RSS

ആധുനിക കലണ്ടര്‍ വന്ന വഴി

23 Feb

ഇരുളും വെളിച്ചവുമായി കടന്നുപോയിക്കൊണ്ടിരിക്കുന്ന രാത്രികളും പകലുകളും, വേനലും മഴയും വസന്തവും ഇലപൊഴിയും കാലവുമായി വന്നുപോവുന്ന വര്‍ഷങ്ങളും മാത്രമല്ല, സൂര്യ-ചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളും എക്കാലവും മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പക്ഷേ ഇവയെ സമാഹരിച്ചു് കുറ്റമറ്റ നിയമത്തിന്‍ കീഴില്‍ ഒരു കലണ്ടര്‍ ആക്കുക എന്നതു് ആയിരക്കണക്കിനു് വര്‍ഷങ്ങളിലും ഒരു തലവേദനയായി അവശേഷിക്കുകയായിരുന്നു. ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, വര്‍ഷങ്ങളും തമ്മില്‍ത്തമ്മില്‍ പൊരുത്തക്കേടില്ലാതെ കൂട്ടിയിണക്കാനാവാത്ത അവസ്ഥ. ചന്ദ്രപക്ഷങ്ങളില്‍ അധിഷ്ഠിതമായി ഒരു കലണ്ടര്‍ ആദ്യമായി രൂപപ്പെടുത്തിയതു് ബാബിലോണിലെ സുമേറിയക്കാര്‍ ആണെന്നാണു് പണ്ഡിതമതം. ഒരു വര്‍ഷത്തെ പന്ത്രണ്ടു് മാസങ്ങളായി തിരിച്ചുകൊണ്ടുള്ളതായിരുന്നു ഈ കലണ്ടര്‍. ഈ ചന്ദ്രവര്‍ഷവും, കാലാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള വര്‍ഷവും തമ്മിലുള്ള വ്യത്യാസം പരിഹരിക്കാന്‍ അവര്‍ നാലു് വര്‍ഷത്തിലൊരിക്കല്‍ ഒരു പതിമൂന്നാം മാസം ഇതിനോടു് ചേര്‍ക്കുകയായിരുന്നു. പുരാതന ഈജിപ്റ്റുകാരും, ഗ്രീക്കുകാരും, സെമിറ്റിക്‌ രാജ്യങ്ങളും ഈ കലണ്ടര്‍ പകര്‍ത്തി. പിന്നീടു് ഈജിപ്റ്റുകാര്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഒരു കലണ്ടറിനു് രൂപം നല്‍കി.

പുരാതന റോമിലും ചന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ള കലണ്ടറായിരുന്നു. 355 ദിവസം ഒരു വര്‍ഷം, മാര്‍ച്ച്‌, മെയ്‌, ജുലൈ, ഒക്ടോബര്‍ ഇവ 31 ദിവസം, ഫെബ്രുവരി 28 ദിവസം, മറ്റു് മാസങ്ങള്‍ 29 ദിവസങ്ങള്‍ വീതം. നാലു് വര്‍ഷം കൂടുമ്പോള്‍ ഒരു പുതിയ മാസം കൂട്ടിച്ചേര്‍ക്കും. പ്രധാനപുരോഹിതന്റെ നിയന്ത്രണത്തിലായിരുന്നു ഈ കലണ്ടര്‍. അമാവാസി ദിവസം അദ്ദേഹം ആ മാസത്തെ പൂര്‍ണ്ണചന്ദ്രന്‍ എന്നാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ വിളംബരം ചെയ്യും. ഇവരുടെ പിടിപ്പുകേടു് മൂലം, ജൂലിയസ്‌ സീസറിന്റെ കാലമായപ്പോഴേക്കും, വേനല്‍ക്കാലമാസങ്ങള്‍ വസന്തകാലത്തിലേ വരാന്‍ തുടങ്ങി! ഇതിനു് പരിഹാരമായി B.C. 46-ല്‍ സീസര്‍ ‘ജൂലിയന്‍ കലണ്ടര്‍’ എന്നറിയപ്പെടുന്ന കലണ്ടര്‍ നടപ്പിലാക്കി. ഈജിപ്ഷ്യന്‍ കലണ്ടറിന്റെ അടിസ്ഥാനത്തില്‍, പഴയ കലണ്ടറില്‍ കൂടുതലുണ്ടായിരുന്ന പത്തു് ദിവസങ്ങള്‍, 29 ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന മാസങ്ങള്‍ക്കു് വീതിച്ചു് ഇന്നു് നമ്മള്‍ അറിയുന്ന രീതിയിലുള്ള പന്ത്രണ്ടു് മാസങ്ങളും, 365 ദിവസങ്ങളുമുള്ള ഒരു വര്‍ഷമാക്കി. ഓരോ നാലുവര്‍ഷവും ഫെബ്രുവരിയോടു് ഒരു ദിവസം കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു. Quintilis എന്നറിയപ്പെട്ടിരുന്ന മാസത്തിനു് ജൂലിയസ്‌ സീസറിനെ ബഹുമാനിക്കാനായി ജൂലൈ എന്ന പേരും നല്‍കി. അടുത്ത ചക്രവര്‍ത്തിയായിരുന്ന Augustus ആണു് Sextilis എന്ന മാസത്തിനു് August എന്നു് പേരു് നല്‍കിയതു്. (ജൂലിയസ്‌ സീസറിനെക്കാള്‍ ഒട്ടും മോശക്കാരനാവാതിരിക്കാന്‍ 30 ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന August-നെ അദ്ദേഹം 31 ദിവസങ്ങള്‍ ആക്കുകയായിരുന്നു എന്നൊരു കഥയുണ്ടു്!)

നൂറ്റാണ്ടുകള്‍ കൊഴിഞ്ഞുവീണതിനൊപ്പം, നാലു് വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസം ഫെബ്രുവരിയോടു് ചേര്‍ക്കുന്ന രീതിമൂലം, കലണ്ടര്‍ വര്‍ഷത്തിന്റെ നീളം കാലാവസ്ഥാടിസ്ഥാനത്തിലെ വര്‍ഷത്തേക്കാള്‍ കൂടിക്കൊണ്ടിരുന്നു. തന്മൂലം, വാര്‍ഷീകാഘോഷങ്ങള്‍ നേരത്തേ വരാന്‍ തുടങ്ങി. 1582-ല്‍ വസന്തകാലാരംഭം (vernal equinox) മാര്‍ച്‌ 21-നു് പകരം മാര്‍ച്ച്‌ 11-നായിരുന്നു! ഈ പ്രശ്നം പരിഹരിക്കാന്‍ മാര്‍പ്പാപ്പാ ഗ്രിഗറി പതിമൂന്നാമന്‍ 1582-ലെ ഒക്ടോബര്‍ മാസത്തില്‍നിന്നും പത്തു് ദിവസം ‘എഴുതിത്തള്ളി’, അഥവാ, ഒക്ടോബര്‍ 4-നു് ശേഷം അഞ്ചിനു് പകരം, പതിനഞ്ചാക്കി! ഓരോ നാനൂറു് വര്‍ഷങ്ങളിലും, മൂന്നു് പ്രാവശ്യം ഫെബ്രുവരിയെ നാലുവര്‍ഷത്തിലൊരിക്കല്‍ 29 ദിവസങ്ങള്‍ ആക്കുന്ന ഏര്‍പ്പാടു് ഒഴിവാക്കാനും നിര്‍ദ്ദേശിക്കപ്പെട്ടു. ഇതാണു് New Style (N.S.) അല്ലെങ്കില്‍ gregorian calendar എന്നപേരില്‍ നമ്മള്‍ ഇന്നുപയോഗിക്കുന്ന കലണ്ടര്‍.

ലോകം മുഴുവന്‍ ഈ കലണ്ടര്‍ ഒറ്റയടിക്കു് ഏറ്റെടുക്കുകയായിരുന്നില്ല. റോമന്‍ കത്തോലിക്കാരാജ്യങ്ങള്‍ ഇതംഗീകരിച്ചെങ്കിലും, കിഴക്കന്‍ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ Julian calendar അഥവാ, Old Style (O.S.) കലണ്ടര്‍ തുടര്‍ന്നും ഉപയോഗിച്ചുപോന്നു. ഇംഗ്ലണ്ടു് പതിനൊന്നു് ദിവസങ്ങള്‍ ഒഴിവാക്കി 1752-ല്‍ ഈ പുതിയ കലണ്ടര്‍ സ്വീകരിച്ചു. കിഴക്കന്‍ ഓര്‍ത്തഡോക്സ്‌ സഭകള്‍ പതിമൂന്നു് ദിവസങ്ങള്‍ നഷ്ടപ്പെടുത്തി 1923-ലും, ചൈന 1912-ലും മാത്രമാണു് ന്യൂ സ്റ്റൈല്‍ എന്ന ഇന്നത്തെ കലണ്ടര്‍ അംഗീകരിച്ചതു്. gregorian calendar വഴി നടപ്പായ മറ്റൊരു പരിഷ്കാരം ജനുവരി ഒന്നിനെ വര്‍ഷാരംഭമായി പൊതുവേ അംഗീകരിക്കപ്പെട്ടതാണു്. അതിനു് മുന്‍പു് പുതുവര്‍ഷാരംഭം ചിലര്‍ക്കു് ഡിസംബര്‍ 25, ചിലര്‍ക്കു് ജനുവരി ഒന്നു്, ഇംഗ്ലണ്ടില്‍ മാര്‍ച്ച്‌ 25 (1752- വരെ) ഒക്കെയായിരുന്നു.

കലണ്ടറിനും, കലണ്ടറിലെ ചില പ്രത്യേകദിനങ്ങള്‍ക്കുമൊക്കെ അസാധാരണത്വവും, ദൈവികത്വവും ഒക്കെ നല്‍കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്നു് മനസ്സിലാക്കാന്‍ ഇങ്ങനെയുള്ള ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞിരിക്കുന്നതു് നല്ലതാണെന്നു് തോന്നുന്നതുകൊണ്ടാണു് ഇതിവിടെ കുറിക്കുന്നതു്.

കലണ്ടര്‍ വര്‍ഷത്തില്‍നിന്നു് വിരുദ്ധമായി, ഒരു യഥാര്‍ത്ഥ വര്‍ഷമെന്നതു്, ഭൂമി അതിന്റെ ഭ്രമണപഥത്തില്‍ ഒരു പ്രത്യേക പോയിന്റില്‍ തിരിച്ചെത്താന്‍ എടുക്കുന്ന സമയമാണു്. ഈ റെഫറന്‍സ്‌ പോയിന്റ്‌ നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തിന്റെ ദൈര്‍ഘ്യത്തില്‍ വ്യത്യാസങ്ങള്‍ വരും. പൊതുവേ മൂന്നു് റെഫറന്‍സ്‌ പോയിന്റുകള്‍ അംഗീകരിക്കപ്പെടുന്നുണ്ടു്. സൂര്യനും ഭൂമിയും ഒരു പ്രത്യേക നക്ഷത്രവുമായി ചേര്‍ന്നുവരുന്ന ഒരു പോയിന്റിനെ അടിസ്ഥാനമാക്കുന്ന വര്‍ഷമാണു് sidereal year. (നക്ഷത്രം എന്നര്‍ത്ഥമുള്ള sidus എന്ന Latin പദത്തില്‍നിന്നും) ദൈര്‍ഘ്യം 365 ദിവസം, 6 മണിക്കൂര്‍, 9 മിനിട്ട്‌ 9,5 സെക്കന്റ്‌.

സൂര്യനില്‍ നിന്നുള്ള ഒരു രേഖയുമായി ഭൂമിയുടെ അച്ചുതണ്ടു് 90 ഡിഗ്രിയില്‍ (ലംബം) ആവുന്നതു് (ഇതു് വര്‍ഷത്തില്‍ രണ്ടു് പ്രാവശ്യം സംഭവിക്കുന്നു) റെഫറന്‍സ്‌ പോയിന്റ്‌ ആക്കുന്നതാണു് tropical year. ദൈര്‍ഘ്യം 365 ദിവസം, 5 മണിക്കൂര്‍, 48 മിനിട്ട്‌ 46 സെക്കന്റ്‌. അച്ചുതണ്ടിനെ ആധാരമാക്കുന്നതിനാല്‍, കാലങ്ങളുടെ അടിസ്ഥാനത്തിലെ വര്‍ഷം tropical year-നു് തുല്യമാണു്.

മൂന്നാമത്തെ റെഫറന്‍സ്‌ പോയിന്റ്‌ ഭ്രമണപഥത്തില്‍ ഭൂമി സൂര്യനോടു് ഏറ്റവും അടുത്തുവരുന്ന perihelion ആണു്. ഈ പോയിന്റ്‌ പക്ഷേ ഭൂമി ചലിക്കുന്ന ദിശയില്‍ സാവധാനം നീങ്ങുന്നതിനാല്‍, anomalistic year എന്നറിയപ്പെടുന്ന ഈ വര്‍ഷമാണു് ദൈര്‍ഘ്യമേറിയതു്. (365 ദിവസം, 6 മണിക്കൂര്‍, 13 മിനിട്ട്‌ 53 സെക്കന്റ്‌.)

 

Tags: , , ,

6 responses to “ആധുനിക കലണ്ടര്‍ വന്ന വഴി

  1. വഴി പോക്കന്‍..

    Feb 24, 2008 at 08:50

    ബാബു മാഷെ കലണ്ടറിനെക്കുറീച്ചുള്ള വിവരണം രസിച്ചു. വന്നുവന്നു ഇപ്പോ ഏതു ദിവസമാണെന്നു കൂടി അറിയാന്‍ പാടില്ലാത്ത അവസ്ഥ. എന്നു വെച്ചാ ഇപ്പൊ വലിയ ബോധമൊന്നുമില്ലാതെ നടക്കുന്നു എന്നു സാരം..:(

     
  2. ചതുര്‍മാനങ്ങള്‍

    Feb 24, 2008 at 11:23

    മികച്ച പോസ്റ്റ്..അഭിനന്ദനങ്ങള്‍!

    ഒരു സംശയം കൂടി, ജനുവരി 1 എങ്ങിനെ വര്‍ഷത്തിലെ ആദ്യ ദിവസമായി തിരഞ്ഞെടുക്കപ്പെട്ടു?

     
  3. സി. കെ. ബാബു

    Feb 24, 2008 at 14:32

    വഴിപോക്കന്‍,

    വായിച്ചതിനു് നന്ദി. ‘നല്ല നാളെ’ എന്നല്ലേ? ‘നല്ല ഇന്നു്’ എന്നല്ലല്ലോ. കാത്തിരിക്കൂ. എല്ലാം നാളെ നേരെയാവും! 🙂

    ചതുര്‍മാനങ്ങള്‍,

    ആദ്യകാലത്തു് റോമന്‍ കലണ്ടര്‍ പത്തു് മാസവും, മാര്‍ച്ച് ഒന്നു് നവവത്സരാരംഭവുമായിരുന്നല്ലോ.
    Numa Pompilius തന്റെ ഭരണകാലത്തു് (B.C.715-673) വര്‍ഷത്തിന്റെ ആദ്യം ജനുവരിയും, അവസാനം ഫെബ്രുവരിയും കൂട്ടിച്ചേര്‍ത്തു.(പിന്നീടു്, B.C. 452-ല്‍, ഫെബ്രുവരി ജനുവരിയുടെയും മാര്‍ച്ചിന്റെയും ഇടയില്‍ തിരുകപ്പെട്ടു.) അതാവാം അതിനു് കാരണം.

     
  4. ശ്രീവല്ലഭന്‍

    Feb 25, 2008 at 18:19

    നല്ല ലേഖനം. കുറച്ചു വിവരം വച്ചെന്ന് തോന്നുന്നു.

     
  5. സി. കെ. ബാബു

    Feb 26, 2008 at 09:44

    ശ്രീവല്ലഭന്‍,

    നന്ദി.

     
  6. Viswakumar

    Nov 18, 2008 at 07:31

    Sir,

    Nice and educative article.

    Needs more explanation on how september the 7th month,october the 8th month and november the 9th month in old roman calender became 9th month,10th month and
    11th month respectively in new calender.

    Also how leap year is calculated?The year 1700,1800 and 1900 were not a leap years but the year 2000 was a leap year . I think it is based on divde by 400 rule

    Expecting more such articles

     
 
%d bloggers like this: