RSS

ദൈവവിശ്വാസവും, സ്വതന്ത്ര ഇച്ഛാശക്തിയും

13 Jan

ദൈവമുണ്ടോ? എനിക്കറിയില്ല. ദൈവമില്ലേ? അതുമറിയില്ല. ഈ ഉണ്ടില്ലകള്‍ എനിക്കൊരു തലവേദനയേ അല്ല എന്നതാണു് കൂടുതല്‍ സത്യം. പക്ഷേ, ഒന്നെനിക്കറിയാം: ദൈവമുണ്ടെങ്കില്‍, താനുണ്ടെന്നു് മനുഷ്യര്‍ അറിയണമെന്നു് ആ ദൈവത്തിനുണ്ടെങ്കില്‍, അതു്‌ മൊത്തം മനുഷ്യരെയും നേരിട്ടു്‌ അറിയിക്കേണ്ട ചുമതല ദൈവത്തിന്റേതാണു്. അതിനു്‌ കഴിവില്ലാത്തവനാണു്‌ ദൈവമെങ്കില്‍, അങ്ങനെയൊരു ദൈവം ഇല്ലാതിരിക്കാനാണു്‌ എല്ലാ സാദ്ധ്യതകളും. ലോകത്തിലെ തന്റെ അസാന്നിദ്ധ്യത്തിന്റെ പേരില്‍ മനുഷ്യരോടു്‌ ഒരു ക്ഷമാപണം നടത്തണമെങ്കില്‍ പോലും ദൈവം ഇല്ലാതെ പറ്റില്ലല്ലോ. അക്കാര്യത്തിലായാലും മറ്റേതു്‌ കാര്യത്തിലായാലും, ഒരു സര്‍വ്വശക്തനു്‌ മനുഷ്യരുടെ സഹായം ആവശ്യമുണ്ടാവാന്‍ വഴിയില്ല എന്ന കാര്യം ഉറപ്പു്‌. സ്വയംഭൂവായ ഒരു ദൈവമാണു് മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍, അങ്ങേര്‍ പണ്ടേ സ്വയം കഴുത്തുഞെരിച്ചു് ചത്തിട്ടുണ്ടായിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ദൈവനാമത്തില്‍ പരസ്പരം കൊല്ലുന്ന മനുഷ്യരുടെ രൂപം തന്റെ പ്രതിരൂപമാണെന്ന തിരിച്ചറിയല്‍ സഹിക്കാന്‍ സാക്ഷാല്‍ ദൈവത്തിനു് പോലുമാവില്ല എന്നാണെന്റെ വിശ്വാസം. ദൈവത്തിന്റെ ഈ ആത്മഹത്യ തിരിച്ചറിഞ്ഞ ഒരു ചിന്തകന്‍ ഏകദേശം ഒരു നൂറ്റാണ്ടു് മുന്‍പേ വിളിച്ചുപറഞ്ഞു: “ദൈവം ചത്തു” – (Nietzsche). പക്ഷെ ദൈവത്തെ ശവമടക്കാന്‍ ആരും തയ്യാറായില്ല. ദൈവവിശ്വാസത്തിന്റെ കച്ചവടം അത്ര കേമമായിരുന്നു. പൊരിഞ്ഞ വില്‍പന നടക്കുന്ന ആത്മീയതെരുവുകളില്‍ നിന്നും അല്‍പം മാറിനില്‍ക്കുന്നവര്‍ ദൈവത്തിന്റെ ശവം ചീയുന്ന ദുര്‍ഗന്ധം മൂലം സ്ഥിരം മൂക്കുപൊത്താന്‍ തുടങ്ങിയിട്ടും ശവം സംസ്കരിക്കാനായി വിട്ടുകൊടുക്കാന്‍ ദൈവത്തെ വില്‍ക്കുന്നവര്‍ തയ്യാറില്ലായിരുന്നു. പ്രേമത്തിനു് കണ്ണില്ലാത്തപോലെ, വിശ്വാസത്തിനു് മൂക്കുമില്ല എന്ന തോന്നലിന്റെ തറയിലായിരുന്നു അവരുടെ ബാബേല്‍ ഗോപുരങ്ങള്‍ പണിതുയര്‍ത്തപ്പെട്ടിരുന്നതു്.

“ദൈവം” എന്ന വാക്കിനു് ഇന്നു് എന്തെങ്കിലും ഒരര്‍ത്ഥമുണ്ടോ? ഏതു്‌ മതത്തിന്റെ ദൈവമാണു്‌ യഥാര്‍ത്ഥ ദൈവം? മതങ്ങള്‍ തമ്മില്‍ത്തമ്മില്‍ ആദ്യം അക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയിട്ടു്‌ പോരേ അച്ചങ്ങായി “ഉണ്ടില്ലയോ” എന്ന ചര്‍ച്ചകളിലേക്കു്‌ പ്രവേശിക്കാന്‍? പന്നിയുടെ മുന്നില്‍ മുത്തുകള്‍ വിതറരുതെന്നു് യേശു പറഞ്ഞു. കുരങ്ങിന്റെ കയ്യില്‍ പൂമാല കൊടുക്കരുതു് എന്നു് കാരണവാന്മാരും പറഞ്ഞിട്ടുണ്ടു്‌. ദൈവത്താല്‍ സ്ഥാപിക്കപ്പെട്ടതു് എന്നു് അവകാശപ്പെടുന്ന ഒരു മതത്തില്‍ ആദര്‍ശത്തിന്റേയോ, വിശ്വാസത്തിന്റേയോ (പണത്തിന്റേയോ, അധികാരത്തിന്റേയോ എന്നു് തിരുത്തി വായിക്കുക!) പേരില്‍ മറ്റൊരു മതവിഭാഗം രൂപമെടുക്കുന്ന അതേ നിമിഷത്തില്‍ ആ മതത്തിന്റെ എല്ലാ ദൈവികതയും എന്നേക്കുമായി നഷ്ടപ്പെടുകയല്ലേ ചെയ്യുന്നതു്‌? കാരണം, ദൈവത്തിന്റെ സമ്പൂര്‍ണ്ണത, അപ്രമാദിത്വം മുതലായ, ചോദ്യം ചെയ്യപ്പെടാനാവാത്തവയെന്നു് തലമുറകളിലൂടെ പഠിപ്പിക്കപ്പെട്ട ഗുണങ്ങളല്ലേ അവിടെ മറുപടിയില്ലാതെ പ്രതിക്കൂട്ടില്‍ നിന്നു് വിയര്‍ക്കുന്നതായി നമ്മള്‍ കാണേണ്ടിവരുന്നതു്‌?

ഒരു വ്യവസ്ഥയെ (system) അതിനുള്ളില്‍ നിന്നുകൊണ്ടു് പൂര്‍ണ്ണമായി അപഗ്രഥിക്കാനാവില്ല എന്നു് ശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ക്കറിയാം. അതിനു് ആ വ്യവസ്ഥക്കുള്ളിലെ മാനദണ്ഡങ്ങള്‍ മാത്രമേ ലഭ്യമാവൂ എന്നതാണു് അതിനു് കാരണം. മനുഷ്യര്‍ ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമാണു്. നമ്മള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ദൈവം അതേസമയം, നിര്‍വ്വചനപ്രകാരം, ഈ പ്രപഞ്ചത്തെ വേണമെങ്കില്‍ അമ്മാനമാടാന്‍ വരെ കഴിയുന്ന എന്തോ ഒന്നാണുതാനും. അതായതു്, സകല പ്രപഞ്ചങ്ങള്‍ക്കും അതീതമായ എന്തോ ഒരു കുന്ത്രാണ്ടം. വ്യത്യസ്തമായ ഈ രണ്ടു് തലങ്ങളെ ഭാവനയില്‍, സങ്കല്‍പ്പത്തില്‍, പരസ്പരം ബന്ധിപ്പിക്കുവാന്‍ കഴിയും. പക്ഷേ, ബുദ്ധിയുടെ പണിയായുധമായ യുക്തിയുടെ ഭാഷ അവിടെ അസ്ഥാനത്തായിരിക്കും. യുക്തിസഹമായ ഏതൊരു അപഗ്രഥനത്തിനും നമുക്കു് ഈ ലോകത്തിന്റെ അളവുകോലുകള്‍ മാത്രമേ ഉള്ളു. അവ ഉപയോഗിച്ചു് പ്രപഞ്ചത്തിനും അതീതമായ എന്തോ ഒന്നു് ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ ആവില്ല. അതിനാല്‍ ഈ ലോകത്തില്‍ ശരിയെന്നും നീതിയുക്തമെന്നും അറിയാവുന്ന കാര്യങ്ങള്‍ ദൈവാസ്തിത്വം തെളിയിക്കാനോ നിരാകരിക്കാനോ വേണ്ടിയുള്ള  ഉദാഹരണങ്ങളാക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ദൈവം എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു് പ്രപഞ്ചം ഇതുവരെ പിന്നിട്ട വഴികളിലേക്കു് തിരിഞ്ഞുനോക്കാന്‍ ശ്രമിക്കുന്ന, സാമാന്യവിദ്യാഭ്യാസവും പൊതുവിജ്ഞാനവുമുള്ള ഒരു മനുഷ്യന്‍ വഴിമുട്ടിനില്‍ക്കേണ്ടിവരുന്ന ഒരു കോസ്മൊഗോണിക് ബിന്ദുവിന്റെ നീതീകരണമായേക്കാവുന്ന എന്തോ ഒന്നിനെയാണു്. അല്ലാതെ, വിജനമായ ഏതോ മരുഭൂമിയില്‍ ഒറ്റയ്ക്കു് ആടുകളെ മേയ്ക്കുന്ന ഒരു ആട്ടിടയനു് പ്രത്യക്ഷപ്പെടുമ്പോള്‍ സ്വയം അശുദ്ധനാവാതിരിക്കാന്‍ അവനോടു് നീ ആദ്യം നിന്റെ ചെരിപ്പു് അഴിച്ചു് മാറ്റൂ എന്നു് കല്‍പ്പിക്കുന്ന ഒരു മുള്‍മരദൈവത്തെയല്ല.

നഗ്നമായ നേത്രങ്ങള്‍ കൊണ്ടു് നമുക്കു് കാണാന്‍ കഴിയുന്ന പ്രകാശ സ്പെക്ട്രം ചുവപ്പു് മുതല്‍ വയലറ്റ്‌ വരെയുള്ളതു് മാത്രമാണു്. ചുവപ്പിനു് താഴേക്കും, വയലറ്റിനു് മുകളിലേക്കുമുള്ള എത്രയോ തരംഗങ്ങളെ ഉപകരണസഹായമില്ലാതെ “കാണാന്‍” നമുക്കു് കഴിയില്ല. ചില ജീവികള്‍ക്കു് അതിലൊരംശം കാണാന്‍ കഴിയും. തന്മൂലം, ഈ ഒരു കാര്യത്തില്‍ അവ മനുഷ്യരെക്കാള്‍ മെച്ചമാണെന്നു് വേണമെങ്കില്‍ പറയാം. എക്സ്-റേ നമ്മള്‍ കാണുന്നില്ല. പക്ഷേ അവ ചികിത്സാരംഗത്തു് നല്‍കുന്ന സേവനം മറക്കാനാവുമോ? നിലനില്‍ക്കുന്നു എന്നു് ശാസ്ത്രീയ ഉപകരണങ്ങള്‍ വഴി മനുഷ്യര്‍ തന്നെ തെളിയിച്ച വസ്തുതകള്‍ ഇന്നു് ഏറെയാണു്. വെറും മുന്നൂറു് വര്‍ഷങ്ങള്‍ക്കു് മുന്‍പു് ജീവിച്ചിരുന്ന മനുഷ്യരുടെ ലോകത്തില്‍ “ഇല്ലാതിരുന്ന” പലതും ഇന്നത്തെ ലോകത്തില്‍ “ഉണ്ടു്”. ഞാന്‍ ഇതെഴുതുന്ന ഈ നിമിഷത്തില്‍ ലോകത്തില്‍ എവിടെയെങ്കിലും ഒരു ഭൂകമ്പം ഉണ്ടാവാം. അടുത്ത ഏതാനും ദിവസങ്ങളില്‍ മാധ്യമലോകവുമായി ബന്ധപ്പെടാതിരുന്നാല്‍ ആ വിവരം ഒരുപക്ഷേ ഒരിക്കലും ഞാന്‍ അറിയണമെന്നില്ല. ലോകത്തിലെ വിവിധ കോണുകളില്‍ ദിനംപ്രതി നടക്കുന്ന, എനിക്കു് അപ്രധാനമെങ്കിലും, ബന്ധപ്പെട്ടവരുടെ ജീവിതവുമായി വേര്‍പെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന, ജനനമോ, മരണമോ, വിവാഹമോ പോലുള്ള കാര്യങ്ങള്‍ ഒരിക്കലും “എന്റെ ലോകത്തിലേക്കു്” പ്രവേശിക്കുന്നില്ല. മറ്റു് വാക്കുകളില്‍ പറഞ്ഞാല്‍, എന്റെ  റിയാലിറ്റി എന്നതു് വളരെ പരിമിതമാണു്. പുരാതനകാലങ്ങളില്‍ തത്വചിന്തകനും, ശാസ്ത്രജ്ഞനും, വൈദ്യനും ഒക്കെ പലപ്പോഴും ഒരാള്‍ തന്നെയായിരുന്നു. ബൌദ്ധികലോകം ഇന്നു് വളരെയേറെ വളര്‍ന്നുകഴിഞ്ഞു. വൈജ്ഞാനികവിഷയങ്ങളിലെ സ്പെഷലിസേഷന്‍ മൂലം അവയുമായി ബന്ധപ്പെടുന്നവര്‍ പോലും മനസ്സിലാക്കുന്നതു് അവയിലെ വളരെ ചെറിയ ഒരംശം മാത്രമാണു്. ഇതൊക്കെയാണു് “അറിവു്” സംബന്ധിച്ച നമ്മുടെ അവസ്ഥ. എന്നിട്ടും, “ലോകാരംഭത്തിനു്” മുന്‍പും പിന്‍പുമുള്ള സകല “മുടിനാരിഴകളുടെയും” ഗതിയും വിഗതിയും വിധിയും നിര്‍ണ്ണയിക്കുന്ന ഒരു ദൈവത്തിന്റെ രൂപവും മുഖച്ഛായയും മനസ്സിലിരുപ്പും അറിയാമെന്നു് അവകാശപ്പെടാന്‍ എത്രമാത്രം അജ്ഞതയും അഹംഭാവവും അതിലുപരി തൊലിക്കട്ടിയും ഉണ്ടായാലാണു് സാധിക്കുക എന്നു് ചിന്തിച്ചാല്‍ മതി – ചിന്തിക്കാന്‍ കഴിയുമെങ്കില്‍!

ദൈവനാമം സംരക്ഷിക്കാനുള്ള പടപ്പുറപ്പാടുകള്‍ കാണുമ്പോള്‍ ഈ ലോകത്തില്‍ മാനുഷികമായ മറ്റു് പ്രശ്നങ്ങള്‍ ഒന്നുമില്ലേ എന്നു് സംശയിച്ചുപോകുന്നു. ഇവിടെ ദാരിദ്ര്യമുണ്ടു്, രോഗങ്ങളുണ്ടു്, അജ്ഞതയുണ്ടു്, ഉച്ചനീചത്വങ്ങളുണ്ടു്‍. അവയൊന്നും പരിഹരിക്കാന്‍ ദൈവത്തിനു് കഴിവില്ല എന്നതിനു് ആയിരക്കണക്കിനു് വര്‍ഷങ്ങളിലെ ലോകചരിത്രം നമുക്കു് തെളിവു് നല്‍കുന്നുമുണ്ടു്. ഈ ദുരവസ്ഥയ്ക്കു് ലോകത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു് മനുഷ്യപ്രയത്നം കൊണ്ടു് മാത്രം സാധിച്ചിട്ടുള്ളതാണു്. വിശ്വാസം കൊണ്ടുമാത്രം ഭൂമിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല എന്നു് മനസ്സിലാക്കുന്നതുതന്നെ ഒരു വലിയ ചുവടു് മുന്നോട്ടു്, യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തിലേക്കു്‌, വയ്ക്കുന്നതിനു് തുല്യമാണു്.

നമ്മുടെ ഇച്ഛാശക്തി സ്വതന്ത്രമാണോ (ഫ്രീ വില്‍)? തന്റെ പ്രവൃത്തികളുടെ ലക്‍ഷ്യം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ ഇച്ഛാശക്തിക്കുണ്ടോ? ഇച്ഛാശക്തിയുടെ പൂര്‍ണ്ണസ്വാതന്ത്ര്യം അവകാശപ്പെടുന്നതാണു് ലിബെര്‍ട്ടിനിസം. അതേസമയം ഡിറ്റെര്‍മിനിസം മനുഷ്യരുടെ പ്രവൃത്തികള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കാരണങ്ങളാല്‍ സംഭവിക്കുന്നു എന്നു് വാദിക്കുന്നു. എഥിക്കല്‍ ഡിറ്റെര്‍മിനിസം, തിയൊളോജിക്കല്‍ ഡിറ്റെര്‍മിനിസം, കോസ്മൊളോജിക്കല്‍ ഡിറ്റെര്‍മിനിസം, ഹിസ്റ്റോറിക്കല്‍ ഡിറ്റെര്‍മിനിസം മുതലായ ഡിറ്റെര്‍മിനിസത്തിന്റെ വിവിധ വകഭേദങ്ങള്‍ എല്ലാം ലോകത്തിലെ വസ്തുക്കളും സംഭവങ്ങളും അപവാദമെന്യേ അന്യോന്യമായ ആശ്രയത്തില്‍ പരസ്പരം ബന്ധിതമാണെന്ന അടിസ്ഥാനപരമായ ആശയത്തില്‍ അധിഷ്ഠിതമാണു്.

സ്വതന്ത്ര ഇച്ഛാശക്തിയെപ്പറ്റി നീറ്റ്‌സ്ഷെ പറയുന്നു: >ഫ്രീ വില്‍ എന്ന പ്രസിദ്ധ പദം തന്റെ തലയില്‍ നിന്നും തുടച്ചു് മാറ്റാന്‍ ആഗ്രഹിക്കുന്ന പച്ചപ്പരമാര്‍ത്ഥി ഒരുപടികൂടി മുന്നോട്ടുപോയി, അതിന്റെ വിപരീതമായ “അണ്‍ഫ്രീ വില്‍” കൂടി സ്വന്തം തലയില്‍നിന്നും തുടച്ചുമാറ്റണം എന്നാണെന്റെ അപേക്ഷ. കാരണവും കാര്യവും (cause and effect) ശുദ്ധമായ പദങ്ങളായി, അഥവാ നാമകരണത്തിനും, ആശയവിനിമയത്തിനും ഉള്ള കണ്‍വെന്‍ഷണല്‍ ഫിക്ഷന്‍ ആയി മാത്രമാണു്, അല്ലാതെ വ്യാഖ്യാനത്തിനായിട്ടല്ല ഉപയോഗപ്പെടുത്തേണ്ടതു്. “അതു് പോലെ (as such) എന്നതില്‍ ഹേതുകമായ സമിതികളോ, അനിവാര്യതയോ, മനഃശാസ്ത്രപരമായ അസ്വാതന്ത്ര്യമോ ഒന്നുമില്ല, അവിടെ കാര്യം കാരണത്തെ പിന്‍തുടരുന്നില്ല, അതിനെ ഒരു നിയമവും ഭരിക്കുന്നില്ല. കാരണവും, ക്രമാനുക്രമവും, പരസ്പരത്വവും, ആപേക്ഷികതയും, നിര്‍ബന്ധവും, സംഖ്യയും, നിയമവും, സ്വാതന്ത്ര്യവും, അടിസ്ഥാനവും, ലക്‍ഷ്യവുമെല്ലാം കണ്ടുപിടിച്ചതു് നമ്മള്‍ മാത്രമാണു്, മറ്റാരുമല്ല. ചിഹ്നങ്ങളുടെ ആ ലോകത്തെ നമ്മള്‍ “as such” ആക്കി വസ്തുക്കളിലേക്കു് ആലേഖനം ചെയ്താല്‍, മിശ്രണം ചെയ്താല്‍, അതുവഴി നമ്മള്‍ ചെയ്യുന്നതു് നമ്മള്‍ എപ്പോഴും ചെയ്തുപോന്ന “മിഥോളജി” തന്നെയായിരിക്കും. അണ്‍ഫ്രീ വില്‍ എന്നതു് മിഥോളജി ആണു്.<

സ്വതന്ത്ര ഇച്ഛാശക്തിയെ ആധുനിക ന്യൂറോസയന്‍സും നിഷേധിക്കുന്നു. അതിന്‍പ്രകാരം, മനുഷ്യരുടെ പ്രവൃത്തികളുടെ ഒട്ടോണമി വ്യക്തിനിഷ്ഠമായി അനുഭവപ്പെടുന്ന ഇച്ഛാശക്തിയിലല്ല, പ്രത്യുത ആന്തരിക പ്രേരകശക്തിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള തലച്ചോറിന്റെ കഴിവിലാണു് സ്ഥാപിതമായിരിക്കുന്നതു്. തലച്ചോറു്, അഥവാ പൂര്‍ണ്ണമായ മനുഷ്യനാണു്, അനുഭവിക്കുന്ന “ഞാന്‍” അല്ല, ഒട്ടോണമസ്‌ സിസ്റ്റം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഴുവന്‍ തലച്ചോറിലെ ലിംബിക് സിസ്റ്റം വഴി വിലയിരുത്തപ്പെട്ടശേഷം അതിന്റെ ഫലം മെമറിയില്‍ നിക്ഷേപിക്കപ്പെടുന്നു. ഈ രണ്ടു് കേന്ദ്രങ്ങളും പ്രവൃത്തികളെ സംബന്ധിച്ചു് ബോധപൂര്‍വ്വമായ തീരുമാനം എടുക്കുന്ന കേന്ദ്രവുമായി (പ്രീഫ്രൊണ്ടല്‍ കോര്‍ടെക്സ്) ബന്ധപ്പെട്ടുകൊണ്ടു് നമ്മുടെ പെരുമാറ്റരീതികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഈ മൂന്നു് കേന്ദ്രങ്ങളും വിവിധ സബ്കോര്‍ട്ടിക്കല്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടതിനുശേഷം മാത്രമാണു് നമ്മുടെ യഥാര്‍ത്ഥ പെരുമാറ്റം എന്താവണമെന്ന തീരുമാനം അവിടെ രൂപമെടുക്കുന്നതു്. ശരീരഭാഗങ്ങളുടെ അനിയന്ത്രിത ചലനങ്ങള്‍ പലതും സംഭവിക്കുന്നതിനു് എത്രയോ മില്ലിസെക്കന്റുകള്‍ക്കു് മുന്‍പേ തന്നെ ആ ചലനവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങള്‍ ആക്റ്റിവ് ആകുന്നുണ്ടു്. (ആ ചലനങ്ങളുടെ കാരണം പക്ഷേ ഈ ആക്റ്റിവിറ്റി അല്ല. വളരെ സങ്കീര്‍ണ്ണമായ ആ പ്രക്രിയ ഈ കുറിപ്പിന്റെ പരിധിക്കു് അതീതമായതിനാല്‍ ഇവിടെ ഒഴിവാക്കുന്നു). ജന്മം മുതല്‍ (ഒരു ചെറിയ അംശം അതിനു് മുന്‍പും) പിന്‍‌തുടരപ്പെടുന്ന ഈ പ്രക്രിയമൂലം തലച്ചോറിലെ  മെമറിയില്‍ ഭീമമായ അനുഭവസമ്പത്തു് ശേഖരിക്കപ്പെടുന്നു. തികച്ചും ജന്മസിദ്ധമായ ചുരുക്കം ചില പെരുമാറ്റരീതികള്‍ ഒഴിവാക്കിയാല്‍, അനുഭവാധിഷ്ഠിതമായ “ഓര്‍മ്മസമ്പത്താണു്” മനുഷ്യരുടെ പെരുമാറ്റരീതികളുടെ അടിസ്ഥാനം. അതിന്റെ വെളിച്ചത്തില്‍, ഒരേ സാമൂഹികപരിതസ്ഥിതിയില്‍, ഭാഗികമായിട്ടെങ്കിലും വ്യത്യസ്തമായി പ്രതികരിക്കാന്‍ നമുക്കു് കഴിയുന്നു.

ചുരുക്കി പറഞ്ഞാല്‍, എന്തെങ്കിലും ചെയ്യുന്നതിനുള്ള യഥാര്‍ത്ഥ തീരുമാനം തലച്ചോറില്‍ രൂപമെടുക്കുന്നതു് ബോധപൂര്‍വ്വമല്ലാതെയാണു്. അതിനു് ആധാരമാവുന്നതു് ജനനം മുതല്‍ തലച്ചോറുതന്നെ സ്വയംപ്രേരിതമായി ശേഖരിക്കുന്ന അനുഭവസമ്പത്തും. ഏതെങ്കിലും വിധത്തില്‍ ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെടാന്‍ എപ്പോഴെങ്കിലും ദൈവത്തിനു് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവന്റെ “തീരുമാനങ്ങളില്‍” ആ ദൈവത്തിനു് കഴിഞ്ഞകാലങ്ങളില്‍ അവന്‍ നല്‍കിയ “വിലയ്ക്കു്” അനുസൃതമായ ഒരു പങ്കു് തലച്ചോറു് നല്‍കിയിരിക്കും. ജീവനുതുല്യം സ്നേഹിക്കുന്നവരുടെ മരണം പോലുള്ള അനുഭവങ്ങള്‍ വളരെയേറെ പ്രാര്‍ത്ഥനകള്‍ക്കും യാചനകള്‍ക്കും ശേഷവും ഒഴിവാക്കാന്‍ കഴിയാതെ വരുമ്പോള്‍, ദൈവവിശ്വാസികള്‍ നിരീശ്വരവാദികളാവുന്നതും, നിരീശ്വരവാദികള്‍ ദൈവവിശ്വാസികളാവുന്നതും ഈ വസ്തുതകളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ദൈവമടക്കമുള്ള മനുഷ്യന്റെ ലോകം അവന്റെ തലച്ചോറിന്റെ ഒരു “നിര്‍മ്മിതി” മാത്രമാണു്, മറ്റൊന്നുമല്ല.

 
8 Comments

Posted by on Jan 13, 2008 in മതം, ലേഖനം

 

Tags: , , , ,

8 responses to “ദൈവവിശ്വാസവും, സ്വതന്ത്ര ഇച്ഛാശക്തിയും

  1. മുരളി മേനോന്‍ (Murali Menon)

    Jan 14, 2008 at 13:43

    ദൈവം അറിവാണ്. പൂര്‍ണ്ണമായ അറിവുള്ളവന്‍ ഈശ്വരനും. The difference between God and Lord എന്നത് വിശദീകരിച്ചിരിക്കുന്നത് ഗുരു നിത്യചൈതന്യ യതി ആണ്.

     
  2. സി. കെ. ബാബു

    Jan 14, 2008 at 15:21

    മുരളി,

    ദൈവം അറിവാണു്. ദൈവം സ്നേഹമാണു്. ദൈവം energy ആണു്. ദൈവം പ്രകൃതിയാണു്…..

    കൂട്ടത്തില്‍ ഇതുമിരിക്കട്ടെ – ദൈവം നമ്മുടെ തലയില്‍ തന്നെയാണു്. 🙂

     
  3. ഹാരിസ്

    Jan 14, 2008 at 18:50

    ലേഖനങ്ങള്‍ സ്ഥിരമായി വായിക്കുന്നുണ്ട്.
    സമാനമായി ചിന്തിക്കുകയും ചെയ്യുന്നു.

     
  4. സി. കെ. ബാബു

    Jan 14, 2008 at 20:05

    നന്ദി, ഹാരിസ്.

     
  5. സൂരജ്

    Jan 19, 2008 at 10:52

    പ്രിയ ബാബു മാഷ്,

    ‘ജീവന്റെ അര്‍ത്ഥം’ എന്ന പേരില്‍ 2003ല്‍ ഞാന്‍ കോളെജിലായിരിക്കുമ്പോള്‍ എഴുതുകയും 2006ല്‍ ” ഡാര്‍വിന്റെ സൈന്യം ” എന്ന പേരില്‍ പ്രസിദ്ധീകൃതമാകുകയും ചെയ്ത ഒരു പുസ്തകമുണ്ട്. അതിലെ ഏഴാം അധ്യായത്തില്‍ ഫ്രോയിറ്റ് മുതല്‍ ഡോ: വിളയന്നൂര്‍ രാമചന്ദ്രനും ഒളിവര്‍ സാക്സും വരെയുള്ള മന:/മസ്തിഷ്ക ഗവേഷകരുടെ അനാവരണങ്ങളെ സംഗ്രഹിച്ച് മനുഷ്യ മസ്തിഷ്കത്തിന്റെ അവസ്ഥാന്തരങ്ങളും അതില്‍ ദൈവത്തിന്റെ ഇരിപ്പിടവുമൊക്കെയാണ് ഞാന്‍ ചര്‍ച്ചക്കു വച്ചിട്ടുള്ളത്.

    ഇപ്പോള്‍ ബാബു മാഷിന്റെ ഈ ലേഖനം കണ്ടപ്പോള്‍ ഞാന്‍ ആ പേജുകളാണോ വായിക്കുന്നതെന്നു തോന്നിപ്പോയി…അത്രയ്ക്കും ആശയ സാമ്യം…സമാനമനസ്കരായവരെ കാണുമ്പോഴുള്ള സന്തോഷം പറയാവതല്ല.
    ദൈവം നമ്മുടെ തലയിലാണ് എന്ന ഒറ്റവാചകത്തില്‍ തന്നെ അതു സംഗ്രഹിക്കാം.

    ഒരു ഹൈസ്കൂള്‍ അധ്യാപകന്‍ ഇടയ്ക്കിടെ ചില അദൃശ്യ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. ആ‍ദ്യമാദ്യം അവ അമൂര്‍ത്തമായിരുന്നെങ്കിലും പിന്നീട് അവ ദൈവത്തിന്റെ അശരീര ഉത്തരവുകള്‍ ആണെന്ന് അധ്യാപകനു മനസ്സിലാകുന്നു (അഥവാ അങ്ങനെ അദ്ദേഹം വിശ്വസിക്കുന്നു).മരണത്തെക്കുറിച്ചും അതീന്ദ്രീയ ജ്ഞാനത്തെക്കുറിച്ചുമൊക്കെ ദൈവം അദ്ദേഹത്തോട് പറഞ്ഞുകൊണ്ടേയിരുന്നു.വീട്ടില്‍ ക്രമേണ പൂജകളും പ്രാര്‍ത്ഥനകളും കൂടിക്ക്കൂടി വന്നു – ഏതാണ്ട് ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രത്തിലെ ശ്രീനിവാ‍സന്റെ ‘സ്വാമി’ വേഷത്തിന്റെ അവസ്ഥ. പൂര്‍ണ്ണമായി ഇതിന് ആ അധ്യാപകന്‍ കീഴ്പ്പെട്ടുവെന്ന് പറയാനാവില്ലായിരുന്നു. ഇടയ്ക്കിടെ ഏതോ നിമിഷങ്ങളില്‍ അയാള്‍ നോര്‍മലാകും, ദിവസങ്ങളോളം വലിയ പ്രശ്നമില്ലാതെയിരിക്കും. സങ്കടകരമായ കാര്യമെന്തെന്നാല്‍, തന്റെ ഈ അസ്തിത്വമാറ്റം രോഗിക്ക് അറിയാമെന്നുള്ളതായിരുന്നു. അതില്‍ നിന്നു മോചിതനാകാനുള്ള ആഗ്രഹം മൂക്കുമ്പോളൊക്കെ അദ്ദേഹം ഡിപ്രഷനിലേക്കു കൂപ്പുകുത്തും, ഇടയ്ക്കു വൈദ്യസഹായം തേടും..വീണ്ടും ഒരു ദൈവ വെളിപാടുണ്ടാകും..പിന്നെ പുജ, മന്ത്രവാദക്രിയകള്‍, മറുഭാഷയില്‍ എന്തൊക്കെയോ പുലമ്പല്‍. നാട്ടുകാര്‍ അദ്ദേഹത്തെ സിദ്ധനായിക്കണ്ട് ആരാധനയും തുടങ്ങി കുറേശ്ശെ. Atypical Schizophrenia എന്ന അപൂര്‍വ (undifferentiated എന്നും വിളിക്കും) മനോരോഗം ആയിരുന്നു ഞങ്ങടെ ഡയ്ഗ്നോസിസ്. (വടക്കും നാഥനില്‍ മോഹന്‍ ലാലിനു വരുന്ന മതിഭ്രമം ലാക്ഷണികമായി നോക്കിയാല്‍ ഈ രോഗമാണ് – ബൈ പോളാര്‍ ഡിസോഡര്‍ അല്ല.)

    ഹാലോപ്പെരിഡോള്‍ മുതല്‍ റിസ്പെരിഡോണ്‍ വരെയുള്ള കടുത്ത മരുന്നുകളുമായി ഏതാണ്ട് 6 മാസം പ്രാഥമിക ചികിത്സ കഴിഞ്ഞപ്പോള്‍ ‘ദൈവവിളികള്‍’ നിന്നു. മറുഭാഷപറച്ചിലും മന്ത്രവാദവുമൊക്കെ എങ്ങോ പോയ് മറഞ്ഞു. സോഡിയം വാല്പ്രോയേറ്റു കൊണ്ട് ഒരു കോഴ്സ് കഴിഞ്ഞതോടെ അകാരണമായ ഡിപ്രഷനും പൊട്ടിക്കരച്ചിലുകളും നിന്നു. (ഇന്ന് അദ്ദേഹം ഒരു കോളെജ് ലെക്ചറര്‍ ആണ്)

    പിന്നീടൊരിക്കല്‍ കൌണ്‍സലിംഗിനു വന്നപ്പോള്‍ അദ്ദേഹം പ്രഫസറോട് പറയുന്നതു കേട്ടു: ” എന്റെ മുത്തശ്ശിയുടെ പരാതി, എന്റെ ദേഹത്തു കുടിയേറിയ ദേവിയെ നിങ്ങളൊക്കെ കൂടി ഒഴിപ്പിച്ചുകളഞ്ഞുവെന്നാണ് “. അദ്ദേഹം അതും പറഞ്ഞ് പൊട്ടി പൊട്ടിച്ചിരിച്ചു!

     
    • vrajeshp

      Oct 17, 2011 at 04:40

      കടുത്ത മരുന്നുകള്‍ എന്ന പ്രയോഗം ഒഴിവാക്കപ്പെടേണ്ടതാണ്‍.ഓരോ രോഗിക്കും ആവശ്യമായ മരുന്നുകള്‍ ആണ്‍ ഡോക്റ്റര്‍ നിര്ദ്ദേശിക്കുന്നത്..

       
  6. സി. കെ. ബാബു

    Jan 19, 2008 at 18:07

    പ്രിയ സൂരജ്,

    ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ഒരു മാനസികരോഗിയെപ്പറ്റി കുറച്ചു് വര്‍ഷങ്ങള്‍ക്കു് മുന്‍‌പു് വാര്‍ത്തയില്‍ കേട്ടിരുന്നു. അങ്ങനെ ചെയ്യാന്‍ അയാളോടു് ദൈവത്തിന്റെ സ്വരമാണത്രേ കല്പിച്ചതു്.

    ഈ അടുത്തയിട ജര്‍മ്മനിയില്‍ സ്വന്തം മൂന്നു് മക്കളെ കൊന്ന ഒരമ്മയുടെ രോഗവും religious mania ആയിരുന്നത്രേ! അവരിപ്പോള്‍ ചികിത്സയിലാണു്.

    രണ്ടു് ദിവസത്തിനുള്ളില്‍ പുനര്‍ജനിക്കുമെന്നു് അവകാശപ്പെട്ടു് ഛത്തിസ്ഗഢില്‍ ഒരു സന്യാസി ആത്മഹത്യ ചെയ്തതിനെപ്പറ്റി 24.12.2007-നു് മൂര്‍ത്തി ഒരു പോസ്റ്റ് ഇട്ടിരുന്നു.

    വട്ടുതന്നെ ഇവറ്റകള്‍ക്കു്! ഇക്കൂട്ടരെ നേരത്തേ ചികിത്സിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്രയോ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞേനെ.

    മതപ്രവാചകര്‍ ദൈവത്തിന്റെ സ്വരം കേള്‍ക്കുന്നതും ഒരു മാനസികരോഗമാണെന്നു് അബദ്ധത്തിലെങ്ങാന്‍ പറഞ്ഞാല്‍ മതി, മതവിശ്വാസികള്‍ ഒന്നടങ്കം കൊലവിളിയുമായി പുറകെയെത്താന്‍. കഷ്ടം തന്നെ!

    ലിങ്ക് നല്‍കിയതിനു് നന്ദി.

     
  7. താരാപഥം

    Jan 24, 2008 at 19:31

    വായിക്കുന്നുണ്ട്‌. ചില കാര്യങ്ങള്‍ യോജിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു. അത്‌ താങ്കളുടെ കാഴ്ചപ്പാട്‌ എനിക്ക്‌ ഇല്ലാത്തതുകൊണ്ടാവാം.
    (1) കാര്യകാരണങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍, അതിനെ ഒരു നിയമവും ഭരിക്കുന്നില്ല എന്നു പറയുന്നുണ്ട്‌. പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു വസ്തു ഒരേ സമയം കാരണവുമാണ്‌, കാര്യവുമാണ്‌. അതുകൊണ്ട്‌ മാറ്റിനിര്‍ത്തുന്നത്‌ യുക്തിയല്ല എന്നു തോന്നുന്നു.
    (2) മനുഷ്യരുടെ പെരുമാറ്റരീതികളുടെ അടിസ്ഥാനം ജനനം മുതല്‍ തലച്ചോറിലെത്തുന്ന ഓര്‍മ്മസമ്പത്താണ്‌ എന്ന് പറയുന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല. ഒരേ തരത്തിലുള്ള കാര്യങ്ങള്‍ കേട്ടും കണ്ടും പഠിച്ചും വളരാന്‍ മാത്രം അനുവദിച്ചിട്ടുള്ള കുട്ടികളില്‍ നിന്ന് ഒരേതരത്തിലുള്ള പെരുമാറ്റവും എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതില്‍ ഒരേ തീരുമാനവും പ്രതീക്ഷിക്കാമോ. ചില കാര്യങ്ങള്‍ കണ്ടീഷ്യന്‍ ചെയ്തെടുക്കാം എന്നല്ലാതെ.
    (3) ദൈവത്തിന്‌ മരണം ഒഴിവാക്കാന്‍ കഴ്യാതെവരുമ്പോള്‍ വിശ്വാസി നിരീശ്വരവാദിയാകും എന്നു പറയുന്നതിനോടും യോചിക്കാന്‍ കഴിയുന്നില്ല. ജനനവും മരണവും അനിവാര്യമായതാണ്‌ എന്ന് പഠിപ്പിക്കുന്ന ദര്‍ശ്ശനങ്ങള്‍ നിരവധിയുണ്ടല്ലോ ഭാരതത്തില്‍. അതിനോടെല്ലാം നിഷേധാത്മകമായ നിലപാടാണെങ്കില്‍ എല്ലാ വാദവും പിന്നാലെ വന്നുകൊള്ളും. ( ഭ.ഗീ. 2-22 ഉം, 2-27 ഉം ശ്ലോകം താങ്കള്‍ക്കും അറിയാമെന്നു തോന്നുന്നു.)

     
 
%d bloggers like this: