RSS

യൂദാസിന്റെ സുവിശേഷം – 2

05 Apr

കൈറോയില്‍ പുരാവസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഹന്നാ എന്നൊരാളാണു് ആ ലിഖിതം വാങ്ങിയതു്. അയാള്‍ അതു് താമസിയാതെതന്നെ സ്വിറ്റ്‌സര്‍ലണ്ടില്‍ പുരാവസ്തു വ്യാപാരിയും, കച്ചവടത്തിലൂടെ തന്റെ പരിചയക്കാരിയുമായ ഒരു സ്ത്രീക്കു് വില്‍ക്കാന്‍ ശ്രമിക്കുന്നു. മുപ്പതു് ലക്ഷം ഡോളറാണു് അതിനു് വിലയായി അയാള്‍ ആവശ്യപ്പെട്ടതു്. അത്രയും തുക നല്‍കാന്‍ ആ സ്ത്രീ തയ്യാറായിരുന്നില്ല. ഒന്നാമതു്, അതിനകത്തു് എന്താണു് എഴുതിയിരിക്കുന്നതു്, അതു് ഒറിജിനല്‍ ആണോ എന്നൊക്കെയുള്ള സംശയം. രണ്ടാമതു്, അതൊരു വലിയ തുകയായിരുന്നു എന്ന വസ്തുത. അയാള്‍ക്കെന്നല്ല, ആര്‍ക്കും അറിയില്ലായിരുന്നു അതില്‍ എന്താണു് രേഖപ്പെടുത്തിയിരിക്കുന്നതെന്നു്. അങ്ങനെ അന്നു് അതിന്റെ വില്‍പന നടക്കാതെ പോയി.

കുറേ മാസങ്ങള്‍ കടന്നുപോയി. അതിനിടയില്‍ ഹന്നാ അതിലെ ഉള്ളടക്കത്തിന്റെ ഒരു ലിസ്റ്റ്‌ തയ്യാറാക്കി. ഒരു ഗ്രീക്ക്‌ പുരാവസ്തുവ്യാപാരിക്കു് ഒറിജിനല്‍ അല്ലാത്ത പ്രതിമ വിറ്റതിന്റെ പേരില്‍ അയാളുടെ പ്രതിനിധിയായ ഒരു സ്ത്രീയുമായി സംസാരിക്കുന്നതിനിടയില്‍ ഹന്നാ ഈ ലിഖിതത്തെപ്പറ്റി സൂചിപ്പിക്കുന്നു. ആ സ്ത്രീ അതു് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിനായി വീണ്ടുമൊരിക്കല്‍ വരാമെന്നു് പറയുകയാണുണ്ടായതു്. ഹന്നാ കോപ്ടിക്‌ സഭാവിശ്വാസിയാണു്. യേശുവിന്റെ ശിഷ്യന്മാരില്‍ ഒരുവനായിരുന്ന മര്‍ക്കോസിനാല്‍ സ്ഥാപിതമായതെന്നു് വിശ്വസിക്കപ്പെടുന്ന ഈ സഭ ലോകത്തിലെ ആദ്യത്തെ രാഷ്ട്രസഭയായി പൊതുവേ പരിഗണിക്കപ്പെടുന്നു. വിശ്വാസപരമായി ആ ചുറ്റുപാടുകളിലെ മദ്ധ്യ ഈജിപ്തില്‍ വളര്‍ന്നവനാണു് ഹന്നാ.
1980-ല്‍ ആ സ്ത്രീ വീണ്ടും കൈറോയിലെ ഹന്നായുടെ പുരാവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ എത്തുന്നു. ആ മാന്യുസ്ക്രിപ്റ്റ്‌ കണ്ടെങ്കിലും, അവസാനം അതു് വാങ്ങാതിരിക്കുകയാണു് അവള്‍ ചെയ്തതു്. ആ സ്ത്രീയുടെ മുതലാളി അതു് വാങ്ങേണ്ട എന്നു് പറഞ്ഞത്രെ! സംശയം തോന്നിയ ഹന്നാ ഒരു ഉറപ്പിനായി ആ മാന്യുസ്ക്രിപ്റ്റ്‌ കടയില്‍നിന്നും വീട്ടിലെത്തിച്ചു് അലമാരയില്‍ സൂക്ഷിക്കുന്നു. താമസിയാതെ, ആ ഗ്രീക്ക്‌ പുരാവസ്തുവ്യാപാരിയുടെ നിര്‍ദ്ദേശപ്രകാരം അതു് മോഷ്ടിക്കാന്‍ ആ സ്ത്രീ ചിലരെ ചുമതലപ്പെടുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കു് ശേഷം ഹന്നാ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍, വിലപിടിപ്പുള്ള മറ്റു് വസ്തുക്കളോടൊപ്പം ആ മാന്യുസ്ക്രിപ്റ്റും മോഷ്ടിക്കപ്പെട്ടതായി കാണുന്നു.
ആ ലിഖിതം വഴി ഒരു നല്ല തുക സ്വപ്നം കണ്ടിരുന്ന ഹന്നാ ഭ്രാന്തിളകിയപോലെ ആയി. ആ ചുറ്റുപാടുകളിലുള്ള ആരെങ്കിലുമാവും അതിനു് പിന്നില്‍ എന്നായിരുന്നു അയാളുടെ ധാരണ. കാരണം, യൂറോപ്യര്‍ അങ്ങനെ ഒരു കൃത്യം ചെയ്യുമെന്നു് സങ്കല്‍പിക്കാന്‍ അയാള്‍ക്കു് കഴിയുമായിരുന്നില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കു് ശേഷം യൂറോപ്പിലെ ആര്‍ട്ട്‌ മാര്‍ക്കറ്റില്‍ ആ ലിഖിതത്തിന്റെ ചില ഭാഗങ്ങള്‍ വില്‍പനയ്ക്കായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ഗ്രീക്കുകാരനായ പുരാവസ്തുവ്യാപാരിയായിരുന്നു ആ മോഷണത്തിനു് പിന്നില്‍ എന്നു് വ്യക്തമായി. ഏതായാലും, ഹന്നായ്ക്കു് അയാളുടെ മുതല്‍ തിരിച്ചുകിട്ടി.
അര്‍ഹിക്കുന്ന വിലയ്ക്കു് അതു് ഈജിപ്തില്‍ വില്‍ക്കാന്‍ സാധിക്കുകയില്ലെന്നു് മനസ്സിലാക്കിയ ഹന്നാ അതുമായി 1982-ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തുന്നു. ജനീവയില്‍ വച്ചു് അതു് വിദഗ്ദ്ധരെ കാണിക്കുമ്പോള്‍ പോലും ഹന്നാ അങ്ങേയറ്റം സംശയാലു ആയിരുന്നു. തന്മൂലം, അതിന്റെ ഫോട്ടോ എടുക്കാനോ, കുറിപ്പുകള്‍ എഴുതുവാനോ അയാള്‍ ആരെയും അനുവദിച്ചില്ല. അവിടെ വച്ചാണു് ആ മാന്യുസ്ക്രിപ്റ്റിന്റെ വില ആദ്യമായി മനസ്സിലാവുന്നതു്. ആദ്യകാലക്രിസ്തുമതത്തിന്റെ ഒരു ശാഖയായിരുന്ന നോസ്റ്റിക് വിഭാഗത്തില്‍ രൂപമെടുത്ത ഒരു മാന്യുസ്ക്രിപ്റ്റായിരുന്നു അതു്. അതിന്റെ പേരു്: “യൂദാസിന്റെ സുവിശേഷം” എന്നും!
തന്റെ കഷ്ടാനുഭവങ്ങള്‍ക്കു് മുന്‍പു് യേശു യൂദാസും മറ്റു് ശിഷ്യന്മാരുമായി നടത്തുന്ന ഒരു സംഭാഷണം അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. ബൈബിളിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട നാലു് സുവിശേഷങ്ങളിലെ ചിത്രീകരണത്തിനു് വിരുദ്ധമായി, പോസിറ്റിവ്‌ ആയ ഒരു യൂദാസിനെയാണു് യൂദാസ്‌ സുവിശേഷത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നതു്. യേശുവിന്റെ വിശ്വസ്തശിഷ്യനായ യൂദാസ്‌. “നിങ്ങള്‍ മനുഷ്യരെ വഴി തെറ്റിക്കുന്നു” എന്നു് മറ്റു് ശിഷ്യന്മാരെ ശകാരിക്കുന്ന യേശു. മത്തായിയുടെ സുവിശേഷത്തില്‍ വര്‍ണ്ണിക്കുന്ന മുപ്പതു് വെള്ളിക്കാശിനെപ്പറ്റിയോ, യൂദാസിന്റെ ആത്മഹത്യയെപ്പറ്റിയോ ഒന്നും യൂദാസിന്റെ സുവിശേഷത്തില്‍ ഒരു സൂചനയുമില്ല. മത്തായി, മര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്ന പേരുകളില്‍ അറിയപ്പെടുന്ന സുവിശേഷങ്ങള്‍ അവര്‍ നേരിട്ടു് എഴുതിയതല്ല എന്നപോലെ തന്നെ, യൂദാസിന്റെ സുവിശേഷം എന്ന പേരു്, അതു് യൂദാസ്‌ സ്വയം രചിച്ചതാണെന്ന അര്‍ത്ഥത്തിലല്ല മനസ്സിലാക്കേണ്ടതു്. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാവണം അതു് രൂപമെടുത്തതു് എന്നാണു് പണ്ഡിതാഭിപ്രായം.
പിന്നീടു്, യൂദാസിന്റെ സുവിശേഷവുമായി ഹന്നാ ന്യൂയോര്‍ക്കിലെത്തുന്നു. ആ ലിഖിതം വാങ്ങാന്‍ താല്‍പര്യമുള്ളവരുമായി ഹോട്ടലില്‍ കണ്ടുമുട്ടുമ്പോഴും വളരെ കരുതലോടെയാണു് അയാളുടെ നീക്കങ്ങള്‍. താന്‍ വീണ്ടും കബളിപ്പിക്കപ്പെടുമോ എന്ന ഭയം. താല്‍പര്യം പ്രകടിപ്പിച്ചവര്‍ നല്‍കാന്‍ തയ്യാറായ മാക്സിമം വില മുന്നൂറു് ലക്ഷം ഡോളറാണു്. ഹന്നാ ആദ്യം ആവശ്യപ്പെട്ട തുകയുടെ പത്തിലൊന്നുമാത്രം. അയാള്‍ അതു് വില്‍ക്കുന്നില്ല. അതിനുപകരം, അതു് ന്യൂയോര്‍ക്കിലെ ഒരു ബാങ്കിലെ സെയ്ഫില്‍ പൂട്ടിവയ്ക്കാനാണു് അയാള്‍ തീരുമാനിക്കുന്നതു്. പക്ഷേ, അയാള്‍ക്കു് അറിയാന്‍ കഴിയാതെ പോയതു്, അനുയോജ്യമായരീതിയില്‍ സൂക്ഷിക്കാതിരുന്നാല്‍ ഇത്രയും പഴയ ലിഖിതങ്ങള്‍ക്കു് തിരുത്താനാവാത്ത കേടുപാടുകള്‍ സംഭവിക്കുമെന്ന വസ്തുതയാണു്. എന്തുകൊണ്ടാണു് അയാള്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്നുമാത്രം ആര്‍ക്കുമറിയില്ല.
പതിനാറു് വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി! ബാങ്ക്‌ സെയ്ഫിലെ യൂദാസിന്റെ സുവിശേഷത്തിന്റെ കഥ മറവിയിലേക്കു് മറഞ്ഞതുപോലെ. അതു് വില്‍ക്കുന്നതിനുള്ള ശ്രമങ്ങളൊന്നും ഈ കാലഘട്ടത്തില്‍ ഹന്നാ നടത്തുന്നില്ല. അങ്ങനെയിരിക്കെ, 2000-ത്തില്‍, ഫ്രീഡാ നുസ്ബര്‍‍ഗര്‍ ഹന്നായെ വിളിക്കുന്നു. അന്നത്തെ മാന്യുസ്ക്രിപ്റ്റ്‌ ഇപ്പോഴും കൈവശം ഉണ്ടോ എന്നറിയുക എന്നതായിരുന്നു അവരുടെ ലക്‍ഷ്യം. ഒരുപക്ഷേ അതു് വില്‍ക്കാനുള്ള അവസാനത്തെ അവസരമാണു് അതെന്നു് മനസ്സിലാക്കുന്ന ഹന്നാ ആ സ്ത്രീയുമായി ന്യൂയോര്‍ക്കില്‍ ഒത്തുചേരുന്നു. സെയ്ഫ്‌ തുറന്നപ്പോള്‍ അവര്‍ കണ്ടതു് ദയനീയമായ കാഴ്ചയായിരുന്നു! ആയിരത്തിയെണ്ണൂറുവര്‍ഷങ്ങള്‍ ഒരു കേടുമില്ലാതെ ഈജിപ്തില്‍ കിടന്ന ആ ലിഖിതം പതിനാറു് വര്‍ഷങ്ങള്‍കൊണ്ടു് മിക്കവാറും ദ്രവിച്ചുകഴിഞ്ഞിരുന്നു. ഗത്യന്തരമില്ലാതെ ‘ആറക്കമുള്ള’ ഒരു ഡോളര്‍സംഖ്യ വിലയായി വാങ്ങി ആ മാന്യുസ്ക്രിപ്റ്റ്‌ അയാള്‍ ഫ്രീഡാ നുസ്ബര്‍ഗറിനു് വില്‍ക്കുന്നു. അവര്‍ അതു് സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു ഫൗണ്ടേഷനു് കൈമാറുന്നു. കോപ്ടിക്‌ ഭാഷാപണ്ഡിതനായ Prof. Gregor Wurst-ന്റെയും, restoration വിദഗ്ദ്ധയായ Florence Darbre-ന്റേയും നേതൃത്വത്തില്‍ ഇന്നും പൂര്‍ത്തിയാവാത്ത അതിന്റെ restoration പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അതു് പൂര്‍ത്തിയാവുമ്പോള്‍ ആദികാല ക്രിസ്തുമതത്തിന്റെ ചരിത്രത്തെ സംബന്ധിച്ചു് വ്യത്യസ്തവും പുതിയതുമായ കൂടുതല്‍ അറിവുകള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇനി, ഇതൊക്കെ മാറ്റിനിര്‍ത്തി നമുക്കൊന്നു് ചിന്തിച്ചുനോക്കാം. യൂദാസ്‌ യേശുവിനെ ഒറ്റിക്കൊടുത്തു എന്നതും, അതിനുശേഷം കുറ്റബോധം മൂലം പശ്ചാത്തപിച്ചു് ആത്മഹത്യ ചെയ്തു എന്നതും സത്യമെന്നു് സങ്കല്‍പ്പിക്കാം. അപ്പോള്‍ പോലും, എന്താണു് യൂദാസ്‌ അതുവഴി ചെയ്ത തെറ്റു്? യേശു കുരിശില്‍ മരിക്കേണ്ടതും ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതും മനുഷ്യവര്‍ഗ്ഗത്തിനു് നിത്യജീവന്‍ ലഭിക്കാന്‍ അനുപേക്ഷണീയമാണെന്നിരിക്കെ, അതു് ദൈവമായ യഹോവയുടെ ആഗ്രഹമാണെന്നിരിക്കെ, ദൈവം പോലും യേശുവിനെ കുരിശില്‍ നിന്നും രക്ഷപെടുത്താന്‍ തയ്യാറാവുന്നില്ല എന്നിരിക്കെ, ലോകരക്ഷക്കായി യേശുവിനെ കാണിച്ചുകൊടുത്തു് ദൈവേഷ്ടം നടപ്പിലാവാന്‍ സ്വയം കുറ്റവാളിയാവുന്ന യൂദാസ്‌ യേശുവിന്റെ കുരിശുമരണത്തിനു് തുല്യം എന്നു് പറയാവുന്ന ഒരു പ്രവൃത്തിയല്ലേ ചെയ്യുന്നതു്? മകന്റെ കുരിശുമരണസമയത്തു് മൗനം പാലിക്കുന്ന ദൈവത്തിന്റെ നിലപാടിനു് തുല്യമായ ഒരു നിലപാടല്ലേ യൂദാസിന്റേതും? ദൈവം യേശുവിനെ രക്ഷിച്ചിരുന്നെങ്കില്‍ അവന്റെ മരണവും ഉയിര്‍പ്പും സാദ്ധ്യമാവുമായിരുന്നോ? ‘ഒറ്റിക്കൊടുക്കലിനുശേഷം’ പശ്ചാത്തപിച്ചു് ജീവനൊടുക്കുന്ന യൂദാസിനു് എന്തുകൊണ്ടു് ചുരുങ്ങിയതു് ഒരു വിശുദ്ധന്റെ പദവിയെങ്കിലും ലഭിക്കുന്നില്ല? ഒരിക്കലും തെറ്റു് ചെയ്യാത്തവരാണോ സഭയിലെ മറ്റു് വിശുദ്ധന്മാര്‍? യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞിട്ടു് പശ്ചാത്തപിക്കുന്ന പത്രോസ്‌ സഭയുടെ തലവനാവുന്നു, വിശുദ്ധനാവുന്നു! ക്രിസ്ത്യാനികളെ മുടങ്ങാതെ പീഡിപ്പിക്കാനും കൊല്ലാനും കൂട്ടുനില്‍ക്കുന്ന ശൗല്‍ എന്ന പൗലോസ്‌ വെളിപാടുവഴി മനസ്സുമാറ്റുമ്പോള്‍ സഭയുടെ അംഗീകാരം ലഭിച്ചു് വിശുദ്ധനും നായകനുമാവുന്നു! അങ്ങനെ എത്ര കഥകള്‍ വേണമെങ്കിലും പറയാനാവും. കൊല അതില്‍ത്തന്നെ കൊലക്കുറ്റമെങ്കില്‍ ആരാച്ചാരേയും ആരെങ്കിലും കൊല്ലണം! അവനെ മറ്റാരെങ്കിലും! അവനെ വീണ്ടും മറ്റാരെങ്കിലും….! പക്ഷേ, അതു് ആരും ചെയ്യാറില്ല. കാരണം അതു് സ്വാഭാവികമായും ‘അനീതി’ ആണു്. പക്ഷേ, ദൈവേഷ്ടം നടപ്പാവാന്‍ ‘കുറ്റം’ ചെയ്യുന്ന യൂദാസ്‌ എന്തുകൊണ്ടോ നമുക്കു് നീചനാണു്, ദുഷ്ടനാണു്. അവന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ അവനെ നമ്മള്‍ കൊല്ലാന്‍ പോലും മടിക്കില്ലായിരുന്നു!
ഒരു പ്രവൃത്തിയുടെ വിശുദ്ധിയുടെയും അശുദ്ധിയുടേയും മാനദണ്ഡം അതുകൊണ്ടു് നമുക്കു് ലഭിക്കുന്നതു് നേട്ടമോ കോട്ടമോ ആണോ എന്നതിന്റെ അടിസ്ഥാനത്തിലാണെന്നു് വരുമോ? അതിനെന്തിനു് കല്പനയും നീതിശാസ്ത്രങ്ങളും? ദൈവശാസ്ത്രവും, ലിഖിതനിയമങ്ങളും, പൗരോഹിത്യവും ഒന്നുമില്ലാത്ത കാട്ടിലും അതുതന്നെ അല്ലേ ‘നിയമം’? “നീ കൊല ചെയ്യരുതു്” എന്നതിനു് ആരെയും കൊല ചെയ്യരുതു് എന്നല്ലാതെ, ചിലരെയൊക്കെ കൊല്ലാമെന്നു് ഒരര്‍ത്ഥമുണ്ടോ? ഉണ്ടാവാന്‍ കഴിയുമോ?
ആരംഭകാലക്രിസ്തുമതത്തില്‍ യൂദാസിനെ സംബന്ധിച്ചു് മാത്രമല്ല, സഭയിലെ സ്ത്രീകളുടെ സ്ഥാനത്തെ സംബന്ധിച്ചും ഇന്നു് അംഗീകരിക്കപ്പെട്ടിരിക്കുന്ന ധാരണകളില്‍ നിന്നു് തികച്ചും വിരുദ്ധമായ നിലപാടുകള്‍ നിലനിന്നിരുന്നു. നഗ്‌-ഹമാദിയില്‍ നിന്നു് ലഭിച്ച തോമസിന്റെ സുവിശേഷത്തില്‍ ആരംഭകാലത്തു് സഭയില്‍ അപ്പോസ്തലരായിരുന്ന രണ്ടു് സ്ത്രീകളെപ്പറ്റി സൂചിപ്പിക്കുന്നുണ്ടു്.

വ്യത്യസ്ത സുവിശേഷങ്ങള്‍ രൂപമെടുത്തതിനെപ്പറ്റി, അംഗീകൃതസുവിശേഷങ്ങള്‍ ഒഴികെ മറ്റുള്ളവ നശിപ്പിക്കപ്പെട്ടതിനെപ്പറ്റി, സ്ത്രീകള്‍ സഭയിലെ അധികാരസ്ഥാനങ്ങളില്‍ നിന്നു് പുറന്തള്ളപ്പെട്ടതിനെപ്പറ്റി എല്ലാം അടുത്തതില്‍.

(തുടരും)

 
11 Comments

Posted by on Apr 5, 2008 in ലേഖനം

 

Tags: , ,

11 responses to “യൂദാസിന്റെ സുവിശേഷം – 2

  1. റോബി

    Apr 5, 2008 at 20:52

    യൂദാസിന്റെ സുവിശേഷവുമായി ഒത്തു പോകുന്നതായിര്‍ന്നു Last Temptation-ലെ യൂദാസിനെക്കുറിച്ചുള്ള വിവരണം.

    ക്രിസ്തുവിന്റെ ആവശ്യപ്രകാരമാണത്രെ അയാള്‍ ക്രിസ്തുവിനെ കാണിച്ചു കൊടുത്തത്..!

     
  2. ഗീതാഗീതികള്‍

    Apr 5, 2008 at 20:58

    ഈ ഭാഗം മാത്രമേ വായിച്ചുള്ളു. മുന്‍ ഭാഗങ്ങള്‍ ഇനി വായിക്കണം
    ഈ ചരിത്രമൊക്കെ അറിയാന്‍ വളരെ ഇഷ്ടമാണ്.

     
  3. യാരിദ്‌|~|Yarid

    Apr 5, 2008 at 21:13

    ഈയൊരു വിവരണം മുന്‍പൊരിടത്തു വായിച്ചിരുന്നു ബാബു മാഷെ.

    റോബി പറഞ്ഞതുപോലെ കാസന്റ്സാക്കിദിന്റെ ലാസ്റ്റ് ടെം‌പ്റ്റേഷനിലെ വിവരണം യൂദാസിനെ മറ്റൊരു തലത്തിലാണ്‍ കാണിക്കുന്നത്..

     
  4. സി. കെ. ബാബു

    Apr 6, 2008 at 09:54

    ഗീതാഗീതികള്‍,
    ഈ വഴി വന്നതിനു് വളരെ സന്തോഷം. കവിതകള്‍ ഞാന്‍ വായിക്കാറുണ്ടു്, കമന്റാറില്ലെങ്കിലും.

    റോബി, യാരിദ്,
    സുഹൃത്തുക്കളുമായുള്ള ചര്‍ച്ചകളില്‍ ചെറുപ്പത്തിലേ തന്നെ ഇതുസംബന്ധിച്ച വ്യത്യസ്ത കാഴ്ചപ്പാടുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ അടിച്ചോടിച്ച യേശുവിനു്, എത്രയോ അത്ഭുതങ്ങല്‍ കാണിച്ചിട്ടുള്ള യേശുവിനു് തന്റെ ശത്രുക്കളെ നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ആവാം ശുഭാപ്തിവിശ്വാസക്കാരനായ യൂദാസിനെ അതിനു് പ്രേരിപ്പിച്ചതു് എന്നതായിരുന്നു അതിലൊന്നു്. യേശുചരിതം കൃത്യമായി പുനരാവിഷ്കരിക്കുക എന്നതു് ഇന്നു് എന്തായാലും അസാദ്ധ്യമാണു്. എത്രയോ വ്യത്യസ്തമായ ഏറെ literature ഈ വിഷയത്തില്‍ അതിനുശേഷം എഴുതപ്പെട്ടു. അതിലെ നെല്ലും പതിരും തിരിക്കുക എന്നതു് എളുപ്പമല്ല. റോമിനെതിരായ ഒരു വിപ്ലവകാരി, വെറുമൊരു ഭ്രാന്തന്‍, ഒരു സാമൂഹിക പരിഷ്കര്‍ത്താവു്, ദൈവത്തിന്റെ പുത്രന്‍ അങ്ങനെ എത്രയോ. അനേകവര്‍ഷത്തെ ഗവേഷണഫലമായി രൂപമെടുത്ത Jesat Nassar എന്നൊരു ബൃഹത്തായ ഗ്രന്ഥത്തില്‍ നസറായനായ യേശു (Jesat Nassar) ഒരുപ്രഭുകുടുംബത്തില്‍ പിറന്നവനും വൈദ്യനും, അദ്ധ്യാപകനുമാണു്. യേശു ജീവിച്ചിരുന്ന പ്രദേശങ്ങളും സമൂഹവും ആ കാലഘട്ടത്തിന്റെ വെളിച്ചത്തില്‍ ഒരു നല്ല അളവുവരെ മനസ്സിലാക്കാന്‍ ആ ഗ്രന്ഥം വഴി സാധിക്കും. (അതിലെ വ്യക്തമായ ‘സാരതുസ്ത്രത്വം’ ഇഷ്ടമില്ലെങ്കില്‍ ഒഴിവാക്കണമെന്നേയുള്ളു.)

    അക്കാലത്തെ ലിഖിതങ്ങള്‍ കണ്ടുകിട്ടിയാല്‍, അവയെ സൂക്ഷ്മമായ പരിശോധനകള്‍ക്കു് വിധേയമാക്കാന്‍ ഇന്നു് കഴിയുമെന്നതിനാല്‍, വരികള്‍ക്കിടയിലൂടെ വായിച്ചു് ‘നമ്മുടേതായ സത്യം’ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ക്കു് ശാസ്ത്രീയതയുടെ ഒരു നിഷ്പക്ഷത ലഭിക്കുമെന്നതാണു് ഇന്നത്തെ മനുഷ്യരുടെ ഒരു വലിയ നേട്ടം. അതുവഴി കുറെ കഥകള്‍ കണ്ണുമടച്ചു് ഒഴിവാക്കാന്‍ പറ്റുമെന്നതിനാല്‍ സത്യം തേടിയുള്ള തിരച്ചില്‍ കുറച്ചുകൂടി എളുപ്പമായിത്തീര്‍ന്നു.

     
  5. രജീഷ് || നമ്പ്യാര്‍

    Apr 7, 2008 at 14:30

    ലേഖനം പതിവുപോലെ നന്ന്.
    യൂദാസ്സിന്റെ സുവിശേഷത്തിലെ വിശദവിവരങ്ങള്‍ കിട്ടുമോ ബാബു മാഷേ?

     
  6. സി. കെ. ബാബു

    Apr 7, 2008 at 17:22

    രജീഷ്,
    അതിന്റെ restoration മിക്കവാറും വര്‍ഷങ്ങള്‍ കൊണ്ടെ പൂര്‍ത്തിയാവൂ. പതിനാറു് വര്‍ഷങ്ങള്‍ കൊണ്ടു് അതു് മിക്കവാറും ദ്രവിച്ചിരുന്നു. എത്രത്തോളം വീണ്ടെടുക്കാനാവുമെന്നതുതന്നെ അറിയില്ല. സ്വിറ്റ്സര്‍ലണ്ടില്‍ ആയതുകൊണ്ടു് അവര്‍ പരമാവധി ശ്രമിക്കുമെന്നുതന്നെ കരുതണം. precision ആണല്ലോ അവരുടെ പ്രധാന ലക്ഷണം!
    അതു് പ്രസിദ്ധീകരിക്കരുതെന്നു് ആഗ്രഹിക്കുന്നവരും തീര്‍ച്ചയായും ഉണ്ടു്.

     
  7. rahman blogs

    Apr 7, 2008 at 22:51

    ശ്രീ മാനുവല്‍ ജോര്‍ജ് എഴുതിയ യൂദാസിന്റെ സുവിശേഷം എന്ന പുസ്തകതിലു എക്കാര്യമെല്ലാം ഉണ്‍ദു.

    http://indulekha.com/malayalambooks/2007/07/yudasinte-suvisesham.html

     
  8. rahman blogs

    Apr 7, 2008 at 22:51

    ശ്രീ മാനുവല്‍ ജോര്‍ജ് എഴുതിയ യൂദാസിന്റെ സുവിശേഷം എന്ന പുസ്തകതിലു എക്കാര്യമെല്ലാം ഉണ്‍ദു.

    http://indulekha.com/malayalambooks/2007/07/yudasinte-suvisesham.html

     
  9. സിദ്ധാര്‍ത്ഥന്‍

    Apr 8, 2008 at 21:26

    പരസ്യം പതിക്കുകയല്ല. ഇത്രയും വായിച്ചപ്പോള്‍ ഇങ്ങനെ ഒന്നു് ശ്രദ്ധയില്‍ പെടുത്താന്‍ തോന്നി.

     
  10. സി. കെ. ബാബു

    Apr 9, 2008 at 11:48

    rahman blogs, സിദ്ധാര്‍ത്ഥന്‍,

    വായിച്ചതിനും ലിങ്കിനും നന്ദി.

     
  11. കലാപന്‍..

    Apr 26, 2009 at 15:41

    സ്നെഹമുള്ള ശ്രി ബാബു ഞാന്‍ പോളി വറ്ഗീസ്
    താങ്കളുടെ മിക്കവാറും പൊസ്റ്റ് ഞാന്‍ വായിചു കഴിഞിരിക്കുന്നു കുറചു കാലമായി യൂദാസിനെ കുറിചു ഒരു നാടകം ചെയ്യനുള്ള പ്രവര്‍ത്തനതിലാണു എന്നു ക്കൂടി അറിയിക്കുന്നതില്‍ സന്തൊഷമുണ്ടു ഇവ്ടേ നിലവിലുള്ള് ഒരു യുദാസ് ഞാന്‍ ആഗ്രഹിക്കുന്നില്ല അതു കൊണ്ടു താങ്കളുടെ സഹായം എനികു തീര്‍തും ഉപകാരപ്രദമായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു സഹായിക്കുമല്ലൊ

     
 
%d bloggers like this: