമാവുന്നു! ക്വാണ്ടം ലോകത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അനിശ്ചിതത്വത്തിനു് അളവുകളുടെ ഏതോ ഒരു ഘട്ടത്തില്‍ വച്ചു് ‘യാഥാര്‍ത്ഥ്യം’ കൈവരുന്നതിനെ ശാസ്ത്രജ്ഞര്‍ ‘wave function collapse’ എന്നു് വിളിക്കുന്നു. ഇതുവരെ പൂര്‍ണ്ണമായി ചിന്തിച്ചും പഠിച്ചും തീര്‍ന്നിട്ടില്ലാത്ത ഒരു സംഗതിയാണതു്! പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ‘wave function’-നു് ഏതോ ഒരു മൂലയിലെ ‘വീക്ഷകന്റെ അളവുവഴി’ collapse സംഭവിക്കുന്നു എന്നതു് ‘മനസ്സിലാക്കാന്‍’ അത്ര എളുപ്പമുള്ള കാര്യമാവില്ലല്ലോ. പക്ഷേ നമ്മള്‍ അങ്ങോട്ടേക്കു് സാവകാശമെങ്കിലും കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നതു് ഏതായാലും അഭിമാനാര്‍ഹമാണു്.
നമ്മുടെ മുന്നില്‍ ഇരിക്കുന്ന ഒരു Radio active പദാര്‍ത്ഥത്തില്‍ നിന്നും അടുത്ത രണ്ടുമണിക്കൂറിനുള്ളില്‍ എത്രമാത്രം അണുകേന്ദ്രങ്ങള്‍ disintegrate ചെയ്യപ്പെടുമെന്നു് കണക്കുകൂട്ടി പറയാമെന്നല്ലാതെ, അതിലെ ഏതെങ്കിലും ഒരു പ്രത്യേക nucleus-നു് ശിഥിലീകരണം സംഭവിക്കുമോ എന്നും, സംഭവിക്കുമെങ്കില്‍ എപ്പോള്‍ എന്നും ആര്‍ക്കും പ്രവചിക്കാനാവില്ല. അതു് പ്രവചിക്കാന്‍ നമുക്കു് കഴിയില്ലെന്നു് മാത്രമല്ല, അതു് അറിയാന്‍ ആ nucleus-നോ, പ്രകൃതിക്കോ, ‘സര്‍വ്വശക്തനായ’ ദൈവത്തിനുപോലുമോ കഴിയില്ല. ശാസ്ത്രീയമായ അനേകം പരീക്ഷണ-നിരീക്ഷണങ്ങള്‍ വഴി ഒരു probability distribution കണക്കുകൂട്ടി ‘പ്രവചിക്കാം’ എന്നല്ലാതെ, കൂടുതലൊന്നും നമുക്കു് സാദ്ധ്യമല്ല. അതു് ഒരു കാരണവശാലും ഒരു കുറവുമല്ല.
സൂര്യനും, ഭൂമിയും, ചന്ദ്രനും, നക്ഷത്രങ്ങളും, നമ്മളും അടിസ്ഥാനപരമായി ക്വാണ്ടം കണികകളാണെന്നതിനാല്‍, മൗലികമായ അര്‍ത്ഥത്തില്‍, objective reality എന്നതിനു് നമ്മുടെ പ്രപഞ്ചത്തില്‍ യാതൊരു സ്ഥാനവുമില്ല. പല കാര്യങ്ങളിലും കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ ഐന്‍സ്റ്റൈന്‍ ഈ ഒരു കാര്യത്തിലെങ്കിലും പരാജയപ്പെടുകയായിരുന്നു എന്നു് ഇന്നു് നമുക്കറിയാം. അദ്ദേഹത്തിനു് നോബല്‍ പ്രൈസ് നേടിക്കൊടുത്ത അതേ മേഖലയില്‍ തന്നെയാണു് അതു് സംഭവിച്ചതു് എന്നതാണു് ഏറെ രസകരം!
അടുത്തതില്‍: ഐന്‍സ്റ്റൈനും ബോറും തമ്മിലെ മത്സരം
(തുടരും)
പാമരന്‍
Aug 22, 2008 at 22:51
interesting!
PIN
Aug 22, 2008 at 23:23
Nice posting.
Continue…all the best..
പ്രിയ ഉണ്ണികൃഷ്ണന്‍
Aug 23, 2008 at 01:15
ആ മത്സരപോസ്റ്റിനായി കാത്തിരിയ്ക്കുന്നു
അജ്ഞാതന്‍
Aug 23, 2008 at 08:02
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു
Rare Rose
Aug 23, 2008 at 10:10
അവസാന ഘട്ടത്തിലെ കണികകളുടെ അനിശ്ചിതത്വത്തില്‍ നിലനില്‍ക്കാനുള്ള ശ്രമങ്ങള്‍ അമ്പരപ്പെടുത്തി…ഇത്തരം സാധ്യതയെ കുറിച്ചുള്ള പഠനങ്ങള്‍ കൂടുതല്‍ നടന്നു കൊണ്ടിരിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹം തന്നെ…അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു…
സി. കെ. ബാബു
Aug 23, 2008 at 10:36
പാമരന്‍, pin, പ്രിയ, അജ്ഞാതന്‍, rare rose,
വായനക്കും പ്രോത്സാഹനത്തിനും എല്ലാവര്‍ക്കും നന്ദി.
സൂരജ് :: suraj
Aug 24, 2008 at 06:09
ശുദ്ധവായു..നറുമണം..ഹാ. ഞാനൊന്ന് ആഞ്ഞു ശ്വസിക്കട്ടെ… ഹാ!! ഹാവൂ…
ആശ്വാസം !
നീൽ കുട്ടനും ആൽബി അപ്പൂപ്പനും കൊമ്പ് കൊരുത്തപ്പോൾ ചിതറിയ അഗ്നിസ്ഫുലിംഗങ്ങൾ കാണാൻ കാത്തിരിക്കുന്നു…ഈപിആറും ബെൽ അസമത്വവും… ങ ങ ങ്ഹാ ഞാനായിട്ട് സസ്പെൻസ് കളയില്ല 🙂
എത്രാമത്തെ ആവർത്തിയായാലും ത്രില്ല് പോകാത്ത കഥ…
മൂര്‍ത്തി
Aug 24, 2008 at 06:11
തുടരുക..വൈകിയാണെങ്കിലും വായിക്കുന്നുണ്ട്..
കാവലാന്‍
Aug 24, 2008 at 07:47
വായിക്കുന്നു വിവരണങ്ങള്‍ മെച്ചപ്പെട്ടവതന്നെ എന്നാലും വിഷയത്തിന്റെ കനം കൊണ്ട് അല്ലെങ്കില്‍ എന്റെ കപ്പാകുറ്റിയുടെ വ്യാപ്തക്കുറവോ ഏകാഗ്രതക്കുറവോ മൂലം രണ്ടുമൂന്നു തവണ വായിക്കേണ്ടി വരുന്നു ചിലതെല്ലാം തുടരുക.
ചെകുത്താന്‍ പറഞ്ഞുകൊണ്ടെയിരിക്കുമല്ലോ,അറിഞ്ഞില്ലേ മറ്റേ കുട്ടിച്ചാത്തന്‍ പരമഭക്തനായത്രേ!!! ഇപ്പോ “ഗണപതിബപ്പാ മോറിയാ” എന്നൊക്കെയാ ഉറക്കത്തില്‍ പോലും പാട്ടെന്ന്.
ശിവശിവ കാലത്തിന്റൊരു പോക്കേയ്.
സി. കെ. ബാബു
Aug 24, 2008 at 09:25
സൂരജ്, മൂര്‍ത്തി,
നന്ദി.
കാവലാനേ,
സമയവും, ബുദ്ധിമുട്ടും Bodybuilding-നു് മാത്രം ചിലവാക്കാതെ ഒരല്‍പം Brainbuilding-നും ചിലവാക്കിക്കോളൂ. ഒരു കൊഴപ്പോമില്ല.
സൂരജ് വേഷം മാറ്റി കാവിയാക്കി. താടി നീട്ടി, ജട നീട്ടി, പേരും മാറ്റി!
ആത്മീയാബോധാബോധിബുദ്ധാനന്ദസരസ്വതി സ്വാമി നിതാന്തവന്ദ്യദിവ്യശ്രീ ശ്രീശ്രീ ശ്രീമാന്‍ സൂരജാനന്ദ രാജാധിരാജനാനന്ദ വീരപാണ്ഡ്യകട്ടബൊമ്മനാനന്ദ പേരുകേട്ടാല്‍ കുളിരുകോരുമാനന്ദ ആനന്ദത്തിലാനന്ദ അപായത്തിലാനന്ദ അപൂര്‍വ്വപശ്ചിമാനന്ദ എനിക്കു് പറയാനറിയാന്‍ പാടില്ലാത്ത ഒത്തിരിയൊത്തിരി പേരുകളിലാനന്ദ തന്നെയും പിന്നെയുമാനന്ദ ഗുരുരത്നഗുരുദേവഗുല്‍ഗുലുഗുരുക്കള്‍!!
യാരിദ്|~|Yarid
Aug 24, 2008 at 11:42
ബാബു മാഷെ നല്ല ലേഖനം..!
Nachiketh
Aug 24, 2008 at 13:15
Excellent
സി. കെ. ബാബു
Aug 24, 2008 at 13:59
യാരിദ്, nachiketh,
നന്ദി.
അപ്പു
Aug 25, 2008 at 05:03
ബാബുവേട്ടാ, നീണ്ട ഒരു യാത്രയിലായിരുന്നു. പക്ഷേ ഇതിനുമുമ്പുള്ള ലേഖനങ്ങളൊന്നും വായിക്കാതെ പോയിട്ടില്ല, എല്ലാം സേവ് ചെയ്ത് ഓഫ് ലൈനില്‍ വായിക്കുന്നുണ്ടായിരുന്നു.
മറ്റൊരു ഗംഭീരലേഖനം. ഇന്റര്‍ഫെറന്‍സിനെ കിണറ്റിലെ വെള്ളത്തില്‍ ഉണ്ടായ തരംഗങ്ങളുടെ സംയോജനമായും, പീരങ്കിയിലൂടെ കടന്നുവരുന്ന കടുകുമണികളുടെ ഉദാഹരണവും നന്നേപിടിച്ചു. ഒരു വാചകം മനസ്സിലായില്ല : “കണിക (electron, photon etc.) ഏതു് ദ്വാരത്തിലൂടെയാണു് പോകുന്നതെന്നു് ‘വഴിതടയാത്ത വിധത്തില്‍’ അറിയാനുതകുന്ന ഒരു സംവിധാനം നമ്മള്‍ പരീക്ഷണത്തോടു് കൂട്ടിച്ചേര്‍ക്കുന്നു“ എന്താണീ സംവിധാനം എന്നു പറയാമോ? അതോ ലളിതമായി അതു ഇവിടെ വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടോ?
സി. കെ. ബാബു
Aug 25, 2008 at 11:07
അപ്പു,
എലക്ട്രോണുകളുടെ wave-particle duality പഠിക്കാന്‍ ക്രിസ്റ്റലുകളില്‍ “double slit experiment” നടത്തുമ്പോള്‍ ഉപയോഗിക്കുന്ന പാര്‍ട്ടിക്കിള്‍ ഡിറ്റക്ടര്‍ ആണു് അതുവഴി ഉദ്ദേശിച്ചതു്.
ഈ ലേഖനം മനസ്സിലാക്കാന്‍ ലിങ്കുകളുടെ വലിയ ആവശ്യമില്ലെങ്കിലും ഞാന്‍ അവ കൊടുത്തതു് അല്പം കൂടി അറിയണമെന്നുള്ളവര്‍ക്കു് ഉപകാരപ്പെടട്ടെ എന്നു് കരുതിയാണു്. ഓരോ ലിങ്കുകളില്‍ നിന്നും മറ്റു് പല ലിങ്കുകളിലേക്കും പോവുകയുമാവാം. പക്ഷേ, ഫിസിക്സില്‍ അത്യാവശ്യം പരിചയം ഉള്ളവര്‍ക്കു് ആഴമേറിയ പഠനം വേണമെങ്കില്‍ പല ലിങ്കുകളിലും കൊടുത്തിട്ടുള്ള പുസ്തകങ്ങള്‍ വായിക്കുന്നതാണു് നല്ലതു്.
പതിവായി വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.