RSS

മതവിശ്വാസവും വിജ്ഞാനവിരോധവും

01 Jan

ശാസ്ത്രവിജ്ഞാനത്തിനുനേരെ സഭാനേതൃത്വം ആരംഭകാലം മുതല്‍ പുലര്‍ത്തുന്ന, വേണമെങ്കില്‍ കുടിപ്പകയെന്നു് വിശേഷിപ്പിക്കാവുന്നത്ര ശത്രുതാമനോഭാവത്തോടെയുള്ള മത്സരവും നശീകരണപ്രവണതയും ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ സമീപഭാവിയില്‍ എന്നെങ്കിലും അവസാനിക്കുമെന്നു് കരുതാന്‍ സാദ്ധ്യതയൊന്നും കാണുന്നില്ല. (ഉദാ. ബാധയൊഴിപ്പിക്കാന്‍ വത്തിക്കാന്‍ വൈദികസംഘത്തെ ഒരുക്കുന്നു – വാര്‍ത്ത. സഭാംഗങ്ങളുടെ ബൗദ്ധികനിലവാരത്തെപ്പറ്റിയും, അവര്‍ക്കു് വേണ്ടതു് എന്തെന്നതിനെപ്പറ്റിയും സഭാപിതാക്കളേക്കാള്‍ കൂടുതലായി മറ്റാര്‍ക്കറിയാം?) ഈ മത്സരങ്ങളില്‍ റോമന്‍-കത്തോലിക്കാസഭയുടെ പ്രതിനിധികള്‍ പ്രകടിപ്പിക്കുന്ന പ്രത്യേകതാല്‍പര്യവും, തദനുസൃതം തീക്ഷ്ണമായ പങ്കുവഹിക്കലും, ലൗകികമായി വിലപ്പെട്ടവയ്ക്കെല്ലാമെതിരെ സഭ ഇന്നുവരെ കൈക്കൊണ്ടുപോന്ന ചരിത്രപരമായ നിലപാടുകളെ നിര്‍ബന്ധമായും നീതീകരിക്കുവാനും സംരക്ഷിക്കുവാനുമുള്ള അവരുടെ ബാദ്ധ്യതയില്‍ അധിഷ്ഠിതമാണു്. ശാസ്ത്രീയചിന്താഗതികള്‍ക്കുനേരെ കത്തോലിക്കാസഭ ആരംഭം മുതല്‍ പിന്തുടരുന്ന നിഷേധാത്മകമായ നിലപാടും, ശാസ്ത്രവിജ്ഞാനത്തെ ഉന്മൂലനം ചെയ്യാനുതകുന്ന ഏതു് ക്രൂരമാര്‍ഗ്ഗവും ആശാസ്യമായി കരുതാനും, അവയ്ക്കു് ദൈവികമായ ന്യായീകരണവും, നിയമസാധുത്വവും നല്‍കി അനുഗ്രഹിക്കാനുമുള്ള സഭാനേതൃത്വത്തിന്റെ മടിയില്ലായ്മയും സഭയുടേയും ശാസ്ത്രത്തിന്റേയും ചേരികളിലെ വക്താക്കള്‍ തമ്മില്‍ നികത്താനാവാത്ത വിടവും വിരോധമനോഭാവവും ശക്തിപ്പെടുവാന്‍ പ്രേരിതമായി.

പ്രകൃതിശാസ്ത്രങ്ങളുടെ നവോത്ഥാനത്തിന്റെ ആരംഭകാലഘട്ടങ്ങളില്‍ ചിന്താശേഷിയുള്ളവരും, പ്രതിഭാശാലികളുമായിരുന്ന ചുരുക്കം ചിലര്‍ പ്രകൃതിയിലെ പ്രതിഭാസങ്ങളെ മറ്റൊരു കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ടു് വീക്ഷിക്കുവാനും, വിവക്ഷിക്കുവാനും ശ്രമിച്ചു, അഥവാ ശ്രമിക്കേണ്ടിവന്നു. കാരണം, അവയുടെ സഭാവിശ്വാസത്തിലധിഷ്ഠിതമായ വിശദീകരണങ്ങള്‍ അവരുടെ യുക്തിബോധത്തെ തൃപ്തിപ്പെടുത്തുന്നവയായിരുന്നില്ല. ക്രിസ്തുമതം അതിനോടകം കൂട്ടക്കൊലകളിലൂടെയും രക്തച്ചൊരിച്ചിലുകളിലൂടെയും യൂറോപ്പിലെ മുഴുവന്‍ മനുഷ്യരിലും അടിച്ചേല്‍പ്പിക്കപ്പെട്ടു്‌ കഴിഞ്ഞിരുന്നു എന്നതിനാല്‍, സ്വാഭാവികമായും യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ എല്ലാവരും അക്കാലത്തു് അപവാദമെന്യേ “ജന്മനാ-ക്രിസ്ത്യാനികള്‍” ആയിരുന്നു. തന്മൂലം, അവര്‍ കൈവരിച്ച ശാസ്ത്രീയരംഗത്തെ അറിവുകള്‍ ഒരുവശത്തും, അപ്പോഴേക്കും സര്‍വ്വശക്തിയാര്‍ജ്ജിച്ചു് കഴിഞ്ഞിരുന്ന കത്തോലിക്കാസഭയുടെ പഠിപ്പിക്കലുകള്‍ മറുവശത്തുമായി അവര്‍ ഒരുതരം വൈഷമ്യാവസ്ഥയെ നേരിടേണ്ടി വന്നു. പ്രകൃതിശാസ്ത്രസംബന്ധമായ പഠനങ്ങളും, പരീക്ഷണങ്ങളുമെല്ലാം മതനിന്ദയും ദൈവദൂഷണവുമായി മാറിക്കഴിഞ്ഞിരുന്നു. അതിനുള്ള ശിക്ഷ ജീവനോടെ ചിതയില്‍ ദഹിപ്പിക്കലും! 1600 ഫെബ്രുവരി പതിനേഴിനു് റോമിലെ ചിതാഗ്നിയില്‍ ജീവനോടെ വെന്തെരിയേണ്ടിവന്ന ജിയോര്‍ഡാനൊ ബ്രൂണോ ഈ ക്രൂരതയുടെ ദാരുണമായ ഓര്‍മ്മയായി എക്കാലവും നിലനില്‍ക്കും. സഭയുടെ വീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള നവീനമായ അറിവുകള്‍ അന്വേഷിക്കുകയും, പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതു് അക്ഷരാര്‍ത്ഥത്തില്‍ തീകൊണ്ടുള്ള കളിയായിരുന്നു. ഏതാനും ശാസ്ത്രജ്ഞര്‍ നേടിയ അറിവുകള്‍ക്കു്‌, അവ അസന്ദിഗ്ദ്ധവും യുക്തിസഹവും ആയിരുന്നെങ്കില്‍ തന്നെയും, കത്തോലിക്കാസഭയുടെ നൂറ്റാണ്ടുകളിലൂടെയുള്ള പഠിപ്പിക്കലുകള്‍ വഴി മനുഷ്യമനസ്സില്‍ വേരോടി കഴിഞ്ഞിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ മത്സരിച്ചു് ജയിക്കുക എന്നതു് സ്വാഭാവികമായും അക്കാലത്തു് അത്ര എളുപ്പവുമായിരുന്നില്ല. പുരാതനക്രിസ്തീയമതവിശ്വാസികളുടെ ഇടയില്‍ ലൗകികമായ സകല അറിവുകള്‍ക്കും നേരെ സഭ വളര്‍ത്തിയെടുത്തുകഴിഞ്ഞിരുന്ന വെറുപ്പു് അത്ര അഗാധമായിരുന്നു.

അതേസമയം, ക്രിസ്തീയസഭയുടെ ഇഹലോകജീവിതത്തോടുള്ള നിഷേധാത്മകമായ നിലപാടും വിജ്ഞാനവിരോധവും ഒരു പുതിയ പ്രതിഭാസമല്ല. ബൈബിളിനോളം തന്നെ പഴക്കമുള്ള ഒരു യാഥാര്‍ത്ഥ്യമാണതു്. നന്മതിന്മകളുടെ “അറിവിന്റെ” വൃക്ഷത്തില്‍ നിന്നുള്ള ഫലം ആദാമിനും ഹവ്വായ്ക്കും പോലും ദൈവം (എന്നുവച്ചാല്‍ പുരോഹിതന്‍) വിലക്കുകയായിരുന്നു. പഴയനിയമത്തിലെ ഈ വിജ്ഞാനവിരോധം പുതിയ നിയമത്തിലും പിന്തുടരപ്പെടുന്നു. മനുഷ്യനെ ചൂഷണം ചെയ്യാന്‍ അവന്റെ വിഡ്ഢിത്തത്തോളം അനുയോജ്യമായ മറ്റൊരു മാര്‍ഗ്ഗമെവിടെ? വിശുദ്ധനായ പൗലോസ്‌ ക്രിസ്തുമതത്തിന്റെ യൂറോപ്പിലെ രംഗപ്രവേശം സാദ്ധ്യമാക്കുക മാത്രമല്ല, അന്വേഷിക്കാനും അറിയാനുമുള്ള മനുഷ്യന്റെ മൗലികമായ അവകാശത്തെ കാലുകൊണ്ടു് ചവിട്ടി തേയ്ക്കുകയുമായിരുന്നു. ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവിനെ, ഇഹലോകജീവിതത്തിന്റെ, മനുഷ്യാസ്തിത്വത്തിന്റെ ഏറ്റവും ഉന്നതമായ സ്വത്വത്തെ നിരസിക്കുവാനും നിന്ദിക്കുവാനും പഠിപ്പിക്കുകയായിരുന്നു പൗലോസ്‌. “ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?” എന്നാണു് വിശുദ്ധനായ പൗലോസ്‌ ചോദിക്കുന്നതു് (1. കൊരിന്ത്യര്‍ 1: 20)! സ്വാഭാവികമായും ലോകത്തിന്റെ ജ്ഞാനം എന്നതുകൊണ്ടു് വിശുദ്ധപൗലോസ്‌ ഉദ്ദേശിക്കുന്നതു് തന്റെ ലേഖനങ്ങളിലുടനീളം നിരത്തിയിരിക്കുന്ന സംശയരഹിതമായ സ്വന്തം ജ്ഞാനമല്ല, മറ്റു് മനുഷ്യരുടെ ജ്ഞാനമാണു്. കാരണം, അഹന്താനിഷ്ഠതയുടെ അന്ധതമൂലം, താന്‍ പറയുന്ന കാര്യങ്ങള്‍ ഒരു വിധത്തിലും ഈ ലോകത്തിലെ ഭോഷന്മാരുടെ അറിവുകളല്ലെന്നും, അവ യഹൂദര്‍ക്കും പിന്നെ സകല ജാതികള്‍ക്കും നിത്യജീവന്‍ നേടാനുതകുന്ന ദൈവീകമായ പാപപരിഹാരാചാരക്രമങ്ങളുടെ ക്രോഡീകരണമാണെന്നുമുള്ള കാര്യത്തില്‍ പൗലോസിനു് യാതൊരു സംശയവുമില്ലായിരുന്നല്ലോ.

ലോകത്തിലെ “ഭോഷന്മാരായ” താര്‍ക്കികരെ വെല്ലുവിളിച്ചശേഷം, പൗലോസ്‌ തന്റെ പതിവു് ഡയലെക്ടിക്കല്‍ ഊഞ്ഞാലാട്ടം ആരംഭിക്കുന്നു. ഭോഷത്വത്തില്‍ നിന്നു് ജ്ഞാനത്തിലേക്കു്. ജ്ഞാനത്തില്‍ നിന്നു് ഭോഷത്വത്തിലേക്കു്. ഭോഷത്വത്തില്‍ നിന്നു് ജ്ഞാനത്തിലേക്കു്… ഈ ഊഞ്ഞാലാട്ടം തനിക്കു് കിട്ടേണ്ട ഉത്തരം കിട്ടുന്നതുവരെ ആവര്‍ത്തിക്കപ്പെടുന്നു. ശ്രദ്ധിക്കൂ: “ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു് വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താല്‍ രക്ഷിക്കാന്‍ ദൈവത്തിനു് പ്രസാദം തോന്നി. യഹൂദന്മാര്‍ അടയാളം ചോദിക്കയും, യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശുവിനെ പ്രസംഗിക്കുന്നു; യഹൂദന്മാര്‍ക്കു് ഇടര്‍ച്ചയും ജാതികള്‍ക്കു് ഭോഷത്വവുമുണ്ടെങ്കിലും യഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്‍ക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നെ. ദൈവത്തിന്റെ ഭോഷത്വം മനുഷ്യരേക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാള്‍ ബലമേറിയതും ആകുന്നു.” – (1. കൊരിന്ത്യര്‍ 1: 21 – 25)

ദൈവത്തിന്റെ ജ്ഞാനത്തില്‍ ആരംഭിച്ചു്, ലോകജ്ഞാനത്തിന്റെ പരിമിതിയിലൂടെ, പ്രസംഗത്തെ (തത്കാലത്തേക്കു്) ഭോഷത്വമാക്കി യഹൂദരുടെ അടയാളഭ്രമവും ഗ്രീക്കുകാരുടെ ജ്ഞാനദാഹവും കടക്കുന്നതിനിടയില്‍ (തൊട്ടുമുന്‍പത്തെ നിമിഷം വരെ ഭോഷത്വമായിരുന്ന!) പ്രസംഗത്തെ യേശുവിന്റേതാക്കി, ദൈവികമാക്കി, വീണ്ടും യഹൂദരുടെ ഇടര്‍ച്ചയിലേക്കും (യവനര്‍ അടക്കമുള്ള) ജാതികളുടെ ഭോഷത്വത്തിലേക്കും തിരിച്ചുചെന്നു് മടങ്ങി എത്തുമ്പോഴേക്കും ദൈവത്തിന്റെ (ന്ന്വച്ചാല്‍, പൗലോസിന്റെ) ഭോഷത്വവും, ബലഹീനതയും മനുഷ്യരേക്കാള്‍ യഥാക്രമം ജ്ഞാനമേറിയതും, ബലമേറിയതുമായി മാറുന്നു!

മരിച്ചവരുടെ പുനരുത്ഥാനം സ്ഥാപിക്കാനും ഇതേ തര്‍ക്കശാസ്ത്രസര്‍ക്കസാണു്‌ വിശുദ്ധപൗലോസിന്റെ വാദരീതി: “മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നെ. ദ്രവത്വത്തില്‍ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തില്‍ ഉയിര്‍ക്കുന്നു; അപമാനത്തില്‍ വിതയ്ക്കപ്പെടുന്നു, തേജസ്സില്‍ ഉയിര്‍ക്കുന്നു; ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു, ശക്തിയില്‍ ഉയിര്‍ക്കുന്നു; പ്രാകൃതശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിര്‍ക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കില്‍ ആത്മികശരീരവും ഉണ്ടു്. ഒന്നാം മനുഷ്യനായ ആദാം ദേഹിയായിത്തീര്‍ന്നു എന്നു് എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിക്കുന്ന ആത്മാവായി. എന്നാല്‍ ആത്മികമല്ല, പ്രാകൃതമത്രേ ഒന്നാമത്തേതു്; ആത്മികം പിന്നത്തേതില്‍ വരുന്നു. ഒന്നാം മനുഷ്യന്‍ ഭൂമിയില്‍ നിന്നു് മണ്ണുകൊണ്ടുള്ളവന്‍; രണ്ടാം മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും, സ്വര്‍ഗ്ഗീയനെപ്പോലെ സ്വര്‍ഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്റെ പ്രതിമയും ധരിക്കും.” – (1. കൊരിന്ത്യര്‍ 15: 42 – 49).

യഹൂദശാസ്ത്രിയും താര്‍ക്കികനും ആയിരുന്ന വിശുദ്ധ പൗലോസ്‌ താന്‍ ഈ ലോകത്തിലെ വെറും ഭോഷന്മാരായ താര്‍ക്കികരെപ്പൊലെ ലൗകികനല്ലെന്നും തികച്ചും സ്വര്‍ഗ്ഗീയനാണെന്നും വിശ്വസിച്ചിരുന്നു എന്നു് സാരം. അതുകൊണ്ടാണല്ലോ ദൈവത്തിന്റെ ജ്ഞാനവും ഭോഷത്തവുമൊക്കെ അവസരോചിതം അമ്മാനമാടുവാന്‍ അദ്ദേഹത്തിനു് കഴിയുന്നതു്. ഈ അവകാശം ഉന്നയിക്കുവാന്‍, പണ്ടു് ശൗല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, സ്വന്തം യുവത്വത്തില്‍ ക്രിസ്ത്യാനികളുടെ പരമശത്രുവായിരുന്ന പൗലോസിനേക്കാള്‍ കൂടുതല്‍ യോഗ്യത ആര്‍ക്കാണുള്ളതു്? യേശുവില്‍ വിശ്വസിക്കുകയും, ദൈവരാജ്യം പ്രസംഗിക്കുകയും ചെയ്ത കുറ്റത്തിനു് സ്റ്റെഫാനോസിനെ കല്ലെറിഞ്ഞു് കൊല്ലാന്‍ സമ്മതം നല്‍കുകയും, കല്ലെറിഞ്ഞുകൊണ്ടിരുന്ന “ഏറു്‌സാക്ഷികളുടെ” വസ്ത്രങ്ങളില്‍ സ്റ്റെഫാനോസിന്റെ നിഷ്കളങ്കരക്തക്കറ പുരളാതിരിക്കാന്‍ അവ തന്റെ കൈവശം ഉത്തരവാദിത്വബോധത്തോടെ സൂക്ഷിക്കാന്‍ മടി തോന്നാതിരിക്കുകയും ചെയ്ത വിശുദ്ധനായ പൗലോസ്‌! ബൈബിളില്‍ സ്റ്റെഫാനോസിന്റെ അന്ത്യം ഇങ്ങനെ വര്‍ണ്ണിക്കപ്പെടുന്നു: “കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു് സ്റ്റെഫാനോസ്‌ വിളിച്ചപേക്ഷിക്കയില്‍ അവര്‍ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കര്‍ത്താവേ അവര്‍ക്കു് ഈ പാപം നിറുത്തരുതേ എന്നു് ഉച്ചത്തില്‍ നിലവിളിച്ചു. ഇതു് പറഞ്ഞിട്ടു് അവന്‍ നിദ്ര പ്രാപിച്ചു.” – (അപ്പൊ. പ്രവൃത്തികള്‍ 7: 59, 60)

പില്‍ക്കാലത്തു് പൗലോസായി മാറിയ ശൗലിന്റെ ക്രിസ്തുവിരോധത്തിനു് സ്റ്റെഫാനോസ്‌ മാത്രമല്ല, മറ്റനേകം ആദികാലക്രിസ്ത്യാനികളും ഇരയാകേണ്ടി വന്നു. “എന്നാല്‍ ശൗല്‍ വീടുതോറും ചെന്നു് പുരുഷന്മാരേയും സ്ത്രീകളെയും പിടിച്ചിഴച്ചു് തടവില്‍ ഏല്‍പിച്ചുകൊണ്ടു് സഭയെ മുടിച്ചുപോന്നു.” – (അപ്പൊ. പ്രവൃത്തികള്‍ 8: 3) യേശു കുരിശില്‍ മരിച്ചതുകൊണ്ടു് മാത്രം തൃപ്തിപ്പെടാന്‍ ശൗല്‍ തയ്യാറില്ലായിരുന്നു. ആദിക്രിസ്ത്യാനികള്‍ ഒന്നടങ്കം നശിപ്പിക്കപ്പെടേണ്ടതു് ശൗലിന്റെ ആവശ്യമായിരുന്നു. ജീവനുള്ളവരേയും മരിച്ചവരേയും വീണ്ടെടുക്കാന്‍, അഥവാ തള്ളിക്കളയാന്‍ ഉടനെ സംഭവിക്കുമെന്നു് സംശയലേശമെന്യേ വിശ്വസിച്ച യേശുവിന്റെ രണ്ടാമത്തെ വരവിനും, അവന്‍ സ്ഥാപിക്കാന്‍ പോകുന്ന ദൈവരാജ്യത്തിലെ നിത്യമായ അവകാശത്തിനും വേണ്ടി പ്രത്യാശാപൂര്‍വ്വം പീഡനം അനുഭവിക്കാനും, മരിക്കാനും തയ്യാറായ പാവം മനുഷ്യര്‍! മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നതു് കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നില്‍ക്കുന്നവരില്‍ ഉണ്ടു് എന്നു് ഞാന്‍ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു എന്ന വ്യക്തമായ വാഗ്ദാനം നല്‍കിയിട്ടായിരുന്നല്ലോ യേശു പോയതും. അപ്പോള്‍ പിന്നെ യേശുവിലുള്ള വിശ്വാസത്തിനുവേണ്ടി മരിക്കാന്‍ ഒരു ക്രിസ്ത്യാനി എന്തിനു് മടിക്കണം? രണ്ടായിരം വര്‍ഷങ്ങള്‍ക്കു് ശേഷവും ചില മനുഷ്യര്‍ നിഷ്ഫലമായി കാത്തിരിക്കേണ്ടിവരുന്ന ഒരു ഭ്രാന്തിനുവേണ്ടിയാണു് തന്റേതു് എന്നുപറയാവുന്ന ഒരേയൊരു ജീവിതം കുരുതികഴിക്കുന്നതെന്നു് അന്നു് അറിയാന്‍ കഴിയാതെപോയ ക്രിസ്തുഭക്തര്‍.

 
7 Comments

Posted by on Jan 1, 2008 in മതം, ലേഖനം

 

Tags: , ,

7 responses to “മതവിശ്വാസവും വിജ്ഞാനവിരോധവും

 1. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി

  Jan 2, 2008 at 08:11

  ബാബൂ , വളരെ ഉചിതമായ പോസ്റ്റ് . ബൈബിളിനെ ആദ്യം വിശ്വാസത്തോടെ വായിക്കുമ്പോള്‍ വളരെ സത്യമായി തോന്നിയെന്നും പിന്നീട് സംശയത്തോടെ വായിച്ചപ്പോള്‍ അബദ്ധങ്ങളുടെയും അസത്യങ്ങളുടെയും ഘോഷയാത്രയായി തോന്നിയെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞത് ജോസഫ് ഇടമറുക് ആണെന്ന് തോന്നുന്നു .

   
 2. സി. കെ. ബാബു

  Jan 3, 2008 at 09:17

  K. P. S.,

  വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

   
 3. Friendz4ever // സജി.!!

  Jan 5, 2008 at 09:45

  വിക്ഞാനപ്രദമായൊരു ലേഖനം തയ്യാറാക്കുവാന് താങ്കള്‍ക്ക് അഭിനന്ദനാര്‍‌ഹമായതു തന്നെ.
  .പുതുവത്സരാആശംസകള്‍…

   
 4. സി. കെ. ബാബു

  Jan 5, 2008 at 10:34

  friedz4ever,

  നന്ദി. പുതുവത്സരാശംസകള്‍!

   
 5. സൂരജ്

  Jan 12, 2008 at 13:28

  വിജ്ഞാന വിരോധത്തിന്റെ ഇരുണ്ട കാലത്തിനു ശേഷം ഇപ്പോള്‍ ‘തനിക്കാക്കി വെടക്കാക്കുക’ എന്ന ലൈനിലായിരുന്നല്ലോ മതങ്ങള്‍.
  കോസ്മാളജിയും ക്വാണ്ടം ഫിസിക്സും കുഴച്ചുരുട്ടിയാണ് ഭഗവദ് ഗീതയും ഉപനിഷത്തുകളും ഉണ്ടാക്കിയിരിക്കുന്നത്, പരിണാമതത്വങ്ങള്‍ പ്രകാരമാണ് ദശാവതാരകഥ, പുഷ്പകവിമാനമാണ് ആദ്യത്തെ എയറോ പ്ലെയിന്‍, വ്യാസന്‍ കൌരവരെ സൃഷ്ടിച്ചത് സ്റ്റെം സെല്‍ ടെക്നോളജി വഴി…..ഇതൊന്നും ആളുകള്‍ ഉപ്പുതൊടാതെ വിഴുങ്ങില്ലാന്നു കാണുന്നിടത്തൊക്കെ എക്സോര്‍സിസവും ചാത്തനേറും തീക്കാവടിയുമൊക്കെ തന്നെ പിന്നെയും ശരണം !

  ഇന്റലിജന്റ് ക്രിയേഷന്‍ തിയറി ഓടാതായപ്പോള്‍ സഭയും തുടങ്ങിയിരിക്കുന്നു മന്ത്രവാദം!

   
 6. സി. കെ. ബാബു

  Jan 12, 2008 at 19:08

  ഇക്കൂട്ടര്‍ വിളിച്ചുകൂവുന്ന മണ്ടത്തരങ്ങള്‍ മനസ്സിലാക്കാന്‍ അവരെ പിന്തുടരുന്നവര്‍ക്കു് പണ്ടേ കഴിവില്ലായിരുന്നു. ഇപ്പോള്‍ കുറേ ശാസ്ത്രപദങ്ങള്‍ കൂട്ടിച്ചേര്‍ത്തു് വിളമ്പുന്ന സാമ്പാര്‍ രണ്ടുകൂട്ടര്‍ക്കും മനസ്സിലാവുന്നവയല്ല. എങ്കിലും കൂവുന്നു. മറ്റൊന്നു് അവര്‍ക്കറിയില്ലല്ലോ! 🙂

   
 7. CHANDRASEKHARAN.P.

  Feb 6, 2008 at 17:03

  ചര്‍ച്ചകള്‍ നന്നാകുന്നു, സജീവമാകുന്നു. വളരെ നല്ലതു – നന്ദി.

  ശ്രദ്ധേയങ്ങളായ ഇത്തരം ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ബ്ലൊഗുകളുടെ ഫോണ്ട്‌ വലിപ്പ്പ്പം കൂട്ടാന്‍ ശ്രദ്ധിക്കണമെന്നൊരപേക്ഷ.

   

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: