എല്ലാത്തരം സ്ത്രൈണസ്നേഹത്തിലും മാതൃസ്നേഹത്തിന്റെ ഒരംശം വെളിപ്പെടുന്നു.
സൗന്ദര്യം വര്‍ദ്ധിക്കുന്നതിനനുസരിച്ചു് സ്ത്രീകളുടെ ലജ്ജാശീലവും വര്‍ദ്ധിക്കുന്നു.
ആണും പെണ്ണും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനും കലഹത്തിനും ശേഷം ഒരു വിഭാഗം മറ്റേ വിഭാഗത്തെ വേദനിപ്പിച്ചല്ലോ എന്ന ചിന്തമൂലം പരിതപിക്കുന്നു. അതേസമയം, രണ്ടാമത്തെ വിഭാഗം ആദ്യത്തെ വിഭാഗത്തെ വേണ്ടത്ര വേദനിപ്പിച്ചില്ലല്ലോ എന്ന ചിന്തമൂലം പരിതപിക്കുന്നു. തന്മൂലം അവര്‍ കണ്ണുനീരും, ഏങ്ങലടിയും, പരിഭവം പ്രകടിപ്പിക്കുന്ന മുഖവുമായി ആദ്യവിഭാഗത്തിനെ പിന്നെയും വിഷമിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഒരു പുരുഷനെ ഭാഗ്യവാനാക്കാനുള്ള കഴിവു് തങ്ങള്‍ക്കുണ്ടെന്നു് സങ്കല്‍പിച്ചു് അനുഭവസമ്പന്നരല്ലാത്ത പെണ്‍കുട്ടികള്‍ സ്വയം പുകഴ്ത്തുന്നു. പിന്നീടു്, ഒരു പുരുഷനെ ഭാഗ്യവാനാക്കാന്‍ ഒരു പെണ്‍കുട്ടി മാത്രം മതി എന്നു് മനസ്സിലാക്കുമ്പോള്‍ അവനെ അവജ്ഞയോടെ കാണുവാന്‍ അവര്‍ പഠിക്കുന്നു. ഭാഗ്യവാനായ ഒരു ഭര്‍ത്താവു് എന്നതിലും ഉപരിയായിരിക്കണം ഒരു പുരുഷന്‍ എന്നു് സ്ത്രീകളുടെ പൊങ്ങച്ചം ആവശ്യപ്പെടുന്നു.
സ്ത്രീ സേവിക്കാന്‍ ആഗ്രഹിക്കുന്നു, അതിലാണു് അവളുടെ ഭാഗ്യം. ഒരു സ്വതന്ത്രബുദ്ധി സേവിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല, അതിലാണു് അവന്റെ ഭാഗ്യം.
ഒരു mineralogist-ന്റെ വഴിയില്‍നിന്നും അവന്റെ കാലു് കല്ലില്‍ തട്ടി പരിക്കേല്‍ക്കാതിരിക്കാനായി കല്ലുകള്‍ പെറുക്കിമാറ്റുന്നതുപോലെയാണു്, മനഃപൂര്‍വ്വമല്ലെങ്കിലും, സ്ത്രീകളുടെ പ്രവര്‍ത്തികള്‍ – അതേസമയം, അവന്‍ യാത്രതിരിച്ചതു് അതേ കല്ലുകള്‍ തേടി ആയിരുന്നുതാനും.
വെറുപ്പിന്റെ അവസ്ഥയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അപകടകാരികളാണു്. ഒരിക്കല്‍ രൂപമെടുത്ത അവരുടെ ശത്രുത്വം നിലവാരപരിഗണനകളുടെ പേരില്‍ കുറയ്ക്കാനല്ല, അവസാനഫലം വരെ വളര്‍ത്താനാണു് അവര്‍ ശ്രമിക്കുന്നതു്. (ഏതു് മനുഷ്യനിലും, വിഭാഗത്തിലും സ്വാഭാവികമായും ഉള്ള) വ്രണിതസ്ഥാനങ്ങള്‍ കണ്ടെത്തി അവിടെത്തന്നെ കുത്തുവാന്‍ പരിശീലനമുള്ളവരാണവര്‍. അതിനു് വാള്‍മുനപോലെയുള്ള അവരുടെ ബുദ്ധി വേണ്ടത്ര സഹായവും നല്‍കുന്നു. അതേസമയം പുരുഷന്മാര്‍ വ്രണിതസ്ഥാനങ്ങള്‍ ദര്‍ശിക്കുമ്പോള്‍ പിന്‍തിരിയാനും, പലപ്പോഴും മഹാമനസ്കതയും അനുരഞ്ജനാത്മകതയും പ്രദര്‍ശിപ്പിക്കാനുമാണു് തുനിയാറു്.
സ്ത്രീകളുടെ ബുദ്ധി പൂര്‍ണ്ണമായ നിയന്ത്രണത്തിലൂടെയും, മനസ്സാന്നിദ്ധ്യത്തിലൂടെയും, എല്ലാ അനുകൂലസന്ദര്‍ഭങ്ങളും മുതലെടുക്കുന്നതിലൂടെയും വെളിപ്പെടുന്നു. സ്ത്രീകള്‍ക്കു് ബുദ്ധിയുണ്ടു്, പുരുഷന്മാര്‍ക്കു് വികാരവും അഭിനിവേശവും. പുരുഷന്മാര്‍ ബുദ്ധിയുപയോഗിച്ചു് കൂടുതല്‍ കൂടുതല്‍ മുന്നേറുന്നതു് ഇതിനൊരു വൈരുദ്ധ്യമല്ല. അടിസ്ഥാനപരമായി അനുത്സുകമാണു് പുരുഷബുദ്ധിയെങ്കിലും, ആഴമുള്ളതും ശക്തിയേറിയതുമായ അവരുടെ പ്രേരണയുടെ ആവേശം മൂലം ബുദ്ധി മുന്നോട്ടു് നയിക്കപ്പെടുകയാണു്. ദാമ്പത്യപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പുരുഷന്‍ ആഴമേറിയ ഹൃദയവും, ഭാവതരളതയുമുള്ള സ്ത്രീയേയും, സ്ത്രീ ബുദ്ധിയും, മനസ്സാന്നിദ്ധ്യവും, തിളങ്ങുന്ന വ്യക്തിത്വവുമുള്ള പുരുഷനേയും തേടുന്നതില്‍ നിന്നും വ്യക്തമാവുന്നതു്, പുരുഷന്‍ ഒരു മാതൃകാപുരുഷനേയും, സ്ത്രീ ഒരു മാതൃകാസ്ത്രീയേയുമാണു് അന്വേഷിക്കുന്നതു് എന്നാണു്. അതായതു്, പങ്കാളിയെ തേടുമ്പോള്‍ അനുബന്ധമല്ല, സ്വന്തം ഗുണങ്ങളുടെ പരിപൂര്‍ണ്ണതയാണു് രണ്ടുവിഭാഗവും ലക്‍ഷ്യമാക്കുന്നതു്.
എങ്ങനെയൊക്കെ നോക്കിയാലും ശുദ്ധമായ മുഖംമൂടികള്‍ മാത്രമല്ലാതെ, ആന്തരികമൂല്യങ്ങള്‍ ഒന്നും കാണാന്‍ കഴിയാത്ത സ്ത്രീകളുണ്ടു്. അതുപോലുള്ള പ്രേതതുല്യവും, അനിവാര്യമായും അതൃപ്തികരവുമായ ജീവികള്‍ക്കു് കതകു് തുറന്നുകൊടുക്കുന്ന പുരുഷനെപ്പറ്റി വിലപിക്കുകയാണു് വേണ്ടതു്. പക്ഷേ പ്രത്യേകിച്ചും അത്തരം സ്ത്രീകളാണു് പുരുഷന്റെ ആസക്തിയെ എറ്റവും കൂടുതല്‍ ഉത്തേജിപ്പിക്കുന്നതു്. അവന്‍ അവളുടെ ആത്മാവിനെ തേടുന്നു – വീണ്ടും വീണ്ടും എന്നാളും!
പ്രേമിക്കുന്നവരെ സുഖപ്പെടുത്താന്‍ ചിലപ്പോള്‍ നല്ല ശക്തിയുള്ള ഒരു കണ്ണട മതിയാവും. ഒരു ശരീരത്തിന്റെ ഇരുപതു് വര്‍ഷത്തിനു് ശേഷമുള്ള രൂപം സങ്കല്‍പിക്കാന്‍ മാത്രം ഭാവനാശേഷിയുള്ളവര്‍ക്കു് ഒരുപക്ഷേ ഒട്ടും അസ്വസ്ഥതയില്ലാതെ ജീവിതത്തിലൂടെ മുന്‍പോട്ടു് പോകാന്‍ കഴിഞ്ഞേക്കും.
ആത്മനിന്ദ എന്ന പുരുഷരോഗത്തിനു് ഏറ്റവും നല്ല ചികിത്സ ബുദ്ധിമതിയായ ഒരു സ്ത്രീയാല്‍ സ്നേഹിക്കപ്പെടുക എന്നതാണു്.
ഭാര്യയെ തട്ടിക്കൊണ്ടുപോയതിനെപ്പറ്റി ചില ഭര്‍ത്താക്കന്മാര്‍ ദീര്‍ഘശ്വാസം വിട്ടു് ദുഃഖിച്ചിട്ടുണ്ടു്, പക്ഷേ, അധികം ഭര്‍ത്താക്കന്മാരും ഭാര്യമാരെ ആരും തട്ടിക്കൊണ്ടു് പോകാത്തതിനെപ്പറ്റിയാണു് ദീര്‍ഘശ്വാസം വിടാറു്.
ഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി സമൂഹത്തില്‍ സംസാരിക്കാന്‍ സാദ്ധ്യത കാണുന്നില്ലെങ്കില്‍ അങ്ങനെയൊരു കാര്യമേ അവിടെ ഇല്ല എന്നു് മഹതികളായ സ്ത്രീകള്‍ ചിന്തിക്കുന്നു.
വായാടികളായ, സഹാനുഭൂതിയുള്ള സ്ത്രീകള്‍ രോഗിയുടെ കട്ടില്‍ ചന്തസ്ഥലത്തേക്കു് ചുമക്കുന്നു.
ഒരു പുരുഷനുമായി സ്ത്രീകള്‍ക്കു് നല്ല സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. പക്ഷേ അതു് നിലനിര്‍ത്തണമെങ്കില്‍ ശാരീരികമായ ചെറിയ ഒരു സഹജദ്വേഷം (antipathy) സഹായിക്കണം.
ആണ്മക്കളുടെ സുഹൃത്തുക്കള്‍ക്കു് പ്രശസ്തമായ വിജയമുണ്ടായാല്‍ അമ്മമാര്‍ക്കു് അവരോടു് എളുപ്പം അസൂയ തോന്നും. സ്വന്തം പുത്രനില്‍ അവനേക്കാള്‍ തന്നെത്തന്നെയാണു് ഒരമ്മ കൂടുതല്‍ സ്നേഹിക്കുന്നതു്.
ചില അമ്മമാര്‍ക്കു് ഭാഗ്യവാന്മാരും ബഹുമാന്യരുമായ മക്കള്‍ വേണം; ചിലര്‍ക്കു് നിര്‍ഭാഗ്യവാന്മാരായവരേയും – അല്ലെങ്കില്‍ അവര്‍ക്കു് മാതൃനന്മ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല.
മിതമായ കുടുംബങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങളെ വളര്‍ത്തല്‍ വഴി കല്‍പിക്കാന്‍ പഠിപ്പിക്കണം – അല്ലാത്തവരെ അനുസരിക്കാനും.
ദമ്പതികള്‍ ഒരുമിച്ചു് ജീവിക്കാതിരുന്നെങ്കില്‍ നല്ല ദാമ്പത്യങ്ങള്‍ ഏറെ ആയിരുന്നേനെ.
ദമ്പതികള്‍ ഓരോരുത്തരും വ്യക്തിപരമായ ലക്‍ഷ്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ദാമ്പത്യങ്ങള്‍ കൂടുതല്‍ നീണ്ടുനില്‍ക്കും. ഉദാഹരണത്തിനു്, സ്ത്രീ പുരുഷന്‍ വഴി പ്രസിദ്ധയാവാനോ, പുരുഷന്‍ സ്ത്രീവഴി പ്രിയങ്കരനാവാനോ ആഗ്രഹിക്കുന്നുവെങ്കില്‍.
പ്രമുഖനായ ഒരു പുരുഷനെ സ്നേഹിക്കുന്ന ഒരു സ്ത്രീ അവനെ തന്റേതു് മാത്രമാക്കാനാണു് സാധാരണ ആഗ്രഹിക്കാറു്. അവന്‍ മറ്റുള്ളവരുടെ മുന്നിലും പ്രമുഖനായിരിക്കണം എന്ന അവളുടെ ദുരഭിമാനം അതിനെതിരല്ലായിരുന്നെങ്കില്‍ അവള്‍ അവനെ പെട്ടിയില്‍ പൂട്ടിവച്ചേനെ.
പുരുഷന്മാരെ ബഹുമാനിക്കുന്നതിനോടൊപ്പം, അതിനേക്കാള്‍ കൂടുതലായി സ്ത്രീകള്‍ സമൂഹത്തിലെ അംഗീകൃതശക്തികളെയും സങ്കല്‍പങ്ങളേയും ബഹുമാനിക്കുന്നു. അധികാരികളുടെ മുന്നിലൂടെ കൈകള്‍ മാറത്തുകെട്ടി, അധോമുഖരായി നടക്കാനും, സാമൂഹികശക്തികള്‍ക്കെതിരെയുള്ള എല്ലാവിധ എതിര്‍പ്പുകളേയും നിരാകരിക്കാനും സഹസ്രാബ്ദങ്ങളിലൂടെ അവര്‍ ശീലിച്ചു. തന്മൂലം, സ്വതന്ത്രബുദ്ധിയുടെയും പരാശ്രയമില്ലായ്മയുടെയും ഉദ്യമങ്ങളുടെ ചക്രങ്ങള്‍ക്കിടയില്‍, ഒരിക്കലും മനഃപൂര്‍വ്വമല്ലാതെയും, അതേസമയം സഹജവാസന എന്നപോലെയും തടസ്സമായി തൂങ്ങിക്കിടക്കുമ്പോള്‍, അവരുടെ ഭര്‍ത്താക്കന്മാരെ ചിലപ്പോള്‍ അതു് അങ്ങേയറ്റം അക്ഷമരാക്കുന്നു; സ്ത്രീകളെ അതിനു് പ്രേരിപ്പിക്കുന്നതു് സ്നേഹമാണെന്നു് ഒപ്പം അവര്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ ഉപാധികളെ നിരാകരിക്കുകയും, വിശാലമനസ്ഥിതിയോടെ ആ ഉപാധികളുടെ ഹേതുവിനെ ബഹുമാനിക്കുകയും – അതാണു് പുരുഷരീതി – പലപ്പോഴും പുരുഷനൈരാശ്യവും.
സ്ത്രീയുടെ വിജയം അംഗീകരിച്ചാല്‍, തോല്‍വി സമ്മതിച്ചവന്റെ പിടലിയില്‍ ഉപ്പൂറ്റി കൂടി കയറ്റിച്ചവിട്ടിയാലേ അവള്‍ക്കു് തൃപ്തിയാവൂ – സ്ത്രീയ്ക്കു് അവളുടെ വിജയം ആസ്വദിക്കണം. അതേസമയം, പുരുഷന്മാര്‍ സാധാരണഗതിയില്‍ വിജയം സ്ഥാപിച്ചെടുക്കുന്ന കാര്യത്തില്‍ പൊതുവേ ലജ്ജിക്കാറാണു് പതിവു്. കാരണം, പുരുഷനു് വിജയം ശീലമാണു്, സ്ത്രീ അതുവഴി ഒരു അപവാദം മാത്രമാണു് അനുഭവിക്കുന്നതു്.
പുരുഷന്‍, സ്നേഹം, കുഞ്ഞു്, സമൂഹം, ജീവിതലക്‍ഷ്യം മുതലായ കാര്യങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥസത്യങ്ങള്‍ സ്ത്രീകളില്‍ പൊതുവേ അറപ്പുളവാക്കുന്നു. അതുകൊണ്ടു് അവരുടെ കണ്ണു് തുറപ്പിക്കാന്‍ ശ്രമിക്കുന്ന ആരോടും പ്രതികാരം ചെയ്യാന്‍ അവര്‍ തയ്യാറാവുന്നു.
Friedrich Nietzsche: (15.10.1844 – 25.08.1900) German philosopher, classical scholar and critic of culture
ചാണക്യന്‍
Aug 17, 2008 at 13:23
“ ഒരു സ്ത്രീയുടെ സ്വപ്നങ്ങളിലേക്ക് പതിക്കുന്നതിനേക്കാള്‍ നല്ലതത്രെ ഒരു കൊലയാളിയുടെ കൈകളില്‍ വീഴുന്നത് “
സ്ത്രീകളെക്കുറിച്ച് നീഷെ ഇങ്ങനേയും പറഞ്ഞിട്ടുണ്ട്…
ശ്രീവല്ലഭന്‍.
Aug 17, 2008 at 13:46
” ഭാര്യയെ തട്ടിക്കൊണ്ടുപോയതിനെപ്പറ്റി ചില ഭര്‍ത്താക്കന്മാര്‍ ദീര്‍ഘശ്വാസം വിട്ടു് ദുഃഖിച്ചിട്ടുണ്ടു്, പക്ഷേ, അധികം ഭര്‍ത്താക്കന്മാരും ഭാര്യമാരെ ആരും തട്ടിക്കൊണ്ടു് പോകാത്തതിനെപ്പറ്റിയാണു് ദീര്‍ഘശ്വാസം വിടാറു്.”
ഹാ ഹാ. അത് കൊള്ളാം.
സി. കെ. ബാബു
Aug 17, 2008 at 13:58
ചാണക്യന്‍,
നീറ്റ്സ്‌ഷെയുടെ Human, All-Too-Human എന്ന ഗ്രന്ഥത്തില്‍ നിന്നും രസകരം എന്നു് തോന്നിയതിനാല്‍ പെറുക്കിയെടുത്ത ഏതാനും ചില നുറുങ്ങുകള്‍ മാത്രമാണിവ. ഇവ നീറ്റ്സ്‌ഷെ എന്ന മഹാസമുദ്രത്തിലെ നേരിയ ഒരംശം മാത്രം.
ശ്രീവല്ലഭന്‍,
എന്റെ “വല്ലഭനെ” ആരും തട്ടിക്കൊണ്ടു് പോകുന്നില്ലല്ലോ എന്നു് ദുഃഖിക്കുന്ന ഭാര്യമാര്‍ ഇല്ല എന്നു് അതിനു് അര്‍ത്ഥമില്ല. 🙂
Rajeeve Chelanat
Aug 17, 2008 at 15:14
നീഷേയുടെ വക്രോക്തികള്‍ പ്രസിദ്ധമാണ് ബാബു.
“എഴുത്തുകാരന്‍ പലപ്പോഴും തന്റെ എഴുത്തിനെ, വായനക്കാരന്റെ മനസ്സിലാക്കലില്‍ നിന്ന് പ്രതിരോധിക്കാന്‍ ഭാഷയുടെ കനത്ത മതിലുകള്‍ തീര്‍ക്കാറുണ്ട്. ചിലര്‍ക്ക് മാത്രം മനസ്സിലാവാനും, ചിലര്‍ക്ക് മനസ്സിലാകാതിരിക്കാനുമാണ് ഒരാള്‍ എഴുതുന്നത്” എന്നെഴുതിയതും നീഷേ തന്നെ.
വെറുതെയല്ല ആ പ്രതിഭാശാലി ഉന്മാദിയായി മാറിയത്. തന്റെ തത്ത്വചിന്തയെ ടോറ്റാലിറ്റേറിയന്‍ രാഷ്ട്രീയക്കാര്‍ ഹൈജാക്കു ചെയ്യുന്നത് അദ്ദേഹത്തിന് അധികം കാണേണ്ടിവന്നില്ല.
നീഷേയുടെ വചനങ്ങളില്‍ സിനിസിസവും ആവശ്യത്തിലേറെയുണ്ട് എന്നൊരു വിമതാഭിപ്രായവും രേഖപ്പെടുത്തട്ടെ.
അഭിവാദ്യങ്ങളോടെ
സി. കെ. ബാബു
Aug 17, 2008 at 19:29
രാജീവ്,
വളരെ ചര്‍ച്ച ചെയ്യപ്പെട്ട, വളരെയേറെ പഠിക്കപ്പെട്ട, അതിലേറെ തെറ്റിദ്ധരിക്കപ്പെട്ട, തെറ്റിദ്ധരിപ്പിക്കപെട്ട ഒരു ചിന്തകനാണു് നീറ്റ്സ്‌ഷെ.
ഹിറ്റ്ലര്‍ നീറ്റ്സ്‌ഷെയുടെ ആശയങ്ങള്‍ നാസി ജര്‍മ്മനി കെട്ടിപ്പടുക്കുവാന്‍ ദുരുപയോഗം ചെയ്തതിനുപിന്നില്‍ നീറ്റ്സ്‌ഷെയുടെ മരണശേഷം സഹോദരി എലിസബത്ത് വഹിച്ച പങ്കു് ചെറുതല്ല. നീറ്റ്സ്‌ഷെയുടെ രചനകളുടെ പൂര്‍ണ്ണാധികാരം അവള്‍ക്കായിരുന്നല്ലോ! ഷൌവിനിസ്റ്റും ആന്റിസെമിറ്റും ആയിരുന്ന സ്വന്തം ഭര്‍ത്താവിന്റെ മരണശേഷം, അത്യാഗ്രഹത്തിന്റെ പേരില്‍, നീറ്റ്സ്‌ഷെ തള്ളിക്കളഞ്ഞിരുന്ന പല നുറുങ്ങുകളും തിരുത്തിയും, കൂട്ടിച്ചേര്‍ത്തും, സ്വയം ചിലതു് തിരുകിയും ‘The Will to Power’ എന്ന പുസ്തകം അവള്‍ നീറ്റ്സ്‌ഷെയുടെതായി പ്രസിദ്ധീകരിക്കുകയായിരുന്നു. പിന്നീടു് ലോകം അതു് തിരിച്ചറിയുകയും ചെയ്തു.
“ബലഹീനരേയും, ചഞ്ചലസ്വഭാവക്കാരേയും കൊണ്ടെത്തിക്കാന്‍ കഴിയുന്ന ഒരേയൊരു ‘ഇച്ഛാശക്തി’ ഫാനറ്റിസമാണു്” എന്നു് പറഞ്ഞതും നീറ്റ്സ്‌ഷെതന്നെയാണു്.
“ഒരു ശാസ്ത്രീയ ലോകനിര്‍വചനം – നിങ്ങള്‍ അതു് മനസ്സിലാക്കുന്ന വിധത്തില്‍ – എല്ലാ ലോകനിര്‍വചനങ്ങളിലും വച്ചു് ഏറ്റവും വിവേകശൂന്യമായതും, അര്‍ത്ഥശൂന്യമായതും ആയിരിക്കുമെന്നു്” “കമ്മ്യൂണിസ്റ്റ് മെക്കാനിക്കുകളുടെ ചെവിയില്‍ മന്ത്രിച്ചതും” നീറ്റ്സ്‌ഷെതന്നെ.
നീറ്റ്സ്‌ഷെയുടെ ഉന്മാദത്തിനും അതുവഴിയുള്ള മരണത്തിനും കാരണം തികച്ചും ഓര്‍ഗാനിക് ആയിരുന്ന ഒരു രോഗമായിരുന്നു എന്നും ഇന്നു് നമുക്കറിയാം.
നീറ്റ്സ്‌ഷെയെ മനസ്സിലാക്കാന്‍ നീറ്റ്സ്‌ഷെയെ മനസ്സിലാക്കുകയല്ലാതെ മറ്റു് വഴികളില്ല. നീറ്റ്സ്‌ഷെയെ വായിച്ചു് മനസ്സിലാക്കാന്‍ അതിനു് ആഗ്രഹമുള്ളവര്‍ക്കു് ബുദ്ധിമുട്ടുമുണ്ടാവില്ല. മാര്‍ക്സ് തന്റെ Thesis, Antithesis, Synthesis-നു് മാതൃകയാക്കിയ, ഇന്നു് ആര്‍ക്കുംതന്നെ വേണ്ടാതായ Hegel-നെ വായിച്ചു് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം ഞാന്‍ പറയുന്നതിന്റെ അര്‍ത്ഥമെന്തെന്നു്.
നീറ്റ്സ്‌ഷെയെ നിരീശ്വരവാദിയെന്നോ, സിനിക് എന്നോ, സ്ത്രീവിദ്വേഷി എന്നോ ഒക്കെ ഒഴിവാക്കാന്‍ വേണ്ടി വിളിക്കുന്നതു് വസ്തുതകള്‍ അറിയാതെയുള്ള ഉപരിപ്ലവതയും മുന്‍വിധിയും മാത്രമേ ആവൂ.
“ഓരോ വാക്കും മുന്‍വിധിയാണു്” എന്നുപറഞ്ഞതും അതേ നീറ്റ്സ്‌ഷെ തന്നെയാണെന്നു് മറക്കാതിരിക്കുക!
കാവലാന്‍
Aug 18, 2008 at 08:48
സീകെ, മാഷെ ഞാനിപ്പോള്‍ താങ്കളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാന്‍ വഴിയുണ്ടോ എന്നാണാലോചിക്കുന്നത്,”ഓരോ വാക്കും മുന്‍വിധിയാണു്” എന്നുകൂടി അറിവുള്ള താങ്കളെ അതിനു കഴിയില്ലെങ്കിലും.
കിടങ്ങൂരാൻ
Aug 18, 2008 at 09:22
Good Day!!!
താങ്കളുടെ എല്ലാ ലേഖനങ്ങളും വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.അപഗ്രഥനവും വിവരണവും പ്രശംസ്സ അർഹിക്കുന്നു.എല്ല വിഷയങ്ങളോടും ശാസ്ത്രീയവും യുക്തിപൂർണ്ണവുമായ ഒരു നിലപാട് താങ്കൾക്കുണ്ട്.എന്റെ മനസ്സിൽ കുറെ നാളായി ദഹിക്കാതെ കിടക്കുന്ന ഒന്നുരണ്ട് വിഷയങ്ങളെ താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു..പലരോടും ഇതിനെപ്പറ്റി ചോദിച്ചെങ്കിലും ആരും കൃത്യമായ ഉത്തരങ്ങൾ നൽകാത്തതു കൊണ്ടാണ് താങ്കളോട് ആരായാം എന്നു കരുതുന്നത്..
ശാസ്ത്ര ലോകം ഇതുവരെ ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നു കൃത്യമായി ഉത്തരം നൽകാത്ത ചില സമസ്യകളെക്കുറിച്ചാണ് എന്റെ സംശയങ്ങൾ..താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.
1. CROP CIRCLES. ഇതിന്റെ existance നെ പറ്റി ആർക്കും തർക്കമില്ല..ആദ്യ കാലങ്ങളിൽ ലളിതമായ വൃത്താകൃതിയിൽ പാടശേഖരങ്ങളിൽ കാണപ്പെട്ട ഇവ അടുത്ത കാലത്തായി വളരെ complex geometrical ആയി കാണപ്പെടുന്നു..ഏതൊ മനുഷ്യരാണ് രാത്രികാലങ്ങളിൽ ഈ പണി ഒപ്പിക്കുന്നതെന്ന വാദം അതോടെ വിശ്വസയോഗ്യമല്ലാതായി.ഒറ്റരാത്രികൊണ്ട് വിശാലമായ ഗോതമ്പ്പാടശേഖരങ്ങളിൽ രൂപപ്പെടുന്ന ഇത്തരം ജ്യാമിതീയ രൂപങ്ങളുടെ നിർമാണത്തിലുള്ള മനുഷ്യന്റെ ഇടപെടൽ അംഗീകരിക്കാനാവാത്താതാണ്. ഈ രൂപങ്ങളുടെ complexity ആണ് ഒരു കാരണം.മറ്റൊന്ന് ചരിഞ്ഞു നിലത്തൊടു പറ്റിക്കിടക്കുന്ന ധന്യച്ചെടികൾക്ക് ഒടിവോ ചതവോ സംഭവിക്കുന്നില്ല, അവ വീണ്ടും വളരുന്നു എന്നുള്ളതാണ്.ഏറ്റവും രസകരമായ സംഗതി അടുത്ത തവണ വിളവിറക്കുമ്പോൾ ഇതേസ്ഥലത്ത് വളരുന്ന ധാന്യച്ചെടികൾക്ക് ഉണ്ടാകുന്ന വളർച്ചാവ്യതിയാനം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. crop circleന്റെ ഉള്ളിലായി ചില image കളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈയിടെ History ടിവി യിൽ കാണിച്ച( UFO Files) ഒന്നിൽ ഒരു alien ന്റെ മുഖച്ചായ തെളിഞ്ഞു കാണാം..
2.ഇതിനൊടനുബന്ധമായി പറയപ്പെടുന്ന UFO ആണ് എന്നെ കുഴക്കുന്ന മറ്റൊരു സമസ്യ. ലോകമൊട്ടുക്കും ലക്ഷക്കണക്കിന് ദൃക്‌സാക്ഷികൾ.. ആയിരക്കണക്കിന് video footage കൾ…നേരിൽ കണ്ടവരുടെ interview കൾ, അവരുടെ സംഘടന വരെ.. ഇത്തരം വാർത്തകൾ 100 ശതമാനവും നുണയാണെന്ന് വിശ്വസിക്കാതിരിക്കൻ എന്നെ നിർബന്ധിക്കുന്നത് ഇതൊക്കെയാണ്.1947 ൽ Roswell സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റിയതാണല്ലോ.. പിന്നീട് അമേരിക്ക ഈ സംഭവം നിഷേധിച്ചതും ഇതേ സ്ഥലത്ത് Area 51എന്ന പേരിൽ അതിരഹസ്യമായി ഒരു പരീക്ഷണശാല പ്രവർത്തിക്കുന്നതും ലോകത്തിന് അറിവുള്ളതാണ്. NASA യും അമേരിക്കൻ ഭരണകൂടവും ലോകത്തിൽ നിന്നും എന്തൊക്കെയോ മറക്കുന്നുവേന്ന് 25 ശതമാനം അമേരിക്കൻ ജനത വിശ്വസിക്കുന്നു..
3.Rods അഥവാ Skyfish ആണ് മറ്റൊരു കഥ.. പലരുടെയും video camera യിൽ record ചെയ്യപെട്ട അതിവേഗം സഞ്ചരിക്കുന്ന ഈ ജീവി(??)എന്താണെന്നു വിശദീകരിക്കാൻ കൃത്യമായി ആർക്കും കഴിഞ്ഞിട്ടില്ല.. ഇതോരു നുണക്കഥയാണെന്നോ സത്യമാണെന്നോ തെളിയിച്ചിട്ടുമില്ല.
ഇനിയുമൊരുപാട് സംശയങ്ങൾ..സമസ്യകൾ… താങ്കൾക്ക് ഇവയേ പറ്റിയുള്ള ധാരണ എന്തെന്നറിയാൻ താൽപര്യമുണ്ട്. സമയം പോലെ അറിയിക്കുക..ഒരു പോസ്റ്റ് ആയിട്ട് ഇടുകയാണെങ്കിൽ എന്നേപ്പോലെയുള്ള മറ്റാർക്കെങ്കിലുംകൂടി അതുപകരിച്ചേക്കും..
നന്ദി….നമസ്കാരം….
വിവരങ്ങൾക്ക് കടപ്പാട്: Google Video, Wikipidia, BBC, History channel, Discovery channel and some other web portals
സി. കെ. ബാബു
Aug 18, 2008 at 11:08
കാവലാനെ,
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം എനിക്കു്‍ മൂന്നാം തൃക്കണ്ണുവഴി അറിയാന്‍ കഴിയും. (ജന്മനക്ഷത്രം തിരുവാതിരയാണേ!) ഉടനെ ഞാന്‍ എന്നെ മറ്റൊരു ലോകത്തേക്കു് teleport ചെയ്യും. ഈരേഴു് പതിനാലു് ലോകങ്ങള്‍ മാത്രമല്ല, എണ്ണമറ്റ ലോകങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാത്തവരും ശാസ്ത്രലോകത്തില്‍ ഉണ്ടെന്നു് മറക്കണ്ട. 🙂
സി. കെ. ബാബു
Aug 18, 2008 at 11:24
കിടങ്ങൂരാന്‍,
ഇതുപോലുള്ള ധാരാളം ഭ്രാന്തുകള്‍ ലോകത്തില്‍ കറങ്ങി നടക്കുന്നുണ്ടു്. മാര്‍ക്കറ്റിംഗിനു് സാദ്ധ്യത ഉണ്ടെന്നു് തോന്നിയാല്‍ ചില മാധ്യമങ്ങള്‍ അത്തരം വാര്‍ത്തകള്‍ ഏറ്റെടുത്തു് ഊതിവീര്‍പ്പിക്കുകയും ചെയ്യും.
ഏറ്റവും നല്ല ഉദാഹരണമാണു് UFO ഭ്രാന്തു്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു് ശൂന്യാകാശഗവേഷണങ്ങള്‍ ആരംഭിച്ചതോടെ അതിനു് കൂടുതല്‍ പ്രചാരം ലഭിച്ചു. കൂടുതല്‍ പേര്‍ അതു് വിശ്വസിക്കാന്‍ തയ്യാറായി. സ്വൈര്യമില്ലാതായപ്പോള്‍ അതുസംബന്ധിച്ചു് പഠനം നടത്തുവാന്‍ അമേരിക്കന്‍ ഗവണ്മെന്റ് നിര്‍ബന്ധിതമായി. 1952-ലും 1960-ലും നടത്തിയ പഠനങ്ങള്‍ തൊണ്ണൂറു് ശതമാനം UFO-യ്ക്കും വിശദീകരണം നല്‍കി. (പഠിക്കുന്നവരുടെ വിശ്വാസവും പഠനത്തെ ബാധിക്കുമല്ലോ. പുകയിലക്കമ്പനികള്‍ പണം നല്‍കി നടത്തുന്ന “പഠനങ്ങള്‍” പുകവലിക്കരുതെന്നു് തീര്‍ത്തു് പറയുമോ?) അവസാനം, 1969-ല്‍ 37 ശാസ്ത്രജ്ഞര്‍ 59 “UFO കാണലിനെപ്പറ്റി” വിശദമായി നടത്തിയ പഠനം UFO-യെ സംബന്ധിച്ച extraterrestrial hypothesis പൂര്‍ണ്ണമായി നിഷേധിച്ചു. അതുകൊണ്ടു് UFO-യില്‍ വിശ്വസിക്കുന്ന എല്ലാവരും അതു് അംഗീകരിക്കുന്നു എന്നര്‍ത്ഥവുമില്ല. ചിലര്‍ ഇപ്പോഴും അവരുടെ പഠനം സ്വന്തം നിലയില്‍ തുടരുന്നുണ്ടു്. അവര്‍ക്കു് അവരുടെ വഴി, അത്രതന്നെ.
അതുപോലെതന്നെയാണു് “Crop Circles” എന്ന “മഹാത്ഭുതവും”. 2000- ത്തില്‍ നടത്തിയ ഒരു പഠനത്തില്‍ എണ്‍പതു് ശതമാനം Crop Circle-കളും മനുഷ്യനിര്‍മ്മിതമാണെന്നു് കണ്ടെത്തി. “പിന്നെയുമുണ്ടല്ലോ ഇരുപതു് ശതമാനം?” എന്നു് ചോദിക്കും അതില്‍ അത്ഭുതം കാണാന്‍ ആഗ്രഹിക്കുന്നവര്‍! അവര്‍ക്കു് വേണ്ടതേ അവര്‍ കാണൂ. ഇതിനൊക്കെ പണം നല്‍കി വിശദമായ പഠനങ്ങള്‍ നടത്താന്‍ ഒരു ഗവണ്മെന്റ് തയ്യാറാവണമെങ്കില്‍ അതിനനുസരിച്ചുള്ള പൊതുതാത്പര്യമോ, വിശ്വാസയോഗ്യതയോ ഈ കഥകള്‍ക്കു് വേണം. ഇത്തരം കഥകള്‍ വഴി പണമുണ്ടാക്കുന്നവരുടെ ലോബി യഥാര്‍ത്ഥസത്യം പുറത്തുവരാതിരിക്കാനായി അവരുടെ പങ്കു് വഹിക്കുകയും ചെയ്യും. കുറെ വിഡ്ഢികള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി അത്ഭുതം കാണാന്‍ വെപ്രാളം പിടിച്ചു് ഓടി എത്തുകയും ചെയ്യും. തന്മയത്വത്തോടെ വര്‍ണ്ണിക്കപ്പെടുന്ന നുണക്കഥകള്‍ മനുഷ്യരെ എക്കാലവും ആകര്‍ഷിച്ചിരുന്നു.
1996-ല്‍ Stonehenge-ല്‍ “പ്രത്യക്ഷപ്പെട്ട” ഒരു
Crop Circle കാണാനെത്തിയവരില്‍നിന്നും ആ നിലത്തിന്റെ ഉടമസ്ഥനായ കര്‍ഷകന്‍ ഫീസ് വാങ്ങി. നാലാഴ്ചകൊണ്ടു് 30000 പൌണ്ട്! വിളവെടുത്തിരുന്നെങ്കില്‍ അയാള്‍ക്കു് അങ്ങേയറ്റം കിട്ടുമായിരുന്നതു് 150 പൌണ്ടുമാത്രവും! വിക്കിയിലെ ലേഖനം വായിച്ചിട്ടുണ്ടെങ്കില്‍ ഈ വിവരങ്ങള്‍ കണ്ടുകാണും.
മറ്റു് ജോലിയൊന്നുമില്ലെങ്കില്‍ ഇതുപോലെയുള്ള ഭ്രാന്തുകളുടെ പുറകെ നടക്കാം. നമുക്കു് ഒരു കാര്യം അറിയാന്‍ കഴിയുന്നില്ല എന്നതുകൊണ്ടു് അതൊരു അത്ഭുതമാവുന്നില്ല. അതു് അത്ഭുതമായിരിക്കണം എന്നു് കരുതുന്നവര്‍ക്കു് അതു് എന്നും അത്ഭുതം ആയിരിക്കും താനും. കേരളത്തിലെ TV-ചാനലുകള്‍ കാണിക്കുന്ന എത്രയോ തോന്ന്യാസങ്ങളെ നമ്മള്‍ വിമര്‍ശിക്കാറുണ്ടു്. അവരുടെ ലക്‍ഷ്യവും, ഇത്തരം “ഭൂതകഥകളുടെ” ലക്‍ഷ്യവും ഒന്നുതന്നെ – പണമുണ്ടാക്കുക! അതിനു് പബ്ലിസിറ്റി വേണം, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വേണം. ഈ വസ്തുത തിരിച്ചറിഞ്ഞാല്‍ ഒരു നല്ല പങ്കു് നമ്മള്‍ സ്വതന്ത്രരായി.
എനിക്കു് ഇത്തരം കാര്യങ്ങളില്‍ യാതൊരു താത്പര്യവുമില്ലെന്നു് മാത്രമല്ല, അതിനൊക്കെ വേണ്ടി ചിലവാക്കാന്‍ സമയവുമില്ല. മറ്റുള്ളവര്‍ ചൂഷണം ചെയ്യപ്പെടുന്നതു് കാണുമ്പോള്‍ ദുഃഖം തോന്നാറുണ്ടു്. പക്ഷേ അവര്‍ സ്വയം അതു് അറിയാത്തിടത്തോളം, അറിയാന്‍ ആഗ്രഹിക്കാത്തിടത്തോളം ആര്‍ക്കും അവരെ സഹായിക്കാന്‍ കഴിയില്ല. വിളക്കിന്റെ നാളത്തിലേക്കു് പറക്കരുതു് എന്നു് പറയുന്നവനെ ഈയാമ്പാറ്റകള്‍ ഇന്നോളം തെറിയേ പറഞ്ഞിട്ടുള്ളു!
വായനക്കു് നന്ദി. ആശംസകളോടെ,
നചികേതസ്സ്
Aug 18, 2008 at 12:16
)-
പ്രിയ ഉണ്ണികൃഷ്ണന്‍
Aug 18, 2008 at 14:42
സൗന്ദര്യം വര്‍ദ്ധിക്കുന്നതിനനുസരിച്ചു് സ്ത്രീകളുടെ ലജ്ജാശീലവും വര്‍ദ്ധിക്കുന്നു – എത്ര സുന്ദരമായ സത്യം.
വ്യക്തിത്വമുള്ള ഒരു പുര്രുഷനെ സ്വന്തമാക്കുന്നത് ഏറ്റവും വലിയൊരു അഭിമാനവുമല്ലേ…. 🙂
സി. കെ. ബാബു
Aug 18, 2008 at 16:22
നന്ദി, നചികേതസ്സ്.
പ്രിയ,
അപ്പോള്‍ സ്ത്രീകളുടെ സൌന്ദര്യവും ലജ്ജയും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ചുരുങ്ങിയതു് കഴിഞ്ഞ നൂറുവര്‍ഷങ്ങളിലെങ്കിലും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, അല്ലേ? അതെന്തായാലും നീറ്റ്സ്‌ഷെയുടെ അഭിപ്രായത്തിനു് – പ്രത്യേകിച്ചും അതൊരു സ്ത്രീ പറയുമ്പോള്‍ – നല്ലൊരു അംഗീകാരമാണെന്നു് പറയാതെ വയ്യ.
“വ്യക്തിത്വമുള്ള ഒരു പുരുഷനെ സ്വന്തമാക്കുന്നത് ഏറ്റവും വലിയൊരു അഭിമാനവുമല്ലേ”
ആ? ആണോ? ആര്‍ക്കറിയാം? ആയിരിക്കുമല്ലേ? ആയിരിക്കാതിരിക്കില്ല, അല്ലേ? ഇനിയിപ്പോ അങ്ങനെതന്നെ ആണോ പോലും? 🙂
പ്രിയ ഉണ്ണികൃഷ്ണന്‍
Aug 18, 2008 at 17:41
ഒരു പെണ്‍കുട്ടിയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണനയും സ്നേഹവും കരുതലും കിട്ടുന്നത് അവള്‍ വധുവായൊരുങ്ങുമ്പോഴാണ്.അതുകൊണ്ട് തന്നെ വ്യക്തിത്വമുള്ള ഭര്‍ത്താവ് അഭിമാനം തന്നെ ! ( അനുഭവം ഗുരു)
സി. കെ. ബാബു
Aug 18, 2008 at 18:15
വധുവായി ഒരുങ്ങുക എന്നാല്‍ കയ്യില്‍ മൈലാഞ്ചി ഒക്കെ ഇടുന്ന കാര്യമല്ലേ? 🙂 എത്ര പരിഗണനയും സ്നേഹവും കരുതലുമൊക്കെ ഉണ്ടായാലാണു് ഇത്ര മനോഹരമായി അതൊക്കെ ചെയ്യാന്‍ കഴിയുന്നതു് എന്നു് ഞാനും അത്ഭുതപ്പെട്ടിട്ടുണ്ടു്. ഇതൊക്കെ ആസ്വദിക്കാന്‍ രണ്ടു് കണ്ണുകള്‍ പോരെന്നും! ശ്രദ്ധയും ബുദ്ധിയും ഉള്ള ഒരു സ്ത്രീ അവളെ വിലമതിക്കാന്‍ കഴിയുന്ന ഏതൊരു പുരുഷനും അഭിമാനവും അലങ്കാരവും തന്നെ.
ചേരേണ്ടവര്‍ ചേര്‍ന്നാല്‍ സ്വര്‍ഗ്ഗം! അല്ലെങ്കില്‍ നരകം!
ടോട്ടോചാന്‍ (edukeralam)
Aug 19, 2008 at 12:48
ഒരു കാര്യം വ്യക്തമായി ഫ്രീഡ്രിഹ് നീറ്റ്‌സ്‌ഷെ തികഞ്ഞ പുരുഷമേല്‍ക്കോയ്മ ആഗ്രഹിക്കുന്ന ഒരാള്‍ തന്നെ. സ്ത്രീയേയും പുരുഷനേയും എല്ലായ്പ്പോഴും വിവേചനപരമായി മാത്രം കാണുന്ന ഇത്തരം ചിന്താഗതികള്‍ക്ക് ആശയപരമായോ ശാസ്ത്രീയമായോ യാതൊരു അടിസ്ഥാനവുമില്ല. നിലവിലുള്ള വ്യവസ്ഥിതിയില്‍ അടിച്ചമര്‍ത്തപ്പെടുന്നവരില്‍ നിന്നുമുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് അദ്ദേഹം നിരത്തുന്ന അനുഭവങ്ങള്‍. ഇത്തരം അനുഭവങ്ങളെ സാമാന്യവത്കരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് ഒരു മരീചികയാണ്. ആ മരീചികയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ അല്പസ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഏതൊരാളും ഇത്തരം പ്രതികരണങ്ങള്‍ കാണിക്കും. അതിന് ആണ്‍-പെണ്‍ ഭേദമില്ല.
പാമ്പിന്‍റെ മാളത്തില്‍ കയ്യിട്ട് ഉപദ്രവിച്ചിട്ട് എല്ലാ പാമ്പുകളും വിഷമുള്ളവരാണ് എന്ന്
ഫ്രീഡ്രിഹ് നീറ്റ്‌സ്‌ഷെ പറഞ്ഞാല്‍ ഇനി അത്ഭുതപ്പെടേണ്ട.
@കിടങ്ങൂരാന്‍
ക്രോപ്പ് സര്‍ക്കിളും യു.എഫ്.ഒ യും അവയെക്കുറിച്ചുള്ള കഥകള്‍ വായിക്കാന്‍ നല്ല രസമാണ്. മഹാഭാരതമോ ഖുര്‍-ആനോ ബൈബിളോ വായക്കുന്ന പോലെ.
അതിനപ്പുറത്തേക്കൊന്നും ചിന്തിച്ചു പോകല്ലേ….
സി. കെ. ബാബു
Aug 19, 2008 at 16:33
ടോട്ടോചാന്‍,
നീറ്റ്‌സ്‌ഷെയുടെ തത്വചിന്തയുടെ പ്രധാന ലക്‍ഷ്യം ‘ഭരണത്തിലിരിക്കുന്ന’ സത്യങ്ങളെയും ചിന്താഗതികളെയും അവയുടെ വ്യവസ്ഥാപിതമായിത്തീര്‍ന്ന ഘനീകരണങ്ങളില്‍ നിന്നും സ്വതന്ത്രമാക്കുക എന്നതായിരുന്നു. അതിനായി അതുവരെ വിലമതിക്കപ്പെട്ടിരുന്ന മെറ്റാഫിസിക്സ്, എത്തിക്ക്, ഈസ്തെറ്റിക്ക് മുതലായവയെ എല്ലാം അദ്ദേഹം പ്രതിക്കൂട്ടില്‍ കയറ്റുന്നു. പ്ലാറ്റൊ മുതല്‍ കാന്റും, ഷൊപ്പന്‍ഹവറും വരെയുള്ളവരുടെ ആദര്‍ശീകരിക്കപ്പെട്ട തത്വചിന്തകളിലെ അടിസ്ഥാനനിര്‍വചനങ്ങളില്‍ നിന്നും നീറ്റ്‌സ്‌ഷെ പൂര്‍ണ്ണമായും പിന്‍തിരിയുന്നു. പ്രപഞ്ചത്തെ ഐന്ദ്രികമെന്നും ഇന്ദ്രിയാതീതമെന്നും വേര്‍തിരിക്കുന്ന പ്ലാറ്റോണിക്-ക്രിസ്തീയ ലോകനിര്‍വചനത്തോടുള്ള സന്ധിയില്ലാസമരമാണു് നീറ്റ്‌സ്‌ഷെയുടെ ‘re-evaluation of all values’. നീറ്റ്‌സ്‌ഷെ പോസ്റ്റുലേറ്റ് ചെയ്യുന്ന ‘സ്വതന്ത്രമനസ്സു്’ അറിവു് സ്വന്തമാക്കുവാന്‍ മാത്രമല്ല, അറിവിനു് തടസ്സമായി നില്‍ക്കുന്ന സകല സാമൂഹികജീര്‍ണ്ണതകളെയും ആക്രമിക്കുവാനും തയ്യാറാവുന്നു. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ ബോധവത്കരണത്തിന്റെ ഉപാധികളായിരുന്ന മെറ്റാഫിസിക്സിന്റെ ചട്ടക്കൂട്ടിലെ ontology, logic, anthropology ഇവയുടെയെല്ലാം സ്ഥാനങ്ങളില്‍ chemistry, physics, physiology, psychology എന്നിവ അവരോധിക്കപ്പെടുന്നു. അടിമത്വനീതിശാസ്ത്രത്തില്‍ അധിഷ്ഠിതമായ ക്രിസ്തുമതത്തിന്റെ നിശിതവിമര്‍ശനം ‘ദൈവം ചത്തു’ എന്ന പ്രസിദ്ധമായ വാചകത്തിലൂടെ അതിന്റെ പാരമ്യതയിലെത്തുന്നു. ‘സദാചാരം പോലെതന്നെ സത്യവും ആപേക്ഷികമായ കാര്യമാണു്’. ‘വസ്തുതകളില്ല, വ്യാഖ്യാനങ്ങളെയുള്ളു’. ‘ഭാഷ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കുന്നു’.
നീറ്റ്‌സ്‌ഷെയുടെ രചനകളെ ഇതിന്റെയെല്ലാം വെളിച്ചത്തില്‍ വേണം വിലയിരുത്തുവാന്‍. നീറ്റ്‌സ്‌ഷെയെ വായിക്കുന്നതിനേക്കാള്‍ കൂടുതലായി നീറ്റ്‌സ്‌ഷെയെപ്പറ്റിയാണു് അധികവും വായിക്കപ്പെടുന്നതു് എന്നതുകൊണ്ടാവാം പലപ്പോഴും നമുക്കു് ലഭിക്കുന്നതു് മറ്റാരുടേയോ അഭിപ്രായമാണു്. അതിനു് അതെഴുതിയ വ്യക്തിയുടെ നിറമുണ്ടാവുന്നതു് സ്വാഭാവികം. ‘പുരാതനകാലങ്ങളിലെ സത്യം ചൊല്ലുന്ന പക്ഷികളെപ്പോലെ’ ‘സത്യം ചിന്തിച്ചും സത്യം പറഞ്ഞും ഒറ്റയ്ക്കു് പറന്നിരുന്ന’ നീറ്റ്‌സ്‌ഷെ ഒരിക്കലും അടിച്ചമര്‍ത്തപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നില്ല.
ആധുനികലോകത്തിലെ science, sociology, existentialism, analytic philosophy, psychology എന്നിവയിലൊക്കെ നീറ്റ്‌സ്‌ഷെയുടെ സ്വാധീനം ഒരിക്കലും ഒഴിവാക്കാനാവുന്നതല്ല. ഇരുപതാം നൂറ്റാണ്ടിലെ ബൗദ്ധികലോകത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ചിന്തകനില്ല. സ്വന്തം ചിന്തകളില്‍ നീറ്റ്‌സ്‌ഷെക്കുണ്ടായിരുന്ന സ്വാധീനം പരസ്യമായി അംഗീകരിച്ചിട്ടുള്ളവര്‍ എത്രയോ ആണു്. സീഗ്‌മണ്ട് ഫ്രോയ്ഡ്, ആല്‍ഫ്രെഡ് ആഡ്ലര്‍, തോമസ് മാന്‍, ഹെര്‍മാന്‍ ഹെസ്സെ, ബെര്‍ണാര്‍ഡ് ഷാ മുതലായവര്‍ അവരില്‍ ചെറിയൊരംശം മാത്രം.
മാര്‍ക്സിസ്റ്റുകള്‍ക്കു് നീറ്റ്‌സ്‌ഷെ അനാശാസ്യനാണു്. മാര്‍ക്സൊഴികെ മറ്റൊരു ‘ദൈവം’ അവര്‍ക്കില്ലല്ലോ!
കാവലാന്‍
Aug 20, 2008 at 08:14
“മാര്‍ക്സിസ്റ്റുകള്‍ക്കു് നീറ്റ്‌സ്‌ഷെ അനാശാസ്യനാണു്. മാര്‍ക്സൊഴികെ മറ്റൊരു ‘ദൈവം’ അവര്‍ക്കില്ലല്ലോ!”
ഇതു കണ്ടപ്പോ ചുമ്മാ വന്നതാ ഒന്നു കയ്യടിച്ച്,വിസിലടിച്ചു പോവാമെന്നു വിചാരിച്ചു.
ടപ് ടപ് ടപ്,ഷ്യൂയ് ഷ്യൂയ്….. (കേള്‍ക്കാനുണ്ടോ?)
സി. കെ. ബാബു
Aug 20, 2008 at 10:43
എവിടെയെങ്കിലും ഒന്നു് ചുരുണ്ടുകൂടിയിരുന്നു് ഒറങ്ങാംന്നു് വിചാരിച്ചാല്‍ അപ്പൊഴേ എത്തും കയ്യടി-കാലടി-വിസിലടികളുമായി! ഒന്നൂടെ “മൂര്‍ഖന്‍” വലിച്ചു് ഒറങ്ങാമോന്നു് നോക്കട്ടെ! 🙂
Sapna Anu B.George
Aug 23, 2008 at 09:13
സ്ത്രീ സേവിക്കാന്‍ ആഗ്രഹിക്കുന്നു, അതിലാണു് അവളുടെ ഭാഗ്യം. ഒരു സ്വതന്ത്രബുദ്ധി സേവിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല, അതിലാണു് അവന്റെ ഭാഗ്യം…………………വേണ്ട വേണ്ട വെണ്ട
Sapna Anu B.George
Aug 25, 2008 at 10:58
1.സ്ത്രൈണസ്നേഹത്തിലും മാതൃസ്നേഹത്തിന്റെ ഒരംശം,2.ഒരു വിഭാഗം മറ്റേ വിഭാഗത്തെ വേദനിപ്പിച്ചല്ലോ എന്ന ചിന്തമൂലം പരിതപിക്കുന്നു,
3.അവര്‍ കണ്ണുനീരും,ഏങ്ങലടിയും,പരിഭവം പ്രകടിപ്പിക്കുന്ന മുഖവുമായി,4.അനുഭവസമ്പന്നരല്ലാത്ത പെണ്‍കുട്ടികള്‍,5.അവനെ അവജ്ഞയോടെ കാണുവാന്‍ അവര്‍ പഠിക്കുന്നു.,6.സ്ത്രീകളുടെ പൊങ്ങച്ചം,7.സ്ത്രീ സേവിക്കാന്‍ ആഗ്രഹിക്കുന്നു,അതിലാണു് അവളുടെ ഭാഗ്യം.????????,8.മനഃപൂര്‍വ്വമല്ലെങ്കിലും,സ്ത്രീകളുടെ പ്രവര്‍ത്തികള്‍,9.വെറുപ്പിന്റെ അവസ്ഥയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അപകടകാരികളാണു്,
10.സ്ത്രീകളുടെ ബുദ്ധി,എല്ലാ അനുകൂലസന്ദര്‍ഭങ്ങളും മുതലെടുക്കുന്ന 11.ശുദ്ധമായ മുഖംമൂടികള്‍ മാത്രമല്ലാതെ, ആന്തരികമൂല്യങ്ങള്‍ ഒന്നും കാണാന്‍ കഴിയാത്ത സ്ത്രീകളുണ്ടു്,12.അധികം ഭര്‍ത്താക്കന്മാരും ഭാര്യമാരെ ആരും തട്ടിക്കൊണ്ടു് പോകാത്തതിനെപ്പറ്റിയാണു് ദീര്‍ഘശ്വാസം വിടാറു്,13.തോല്‍വി സമ്മതിച്ചവന്റെ പിടലിയില്‍ ഉപ്പൂറ്റി കൂടി കയറ്റിച്ചവിട്ടിയാലേ അവള്‍ക്കു് തൃപ്തിയാവൂ സ്ത്രീയ്ക്കു് അവളുടെ വിജയം ആസ്വദിക്കണം, 14.അതുകൊണ്ടു് അവരുടെ കണ്ണു് തുറപ്പിക്കാന്‍ ശ്രമിക്കുന്ന ആരോടും പ്രതികാരം ചെയ്യാന്‍ അവര്‍ തയ്യാറാവുന്നു????/…………….ഇത്രക്കങ്ങോട്ടു വേണമായിരുന്നോ….അമ്മയും,മകളും,സഹോദരിയും ഇതില്‍പ്പെടില്ലല്ലോ അല്ലെ????
സി. കെ. ബാബു
Aug 26, 2008 at 14:01
കമന്റ് കാണാന്‍ താമസിച്ചു, ക്ഷമ.
വ്യക്തിനിഷ്ഠമായി പറഞ്ഞാല്‍, മകളാവുന്ന സ്ത്രീ അമ്മയല്ല. ഭാര്യയാവുന്ന സ്ത്രീ സഹോദരിയല്ല. സഹോദരിയാവുന്ന സ്ത്രീ മകളല്ല. സ്ത്രീയുടെ സ്വത്വം നീറ്റ്സ്‌ഷെ തത്വചിന്താപരമായി ഒന്നു് അപഗ്രഥിക്കുന്നു എന്നു് കരുതിയാല്‍ മതി. പോരാത്തതിനു്, അദ്ദേഹത്തിനു് സപ്നയെ ഒട്ടു് പരിചയവുമില്ലായിരുന്നല്ലോ! ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ പറയുമായിരുന്നു എന്നു് എനിക്കു് തോന്നുന്നില്ല. അതുകൊണ്ടു് നമുക്കു് ക്ഷമിക്കാം, അല്ലെ? 🙂
Sapna Anu B.George
Aug 26, 2008 at 15:04
സ്ത്രീയുടെ സ്വത്വം നീറ്റ്സ്‌ഷെ തത്വചിന്താപരമായി ഒന്നു് അപഗ്രഥിക്കുന്നു എന്നു് കരുതിയാല്‍ മതി……” അങ്ങേര് അപഗ്രധിച്ചോട്ടെ സന്തോഷം….ബാബു Ji.പക്ഷെ തര്‍ജ്ജമ ചെയ്തു ഇവിടെ കൊടുത്തപ്പോ, സ്ത്രീകളെ എല്ലാം ചേര്‍ത്ത് ഒരു അടച്ച വിമര്‍ശനം, ഒരു ചെറിയ സങ്കടം,അത്രയുള്ളു.
സി. കെ. ബാബു
Aug 26, 2008 at 17:27
മിക്കവാറും എല്ലാ സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലും തികഞ്ഞ പണ്ഡിതനായിരുന്ന നീറ്റ്‌സ്ഷെയുടെ വിമര്‍ശനങ്ങള്‍ സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാക്കാര്യങ്ങളിലും എപ്പോഴും radical ആയിരുന്നു. നമ്മള്‍ ഏഷ്യാക്കാര്‍, ഭാരതീയര്‍ പ്രത്യേകിച്ചും, വളരെ sensitive ആയ മനുഷ്യര്‍ ആണുതാനും. നീറ്റ്സ്‌ഷെയെ നമ്മള്‍ കൂടുതല്‍ മനസ്സിലാക്കിയാല്‍ ഈ കാഠിന്യം വലിയൊരു പ്രശ്നമായി നമുക്കു് തോന്നുകയില്ല. ഏതായാലും സങ്കടപ്പെടാനും മാത്രമുള്ള കാര്യം ഇതിലില്ല, ഉണ്ടാവുകയുമരുതു്. നമ്മള്‍ ഭാരതീയര്‍ക്കും അല്പം കാഠിന്യം പൊരുത്തപ്പെടാന്‍ കഴിയണമെന്നാണു് എന്റെ അഭിപ്രായം. അല്ലെങ്കില്‍ വല്യേട്ടന്മാര്‍ നമ്മളെ ഒത്തിരി മുതലെടുക്കും! 🙂
എല്ലാ നന്മകളും നേരുന്നു.