RSS

താരാപഥത്തിനു് ഒരു മറുപടി

26 Jan

താരാപഥത്തിന്റെ കമന്റ്‌:

വായിക്കുന്നുണ്ട്‌. ചില കാര്യങ്ങള്‍ യോജിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു. അത്‌ താങ്കളുടെ കാഴ്ചപ്പാട്‌ എനിക്ക്‌ ഇല്ലാത്തതുകൊണ്ടാവാം.
(1) കാര്യകാരണങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍, അതിനെ ഒരു നിയമവും ഭരിക്കുന്നില്ല എന്നു പറയുന്നുണ്ട്‌. പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു വസ്തു ഒരേ സമയം കാരണവുമാണ്‌, കാര്യവുമാണ്‌. അതുകൊണ്ട്‌ മാറ്റിനിര്‍ത്തുന്നത്‌ യുക്തിയല്ല എന്നു തോന്നുന്നു.
(2) മനുഷ്യരുടെ പെരുമാറ്റരീതികളുടെ അടിസ്ഥാനം ജനനം മുതല്‍ തലച്ചോറിലെത്തുന്ന ഓര്‍മ്മസമ്പത്താണ്‌ എന്ന് പറയുന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല. ഒരേ തരത്തിലുള്ള കാര്യങ്ങള്‍ കേട്ടും കണ്ടും പഠിച്ചും വളരാന്‍ മാത്രം അനുവദിച്ചിട്ടുള്ള കുട്ടികളില്‍ നിന്ന് ഒരേതരത്തിലുള്ള പെരുമാറ്റവും എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതില്‍ ഒരേ തീരുമാനവും പ്രതീക്ഷിക്കാമോ. ചില കാര്യങ്ങള്‍ കണ്ടീഷ്യന്‍ ചെയ്തെടുക്കാം എന്നല്ലാതെ.
(3) ദൈവത്തിന്‌ മരണം ഒഴിവാക്കാന്‍ കഴ്യാതെവരുമ്പോള്‍ വിശ്വാസി നിരീശ്വരവാദിയാകും എന്നു പറയുന്നതിനോടും യോചിക്കാന്‍ കഴിയുന്നില്ല. ജനനവും മരണവും അനിവാര്യമായതാണ്‌ എന്ന് പഠിപ്പിക്കുന്ന ദര്‍ശ്ശനങ്ങള്‍ നിരവധിയുണ്ടല്ലോ ഭാരതത്തില്‍. അതിനോടെല്ലാം നിഷേധാത്മകമായ നിലപാടാണെങ്കില്‍ എല്ലാ വാദവും പിന്നാലെ വന്നുകൊള്ളും. ( ഭ.ഗീ. 2-22 ഉം, 2-27 ഉം ശ്ലോകം താങ്കള്‍ക്കും അറിയാമെന്നു തോന്നുന്നു.)

മറുപടി:

(1) കാര്യവും കാരണവുമെല്ലാം ഒരു സുപ്രഭാതത്തില്‍ ലോകത്തില്‍ രൂപമെടുത്ത ആശയങ്ങളല്ല. “സ്വയം ചലിക്കാതെ ചലിപ്പിക്കുന്നവന്‍” എന്ന ചിന്ത അരിസ്റ്റോട്ടിലിന്റേതായിരുന്നു. അവിടെനിന്നും, “അചഞ്ചലനായ ദൈവം, നിമിത്തങ്ങള്‍ക്കു് നിമിത്തമാവാന്‍ സ്വയം നിമിത്തം ആവശ്യമില്ലാത്ത ഒരു ആദ്യനിമിത്തം” മുതലായ ദൈവാസ്തിത്വത്തിന്റെ അഞ്ചു് തെളിവുകളിലെത്തിച്ചേരാന്‍ തോമാസ്‌ അക്വീനാസിനു് കഴിഞ്ഞതു് ഏകദേശം 1750 വര്‍ഷങ്ങള്‍ക്കു് ശേഷമാണു്. പക്ഷേ, കത്തോലിക്കാസഭ അക്വീനാസിന്റെ തത്വങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതു് അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു് ശേഷം മാത്രം. ‘അക്വീനാസിന്റെ അഞ്ചു് അന്തഃകരണങ്ങള്‍’ എന്ന എന്റെ ഒരു പഴയ പോസ്റ്റില്‍ ഇതു് കുറച്ചുകൂടി വിശദമായി ഞാന്‍ വിവരിച്ചിട്ടുണ്ടു്. ദൈവികമെന്നും പൂര്‍ണ്ണമെന്നും മതങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ചരിത്രത്തില്‍ എത്രയോ പ്രാവശ്യം മനുഷ്യബുദ്ധിക്കു് വേണ്ടി തിരുത്തപ്പെടേണ്ടിവന്നു. ദൈവവചനങ്ങള്‍ കാലാകാലങ്ങളില്‍, മനുഷ്യബുദ്ധിയുടെ വളര്‍ച്ചക്കനുസരിച്ചു് ഗത്യന്തരമില്ലാതെ മതാധികാരികള്‍ക്കു് തിരുത്തേണ്ടി വരുന്നു എന്നതു്, തിരുത്താന്‍ കഴിയുന്നു എന്നതു്, ദൈവത്തിനുമേലുള്ള മനുഷ്യരുടെ നിയന്ത്രണാധികാരത്തിന്റെ തെളിവല്ലാതെ മറ്റെന്താണു്? താരാപഥം സൂചിപ്പിച്ചതുപോലെ, പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു വസ്തു, (അല്ലെങ്കില്‍ സ്വയം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചം), ഒരേസമയം കാരണവും കാര്യവുമാവുമ്പോള്‍ ആ വസ്തുവിന്റേതു് ഏതെങ്കിലും അര്‍ത്ഥത്തിലുള്ള ബാഹ്യസ്വാധീനത്തില്‍നിന്നും സ്വതന്ത്രമായ ഒരു അവസ്ഥയാണു്. അവിടെ ഒരു ദൈവമെവിടെ? എന്തിനു്? അവിടെ ദേവാലയങ്ങള്‍ക്കു് എന്തര്‍ത്ഥം? പ്രാര്‍ത്ഥനയും ഉപവാസവുമെല്ലാം അവിടെ സ്വന്തം വിധിയുടെ അനിശ്ചിതത്വത്തില്‍നിന്നും മോചനം നേടാനുള്ള തികച്ചും മനഃശാസ്ത്രപരമായ പരിശ്രമങ്ങള്‍ മാത്രമല്ലേ? മനുഷ്യരുടെ ഈ ബലഹീനത ഒരു ബിസിനസ്‌ ആശയമായി മാറുന്നതല്ലേ മതങ്ങളും, ദേവാലയങ്ങളും? ബുദ്ധന്റെ പ്രതിമ തീര്‍ത്തു് സ്വര്‍ണ്ണം പൂശി ക്ഷേത്രം പണിതു് അതില്‍ കുടിയിരുത്തുന്നതു് ബുദ്ധനോ, അതോ ബുദ്ധമതവിശ്വാസികളോ? ലോകത്തിലെ തിന്മയുടെ കാരണവും പരിഹാരവും തേടിയ ബുദ്ധന്‍ അതുപോലൊരവസ്ഥ സ്വപ്നം പോലും കണ്ടിരിക്കാന്‍ ഇടയില്ല. ഗണിതശാസ്ത്രം എന്തെന്നറിയാത്ത ഒരാള്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടു്  വെക്ടര്‍ അള്‍ജിബ്ര മനസ്സിലാക്കാനാവുമോ? ചെലവാകുമെന്നുണ്ടെങ്കില്‍ അതുപോലുള്ളതോ, അതില്‍ കൂടുതലോ ഒക്കെ ‘ദൈവത്തിനു് എല്ലാം സാദ്ധ്യം’ എന്ന ലേബലില്‍ ചെലവാക്കാന്‍ മടിക്കാത്തവരല്ലേ അധികപങ്കു് ദൈവത്തിന്റെ വക്കീലന്മാരും? ജന്മവൈകല്യങ്ങള്‍ വരെ ദൈവികമാക്കി വിറ്റു് കാശാക്കാന്‍ മടിക്കാത്ത മനുഷ്യരുടെ നാട്ടിലല്ലേ നമ്മള്‍ ജീവിക്കുന്നതു്?

(2) ‘ഒരേതരത്തിലുള്ള കാര്യങ്ങള്‍’ കണ്ടും കേട്ടും പഠിച്ചും കുട്ടികളെ വളരാന്‍ അനുവദിക്കുക എന്നതു് ഒരുതരം Utopia എന്നേ പറയാനാവൂ.ന്യൂറോ സയന്‍സ് വെളിപ്പെടുത്തുന്ന തലച്ചോറിന്റെ സങ്കീര്‍ണ്ണത ഇതിനു് തെളിവാണു്. ഒരു മനുഷ്യന്റെ സ്വഭാവരൂപീകരണം എന്നതു് ഒരു പരിധിവരെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാണു്. അതിന്റെ ഭീമമായ പങ്കും സംഭവിക്കുന്നതു് ബാല്യകാലത്തിലാണു് എന്നതിനാല്‍, പില്‍ക്കാലജീവിതത്തില്‍ അതിനുള്ള പങ്കും അതിനനുസരി‍ച്ചു് ഏറിയിരിക്കും. കുറ്റവാളികളില്‍ പലരേയും മാനസിക ചികിത്സ വഴി സാമൂഹികജീവിതത്തിലേക്കു് തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നുണ്ടെന്നതു് ഇതിനു് തെളിവാണു്. ഒന്നിനുമേല്‍ ഒന്നെന്ന രീതിയില്‍ നെയ്തെടുക്കുന്ന പതിനായിരക്കണക്കിനു് അനുഭവപാഠങ്ങളുടെ ലോകം ഒരുപോലെ വളര്‍ത്തിയെടുക്കാവുന്നതല്ല. അതുകൊണ്ടുതന്നെ, ഒരേ കാഴ്ച കാണുന്നവര്‍ അതു് ഒരേ രീതിയില്‍ മനസ്സിലാക്കിക്കൊള്ളണമെന്നുമില്ല. കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നെങ്കില്‍ ഐന്‍സ്റ്റൈനെ ക്ലോണ്‍ ചെയ്തു് ഇഷ്ടം പോലെ ഐന്‍സ്റ്റെനുകളെ ഉണ്ടാക്കാമായിരുന്നല്ലോ! കുഞ്ഞുങ്ങളുടെ വളര്‍ത്തല്‍ എത്ര ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട കാര്യമാണെന്നതിലേക്കാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.

(3) മരണം പോലുള്ള അനുഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയാതെ വരുമ്പോള്‍ നിരീശ്വരവാദികള്‍ ദൈവവിശ്വാസികളാവുന്നതും, വിശ്വാസികള്‍ നിരീശ്വരവാദികളാവുന്നതും അനുഭവങ്ങളുടെ തീവ്രത മനുഷ്യരുടെ ജീവിതത്തില്‍ മൗലികമായ മാറ്റങ്ങള്‍ക്കു് നിദാനമാവാം എന്നതിനു് ഉദാഹരണമായി സൂചിപ്പിച്ചതാണു്. അല്ലാതെ, എപ്പോഴും അങ്ങനെ സംഭവിക്കും എന്ന അര്‍ത്ഥത്തിലല്ല. പാമ്പുവിഷബാധയേറ്റു് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന, നിരീശ്വരവാദിയായിരുന്ന എന്റെ ഒരു സഹപാഠി അവന്റെ വാപ്പയും ഉമ്മയും നിറുത്താതെ കെഞ്ചിയിട്ടും, മരണസമയത്തുപോലും തന്റെ നിരീശ്വര നിലപാടില്‍നിന്നും വ്യതിചലിക്കാന്‍ തയ്യാറാവാതിരുന്ന ഒരനുഭവം എനിക്കു് നേരിട്ടു് ഉണ്ടായിട്ടുണ്ടു്. അതുപോലെതന്നെ, “ദൈവേഷ്ടം അങ്ങനെയെങ്കില്‍ അങ്ങനെയാവട്ടെ” എന്നു് സ്വയം ആശ്വസിപ്പിച്ചു് കഷ്ടകാലത്തിലും ദൈവവിശ്വാസത്തില്‍ മുറുകെപ്പിടിക്കുന്നവരും തീര്‍ച്ചയായും ഉണ്ടു്. ഇവയൊക്കെ, എത്ര സങ്കീര്‍ണ്ണമാണു് മനുഷ്യമനസ്സു് എന്നതിന്റെ തെളിവുകളാണു് നമുക്കു് നല്‍കുന്നതു്.

ഭഗവദ്‌ ഗീതയിലെ രണ്ടു് ശ്ലോകങ്ങളെപറ്റി. ഒന്നാമത്തെ ശ്ലോകം: (2-22):
‘ഒരു മനുഷ്യന്‍ പഴയ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നപോലെ, പഴകി ഉപയോഗശൂന്യമായ ശരീരത്തെ ഉപേക്ഷിച്ചു് ആത്മാവു് പുതിയ ശരീരം സ്വീകരിക്കുന്നു.’

രണ്ടു് കാരണങ്ങള്‍ കൊണ്ടു് ഈ ശ്ലോകം അംഗീകരിക്കാന്‍ എനിക്കു് ബുദ്ധിമുട്ടുണ്ടു്. ഒന്നു്, പുനര്‍ജ്ജന്മം എന്ന ആഴമേറിയ ഒരു വിഷയത്തെ വെറുമൊരു വസ്ത്രം മാറല്‍ പോലെ ലഘുതരമായ ഒരു ഉപമകൊണ്ടു് സ്ഥാപിക്കാന്‍ ശ്രമിച്ചതു്. സാമാന്യജനങ്ങള്‍ക്കു് മനസ്സിലാവുക എന്നതാണു് അതുകൊണ്ടു് ലക്‍ഷ്യമാക്കിയതു് എന്ന വാദമുഖം ബലഹീനമാണു്. കാരണം, ഗീതയെ വ്യാഖ്യാനിക്കേണ്ടവര്‍, പൊരുള്‍ തിരിക്കേണ്ടവര്‍ അതിനായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണെന്നതുതന്നെ. രണ്ടാമത്തെ കാരണം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണു്. ആത്മാവു് എന്ന മനുഷ്യനിര്‍മ്മിതവാക്കിനു് അക്കാലത്തെ അര്‍ത്ഥം നല്‍കുവാന്‍ ഇന്നത്തെ അറിവിന്റെ നിലയിലുള്ള ബുദ്ധിമുട്ടാണതു്. ആത്മാവു് എന്നതു് മരണസമയത്തു് ശരീരത്തെ ഉപേക്ഷിക്കാവുന്ന, ഭൗതികശരീരത്തില്‍ നിന്നും വേര്‍പെട്ടു് നിലനില്‍പുള്ള എന്തോ ഒന്നു് ആവാന്‍ കഴിയില്ല. രോഗമോ, അപകടങ്ങളോ വഴി മനുഷ്യനു് ഓര്‍മ്മശക്തി നഷ്ടപ്പെടാം, താന്‍ ആരാണെന്ന ബോധം ഇല്ലാതാവാം, വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവു് ഇല്ലാതാവാം. പക്ഷേ മറ്റു് കഴിവുകള്‍ ഉണ്ടായിരിക്കുകയും ചെയ്യാം. അതായതു്, അതുവഴി മനുഷ്യന്‍ മരിക്കുന്നില്ല, അവന്‍ അവനല്ലാതാവുന്നുമില്ല. കയ്യോ കാലോ മുറിച്ചുമാറ്റപ്പെട്ട ഒരു ശരീരം ഒരു അപൂര്‍ണ്ണമനുഷ്യശരീരമാണു്. എങ്കില്‍, ശാരീരികാവയവങ്ങള്‍ എല്ലാം ഉണ്ടെങ്കിലും, ‘ആത്മാവിന്റേതായ’ ചില കഴിവുകള്‍ ഇല്ലാതാവുമ്പോള്‍ ആത്മാവു് ‘അപൂര്‍ണ്ണ ആത്മാവു്’ ആവേണ്ടതല്ലേ? ആത്മാവും ജീവിതവും എന്ന ഒരു പോസ്റ്റില്‍ ഞാന്‍ ഈ വിഷയം കുറച്ചുകൂടി വിശദമായി സൂചിപ്പിച്ചിരുന്നു.

രണ്ടാമത്തെ ശ്ലോകം: (2-27‍):
‘ജനിച്ചവനു് മരണം നിശ്ചയം, മരിച്ചവനു് ജനനം നിശ്ചയം. അതിനാല്‍, ഒഴിവാക്കാനാവാത്ത കാര്യങ്ങളെപ്പറ്റി നീ പരാതിപ്പെടരുതു്.’

ജനിച്ചവനു് മരണം നിശ്ചയം എന്നതു് ഇന്നത്തെ അറിവില്‍ ശരിതന്നെ. പക്ഷേ, ആയിരം വര്‍ഷങ്ങള്‍ക്കു് ശേഷവും അങ്ങനെതന്നെ ആയിരിക്കും എന്നു് തീര്‍ത്തു് പറയാന്‍ കഴിയുമോ? മരിച്ചവനു് ജനനം നിശ്ചയം ആണോ എന്നറിയില്ല എന്നു് പറയാനേ എനിക്കു് കഴിയൂ. ഒഴിവാക്കാനാവാത്ത കാര്യങ്ങളെപ്പറ്റി നീ പരാതിപ്പെടരുതു് എന്നതു്, അവ വിധിവിഹിതമോ, അതോ ചിലര്‍ മറ്റുചിലരില്‍ മനഃപൂര്‍വ്വം അടിച്ചേല്‍പ്പിച്ചതോ എന്നതില്‍ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നു് തോന്നുന്നു.

വിധിവൈപരീത്യം മൂലം സംഭവിക്കുന്ന (ഉദാ: വേണ്ടപ്പെട്ടവരുടെ മരണവും മറ്റും) ഒഴിവാക്കാനാവാത്ത കാര്യങ്ങളെ സഹിക്കാന്‍ തയ്യാറാവുക എന്നൊരു ഉപദേശം ‘How to Stop Worrying and Start Living’ എന്ന പുസ്തകത്തില്‍ Dale Carnegie നല്‍കുന്നുണ്ടു്.

അഭൗതിക വൈജ്ഞാനികശാഖകളിലെ പ്രതിഭാസങ്ങളും നിയമങ്ങളും ഇന്നത്തെ ഭൗതികശാസ്ത്രത്തിലെ പ്രതിഭാസങ്ങളുടെയും നിയമങ്ങളുടെയും ചട്ടക്കൂടുകളില്‍ ഒതുക്കി വിശദീകരിക്കാനാവണമെന്നതു് ഒരു ശാസ്ത്രീയമായ നിലപാടല്ല. അങ്ങനെ ആയിരിക്കണമെന്നതു് ഒരു മിഥോളജിക്കല്‍ നിലപാടാണു്. അങ്ങനെ ഒരു വിശദീകരണം സാദ്ധ്യമാവില്ല എന്നു് മനസ്സിലാക്കാന്‍ സാമാന്യബോധം മതി താനും. സാങ്കല്‍പികലോകം പ്രായോഗികലോകത്തിലേക്കു് ലഘൂകരിക്കപ്പെടാവുന്നതല്ല. പുരാണം ശാസ്ത്രമല്ല, സാങ്കല്‍പികമാണു്, ഭാവനാസൃഷ്ടിയാണു്. അവിടെ സൂര്യനെ പാമ്പിനു് വിഴുങ്ങാനാവും. അവിടെ യോനാപ്രവാചകനു് മൂന്നുരാവും മൂന്നുപകലും ഒരു മത്സ്യത്തിന്റെ വയറ്റില്‍ ശ്വാസോച്ഛ്വാസം പോലും ചെയ്യാതെ ജീവിക്കാനും, മൂന്നാം ദിവസം മത്സ്യം ഛര്‍ദ്ദിക്കുമ്പോള്‍ ‘മണിമണിയായി’ യാതൊരു പരിക്കുമില്ലാതെ പുറത്തുവരാനും സാധിക്കും. ചോദ്യം ചെയ്യാന്‍ ആരുമില്ലാതിരുന്ന കാലങ്ങളില്‍ ഇവ അക്ഷരം പ്രതി ശരിയാണെന്നു് പഠിപ്പിക്കപ്പെട്ടിരുന്നു. പിന്നീടു്, സംശയാലുക്കള്‍ ഉണ്ടായപ്പോള്‍ അവ പ്രതീകാത്മകമോ, സാദാ ജനങ്ങള്‍ക്കു് മനസ്സിലാവാത്ത രഹസ്യങ്ങളോ ഒക്കെയായി വിവക്ഷിക്കപ്പെട്ടു. ഈദൃശ കെട്ടുകഥകള്‍ക്കു് ശാസ്ത്രീയമായ വിശദീകരണം നല്‍കാനുള്ള കഴിവോ, ബാദ്ധ്യതയോ ശാസ്ത്രത്തിനില്ല. ബുദ്ധിയുടെയും, യുക്തിയുടെയും അടിസ്ഥാനത്തിലുള്ള പ്രായോഗികചിന്തയാണു് ശാസ്ത്രത്തിന്റെ ലോകം. ഭാവനാസൃഷ്ടികളെയും, സങ്കല്‍പകഥകളേയും യുക്തിയുടെ വെളിച്ചത്തില്‍ അപഗ്രഥിച്ചു് മനസ്സിലാക്കാന്‍ ശ്രമിച്ചു് നൂറ്റാണ്ടുകളാണു് മനുഷ്യബുദ്ധി നഷ്ടപ്പെടുത്തിയതു്. യേശുവിന്റെ ദൈവത്വവും, മനുഷ്യത്വവും, ഏകദൈവത്തിന്റെ ത്രിത്വവും മറ്റും സംബന്ധിച്ചു് നടന്ന ചൂടുപിടിച്ച ചര്‍ച്ചകളുടെ ചരിത്രം ഇന്നു് ഹാസ്യരസത്തോടെയല്ലാതെ വായിക്കാന്‍ നിഷ്പക്ഷമതികള്‍ക്കു് കഴിയുകയില്ല. അര്‍ത്ഥശൂന്യമായ, പണ്ടത്തെ ബാര്‍ബര്‍ഷോപ്പിലെ ചര്‍ച്ചകളേക്കാള്‍ ആവേശമേറിയ വാദപ്രതിവാദങ്ങള്‍! ന്യായപൂര്‍ണ്ണമായ വാദമുഖങ്ങളെക്കാള്‍, ഭരണാധികാരികളെ വശത്താക്കാന്‍ കഴിയുന്ന പക്ഷത്തിനായിരുന്നു മിക്കവാറും എല്ലായ്പോഴും വിജയവും. ശാസ്ത്രലോകം കൈക്കൊണ്ട തീരുമാനങ്ങളില്‍ ഏറ്റവും ഉചിതവും, ലോകത്തിനു് ഏറ്റവും കൂടുതല്‍ പ്രയോജനപ്രദവുമായതു് ദൈവത്തേയും, പിശാചിനേയും, സ്വര്‍ഗ്ഗത്തേയും നരകത്തേയുമൊക്കെ പള്ളിക്കു് വിട്ടുകൊടുത്തതായിരുന്നു. അങ്ങനെ മനുഷ്യരുടെ പ്രശ്നങ്ങള്‍ പഠിക്കാനും, അവയ്ക്കു് പരിഹാരം തേടാനും ശാസ്ത്രജ്ഞര്‍ക്കു് സമയം ലഭിച്ചു.

പുരാതനമനുഷ്യര്‍ അവരുടെ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ തീര്‍ച്ചയായും ബഹുമാനം അര്‍ഹിക്കുന്നു. പക്ഷേ, ആധുനിക ശാസ്ത്രവിജ്ഞാനം എക്സ്റ്റ്രാപൊളേറ്റ് ചെയ്തുകൊണ്ടുള്ള ഒരു പുരാണവ്യാഖ്യാനം തെറ്റായ രീതിയാണു്. കാലഹരണപ്പെട്ടവയെ നീതീകരിക്കാനുള്ള ശ്രമം പുറകോട്ടു് നടക്കുന്നതിനു് തുല്യമേ ആവൂ. അക്ഷരങ്ങള്‍ മനുഷ്യനിര്‍മ്മിതമാണു്, ആത്യന്തികമല്ല. പരിശോധിക്കാന്‍ കഴിയുന്ന, തെളിയിക്കാന്‍ കഴിയുന്ന, വസ്തുതകളിലൂടെ യാഥാര്‍ത്ഥ്യങ്ങളോടു് പടിപടിയായി അടുക്കുന്നതാണു് ശാസ്ത്രം. മനുഷ്യരുടെ, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുക, അവയ്ക്കു് പരിഹാരം തേടുക ഇവയ്ക്കൊക്കെയാണു് മുന്‍ഗണന നല്‍കേണ്ടതു്. മനുഷ്യരുടെ ഗത്യന്തരമില്ലായ്മയില്‍ അവര്‍ ‘അത്ഭുതസങ്കേതങ്ങള്‍’ തേടിച്ചെല്ലുന്നതു് സ്വാഭാവികമാണു്. സ്വന്തം ശോചനീയാവസ്ഥ മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണു് അതിനുപിന്നില്‍. അതിനവരെ കുറ്റപ്പെടുത്താനാവില്ല. അതുവഴി ഒന്നും നേടാന്‍ അവര്‍ക്കാവില്ലെന്നും, അവര്‍ ബലിയാടുകളോ, ഉപകരണങ്ങളോ ആക്കപ്പെടുകയാണെന്നുമുള്ള വസ്തുത സാവകാശമെങ്കിലും അവരെ മനസ്സിലാക്കിക്കൊടുക്കേണ്ടതു് ഒരു സാമൂഹികചുമതലയാണു്. പക്ഷേ, ഈ ചുമതല ഏറ്റെടുക്കേണ്ടവരാണു് ജനങ്ങളുടെ ദുരവസ്ഥയില്‍നിന്നു് എറ്റവും കൂടുതല്‍ മുതലെടുക്കുന്നതെങ്കില്‍, അവര്‍ അതിനു് തയ്യാറാവുമോ? ഭൂമികുലുക്കമോ, വെള്ളപ്പൊക്കമോ അല്ല, മനുഷ്യരുടെ ഗതികേടു് മതപരമോ രാഷ്ട്രീയമോ വ്യക്തിപരമോ ആയ താല്‍പര്യസംരക്ഷണത്തിനു് അനുയോജ്യം എന്നു് കരുതുന്ന നേതൃത്വമാണു് ഒരു സമൂഹത്തിനു് നേരിടേണ്ടിവരുന്നതില്‍ ഏറ്റവും വലിയ കറ്റാസ്റ്റ്രൊഫി .

 

Tags: ,

3 responses to “താരാപഥത്തിനു് ഒരു മറുപടി

  1. സൂരജ്

    Jan 29, 2008 at 22:54

    പ്രിയ ബാബു ജീ,

    കഴിഞ്ഞ പോസ്റ്റില്‍ താരാപഥം എഴുതിയ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ തോന്നിയ ആശയങ്ങള്‍ ഇവിടെ കമന്റായി ടൈപ്പു ചെയ്തു തുടങ്ങിയെങ്കിലും പിന്നീട്, താങ്കള്‍ തന്നെ അതിന് ആദ്യം വിശദീകരണം നല്‍കട്ടെ എന്നു കരുതി കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ താങ്കള്‍ ഈ പോസ്റ്റിലൂടെ നല്‍കിയ മറുപടിയ്ക്ക് അനുബന്ധമായ ചില കാര്യങ്ങള്‍ പറയണമെന്നു തോന്നി. അങ്ങയുടെ അനുവാ‍ദത്തോടെ അതിവിടെ പറയട്ടെ:

    1. വസ്തുതകളെ വിശദീകരിക്കുമ്പോള്‍ ശാസ്ത്രം അതിന്റെ കാതലായി ഉപയോഗിക്കുന്ന ഒരു സംഗതിയാണ് ‘കാര്യകാരണ’ ബന്ധം. ഈ Causality അല്ലെങ്കില്‍ Cause-Effect relationship എന്നത് പക്ഷേ മനുഷ്യന്റെ സാമാന്യയുക്തിക്ക് നിരക്കുന്നതാവണമെന്നില്ല. കാരണം ശാസ്ത്രം ultimate reality-യുടെ വിശദീകരണമേ തരുന്നുള്ളൂ, ആ വിശദീകരണം നമ്മുടെ യുക്തിക്കോ മനസ്സിനോ ബോധ്യമാകണം എന്ന നിര്‍ബന്ധം ശാസ്ത്രത്തിനില്ല.

    ഉദാഹരണത്തിനു ഒട്ടനവധി കാര്യങ്ങള്‍ നിര്‍വചിക്കാനും വിശകലനം ചെയ്യാനും പരീക്ഷിച്ചും നിരീക്ഷിച്ചും ബോധ്യപ്പെടാനും ശാസ്ത്രത്തിനുപയോഗിക്കേണ്ടിവരുന്ന ഒരു tool ആണ് ‘നെഗറ്റീവ് സംഖ്യ’(negative integers) എന്നത്. Negative ആയ force എന്നോ നെഗറ്റീവ് ആയ ചാര്‍ജ് എന്നോ ഒക്കെ ശാസ്ത്രത്തിന്റെ യുക്തിക്ക് ചേരുന്നരീതിയില്‍ അതു വിശദീകരിച്ചെന്നിരിക്കും. അതിനെ ഏതര്‍ത്ഥത്തില്‍ നമ്മള്‍ മനുഷ്യര്‍ മനസ്സിലാക്കുന്നു എന്ന മുന്‍ കൂട്ടിയറിഞ്ഞിട്ടോ നിശ്ചയിച്ചിട്ടോ അല്ല ശാസ്ത്രത്തില്‍ അതു സംഭവിക്കുന്നത്.

    അതു പോലെയാണ് കാര്യകാരണ ബന്ധവും. പ്രപഞ്ചത്തിന്റെ പല പ്രതിഭാസങ്ങളും വിശദീകരിക്കുമ്പോള്‍ ശാസ്ത്രം ഇത്തരം കാര്യകാരണ ബന്ധത്തിന്റെ സാമാന്യ യുക്തി കൈവെടിഞ്ഞ് ‘അയുക്തികം’ എന്നോ ഭ്രാന്തമെന്നോ ഒക്കെ നമുക്ക് തോന്നാവുന്ന മേഖലകളിലേക്ക് സഞ്ചരിക്കുന്നു. ഉദാ‍ഹരണത്തിനു സമയസഞ്ചാരം, കണ-പ്രതികണ (matter-antimatter annihilation), ഊര്‍ജ്ജ-ദ്രവ്യ മാറ്റങ്ങള്‍ (energy-matter interchange) തുടങ്ങിയ പ്രതിഭാസങ്ങളൊക്കെ വിശദീകരിക്കുമ്പോള്‍ ഈ കാര്യ-കാരണ ബന്ധം ഉപേക്ഷിക്കാറുണ്ട്.
    അതു പോലെ ഒരു പോയിന്റാണ് സമയത്തിന്റെയും പ്രപഞ്ചത്തിന്റെയും തുടക്കം എന്നു വിളിക്കാവുന്ന ‘ബിഗ്-ബാംഗ്’

    പ്രപഞ്ചത്തെയും പ്രകൃതിയേയും വിശകലനം ചെയ്തു വിശദീകരിച്ചു പിന്നോട്ട് പിന്നോട്ട് പോകുമ്പോള്‍ ബിഗ് ബാംഗ് എന്ന ഈ പോയിന്റില്‍ വച്ച് കാലം, സ്പേസ് എന്നിവ തുടങ്ങുകയാണ് എന്നു നാം കാണുന്നു.
    കാലം തന്നെ തുടക്കമിടുന്ന(സമയം = 0) ഒരു പോയിന്റിന്റെ അപ്പുറത്ത് എന്ത് എന്നു ചോദിക്കുന്നത് ശാസ്ത്രത്തിന്റെ യുക്തിക്കു നിരക്കാത്തതാണെന്നു പറയുന്നതും അതു കൊണ്ടു തന്നെ. പ്രപഞ്ചത്തിന്റെ തുടക്കമാകുന്ന ആ പോയിന്റ് ‘സ്വയം ഭൂ’ ആണ് എന്നു പറയുന്നതും അതേ കാരണത്താല്‍ തന്നെ.

    അപ്പോള്‍ അവിടെയും ഒരു സംശയം ഉന്നയിക്കപ്പെടാം:
    ഒന്നിലേക്കുമല്ലാതെ അതു വികസിക്കുന്നു (expanding into nothing but itself) എന്ന് പ്രപഞ്ചത്തെ വിശേഷിപ്പിച്ചാല്‍ കേള്‍ക്കുന്ന ആര്‍ക്കായാലും വട്ടുപിടിക്കും! Expand ചെയ്യുക എന്നുപറഞ്ഞാല്‍ അതിന് ഒരു സ്ഥലം വേണ്ടേ ? പ്രപഞ്ചത്തിനു പുറത്തേയ്ക്കെന്തെങ്കിലും ഉണ്ടെങ്കിലല്ലേ അതിലേക്ക് അതിനു വികസിക്കാന്‍ പറ്റൂ? പ്രപഞ്ചത്തിനു പുറത്തുള്ളതും അകത്തുള്ളതുമെല്ലാം പ്രപഞ്ചം തന്നെ. അതിന്റെ EXPANSION എന്നതും നമ്മുടെ commonsense-ലുള്ള വികാസം എന്നതും ഒന്നല്ല. Metric tensor എന്ന ജ്യാമിതീയ സാങ്കേതിക വിദ്യയിലാണ് പ്രപഞ്ചത്തിന്റെ വികാസം എന്ന ശാസ്ത്രതത്വം അധിഷ്ടിതമായിരിക്കുന്നത്. മെട്രിക് ടെന്‍സറുകളുടെ ഒരു പ്രധാന ഗുണമെന്നത് എന്തെന്നാല്‍ അതിന് 2 ഡൈമെന്‍ഷനുകളിലേ വികസിക്കേണ്ടതായിട്ടുള്ളൂ. മൂന്നാമതൊരു ഡൈമെന്‍ഷന്‍ അതിന്റെ വികാസത്തിനാവശ്യമില്ല. അതുകൊണ്ടു തന്നെ ആ വികാസത്തെ ചില പ്രൈമറി സ്കൂള്‍ പുസ്തകങ്ങളില്‍ വിവരിച്ചിരിക്കുന്നതുപോലെ ഒരു ബലൂണ്‍ വീര്‍ക്കുന്നതായി സങ്കല്പിക്കാനാവില്ല.(ബലൂണിനു വീര്‍ക്കാന്‍ 3 ഡൈമെന്‍ഷനെങ്കിലും വേണം).
    2-ഡൈമന്‍ഷണല്‍ വികാസമാകുമ്പോള്‍ ‘എന്തിലേക്കാണ് പ്രപഞ്ചം വികസിക്കുന്നത്’ എന്ന ചോദ്യത്തിനടിസ്ഥാനവുമില്ല.
    (ഇതു പല യുക്തിവാദ ചര്‍ച്ചക്കാരും,പല ശാസ്ത്രകാരന്മാരും മനസ്സിലാക്കാത്ത ഒരു പോയിന്റാ‍ണ്)

    2. മനുഷ്യരുടെ പെരുമാറ്റം, സമൂഹവുമായി അവന്‍/അവള്‍ ഇടപഴകുന്ന രീതി, കോപതാപലോഭമോഹരാഗദ്വേഷങ്ങള്‍ എന്നിവയൊക്കെയും ജീവിതകാലത്ത് അവന്‍/അവള്‍ സ്വാംശീകരിക്കുന്ന അനുഭവപാഠങ്ങളും സമൂഹവുമായുള്ള നീക്കുപോക്കുകളുമൊക്കെ ഉരുണ്ടുകൂടി പരുവപ്പെടുനതാണ്. ജീനുകള്‍ക്കും പാരമ്പര്യമായിക്കിട്ടുന്ന ചില ഗുണവിശേഷങ്ങള്‍ക്കും ആ അനുഭവസമ്പത്തിന്റെ പ്രയോഗത്തില്‍ ചില ഇടപെടലുകള്‍ നടത്താമെന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാന്നാവില്ല. ഉദാഹരണത്തിനു നമ്മുടെ 7-ആം വയസ്സിലെ മനസ്സിനെയും 18-ആം വയസ്സ്സിലെ മനസ്സിനെയും ഒന്നു താരതമ്യം ചെയ്തു നോക്കൂ. 7 വയസ്സുകാരന്റെ മനസ്സും ചിന്താരീതിയും പ്രതികരണ രീതിയുമൊക്കെ 7 വര്‍ഷത്തെ അവന്റെ അനുഭവത്തിന്റെയും, ബാഹ്യപ്രകൃതിയുമായി അവന്‍ ഇടപെട്ടതിന്റെയും ആകെത്തുകയാണ്. ജീനുകളിലൂടെ അവനു കിട്ടിയ ഗുണങ്ങള്‍ ഈ പ്രതികരണത്തെയും അനുഭവത്തെയും സ്വാധീനിക്കുമെന്നതൊഴിച്ചാല്‍, മാനസിക വ്യാപാരങ്ങളില്‍ ഏറിയപങ്കും അനുഭവങ്ങളുടെ ഊറിക്കൂടലില്‍ നിന്നുളവാകുന്നതു തന്നെ. 18 വയസ്സാകുമ്പോള്‍ അവന്‍ ആര്‍ജ്ജിച്ചു കഴിയുന്ന അനുഭവങ്ങള്‍/സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണ് ആ പ്രായത്തില്‍ അയാളുടേ ചിന്തകളെയും മനസ്സിനേയും നിര്‍ണ്ണയിക്കുക. അവന്റെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും, ദഹനപ്രക്രിയയും, ഹൃദയമിടിപ്പും അടക്കം സര്‍വ്വ ജൈവ പ്രക്രിയയിലും അനുഭവത്തിന്റെ ഈ ഇഫക്റ്റ് നേരിയതോതിലെങ്കിലും കാ‍ണാനാവും.

    എന്നാല്‍ ഒരേ സാഹചര്യവും അനുഭവങ്ങളുമുള്ളവര്‍ എന്തു കൊണ്ട് ഒരു പോലെയാവുന്നില്ല?

    അവിടെയാണ് അനുഭവങ്ങളില്‍ നിന്നുമുണ്ടാകുന്ന ചിന്തകളെ ബാഹ്യ പ്രതികരണങ്ങളായി വരുന്ന സമയത്ത് നിയന്ത്രിക്കുന്ന ജീന്‍ ഇഫക്റ്റുകളെ കുറിച്ച് പറയേണ്ടത്.
    ചെറിയൊരുദാഹരണത്തിലൂടെ അതു വ്യക്തമാക്കാം: ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തിയുണ്ടാകാന്‍ സഹായിക്കുന്ന ചില ഹോര്‍മോണുകളുണ്ട്, (ലെപ്റ്റിനുകളും, ന്യൂറോ പെപ്റ്റൈഡ്-y യും). ഇവയെ നിയന്ത്രിക്കുന്നത് ജന്മനാ കിട്ടുന്ന ചില ജീനുകളാണ്. ഒരാള്‍ വണ്ണമുള്ള പ്രകൃതിയാണോ മെലിഞ്ഞ പ്രകൃതമാണോ എന്നൊക്കെ നിശ്ചയിക്കുന്നതില്‍ വലിയപങ്കുണ്ട് ഈ ജീനുകള്‍ക്ക്. ജീനുകളുടെ ഇഫക്റ്റ് അയാളുടെ ആഹാരരീതിയുമായി ചേരുമ്പോള്‍ (ഉദാഹരണത്തീനു ഐസ്ക്രീം ചോക്ലേറ്റ് തുടങ്ങിയ സാധനങ്ങളോടുള്ള ആഗ്രഹം) അയാളുടെ ശരീരപ്രകൃതി നിശ്ചയിക്കപ്പെടുന്നു. കാലാകാലം വിവിധരീതികളില്‍, വിവിധപാ‍കങ്ങളില്‍ ഉള്ള ഭക്ഷണം കഴിച്ചിട്ടുള്ള അനുഭവങ്ങളില്‍ നിന്നും സ്വരുക്കൂട്ടിയ ചിന്തകളാണ് അയാളുടെ പില്കാല ഭക്ഷണ രീതിയെ സ്വാധീനിക്കുന്നത്. അനുഭവങ്ങള്‍ ജീനുകളെയും ജീനുകള്‍ അനുഭവങ്ങളേയും പരിപോഷിപ്പിക്കുന്ന ഒരു അവസ്ഥ. ഇതു ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു തീരെ ചെറിയ കാര്യം. ഇതു പോലെ, കായികാധ്വാനം, സെക്സ്, ഫാഷന്‍, തുടങ്ങി മുടിയുടെ സ്റ്റൈലും മലം പോകുന്നതും വരെ ജീനുകളും അനുഭവവും ചേര്‍ന്നു നിയന്ത്രിക്കുന്നു.
    ഇങ്ങനെയുള്ള ഒരു നിയന്ത്രണം ഉള്ളപ്പോള്‍ ഒരു മനുഷ്യനും മറ്റൊരാളെപ്പോലെയാകുന്നില്ല, എത്രതന്നെ സമാനമായ സാമൂഹികാവസ്ഥകളില്‍ വളര്‍ത്തപ്പെട്ടാലും. ഇതേ ന്യായം കൊണ്ടു തന്നെയാണ് ക്ലോണിംഗിലൂടെ ഒരാളുടെ കൃത്യമായ പകര്‍പ്പ് ഉണ്ടാക്കാനാവില്ല എന്നു പറയുന്നത്. അങ്ങനെ വരണമെങ്കില്‍ അയാളുടെ ജീവിതാനുഭവങ്ങള്‍ അത്രയും അതു പോലെ പുനര്‍സൃഷ്ടിക്കേണ്ടിവരും.

    [താ‍രാപഥത്തിന്റെ മൂന്നാമത്തെ ചോദ്യം അല്പം ഫിലോസഫികലാണ്. അതിനു ബാബു മാഷ് നല്‍കിയിരിക്കുന്ന മറുപടി സ്വയമേ പൂര്‍ണ്ണമാണ് എന്ന് തോന്നുന്നതിനാല്‍ അതിവിടെ വിശദീകരിക്കുന്നില്ല. ]

     
  2. ചതുര്‍മാനങ്ങള്‍

    Jan 31, 2008 at 14:25

    കണ-പ്രതികണ (matter-antimatter annihilation)..

    ഇതെന്താ സംഭവം?

     
  3. സി. കെ. ബാബു

    Feb 16, 2008 at 18:05

    ചതുര്‍മാനങ്ങള്‍,

    Please see my post കണ-പ്രതികണ-നശീകരണം

     
 
%d bloggers like this: