RSS

ഫ്രാന്‍സ് കാഫ്ക – അക്ഷരങ്ങളായ അന്യഥാത്വം

06 Jul

സങ്കീര്‍ണ്ണമായ വ്യക്തിത്വത്തിന്റെയും ലോലമായ മനസ്സിന്റെയും ഉടമയായിരുന്ന ഫ്രാന്‍സ്‌ കാഫ്ക 1883 ജുലൈ 3-നു് പ്രാഗില്‍ ജനിച്ചു. സമ്പന്നമായിരുന്ന ഒരു മദ്ധ്യവര്‍ഗ്ഗകുടുംബം. സ്വേച്ഛാധിപതിയും വളരെ കര്‍ശനക്കാരനുമായിരുന്ന ഒരു ജര്‍മ്മന്‍ യഹൂദനായിരുന്നു പിതാവു്. ശുണ്ഠിക്കാരനായ ഭര്‍ത്താവിനെ ഭയപ്പെട്ടും കീഴ്പെട്ടും കഴിഞ്ഞിരുന്ന അമ്മ, മകന്റെ നേരെയുള്ള ഭര്‍ത്താവിന്റെ നിലപാടുകളെ പിന്താങ്ങിയിരുന്ന ഒരു സാധാരണ സ്ത്രീ. പ്രയോജനമുള്ള കാര്യങ്ങള്‍ ഒന്നും ചെയ്യാതെ, സാഹിത്യത്തിന്റെ സ്വപ്നലോകത്തില്‍ വ്യാപരിച്ചിരുന്ന മകനെ തര്‍ജ്ജനം ചെയ്യുന്നതില്‍ മാതാപിതാക്കള്‍ ഏകാഭിപ്രായക്കാരായിരുന്നു. രണ്ടു് സഹോദരങ്ങള്‍ ബാല്യത്തിലേ മരിച്ചു.‍ ഫ്രാന്‍സ്‌ മൂത്തവനായിരുന്നു. ഇളയ മൂന്നു് സഹോദരികള്‍. ചെക്കോസ്ലോവേക്യന്‍ പൗരത്വം. പ്രാഗിലെ യഹൂദന്യൂനപക്ഷത്തിനു് ക്രിസ്തീയഭൂരിപക്ഷത്തില്‍ നിന്നും നേരിടേണ്ടിവന്നിരുന്ന, അക്കാലത്തു് സ്വാഭാവികമായിരുന്ന വിവേചനങ്ങള്‍ സഹിച്ചുകൊണ്ടു് വളരുമ്പോഴും, കാഫ്കയ്ക്കു് ഒരു ലക്‍ഷ്യമേ ഉണ്ടായിരുന്നുള്ളു: എഴുത്തുകാരനാവണം. “പ്രാഗില്‍നിന്നു് വരുന്നവന്‍ ഒരെഴുത്തുകാരനേ ആവൂ” എന്നു് എല്ലാവരും ചിന്തിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ അതില്‍ അത്ഭുതപ്പെടേണ്ട ആവശ്യവുമില്ല.

കാഫ്കയെസംബന്ധിച്ചു് മറ്റൊരു തൊഴില്‍ പഠിക്കുക എന്നതു് എഴുത്തുകാരനാവുക എന്ന തന്റെ ലക്‍ഷ്യം നിറവേറ്റാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായിരുന്നു. എഴുത്തുകൊണ്ടുമാത്രം ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാന്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും കാഫ്കയ്ക്കു് അസാദ്ധ്യമായിരുന്നു. കാഫ്ക ഒരു ന്യൂറോട്ടിക്‌ ആയിരുന്നു. പ്രാഗിലെ ജര്‍മ്മന്‍ യൂണിവേഴ്സിറ്റിയില്‍ ലിറ്ററേച്ചര്‍ പഠിച്ച കാഫ്ക, വീട്ടുകാരെ തൃപ്തിപ്പെടുത്താനായി പിന്നീടു് നിയമം പഠിച്ചു. നിയമബിരുദം എടുത്തെങ്കിലും ഒരു നിയമജ്ഞന്‍ ആയി വളരെ കുറച്ചുകാലം മാത്രമേ അദ്ദേഹം ജോലിചെയ്തുള്ളു. ജോലിയിലെ ഉത്തരവാദിത്വങ്ങളുടെ ബാഹുല്യം തന്റെ യഥാര്‍ത്ഥ “ഉള്‍വിളി” ആയ സാഹിത്യരചനക്കു് വേണ്ടി കാര്യമായ സമയമൊന്നും ബാക്കി നല്‍കിയില്ല. അതുകൊണ്ടൊക്കെയാവാം, കാഫ്ക 15 വര്‍ഷക്കാലം ഒരു ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ സഹായി ആയി ജോലി നോക്കുകയായിരുന്നു. ജോലി കഴിഞ്ഞുവന്നാല്‍ വിശ്രമമില്ലാത്ത എഴുത്തു്. വിക്ഷോഭിതമായ മാനസീകാവസ്ഥകളില്‍ ഒറ്റ രാത്രികൊണ്ടു് ഒരു കഥ അദ്ദേഹം എഴുതിത്തീര്‍ത്തിരുന്നു. 1917-ല്‍ പിടികൂടിയ ക്ഷയരോഗം 1922-ല്‍ മൂര്‍ച്ഛിക്കുകയും 03. 06. 1924-ല്‍ വിയന്നയിലെ ഒരു സാനറ്റോറിയത്തില്‍ വച്ചു് കാഫ്ക മരണമടയുകയും ചെയ്തു.

നിര്‍ഭാഗ്യകരമായ സ്വന്തം ജീവിതസാഹചര്യങ്ങളാണു് കാഫ്ക തന്റെ കൃതികളിലൂടെ ആയിരം മുഖങ്ങളായി പ്രതിഫലിപ്പിക്കുന്നതു്. പിതാവിന്റെ കൈകളില്‍ ഒരിക്കലും എത്തിച്ചേരുന്നില്ലെങ്കിലും, “പിതാവിനുള്ള എഴുത്തു്”, 61 പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്ന, സര്‍വ്വശക്തനും സ്വേച്ഛാധിപതിയുമായി അനുഭവിച്ച പിതാവിന്റെ വിവരണമാണു്. സ്ഥിരമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കഴിവില്ലായ്മ. ഒറ്റയാന്‍ ജീവിതത്തിനും, സാമൂഹിക ഉദ്ഗ്രഥനത്തിനായുള്ള ആഗ്രഹങ്ങള്‍ക്കും ഇടയിലെ അനിശ്ചിതത്വം ഉണര്‍ത്തുന്ന ആന്ദോളനങ്ങള്‍. വിരക്തജീവിതത്തിനോടുള്ള മോഹവും, യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും ഒളിച്ചോടാനുള്ള പ്രവണതയും കൂടിക്കലര്‍ന്ന ആത്മസംഘര്‍ഷങ്ങള്‍. എഴുത്തുകാരനാവണമെന്ന ഭാഗധേയത്തില്‍ തന്നെ പലപ്പോഴും തോന്നുന്ന നൈരാശ്യം. ബുദ്ധിമാനും, കമനീയനും, നര്‍മ്മരസം നിറഞ്ഞവനുമായിരുന്ന കാഫ്ക സഹപ്രവര്‍ത്തകരുടെയിടയില്‍ വിലമതിക്കപ്പെട്ടിരുന്നു. അതേസമയം, വിഭജിതമായ വ്യക്തിത്വം എന്നു് വിവക്ഷിക്കാവുന്ന ഒരു രോഗത്തിന്റെ ഉടമ ആയിരുന്ന കാഫ്ക, ഉള്ളിന്റെയുള്ളില്‍ നിരന്തരമായ മാനസികസംഘട്ടനങ്ങള്‍ക്കു് വിധേയനുമായിരുന്നു. വ്യക്തിബന്ധങ്ങളിലെ അപര്യാപ്തതകളായി ഈ സംഘര്‍ഷം കാഫ്കയുടെ ജീവിതത്തില്‍ പലവട്ടം വെളിപ്പെടുന്നുമുണ്ടു്. ഫെലിസ് ബവര്‍ എന്ന യുവതിയുമായി രണ്ടുപ്രാവശ്യം എന്‍ഗേജ്ഡ് ആയിരുന്നെങ്കിലും വിവാഹത്തിലെത്താതെ ആ ബന്ധം 1917-ല്‍ അവസാനിക്കുകയായിരുന്നു. വിവാഹവും കുടുംബജീവിതവുമൊക്കെ കാഫ്ക ആഗ്രഹിച്ചിരുന്നെങ്കിലും, ചൂടുപിടിച്ച മനോരാജ്യങ്ങളില്‍ പൗരജീവിതത്തിന്റെ സാധാരണത്വം ഭയമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ കുഞ്ഞുകുട്ടികുടുംബം എന്ന സ്വപ്നം ചിന്തകളില്‍നിന്നും തുടച്ചുമാറ്റപ്പെടും. അങ്ങനെ ഫെലിസിനോടൊത്തുള്ള കുടുംബജീവിതം എന്ന സങ്കല്‍പം അവള്‍ക്കെഴുതിയ കത്തുകള്‍ മാത്രമായി ചുരുങ്ങിയൊതുങ്ങി. മിലേന യെസെന്‍സ്കാ പോളാക് എന്ന സ്ത്രീയുമായി പിന്നീടു് ആരംഭിച്ച പ്രണയവും വിഫലമാവുകയായിരുന്നു. 1923 അവസാനത്തില്‍ ഒരു അവധിക്കാലത്തു് (മരണത്തിനു് ഏതാനും മാസങ്ങള്‍ക്കു് മുന്‍പു്) പരിചയപ്പെട്ട ഡോറാ ഡയമണ്ട് എന്ന ഒരു യഹൂദ-സോഷ്യലിസ്റ്റ്‌ ചെറുപ്പക്കാരിയായിരുന്നു കാഫ്കയുടെ അന്ത്യകാല മാസങ്ങളിലെ സഹയാത്രിക.

വര്‍ക്കേഴ്സ്‌ ആക്സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ ഇന്‍സ്റ്റിറ്റ്യുട്ടിലെ ജോലിമൂലം, പല ഫാക്ടറികളും സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടായിരുന്നതിനാല്‍, അന്നത്തെ ആധുനിക യന്ത്രങ്ങള്‍പോലും തൊഴിലാളികള്‍ക്കു് വരുത്തുന്ന അപകടങ്ങള്‍ നേരിട്ടു് മനസ്സിലാക്കാന്‍ കാഫ്കയ്ക്കു് കഴിഞ്ഞിരുന്നു. അതോടൊപ്പം, ബ്യൂറോക്രസിയുടെ കൊള്ളരുതായ്മകള്‍ അനുഭവിച്ചറിയാനും അവരില്‍ ഒരാളായിരുന്ന കാഫ്കയ്ക്കു് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. താന്‍ എന്താണു് എഴുതുന്നതു്, എന്തിനെപ്പറ്റിയാണു് എഴുതുന്നതു് എന്നു് വ്യക്തമായി കാഫ്കയ്ക്കു് അറിയാമായിരുന്നു. കാഫ്കയുടെ വാക്കുകളില്‍ സ്വന്തം അനുഭവങ്ങളുടെ ഗന്ധം അലിഞ്ഞുചേര്‍ന്നിരുന്നു. അദ്ധ്വാനിക്കാതെ വിശപ്പു് മാറ്റുന്നവന്‍ അദ്ധ്വാനിച്ചാലും വിശപ്പു് മാറ്റാന്‍ കഴിയാത്തവനു് പ്രത്യയശാസ്ത്രങ്ങള്‍ ഓതിക്കൊടുക്കുന്നതു് പോലെ ആയിരുന്നില്ല കാഫ്കയുടെ വാക്കുകള്‍. ഉള്ളവനോടൊപ്പം സിംഹാസനത്തിലിരുന്നുകൊണ്ടു്, അത്താഴപ്പട്ടിണിക്കാരനു്, അവന്‍ അജ്ഞനാണെന്നു് കൃത്യമായി അറിഞ്ഞുകൊണ്ടു്, “മനുഷ്യപുത്രന്‍ അപ്പം കൊണ്ടു് മാത്രമല്ല വാചകമടി കൊണ്ടു്കൂടി ആണു് ജീവിക്കുന്നതു്” എന്നു് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറയാന്‍ കഴിയുന്ന ദൈവസ്നേഹം ആയിരുന്നില്ല കാഫ്ക തന്റെ മനസ്സിന്റെ ഇരുണ്ട അഗാധതകളില്‍ നിന്നും മുങ്ങിയെടുത്തതു്. ഒരുവന്‍ കണ്ണാടിയില്‍ തന്റെ പ്രതിബിംബം കാണുന്നതുപോലെ, ഒരു നാടകരംഗം ദര്‍ശിക്കുന്നതുപോലെ, തന്നില്‍ നിന്നും പുറത്തിറങ്ങി തന്നിലെ തന്നെത്തന്നെ വീക്ഷിച്ചു് കടലാസിലേക്കു് പകര്‍ത്തുവാന്‍ കഴിഞ്ഞിരുന്ന സാഹിത്യകാരനാണു് കാഫ്ക. കാഫ്ക വരച്ചുകാണിച്ചതു് സ്വന്തം ആത്മാവിന്റെ ചിത്രമായിരുന്നു. “കുറ്റവാളി” ആക്കപ്പെട്ടവന്‍ വിധികര്‍ത്താവു് ആരെന്നു് അറിയാന്‍ കഴിയാതെ, പ്രതിരോധിക്കാന്‍ കഴിയാതെ, പിന്നോട്ടു് പോകാന്‍ പോലും അനുവാദമില്ലാതെ അനുഭവിക്കാന്‍ “വിധിക്കപ്പെട്ട” ശിക്ഷയില്‍നിന്നുള്ള മോചനമില്ലായ്മയുടെയും, നിസ്സഹായാവസ്ഥയുടെയും ആവിഷ്കരണമായിരുന്നു അവയെല്ലാം.

ഒന്നാം ലോകമഹായുദ്ധത്തില്‍ നേരിട്ടു് പങ്കെടുക്കേണ്ടിവന്നില്ലെങ്കിലും, മറ്റു് പല സമകാലിക സാഹിത്യസഹപ്രവര്‍ത്തകരുടെയും ആവേശപൂര്‍വ്വമായ നിലപാടില്‍ നിന്നും വിഭിന്നമായി കാഫ്ക യുദ്ധത്തിന്റെ പേരില്‍ അസ്വസ്ഥനായിരുന്നു. പലപ്പോഴും അന്യശരീരങ്ങളും സ്വന്തശരീരവും വെട്ടിനുറുക്കപ്പെടുന്നതുപോലുള്ള സാഡിസ്റ്റിക് ചിത്രങ്ങളാല്‍ കാഫ്കയുടെ മനസ്സു് മഥിക്കപ്പെട്ടിരുന്നു. അത്തരം ആത്മമഥനങ്ങള്‍ വാക്കുകളുടെ രൂപം കൈക്കൊള്ളുന്നതാണു് കാഫ്കയുടെ കഥകള്‍. “In the Penal Colony”-യില്‍ വധശിക്ഷയ്ക്കു് വിധിക്കപ്പെട്ട ഒരുവനു് അറിയില്ല എന്താണു് അവന്റെ വിധിപത്രത്തില്‍ എഴുതിയിരിക്കുന്നതെന്നു്. വിധിയെ പ്രതിരോധിക്കാനുള്ള സാദ്ധ്യത അവനൊട്ടില്ലതാനും. വധശിക്ഷയുടെ സമയത്തു് മാത്രമാണു് അവന്‍ അറിയുന്നതു് എന്തിനാണു് അവന്‍ വിധിക്കപ്പെട്ടതെന്നു്. യുദ്ധത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ, മനുഷ്യന്‍ ജീവിതത്തില്‍ പൊതുവേ നേരിടേണ്ടിവരുന്ന ശക്തിഹീനതയുടെ ഒരംശം മാത്രമാണു് കാഫ്കയുടെ രചനകളില്‍. ആരാണിതു് മനുഷ്യരോടു് ചെയ്യുന്നതു്? ദൈവമോ? അധികാരികളോ? വ്യവസായികളോ? ഉദ്യോഗസ്ഥമേധാവികളോ? അതോ ഇന്നത്തെ ലോകത്തിലെ ഗ്ലോബലൈസേഷന്റെ നിയന്ത്രകരോ? അവ മറുപടി തേടുന്ന ചോദ്യങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. മനുഷ്യനെ വിധിക്കുന്ന ശക്തികേന്ദ്രം ഏതെന്നു് നമുക്കറിയില്ല. അങ്ങേയറ്റം പോയാല്‍ ആകെ അറിയാന്‍ കഴിയുന്നതു് ഈ ശക്തികേന്ദ്രങ്ങളുടെ ഏതാനും പ്രതിനിധികളെ മാത്രം.

ഒരു ക്രിസ്തീയസമൂഹത്തിലെ യഹൂദന്റെ അനന്യതാപ്രശ്നങ്ങളുടെ കാഴ്ചപ്പാടില്‍ വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാഫ്കയുടെ പല രചനകളിലും ഒരു പ്രമുഖ ഘടകമായി നിലനില്‍ക്കുന്നുണ്ടു്. പലപ്പോഴും കഥയിലെ പ്രോട്ടഗോണിസ്റ്റ് കെട്ടുപിണഞ്ഞുകിടക്കുന്ന നിയമത്തിന്റെ നൂലാമാലകളുടെ കുരുക്കഴിക്കാന്‍ കഴിയാതെ ശ്വാസം മുട്ടുന്നവനാണു്. അധികാരത്തിനും നിയമത്തിനും മുന്നിലെ മനുഷ്യന്റെ നിസ്സഹായാവസ്ഥ. അന്യഥാത്വം. “The Trial”-ല്‍, മുകളിലേക്കു് നോക്കാന്‍ പോലും ഭയപ്പെടുന്ന അവസ്ഥ! കാരണം, നോക്കിയാല്‍ മുകളില്‍ നിന്നുള്ള നശീകരണത്തെ കുറിച്ചുള്ള ഭയം ഇനിയും കൂടിയാലോ എന്ന ഭയം. ഭയത്തിന്റെ സംഗീതം തൂങ്ങിക്കിടക്കുന്ന വാക്കുകള്‍, സമാഗമങ്ങളില്‍ അപരിചിതത്വത്തില്‍ മുങ്ങി ശ്വാസം മുട്ടേണ്ടിവരുമോ എന്ന ഭയം, അസ്തിത്വാനുഭവങ്ങളിലെ ക്ലോസ്റ്റൊഫോബിയ. “The Metamorphosis”-ല്‍ ഉറക്കമുണരുന്ന മകന്‍ താന്‍ ബീഭത്സരൂപിയായ ഒരു വണ്ടായി മാറിയിരിക്കുന്നു എന്നു് മനസ്സിലാക്കുന്നു. അവന്‍ സാവകാശം മരിക്കുന്നതു്, കുടുംബത്തിനു് അപമാനം ഉണ്ടാവാതിരിക്കാനോ, കുടുംബം അവനെ അവഗണിക്കുന്നതുകൊണ്ടോ അല്ല, അവന്റെ സ്വന്തം കുറ്റബോധവും, നൈരാശ്യവും മൂലം. “The Judjement”-ല്‍ വൃദ്ധനായ പിതാവിന്റെ ആജ്ഞപ്രകാരം ഒരു മകന്‍ യാതൊരു മറുചോദ്യവുമില്ലാതെ ആത്മഹത്യ ചെയ്യുന്നു. അവന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതു് മാത്രമാണു് പിതാവിന്റെ ഇത്തരമൊരു ആജ്ഞക്കു് നിദാനം. ജീവിതഗതിയെ എങ്ങനെയെങ്കിലും മുന്നോട്ടു് തള്ളിനീക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളെ ലാബിറിന്തുകള്‍ പണിതുവച്ചു് തടസ്സപ്പെടുത്തുന്നതിനെതിരെയുള്ള നിസ്സഹായാവസ്ഥയിലൂടെ ഭ്രമണം ചെയ്യുന്നവയാണു് കാഫ്കയുടെ സൃഷ്ടികള്‍. മനുഷ്യന്റെ നിസ്സഹായാവസ്ഥയും, അന്യഥാത്വബോധവും ഫ്രാന്‍സ്‌ കാഫ്കയെപ്പോലെ മറ്റാരെങ്കിലും ഇത്രയേറെ ആഴത്തില്‍ മനുഷ്യമനസ്സുകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടാവുമെന്നു് തോന്നുന്നില്ല.

കാഫ്കയുടെ ആത്മാര്‍ത്ഥസുഹൃത്തു് എന്നു് പറയാവുന്നതായി ആകെയുണ്ടായിരുന്നതു്, 1902-ല്‍ പരിചയപ്പെട്ട മാക്സ് ബ്രോഡ് എന്ന സാഹിത്യകാരന്‍ മാത്രമാണു്. മരണശേഷം തന്റെ പ്രസിദ്ധീകരിക്കാത്ത കൃതികള്‍ എല്ലാം നശിപ്പിക്കപ്പെടണം എന്നു് കാഫ്ക ആഗ്രഹിച്ചിരുന്നെങ്കിലും, മാക്സ്‌ ബ്രോഡ്‌ അതിനു് തയ്യാറാവാതെ അവയെല്ലാം പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാക്സ്‌ ബ്രോഡ്‌ കാഫ്കയുടെ ജീവചരിത്രരചയിതാവുമാണു്. കാഫ്കയുടെ ഇഷ്ടം സാധിച്ചിരുന്നെങ്കില്‍ അദ്ദേഹം അറിയപ്പെടാതെ പോകുമായിരുന്നു എന്നു് മാത്രമല്ല, അതുവഴി സാഹിത്യലോകത്തിനു് അമൂല്യമായ ഒരു സമ്പത്തു് നഷ്ടമാവുകയും ചെയ്യുമായിരുന്നു. കാഫ്കയുടെ മൂന്നു് സഹോദരികളും ഹിറ്റ്‌ലറിന്റെ കോണ്‍സെന്റ്റേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെടുകയായിരുന്നു. ആ കാലത്തു് ഫ്രാന്‍സിലും ഇംഗ്ലണ്ടിലുമൊക്കെ കാഫ്ക വായിക്കപ്പെട്ടിരുന്നെങ്കിലും, 1945-നു് ശേഷമാണു് ജര്‍മ്മനിയില്‍ അവയ്ക്കു് ഔദ്യോഗികമായി ‘പ്രവേശനം’ ലഭിച്ചതു്. ഇന്നു് അവയില്‍ പലതും പാഠപുസ്തകങ്ങള്‍ പോലുമാണു്.

ചില പ്രധാന കൃതികള്‍:

1. The Trial
2. The Castle
3. The sentence
4. Metamorphosis
5. In the Penal Colony
6. A Country Doctor

 
6 Comments

Posted by on Jul 6, 2008 in ലേഖനം

 

Tags: ,

6 responses to “ഫ്രാന്‍സ് കാഫ്ക – അക്ഷരങ്ങളായ അന്യഥാത്വം

  1. Sands | കരിങ്കല്ല്

    Jul 6, 2008 at 22:51

    The Trial വായിച്ചോണ്ടിരിക്കാണു്‌..

    ഇത്തിരി വേറെ റേയ്ഞ്ച് തന്നെയാണൂ്‌

     
  2. സു | Su

    Jul 7, 2008 at 08:10

    ഫ്രാന്‍സ് കാഫ്ക! എനിക്കൊരു പുസ്തകം കിട്ടിയിട്ടുണ്ട്. ആ പുസ്തകത്തില്‍ മൂന്ന് കഥയുണ്ട്. The trial‍, America, The Castle. ഇടയ്ക്ക് എടുക്കും, വായിക്കുമെന്ന് വിചാരിക്കും, വയ്യെന്ന് വിചാരിക്കും. പിന്നെ എന്റെ ലൈബ്രറിയിലെ ഇംഗ്ലീഷുപുസ്തങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവയ്ക്കും. താല്പര്യക്കുറവ് കൊണ്ടാണോ മടി കൊണ്ടാണോ അറിയില്ല. മുഴുവനായിട്ട് മനസ്സിലാവില്ലേന്നൊരു പേടിയും ഉണ്ട്. വായിച്ചുതീര്‍ക്കാന്‍ കഴിയുമോ ആവോ!

    ആരെങ്കിലും എന്തെങ്കിലുമൊക്കെ ആ കഥകളെക്കുറിച്ചും കഥാകാരനെക്കുറിച്ചും എഴുതിയിരുന്നെങ്കില്‍ എന്നു വിചാരിച്ചിരുന്നു.

    നന്ദി!

     
  3. സി. കെ. ബാബു

    Jul 7, 2008 at 10:13

    sands|കരിങ്കല്ല്,
    “The Trial” വായനക്കു് എല്ലാ ആശംസകളും!

    സു|su,
    കാഫ്കയെപ്പറ്റിയുള്ള ഈ ചെറിയ വിവരങ്ങള്‍ വായനക്കു് ഉത്തേജനമാവുമെന്നു് കരുതുന്നു.

    ഇന്റര്‍നെറ്റില്‍ സ്വാഭാവികമായും കാഫ്കയെപ്പറ്റി കൂടുതല്‍ അറിയാന്‍ സാധിക്കും. മലയാളത്തിലെ ഒരു കുറിപ്പു് അതിനു് പ്രേരകമായാലോ എന്നായിരുന്നു ചിന്ത. എല്ലാ നന്മകളും!

     
  4. സൂരജ് :: suraj

    Jul 7, 2008 at 19:37

    കാഫ്കാ കഥയുടെ ഒരു വിഷാദ ഛവി കുറിപ്പിനും കാണുന്നു…
    വായിച്ചു തീരുമ്പോള്‍ ഒരു ഹോണ്ടിംഗ് ഡിപ്രഷന്‍…

    ഇഷ്ടമായി ഇത്.

    (പ്രിയ സു | Su ,
    എ കണ്ട്രി ഡോക്ടറും ഇന്‍ ദ പീനല്‍ കോളനിയുമൊക്കെ നെറ്റില്‍ ഇ-ടെക്സ്റ്റായി കണ്ടിട്ടുണ്ട്.)

     
  5. സി. കെ. ബാബു

    Jul 8, 2008 at 06:48

    സൂരജ്,
    കാഫ്കയുടെ 125-ാം ജന്മദിനം ഒന്നു് സ്മരിക്കണം എന്നു് തോന്നി. ഈ കുറിപ്പിനു് ഒരു വിഷാദഛവി തോന്നിയെങ്കില്‍ എന്റെ ശ്രമം വിജയമായി.

     
  6. സു | Su

    Jul 9, 2008 at 05:15

    സൂരജ് 🙂 നോക്കിയെടുത്തോളാം. നന്ദി.

     
 
%d bloggers like this: