മനുഷ്യനു് രണ്ടു് കാലുകളും രണ്ടു് വിശ്വാസങ്ങളുമുണ്ടു്: ഒന്നു് അവനു് സുഖമായിരിക്കുമ്പോള്‍ , മറ്റൊന്നു് അവന്‍ ദുഃഖത്തിലായിരിക്കുമ്പോള്‍. രണ്ടാമത്തേതിനെ ‘മതം’ എന്നു് വിളിക്കുന്നു.
മനുഷ്യന്‍ നട്ടെല്ലുള്ള ഇനത്തില്‍പ്പെട്ട ഒരു ജന്തുവാണു്. അവനു് അനശ്വരമായ ഒരു ആത്മാവുണ്ടു്. കൂടാതെ, ഒത്തിരി ‘മൂച്ചു്’ കൂടാതിരിക്കാനായി അവനൊരു മാതൃരാജ്യവും ഉണ്ടു്.
മനുഷ്യന്‍ പ്രാകൃതികമായ രീതിയിലാണു് നിര്‍മ്മിക്കപ്പെടുന്നതെങ്കിലും അതു് പ്രാകൃതികമല്ല എന്നു് അവന്‍ വിശ്വസിക്കുന്നു. അതിനെപ്പറ്റി സംസാരിക്കാന്‍ അവനു് വലിയ ഇഷ്ടവുമില്ല. അവന്‍ നിര്‍മ്മിക്കപ്പെടുന്നു, പക്ഷേ നിര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നോ എന്നു് ചോദിക്കപ്പെടുന്നില്ല.
മനുഷ്യന്‍ പ്രയോജനമുള്ള ഒരു ജീവിയാണു്. കാരണം, യുദ്ധത്തില്‍ ഭടന്മാരുടെ മരണങ്ങള്‍ വഴി പെട്രോളിന്റെ ഷെയര്‍ വാല്യൂ ഉയര്‍ത്തുവാനും, ഖനിത്തൊഴിലാളികളുടെ മരണങ്ങള്‍ വഴി ഖനിയുടമകളുടെ ലാഭം വര്‍ദ്ധിപ്പിക്കുവാനും, അതുപോലെതന്നെ, സംസ്കാരത്തിനും, കലയ്ക്കും, ശാസ്ത്രത്തിനും അവന്‍ സഹായകമാവുന്നു.
പ്രത്യുത്പാദിക്കുക, തിന്നുക, കുടിക്കുക എന്നീ ആവശ്യങ്ങള്‍ കൂടാതെ, അവനു് രണ്ടു് അടക്കാനാവാത്ത അഭിനിവേശങ്ങള്‍ കൂടിയുണ്ടു്: ബഹളം വയ്ക്കുക, ആര്‍ക്കും ചെവി കൊടുക്കാതിരിക്കുക. മനുഷ്യനെ, ഒരിക്കലും ചെവി കൊടുക്കാത്ത ഒരു അസ്തിത്വം എന്നുപോലും വേണമെങ്കില്‍ നിര്‍വചിക്കാം. അവന്‍ ബുദ്ധിയുള്ളവനാണെങ്കില്‍, അതൊരു നല്ല കാര്യവുമാണു്. കാരണം, വെളിവുള്ള കാര്യങ്ങള്‍ വല്ലപ്പോഴും മാത്രമേ അവന്റെ ചെവിക്കു് കേള്‍ക്കാന്‍ കിട്ടാറുള്ളു. മനുഷ്യന്‍ വളരെ സന്തോഷത്തോടെ കേള്‍ക്കുന്ന കാര്യങ്ങള്‍: വാഗ്ദാനങ്ങള്‍, മുഖസ്തുതികള്‍, അംഗീകാരങ്ങള്‍, അഭിനന്ദനങ്ങള്‍. മുഖസ്തുതിയുടെ കാര്യത്തില്‍, സാധാരണഗതിയില്‍ സാദ്ധ്യമാവുന്നതിനേക്കാള്‍ ഒരു മൂന്നു് നമ്പര്‍ കൂട്ടി പിടിക്കുന്നതാവും ഏറ്റവും ഉചിതം.
മനുഷ്യന്‍ തന്റെ വര്‍ഗ്ഗത്തിനു് ഒന്നും അനുവദിക്കുന്നില്ല. അതിനാല്‍ അവന്‍ നിയമങ്ങള്‍ കണ്ടുപിടിച്ചു. അവനു് അനുവാദമില്ല, എന്നാല്‍ പിന്നെ മറ്റുള്ളവര്‍ക്കും അനുവാദം വേണ്ട.
ഒരു മനുഷ്യനെ വിശ്വസിക്കാന്‍ ഏറ്റവും നല്ലതു്, അവന്റെ പുറത്തിരിക്കുന്നതാണു്. കാരണം, അത്രയും നേരമെങ്കിലും അവന്‍ ഓടിപ്പോവുകയില്ലെന്നു് തീര്‍ച്ചയാണു്. ചിലര്‍ സ്വഭാവത്തിലും വിശ്വസിക്കാറുണ്ടു്.
മനുഷ്യനെ രണ്ടായി ഭാഗിക്കാം: ചിന്തിക്കാന്‍ ആഗ്രഹിക്കാത്ത പുരുഷവിഭാഗം, ചിന്തിക്കാന്‍ കഴിവില്ലാത്ത സ്ത്രീവിഭാഗം. ഈ രണ്ടു് വിഭാഗത്തിനും വികാരം എന്നു് വിളിക്കപ്പെടുന്ന ഒരു കാര്യമുണ്ടു്. ശരീരത്തിലെ ചില നാഡീകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതുവഴി അവര്‍ ഇതു് സുരക്ഷിതമായി വെളിപ്പെടുത്തുന്നു. ഈ അവസ്ഥയില്‍ ചില മനുഷ്യര്‍ കവിതയും വിശ്ലേഷിപ്പിക്കുന്നു.
മനുഷ്യന്‍ സസ്യഭുക്കും മാംസഭുക്കുമായ ഒരു അസ്തിത്വമാണു്. നോര്‍ത്ത് പോള്‍ പര്യവേക്ഷണങ്ങളില്‍ ചിലപ്പോഴൊക്കെ അവന്‍ സ്വന്തവര്‍ഗ്ഗത്തില്‍ പെട്ടവരേയും ഭക്ഷിക്കാറുണ്ടു്. പക്ഷേ ഫാഷിസം വഴി അതു് വീണ്ടും സമീകരിക്കപ്പെടുന്നു.
മനുഷ്യന്‍ കൂട്ടം കൂട്ടമായി ജീവിക്കുന്ന ഒരു രാഷ്ട്രീയ ജീവിയാണു്. ഒരോ കൂട്ടവും മറ്റോരോ അന്യകൂട്ടത്തേയും അവര്‍ അന്യകൂട്ടങ്ങള്‍ ആയതുകൊണ്ടും, സ്വന്തംകൂട്ടത്തെ അതു് സ്വന്തം കൂട്ടമായതുകൊണ്ടും വെറുക്കുന്നു. രണ്ടാമത്തെ തരം വെറുപ്പിനെ സ്വരാജ്യാഭിമാനം എന്നു് വിളിക്കുന്നു.
ഓരോ മനുഷ്യനും ഒരു കരളുണ്ടു്, ഒരു പ്ലീഹയുണ്ടു്, ഒരു ശ്വാസകോശമുണ്ടു്, ഒരു പതാകയുണ്ടു്. ഈ നാലു് അവയവങ്ങളും അത്യന്താപേക്ഷിതമാണു്. കരളിലാത്തതും, പ്ലീഹയില്ലാത്തതും, ശ്വാസകോശമില്ലാത്തതുമായ മനുഷ്യര്‍ ഉണ്ടാവാം, പക്ഷേ പതാകയില്ലാത്ത മനുഷ്യര്‍ ഇല്ല.
ബലഹീനമായ പ്രത്യുത്പാദനശേഷിയെ ഉത്തേജിപ്പിക്കാന്‍ മനുഷ്യനു് സന്തോഷമാണു്. അതിനു് അവനു് ചില പോംവഴികളുമുണ്ടു്: ബുള്‍ഫൈറ്റ്, കുറ്റകൃത്യം, സ്പോര്‍ട്ട്, നീതിന്യായപരിപാലനം.
“മനുഷ്യര്‍ പരസ്പരം” എന്നൊന്നില്ല. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമായ മനുഷ്യരേയുള്ളു. എന്നാലും, എതിര്‍ക്കുന്ന അടിമ ഭരിക്കുന്ന യജമാനനേക്കാള്‍ എപ്പോഴും ശക്തികൂടിയവനാകയാല്‍, ആരും തന്നെത്തന്നെ സ്വയം ഭരിക്കുന്നില്ല. ഓരോ മനുഷ്യനും അവനുതന്നെ കീഴ്പ്പെട്ടിരിക്കുന്നു.
നടു പൊങ്ങാതെ ആയി എന്നു് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ ഭക്തനും ജ്ഞാനിയും ആവുന്നു; ലോകത്തിന്റെ പുളിപ്പുള്ള മുന്തിരികളെ അപ്പോള്‍ അവന്‍ ത്യജിക്കുന്നു. ഇതിനെ ധ്യാനം എന്നു് വിളിക്കുന്നു. മനുഷ്യരിലെ വ്യത്യസ്ത പ്രായഘട്ടങ്ങളില്‍പെട്ടവര്‍ പരസ്പരം വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ എന്നപോലെ വീക്ഷിക്കുന്നു: വൃദ്ധര്‍ തങ്ങളും ചെറുപ്പക്കാരായിരുന്നു എന്നു് പൊതുവേ മറന്നു, അല്ലെങ്കില്‍ തങ്ങള്‍ വയസ്സരായി എന്നു് മറക്കുന്നു, ചെറുപ്പക്കാര്‍ മനസ്സിലാക്കുന്നില്ല, തങ്ങളും ഒരിക്കല്‍ വൃദ്ധരായേക്കാം എന്നു്.
മരിക്കാന്‍ മനുഷ്യനു് വലിയ താല്‍പര്യമില്ല. കാരണം, അതിനുശേഷം എന്താണു് വരുന്നതെന്നു് അവനറിയില്ല. അതു് അറിയാമെന്നു് ഭാവിക്കുമ്പോള്‍ പോലും, മരണത്തില്‍ അവനു് അത്ര സന്തോഷമില്ല, കാരണം, ആ പഴയ കാര്യങ്ങളിലൊക്കെ കുറച്ചുനാള്‍ കൂടി പങ്കെടുക്കണം എന്നൊരു മോഹം. കുറച്ചുനാള്‍ എന്നതിന്റെ ഇവിടത്തെ അര്‍ത്ഥം: എന്നാളും.
കൂടാതെ, മുട്ടുകയും തട്ടുകയും ചെയ്യുന്ന, ചീത്ത സംഗീതം ഉണ്ടാക്കുന്ന, പട്ടിയെക്കൊണ്ടു് കുരപ്പിക്കുന്ന ഒരു ജീവിയുമാനു് മനുഷ്യന്‍. ചിലപ്പോള്‍ സ്വൈര്യമുണ്ടു്, പക്ഷേ അപ്പോള്‍ അവന്‍ മരിച്ചിരിക്കും.
മനുഷ്യനെ കൂടാതെ സാക്സണും, അമേരിക്കക്കാരും ഉണ്ടു്. പക്ഷേ അവരെ നമ്മള്‍ ഇതുവരെ പരിചയപ്പെട്ടില്ല; മൃഗശാസ്ത്രം നമ്മള്‍ അടുത്ത ക്ലാസില്‍ ആണു് പഠിക്കുന്നതു്.
(1931)
**Kurt Tucholsky: 09.01.1890 – 21.12.1935: German satirical essayist, poet, and critic (pseudonyms: Theobald Tiger, Peter Panter, Ignaz Wrobel, Kaspar Hauser)
പ്രിയ ഉണ്ണികൃഷ്ണന്‍
Jul 26, 2008 at 04:23
Man is not a Social animal, isn’t it?
സി. കെ. ബാബു
Jul 26, 2008 at 09:31
We are all social animals, trained to different grades only. Please don’t worry about the word ‘animal’. Animals are not at all so cruel as the ‘high grade’ human beings!
യാരിദ്|~|Yarid
Jul 26, 2008 at 10:54
ചുരുക്കി പറഞ്ഞാല്‍ സാക്സണും അമേരിക്കനും മനുഷ്യജാതിയല്ലാ എന്നര്‍ത്ഥം..!
അനൂപ് കോതനല്ലൂര്‍
Jul 26, 2008 at 12:13
അപ്പോ അതാണ് മനുഷ്യന്‍.സി.കെ ജി
മനുഷ്യനെ കുറിച്ച് വിശദമായ അവലോകനം
നന്നായിരിക്കുന്നു.
ചിത്രകാരന്‍chithrakaran
Jul 26, 2008 at 12:49
രസകരമായ നിരീക്ഷണങ്ങള്‍.
സി. കെ. ബാബു
Jul 26, 2008 at 13:04
യാരിദ്,
ഹിറ്റ്ലറിന്റെ നാസി ജര്‍മ്മനിയുടെയും രണ്ടാന്ം ലോകമഹായുദ്ധത്തിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ എഴുതിയ കാര്യങ്ങളല്ലേ. പക്ഷേ ഇന്നും പ്രസക്തം!
അനൂപ്,
നന്ദി ടുഹോള്‍സ്ക്കിക്കുള്ളതാണു്. ഞാന്‍ അങ്ങോട്ടു് മലയാളത്തില്‍ ഒരു ടോര്‍ച്ചടിച്ചു എന്നേയുള്ളു. ആശംസകളോടെ,
ചിത്രകാരന്‍,
“ജീവന്റെ” പേരില്‍ ഏഴാം പാഠപുസ്തകം കത്തിച്ച നാട്ടിലല്ലെങ്കിലും, ടുഹോള്‍സ്കി സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്ന രാജ്യങ്ങള്‍ ലോകത്തിലുണ്ടു്.
സൂരജ് :: suraj
Jul 27, 2008 at 07:10
“..നടു പൊങ്ങാതെ ആയി എന്നു് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ ഭക്തനും ജ്ഞാനിയും ആവുന്നു; ലോകത്തിന്റെ പുളിപ്പുള്ള മുന്തിരികളെ അപ്പോള്‍ അവന്‍ ത്യജിക്കുന്നു. ഇതിനെ ധ്യാനം എന്നു് വിളിക്കുന്നു..”
ഇതിനുമാത്രം കൊടുക്കണം ഒരു പത്തുമിനിറ്റ് സ്റ്റാന്റിംഗ് ഓവേയ്ഷന്‍… :))
ഈ ടുഹോള്‍സ്ക്യന്‍ ടോര്‍ച്ചടി ഇഷ്ടമായി മാഷേ.
സി. കെ. ബാബു
Jul 27, 2008 at 13:09
നന്ദി, സൂരജ്.