RSS

അണുബാധയും ആരോഗ്യപരിപാലനവും

02 Jan

എന്റെ കൈവശം 1996-ലെ ഒരു ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം ഡിക്‍ഷ്‌ണറിയുണ്ടു്.* കേരളത്തിലെ ചില ആശുപത്രികളില്‍ അണുബാധയുണ്ടായതായി കേട്ടപ്പോള്‍, ഈ അണുവിനെ അടുത്തറിയാനായി ആ ഗ്രന്ഥം ഒന്നു് തുറന്നു് നോക്കാമെന്നു് കരുതി. സ്വാഭാവികമായും ബാക്റ്റീരിയ എന്ന പദമാണു് ആദ്യം തേടിയതു്. ഏകവചനമായ bacterium ജീവാണു, രോഗാണു എന്നും, ബഹുവചനം bacteria എന്നും രേഖപ്പെടുത്തിയിരുന്നു. ശൂന്യാകാശത്തില്‍ ഡാര്‍ക്ക് മാറ്ററിന്റെ അസ്തിത്വം കണ്ടെത്തിയ ശാസ്ത്രജ്ഞന്റെ സന്തോഷമായിരുന്നു എനിക്കു്. കാരണം, സാധാരണഗതിയില്‍ തേടുന്നതു് കാണാന്‍ കഴിയാത്തതും, തേടാത്തവ കാണേണ്ടിവരുന്നതും ഈ ഗ്രന്ഥത്തിന്റെ സ്വഭാവഗുണമായതിനാല്‍, കഴിയുമെങ്കില്‍ അതു് ഉപയോഗിക്കരുതെന്നു് ഞാന്‍ എന്നെ പഠിപ്പിച്ചിരുന്നു. ഇന്‍ഫെക്ഷനു്‌ വൈറസും കാരണമാവാം എന്നതിനാല്‍ ആ വാക്കുകൂടി നോക്കാം എന്നു് കരുതിയപ്പോഴാണു് ഞാന്‍ വളരെ നേരത്തെയാണു് സന്തോഷിച്ചതെന്നു് മനസ്സിലായതു്. 1040-ാ‍മത്തെ പേജിലെ viceroy-യോടു് വിട പറഞ്ഞ എന്നെ നേരിട്ടതു് 1073-ാ‍മത്തെ പേജിലെ wolf ആണു്! അതായതു്, ആ ഗ്രന്ഥത്തില്‍ 32 പേജുകള്‍ ഇല്ല! ബൈന്‍ഡ് ചെയ്തപ്പോല്‍ പിണഞ്ഞ അബദ്ധമോ, കടലാസ്‌ ലാഭിക്കാന്‍ ചെയ്ത സൂത്രമോ എന്നറിയില്ല. വൈസ്‌റോയ്‌ക്കും വോള്‍ഫിനും ഇടയ്ക്കു് വരാവുന്ന ഏതെങ്കിലും ഒരു വാക്കു് തേടേണ്ടതായ ആവശ്യം ഇതിനു് മുന്‍പു് എനിക്കു് ഉണ്ടായിട്ടില്ല എന്നതിനാലാണു്‌ ഈ തട്ടിപ്പു് ഇതുവരെ എനിക്കു് അറിയാന്‍ കഴിയാതെ പോയതു്‌. അതാണു് കേരളത്തിന്റെ ഒരു പ്രത്യേകത. കേരളത്തിലെ ഒരു ഉത്പന്നം ഒരിക്കല്‍ വാങ്ങിയവന്‍ പിന്നീടു് ഒരു കേരളീയ ഉത്പന്നം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കും. ഒരു മുന്‍കരുതല്‍, അത്രതന്നെ! ക്വാളിറ്റി കണ്ട്രോള്‍ എന്ന ഒരേര്‍പ്പാടു് കേരളീയനു് അജ്ഞാതമാണല്ലോ. ഒരു സ്ക്രൂഡ്രൈവര്‍ അവനു് പ്ലൈയേഴ്സും, വെട്ടുകത്തിയും, കോടാലിയുമാണു്. ഒക്കുമെങ്കില്‍ ചെവിതോണ്ടിയും പല്ലുകുത്തിയും അതുകൊണ്ടുതന്നെ ഒപ്പിക്കും. കേരളീയ വര്‍ക്ക്മാന്‍ഷിപ്പിന്റെ മേന്മ മൂലമാവാം, തൂങ്ങിമരിക്കാനുള്ള കയറുതന്നെ കഴിയുമെങ്കില്‍ തമിഴ്‌നാട്ടില്‍നിന്നും ഇറക്കുമതി ചെയ്യാനാണു് ഇപ്പോള്‍ കേരളീയനു് താത്പര്യം. തമിഴന്റെ കയറില്‍ തൂങ്ങിയാല്‍ പൊട്ടി താഴെവീഴാതെ ചാവുമെന്നെങ്കിലും ഉറപ്പുണ്ടു്.

അണുഗവേഷണം മതിയാക്കി കേരളകൗമുദിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ വായിക്കാമെന്നു് കരുതി. ജന്മനാട്ടില്‍ പുതിയ വല്ല അഴിമതിയോ അണുബാധയോ കയ്യേറ്റമോ കയ്യാങ്കളിയോ ഉണ്ടാവുന്നതു് ഞാന്‍ അറിയാതെ പോകരുതു്. അതില്‍ “പാവം അണുക്കള്‍” എന്നൊരു ലേഖനം കണ്ടു.** ഞാന്‍ പ്രധാനമായും അറിയാനിച്‌ഛിച്ചതും കേരളകൗമുദി വച്ചുനീട്ടിയതും അണുക്കള്‍! അതുകൊണ്ടു്‌ മനം കുളിര്‍ക്കെ വായിച്ചു. ഒരു മരണപരമ്പര സൃഷ്ടിക്കാന്‍ തക്ക ശേഷിയൊന്നും ബാക്റ്റീരിയക്കില്ലെന്നും, ആഹരിക്കുക വിസര്‍ജ്ജിക്കുക പ്രത്യുത്പാദനം നടത്തുക എന്നിവയൊഴികെ മറ്റു് യാതൊരു ദുരുദ്ദേശവും അവയ്ക്കില്ലെന്നും ആ ലേഖനത്തില്‍ നിന്നും മനസ്സിലാക്കി. അതിപ്പോള്‍ അത്ര വലിയ ഒരു കാര്യമാണോ? ഈ മൂന്നു് കാര്യങ്ങളല്ലാതെ മറ്റൊന്നും മലയാളികളും ചെയ്യാറില്ലല്ലോ. പിന്നെ എങ്ങനെ ഈ അണുബാധ കേരളസമൂഹത്തെ പിടിച്ചുകുലുക്കി ഭയത്തിലാഴ്ത്താന്‍ മാത്രം വളര്‍ന്നു് പന്തലിച്ചു? അതു് തെറ്റു് മറച്ചുപിടിക്കാന്‍ മോഡേണ്‍ മെഡിസിന്‍ നടത്തിയ ഒരു പ്രോപഗാന്‍ഡ ആയിരുന്നു എന്ന വാര്‍ത്ത ശരിയായിരിക്കുമോ? തെറ്റു് സമ്മതിക്കല്‍ ചിലര്‍ക്കെങ്കിലും പരാജയപ്പെടലാണു്. അതു് മനസ്സിലാക്കാം. തെറ്റു് സമ്മതിച്ചതുകൊണ്ടാണു് ആദാമും ഹവ്വായും പറുദീസയില്‍ നിന്നു് പുറത്താക്കപ്പെട്ടതുതന്നെ. മനുഷ്യന്റെ സ്വയംപരിപാലനത്തെ സഹായിക്കാനായി ഭാവിയിലെങ്കിലും മനുഷ്യന്‍ തെറ്റു് സമ്മതിക്കാതിരിക്കുകയാണു് വേണ്ടതെന്നതും നീതീകരിക്കാം. എന്നിട്ടും എന്തോ ഒരു അസ്വസ്ഥത. ഒരഭിപ്രായം കേട്ടാല്‍, എല്ലാവരും അതേ അഭിപ്രായക്കാരാണോ, അതോ ചിലരെങ്കിലും അതിനു് വിപരീതമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു് അന്വേഷിക്കണമെന്ന, വിശപ്പും ദാഹവും പോലെ എന്നെ പിടി കൂടിയിരിക്കുന്ന ഒരുതരം രോഗമാണു് ഈ അസ്വസ്ഥതയുടെ കാരണം. എന്റെ ഭാഗ്യത്തിനും ഭാരത്തിനുമെന്നേ പറയേണ്ടൂ, ആകാശത്തിനു് മുകളിലും താഴെയുമുള്ള മിക്കവാറും എല്ലാ കാര്യങ്ങളെപ്പറ്റിയും ആരെങ്കിലും എന്നെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടും കുറിച്ചുവച്ചിട്ടുമുണ്ടു്‌. നിരോധനം ലംഘിച്ചു് പഴം പറിച്ചുതിന്നു് അതിന്റെ സ്വാദു് മറ്റുള്ളവരെ എഴുതി അറിയിച്ചതിന്റെ പേരില്‍ “ദൈവങ്ങള്‍” കൊന്നുകളഞ്ഞവരും അവരുടെ ഇടയില്‍ വിരളമല്ല. പക്ഷേ, എനിക്കവരെ ബഹുമാനമാണു്. കാരണം, അവരില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്നതിനേക്കാള്‍ വളരെയേറെ മണ്ടനായിരുന്നേനെ!

കോടാനുകോടി ബാക്റ്റീരിയ നമുക്കു് ചുറ്റും വസിക്കുന്നുണ്ടെങ്കിലും, ഒരു ബാക്റ്റീരിയക്കടലിലാണു് നമ്മുടെ കിടപ്പും നടപ്പുമെങ്കിലും, എന്തുകൊണ്ടു് നമ്മള്‍ “പച്ചപ്പടക്കനേന്നു്” ചത്തുവീഴുന്നില്ല എന്നു് ലേഖകന്‍ ചോദിക്കുന്നു. ഈ ചോദ്യം ലാഘവബുദ്ധിയോടെയല്ല അദ്ദേഹം ചോദിക്കുന്നതെന്നു് ഞാന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്നു. കാരണം, 1347 മുതല്‍ 1351 വരെയുള്ള വെറും നാലു് വര്‍ഷങ്ങളില്‍ പശ്ചിമയൂറോപ്പിലെ മൂന്നിലൊന്നു് ജനങ്ങളുടെ (ഏകദേശം 250 ലക്ഷം മനുഷ്യര്‍!) ജീവന്‍ അപഹരിച്ച പ്ലേഗിനെപ്പറ്റി കേട്ടിട്ടുള്ളവര്‍, അണുബാധയും പകര്‍ച്ചവ്യാധിയും ശുചിത്വമില്ലായ്മയും പരിസ്ഥിതിമലിനീകരണവുമൊന്നും ലാഘവബുദ്ധിയോടെ കാണുമെന്നു് കരുതാന്‍ എനിക്കു് കഴിയുന്നില്ല. പ്ലേഗില്‍ മരിച്ചവര്‍ അഗതികളും, ചേരിപ്രദേശത്തുള്ളവരും മാത്രമായിരുന്നില്ല. രാജാവും, രാജ്ഞിയും, കര്‍ദ്ദിനാളും, ബിഷപ്പുമെല്ലാം ആ “ബ്ലാക്ക് ഡെത്തിനു്‌” മുന്‍പില്‍ അടിയറവു്‌ പറയേണ്ടിവന്നു. അതുകൊണ്ടു്‌, ഗൌരവതരമായ ശ്രദ്ധ ഇല്ലാതിരുന്നാല്‍ മനുഷ്യര്‍ കൂട്ടത്തോടെ മരിച്ചുവീഴാമെന്നു് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നതു് നല്ലതാണു്.

മാരകമായ രോഗങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരും മൃഗങ്ങളും യഥേഷ്ടം തുറസ്സായി നിക്ഷേപിക്കുന്ന മലവും മൂത്രവും കഫവും ഛര്‍ദ്ദിയും മഴയിലൊലിച്ചു്, വെയിലിലുണങ്ങി, കാറ്റില്‍ പറന്നു് അന്തരീക്ഷത്തില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്ന തെരുവുകളിലൂടെ ഉന്തുവണ്ടിയില്‍ ആഹാരങ്ങള്‍ വില്‍ക്കുന്നവരില്‍ നിന്നും അതു് വാങ്ങി കഴിക്കുന്നവര്‍ ഉടനെയോ, ഭാവിയിലോ രോഗബാധിതരാവുന്നുണ്ടോ, അതുവഴി മരിക്കുന്നുണ്ടോ എന്നൊക്കെ ആരാണു് പഠിക്കുന്നതു്? പരിശോധിക്കുന്നതു്? ആഹാരം അധികപങ്കും തിളച്ച വെള്ളത്തില്‍ വേവിച്ചും, എണ്ണയില്‍ പൊരിച്ചുമൊക്കെയാണു് വില്‍ക്കുന്നതു് എന്നതു് അതിലെ രോഗാണുക്കള്‍ നശിക്കുന്നതിനു് സഹായകമാവുന്നുണ്ടാവാം. ചെറുപ്പം മുതലേ അതുപോലുള്ള സാഹചര്യങ്ങളില്‍ വളരുന്ന മനുഷ്യരില്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തിയും അതിനനുസരിച്ചു് വളരുന്നുണ്ടാവാമെന്നതു് ഒരു പരിധി വരെയെങ്കിലും രോഗങ്ങളെ ചെറുത്തുനില്‍ക്കാന്‍ കഴിയുന്നതിന്റെ കാരണവുമാവാം. ചൂടുകൂടിയ രാജ്യങ്ങളില്‍ ബാക്റ്റീരിയ തണുത്ത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ പെരുകുമെന്നതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണു് വേണ്ടതു്. AIDS-നെതിരെ പൂര്‍ണ്ണവിജയം നേടാന്‍ ഇന്നും കഴിഞ്ഞിട്ടില്ലെന്ന വസ്തുതയുടെ വെളിച്ചത്തില്‍, ഒരു മ്യൂട്ടേഷന്റെ ഫലമായി രൂപമെടുത്തേക്കാവുന്ന പുതിയ ബാക്റ്റീരിയയുടെയോ, വൈറസിന്റെയോ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഉടനടി മനുഷ്യനു് കഴിയണമെന്നില്ല. മനുഷ്യരില്‍ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന അത്രതന്നെ പ്രാധാന്യമേറിയതാണു് അപായസാദ്ധ്യതകളെ അവഗണിക്കരുതെന്നതും. ഒരു ചെറിയ അംശം ഭയം നല്‍കിയാണു് പ്രകൃതി ജീവജാലങ്ങളെ ഭൂമിയില്‍ ആക്കിയിരിക്കുന്നതു്. അതു് നിലനില്‍പിനു് അനുപേക്ഷണീയവുമാണു്. അതൊരു ബലഹീനതയല്ല. പക്ഷേ, മനുഷ്യന്റെ ഓരോ ചിന്തയും, ഓരോ പ്രവൃത്തിയും നിരന്തരം വീക്ഷിക്കപ്പെടുന്നു എന്നു് പഠിപ്പിക്കപ്പെടുമ്പോള്‍, ഭയം പിന്‍തുടരല്‍ഭീതിയായി, കുറ്റബോധമായി, പരിണമിക്കുന്നതുമൂലം അതൊരു ബലഹീനതയായി മാറുന്നു എന്നു് മാത്രം. വീക്ഷകനായ ഒരു “ബിഗ് ബ്രദറിനെ” പ്രതിനിധീകരിക്കുന്നവര്‍ക്കു് മനുഷ്യനെ ആജ്ഞാനുവര്‍ത്തിയാക്കാന്‍ തന്മൂലം വലിയ ബുദ്ധിമുട്ടുമില്ല.

വേണ്ടത്ര വൈദഗ്ദ്ധ്യമോ, പരിശീലനമോ ഇല്ലാതെ, എന്തിനും ഏതിനും മാരകമായ മരുന്നുകള്‍ കോരിയൊഴിച്ചു് വിളനിലത്തെ വിഷനിലമാക്കുന്നതും, മുന്‍പു് സൂചിപ്പിച്ച മലിനീകരണങ്ങളുമൊക്കെ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്നും, അമ്മമാര്‍ ചാപിള്ളകളേയും, വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളേയുമൊക്കെ പ്രസവിക്കുന്നതിനു് കാരണമാവുന്നുണ്ടോ എന്നുമൊക്കെ അറിയാന്‍, വേണ്ടത്ര പഠനം നടത്തുവാന്‍, കേരളത്തില്‍ ആര്‍ക്കെവിടെ സമയം? വളര്‍ച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കാനുള്ള സാദ്ധ്യത കുറവാണെന്നതു്, അവര്‍ക്കോ, മറ്റു് കുഞ്ഞുങ്ങള്‍ക്കോ അണുബാധയുണ്ടാവുന്നതിന്റെ നീതീകരണമാവുകയില്ല. കുഞ്ഞുങ്ങളായാലും, മുതിര്‍ന്നവരായാലും, രോഗികള്‍ കിടക്കുന്ന മുറികള്‍ അണുവിമുക്തമായി സൂക്ഷിക്കുവാനുള്ള കടമ ജീവനക്കാര്‍ക്കുണ്ടു്. ശുചിത്വത്തിനും ആരോഗ്യപരിപാലനത്തിനും തടസ്സമായി നില്‍ക്കുന്നതു് സന്ദര്‍ശകരുടെ എണ്ണമോ പെരുമാറ്റമോ മറ്റെന്തുതന്നെയോ ആയാലും, അതിനെതിരായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു് നടപ്പാക്കാനുള്ള കടമ മാത്രമല്ല, അധികാരവും അവകാശവും ജീവനക്കാര്‍ക്കുണ്ടായിരിക്കണം. ജോലിയുടെ സാങ്കേതിക വശങ്ങള്‍ അറിയുന്നതും അറിയേണ്ടതും ജോലിക്കാരാണു്, സന്ദര്‍ശകരല്ല.

ജനനം മുതല്‍ മരണം വരെ മനുഷ്യര്‍ നേരിടേണ്ടിവരുന്നതു് ശത്രുതാപരമായ ചുറ്റുപാടുകളെയാണു്. മനോഹരമായ പ്രകൃതിയുടെ മറുവശം ക്രൂരമാണു്. പിഴയ്ക്കുന്ന ഒരു ചുവടു് അവസാനചുവടായി മാറാം. എത്ര ശ്രദ്ധിച്ചാലും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നും വരാം. മനുഷ്യനു് ശ്രദ്ധിക്കാന്‍ കഴിയാത്ത ഒട്ടേറെ കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ പ്രകൃതി തയ്യാറായിരുന്നില്ലെങ്കില്‍ യുഗങ്ങളിലൂടെയുള്ള യാത്ര മനുഷ്യന്‍ അതിജീവിക്കുമായിരുന്നോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിനു്, മനുഷ്യശരീരത്തില്‍ രോഗപ്രതിരോധത്തിനുള്ള സജ്ജീകരണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പണ്ടേ മനുഷ്യര്‍ അണുക്കളുടെ ആക്രമണഫലമായി ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായേനെ! ചര്‍മ്മവും, ശ്ലേഷ്മപാളികളും അണുക്കള്‍ ശരീരത്തില്‍ കടക്കാതെ നമ്മെ സംരക്ഷിക്കുന്നു. ബോധപൂര്‍വ്വമായ നമ്മുടെ പങ്കാളിത്തം പോലും പലപ്പോഴും അതിനു് ആവശ്യമില്ല. തുമ്മല്‍, ചുമ മുതലായ reflex വഴി സ്വയംപ്രേരിതമായി ശരീരം നമ്മെ അപകടകരമാവുമായിരുന്ന എത്രയോ സാഹചര്യങ്ങളില്‍ നിന്നു് രക്ഷപെടുത്തുന്നു. അണുക്കളിലെ പ്രയോജനകരമായവയെ ശരീരത്തില്‍ കുടിയിരുത്താനും, അല്ലാത്തവയെ നശിപ്പിക്കാനുമുള്ള ശേഷി യുഗങ്ങളിലൂടെ പ്രകൃതി മനുഷ്യരില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. എന്തെങ്കിലും കാരണത്താല്‍ പ്രതിരോധശേഷി കുറഞ്ഞവരില്‍ കയറിപ്പറ്റുന്ന ബാക്റ്റീരിയയെയും, വൈറസിനെയും ചെറുക്കാന്‍ ശരീരത്തിനു് കഴിയാതെ വരുന്നതിനാലാണു് അതു് രോഗത്തിനു് നിദാനമായിത്തീരുന്നതു്.

മനുഷ്യനെ കൊല്ലാനൊന്നും കഴിയില്ലെങ്കിലും ബാക്റ്റീരിയയുടെ വിസര്‍ജ്ജ്യം വിഷമാണെന്നു് ലേഖകന്‍ പറയുന്നു. പക്ഷേ, മനസ്സിനിണങ്ങി ഒന്നു് കക്കൂസില്‍ പോകാം എന്ന ലക്‍ഷ്യവുമായല്ല അണുക്കള്‍ ശരീരത്തില്‍ കയറിപ്പറ്റുന്നതു്. മിടുക്കര്‍ എന്നു് സ്വയം കരുതുന്ന ചില മനുഷ്യര്‍ സമൂഹത്തിന്റെ പൊതുസ്വത്തായ വനഭൂമി കയ്യേറുന്നതുപോലെ, ആതിഥേയശരീരത്തില്‍ കുടിയേറിപ്പാര്‍ത്തു് പെരുകുകയാണു് പരോപജീവികളായ അവയുടെ ലക്‍ഷ്യം. അതിനു് അവ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അങ്ങേയറ്റം വിഭിന്നവുമാണു്. കൂണ്‍ജാതികള്‍ (fungi), ആദിമജീവികള്‍ (protozoans), വിരകള്‍, കൃമികള്‍, ബാക്റ്റീരിയ, വൈറസ്‌ മുതലായ എത്രയോ പാരസൈറ്റുകള്‍ക്കു് ഓരോന്നിനും സ്വന്തവളര്‍ച്ച സാദ്ധ്യമാക്കിത്തീര്‍ക്കാന്‍ അവയുടേതായ പ്രത്യേകരീതികളുണ്ടു്. വളരാനും വംശം വര്‍ദ്ധിപ്പിക്കാനും ഒരു ആതിഥേയശരീരം കൂടാതെ കഴിയില്ലെന്നതാണു് ഇവക്കെല്ലാം പൊതുവായ സ്വഭാവം. കൃമികള്‍ക്കു് അവയുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുമ്പോള്‍, വൈറസിനു് നിലനില്‍ക്കാനും, പെരുകാനും ജീവനുള്ള ഒരു സെല്ലില്‍ പ്രവേശിക്കാതെ സാധിക്കുകയില്ല. അതേസമയം, ബാക്റ്റീരിയകളില്‍ പലതിനും കുറേനാളത്തേക്കു് ജീവനില്ലാത്ത പദാര്‍ത്ഥങ്ങളിലും ജീവിക്കാനും വളരാനും കഴിയും.

ഒരു വൈറസ് ഇന്‍ഫെക്ഷന്‍ ഉദാഹരണമായി എടുക്കാം. പ്രൊട്ടീന്‍ ഉറയില്‍ പൊതിഞ്ഞ ഒരു ജീന്‍ മാത്രമാണു് വൈറസ്‌. ചലിക്കാന്‍ പോലും കഴിയാത്ത വൈറസിനു് പെരുകുക എന്നതല്ലാതെ മറ്റെന്തെങ്കിലും ഒരു ലക്‍ഷ്യമോ കഴിവോ ഇല്ല. അതിനുപോലും ജീവനുള്ള ഒരു സെല്ലില്‍ പ്രവേശിക്കാതെ അതിനു് കഴിയുകയുമില്ല. സ്പര്‍ശനം വഴിയോ മറ്റോ ഒരു സെല്‍ പ്രതലത്തിലെത്തിയാല്‍, തന്റെ മൈക്രൊ കാലുകള്‍ കൊണ്ടു് ആ സെല്‍ തനിക്കു് കുടിയേറാന്‍ അനുയോജ്യമോ എന്നു് വൈറസ്‌ പരിശോധിക്കുന്നു. അനുയോജ്യമെങ്കില്‍ തന്റെ പല്ലുകള്‍ സെല്‍ഭിത്തിയില്‍ കടിച്ചുപിടിച്ചുകൊണ്ടു് ഭിത്തി തുരന്നു് ഉറയില്‍ പൊതിഞ്ഞിരുന്ന ജീന്‍ (DNA) സെല്ലിനുള്ളിലേക്കു് ഒഴുക്കുന്നു. അതോടെ വൈറസിന്റെ ജീവിതലക്‍ഷ്യം നിറവേറ്റപ്പെട്ടു. അതിനുശേഷം ഉറ നശിക്കുന്നു. അകത്തുകടന്ന ജീന്‍ (അഥവാ ഉറയില്ലാത്ത വൈറസ്‌) സെല്‍-DNA-യുടെ ഇടയിലെത്തി അതിനോടു് പറ്റിച്ചേരുന്നു. സെല്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന കോഡില്‍ അതുവഴി വ്യത്യാസം വരുന്നതിനാല്‍ പുതിയ പ്രൊട്ടീനുകള്‍ നിര്‍മ്മിക്കാന്‍ ലഭിക്കുന്ന നിര്‍ദ്ദേശം അനുസരിച്ചുകൊണ്ടു്, ചതി മനസ്സിലാക്കാതെ, തങ്ങള്‍ക്കു് ആവശ്യമെന്ന ധാരണയില്‍ സെല്‍-DNA പ്രൊട്ടീനുകള്‍ നിര്‍മ്മിക്കുന്നു. അവ സെല്ലില്‍ കുടിയേറിയ വൈറസിന്റെ തനിപ്പകര്‍പ്പുകളാണെന്നു് മാത്രം. തിരുത്തപ്പെട്ട കല്‍പനകളാണു് തങ്ങള്‍ക്കു് ലഭിക്കുന്നതെന്നു് തിരിച്ചറിയാതെ, ആത്മഹത്യാപരമായി, സെല്‍-DNA സ്വന്തം വിഭവശേഷി മുഴുവന്‍ വൈറസിന്റെ (ഉറ സഹിതമുള്ള) കോപ്പികള്‍ നിര്‍മ്മിക്കാന്‍ വിനിയോഗിക്കുന്നു. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ സെല്‍ മരിക്കുന്നു. അങ്ങനെ രൂപമെടുക്കുന്ന വൈറസുകള്‍ അടുത്ത സെല്ലുകളിലേക്കു് കുടിയേറുന്നു. ബാക്റ്റീരിയയും, കൂണുകളും, കൃമികളുമൊക്കെ അവയുടെ സ്വന്തമായ മാര്‍ഗ്ഗങ്ങളിലൂടെ പരോപജീവിതം വിജയകരമാക്കാന്‍ ശ്രമിക്കുന്നു.

അണുബാധ നിരുപദ്രവകരമായ എന്തോ ആണെന്ന ധാരണ സാമാന്യജനങ്ങളില്‍ ഉണ്ടായേക്കാവുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഉത്തരവാദിത്വമുള്ളവരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണു്. ആരോഗ്യപൂര്‍വ്വം ജീവിക്കുവാന്‍ ശുചിത്വം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു് ജനങ്ങളെ പഠിപ്പിക്കുകയാണു് ആവശ്യം. ആ ലേഖകന്‍ ആധികാരികമായി പ്രഖ്യാപിക്കുന്നപോലെ, “പട്ടിയും, പൂച്ചയും, കാക്കയും മക്കളെ ലേബര്‍ റൂമില്‍ പ്രസവിക്കാഞ്ഞിട്ടും അവയുടെ വംശം നശിക്കുന്നില്ലാത്തതുകൊണ്ടു്” മനുഷ്യര്‍ അവയെ അനുകരിക്കണമെന്നില്ല. കാരണം, മനുഷ്യര്‍ മൃഗങ്ങളല്ല. ചേരിപ്രദേശങ്ങളിലെ കുഞ്ഞുങ്ങള്‍ അണുബാധയേറ്റു് മരിക്കുന്നില്ല (!?) എന്നതിനാല്‍, എല്ലാ കുഞ്ഞുങ്ങളേയും അവിടേക്കു് പറഞ്ഞുവിടുകയല്ല, സ്വന്തകുറ്റത്താലല്ലാതെ ചേരികളില്‍ ജനിക്കേണ്ടിയും ജീവിക്കേണ്ടിയും വരുന്നവരെ വിദ്യാഭ്യാസം നല്‍കി, ബോധവല്‍ക്കരിച്ചു് അവിടെനിന്നു് രക്ഷപെടേണ്ടതിന്റെ ആവശ്യം സ്വയം ബോദ്ധ്യമാവുന്ന നിലയിലേക്കു് വളര്‍ത്തിക്കൊണ്ടു് വരികയാണു് വേണ്ടതു്. മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവവിധിയാണെന്നു്‌ യുഗങ്ങളിലൂടെ തലയില്‍ അടിച്ചേല്‍പിച്ചവരെ ആ അന്ധവിശ്വാസത്തില്‍ നിന്നും, അതേ അന്ധവിശ്വാസത്തിന്റെ അടിത്തറയായ ദൈവവിശ്വാസത്തിലൂടെയോ, “ശാസ്ത്രങ്ങളുടെ ശാസ്ത്രം” എന്നും മറ്റും കൊട്ടിഘോഷിക്കപ്പെടുന്ന പ്രത്യയശാസ്ത്രവിഡ്ഢിത്തങ്ങളിലൂടെയോ മോചിപ്പിക്കാനാവില്ല. മൃഗങ്ങള്‍ക്കു് മനുഷ്യരേക്കാള്‍ സ്ഥാനവില കല്‍പിക്കുന്ന ഒരു സമൂഹത്തില്‍ മനുഷ്യര്‍ മൃഗങ്ങളേപ്പോലെ ജീര്‍ണ്ണിക്കേണ്ടിവരുന്നതു്, ആ ഗതികേടില്ലാത്ത അവസ്ഥയില്‍ എങ്ങനെയോ എത്തിച്ചേര്‍ന്നവരാല്‍ നീതീകരിക്കപ്പെട്ടു എന്നും വരാം. പക്ഷേ, സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവര്‍ ഉയരാന്‍ കഴിയാതെ പോയവര്‍ക്കു് വഴി കാണിച്ചു്‌ മിടുക്കന്മാര്‍ ചമയാന്‍ ശ്രമിക്കുമ്പോള്‍, കാലാനുസൃതമായ അറിവിന്റെ പിന്‍ബലം അവര്‍ക്കുണ്ടായിരിക്കേണ്ടതാണു്.

നീറ്റ്സ്‌ഷെ പറഞ്ഞപോലെ, ആഴത്തില്‍ നിന്നു്‌ കോരുന്നവനേയും, കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നവനേയും തമ്മില്‍ വളരെ എളുപ്പം തെറ്റിപ്പോകുന്നവരാണു്‌ പൊതുജനമെങ്കിലും, ആ ബലഹീനത മുതലെടുക്കാനുള്ള അധികാരം അവരെ തെളിക്കുന്നവരെന്നു്‌ അവകാശപ്പെടുന്ന ഇടയന്മാര്‍ക്കില്ല.

———————————-
* English-English-Malayalam Dictionary, T. Ramalingampillai, 46th Edition, D.C. Books 1996

** പാവം അണുക്കള്‍: ചിറ്റാറ്റിന്‍കര എന്‍. കൃഷ്ണപിള്ള വൈദ്യകലാനിധി, നേത്രവൈദ്യവിശാരദ്‌, Kerala Kaumudi online Edition 15.05.2007

 

Tags: , , ,

8 responses to “അണുബാധയും ആരോഗ്യപരിപാലനവും

 1. ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|

  Jan 3, 2008 at 10:32

  പ്രസിദ്ധീകരണയോഗ്യമല്ല എന്നൊരു തോന്നല് വേണ്ട…

  ലേഖനം നന്നായിരിക്കുന്നു….:)

   
 2. സി. കെ. ബാബു

  Jan 3, 2008 at 16:31

  നന്ദി, ജിഹേഷ്!

   
 3. സൂരജ്

  Jan 3, 2008 at 23:09

  ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ തന്നെ ‘ജനപദോദ്ധംസനീയം’ എന്ന വിഭാഗത്തിലായി പകര്‍ച്ചവ്യാധികളെക്കുറിച്ച് (ആ കാലഘട്ടത്തിന്റെ സ്റ്റാന്‍ഡാര്‍ഡ് വച്ചു നോക്കുമ്പോള്‍) വളരെ മികച്ചതെന്നു പറയാവുന്ന വിവരണങ്ങള്‍ ഉണ്ട്. പേരില്‍ നിന്ന്, ഇന്നത്തെ “എപ്പിഡീമിയോളജി” (epidemiology) തന്നെയാണ് ഈ ‘ജനപദോദ്ധംസനീയം’ എന്ന് അനുമാനിക്കാവുന്നതാണ്.

  നേത്ര രോഗമായ കണ്‍ജങ്റ്റിവൈറ്റിസിനെക്കുറിച്ചൊക്കെ അതില്‍ വിവരിച്ചിരിക്കുന്നതു കണ്ടാല്‍ അന്നത്തെ ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണപാടവത്തെ നാം എഴുന്നേറ്റു നിന്നു തൊഴും. രോഗാണുക്കള്‍ എന്ന സങ്കല്‍പ്പം പോലുമില്ലാതിരുന്നതെന്ന് നാം കരുതുന്ന ആ കാലഘട്ടത്തില്‍പ്പോലും പകര്‍ച്ചവ്യാധികള്‍ വെള്ളം,സ്പര്‍ശം,ഭക്ഷണം, മലിനാവസ്ഥകള്‍ തുടങ്ങിയ പല സംഗതികളിലൂടെയും പകരുന്നതായി ആ മഹാ ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിരുന്നതായി കാണാം. അതും സമീപപ്രദേശത്തെ പക്ഷിമൃഗാദികളുടെ ഗതിവിഗതികള്‍ വരെ നോക്കിപഠിച്ച്!

  അത്ര മികച്ച ഒരു പാരമ്പര്യത്തില്‍ ഇതുപോലുള്ള “ചിറ്റാറ്റിന്‍ കര…വിശാരദ” ഫൂളുകള്‍ വന്നുപെട്ടതാണ് യഥാര്‍ത്ഥ “സുകൃതക്ഷയം” !

  സത്യത്തില്‍ നിരീക്ഷണങ്ങളുടേയും പരീക്ഷണങ്ങളുടേയും ആ മഹത്തായ പാരമ്പര്യത്തെ അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്ന യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മുന്നോട്ട് കൊണ്ടു പോയത്/പോകുന്നത് ഇവരൊക്കെ പുച്ഛിക്കുന്ന ആധുനിക വൈദ്യമാണ്.
  വേദമാണ്,ദൈവദത്തമാണ്, സംസ്കൃതമാണ് എന്നൊക്കെപ്പറഞ്ഞ് അറിവിനെ ഒഴുകാതെ കിടന്നു പുഴുകുത്തുന്ന ഒരു ചേറ്റു പാടമായി മാറ്റിയത് ഈ വൈദ്യന്മാര്‍ തന്നെ. എന്നിട്ടിപ്പോ പുതിയ വങ്കത്തരങ്ങളുമായി നാട്ടാരെ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നു. കഷ്ടമെന്നേ പറയാവൂ !

   
 4. ഏ.ആര്‍. നജീം

  Jan 4, 2008 at 01:31

  സര്‍,
  വിജ്ഞാനം പകരുന്ന ഈ ലേഖനത്തിന് വളരെ നന്ദി..

   
 5. സി. കെ. ബാബു

  Jan 4, 2008 at 10:16

  സൂരജ്,

  അത്യുന്നതമായിരുന്ന ഭാരതീയ സംസ്കാരം അര്‍ഹത ഇല്ലാത്തവരുടെ കയ്യിലകപ്പെട്ടതുതന്നെയാണു് നമ്മുടെ ശാപം. നിരീക്ഷണത്തോടു് യോജിക്കുന്നു.ആശംസകള്‍!

  നജീം,

  വായിച്ചതിനു് ഞാനും നന്ദി പറയുന്നു.

   
 6. ഭൂമിപുത്രി

  Jan 9, 2008 at 18:10

  നീണ്ടലേഖനം കണ്ടപ്പോള്‍ ഒന്നുമടിച്ചെങ്കിലും,വായിച്ചുവന്നപ്പോള്‍ രസമ്പിടിച്ചു.
  ഈ അറിവുകള്‍ക്ക്നന്ദി ബാബു

   
 7. സി. കെ. ബാബു

  Jan 9, 2008 at 18:38

  ഭൂമിപുത്രി,

  ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ആശംസകള്‍!

   
 8. ഉപ ബുദ്ധന്‍

  Oct 5, 2008 at 06:38

  ഇപ്പോ ആകെ കണ്‍ഫ്യൂഷനിലായി.
  അലോപതി വേണോ?
  പ്രകൃതിജീവനം വേണോ?
  അതോ വേറെ വല്ലതും വേണോ?

  പൃകൃതിനിയമം എന്നൊക്കെ പറയുന്നത് എന്താണാവോ?

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: