RSS

സര്‍വ്വശക്തനായ ദൈവം!

07 Apr

ദൈവം സര്‍വ്വശക്തനാണെന്നും, മനുഷ്യനു് സ്വതന്ത്ര ഇച്ഛാശക്തി (free will) ഉണ്ടെന്നും ചില മതപണ്ഡിതര്‍ ഒരേ വായ്കൊണ്ടു് പറയുന്നതിലെ വൈരുദ്ധ്യത്തിലേക്കു് വിരല്‍ ചൂണ്ടുകയാണു് ഈ ലേഖനത്തിന്റെ ലക്‍ഷ്യം.

ദൈവത്തിന്റെ സര്‍വ്വശക്തിയിലാണു് എല്ലാ മതങ്ങളും പണിതുയര്‍ത്തിയിരിക്കുന്നതു്. സര്‍വ്വശക്തന്‍ എന്നതിനു് എന്താണര്‍ത്ഥം? എല്ലാം തികഞ്ഞവന്‍, എല്ലാം അറിയുന്നവന്‍, നന്മ നിറഞ്ഞവന്‍, തിന്മ തൊട്ടു് തീണ്ടിയിട്ടില്ലാത്തവന്‍ എന്നൊക്കെയല്ലേ? അതായതു് മനുഷ്യന്റെ അളവുകോലിന്റെ അടിസ്ഥാനത്തില്‍, തെറ്റോ, കുറ്റമോ, കഴിവുകേടോ, ബലഹീനതയോ ഉണ്ടാവാന്‍ പാടില്ലാത്ത എന്തോ ഒന്നു്. പക്ഷേ, ആ എന്തോ ഒന്നിനെ അവന്‍ എന്നോ, അവള്‍ എന്നോ, അതു് എന്നോ വിളിക്കാന്‍ നിര്‍ബന്ധിതരാകുന്നതുവഴി മാത്രം എന്തോ ഒന്നായ ആ ദൈവത്തില്‍ മാനുഷികത്വത്തിന്റെ അംശം കലര്‍ത്തുകയല്ലേ നമ്മള്‍ ചെയ്യുന്നതു്? മാനുഷികഭാഷയോടുള്ള ദൈവത്തിന്റെ വിധേയത്വമല്ലേ അതു് കാണിക്കുന്നതു്? ദൈവത്തിനു് ലിംഗം ഉണ്ടോ ഇല്ലയോ എന്നോ, ദൈവം എന്താണു് എന്നോ ഉള്ള യാതൊരു വിവരവും മനുഷ്യനില്ല എന്ന വസ്തുത ഒരു വശത്തു്. എന്നിട്ടും, ദൈവത്തിന്റെ ലിംഗം സൂചിപ്പിക്കാന്‍ കഴിയുന്ന മൂന്നു് സാദ്ധ്യതകളില്‍ പുരുഷലിംഗം എന്ന സാദ്ധ്യത സ്വീകരിക്കാനാണു് മനുഷ്യര്‍ക്കിഷ്ടം. ദൈവത്തെ സര്‍വ്വശക്തന്‍ എന്നു് വിളിച്ചു് ഒരു പുരുഷന്‍ ആക്കുന്നതിന്റെ മാനദണ്ഡം പൊതുവേ പുരുഷവര്‍ഗ്ഗം പ്രദര്‍ശിപ്പിക്കുന്ന മാംസപേശികളില്‍ അധിഷ്ഠിതമായ ശാരീരികശക്തിയല്ലാതെ മറ്റെന്താണു്? ദൈവത്തെ സര്‍വ്വശക്തനായി മാത്രം കാണാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം മനുഷ്യന്റെ സ്വന്തം ശക്തിഹീനതയെക്കുറിച്ചുള്ള ബോധമല്ലാതെ മറ്റെന്താണു്?

ഈ യാഥാര്‍ത്ഥ്യമാണു്, മറ്റൊരു ലേഖനത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ, പ്രസിദ്ധമായ ദൈവനിര്‍വചനത്തിലേക്കു് ലുഡ്വിഗ് ഫൊയര്‍ബാഹിനെ നയിച്ച അടിസ്ഥാനചിന്ത. “ദൈവം മനുഷ്യനു് ആവാന്‍ കഴിയാത്തതും എന്നാല്‍ ആവാന്‍ ആഗ്രഹമുള്ളതും, ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ ചെയ്യാന്‍ ആഗ്രഹമുള്ളതും, അറിയാന്‍ കഴിയാത്തതും എന്നാല്‍ അറിയാന്‍ ആഗ്രഹമുള്ളതുമായ കാര്യങ്ങളുടെ പ്രത്യക്ഷീകരണമാണു്.” എത്ര മനോഹരമായി ഒരു വലിയ സത്യം അദ്ദേഹം പറഞ്ഞിരിക്കുന്നു! അതും വേണമെങ്കില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയില്‍. പക്ഷേ ഫൊയര്‍ബാഹിനെ ആര്‍ക്കുവേണം? മനുഷ്യനു് വേണ്ടതു് വെളിപാടുകളാണു്, അത്ഭുതങ്ങളാണു്, രക്തമൊഴുക്കുന്ന പ്രതിമകളും പടങ്ങളുമാണു്‌.

സര്‍വ്വശക്തനായ ഒരു ദൈവം സര്‍വ്വജ്ഞാനിയും, മനുഷ്യന്റേയും സകല പ്രപഞ്ചത്തിന്റേയും ഭാവി അറിയുന്നവനും ആവണം. അതായതു്, ഒരു മനുഷ്യന്‍ നാളെ എന്തു് ചെയ്യും എന്നു് ദൈവത്തിനു് ദൈവോത്ഭവം മുതല്‍ വ്യക്തമായ അറിവുണ്ടാവണം. ഭാവിയിലെ തന്റെ ഓരോ പ്രവൃത്തിയും ദൈവത്താല്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നു് സാരം. “കാശിനു് രണ്ടു് എന്ന നിരക്കില്‍ വില്‍ക്കപ്പെടുന്ന കുരികില്‍ പോലും പിതാവായ ദൈവം സമ്മതിക്കാതെ നിലത്തു് വീഴുകയില്ല” എന്നാണല്ലോ യേശുവും പറഞ്ഞതു്. മറ്റു് വാക്കുകളില്‍, നമ്മുടെ ഭാവി അറിയുന്ന സര്‍വ്വജ്ഞാനിയായ ഒരു ദൈവമുണ്ടു് എന്നു് പറയുന്നതിനു്, സംഭവിക്കാനിരിക്കുന്ന നമ്മുടെ ഓരോ ചിന്തകളും പ്രവൃത്തികളും നിശ്ചയിക്കപ്പെട്ടിരിക്കുന്നതും, പ്രവചിക്കാവുന്നതും, മാറ്റാനാവാത്തതുമാണു് എന്ന ഒരര്‍ത്ഥമേ നല്‍കാന്‍ കഴിയൂ. ആ സ്ഥിതിക്കു്, നേര്‍ച്ചയോ, കാഴ്ച്ചയോ, പ്രാര്‍ത്ഥനയോ വഴി ഭാവിയെ മാറ്റിയെടുക്കാമെന്നു് അവകാശപ്പെടുന്നതു് ദൈവത്തിന്റെ സര്‍വ്വജ്ഞാനത്തേയും ഇന്റെഗ്രിറ്റിയെ തന്നെയും ചോദ്യം ചെയ്യുന്നതിനു് തുല്യമായിരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രപഞ്ചത്തെ വേണമെങ്കില്‍ ന്യൂട്ടോണിയന്‍ ഫിസിക്സില്‍ അധിഷ്ഠിതമായ ഒരു പ്രപഞ്ചത്തിനോടു് ഉപമിക്കാം. ഒരു നിശ്ചിത സമയത്തെ വസ്തുക്കളുടെ പിണ്ഡവും, സ്ഥാനവും, വേഗതയും അറിയാമെങ്കില്‍ അണു മുതല്‍ നക്ഷത്രങ്ങള്‍ വരെയുള്ള സകല വസ്തുക്കളുടെയും മറ്റേതൊരു സമയത്തേയും സ്ഥാനം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയുന്ന ഒരുതരം ഘടികാരപ്രപഞ്ചമായിരിക്കുമതു്. ഈ സങ്കല്‍പത്തില്‍ നിന്നും പക്ഷേ ശാസ്ത്രലോകം വളരെ മുന്നോട്ടു് പോയി കഴിഞ്ഞു. ഒപ്പം എത്താന്‍ കഴിയാതിരുന്നതു് മതനേതാക്കള്‍ക്കും, അവര്‍ പുറകോട്ടു് പിടിച്ചുവലിച്ചു് നിര്‍ത്തിയതുമൂലം ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിയാതെ പ്ലാറ്റ് ഫോമില്‍ നിന്നുപോയ അവരുടെ ഏറാന്‍ മൂളികള്‍ക്കും മാത്രം.

ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, സര്‍വ്വശക്തനായ ഒരു ദൈവം നിയന്ത്രിക്കുന്ന പ്രപഞ്ചത്തില്‍ മനുഷ്യനു് സ്വതന്ത്ര ഇച്ഛാശക്തി ഇല്ല. അഥവാ, മനുഷ്യന്‍ എന്തു് തീരുമാനിച്ചാലും, വരേണ്ടതെന്നു്‌ അനാദികാലത്തുതന്നെ ദൈവം നിശ്ചയിച്ചു്‌ ഉറപ്പിച്ചിട്ടുള്ളതുപോലെയേ വരൂ. അതുപോലൊരു ലോകത്തില്‍ വരുന്നതു് വരുന്നതുപോലെ സ്വീകരിക്കുക എന്നൊരു ഓപ്ഷന്‍ മാത്രമേ മനുഷ്യനുള്ളു എന്നു് ചുരുക്കം. നാളെ എന്തുചെയ്യണമെന്നു് പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ഒരുത്തനു് നാളെ തീരുമാനിക്കാന്‍ കഴിയുമെങ്കില്‍, അവന്‍ എന്താണു് തീരുമാനിക്കാന്‍ പോകുന്നതു് എന്നു് ഒരു ദൈവിക ശക്തിക്കും മുന്‍കൂട്ടി അറിയാന്‍ കഴിയില്ലെങ്കില്‍, എങ്കില്‍ മാത്രമേ തീരുമാനസ്വാതന്ത്ര്യം എന്ന വാക്കിനു് എന്തെങ്കിലും അര്‍ത്ഥമുള്ളു. അവിടെ ദൈവത്തിന്റെ സര്‍വ്വശക്തിക്കു് ഒരു അര്‍ത്ഥവുമില്ല. അതായതു്, ഒന്നുകില്‍ ദൈവം സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും, മനുഷ്യന്‍ ആ ദൈവത്തിന്റെ വെറുമൊരു പാവയും അടിമയുമാണു്‌. അല്ലെങ്കില്‍ മനുഷ്യനു് എന്തു് തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടു്, ദൈവത്തിനു് അവനെ നിയന്ത്രിക്കാന്‍ മതിയായ യാതൊരുവിധ ശക്തിയുമില്ല. അപ്പോള്‍ മനുഷ്യന്‍ ദൈവത്തേക്കാള്‍ ശക്തനാണെന്നു് വരും. ഇതിനു് രണ്ടിനും ഇടയിലുള്ള ഒരു നിലപാടു് യുക്തിസഹമല്ല. (തലച്ചോറിലെ ഒട്ടോമാറ്റിസത്തിന്റെ അടിസ്ഥാനത്തിലെ അസ്വാതന്ത്ര്യമല്ല ഇവിടെ ഉദ്ദേശിക്കുന്നതു്‌.)

അങ്ങനെ മനുഷ്യന്റെ സകല ഭാവിയും അറിഞ്ഞുകൊണ്ടു്, അവനു് എന്തു് ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നു് പ്രഖ്യാപിച്ചു്‌ അവനെ ഇരുട്ടില്‍ തപ്പിത്തടയാന്‍ വിട്ടു്‌ കഷ്ടപ്പെടുത്തുന്ന എന്തോ ഒന്നാണു് ദൈവമെങ്കില്‍, ഏറ്റവും ലഘുവായ ഭാഷയില്‍ പറഞ്ഞാല്‍, പറക്കമുറ്റാത്ത മക്കളെ പീഡിപ്പിച്ചു് ആനന്ദിക്കുന്ന പിതാവിനു് തുല്യനും, ക്രൂരനുമായ ഒരു സാഡിസ്റ്റ് മാത്രമായിരിക്കും അത്തരമൊരു ദൈവം. ആ ചിത്രം ദൈവത്തിനല്ല, ആ ദൈവത്തെ പ്രതിനിധീകരിച്ചു്, സര്‍വ്വജ്ഞാനി ചമഞ്ഞു്‌, മനുഷ്യരെ നരകം കാണിച്ചു്‌ ഭയപ്പെടുത്തി, സ്വര്‍ഗ്ഗം കാണിച്ചു്‌ മോഹിപ്പിച്ചു് ഉപജീവനം തരപ്പെടുത്തുന്ന പുരോഹിതന്മാര്‍ക്കാവും കൂടുതല്‍ ചേരുക. ഏതെങ്കിലും ഒരു ഈശ്വരനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടല്ലാതെ, ആ ഈശ്വരനോടുള്ള പ്രാര്‍ത്ഥനയോടെയല്ലാതെ, വൈദ്യുതവിളക്കുകളുടെ പ്രഭാപൂരത്തിലും നിലവിളക്കു്‌ കൊളുത്തി ആ ഈശ്വരന്റെ അനുഗ്രഹം തേടിക്കൊണ്ടല്ലാതെ ഏതെങ്കിലും ഒരു കര്‍മ്മം ചെയ്യാന്‍ മനുഷ്യന്‍ ധൈര്യപ്പെടാതിരിക്കുന്ന കാലത്തോളം ഈ ചൂഷണം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കും. താന്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നു്‌ മനസ്സിലാക്കാന്‍ ചൂഷിതനു്‌ കഴിയാത്തിടത്തോളം, തന്റെ മുന്നില്‍ വിശ്വസ്തന്റെ കപടവേഷം കെട്ടിയാടുന്ന ചൂഷകനെ തിരിച്ചറിയാന്‍ ചൂഷിതനു്‌ കഴിയാത്തിടത്തോളം അവന്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കും.

എല്ലാം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന ഒരു ദൈവത്തിനു് വിധവയുടെ ചില്ലിക്കാശുപോലെ എന്തെങ്കിലും നല്‍കിയാല്‍ അദ്ദേഹം തന്റെ തീരുമാനം പുനപരിശോധിക്കുമെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നു! ദൈവത്തിനു് നല്‍കാന്‍ നിധിയില്ല എന്നൊരു പരാതി മതങ്ങള്‍ക്കോ, ആള്‍ദൈവങ്ങള്‍ക്കോ ഒട്ടില്ലതാനും. ദൈവത്തിനു് അല്‍പം കൈക്കൂലി നല്‍കി ലോകത്തിലെ എത്രയോ നീറുന്ന പ്രശ്നങ്ങള്‍ നേരെയാക്കുവാന്‍ എന്നിട്ടും മതങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും കഴിയാത്തതിനേക്കാള്‍ വലിയ ഒരു തെളിവു്‌ അവര്‍ കെട്ടിയാടുന്നതു്‌ കപടവേഷങ്ങളാണെന്നതിനു്‌ ആവശ്യമില്ല.

ദൈവത്തെ സര്‍വ്വശക്തനും, മനുഷ്യവിധിയുടെ നാഥനുമാക്കുന്ന മതങ്ങളുടെ പ്രഖ്യാപനങ്ങളിലെ വൈരുദ്ധ്യങ്ങളുടെ പാരമ്യതയാണു് വരാനിരിക്കുന്ന ഒരു വിധിദിനം എന്നതു്. മനുഷ്യരുടെ തീരുമാനങ്ങള്‍ ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍, മനുഷ്യരുടെ ഭാവി എന്തെന്നു് കൃത്യമായി ദൈവത്തിനു് അറിയാമായിരുന്നെങ്കില്‍, മനുഷ്യര്‍ എന്തു് തീരുമാനിച്ചാലും, എന്തു് ചെയ്താലും ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതേ നടക്കുമായിരുന്നുള്ളൂ എന്നതിനാല്‍, മനുഷ്യര്‍ക്കു് അവരുടെ വഴി സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലായിരുന്നു എന്നതിനാല്‍, ഇതെല്ലാം അനുഭവിച്ചതിനും, സഹിച്ചതിനും ശേഷം മരിച്ചു് ദൈവസന്നിധിയില്‍ എത്തുന്ന മനുഷ്യരെ വിചാരണ ചെയ്തു് “പാപവും പുണ്യവും” തരം തിരിച്ചു് നരകവും സ്വര്‍ഗ്ഗവും നല്‍കാന്‍ കാത്തിരിക്കുന്ന ഒരു ദൈവത്തേക്കാള്‍ നീതിബോധമില്ലാത്ത, പരിഹാസ്യമായ ഒരു ദൈവരൂപത്തെ സങ്കല്‍പിക്കാന്‍ കഴിയുമോ?

പാപം ചെയ്ത ആദിമനുഷ്യരെ ദൈവം പറുദീസയില്‍ നിന്നും പുറത്താക്കി. അതിനുകാരണം അവര്‍ ആ തോട്ടത്തിലെ നിത്യജീവന്റെ വൃക്ഷത്തിന്റെ ഫലവുംകൂടി പറിച്ചുതിന്നു് നിത്യജീവന്‍ നേടി എന്നാളും ജീവിക്കാതിരിക്കാന്‍ വേണ്ടിക്കൂടി ആയിരുന്നു. പിന്നീടു് അതേ ദൈവം തന്റെ ഏകജാതനായ പുത്രനെ കുരിശുമരണത്തിനേല്‍പ്പിക്കുന്നു. മനുഷ്യനു് നിത്യജീവന്‍ നേടിക്കൊടുക്കുക എന്നതായിരുന്നത്രെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റേയും ലക്‍ഷ്യം! എങ്കില്‍ പിന്നെ അന്നേതന്നെ ആ മനുഷ്യരെ തോട്ടത്തിലെ നിത്യജീവന്റെ വൃക്ഷത്തിന്റെ ഫലം തിന്നാന്‍ അനുവദിച്ചാല്‍ പോരായിരുന്നോ? നീ നിന്റെ സഹോദരനുള്ളതു് യാതൊന്നും ആഗ്രഹിക്കരുതെന്നാണു് കല്‍പ്പന. പക്ഷേ, സ്വന്തമകനെ ഭൂമിയില്‍ ജനിപ്പിക്കാന്‍ ദൈവം തിരഞ്ഞെടുക്കുന്നതു് മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന സ്ത്രീയെ! പരസ്യമായി പ്രസംഗിച്ചുനടന്നിരുന്ന യേശുവിനെ ഒരു യൂദാസ്‌ ഒറ്റിക്കൊടുത്തിട്ടുവേണമോ പുരോഹിതന്മാര്‍ക്കു് പിടികൂടുവാന്‍? പക്ഷേ, തിരക്കഥ അങ്ങനെ ആയിപ്പോയാല്‍ യേശുവിനു്‌ എന്തു്‌ ചെയ്യാന്‍ പറ്റും? അതുകൊണ്ടാണു്‌ എല്ലാം അറിയുന്ന ദൈവത്തിന്റെ സ്വന്തം പുത്രനായ യേശു യൂദാസ് എന്ന തന്റെ ഒറ്റുകാരനെ കൂട്ടത്തില്‍ കൊണ്ടുനടന്നതു്‌. പിതാവു്‌ അനാദികാലത്തെന്നോ കൈക്കൊണ്ട ഒരു തീരുമാനത്തിനു്‌ മുന്നില്‍ സ്വന്തം മകന്റെ സ്വതന്ത്ര ഇച്ഛാശക്തിക്കു്‌ പുല്ലുവിലയാണെങ്കില്‍ മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിയുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭേദം?

ഇതിനേക്കാള്‍ ഒക്കെ മഹാത്ഭുതം ദൈവത്തിന്റെ ഇത്തരം രഹസ്യചിന്തകള്‍ എല്ലാം ചോര്‍ത്താന്‍ കഴിയുന്ന, പൊരുള്‍ തിരിക്കാന്‍ കഴിയുന്ന ചില മനുഷ്യര്‍ ഉണ്ടെന്നതാണു്. അക്കാര്യത്തില്‍ അവര്‍ ചെകുത്താനെപ്പോലെയാണു്. ചെകുത്താന്‍ ഉറങ്ങുന്നില്ല, അവരും ഉറങ്ങുന്നില്ല. എങ്ങനെയാണു് ഇക്കൂട്ടര്‍ ദൈവരഹസ്യങ്ങള്‍ ചോര്‍ത്തുന്നതു് എന്നല്ലേ? ശ്രദ്ധിക്കൂ: “അവന്‍ അവിടം വിട്ടു് പോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും, അവന്റെ വായില്‍നിന്നു് വല്ലതും പിടിക്കാമോ എന്നുവച്ചു് അവന്നായി പതിയിരുന്നുകൊണ്ടു് പലതിനേയും കുറിച്ചു് കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.” (ലൂക്കോസ്‌ 11: 53,54) ഇങ്ങനെയാണു് അവര്‍ മനുഷ്യരുടെ മാത്രമല്ല, ദൈവത്തിന്റെവരെ മനസ്സിലിരുപ്പു് തന്മയത്വത്തോടെ ചോര്‍ത്തി എടുക്കുന്നതു്‌. അന്നത്തെ ശാസ്ത്രിമാരും പരീശന്മാരും ഇന്നു്‌ “അക്ഷരമെതിയന്മാരായ” മതപണ്ഡിതരും വ്യാഖ്യാതാക്കളുമായി വേഷം മാറിയാണു്‌ പതിയിരിക്കുന്നതു്‌ എന്ന വ്യത്യാസമേയുള്ളു.

 
26 Comments

Posted by on Apr 7, 2008 in മതം, ലേഖനം

 

Tags: , ,

26 responses to “സര്‍വ്വശക്തനായ ദൈവം!

 1. ശ്രീവല്ലഭന്‍

  Apr 8, 2008 at 00:09

  എന്‍റെ ദൈവമേ:-)

   
 2. പ്രിയ ഉണ്ണികൃഷ്ണന്‍

  Apr 8, 2008 at 04:12

  ഒരു സംശയം: യേശു ദൈവമാണെന്നു എവിടേലും പറഞ്ഞിട്ടുണ്ടോ? ഇല്ല എങ്കില്‍ ആ ചോര്‍ത്തലിന് എന്തര്‍ത്ഥം?

  മനുഷ്യ നന്മയ്ക്കുവേണ്ടി അവതരിച്ച ദൈവദാസനെ ദൈവമെന്നു കരുതിയ മനുഷ്യര്‍ ഈ പറഞ്ഞതുപോലെ വെളിപാടുകളില്‍ മയങ്ങുകയല്ലേ?

   
 3. sajan jcb

  Apr 8, 2008 at 05:50

  (കുരികില്‍ സാധാരണ വീഴുകയല്ല, പറക്കുകയാണു്! എന്നിട്ടും ചിരിക്കാന്‍ കഴിയുന്നതിനെയാണല്ലോ നമ്മള്‍ തമാശ എന്നു് വിളിക്കുന്നതു്!)

  ‘വീഴുകില്ല’ എന്നു ഉദ്ദേശിച്ചതു് ആ കുരുവികളുടെ മരണത്തേയാണു്.

  അങ്ങനെ മനുഷ്യന്റെ സകല ഭാവിയും അറിഞ്ഞുകൊണ്ടു്, അവനു് എന്തു് ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നു് വിധിച്ചു് അവനെ ഇരുട്ടില്‍ നടത്തി കഷ്ടപ്പെടുത്തുന്ന എന്തോ ഒന്നാണു് ദൈവമെങ്കില്‍….

  ഒരു റോഡിന്റെ ഇടത്തേക്കോ വലത്തേക്കോ പോകാന്‍ മനുഷ്യനു് തീരുമാനിക്കാം. അവന്‍ അതിനു സ്വതന്ത്രനുമാണു്. അവന്‍ ഏതു വഴി തിരഞ്ഞെടുക്കുമെന്നത് പക്ഷെ സര്‍വ്വശക്തനറിയാം എന്നു മാത്രം.

  മനുഷ്യരുടെ ഭാവി എന്തെന്നു് കൃത്യമായി ദൈവത്തിനു് അറിയാമായിരുന്നെങ്കില്‍, മനുഷ്യര്‍ എന്തു് തീരുമാനിച്ചാലും, എന്തു് ചെയ്താലും ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതേ നടക്കുമായിരുന്നുള്ളൂ എന്നതിനാല്‍, ..

  അറിവും മുന്‍നിശ്ചയവും രണ്ടും രണ്ടാണു്.

  ഒരു ഉദ്ദാഹരണം…
  ഒരദ്ധ്യാപികക്കു സ്വന്തം വിദ്ധ്യാര്‍ത്ഥികളെ പറ്റി ഒരു ധാരണയുണ്ടാകും …ഇവന്‍ ജയിക്കുമോ, തോല്‍ക്കുമോ എന്നൊക്കെ… എന്നു വിചാരിച്ചു തോല്‍ക്കു എന്നുറപ്പായ ഒരുവനോട് ടീച്ചര്‍ പറയുന്നു… “നീ എന്തായാലും തോല്‍ക്കും അതു കൊണ്ടു പരീക്ഷ എഴുതാതെ തന്നെ നിന്നെ തോല്‍പ്പിച്ചിരിക്കുന്നു.” അതോ ന്യായം.? മറ്റുള്ളവരെ പഠിപ്പിച്ച അതേ കാര്യങ്ങള്‍ ഇതേ കുട്ടിയേയും പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും പഠികാതിരിക്കുക എന്നതു് ആ കുട്ടിയുടെ സ്വാതന്ത്രം. പരീക്ഷയില്‍ ആ കുട്ടി തോറ്റു പോകും എന്നതു ആ ടീച്ചറുടെ അസ്സെസ്സ്മെന്റ്. ടീച്ചര്‍ ആ കുട്ടിയെ തോല്‍പ്പിക്കാന്‍ മുന്‍കൂട്ടിയാതൊന്നും ചെയ്തിട്ടില്ല.

  പാപം ചെയ്ത ആദിമനുഷ്യരെ ദൈവം പറുദീസയില്‍ നിന്നും പുറത്താക്കി!

  പറുദീസ തന്നെയല്ലേ നിത്യ ജീവന്‍? ദൈവത്തെ കണ്ട് ദൈവത്തോടൊപ്പം വസിക്കാനുള്ള അവസരം മനുഷ്യനുണ്ടായിരുന്നു. അനുസരണക്കേടു കാണിക്കാന്‍ ദൈവം പറഞ്ഞിട്ടില്ല. അതു ചെയ്തപ്പോഴാണു് അവരെ നിത്യ ജീവനില്‍ നിന്നു മരണത്തിലേക്കു പറഞ്ഞു വിട്ടതു്. മനുഷ്യന്‍ ചെയ്തപാപത്തിനു മനുഷ്യന്‍ തന്നെ പരിഹാരം ചെയ്യാനാണു് ദൈവം മനുഷ്യനായി അവതരിച്ചു “എന്താണു ജീവന്‍… ഏതാണ് വഴി…എന്താണ് സത്യം” എന്നു പഠിപ്പിക്കുന്നതു്.

  പക്ഷേ, സ്വന്തമകനെ ഭൂമിയില്‍ ജനിപ്പിക്കാന്‍ ദൈവം തിരഞ്ഞെടുക്കുന്നതു് മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന സ്ത്രീയെത്തന്നെ!

  ദൈവമാണു് ആ സ്ത്രീയെ സൃഷ്ടിച്ചതെങ്കില്‍… ആ ദൈവം തന്നെയാണു് ആ പുരുഷനെ സൃഷ്ടിച്ചതെങ്കില്‍ … ആ തിരഞ്ഞെടുപ്പില്‍ എന്തേങ്കിലും തെറ്റു പറയാമോ? മാത്രവുമല്ല; ആ സ്ത്രീയോടു അനുവാദം ചോദിച്ചിട്ടാണു് തന്റെ അനന്ത കൃപ മനുഷ്യരില്‍ ചൊരിയുന്നതു്. ആ സ്ത്രീക്കു അനുവാദം നിഷേധിക്കാനുള്ള അവസരമുണ്ടായിരുന്നു. ദൈവം അവളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിച്ചിട്ടില്ല.

  അതിനായി എല്ലാം അറിയാവുന്ന യേശു യൂദാസിനെ ‘സ്നേഹം നടിച്ചു്’ കൂട്ടത്തില്‍ കൊണ്ടുനടക്കുകയായിരുന്നു പോലും! (ഞങ്ങളുടെ നാട്ടില്‍ അതിനു് വഞ്ചന എന്നാണു് പറയുന്നതു്!)

  ഇവിടെ നോക്കുക

  പരസ്യമായി പ്രസംഗിച്ചുനടന്നിരുന്ന യേശുവിനെ ഒരു യൂദാസ്‌ ഒറ്റിക്കൊടുത്തിട്ടുവേണം പുരോഹിതന്മാര്‍ക്കു് പിടിക്കുവാന്‍!

  ഇവിടെ ഒരു ശ്രമം കാണുന്നു.

  ഇപ്പോള്‍ പിടികിട്ടിയില്ലേ എങ്ങനെയാണു് അവര്‍ മനുഷ്യരുടെ മാത്രമല്ല, ദൈവത്തിന്റെവരെ മനസ്സിലിരുപ്പു് തന്മയത്വത്തോടെ ചോര്‍ത്തുന്നതെന്നു്!

  ഈ അവതരണം വളരെ പരിതാപകരമായി എന്നാണു് എനിക്കു തോന്നുന്നതു്. മനസ്സിരുത്തി ഒന്നു കൂടി ബൈബില്‍ വായിക്കുമല്ലോ

   
 4. sajan jcb

  Apr 8, 2008 at 06:09

  ഒരു കാര്യം കൂടി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… മനുഷ്യനെന്ന നിലയില്‍ യേശുവിനെ സ്വാതന്ത്രമുണ്ടായിരുന്നു; എന്തു തീരുമാനിക്കണം എന്നുള്ളതു്… “എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടേ” എന്ന പ്രാര്‍ത്ഥന അതിനുദ്ദാഹരണം.

  കുരിശുമരണത്തില്‍ നിന്നു ഒഴിഞ്ഞു പോകാന്‍ യേശുവിനു കഴിയുമായിരുന്നു … ഒരൊറ്റ കാര്യം ചെയ്താല്‍ മതി പരസ്യ ജീവിതം വേണ്ടെന്നു വെയ്ച്ചാല്‍ മതി. യഹൂദ പ്രമാണികളുടേയും പുരോഹിതന്മാരുടേയും പൊള്ള തരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താതിരുന്നാല്‍ മതിയായിരുന്നു.

  എന്തിനു…പീലാത്തോസിന്റേയോ ഹേറോദോസിന്റേയോ മുമ്പില്‍ ഒരദ്ഭുതം കാണിച്ചാല്‍ അവര്‍ വിട്ടയച്ചേനേ. പക്ഷെ ഒന്നും ചെയ്തില്ല.അതു മനുഷ്യനെന്ന നിലയില്‍ യേശുവിന്റെ സ്വാതന്ത്രം!

   
 5. സി. കെ. ബാബു

  Apr 8, 2008 at 08:54

  പ്രിയ,
  ത്രിത്വം എന്നതു് പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും ഏകത്വമായി സഭ പഠിപ്പിക്കുന്നു. ത്രിത്വം എന്നൊരു വാക്കോ ഇത്തരം ഒരു നിര്‍വ്വചനമോ പുതിയ നിയമത്തില്‍ ഇല്ല. പിതാവായ ഒരു ഏകദൈവത്തെപ്പറ്റിയേ യേശുവും പറയുന്നുള്ളു. സഭയുടെ വളര്‍ച്ചയിലെ ആദ്യത്തെ നാലു് നൂറ്റാണ്ടുകളില്‍, ഇവര്‍ മൂവരും തുല്യരോ, ഒന്നിന്റെ മൂന്നു് ഭാവങ്ങളോ മുതലായ കാര്യങ്ങളെ സംബന്ധിച്ചു് സഭയിലെ നേതാക്കള്‍ തമ്മില്‍ നടന്ന, പലപ്പോഴും രക്തപങ്കിലമായ പൊരുതലുകള്‍ക്കു് ശേഷമാണു് ഇന്നത്തെ നിലപാടില്‍ എത്തിച്ചേര്‍ന്നതു്. എതിര്‍നിലപാടുകാര്‍ കഴിയുന്നിടത്തെല്ലാം നശിപ്പിക്കപ്പെട്ടു.

  ഒരുദാഹരണം: 325-ല്‍ നിഖ്യായില്‍ നടന്ന എക്യൂമെനിക്കല്‍ കൌണ്‍സിലില്‍ രൂപം കൊണ്ട വിശ്വാസപ്രമാണത്തില്‍ പരിശുദ്ധറൂഹായെ “പിതാവില്‍ നിന്നു് പുറപ്പെട്ടതായി” പറയുന്നിടത്തു്, പാശ്ചാത്യസഭകളില്‍, പിതാവില്‍നിന്നും, “പുത്രനില്‍നിന്നും” പുറപ്പെട്ടതായി കൂടി കൂട്ടിച്ചേര്‍ക്കപ്പെടുന്നതു് ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണു്. ചില കിഴക്കന്‍ സഭകള്‍ ഇതു് ഇന്നും അംഗീകരിച്ചിട്ടുമില്ല. ഈ പ്രശ്നം നമ്മളെ അറിയിച്ചതിനേക്കാളൊക്കെ സങ്കീര്‍ണ്ണമായിരുന്നു എന്ന വസ്തുത ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണു് കണ്ടെത്തുന്നതെന്നതാണു് അതിലേറേ രസം.

  We believe in the Holy Spirit, the Lord, the giver of life, who proceeds from the Father “and the Son”. With the Father and the Son he is worshipped and glorified.

  സഭ പഠിപ്പിക്കുന്നതു് മാത്രം പഠിച്ചാല്‍ ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിയില്ല. യൂറോപ്യന്‍ ചരിത്രവും, ക്രിസ്തുമതചരിത്രവും കൂട്ടിച്ചേര്‍ത്തു് വായിച്ചാലേ യാഥാര്‍ത്ഥ്യങ്ങള്‍ കുറെയെങ്കിലും മനസ്സിലാക്കാന്‍ കഴിയൂ. നമ്മള്‍ ഇന്നറിയുന്ന യേശുവിന്റെ ചിത്രം അനേകനൂറ്റാണ്ടുകളിലൂടെ സഭാനേതാക്കളാല്‍ (മനുഷ്യരാല്‍!) വളര്‍ത്തിയെടുക്കപ്പെട്ട ഒന്നാണു്. അതില്‍ ‘ദൈവത്തിനു്’ ഒരു പങ്കുമില്ല.

  “മോശെക്കു് ക്രിസ്തുമതത്തില്‍ എന്തു് റെലവന്‍സ്” എന്നു് ചോദിക്കുന്ന ഒരു ക്ടാവിനു് അറിയില്ല, ആ ചോദ്യം യഹോവയ്ക്കു് ക്രിസ്തുമതത്തില്‍ എന്തു് റെലവന്‍സ് എന്നു് ചോദിക്കുന്നതിനു് തുല്യമാണെന്നു്!
  ബൈബിള്‍ ദൈവവചനമാണെന്നു് കരുതുന്ന, ബൈബിളിനു് സഭ നല്‍കുന്ന നിര്‍വചനങ്ങള്‍ അപ്പാടെ സത്യമെന്നു് കരുതുന്ന,അത്തരം ഒരു ക്ടാവുമായി ഈവക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഭേദം മറ്റു് വല്ല ജോലിയും ചെയ്യുന്നതാണു്. വിശ്വാസികളെ അവരുടെ വഴിയെ പോകാന്‍ വിടുന്നു. അവരുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയില്‍ എന്തിനു് വെറുതെ തടസ്സമുണ്ടാക്കണം? അവരെങ്കിലും രക്ഷപെടട്ടെ!

   
 6. ഭൂമിപുത്രി

  Apr 8, 2008 at 14:31

  ബാ‍ബുവിന്റെ ചോദ്യങ്ങളൊക്കെ പ്രസക്തം തന്നെ.ഉത്തരം ബാബുവിന്‍ വ്യക്തമല്ലാത്തതുകൊണ്ടൊ,അവ ബാബുവിന്‍ സ്വീകാര്യമല്ലാത്തതുകൊണ്ടോ
  ഉത്തരങ്ങള്‍ നിലനില്‍ക്കുന്നില്ല എന്ന് വിശ്വസിയ്ക്കുന്നതില്‍ ഒരു യുക്തിഭംഗമില്ലെ?

   
 7. സി. കെ. ബാബു

  Apr 8, 2008 at 17:31

  ഭൂമിപുത്രി,
  എല്ലാത്തിനുമുള്ള ഉത്തരം ദൈവമാണെന്നു് വിശ്വസിച്ചാല്‍‍ ജീവിതം വളരെ എളുപ്പമാണെന്നു് എനിക്കും വ്യക്തമാണു്. അറിയാനുള്ള മനുഷ്യരുടെ പരിമിതികള്‍ മനസ്സിലാക്കേണ്ടിവന്നതാണു് പ്രശ്നം. നമുക്കു് ഒരംശം പോലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ലോകത്തില്‍ സകല പ്രപഞ്ചത്തിന്റേയും നിയന്ത്രകനെ അറിയാം എന്നു് അവകാശപ്പെടുന്നതിലെ ആത്മവഞ്ചനയെക്കുറിച്ചുള്ള ബോധം മൂലം വാര്‍ത്തുവച്ചിരിക്കുന്ന ആത്മീയ ഉത്തരങ്ങള്‍ സ്വീകരിക്കുവാനുള്ള മടി. ശൂന്യതയോടു് പിറുപിറുക്കുവാന്‍ എന്തുകൊണ്ടോ കഴിയുന്നില്ല. ഒരാശ്വാസം എന്നേക്കാള്‍ എന്തുകൊണ്ടും യോഗ്യരായ വളരെ‍പ്പേര്‍ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളില്‍ ഇതേ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടു് എന്നതു് മാത്രമാണു്. അവര്‍ ആരാധനാമൂര്‍ത്തികളല്ല, പക്ഷേ ബഹുമാനം അര്‍ഹിക്കുന്നവരാണു്.

   
 8. ഭൂമിപുത്രി

  Apr 8, 2008 at 17:50

  ബാബുപറഞ്ഞ ഈ പ്രതിസന്ധി മനസ്സിലാക്കുന്നു.

  ‘നമുക്കു് ഒരംശം പോലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ലോകത്തില്‍ സകല പ്രപഞ്ചത്തിന്റേയും നിയന്ത്രകനെ അറിയാം എന്നു
  അവകാശപ്പെടുന്നതു’ ഒരല്‍പ്പം ഉപ്പ്കൂട്ടിവിഴുങ്ങേണ്ട
  കാര്യം തന്നെയാണ്‍.പക്ഷെ അതിനുള്ളൊരുശ്രമം പലരും നടത്തിയിട്ടുണ്‍.പൂറ്ണ്ണമായറിഞ്ഞു എന്നവരാരും അവകാശപ്പെടുമെന്നു തോന്നുന്നില്ല.
  പക്ഷെ,‘ഒരംശം’എങ്കിലും അനുഭവിച്ചറിഞ്ഞവറ് ധാരാളമുണ്ട്.ഈ അനുഭവം അതേപോലെ മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ പറ്റില്ല എന്നതാണ്‍ നമുകൊക്കെയുള്ള വല്ല്യ ഒരു പരിമിതി.

   
 9. സി. കെ. ബാബു

  Apr 8, 2008 at 19:43

  ഭൂമിപുത്രി പറഞ്ഞ ആത്മീയ ‘അനുഭവം’ എന്ന അവസ്ഥയെപ്പറ്റി Siddhartha എന്ന തന്റെ പുസ്തകത്തില്‍ Hermann Hesse വളരെ മനോഹരമായി വര്‍ണ്ണിക്കുന്നുണ്ടു്. Gotama-യുടെ enlightenment-നെ സംബന്ധിച്ചു് ഗൌതമയും സിദ്ധാര്‍ത്ഥയുമായി നടക്കുന്ന ഒരു സംഭാഷണത്തിന്റെ രൂപത്തില്‍. അതിന്റെ അവസാനഭാഗം:

  “മരണത്തില്‍ നിന്നുമുള്ള മോചനം നീ കണ്ടെത്തി. നീ ബുദ്ധനാണെന്നും, അത്യുന്നതമായ ലക്‍ഷ്യത്തില്‍ നീ എത്തിച്ചേര്‍ന്നു എന്നും ഉള്ള കാര്യത്തില്‍ ഞാന്‍ ഒരു നിമിഷം പോലും സംശയിച്ചിട്ടില്ല. അതു് നിനക്കു് സാധിച്ചതു് നിന്റെ സ്വന്തം അന്വേഷണങ്ങളിലൂടെ, സ്വന്തം വഴികളിലൂടെ, ചിന്തകളിലൂടെ, ആഴങ്ങളിലൂടെ, ജ്ഞാനത്തിലൂടെ, ബോധോദയത്തിലൂടെ ആണു്. വിദ്യ കൊണ്ടല്ല നീ അതു് സാധിച്ചതു്. നിന്റെ ബോധോദയത്തിന്റെ നിമിഷത്തില്‍ നിനക്കു് സംഭവിച്ചതെന്തെന്നു് വാക്കുകളിലൂടെ, വിദ്യയിലൂടെ മറ്റാര്‍ക്കും പറഞ്ഞുകൊടുക്കാന്‍ നിനക്കാവില്ല. പലതും ബുദ്ധനായ ഗൌതമന്റെ വിദ്യ ഉള്‍ക്കൊള്ളുന്നുണ്ടു്. പലരും അതു് പഠിപ്പിക്കുന്നുണ്ടു് – നീതിബോധത്തോടെ ജീവിക്കാന്‍, തിന്മ ഒഴിവാക്കാന്‍! പക്ഷേ ആദരണീയമായ, വ്യക്തമായ ആ വിദ്യകളിലൊന്നും ഇല്ലാത്ത ഒന്നുണ്ടു്: അഭിവന്ദ്യനായ, നൂറായിരങ്ങളില്‍നിന്നു് വ്യത്യസ്തനായ നിനക്കുണ്ടായ ബോധോദയം എന്ന അനുഭവത്തിന്റെ രഹസ്യം അവയിലൊന്നും ഇല്ല.”

  കേള്‍ക്കാന്‍ ഇമ്പമുള്ള സാഹിത്യം! പക്ഷേ, ഇത്തരം ആത്മീയാനുഭവങ്ങളില്‍ മനുഷ്യരുടെ പ്രശ്നങ്ങളുടെ പരിഹാരമൊന്നും ഞാന്‍ കാണുന്നില്ല. മനുഷ്യര്‍ക്കു് വേണ്ടതു് ആഹാരമാണു്, പാര്‍പ്പിടമാണു്, വിദ്യാഭ്യാസമാണു്, രോഗങ്ങളില്‍ നിന്നുള്ള മോചനമാണു്, ഒരു മനുഷ്യന്‍ എന്ന പേരില്‍ ഈ ലോകത്തില്‍ ജീവിക്കുന്നതില്‍ അഭിമാനം തോന്നാന്‍ കഴിയുന്ന സാമൂഹിക ചുറ്റുപാടുകളാണു്.

  ഇന്ദ്രിയാതീതമായ അറിവു് എന്റെ ലോകമല്ല. അതെന്നെ എങ്ങും എത്തിക്കുന്നില്ല. ഞാനതു് ആഗ്രഹിക്കുന്നുമില്ല. ‘ആത്മീയ ഭാരതത്തില്‍’ അതീന്ദ്രിയത പ്രസംഗിക്കുന്നവരെ ഞാന്‍ കണ്ടു. അതു് കേള്‍‍ക്കുന്നവരേയും ഞാന്‍ കണ്ടു. ഈ രണ്ടു് കൂട്ടരും ജീവിക്കുന്നതെങ്ങനെയെന്നും ഞാന്‍ കണ്ടു. അവരെ ദൈവം സഹായിക്കുന്നതു് എങ്ങനെയെന്നും കണ്ടു. ഒരു ഭാരതീയ സന്ന്യാസിക്കും സ്വപ്നം പോലും കഴിയാത്ത ഭൌതികയൂറോപ്പില്‍, മനുഷ്യര്‍ ജീവിക്കുന്നതു് എങ്ങനെയെന്നും ഞാന്‍ കണ്ടു. അതാണു് എന്നെ സംബന്ധിച്ചു് എന്റെ അനുഭവങ്ങള്‍! പച്ചയായ സ്വന്തം ജീവിതാനുഭവങ്ങള്‍!

   
 10. ഭൂമിപുത്രി

  Apr 8, 2008 at 21:56

  ബാബൂ,‘പ്രശ്നപരിഹാരം’ എന്നയിടത്തുതന്നെയൊരു പ്രശ്നമുണ്ട്.
  ആപേക്ഷികമാണ് പല പ്രശ്നങ്ങളും.
  ഇന്ന് പ്രശ്നമായിത്തോന്നിയതിനു പത്തുകൊല്ലം കഴിയുമ്പോള്‍ മറ്റൊരു രൂപഭേദം വരാം.
  പിന്നെ ലോകത്തിത്രയും ഭൌതികപ്രശ്നങ്ങളെന്തുകൊണ്ട് എന്നെല്ലാവരും
  ചോദിയ്ക്കാറുണ്ട്.
  അറിയില്ല എന്നേഞാനും പറയു..പക്ഷെ,അറിയാത്ത മറ്റെന്തോ ഉണ്ടെന്നറീയാം.
  പിന്നെ ഏറ്റവുമധികം കള്ളനാണയങ്ങളുള്ളതു
  ആത്മീയതയുടെ ഫീല്‍ഡിലാണ്‍.
  സത്യനാണയങ്ങളെ നിരാകരിയ്ക്കാന്‍ അതൊരു
  കാരണമാകുന്നില്ലല്ലൊ.

   
 11. യരലവ

  Apr 9, 2008 at 01:15

  സാത്താനും ദൈവവും ഒത്തുകളിക്കുന്ന ഒരു നാടകമാണു മതം.

  ഇന്നിവിടെ വായിച്ചു ഇങ്ങിനെ
  “അവസാനത്തെ ദേവാലയത്തിന്റെ അവസാനത്തെ കല്ല്‌ അവസാനത്തെ പുരോഹിതന്റെതലയില്‍ വീണു നശിക്കുന്നതോടു കൂടി മാത്രമേ യഥാര്‍ത്ഥ സംസ്കാരം സ്ഥാപിതമാവൂ.“ -എമിലി സോള.

  ബാബു; അഭിനന്ദങ്ങള്‍, ഞാന്‍ വീണ്ടും വരും. ഉറങ്ങാ‍നായി.

   
 12. വിനോജ് | Vinoj

  Apr 9, 2008 at 08:13

  ബാബുച്ചേട്ടാ,
  “ഒരു ഭാരതീയ സന്ന്യാസിക്കും സ്വപ്നം പോലും കഴിയാത്ത ഭൌതികയൂറോപ്പില്‍, മനുഷ്യര്‍ ജീവിക്കുന്നതു് എങ്ങനെയെന്നും ഞാന്‍ കണ്ടു. അതാണു് എന്നെ സംബന്ധിച്ചു് എന്റെ അനുഭവങ്ങള്‍!“- താങ്കല്‍ ഈ പറഞ്ഞ ഭൌതീക യൂറോപ്പില്‍ ഇത്രയും സൌകര്യങ്ങളും ജീവിത സുഖങ്ങളും ഉണ്ടായിട്ടും അവര്‍ ഭാരതത്തിലെ മനുഷ്യദൈവങ്ങളെ തേടി വരുന്നത്‌ എന്തു കൊണ്ടാണെന്നറിയാമോ ? മന:സമാധാനം ഇല്ലാത്തതുകൊണ്ട്, ഈ ഭൌതീക സുഖങ്ങളൊന്നും ശാശ്വതമായ സുഖങ്ങളല്ല എന്ന ബോധ്യം വന്നതു കൊണ്ട്. എല്ലാവരും ദൈവം എന്ന വിശ്വാസത്തില്‍ അഭയം തേടുന്നത്‌ ഇതൊക്കെ കൊണ്ടു തന്നെയാണ്. ആധുനിക ശാസ്ത്രത്തിലെ ഒരു മരുന്നിനും നല്‍കാന്‍ കഴിയാത്ത മന:സമാധാനം പലര്‍ക്കും ഈ ദൈവ വിശ്വാസത്തില്‍ നിന്നും കിട്ടുന്നുണ്ട്. അപ്പോള്‍ പിന്നെ കാര്യങ്ങള്‍ അങ്ങനെ തന്നെ പോകട്ടെ. ഇന്നു കാണുന്ന ചില തട്ടിപ്പുകള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവക്ക് മേല്‍ മാത്രം പോരേ ഈ യുക്തിവാദം, പാവം ദൈവങ്ങളെ വെറുതെ വിടൂ… ഒരു യുക്തി വാദി വിചാരിച്ചാല്‍ പലപ്പോഴും സ്വന്തം കുടുംബത്തിനു പോലും മന:സമാധാനം നല്‍കാന്‍ കഴിയില്ല.

   
 13. സി. കെ. ബാബു

  Apr 9, 2008 at 08:49

  ഭൂമിപുത്രി,
  ഇതുതന്നെയാണു് ‘പ്രശ്നപരിഹാരത്തിനു്’ തടസ്സമായി നില്‍ക്കുന്ന ഭാരതീയന്റെ പ്രശ്നവും. ഗണപതിയുടെ കല്യാണം പോലെ, വരാനിരിക്കുന്ന രൂപഭേദത്തിനു് വേണ്ടിയുള്ള സഹസ്രാബ്ദങ്ങളായുള്ള കാത്തിരുപ്പു്! എന്തുകൊണ്ടു് ലോകത്തു് ഇത്രയും ഭൌതികപ്രശ്നങ്ങള്‍? ഈ ചോദ്യം ഒന്നുകൊണ്ടു് മാത്രം നമ്മള്‍ ചെയ്യുന്നതു് പ്രശ്നങ്ങളെ അദ്ധ്യാത്മികതയുടെ തലങ്ങളിലേക്കു് മാറ്റിപ്പാര്‍പ്പിക്കുകയാണു്. ഈ ചോദ്യത്തിനു് വ്യക്തമായ ഒരു മറുപടി ഇല്ലെന്നു് സാമാന്യബോധമുള്ള ആര്‍ക്കും അറിയാം. പട്ടിക്കു് കടിച്ചു് കളിക്കാനും ഒരെല്ലുവേണം! ഭൌതികമായ പ്രശ്നങ്ങള്‍ക്കു് ഭൌതികമായ പരിഹാരങ്ങള്‍ തേടുക എന്നതാണു് മനുഷ്യരുടെ കടമ. പ്രശ്നപരിഹാരം ഒരു Utopia അല്ലെന്നുള്ളതിനു് ലോകത്തില്‍ ഏറെ രാജ്യങ്ങള്‍ തെളിവു് നല്‍കുന്നുണ്ടു്. ഭാരതീയനു് അതറിയില്ല എന്നുമാത്രം! കാരണം, പുരോഗതിയുടെ ദുഷിച്ച വശങ്ങളും, ദൈവവിരുദ്ധതയും‍ മാത്രമല്ലേ നേതാക്കള്‍ അവനെ കാണിച്ചിട്ടുള്ളു. അതുപോലുള്ള രാജ്യങ്ങളില്‍ നേരിട്ടു് പോയി കാര്യങ്ങള്‍ കണ്ടു് മനസ്സിലാക്കാനുള്ള സാമ്പത്തിക കഴിവു് പിതാക്കന്മാരേയും, നേതാക്കന്മാരേയും പോലെ സാധാരണക്കാരനായ ഒരു ഭാരതീയനു് ഇല്ലതാനും!

  പ്രശ്നപരിഹാരത്തിനു് ഭാരതീയന്‍ ആദ്യമായി ചെയ്യേണ്ടതു് ആദ്ധ്യാത്മികതയുടെ സ്വപ്നലോകത്തില്‍ നിന്നും പുറത്തു് കടക്കുകയാണു്, പ്രശ്നങ്ങളെ നേരിടുകയാണു്.

  യരലവ,
  ദേവാലയത്തിന്റെ കല്ലുകള്‍ കണ്ടു് രോഷം പൂണ്ടവരുടെ മുന്‍‌നിരയില്‍ത്തന്നെ യേശുവും ഉണ്ടു്:

  ‘അവന്‍ ദൈവാലയത്തെ വിട്ടുപോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരുത്തന്‍: “ഗുരോ, ഇതാ, എങ്ങനെയുള്ള കല്ല് എങ്ങനെയുള്ള പണി” എന്നു് അവനോടു് പറഞ്ഞു. യേശു അവനോടു്: “നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്‍‌മേല്‍‍‍ കല്ല് ഇവിടെ ശേഷിക്കയില്ല” എന്നു് പറഞ്ഞു.’ – (മര്‍ക്കോസ് 13: 1, 2)

  പൌരോഹിത്യത്തെ നിര്‍മ്മിച്ചിരിക്കുന്ന വസ്തുവിന്റെ ഘടന മനസ്സിലാക്കാന്‍ യേശുവിനു് കഴിയാതെ പോയി. അവര്‍ യേശുവിനെ കൊന്നു് വീണ്ടും ഉയിര്‍പ്പിച്ചു് ചില്ലുകൂട്ടിലിട്ടു് ദേവാലയത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു. ജനങ്ങള്‍ ഭയഭക്തിപുരസരം രൂപക്കൂട്ടിനു് മുന്നില്‍ മുട്ടുകുത്തുന്നു! ജനങ്ങള്‍ക്കു് വേണ്ടതെന്തെന്നു് യേശുവിനേക്കാള്‍ കൂടുതലായി പുരോഹിതര്‍ക്കറിയാം. മനുഷ്യര്‍ ഈ വഞ്ചന തിരിച്ചറിയുന്നതുവരെ അവര്‍ ഈ ചൂഷണം തുടരുകയും ചെയ്യും.

   
 14. സി. കെ. ബാബു

  Apr 9, 2008 at 09:48

  വിനോജ്,
  വാദങ്ങളില്‍ യുക്തി ഉപയോഗിക്കുന്നതുകൊണ്ടു് ഞാന്‍ (ആ വാക്കിന്റെ സാമാന്യമായ അര്‍ത്ഥത്തില്‍!) ഒരു യുക്തിവാദിയല്ല. വിശേഷണം നിര്‍ബന്ധമാണെങ്കില്‍ ഒരു ശാസ്ത്രവിദ്യാര്‍ത്ഥി എന്നു് വിളിക്കാം.

  ഭാരതീയന്‍ വിദേശത്തു് പോയി നാലു് കാശുണ്ടാക്കി അവന്റെ ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതുപോലെ, ഒരു ചെറിയ അംശം യൂറോപ്യര്‍ ഭാരതത്തിലും എത്തുന്നുണ്ടു്. അതിനു് അവരെ പ്രേരിപ്പിക്കുന്നതിന്റെ കാരണങ്ങള്‍ സങ്കീര്‍ണ്ണമാണു്. അമേരിക്കയില്‍ ഒരു ഓപ്പറേഷനു് നല്‍കേണ്ടതിന്റെ ഒരംശം ചെലവുചെയ്താല്‍ അതേ ഗുണനിലവാരത്തില്‍ അതു് ഇന്‍ഡ്യയില്‍ ചെയ്യാം എന്നതിന്റെ പേരില്‍ എത്തുന്നവരുണ്ടു്. ആയുര്‍വ്വേദത്തെപ്പറ്റി കേട്ടതു് പരീക്ഷിച്ചുനോക്കാന്‍ എത്തുന്നവരുണ്ടു്. കഞ്ചാവടിച്ചു് കിറുങ്ങാന്‍ ഏതെങ്കിലും യോഗികളെ തേടിയെത്തുന്നവരുണ്ടു്. വെറും ടൂറിസ്റ്റുകളുണ്ടു്. ‘മനസ്സമാധാനം’ കിട്ടും എന്ന ധാരണയില്‍ എത്തുന്നവരുണ്ടു്. ഇവരില്‍ നല്ലൊരംശം മടങ്ങിയെത്തുമ്പോള്‍ ഭാരതീയ ജീവിതത്തെ പരിഹാസസ്വരത്തില്‍ വര്‍ണ്ണിക്കുന്നതും വിരളമല്ല.

  ദൈവവിശ്വാസത്തിനു് ഒരു ഭാഗ്യപരീക്ഷണത്തില്‍ കവിഞ്ഞ യാതൊരു അര്‍ത്ഥവുമില്ല. ജീവിതത്തിലെ അനിശ്ചിതത്വങ്ങള്‍ക്കു് മനുഷ്യന്‍ തേടുന്ന മനഃശാസ്ത്രപരമായ ഒരു പാറക്കെട്ടു്. അതു് ആശ്വാസദായകമാണു്. അതൊരു ആവശ്യമല്ല, ആഗ്രഹം മാത്രമാണു്. വളര്‍ത്തലിലൂടെ അതിനു് അടിത്തറ പണിയപ്പെടുന്നു. ഭാഗ്യവും അത്ഭുതവും തേടുന്നവര്‍ എന്നുമുണ്ടാവും. അത്രനാളും ദൈവവും, ലോട്ടറിയും ഉണ്ടാവും. അവരെ പിന്‍‌തിരിപ്പിക്കലല്ല എന്റെ ലക്‍ഷ്യം. അതു് നേടാന്‍ ആവാത്ത ഒരു സ്വപ്നമായി ഒരുപക്ഷേ എന്നാളും അവശേഷിക്കുകയും ചെയ്യും.

  രോഗം ഭേദമാവാന്‍ രോഗകാരണത്തെയാണു് ചികിത്സിക്കേണ്ടതു്. അന്ധവിശ്വാസത്തിനും തട്ടിപ്പിനും ദൈവത്തെ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍, അതിനെതിരായി അതേ ദൈവത്തിനു് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ കാരണഭൂതനായി നമുക്കു് സര്‍വ്വശക്തനായ ദൈവത്തെ പ്രതിക്കൂട്ടില്‍ കയറ്റേണ്ടി വരും. അതു് തെറ്റെങ്കില്‍ അതിനു് മറുപടി പറയേണ്ടതു് ദൈവമാണു്, മനുഷ്യരല്ല.

   
 15. ഭൂമിപുത്രി

  Apr 9, 2008 at 13:30

  പ്രശ്നത്തിന്റെ സ്വഭാവത്തെപറ്റി ഞാനുദ്ദേശ്യിച്ചതു
  അതല്ല ബാബു.
  ഇന്ന് വന്‍പ്രശ്നമായിത്തോനുന്നതു,ചിലപ്പോള്‍ വറ്ഷങ്ങള്‍ കഴിയുമ്പോഴായിരിയ്ക്കും മനസ്സിലാകുക,സത്യത്തിലതൊരു അനുഗ്രഹമായിരുന്നുവെന്നു.
  നമുക്കുണ്ടെന്നു ഞാന്‍ കരുതുന്ന പരിമിതികളിലൊന്ന് ഈ ദീറ്ഘവീക്ഷണമില്ലായകയാണ്‍.പലതിന്റെയും ഒരു ‘ലാറ്ജറ് പിക്ക്ചറ്’കാണാതെയാണ്‍ നമ്മള്‍ ചില അഭിപ്രായങ്ങളിലെത്തുക.
  വിശപ്പ്,രോഗം തുടങ്ങിയ ഭൌതിക സമസ്യകള്‍ക്ക് അത്മീയത പ്രസംഗിച്ചുകൊണ്ടുചെന്നിട്ടു കാര്യമില്ലെന്നു നൂറ്ശതമാനം യോജിയ്ക്കുന്നു.
  ബാബുകണ്ട യൂറോപ്പ്യന്‍രാജ്ജ്യങ്ങളിലെ Materialistic pleasures ആണ്‍ ഒരു മനുഷ്യന്‍ നേടാനുള്ള ultimate എന്നു കരുതുന്നുണ്ടോയ

   
 16. Telefone VoIP

  Apr 9, 2008 at 14:55

  Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Telefone VoIP, I hope you enjoy. The address is http://telefone-voip.blogspot.com. A hug.

   
 17. സി. കെ. ബാബു

  Apr 9, 2008 at 15:27

  ഭൂമിപുത്രി,

  മറുപടി ചുരുക്കി പറയാന്‍ ശ്രമിക്കാം.

  ഭൌതികപ്രശ്നങ്ങള്‍ ഒരിക്കലും ആത്മീയതയില്‍ ഒതുക്കി പരിഹരിക്കാനാവില്ലെന്ന കാര്യത്തിലെങ്കിലും‍ നമുക്കു് യോജിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

  ഒരു മനുഷ്യജന്മത്തിനു് ഏതാനും ദശകങ്ങളുടെ ദൈര്‍ഘ്യമേ ഉള്ളു. ഐഹികമായ കാത്തിരിപ്പിനു് സമയപരിധിയുണ്ടെന്നു് സാരം.

  ഒരു ‘Ultimate Truth’ നിശ്ചയിച്ചുറപ്പിച്ചാല്‍ അതിലും ‘ദീര്‍ഘമായ’ ഒരു വീക്ഷണം ഉണ്ടാവാന്‍ കഴിയില്ല. അപ്പോള്‍ അതിനിപ്പുറമുള്ള വീക്ഷണങ്ങള്‍ അര്‍ത്ഥശൂന്യമായി കാണാനാവും മനുഷ്യനു് താത്പര്യം. ഫലത്തില്‍, വീക്ഷണവുമില്ല ദീര്‍ഘവീക്ഷണവുമില്ല എന്ന അവസ്ഥ!

  Materialistic pleasure ജീവിതത്തിന്റെ ഒരു ഭാഗമാണു്. അതിനോടുള്ള വിരോധം പ്രകൃതിവിരുദ്ധതയായി എനിക്കു് തോന്നുന്നു. ഭൌതികസുഖങ്ങള്‍ നിഷേധിക്കുന്ന നീതിശാസ്ത്രങ്ങള്‍ നരച്ചതാണു്, നരച്ചവരുടേതാണു്. അതിനു് അവരുടെ ലോകത്തിലേ വിലയുണ്ടാവാന്‍ പാടുള്ളു. മനുഷ്യര്‍ സന്തോഷിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതെന്തിനു് എന്നെനിക്കു് മനസ്സിലാവുന്നില്ല. മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതു് അവനവന്‍ തന്നെ ആയിരിക്കണം. മനുഷ്യര്‍ക്കു് അതിനുള്ള കഴിവില്ലാതായെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സമൂഹം ഇതുവരെ പിന്‍‌തുടര്‍ന്ന തെറ്റായ നയങ്ങളുടേതാണു്, വ്യക്തിയുടേതല്ല.

  Ultimate എന്ന വാക്കിനോടു് എനിക്കു് തത്വചിന്താപരമായ ഒരു വിപ്രതിപത്തി ഉണ്ടു്. അതു് ultimate materialistic pleasure-ന്റെ കാര്യത്തിലായാലും, Ultimate Truth-ന്റെ കാര്യത്തിലായാലും. Ultimate എന്ന വാക്കു് ഒരു static condition-നെ പ്രതിനിധീകരിക്കുന്നു. അതു് പൂര്‍ണ്ണതയാണു്, നിശ്ചലതയാണു്, ശൂന്യതയാണു്, മരണമാണു്. ചലനാത്മകമായ ഒരു പ്രപഞ്ചത്തില്‍ അങ്ങനെയൊരവസ്ഥ സാങ്കല്പികം മാത്രമാവാനേ കഴിയൂ എന്നണെന്റെ വിശ്വാസം.

  യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നതെല്ലാം ശരിയെന്നു് കരുതുന്നവനല്ല ഞാന്‍. പക്ഷേ അവിടങ്ങളില്‍ നിലവിലിരിക്കുന്ന പ്രവര്‍ത്തനക്ഷമമായ infrastructure, സാമൂഹികസുരക്ഷിതത്വം, കാര്യക്ഷമതയുള്ള മറ്റു് സാമൂഹികഘടകങ്ങള്‍ ഇവയൊക്കെ നല്ലതെന്നു് പറയാന്‍ എനിക്കു് ഒരു മടിയുമില്ല.

  ആദ്യം കുറച്ചു് ഭാരതീയര്‍ ജാതിയും വര്‍ണ്ണവും തിരിച്ചു് ബഹുഭൂരിപക്ഷം ഭാരതീയരേയും അടിമകളാക്കി. പിന്നെ സായിപ്പു് വന്നപ്പോള്‍ മുഴുവന്‍ ഭാരതീയരും സന്തോഷത്തോടെ സായിപ്പിന്റെ അടിമകളായി. സായിപ്പു് പോയിട്ടും ആ അടിമമനോഭാവം പോയില്ല. ഇന്നും ഭാരതീയന്റെ പ്രധാന ശത്രു ഭാരതീയന്‍ തന്നെ! ഈ അടിമമനോഭാവം നിലനിര്‍ത്തുന്നതിന്റേയും മുതലെടുക്കുന്നതിന്റേയും മുന്‍‌പന്തിയില്‍ നില്‍ക്കുന്നതു് മതങ്ങളും!

   
 18. sajan jcb

  Apr 9, 2008 at 19:47

  ഭൌതികസുഖങ്ങള്‍ നിഷേധിക്കുന്ന നീതിശാസ്ത്രങ്ങള്‍ നരച്ചതാണു്, നരച്ചവരുടേതാണു്.

  അപ്പോള്‍ അത്രയേയുള്ളൂ കാര്യം… തോന്നിയപാടെ നടക്കാന്‍ അനുവദിക്കുന്നില്ലെന്നു്.

  താങ്കള്‍ കുറെ ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ച കൂട്ടത്തില്‍ ഒന്നു രണ്ടെണ്ണം എന്റെ വക…

  “നിങ്ങളിള്‍ രണ്ടെണ്ണമുള്ളവന്‍ ഒന്നു അതില്ലാത്തവനു കൊടുക്കുക”. അല്ലാതെ ആകെയുള്ള ഒരെണ്ണം മറ്റുള്ളവര്‍ക്കു കൊടുക്കുക എന്നല്ല യേശു പറഞ്ഞതു്.

  “ഈ എളിയവര്‍ക്കു നിങ്ങള്‍ കൊടുക്കുമ്പോള്‍ അതു എനിക്കു തന്നെയാണു് തരുന്നതു്”. ഇല്ലാത്തവരെ സഹായിക്കാനുള്ള പ്രചോദനം പകരുന്ന വാക്കുകള്‍. അപ്പോള്‍ ലഭിക്കുന്ന ആനന്ദം ലൗകിക സുഖങ്ങളേക്കാളും വലുതാണു്. സ്വമനസ്സാലേ ദാനം ചെയ്യുന്നവരോട് ചോദിച്ചു മനസ്സിലാക്കാം ഏതു സുഖമാണു് വലുതെന്നു്.

  അന്യനെ സഹായിക്കാന്‍ ഇത്രയധികം പ്രോത്സാഹനം നല്‍കുന്ന ഏതു പ്രത്യയശാസ്ത്രമുണ്ട് ഇതിലും വലുതായിട്ടു്?

  ഞാന്‍ അംഗീകരിക്കുന്നു, പല മത പുരോഹിതന്മാരും തട്ടിപ്പു കേസുകള്‍ തന്നെ… എന്നു വച്ചു മൊത്തം മതത്തെ ആക്ഷേപിക്കണോ?

  ഈ അടിമമനോഭാവം നിലനിര്‍ത്തുന്നതിന്റേയും മുതലെടുക്കുന്നതിന്റേയും മുന്‍‌പന്തിയില്‍ നില്‍ക്കുന്നതു് മതങ്ങളും!
  ഇതിനെ പറ്റി കൂടുതല്‍ വിശദീകരണം ചോദിച്ചാല്‍ തരുമോ?

  ഇവിടെ കമന്റുകളുടെ കമന്റുകള്‍ക്കു വരെ മറുപടി നല്‍ക്കുന്നതു കണ്ടു. എന്റെ ആദ്യ കമന്റിനു എന്തേങ്കിലും മറുപടി തരുമോ? അതോ താങ്കള്‍ പറഞ്ഞതു മാത്രമേ ശരി എന്നുണ്ടോ?

   
 19. ഭൂമിപുത്രി

  Apr 10, 2008 at 14:26

  ബാബൂ,എനിയ്ക്ക് തോന്നുന്നതു,ഇതുവരെ ചര്‍ച്ചചെയ്തിട്ടുള്ള വിഷയങ്ങളില്‍ നമ്മള്‍ വിയോജിയ്ക്കുന്ന ആദ്യത്തെ ഇഷ്യു
  ഈ സോക്കോള്‍ഡ് യുക്തിവാദം മാത്രമാണെന്നാണ്‍.
  Materialistic pleasures നോട് യാതൊരു വിരോധവുമില്ല.
  പക്ഷെ,അവയെന്നും pleasurable ആയിരിയ്ക്കുമെന്നും അതിനപ്പുറം തേടാനൊന്നുമില്ല എന്നും വിശ്വസിയ്ക്കുന്നതിനോടെ വിയോജിപ്പുള്ളു.ഒരു മനുഷ്യായുസ്സിന്റെ പരിമിതിയ്ക്കുള്ളിലാണെങ്കില്‍പ്പോലും..
  Ultimate എന്നവാക്കും ആപേക്ഷികമകാമല്ലൊ.

  തുടക്കത്തിലെ ഞാന്‍ സൂചിപ്പിച്ച ‘അനുഭവജ്ഞാനം’അതാറ്ക്കും വാക്കുകളിലൂടെ മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റത്ത ഒന്നായതുകൊണ്ട്,പൊതുവേ ഇങ്ങിനത്തെ ചറ്ച്ചകളില്‍ ആക്റ്റീവായി പങ്കെടുക്കാറില്ല.
  ഇതിപ്പൊള്‍ ‘for the heck of it’ഒന്നു തലയിട്ടെന്നുമാത്രം.
  അതുകൊണ്ട് let’s agree to disagree’ എന്നുപറഞ്ഞ് ഇവിടെവെച്ച് കൈകൊടുത്തു
  പിരിയാം,തല്‍ക്കാലം,അല്ലെ?

   
 20. അമൃതാ വാര്യര്‍

  Apr 10, 2008 at 16:48

  ദൈവത്തെ സര്‍വ്വശക്തനായി മാത്രം കാണാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം മനുഷ്യന്റെ സ്വന്തം ശക്തിഹീനതയെക്കുറിച്ചുള്ള ബോധമല്ലാതെ മറ്റെന്താണു്?

  തീര്‍ച്ചയായും
  വികാരങ്ങള്‍ക്കും
  മാനുഷികതയ്ക്കും
  അതീതമായ
  എന്തെങ്കിലും ഉണ്ടോ…
  അവിടെ മാത്രമേ
  ആരാധനയ്ക്ക്‌ ഇടമുള്ളൂ….

  നമ്മുടെ കഴിവിന്റെ
  എത്രയോ മടങ്ങ്‌
  എവിടെ കാണുന്നുവോ….
  അവിടെ നാം
  ആരാധനയ്ക്കായി
  സങ്കേതം കണ്ടെത്തുന്നു….
  അതുകൊണ്ട്‌ തന്നെ
  മനുഷ്യന്റെ കുറവുകള്‍
  ഒന്നും തന്നെ ഇല്ലാത്ത
  അതിമാനുഷികമായ
  ഒരു ശക്തിയാണ്‌ ദൈവം…..

  പിന്നെ;
  ദൈവത്തിന്‌ പുരുഷവേഷം കല്‍പിച്ചുകൊടുക്കന്നതില്‍
  പിതൃദായക്രമത്തിന്റെ സ്വാധീനമാണുള്ളത്‌… അതേ സമയം കാളിയും ദുര്‍ഗ്ഗയും സരസ്വതിയുമെല്ലാം … മാതൃദായ ക്രമത്തിന്റെ സംഭാവനകളാണ്‌ താനും….
  കമന്റിന്റെ ദൈര്‍ഘ്യം അല്‍പം കൂടിയതില്‍ ക്ഷമിക്കൂട്ടോ….

   
 21. സി. കെ. ബാബു

  Apr 10, 2008 at 22:32

  ഭൂമിപുത്രി,

  ‘തലയിട്ടതില്‍’ സന്തോഷമേയുള്ളു. ഇനിയും ഇതിലെ വരുമെന്നു് ആഗ്രഹിക്കുകയും ചെയ്യുന്നു.
  All the best!

  അമൃതെ,

  ‘ദൈവം = ശക്തി’ എങ്ങനെ വന്നു എന്നൊന്നു് ചുമ്മാ പരിശോധിച്ചതാണു്. ദൈവമടക്കമുള്ള സകല കണ്ട്ത്തലുകളുടെയും പിന്നില്‍ മനുഷ്യന്‍ മാത്രമാണു് എന്നുകൂടി എന്തുകൊണ്ടു് പറഞ്ഞില്ല? ഈ രണ്ടു് ‘പരാതികള്‍’ ഒഴിച്ചാല്‍ അമൃത പറഞ്ഞ ബാക്കി കാര്യങ്ങളെല്ലാം ഞാന്‍ അതേപടി അംഗീകരിക്കുന്നു.

  കമന്റ് ദീര്‍ഘിച്ചതു് ക്ഷമിക്കണമോ എന്നു് അല്പം ആലോചിക്കാതെ പറയാന്‍ വയ്യ! 🙂

   
 22. sajan jcb

  Apr 11, 2008 at 05:19

  അനുകൂലമായി കമന്റ് ചെയ്യുന്നവര്‍ക്കു മാത്രം മറുപടി. അല്ലാത്തവരെ മാറ്റി നിറുത്തുന്ന / അവഗണിക്കുന്ന ബ്ലോഗറെ സമ്മതിക്കണം. എന്റെ കമന്റുകള്‍ ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ ഇവിടെ ഇരിക്കുന്നതിലാണ് ഇപ്പോള്‍ എന്റെ അദ്ഭുതം.

   
 23. AJO JOSEPH THOMAS

  Oct 21, 2008 at 14:56

  “The saying is sure and worthy of full acceptance, that CHRIST JESUS CAME INTO THE WORLD TO SAVE SINNERS”.
  (I Timothy 1 : 15)

  “God made everything and you can no more understand what he does than you understand HOW NEW LIFE BEGINS IN THE WOMB OF A PREGNANT WOMAN”.
  (Ecclesiates 11 : 5-6)
  Sabhaprasangakan

  “Do not bring on your own death by sinful actions. God didn’t invent death and when living creatures die, it gives him no pleasure”.
  (The wisdom of Solomon 1 :12)

  “No one can enter the Kingdom of God unless he is born of water and the Spirit. A person is born of physically of human parents, but he is born spiritually of the spirit.

  The wind blows wherever it wishes; you hear the sound, but you don’t know where it comes from or where it is going. It is like that with everyone who is born of the Spirit”.
  (John 3: 5-8)

  “When he comes, he will prove to the people of the world that they are wrong about sin and about what is right and about God’s judgment”.
  (John 16: 8)

  “The helper, the Holy Spirit, whom the Father will send in my name, will teach you everything and make you remember all that I have told you”.
  (John 14: 25)

  “IT IS EASIER FOR HEAVEN AND EARTH TO PASS AWAY, THAN FOR ONE STROKE OF A LETTER IN THE LAW TO BE DROPPED”. (Luke 16 : 17)
  BEWARE OF THE SPIRIT OF APOSTASY

  “Many will give up their faith at that time, they will betray one another and hate one another”.
  (Matthew 24 : 10)
  http://www.thewordofgodisalive.blogspot.com/

   
 24. AJO JOSEPH THOMAS

  Oct 21, 2008 at 15:02

  He came to his own country, but his own people didn’t receive him. Some, however did receive him and believed in him, so he gave them RIGHT to become GOD’S CHILDREN.

  They didn’t become God’s children by natural means that is, by being born as the children of a HUMAN FATHER: God himself was their Father”.

  (John 1:12)

  “Those who are led by God’s spirit are children of God”
  (Romans 8:14)

  “God’s spirit joins himself to our spirits to declare that we are children of God”
  (Romans 8:16)

  “Lord is the Spirit, and WHERE THE SPIRIT OF THE LORD IS,THERE IS FREEDOM”.
  (2 Corinthians 3:17)

  http://thewordofgodisalive.blogspot.com/

   
 25. AJO JOSEPH THOMAS

  Oct 21, 2008 at 15:03

  “God is love, and whoever lives in love lives in union with God and God lives in union with him”.
  ( I John 4 : 16 )

  “There is no fear in love; perfect love drives out all fear”. So then, love has not been made perfect in any one who is AFRAID”.
  ( I John 4 : 18 )

  “Love is patient; love is kind; love is not envious or boastful or arrogant or rude. It does not insist on it’s own way; It is not irritable or resentful; it does not rejoice in wrong doing but rejoices in the truth. It bears all things, believes all things, hopes all things, endures all things. LOVE NEVER ENDS”.
  (I Corinthians 13:4-8)

  “This is how you will be able to know whether it is God’s Spirit : any one who acknowledges that Jesus Christ came as human being has the Spirit who comes from God”.
  (1 John 4:2)

  “God didn’t give us a spirit of cowardice, but rather a spirit of power and of love and of self discipline”.
  (2 Timothy 1:7)

  http://thewordofgodisalive.blogspot.com/

   
 26. Chandramohan

  Sep 18, 2010 at 12:43

  According to my little knowledge (one may call it FAITH), God is nothing but this Universal Power, which is worshiped in different forms & names. We just cannot understand this MOTHER NATURE. Only Mother nature can understand it self. We are just part of it – a drop of water is mixed in the Sea and it become a part of Sea. Anyway, congratulations for such wonderful thought, writing. Be in touch. Thank you all..

   
 
%d bloggers like this: