RSS

അന്വേഷണവും തിരിച്ചടികളും

30 Jul

“ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി – എന്നതാ? അറിയ്‌വോ? കടം കുടിച്ചോ”? മുതലായ ചോദ്യങ്ങള്‍ കേള്‍ക്കുന്ന ചെറിയ കുട്ടികള്‍ തലചൊറിഞ്ഞുകൊണ്ടു് ചുറ്റും നോക്കും – സഹായം എവിടെ നിന്നെങ്കിലും വരുന്നുണ്ടോ എന്നറിയാനാവും. അതോ, അറിയില്ലെന്നു് മറ്റാരെങ്കിലും അറിയുന്നുണ്ടോ എന്നറിയാനോ? അതെന്തായാലും, ചെറുപ്പത്തില്‍ കടംകഥകള്‍ കേള്‍ക്കാത്തവര്‍ വിരളം. ഉത്തരം അറിയാവുന്ന ചില മുതിര്‍ന്ന കുറുക്കന്മാര്‍ പൊടിക്കുട്ടികളെ കുഴപ്പിക്കാനും, പറ്റിയാല്‍ അവരുടെ കൈവശമുള്ള സ്ഥാവരജംഗമവസ്തുക്കള്‍ കൈക്കലാക്കാനും ഇത്തരം ചോദ്യങ്ങളുമായി അവരെ സൂത്രത്തില്‍ സമീപിക്കുമ്പോള്‍ വീണുപോകാതിരിക്കാന്‍ ഒരുമാതിരി പൊടികള്‍ക്കു് കഴിയില്ല. കാരണം അറിയാനുള്ള ദാഹം മനുഷ്യന്റെ സഹജവാസനയാണു്. വളര്‍ത്തല്‍ വഴി മുരടിപ്പിച്ചില്ലെങ്കില്‍ ഈ ദാഹം മരണം വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. ഇത്തരം കടംകഥകള്‍ കേള്‍ക്കുമ്പോള്‍ മറുപടി അറിയാമെങ്കില്‍ ഉടനെ പറഞ്ഞു് ചോദ്യകര്‍ത്താവിനെ അത്ഭുതപ്പെടുത്താം. അല്ലെങ്കില്‍ തലപുകഞ്ഞാലോചിച്ചു് മറുപടി സ്വയം കണ്ടെത്താന്‍ ശ്രമിക്കാം. അറിയുകയുമില്ല, അന്വേഷിക്കാന്‍ വലിയ താത്പര്യവുമില്ല എങ്കില്‍ പിന്നെയുള്ള വഴി മറുപടി അവനില്‍ നിന്നും വിലകൊടുത്തു് വാങ്ങുകയാണു്. നാരങ്ങാമിട്ടായി, കടുകുമിട്ടായി, ഒരു കഷണം കല്ലുപെന്‍സില്‍, പുളിയുള്ളതിനാല്‍ കാണുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്ന കണ്ണിമാങ്ങ, വാളന്‍പുളി, ഇരുമ്പന്‍പുളി, നെല്ലിക്ക മുതലായ “ലഹരിപദാര്‍ത്ഥങ്ങള്‍” ഇവയെല്ലാം നല്ല exchange rate ഉള്ള സാധനങ്ങളാണു്. പൊടികള്‍ ഈ വക വസ്തുക്കള്‍ പോക്കറ്റിലോ സഞ്ചിയിലോ സംഭരിച്ചിട്ടുണ്ടെന്നു് അറിഞ്ഞുകൊണ്ടാവും പലപ്പോഴും കടംകഥ എന്ന പ്രലോഭനം വച്ചുനീട്ടപ്പെടുന്നതും. ഏതായാലും, അറിവിനു്, പ്രത്യേകിച്ചും ബാല്യത്തില്‍, ദ്രവ്യസമ്പത്തിനേക്കാള്‍ കൂടിയ സ്ഥാനവിലയുണ്ടു് എന്നതിനാല്‍, കടംകഥകള്‍ കൊണ്ടു് കുഞ്ഞുങ്ങളെ ഹരം പിടിപ്പിക്കാമെന്ന കാര്യത്തില്‍ സംശയം വേണ്ട. “കളികളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ശ്രമവും, അറിയാനുള്ള ആകാംക്ഷ ഇല്ലാതിരിക്കലും കുഞ്ഞുങ്ങളുടെ മാനസികവളര്‍ച്ചയില്‍വന്ന പാകപ്പിഴകളിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്” – (Alfred Adler, Austrian psychiatrist and individual psychologist).

“പൂത്തിറങ്ങിയ ആയിരം കാന്താരികള്‍” ആകാശത്തെ നക്ഷത്രങ്ങള്‍ ആണെന്ന മറുപടിയില്‍ എങ്ങനെയോ എത്തിച്ചേരുന്ന കുട്ടി മുതിരുമ്പോള്‍ അവന്റെ മുന്നില്‍ ഉയരുന്ന ഏറ്റവും വലിയ കടംകഥയായി അവന്‍ ജീവിക്കുന്ന ഈ പ്രപഞ്ചം മാറുന്നു. അവിടെ അവന്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങള്‍ മറ്റാരും ചോദിക്കുന്നതല്ല, അവന്‍ അവനോടുതന്നെ ചോദിക്കുന്നതാണു്. ചോദ്യം ചോദിക്കുന്നവരോ, മറുപടി നല്‍കുന്നവരോ ആയി മനുഷ്യനില്‍ നിന്നും അന്യനായ ആരും പ്രപഞ്ചത്തില്‍ ഇല്ല. സ്വന്തം ചോദ്യങ്ങള്‍ക്കു് സ്വയം മറുപടികള്‍ കണ്ടെത്തുകയല്ലാതെ, മിട്ടായി നല്‍കി മറുപടി കൈക്കലാക്കാന്‍ അപ്പോള്‍ അവനു് കഴിയുകയുമില്ല. ചോദ്യങ്ങളും ഉത്തരങ്ങളും വിശപ്പു്, ദാഹം, പ്രത്യുത്പാദനം മുതലായ മൗലിക ആവശ്യങ്ങളില്‍ ഒതുക്കി ജീവിക്കാനും വേണമെങ്കില്‍ മനുഷ്യനു് കഴിയും. പുരാതനകാലങ്ങളില്‍ മനുഷ്യന്‍ അങ്ങനെയൊക്കെയാണു് ജീവിച്ചിരുന്നതും. പക്ഷേ മനുഷ്യബുദ്ധി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്നതിനാല്‍, എപ്പോഴെങ്കിലും മനുഷ്യനു് തന്റെ അദ്ധ്വാനഭാരം ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാതിരിക്കാന്‍ കഴിയില്ല. അതിനായി അവന്‍ ഉപകരണങ്ങള്‍ കണ്ടുപിടിക്കുന്നു. മഴ ലഭിക്കാത്ത കാലങ്ങളില്‍ കൃഷിസ്ഥലങ്ങള്‍ തേകി നനയ്ക്കാമെന്നും, അതിനു് തേക്കുകാളകളെ പരിശീലിപ്പിക്കാമെന്നും, ചിറ കെട്ടി വെള്ളം തിരിച്ചുവിടാമെന്നുമൊക്കെ അവന്‍ മനസ്സിലാക്കി. അങ്ങനെ മനുഷ്യന്‍ ഭൂമിയില്‍ അവന്റേതായ ഒരു ലോകം സൃഷ്ടിക്കുകയായിരുന്നു. ആ ലോകത്തില്‍ അവന്‍ പ്രകൃതിയുടെ അനിശ്ചിതത്വങ്ങളില്‍ നിന്നും തന്റെ ജീവിതത്തെ കഴിവതും വിമുക്തമാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാം വിധിയാണെന്നും, സംഭവിക്കുന്നതെല്ലാം ശിരസ്സാ വഹിക്കാന്‍ മനുഷ്യനു് കടപ്പാടുണ്ടെന്നുമുള്ള നീതിശാസ്ത്രങ്ങളെ നിശബ്ദം അംഗീകരിച്ചു് അധോമുഖനും നിഷ്ക്രിയനുമാവാന്‍ ബുദ്ധിയുള്ള മനുഷ്യന്‍ തയ്യാറാവുന്നില്ല. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനുള്ളവയാണെന്നും, പരാജയങ്ങള്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നതിനുള്ള ഉത്തേജനങ്ങളാണെന്നും അനുഭവങ്ങളിലൂടെ അവന്‍ പഠിക്കുന്നു. നമുക്കു് ഒരുപക്ഷേ പ്രിമിറ്റീവ്‌ എന്നു് തോന്നിയേക്കാവുന്ന പുരാതനമനുഷ്യരുടെ “യന്ത്രസാമഗ്രികള്‍” ഇന്നത്തെ Very Large Telescope-ന്റെയും Large Hadron Collider-ന്റെയും ഒക്കെ മുതുമുത്തച്ഛന്മാരായിരുന്നു. മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ വിപുലീകരണമാണു് ഉപകരണങ്ങള്‍. നിലവിലുള്ള ഉപകരണങ്ങളുടെ പരിമിതികള്‍ അതിലംഘിക്കാന്‍ അവന്‍ നവീനമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നു. ഉപകരണങ്ങളുടെ വളര്‍ച്ച മനുഷ്യന്റെ വളര്‍ച്ചയാണു്, അവന്റെ അവയവങ്ങളുടെ വിപുലീകരണമാണു്.

ആകെ “ഒന്നരമീറ്റര്‍” നീളമുള്ള മനുഷ്യനു് ഇന്ദ്രിയാധിഷ്ഠിതമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കു് രണ്ടു് ദിശകളിലേക്കു് പരിമിതിയുണ്ടു്. ഒന്നു്, പ്രകാശവര്‍ഷങ്ങള്‍ കൊണ്ടു് അളക്കപ്പെടുന്ന മാക്രോ കോസ്മോസ്‌. രണ്ടു്, അളക്കാനും അറിയാനും മൈക്രോസ്കോപ്പുകള്‍ പോലും അപര്യാപ്തമായ മൈക്രോ കോസ്മോസ്‌. അതേസമയം, മനുഷ്യവലിപ്പവുമായി താരതമ്യം ചെയ്യാവുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ഗ്രഹണശക്തി സാമാന്യം തൃപ്തികരവുമാണു്. മറ്റു് ജീവജാലങ്ങളില്‍ എന്നപോലെതന്നെ, മനുഷ്യരിലും ഇന്ദ്രിയങ്ങളുടെയും, അവയവങ്ങളുടെയും ആവശ്യം ഈ ഭൂമിയില്‍ ജന്തുശാസ്ത്രപരമായ മൗലികതയുടെ അര്‍ത്ഥത്തിലും അടിസ്ഥാനത്തിലും ഒരുവിധം തടസ്സമില്ലാതെ ജീവിക്കുവാന്‍ സാധിക്കുക എന്നതു് മാത്രമാണു്. ജന്തുലോകത്തില്‍ കാണുന്ന അസ്തിത്വപ്രതിഭാസത്തെ വേണമെങ്കില്‍ “സ്വയം നിയന്ത്രിക്കുന്ന ചലനാത്മകത” എന്നു് വിളിക്കാമെന്നു് തോന്നുന്നു. survival of the fittest എന്നതു് “ഇടിയന്‍ ശങ്കരന്‍ അതിജീവിക്കും” എന്ന അര്‍ത്ഥത്തില്‍ അല്ല മനസ്സിലാക്കേണ്ടതു്. മുകളില്‍ ചുറ്റിപ്പറക്കുന്ന പരുന്തിനെ കാണുമ്പോള്‍ പാറയുടെ വിടവിനടിയില്‍ ഒളിക്കുന്ന കോഴിക്കുഞ്ഞാവും രക്ഷപെടുന്നതു്. അല്ലാതെ, പാറയുടെ ഏറ്റവും മുകളില്‍ കയറിനിന്നു് “വാടാ പരുന്തേ ചുണയുണ്ടെങ്കില്‍” എന്നു് ആക്രോശിക്കുന്ന കോഴിക്കുഞ്ഞാവില്ല. തവള മുട്ടയിടുന്നപോലെ ആനയും ഓരോവട്ടവും ആയിരം കുഞ്ഞുങ്ങളെ വീതം പ്രസവിച്ചാല്‍ അതു് ആനയുടെ തന്നെ വര്‍ഗ്ഗനാശത്തിലെ അവസാനിക്കൂ. മീന്‍ മുട്ടയിടുന്നതു് വിരിയുന്ന എല്ലാ കുഞ്ഞുങ്ങളെയും സ്വര്‍ഗ്ഗത്തില്‍ എത്തിക്കാനല്ല. മുട്ടകളിലും, കുഞ്ഞുങ്ങളിലും നല്ലൊരംശം ശത്രുക്കളുടെ ഇരയാവുമെന്നും, ഒരുപക്ഷേ ആവണമെന്നുപോലും പ്രകൃതി കണക്കുകൂട്ടുന്നുണ്ടാവണം. പ്രകൃതിയുടെ “കണക്കുകൂട്ടലുകള്‍” statistical ആണു്, specific അല്ല.

ഭൗതികവും സാങ്കേതികവുമായ കാര്യങ്ങള്‍ നമ്മുടെ ബോധമനസ്സില്‍ “സംഭവിക്കുന്നതു്” സമയത്തിലും കാലത്തിലുമാണു്. അതുവഴി നിരുപാധികമായി മിനിമം രണ്ടു് മൂല്യങ്ങള്‍ ആവശ്യമായി വരുന്നു – സ്ഥലത്തിന്റെ അളവായ നീളവും, പിന്നെ സമയവും. പക്ഷേ സ്ഥലവും കാലവും വ്യക്തിനിഷ്ഠമാണു് (subjectiv). വഴിനടക്കുന്ന ഒരു കുഞ്ഞിന്റെ അനുഭവത്തില്‍, കാല്‍ചുവടുകളുടെ എണ്ണക്കൂടുതല്‍ മൂലം, വഴിയുടെ ദൂരം പ്രായപൂര്‍ത്തി ആയ ഒരു മനുഷ്യനെ അപേക്ഷിച്ചു് വളരെ “കൂടുതല്‍” ആണു്. അതുപോലെ സംഭവബഹുലമായ സമയഘട്ടങ്ങള്‍, “ഒന്നും സംഭവിക്കാത്ത” സമയഘട്ടങ്ങളേക്കാള്‍ ഹ്രസ്വമായി നമുക്കു് ‘അനുഭവപ്പെടുന്നു’. (“സമയം പോകുന്നില്ല” എന്ന, വെറുതെ ഇരിക്കുന്നവരുടെ സ്ഥിരം പരാതി!) ഈ രണ്ടു് ഉദാഹരണങ്ങളിലും വസ്തുനിഷ്ഠമായി (objective) ദൂരത്തിലോ സമയത്തിലോ വ്യത്യാസം വരുന്നില്ല എന്നു് നമുക്കറിയുകയും ചെയ്യാം. ശാസ്ത്രത്തില്‍ ഇത്തരം മൂല്യങ്ങള്‍ അളന്നു് തിട്ടപ്പെടുത്തേണ്ടി വരുന്നതു് അവയെ ഇതുപോലുള്ള വ്യക്തിനിഷ്ഠമായ വിധിനിര്‍ണ്ണയങ്ങളില്‍ നിന്നും സ്വതന്ത്രമാക്കുന്നതിനു് വേണ്ടിയാണു്. അതിനായി ഏകകങ്ങള്‍ നിശ്ചയിക്കപ്പെടുന്നു. അളക്കേണ്ടുന്ന മൂല്യത്തില്‍ ഈ ഏകകം എത്രവട്ടം അടങ്ങിയിട്ടുണ്ടു് എന്നു് നിശ്ചയിക്കപ്പെടുന്നു. ഇത്തരം മൂല്യങ്ങളും അളവുകളും പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ ശാസ്ത്രീയമായി, പ്രത്യേകിച്ചും ഫിസിക്സില്‍, വിവരിക്കാന്‍ ഉപയോഗിക്കുമ്പോള്‍ അതുവഴി സങ്കീര്‍ണ്ണമായ തിയറികളും സമവാക്യങ്ങളും രൂപമെടുക്കുന്നു. അത്രയും നല്ലകാര്യം.

ആദ്യം സൂചിപ്പിച്ച രണ്ടു് ലോകങ്ങളെ (macro and micro cosmos) വേറേ വേറേ എടുക്കുമ്പോള്‍ തികച്ചും തൃപ്തികരമായ വിവരണങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഫിസിക്സിലെ രണ്ടു് തത്വങ്ങള്‍ ആണു് റിലേറ്റിവിറ്റിയും, ക്വാണ്ടം മെക്കാനിക്സും. ഉയര്‍ന്ന പിണ്ഡങ്ങളുടെ ലോകമായ മാക്രോ കോസ്മോസില്‍, അഥവാ ഗാലക്സികളുടെ ലോകത്തില്‍ ഐന്‍സ്റ്റൈന്റെ റിലേറ്റിവിറ്റി തിയറികള്‍ പരീക്ഷിക്കപ്പെട്ടതും സ്ഥിരീകരിക്കപ്പെട്ടതുമാണു്. അതുപോലെതന്നെ, അണുവിലും (atom) താഴെയുള്ള കണികകളുടെ ലോകത്തില്‍ സാധുത്വമുള്ള ക്വാണ്ടം മെക്കാനിക്സും വളരെ സൂക്ഷ്മമായ പഠനങ്ങളും തെളിവുകളും‍ വഴി സ്ഥിരീകരിക്കപ്പെട്ടതാണു്. പ്രപഞ്ചത്തിലെ നാലു് അടിസ്ഥാനശക്തികളില്‍ ഏറ്റവും ബലഹീനമായതായ ഗുരുത്വാകര്‍ഷണം (gravitation) ക്വാണ്ടം ലോകത്തില്‍ ഒരു പങ്കും വഹിക്കുന്നില്ല. കാരണം അതിന്റെ പ്രവര്‍ത്തനം അവിടെ വീക്ഷിക്കപ്പെടുന്നില്ല.

ഈ രണ്ടു് ലോകങ്ങളും കൂട്ടിമുട്ടുന്ന, ഉത്തരം കിട്ടാത്ത ഒരു മേഖലയാണു് “ശൂന്യത” (vacuum). ഐന്‍സ്റ്റൈന്റെ അഭിപ്രായത്തില്‍ vacuum എന്നതു്, ശ്രദ്ധാര്‍ഹമല്ലാത്ത, ഒന്നുമില്ലാത്ത ശൂന്യതയാണു്. പക്ഷേ, ക്വാണ്ടം തലങ്ങളില്‍ ഈ ശൂന്യത “ഇളകിമറിയുന്ന” ഒരു ലോകമാണു്. അവിടെ എനര്‍ജിയും പിണ്ഡവും രൂപമെടുക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യേണ്ടതാണു്. അങ്ങനെ ഒരു ലോകത്തില്‍, ഗുരുത്വാകര്‍ഷണശക്തി കാണപ്പെടേണ്ടതാണു്. കാരണം, ഐന്‍സ്റ്റൈന്റെ പ്രസിദ്ധമായ E = mc² എന്ന സമവാക്യപ്രകാരം എനര്‍ജി എന്നതു് പിണ്ഡവും, പിണ്ഡം എന്നതു് എനര്‍ജിയും ആണു്. അതുപോലെതന്നെ ഈ രണ്ടു് തിയറികളും കൂട്ടിമുട്ടുന്ന മറ്റൊരു മേഖലയാണു് ബ്ലാക്ക്‌ ഹോള്‍സ്‌. ഒരുവശത്തു്, അതു് ഭയാനകമായ പിണ്ഡമായതിനാല്‍ റിലേറ്റിവിറ്റിയുടെ ലോകം. മറുവശത്തു് ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു എന്നതിനാല്‍ ബ്ലാക്ക്‌ ഹോളില്‍ ക്വാണ്ടം മെക്കാനിക്സും ബാധകമാവേണ്ടതാണു്. പക്ഷേ ഈ രണ്ടു് തിയറികളും ഒരേസമയം അവിടെ പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍, അനന്തമായ ഫലങ്ങള്‍ നല്‍കി രണ്ടും പരാജയപ്പെടുന്നു. അതായതു്, ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു പുതിയ തിയറി വേണം. അത്തരമൊരു തിയറി ഈ രണ്ടു് തിയറികളുടേയും, ന്യൂട്ടന്റെ തിയറിയുടേയും അവയുടേതായ ലോകങ്ങളിലെ സാധുത്വം അംഗീകരിക്കുന്നതും ഉള്‍ക്കൊള്ളുന്നതും ആയിരിക്കണം.

ഫിസിക്സിന്റെ ലോകത്തില്‍ ഇതു് ഒരു പുതുമയല്ല. ന്യൂട്ടന്റെ തിയറികളും റിലേറ്റിവിറ്റിയുടേതുപോലുള്ള ഉയര്‍ന്ന വേഗതയുടെ ലോകത്തില്‍ പരാജയപ്പെടുന്നവയാണു്. എങ്കിലും അവ നമ്മള്‍ ഇന്നും ഉപയോഗിക്കുന്നുമുണ്ടു്. ഐന്‍സ്റ്റൈന്റെ തിയറികളില്‍ ചില വെട്ടിമുറിക്കലുകള്‍ നടത്തിയാല്‍ ന്യൂട്ടന്റെ തിയറികളാവും. നമ്മള്‍ അവ ഉപയോഗിക്കുന്ന ലോകം റിലേറ്റിവിറ്റിയുടേതല്ലാത്തിടത്തോളം ന്യൂട്ടോണിയന്‍ മെക്കാനിക്സിനു് പ്രശ്നമൊന്നുമില്ല.

ആധുനികശാസ്ത്രം ഇന്നു് നേരിടുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞേക്കും എന്നു് ചില ശാസ്ത്രജ്ഞരെങ്കിലും പ്രതീക്ഷിക്കുന്ന ഒരു തിയറിയാണു് string theory. സ്ട്രിംഗ്‌ തിയറിയുടെ ലോകത്തില്‍, സബ്‌മൈക്രോസ്കോപ്പിക്‌ കണികകള്‍ ചെറിയ ചെറിയ “ഗോളങ്ങള്‍” അല്ല, ആന്ദോലനം ചെയ്യുന്ന “ചരടുകള്‍” (strings) ആണു്. അതിനാല്‍ അവ സ്ഥലകാലങ്ങളിലെ “വിടവുകളില്‍” സ്ഥാനം പിടിച്ചു് അവയെ നികത്തുന്നതുവഴി ആദ്യം സൂചിപ്പിച്ച ഫലങ്ങളിലെ infinite values അപ്രത്യക്ഷമാവുന്നു. കൂടാതെ സ്ട്രിംഗ്‌ തിയറിക്കു് ഒരുപക്ഷേ വിശദീകരിക്കാന്‍ കഴിഞ്ഞേക്കാവുന്ന മറ്റൊരു കാര്യം, എലക്ട്രോണിനു് എന്തുകൊണ്ടു് അതിന്റെ ചാര്‍ജും പിണ്ഡവും ലഭിച്ചു എന്നതാണു്. പ്രപഞ്ചത്തിന്റെ രൂപമെടുക്കലിനെ സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്കു് മറുപടി ആയേക്കാവുന്ന മര്‍മ്മപ്രധാനമായ ഒരു അറിവായിരിക്കും അതു്. പക്ഷേ, string theory-യെ സംബന്ധിച്ചു് ഫിസിസിസ്റ്റ്‌സിനുള്ള പ്രതീക്ഷ പോലെതന്നെ അതിനു് ചില പ്രശ്നങ്ങളുമുണ്ടു്. ഒന്നാമതു്, സ്ട്രിംഗ്‌ തിയറിയില്‍ എത്രയോ space-time dimensions ഉണ്ടു്. നമുക്കറിയാവുന്നതു് വെറും നാലു് മാത്രവും. കൂടാതെ, സങ്കീര്‍ണ്ണമായ ഈ തിയറിയുടെ അന്തിമം എന്നു് പറയാവുന്ന ഒരു രൂപം ഇതുവരെ ഇല്ല, approximation മാത്രമേ ഉള്ളു. കൃത്യമായ സമവാക്യങ്ങള്‍ പോലും മുന്നോട്ടു് വയ്ക്കപ്പെട്ടിട്ടില്ല. ഇത്തരം പ്രശ്നങ്ങള്‍ എല്ലാം ഉള്ളതിനാല്‍ ഫിസിക്സിലെ അംഗീകരിക്കപ്പെട്ട വലിയ മൂന്നു് തിയറികളേയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ തിയറിക്കു് ചുരുങ്ങിയതു് ഇരുപതു് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണു് ശാസ്ത്രലോകത്തിന്റെ പൊതുവായ നിഗമനം.

 
13 Comments

Posted by on Jul 30, 2008 in ലേഖനം

 

Tags: ,

13 responses to “അന്വേഷണവും തിരിച്ചടികളും

  1. പ്രിയ ഉണ്ണികൃഷ്ണന്‍

    Jul 31, 2008 at 04:39

    Excellent Article!!!

     
  2. അജ്ഞാതൻ

    Jul 31, 2008 at 06:48

    ഇതു പോലെയുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു…നല്ല വീവരണം

     
  3. Melethil

    Jul 31, 2008 at 06:59

    good work CKB!

     
  4. സി. കെ. ബാബു

    Jul 31, 2008 at 09:29

    പ്രിയ,
    പുകഴ്ത്തിയാല്‍ എനിക്കു് മൂച്ചു് കൂടും. പിന്നെ ഞാന്‍ പിടിച്ചാല്‍ പോലും എന്നെ കിട്ടില്ല. (ഇനീം ഇടക്കിടെ പുകഴ്ത്താന്‍ മടിക്കണ്ട എന്നു് സംസ്കൃതം!) വായിച്ചതിനു് നന്ദീട്ടൊ. 🙂

    അജ്ഞാതന്‍,
    നന്ദി. ഗുണം കൂടിയും കുറഞ്ഞും ഇരിക്കാമെങ്കിലും ഇത്തരം പോസ്റ്റുകള്‍ ഇനിയും ഉണ്ടാവും. 🙂

    melethil,
    വായനക്കു് നന്ദി. നന്മകള്‍ നേരുന്നു.

     
  5. തോന്ന്യാസി

    Jul 31, 2008 at 11:23

    മൂച്ചു കൂടും എന്നതു കൊണ്ട് ഞാന്‍ പുകഴ്ത്തുന്നില്ല…

    പക്ഷേ പറയാതെ വയ്യതാനും….. എന്തു ചെയ്യും മാഷേ…..

     
  6. സി. കെ. ബാബു

    Jul 31, 2008 at 12:03

    തോന്ന്യാസി,
    “സംസ്കൃതം” അറിയില്ല അല്ലേ? 🙂

    ഏതായാലും “ഓടി” വന്നതിനു് നന്ദി. 🙂

     
  7. നചികേതസ്സ്

    Jul 31, 2008 at 14:03

    )-

     
  8. സി. കെ. ബാബു

    Jul 31, 2008 at 15:27

    നചികേതസ്സു്,
    ഇതുവഴിവന്നതിനും വായിച്ചതിനും നന്ദി.

     
  9. സൂരജ് :: suraj

    Aug 2, 2008 at 08:05

    മാഷേ,

    വായിച്ചു..ഗ്രഹിച്ചു..അർത്ഥവും അർത്ഥാന്തരങ്ങളും 😉

    ഓ.ടോ:

    ഗുരുത്വാകർഷണ വിഷയത്തിലും മറ്റും തട്ടി ക്വാണ്ടം സ്കീമുകളും റിലേറ്റിവിസ്റ്റിക് അനുമാനങ്ങളും ‘കൈകൊടുക്കാതെ’ മാറി നിൽക്കുന്നതിനെ കുറിച്ച് സമയം കിട്ടുമ്പോൾ എഴുതുമെന്നു പ്രതീക്ഷിക്കുന്നു. നോൺ ലൊക്കാലിറ്റിയെക്കുറിച്ച് ഇയടുത്തും തെറ്റിദ്ധാരണാജനകമായ ഒരു പുസ്തകം (നാണമാകുന്നു പറയാൻ..ഒരു ന്യൂറോളജിസ്റ്റിന്റെയാ പുസ്തകം..) വായിച്ചു. ആ ഒരു മൂച്ചിൽ പറഞ്ഞതാ 😉

     
  10. സി. കെ. ബാബു

    Aug 2, 2008 at 11:23

    സൂരജ്,
    ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചില‍ എഴുത്തുകാര്‍ തെറ്റിദ്ധാരണാജനകമായ രീതിയില്‍ കാര്യങ്ങള്‍ വിവരിക്കുന്നതു് ഒന്നുകില്‍ അവര്‍ മറ്റു് ഫീല്‍ഡുകളില്‍ നിന്നു് വരുന്നവരായതുകൊണ്ടോ, അല്ലെങ്കില്‍ ആദര്‍ശപരമായ സ്വന്തം നിലപാടുകള്‍ക്കു് യോജിച്ച വിധത്തില്‍ (കണ്ണട!) വസ്തുതകള്‍ വളച്ചൊടിക്കണം എന്നു് ആഗ്രഹിക്കുന്നതുകൊണ്ടോ ആയിരിക്കുമെന്നാണു് എനിക്കു് തോന്നുന്നതു്. ശാസ്ത്രീയവിഷയങ്ങളില്‍ വസ്തുനിഷ്ഠതയും നിഷ്പക്ഷതയും നിര്‍ബന്ധമായും പാലിച്ചിരിക്കണം. അല്ലാതെ എന്തു് ശാസ്ത്രം? ശാസ്ത്രത്തില്‍ ആശയങ്ങള്‍ തമ്മിലാവണം, ആദര്‍ശങ്ങള്‍ തമ്മിലാവരുതു് പൊരുതല്‍. ആദര്‍ശം വ്യക്തിപരം മാത്രമായ കാര്യം. വ്യത്യസ്ത ഫാക്കള്‍ട്ടികള്‍ സഹകരിച്ചു് പ്രവര്‍ത്തിക്കാനുള്ള പ്രവണത ശാസ്ത്രജ്ഞരുടെയിടയില്‍ കൂടിക്കൂടി വരികയാണുതാനും! സങ്കീര്‍ണ്ണത നിരന്തരം വര്‍ദ്ധിക്കുന്നു എന്നതിനാല്‍, അതുവഴിയല്ലാതെ എളുപ്പം ലക്‍ഷ്യത്തില്‍ എത്തിച്ചേരാനാവുകയില്ല എന്നവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഈ വിഷയത്തില്‍ സമയം‌പോലെ ഇനിയും എഴുതണമെന്നുണ്ടു്.

     
  11. കാവലാന്‍

    Aug 6, 2008 at 11:38

    ആകെ വശപെശകായി കെടപ്പായിരുന്നു ഫീഡ് ഡിലിറ്റായിപ്പോയതാണ്. ഇന്നാ തപ്പിപ്പിടിച്ചെത്തിയത്.
    പുകഴ്ത്താത്തേന്റെ കുറവു വേണ്ട സംഗതി ജോറായിരിക്കുന്നു.

    മൂച്ചിലെഴുതീട്ടിനി ബോറാക്കിയലുണ്ടല്ലോ 🙂

     
  12. സി. കെ. ബാബു

    Aug 6, 2008 at 12:57

    കാവലാനേ,
    വശപെശകുകളൊക്കെ മാറി എന്നു്‌ കരുതുന്നു. (പ്രണയവും ഭാവനയുമൊക്കെ ഉണരാന്‍ തുടങ്ങിയ സ്ഥിതിക്കു് മാറിയില്ല എന്നു്‌ കരുതുന്നതിലും വലിയ അര്‍ത്ഥമില്ലെന്നറിയാം!) 🙂

    അടുത്ത പോസ്റ്റില്‍ ഒന്നു് ബോറടിപ്പിക്കാമോ എന്നു് നോക്കട്ടെ! 🙂

     
  13. സൂരജ് :: suraj

    Aug 6, 2008 at 16:25

    കാവലാൻ ജീ,

    ഫീഡുകാരൻ മഹാ ഫ്രോഡാണ്… ഗൂഗിൾ റീഡർ കിടിലനത്രെ. റീഡറിൽ സബ്സ്ക്രൈബ് ചെയ്താൽ പബ്ലിഷ് ചെയ്യുന്ന സെക്കന്റിൽ പോസ്റ്റ് വീട്ടീ വരും :))

    ഉപയോഗിച്ചു നോക്കൂ.
    (ഡിസ്കൈമൾ: ഇതെഴുതിയതിനു ഗൂഗിൾ എനിക്ക് 4 ഡോളറും 10 പെൻസും അയച്ചു തന്നിട്ടില്ല:)