RSS

സ്ഥലവും കാലവും ക്വാണ്ടംതരികളോ?

10 Aug

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍, സര്‍ ഐസക്ക്‌ ന്യൂട്ടണ്‍ Law of universal gravitation കണ്ടുപിടിച്ചതു് താഴെ വീഴുന്ന ഒരു ആപ്പിള്‍ കണ്ടതുവഴിയാണെന്നു് പറയപ്പെടുന്നു. അതു് ശരിയായാലും തെറ്റായാലും അതേ ആകര്‍ഷണസിദ്ധാന്തം തന്നെ വാനഗോളങ്ങളുടെ ചലനങ്ങളെ പഠിക്കുന്നതിനും ഉപയോഗിക്കാമെന്നു് അദ്ദേഹം വഴി നമ്മള്‍ മനസ്സിലാക്കി. ന്യൂട്ടന്റെ നിയമങ്ങള്‍ അനിഷേദ്ധ്യവും അചഞ്ചലവുമെന്നു് മനുഷ്യര്‍ അംഗീകരിച്ചു. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ന്യൂട്ടന്റെ ആകര്‍ഷണസിദ്ധാന്തത്തിലും ചലനനിയമങ്ങളിലും അധിഷ്ഠിതമായതും സ്ഥാനസ്ഥമായതുമായ ഒരു മെക്കാനിക്കല്‍ ലോകം മനുഷ്യര്‍ പടുത്തുയര്‍ത്തി. മനുഷ്യജീവിതത്തിനു് അനുകൂലമായി അതുവഴി വന്ന മാറ്റങ്ങള്‍ വിപ്ലവകരമായിരുന്നു. പ്രപഞ്ചത്തിലെ ഓരോ ചലനങ്ങളും മുന്‍കൂട്ടി കൃത്യമായി കണക്കുകൂട്ടാനാവുമെന്നു് മനുഷ്യന്‍ (ഇന്നത്തെ കാഴ്ചപ്പാടില്‍ തെറ്റായി!) സ്വയം വിശ്വസിപ്പിച്ചു. കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതമായ ഒരു പ്രപഞ്ചചിത്രത്തിന്റെ സ്ഥിരീകരണമായി തത്വചിന്തകര്‍ അതിനെ വിവക്ഷിച്ചു. കാരണങ്ങളുടെയെല്ലാം ആദ്യകാരണമായ ഒരു ദൈവം നിലനില്‍ക്കുന്നുണ്ടു് എന്നതിന്റെ സാധൂകരണത്തിനായി ഉപയോഗപ്പെടുത്താമെന്നു് തോന്നിയതിനാല്‍ മതങ്ങളും ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളെ ഏറ്റെടുത്തു.

ഇരുപതാം നൂറ്റാണ്ടിന്റെ പ്രഭാതങ്ങള്‍ കണികണ്ടതു് മാക്സ്‌ പ്ലാങ്കിന്റെ ക്വാണ്ടം തിയറിയേയും, അതിനെത്തുടര്‍ന്നു് വന്ന ഐന്‍സ്റ്റൈന്റെ റിലേറ്റിവിറ്റി തിയറിയേയുമായിരുന്നു. അതുവഴി ശാസ്ത്രീയമായി മാത്രമല്ല, ബൗദ്ധികമായും തത്വചിന്താപരമായും മനുഷ്യര്‍ വീണ്ടും മറ്റൊരു ഔന്നത്യത്തിലേക്കു് ഉയര്‍ത്തപ്പെട്ടു. black body radiation എന്നതു് ധാരമുറിയാതെയുള്ള ഒരു പ്രതിഭാസം അല്ലെന്നും, പ്രകൃത്യാതന്നെയുള്ള എനര്‍ജിയുടെ ചെറിയ ചെറിയ പൊതിക്കെട്ടുകളാണെന്നും (quanta), അതിനിടയിലുള്ള ഒരു മൂല്യം അസാദ്ധ്യമാണെന്നും മാക്സ്‌ പ്ലാങ്ക്‌ നമ്മെ പഠിപ്പിച്ചു. ഐന്‍സ്റ്റൈനിലെത്തിയപ്പോള്‍ പ്രകാശം അടക്കമുള്ള എനര്‍ജിതരംഗങ്ങള്‍ പോലും ‘ക്വാണ്ടങ്ങള്‍’ ആയി മാറി. നീളം, വീതി, ഉയരം എന്ന സ്ഥലത്തിന്റെ മൂന്നു് ഡൈമെന്‍ഷനുകളോടു് സമയത്തിന്റെ നാലാമതൊരു ഡൈമെന്‍ഷന്‍ കൂടി കൂട്ടിച്ചേര്‍ത്തു് ഐന്‍സ്റ്റൈന്‍ തന്റെ space-time continuum സൃഷ്ടിച്ചു. നമ്മുടെ പ്രപഞ്ചത്തില്‍ പ്രകാശത്തിന്റെ വേഗതക്കു് മാത്രമേ മാറ്റം സംഭവിക്കാതുള്ളു എന്നും, സ്ഥലവും സമയവും ആപേക്ഷികമാണെന്നും ഐന്‍സ്റ്റൈന്‍ സ്ഥാപിച്ചു. അതുവഴി ന്യൂട്ടോണിയന്‍ നിയമങ്ങള്‍ക്കു് സാധുത്വമുള്ള ലോകത്തിന്റെ ചക്രവാളം ചുരുങ്ങി. കാണുന്നതിനും അനുഭവിക്കുന്നതിനും അതീതമായ എത്രയോ ‘ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍’ പ്രപഞ്ചത്തില്‍ ഉണ്ടു് എന്നു് മനുഷ്യര്‍ അംഗീകരിക്കേണ്ടിവന്നു.

സ്ഥലകാലങ്ങളെപ്പറ്റിയുള്ള മനുഷ്യരുടെ ധാരണയില്‍ ഐന്‍സ്റ്റൈന്റെ റിലേറ്റിവിറ്റി തിയറി വരുത്തിയ മാറ്റം ഭീമമായിരുന്നു. സ്ഥലത്തിന്റെ അളവായ ദൈര്‍ഘ്യവും, കാലത്തിന്റെ അളവായ സമയവും വേഗതയില്‍ അധിഷ്ഠിതമാണെന്നു് അതുവഴി മനുഷ്യര്‍ മനസ്സിലാക്കി. വേഗത കൂടുന്നതിനനുസരിച്ചു് വസ്തുക്കളുടെ നീളം ചുരുങ്ങുന്നു, ഭാരം കൂടുന്നു. നമ്മള്‍ ജീവിക്കുന്ന ഭൂമിയില്‍, നമുക്കു് അനുഭവവേദ്യമായ വേഗതകളില്‍ ഈ ആശ്രിതത്വം ശ്രദ്ധിക്കപ്പെടാന്‍ മാത്രമില്ലാത്തതിനാല്‍, ഇവ മാറ്റമില്ലാത്ത, സ്ഥിരമായ മൂല്യങ്ങളായി നമുക്കു് അനുഭവപ്പെടുന്നു എന്നുമാത്രം. അതുപോലെതന്നെ, വാച്ചുകള്‍ ചലിക്കുകയായിരുന്നെങ്കില്‍ അവയുടെ സൂചികള്‍ ‘നടക്കുന്നതു്’ സാവകാശമായിരുന്നേനെ. വാച്ചുകളുടെ ചലനം പ്രകാശത്തിന്റെ വേഗതയില്‍ (300000 km/sec) ആവുകയാണെങ്കില്‍ സമയവും ‘വാച്ചും’ നില്‍ക്കുന്നു. അതായതു്, പ്രകാശത്തിന്റെ കണികയായ ഫോട്ടോണിന്റെ ‘കാഴ്ചപ്പാടില്‍’ നിന്നു് വീക്ഷിക്കുമ്പോള്‍ സമയം എന്നതിനു് അര്‍ത്ഥമില്ലാതാവുന്നു. ഉദാഹരണത്തിനു്, ആദിസ്ഫോടന കാലഘട്ടത്തില്‍ രൂപമെടുത്ത microwave background radiation നമ്മുടെ കാഴ്ചപ്പാടില്‍, അഥവാ ഭൂമിയിലെ ‘വാച്ചുകളുടെ’ അടിസ്ഥാനത്തില്‍, ഇന്നോളം ഏകദേശം 1370 കോടി വര്‍ഷങ്ങള്‍ ‘യാത്ര’യിലായിരുന്നു. പക്ഷേ ആ റേഡിയേഷനിലെ ഫോട്ടോണുകളെസംബന്ധിച്ചു് അന്നും ഇന്നും ഒരേ സമയം തന്നെ. തത്വചിന്താപരമായി പറഞ്ഞാല്‍, പ്രപഞ്ചത്തിലുള്ളതെല്ലാം, ഭൂതവും, വര്‍ത്തമാനവും, ഭാവിയും, ഒരേസമയത്തു് കാണാന്‍ കഴിയുന്ന electromagnetic radiation എന്നൊരു വലയാല്‍ മറ്റോരോന്നുമായി ബന്ധപ്പെട്ടുകിടക്കുന്നു.

എന്നിട്ടും ശാസ്ത്രം മാക്സ്‌ പ്ലാങ്കിലും, ഐന്‍സ്റ്റൈനിലും ഒതുങ്ങി ‘വിശുദ്ധസിംഹാസനങ്ങളില്‍’ വിശ്രമിക്കുകയായിരുന്നില്ല. കാരണം, അവിടംകൊണ്ടു് പ്രപഞ്ചം മനുഷ്യനു് നേരെ ഉയര്‍ത്തിയ എല്ലാ ചോദ്യങ്ങളും അവസാനിക്കുകയായിരുന്നില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മതങ്ങള്‍ നല്‍കുന്ന ‘ഒറ്റമൂലിമറുപടിയില്‍’ ശാസ്ത്രജ്ഞര്‍ സംതൃപ്തരുമായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ പിന്നെ ഈ ബുദ്ധിമുട്ടുകളുടെ ഒന്നും ആവശ്യവുമില്ലല്ലോ. ഐന്‍സ്റ്റൈന്‍ തന്റെ മരണം വരെ ഒരു unified field theory കണ്ടെത്താന്‍ പരിശ്രമിച്ചിരുന്നു. പ്രപഞ്ചത്തിലെ എല്ലാ മൗലികശക്തികളെയും, ആണവോപഘടകങ്ങള്‍ തമ്മിലുള്ള എല്ലാ ബന്ധങ്ങളെയും സംയോജിപ്പിച്ചു് unified field theory എന്ന ഒരു താത്വികചട്ടക്കൂട്ടില്‍ കൊണ്ടുവരിക എന്ന ലക്‍ഷ്യത്തില്‍ വിജയിക്കാന്‍ പക്ഷേ അദ്ദേഹത്തിനു് കഴിഞ്ഞില്ല. കഴിയുമെങ്കില്‍ ഒറ്റവരിയില്‍ എഴുതാന്‍ കഴിയുന്ന അത്തരമൊരു തിയറി കണ്ടെത്താനാവുക, അതാണു് ഇന്നു് ഈ വിഷയത്തില്‍ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന ഏതൊരു ശാസ്ത്രജ്ഞന്റെയും മോഹം.

ക്വാണ്ടം ലോകത്തില്‍ മനുഷ്യന്‍ നടത്തിയ അന്വേഷണങ്ങള്‍ അവനെ റിലേറ്റിവിറ്റിയില്‍ നിന്നും വീണ്ടും മുന്നോട്ടു് നയിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി ആധുനികഫിസിക്സിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. ക്വാണ്ടം തിയറിയില്‍ പ്രപഞ്ചനിയമങ്ങള്‍ statistical ആണെന്നു് തെളിയിക്കപ്പെട്ടു. Niels Bohr, Werner Heisenberg, P. A. M. Dirac, Erwin Schroedinger, Max Born, Wolfgang Pauli, Enrico Fermi മുതലായവര്‍ ക്വാണ്ടം ഫിസിക്സിനെ വളര്‍ത്തിയവരില്‍ പ്രമുഖരാണു്. ഇവരുടെയൊക്കെ കൂട്ടത്തില്‍ ഭാരതീയര്‍ക്കു് അഭിമാനിക്കാവുന്ന ഒരു ശാസ്ത്രജ്ഞനാണു് Satyendra Nath Bose. ഐന്‍സ്റ്റൈനോടു് ചേര്‍ന്നു് Bose-Einstein statistics-നു് ജന്മം നല്‍കിയ ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണു് പ്രതിപ്രവര്‍ത്തനങ്ങളുടെ ‘ക്വാണ്ടങ്ങള്‍ക്കു്’ Bosons എന്ന പേരു് ലഭിച്ചതു്.

എന്താണു് ഈ ‘ക്വാണ്ടം ലോകം’? എന്താണു് അതുവഴി നമ്മള്‍ മനസ്സിലാക്കേണ്ടതു്? നമുക്കു് നിത്യപരിചിതമായ ഒരു ക്വാണ്ടം ലോകമാണു് പ്രകാശം. പ്രകാശത്തിന്റെ ക്വാണ്ടം അഥവാ കണികയാണു് ഫോട്ടോണ്‍. പക്ഷേ ഫോട്ടോണുകളുടെ ലോകത്തെ നമുക്കു് പരിചിതമായ ഏതെങ്കിലും ഒരു analogy കൊണ്ടു് വിവരിക്കാനാവില്ല. അവയുടെ ചലനം ഒരുവിധത്തിലും മുന്‍കൂട്ടി പ്രവചിക്കാവുന്നതല്ല. പ്രകാശക്വാണ്ടങ്ങളെ ഭരിക്കുന്നതു് ‘വസ്തുനിഷ്ഠമായ ആകസ്മികത’യാണെന്നു് വേണമെങ്കില്‍ പറയാം. അതായതു്, വ്യക്തിനിഷ്ഠമായി ആ ലോകത്തെ അറിയാന്‍ ഒരുവിധത്തിലും നമുക്കു് കഴിയില്ല. ക്വാണ്ടം ലോകം അങ്ങനെ പെരുമാറുന്നു എന്നല്ലാതെ, എന്തുകൊണ്ടു് അങ്ങനെ പെരുമാറുന്നു എന്നു് ആര്‍ക്കും ഇതുവരെ അറിയില്ല. ആകെ നമുക്കു് ‘പ്രവചിക്കാന്‍’ കഴിയുന്നതു്, അനേകം പരീക്ഷണങ്ങള്‍ വഴി നേടുന്ന probability distribution-ന്റെ അടിസ്ഥാനത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ സാദ്ധ്യതകള്‍ മാത്രം.

ക്വാണ്ടങ്ങള്‍ തരംഗസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. പക്ഷേ, ഒരു വീക്ഷകന്‍ അതിനെ അളക്കാന്‍ ശ്രമിക്കുന്ന അതേ നിമിഷത്തില്‍ അവയുടെ തരംഗസ്വഭാവം തകര്‍ന്നു് ക്വാണ്ടം ലോകമായി മാറുന്നു. ക്വാണ്ടം ലോകത്തില്‍ വസ്തുതകള്‍ ഒന്നുകില്‍ അതു്, അല്ലെങ്കില്‍ ഇതു് എന്ന അവസ്ഥയിലല്ലെന്നും, ഒരുതരം ഉത്‌പ്ലവനാവസ്ഥയില്‍ ആണെന്നും, വീക്ഷണനിമിഷത്തില്‍ മാത്രം അതോ ഇതോ എന്നു് തീരുമാനിക്കപ്പെടുകയാണെന്നുമാണു് ഈ അവസ്ഥക്കു് നല്‍കപ്പെടുന്ന ഒരു വിശദീകരണം. വീക്ഷണം വഴി യഥാര്‍ത്ഥത്തില്‍ ലോകത്തിനു് മാറ്റം സംഭവിക്കുന്നുണ്ടോ? പ്രപഞ്ചത്തിലെ എനര്‍ജി മുഴുവന്‍ wave function വഴി വിവരിക്കപ്പെടുന്ന ഒരുതരം ഉത്‌പ്ലവനാവസ്ഥയിലാണോ? ഈ തരംഗങ്ങള്‍ വീക്ഷണം വഴി സ്ഥല-കാലങ്ങളില്‍ ‘തകരുകയാണോ’? ക്വാണ്ടം ലോകത്തിലെ ഒരു പ്രധാന കടംകഥയും യഥാര്‍ത്ഥ രഹസ്യവുമാണിതു്. ‘double slit experiment’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പരീക്ഷണം ഈ വസ്തുത മനസ്സിലാക്കാന്‍ സഹായകമാണു്. വീക്ഷകനില്ലെങ്കില്‍ ക്വാണ്ടങ്ങള്‍ക്കു് ഒരു നിശ്ചിത സ്ഥാനമോ, വേഗതയോ ഇല്ല. ഒരു ആകസ്മികസാദ്ധ്യത മാത്രമായി അവ എവിടെയോ നിലകൊള്ളുന്നു. വീക്ഷണം വഴി അവ മൂര്‍ത്തമായ ഒരവസ്ഥ സ്വീകരിക്കുന്നു.

ക്വാണ്ടം ലോകത്തില്‍ മനുഷ്യസങ്കല്‍പങ്ങള്‍ക്കു് എത്രയോ അതീതമായ വസ്തുതകള്‍ സാദ്ധ്യമാണു്. ശൂന്യത എന്നതു് ഒന്നുമില്ലാത്ത അവസ്ഥയല്ല. vacuum എന്നതുപോലും ഒന്നുമില്ലായ്മയല്ല. ഒരു വാക്വത്തില്‍, ബാഹ്യമായ യാതൊരു electromagnetic force-നും വിധേയമല്ലാതെ, ഏതാനും മൈക്രോമീറ്റര്‍ മാത്രം അകലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന രണ്ടു് ലോഹത്തകിടുകളില്‍ ഉണ്ടാവുന്ന ‘Casimir effect’ എന്ന പേരില്‍ അറിയപ്പെടുന്ന ശക്തി vacuum എന്നതു് ഒന്നുമില്ലായ്മയല്ല എന്നതിന്റെ തെളിവാണു്. ശൂന്യത എന്നതു് പ്രബലമായ എനര്‍ജിയുടെ മേഖലയാണെന്നതിനാല്‍, അത്തരം ‘ശൂന്യതയില്‍’ നിന്നും ഏതു് നിമിഷത്തിലും ക്വാണ്ടങ്ങള്‍ക്കു് രൂപമെടുക്കാനാവും. അതിനര്‍ത്ഥം, എന്നെങ്കിലുമൊരിക്കല്‍ ‘ശൂന്യതയില്‍’ നിന്നും എനര്‍ജി ഉത്പാദിപ്പിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു് കഴിയും എന്നതാണു്. vacuum എന്നതു് ഒരവസ്ഥയാണു്, ഒന്നുമില്ലായ്മയല്ല.

ഈ അവസരത്തില്‍ രസകരമോ വിരോധാഭാസമോ ആയി തോന്നിയേക്കാവുന്ന മറ്റൊരു കാര്യം പണ്ടു് ന്യൂട്ടണ്‍ കണ്ടെത്തിയ ഗ്രാവിറ്റേഷന്‍ ആധുനികശാസ്ത്രത്തിന്റെ പിടിയില്‍ നിന്നും വഴുതിമാറുന്നു എന്നതാണു്. സ്ഥലവും കാലവും ഗ്രാവിറ്റേഷനും പരസ്പരം ബന്ധപ്പെട്ടവയാണെന്നു് ഐന്‍സ്റ്റൈനുശേഷം നമുക്കറിയാം. പക്ഷേ quantum mechanics ഉപയോഗിച്ചു് general relativity വിവരിക്കാനാവില്ല. general relativity പ്രകാരം ‘ഭാരത്തിന്റെ ശക്തി’ അഥവാ gravitational fields എന്നതു് space-time curvature ആയിട്ടാണു് വ്യാഖ്യാനിക്കപ്പെടുന്നതു്. അതിനാല്‍, അവിടെ quantum mechanics പ്രയോഗിക്കാന്‍ ശ്രമിക്കുന്നതു്, സ്ഥലത്തേയും കാലത്തേയും quantize ചെയ്യുന്നതിനു് തുല്യമായിരിക്കും. ഐന്‍സ്റ്റൈന്റെ തത്വപ്രകാരം, സ്ഥലവും കാലവും ക്രമാനുഗതമായ ഒരു continuum ആണു്. പക്ഷേ ഇതുവരെയുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതു് പ്രകാശത്തിന്റെ ക്വാണ്ടങ്ങള്‍ പോലെ തന്നെ സ്ഥലവും കാലവും ചെറിയ ‘തരികളുടെ’ സമാഹാരം ആയിരിക്കണം എന്നാണു്. അങ്ങനെയെങ്കില്‍, സ്ഥലവും കാലവും ക്വാണ്ടം ലോകം പോലെതന്നെ, ‘വീക്ഷകനെ’ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളായിരിക്കണം. മറ്റു് വാക്കുകളില്‍, അവയുടെ ചെറിയ ‘അളവുകളില്‍’ ക്വാണ്ടം സ്വഭാവം നിലനില്‍ക്കണം. ശാസ്ത്രജ്ഞരുടെ ഇന്നത്തെ അറിവില്‍, സ്ഥലവും കാലവും പ്രപഞ്ചത്തിന്റെ പശ്ചാത്തലമോ ദൈനംദിനയാഥാര്‍ത്ഥ്യങ്ങളുടെ വെറുമൊരു ചട്ടക്കൂടോ അല്ല. അവ സംഭവപരമ്പരകള്‍ അരങ്ങേറുന്ന വെറും കളിസ്ഥലമല്ല, അത്തരം ‘കളികളില്‍’ സജീവമായി പങ്കെടുക്കുന്ന ‘കളിക്കാര്‍’ തന്നെയാണു്. അവ നിരന്തരം ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തരിതരിയായ ഒരു ഘടനയിലെ കണികകള്‍ തന്നെയാണു്. മനുഷ്യബുദ്ധി ഇന്നോളം കണ്ടെത്തിയതില്‍ ഏറ്റവും വിചിത്രമായതു് എന്നു് പറയാവുന്നതാണു് ഈ പ്രതിഭാസം.

 
22 Comments

Posted by on Aug 10, 2008 in ലേഖനം

 

Tags: , , , ,

22 responses to “സ്ഥലവും കാലവും ക്വാണ്ടംതരികളോ?

 1. വേണു venu

  Aug 10, 2008 at 20:55

  നല്ല ലേഖനം എന്ന് ഞാനെഴുതുമ്പോള്‍ എല്ലാം മനസ്സിലാക്കി എന്ന് വിചാരിക്കരുതേ. സ്ഥല കാല വിഭ്രാന്തിയില്‍ സമയവും കാലവും ന്യൂട്ടണും ഐന്‍സ്റ്റയിനും ഇനിയും കൂട്ടി ചേര്‍ക്കാന്‍ പോകുന്നവയും ഒക്കെ മനസ്സിലാക്കിക്കുന്ന നല്ല ഒരു ശാസ്ത്ര ലേഖനം. കുറച്ചൊക്കെ എനിക്കും ഈ ലേഖനത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും വിഷയം‍ അറിയാവുന്നവര്‍ക്കു് അറിയാന്‍ പലതും ലഭിക്കുന്ന നല്ല ഒരു ലേഖനം.:)
  ആശംസകള്‍.:)

   
 2. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ

  Aug 10, 2008 at 21:58

  നല്ല പോസ്റ്റ്. പുതിയ പുതിയ അറിവുകള്‍ എന്നും ബൂലോകവുമായി പങ്കു വയ്ക്കുന്ന ഈ അര്‍പ്പണ മനോഭാവത്തിനും, അതിനു പിറകിലെ പ്രയത്നത്തിനും ഒരു പാട് നന്ദി. ശാസ്ത്രത്തിനു മുന്നില്‍ പ്രപഞ്ച രഹസ്യങ്ങള്‍ ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. ആരെന്തു പറഞ്ഞാലും സത്യമേവ ജയതേ.

   
 3. ഏറനാടന്‍

  Aug 10, 2008 at 22:38

  വിക്ഞാനപ്രദവും സര്‍വോപരി കൗതുകകരവും അല്‍ഭുതമായ സത്യവും.. നന്ദി ബാബുജീ ഇനിയും ഈ വഴി വരാം..

   
 4. പുഴ.കോം

  Aug 10, 2008 at 23:02

  നല്ല ലേഖനം. ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ ‘Brief History of Time’ കൂടി വായിക്കണമെന്നു പറയും.

  ഈ പരീക്ഷണം മനുഷ്യന് പ്രപഞ്ചരഹസ്യങ്ങളെ കൂടുതല്‍ മനസ്സിലാക്കുവാനുതകുന്ന വിവരങ്ങള്‍ തരുമെന്നു കരുതപ്പെടുന്നു.

   
 5. പുഴ.കോം

  Aug 10, 2008 at 23:16

  Brief History of Time-ന്റെ മലയാള വിവര്‍ത്തനം പുഴ.കോമില്‍ ഇവിടെ ഉണ്ട്.

   
 6. പ്രിയ ഉണ്ണികൃഷ്ണന്‍

  Aug 11, 2008 at 04:46

  പരീക്ഷാകാലത്ത് സ്വന്തം ചോദ്യപ്പേപ്പര്‍ ഉണ്ടാക്കി സാമ്പിള്‍ പരീക്ഷ എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു. അന്നത്തെ സ്ഥിരം ചോദ്യം ഇതായിരുന്നു “ ഗുരുത്വാകര്‍ഷണഫലാത്തിന്റെ കാരണം——- ആയിരുന്നു.

  ( മാങ്ങ, തേങ്ങ,കപ്പ,ആപ്പിള്‍) “

  ആദ്യത്തെ പാരഗ്രാഫ് വായിച്ചപ്പോ ഞാന്‍ പെട്ടന്ന്നോര്‍ത്തത് അതായിരുന്നു

  “അഥവാ ഭൂമിയിലെ ‘വാച്ചുകളുടെ’ അടിസ്ഥാനത്തില്‍, ഇന്നോളം ഏകദേശം 1370 കോടി വര്‍ഷങ്ങള്‍ ‘യാത്ര’യിലായിരുന്നു. പക്ഷേ ആ റേഡിയേഷനിലെ ഫോട്ടോണുകളെസംബന്ധിച്ചു് അന്നും ഇന്നും ഒരേ സമയം തന്നെ. “

  ഇത് വായിച്ച് കഴിഞ്ഞ് കുറെ ചിന്തിച്ചിരുന്നു, ആലോചിച്ചിട്ടില്ലാത്ത ഒന്ന്!!!

  നല്ല ലേഖനം ബാബൂജീ

   
 7. കാവലാന്‍

  Aug 11, 2008 at 07:34

  ബോറാക്കിയോ എന്നറിയാന്‍ വന്നതാ സീകെ മാഷെ,
  നല്ല വിവരണം വരികളില്‍ താങ്കള്‍ചെലുത്തിയിരിക്കുന്ന സൂക്ഷ്മത വായന അല്പം എളുപ്പമാക്കുന്നുണ്‍ട് നല്ലത്.
  ഗഹനമായ ഇത്തരം ലേഖനങ്ങള്‍ ഒരാവര്‍ത്തികൊണ്ട് ഒന്നുമാവുന്നില്ല.(ഇനിയും വായിക്കുമെന്ന്. ഹല്ല പിന്നെ!)
  “പക്ഷേ ആ റേഡിയേഷനിലെ ഫോട്ടോണുകളെസംബന്ധിച്ചു് അന്നും ഇന്നും ഒരേ സമയം തന്നെ.”

  ഇതൊക്കെയൊന്നു ചിന്തിക്കാനിരുന്നാല്‍ ആളു വാല്‍മീകമായിപ്പോവുമല്ലൊ കര്‍ത്താവെ !!

   
 8. സി. കെ. ബാബു

  Aug 11, 2008 at 10:22

  വേണു, മോഹന്‍, ഏറനാടന്‍,

  വായനക്കും അഭിപ്രായത്തിനും നന്ദി.

  പുഴ.കോം,

  സന്ദര്‍ശനത്തിനും ലിങ്കിനും നന്ദി. Stephen Hawking-ന്റെ‘Brief History of Time’ മാത്രമല്ല, Universe in a Nutshell എന്ന പുസ്തകവും വളരെ വിജ്ഞാനപ്രദമാണു്. ലേഖനത്തില്‍ ഞാന്‍ കൊടുത്ത ലിങ്കുകള്‍ക്കടിയിലും ഈ വിഷയവുമായി ബന്ധപ്പെട്ട ധാരാളം Literature കൊടുത്തിട്ടുണ്ടു്. വായിക്കാന്‍ പറ്റിയ ഇത്തരം ശാസ്ത്രീയപുസ്തകങ്ങള്‍ ഒരുപക്ഷേ മലയാളത്തില്‍ കുറവായിരിക്കാം.

  CERN-ലെ പരീക്ഷണവുമായി ബന്ധപ്പെട്ട നല്ലൊരു പോസ്റ്റ് കുറിഞ്ഞി ഓണ്‍ലൈന്‍ ഇട്ടിരുന്നു. ഞാനും ഇവിടെയും ഇവിടെയും
  ഈ വിഷയത്തില്‍ ചിലതു് കുറിച്ചിരുന്നു.

  പ്രിയ,

  ചിന്തിച്ചുചിന്തിച്ചു് ചിന്തക ആവാനാണോ ഭാവം? അപ്പോള്‍‍ പ്രിയയുടെ നര്‍മ്മവും കവിതയുമെല്ലാം philosophical ആവുമല്ലോ എന്നാണെന്റെ പേടി. പിന്നെ ഇടയ്ക്കിടെ ഓരോരോ വളിപ്പുകള്‍ പാസാക്കാന്‍ എനിക്കു് പറ്റില്ലല്ലോ എന്ന ദുഃഖം. 🙂

  കാവലാനെ,

  ‘Cogito, ergo sum’ (I think, therefore I am) എന്നാണല്ലോ റെനേ ഡെകാ‍ര്‍ട്ട് (René Descartes) പറഞ്ഞതും! അതിനാല്‍ വാത്മീകം ആവുമെന്ന പേടി ചിന്തിക്കാതിരിക്കാനുള്ള കാരണമാവരുതു് എന്നേ എനിക്കു് പറയാനുള്ളു.‍ 🙂

   
 9. ഭൂമിപുത്രി

  Aug 11, 2008 at 16:04

  ലേഖനത്തിൻ നന്ദി ബാബു.കുറെയൊക്കെ മനസ്സിലായി.
  “സ്ഥലവും കാലവും ക്വാണ്ടം ലോകം പോലെതന്നെ, ‘വീക്ഷകനെ’ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളായിരിക്കണം..”
  ഇതാണോയിനി ‘മായ’ എന്ന പറയുന്ന സംഭവം?

   
 10. സി. കെ. ബാബു

  Aug 11, 2008 at 20:35

  ഭൂമിപുത്രി,

  ഒറ്റവാക്കില്‍ പറഞ്ഞാല്‍, അല്ല. സ്വയം നിര്‍മ്മിച്ച പദങ്ങള്‍ക്കു് അസ്തിത്വയാഥാര്‍ത്ഥ്യം സങ്കല്പിച്ചതുകൊണ്ടു്‌ നമ്മള്‍ ഒന്നും നേടുന്നില്ല. metaphysics-നു് ശാസ്ത്രത്തില്‍ സ്ഥാനമില്ല.

  ശാസ്ത്രജ്ഞാനം കൈവരിക്കാന്‍ ശകുനം നോക്കി ആരംഭിക്കേണ്ടതില്ല. അത്യാവശ്യം ബുദ്ധിശക്തിയും അതിലേറെ ഇച്ഛാശക്തിയുമാണു് അതിനാവശ്യം.

  ജ്ഞാനിയായിരുന്ന സഭാപ്രസംഗിയും ബൈബിളില്‍ പറയുന്നുണ്ടു്: “ഹാ മായ, മായ, സകലവും മായ അത്രേ”. വായിച്ചു് മടുത്തതുകൊണ്ടാണോ ആവോ, നാലു് വാചകങ്ങള്‍ താഴെ അദ്ദേഹം വീണ്ടും പറയുന്നു: “പുസ്തകങ്ങള്‍ ഓരോന്നുണ്ടാക്കുന്നതിനു്‌ അവസാനമില്ല; അധികം പഠിക്കുന്നതു് ശരീരത്തിനു് ക്ഷീണം തന്നെ”. (സഭാപ്രസംഗി 12: 8, 12)

  എന്തു്, എത്ര, എങ്ങനെ വായിക്കണം എന്നെല്ലാം ഓരോരുത്തരും സ്വയം അറിയണം. സഭാപ്രസംഗി പറയുന്നതു് കേട്ടു് സകലരും വായന നിര്‍ത്താഞ്ഞതു് എന്തായാലും നന്നായി. അതുകൊണ്ടു് മനുഷ്യര്‍ ഇത്രടം വരെയൊക്കെ എത്തി. ലോകത്തിന്റെ ഏതോ കോണുകളിലിരുന്നു് മറ്റു് പലരേയും പോലെ ഒരു ഭൂമിപുത്രിക്കും ഒരു ബാബുവിനും പരസ്പരം ലിഖിതരൂപത്തില്‍ (അതും അവര്‍ നിലത്തെഴുത്തു് പഠിച്ച ഭാഷയില്‍!) ആശയങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഒരു കാലം ഉണ്ടാവുമെന്നു് സഭാപ്രസംഗി വെളിപാടുവഴി പോലും അറിഞ്ഞിട്ടുണ്ടാവില്ലല്ലോ‍. 🙂 വായനക്കു് നന്ദി. ആശംസകളോടെ,

   
 11. ഭൂമിപുത്രി

  Aug 11, 2008 at 21:09

  ബാബൂ, ‘വീക്ഷകനെ ആശ്രയിച്ചിരിയ്ക്കുന്ന
  കാര്യം ’എന്ന് പറയുമ്പോൾ,വീക്ഷകന്റെ തോന്നലാൺ സ്ഥലവും കാലവും,
  എന്ന്വെച്ചാൽ,സ്ഥലവും കാലവും ആത്മനിഷ്ഠമായ രണ്ട് സങ്കല്‍പ്പങ്ങൾ,എന്നല്ലേ?
  അപ്പോൾ ഞാൻ കാണുന്നതല്ല ബാബു കാണുക
  എന്നൊരു ഡൈമെൻഷൻ വരുന്നു.
  അതിനർത്ഥം നമ്മൾ പൊതുവെ മനസ്സിലാക്കുന്ന
  യാഥാർത്ഥ്യത്തിന്റെ തലത്തിൽ സ്ഥലവും കാലവും നിലനിൽക്കുന്നില്ല
  എന്നാകില്ലെ?
  വെറുതെ,ഇങ്ങിനെയുമൊക്കെ ചിന്തിച്ചുകൂടെയെന്ന്
  എനിയ്ക്കൊരു ‘തോന്നൽ’!

   
 12. സി. കെ. ബാബു

  Aug 12, 2008 at 10:35

  ഭൂമിപുത്രി,

  ഒരു specific observer എന്ന അര്‍ത്ഥത്തില്‍ ‍മനസ്സിലാക്കേണ്ടതല്ല അതു്. ഭൂമിപുത്രി പറയുന്ന അര്‍ത്ഥത്തില്‍ “വീക്ഷകനിലെ ആശ്രയം” എന്നതു് subjectivity-യുടെ (ആത്മനിഷ്ഠതയുടെ) നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നതാണു്. അതു്‌ ഏതുകാര്യത്തിനും ബാധകവുമാണു്. നമ്മള്‍ കാണുന്നതും, കേള്‍ക്കുന്നതും, വായിക്കുന്നതും, അറിയുന്നതും എല്ലാം “ഒന്നുതന്നെ” ആണെങ്കിലും ഓരോരുത്തരും അതു് വ്യത്യസ്തമായി മനസ്സിലാക്കുന്നു എന്ന അര്‍ത്ഥത്തില്‍.

  ഇവിടെ പരാമര്‍ശിക്കപ്പെടുന്നതു് ‍അത്തരം “ആശ്രയം” അല്ല, ഒരു physical reality ആണു്.

  ഈ വസ്തുത ശാസ്ത്രീയമായി മനസ്സിലാക്കാന്‍ പറ്റിയ ഏറ്റവും നല്ല ഉദാഹരണമാണു് double slit experiment. അതുകൊണ്ടാണു് Richard Feynman പറയുന്നതു്‌: “double slit experiment വെളിപ്പെടുത്തുന്നതു് ക്വാണ്ടം തിയറിയിലെ ഒരു മൂലതത്വമാണു്. claasical ആയ മാര്‍ഗ്ഗങ്ങള്‍ കൊണ്ടു് അതിനെ വിശദീകരിക്കാന്‍ സാദ്ധ്യമല്ല. quantum mechanics-ന്റെ കേന്ദ്രം അതില്‍ അടങ്ങിയിരിക്കുന്നു. അതുള്‍ക്കൊള്ളുന്നതു്‌ യഥാര്‍ത്ഥത്തില്‍ ക്വാണ്ടം മെക്കാനിക്സിലെ ഒരേയൊരു രഹസ്യവും, അടിസ്ഥാനപരമായ വിശേഷത്വവുമാണു്‌.”

  Double slit experiment-നെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍ നമ്മള്‍ പകുതി ജയിച്ചു എന്നു് ശാസ്ത്രജ്ഞര്‍ പറയുന്നതും മറ്റൊന്നുകൊണ്ടുമല്ല.

  പരിചിതമായ വഴിയാണു് ഏറ്റവും “ഹ്രസ്വവും” തന്മൂലം എളുപ്പവും എന്നതിനാല്‍, സഹസ്രാബ്ദങ്ങളിലൂടെ നമുക്കു് പരിചിതവും അതുവഴി എളുപ്പവുമായ metaphysics-ന്റെ വഴികളിലേക്കു് വഴുതിവീഴാനുള്ള ആഗ്രഹം മാനുഷികമാണു്. പക്ഷേ, പഴയ വഴികള്‍ തൃപ്തികരമല്ലാതെ വന്നതിനാല്‍ പുതിയ വഴികള്‍ തേടാനായി രൂപമെടുത്ത ശാസ്ത്രം വീണ്ടും metaphysics-നെ കൂട്ടുപിടിക്കുക എന്നാല്‍ പിന്നെയും പഴയ ലായങ്ങളിലേക്കു് തിരിച്ചുപോവുക എന്നേ അതിനര്‍ത്ഥമുള്ളു.

   
 13. ഭൂമിപുത്രി

  Aug 12, 2008 at 13:56

  വീശദീകരനത്തിൺ നന്ദി ബാബു.
  double slit experiment എന്താണെന്നൊന്ന്
  പഠിയ്ക്കാൻ നോക്കട്ടെ.

   
 14. സൂരജ് :: suraj

  Aug 18, 2008 at 17:41

  നന്ദി മാഷേ ഈ ലേഖനത്തിന്. ഒത്തിരി കാര്യങ്ങൾ ചുരുങ്ങിയ സ്ഥലത്തിലേക്ക് ഒതുക്കിയതുകൊണ്ടാവാം ചിലകാര്യങ്ങളെ സംബന്ധിച്ച് ഇവിടെ സംശയങ്ങൾ വന്നത്.

  ക്വാണ്ടം അനിശ്ചിതത്വവും, ഒരു ‘വീക്ഷകന്റെ’ ആവശ്യകതയും ഇന്ന് ദീപക് ചോപ്രാമോഡൽ ന്യൂ ഏജ് ആത്മിയക്കാരുടെ മേച്ചിൽ‌പ്പുറമാണ്. ഒരു ശാസ്ത്രസാധുതയുമില്ലാത്ത പാതിവെന്ത തിയറികൾ മലവെള്ളം പോലെ ഒഴുകിനടക്കുന്നു. വീക്ഷകൻ എന്നത് സബ്ജക്റ്റീവ് വീക്ഷണകോൺ ആണെന്ന് വ്യാഖ്യാനിക്കുന്നതാണ് ആദ്യപടി. ‘വീക്ഷകൻ’ എന്ന സംഗതിയിൽ ഒട്ടി നിന്നാൽ ഇൻഫിനിറ്റ് റിഗ്രെസ്സിലേക്ക് പോകുമെന്നു കണ്ടപ്പോൾ ചില വിദ്വാന്മാർ അതിനെ കോൺഷ്യസ് ഒബ്സർവർ ആക്കി. അപ്പോൾ നിരീക്ഷകന്റെ തലച്ചോറിലെ ബോധത്തിലേക്ക് പരീക്ഷണത്തിന്റെ ഡേറ്റ കയറുന്നതാണ് ക്വാണ്ടം കൊളാപ്സിന്റെ പോയിന്റ് അത്രെ !! നിരീക്ഷകന്റെ ബോധം പിന്നെ പിന്നെ കോസ്മിക് കോൺഷ്യസ്നെസ്സ് – പ്രാപഞ്ചിക ആത്മബോധം – വരെ ആകും ! കോൺഷ്യസ്നെസ്സ് എന്നാലെന്ത് എന്നുപോലും നിർവചിക്കാതെയാണീ ട്രപ്പീസ് കളി എന്നതാണു തമാശ. എന്തരോ എന്തോ !!

  ഡബിൾ സ്ലിറ്റ് പരീക്ഷണത്തെയും വിവിധ ക്വാണ്ടം ഇന്റർപ്രിറ്റേയ്ഷനുകളെയും കുറിച്ച് ബാബുമാഷിന്റെ വക വിശദമായ ഒരു കുറിപ്പ് പ്രതീക്ഷികട്ടെ ?
  🙂

  @ ഭൂമി പുത്രി,

  പ്രിയ ഭൂമിപുത്രീ,
  ക്വാണ്ടം ഭൌതികത്തിലെ പ്രതിഭാസങ്ങൾ താങ്കൾ ഉന്നയിച്ച ആ സംശയത്തിന്റെ ലൈനിൽ ഉള്ള ഒത്തിരി ഫിലോസഫിക്കൽ ചിന്താ സരണികൾക്ക് കാരണമായിട്ടുണ്ട് എന്നത് നേര്. വിശേഷിച്ചും ഡബിൾ സ്ലിറ്റ് പരീക്ഷണവും അതിന്റെ അനുബന്ധമെന്ന് പറയാവുന്ന ‘ഷ്രോഡിഞറുടെ പൂച്ച പ്രശ്ന’വും അത്തരം ചില താത്വിക സമസ്യകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.വ്യാഖ്യാനങ്ങളിൽ ചിലത് “നമ്മുടെ ലോകം ഒരു മൂർത്ത യാഥാർത്ഥ്യമാകണമെങ്കിൽ ഒരു വീക്ഷകൻ വേണം” എന്ന നിലയിലേക്ക് പോകുന്നു.

  ക്വാണ്ടം ലോകത്തെ പ്രതിഭാസങ്ങളെ നമ്മുടെ ലോകത്തിലെ ഏത് ഉദാഹരണം കൊണ്ട് വിവരിച്ചാലും പൂർണ്ണമായ ആശയം പ്രകടിപ്പ്പിക്കാനാവില്ല. അതാണ് ഒരു പക്ഷേ ഡബിൾ സ്ലിറ്റ് പരീക്ഷണത്തിനു ക്വാണ്ടം ഭൌതികത്തിൽ തന്നെ നിലവിൽ പന്ത്രണ്ടോളം വ്യാഖ്യാനങ്ങൾ ഉള്ളത്. (വ്യാഖ്യാനങ്ങൾ എന്തുതന്നെയായാലും പരീക്ഷണങ്ങളിൽ റിസൾട്ട് കിട്ടുന്നതിൽ മാറ്റമില്ലാത്തിടത്തോളം ക്വാണ്ടം ശാസ്ത്രജ്ഞർ തൃപ്തരാണ്. അതുകൊണ്ട് വ്യാഖ്യാനിക്കാൻ മെനക്കെടേണ്ടതില്ല എന്നാണു അവരിൽ മിക്കവരുടേയും അഭിപ്രായവും :))

  ഈ വ്യാഖ്യാനങ്ങളിൽ അപൂർവ്വം ചിലതാണ് ‘വീക്ഷകൻ’ എന്നാൽ ഒരു conscious observer ആകണം എന്ന് വാശിപിടിക്കുന്നത്. ഇതിൽ ലൊജിക്കലായി തന്നെ ചില പ്രശ്നങ്ങളുണ്ട്. ബോധമുള്ള ഒരു വീക്ഷകൻ ഇല്ലെങ്കിൽ ലോകം ഒരിക്കലും യാഥാർത്ഥ്യമാവില്ലേ ? ഇനി ‘ബോധം’ എന്നാൽ ഏത് ജന്തുതലം വരെ വേണ്ടിവരും ? ക്വാണ്ടം തലത്തിലെ കുഞ്ഞു കുഞ്ഞ് പ്രതിപ്രവർത്തനങ്ങൾ കൂടിച്ചേരുമ്പോഴാണ് നമ്മുടെ മാക്രോസ്കോപ്പിക് ലോകത്ത് കാര്യങ്ങൾ നടക്കുന്നത്. ഇങ്ങനെ ഓരോ ക്വാണ്ടം പ്രതിപ്രവർത്തനത്തിനും വീക്ഷകർ വേണമെന്ന് പറഞ്ഞാൽ മനുഷ്യ ബുദ്ധി പരിണമിച്ച് ഉണ്ടാകുന്ന കാലം വരെ (13 ബില്യൺ വർഷങ്ങൾ) ഈ ലോകം മായയായി ഇരിക്കുകയായിരുന്നോ എന്നൊക്കെ ചോദ്യങ്ങൾ വരും. ശാസ്ത്രലോകം ഈ ‘വ്യക്തിനിഷ്ഠതാ’ വാദം അതുകൊണ്ടു തന്നെ മുഖവിലയെക്കെടുക്കുന്നേയില്ല – ഫിലോസഫിയിലും മെറ്റാഫിസിക്സിലുമൊക്കെ വൻ ചർച്ചകൾ ഇതേപ്രതി നടക്കാറുണ്ടേലും.

  ഭൂമിപുത്രി പറഞ്ഞതിൽ:

  ..ഞാൻ കാണുന്നതല്ല ബാബു കാണുക
  എന്നൊരു ഡൈമെൻഷൻ വരുന്നു…

  എന്നത് മസ്തിഷ്കശാസ്ത്രപരമായി ശരിയാണ്.ഏതൊരു വസ്തുവിനെക്കുറിച്ചുമുള്ള ഒരാളുടെ വ്യക്തിനിഷ്ഠാനുഭവം മറ്റൊരാളുമായി പൂർണ്ണമായി യോജിക്കില്ല.ഞാൻ മഞ്ഞ നിറം കാണുന്ന അതേ രീതിക്കായിരിക്കില്ല ഭൂമിപുത്രിയോ ബാബു മാഷോ മഞ്ഞയെ കാണുന്നത്.

  എന്നാൽ,
  “.. വീക്ഷകന്റെ തോന്നലാൺ സ്ഥലവും കാലവും,എന്ന്വെച്ചാൽ,സ്ഥലവും കാലവും ആത്മനിഷ്ഠമായ രണ്ട് സങ്കല്‍പ്പങ്ങൾ,എന്നല്ലേ? ..അതിനർത്ഥം നമ്മൾ പൊതുവെ മനസ്സിലാക്കുന്ന യാഥാർത്ഥ്യത്തിന്റെ തലത്തിൽ സ്ഥലവും കാലവും നിലനിൽക്കുന്നില്ല എന്നാകില്ലെ?“….
  എന്നു പറയാനാവില്ല.

  വീക്ഷണകോണിൽ വളരെ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും നമുക്കു രണ്ടു പേർക്കും മഞ്ഞ എന്നാൽ എന്താണെന്നതിനെപ്പറ്റി ഒരു പൊതു ധാരണയുണ്ട്. മഞ്ഞയുടെ ‘മഞ്ഞത്വ’ത്തിന്റെ കാര്യത്തിൽ മാത്രമേ നാം തമ്മിൽ കുഞ്ഞു കുഞ്ഞു വ്യത്യാസമുള്ളൂ. സ്ഥലകാലങ്ങൾക്കും ഇതു ബാധകം തന്നെ. ആത്മനിഷ്ഠമായ എല്ലാ വ്യത്യാസങ്ങൾക്കുമപ്പുറം നമ്മുടെ ലോകത്തിന് Objective ആയ ഒരു Reality ഉണ്ട്. ആ reality ഉള്ളതുകൊണ്ടാണ് കടുവകൾക്കെല്ലാം വരകൾ ഉണ്ടാകുന്നതും നമ്മുടെ കണ്ണുകൾ ത്രിഡി ആയി വസ്തുക്കളെകാണുന്നതും സ്രാവുകൾ മൈലുകൾക്കപ്പുറത്തുനിന്ന് ഇരയുടെ ഗന്ധം പിടിച്ചെടുക്കുന്നതും അമീബ സ്യൂഡോപോഡിയ നീട്ടി ‘നട’ക്കുന്നതും ….

  ക്വാണ്ടം പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കുമ്പോൾ ആ objective reality-യെ നമുക്ക് സാമാന്യ ലോകത്തിന്റെ ഉദാഹരണങ്ങൾ കൊണ്ട് വിശദമാക്കാനാവുന്നില്ല. എന്നു വച്ച് അങ്ങനൊരു objective reality ഇല്ലെന്നോ എല്ലാം ആത്മനിഷ്ഠമായ സങ്കൽ‌പ്പങ്ങളാണെന്നോ അല്ല അർത്ഥം. ബാബു മാഷ് ഇവിടെ സൂചിപ്പിച്ച ഏകീകൃത പ്രപഞ്ചബല തിയറി എന്നെങ്കിലും ആവിഷ്കരിക്കാനായാൽ ആ objective reality അതിൽ വ്യക്തമായിരിക്കും എന്ന് ആശിക്കാനേ ഇപ്പോൾ കഴിയൂ.

  ഉദാഹരനത്തിനു റോജർ പെൻ റോസിന്റെയും കൂട്ടരുടെയും വ്യാഖ്യാനമനുസരിച്ച് ഒരു വീക്ഷകന്റെയും സാന്നിധ്യമില്ലാതെ പ്രകൃത്യാതന്നെ ക്വാണ്ടം കൊളാപ്സ് സംഭവിക്കുന്നുണ്ട്. അങ്ങനെ സംഭവിക്കാത്ത സ്പെഷ്യൽ അവസ്ഥകളിൽ ഗുരുത്വാകർഷണ ബലമാണ് ഈ ‘വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ’ നിർണ്ണയിക്കുന്നതിൽ പ്രധാനഘടകം. ഇതിനെ ഉപയോഗിച്ച് റിലേറ്റിവിറ്റിയേയും ക്വാണ്ടം മെക്കാനിക്സിനെയും ഒന്നിപ്പിക്കാമോ എന്നാണു അദ്ദേഹം നോക്കുന്നത്. അങ്ങനെയായാൽ ഒരു ഗ്രാന്റ് യൂണിഫൈഡ് തിയറിക്ക് വളരെ സാധ്യതയുണ്ട്.

   
 15. സൂരജ് :: suraj

  Aug 18, 2008 at 17:42

   
 16. സി. കെ. ബാബു

  Aug 18, 2008 at 20:38

  സൂരജ്,
  ഞാന്‍ ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുകയാണു്.
  Copenhagen Interpretation, Double slit experiment, Entanglement, EPR Paradox, Bell-test ഇവയെ ഒക്കെ ഒരുവിധം എല്ലാവര്‍ക്കും മന‍സ്സിലാവുന്ന വിധത്തില്‍ ഒരു കുടക്കീഴില്‍ ഒപ്പിക്കാനുള്ളതുകൊണ്ടു് അല്പം നീണ്ടുപോകുന്നു. ആശംസകളോടെ,

   
 17. ഭൂമിപുത്രി

  Aug 18, 2008 at 20:49

  ഒന്നോടിച്ച് വായിച്ച്നോക്കീപ്പോൾ,എനിയ്ക്ക് വട്ടാകുന്നോന്ന് സംശയം..
  ഇനി നാളെവന്ന് ശ്രദ്ധിച്ച് വായിയ്ക്കാംട്ടൊ സൂരജെ.
  വളരെനന്ദി!

   
 18. റോബി

  Aug 18, 2008 at 21:33

  എന്തുകൊണ്ട് ക്വാണ്ടം ഫിസിക്സ് തത്വചിന്തകന്‍മാര്‍ക്ക് മനസ്സിലാകില്ല എന്ന് ഹോക്കിങ്ങ് തന്നെ ഒരിക്കല്‍ ഒരു ലേഖനത്തില്‍ സരസമായി എഴുതിയതോര്‍ക്കുന്നു. ഇതെഴുതാന്‍ mathematical equations തന്നെ വേണം…കണക്ക് ഒഴികെയുള്ള നമ്മുടെ ഭാഷകള്‍കൊക്കെ വലിയ പരിമിതികളുണ്ട്. ആ പരിമിതികളില്‍ നിന്നും ഇത്രയും മനോഹരമായി എഴുതിയല്ലോ…

  ഒ.ടോ.
  സൂരജേ, അപ്പോള്‍ ഈ വൈറ്റല്‍ ബോഡി, കോസ്മിക് ബോഡി, കോസ്മിക് ലോ തുടങ്ങിയ പ്രയോഗങ്ങളൊക്കെ ചോപ്ര ആദിയായായവരില്‍ നിന്നാണോ നമ്മുടെ സിനിമാക്കാര്‍ക്ക് കിട്ടുന്നത്?

   
 19. ടോട്ടോചാന്‍ (edukeralam)

  Aug 19, 2008 at 12:12

  വളരെ നല്ല ലേഖനം. ശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ ലളിതമായി അവതരിപ്പിക്കേണ്ടി വരും.
  പക്ഷേ നന്നായി കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു.
  “ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” എന്ന പുസ്തകത്തില്‍ e=mc2 എന്ന സൂത്രവാക്യം എഴുതിയതിന്‍റെ പേരില്‍ പകുതിയായി അതിന്‍റെ വ്യാപനം കുറഞ്ഞു എന്നൊരു ശ്രുതി ഉണ്ടായിരുന്നു. കണക്കിനെ നമുക്ക് പേടിയാണ്, സമവാക്യങ്ങളേയും.
  ശാസ്ത്ര ചര്‍ച്ചകള്‍ നടക്കട്ടെ. മെറ്റാഫിസിക്സിലേക്കും മതചിന്തകളിലേക്കും പോകാതെ സയന്‍സിനെ നോക്കിക്കാണുന്നവര്‍ കുറവാണ്. നല്ല ശ്രമം. അതിന്‍റെ കൂടെ സൂരജിന്‍റെ കമന്‍റു കൂടിയായപ്പോള്‍ നന്നായി.

   
 20. സി. കെ. ബാബു

  Aug 19, 2008 at 16:56

  ഭൂമിപുത്രീ……

  അവിടെ ഉണ്ടോന്നു് അറിയാനാ നീട്ടി വിളിച്ചതു്. ഏതായാലും വട്ടൊന്നും പിടിക്കണ്ടാട്ടോ. മനുഷ്യന്‍ ഇല്ലെങ്കില്‍ എന്തു് ശാസ്ത്രം, എന്തു് ദൈവം, എന്തു് മതം, എന്തു് പുട്ടും കടലേം? 🙂

  റോബി, ടോട്ടോചാന്‍,

  രണ്ടുപേര്‍ക്കും നന്ദി.

   
 21. ഭൂമിപുത്രി

  Aug 19, 2008 at 18:33

  ഹി ഹി ഹി
  വട്ടായീന്ന് തോന്നണുണ്ടൊ?
  സൂരജ് ദേയവിടെ കാന്തിക-
  വലയത്തിൽച്ചെന്ന്പെട്ടിരിയ്ക്കുന്നു.

   
 22. സൂരജ് :: suraj

  Aug 19, 2008 at 18:43

  കാന്തിക വലയം കഠിനമെന്റയ്യപ്പാ.. !!

  🙂

   
 
%d bloggers like this: