ദൈവാസ്തിത്വത്തെപ്പറ്റിയുള്ള വാദങ്ങളില്‍ മതപണ്ഡിതര്‍ ദൈവത്തെ പ്രപഞ്ചത്തിന്റെ ആദികാരണമായി സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ടു്. ഏതൊരു കാര്യത്തിനും/ഫലത്തിനും ഒരു കാരണം ഉണ്ടായേ തീരൂ എന്ന ധാരണയാണു് അവരെ ഈ നിലപാടില്‍ എത്തിക്കുന്നതു്. അതേസമയം, തത്വചിന്തകര്‍ കോസാലിറ്റി എന്നു് വിളിക്കുന്ന കാര്യകാരണബന്ധം ചരിത്രപരമായി വളരെ പഴയ ഒന്നല്ല. പുരാതനതത്വചിന്തയില്‍, പ്രത്യേകിച്ചും സ്കൊളാസ്റ്റിക്’ യുഗത്തില്‍, കൌസ ഫൊര്‍മാലിസ്, കൌസ മറ്റെറിയാലിസ്, കൌസ ഫിനാലിസ്, കൌസ എഫിസെന്‍സ് എന്ന നാലുതരം കൌസ ഉപയോഗത്തിലുണ്ടായിരുന്നു. ഇതില്‍ നാലാമത്തേതു് മാത്രമാണു് ഇന്നത്തെ cause എന്ന വാക്കുമായി ഏകദേശം ബന്ധപ്പെടുത്തി ചിന്തിക്കാവുന്നതു്. അതായതു്, causa എന്ന പദം കാര്യവും കാരണവും തമ്മില്‍ ബന്ധപ്പെടുത്തുന്ന causality എന്ന ഇന്നത്തെ അര്‍ത്ഥത്തിലേക്കു് എത്തിച്ചേര്‍ന്നതു് നൂറ്റാണ്ടുകളിലൂടെയാണു്.
ന്യൂട്ടോണിയന്‍ ഫിസിക്സില്‍ നിന്നും തന്റെ തത്വചിന്തയുടെ ഊര്‍ജ്ജം സംഭരിക്കുന്ന ഇമ്മാന്വേല്‍ കാന്റ് പറയുന്നു: “എന്തെങ്കിലുമൊരു കാര്യം സംഭവിക്കുമ്പോള്‍, അതു് അതിനു് മുന്‍പു് സംഭവിച്ച എന്തോ ഒന്നിന്റെ ഒരു നിയമാനുസൃതമായ തുടര്‍ച്ചയായി നമ്മള്‍ മനസ്സിലാക്കുന്നു.” കാര്യകാരണബന്ധത്തെ ഈവിധം ചുരുക്കുന്നതാണു് ഡിറ്റെര്‍മിനിസം. അതായതു്, പ്രകൃതിയില്‍ സ്ഥിരമായ നിയമങ്ങള്‍ ഉണ്ടെന്നും, അതുവഴി, ഏതൊരു വ്യവസ്ഥയുടെയും നിലവിലുള്ള അവസ്ഥ അറിയാമെങ്കില്‍, ഭാവിയിലെ അവസ്ഥ വ്യക്തമായി മുന്‍കൂട്ടി നിശ്ചയിക്കാനാവും എന്നുമുള്ള നിലപാടു്. കാലക്രമേണ ഇതു് ന്യൂട്ടോണിയന്‍ മെക്കാനിക്സിന്റെ അവിഭാജ്യഘടകം എന്ന നിലയില്‍ പൊതുവേ അംഗീകരിക്കപ്പെടുകയായിരുന്നു. ഇത്തരമൊരു സമീപനം ശരിയാവുന്ന മേഖലകളുണ്ടു്. പക്ഷേ, ആറ്റൊമിക് ഫിസിക്സില്‍ എത്തുമ്പോള്‍ ഡിറ്റര്‍മിനിസം പരാജയപ്പെടേണ്ടിവരുന്നു. ശ്രദ്ധിച്ചാല്‍, ആണവശാസ്ത്രത്തില്‍ മാത്രമല്ല, ദൈനംദിന ജീവിതത്തിലും കര്‍ശനമായ ഡിറ്റര്‍മിനിസം എല്ലായ്പോഴും ബാധകമാവുന്നില്ല എന്നു് കാണാവുന്നതാണു്.
പുരാതനകാലത്തെ ഗ്രീക്ക് തത്വചിന്തകരായിരുന്ന ഡെമോക്രൈറ്റസ്, ലുസിപ്പസ് എന്നിവരുടെ ആറ്റൊമിസം എന്ന തിയറിയില്‍ത്തന്നെ, ഡിറ്റര്‍മിനിസത്തിനു് അനുകൂലമല്ലാത്ത നിലപാടു് കാണാന്‍ കഴിയും. ചെറിയവയില്‍ സംഭവിക്കുന്ന ക്രമരഹിതമായ എത്രയോ പ്രക്രിയകളാണു് വലിയവയില്‍ സംഭവിക്കുന്ന പ്രക്രിയകള്‍ക്കു് നിദാനം എന്നവര്‍ പഠിപ്പിക്കുന്നു. ഡെമോക്രൈറ്റസ് ഇങ്ങനെ എഴുതി: “ഒരു വസ്തു മധുരിക്കുന്നതോ കയ്ക്കുന്നതോ എന്നതു് നമ്മുടെ തോന്നല്‍ മാത്രമാണു്, അതിന്റെ നിറവും നമ്മുടെ വെറും തോന്നലാണു്, യഥാര്‍ത്ഥത്തില്‍ പരമാണുവും ശൂന്യതയും മാത്രമേയുള്ളു.”
വസ്തുതകളിലെ ചെറിയ അംശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നിര്‍ബന്ധമായും നമ്മള്‍ അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ സ്വാഭാവത്തില്‍ എത്തിച്ചേരും. സ്റ്റാറ്റിസ്റ്റിക്കല്‍ എന്നാല്‍, “ഒരുപക്ഷേ അങ്ങനെ, അല്ലെങ്കില്‍ ഇങ്ങനെ” എന്നു് ലളിതമാക്കി പറയാം. കൃഷിയിറക്കുന്ന ഒരു കര്‍ഷകനു് അറിയില്ല, കാലാകാലങ്ങളില്‍ മഴ ലഭിക്കുമോ, അതോ വരള്‍ച്ച ഉണ്ടാവുമോ, കേടുകൂടാതെ വിളവെടുക്കാന്‍ പറ്റുമോ എന്നെല്ലാമുള്ള കാര്യങ്ങള്‍. മുന്‍തലമുറകളില്‍ നിന്നും പകര്‍ന്നുകിട്ടിയതും സ്വന്തവുമായ അനുഭവങ്ങളിലൂടെ ഇടവപ്പാതി, തുലാവര്‍ഷം തുടങ്ങിയ പ്രതിഭാസങ്ങളെപ്പറ്റി ചില ധാരണകളൊക്കെയുള്ള കര്‍ഷകന്‍ അതിനനുസരിച്ചു് വിളവിറക്കുകയും മറ്റു് പ്രവൃത്തികള്‍ ചെയ്യുകയുമെല്ലാം ചെയ്യുന്നു. നൂറു് ശതമാനം ഉറപ്പില്ലെങ്കിലും മിക്കവാറും അവന്റെ ധാരണകള്‍ക്കനുസരിച്ചു് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും. എങ്കിലും ഈ വിഷയത്തില്‍ പൂര്‍ണ്ണമായ ഒരു അറിവു് അവനോ മറ്റാര്‍ക്കെങ്കിലുമോ സാദ്ധ്യമല്ല. സ്റ്റാറ്റിസ്റ്റിക്കല്‍ എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതും ഈ അനിശ്ചിതത്വം മാത്രമാണു്. പരമാണുവിന്റെ, അഥവാ ക്വാണ്ടം ഫിസിക്സിന്റെ തലങ്ങളില്‍ ഈ അനിശ്ചിതത്വം കൃഷിപ്പണിയിലേതിനേക്കാള്‍ എത്രയോ മടങ്ങു് സങ്കീര്‍ണ്ണമാണെന്നുമാത്രം.
പൊതുവായി പറഞ്ഞാല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ നിയമങ്ങള്‍ അര്‍ത്ഥമാക്കുന്നതു്, അതുവഴി പരാമര്‍ശിക്കപ്പെടുന്ന ഭൗതികവ്യവസ്ഥ അപൂര്‍ണ്ണമായി മാത്രമേ നമുക്കു് മനസ്സിലാക്കാന്‍ കഴിയൂ എന്നാണു്. സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ് എന്ന ശാസ്ത്രശാഖക്കു് രൂപം നല്‍കുകവഴി ഈ അനിശ്ചിതാവസ്ഥയെ ഗണിതശാസ്ത്രപരമായ ഒരു അടിത്തറയില്‍ ഉറപ്പിച്ചതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണു് ഗിബ്സ്, ബോള്‍ട്സ്മാന്‍ എന്നീ ശാസ്ത്രജ്ഞര്‍. ഈ രണ്ടുപേരുടെയും നേട്ടങ്ങള്‍ അംഗീകരിക്കാന്‍ അക്കാലത്തെ തലമൂത്ത ശാസ്ത്രജ്ഞര്‍ തയ്യാറായില്ല എന്നതില്‍നിന്നും, അവരുടെ കണ്ടെത്തലുകളിലെ വിപ്ലവാത്മകത ഏകദേശം മനസ്സിലാക്കാന്‍ കഴിയും. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ തന്റെ കൈനറ്റിക് ഗ്യാസ് തിയറിയോടു് കാണിച്ച എതിര്‍പ്പു് താങ്ങാനാവാതെ ബോള്‍ട്സ്‌മാന്‍ 1906-ല്‍ ജീവനൊടുക്കി. മരണത്തിനു് ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് അതുവരെ ശാസ്ത്രലോകത്തിനു് അജ്ഞാതനായിരുന്ന ആല്‍ബെര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്ന ഫിസിസിസ്റ്റ് പ്രസിദ്ധീകരിച്ച ഒരു ഉപന്യാസം വഴി തന്റെ ശാസ്ത്രീയ നിലപാടുകള്‍ ലോകത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുമെന്നു് അറിയാന്‍ ബോള്‍ട്സ്‌മാനു് കഴിയാതെ പോയി. ക്ലാസിക്കല്‍ ഫിസിക്സിലെയും, ക്വാണ്ടം ഫിസിക്സിലെയും മിക്കവാറും എല്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ രൂപവത്കരണങ്ങളിലും കാണാന്‍ കഴിയുന്ന Boltzmann Constant “k” വഴി ശാസ്ത്രം അദ്ദേഹത്തെ എന്നേക്കുമായി ആദരിക്കുന്നു.
ബ്ലാക്ക് ബോഡി റേഡിയേഷനെ സംബന്ധിച്ചു് പഠനം നടത്തിക്കൊണ്ടിരുന്ന മാക്സ് പ്ലാങ്ക്, എനര്‍ജി റേഡിയേഷന്‍ സ്ഥിരമായ ഒരു പ്രതിഭാസം അല്ലെന്നും, അതു് ചെറിയ ചെറിയ എനര്‍ജി ക്വാണ്ടുകള്‍ (പൊതിക്കെട്ടുകള്‍) ആയിട്ടാണു്, അഥവാ സ്റ്റാറ്റിസ്റ്റിക്കല്‍ ആയിട്ടാണു് റേഡിയേറ്റ് ചെയ്യപ്പെടുന്നതെന്നും കണ്ടെത്തിയതോടെ ക്വാണ്ടം തിയറി ജന്മമെടുത്തു. മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം തിയറിയുടെ അടിസ്ഥാനത്തില്‍ ഐന്‍സ്റ്റൈന്‍, ബോര്‍, സൊമ്മര്‍ഫെല്‍ഡ് എന്നിവര്‍ ഏറ്റെടുത്തു് പൂര്‍ത്തിയാക്കിയ ജോലികളിലൂടെ ലഭിച്ച അറിവുകള്‍ ഡിറ്റര്‍മിനിസം എന്ന ആശയത്തെത്തന്നെ കൈവെടിയുവാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിക്കുകയായിരുന്നു. അവരുടെ നിലപാടിനെ പൂര്‍ണ്ണമായി പിന്‍താങ്ങിക്കൊണ്ടു് ഹൈസന്‍ബെര്‍ഗിന്റെ അണ്‍സെര്‍ട്ടെന്റി തത്വവും രൂപമെടുത്തു. എലെമെന്ററി പാര്‍ട്ടിക്കിളിന്റെ സ്ഥാനവും വേഗതയും ഒരേസമയം, യഥേഷ്ടം, കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ല എന്നതാണു് ആ തത്വം. സ്ഥാനം കൃത്യമായി നിശ്ചയിക്കാന്‍ കഴിയുമ്പോള്‍ വേഗതയോ, വേഗത കൃത്യമായി നിശ്ചയിക്കാനാവുമ്പോള്‍ സ്ഥാനമോ പിടി തരികയില്ല.
ഒരു വസ്തുവിന്റെ നിശ്ചിത സമയത്തെ സ്ഥാനവും വേഗതയും അറിഞ്ഞാലേ ന്യൂട്ടോണിയന്‍ മെക്കാനിക്സില്‍ അതിന്റെ ചലനം വിവരിക്കുവാന്‍ നമുക്കു് കഴിയുകയുള്ളു എന്നതിനാല്‍, ഒരേസമയം സ്ഥാനവും വേഗതയും കൃത്യമായി നിശ്ചയിക്കാന്‍ കഴിയാത്ത എലെമെന്ററി പാര്‍ട്ടിക്കിളിന്റെ ലോകത്തില്‍ ന്യൂട്ടോണിയന്‍ മെക്കാനിക്സ് പരാജയപ്പെടുന്നു. അവിടെ സ്റ്റാറ്റിസ്റ്റിക്സില്‍ അധിഷ്ഠിതമായ ക്വാണ്ടം മെക്കാനിക്സില്‍ ആശ്രയിക്കുകയല്ലാതെ ശാസ്ത്രത്തിനു് മറ്റു് വഴിയില്ല. അതുകൊണ്ടു് ഒന്നു് പൂര്‍ണ്ണമായും തെറ്റെന്നും, മറ്റേതു് പൂര്‍ണ്ണമായും ശരിയെന്നും അര്‍ത്ഥമാവുന്നില്ല. അവയുടെ ലോകത്തില്‍, അവയുടേതായ പശ്ചാത്തലത്തില്‍ അവ ശരികള്‍ തന്നെ. ഐന്‍സ്റ്റൈന്റെ റിലേറ്റിവിറ്റിയും, ക്വാണ്ടം മെക്കാനിക്സും ന്യൂട്ടോണിയന്‍ ഫിസിക്സിനെ ഉള്‍ക്കൊള്ളുന്നു, നേരേ മറിച്ചല്ല താനും. അതുകൊണ്ടുതന്നെ ഒരു ഡിറ്റര്‍മിനിസ്റ്റിക്’ ലോകചിത്രത്തിനു് ശാസ്ത്രദൃഷ്ടിയില്‍ നിലനില്‍ക്കാന്‍ ആവില്ല. എല്ലാ പ്രപഞ്ചനിയമങ്ങളും സ്റ്റാറ്റിസ്റ്റിക്കല്‍ ആണു്. കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതം എന്നു് തോന്നുന്ന ദൈനംദിനപ്രതിഭാസങ്ങള്‍ക്കു് ആ പ്രത്യേക പശ്ചാത്തലത്തില്‍, ആ പ്രത്യേക പരിധികള്‍ക്കുള്ളില്‍ മാത്രമേ എന്തെങ്കിലും വില കല്‍പിക്കാനാവൂ.ഡിറ്റര്‍മിനിസം പ്രപഞ്ചത്തിനു് പൊതുവായ ഒരു നിയമമാവുകയില്ല.
പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളും മനുഷ്യജീവിതവുമൊക്കെ പൂര്‍ണ്ണമായും ഡിറ്റര്‍മിനിസ്റ്റിക് ആയിരുന്നുവെങ്കില്‍ – കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതമായിരുന്നെങ്കില്‍ – ലോകത്തില്‍ ഒരു ദൈവമോ, ആരാധനയോ, അമ്പലങ്ങളോ, പള്ളികളോ ഉണ്ടാവുമായിരുന്നില്ല. ഉണ്ടാവേണ്ട ആവശ്യവുമില്ലായിരുന്നു. എന്തിനുവേണ്ടി? ഡിറ്റര്‍മിനിസം എന്നാല്‍ ഭാവിയിലെ ഓരോ ചലനങ്ങള്‍ പോലും കൃത്യമായി ഇന്നേതന്നെ അറിയാന്‍ കഴിയുന്ന, അവയെ അണുവിട അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാന്‍ ഒരു ശക്തിക്കും കഴിയാത്ത അവസ്ഥയാണെന്നതിനാല്‍, അത്തരം ഒരവസ്ഥയില്‍, ഭാവിയിലെ സ്വന്തം നന്മക്കോ, തന്നെ ദ്രോഹിച്ച അന്യന്റെ തിന്മക്കോ വേണ്ടി മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ വലിയൊരു വിഡ്ഢിത്തമുണ്ടോ? ലോകാരംഭത്തിനു് മുന്‍പേതന്നെ ലോകാരംഭം അടക്കമുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെട്ടിരിക്കുന്നു എങ്കില്‍, ആ തീരുമാനം മാറ്റാവുന്നതാണെന്നു് വിശ്വസിക്കുന്നവന്‍, അങ്ങനെ മറ്റുള്ളവരെ ഉപദേശിക്കുന്നവന്‍, അതിനു് അവരോടു് പ്രതിഫലം വാങ്ങുന്നവന്‍ തുടങ്ങിയ സകലമാന “അവന്മാരും” ആ തീരുമാനം എടുത്ത അവനേക്കാള്‍ വല്യ അവന്മാര്‍ ആയിരിക്കണം.
ഇവിടെയാണു് സാമാന്യമായി ചിന്തിക്കുന്നവര്‍ക്കു് മതങ്ങളുടെ പഠിപ്പിക്കലുകളിലെ ഇരട്ടത്താപ്പു് വ്യക്തമാവുന്നതു്. ഒരുകൈകൊണ്ടു് മതങ്ങള്‍ പ്രപഞ്ചത്തിലെയും, മനുഷ്യരുടെ ജീവിതത്തിലെയും അനിശ്ചിതത്വം ചൂണ്ടിക്കാണിക്കുന്നു. ഒപ്പംതന്നെ മറുകൈകൊണ്ടു് അതേ അനിശ്ചിതത്വത്തെ നിയന്ത്രിക്കാനും, ഓരോരുത്തന്റെയും ദൈവനിശ്ചിതമായ വിധി അവനു് അനുകൂലവുമാക്കിത്തീര്‍ക്കാനും കഴിവുള്ള സര്‍വ്വശക്തനായ ഒരു ദൈവത്തെ ചൂണ്ടിക്കാണിക്കുന്നു. ദൈവം മനുഷ്യര്‍ക്കു് നല്‍കിയ “ദൈവവിധി” പുരോഹിതനോ ദേവാലയത്തിനോ കൈക്കൂലി കൊടുത്താല്‍ തിരുത്തി എഴുതാന്‍ തയ്യാറാവുന്ന ദൈവം ഒരു വിചിത്രദൈവമായിരിക്കണം. അങ്ങനെയൊരു ദൈവം അവനെക്കൊണ്ടു് ജീവിക്കുന്നവരുടെ കണ്ടുപിടുത്തമാവാനേ കഴിയൂ. അങ്ങനെയെങ്കില്‍, ആ ദൈവത്തെയല്ല, ആ ദൈവത്തെ കണ്ടുപിടിച്ചവരെയാണു് മനുഷ്യര്‍ ആരാധിക്കേണ്ടതു്. ദൈവത്തെ സൃഷ്ടിച്ചവരേക്കാള്‍, ദൈവത്തെ തൂക്കിവില്‍ക്കുന്നവരേക്കാള്‍ വലുതാവുമോ ദൈവം? ആ സ്രഷ്ടാക്കളേയും, അവരോ അവര്‍ക്കുവേണ്ടി മറ്റുള്ളവരോ നിര്‍മ്മിച്ച അവരുടെ വിഗ്രഹങ്ങളേയും ആരാധിക്കുകയല്ലാതെ മറ്റൊന്നുമല്ല മനുഷ്യര്‍ ചെയ്യുന്നതും.
അമൃതാ വാര്യര്‍
Jun 18, 2008 at 18:29
ന്യൂട്ടോണിയന്‍ മെക്കാനിക്സിന്റെ അവിഭാജ്യഘടകം എന്ന നിലയില്‍ പൊതുവേ വിശേഷിപ്പിക്കപ്പെട്ട
“പ്രകൃതിയില്‍ സ്ഥിരമായ നിയമങ്ങള്‍ ഉണ്ടെന്നും, അതുവഴി, ഏതൊരു വ്യവസ്ഥയുടെയും
നിലവിലുള്ള അവസ്ഥ അറിയാമെങ്കില്‍, ഭാവിയിലെ അവസ്ഥ വ്യക്തമായി മുന്‍കൂട്ടി നിശ്ചയിക്കാനാവും” എന്നുമുള്ള നിലപാടു് എങ്ങിനെ പൂര്‍ണ്ണമായി അംഗീകരിക്കുവാന്‍സാധിക്കുമെന്ന് ചോദിക്കാന്‍ തുടങ്ങിയതാണ്..
പക്ഷെ.. സിദ്ധാന്തം.
പരാജയപ്പെടുന്നുവെന്ന്‌താങ്കള്‍ തന്നെ പറഞ്ഞു… ഭൌതികശാസ്ത്രത്തിലായാലും
ജ്യോതിശാസ്ത്രത്തിലായാലും..
നമമള്‍ക്ക് മുന്നില്‍ നിരത്തപ്പെട്ട സിദ്ധാന്തങ്ങള്‍പലപ്പോഴും പലയിടത്തും നിസ്സഹായമാവുന്നുവെന്ന് കാണാം…
ജീവിതത്തിലും ഇത് ബാധകം തന്നെ…
“മനുഷ്യര്‍ക്കു് താന്‍ തന്നെ നല്‍കിയ തന്റെ സ്വന്തം ‘ദൈവവിധി’ പള്ളിക്കു് കൈക്കൂലി കൊടുത്താല്‍ തിരുത്തി എഴുതാന്‍ തയ്യാറാവുന്ന ദൈവം ഒരു വിചിത്രദൈവമായിരിക്കണം! അങ്ങനെയൊരു ദൈവം അവനെക്കൊണ്ടു് ജീവിക്കുന്നവരുടെ കണ്ടുപിടുത്തവുമായിരിക്കണം!”
ദൈവനിഷേധമെന്ന പദത്തിനും
പ്രസക്തിയില്ലാതെ വരുന്നല്ലോ..
അല്ലായിരുന്നെങ്കില്‍ ഇതിനെഅങ്ങിനെ വിളിക്കാമായിരുന്നു.. ഇല്ലേ.. മാഷേ.. 🙂
പ്രിയ ഉണ്ണികൃഷ്ണന്‍
Jun 18, 2008 at 18:54
“പ്രകൃതിയില്‍ സ്ഥിരമായ നിയമങ്ങള്‍ ഉണ്ടെന്നും, അതുവഴി, ഏതൊരു വ്യവസ്ഥയുടെയും
നിലവിലുള്ള അവസ്ഥ അറിയാമെങ്കില്‍, ഭാവിയിലെ അവസ്ഥ വ്യക്തമായി മുന്‍കൂട്ടി നിശ്ചയിക്കാനാവും”
ഇത വായിച്ചപ്പോഴാ ഒരു കര്യം ചോദിച്ചാലോ എന്നു തോന്നിയത്.
ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടീ മനസ്സ്സില്‍ തോന്നുകയും അതേപ്പറ്റി അസ്വസ്തത ഉണ്ടാകുകയും ചെയ്യുന്നഥിന് എന്തേലും ശാസ്ത്ര്രീയ്yഅ അടിത്തറ ഉണ്ടൊ? അതുപോലെ, കാലങ്ങള്‍ക്കു മുന്‍പേ സ്വപ്നങ്ങളില്‍ കണ്ട സ്ഥലങ്ങള്‍ നേരിട്ടു കാണുക എന്നതിനും…
വട്ടായോ എന്നു കരുതല്ലേ…വിഷയത്തീന്നു മാറിപ്പോയി എങ്കിലും ചോദിക്കാതിരിക്കാന്‍ കഴീഞ്ഞില്ല
സി. കെ. ബാബു
Jun 18, 2008 at 23:10
അമൃതെ,എല്ലാം കൂടി കൂട്ടിക്കുഴക്കാതെ. ഇതു് കവിതയോ ഷഹരാസാദിന്റെ “ആയിരത്തൊന്നു് രാവുകളോ” അല്ല. “പ്രകൃതിയില്‍ സ്ഥിരമായ നിയമങ്ങള്‍ ഉണ്ടെന്നും, അതുവഴി, ഏതൊരു വ്യവസ്ഥയുടെയും നിലവിലുള്ള അവസ്ഥ അറിയാമെങ്കില്‍, ഭാവിയിലെ അവസ്ഥ വ്യക്തമായി മുന്‍കൂട്ടി നിശ്ചയിക്കാനാവുമെന്നും” – അതു് ന്യൂട്ടോണിയന്‍ മെക്കാനിക്സിന്റെ അടിസ്ഥാനത്തില്‍ നമുക്കു് തോന്നിയേക്കാവുന്നതു്. – determinism എന്നതു് പ്രപഞ്ചത്തിന്റെ ഗതി അഥവാ, ഭാവിയില്‍ സംഭവിക്കുന്നതു് എന്തെന്നു് യാതൊരു സംശയത്തിനും വകയില്ലാത്തവിധം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന തത്വചിന്താപരമായ നിലപാടു്. ആ നിശ്ചയത്തിനു് പിന്നില്‍ ദൈവമോ, വിധിയോ, ഭാഗ്യമോ മറ്റെന്തുമോ ആവട്ടെ! എല്ലാ പരമാണുക്കളുടെയും ഒരു നിശ്ചിതസമയത്തെ സ്ഥാനവും ഗതിയും അറിയുന്ന ഒരു “പിശാചിനു്” പ്രപഞ്ചത്തിന്റെ മുഴുവന്‍ ഭാവിയും കണക്കുകൂട്ടി പറയാന്‍ കഴിയും എന്നു് ലാപ്ലാസ് എന്ന ശാസ്ത്രജ്ഞനെക്കൊണ്ടു് പറയിപ്പിച്ച അവസ്ഥ! (Laplace: 23.03 1749 – 05.03 1847: French mathematician, astronomer, and physicist) സിദ്ധാന്തം പരാജയപ്പെടുന്നു എന്നതു് ശരിയല്ല. ന്യൂട്ടോണിയന്‍ ഫിസിക്സില്‍, റിലേറ്റിവിറ്റിയില്‍, ക്വാണ്ടം മെക്കാനിക്സില്‍ എല്ലാം ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ അവയുടെതായ പശ്ചാത്തലത്തില്‍ ശരി തന്നെയാണു്. അവയെല്ലാം പരസ്പരപൂരകങ്ങള്‍ പോലുമാണു്. അവയെ അവ ആയിരിക്കുന്നതുപോലെ മനസ്സിലാക്കണം എന്നേയുള്ളു. മനുഷ്യജീവിതം, തലച്ചോറു് ഇവയെല്ലാം വളരെ complex ആയ കാര്യങ്ങളാവുന്നതും അങ്ങനെ തന്നെയാണു്. തലച്ചോറില്‍ രൂപമെടുക്കുന്ന ഒരു “തീരുമാനം” നമ്മുടെ ഒരോ പ്രവൃത്തികള്‍ക്കും നിദാനമാവുമ്പോള്‍ ആ തീരുമാനത്തിലേക്കു് തലച്ചോറിനെ നയിച്ച neuronal തലത്തിലെ കോടാനുകോടി ചെറിയ “നടപടികള്‍” ഓരോന്നും തിരിച്ചറിയാന്‍ ഇന്നത്തെ നിലയില്‍ നമുക്കു് സാദ്ധ്യമല്ല. ഉപകരണങ്ങള്‍ക്കോ നമ്മുടെ ചിന്തകള്‍ക്കു് തന്നെയോ അപഗ്രഥിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണമാണവ. Neurobiology ഇന്നും ശൈശവദശയിലാണു്. മനുഷ്യശരീരവും തലച്ചോറും എല്ലാം പ്രകൃതിയിലെ മൌലികഘടകങ്ങള്‍ കൊണ്ടു് പണിയപ്പെട്ടിരിക്കുന്ന biological aggregate മാത്രമാണു്. നമ്മുടെ “ബോധം” എന്നതു് ഏകകോശജീവിയില്‍ നിന്നും മനുഷ്യനിലേക്കുള്ള “ജീവന്റെ” കോടാനുകോടി വര്‍ഷങ്ങളിലൂടെയുള്ള വളര്‍ച്ചയുടെ ആകെത്തുകയും, തത്ക്കാലത്തെ അന്തിമഫലവും. ശാസ്ത്രം സ്വന്തം പരിമിതികള്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കുന്നില്ല. അന്വേഷിക്കുന്നതാണു് ശാസ്ത്രം. ഏറെ അന്വേഷിച്ചു് ബുദ്ധിമുട്ടാതെ സര്‍വ്വജ്ഞാനിയായ ഒരു ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചു് സൌകര്യപൂര്‍വ്വം പിന്‍വാങ്ങുന്നതാണു് മതങ്ങളുടെ വഴി. അതവരുടെ സ്വാതന്ത്ര്യം. ഒരു ശാസ്ത്രജ്ഞനു് അങ്ങനെ തൃപ്തിപ്പെടാന്‍ ആവില്ല. അവര്‍ അവരുടെ വഴിയെ പോവട്ടെ. അതുകൊണ്ടു് മനുഷ്യര്‍ക്കു് ഇതുവരെ അധികപങ്കും നേട്ടമേ ഉണ്ടായിട്ടുള്ളു താനും. നമുക്കു് സംഭവിച്ച, സംഭവിക്കുന്ന ചില കോട്ടങ്ങളുടെ ഉത്തരവാദിത്വം ശാസ്ത്രത്തിന്റേതല്ല, രാഷ്ട്രീയത്തിന്റേയും, ചിലപ്പോഴെങ്കിലും മതങ്ങളുടെതുമാണു്. ഇനി ദൈവം എന്ന പദം. ഭാഷകളും അവയിലെ എല്ലാ വാക്കുകളും മനുഷ്യരുടേതു് മാത്രമാണു്. ദൈവം സ്നേഹമാണു്, ശക്തിയാണു്, എനര്‍ജിയാണു്, അറിവാണു് അങ്ങനെ എന്തൊക്കെയോ ആണു്. ശക്തി, എനര്‍ജി, അറിവു് ഇവയെപ്പറ്റിയൊക്കെ ശാസ്ത്രത്തിനു് വ്യക്തമായ നിലപാടുകളുണ്ടു്. വലിയ പിടിയില്ലാത്ത വിഷയം സ്നേഹമാണു്. അതിനു് കാരണം ആദ്യം പറഞ്ഞ complexity-യും. സ്നേഹം മനസ്സില്‍ നിന്നാണല്ലോ വരുന്നതു്. സ്നേഹത്തെ സിദ്ധാന്തീകരിക്കാതിരിക്കുന്നതാണു് നല്ലതെന്നും തോന്നുന്നു. അതങ്ങനെ abstact ആയി തുടരട്ടെ. കവികളിലൂടെ, കലാകാരന്മാരിലൂടെ. ശാസ്ത്രത്തെ തത്വചിന്തയുമായി ബന്ധിപ്പിച്ചു് ചിന്തിക്കാന്‍ മടിക്കാത്ത ഒരു ശാസ്ത്രജ്ഞനും വ്യക്തി എന്ന രീതിയില്‍ സങ്കല്പിക്കപ്പെടുന്ന ഒരു ദൈവത്തെ അംഗീകരിക്കാന്‍ തയ്യാറാവുമെന്നു് തോന്നുന്നില്ല. കാണുന്ന, കേള്‍ക്കുന്ന, അറിയുന്ന, സംരക്ഷിക്കുന്ന, കോപിക്കുന്ന, സന്തോഷിക്കുന്ന, ഓരോ മൂലയിലേക്കും ഒളിഞ്ഞു് നോക്കിക്കൊണ്ടിരിക്കുന്ന ഒരു ദൈവം പരിഹാസ്യനാണു്. അങ്ങനെയൊരു ദൈവം കൂടുതല്‍ ചിന്തിക്കാന്‍ ആഗ്രഹമോ കഴിവോ ഇല്ലാത്തവര്‍ക്കു് ആശ്വാസം നല്‍കുന്നുണ്ടാവാം. അതും അങ്ങനെ തന്നെ ഇരിക്കട്ടെ. Taoism പഠിപ്പിക്കുന്ന പോലെതന്നെ ശാസ്ത്രത്തിലും വേണമെങ്കില്‍ എല്ലാം ഒന്നാണു് എന്നു് പറയാം. നമ്മള്‍ അടക്കം പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം ആ ഒന്നിന്റെ ഭാഗം മാത്രമാണു്. അതുകൊണ്ടുതന്നെ എല്ലാം പരസ്പരം എങ്ങനെയോ ബന്ധപ്പെട്ടു് കിടക്കുന്നു. അതുകൊണ്ടു് ആ ഒന്നിനെ ഒരു ദൈവമെന്ന പേരുനല്‍കി വിളിച്ചു് ഈവിധ കോപ്രായങ്ങള്‍ കാണിക്കണമെന്നുണ്ടോ? ആ ദൈവത്തിന്റെ പേരില്‍ ഇത്തരം നാണംകെട്ട കച്ചവടങ്ങള്‍ നടത്തണമെന്നുണ്ടോ? എന്റെ ഭ്രാന്തന്‍ ശാസ്ത്രത്തിന്റെ scalpel കൊണ്ടു് അമൃതയിലെ കവിതയെ കീറിമുറിച്ചെങ്കില്‍ ക്ഷമിക്കുക. ഇനിയും നല്ല നല്ല ഏറെ കവിതകള്‍ എഴുതാന്‍ “ദൈവം” അനുഗ്രഹിക്കട്ടെ. പ്രിയ,deja vu (ഡെയ്ഷാ വ്യു) എന്നൊരു സംഗതി ഉണ്ടു്. കേട്ടിട്ടുണ്ടാവും. ആ ഏര്‍പ്പാടു് എനിക്കു് വല്ലപ്പോഴുമൊക്കെ ഉണ്ടാവാറുണ്ടു്. ചില സാഹചര്യങ്ങളില്‍ (മനുഷ്യര്‍, സംഭവങ്ങള്‍ മുതലായവ കാണുമ്പോള്‍.) അതു് പണ്ടെന്നോ കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ടെന്നൊരു തോന്നല്‍. അനുഭവത്തിന്റെ ഒരുതരം ആവര്‍ത്തനം പോലെ. ഇത്തരം അനുഭവം പലര്‍ക്കും ഉണ്ടാവാറുണ്ടത്രേ! (അതു് നേരാവണം. അല്ലെങ്കില്‍ അതുപോലൊരു വാക്കു് ഭാഷയില്‍ ഉണ്ടാവുമായിരുന്നില്ലല്ലോ.) പ്രിയ പറഞ്ഞപോലെ, കാലങ്ങള്‍ക്കു് മുന്‍പേ സ്വപ്നങ്ങളില്‍ കണ്ട സ്ഥലങ്ങള്‍ നേരില്‍ കാണുമ്പോഴും ഇത്തരം “ഡെയ്ഷാ വ്യു” അനുഭവം ഉണ്ടാവുമായിരിക്കും. ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സില്‍ തോന്നുമ്പോള്‍ അസ്വസ്ഥതയോ, അതോ ഭാഗ്യാനുഭൂതിയോ ഉണ്ടാവുന്നതു് എന്നതു് ആ കാര്യങ്ങള്‍ എന്താണു് എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമല്ലേ? മനസ്സിലെ ആഗ്രഹങ്ങളാണു് മനുഷ്യനെ മുന്നോട്ടു് നയിക്കുന്ന ശക്തി. ആഗ്രഹങ്ങള്‍ നിറവേറ്റാനാണു് മനുഷ്യന്‍ പ്രയത്നിക്കേണ്ടതു്. ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതാണു് ഭാഗ്യം. മനുഷ്യരുടെ ലക്‍ഷ്യങ്ങള്‍ വ്യത്യസ്തമാണു്. എനിക്കു് ഭാഗ്യാനുഭൂതി തരുന്ന കാര്യം മറ്റൊരുവനു് ഭാഗ്യം നല്‍കുന്നതാവണമെന്നില്ല.അരിവാങ്ങാന്‍ വേണ്ടി അന്യരുടെ കയ്യും കാലും മുഖവും നോക്കി ഭാവി പ്രവചിക്കുന്ന കാക്കാത്തിയുടെ താക്കീതുകള്‍ ദൈവവാക്യമെന്നും അതൊക്കെ അതുപോലെ സംഭവിക്കുമെന്നും കരുതി നിദ്രാവിഹീനമായ രാത്രികള്‍ തള്ളിനീക്കേണ്ടി വരുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നാല്‍ ഒരുപക്ഷേ അതെല്ലാം സംഭവിച്ചു എന്നും വരാം. മനഃശാസ്ത്രം മാത്രമാണു് അതിന്റെ പിന്നില്‍. മനുഷ്യനു് ഒരു ആഗ്രഹം ഉണ്ടാവുന്നതും അതു് സാധിക്കാന്‍ പരിശ്രമിക്കുന്നതും, ഭാവിപ്രവചനം കേള്‍ക്കാന്‍ ഏതെങ്കിലും ആസാമിയെ തേടുന്നതും രണ്ടും രണ്ടു് കാര്യമാണു്! “വട്ടായോ എന്നു് കരുതല്ലേ.” അപ്പോള്‍ വട്ടു് മാറിയിരുന്നോ? 🙂 “the normal” എന്നൊന്നില്ല എന്നു് വിശ്വസിക്കുന്നവനാണു് ഞാന്‍. മനുഷ്യര്‍ക്കു് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ളവരില്‍ അധികം പേരും ആദ്യമാദ്യം സ്വയം normal എന്നു് കരുതുന്ന യോഗ്യന്മാരുടെ അഭിപ്രായത്തില്‍ വട്ടന്മാര്‍ ആയിരുന്നു. പ്രത്യേകിച്ചും ശാസ്ത്രലോകത്തില്‍ അതിനു് എത്രയോ ഉദാഹരണങ്ങളുണ്ടു്. ഇനി അഥവാ പ്രിയക്കു് അല്പം വട്ടുണ്ടെങ്കില്‍ തന്നെ അതൊരു നല്ല കാര്യമാണെന്നു് സാരം. 🙂
Reji
Jun 19, 2008 at 14:53
ബര്‍മ്മയിലും ചൈനയിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ നമ്മള്‍ ദൈവത്തിനു നന്ദി പറഞ്ഞു. കാരണം നമ്മള്‍ക്കൊന്നും സംഭവിച്ചില്ലല്ലോ !.
അപ്പോള്‍ അവിടെ മരിച്ച പിഞ്ചു കുഞ്ഞുങ്ങള്‍പ്പടെയുള്ള പതിനായിരങ്ങളുടെ കാര്യ മോ?. ഹൂ കെയേര്‍സ്… ആല്ലെങ്കില്‍ അവര്‍ ആര്‍ക്കു /എന്തിന് നന്ദി പറയും?
ഈ പ്രാര്‍ഥനക്കാരും പ്രാര്‍ഥന ഗ്രൂപ്പ് കാരുമൊക്കെ അവനവന്റെ കാര്യ ലാഭത്തിനു വേണ്ടി യല്ലെ ഈ പ്രാര്‍ഥന യജ്ഞങ്ങള്‍ നടത്തുന്നത്?. മറ്റുള്ളവരുടെ ദുരന്തങ്ങള്‍ അവന് ദൈവത്തെ സ്തുതിക്കാനൊരു ഉപാധി.. എത്ര വിചിത്രം..!!
സി. കെ. ബാബു
Jun 19, 2008 at 17:09
reji,
പ്രാര്‍ത്ഥനായജ്ഞത്തിലും “പ്രാര്‍ത്ഥനാകടുംപിടുത്തത്തിലും” ഒക്കെ പങ്കെടുക്കുന്ന സാധുക്കള്‍ക്കു് എന്തു് സംഭവിച്ചാലും, ലോകത്തിലെ ഏതെങ്കിലുമൊരു കോണില്‍ ആര്‍ക്കു്, എന്തു് അത്യാഹിതം സംഭവിച്ചാലും, അപ്പോഴും എപ്പോഴും നേട്ടം മാത്രം ഉണ്ടാക്കുന്ന ഒരു വിഭാഗമാണു് സുവിശേഷം ഘോഷിക്കുന്ന ഇത്തരം “പ്രാര്‍ത്ഥനാമാറത്തണിന്റെ” നടത്തിപ്പുകാര്‍! അറിവും ഗത്യന്തരവും ഇല്ലാത്ത പാവം മനുഷ്യരാണു് ഇവരുടെ ഇരകളില്‍ അധികവും! അവര്‍ ഘോഷിക്കുന്ന “ദൈവത്തില്‍” നിന്നും യാതൊരുവിധ ഭീഷണിയും അവര്‍ക്കു് നേരിടേണ്ടി വരികയില്ലെന്നു് ഈ “ദൈവത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ക്കു്” നല്ലപോലെ അറിയുകയും ചെയ്യാം.
ബലഹീനതയെ ചൂഷണം ചെയ്യുന്നതു് കാട്ടാളത്തമാണു്, കാട്ടിലെ നിയമമാണു്. പക്ഷേ വനത്തില്‍ അതു് ജീവജാലങ്ങളുടെ അതിജീവനമാര്‍ഗ്ഗമാണു് എന്നതാണു് വ്യത്യാസം. അല്ലാതെ, കുറച്ചുപേര്‍ക്കു് അധികം പേരെ പറ്റിച്ചു് പണമുണ്ടാക്കി മുതലാളി ആയി സുഖിക്കാനുള്ള “ദൈവദത്തമായ” സൂത്രമല്ല. വനത്തില്‍ അതു് പ്രകൃതിനിയമമാണു്. വനത്തിലെ കൊല വിശപ്പടക്കാന്‍ മാത്രമാണു്. അല്ലാതെ തടി രക്ഷപെടുത്തി നല്ലപിള്ള ചമയാനോ, “ഒരു രസത്തിനോ” ഒന്നും വേണ്ടിയല്ല. എല്ലാത്തിനും ഉപരിയായി, മനുഷ്യനൊഴികെ മറ്റു് ജന്തുക്കളും ജീവികളും ഉപജീവനത്തിനായി ഏതെങ്കിലുമൊരു ദൈവനാമം ഒരിക്കലും ദുരുപയോഗം ചെയ്യാറുമില്ല.
സൂരജ് :: suraj
Jun 23, 2008 at 21:48
ക്വാണ്ടം ലോകത്തെ ഇന്‍ഡിറ്റര്‍മിനസിയെ എടുത്ത് മറിച്ചിട്ടിട്ട് പ്രപഞ്ചം മുഴുവന്‍ അനിശ്ചിതത്വത്തിലാണ് പണിതിരിക്കുന്നതെന്നു വേദാന്തമടിക്കുന്ന അതേ അണ്ണന്മാരു തന്നെ പരിപൂര്‍ണ്ണനായ ‘ദൈവത്തെ’ക്കുറിച്ചും ഗീര്‍വാണമടിക്കും. രണ്ടാമത്തേത് പ്രപഞ്ചത്തിനു പുറത്താണോയെന്നു ചോദിച്ചാല്‍ അല്ല അകത്താണെന്ന് പറയും. എങ്കീ പിന്നെ മൂപ്പര്‍ക്കും ബാധകമല്ലേ ഈ ‘ഇന്‍ഡിറ്റര്‍മിനസി’ എന്നു ചോദിച്ചാല്‍ മിഴുങ്ങസ്യ!
പിന്നെ, സ്നേഹത്തെ ഓക്സിടോസിന്റെ പള്‍സുകളായും മസ്തിഷ്ക കലകളുടെ സംത്രാസങ്ങളായുമൊക്കെ ലബോറട്ടറിയില്‍ പരീക്ഷിക്കുന്ന കാലം വന്നുകഴിഞ്ഞു. അതേ…ഒന്നും ബാക്കിവയ്ക്കാതെ ഇഴകീറട്ടെ ശാസ്ത്രം. ഇല്ലെങ്കില്‍ നാളെ ‘സ്നേഹത്തിന്റെ’ പേരു പറഞ്ഞാവും പുതുചൂഷകര്‍ രംഗത്തിറങ്ങുക.
സി. കെ. ബാബു
Jun 24, 2008 at 09:53
സൂരജ്,
വേദാന്തികള്‍ക്കു് ശാസ്ത്രവുമായി ഒരു പൊതുവായ പശ്ചാത്തലം ഇല്ലാത്തതാണു് അവരുമായി ഒരു ചര്‍ച്ച അസാദ്ധ്യമാക്കുന്നതു്. മൈക്രോ കോസ്മോസിനെപ്പറ്റി ഒരു നേരിയ ഗന്ധമെങ്കിലും ഉണ്ടെങ്കില്‍, മാക്രോ കോസ്മോസിനെപ്പറ്റി ഒരു ചെറിയ ധാരണ എങ്കിലും ഉണ്ടെങ്കില്‍, ഈ പ്രപഞ്ചത്തിന്റെ “നാഥന്‍” ആവേണ്ടവനായ, “തല്ലുകയും തലോടുകയും ചെയ്യുന്ന” ഒരു ദൈവം പരമവിഡ്ഢിത്തമാണെന്നു് അവര്‍ മനസ്സിലാക്കേണ്ടതായിരുന്നു. അത്തരം ഒരു ദൈവത്തെ “അനുഭവിക്കുവാനേ” കഴിയൂ എന്നൊക്കെ ആണു് അവരുടെ വാദം. അതിന്റെ അര്‍ത്ഥശൂന്യത മനസ്സിലാവണമെങ്കില്‍ അനുഭവം എന്നാല്‍ എന്തെന്നും, അതെങ്ങനെ ഉണ്ടാവുന്നു എന്നും ആദ്യമറിയണം. ഒരു ഭക്തനുമായി ബുദ്ധിയുടെ തലത്തില്‍ ന്യായമായ ഒരു സംഭാഷണം സാദ്ധ്യമല്ല. ഈ വസ്തുത നിഷേധിക്കാനാവാത്ത ഒരു സാമാന്യസത്യമായി നമ്മള്‍ അംഗീകരിക്കണം എന്നാണു് എനിക്കു് തോന്നുന്നതു്.
തീര്‍ച്ചയായും സ്നേഹം ഒരു biological phenomenon ആണു്. അതില്‍ ദൈവികമായോ ആദ്ധ്യാത്മികമായോ ഒരു ചുക്കുമില്ല. പക്ഷേ, ഇന്നത്തെ നമ്മുടെ ഉപകരണങ്ങളുടെ resolution വൈകാരികതയുടെ തലങ്ങളിലെ “മൈന്യൂട്ട് ആയ രഹസ്യങ്ങളെ രേഖാമൂലം” ചിത്രീകരിക്കുവാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നതാണു് സത്യം. നാളെ ഈ അവസ്ഥ മാറില്ല എന്നു് അതിനു് അര്‍ത്ഥമില്ലതാനും.
“വിശുദ്ധവിഡ്ഢികളോടു്” എന്തെങ്കിലും പറഞ്ഞാല്‍ അതു് തലതിരിച്ചേ അവര്‍ മനസ്സിലാക്കൂ എന്നറിയാം. പക്ഷേ, കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കാനുള്ള കഴിവു് അവര്‍ നേടുന്നതുവരെ കാത്തിരിക്കാം എന്നുവച്ചാല്‍ അതിനര്‍ത്ഥം എന്നാളും കാത്തിരിക്കുക എന്നു് മാത്രമായിരിക്കും. പരിഷ്കൃതസമൂഹങ്ങളില്‍ പോലും ഉണ്ടു് അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന കുറെ “ക്ണാപ്പന്മാര്‍”! അവരുടെ അനുപാതത്തിലേ വ്യത്യാസമുള്ളു. ഇക്കൂട്ടരെ മാറ്റിയെടുക്കാനാവില്ല. വൈജ്ഞാനികലോകത്തില്‍ കാര്യങ്ങള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നു് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുവേണ്ടി ശ്രമിക്കും. അവര്‍ ആ ശ്രമത്തില്‍ വിജയിക്കുകയും ചെയ്യും.
Anil
Jun 30, 2008 at 07:52
മാഷേ ഇതു കണ്ടിരുന്നോ? നമ്മുടെ ദേശീയ പതാകയെ കൂടി ഇവന്മാര്‍ വെറുതെ വിടുന്നില്ല!!!!
http://www.youtube.com/watch?v=lpVQedvO5sM
സി. കെ. ബാബു
Jul 4, 2008 at 08:05
anil,
“മനുഷ്യചരിതങ്ങള്‍” എന്ന എന്റെ മറ്റൊരു ബ്ലോഗില്‍ “മതഭ്രാന്തിന്റെ കഫസ്ഖലനം” എന്ന ഒരു പോസ്റ്റില്‍ ഞാന്‍ ഈ വിഡിയോ കൊടുത്തിരുന്നു. എങ്കിലും ഇതുവഴി വന്നതിനും അഭിപ്രായത്തിനും നന്ദി. ആശംസകളോടെ,