RSS

മഹാപ്രളയവും മരണപ്പെട്ടകവും – 1

13 May

= 1 =

ഒന്നാംദിവസം ആകാശത്തിലും ഭൂമിയിലും ആരംഭിച്ചു്‌, ആറാം ദിവസം മനുഷ്യനില്‍ അവസാനിച്ച, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകല ചരാചരങ്ങളുടേയും സൃഷ്ടി അത്ര ആനക്കാര്യം ഒന്നുമല്ലാത്തതിനാല്‍, അതിന്റെ വര്‍ണ്ണനക്കു് ബൈബിളില്‍ ഒരദ്ധ്യായത്തില്‍ കൂടുതല്‍ സ്ഥലം അനുവദിക്കുന്നതു് അനാവശ്യമായ ഒരു ലക്ഷ്വറി ആയി പഴയനിയമരചയിതാവു് കരുതിയപോലെ തോന്നുന്നു. അതുകൊണ്ടാവാം പ്രപഞ്ചസൃഷ്ടി സംബന്ധിച്ച കാര്യങ്ങള്‍ മുഴുവന്‍ ഒന്നാം അദ്ധ്യായത്തിലെ വെറും മുപ്പത്തൊന്നു് വാക്യങ്ങളില്‍ ഒതുക്കാന്‍ അദ്ദേഹം തീരുമാനിച്ചതു്. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സങ്കീര്‍ണ്ണതകളെപ്പറ്റി എഴുത്തുകാരനു് അത്രയൊക്കെയേ അറിയുമായിരുന്നുള്ളു എന്നതു് വേണ്ടവര്‍ക്കു്‌ അതില്‍നിന്നും വായിച്ചെടുക്കാന്‍ കഴിയുന്ന രഹസ്യവും. ദൈവം ആറു് ദിവസങ്ങള്‍ കൊണ്ടു് “പുല്ലും, വിത്തുള്ള സസ്യങ്ങളും, അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും”,  കൂട്ടത്തില്‍ സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെയും, അവസാനം ഒരു രസത്തിനെന്നോണം മനുഷ്യനേയും സൃഷ്ടിച്ചു, അത്രതന്നെ! അക്കാര്യങ്ങള്‍ വര്‍ണ്ണിക്കാന്‍ ഒരദ്ധ്യായം തന്നെ ധാരാളം.

അതേസമയം, നോഹയുടെ കാലത്തു് സംഭവിച്ച ഒരു മഹാപ്രളയം ഉത്പത്തിയിലെ ആറുമുതല്‍ ഒന്‍പതുവരെയുള്ള നാലു് അദ്ധ്യായങ്ങളിലാണു്‌ വലിച്ചുവാരി വിവരിച്ചിരിക്കുന്നതു്. മനഃപൂര്‍വ്വം സംഭവിപ്പിച്ച ആ പ്രളയം വഴി ഭൂമിയിലെ സകല മനുഷ്യരെയും മൃഗങ്ങളെയും യഹോവ എന്ന “ഏകദൈവം” നശിപ്പിക്കുകയായിരുന്നു. നോഹയും ഭാര്യയും, മൂന്നു് പുത്രന്മാരും അവരുടെ ഭാര്യമാരും, ശുദ്ധിയുള്ള മൃഗങ്ങള്‍ ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങള്‍ ആണും പെണ്ണുമായി ഈരണ്ടും വീതം മാത്രം രക്ഷപ്പെട്ടു. വെള്ളത്തില്‍ ജീവിക്കുന്ന ഇനങ്ങള്‍ക്കു് അതു് സുഭിക്ഷകാലമായിരുന്നു. അതിഭക്ഷണം മൂലം അവയിലും കുറെയേറെയെണ്ണം ചത്തുമലച്ചു് വെള്ളത്തില്‍ പൊങ്ങിക്കിടന്നിട്ടുണ്ടാവണം.

ആയിരം വര്‍ഷങ്ങള്‍ ദൈവത്തിനു് ഒരു ദിവസം പോലെയാണെന്നു് ക്രിസ്തുമതത്തിലെ ഒരു പുരാതന പിതാവു് ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ആ നിഗമനം ശരിയാണെന്നു് പലപ്പോഴും എനിക്കും തോന്നാറുണ്ടു്. കാരണം, ദൈവം ഇടയ്ക്കിടെ ഭൂമിയെ നോക്കാത്തതുകൊണ്ടല്ല, സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും കലണ്ടറുകളിലെ ഈ വ്യത്യാസമാവണം മനുഷ്യരുടെ സകല കഷ്ടതകളുടെയും കാരണം. ദൈവം ഓരോ ദിവസവും ഭൂമിയെ നോക്കുന്നുണ്ടെന്നു് കരുതിയാല്‍പോലും, നമുക്കു് അതു് ആയിരം വര്‍ഷത്തില്‍ ഒരിക്കലാണു്. അതിനിടയില്‍ ഇവിടെ, ഈ ഭൂമിയില്‍, വരള്‍ച്ചയും, വെള്ളപ്പൊക്കവും, ഭൂമികുലുക്കവും, മിസ്റ്റര്‍ കോസ്മോസിനെ പൊന്നാടചാര്‍ത്തലുമെല്ലാം എത്രയോ വട്ടം സംഭവിച്ചിരിക്കും. ഒരുപാടു് ജോലിത്തിരക്കുകളുള്ള ദൈവം ഒരുദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഭൂമിയെ നോക്കണമെന്നൊക്കെ പറയുന്നതു് ഇത്തിരി കടന്ന കയ്യാണു്‌.

ആയിരം വര്‍ഷങ്ങള്‍ എന്നു് പറഞ്ഞപ്പോഴാണു് ഓര്‍ത്തതു്: ആദാം മുതല്‍ നോഹ വരെയുള്ള കാലഘട്ടത്തില്‍ മനുഷ്യര്‍ ശരാശരി ആയിരം കൊല്ലത്തോളം ജീവിച്ചിരുന്നിരുന്നു. ആദാം 930 വര്‍ഷം, നോഹ 950 വര്‍ഷം അങ്ങനെയങ്ങനെ. സ്വര്‍ഗ്ഗവര്‍ഷത്തില്‍ പറഞ്ഞാല്‍ 950 ഭൂമിവര്‍ഷം എന്നതു് കഷ്ടി ഒരു സ്വര്‍ഗ്ഗദിവസം. അഥവാ, ദൈവദൃഷ്ടിയില്‍ മനുഷ്യര്‍ വെറും ഒറ്റദിവസ ഈച്ചകള്‍ മാത്രം! പ്രളയത്തിനു് ശേഷമാണു് മനുഷ്യന്റെ ആയുസ്സു് നൂറ്റിയിരുപതു് വര്‍ഷമായി ദൈവം വെട്ടിച്ചുരുക്കിയതു്. ഈ തീരുമാനത്തിനു് ദുരൂഹമായ ഒരു കാരണമാണു് ബൈബിള്‍ നല്‍കുന്നതു്: മനുഷ്യര്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി. അവര്‍ക്കു് പുത്രിമാര്‍ ജനിച്ചപ്പോള്‍ “ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ” സൗന്ദര്യമുള്ളവരെന്നു് കണ്ടിട്ടു് തങ്ങള്‍ക്കു് ബോധിച്ച ഏവരേയും ഭാര്യമാരായി എടുത്തു. അപ്പോള്‍ യഹോവ: “മനുഷ്യനില്‍ എന്റെ ആത്മാവു് സദാ കാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവന്‍ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിയിരുപതു് സംവത്സരമാകും എന്നു് അരുളിച്ചെയ്തു”. ദൈവത്തിന്റെ പുത്രന്മാരും, മനുഷ്യരുടെ പുത്രിമാരും! ഇക്കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയാതെ മതപണ്ഡിതര്‍ ഇന്നും വട്ടം ചുറ്റുകയാണു്. എന്തൊക്കെയോ ചിലതു് അവര്‍ ഇടക്കിടെ വിളിച്ചുപറയാറുണ്ടു്. പക്ഷേ അതെന്താണെന്നു് അവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ മനസ്സിലാവാറില്ല.

അതെന്തായാലും, പ്രായത്തില്‍ വരുത്തിയ ഈ വെട്ടിച്ചുരുക്കലിനു് അത്ര മോശമല്ലാത്ത ഒരു വിശദീകരണം നല്‍കാന്‍ കഴിയുമെന്നു് തോന്നുന്നു. ആദിപിതാക്കള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നതുകൊണ്ടു് അവരുടെ ലിസ്റ്റിന്റെ നീളം ഗണ്യമായി ചുരുക്കാന്‍ കഴിഞ്ഞു. 900 വര്‍ഷത്തിനുപകരം അവര്‍ വെറും 60 വര്‍ഷം മാത്രം ജീവിച്ചിരുന്നെങ്കില്‍, ഒരാളുടെ സ്ഥാനത്തു് പതിനഞ്ചുപേരാവും. പത്തു് പുരാതനപിതാക്കന്മാരുടെ സ്ഥാനത്തു് 150 പിതാക്കന്മാര്‍. ഇവര്‍ക്കും മക്കള്‍ക്കുമെല്ലാം പേരിടുന്നതുതന്നെ ഒരു നല്ല ജോലിയായേനെ. ബൈബിളിന്റെ കട്ടി കൂടുമെന്നല്ലാതെ, അതുകൊണ്ടു് ആര്‍ക്കെന്തു് പ്രയോജനം? ചുരുങ്ങിയതു്‌, ഓരോ ഇരുപതു് വര്‍ഷം കൂടുമ്പോഴെങ്കിലും ഓരോ പുതിയ തലമുറ രൂപം കൊണ്ടതായി എഴുതിപ്പിടിപ്പിക്കണം. അല്ലെങ്കില്‍ അതിനും വിശദീകരണം നല്‍കേണ്ടിവരും. കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ മനുഷ്യര്‍ പെരുകണമെന്നതു് ഇന്നത്തെ സഭാപിതാക്കളെപ്പോലെതന്നെ അക്കാലത്തു് ദൈവത്തിനും വളരെ നിര്‍ബന്ധമായിരുന്നുതാനും. അനാവശ്യമായി തന്റെ മഷി തീരാതിരിക്കാനും, തൂവല്‍ തേയാതിരിക്കാനുമായി ബൈബിള്‍ എഴുത്തുകാരന്‍ കണ്ടെത്തിയ ഒരു പ്രായോഗികതന്ത്രമായിരിക്കണമതു്‌.

പതിവുപോലെ, നോഹയുടെ കാലത്തും ദൈവം ഭൂമിയിലേക്കു് നോക്കി. മനുഷ്യനെ സൃഷ്ടിച്ചതിന്റെ പേരില്‍ ദൈവം മൂന്നാമത്തെ പ്രാവശ്യം ദുഃഖിച്ചു. ആദ്യം, തിന്നരുതു് എന്നു് പ്രത്യേകം പറഞ്ഞ പഴം ആദാമും ഹവ്വായും പറിച്ചുതിന്നപ്പോള്‍. പിന്നെ, സ്വന്തം സഹോദരനായ ഹാബേലിനെ കയീന്‍ കൊന്നപ്പോള്‍. ഇപ്പോള്‍, സകലമാന മനുഷ്യരും പാപത്തിന്റെ നിലയില്ലാക്കടലില്‍ മുങ്ങിക്കുളിക്കുന്നതു്‌ കണ്ടപ്പോഴും. ഇവറ്റകള്‍ ഇത്തരക്കാരാണെന്നു് സൃഷ്ടിയില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയാതെ പോയതില്‍ ദൈവത്തിനു് തന്നോടുതന്നെ അരിശം തോന്നി. പാപങ്ങളുടെ ഭീകരതയും എണ്ണവും കൂടുന്നതല്ലാതെ കുറയുന്നില്ല. ഈ താന്തോന്നിത്തത്തിനു് പ്രതികാരം ചെയ്യാതിരിക്കാന്‍ ദൈവത്തിനു് കഴിയില്ല. കാരണം, പാപവും പാപിയും ദൈവത്തിനെതിരാണു്. പാപം ചെയ്യാത്തവരായി ആകെയുള്ളതു് നോഹയും ഭാര്യയും, മൂന്നു് ആണ്‍പിള്ളേരും, അവരുടെ ഭാര്യമാരായ മൂന്നു് പെണ്‍കുട്ടികളും മാത്രം. ബാക്കിയുള്ളവരൊക്കെ ദൈവം വിചാരിച്ചാലും തിരുത്താനാവാത്തവിധം മഹാപാപികളായിത്തീര്‍ന്നവര്‍. നന്മതിന്മകളുടെ അറിവിന്റെ വൃക്ഷവും ജീവന്റെ വൃക്ഷവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത ഇത്തരം വിഡ്ഢികള്‍ ചെറിയ ശിക്ഷകൊണ്ടൊന്നും പഠിക്കുകയില്ല. കല്‍പിക്കുന്നതു് ദൈവമായാലും മനുഷ്യര്‍ നന്നാവില്ല. കാരണം, ദൈവം അവര്‍ക്കു് ഫ്രീ വില്‍ കൊടുത്തുപോയി. ആ ഫ്രീ വില്‍ ഇനി തിരിച്ചെടുത്താല്‍  പിശാചു്‌ എന്തു് വിചാരിക്കും? അതുകൊണ്ടു് നോഹയും കുടുംബവുമൊഴികെ സകല മനുഷ്യരേയും പ്രളയത്തില്‍ മുക്കിക്കൊല്ലുകതന്നെ പ്രതിവിധി എന്നു്‌ ദൈവം കണ്ടു. തത്ക്കാലം പ്രളയമാവട്ടെ എന്നും, മറ്റേ ദൈവമായ അല്ലാഹുവിന്റെ മാതൃകയില്‍ തീ കൊണ്ടുള്ള പൊരിക്കല്‍ പരിപാടി സോദോം-ഗോമോറയുടെ കാലത്താവാമെന്നും യഹോവ എന്ന ദൈവം തീരുമാനിച്ചു. അല്ലാഹുവിനെപ്പോലെതന്നെ യഹോവയും എല്ലാം അറിയുന്നവനും സകല ഭാവിയും മുന്‍കൂറായി കാണുന്നവനുമാണു്‌. അക്കാര്യത്തില്‍ അങ്ങേരേക്കാള്‍ ഒരുപടി മുന്നിലാണെങ്കിലേയുള്ളു.

ഉദാഹരണത്തിനു്‌, കേരളത്തില്‍ കത്തോലിക്കാസഭ ഒരു അച്ചനെയോ ബിഷപ്പിനെയോ കര്‍ദ്ദിനാളെയോ തിരുവേലയ്ക്കായി അഭിഷേകം ചെയ്യുമ്പോള്‍ത്തന്നെ ആരൊക്കെ ആരെയൊക്കെ ഗര്‍ഭം ധരിപ്പിക്കുമെന്നും, അവരില്‍ ആരൊക്കെ എത്ര കോടി സ്വന്തം പോക്കറ്റില്‍ തിരുകുമെന്നും, ആരൊക്കെ വനഭൂമി കയ്യേറുമെന്നും ആരൊക്കെ അതിനവരെ സഹായിക്കുമെന്നും, ആര്‍ക്കെല്ലാം അതിന്റെ പേരില്‍ സ്ഥലം മാറ്റവും സ്ഥാനഭ്രഷ്ടും നേരിടേണ്ടി വരുമെന്നുമെല്ലാം യഹോവയ്ക്കു്‌ കൃത്യമായി അറിയാം. യഹോവ ഒരു പൊട്ടനാണെന്നു്‌ കരുതരുതു്‌. ഒരു തൊഴിലാളിപ്പാര്‍ട്ടി അവരുടെ പാര്‍ട്ടി സെക്രട്ടറി, മന്ത്രിമാര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ ജനസേവനത്തിനായി നേതാക്കളെ അവരോധിക്കുമ്പോഴത്തെ കാര്യവും അങ്ങനെതന്നെ. പൊതുമുതലില്‍ നിന്നും കോടികള്‍ ഒതുക്കാന്‍ ആരെല്ലാം എന്തെല്ലാം ന്യായീകരണങ്ങള്‍ കണ്ടെത്തും, ആരൊക്കെ എത്ര തുക വീതം മരുന്നിനും മന്ത്രത്തിനും എന്ന പേരില്‍ വക മാറ്റും, കണ്ടാലും കൊണ്ടാലും പഠിക്കാത്ത എത്രയെത്ര സിന്താവാ കോവാലന്മാര്‍ അപ്പോഴും അവര്‍ക്കെല്ലാം കീജേ വിളിച്ചുകൊണ്ടു്‌ പുറകെ നടക്കും തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ഒരു മഷിനോട്ടക്കാരനേപ്പോലെ കണ്‍മുന്നില്‍ കാണുന്നവനാണു്‌ യഹോവ.

അക്കാലത്തു് ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധപ്പെടലിനു് ഇന്നത്തെപ്പോലുള്ള ടെലിക്കമ്മ്യൂണിക്കേഷന്‍ ഫെസിലിറ്റീസ് ആവശ്യമായിരുന്നില്ല. മനുഷ്യര്‍ക്കു് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഒരു കാഹളം സ്വര്‍ഗ്ഗത്തിലേക്കു് നീട്ടിപ്പിടിച്ചു് നാലുവട്ടം ഊതും. ദൈവത്തിനു് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അവന്‍ ഏതെങ്കിലും മലയില്‍ പ്രത്യക്ഷപ്പെടും. അങ്ങനെ ദൈവം നോഹയോടു് പറഞ്ഞു: “ഡാ, നോഹേ, പ്രളയം അനിവാര്യം. അതുകൊണ്ടു് പെട്ടെന്നുതന്നെ ഗോഫര്‍ മരം കൊണ്ടു് ഒരു പെട്ടകം ഉണ്ടാക്കി നീയും കുടുംബവും അതില്‍ കയറി രക്ഷപെട്ടുകൊള്ളുക. നീയും മക്കളും രക്ഷപെട്ടില്ലെങ്കില്‍ മനുഷ്യനെ ഉണ്ടാക്കാനായി ഞാന്‍ ഇനിയും മണ്ണുകുഴക്കാനും വാരിയെല്ലൂരാനും പോകണം. ഈ വയസ്സുകാലത്തു് പഴയപോലുള്ള ആറുദിവസത്തെ മാരത്തണ്‍ ഓട്ടമൊന്നും ശരിയാവില്ല. ഇനിയുള്ള കാലമെങ്കിലും അടുത്തൂണും അഞ്ചുസെന്റ്‌ സ്ഥലവും വാങ്ങി വിശ്രമജീവിതം നയിക്കണം”.

ദൈവം തുടര്‍ന്നു: “പെട്ടകം എന്നു് കേട്ടതുകൊണ്ടു് പേടിക്കണ്ട. വെള്ളം കയറാത്ത ഇത്തിരി വലിയ ഒരു കോഴിക്കൂടു്, അഥവാ, സാമാന്യത്തില്‍നിന്നും ശകലം ഭേദപ്പെട്ട ഒരു പത്തായം, അത്രതന്നെ! മുന്നൂറു് മുഴം നീളം, അന്‍പതുമുഴം വീതി, മുപ്പതുമുഴം ഉയരം. മുകളില്‍നിന്നും ഒരുമുഴം താഴെ ഒരു കുഞ്ഞു് കിളിവാതിലുമിരുന്നോട്ടെ”. ശ്വാസം കിട്ടണമെന്നതുകൊണ്ടല്ല, പ്രളയാവസാനം, അഥവാ, പെട്ടകപ്പുറത്തു് തുടികൊട്ടും പാട്ടുമായി മഴത്തുള്ളികള്‍ വീഴുന്ന ശബ്ദം കേള്‍ക്കാതാവുമ്പോള്‍ മാത്രം, അപ്പോള്‍ മാത്രം തുറക്കാനും കാക്കയേയും പ്രാവിനേയും പുറത്തുവിട്ടു് ജലനിരപ്പു് പരിശോധിക്കുവാനും ഒരു കിളിവാതില്‍ ഇല്ലാതെ കഴിയുകയില്ല എന്നതിനാലാണതു്. പ്രളയാവസാനം ഭൂമി ഉണങ്ങിയെന്ന വിവരം ദൈവത്തിനു് നേരിട്ടു് പറയാവുന്നസ്ഥിതിക്കു് കാക്കയേയും പ്രാവിനേയും പുറത്തുവിടാന്‍ മാത്രമായി ഒരു കിളിവാതില്‍ അത്ര നിര്‍ബന്ധമാണോ എന്നൊരു സംശയം നോഹയുടെ ബുദ്ധിയില്‍ തോന്നാതിരുന്നില്ല. പക്ഷേ, വീട്ടില്‍ മൂത്തവര്‍ അടുപ്പത്തിരുന്നു്‌ കാഷ്ഠിക്കുമ്പോള്‍ ചന്തി പൊള്ളാറില്ല എന്ന മഹദ്‌വചനം നോഹയും പഠിച്ചിരുന്നു. ദൈവം പിന്നേയും നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നു: “പെട്ടകത്തിനു് മൂന്നു് തട്ടും, ഒരുവശത്തു് ഒരു വാതിലും വേണം. ആഫ്രിക്കയിലേയും ഇന്‍ഡ്യയിലേയും കൊമ്പനാനകള്‍ക്കും പിടികള്‍ക്കും കയറാനുള്ളതുകൊണ്ടു് വാതില്‍ തീരെ ചെറുതാവരുതു്. ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്നും ആണും പെണ്ണുമായി ഈരണ്ടും, ശുദ്ധിയുള്ള മൃഗങ്ങളില്‍ നിന്നും ആണും പെണ്ണുമായി ഏഴേഴും വീതം പെട്ടകത്തില്‍ കയറ്റണം. ശുദ്ധിയുള്ളവയില്‍ കുറെയെണ്ണത്തിനെ വേണ്ടിവന്നാല്‍ ശാപ്പിടാം എന്നതിനാലാണു് ഏഴേഴെന്നു് പറഞ്ഞതു്. മാത്രവുമല്ല, പ്രളയാവസാനം എനിക്കു് ഹോമയാഗങ്ങള്‍ അര്‍പ്പിക്കാന്‍ ശുദ്ധിയുള്ള ചില മൃഗങ്ങളും പറവകളും ആവശ്യമാണുതാനും.”

പെട്ടകം പണിത ആശാരിമാര്‍ അന്തം വിട്ടു. കപ്പല്‍ നിര്‍മ്മാണം സംബന്ധിച്ച സകല സാങ്കേതികത്വങ്ങളും തലകീഴ്മറിഞ്ഞതായി അവര്‍ക്കു് തോന്നി. തട്ടുകളില്‍ ശുദ്ധവായുവും വെളിച്ചവും ലഭ്യമാക്കുന്നതും, തട്ടുകളിലേക്കുള്ള പ്രവേശനവും, കീരിയും പാമ്പും, കുറുക്കനും കോഴിയുമെല്ലാം വസിക്കുന്ന കൂടുകള്‍ തമ്മില്‍ത്തമ്മില്‍ നിലനിര്‍ത്തേണ്ട മിനിമം അകലവുമെല്ലാം തലവേദനയായി. അകത്തും പുറത്തും കീല്‍ തേച്ച പെട്ടകത്തിലെ അറകളില്‍ കഴിയുന്ന മൃഗങ്ങളുടെ ഒരുവര്‍ഷകാലത്തെ വിസര്‍ജ്ജ്യവസ്തുക്കള്‍ പെട്ടകം തുറക്കാതെ പുറത്തുകളയുന്നതെങ്ങനെയെന്നതായിരുന്നു മറ്റൊരു പ്രധാന പ്രശ്നം. മലമൂത്രങ്ങളുടെ ദുര്‍ഗ്ഗന്ധവും അവയില്‍ രൂപമെടുക്കുന്ന മാരകമായ വാതകങ്ങളും ഒഴിവാക്കാന്‍ വഴികാണാതെ ആശാരിമാര്‍ കുഴങ്ങി. അക്കാലത്തു് സെപ്ടിക് ടാങ്കുകള്‍ ഇല്ലായിരുന്നെങ്കിലും, “സെപ്ടിക് ടാങ്കിലെ അപകടമരണം” ഒരു ഹൈപ്പോത്തെസിസ് എന്ന നിലയില്‍ അവര്‍ക്കു് സുപരിചിതമായിരുന്നു. അതേ പേരില്‍ ആയിടെ ഇറങ്ങിയ ഒരു സയന്‍സ്‌ ഫിക്‍ഷന്‍ ഫിലിം സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ “സെപ്ടിക് ടാങ്ക്” സമൂഹത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയവുമായിരുന്നു. പെട്ടകത്തിന്റെ പണി തീര്‍ത്തശേഷം അധികം താമസിയാതെ തങ്ങള്‍ മുങ്ങിച്ചാവണമെന്നു് പാവം ആശാരിമാര്‍ അറിഞ്ഞിരുന്നില്ല. നോഹ ഒരു മൃഗശാലയോ, സര്‍ക്കസോ മറ്റോ തുടങ്ങാന്‍ പോകുന്നു എന്ന ധാരണയായിരുന്നു അവര്‍ക്കു്. നോഹയുടെ വര്‍ണ്ണനയ്ക്കനുസൃതമായും, കുറെയൊക്കെ സ്വന്തം യുക്തിപോലെയും പെട്ടകത്തിന്റെ പണി മുഴുവന്‍ ഒരുവിധം തീര്‍ത്തു് പണിക്കൂലിയും വാങ്ങി പതിവുപോലെ പാപം ചെയ്യാനായി അവര്‍ പട്ടണത്തിലെ മറ്റു് പാപികളുടെ ഇടയിലേക്കു് പോയി.

പെട്ടകത്തില്‍ കയറാനുള്ള മൃഗസമൂഹത്തെ കണ്ട നോഹ അമ്പരന്നുപോയി. ഇവയെ മുഴുവന്‍ എങ്ങനെ ഈ പെട്ടിയിലൊതുക്കും? ആറാം ദിവസം ദൈവം സൃഷ്ടിച്ച കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും ഇത്രയേറെ ഉണ്ടാവുമെന്നു് നോഹ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. അതിനുപുറമേ, അഞ്ചാം ദിവസം വൈകിട്ടു് സൃഷ്ടിച്ച പറവകള്‍ വേറെയും! നോഹ അധികസമയവും പ്രാര്‍ത്ഥനയിലും ജപത്തിലും മുഴുകി സമയം കഴിച്ചിരുന്നതിനാല്‍ പൊതുവിജ്ഞാനം ഇത്തിരി കമ്മിയുമായിരുന്നു. വലിയ മൃഗങ്ങളെ ഒഴിവാക്കിയാല്‍ പോലും ബാക്കിയുള്ളവയുടെ നാലിലൊന്നുപോലും ഈ പത്തായത്തില്‍ ഒതുങ്ങുകയില്ല. മഴ പെയ്യുമ്പോള്‍ പറവകളെ പറന്നുനടക്കാന്‍ അനുവദിക്കുന്നതെങ്ങനെ? സകല പര്‍വ്വതങ്ങളും വെള്ളത്തിനടിയില്‍ ആയതിനാല്‍ പറന്നുപറന്നു് ചിറകു് തളരുമ്പോള്‍ എവിടെയെങ്കിലും ഒന്നിരിക്കാന്‍ പോലും കഴിയുകയുമില്ല. മൃഗങ്ങള്‍ക്കുപോലും സ്ഥലമില്ലാത്തിടത്തു്, ഓരോ ഇനത്തിനും യോജിച്ച തീറ്റസാധനങ്ങള്‍ എവിടെ കയറ്റും? ആനയും കണ്ടാമൃഗവുമൊക്കെ കുറച്ചു് തീറ്റകൊണ്ടൊന്നും മതിയാവുന്ന തരക്കാരുമല്ല. പ്രളയം തീരുന്നതുവരെ അവറ്റകളെ പട്ടിണിക്കിട്ടാല്‍ അവ പരസ്പരം കടിച്ചുകീറി തിന്നും.പോരെങ്കില്‍, ഏതു് വര്‍ഗ്ഗത്തിനും ഒന്നോ അതിലധികമോ വര്‍ഗ്ഗശത്രുക്കളുമുണ്ടു്.

പുതിയ സൃഷ്ടി നടത്തിയാലും ഇല്ലെങ്കിലും, ഇതില്‍ ഭേദം പ്രളയം വഴി എല്ലാത്തിനേയും അങ്ങു് കൊല്ലുന്നതു് തന്നെയായിരുന്നു എന്നു് പലവട്ടം നോഹ വിചാരിച്ചെങ്കിലും, പുറത്തു് പറഞ്ഞില്ല. ഹൃദയവിചാരങ്ങളെ പറയാതെതന്നെ അറിയുന്നവനാണു് ദൈവം എന്നു് തിരക്കിനിടയില്‍ നോഹ ചിന്തിച്ചില്ല. മറ്റു്‌ മാര്‍ഗ്ഗങ്ങളില്ലാത്തതുകൊണ്ടു് നോഹയുടെ ദുശ്ചിന്തകള്‍ അറിഞ്ഞതായി ദൈവം ഒട്ടു് നടിച്ചതുമില്ല. ആകെ ധര്‍മ്മസങ്കടത്തിലായ നോഹ ഈവിധ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിച്ചു എന്നതു് ഇന്നുവരെ വെളിച്ചം കാണാത്ത ഒരു രഹസ്യമാണു്.

ധ്രുവപ്രദേശത്തെ വെള്ളക്കരടിയും, ആസ്റ്റ്‌റേലിയയിലെ ക്യാന്‍ഗരൂവും, കേരളരാഷ്ട്രീയത്തില്‍ മാത്രം കാണാന്‍ കഴിയുന്ന ചില അസാധാരണ ജനുസുകളും, സാമൂഹികപരിഷ്കര്‍ത്താക്കളും, കുതികാല്‍വെട്ടികളും പെട്ടകത്തില്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്നും ഇതുവരെ ആര്‍ക്കുമറിയില്ല. പ്രളയത്തെ അതിജീവിച്ചില്ലായിരുന്നെങ്കില്‍ ഈ വര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ ഉണ്ടാവുമായിരുന്നില്ല എന്നതിനാല്‍ നിര്‍മ്മലരില്‍ നിര്‍മ്മലരായ എട്ടു്‌ നോഹകളോടൊപ്പം ഈവകകളും പെട്ടകത്തില്‍ ഉണ്ടായിരുന്നു എന്നു് കരുതാതെ നിവൃത്തിയുമില്ല.

 
6 Comments

Posted by on May 13, 2008 in പലവക, മതം

 

Tags: , ,

6 responses to “മഹാപ്രളയവും മരണപ്പെട്ടകവും – 1

 1. കാവലാന്‍

  May 13, 2008 at 14:07

  എന്റെ സി കെ മാഷെ, താങ്കളുടെ ധാര്‍മ്മീകരോഷം മുഴുവന്‍ രചനയിലുണ്ട്.എത്ര ഒതുക്കിയിട്ടും ഒതുങ്ങാതെ അത് വായനയ്ക്കിടയില്‍ ചിന്തിപ്പിക്കുന്നതിനൊപ്പം ചിരിപ്പിക്കുന്നതിനും (ചിരിച്ചു മരിപ്പിക്കുക എന്നതാണു ശരി) വഴി വയ്ക്കുന്നു.

  താങ്കളുടെ ബഡുക്കളുടെ മരുയാത്ര എന്ന പഴയ ഒരു പോസ്റ്റു(കഥ) കഴിഞ്ഞ ദിവസം വായിച്ച് ചിരിച്ചൊരു പരുവമായി.തല ചേറില്‍ പൂണ്ടതു കൊണ്ട് വലിയ്ക്കുമ്പോള്‍ ചേറാണുകിട്ടുന്നതെന്ന്.ചിരി നിലയ്ക്കുന്നേയില്ല.

  തുടരുക ഭാവുകങ്ങള്‍……..

   
 2. സി. കെ. ബാബു

  May 13, 2008 at 15:47

  കാവലാനെ,

  വിശ്വാസം ഒരു stereotyped കൂട്ടക്കരച്ചിലായി മാറുന്ന കാഴ്ച വിശ്വാസിക്കൊഴികെ മറ്റാര്‍ക്കും ദയനീയമായേ അനുഭവപ്പെടൂ. ലോട്ടറി അടിക്കാന്‍ നെഞ്ചത്തടിച്ചു് നിലവിളിക്കുന്നതിലാണു് നര്‍മ്മം!

   
 3. കുചേലന്‍ ഗുരുക്കള്‍

  May 13, 2008 at 18:04

  ബാബു സര്‍, നിങ്ങളെപ്പോലുള്ളവരോട് (people with scientific quotient) വളരെ ബഹുമാനം തോന്നുന്നു… ഒരുപാട് പോസ്റ്റുകള്‍ ‌വായിച്ചു, എല്ലാ മുന്‍‌വിധികളും ഉപേക്ഷിച്ച്.. ശാസ്ത്രീയമായ കാഴ്ചപ്പാടിനോട് 100% യോജിക്കുന്നു. ഒരു മനുഷ്യനെന്ന നിലക്ക് സര്‍‌വ ശക്തനു വേണ്ടി തമ്മിലടിക്കാതെ അന്യോന്യം എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കില്‍… സര്‍‌വശക്തന്‍ ഒരു യോഗം വിളിച്ചു കൂട്ടി എല്ലാരോടും സ്നേഹത്തോടെ ഈ ഭൂമിയില്‍ ജീവിക്കാന്‍ പറഞ്ഞേങ്കില്‍… KPS പറഞ്ഞപോലെ വിദ്യാഭ്യാസവും ശാസ്ത്ര പഠനവും നമുക്ക് സര്‍ട്ടിഫിക്കറ്റിനു മാത്രമായിരിക്കുന്നു…

   
 4. സി. കെ. ബാബു

  May 13, 2008 at 19:41

  കുചേലന്‍ ഗുരുക്കള്‍,

  ധാര്‍മ്മികജീവിതത്തിനു് മനുഷ്യനെ യോഗ്യനാക്കാനായി പുതിയതായി ഇനി എന്തെങ്കിലും പറയാനുണ്ടെന്നു് തോന്നുന്നില്ല. പറയേണ്ടതെല്ലാം പലരായി പല കാലഘട്ടങ്ങളിലൂടെ പലവട്ടം പറഞ്ഞുകഴിഞ്ഞു. കാലത്തിനനുസരിച്ചു് ചില തിരുത്തലുകള്‍, അതുമാത്രമേ വേണ്ടൂ. അതിനു് ഏതെങ്കിലും ഒരു മതത്തിന്റെ ആവശ്യവുമില്ല. തിരുത്തലുകള്‍ ഒരു പ്രകൃതിനിയമമാണെന്നു് മതങ്ങള്‍ തിരിച്ചറിയില്ല. അതാണു് മതസ്വഭാവം. ഇടപെടലുകള്‍ ‍നിരന്തരം തുടര്‍ന്നുകൊണ്ടിരുന്നില്ലെങ്കില്‍ മതങ്ങള്‍ മനുഷ്യനെ വീണ്ടും ഇരുണ്ടയുഗങ്ങളിലേക്കും, അജ്ഞതയുടെ അന്ധകാരത്തിലേക്കും വലിച്ചിഴക്കും. മതങ്ങളുടെ ചുക്കാന്‍ പിടിക്കുന്നവരില്‍ അധികപങ്കും വലിയ ജ്ഞാനികളോ, മനുഷ്യസ്നേഹികളോ ഒന്നുമല്ല, സ്വാര്‍‍ത്ഥതാല്പര്യസംരക്ഷണമാണു് അവരുടെ പ്രധാന ലക്‍ഷ്യം. ലക്‍ഷ്യം നേടാന്‍ അവര്‍ക്കു് ഇന്നോളം ഏതു് മാര്‍ഗ്ഗവും വിശുദ്ധവുമായിരുന്നു!

  ശാസ്ത്രം വളരെ മുന്നോട്ടു് പോയെങ്കിലും ഇനിയും തേടേണ്ട ആഴങ്ങള്‍ കുറവല്ല. പുതിയതായി നേടുന്ന അറിവുകളിലെ പുതിയ ചോദ്യങ്ങള്‍ക്കു് പുതിയ മറുപടികള്‍ തേടുക എന്നല്ലാതെ, statistical ആയ ഒരു പ്രപഞ്ചത്തില്‍ ആത്യന്തികമായ ഒരു “The Truth” എന്നതു് ഇന്നത്തെ അറിവില്‍ അര്‍ത്ഥശൂന്യമാണെന്നു് പറയാമെന്നു് തോന്നുന്നു.

  ആദ്ധ്യാത്മികതയിലെ പ്രധാന പ്രശ്നം ദൈവമെന്ന ആശയമല്ല, മനുഷ്യരെ ചൂഷണം ചെയ്യാനായി അതിനു് ചില മനുഷ്യര്‍ നല്‍കുന്ന സങ്കുചിത നിര്‍വചനങ്ങളും, അതിലെ കാപട്യം കാണാന്‍ കഴിയാതെ അവരെ പിന്തുടരുന്ന വളരെയേറെ മനുഷ്യരുമാണെന്നാണു് എന്റെ വിശ്വാസം.

   
 5. Unni(ജൊജി)

  May 14, 2008 at 03:38

  “പ്രളയത്തിനു് ശേഷമാണു് മനുഷ്യന്റെ ആയുസ്സു് നൂറ്റിയിരുപതു് വര്‍ഷമായി ദൈവം വെട്ടിച്ചുരുക്കിയതു്”

  പവാര്‍ രേഷന്‍ വെട്ടിക്കുറച്ചപൊലെ !

   
 6. സി. കെ. ബാബു

  May 14, 2008 at 08:30

  unni(ജൊജി),

  🙂

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: