= 3 =
അങ്ങനെ, പ്രളയാവസാനം ഭൂലോകത്തിലെ സകല പാപികളും ചത്തു് സ്ഥലം കാലിയാക്കി. ദൈവത്തിന്റെ കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്കില്‍ ഇഷ്ടം പോലെ സ്ഥലം ബാക്കിയായി. ചത്ത പാപികളുടെ കൂട്ടത്തില്‍ മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ വരെയുണ്ടായിരുന്നു. യഹോവ അങ്ങനെയാണു്. കലിപ്പു് കയറിയാല്‍ പിന്നെ കുഞ്ഞുമില്ല കുട്ടിയുമില്ല. കോപം കൊണ്ടു് കണ്ണു് കാണാതായാല്‍ മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവയും മോശെയെപ്പോലെതന്നെ. ദൈവം സ്വന്തം കൈകൊണ്ടു് എഴുതിയ പത്തു് കല്‍പനകളുടെ കല്പലകകള്‍ ദേഷ്യം കയറിയപ്പോള്‍ എറിഞ്ഞു് പൊട്ടിച്ചവനാണു് മോശെ. സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടിദൈവത്തെ അരച്ചു് കലക്കി മൊത്തം യഹൂദരെയും കുടിപ്പിച്ചവനാണു് മോശെ. സ്വഭാവം കൊണ്ടു് യഹോവയും മോശെയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നു് സാരം. കലി കയറിയാല്‍ മോശെക്കും ദൈവത്തിനും ആത്മനിയന്ത്രണം നഷ്ടപ്പെടും. ഇരട്ടപിറന്നതുപോലെയാണു് പെരുമാറ്റം.
പ്രളയവും ബാര്‍ബെക്യൂ സദ്യയും കഴിഞ്ഞപ്പോഴേക്കും ദൈവത്തിന്റെ കോപമടങ്ങി തല ഒട്ടൊന്നു് തണുത്തിരുന്നു. ദൈവകോപം അടങ്ങി എന്നതിനു് അടയാളമായി തന്റെ (മഴ)വില്ലു് ആകാശത്തില്‍ നിവര്‍ത്തിനിര്‍ത്തിയശേഷം ഒരു മേഘടാക്സിയില്‍ ദൈവം സ്വര്‍ഗ്ഗത്തിലേക്കു് പോയി. പുരുഷന്മാര്‍ പൊട്ടു് തൊടുകയും, സ്വന്തശരീരത്തില്‍, ഒരു ക്യാന്‍വാസില്‍ എന്നപോലെ, വര്‍ണ്ണചിത്രങ്ങള്‍ രചിക്കുകയുമൊക്കെ ചെയ്യുന്ന ഒരു നാട്ടില്‍ ഇന്ദ്രചാപം എന്നു് പേരുനല്‍കി വിളിക്കപ്പെടുന്ന ചാപമല്ല യഹോവയുടെ ഈ ചാപം. അതു് വെറും പാപചാപം. ഇതു് സാക്ഷാല്‍ പാപമോചനചാപം.
ദൈവത്തിനു് റ്റാറ്റാ പറഞ്ഞശേഷം നോഹയും കുടുംബവും ജീവിക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിച്ചു. ആദ്ധ്യാത്മികത വഴി എളുപ്പം കോടീശ്വരനാവാമെന്നു് നോഹക്കറിയാമായിരുന്നു. വലിയ മുതല്‍ മുടക്കില്ല താനും. ആവശ്യത്തിനു് ഇറക്കമുള്ള ഒരു അങ്കി വേണമെന്നേയുള്ളു. അങ്കിയുടെ നിറം ബന്ധപ്പെട്ട സാമൂഹികഘടനയുമായി താദാത്മ്യം പ്രാപിക്കാന്‍ പര്യാപ്തമായിരിക്കണം. അതു് വളരെ പ്രധാനപ്പെട്ട കാര്യമാണു്. ഇറക്കം തീരെ കുറഞ്ഞാല്‍ കണങ്കാലിലെ രോമവും അരിമ്പാറയും പുഴുക്കടിയുമൊക്കെ കാല്‍ മുത്തുന്ന ഭക്തന്മാര്‍ കാണും. അപ്പോള്‍ അവര്‍ക്കൊരു ഇമ്പ്രഷന്‍ ഉണ്ടാവില്ല. സ്വാമിയായാലും സ്വാമിനിയായാലും പുഴുക്കടിയിലൊക്കെ മുത്തുക, തലോടുക എന്നൊക്കെ പറഞ്ഞാല്‍ ചിലരെങ്കിലും അറച്ചു് മാറിനില്‍ക്കും. എന്തിനു് വെറുതെ റിസ്ക് എടുക്കണം? ഒരു സ്വാമി/സ്വാമിനി രോമയോ അരോമയോ, അരിമ്പാറയോ അനരിമ്പാറയോ എന്നതെല്ലാം എന്നാളും രഹസ്യമായിരിക്കേണ്ട കാര്യങ്ങളാണു്. അത്ഭുതഗര്‍ഭം പോലെയാണതും. അത്ഭുതഗര്‍ഭം എന്നാളും ഒരു രഹസ്യമായിരിക്കണം. രഹസ്യമല്ലാത്തതില്‍ അത്ഭുതമില്ല. അത്ഭുതമില്ലെങ്കില്‍ ജനം മുഖം തിരിക്കും.നീണ്ട ഒരു കുപ്പായം തുന്നിക്കൂട്ടുന്നതെങ്ങനെ എന്നതായിരുന്നില്ല നോഹയുടെ പ്രശ്നം. കാണിക്കയും നേര്‍ച്ചകാഴ്ചകളുമായി എത്താന്‍ ഏതെങ്കിലുമൊരു ഉണ്ണാക്കന്‍ ഭൂമിയില്‍ ഉണ്ടായിട്ടു് വേണ്ടേ? ബലികുടീരങ്ങള്‍ വിപ്ലവം വിപ്ലവം എന്നു് സ്പന്ദിക്കാറുണ്ടെങ്കിലും നേര്‍ച്ചയിടാറില്ലല്ലോ.
അവസാനം, നോഹ പണ്ടത്തെ കയീനെപ്പോലെ കര്‍ഷകനാവാന്‍ തീരുമാനിച്ചു. അവര്‍ നാലാണും നാലു് പെണ്ണും കൂടി കഠിനമായി അദ്ധ്വാനിച്ചു. രാപ്പകലില്ലാതെ അവര്‍ കൃഷിയിടം ഉഴുതുമറിച്ചു് വിളവിറക്കി. അങ്ങനെ “സകലഭൂമിയിലുമുള്ള” മരങ്ങളും ചെടികളും പുല്ലുകളും അവര്‍ നട്ടുപിടിപ്പിച്ചു. ബാക്കിവന്ന സ്ഥലത്തു് തടമെടുത്തു് കുറേ മുന്തിരിയും നട്ടു. അതിനുശേഷം എല്ലാറ്റിനും വെള്ളമൊഴിച്ചു് കിഴക്കോട്ടു് നോക്കി പ്രാര്‍ത്ഥിച്ചു് പ്രത്യാശയോടെ അവര്‍ കാത്തിരുന്നു. പ്രാര്‍ത്ഥനയുടെ തീവ്രതമൂലം എല്ലാം പത്തും നൂറും മേനി വിളവുനല്‍കി. എല്ലാ വിളവിന്റേയും ദശാംശം അവര്‍ ദൈവം ഇനി വരുമ്പോള്‍ കൊടുക്കാനായി നീക്കിവച്ചു. ദൈവത്തിനു് എന്തെങ്കിലും കൈമടക്കു് കൊടുക്കുക എന്ന രൂപത്തിലല്ല, ഉദ്ദിഷ്ടകാര്യം സാധിച്ചതിനു് ഉപകാരസ്മരണ ഒരു ബാദ്ധ്യതയാണെന്ന ഉത്തമബോദ്ധ്യത്തിന്റെ പേരില്‍.
ഉത്തമഗീതങ്ങളില്‍, അനുരാഗലോലയായ കാമിനിയെ അംഗോപാംഗം നിരീക്ഷിക്കുന്ന ശലോമോന്റെ സ്തനവര്‍ണ്ണനപോലെ മുന്തിരിക്കുലകള്‍ തോട്ടം മുഴുവന്‍ വിളഞ്ഞുനിറഞ്ഞു. (ഉത്തമഗീതങ്ങള്‍ 7: 9). മുന്തിരി വിളഞ്ഞപ്പോള്‍ മുന്തിരിക്കുലകള്‍ ഇറുത്തെടുത്തു് യഹൂദരുടെ ഭക്‍ഷ്യസുരക്ഷാനിയമത്തിനു് പോറലൊന്നും ഏല്‍ക്കാത്തവിധം വീഞ്ഞുണ്ടാക്കി നൂറുകണക്കിനു് തടിവീപ്പകളില്‍ നിറച്ചു് സൂക്ഷിക്കാന്‍ നോഹ തീരുമാനിച്ചു.
നോഹയെപ്പോലെ നിര്‍മ്മലരായ ദൈവഭക്തര്‍ക്കു് ജപം പോലെതന്നെയാണു് കുടിയും. തുടങ്ങിയാല്‍ പിന്നെ നിര്‍ത്തല്‍ വലിയ ബുദ്ധിമുട്ടാണു്. കാരണം, അവര്‍ ബലഹീനരാണു്. സ്വന്തം ബലഹീനത കോമ്പന്‍സേറ്റ് ചെയ്യാനല്ലേ അവര്‍ സര്‍വ്വശക്തനായ ദൈവത്തെ കൂട്ടുപിടിച്ചിരിക്കുന്നതു്? നോഹയും ഒരു പക്കാ ഭക്തനായിരുന്നു. അതുകൊണ്ടാണല്ലോ ദൈവം അവനെയും കുടുംബത്തെയും മാത്രം പ്രളയത്തില്‍ നിന്നും രക്ഷിച്ചതു്. ഒരിക്കല്‍ നോഹ പതിവുപോലെ വീഞ്ഞുകുടിച്ചു് ബോധമില്ലാതെ കൂടാരത്തില്‍ കിടന്നുറങ്ങുകയായിരുന്നു. കുളിച്ചു എന്നു് കാണിക്കാന്‍ അണ്ടര്‍വയര്‍ ഊരി പുരപ്പുറത്തിട്ടിരുന്നതുകൊണ്ടു് അന്നത്തെ ദിവസം അങ്കിയുടെ അടിയില്‍ മറ്റൊന്നും ധരിക്കാതെ ആയിരുന്നു നോഹയുടെ ഔദ്യോഗിക നടപടികള്‍. ഉറക്കത്തില്‍ തുണി അഴിഞ്ഞു് താന്‍ നഗ്നനായതും അതിനോടൊപ്പം “എന്തതിശയമേ ദൈവത്തിന്റെ…” എന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഉയര്‍ന്നതും നോഹ അറിഞ്ഞില്ല. ഈ സമയത്തു് ഹാം എന്ന മകന്‍ ഒരു കുറ്റിബീഡി കത്തിക്കാന്‍ തീപ്പെട്ടി തപ്പി അവിടെ കയറിച്ചെന്നു. പിന്നണിഗാനം “വൃശ്ചികപ്പൂനിലാവേ … മച്ചിന്റെ മേലിരുന്നൊളിച്ചുനോക്കാന്‍ ലജ്ജയില്ലേ?” എന്നായി മാറി. പഴയ പ്ലേറ്റായതുകൊണ്ടു് കറങ്ങുന്നിടത്തുതന്നെ കിടന്നു് കറങ്ങി “ലജ്ജയില്ലേ? ലജ്ജയില്ലേ?” എന്നു് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതു് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു അശരീരി ആയി കരുതിയ അവന്‍ ഭയന്നു് വിറച്ചു് കുറ്റബോധത്തോടെ പുറത്തിറങ്ങി ഓടിച്ചെന്നു് സഹോദരന്മാരെ വിവരമറിയിച്ചു.
അവന്റെ സഹോദരന്മാര്‍ വളരെ ബുദ്ധിമാന്മാരായിരുന്നു. മനുഷ്യര്‍ക്കു് പുറകില്‍ കണ്ണില്ല എന്ന ഒരു കച്ചിത്തുരുമ്പു് മാത്രമാണു് വിധിനിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ തങ്ങളുടെ ഒരേയൊരു രക്ഷാമാര്‍ഗ്ഗം എന്നവര്‍ മനസ്സിലാക്കി. അവര്‍ ഒരു തുണിക്കഷണവുമായി പുറകോട്ടു് നടന്നുചെന്നു് കൈയിലെ തുണി പുറകോട്ടു് എറിഞ്ഞു. അതേറ്റു എന്നു് പറഞ്ഞാല്‍ മതിയല്ലോ. തുണി വീഴേണ്ടിടത്തു് തന്നെ ചെന്നു് വീണു. അങ്ങനെ അവര്‍ പിതാവിന്റെ നഗ്നതാദര്‍ശനം വഴി ആര്‍ക്കും ശാശ്വതമോ മാരകമോ ആയ ദോഷഫലങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ വിദഗ്ദ്ധമായി പൂര്‍ത്തിയാക്കി. നോഹയുടെ നഗ്നതയുടെ പേരില്‍ മനുഷ്യരാശിയുടെ ഭാവിതന്നെ വെറുമൊരു വാഴനാരില്‍ തൂങ്ങിക്കിടന്നു് ആടുകയായിരുന്നല്ലോ! മൂത്രമൊഴിക്കാന്‍ മുട്ടി ഉറക്കമുണര്‍ന്നപ്പോഴാണു് നോഹ വിവരമറിയുന്നതു്. ആരെയെങ്കിലും ഒന്നു് ശപിക്കാഞ്ഞാല്‍ ഈ നഗ്നതാപ്രശ്നത്തിനു് എന്തെങ്കിലും ഒരു ഗൗരവം വരുമോ? നാലുപേര്‍ അക്കാര്യം അറിയുമോ? നോഹ തന്റെ നഗ്നത കണ്ടവനായ ഹാമിനെ ശപിക്കുന്നതിനു് പകരം അവന്റെ മകനായ കനാനെയാണു് ശപിക്കുന്നതു്! “കനാനേ, നിന്റെ വല്യപ്പനാകുന്ന ഞാന്‍ ഇന്നേദിവസം, ഇനിമേലില്‍ എന്നേക്കുമായി നിന്നെ യഹോവയുടെ ന്യായപ്രമാണപ്രകാരം ശപിച്ചിരിക്കുന്നു. നീ മറ്റു് സഹോദരന്മാര്‍ക്കു് ദാസനായിത്തീരും”.
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ചിലര്‍ പിടിക്കാറുണ്ടു്. ഇവിടെ വേണമെങ്കില്‍ കട്ടവനെ തന്നെ പിടിക്കാമായിരുന്നു. എന്നിട്ടും നോഹ പിടിക്കുന്നതും ശിക്ഷിക്കുന്നതും നിരപരാധിയെയാണു്. താന്‍ വീഞ്ഞുകുടിച്ചു് ബോധം കെട്ടുറങ്ങി നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ ശിക്ഷ ചുമ്മാതിരുന്ന പേരക്കിടാവിനു്! മുഴുവന്‍ മനുഷ്യരും പാപികളായിരുന്ന ലോകത്തില്‍ പാപരഹിതനായിരുന്നതിനാല്‍ രക്ഷപെട്ട നോഹയുടെ പ്രളയശേഷമുള്ള അവസ്ഥയാണിതു്. സകലലോകവും നിര്‍ദ്ദയം നശിപ്പിക്കപ്പെട്ടപ്പോള്‍ ദൈവം രക്ഷപെടുത്തിയ ഒരേയൊരു കുടുംബം! വേദഗ്രന്ഥങ്ങള്‍ വലിയ വായില്‍ പാപം, പുണ്യം, നന്മ, നീതി എന്നൊക്കെ അലമുറയിടുന്നതിനു് ഇത്രയൊക്കെ വിലയേ നല്‍കേണ്ടതുള്ളു.
പ്രളയകാലഘട്ടത്തില്‍ മനുഷ്യരുടെ ആയുസ്സു് നൂറ്റിയിരുപതു് വര്‍ഷമായി ചുരുക്കാന്‍ ദൈവം തീരുമാനിച്ചെങ്കിലും, നോഹയുടെ പിന്‍തലമുറകളില്‍ പലരും നാനൂറും അഞ്ഞൂറും വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടു്. നോഹയുടെ മകന്‍ ശേം 500 വര്‍ഷം, അവന്റെ മകന്‍ അര്‍പ്പക്ഷാദ് 403 വര്‍ഷം, അവന്റെ മകന്‍ ശാലഹ് 403 വര്‍ഷം, അവന്റെ മകന്‍ ഏബര്‍ 430 വര്‍ഷം …! പാപപുണ്യനന്മതിന്മകളുടെ വിലയിരുത്തലില്‍ എന്നപോലെതന്നെ, ദൈവത്തിന്റെ ഭരണപരിഷ്കാരങ്ങളുടെ കാര്യത്തിലും അത്ര കൃത്യതയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു് ഗുണപാഠം.
പ്രളയത്തിനു് ശേഷം നോഹയുടെ മക്കള്‍ “ജാതി ജാതിയായും കുലം കുലമായും” വേര്‍പിരിഞ്ഞു് ഭൂമിയില്‍ നിറയുകയായിരുന്നു. അവരുടെ വേര്‍പിരിയലിന്റെ കാരണം ജാതിയോ കുലമോ, അതോ സാമ്പത്തികത്തില്‍ അധിഷ്ഠിതമായ വല്ല വര്‍ഗ്ഗസമരമോ മറ്റോ ആയിരുന്നോ എന്നറിയില്ല. ലോകചരിത്രത്തെപ്പറ്റി അങ്ങനെയെന്തൊക്കെയോ ചില നിഗമനങ്ങള്‍ ഒരുപാടു് നാളുകള്‍ക്കു് ശേഷം കാള്‍ മാര്‍ക്സ് എന്ന മറ്റൊരു ഒറിജിനല്‍ യഹൂദന്‍ നടത്തിയിട്ടുണ്ടു്. സ്വന്തം കുടുംബത്തിന്റെ സാമ്പത്തികം ഭദ്രമാക്കുന്നതില്‍ ഒരു “ഭൂലോക തോല്‍വിയും ദുരന്തവും” ആയിരുന്നെങ്കിലും, ലോകത്തിന്റെ സാമ്പത്തികത്തെപ്പറ്റിയും ലോകത്തിന്റെ ചരിത്രത്തെപ്പറ്റിയും വലിയ വലിയ കാര്യങ്ങള്‍ പ്രവചിച്ച ഒരു പ്രവാചകനായിരുന്നു അദ്ദേഹം.
പ്രിയ ഉണ്ണികൃഷ്ണന്‍
May 25, 2008 at 19:25
ദൈവം നമ്മുടെ മനസ്സ് നിറയ്ക്കുമ്പോ അങ്ങോര്‍ടെ കണ്ണ് നമ്മള്‍ നിറച്ചു കൊടുക്കൂന്നു… അത്രെന്നെ
Simy Chacko :: സിമി ചാക്കൊ
May 26, 2008 at 05:46
ഓ:ടോ: http://thatsmalayalam.oneindia.in/interview/20071103joseph-pulikkunnel-osana-church-jesus.html ഇല്‍ ഉള്ള അഭിമുഖം മുന്നെ വായിചിട്ടുണ്ടോ ? ഇതിലുള്ള ആശയങ്ങളേകുറിച്ചു, താന്കളുടെ അഭിപ്രായം അറിയാന്‍ താതപര്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ മുന്നെ എഴുതിയിട്ടുണ്ടെകില്‍ ലിന്ക് പബ്ലീഷ് ചെയ്താലും മതി. മുന്കൂര്‍ നന്ദി
സി. കെ. ബാബു
May 26, 2008 at 11:52
പ്രിയ,
വായിച്ചതില്‍ സന്തോഷം. 🙂
സിമി ചാക്കൊ,
അതൊരു യാദൃച്ഛികതയാവാം: കത്തോലിക്കാസഭ Martin Luther-നെ heretic ആയി പ്രഖ്യാപിച്ചതു് ഇന്നേക്കു് 487 വര്‍ഷങ്ങള്‍ക്കു് മുന്‍പു് 1521 മേയ് 26-നായിരുന്നു!
Battle of Milvian Bridge-ല്‍ Constantine-I ജയിച്ചില്ലായിരുന്നെങ്കില്‍ ക്രിസ്തുമതം ഇന്നത്തെ രീതിയില്‍ ഉണ്ടാവുമായിരുന്നു എന്നു് തോന്നുന്നില്ല. “ക്രിസ്തീയ” ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ചെയ്യാന്‍ അവനെ പ്രേരിപ്പിച്ചതിനെപ്പറ്റിത്തന്നെ പല അഭിപ്രായങ്ങള്‍ നിലവിലുണ്ടു്. ഒന്നില്‍ (Lactantius Version) പടയാളികളുടെ ഫലകങ്ങളില്‍ ഒരു monogram വരയ്ക്കണമെന്നൊരു നിര്‍ദ്ദേശം സ്വപ്നത്തില്‍ അവനു് ലഭിച്ചതായും, മറ്റൊന്നില്‍ (Eusebius Version) Maxentius-നെതിരായ സമരഘട്ടത്തില്‍ “ഈ അടയാളത്തില്‍ പൊരുതുക” എന്നൊരു ദര്‍ശനം ആകാശത്തില്‍ ഉണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ടു്. മൂന്നാമതൊരു വേര്‍ഷനില്‍ വിഗ്രഹാരാധനക്കാരനായ ഒരു വെളിച്ചപ്പാടിനു് അപ്പോളൊയില്‍ നിന്നും ലഭിച്ച ഒരു വെളിപാടാണു് അതിനു് പിന്നിലെന്നും കാണുന്നു.
Constantine കണ്ട അടയാളം ഒരു ‘X’-ന്റെ നടുവിലൂടെ മുകളില്‍ നിന്നു് താഴെവരെ നീളുന്ന ഒരു ‘P’ ആയിരുന്നു, ഒരു കുരിശായിരുന്നില്ല.
പുലിക്കുന്നേലുമായുള്ള അഭിമുഖത്തിലെ കേരളസഭയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ നേരാവാന്‍ എല്ലാ സാദ്ധ്യതകളുമുണ്ടു്. ആ വിഷയത്തില്‍ എനിക്കു് വലിയ താല്പര്യമില്ല. ബൈബിളില്‍ പോലും ദൈവികമായി ഒന്നും കാണാന്‍ കഴിയാത്ത ഒരുവനു് കേരളസഭാചരിത്രത്തില്‍ എന്തെങ്കിലും താല്പര്യം ഉണ്ടാവാന്‍ സാദ്ധ്യതയില്ലല്ലോ. ഏതെങ്കിലും “വികൃതാനന്ദമയിക്കുഞ്ഞമ്മയ്ക്കു്” വിശന്നപ്പോള്‍ പിടക്കോഴി ഓടിച്ചെന്നു് മുലകൊടുത്തു എന്നു് പറഞ്ഞാല്‍ അതും വിശ്വസിക്കുന്ന ഒരു നാട്ടില്‍ രണ്ടു് സഹസ്രാബ്ദങ്ങള്‍ക്കു് മുന്‍പു് പലതും നടന്നു എന്നു് പറഞ്ഞാല്‍ ആളുകള്‍ അതു് വിശ്വസിക്കുന്നതില്‍ എന്തത്ഭുതം? എന്തും വിശ്വസിക്കുന്ന കുറെ മനുഷ്യര്‍ ലോകത്തില്‍ എന്നുമുണ്ടായിരുന്നു, ഭാവിയില്‍ എന്നാളും ഉണ്ടായിരിക്കുകയും ചെയ്യും. സ്വന്ത നിലപാടുകള്‍ക്കു് അവരുടേതായ നീതീകരണങ്ങളും അവര്‍ക്കുണ്ടാവും. അത്തരം വിഡ്ഢിത്തങ്ങള്‍ക്കായി ചിലവഴിക്കാന്‍ മാത്രം സമയം എനിക്കില്ല.
യൂറോപ്പിലെ ആദ്യകാല ക്രിസ്തുമതചരിത്രം പഠിച്ചാല്‍ ഏതെല്ലാം “സാത്താന്റെ വഴികളിലൂടെ” ആണു് സഭ ഇന്നത്തെ നിലയില്‍ എത്തിയതെന്നു് മനസ്സിലാവും. അവ മുഴുവന്‍ ബ്ലോഗ് വഴിയോ, മറ്റു് രീതിയിലോ എല്ലാവര്‍ക്കും മനസ്സിലാക്കിക്കൊടുക്കുക എന്നതു് മനുഷ്യസാദ്ധ്യമല്ല. എന്റെ ലേഖനങ്ങളുടെ ലക്‍ഷ്യം ഈ വിഷയത്തില്‍ താല്പര്യവും, critical ആയി ചിന്തിക്കാന്‍ വേണ്ട മുന്നറിവും കഴിവും ഉള്ളവര്‍ക്കു് അതിനൊരു stimulus ആവുക എന്നതു് മാത്രമാണു്.
പൊതുവായി പറഞ്ഞാല്‍, മതങ്ങള്‍ ചെയ്യുന്നതു് ചിന്തയുടെയോ ബുദ്ധിയുടെയോ സഹായമില്ലാതെ ഭാഗ്യാനുഭൂതിയില്‍ എത്തിച്ചേരുവാന്‍ മനുഷ്യരെ സഹായിക്കുക എന്നതാണു്. ഇങ്ങനെ കപടമായ ഒരു ഭാഗ്യാനുഭൂതി ആഗ്രഹിക്കാത്ത മനുഷ്യരും ലോകത്തിലുണ്ടു്. എന്തും മുഖവിലയ്ക്കെടുക്കാന്‍ ആഗ്രഹിക്കാത്തവരാണവര്‍. നല്ലൊരു വിഭാഗം ശാസ്ത്രജ്ഞരും ഇക്കൂട്ടത്തില്‍ പെടുന്നവരാണു്. ദൈവത്തില്‍ വിശ്വസിക്കാന്‍ അജ്ഞത ഒരിക്കലും ഒരു തടസ്സമാവാറില്ലല്ലോ. മോക്ഷം നേടാന്‍ തടിച്ചുകൂടുന്ന ജനലക്ഷങ്ങള്‍ കാട്ടിക്കൂട്ടുന്ന കോപ്രാഞ്ചങ്ങള്‍ അതിനു് തെളിവു് നല്‍കുന്നില്ലെങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല.
“ഇന്നോളം ഒരു മതവും സോപാധികമോ നിരുപാധികമോ, തത്വങ്ങളിലൂടെയോ ഉപമകളിലൂടെയോ ഉള്ള യാതൊരു സത്യവും ഉള്‍ക്കൊണ്ടിട്ടില്ല” എന്നു് Friedrich Nietzsche പറയുമ്പോള്‍ നമുക്കതു് provocative ആയി തോന്നാം. അതിലെ വസ്തുതായാഥാര്‍ത്ഥ്യം മനസ്സിലാക്കണമെങ്കില്‍ വ്യത്യസ്ത മേഖലകളില്‍ വിശാലമായ അറിവു് നമുക്കുണ്ടായിരിക്കണം. തത്വചിന്തയില്‍, ഗണിതശാസ്ത്രത്തില്‍, ഫിസിക്സില്‍, മറ്റു് പ്രകൃതിശാസ്ത്രങ്ങളില്‍, മതഗ്രന്ഥങ്ങളില്‍ എല്ലാം വേണ്ടത്ര ഉള്‍ക്കാഴ്ച നേടേണ്ടതു് മുന്‍വിധി ഇല്ലാതെ വസ്തുതകള്‍ മനസ്സിലാക്കാന്‍ ആവശ്യമാണു്. reasonable ആയിട്ടു് ചിന്തിക്കുവാന്‍, വസ്തുതകളെ വിഭിന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു് വീക്ഷിക്കുവാന്‍ അതുപോലൊരു ബഹുമുഖമായ അറിവു് ആവശ്യമാണു്. എങ്കില്‍ മാത്രമേ “സത്യങ്ങളുടെ” ആഴങ്ങളിലേക്കു് ഇറങ്ങിച്ചെല്ലാന്‍ നമുക്കു് കഴിയൂ. മതതത്വങ്ങളിലെ “അറിവു്” മാത്രം അതിനു് മതിയാവുകയില്ല. മതതത്വശാസ്ത്രം എന്നതുതന്നെ അബദ്ധമാണു്, കാരണം മതതത്വങ്ങള്‍ ശാസ്ത്രമല്ല, ആവുകയുമില്ല.
തലച്ചോറു് കാര്യങ്ങളെ വിലയിരുത്തുന്നതു് താരതമ്യത്തിലൂടെയാണു്. പഠനം വഴി, അനുഭവങ്ങള്‍ വഴി എത്ര കൂടുതല്‍ “ചിത്രങ്ങള്‍” തലച്ചോറില്‍ “ശേഖരിക്കുവാന്‍” നമുക്കു് കഴിഞ്ഞിട്ടുണ്ടോ, അത്രമാത്രം യാഥാര്‍ത്ഥ്യത്തോടു് അടുത്തു് നില്‍ക്കുന്നതാവാനേ നമ്മുടെ വിലയിരുത്തലുകള്‍ക്കു് കഴിയൂ എന്നു് cognitive neurobiology നമ്മെ പഠിപ്പിക്കുന്നുമുണ്ടല്ലോ. ഈ ശേഖരിക്കല്‍ പോലും നമ്മുടെ ബോധപൂര്‍വ്വമായ പങ്കാളിത്തമില്ലാതെ automatic ആയിട്ടാണു് തലച്ചോറില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതു് എന്നതാണു് ഏറെ രസം. നമ്മുടെ അറിവുകള്‍ക്കു് അതീതമായ അളവുകോലുകള്‍ നമുക്കുണ്ടാവുമോ?
വായിച്ചതിനു് നന്ദി!
മൂര്‍ത്തി
May 26, 2008 at 22:12
എല്ലാം വായിക്കുന്നുണ്ട്..തുടരുക..
qw_er_ty
Simy Chacko :: സിമി ചാക്കൊ
May 26, 2008 at 23:53
ഓ.ടൊ തുടരുന്നതില്‍ ക്ഷമിക്കുക..
മറുപടിക്കു വളരെ അധികം നന്ദീ. കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മറുപടി സഹായിച്ചു. പുലിക്കുന്നെലിന്റെ അഭിമുഖത്തിലെ താഴേകാണുന്ന ഭാഗം , ഇപ്പൊഴുള്ള എന്റെ വിചാരങ്ങളൊടു കൂടുതല്‍ അടുത്തു നില്കുന്നു. താന്കള്‍ ഇതു എങ്ങ്നെ കാണുന്നു, എന്നു സമയം കിട്ടുമ്ബ്ബൊള്‍ എഴുതാമോ. താന്കളുറ്റെ മിക്ക് ലേഖനളും ഇതിലൊരു വ്യക്തത വരുത്താനുള്ളതാണെന്നറിയാം
“ഇനി അവസാനമായി ഒരു ചോദ്യംകൂടി മതഗ്രന്ഥങ്ങളെ എങ്ങനെയാണ് കാണേണ്ടത്?
ഏതൊക്കെ മതഗ്രന്ഥങ്ങളില്‍ നന്മയുടെ അംശമുണ്ടോ അവയൊക്കെ സ്വീകരിക്കുക. അവയില്‍ എന്തെങ്കിലും തിന്മയുടെ അംശം ഉണ്ടെന്ന് കണ്ടാല്‍ അവ കൂട്ടിച്ചേര്‍ക്കപ്പെട്ടതോ സ്വാര്‍ത്ഥ താല്‌പര്യപ്രകാരം എഴുതിയതോ ആണ് എന്നു കരുതി തള്ളിക്കളയുക.
മതഗ്രന്ഥങ്ങളെല്ലാം തന്നെ പിന്നീട് ക്രോഡീകരിക്കപ്പെട്ടിട്ടുളളവയാകയാല്‍ അത് എഴുതിയവരുടെ ചിന്തകളും സ്വാര്‍ത്ഥ താല്‌പര്യങ്ങളും അതില്‍ ഉണ്ടാകാന്‍ ഇടയുണ്ട്.”
സി. കെ. ബാബു
May 27, 2008 at 09:38
നന്ദി, മൂര്‍ത്തി.
സിമി ചാക്കൊ,
എന്താണു് നന്മ? എന്താണു് തിന്മ? ഏതെങ്കിലും ഒരു സമൂഹവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ ഒരു വ്യക്തിയുടെ സ്വഭാവം നല്ലതോ ചീത്തയോ എന്നു് പറയാനാവുമോ? ഒരു Mr. X-ന്റെ സ്വഭാവം മോശമാണു് അല്ലെങ്കില്‍ നല്ലതാണു് എന്ന വാചകത്തിനു് ഏതെങ്കിലുമൊരു സാമൂഹികപശ്ചാത്തലത്തില്‍ മാത്രമേ എന്തെങ്കിലുമൊരു അര്‍ത്ഥമുള്ളു എന്നു് ലോകപ്രസിദ്ധ മനഃശാസ്ത്രജ്ഞന്‍ Alfred Adler ഒരിക്കല്‍ പറഞ്ഞു.
പശ്ചിമയൂറോപ്പില്‍ റെയില്‍വേ സ്റ്റേഷനിലോ, റോഡരികിലോ കാമുകീകാമുകന്മാര്‍ ചുംബിച്ചും ആലിംഗനം ചെയ്തും നില്‍ക്കുന്നതു് കണ്ടാല്‍ അതു് ആര്‍ക്കും ഒരു ചൊറിച്ചിലും ഉണ്ടാക്കാറില്ല. അതു് പരസ്യമായ ഒരു “ലൈംഗികബന്ധമായും” മറ്റും ആരും വിവക്ഷിക്കാറുമില്ല. സ്നേഹവും കാമവും തമ്മില്‍ തിരിച്ചറിയാന്‍ അവിടങ്ങളില്‍ കമിതാക്കള്‍ക്കും ജനങ്ങള്‍ക്കും അറിയാം. കേരളത്തിലെ ഏതെങ്കിലും ഒരു ബസ് സ്റ്റാന്‍ഡില്‍ ഇണകള്‍ അരമണിക്കൂര്‍ കെട്ടിപ്പുണര്‍ന്നു് നിന്നാല്‍ എന്താവും പുകിലു്? അതായതു്, നന്മയും തിന്മയും, ശരിയും തെറ്റുമൊക്കെ ആപേക്ഷികം മാത്രമാണു്.
സദാചാരത്തിനു് അതിനായിത്തന്നെ മതങ്ങളുടെ ആവശ്യമില്ല എന്നു് തത്വചിന്തകന്‍ Immanuel Kant വ്യക്തമാക്കിയിട്ടുണ്ടു്. നന്മയേതു്, തിന്മയേതു് എന്നു് സ്വയം തീരുമാനിക്കാന്‍ കഴിയുന്ന ഒരുവനു് മതഗ്രന്ഥങ്ങള്‍ എന്തിനു്? മനുഷ്യന്‍ സ്വാഭാവികമായി സ്വാര്‍ത്ഥനാണു്. സ്വന്തനേട്ടമാണു് അവന്റെ ലക്‍ഷ്യം. അതു് പ്രകൃതിനിയമമാണു്, അതുകൊണ്ടു് ശരിയുമാണു്. പക്ഷേ അതേസമയം തന്നെ മനുഷ്യന്‍ ഒരു സമൂഹജീവിയുമാണു്. അതിനാല്‍ സമാധാനപരമായ ഒരു സാമൂഹികജീവിതം സാദ്ധ്യമാവണമെങ്കില്‍ നിയമങ്ങളും നിയന്ത്രണങ്ങളും വേണം. അതു് സമൂഹം രൂപം നല്‍കുന്ന നിയമങ്ങള്‍ ആയിരിക്കണം. മതങ്ങളുടേതാവരുതു്.
സാമൂഹികനിയമങ്ങള്‍ കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം. രാജ്യത്തിന്റെ ഭരണഘടനപോലും സാമൂഹികമാറ്റങ്ങള്‍ക്കു് അനുസരിച്ചു് പുതുക്കി എഴുതപ്പെടണം. ബൈബിളോ ഖുര്‍ആനോ “പുതുക്കാന്‍” ക്രിസ്ത്യാനികളോ മുസ്ലീമുകളോ സമ്മതിക്കുമോ? സ്വന്തം വിശ്വാസപ്രമാണങ്ങള്‍ തിരുത്താന്‍ മറ്റു് മതങ്ങള്‍ സമ്മതിക്കുമോ? അതായതു്, മാറിക്കൊണ്ടിരിക്കുന്ന സാമൂഹികഘടനകളെ തൃപ്തിപ്പെടുത്താന്‍ “മാറ്റം” എന്നതു് അടിസ്ഥാനപരമായിത്തന്നെ നിഷേധിക്കുന്ന മതഗ്രന്ഥങ്ങള്‍ക്കു് ഒരിക്കലും കഴിയില്ല. അതിനാല്‍, മതവും ആത്മീയതയും അവയുമായി ബന്ധപ്പെട്ട മറ്റു് കാര്യങ്ങളും രാഷ്ട്രീയത്തില്‍ നിന്നും എന്നേക്കുമായി വേര്‍പെടുത്തപ്പെടണം. സമൂഹത്തിന്റെ പൊതുവായ നിയമം എന്ന നിയന്ത്രണശക്തിക്കു് എല്ലാ മതങ്ങളും ജനങ്ങളും നിരുപാധികം കീഴ്പ്പെടണം. പ്രവര്‍ത്തനക്ഷമമായ ജനാധിപത്യങ്ങളില്‍ അതാണു് സ്ഥിതി. ജനാധിപത്യം വിജയിക്കണമെങ്കില്‍ ജനങ്ങള്‍ പടിപടിയായിട്ടെങ്കിലും ബോധവത്ക്കരിക്കപ്പെടണം.
വിശ്വാസം വ്യക്തിഗതമാവണം. മതഗ്രന്ഥങ്ങളില്‍ എന്തു് സ്വീകരിക്കണം, ഏതു് പണ്ഡിതന്റെ വ്യാഖ്യാനം അംഗീകരിക്കണം, ദിവസത്തില്‍ എത്രവട്ടം പ്രാര്‍ത്ഥിക്കണം എന്നതെല്ലാം ഓരോരുത്തന്റെ സ്വാതന്ത്ര്യം. അതു് പൊതുജീവിതത്തെ ഒരിക്കലും തടസ്സപ്പെടുത്തുന്ന വിധത്തിലാവരുതു്.
പുലിക്കുന്നേല്‍ പറഞ്ഞതു് തത്വത്തില്‍ ശരിയാണു്, തത്വത്തില്‍ മാത്രം! മതഗ്രന്ഥങ്ങളിലെ നന്മയും തിന്മയും തിരിച്ചറിഞ്ഞു് തള്ളാനും കൊള്ളാനും കഴിവുള്ളവരാണു് വിശ്വാസികള്‍ എങ്കില്‍ മാത്രമേ അത്തരം ഒരു concept പ്രാവര്‍ത്തികമാവുകയുള്ളു എന്നുമാത്രം. ഞാന്‍ കാണുന്ന വിശ്വാസികളില്‍ അധികപങ്കും അപസ്മാരം ബാധിച്ചവരെപ്പോലെ പോട്ടയിലെയും, “പൂര്‍വ്വാശ്രമത്തിലെയും, പശ്ചിമാശ്രമത്തിലെയും” സ്വാമി-സന്ന്യാസിനി- സന്ന്യാസിമാരുടെ കാല്‍ച്ചുവട്ടില്‍ കിടന്നു് ഞെളിപിരി കൊള്ളുന്നവരാണു്. അവരൊക്കെ മതഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി reasonable ആയി ചിന്തിക്കാന്‍ കഴിയുന്നവരാണെന്നു് പറയണമെങ്കില്‍ ഒന്നുകില്‍ നമ്മള്‍ ഭ്രാന്തന്മാരായിരിക്കണം, അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയ പക്ഷം പിടിച്ചാല്‍ കിട്ടാത്ത optimistsഎങ്കിലും ആയിരിക്കണം!
സാമൂഹിക പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെയും പ്രായോഗികബുദ്ധിയോടെയും നേരിടുകയാണു് ഉചിതമെന്നു് തോന്നുന്നു. ആത്മീയതയും ഭൌതികതയും, മതവും രാഷ്ട്രീയവും, സ്വപ്നവും സത്യവുമെല്ലാം സഹസ്രാബ്ദങ്ങളായി വേര്‍പെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞു് കിടക്കുന്ന ഒരു സമൂഹത്തില്‍ അതത്ര എളുപ്പമല്ലെന്നറിയാമെങ്കിലും!
ചന്ദ്രശേഖരന്‍.പി
May 27, 2008 at 17:05
പോസ്റ്റുകളെല്ലാം വായിക്കാറുണ്ടു.
ശ്രദ്ധേയങ്ങളായ കുറിപ്പുകള്‍.
പ്രതികരിക്കണമെന്നുണ്ട്.
തിരക്കുകളൊഴിഞ്ഞു നെറ്റില്‍ കയറാന്‍
വല്ലപ്പോഴുമേ സമയം കിട്ടുന്നുള്ളൂ.
ചന്ദ്രായനം
Reji
May 27, 2008 at 18:12
എന്തിനാണീ പാതിരിമാരും പാസ്റ്റര്‍മാരും എല്ലാവരെയും ക്രിസ്ത്യാനികളാക്കി രക്ഷിക്കാന്‍ ഇറങ്ങിതിരിച്ചിരിക്കുന്നത്?. ദൈവത്തിന്റെ ഇഷ്ടം അതായ്‌രുന്നെങ്കില്‍ അദേഹം എല്ലാവരെയും ക്രിസ്ത്യാനിയായി ജനിപ്പിക്കില്ലായിരുന്നോ?. .പരിശ്ച്ചേദനം ആവശ്യമായ്‌രുന്നുവെങ്കില്‍ അത് ദൈവം തന്നെ നിറവേറ്റുകയില്ലയിരുന്നൊ എന്നു പൗലോസ് സ്ലീഹ പറഞ്ഞതുമാതിരി ….
(അപ്പോള്‍ 2000 വര്‍ഷം മുന്‍പുള്ളവരുടെ കാര്യമോ… ആര്‍ക്കറിയാം…!!)
ഈ ഇവാഞ്ജലൈസേഷന്‍ ഒരു തരത്തില്‍ കപ്പയും കഞ്ഞിയും കഴിച്ചു ശീലിച്ച നമ്മളെ ബര്‍ഗറു തിന്നാന്‍ നിര്‍ബന്ദ് ധിക്കുന്നതുമാതിരിയാണ്….
സി. കെ. ബാബു
May 27, 2008 at 19:21
വായനക്കു് നന്ദി, ശ്രീ ചന്ദ്രശേഖരന്‍.
reji,
പൌരോഹിത്യം വെറും ഒരു തൊഴില്‍ മാത്രമാണു്. ഒരു മരുന്നിന്റെ പ്രതിനിധി ആ മരുന്നു് വിറ്റു് കിട്ടുന്ന കമ്മീഷന്‍ കൊണ്ടു് ജീവിക്കുന്നു. ദൈവത്തിന്റെ പ്രതിനിധികളായ പുരോഹിതര്‍ ദൈവത്തെ വിറ്റു് ജീവിക്കുന്നു. medical representative പക്ഷെ എന്തെങ്കിലും വില്‍ക്കുന്നെങ്കിലുമുണ്ടു്. നല്‍കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ വില്‍ക്കുന്നതാണു് കാപട്യം. സര്‍വ്വശക്തന്‍ എന്നു് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന ഒരു ദൈവത്തെ സഹായിക്കാന്‍ കച്ച കെട്ടിയിറങ്ങുന്നവര്‍ക്കു് എവിടെയോ എന്തോ തകരാറുണ്ടാവണം! അവരുടെ തലച്ചോറില്‍ ചില signals ഒന്നുകില്‍ രൂപമെടുക്കുന്നില്ല അല്ലെങ്കില്‍ എത്തേണ്ടിടത്തു് എത്തുന്നുണ്ടാവില്ല.
സായിപ്പു് പണ്ടു് കച്ചവടത്തിനെന്ന പേരില്‍ കപ്പലില്‍ എത്തുമ്പോള്‍ മുകള്‍ത്തട്ടില്‍ കുരിശും ബൈബിളും പ്രദര്‍ശിപ്പിച്ചിരിക്കും! അടിത്തട്ടില്‍ തോക്കുകളും പടക്കോപ്പുകളും ഒളിച്ചു് വച്ചിട്ടുമുണ്ടാവും! ദരിദ്രരാജ്യങ്ങളിലെ അധികാരിവിഡ്ഢികള്‍ സായിപ്പിനെ “ദൈവവിശ്വാസിയായി” കരുതി, ഇരയായി നീട്ടുന്ന “സമ്മാനങ്ങളും” വാങ്ങി സ്വന്തം ജനങ്ങളെ ഒറ്റിക്കൊടുക്കും. പുതിയ രാജ്യത്തു് കാലുറച്ചാല്‍ പിന്നെ ലോക്കല്‍ രാജാക്കന്മാരെ തമ്മിലടിപ്പിക്കാന്‍ തുടങ്ങും. എന്നിട്ടു് തന്മയത്വമായി അതില്‍ ഇടപെട്ടു് തന്‍കാര്യം നേടുകയും ചെയ്യും. East India Company ഒക്കെ ചെയ്തതു് മറ്റൊന്നുമായിരുന്നില്ല.
ഇന്നു് സ്വന്തം ജനങ്ങളെ ഒറ്റിക്കൊടുക്കുന്ന ജോലി മതങ്ങള്‍ നേരിട്ടാണു് നടത്തുന്നതു്. അല്പസ്വല്പം ജനസേവനമൊക്കെ നടത്തി അവര്‍ മനുഷ്യരുടെ കണ്ണില്‍ പൊടിയിടുമ്പോള്‍ ജനം അതു് തിരിച്ചറിയുന്നില്ല. ചില ശിങ്കിടികള്‍ ഈ ചൂഷകരുടെ വക്കാലത്തു് പിടിച്ചു് വെള്ളം കലക്കി അവര്‍ക്കു് “മീന്‍ പിടിക്കാന്‍” കൂടുതല്‍ സൌകര്യം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു.
Simy Chacko :: സിമി ചാക്കൊ
May 28, 2008 at 00:01
മറുപടിക്കും വിശദ്ദികരണങ്ങള്ക്കും വളരെ നന്ദി
– സിമി
Umesh::ഉമേഷ്
May 31, 2008 at 02:14
ഹഹഹഹ…
🙂
Jayachandra Menon
Nov 13, 2008 at 15:52
പണ്ടൊരു കഥ കേട്ടിട്ടുണ്ട്. അമേരിക്കയിലെ ആദിവാസി പറയുന്നതാണ്. “അവര് വന്നപ്പൊ അവരുടെ കയ്യിൽ ബൈബിളും ഞങ്ങടെ കയ്യിൽ ഭൂമിയും ഉണ്ടായിരുന്നു. ഇപ്പൊ ഞങ്ങടെ കയ്യിൽ ബൈബിളും ഭൂമിയൊക്കെ അവരുടെ കയ്യിലും”