തങ്ങള്‍ വിശ്വസിക്കുന്ന മതഗ്രന്ഥങ്ങള്‍ ദൈവം നേരിട്ടു് അരുളിച്ചെയ്തതാണെന്നും, അതു് അറിവിന്റെ പൂര്‍ണ്ണതയാണെന്നും, മനുഷ്യജീവിതത്തിനു് വേണ്ടതു് മുഴുവന്‍ അവയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മറ്റേതെങ്കിലും ഒരറിവിന്റെ ആവശ്യം മനുഷ്യനില്ലെന്നും വിശ്വസിക്കുന്നവരുമായി ഞാന്‍ സാധാരണഗതിയില്‍ ചര്‍ച്ചകള്‍ക്കു് തുനിയാറില്ല. അതു് ബൈബിള്‍ അടക്കമുള്ള മതഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നവരോടു് വെറുപ്പുള്ളതുകൊണ്ടല്ല, മനുഷ്യനു് ഒരു ജീവിതമേ ഉള്ളു എന്നും, അതു് ഈ ലോകത്തിലെ ജീവിതമാണെന്നും വിശ്വസിക്കുന്നതുകൊണ്ടു്. ആ ഒരു ജീവിതം ഭൂമിയിലെ നരകമായി തീരരുതു് എന്നാഗ്രഹിക്കുന്നതുകൊണ്ടു്. ഒരു മനുഷ്യന്‍ ഭക്തിയിലും വിശ്വാസത്തിലും അവന്റെ ഭാഗ്യം കണ്ടെത്തുന്നുവെങ്കില്‍, അവയില്ലാതെയുള്ള ഒരു ജീവിതം അവനെ നിര്‍ഭാഗ്യവാനാക്കിത്തീര്‍ക്കുമെന്നുണ്ടെങ്കില്‍, അവനെ ആ വഴിയെ പോകാന്‍ അനുവദിക്കുന്നതാണു് അവനുവേണ്ടി എനിക്കു് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സത്കര്‍മ്മം എന്നറിയാവുന്നതുകൊണ്ടു്. അതുകൊണ്ടുമാത്രം. യാതൊരു വിദ്യാഭ്യാസവുമില്ലാത്തവര്‍ പോലും അവര്‍ക്കു് ആരോ ചൊല്ലിക്കൊടുത്ത പ്രാര്‍ത്ഥനകള്‍ ചൊല്ലി, ആരോ കല്‍പിച്ച അനുഷ്ഠാനങ്ങളും കടമകളും നിര്‍വഹിച്ചു് സംതൃപ്തി അടയാറുണ്ടു്. വായിക്കാനറിയാത്ത അവര്‍ക്കുവേണ്ടിയല്ല ഞാനെഴുതുന്നതു് എന്നു് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ – അവര്‍ ആ അവസ്ഥയില്‍ നിന്നും മോചനം പ്രാപിച്ചെങ്കില്‍ എന്നു് അതിയായ ആഗ്രഹം ഉണ്ടെങ്കിലും! അക്ഷരാഭ്യാസമില്ലാത്തവരെ അവരുടെ ആത്മീയതയുടെ അര്‍ത്ഥശൂന്യത ആധുനികശാസ്ത്രസത്യങ്ങള്‍ വിശദീകരിച്ചു് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവന്‍ ഭ്രാന്തനായിരിക്കണം. കാരണം, അവന്റെ ഉദ്യമം ഫലപ്രദമാവുകയില്ല എന്നുമാത്രമല്ല, അതുവഴി അവന്‍ ആ സാധുക്കളെ നിത്യനിര്‍ഭാഗ്യത്തിലേക്കു് നയിക്കുകയുമാവും ചെയ്യുന്നതു്. സാമാന്യത്തിലധികം വിദ്യാഭ്യാസമുണ്ടെന്നു് നമ്മള്‍ കരുതുന്ന മനുഷ്യര്‍ പോലും അവരുടെ വാദമുഖങ്ങളിലെ വൈരുദ്ധ്യം തിരിച്ചറിയാതെ, ദൈവം എന്ന സര്‍വ്വജ്ഞാനത്തിന്റെയും സര്‍വ്വശക്തിയുടെയും പിന്‍ബലം തങ്ങള്‍ക്കുണ്ടെന്ന ഹുങ്കില്‍ അവിശ്വാസികളേയും അന്യവിശ്വാസികളെയും കുറ്റം വിധിക്കുന്നതും, പലപ്പോഴും പരിഹസിക്കുന്നതും കാണുമ്പോള്‍ ദുഃഖം മാത്രമല്ല, സഹതാപവും തോന്നാറുണ്ടു്. എങ്കിലും, സ്വന്തഭാഗ്യാനുഭൂതിയില്‍ എത്തിച്ചേരാന്‍ അവര്‍ക്കു് മറ്റൊരു മാര്‍ഗ്ഗവും ഇല്ലെങ്കില്‍, അവരെ പോലും ആ വഴി പിന്തുടരാന്‍ അനുവദിക്കുന്നതാണു് എനിക്കിഷ്ടം.
വ്യക്തിപരമായി പറഞ്ഞാല്‍, ഈ ലോകത്തില്‍ എന്റെ ജീവിതം ജീവിച്ചു് തീര്‍ക്കുവാന്‍, എന്റെ ഭാഗ്യം കണ്ടെത്തുവാന്‍, എനിക്കൊരു ദൈവത്തിന്റെ ആവശ്യമില്ല. എന്റെ സഹായം ആവശ്യമുള്ള ഒരു ദൈവം, ഞാന്‍ അമ്പലവും പള്ളിയും പണിതുകൊടുക്കേണ്ട ഒരു ദൈവം, ഞാന്‍ നേര്‍ച്ചയും കാഴ്ചയും അര്‍പ്പിച്ചില്ലെങ്കില്‍ നിലനില്‍ക്കാന്‍ കഴിയാത്ത ഒരു ദൈവം എന്റെ നിലനില്‍പിനായി, എന്റെ ഭാഗ്യത്തിനായി എനിക്കാവശ്യമില്ല. എന്തെങ്കിലും ജോലി ചെയ്തു് ജീവിക്കാനാണു് എനിക്കിഷ്ടം. ഞാന്‍ ഇന്നോ നാളെയോ മരിച്ചാല്‍, അല്ലെങ്കില്‍ ഒരു രോഗിയായിത്തീര്‍ന്നാല്‍, അതിന്റെ പിന്നില്‍ ഒരു ദൈവത്തെയോ പിശാചിനെയോ ഞാന്‍ കാണുകയില്ല. അതു് എന്നേപ്പോലെതന്നെ മറ്റാര്‍ക്കും സംഭവിക്കാമായിരുന്ന ഒരു കഷ്ടകാലം, അല്ലെങ്കില്‍ യാദൃച്ഛികത – അത്രമാത്രം. ആ അവസ്ഥയെ “വര്‍ണ്ണിക്കാന്‍” ഭാഷ ഏതു് പദമാണു് ഉപയോഗിക്കുന്നതു് എന്നതിനു് ഞാന്‍ യാതൊരു വിലയും കല്‍പിക്കുന്നില്ല. എന്റെ ഭാഗ്യങ്ങള്‍ ദൈവാനുഗ്രഹമാണെന്നോ, നിര്‍ഭാഗ്യങ്ങള്‍ ദൈവശാപമോ, പിശാചിന്റെ പ്രവൃത്തികളോ ആണെന്നോ വിധിയെഴുതിയതുകൊണ്ടു് ഞാന്‍ ഒന്നും നേടുന്നില്ല. വിശപ്പിനും വേദനയ്ക്കും വിവിധ ഭാഷകളില്ല. അവയുടെ “ഭാഷ” കേരളത്തിലും, ഇറാക്കിലും, ചൈനയിലും, മ്യാന്മാറിലും ഒന്നുതന്നെ. ലോകത്തില്‍ എവിടെയെങ്കിലും ഭൂകമ്പമോ, വെള്ളപ്പൊക്കമോ, വരള്‍ച്ചയോ മറ്റു് പ്രകൃതിക്ഷോഭങ്ങളോ മൂലം അന്യമതസ്ഥരോ, അന്യരാജ്യക്കാരോ ആയ ആയിരങ്ങളും പതിനായിരങ്ങളും മരണമടയുമ്പോള്‍, അനാഥരാവുമ്പോള്‍, കിടപ്പിടം നഷ്ടപ്പെടുമ്പോള്‍ അതൊരു ദൈവശാപമാണെന്നു് പറയാന്‍ മാത്രം ഞാനൊരു വന്യമൃഗമോ, ദൈവവിശ്വാസിയോ അല്ല. നിരപരാധിയായ ഒരു കന്യാസ്ത്രീ തലക്കു് അടിയേറ്റു് അബോധാവസ്ഥയിലാവുകയും കിണറ്റില്‍ എറിയപ്പെടുകയും ചെയ്തപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടിവന്ന ഒരു ദൈവത്തിനു് എന്നെയോ, മറ്റേതെങ്കിലുമൊരു ജീവനെയോ ഏതെങ്കിലും വിധത്തില്‍ സഹായിക്കുവാനോ, ദ്രോഹിക്കുവാനോ കഴിയില്ലെന്നു് എനിക്കു് ഉറപ്പാണു്. അത്തരം ക്രൂരതകളെ മൂടി വയ്ക്കാന്‍, എന്തിനു്, നീതീകരിക്കാന്‍ പോലും ശ്രമിക്കുന്നവരുടെ സഹായമോ, സേവനമോ, സാന്ത്വനമോ എനിക്കാവശ്യമില്ല. ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു, എന്റെ അദ്ധ്വാനഫലത്തില്‍ ആശ്രയിക്കുന്നു. ദൈവത്തിന്റേതെന്ന പേരില്‍ ഏതോ മനുഷ്യര്‍ രചിച്ചു് വച്ചിരിക്കുന്ന വാക്യങ്ങള്‍ തിരിച്ചും മറിച്ചും മെതിച്ചു് ദൈവാസ്തിത്വം തെളിയിക്കാന്‍ കഷ്ടപ്പെടുന്നവരുടെ ഒത്താശ എനിക്കതിനാവശ്യമില്ലെന്നു് മാത്രമല്ല, എന്നെ സംബന്ധിച്ചു് അവര്‍ അകറ്റിനിര്‍ത്തേണ്ട ദ്രോഹികള്‍ പോലുമാണു്. ദൈവത്തിന്റെ വായില്‍ നിന്നും വരുന്ന വചനങ്ങള്‍ കൊണ്ടു് വിശപ്പകറ്റാന്‍ ദൈവവചനം പ്രസംഗിച്ചു് സുഖജീവിതം നയിക്കുന്ന ഇത്തിക്കണ്ണികള്‍ക്കേ കഴിയൂ, വായും പൊളിച്ചിരുന്നു് അവരെ കേള്‍ക്കുന്ന മനുഷ്യര്‍ക്കാവില്ല. കാരണം, ഇല്ലാത്ത ദൈവത്തിന്റെ വായില്‍ നിന്നും ഇല്ലാവചനങ്ങളേ വരൂ. വിശപ്പകറ്റാന്‍ ഇല്ലാവചനങ്ങള്‍ക്കാവില്ല. അതിനു് ആഹാരം തന്നെ വേണം.
“നമ്മില്‍ നേരിയ ഒരംശമെങ്കിലും ഭക്തിയുണ്ടെങ്കില്‍, കൃത്യസമയത്തു് നമ്മുടെ ജലദോഷം മാറ്റിത്തരുന്ന ഒരു ദൈവം, അല്ലെങ്കില്‍, വലിയൊരു മഴ പെയ്യുന്നതിനു് തൊട്ടുമുന്‍പു് വണ്ടിയില്‍ കയറ്റിച്ച ഒരു ദൈവം, ശുദ്ധ അസംബന്ധവും പരിഹാസ്യനുമായി നമുക്കു് തോന്നേണ്ടതും, അങ്ങനെയൊരു ദൈവത്തെ – അഥവാ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ – വലിച്ചെറിയേണ്ടതുമാണു്. വീട്ടുജോലിക്കാരനായ, പോസ്റ്റ്‌മാനായ, പഞ്ചാംഗക്കാരനായ ഒരു ദൈവം! – ചുരുക്കത്തില്‍, എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണവിഡ്ഢിത്തമായ, സകല യാദൃച്ഛികതകളെയും പ്രതിനിധീകരിക്കുന്ന ഒരു വാക്കു്. വിദ്യാസമ്പന്നരുടെ ഇടയിലെ മൂന്നിലൊന്നും ഈശ്വരേച്ഛ എന്ന പദം ഏതര്‍ത്ഥത്തിലാണോ വിശ്വസിക്കുന്നതു്, അതേ വിശദീകരണം തന്നെയാണു് ദൈവത്തിനെതിരായ ഏറ്റവും ശക്തിയേറിയ വാദമുഖവും. അതിലും ശക്തിയേറിയ ഒരു വാദമുഖം ദൈവത്തിനെതിരായി കണ്ടെത്താനാവില്ല.” – ഫ്രീഡ്രിഹ് നീറ്റ്സ്‌ഷെ:
ദൈവമോ മതവിശ്വാസമോ അല്ല, സര്‍വ്വജ്ഞാനികളില്‍ നിന്നും, അഹങ്കാരികളില്‍ നിന്നും, അധികാരികളില്‍ നിന്നും, സമഗ്രാധിപത്യത്തില്‍ നിന്നും, ഏകാധിപത്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ഒരു സമൂഹത്തിനു് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതു് പരസ്പരനിയന്ത്രണം സാദ്ധ്യമാവുന്ന (ഉദാ. ലെജിസ്ലെറ്റീവ്, എക്സക്യുട്ടീവ്, ജുഡിഷിയറി) ഒരു ജനാധിപത്യ ഭരണസംവിധാനമാണു്, ഒരു നിയമരാഷ്ട്രമാണു്. അതിന്റെ കാര്യക്ഷമത ജനങ്ങളുടെ ബൗദ്ധിക-സാംസ്കാരിക നിലവാരത്തിലാണു് അധിഷ്ഠിതമെന്നതിനാല്‍, അങ്ങോട്ടേക്കു് മനുഷ്യരെ നയിക്കുകയാണു് ഒരു രാജ്യത്തിന്റെ ചുമതല. കോടികള്‍ ചെലവാക്കി ഒരു രാജ്യം അതിന്റെ പുതിയ തലമുറകളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതു് അതുവഴി ഭാവിയിലെങ്കിലും സമൂഹം ബോധവത്കൃതമാവും എന്ന പ്രതീക്ഷയിലാണു്. അരയില്‍ ഏലസ്സുകെട്ടി തീയിലൂടെ നടക്കാന്‍, കവിളിലും നാക്കിലും ശൂലം തിരുകി തെക്കുവടക്കോടാന്‍, ധ്യാനമന്ദിരങ്ങളില്‍ ചമ്പ്രം പടിഞ്ഞിരുന്നു് പാട്ടുപാടി രോഗം ഭേദമാക്കാന്‍, ദൈവാവതാരങ്ങളായ അമ്മയെയോ അപ്പനേയോ കെട്ടിപ്പിടിച്ചു് ആത്മസായുജ്യം അടയാന്‍ ലജ്ജതോന്നാത്ത ഒരുകൂട്ടം വിഡ്ഢികളെ സൃഷ്ടിക്കാന്‍ ശാസ്ത്രമോ എഞ്ചിനീയറിംഗോ മറ്റേതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസമോ ആവശ്യമില്ല. അതിനു് മുടക്കുന്ന പണത്തിന്റെ ഒരംശം കൊണ്ടു് ഊട്ടുപുരകളും, ധ്യാനമന്ദിരങ്ങളും, പ്രാര്‍ത്ഥനാലയങ്ങളും സ്ഥാപിച്ചാല്‍ മതി. ജനങ്ങളെ വനത്തിലേക്കു് പറഞ്ഞുവിട്ടാല്‍ ആ പണവും ലാഭിക്കാം. ശ്രീരാമനും, സീതയ്ക്കും, ലക്ഷ്മണനും, പാണ്ഡവര്‍ക്കും വാനരന്മാര്‍ക്കുമൊക്കെ വനത്തില്‍ വര്‍ഷങ്ങളോളം ജീവിക്കാമെങ്കില്‍ സാമാന്യജാതി മനുഷ്യര്‍ക്കു് എന്തുകൊണ്ടാവില്ല? ബാക്കിവരുന്ന തുക സ്വാമി-സ്വാമിനി-അമ്മകളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ അവറ്റകളും സംതൃപ്തര്‍! ഭാരതം ഒരു സൗദി അറേബ്യയോ, അമേരിക്കയോ, ക്യൂബയോ ആയിക്കാണാന്‍ വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നില്ല.
(ഗൂഗിള്‍ ബ്ലോഗ് കാലത്തെ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞിടത്തോളം, ഒരു കാല്‍ ബൈബിളിന്റെ സ്വര്‍ണ്ണപ്പുറംചട്ടയിലും, മറുകാല്‍ മാര്‍ക്സിസത്തിന്റെ വിന്‍ഡോ ഡ്രെസ്സിങ്ങിനു് ചുവട്ടിലും ഉറപ്പിച്ചു് പൊളിറ്റിക്കലി ഫിലോസഫിക്കുന്ന ഒരു മാന്യദേഹം, ബൈബിളിലെ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച എന്റെ ഒരു പോസ്റ്റിനെ ആധാരമാക്കി എഴുതിയതും, ഇപ്പോള്‍ കാണാനില്ലാത്തതുമായ) ഒരു ലേഖനത്തില്‍ നിന്നും: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല, കേട്ടിട്ടില്ല, തൊട്ടിട്ടില്ല, മണത്തിട്ടും ഇല്ല. എന്നുവച്ചാല്‍, മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കു് ദൈവം ഒരുനാളും ഗോചരമായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ ദൈവത്തെക്കുറിച്ചു് തലച്ചോറിനു് ഒരു വിവരവും ലഭിച്ചിട്ടില്ല. ശുദ്ധ ശൂന്യമെന്നു് അര്‍ത്ഥം! അതുകൊണ്ടു് ആരെങ്കിലും താന്‍ ദൈവത്തെക്കുറിച്ചു് ചിന്തിച്ചു എന്നു് പറഞ്ഞാല്‍ അതു് അസംബന്ധമാണു്….. പിന്നെ എങ്ങനെ ദൈവത്തെ അറിയാം? ദൈവം സ്വയം വെളിപ്പെടുത്തുക! മറ്റൊരു പോംവഴിയുമില്ല….”
ഒരു വിശ്വാസി എന്നോടു് ഇങ്ങനെ ചില വാചകങ്ങള്‍ പറഞ്ഞാല്‍, അവന്‍ ഒരു പൂര്‍ണ്ണവിശ്വാസിയാണു് എന്നെനിക്കു് അറിയാമെങ്കില്‍ ഞാനതിനു് മറുപടി പറയാന്‍ പോകില്ല. കാരണം, പറഞ്ഞിട്ടു് പ്രയോജനമില്ലെന്നറിയാം. അതേസമയം, ശാസ്ത്രവുമായി ബന്ധമുള്ള ആരെങ്കിലുമാണു് അതു് പറയുന്നതെതെങ്കില്‍, ആ വ്യക്തിക്കു് ശാസ്ത്രീയതയുടെ ഫണ്ഡമെന്റല്‍സ് പോലും അറിയില്ലെന്നും, ഒരു ശാസ്ത്രജ്ഞന്‍ എന്ന പേരിനു് അര്‍ഹതയില്ലെന്നും എനിക്കു് പറയേണ്ടിവരും. കാരണം, ഈ വാചകങ്ങള്‍ അവയില്‍ത്തന്നെ വൈരുദ്ധ്യങ്ങളാണു്. ആ വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയാത്തതാണു് ഇത്തരം പ്രശ്നങ്ങളുടെ മുഴുവന്‍ കാരണവും. ഈ വാചകങ്ങള്‍ പറയാന്‍ ഒരു വ്യക്തിക്കു് നിര്‍ദ്ദേശം കൊടുക്കുന്ന അവന്റെ തലച്ചോറു് അങ്ങനെയൊരു വൈരുദ്ധ്യം കണ്ടിരുന്നെങ്കില്‍ ആ നിര്‍ദ്ദേശം കൊടുക്കുമായിരുന്നില്ല. ഇനി, ആ വൈരുദ്ധ്യങ്ങള്‍ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വ്യക്തിയെ അംഗീകരിക്കാന്‍ ആദ്യത്തെ വ്യക്തിക്കു് കഴിയണമെങ്കില്‍ റീസണബിളായി, റാഷണലായി ലോജിക്കലായി – ചുരുക്കത്തില്‍, ശാസ്ത്രീയമായി – ചിന്തിക്കാന്‍ അവനു് കഴിയണം. അതു് ഈ പറയുന്നത്രയോ, പല ഭക്തരും സ്വയം കരുതുന്നത്രയോ എളുപ്പമല്ല. അതാണു് പ്രശ്നവും. ദൌര്‍ഭാഗ്യം എന്നേ പറയേണ്ടൂ, “ഒരു യദാര്‍ത്ഥ ചിന്തകര്‍” എന്നൊരു ഫെയ്സ്ബുക്ക് ഗ്രൂപ്പ് ഉണ്ടാക്കി പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല അതു്. ഒരല്‍പം ബുദ്ധിയും അതിലേറെ അദ്ധ്വാനവും കൊണ്ടു് മാത്രം നേടാനാവുന്ന ഒരു കാര്യമാണതു്.
പെര്‍സെപ്ഷന്‍ എന്ന വിഷയത്തെപ്പറ്റി കുറച്ചൊന്നുമല്ല എഴുതാനാവുന്നതു്. രണ്ടുമൂന്നു് കാര്യങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിക്കുന്നു: ആധുനിക ന്യൂറോ ബയോളജിയുടെ വെളിച്ചത്തില്‍ പെര്‍സെപ്ഷന്‍ എന്നതു് തലച്ചോറിന്റെ ഒരു “നിര്‍മ്മിതി” മാത്രമാണു്. ലോകം അതില്‍ത്തന്നെ വര്‍ണ്ണശബളമല്ല. നമ്മള്‍ ചെറുതായി കാണുന്നു എന്നതുകൊണ്ടു് അകലെയുള്ള വസ്തുക്കള്‍ (ഉദാ. സൂര്യന്‍) ചെറുതല്ല. നമ്മള്‍ കാണുന്ന വസ്തുക്കളുടെ ഒരു മിനിച്ചര്‍ അഥവാ, ചെറിയ “ചിത്രങ്ങള്‍” തലച്ചോറില്‍ ശേഖരിക്കപ്പെടുന്നില്ല. (ഈ ലേഖനം എഴുതിയ കാലത്തു് ഒരു കവയിത്രി ആടിന്റെ തലച്ചോര്‍ വാങ്ങി പൊരിച്ചു് അതിന്റെ ഫോട്ടോ ബ്ലോഗില്‍ ഇട്ടിരുന്നു. പക്ഷേ, ഇവിടെ ഉദ്ദേശിക്കുന്നതു് മനുഷ്യന്റെ തലച്ചോറാണു്. – ചിന്താശേഷി എന്ന അര്‍ത്ഥത്തില്‍. ഇതുപോലൊരു സൃഷ്ടിയേക്കാള്‍ ഭേദം വാഴവയ്പായിരുന്നു എന്നു് കേട്ടാല്‍ പിറ്റേന്നു് തന്റെ വാഴത്തോട്ടത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നവരുടെ ലോകമാണു്. പ്രത്യേകം പറഞ്ഞില്ലെങ്കില്‍ നാളെ ഫെയ്സ്ബുക്കില്‍ മനുഷ്യന്റെ തലച്ചോറു് പൊരിച്ചതിന്റെ ഫോട്ടോ കാണേണ്ടിവന്നുകൂടെന്നില്ല).
തലച്ചോറില്‍ അറിവു് രൂപമെടുക്കുന്നതു് ഇന്ദ്രിയങ്ങള്‍ വഴിയാണെങ്കില്‍, ആ ഇന്ദ്രിയങ്ങള്‍ക്കു് ഒരുനാളും ഗോചരമായിരുന്നിട്ടില്ലാത്ത, ഗോചരമാവാന്‍ കഴിയാത്ത ഒരു ദൈവത്തെ അറിയാന്‍ മനുഷ്യനു് എങ്ങനെ കഴിയും? ഏതു് വിധത്തില്‍, ഏതു് മാര്‍ഗ്ഗത്തിലൂടെ ദൈവം മനുഷ്യനു് സ്വയം വെളിപ്പെടുത്തിക്കൊടുക്കും? അസാദ്ധ്യത സൂചിപ്പിക്കാന്‍ ഒരു നാടന്‍ പഴഞ്ചൊല്ലുണ്ടു്: “അതു് സംഭവിക്കുന്ന കാലം കാക്ക മലര്‍ന്നു് പറക്കും.” കാക്ക മലര്‍ന്നു് പറക്കുന്നതു് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ഒരു കാക്ക മലര്‍ന്നു് പറക്കുന്നതു് സങ്കല്‍പിക്കാന്‍ എനിക്കൊരു ബുദ്ധിമുട്ടുമില്ല. കാരണം, കാക്കയും, പറക്കലും, മലര്‍ന്നു്, കമിഴ്‌ന്നു് എന്നീ വാക്കുകളും എനിക്കു് പരിചിതമാണു്. ഈ വാക്കുകളെ ഏതുവിധത്തില്‍ വേണമെങ്കിലും കംബൈന്‍ ചെയ്യാന്‍ എനിക്കു് കഴിയും. ആ കൊംബിനേഷന്‍സ് എല്ലാം സാദ്ധ്യമാവണം എന്നു് പറയുന്നതു് ഭ്രാന്തായിരിക്കും. അറബിക്കടല്‍ മുഴുവന്‍ ഞാന്‍ ഒറ്റക്കു് കുടിച്ചുവറ്റിച്ചു എന്നു് സങ്കല്‍പിക്കാന്‍ എനിക്കു് ഒരു പ്രയാസവുമില്ല. എനിക്കറിയാവുന്ന ചില വാക്കുകള്‍ മനോധര്‍മ്മം പോലെ കൂട്ടിച്ചേര്‍ക്കുക മാത്രമാണു് ഞാന്‍ അതുവഴി ചെയ്യുന്നതു്. അതിനു് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഉണ്ടാവണമെന്നു് നിര്‍ബന്ധം പിടിക്കുന്നതു് ഒരു മാനസികരോഗം മാത്രമേ ആവൂ.
ക്രിസ്തുസഭയില്‍ വിഗ്രഹാരാധന നടപ്പിലായതിനെപ്പറ്റി മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ സഭയുടെ ആദ്യകാലസ്വതന്ത്രചരിത്രം വായിക്കുക. പ്രത്യേകിച്ചും A. D. 787-ല്‍ നിഖ്യായില്‍ വച്ചു് നടന്ന ഏഴാം എക്യൂമെനിക്കല്‍ കൗണ്‍സിലിനെ സംബന്ധിച്ചും അതിനു് മുന്‍പും പിന്‍പും ഉള്ള യൂറോപ്യന്‍ ചരിത്രത്തെക്കുറിച്ചുമൊക്കെ. പല കാര്യങ്ങളും നമ്മള്‍ അറിഞ്ഞതുപോലെയോ, നമ്മളെ അറിയിച്ചതുപോലെയോ അല്ല എന്നു് മനസ്സിലാക്കാന്‍ സ്വയം അന്വേഷിക്കുക, വിവിധ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുക എന്നതല്ലാതെ മറ്റു് കുറുക്കുവഴികളൊന്നുമില്ല. കുറുക്കുവഴികളിലൂടെ ലഭിക്കുന്ന ഉത്തരങ്ങളും കുറിയതായിരിക്കും.
മനുഷ്യന്റെ തലച്ചോറില്‍ ബാല്യത്തിലേ ഒരു ദൈവരൂപം സൃഷ്ടിക്കപ്പെടുന്നു. അതു് അവന്റെ സമൂഹത്തിന്റെ, അവന്റെ സമുദായത്തിന്റെ ദൈവമായിരിക്കും. യഹൂദന്റെ ദൈവം മോശെയുടെ ദൈവമാണു്. രൂപമില്ല, നാമമില്ല – (ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു). ഭൗതികമായ ഒന്നുകൊണ്ടും വര്‍ണ്ണിക്കാനാവാത്ത ദൈവം! മോശെയുടെ ഈ ദൈവവര്‍ണ്ണനയ്ക്കു് റാഷണല്‍ ആയ ഒരു അര്‍ത്ഥവുമില്ല. വെറുമൊരു ഭാവനാസൃഷ്ടി മാത്രമാണതു്. പക്ഷേ മൈക്കലാഞ്ചലോ വരയ്ക്കുന്ന ദൈവത്തിനു് ഒരു വൃദ്ധനായ മനുഷ്യന്റെ രൂപമാണു്. മുലകുടി മാറാത്ത ഒരു കുഞ്ഞിനെ അദ്ദേഹത്തിനു് വേണമെങ്കില്‍ ദൈവമായി വരക്കാമായിരുന്നു. മൈക്കലാഞ്ചലോ വരയ്ക്കുന്ന ദൈവത്തിന്റെ ചിത്രം അദ്ദേഹത്തിനു് ബൈബിളില്‍ നിന്നും ലഭിച്ച അറിവിന്റെ വെളിച്ചത്തിലെ ഒരു സാങ്കല്‍പിക ചിത്രമാണു്, ഭാവനാചിത്രമാണു്. ശ്രീബുദ്ധന്‍ ഒരു ദൈവത്തെ ചൂണ്ടിക്കാണിച്ചില്ല. പക്ഷേ, ബുദ്ധമതവിശ്വാസികള്‍ ബുദ്ധന്റെ പ്രതിമ സൃഷ്ടിച്ചു് ആരാധിക്കുന്നു. ബുദ്ധരൂപം സ്വര്‍ണ്ണമോ, വെള്ളിയോ, കളിമണ്ണോ എന്നതു് ഓരോ ബുദ്ധമതസമൂഹത്തിന്റെയും സാമ്പത്തികശേഷിയില്‍ മാത്രം അധിഷ്ഠിതമായ കാര്യമാണു്.
ബൈബിളില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാമെങ്കില്‍, യഹോവയെ ആരും കണ്ടിട്ടില്ല എന്ന അഭിപ്രായം ശരിയാവുകയില്ല. പുറപ്പാടു് പുസ്തകത്തില്‍ ദൈവത്തെ കണ്ടതിനെപ്പറ്റി എഴുതിയിരിക്കുന്നതു് ശ്രദ്ധിക്കുക: “അനന്തരം മോശെയും അഹരോനും നാദാബും അബീഹുവും യിസ്രായേല്‍ മൂപ്പന്മാരില്‍ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവര്‍ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങള്‍ക്കുകീഴെ നീലക്കല്ലുപടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛത പോലെയും ആയിരുന്നു”. – (പുറപ്പാടു് 24: 9, 10)
വെറും ഒന്‍പതു് അദ്ധ്യായങ്ങള്‍ക്കുശേഷം നമ്മള്‍ വീണ്ടും വായിക്കുന്നു: “അപ്പോള്‍ അവന്‍ (മോശെ): “നിന്റെ തേജസ്സു് എനിക്കു് കാണിച്ചു് തരേണമേ എന്നപേക്ഷിച്ചു. അതിനു് അവന്‍ (യഹോവ): “… കൃപ ചെയ്‌വാന്‍ എനിക്കു് മനസ്സുള്ളവനോടു് ഞാന്‍ കൃപ ചെയ്യും. കരുണ കാണിപ്പാന്‍ എനിക്കു് മനസ്സുള്ളവനു് ഞാന്‍ കരുണ കാണിക്കും എന്നരുളിച്ചെയ്തു. നിനക്കു് എന്റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു് ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്‍പിച്ചു. ഇതാ എന്റെ അടുക്കല്‍ ഒരു സ്ഥലമുണ്ടു്; അവിടെ ആ പാറമേല്‍ നീ നില്‍ക്കേണം. എന്റെ തേജസ്സു് കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നെ പാറയുടെ ഒരു പിളര്‍പ്പില്‍ ആക്കി ഞാന്‍ കടന്നുപോകുവോളം എന്റെ കൈകൊണ്ടു് നിന്നെ മറയ്ക്കും. പിന്നെ എന്റെ കൈ നീക്കും. നീ എന്റെ പിന്‍ഭാഗം കാണും. എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.” – (പുറപ്പാടു് 33: 18 – 23). രൂപവും നാമവുമൊന്നും ഇല്ലെങ്കിലും “അരുളിച്ചെയ്യലിനു്” ഒരു കുറവുമില്ല!
ഇതു് കേരളത്തിലെ ഏതെങ്കിലും ഒരു സ്വാമി ശുഷ്കാനന്ദ കൂടുവിട്ടു് കൂടുമാറുന്നതിന്റെ വര്‍ണ്ണനയല്ല. ഭൂമി, സൂര്യന്‍, ചന്ദ്രന്‍, ജീവജാലങ്ങള്‍, ഗാലക്സികള്‍, ബ്ലാക്ക് ഹോളുകള്‍, ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍ തുടങ്ങി എലെമെന്ററി പാര്‍ട്ടിക്കിളുകള്‍ വരെ അടങ്ങിയിരിക്കുന്ന നമ്മുടെ പ്രപഞ്ചത്തെ മുഴുവന്‍ നിര്‍മ്മിച്ചവന്‍ “ആയിരിക്കേണ്ട” ഒരു ദൈവമാണു് മോശെക്കു് തന്റെ ചന്തി കാണിച്ചുകൊടുത്തു എന്നെഴുതിവച്ചിരിക്കുന്നതു്! മോശെയെ തന്റെ പിന്‍ഭാഗം കാണിക്കാനായി ദൈവം മനുഷ്യരൂപത്തില്‍ ഭൂമിയില്‍ വന്നു എന്നാവും മറുവാദം. അല്ലെന്നു് ആരു് തെളിയിക്കും? അതെന്തായാലും, ഒരുത്തന്‍ അവന്റെ തലയില്‍ കെട്ടിച്ചുമക്കുന്ന ദൈവത്തിന്റെ ചിത്രം ഏതാണെന്നു് മനസ്സിലാക്കാന്‍ നിഷ്പക്ഷമതികളെ ഇത്തരം വാദഗതികള്‍ സഹായിക്കും. അങ്ങനെ വില കുറഞ്ഞവനാണു് ദൈവമെങ്കില്‍ ആ ദൈവത്തെ ഒഴിവാക്കാനുള്ള ബാദ്ധ്യത ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യര്‍ക്കുണ്ടെന്നണെന്റെ ഉറച്ച വിശ്വാസം.
അതു് അങ്ങനെയല്ല, ഇങ്ങനെയാണു് മോശെ ഉദ്ദേശിച്ചതു് എന്നും മറ്റും പറയുന്നവര്‍ മനുഷ്യരായിരിക്കുന്നിടത്തോളം അവരുടെ അപഗ്രഥനങ്ങളിലെ സത്യവും, അസത്യവും, ആധികാരികതയും ചോദ്യം ചെയ്യപ്പെടണം. എന്തടിസ്ഥാനത്തില്‍, എന്തു് നീതിയുടെ പേരില്‍ ഞാന്‍ മറ്റൊരു മനുഷ്യന്‍ പറയുന്നതിനെ കണ്ണുമടച്ചു് വിശ്വസിക്കണം? മറ്റുള്ളവര്‍ വിശ്വസിക്കുന്നതുകൊണ്ടു് ഞാനും വിശ്വസിക്കണമെന്നു് ഒരു നിയമവുമില്ല. യഹൂദര്‍ മുഴുവന്‍ കാളക്കുട്ടിയെ ആരാധിച്ചു എന്നതുകൊണ്ടു് മോശെയും ആ കാളക്കുട്ടിയില്‍ വിശ്വസിക്കുകയായിരുന്നോ? അതോ തല്ലിപ്പൊട്ടിച്ചു് അരച്ചുകലക്കി എല്ലാവരേയും കുടിപ്പിക്കുകയായിരുന്നോ? യുക്തിയെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത വിഡ്ഢിത്തങ്ങള്‍ വിശ്വസിക്കാനുള്ള ഒരു ബാദ്ധ്യതയും എനിക്കില്ല, ആര്‍ക്കുമില്ല. കേള്‍ക്കുന്നതെല്ലാം വിശ്വസിക്കണമോ വേണ്ടയോ എന്നതു് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തില്‍പെട്ട കാര്യമാണു്.
ബൈബിളിനെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നതിനു് മുന്‍പു് ഒരുവന്‍ ബൈബിള്‍ മനസ്സിരുത്തി വായിച്ചിരിക്കണം. ഭഗവദ് ഗീതയെ വിമര്‍ശിക്കുന്നതിനു് മുന്‍പു് ഒരുവന്‍ ഭഗവദ് ഗീത വായിച്ചിരിക്കണം, മനസ്സിലാക്കിയിരിക്കണം. ഖുര്‍ ആനെ അപഗ്രഥിക്കണമെന്നുള്ളവന്‍ അതു് പഠിച്ചിരിക്കണം. വായിച്ചിട്ടും പഠിച്ചിട്ടുമുള്ളവര്‍ എന്നു് അവകാശപ്പെടുന്നവര്‍ പറയുന്നതു് കേട്ടു് വിശ്വസിച്ചാല്‍ മതിയെന്നുള്ളവര്‍ക്കു് തീര്‍ച്ചയായും അങ്ങനെയും ആവാം. ആരുപറഞ്ഞു വേണ്ടെന്നു്? പക്ഷേ, അവര്‍ സാമാന്യമര്യാദയുടെ പേരില്‍ മറ്റുള്ളവരെ ഉപദേശിക്കാതിരിക്കുകയെങ്കിലും ചെയ്യണം. കേട്ടിടത്തു് കേട്ടിട്ടു്, എല്ലാം പഠിച്ചവന്‍ എന്ന ഭാവത്തില്‍ മറ്റുള്ളവരെ “ഫയങ്കര ചോദ്യങ്ങള്‍” ചോദിച്ചു് തറപറ്റിച്ചു എന്നു് സ്വയം വിശ്വസിപ്പിച്ചു് “ആത്മാന്വേഷി” ചമഞ്ഞു് ബ്ലോഗ് നീളെ ഓടിനടക്കാതിരിക്കുകയെങ്കിലും ചെയ്യണം. മലയാളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ടു്: “ആയിരം ബുദ്ധിമാന്മാര്‍ക്കു് പുറത്തെടുക്കാന്‍ കഴിയാത്ത ഒരു കല്ലു് വിഡ്ഢി കിണറ്റിലിട്ടുകളയും.” കല്ലു് ആര്‍ക്കുവേണമെങ്കിലും കിണറ്റിലിടാം. ഒരെതിര്‍പ്പുമില്ല. പക്ഷേ, ദയവുചെയ്തു് മറ്റുള്ളവരോടു് അതെടുത്തു് തരാന്‍ പറയരുതു്. അതിനുള്ള ബാദ്ധ്യത അവര്‍ക്കുണ്ടെന്നു് നിനക്കു് തോന്നുന്നുണ്ടെങ്കില്‍ അതു് നിന്റെ മാത്രം തകരാറാണു്, അവരുടേതല്ല. അറിയാന്‍ വേണ്ടിയാണു് വായിക്കുന്നതെങ്കില്‍, വെറുതെ വായിച്ചാല്‍ മാത്രം പോരാ, വായിക്കുന്നതു് മനസ്സിലാക്കാനും, മനസ്സില്‍ ഇരുത്താനും കഴിയണം. അഞ്ചാം പേജില്‍നിന്നും പത്താം പേജില്‍ എത്തുമ്പോഴേക്കും അതുവരെ വായിച്ചതു് മറന്നാല്‍ അവിടെയും ഇവിടെയും എഴുതിയിരിക്കുന്നവ തമ്മിലുള്ള വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയില്ല.
നിര്‍വചനപ്രകാരം, ദൈവവചനം കുറ്റമറ്റതായിരിക്കണം എന്നതിനാല്‍, അതില്‍ ദര്‍ശിക്കാന്‍ കഴിയുന്ന ഏതൊരു വൈരുദ്ധ്യവും അതിന്റെ പൊതുവായ ദൈവികതയെയും, ആധികാരികതയെയും ചോദ്യം ചെയ്യുന്നതായിരിക്കും. “ഒന്നുകില്‍ ഗര്‍ഭമുണ്ടു്, അല്ലെങ്കില്‍ ഗര്‍ഭമില്ല” എന്നല്ലാതെ “ശകലം ഗര്‍ഭം” എന്നൊന്നില്ല. “നീ കൊല ചെയ്യരുതു്” എന്ന കല്‍പന “നീ ആരെയും ഒരു കാരണവശാലും കൊല ചെയ്യരുതു്” എന്ന അര്‍ത്ഥത്തില്‍ മാത്രമേ ഒരു ദൈവകല്‍പന ആവൂ. ബൈബിളില്‍ മറ്റൊരിടത്തു് അനുസരണയില്ലാത്ത മകനെവരെ കല്ലെറിഞ്ഞു് കൊല്ലാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അത്തരമൊരു കല്‍പന ദൈവികമല്ല, മാനുഷികം പോലുമല്ല; അതു് ഏതോ വികൃതമനസ്സില്‍ രൂപമെടുത്ത കാട്ടാളത്തം മാത്രമേ ആവൂ. സര്‍വ്വശക്തനായ ഒരു ദൈവത്തിനു് ഇതൊന്നും കൂടാതെതന്നെ മനുഷ്യരില്‍ നിന്നും “കൊല ചെയ്യണം” എന്ന വികാരം എടുത്തു് മാറ്റാന്‍ കഴിയുമായിരുന്നു, ഇന്നും വേണമെങ്കില്‍ കഴിയും എന്നതിനാല്‍, ഇത്തരം കല്‍പനകള്‍ക്കു് യാതൊരുവിധ വിലയോ ദൈവികതയോ കല്‍പിക്കാന്‍ കഴിയുകയില്ല. എത്രയെത്ര വിശദീകരണങ്ങള്‍! എത്രയെത്ര തിരിമറികള്‍! കാലാകാലങ്ങളില്‍ മാറിമാറിവന്ന എത്രയെത്ര അര്‍ത്ഥവ്യത്യാസങ്ങള്‍! മനുഷ്യന്റെ ഫ്രീ വില്‍ ഒക്കെ കുറെനാള്‍ ഇട്ടു് പയറ്റി ഇപ്പോള്‍ വളരെ പഴകിക്കഴിഞ്ഞു – ഇന്നും അതൊന്നും മനസ്സിലാവാത്തവര്‍ ധാരാളമുണ്ടെങ്കിലും! അവരാണല്ലോ വരുമാനമാര്‍ഗ്ഗം! അവര്‍ക്കെന്തിനു് അപഗ്രഥനങ്ങള്‍. പള്ളിമണി കേട്ടാല്‍ അവര്‍ എത്തിക്കൊള്ളും. അങ്ങനെയാണു് ഭക്തര്‍ കണ്ഡീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നതു്. മണിയടി കേള്‍ക്കുമ്പോള്‍ കാലു് പൊക്കുന്ന ഞരമ്പു് രോഗിയായ കുതിരയെപ്പോലെ! അവരില്ലെങ്കില്‍ പാതിരിമാര്‍ പണ്ടേതന്നെ, പണ്ടു് യഹോവ ആദാമിനെ ശിക്ഷിച്ചപോലെ, മുഖത്തെ വിയര്‍പ്പുകൊണ്ടു് ഉപജീവനം കഴിക്കാനായി തൂമ്പ വാങ്ങേണ്ടി വരുമായിരുന്നു.
മറ്റൊരുവന്റെ മുതല്‍ അവന്റെ അനുവാദമില്ലാതെ എടുക്കുന്നതു് മോഷണമാണു്. അവനോടു് അതു് കരുതിക്കൂട്ടി, അഥവാ, തിരിച്ചുകൊടുക്കുകയില്ലെന്നു് രഹസ്യമായി തീരുമാനിച്ചുകൊണ്ടു് കടം വാങ്ങുന്നതു് വഞ്ചനയാണു്. “യിസ്രയേല്‍മക്കള്‍ മോശെയുടെ വചനം അനുസരിച്ചു് മിസ്രയീമ്യരോടു് വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യര്‍ക്കു് ജനത്തോടു് കൃപ തോന്നിച്ചതുകൊണ്ടു് അവര്‍ ചോദിച്ചതൊക്കെയും അവര്‍ക്കു് കൊടുത്തു. അങ്ങനെ അവര്‍ മിസ്രയീമ്യരെ കൊള്ളയിട്ടു.” – (പുറപ്പാടു് 12: 35, 36) അക്കാലത്തെ മിസ്രയീമ്യര്‍ (ഈജിപ്തുകാര്‍) കൂടാരങ്ങളുമായി നാടുചുറ്റിയിരുന്ന ആട്ടിടയന്മാരായിരുന്ന യിസ്രായേല്യരെപ്പോലെ കാടന്മാര്‍ ആയിരുന്നില്ല, സംസ്കാരസമ്പന്നരായ ഒരു ജനവിഭാഗമായിരുന്നു. ഇന്നും നമ്മെ അത്ഭുതസ്തബ്ധരാക്കുന്ന പല നേട്ടങ്ങളും മാനവരാശിക്കു് കാഴ്ചവച്ച ഒരു പുരാതനസംസ്കാരം. “ഇടയന്മാരെല്ലാം മിസ്രയീമ്യര്‍ക്കു് വെറുപ്പല്ലോ” – ഉത്പത്തി: 46: 34) എന്നിട്ടും യിസ്രയേല്യര്‍ മിസ്രയീമില്‍ അത്ര ബുദ്ധിമുട്ടി ആയിരുന്നില്ല ജീവിച്ചിരുന്നതെന്നതിനു് ബൈബിള്‍ തന്നെ സാക്‍ഷ്യം വഹിക്കുന്നുണ്ടു്: “മിസ്രയീമ്യര്‍ക്കു് വേല ചെയ്‌വാന്‍ ഞങ്ങളെ വിടേണം എന്നു് ഞങ്ങള്‍ മിസ്രയീമില്‍ വച്ചു് നിന്നോടു് പറഞ്ഞില്ലയോ? മിസ്രയീമില്‍ ശവക്കുഴി ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയില്‍ മരിപ്പാന്‍ കൂട്ടിക്കൊണ്ടു് വന്നതു്.” – (പുറപ്പാടു് 14: 11, 12) “ഞങ്ങള്‍ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകും വണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീം ദേശത്തുവച്ചു് യഹോവയുടെ കയ്യാല്‍ മരിച്ചിരുന്നു എങ്കില്‍ കൊള്ളായിരുന്നു.” (പുറപ്പാടു് 16: 3) അങ്ങനെയുള്ള ഒരു ജനവിഭാഗത്തിനെ ആണു് യഹോവ നന്ദിപൂര്‍വ്വം പത്തു് ബാധകള്‍ വരുത്തി പീഡിപ്പിക്കുന്നതു്! ആദ്യജാതന്മാരെ മുഴുവന്‍ കൊന്നൊടുക്കുന്നതു്! ഏറ്റവും ചുരുങ്ങിയപക്ഷം യഹൂദര്‍ നൂറ്റാണ്ടുകള്‍ അവിടെ ജീവിച്ചു് ജോലിചെയ്തു് മിസ്രയീമ്യരുടെ ഐശ്വര്യത്തിന്റെ പങ്കുപറ്റിയതിന്റെ നന്ദിയെങ്കിലും കാണിക്കാമായിരുന്നു. ഒരു ദൈവത്തെ പത്തുവട്ടം കുരങ്ങുകളിപ്പിക്കുന്ന ഒരു ഫറവോയോ ആ ദൈവമോ കൂടുതല്‍ ശക്തന്‍? കൂടുതല്‍ ബുദ്ധിമാന്‍? ആ കഥകള്‍ നേരോ നുണയോ എന്നതെല്ലാം മറ്റൊരു വിഷയം. മറ്റൊരു ലേഖനത്തില്‍ വിവരിച്ചിട്ടുള്ളതിനാല്‍, യഹൂദര്‍ അവിടം വിടാനുണ്ടായ ചരിത്രപരമായ കാരണങ്ങളിലേക്കു് ഇവിടെ കടക്കുന്നില്ല.
ഇതൊന്നും ഞാന്‍ ഒരു വിശ്വാസിയെ പറഞ്ഞു് മനസ്സിലാക്കേണ്ട കാര്യങ്ങളല്ല. താന്‍ വിശ്വസിക്കുന്നതു് എന്തിലാണെന്നു് ഏതൊരു വിശ്വാസിയും സ്വയമാണു് അന്വേഷിച്ചറിയേണ്ടതു്. അവനു് അതിനു് കഴിവില്ലെങ്കില്‍, ആഗ്രഹമില്ലെങ്കില്‍, അവന്‍ അവന്റെ വിശ്വാസത്തില്‍ സംതൃപ്തനെങ്കില്‍ ആര്‍ക്കു് എന്തു് ചൊറിച്ചില്‍? പക്ഷേ വിശ്വാസത്തിന്റെ യുക്തിഭദ്രത തെളിയിക്കാന്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതു് പരിഹാസ്യമാണു്. എന്നുമുതലാണു് വിശ്വാസി ശാസ്ത്രത്തെ സ്നേഹിക്കാന്‍ തുടങ്ങിയതു്? പണ്ടു് ചെകുത്താന്‍ ആയിരുന്ന ശാസ്ത്രം ഇന്നെങ്ങനെ കറിവേപ്പിലയും സഹായിയുമാവും? ഇങ്ങനെയുമുണ്ടോ കാപട്യം? കുറെ നാള്‍ ഞാനും ഓടിയിരുന്നു, വിശ്വാസികളുടെ മുന്‍നിരയില്‍ തന്നെ. എനിക്കു് മതിയായി. ദൈവം പ്രവാചകരോടു് പറഞ്ഞതിന്റെ അര്‍ത്ഥം അങ്ങനെ ആയിരുന്നില്ല ഇങ്ങനെ ആയിരുന്നു എന്നു് വ്യക്തമായി അറിയാവുന്നവര്‍ എന്നു് ഭാവിച്ചിരുന്നവരുടെ അടുത്തുനിന്നാണു് ഞാനും വരുന്നതു്. എന്റെ വ്യക്തിപരമായ അന്വേഷണങ്ങളുടെ ഒരു നേരിയ അംശമാണു് ഞാന്‍ ഇടയ്ക്കിടെ കുറിച്ചിടുന്നതു്. എന്നെ സന്തോഷത്തോടെ വായിക്കുന്ന ചിലരെങ്കിലും ഉണ്ടു് എന്നതിനാല്‍, ഗൂഗിള്‍ അനുവദിക്കുന്നിടത്തോളം അതു് തുടരണമെന്നുമുണ്ടു്. ആര്‍ക്കെങ്കിലും അതു് അവരുടെ അന്വേഷണങ്ങള്‍ക്കു് പ്രചോദനമായാല്‍ ആവട്ടെ എന്നതാണു് ലക്‍ഷ്യം. ആരെയെങ്കിലും ഉപദേശിച്ചു് നന്നാക്കുക എന്നതൊന്നും എനിക്കു് കഴിയുന്ന കാര്യങ്ങളല്ല, എന്റെ ലക്‍ഷ്യവുമല്ല. എന്നെ വിമര്‍ശിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, വിമര്‍ശിക്കുന്നതിനുമുന്‍പു് ഞാന്‍ ഇതുവരെ എഴുതിയ കാര്യങ്ങള്‍ മനസ്സിരുത്തി ഒന്നു് വായിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ! ആരംഭിച്ചിടത്തുനിന്നു് വീണ്ടും വീണ്ടും ആരംഭിക്കേണ്ടിവരുന്നതു് എനിക്കെന്നല്ല, ആര്‍ക്കായാലും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരിക്കും. പ്രാഗ്‌മാറ്റിസത്തിന്റെ പള്ളിക്കൂടത്തില്‍ നിന്നും വരുന്ന ഒരുവന്‍ എന്ന നിലയില്‍ ആവശ്യമില്ലാത്ത, പ്രയോജനമില്ലാത്ത ചെറിയ ചുവടുകള്‍ പോലും ഒഴിവാക്കാന്‍ ശ്രമിക്കുന്ന എന്നേപ്പോലൊരുവനു് പ്രത്യേകിച്ചും.
സാക്ഷാല്‍ ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍തന്നെ ഇങ്ങനെയൊക്കെയാണെങ്കില്‍, ആ ദൈവത്തെ പ്രതിനിധീകരിക്കുന്ന മിടുക്കന്മാരെപ്പറ്റി എന്തിനു് മനുഷ്യന്‍ കൂടുതല്‍ എഴുതിയോ പറഞ്ഞോ വെറുതെ എനര്‍ജി നഷ്ടപ്പെടുത്തണം? എന്റെ ബ്ലോഗിലോ, മറ്റു് ചില ബ്ലോഗുകളിലോ പലവട്ടം നല്‍കിയ മറുപടികളുടെ ചോദ്യങ്ങളാണു് വീണ്ടും വീണ്ടും പലപ്പോഴും കുപ്പായം പോലും മാറാതെ അവിടെയും ഇവിടെയും അവതരിപ്പിക്കപ്പെടുന്നതു്.
തനിക്കു് പറയാനുള്ള കാര്യങ്ങള്‍ ആര്‍ക്കും സംശയത്തിനു് ഇടവരാത്തവിധത്തില്‍ പറയാനുള്ള കഴിവെങ്കിലും ഒരു ദൈവത്തിനുണ്ടാവണം. എത്രയോ പ്രാവശ്യം മനുഷ്യര്‍ ഇടപെട്ടു് തിരുത്തുകയും, പുതുക്കുകയും ചെയ്യേണ്ടിവരുന്ന കുറേ വാചകങ്ങള്‍ ഒരിക്കലും ദൈവത്തിന്റേതാവാന്‍ കഴിയില്ല. ഇതൊക്കെ ആയിട്ടും ഫലപ്രാപ്തി കൈവരിക്കാന്‍ കഴിയുന്നുമില്ല എന്നതാണേറെ രസം. “വിഗ്രഹങ്ങള്‍ ഉണ്ടാക്കരുതു്” എന്നു് ദൈവം പറഞ്ഞാല്‍ “വിഗ്രഹങ്ങള്‍ ഉണ്ടാക്കരുതു്” എന്നേ അതിനര്‍ത്ഥമുള്ളു. അതിനു് മറ്റൊരര്‍ത്ഥമുണ്ടെങ്കില്‍, ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ അതു് പറയാന്‍ പോവരുതു്. പാപികളായ മനുഷ്യരെ മുഴുവന്‍ ദൈവം പ്രളയം വഴി കൊല്ലുന്നതു് ഭാവിയില്‍ ഒരിക്കലും മനുഷ്യര്‍ പാപം ചെയ്യാത്തവരായി തീരുമെങ്കില്‍ മാത്രമേ നീതീകരിക്കാനാവൂ. അല്ലെങ്കില്‍ മനുഷ്യവര്‍ഗ്ഗത്തെ കൂട്ടക്കൊല ചെയ്തതിന്റെ പേരില്‍ ആ ദൈവത്തെ കോടതികയറ്റുകയാണു് വേണ്ടതു്! മക്കളെ ജനിപ്പിച്ചു എന്നതു് അവരെ കൊല്ലുന്നതിനുള്ള ന്യായീകരണമല്ല. ഏതു് സംസ്കൃതസമൂഹത്തിലും അതു് കൊലക്കുറ്റമാണു്, ശിക്ഷാര്‍ഹമാണു്.
തത്വചിന്തകനായ ലുഡ്‌വിഗ് വിറ്റ്‌ഗന്‍സ്റ്റൈന്‍ വളരെ മനോഹരമായി പറഞ്ഞിട്ടുണ്ടു്: “വാക്കുകള്‍ ചെയ്യേണ്ടതു് യാഥാര്‍ത്ഥ്യത്തെ യുക്ത്യനുസൃതമായി വെളിപ്പെടുത്തുകയാണു്. പറയാന്‍ കഴിയുന്നവ തെളിച്ചും വ്യക്തമായും പറയാന്‍ കഴിയും. പറയാന്‍ കഴിയാത്തവയെപ്പറ്റി മനുഷ്യന്‍ നിശബ്ദത പാലിക്കണം.”
ഇതു് മനുഷ്യനു് മാത്രമല്ല, ദൈവത്തിനും ബാധകമായിരിക്കേണ്ടതാണു്.
സജി
Jun 3, 2008 at 10:37
സാബു,
താങ്കളുടെ ദീര്‍ഘമായ ലേഖനത്തിന്‍ ഒരു ചെറിയ മറുപടി ഈ ലിങ്കില്‍ എഴുതിയിട്ടയിട്ടുണ്ട്..
സി. കെ. ബാബു
Jun 3, 2008 at 10:58
🙂
സജി
Jun 3, 2008 at 13:06
ബാബു..
പേരു മാറിപ്പോയി അല്ലേ?
സോറി..
Reji
Jun 3, 2008 at 19:38
സത്യത്തില്‍ ഈ ദൈവങ്ങളെല്ലം ഒരുപോലെയല്ലേ?. ഞായറാഴ്ച്ച പുരോഹിതന്‍ ആടയാഭരണങ്ങിളിട്ടു കുര്‍ബാന ചെല്ലിയില്ലെങ്കില്‍ യഹോവ കോപിക്കും. ഹിന്ദു ദൈവവും ദിവ്സവും പൂജ ചെയ്തില്ലെങ്കില്‍ കോപിക്കും. ഒരു വ്യത്യാസമേയുള്ളൂ, യഹോവയക്കു മെഴുകുതിരിയും കുന്തിരിക്കവുമാണു പ്രിയം. ഹിന്ദു ദൈവങ്ങള്‍ക്ക് സാമ്പ്രാണിയും നിലവിളക്കും. പിന്നെ എന്റെ ദൈവമാണ് കേമന്‍ എന്നു പറഞ്ഞ് ഇവരു തമ്മിലെന്തിനാ തമ്മിലടിക്കുന്നത്… ?
സി. കെ. ബാബു
Jun 3, 2008 at 21:27
reji,
ദൈവങ്ങള്‍ നേരിട്ടു് ഇന്നുവരെ മനുഷ്യര്‍ക്കു് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല, ഉണ്ടാക്കുകയുമില്ല. ദൈവത്തെക്കാള്‍ വലിയവര്‍ എന്നു് കരുതുന്ന കുറെ അര്‍ദ്ധദൈവങ്ങളാണു് ജനങ്ങളെ തമ്മിലടിപ്പിക്കുന്നതു്. സ്വന്തം അധികാരക്കസേര ഉറപ്പാക്കുക എന്നതു് മാത്രമാണു് അവരുടെ ലക്‍ഷ്യം! പാവം വിശ്വാസികള്‍ അതു് തിരിച്ചറിയാത്തതു് സമൂഹത്തിന്റെ ശാപവും അതോടൊപ്പം ആത്മീയനേതാക്കളുടെ ഭാഗ്യവും!
ശ്രീവല്ലഭന്‍.
Jun 3, 2008 at 22:46
എന്‍റെ ദൈവമേ ഇതൊക്കെ വായിക്കാന്‍ കുറെ സമയം എടുക്കും. പിന്നെ വായിക്കാം 🙂
സി. കെ. ബാബു
Jun 4, 2008 at 07:35
ശ്രീവല്ലഭന്‍,
ദൈവവചനങ്ങള്‍ വായിച്ചു് ദൈവസ്നേഹം അറിഞ്ഞു് സ്വന്തം ആത്മാവിനെ രക്ഷിക്കൂ കുഞ്ഞാടേ! വീടും കുടുംബവും ഒക്കെ ഉപേക്ഷിക്കൂ! അവര്‍ക്കും നിനക്കും തമ്മില്‍ എന്തു്? അവര്‍ അവരുടെ പണി നോക്കട്ടെ! യേശുവിന്റെ വചനം നീ കേട്ടിട്ടില്ലയോ ഭക്താ?
“എന്നേക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു് യോഗ്യനല്ല; എന്നേക്കാള്‍ അധികം മകനേയോ മകളേയോ പ്രിയപ്പെടുന്നവന്‍ എനിക്കു് യോഗ്യനല്ല.”
അതാണു് മകനേ യഥാര്‍ത്ഥ ദൈവവിശ്വാസം! ആകാശത്തിലെ ഈയാംപാറ്റകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല. അവ ഒന്നും ബാങ്ക് സെയ്ഫില്‍ സൂക്ഷിക്കുന്നില്ല. എന്നിട്ടും അവ ദൈവാനുഗ്രഹത്താല്‍ നാളത്തിനു് ചുറ്റും പറന്നു് നടക്കുന്നതും ചിറകു് കരിഞ്ഞു് പിടഞ്ഞു് ചാവുന്നതും നീ കണ്ടിട്ടില്ലയോ മകനേ? സ്തോത്രം!! അതുകൊണ്ടു് വായന നീട്ടി വയ്ക്കാതിരിക്കൂ! ദൈവരാജ്യം ഇപ്പോള്‍ തന്നെ വന്നേക്കാം! (കളിമാറും, സൂക്ഷിച്ചോ!)
കാവലാന്‍
Jun 4, 2008 at 11:51
“ഒരു മനുഷ്യന്‍ ഭക്തിയിലും വിശ്വാസത്തിലും അവന്റെ ഭാഗ്യം കണ്ടെത്തുന്നുവെങ്കില്‍, അവയില്ലാത്ത ഒരു ജീവിതം അവനെ നിര്‍ഭാഗ്യവാനാക്കിത്തീര്‍ക്കുമെന്നുണ്ടെങ്കില്‍, അവനെ ആ വഴിയെ പോകാന്‍ അനുവദിക്കുന്നതാണു് അവനുവേണ്ടി എനിക്കു് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സത്കര്‍മ്മം”
നല്ല കാഴ്ചപ്പാട് ഇതേ കാഴ്ചപ്പാടു പുലര്‍ത്താന്‍ പക്ഷേ മതങ്ങള്‍ക്കു സാധ്യമല്ലല്ലോ.
ആ വിധത്തിലല്ല ഈ വിധത്തില്‍,ആ ഭാഷയല്ല ദേ ഈ ഭാഷ,ആ പുസ്തകമല്ല ഈ പുസ്തകം ഇതു മാത്രം ഇങ്ങനെ പോകുന്നു മതത്തിന്റെ കാഴ്ചപ്പാടുകള്‍.ആര്‍ക്കും സ്വാതന്ത്ര്യം കൊടുക്കാന്‍ മതങ്ങള്‍ തയാറല്ല.
സി. കെ. ബാബു
Jun 4, 2008 at 13:19
കാവലാനെ,
മനുഷ്യരെ വഴിതെറ്റിക്കുന്ന കപടാത്മാക്കള്‍ക്കറിയാം പാവം വിശ്വാസി അവരുടെ പഠിപ്പിക്കലുകളൊന്നും പരിശോധിക്കാന്‍ പോകുന്നില്ലെന്നു്. സാധാരണക്കാരായ മനുഷ്യര്‍ സഹജീവികളെ പറ്റിച്ചു് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാല്‍ അവര്‍ക്കു് ആത്മീയമായ കാര്യങ്ങളില്‍ നല്ല കാഴ്ചപ്പാടാവാം. പുരോഹിതര്‍ക്കു് അതു് പറ്റില്ലല്ലോ. അവരുടെ നിലനില്പിനു് തടസ്സം വരാതിരിക്കാന്‍ വിശ്വാസി എപ്പോഴും അവരുടെ നിയന്ത്രണത്തിലായിരിക്കണം, അവരെക്കാള്‍ “താഴെ” ആയിരിക്കണം! പുരോഹിതര്‍ എത്രമാത്രം താഴെയാണു് എന്നറിയുമ്പോഴേ “അവരേക്കാള്‍ താഴെ” എന്നതിന്റെ ശരിയായ അര്‍ത്ഥം നമുക്കു് മനസ്സിലാവൂ!
മനുഷ്യര്‍ സ്വതന്ത്രമായി ചിന്തിച്ചാല്‍ ഇടിഞ്ഞു് വീഴുന്ന ഒരു വിശ്വാസസൌധത്തിന്റെ അടിത്തട്ടു് “ഉറച്ച” മണ്ണില്‍ പണിതുയര്‍ത്തിയതാവാന്‍ കഴിയില്ല. ആര്‍ക്കും സ്വാതന്ത്ര്യം കൊടുക്കാന്‍ മതങ്ങള്‍ തയ്യാറാവാത്തതും മറ്റൊന്നുകൊണ്ടുമല്ല. മനുഷ്യര്‍ ആ സ്വാതന്ത്ര്യം പിടിച്ചു് വാങ്ങുന്നതുവരെ അവര്‍ക്കതു് ലഭിക്കുകയുമില്ല.
സ്വതന്ത്ര ചിന്താശേഷി ഇല്ലെങ്കില്‍ പിന്നെ മനുഷ്യരും മൃഗങ്ങളും തമ്മില്‍ എന്തു് വ്യത്യാസം?
paulose
Jun 8, 2008 at 16:12
ബാബുവിണ്റ്റെ ചില അഭിപ്രായങ്ങളോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ചര്‍ച്ച എന്നു പറയുന്നത് വിരുദ്ധാഭിപ്രായങ്ങളുള്ളവരോട് സംവദിക്കുന്നതാണു.സ്വന്തം അഭിപ്രായത്തെ പിന്താങ്ങുന്നവരോട് സംവദിക്കുന്നതിനെ ചര്‍ച്ച എന്നു വിളിക്കാറില്ല. ജീവിതം ഭൂമിയിലെ നരകമാക്കിത്തീര്‍ ക്കുന്നതു ദൈവവിശ്വാസികള്‍ മാത്രമല്ല. ഭക്തിയിലും വിശ്വാസത്തിലും ഭാഗ്യം കണ്ടെത്തുന്നവരെ ദൈവവിശ്വാസികള്‍ എന്നു വിളിക്കാറില്ല. വിദ്യാഭ്യാസമില്ലാത്തവര്‍ മാത്രമല്ല. നല്ല വിദ്യാഭ്യസമുള്ളവരും ദൈവ വിശ്വാസികള്‍ ആയിട്ടുണ്ട്. യുക്തി കൊണ്ട് പല ശസ്ത്ര സത്യങ്ങള്‍ തെളിയിച്ച പ്രഗത്ഭ ശാസ്ത്രജ്ഞര്‍ പലരും ദൈവവിശ്വാസികള്‍ ആയിരുന്നു. ശസ്ത്രത്തിനും യുക്തിക്കും ഭൌതികതയ്ക്കും പല സത്യങ്ങളും തെളിയിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. മാനുഷികബുദ്ധിക്കു അതിനു പൂറ്‍ണമായും കഴിയുമെന്നും തോന്നുന്നില്ല. യുക്തിവാദികള്‍ കരുതുന്നു എല്ലാം യുക്തി കൊണ്ട് വിശദീകരിക്കാമെന്നു. വിശ്വാസികള്‍ പറയുന്നു പറ്റില്ലെന്നു. രണ്ടും തെളിയിക്കപ്പെട്ടിട്ടില്ല. വിശ്വാസികളുടെ എല്ലാ വിശ്വാസങ്ങളും ശാസ്ത്രം ഉപയോഗിച്ചു അര്‍ഥശൂന്യമെന്നു തെളിയിക്കാന്‍ ഇന്നു വരെ സധിച്ചിട്ടില്ല. ചില മത നേതാക്കന്‍മാര്‍ നടത്തുന്ന തട്ടിപ്പുകള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വന്തം ജീവിതം കണ്ടെത്തുവാനും ഭാഗ്യം കണ്ടെത്തുവാനും കുറേ പേറ്‍ക്ക് ദൈവത്തിണ്റ്റെ ആവശ്യം ഇല്ലായിരിക്കാം. പക്ഷേ എല്ലാവരും അങ്ങനെയാണെന്നു ധരിക്കുന്നത് വിഡ്ഡിത്തമല്ലെ? നേര്‍ചയും കഴ്ചയും അര്‍പ്പിക്കല്‍ മാത്രമാണു ദൈവവിശ്വാസം എന്നു കരുതുന്നതു കൊണ്ടുള്ള കുഴപ്പമാണത്. താങ്കള്‍ അസുഖം വന്നോ അപകടം വന്നോ മരിച്ചാല്‍ അതിനു പിന്നില്‍ ദൈവത്തെ കാണേണ്ട ആവശ്യം താങ്കള്‍ക്കില്ലായിരിക്കാം. പക്ഷെ അങ്ങനത്തെ അവസ്ഥയില്‍ നിന്നും യുക്തിക്കു നിരക്കാത്ത രീതിയില്‍ രക്ഷപ്പെടുന്ന ഒരാള്‍ അതിണ്റ്റെ പിന്നില്‍ ദൈവത്തെ കാണുന്നതില്‍ എന്താണു കുഴപ്പം. താങ്കള്‍ ഒരു പക്ഷെ അതിനു ഭാഗ്യമെന്നു പറയും. അ ഭാഗ്യത്തെ വേറൊരാള്‍ ദൈവം എന്നു വിളിച്ചാല്‍ അതിനെന്താണൊരു യുക്തി ഭംഗം? വിധി എന്ന വാക്കു താങ്കള്‍ ഉപയോഗിച്ചതു കാണുമ്പോല്‍ അതിശയം തോന്നുന്നു. വിധിക്കാന്‍ ഒരാളുണ്ടെങ്കില്‍ മാത്രമേ വിധിക്ക് ഒരര്‍ഥമുണ്ടാകൂ. ആ വിധിക്കുന്ന ആളിനെയാണു വിശ്വാസികള്‍ ദൈവം എന്നു വിളിക്കുന്നത്. പ്രക്രുതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ അതി ദൈവശാപമാണെന്നു കുറെ വിഠികള്‍ പറയുനതു കൊണ്ട് ദൈവത്തില്‍ വിശ്വസിക്കാതിരിക്കുന്നത് യുക്തി ഭദ്രമല്ല. താങ്കള്‍ അതു വിധിയാനെന്നു വിശ്വസിക്കും. വിശ്വാസികള്‍ അതു ദൈവമാണെന്നു കരുതും. ദൈവവിശ്വാസത്തിനെതിരേ താങ്ങള്‍ നിരത്തുന്ന സംഭവങ്ങള്‍ ഒന്നും അതിനെ നിഷേധിക്കുന്നതല്ല. അതു ഏതൊരു സമൂഹത്തിലും സംഭവിക്കുന്നതാണു. ദൈവവിശ്വാസികളല്ലാത്തവരും ഇത്തരം കുറ്റക്രുത്യങ്ങള്‍ ചെയ്യുന്നുണ്ട്. അതു ദൈവത്തിണ്റ്റെ ജീര്‍ണതയല്ല, മനുഷ്യരുടെ ജീറ്‍ണ്ണതയാണു. ഗോചരമല്ലാത്ത പലതും നമ്മള്‍ അറിയുന്നുണ്ട്. വായു നമുക്കു ഗോചരമല്ല. നമ്മള്‍ അതറിയുന്നതു പല പ്രതിഭാസങ്ങളിലൂടെയാണു. നമ്മള്‍ ശ്വസിക്കുന്ന വായുവിലുള്ള ഓക്സിജനില്‍ അടങ്ങിയിരിക്കുന്ന ആറ്റത്തിനുള്ളില്‍ അപാരമായ ശക്തിയുണ്ട്. അതൊന്നും നമുക്കു ഗോചരമല്ല. ആ ശക്തി അതിണ്റ്റെ യഥാര്‍ദ്ധ രൂപത്തില്‍ അനുഭവിച്ചാല്‍ നമ്മള്‍ ഭസ്മമായി പോകും. ആറ്റത്തെ പിളര്‍ത്തി ആ ശക്തി പുറത്തുവിടുവാന്‍ നമുക്കു കഴിയും. പക്ഷെ ആ ശക്തി മുഴുവന്‍ ആറ്റത്തിണ്റ്റെ ഉള്ളിലാക്കാന്‍ നമുക്കു കഴിയില്ല. ദൈവവചനം നിര്‍വചനപ്രകാരം കുറ്റമറ്റതായിരിക്കണം എന്ന വാചകത്തിണ്റ്റെ പ്രസക്തി എത്ര ആലോചിട്ടും പിടികിട്റ്റുന്നില്ല. ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന ഒരാള്‍, ദൈവവചനം ഇന്ന തരത്തിലായിരിക്ക്കണം എന്നു നിഷ്കര്‍ഷിക്കുന്നത് വിരോധാഭാസമല്ലെ?താങ്കള്‍ ചോദ്യം ചെയ്യുന്നത് ദൈവത്തെയാണോ, ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെയാണോ? ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഴുവനും ദൈവവചനമാണു എന്ന വ്രുത്തികേടിനെയാണു താങ്കള്‍ ചോദ്യം ചെയ്യുന്നത്. അതു മതനേത്രുത്വത്തിണ്റ്റെ കുഴപ്പമല്ലേ? അതെങ്ങനെ ദൈവത്തിണ്റ്റേതാകും?
സി. കെ. ബാബു
Jun 9, 2008 at 18:21
paulose,
“ചര്‍ച്ച എന്നു പറയുന്നത് വിരുദ്ധാഭിപ്രായങ്ങളുള്ളവരോട് സംവദിക്കുന്നതാണു.”
– അങ്ങനെ അല്ലെന്നു് ഞാന്‍ പറഞ്ഞില്ല.
“വിദ്യാഭ്യാസമില്ലാത്തവര്‍ മാത്രമല്ല. നല്ല വിദ്യാഭ്യസമുള്ളവരും ദൈവ വിശ്വാസികള്‍ ആയിട്ടുണ്ട്.”
– ഇല്ലെന്നു് ഞാന്‍ പറഞ്ഞില്ല.
“യുക്തിവാദികള്‍ കരുതുന്നു എല്ലാം യുക്തി കൊണ്ട് വിശദീകരിക്കാമെന്നു.”
– അങ്ങനെയും ഞാന്‍ പറഞ്ഞില്ല. യുക്തിവാദി എന്ന വാക്കിന്റെ സാമാന്യമായ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു യുക്തിവാദിയുമല്ല. ഞാന്‍ എന്റെ ബുദ്ധിയിലും യുക്തിയിലും ആശ്രയിക്കുന്നതുപോലെ ഒരു വിശ്വാസി എന്തില്‍ വിശ്വസിക്കുന്നു എന്നതു് അവന്റെ പൂര്‍ണ്ണസ്വാതന്ത്ര്യം.
………..
………..
താങ്കളുടെ കമന്റില്‍നിന്നും എനിക്കു് മനസ്സിലാക്കാന്‍ കഴിയുന്നതു് എന്റെ ലേഖനം താങ്കള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചില്ല എന്നാണെന്നു് പറയേണ്ടിവരുന്നതില്‍ ഖേദിക്കുന്നു. കമന്റില്‍ താങ്കള്‍ സൂചിപ്പിച്ച മറ്റു് പല കാര്യങ്ങളുടെയും വിശദീകരണങ്ങള്‍ ഞാന്‍ മറ്റു് പല പോസ്റ്റുകളിലായി നല്‍കിയിട്ടുള്ളവയാണു്. ക്ഷമയും സമയവും ഉണ്ടെങ്കില്‍ എന്റെ മറ്റു് പോസ്റ്റുകളും അവയുടെ കമന്റുകളും, വാക്കുകളില്‍ കടിച്ചുതൂങ്ങാതെ, അവയുടെ ആശയം മനസ്സിലാക്കി വായിക്കാന്‍ അപേക്ഷിക്കുന്നു. വാക്കുകള്‍ “മെതിക്കാന്‍” തുടങ്ങിയാല്‍ നമ്മള്‍ എങ്ങും എത്തുകയില്ല. വാദിക്കാന്‍ വേണ്ടിയുള്ള വാദം വഴി വെറുതെ സമയം നഷ്ടപ്പെടുത്താം എന്നുമാത്രമേ വരൂ!
“സര്‍വ്വജ്ഞാനിയും പൂര്‍ണ്ണതയുടെ പര്യായവുമായ” ഒരു ദൈവത്തിന്റെ വചനം കുറ്റമറ്റതായിരിക്കണം എന്നതു് വളരെ ലളിതമായ ഒരു സത്യമാണെന്നു് തോന്നുന്നു. അതില്‍ പിടികിട്ടാതിരിക്കാന്‍ മാത്രം ഒന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണു്.
എന്റെ നിഷ്കര്‍ഷയല്ല, “ദൈവവചനം” എന്നു് ബാല്യം മുതല്‍ എന്നെ പഠിപ്പിച്ച ബൈബിള്‍ വായിക്കുമ്പോള്‍ എനിക്കു് തിരിച്ചറിയേണ്ടിവരുന്ന വൈരുദ്ധ്യങ്ങളാണു് ഞാന്‍ ചൂണ്ടിക്കാണിക്കുന്നതു്.
എന്റെ അഭിപ്രായങ്ങള്‍ അതേപടി നിരാകരിക്കാന്‍ മറ്റേതൊരു വിശ്വാസിയേയും പോലെ താങ്കള്‍ക്കും അവകാശമുണ്ടെന്നു് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലെന്നു് കരുതുന്നു. വായനക്കു് നന്ദി!
സൂരജ് :: suraj
Jun 9, 2008 at 22:54
അപ്പോ മാഷേ,
ഞാന്‍ പണ്ട് പറഞ്ഞകാര്യം ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നേ…നരകത്തില്‍ നമ്മുടെ രണ്ടു പേരുടെയും മുറികള്‍ അടുത്തടുത്ത് ബുക്ക് ചെയുന്ന കാര്യം. നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം 😉
സി. കെ. ബാബു
Jun 10, 2008 at 09:21
സൂരജ്,
മുറി നമ്പര്‍ “13” ഒഴികെ ബാക്കി ഏതു് നമ്പറും എനിക്കു് സ്വീകാര്യം. പതിമൂന്നു് അത്ര ശരിയാവും എന്നു് തോന്നുന്നില്ല. ചുമ്മാ എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ?
(കുറച്ചുനാളായി ബ്ലോഗില്‍ കാണുന്നില്ലല്ലോ? അവധിയിലായിരുന്നോ?)
paulose
Jun 10, 2008 at 23:16
താങ്കളെ ഞാന്‍ ഒരു യുക്തി വാദി എന്നു ഞാന്‍ വിളിച്ചില്ല. താങ്കള്‍ യുക്തി ഉപയോഗിച്ച് കാര്യങ്ങള്‍ അപഗ്രഥിക്കുനു എന്നു അവകാശപ്പെട്ടതു കൊണ്ടാണു ഞാന്‍ അത്തരത്തില്‍ എഴുതിയത്. താങ്കളുടെ ലേഖനം ഞാന്‍ ശ്രദ്ധാപൂര്‍വം തന്നെയാണു വായിച്ചത്. താങ്കളുടെ വിശദീകരണങ്ങള്‍ എല്ലാം ഞാന്‍ വായിച്ചിട്ടില്ല. താങ്കള്‍ ഇവിടെ എഴുതിയ ചിലതിനേക്കുറിച്ചാണു ഞാന്‍ അഭിപ്രായം എഴുതിയത്. ഞാന്‍ വാക്കുകളില്‍ കടിച്ചു തൂങ്ങുന്നു എന്ന ക്ളീഷെ ഒഴിവാക്കാം. വക്കുകളും അഭിപ്രായങ്ങളും മെതിക്കുക തന്നെ വേണം . അതിനെയാണു ചര്‍ച്ച, സംവാദം എന്നെല്ലാം പറയുന്നത്. ഞാന്‍ വാദിക്കാന്‍ വേണ്ടി വാദിച്ചതല്ല. എണ്റ്റെ സംശയങ്ങള്‍ അവതരിപ്പിച്ചു എന്നു മാത്രം. ദൈവത്തിണ്റ്റെ വചനം കുറ്റമറ്റതായിരിക്കണം. അതില്‍ സംശയമില്ല. പ്രശ്നം അതല്ല. ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന ഒരാള്‍ ക്കു ചില വചനങ്ങള്‍ ദൈവത്തിണ്റ്റെ വചനമാണു അല്ലെങ്കില്‍ ആ വചനങ്ങള്‍ ഇന്ന തരത്തില്‍ ആയിരിക്കണം, അല്ലെങ്കില്‍ എഴിതിയിരിക്കുന്നത് ദൈവത്തിണ്റ്റെ വചനങ്ങള്‍ അവാന്‍ വഴിയില്ല, എന്നെല്ലാം എങ്ങനെ പറയാന്‍ സാധിക്കും? അതാണെനിക്കു പിടികിട്ടാത്തത്. താങ്കളുടെ പ്രശ്നം എനിക്കു മനസിലായിടത്തോളം, ബൈബിള്‍ അടിസ്ഥനപ്പെടുത്തി താങ്കളെ പഠിപ്പിച്ചിരിക്കുന്നവ ദൈവ വചനം ആയിരിക്കാന്‍ സാധ്യതയില്ല എന്നാണു. അതു അതെഴുതിയ ആള്‍ക്കാരുടെ കുഴപ്പമല്ലെ. അതിനെയല്ലേ ശരിക്കും താങ്കള്‍ കുറ്റപ്പെടുത്തേണ്ടിയിരുന്നത്. അവിടെ താങ്കളുടെ ലക്ഷ്യം ആകെ മാറിപ്പോയി. ബൈബിള്‍ എഴുതിയ ആളുകളുടെ വിവരക്കേടിനെയും അതു ദൈവവചനമാണെന്നു താങ്കളെ പറഞ്ഞു പറ്റിച്ച കുറച്ചു വിഡ്ഡികളെയും വിമര്‍ശിക്കുനതിനു പകരം, താങ്കള്‍ സത്യമായും ഇല്ലെന്നു വിശ്വസിക്കുന്ന ദൈവത്തെ കുറ്റപ്പെടുത്തി കണ്ടതു കൊണ്ടാണു ഞാന്‍ ഇത്രയും എഴുതിയത്. അതൊരു വിരോധാഭാസമായി എനിക്കു തോന്നി അത്ര മാത്രം. ഞനൊരു വിശ്വാസിയാണൊ അല്ലയോ എന്നുള്ളതല്ല ഇവിടെ ചര്‍ച്ച ചെയ്തത്. താങ്കളുടെ അഭിപ്രയങ്ങള്‍ നിരാകരിക്കലോ ഉള്‍കൊള്ളലോ അല്ല താനും. താങ്കള്‍ എഴുതിയ അഭിപ്രായത്തെ വിമര്‍ശന ബുദ്ധ്യാ ഞാന്‍ സമീപിച്ചു. അതിനു ഒരു വിശ്വാസിയാകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മറുപടിക്കു നന്ദി
ജയരാജന്‍
Jun 11, 2008 at 07:09
നല്ല ലേഖനം ബാബുവേട്ടാ… നന്ദി!
സി. കെ. ബാബു
Jun 11, 2008 at 07:27
paulose,
താങ്കളുടെ ഉദ്ദേശ്യവും നിലപാടും വെളിപ്പെടുത്തിയതിനു് ഞാനും നന്ദി പറയുന്നു.
ജയരാജന്‍,
സ്വാഗതം!
ഇളം വെയില്‍ | ilamveyil
Jun 13, 2008 at 11:56
http://sooryodayavicharam.blogspot.com/2008/06/blog-post.html
താങ്കള്‍ ഇത് കണ്ടിരുന്നുവോ ? 😦
സി. കെ. ബാബു
Jun 14, 2008 at 09:43
ഇളംവെയില്‍,
തിരക്കു് കാരണം കുറച്ചുദിവസമായി “അത്യാവശ്യം” ബ്ലോഗുകള്‍ മാത്രമേ സന്ദര്‍ശിച്ചിരുന്നുള്ളു. ലിങ്കിനു് നന്ദി. സൂര്യോദയത്തിന്റെ പോസ്റ്റ് വായിച്ചു. പിതാക്കള്‍ ഒരിക്കല്‍ കൂടി അവര്‍ എവിടെ നില്‍ക്കുന്നു എന്നും ജനങ്ങള്‍ക്കു് എന്തു് സംഭവിച്ചാലും അവര്‍ക്കൊരു ചുക്കുമില്ലെന്നുമുള്ള അവരുടെ അടിസ്ഥാനസ്വഭാവം വ്യക്തമാക്കി. ഇവരെയൊക്കെ ഇന്നും ആശ്രയിക്കാന്‍ തയ്യാറാവുന്നവരെ ഓര്‍ത്താണു് ദുഃഖിക്കേണ്ടതു്. അല്ലാതെന്തു് പറയാന്‍?
dotcompals
Jun 27, 2008 at 08:06
തങ്കളുടെ ചിന്തകള്‍ പങ്കൂവെച്ചതിന് നന്ദി…
നാട്ടുകാരന്‍
Feb 10, 2009 at 05:21
“ബൈബിളിനെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നതിനു് മുന്‍പു് ഒരുവന്‍ ബൈബിള്‍ മനസ്സിരുത്തി വായിച്ചിരിക്കണം.” സത്യം ….എന്നാല്‍ ബാബു അത് ചെയ്തതായി തോന്നുന്നില്ല…
പിന്നെ ബാബുവിന്റെ തലയില്‍ പൂര്‍ണമായും മനസിലാകാന്‍ മാത്രമെ പ്രപഞ്ച സൃഷ്ടിതാവായ ദൈവം ഉള്ളൂ എങ്കില്‍ ബാബുവിന്റെ തന്നെ വാക്കുകളില്‍ “അങ്ങനെ വില കുറഞ്ഞവനാണു് ദൈവമെങ്കില്‍ ആ ദൈവത്തെ ഒഴിവാക്കാനുള്ള ബാദ്ധ്യത ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യര്‍ക്കുണ്ടെന്നണെന്റെ ഉറച്ച വിശ്വാസം.”
“മറ്റുള്ളവര്‍ വിശ്വസിക്കുന്നതുകൊണ്ടു് ഞാനും വിശ്വസിക്കണമെന്നു് ഒരു നിയമവുമില്ല.” ശരിയാണ് …. വിശ്വസിക്കതിരിക്കനമെന്നില്ല
അറിവില്ലത്തതെല്ലാം തെറ്റാണെന്ന് പറയുന്നതു അഹങ്കാരമാണ്……ഞാനാണ് എല്ലാത്തിലും മുകളില്‍ എന്ന അഹങ്കാരം ……
ക്രിസ്തീയ വിശ്വാസം ഒരിക്കലും അന്ധ വിശ്വാസം അല്ല….യുക്തി ഭദ്രമായ വിശ്വാസം ആണെന്നാണ് ഞാന്‍ കരുതുന്നത്…
പിന്നെ ചില നേതാക്കന്മാര്‍ പറയുന്നതു പോലെയല്ല ദൈവം …… അവരുടെയും ബാബുവിന്റെയും ചിന്തകള്‍ ഒരുപോലെതന്നെ…നിങ്ങളുടെ ഉണ്ട തലയില്‍ ഒതുങ്ങുന്നവനുമല്ല ദൈവം ….പകരം ഇതുപോലെ നൂറുകണക്കിന് ഉണ്ടതലകള്‍ ഉണ്ടാക്കുകയും അവയെ സഹിക്കുകയും ചെയ്യുന്നവനാണ് ദൈവം.