ഇന്‍ഡ്യാഹെറിറ്റേജ്,
കമന്റ് ഒരുപാടു് നീണ്ടതുകൊണ്ട് ഒരു പോസ്റ്റാക്കുന്നു. കമന്റായും ഇട്ടിട്ടുണ്ടു്.
ഇന്‍ഡ്യാഹെറിറ്റേജിന്റെ പോസ്റ്റിലേക്കു്
എല്ലാം നിര്‍വചനങ്ങളുടെ പ്രശ്നമാണു്. നിര്‍വചിക്കുന്നവര്‍ മനുഷ്യര്‍ തന്നെ ആയതിനാല്‍, മതസംബന്ധമോ അല്ലാത്തതോ ആയ എല്ലാ കാര്യങ്ങളിലും (പോസിറ്റീവും നെഗറ്റീവുമായവ) പ്രശ്നക്കാരനും ഉത്തരവാദിയും മനുഷ്യന്‍ തന്നെ. വേണമെങ്കില്‍ ഇത്രയും പറഞ്ഞു് നിര്‍ത്താം. പറയാനാണെങ്കില്‍ ധാരാളമുണ്ടു് താനും.
“സെല്‍ഫ് ആക്റ്റ്വലൈസേഷന്‍”, ആ വാക്കു് സൂചിപ്പിക്കുന്നതുപോലെതന്നെ, വ്യക്തിഗതമായ ഒരു കാര്യമാണു്. ഒരു ഓര്‍ഗനൈസ്ഡ് സോഷ്യല്‍ ലൈഫിനു് മതം ഒരു അനിവാര്യതയല്ല. അതേസമയം, സാമൂഹികനിയമങ്ങള്‍ ഒഴിവാക്കാന്‍ ആവുകയുമില്ല. മതം മനുഷ്യജീവിതത്തില്‍ ഒരു സെക്കന്‍ഡറി റോള്‍ മാത്രം വഹിക്കുന്ന എത്രയോ രാജ്യങ്ങള്‍ യൂറോപ്പിലുണ്ടു്. ദൈവത്തിലോ മതങ്ങളിലോ വിശ്വസിക്കാത്ത ധാരാളം ആളുകളും അവിടെയുണ്ടു്. അത്തരം ഒരു നിലപാടു് അവരുടെ സാമൂഹികജീവിതത്തെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണു് അവിടങ്ങളിലെ നിയമങ്ങളും സാമൂഹിക ചട്ടക്കൂടുകളും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതു്. പള്ളികള്‍ പലതും ആളുകളെ കിട്ടാത്തതിനാല്‍ അടച്ചുപൂട്ടേണ്ടി വരുന്നു. ആ നാടുകളില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. പ്രശ്നങ്ങള്‍ ഒരിക്കലും ഒരിടത്തും ഇല്ലാതാവുകയില്ല. പക്ഷേ, അത്തരം പ്രശ്നങ്ങള്‍ പള്ളിയില്‍ പോകാത്തതുകൊണ്ടാണെന്നു് അവരിലെ വിശ്വാസികള്‍ പോലും പറയുമെന്നു് തോന്നുന്നില്ല. അവരുടെ പല രീതികളും നമുക്കു് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ, അതു് ആ രീതികളുടെ കുഴപ്പം എന്നതിനേക്കാള്‍, നമ്മള്‍ വളര്‍ന്ന, നമ്മില്‍ വളര്‍ത്തിയെടുത്ത കാഴ്ചപ്പാടുകളുടെ തകരാറാണെന്നു് അവരുടെ ചിന്തകളുടെ ലോകം കുറെയെങ്കിലും അറിയാന്‍ ശ്രമിച്ചാല്‍ മനസ്സിലാവും.
ആരംഭത്തില്‍ ആ രാജ്യങ്ങള്‍ ക്രിസ്തുമതത്തിന്റെ അടിസ്ഥാനത്തില്‍ പണിതുയര്‍ത്തപ്പെട്ടവയാണു് എന്നതിനാല്‍, ബിന്‍ ലാദനോ മറ്റാരെങ്കിലുമോ “ഒരു മുസ്ലീം ലോകം” എന്നു് കാഹളമൂതി ലോകം മുഴുവന്‍ തീ വയ്ക്കാന്‍ തുടങ്ങിയാല്‍ അവര്‍ സ്വാഭാവികമായും ക്രിസ്തുമതത്തിന്റെ ഒരു മറുചേരി ഉണ്ടാക്കും. അവരുടെ ടെക്നോളജിയില്‍ നിന്നും മോന്തുന്നവര്‍ക്കു് അവരെ പരാജയപ്പെടുത്തല്‍ അത്ര എളുപ്പവുമാവില്ല. ആ ഭ്രാന്തുവഴി ആകെ നേടാന്‍ കഴിയുന്നതു് യൂറോപ്പു് എത്രയോ വട്ടം കണ്ടു് മടുത്ത മനുഷ്യക്കുരുതികള്‍ മാത്രവുമായിരിക്കും.
മനുഷ്യരും പക്ഷിമൃഗാദികളെപ്പോലെ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ ശക്തിമാനാണു് ഭരണം നടത്തുന്നതു്. പക്ഷേ മനുഷ്യശക്തി ശാരീരികം മാത്രമല്ലല്ലോ. ബുദ്ധിയും, അതുപയോഗിച്ചുള്ള മാരകായുധങ്ങളുടെ നിര്‍മ്മാണവുമെല്ലാം ജന്തുലോകത്തിലേതുപോലെ “കൊണ്ടും കൊടുത്തും” ഉള്ള ഒരു ജീവിതം അസാദ്ധ്യമാക്കും. ഉദാ. പഴയ കോളണിവാഴ്ച്ചകള്‍. വനത്തിലെ ചെറുഗ്രൂപ്പുകളില്‍ നിന്നും സമൂഹജീവിയായി വളര്‍ന്ന മനുഷ്യനു് സാമൂഹികജീവിതം സാദ്ധ്യമാവണമെങ്കില്‍ നിയമങ്ങള്‍ വേണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനല്ല. മതങ്ങള്‍ക്കു് അവനെ നല്ലവനാക്കാന്‍ ഒരിക്കലും കഴിയുകയുമില്ല. കഴിയുമായിരുന്നെങ്കില്‍ അതിനു് രണ്ടായിരമോ മൂവായിരമോ അതില്‍ കൂടുതലോ വര്‍ഷങ്ങളുടെ സമയമൊന്നും ആവശ്യമില്ല എന്നു് സാമാന്യമായി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.
മതങ്ങള്‍ പഠിപ്പിക്കുന്നതു് എന്തെന്നു് മനസ്സിലാക്കാന്‍ കഴിവുള്ളവരല്ല അവയെ പിന്തുടരുന്ന ജനകോടികളില്‍ അധികവും. അവരെ നയിക്കുന്ന ആത്മീയര്‍പോലും അതെന്തെന്നു് ശരിയായി അറിയുന്നവരല്ല. ജനങ്ങളോടു് അവര്‍ എന്തൊക്കെയോ പറയുന്നു, ജനങ്ങള്‍ അതെല്ലാം ചെയ്യുന്നു. മനുഷ്യരിലെ “ഹെര്‍ഡ് ഇന്‍സ്റ്റിങ്ക്റ്റ്” നിഷേധിക്കാനാവില്ല. ജനങ്ങള്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരായതിനാല്‍ “ലഭ്യമായ നേതാക്കളെ” അനുഗമിക്കുകയല്ലാതെ മറ്റെന്താണു് അവര്‍ക്കു് ചെയ്യാന്‍ കഴിയുക? മറ്റൊരു ചോയിസ് അവര്‍ക്കില്ല.
ഏകദൈവവിശ്വാസത്തിനു്, “ഏകനായ ദൈവത്തില്‍” വിശ്വസിക്കുന്നു എന്നതുകൊണ്ടുതന്നെ, അസഹിഷ്ണുത പ്രകടിപ്പിക്കാനേ കഴിയൂ. ബുദ്ധമതവും ഹിന്ദുമതവും ഈ ഒരു കാര്യത്തിലെങ്കിലും ഭേദമാണെന്നു് പറയാം. അസഹിഷ്ണുത അസഹിഷ്ണുതയെ മാത്രമേ ഉത്പാദിപ്പിക്കൂ. വെറുപ്പു് വെറുപ്പിനു് മാത്രമേ ജന്മം നല്‍കൂ. അതു് നമ്മള്‍ നിത്യേന ലോകത്തില്‍ കാണുന്ന കാര്യവുമാണു്. നിങ്ങള്‍ എളുപ്പം ഒരു നേതാവാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം ജനങ്ങളെ “ശത്രുചിത്രങ്ങള്‍” കാണിച്ചു് പോളറൈസ് ചെയ്യുകയാണു്. ഹിറ്റ്‌ലറും മറ്റും സ്വീകരിച്ച മാര്‍ഗ്ഗം. ബിന്‍ ലാദന്‍ സ്വീകരിച്ച മാര്‍ഗ്ഗം. “എനിക്കു് എങ്ങനെ അതൊക്കെ ചെയ്യാന്‍ കഴിഞ്ഞു” എന്നു് പിന്നീടു് അത്ഭുതപ്പെട്ടേക്കാവുന്ന പല ക്രൂരകൃത്യങ്ങളും ചെയ്യാന്‍ അങ്ങനെ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ട മനുഷ്യര്‍ക്കു് കഴിയും. “മനുഷ്യന്‍ ഒരു പാവം പന്നിയാണു്” എന്നൊരു ജര്‍മ്മന്‍ ചൊല്ലുണ്ടു്. മൃഗീയമായ എത്രയോ യുദ്ധങ്ങള്‍ കാണേണ്ടിവന്നതു് വഴിയാണോ ആ ചൊല്ലു് രൂപമെടുത്തതെന്നു് എനിക്കറിയില്ല.
മനുഷ്യന്റെ ദൈവവിശ്വാസമോ, മതങ്ങള്‍ എന്ന ആശയം അതില്‍ തന്നെയോ അല്ല പ്രശ്നം. മനുഷ്യനെ അവയില്‍നിന്നും പൂര്‍ണ്ണമായി മോചിപ്പിക്കാനും ഒരിക്കലും കഴിയുകയില്ല. കാരണം, അതൊരു മാനസികപ്രശ്നമാണു്. യഥാര്‍ത്ഥപ്രശ്നം അവയുടെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നവരാണു്. ചൂഷണം അതില്‍ത്തന്നെ എന്നതിനേക്കാള്‍, ചൂഷണത്തിനുവേണ്ടി മനുഷ്യരെ പിന്നോട്ടു് വലിച്ചു് ബൌദ്ധികവും സാംസ്കാരികവുമായി വളരാന്‍ അനുവദിക്കാതിരിക്കുക എന്നതാണു് ഏറ്റവും ഗൌരവതരമായ പ്രശ്നം. മനുഷ്യന്റെ നന്മയല്ല, സ്വന്തം സൌഭാഗ്യത്തിന്റെ തടസ്സമില്ലായ്മയാണു് അവനുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുടെ ലക്‍ഷ്യം എന്നു് പഴയതും പുതിയതുമായ ഏതു് സാമൂഹിക ഇഷ്യുകളെയും നിഷ്പക്ഷമായി പരിശോധിച്ചാല്‍ നമുക്കറിയാന്‍ കഴിയും.
“ജീവിക്കുകയും, ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക” എന്നതു് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല. ഞാന്‍ “ശരിക്കും” അങ്ങു് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ എനിക്കു് കൂടുതല്‍ കൂടുതല്‍ “ശരിയായി” ജീവിക്കണമെന്നു് തോന്നും. എന്റെ ഈ ശരിയായ ജീവിതം ദൈവാനുഗ്രഹം മൂലമാണെന്നു് മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ടതു് അവര്‍ എന്നെ ചോദ്യം ചെയ്യാതിരിക്കാന്‍ എനിക്കു് ആവശ്യമാണു്. അതിനു് ഞാന്‍ ദൈവത്തെക്കൊണ്ടു് എന്റെ നിലനില്പിനു് അനുയോജ്യമായ നിയമങ്ങള്‍ ഉണ്ടാക്കിക്കുന്നു. ഏകപക്ഷീയമായ ആ നിയമങ്ങളെ ചോദ്യം ചെയ്തു് ജനങ്ങളെ വളരാനനുവദിക്കാന്‍ സാമൂഹികനിയമങ്ങള്‍ വേണം. ഒരു സമൂഹത്തിന്റെ നിയമങ്ങള്‍ അതേസമയം ആ സമൂഹത്തിന്റെ മാനസികനിലവാരത്തിനു് അനുസരിച്ചുള്ളതേ ആവൂ. സാമൂഹികവളര്‍ച്ച ആരെയാണോ പ്രതികൂലമായി ബാധിക്കുന്നതു്, അങ്ങനെയുള്ളവരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹത്തിനു് എങ്ങനെയാണു് വളരാന്‍ കഴിയുക? പ്രത്യേകിച്ചും നായകരുടെ വാക്കുകള്‍ ജനങ്ങള്‍ക്കു് വേദവാക്യങ്ങള്‍ ആവുമ്പോള്‍? അവ സഹസ്രാബ്ദങ്ങള്‍ മനുഷ്യരുടെ തലയില്‍ കോരിയൊഴിച്ചു് “നിത്യസത്യങ്ങള്‍” ആക്കി മാറ്റിയവ ആവുമ്പോള്‍?
ചുരുക്കത്തില്‍, ഒരു നല്ല ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയവും മതവും തമ്മില്‍ വേര്‍തിരിക്കപ്പെടണം. മതവിശ്വാസം വ്യക്തിഗതം മാത്രമായ ഒരു കാര്യമാവണം. ഇന്നത്തെ അവസ്ഥയില്‍ ഭാരതത്തില്‍ സങ്കല്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണതു്. കാരണം, അങ്ങനെ ഒരു സാമൂഹികസാഹചര്യം അനുവദിക്കാന്‍ തയ്യാറുള്ളവരല്ല ഇന്നത്തെ ഭാരതീയ നേതാക്കള്‍. ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞു് മനസ്സിലാക്കാന്‍ ബാദ്ധ്യതയുള്ള സാംസ്കാരികനായകര്‍ പോലും അവരുടെ മതങ്ങളിലും ദന്തഗോപുരങ്ങളിലും സുഖവാസം അനുഷ്ഠിക്കുന്നവരാണു്. ബൈബിളിനെ വിമര്‍ശിച്ചു് ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയപ്പോള്‍ “എന്തിനു് ഇതിനൊക്കെ പോകുന്നു?” എന്നാണു് ചില സാമൂഹികനായകര്‍ “സദുദ്ദേശത്തില്‍” എന്നോടു് ചോദിച്ചതു്! അതാണു് നമ്മുടെ സമൂഹത്തിലെ “അറിവുള്ളവരുടെ” പൊതുവായ നിലപാടു്.
ടോട്ടോചാന്‍ (edukeralam)
Jul 26, 2008 at 12:18
തീര്‍ച്ചയായും.
മതേതരത്വം എന്നാല്‍ മതത്തിന് ഇതരമായ അവസ്ഥ എന്നാണര്‍ത്ഥം.
മതവും ദൈവവുമൊന്നും പൊതു ജീവിതത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കുക എന്നതു തന്നെയാണ് അതിന്‍റെ അര്‍ത്ഥം.
ആ വിശാലമനസ്കത ഇല്ലാതെ പോകുന്നതാണ് നമ്മുടെ കുഴപ്പം.
മതമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നുള്ളവര്‍ മതത്തോടു കൂടി ജീവിച്ചോട്ടേ പക്ഷേ മതനിയമങ്ങള്‍ക്ക് മുകളിലാണ് സമൂഹത്തിന്‍റെ നിയമങ്ങള്‍. മതം കൊണ്ടുവരുന്ന നിയമങ്ങള്‍ അല്ല സമൂഹത്തിനാവശ്യം. സമൂഹം നിര്‍മ്മിക്കുന്ന ജീവിത രീതികളാണ്.
ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ഒരു കാരണവശാലും മതനിയമങ്ങള്‍ സമൂഹത്തിന്‍റെ പൊതു ജീവിതത്തില്‍ ഇടപെടാന്‍ പാടില്ലാത്തതാണ്.
പക്ഷേ മതം വോട്ടുബാങ്ക് എന്ന ഇല്ലാ സങ്കല്‍പ്പം കാണിച്ച് രാഷ്ട്ീയക്കാരെ മയക്കിയെടുത്തിരിക്കുന്നു.
ഒരിക്കല്‍ ഞാനും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്.
ഇവിടെമതമല്ല വോട്ട് ബാങ്ക്.
നല്ല പോസ്റ്റ് നന്നായിരിക്കുന്നു.
സി. കെ. ബാബു
Jul 26, 2008 at 12:51
ടോട്ടോചാന്‍,
ഭാരതത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന പലഘടകങ്ങളില്‍ ഒട്ടും അവഗണിക്കാനാവാത്ത ഒന്നാണു് രാഷ്ട്രീയത്തിലെ മതങ്ങളുടെ കൈകടത്തല്‍. കേള്‍ക്കുന്നതെല്ലാം അന്ധമായി വിശ്വസിക്കുന്ന ജനങ്ങള്‍ അതു് മനസ്സിലാക്കുന്നില്ല. തന്മൂലം, അതവരെ അറിയിക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ മറ്റെന്തൊക്കെയോ ജല്പിക്കുമ്പോഴും അവരെ ആരാധിക്കാന്‍ മടിക്കാത്തത്ര അജ്ഞതയില്‍ ജനങ്ങള്‍ എത്തിച്ചേര്‍ന്നു. അഥവാ, അത്തരം ഒരവസ്ഥയില്‍ മത-രാഷ്ട്രീയനേതാക്കള്‍ ജനങ്ങളെ കൊണ്ടുചെന്നെത്തിച്ചു.
വായനക്കും ലിങ്കിനും നന്ദി.
ഭൂമിപുത്രി
Jul 26, 2008 at 13:56
മതം ഒരു വ്യക്തിയുടെ സ്വകാര്യവിഷയം മാത്രമാണെന്നെ ബോധ്യത്തോടെ എല്ലാവരും ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.പുറകോട്ട് നോക്കുമ്പോള്‍ അതധികം അകലെയല്ലായിരുന്നു
എന്നുമറിയാം.ഈയൊരു religious renaissance ലോകമെമ്പാടും സംഭവിയ്ക്കുന്നുമുണ്ട്.
ചരിത്രത്തിനൊരു ചാക്രികസ്വഭാവമുണ്ടല്ലൊ.
അതാകാം കാരണമെന്ന് കരുതിയാലും,
ഈയൊരു മടക്കയാത്രയുടെ തുടക്കം എവിടെ,എന്ന്,എന്തുകൊണ്ട് എന്നൊക്കെ കുറേ ചോദ്യങ്ങളുണ്ട്.
Col. Ingersoll പറഞ്ഞതോറ്ക്കാതിരിയ്ക്കാന്‍ വയ്യ-വൈദികനും രാഷ്ട്രീയനേതാവും ഒരേമുട്ടയില്‍നിന്ന് വിരിഞ്ഞകുഞ്ഞുങ്ങളാണ്‍.
രണ്ട്പേരും പൊതുജനത്തിന്റെ ചോരയൂറ്റിക്കുടിയ്ക്കും.
സി. കെ. ബാബു
Jul 26, 2008 at 19:27
ഭൂമിപുത്രി,
ഭാരതത്തിനു് അണുശക്തിയുണ്ടു്. ഭാരതം “വന്‍കിട” രാജ്യങ്ങളില്‍ ഒന്നാണു്. ഭാരതത്തിനു് പ്രാചീനമായ ഒരു സംസ്കാരമുണ്ടു്. എല്ലാം ശരിതന്നെ. ഏതു് ഒന്നാംസ്ഥാനത്തിന്റെയും യാഥാര്‍ത്ഥവില ആരോടാണു് നമ്മള്‍ മത്സരിച്ചതു്, ഏതെല്ലാം പരാമീറ്റേഴ്സ് പരിഗണിക്കപ്പെട്ടു മുതലായവയുടെ എല്ലാം അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ടാലേ ഒബ്ജെക്റ്റീവ് ആവൂ. മറ്റു് പരിഷ്കൃത രാജ്യങ്ങളുമായി താരതമ്യം ചെയ്താലേ സാമൂഹികമായി നമ്മള്‍ ലജ്ജാവഹമായ ഒരവസ്ഥയിലാണു് കഴിയുന്നതെന്നു് മനസ്സിലാവൂ. ഒരു വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ടു് ആ വ്യവസ്ഥയെ പൂര്‍ണ്ണമായി മനസ്സിലാക്കാനാവില്ലല്ലോ. കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കി ജനങ്ങളെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു് അതിനാല്‍ അതിനു് കഴിയുന്നില്ല. ഭാഗ്യവശാല്‍ അവര്‍ക്കു് അതിനൊന്നും ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ല. താഴേക്കു് നോക്കി അവിടത്തെ ദുരിതങ്ങള്‍ കണ്ടു് സ്വന്തം സുഖത്തില്‍ കൂടുതല്‍ കൂടുതല്‍ ആമോദം കൊള്ളുവാന്‍ അവര്‍ എപ്പൊഴേ പഠിച്ചുകഴിഞ്ഞു.
ദൈവം ഭൂമിയിലെ ദുരിതങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കാതിരിക്കട്ടെ! അങ്ങനെ ദൈവമഹത്വം ഭൂമിയിലെമ്പാടും പാടിപ്പുകഴ്ത്തപ്പെടട്ടെ! ഞങ്ങള്‍ക്കു് എന്നുമെന്നാളും മുകളില്‍ തന്നെ കഴിയുമാറാകട്ടെ! ആമീന്‍!
സി. കെ. ബാബു
Jul 27, 2008 at 12:18
ഇതു് ഇന്‍ഡ്യാഹെറിറ്റേജിന്റെ പോസ്റ്റില്‍ ഇട്ട കമന്റ്. ഇവിടെയും കിടക്കട്ടെ!
“ഞാന്‍ പറയുന്നതു് മാത്രമാണു് സത്യം എന്നതിനാല്‍ നീ അതുമാത്രമേ വിശ്വസിക്കാവൂ” എന്ന അവസ്ഥ മാറണം. അത്തരം ഒരു നിലപാടു് സ്വീകരിക്കാന്‍ മാത്രം അറിവുണ്ടെന്നു് ഒരാള്‍ കരുതുന്നു എന്നതില്‍ കൂടിയ ഒരു തെളിവു് അയാളുടെ അജ്ഞതയ്ക്കു് ആവശ്യമില്ല. ലോകത്തിലെ ജ്ഞാനം എത്ര വിപുലമാണെന്നെങ്കിലും അറിഞ്ഞാലേ എത്ര കുറച്ചുമാത്രമാണു് നമ്മള്‍ അറിയുന്നതു് എന്നറിയാന്‍ കഴിയൂ.
കാന്താരിക്കുട്ടിക്കു് ഞാന്‍ കൊടുത്ത മറുപടിയിലെ ഈ ഭാഗമാണു് ഉദ്ദേശിച്ചതെങ്കില്‍, അതു് താങ്കളെ ഉദ്ദേശിച്ചു് പറഞ്ഞതല്ല. അങ്ങനെയുള്ള നിലപാടു് സ്വീകരിക്കുന്നവര്‍ ഭൂലോകത്തിലും ബ്ലോഗ് ഉലകത്തിലും ഏറെ ഉണ്ടെന്നു് നമുക്കു് അറിയുകയും ചെയ്യാം.
മേല്‍പ്പറഞ്ഞ ഭാഗത്തില്‍ ഞാന്‍ ഉദ്ദേശിച്ചതു് താങ്കളുടെ തന്നെ വാചകത്തില്‍ പറഞ്ഞാല്‍: “എന്റെ കൂടെ വാ, ഞാന്‍ നിന്നെ മതം പഠിപ്പിക്കാം” എന്നു് അസന്ദിഗ്ദ്ധം പ്രഖ്യാപിക്കുന്നവരെയാണു്.
വിശ്വാസപരമായ കാര്യങ്ങളില്‍ മറ്റാരേയും പോലെ സ്വന്തനിലപാടു് സ്വീകരിക്കാന്‍ താങ്കള്‍ക്കുള്ള അവകാശത്തില്‍ കൈകടത്താതെതന്നെ പറയട്ടെ: അത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ എന്റെ പരിമിതമായ അറിവും സാമാന്യബോധവും എന്നെ അനുവദിക്കുന്നില്ല. അതിനുള്ള കാരണങ്ങള്‍ മറ്റു് ചില പോസ്റ്റുകളില്‍ ഞാന്‍ പറഞ്ഞതാണെങ്കിലും ഒന്നുകൂടി സൂചിപ്പിക്കുന്നു:
ഏതു് മതവും ദൈവത്തില്‍, അല്ലെങ്കില്‍ ദൈവങ്ങളില്‍ അധിഷ്ഠിതമാണല്ലോ. അതായതു്, ദൈവം ചോദ്യം ചെയ്യപ്പെടാനാവുമെങ്കില്‍ അതിനര്‍ത്ഥം മതങ്ങളുടെ അടിത്തറ തന്നെ ഇളകുന്നു എന്നല്ലേ? വലിയ അസ്തിത്വഭയമില്ലാതെ അജ്ഞരായവര്‍ക്കുപോലും ഈ ഭൂമിയില്‍ ഒരുവിധം “ജീവിച്ചു് ചാവാന്‍” ദൈവം എന്ന ഒരു സര്‍വ്വചോദ്യസംഹാരി അനുയോജ്യമാണു്, തീര്‍ച്ചയായും. അക്കാര്യത്തില്‍ ഒരെതിര്‍പ്പുമില്ല. പ്രശ്നം അതല്ല, ഈ “ദൈവം” എന്നതുകൊണ്ടു് നമ്മള്‍ ഓരോരുത്തരും ഉദ്ദേശിക്കുന്നതു് എന്താണെന്നതാണു്. ദൈവത്തെപ്പറ്റി പറയുമ്പോള്‍ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന പദങ്ങള്‍ ശ്രദ്ധിച്ചാല്‍ ദൈവം എന്ന വാക്കില്‍ “മാനുഷികമായ” അംശം മാത്രമേ ഉള്ളു എന്നു് മനസ്സിലാവും. ദൈവം (ദൈവങ്ങള്‍) വഴിപാടു് സ്വീകരിച്ചു, ബലി ആസ്വദിച്ചു, ദൈവം അങ്ങനെ പറഞ്ഞു, ഇങ്ങനെ ചെയ്തു, ദൈവം എന്നെ അനുഗ്രഹിച്ചു, അവനെ ശിക്ഷിച്ചു…. അതായതു്, ദൈവം എന്നതു് നമുക്കു് ചെയ്യാന്‍ ആഗ്രഹമുള്ളതും, എന്നാല്‍ ചെയ്യാന്‍ കഴിയാത്തതുമായ കാര്യങ്ങളുടെ മൂര്‍ത്തീകരണമാണു്, നമ്മുടെ ആഗ്രഹങ്ങളുടെ മറ്റൊരു മുഖമാണു്, നമ്മുടെ ആന്തരികപ്രകൃതിയുടെ ബാഹ്യാവിഷ്കരണമാണു്.(Feuerbach)
(യമന്‍ ചോദിക്കുന്നു, നചികേതസ് മറുപടി പറയുന്നു മുതലായവ കൂട്ടിച്ചേര്‍ത്തു് വായിക്കുക. ഇവയൊക്കെ വാച്യാര്‍ത്ഥത്തിലോ വ്യംഗ്യാര്‍ത്ഥത്തിലോ മനസ്സിലാക്കേണ്ടതു് എന്നു് നമ്മോടു് പറയുന്നവരും, അതിനനുസരിച്ചു് അതു് പൊരുള്‍ തിരിക്കുന്നവരും മനുഷ്യര്‍ തന്നെ. എവിടെ തിരിഞ്ഞൊന്നു് നോക്കിയാലും അവിടെല്ലാം മനുഷ്യര്‍, മനുഷ്യര്‍ മാത്രം. പേരു് എപ്പോഴും ദൈവത്തിനും.)
ഇനി, എന്റെ നിലപാടിനു് ആധാരമായ ചിലതു്:
പ്രപഞ്ചത്തെസംബന്ധിച്ചു് എനിക്കു് ഇന്നുള്ള അറിവു് ഒരു വ്യക്തി എന്ന രീതിയില്‍ ചിന്തിക്കാവുന്ന തരത്തിലുള്ള ഒരു പ്രപഞ്ചനിയന്ത്രകനെ അംഗീകരിക്കാന്‍ എന്നെ അനുവദിക്കുന്നില്ല. ദൈവം എനിക്കൊരു ശക്തി അല്ല. കാരണം, ശക്തി എന്നതുകൊണ്ടു് ഞാന്‍ മനസ്സിലാക്കുന്നതു് മറ്റു് ചിലതാണു്. ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ചിന്തിക്കുവാന്‍ ആദ്യം ദൈവത്തെപ്പറ്റി ചിന്തിച്ചിരിക്കണം എന്നു് ഞാന്‍ കരുതുന്നില്ല, അങ്ങനെയൊരു നിര്‍ബന്ധവും എനിക്കില്ല.
ഞാന്‍ ഒരു ദൈവവിധിക്കു് കീഴ്പ്പെട്ടിരിക്കുന്നു എങ്കില്‍, ആ വിധിയില്‍നിന്നും എനിക്കു് മോചനമില്ലെങ്കില്‍, ആ വിധിയുടെ ഫലമായി ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍ എന്നെ വീണ്ടും വിധിക്കാനോ, ശിക്ഷിക്കാനോ, അനുഗ്രഹിക്കാനോ ഒരു ദൈവത്തിനു് എന്തവകാശം? എന്റെ ദൃഷ്ടിയില്‍ ഈ വസ്തുത ഒരു പരസ്പരവൈരുദ്ധ്യമാണു്.
എന്നിലെ ജീവാത്മാവു് ഒരു പരമാത്മാവിന്റെ അംശമെങ്കില്‍, ദൈവവിധിയുടെ ഫലമായി ഞാന്‍ ചെയ്യുന്ന ദുഷിച്ച കര്‍മ്മങ്ങളുടെ പേരില്‍ എന്നിലെ ദൈവീകാംശത്തെ, അഥവാ പരമാത്മാവിന്റെ അംശത്തെ തിര്യക്കുകളില്‍ പ്രവേശിപ്പിച്ചു് വീണ്ടും വീണ്ടും പുനര്‍ജ്ജനിപ്പിക്കുന്നതുവഴി ദൈവം ഒരു “ഓണ്‍ ഗോള്‍” സ്കോര്‍ ചെയ്യുകയല്ലേ ചെയ്യുന്നതു്? – മറ്റൊരു വൈരുദ്ധ്യം.
“സ്വന്തം” ആത്മാവിന്റെ അംശത്തെ ഒരു ശിക്ഷ എന്ന രൂപത്തില്‍ തിര്യക്കുകളില്‍ പ്രവേശിപ്പിക്കുന്ന ദൈവം അതുവഴി തിര്യക്കുകളെ അവഹേളിക്കുകയോ അതോ ബഹുമാനിക്കുകയോ ചെയ്യുന്നതു്? അതുവഴി ദൈവം എന്തു് നേടുന്നു? (ദൈവത്തിന്റെ “മനസ്സിലിരുപ്പു്” ചോദ്യം ചെയ്യാന്‍ നീയാരു്? എന്ന, ദൈവനാമത്തെ ഭയപ്പെടണം എന്നു് പഠിപ്പിക്കുന്നവരുടെ ആക്രോശം ഞാന്‍ കേള്‍ക്കുന്നുണ്ടു്. അവരോടല്ല ഞാന്‍ സംസാരിക്കുന്നതു്. അങ്ങനെയുള്ളവര്‍ എനിക്കു് സംഭാഷണപങ്കാളികളുമല്ല.)
ഗര്‍ഭം എടുക്കുന്ന സമയത്തു് വയറ്റാട്ടിയുടെ കയ്യില്‍ നിന്നു് താഴെപോയി മരിക്കുന്ന ഒരു കുഞ്ഞിന്റെ “വിധിയെ” ദൈവനിശ്ചയം എന്നും, കര്‍മ്മഫലമെന്നും പറയാനും, അതിനു് അനുയോജ്യമായ വാദമുഖങ്ങള്‍ കണ്ടുപിടിക്കാനും നമുക്കു് കഴിയുമെന്നതു്, ഈവിധ കാര്യങ്ങള്‍ക്കു് യഥേഷ്ടം വിശദീകരണങ്ങള്‍ നല്‍കാന്‍ മനുഷ്യനുള്ള ശേഷി മാത്രമായി കാണാനേ എനിക്കു് കഴിയുന്നുള്ളു. മാനുഷികമല്ലാത്ത വിശദീകരണങ്ങള്‍ എന്നെങ്കിലും എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇനിയെന്നെങ്കിലും ഉണ്ടാവുമോ? (ദൈവം വെളിപ്പെട്ടു് പലതും പറഞ്ഞു എന്നു് വിശ്വസിക്കുന്നവരുണ്ടു്. അത്തരം ദൈവിക വെളിപാടുകള്‍ ഉണ്ടായതും മജ്ജയും മാംസവും ഉണ്ടായിരുന്ന മനുഷ്യര്‍ക്കു് തന്നെയല്ലേ? ഇന്നത്തെ ലോകത്തില്‍ ബോധമുള്ള മനുഷ്യര്‍ ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ വരെ അവരില്‍ ചിലര്‍ ചെയ്തിട്ടില്ലേ?)
അസ്തിത്വചോദ്യങ്ങളുടെ മറുപടി തേടി തപസ്സില്‍ മുഴുകിയ ചില പുരാതനമനുഷ്യര്‍ വളരെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടു്. അവരെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ അവര്‍ പറഞ്ഞതെല്ലാം ഞാന്‍ അതേപടി അംഗീകരിക്കുന്നില്ല. കാരണം, എന്റെ ദൃഷ്ടിയില്‍ അവര്‍ മനുഷ്യര്‍ മാത്രം. അവരുടെ അന്വേഷണങ്ങള്‍ വഴിമുട്ടി, ദൈവം എന്ന, തെളിയിക്കാനാവാത്ത, വിശ്വസിക്കാന്‍ ആര്‍ക്കും യാതൊരു ബുദ്ധിയുടെയും ആവശ്യമില്ലാത്ത ഒരു മറുപടിയില്‍ എത്തിച്ചേര്‍ന്നു. ദൈവം എന്ന മറുപടി നല്‍കാന്‍ ആരും ദൈവികര്‍ ആവണമെന്നില്ല. ലോകത്തില്‍ ഇന്നോളം നല്‍കപ്പെട്ട മറുപടികള്‍ മനുഷ്യരുടെ മാത്രം മറുപടികള്‍ ആയിരുന്നു. (പിന്നേയും “മനുഷ്യര്‍”!)
ഇനി, എല്ലാം ദൈവനിശ്ചിതം എങ്കിലും മനുഷ്യനു് സ്വതന്ത്രമായി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കും എന്ന ചിലരുടെ വാദത്തെപ്പറ്റി. അതു് അതില്‍ തന്നെ ഒരു വൈരുദ്ധ്യമല്ലേ? എനിക്കൊരു ഫ്രീ വില്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം, നാളെ എന്തു് എങ്ങിനെ എപ്പോള്‍ ചെയ്യണമെന്നു് സ്വതന്ത്രമായി തീരുമാനിക്കാന്‍ കഴിയുന്ന ഒരു ഇച്ഛാശക്തി എനിക്കുണ്ടെന്നാണല്ലോ. ഞാന്‍ ഇന്നു് രാത്രി ഹൃദയസ്തംഭനം മൂലം മരിച്ചാല്‍? എവിടെയാണു് അപ്പോള്‍ എന്റെ ഫ്രീ വില്‍?
“അനന്തത എന്നതു് ബോധമാണെന്നും ആ ബോധം താന്‍ തന്നെയാണെന്നും..”
അനന്തതയും, അഥവാ അന്തമില്ലാത്ത അവസ്ഥയും മനുഷ്യബോധവും ഒന്നുതന്നെ ആണെന്ന നിഗമനത്തോടു് എനിക്കു് യോജിക്കാന്‍ കഴിയുന്നില്ല. “അനന്തത” ശാസ്ത്രീയമായി അംഗീകരിക്കാന്‍ ചില ബുദ്ധിമുട്ടുകളുണ്ടു്. (ഫോര്‍ ഡിമെന്‍ഷണല്‍ സ്പെയ്സ്-റ്റൈം കണ്ടിന്യുവം മുതലായവമൂലം!) മനുഷ്യബോധം എന്നെസംബന്ധിച്ചു് എവൊല്യൂഷന്റെ തത്കാലത്തെ ഒരു സ്റ്റെയ്ജ് മാത്രമാണു്. നമ്മള്‍ ഇവിടെ സൂചിപ്പിക്കുന്ന വര്‍ഷകോടികള്‍ നമ്മുടെ ബുദ്ധിയില്‍ നിരുപാധികം ഒതുങ്ങുന്നതല്ല. (ആറ്റം എന്നതു് ഒരു സെന്റീമീറ്ററില്‍ ഏകദേശം അഞ്ചു് കോടി എണ്ണങ്ങളെ ചേര്‍ത്തു് നിര്‍ത്താന്‍ കഴിയുന്ന ഒരു “വസ്തു” ആണെന്ന കാര്യം ഉള്‍ക്കൊള്ളാനും സാധാരണഗതിയില്‍ അത്ര എളുപ്പമല്ലല്ലോ.) അത്രയും ദീര്‍ഘമായ ഒരു കാലഘട്ടത്തിലൂടെ രൂപമെടുത്ത ഒരു സങ്കീര്‍ണ്ണതയെ ദൈനംദിനകാര്യങ്ങളെപ്പോലെ ഉള്‍ക്കൊള്ളാന്‍ നമുക്കാവില്ലെന്നും വേണമെങ്കില്‍ മനസ്സിലാക്കാവുന്നതേയുള്ളു – ശാസ്ത്രം ചെറിയ ചുവടുകളിലൂടെ അങ്ങോട്ടും മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിലും!
കൂടാതെ, അനന്തത എന്നതു് ബോധമാണെന്നും, ആ ബോധം താന്‍ തന്നെയാണെന്നും ഞാന്‍ എന്നെ വിശ്വസിപ്പിച്ചതുകൊണ്ടു് എനിക്കു് ഒരു മറുപടിയും ലഭിക്കുന്നില്ല; ഞാന്‍ ഒരടിപോലും മുന്നോട്ടു് നീങ്ങുന്നില്ല. ആ വിശ്വാസത്തില്‍ സംതൃപ്തനായി വിശ്രമിക്കാം എന്നതില്‍ കൂടുതലായി അതുവഴി ഞാന്‍ ഒന്നും നേടുന്നില്ല. വിശ്രമം ആയിരുന്നു എന്റെ ലക്‍ഷ്യമെങ്കില്‍ മയക്കുമരുന്നു് കഴിച്ചോ അല്ലാതെയോ വേണമെങ്കിലും എനിക്കു് വിശ്രമിക്കാമായിരുന്നു.
മനുഷ്യരെ ഒരു അതികായനായ ദൈവത്തെ കാണിച്ചു് ഭയപ്പെടുത്തി, അവരില്‍ അപകര്‍ഷതാബോധം സൃഷ്ടിച്ചു് നിഷ്ക്രിയരാക്കുന്നതു് പൊറുക്കാനാവാത്ത ഒരു അപരാധമാണെന്നു് നമ്മള്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു എന്നാണെനിക്കു് തോന്നുന്നതു്. (ദയവായി ഇതൊരു വ്യക്തിപരമായ പരാമര്‍ശമായി മനസ്സിലാക്കാതിരിക്കുക!) നമുക്കു് വേണ്ടതു് ആത്മവിശ്വാസമുള്ള ഒരു ജനതയെ ആണു്. തന്റേടമുള്ള ഭാരതീയരെയാണു്. അതുവഴി മാത്രമേ ഭാരതത്തിനു് മറ്റു് ലോകരാഷ്ട്രങ്ങള്‍ക്കു് മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കാനാവൂ. മതവിശ്വാസം ഒഴിവാക്കാന്‍ കഴിയാത്തവര്‍ അതു് തുടരട്ടെ. പക്ഷേ അതു് നിഷ്ക്രിയത്വത്തിലേക്കു് ഒളിച്ചോടാനുള്ള ഒരു ജനസമൂഹത്തിന്റെ എളുപ്പവഴിയായി തീരരുതു് എന്നാണു് എന്റെ അഭിപ്രായം.
ഇവ മാത്രമല്ല, മതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു് പല കാര്യങ്ങളും എന്റെ ഇന്നത്തെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ടു്. താങ്കളുടെ നിലപാടുകളെ ന്യായീകരിക്കാനുതകുന്ന വാദമുഖങ്ങള്‍ തീര്‍ച്ചയായും താങ്കള്‍ക്കുണ്ടെന്നറിയാം. അവയെ വിലകുറച്ചു് കാണിക്കുകയായിരുന്നില്ല ഇവിടെ. വ്യത്യസ്ത വാദമുഖങ്ങള്‍ക്കുള്ള സാദ്ധ്യത ഇല്ലായിരുന്നെങ്കില്‍ ലോകത്തില്‍ എത്രയോ മതങ്ങളും ആശയഗതികളും രൂപമെടുക്കുകയില്ലായിരുന്നല്ലോ. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുകയല്ല, എനിക്കും എന്റേതായ ന്യായീകരണങ്ങള്‍ ഉണ്ടു് എന്നു് പറയാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണിതു്.
“ഓരോരുത്തനും അവനവന്റെ വിശ്വാസത്തിലൂടെ തന്റെ ഭാഗ്യം കണ്ടെത്തട്ടെ” എന്ന ഒരു പഴഞ്ചൊല്ലോടെ അവസാനിപ്പിക്കുന്നു.
സിമി
Aug 19, 2008 at 19:18
ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.
പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.
അനോണി മാഷ്
Aug 20, 2008 at 06:24
എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക
നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Sapna Anu B.George
Aug 23, 2008 at 09:02
പി ജി വര്‍ഗീസിനും, ആനത്താനം ജോസിനും, തങ്കു ബ്രദറിനും, അതു പോലെ മറ്റു ചില ചെറു പ്രാണികള്‍ക്കും, എന്നു സ്വത്തുക്കള്‍ മതിയായി എന്നു തോന്നുന്നോ അന്നു വരും ജനം ദൈവത്തെക്കാണാന്‍ പള്ളിയില്‍…….ഇത്തിരി കൂടിപ്പോയി എന്നിട്ടും 100 % വിദ്ധ്യാഭാസം ഉള്ളവരെന്നഭിമാനിക്കുന്ന ഈ കേരളക്കരയില്‍… അന്തികൃസ്തുക്കളെ തിരിച്ചറിയാനുള്ള വിദ്ധ്യാഭ്യാസം ഇല്ല്ലതെ പോയി!! കണ്ടതിലും വായിച്ചതിലും സന്തോഷം…..
സി. കെ. ബാബു
Aug 27, 2008 at 18:05
sapna,
സ്വത്തുള്ളവര്‍ക്കു് അതു് കുറയ്ക്കണം എന്നു് ഇതുവരെ തോന്നിയിട്ടില്ല. അതു് സ്വത്തിന്റെ തനതു് സ്വഭാവമാണു്. ഇക്കൂട്ടരെ സമ്പത്തുള്ളവര്‍ ആക്കുന്നതു് അവരുടെ പുറകെ നടക്കുന്നവര്‍ തന്നെയാണു്. പിന്നെ, ക്രിസ്തുമതപ്രചരണം, സാധുജനസംരക്ഷണം എന്നൊക്കെപ്പറഞ്ഞു് വിദേശങ്ങളില്‍ നിന്നു് ലഭിക്കുന്ന കോടികളും!
ദൈവത്തെ കാണാനല്ല മനുഷ്യര്‍ പള്ളിയില്‍ പോകുന്നതു്. അതിനാണെങ്കില്‍ പള്ളിയില്‍ പോകാതിരിക്കുന്നതാണു് നല്ലതു്. പക്ഷേ അതൊന്നും വിശ്വാസിയെ പറഞ്ഞു് മനസ്സിലാക്കാന്‍ ആവുന്ന കാര്യങ്ങളല്ല. അതുകൊണ്ടുതന്നെയാണു് അവന്‍ വിശ്വാസി ആയിരിക്കുന്നതും! അറിയേണ്ടവന്‍ അറിയും. അല്ലാത്തവന്‍ നേരേ സ്വര്‍ഗ്ഗത്തിലേക്കു് എന്നുകരുതി ചെറുപ്പം മുതല്‍ ശീലിച്ച വഴിയേ ഓടി ജീവനുള്ള മറ്റു് സകല വസ്തുക്കളേയും പോലെ അവസാനം ചത്തു് മണ്ണിലും അന്തരീക്ഷത്തിലുംമായി അടിഞ്ഞൊടുങ്ങും! നരകത്തിലേക്കു് ഓടിയാലും, രണ്ടിടത്തേക്കും ഓടാതിരുന്നാലും അവസാനം എത്തുന്നതും അവിടെത്തന്നെ! ആദ്യത്തെ വഴി സ്വീകരിച്ചാല്‍ നിത്യസ്വര്‍ഗ്ഗം, നിത്യസത്യം മുതലായ “വിളക്കുകള്‍ തെളിച്ചു്” മനുഷ്യരെ “മോചിപ്പിക്കാന്‍” കാത്തിരിക്കുന്ന കുറേ ഈയാംപാറ്റപിടിയന്മാര്‍ക്കു് നേര്‍ച്ചവാങ്ങി സുഖമായി ജീവിക്കാനാവും, അത്രതന്നെ!
ആരെ, എവിടെനിന്നു്, എങ്ങോട്ടു് മോചിപ്പിക്കാന്‍? അതും മനുഷ്യരുടെ കണ്ണുവെട്ടിക്കാനായി നീളന്‍ കുപ്പായവുമിട്ടു് റോഡുനിരങ്ങുന്ന കുറെ കൃമികള്‍? അദ്ധ്വാനിച്ചു് സ്വന്തം ആഹാരം തേടി അവര്‍ ആദ്യം “മോചിപ്പിക്കേണ്ടതു്” അവരെത്തന്നെയാണു്, മറ്റാരെയുമല്ല. പക്ഷേ അതു് അവരെ തീറ്റിപ്പോറ്റുന്ന ദൈവമക്കള്‍ക്കു് ഒരു പ്രശ്നമല്ലെങ്കില്‍ പിന്നെ ആര്‍ക്കും കാര്യമായി ഒന്നും തന്നെ ചെയ്യാനാവില്ല. ഈയാമ്പാറ്റകള്‍ക്കു് തീനാളം തേടാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണു് അവ ഈയാമ്പാറ്റകള്‍ ആയിരിക്കുന്നതും!
വായനക്കു് നന്ദി. ഭാവുകങ്ങള്‍!
Magic Bose
Sep 25, 2008 at 08:59
കുഞ്ഞിപെണ്ണ് എന്ന ബ്ലോഗറുടെ ദൈവം നന്മയുള്ളവാനാണ്. എന്ന പോസ്റ്റിലെ കുഞ്ഞിപെണ്ണിന്‍റെ ഒരു മറുപടി ഇവിടെ ബ്ലോഗറുടെ അനുവാദത്തോടെ ചേര്‍ക്കുന്നു.
കാള്‍മാക്സ് ചത്ത് സ്വര്‍ഗ്ഗത്തില്‍ ചെന്നു.
സെയിന്‍റ് പീറ്റര്‍ ലൂസിഫറിനോട് പറഞ്ഞു ഇത് നിരീശ്വരവാദിയായ കാള്‍മാക്സാണ് ഇദ്ദേഹത്തെ നരകത്തിലേക്ക് കൂട്ടികൊണ്‍ട് പോകു.
ഒരാഴ്ച കഴിഞ്ഞ് ഒടിഞ്ഞകൊമ്പും തകര്‍ന്ന മനസ്സുമായി ലൂസിഫര്‍ സെയിന്‍റ് പീറ്ററിന്‍റെ അടുത്തെത്തി,
ഇനി ൊരുനിമിഷം പോലും എനിക്ക് നരകത്തില്‍ ജീവിക്കാന്‍ കഴില്ല ആ മാക്സ് അവിടെ നരകവാസികളെ മുഴുവന്‍ സംഘടിപ്പിച്ചിരിക്കുന്നു. കുളിക്കാന്‍ ചൂടുവെള്ളം വേണമെന്നും, റൂമുകളെല്ലാം ഏസി യാക്കണമെന്നും തുടങ്ങി നൂറ് നൂറ് ആവശ്യങ്ങളാണ്.
അദ്ദേഹത്തെ അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്ക് കൊണ്‍ട് പോരണം ഇല്ലങ്കില്‍ ഒരിക്കലും അവിടം പഴയ നരകമായിരിക്കില്ല.
ഏതായാലും മനസ്സില്ലാ മനസ്സോടെ സെയിന്‍റ് പീറ്റര്‍ മാക്സിനെ സ്വര്‍ഗ്ഗത്തിലേക്ക് മാറ്റി .
ഇതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ലൂസിഫര്‍ സെയിന്‍റ് പീറ്ററെ കണ്‍ടുമുട്ടി.ലൂസിഫര്‍ ചോദിച്ചു മാക്സ് ആള് എങ്ങനെയുണ്‍ട്.
സെയിന്‍റ് പീറ്റര്‍ പറഞ്ഞു അദ്ദേഹം ആള് മഹാ പാപമല്ലെ വല്ലപുസ്തകവുമൊക്കെ വായിച്ച് ഒരു മൂലക്കിരുന്നുകൊള്ളും.
ലൂസിഫര്‍ വീണ്‍ടും ചോദിച്ചു.നമ്മുടെ ദൈവം തമ്പുരാന്‍ അദ്ദേഹത്തെക്കുറിച്ച് എന്തു പറയുന്നു.
സെയിന്‍റ് പീറ്റര്‍ പറഞ്ഞു. ദൈവം ഒരു ബൂര്‍ഷ്വാ ചിന്താഗതിയല്ലേ സഖാവെ….
സി. കെ. ബാബു
Sep 25, 2008 at 14:11
magic bose,
എന്റെ ബ്ലോഗില്‍ എത്തിപ്പെട്ടതിനു് ആദ്യമേ നന്ദി.
“സെയിന്‍റ് പീറ്റര്‍ പറഞ്ഞു. ദൈവം ഒരു ബൂര്‍ഷ്വാ ചിന്താഗതിയല്ലേ സഖാവെ….”
ദൈവത്തിനു് നിര്‍ഗ്ഗുണന്‍ എന്നൊരു പര്യായപദവും ഉണ്ടെന്നറിയാമല്ലോ. അതായതു്, ഒരു ഗുണവുമില്ലാത്ത, ഒരു നന്മയുമില്ലാത്ത, ഉപയോഗശൂന്യമായ, ആര്‍ക്കും ഇഷ്ടം പോലെ പന്തു്‍ തട്ടാവുന്ന എന്തോ ഒന്നു്! ഇതില്‍ ഉപയോഗശൂന്യം എന്നതു് അത്ര ശരിയാണെന്നു് എനിക്കു് തോന്നുന്നില്ല. കാരണം, ദൈവത്തെ ഒരു ഉപകരണം ആക്കാന്‍ അറിയാവുന്നവര്‍ക്കു് ദൈവത്തെക്കൊണ്ടു് പല നേട്ടങ്ങളുമുണ്ടാക്കാം. ഉദാഹരണങ്ങള്‍ ധാരാളം: പള്ളി, പട്ടക്കാര്‍, സ്വാമിമാര്‍, അമ്മമാര്‍ ….