കാതോരം എന്ന ബ്ലോഗില്‍ ഭൂമിപുത്രി എഴുതിയ പ്രതിഭാപ്പാട്ടിലിന്റെ ആകാശം എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണിവ. ഭൂമിപുത്രിയുടെ നിലപാടുകളോടു് യോജിക്കുന്നതുകൊണ്ടുതന്നെ ഇതൊരു വിയോജനക്കുറിപ്പല്ല.
ഒരു സ്ത്രീയായി ജനിച്ചു എന്നതു് ഭാരതത്തിലെ അത്യുന്നത പദവിയിലെത്തിച്ചേരാന്‍ ഒരു തടസ്സമാവുന്നില്ല എന്നതിനു് പ്രതിഭാ പട്ടീല്‍ തന്നെ തെളിവു്. ഒരു പാര്‍ട്ടിയുടെയോ സംസ്ഥാനത്തിന്റെയോ ശിരോസ്ഥാനം അലങ്കരിക്കാനും ‘സ്ത്രീ എന്ന തലവര’ ഭാരതത്തില്‍ നിര്‍ബന്ധമായും ഒരു വിലങ്ങുതടിയാവണമെന്നില്ല എന്നതും നമ്മള്‍ കാണുന്നുണ്ടു്. ജനങ്ങള്‍ക്കു് അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്നതിലും, സാമൂഹികപ്രശ്നങ്ങളെ സെക്യുലര്‍ നിലപാടില്‍ നിന്നുകൊണ്ടു് മനസ്സിലാക്കുന്നതിലും പരിഹരിക്കുന്നതിലും ആഫ്രിക്കയിലേയും, അറേബ്യയിലെയും, ചൈനയിലെയും, എന്തിനു്, യൂറോപ്പിലെ ചില രാജ്യങ്ങളില്‍ത്തന്നെയും നിലവിലിരിക്കുന്ന അവസ്ഥകളുടെ മുന്നില്‍ ലജ്ജിക്കേണ്ട ആവശ്യം ഭാരതത്തിനില്ല. അതുകൊണ്ടു് ഇവിടെ പാലും തേനും ഒഴുകുകയാണെന്നു് അര്‍ത്ഥവുമില്ല. ഏതെങ്കിലും തലങ്ങളില്‍ നിയമങ്ങളുടെ കുറവുണ്ടെങ്കില്‍ അതു് പരിഹരിക്കുക വളരെ എളുപ്പവുമാണു്.
എന്റെ അഭിപ്രായത്തില്‍, ഭാരതത്തില്‍ സ്ത്രീകള്‍ വിവേചിക്കപ്പെടുന്നതിന്റെ പ്രധാന കാരണം സാമ്പത്തികവും, സാംസ്കാരികവുമായ അവരുടെ പിന്നാക്കാവസ്ഥയും, അതില്‍ നിന്നുടലെടുക്കുന്ന പുരുഷനോടുള്ള ആശ്രിതത്വവുമാണു്. ചിലവിനു് തരുന്നവന്‍ എന്ന മേധാവിത്വമനോഭാവം പുരുഷന്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ അതു് നിശബ്ദം അംഗീകരിക്കേണ്ടിവരുന്നു. കുഞ്ഞുങ്ങളുടെ സാമൂഹികവും, മതപരവുമായ വളര്‍ത്തല്‍ പുരുഷനില്‍ ‘പാഷാ’ മനസ്ഥിതിയും, സ്ത്രീകളില്‍ സഹിക്കാനും കീഴ്പ്പെടാനുമുള്ള ബാദ്ധ്യതയും രൂപമെടുക്കത്തക്കവിധത്തിലാണുതാനും. ഈവിധം മക്കളെ വളര്‍ത്താന്‍ അധികം ഉത്സാഹിക്കുന്നതു് പലപ്പോഴും മാതാക്കള്‍ തന്നെയാണെന്നതാണു് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. മകന്‍ മരുമകളെ തല്ലി ആണത്തം കാണിക്കുന്നതു് കാണാനാണു് അധികം അമ്മമാരും ആഗ്രഹിക്കുന്നതു്. ഇതിനു് അപവാദങ്ങള്‍ ഇല്ലെന്നല്ല. വിദ്യാഭ്യാസമോ, സ്വന്തമായി ജോലിയോ ഇല്ലാത്ത സ്ത്രീകളാണു് കുടുംബജീവിതത്തില്‍ സ്ത്രീവിവേചനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവരില്‍ അധികപങ്കും. സ്ത്രീയെ ഒരു രണ്ടാംകിട ജന്മമായി കാണാതെ, തന്നെപ്പോലെതന്നെ എല്ലാവിധത്തിലും തുല്യമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായി കാണാനുള്ള സന്നദ്ധത കുഞ്ഞുന്നാളിലേ വളര്‍ത്തിയെടുക്കേണ്ട ഒന്നാണു്. (മനുഷ്യരുടെ ഏതു് നിലപാടും വളര്‍ത്തലിന്റെ ഫലമായതിനാല്‍, നിലപാടുകളെ സ്വാധീനിക്കാനും മനുഷ്യനു് കഴിയും. ഏതു് നിലപാടാണു് സമൂഹത്തിന്റെ പൊതുനന്മയ്ക്കു് അനുയോജ്യം എന്ന തിരിച്ചറിവാണു് അതിനു് ആവശ്യം. സ്ഥാപിതതാല്പര്യങ്ങള്‍ സംരക്ഷിക്കാനാഗ്രഹിക്കുന്ന സാമൂഹികഘടകങ്ങള്‍ ഈ വസ്തുത പണ്ടേ മനസ്സിലാക്കിയിട്ടുണ്ടു്. അതുകൊണ്ടാണല്ലോ അവര്‍ വെറുപ്പിന്റെ തത്വശാസ്ത്രങ്ങള്‍ സ്നേഹത്തിന്റെ ശര്‍ക്കരയില്‍ പൊതിഞ്ഞു് ബാലമനസ്സില്‍ തന്നെ വിതറാന്‍ തത്രപ്പെടുന്നതു്! ഇതിനെതിരേ ആരംഭത്തിലേ പ്രതികരിക്കാനും നിഷേധിക്കാനും കഴിയാതെ ഉറങ്ങിയ സമൂഹങ്ങള്‍ ഉണര്‍ന്നപ്പോള്‍ നേരിട്ടതു് എക്കാലവും അനിഷ്ടകരമായ ആകസ്മികതകളെ ആയിരുന്നു.)
പെണ്‍കുട്ടികള്‍ക്കു് ട്രെയിനില്‍ സൌജന്യയാത്രയും, ബസില്‍ സീറ്റ് റിസര്‍വേഷനും ഒക്കെ നല്ലതുതന്നെ. പക്ഷേ ഏതൊരു അന്യസ്ത്രീക്കും (പ്ലെയിനിലൊക്കെ എന്നപോലെ) ഒരു അന്യപുരുഷനോടൊപ്പം അടുത്തടുത്തിരുന്നു് ശല്യം ചെയ്യപ്പെടാതെ യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലേക്കാണു് സമൂഹം വളരേണ്ടതു്. മനുഷ്യരുടെ തലയില്‍ (പുരുഷന്റെയും സ്ത്രീയുടെയും!) മാറ്റങ്ങള്‍ വരാത്തിടത്തോളം സ്ത്രീകളുടെ സാമൂഹികാവസ്ഥയില്‍ കാര്യമായ എന്തെങ്കിലും വ്യത്യാസം വരുമെന്നു് കരുതുന്നതു് വിഡ്ഢിത്തമായിരിക്കും. തലയില്‍ മാറ്റം വരണം എന്നു് പറയാന്‍ വളരെ എളുപ്പമാണു്. വ്യക്തിജീവിതവും മതവിശ്വാസവും സാമൂഹികജീവിതവുമൊക്കെ തമ്മില്‍ തമ്മില്‍ വേര്‍പെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന സമൂഹങ്ങള്‍ ഒരു വ്യക്തിയെ കാണുന്നതു് തനതായ ഒരു വ്യക്തിത്വം എന്ന നിലയിലല്ല, സമൂഹം എന്ന പൊതുവിന്റെ ഒരു ഭാഗം മാത്രമായാണു്. സ്വന്തം ലോകത്തില്‍ ഭീമാകാരം എന്നു് വിളിക്കാവുന്ന ചിതല്‍പ്പുറ്റുകള്‍ പണിതുയര്‍ത്തുന്ന ചിതലുകളില്‍ ഏതെങ്കിലും ഒന്നിന്റെ ‘തലയില്‍’ ആ ചിതല്‍പ്പുറ്റുപദ്ധതിയുടെ ഒരു വിശദമായ പ്ലാന്‍ ഉണ്ടെന്നു് കരുതാനാവില്ല. എന്നിട്ടും ചിതല്‍സമൂഹം നിലനില്‍ക്കുന്നു, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം പുരോഗമിക്കുന്നു. പക്ഷേ നമുക്കു് ഇഷ്ടമായാലും ഇല്ലെങ്കിലും, മനുഷ്യസമൂഹം ആഹാരം പാര്‍പ്പിടം വംശവര്‍ദ്ധനവു് എന്ന ജീവജാലങ്ങളുടെ മൌലികമായ ആവശ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സങ്കീര്‍ണ്ണതയിലേക്കു് നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുകയാണു്. സമൂഹാംഗങ്ങളെ മാറ്റത്തിനു് ഒരുക്കിയെടുക്കാതെ, മാറിവരുന്ന സാമൂഹികസാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു സമൂഹത്തിനും കഴിയുകയില്ല. ഗ്ലോബലൈസേഷന്‍ മുതലായ കാര്യങ്ങള്‍ ചരിത്രത്തിന്റെ ഗതിയാണു്. അവിടെ മുഖം തിരിഞ്ഞു് നിന്നാല്‍ ആത്യന്തികമായി നമ്മള്‍ പരാജയപ്പെടുകയായിരിക്കും ചെയ്യുന്നതു്. അതുപോലുള്ള പ്രതിഭാസങ്ങളെ നമുക്കു് പ്രയോജനകരമായി നേരിടാനുതകുന്ന കരുത്തു് ജനങ്ങളില്‍ വളര്‍ത്തുകയാണു് ആവശ്യം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്കു് പൊങ്കാലമഹാമഹവും, അരവണവീരഗാഥയും, അഴിമതിചരിതം ആട്ടക്കഥയും മതിയോ? മതിയെങ്കില്‍ മതി. ആഘോഷങ്ങളും ആചാരങ്ങളും ഒക്കെ നല്ലതുതന്നെ. പ്രത്യേകിച്ചും ഒരു സമൂഹത്തിന്റെ ബൌദ്ധികബാല്യത്തില്‍. അവയെ ഇരിക്കേണ്ടിടത്തു് ഇരുത്താന്‍ പഠിക്കുകയാണു് വേണ്ടതു്. കഥ കേട്ടുറങ്ങുന്ന, മുലകുടിച്ചുറങ്ങുന്ന, കിട്ടിയില്ലെങ്കില്‍ കരയുന്ന ഒരു പ്രായം കുഞ്ഞുങ്ങള്‍ക്കു് മാത്രമല്ല, സമൂഹത്തിനുമുണ്ടു്. കുഞ്ഞിന്റെ മുലകുടി മാറ്റാന്‍ അമ്മമാര്‍ മുലക്കണ്ണില്‍ ചെന്നിനായകം തേയ്ക്കും എന്നു് കേട്ടിട്ടുണ്ടു്. ഭാരതമാതാവു് എന്നാണാവോ മുലക്കണ്ണില്‍ ചെന്നിനായകം തേച്ചു് വേണമെങ്കില്‍ തന്നെത്താന്‍ വാരിത്തിന്നാന്‍ ഈ മുലകുടിയന്മാരോടു് പറയുന്നതു്!?
സ്ത്രീധനം നല്‍കി വിവാഹം കഴിക്കാന്‍ എനിക്കു് മനസ്സില്ല എന്നു് ഒരു വിഭാഗം സ്ത്രീകള്‍ എങ്കിലും തുറന്നു് പറയുകയും, അതിനു് വാര്‍ത്താപ്രാധാന്യം ലഭിക്കുകയുമൊക്കെ ചെയ്താല്‍ സാവകാശമെങ്കിലുമുള്ള ഒരു വ്യതിയാനം മനുഷ്യരുടെ ചിന്തകളില്‍ ഉണ്ടാവാന്‍ അതു് സഹായിച്ചേനെ. വിപരീതചിന്തകള്‍ ആരംഭത്തില്‍ എതിര്‍പ്പുകളെ നേരിടേണ്ടിവരുന്നതു് ശാസ്ത്രത്തില്‍ പോലും ഒരു അപവാദമല്ല. ഉദാഹരണങ്ങള്‍ ധാരാളമാണു്. പക്ഷേ വികാരം വിചാരത്തെ എത്രയോ മടങ്ങു് അധികരിച്ചു് നില്‍ക്കുന്ന വിവാഹം പോലുള്ള സന്ദര്‍ഭങ്ങളില്‍ ആക്രാന്തമില്ലാത്തവന്‍ വരുമ്പോള്‍ മതി എന്നൊക്കെ പറയാന്‍ നല്ല പങ്കു് സ്ത്രീകള്‍ക്കും കഴിയുകയില്ല എന്നതാണു് വസ്തുത. (അഭിപ്രായം പറയുന്നവള്‍ തന്റേടി ആണല്ലോ ഭാരതീയനു്! തന്റേടമുള്ള ആണിനേയും പെണ്ണിനേയുമാണു്, മുട്ടുകുത്തി ഇഴയുന്ന മൂക്കിള ഒലിപ്പികളെ അല്ല സമൂഹത്തിന്റെ വളര്‍ച്ചക്കു് ആവശ്യം എന്നു് എന്നാണാവോ ഭാരതീയന്‍ മനസ്സിലാക്കുക? സമൂഹാംഗങ്ങളെ ഈവിധം നിര്‍വീര്യരും നിഷ്ക്രിയരുമാക്കുന്നതു് കഷ്ടമെന്നേ പറയാനുള്ളു!) ലക്ഷക്കണക്കിനു് സ്ത്രീകളെ സംബന്ധിച്ചു് നല്ലൊരു വസ്ത്രം ധരിക്കാന്‍ കഴിയുന്നതുപോലും വിവാഹസമയത്തു് മാത്രമാണു്. ജീവന്‍ അതിന്റെ എല്ലാ സൌന്ദര്യങ്ങളോടും കൂടി വിരിഞ്ഞു് വിലസുന്ന യൌവനത്തിന്റെ ദാഹങ്ങളെ തള്ളിപ്പറയുക എന്നതു് മനുഷ്യര്‍ക്കും അത്ര എളുപ്പമല്ല എന്നു് സാരം. മനുഷ്യനു് സാധിക്കാത്തതു് ദൈവത്തിനു് സാധിക്കുന്നു എന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളില്‍, ചില ദുര്‍ബ്ബലനിമിഷങ്ങളില്‍, വ്യക്തമായ തീരുമാനം എടുക്കാന്‍ വേണ്ട പ്രായമോ പക്വതയോ ഇല്ലാത്ത സാധുക്കള്‍ കരകയറാനാവാത്തവിധം വീണുപോവാറുണ്ടെങ്കിലും! ഇതൊന്നും പോരാത്തതിനു്, വൈകാരികതയെ അതിരും അന്തവുമില്ലാതെ, പച്ചയായ ജീവിതവുമായി യാതൊരു ബന്ധവുമില്ലാതെ, കൊഴുപ്പിച്ചും മെഴുപ്പിച്ചും കാണിച്ചു് മനുഷ്യരെ വെറും സ്വപ്നാടകരായി മാറ്റി പണം പിടുങ്ങുക എന്നതു് ലക്‍ഷ്യമാക്കിയിരിക്കുന്ന കുറേ ഇക്കിളിസിനിമകളും!
ഇതുപോലുള്ള വിഷയങ്ങളില്‍ ഒരു മൌലികമാറ്റത്തിനു് ഭാരതീയസമൂഹം വളര്‍ന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇല്ലെന്നാണെന്റെ അഭിപ്രായം. ബോധവല്‍ക്കരിക്കപ്പെടാത്ത ഒരു സമൂഹത്തില്‍ നിയമനിര്‍മ്മാണം വഴിയോ വിപ്ലവം വഴിയോ നടപ്പാക്കുന്ന നവീകരണങ്ങള്‍ക്കു് അല്പായുസ്സായിരിക്കും. ഇതിനും ചരിത്രം സാക്ഷി. ബോധവത്‍ക്കരിക്കപ്പെടേണ്ടവരെത്തന്നെ അതിനെതിരായി അണിനിരത്തുന്ന സാമൂഹികഘടകങ്ങള്‍ തിരിച്ചറിയപ്പെടണം. അവരുടെ മുഖം മൂടി അനാവരണം ചെയ്യപ്പെടണം. എഴുതപ്പെടുന്ന വാക്കുകള്‍ക്കു് അതു് ഏറ്റവും നന്നായി ചെയ്യാന്‍ കഴിയും. ഈ അര്‍ത്ഥത്തില്‍ ഭൂമിപുത്രിക്കു് എന്റെ അഭിനന്ദനങ്ങള്‍!
ഹരിത്
Feb 27, 2008 at 19:35
ബോധവല്‍ക്കരണമില്ലാതെ വിപ്ലവം ഉണ്ടാവില്ല.അങ്ങനെയല്ലെങ്കില്‍ ആ വിപ്ലവത്തെ റ്റെറൊറിസം എന്നാണു പറയേണ്ടത്.രാഷ്ട്രീയമായ സൊല്യൂഷന്‍സ് ഉണ്ടാകേണ്ടിടത്ത്, ജിമിക്കുകള്‍ കണ്ട് കണ്ണുമഞ്ഞളിക്കുന്നുണ്ട് ചിലര്‍ക്കെങ്കിലും
ഭൂമിപുത്രി
Feb 27, 2008 at 19:56
ഈ തുടര്‍ചിന്തയ്ക്ക് സന്തോഷം ബാബൂ.
ബൂലോകത്തില്‍ കറങ്ങിനടക്കുന്ന,അവിവാഹിതരായ ധാരാളം കുട്ടികളുണ്ടല്ലോ.അവരൊക്കെയിതു വായിയ്ക്കുമെന്നും ഒരു പുനര്‍ചിന്തയ്ക്ക് തയാറാകുമെന്നും
നമുക്കാഗ്രഹിയ്ക്കാം.
സൂരജ് :: suraj
Feb 27, 2008 at 21:20
ചിന്തകള്‍ക്ക് പത്തര മാറ്റ്. അഭിപ്രായവ്യത്യാസങ്ങളില്ലാത്തതിനാല്‍ മറ്റൊന്നും പറയാാനില്ല.
ഇത് കമന്റ് ട്രാക്കിംഗിന്.
ശ്രീവല്ലഭന്‍
Feb 28, 2008 at 00:36
ബാബു, നന്ദി- ഭൂമിപുത്രിയുടെ ലേഖനത്തിന്‍റെ ലിങ്കിന്.
താങ്കളുടെ എഴുത്തിനെപറ്റി നേരത്തെ അഭിപ്രായം പറഞ്ഞിരുന്നു. നല്ല ലേഖനം 🙂
സി. കെ. ബാബു
Feb 28, 2008 at 08:42
ഹരിത്,
സ്വന്തം പ്രശ്നങ്ങളുടെ കാരണഭൂതരാക്കുവാന്‍ ശത്രുചിത്രങ്ങള്‍ തേടുന്നവരുടെ ലോകത്തില്‍ വെറുപ്പിന്റെ സുവിശേഷഘോഷകര്‍ എപ്പോഴും സ്വാഗതം ചെയ്യപ്പെടും. ജര്‍മ്മന്‍ നാസികള്‍ക്കു് യഹൂദരെ ആവശ്യമായിരുന്നതുപോലെ.
ഭൂമിപുത്രി,
പുതിയ തലമുറയെ എത്ര നേരത്തെ മുന്‍വിധിയില്ലാതെ ചിന്തിക്കാന്‍ പഠിപ്പിക്കുന്നുവോ, അത്രയും നേരത്തെ ഭാരതം രക്ഷപെടും.
സൂരജ്,
നന്ദി.
ശ്രീവല്ലഭന്‍,
സ്വാഗതം.
കാവലാന്‍
Feb 28, 2008 at 10:16
“പുതിയ തലമുറയെ എത്ര നേരത്തെ മുന്‍വിധിയില്ലാതെ ചിന്തിക്കാന്‍ പഠിപ്പിക്കുന്നുവോ, അത്രയും നേരത്തെ ഭാരതം രക്ഷപെടും.”
ഇതിനു ചുവട്ടില്‍ ഞാനൊപ്പു വയ്ക്കുന്നു ബാബു മാഷെ.
ഭാരതചരിത്രത്തില്‍ എഴുതപ്പെട്ട എല്ലാ വൈകൃതങ്ങളുടേയും മൂലസ്ഥാനം വിദ്യാനിഷേധമായിരുന്നു.
വേദം ശ്രവിച്ച ശൂദ്രന്റെ കാതില്‍ ഈയമുരുക്കിയൊഴിച്ച,മാപ്ലയ്ക്കെവിട്യാ കല വര്വാ..ന്നു ചോദിയ്ക്കുന്ന, വിഡ്ഡീശ്വരന്മാരുടെയും,വിദ്യ പണത്തൂക്കത്തിനു വിലപേശി വില്‍ക്കുന്ന പൂച്ച സന്യാസികളുടേയും പറുദീസാവാഗ്ദാനങ്ങളില്‍ മയങ്ങി തിരിച്ചറിവ് നഷ്ടപ്പെടാതെ യുവതലമുറ വളരട്ടെ എന്നു പ്രതീക്ഷിയ്ക്കാം.
സി. കെ. ബാബു
Feb 28, 2008 at 13:32
കാവലാനെ,
പ്രതീക്ഷയില്‍ ഞാനും പങ്കുചേരുന്നു!
ഒരു “ദേശാഭിമാനി”
Feb 28, 2008 at 18:40
ഓരോ പോയന്റുകളും അര്‍ത്ഥവത്താണു.
സി. കെ. ബാബു
Feb 28, 2008 at 19:07
ഒരു ദേശാഭിമാനി,
വായിച്ചതിനു് നന്ദി.
എതിരന്‍ കതിരവന്‍
Feb 29, 2008 at 15:04
സ്ത്രീധനം നല്‍കി വിവാഹം കഴിക്കാന്‍ മനസ്സില്ല എന്നു സ്ത്രീകള്‍ പറഞ്ഞ് സ്ഥിതിഗതികള്‍ മാറ്റണമത്രെ! എന്താ ബാബൂ ഇത്? ആണുങ്ങള്‍ ഇതു പണ്ടേ പറയേണ്ടതല്ലെ?
ഒരു സിറ്റുവേഷന്‍ ഉണ്ടാക്കി വച്ചിട്ട് അതിനെ ചെറുക്കുന്ന പെണ്ണിനെ രക്തസാക്ഷിയാക്കി കൊട്ടീഗ്ഘോഷിക്കുക! നന്നായി!
“ആരാദ്യം പറയും” എന്നൊരു ചിന്താക്കുഴപ്പമുള്ള സംഗതിയൊന്നുമല്ലിത്. പക്ഷെ ആദ്യം പറഞ്ഞെങ്കില്‍ ഭ്രാന്താണെന്ന് പെണ്ണിന് പഴി. കൊച്ചുത്രേസ്യായുടെ അനുഭവം. അത്തരം ആണുങ്ങളാണ് കൂടുതല്‍. അവരുടെ തലയിയാണ് വെളിച്ചം കേറേണ്ടത്.
സി. കെ. ബാബു
Feb 29, 2008 at 17:57
എതിരന്‍ കതിരവന്‍,സ്ത്രീധനം നല്‍കാന്‍ മനസ്സില്ല എന്നു് സ്ത്രീകള്‍ പറയണമെന്ന വാചകം ഞാന്‍ ഭൂമിപുത്രിയോടു് കടമെടുത്തതാണു്. ആ നിര്‍ദ്ദേശം ഒരു ഓപ്ഷന്‍ എന്ന നിലയില്‍ പരാമര്‍ശിക്കുകയായിരുന്നു ഞാന്‍. ആണിന്റെയും പെണ്ണിന്റെയും തലയില്‍ വെളിച്ചം കയറണമെന്ന എന്റെ നിലപാടു് ഞാന്‍ മുകളിലേ സൂചിപ്പിച്ചിട്ടുമുണ്ടു്. സ്ത്രീധനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സാമൂഹികവും മാനുഷികവും ആയ മറ്റേതു് ബന്ധങ്ങളിലും ശാശ്വതമായ എന്തെങ്കിലും മാറ്റം വരുത്താന്‍ ഇത്തരത്തിലൊരു ബോധവല്‍ക്കരണം വഴിയേ സാധിക്കൂ എന്ന നിലപാടാണു് എന്റേതു്; എന്നും അങ്ങനെ ആയിരുന്നു താനും. പെണ്ണിനെ രക്തസാക്ഷി ആക്കുക എന്നൊരര്‍ത്ഥം എന്റെ ലേഖനത്തിനുണ്ടെങ്കില്‍ അതെഴുതാനെടുത്ത സമയം ഞാന്‍ നഷ്ടപ്പെടുത്തുകയായിരുന്നു എന്നു് എനിക്കെന്നെ കുറ്റപ്പെടുത്തേണ്ടിവരും. അതായിരുന്നില്ല തീര്‍ച്ചയായും എന്റെ ലക്‍ഷ്യം.
ഭൂമിപുത്രി
Feb 29, 2008 at 18:21
ഞാന്‍ workers forum എന്ന blogല്‍ ഇട്ട കമന്റ് ഈതാണ്ടിങ്ങനെ-
“ ഒരു ലിങ്ക്കൂടി- കൊച്ചുത്രേസ്യയുടെ ചോദ്യങ്ങള്‍
ഒരു പക്ഷെ,എന്റേതിനെക്കാളും ബാബുവിന്റേതിനേക്കാളും സാമൂഹ്യപ്രസക്തിയുണ്ട് ഈ ബ്ലോഗിനു-അവിവാഹിതയായ ഒരു മലയാളിപ്പെണ്‍കുട്ടിയെടുക്കുന്ന ശക്തമായ നിലപാടെന്നനിലയില്.അതുറക്കെപ്പറയാനുള്ള
ആത്മവിശ്വാസവും ധൈര്യവും ആക്കുട്ടിയ്ക്കുണ്ടായി എന്നതും ചെറിയകാര്യമല്ല”
കതിരവന്‍-ഗുണഭോക്താക്കള്‍ അതുവേണ്ടെന്നു പറയാനുള്ള സാദ്ധ്യത കാത്തിരിയ്ക്കുന്നതിനേക്കാള്‍
നടക്കുന്നകാര്യം മറുവശത്തുള്ളവര്‍ അതു കൊടുക്കാന്‍ വിസമ്മതിയ്ക്കുകയാണു.
പണ്ടേ ആണ്‍ങ്ങള്‍ സ്ത്രീധനം വേണ്ട എന്നു
പറയാത്തതുകൊണ്ട്,ഇന്നു സ്ത്രീകള്‍തന്നെ അതു തരാന്‍ പറ്റില്ല എന്നു പറയേണ്ടിവന്നിരിയ്ക്കുന്നു.
സി. കെ. ബാബു
Feb 29, 2008 at 19:16
എതിരവനെ,
കൊച്ചുത്രേസ്യയെ സൂചിപ്പിച്ചതുകൊണ്ടു് ഇതുകൂടി:
കൊച്ചുത്രേസ്യയുടെ ‘നയം വ്യക്തമാക്കുന്നു’ എന്ന പോസ്റ്റില്‍ ചില നല്ല ചിന്തകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതില്‍ ആരംഭത്തില്‍ ഞാന്‍ ഒരു കമന്റിട്ടിരുന്നു.[അന്നു് ബ്ലോഗില്‍ ഞാന്‍ ‘മുടിയനായ പുത്രന്‍’ ആയിരുന്നു. പിതാവിന്റെ ഭവനത്തില്‍ തിരിച്ചെത്തിയിട്ടില്ലായിരുന്നു എന്നു് സാരം. ;)] ആ പോസ്റ്റ് വീണ്ടും ജീവന്‍ വയ്ക്കുന്നപോലെ തോന്നുന്നു. താങ്കള്‍ കൊച്ചുത്രേസ്യയെ പരാമര്‍ശിച്ചതുകൊണ്ടു് ആ പോസ്റ്റില്‍ പോയി നോക്കിയതാണു്.
ഗൌരവതരമായി ആരംഭിക്കുന്ന പോസ്റ്റുകള്‍ പലതും ചര്‍ച്ചയുടെ ഗതിയില്‍ പലപ്പോഴും ആശയത്തില്‍ നിന്നു് വ്യതിചലിച്ചു് ‘അക്ഷരംകൊത്തികള്‍ക്കു്’ അച്ചൂടും മുച്ചൂടും കൊത്തിവലിക്കാനുള്ള വേദിയാവുന്നതു് കാണുന്നതിനാല്‍, ചര്‍ച്ചക്കു് വേണ്ടി മാത്രമുള്ള ചര്‍ച്ചകളായി മാറുമെന്നറിയാവുന്ന ബ്ലോഗ് ചര്‍ച്ചകള്‍ കഴിവതും ഉപേക്ഷിക്കുകയാണെന്റെ പതിവു്. അതിനു് വേണ്ടി ചിലവാക്കുന്ന സമയം നഷ്ടമാണെന്നൊരു തോന്നല്‍. അതുകൊണ്ടാണു് ഗൌരവതരമായ കാര്യങ്ങള്‍ സ്വന്തം ബ്ലോഗില്‍ ഒതുക്കുന്നതും.
സി. കെ. ബാബു
Feb 29, 2008 at 20:06
ഭൂമിപുത്രി,
കൊച്ചുത്രേസ്യ നല്ല എഴുത്തുകാരിയാണു്. എഴുതുന്നതു് കൂടുതലും ഹാസ്യമാണെന്നതിനാല്‍ ഇതും അക്കൂട്ടത്തില്‍ ഒന്നാണോ എന്നൊരു മുന്‍വിധി പോലും ആ പോസ്റ്റ് വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കുണ്ടായിരുന്നു. അവസാനം അതിലെ ആത്മാര്‍ത്ഥത മനസ്സിലായെങ്കിലും.
വര്‍ക്കേഴ്സ് ഫോറത്തിനു് കൊച്ചുത്രേസ്യയുടെ ലിങ്ക് കൊടുത്തതു് എന്തുകൊണ്ടും നന്നായി.