RSS

ആത്മാവും ജീവിതവും

20 Dec

ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണു് എന്നിലെ ആത്മാവു് എന്നു് വേണമെങ്കില്‍ പറയാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ചത്താല്‍ പിന്നെ എന്റെ ശരീരത്തില്‍ ആത്മാവുണ്ടാവില്ല. അതായതു്, ജീവന്‍ ശരീരത്തെ ഉപേക്ഷിക്കുമ്പോള്‍ ആത്മാവും ശരീരത്തെ ഉപേക്ഷിക്കുന്നു. ഇനി, ജീവനും ആത്മാവും ഒന്നാവുമോ? ആണെന്നു് ചിലര്‍, അല്ലെന്നു് ചിലര്‍. അറിയാനും, ആഗ്രഹിക്കാനും, പ്രവര്‍ത്തിക്കാനും, ചിന്തിക്കാനുമെല്ലാം ജീവനുണ്ടെങ്കിലേ കഴിയൂ. മരിച്ച ശരീരത്തിനു് ഈവിധ ശേഷികളില്ല. മരണം വ്യക്തിത്വത്തിന്റെയും, അതുവഴി ആത്മാവിന്റെയും അന്ത്യമാണെന്നു് ചിലര്‍. വ്യക്തിയുടെ ഈ ലോകത്തിലെ ജീവിതം അവസാനിക്കുമ്പോള്‍ പ്രപഞ്ചസാരാംശമായ ഈശ്വരനില്‍ ലയിക്കുന്ന അനശ്വരചൈതന്യമാണു് ആത്മാവെന്നു് മറ്റുചിലര്‍. ഇതില്‍ ഏതാവും ശരി? ഏതാണു് ശരിയെന്നു് മറ്റുള്ളവര്‍ വേണമെങ്കില്‍ തനിയെ തീരുമാനിക്കട്ടെ എന്നു് കരുതാം. പക്ഷെ അതിനെ സംബന്ധിച്ചു് എനിക്കു് സ്വന്തമായ ഒരു തീരുമാനം വേണമല്ലോ. ഈ വിഷയം സംബന്ധിച്ച എന്റെ തീരുമാനം ഞാന്‍ തിന്നുന്ന പൂരിമസാലയുടെ രുചിയെ സ്വാധീനിക്കുന്നില്ലെങ്കിലും, ഒരുപക്ഷേ കൂട്ടത്തിലോടി മടുത്തതുകൊണ്ടാവാം, ഇതുപോലുള്ള കാര്യങ്ങളില്‍ സ്വന്തമായ ഒരു തീരുമാനം വേണമെന്ന ഒരു നിര്‍ബന്ധം എനിക്കുള്ളതു്. ഈ നിര്‍ബന്ധം മൂലം ഞാന്‍ എന്നെത്തന്നെ ദ്രോഹിക്കുകയാണെന്നും എനിക്കറിയാം. കാരണം, വ്യക്തമായ ഒരു നിലപാടു് സ്വീകരിക്കുന്നതിനു് മുന്‍പു് വ്യത്യസ്തമായ നിലപാടുകള്‍ അറിഞ്ഞിരിക്കണം. നീണ്ട അന്വേഷണങ്ങളിലൂടെ അല്ലാതെ ഒരു തീരുമാനത്തിനു് വേണ്ടത്ര അളവു് അറിവു് ശേഖരിക്കാനുമാവില്ല. അതിനാല്‍, ഉള്ള സമയം ലുബ്ധിച്ചു് പങ്കിടണം. അതായതു്, പൂരിമസാല ആസ്വദിച്ചു് തിന്നുന്നതിനു് പകരം ആര്‍ത്തിപിടിച്ചു് തിന്നണം. മനുഷ്യന്‍ ചത്താലും ആത്മാവു് ചാവുന്നില്ലെങ്കില്‍ ഇക്കാര്യം അവഗണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കലെത്തുന്ന ആത്മാവിന്റെ തലയില്‍ ഇടിത്തീപോലെ വന്നു് വീഴാം. വെള്ളം ഒഴുകി പോയി കഴിഞ്ഞിട്ടു് ചിറ കെട്ടിയിട്ടു് കാര്യമില്ല.

ആത്മാവിനെ സംബന്ധിച്ച വൈവിധ്യമാര്‍ന്ന നിലപാടുകള്‍ ഇന്നുള്ളതുപോലെ എന്നും ലോകത്തിലുണ്ടായിരുന്നോ? ഉദാഹരണത്തിനു് ശിലായുഗത്തില്‍? ഇന്നു് മനുഷ്യര്‍ ആശയവിനിമയത്തിനു് ഉപയോഗിക്കുന്ന ഭാഷ എന്ന മാധ്യമം ഏതാനും ചില സ്വരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന, മനുഷ്യര്‍ വാക്കുകള്‍ക്കു് പകരം ആംഗ്യഭാഷ ഉപയോഗിച്ചിരുന്ന വളരെ പഴയ കാലഘട്ടങ്ങളില്‍? ആത്മാവിനെ സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ എന്തായാലും അന്നു് ഉണ്ടായിരുന്നിരിക്കില്ല. ഭാഷയുടെ പരിമിതി ഒന്നുകൊണ്ടുമാത്രം അതു് സാദ്ധ്യവുമായിരുന്നില്ല. അപ്പോള്‍ മനുഷ്യനിലെ ദൈവാത്മാവിനെ തിരിച്ചറിയുവാന്‍ ഭാഷ വേണമെന്നാണോ? അതോ, ആത്മാവുതന്നെ ഭാഷയുടെ സൃഷ്ടി ആണെന്നോ? മനുഷ്യചരിത്രത്തില്‍ എവിടെയായിരുന്നു ആത്മാവിനെ പറ്റിയുള്ള ചിന്തകളുടെ ആരംഭം? ആത്മാവു് എന്ന വാക്കു് ഒറ്റയടിക്കു് നിര്‍വ്വചിക്കാനാവുന്നതാണോ? ഓരോ സംസ്കാരത്തിലും അതിനു് ഓരോരോ കാലഘട്ടങ്ങളില്‍ കല്‍പിച്ചിരുന്ന അര്‍ത്ഥം തന്നെ അതിനെ വളരെ സങ്കീര്‍ണ്ണമാക്കുന്നു. ആരംഭത്തില്‍, ശ്വാസം, വായു മുതലായ അര്‍ത്ഥത്തില്‍ ഗ്രീക്ക്‌ ഭാഷയില്‍ pneuma, എബ്രായഭാഷയില്‍ ruach, ലാറ്റിനില്‍ spiritus/anima എന്നൊക്കെ വിളിക്കപ്പെട്ടിരുന്ന കാലത്തു് ആത്മാവു് തികച്ചും ഭൗതികമായ ഒന്നായിട്ടാണു് കരുതപ്പെട്ടിരുന്നതു്. ഇംഗ്ലീഷ്‌ ഭാഷയിലെ ghost-നു് തുല്യമായ ജര്‍മ്മന്‍ ഭാഷയിലെ Geist എന്ന വാക്കു് ആരംഭത്തില്‍ ഭൂതം എന്ന അര്‍ത്ഥത്തില്‍, ഭയപ്പെടുത്തുന്ന, “ശരീരമില്ലാത്ത അരൂപി” ആയിരുന്നു. കാലം മാറിയപ്പോള്‍ ആത്മാവിന്റേയും കോലം മാറി. പ്ലാറ്റോ അതിനെ വ്യക്തിത്വത്തിനു് അതീതമായ റീസണ്‍, ആശയം എന്നീ നിലകളില്‍ മനസ്സിലാക്കിയപ്പോള്‍ അരിസ്റ്റോട്ടിലിനു് ആത്മാവു് ആത്മബോധവും, ചിന്തയും, വ്യക്തിചൈതന്യവും ഒക്കെയായിരുന്നു. ജര്‍മ്മന്‍ തത്വചിന്തകനായ ഇമ്മാന്വേല്‍ കാന്റിന്റെ ചിന്തകളില്‍ ആത്മാവിന്റെ സ്ഥാനം അഹം, ബുദ്ധി, ആത്മബോധം മുതലായ വാക്കുകള്‍ അപഹരിക്കുന്നു. Geist എന്ന ജര്‍മ്മന്‍ വാക്കു് മനസ്സു്, ചൈതന്യം, ആത്മാവു്, ബോധം മുതലായ എത്രയോ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണു്. അതിനു് ആത്മാവു് എന്ന വാക്കിനു് മതങ്ങള്‍ നല്‍കുന്ന അര്‍ത്ഥവുമായി നേരിയ ബന്ധമേയുള്ളുവെന്നു് വേണമെങ്കില്‍ പറയാം. ജര്‍മ്മന്‍ ചിന്തകനായിരുന്ന ഹേഗെലിന്റെ കാഴ്ചപ്പാടില്‍, ആത്മനിഷ്ഠതയില്‍ നിന്നും വസ്തുനിഷ്ഠതയിലൂടെ പരമമായിത്തീരുന്ന ആത്മചൈതന്യത്തിന്റെ (Geist) വികാസം, ജനവിഭാഗങ്ങളുടെ ഭാഗധേയങ്ങളില്‍, ചിന്തകളില്‍ സാക്ഷാത്കരിക്കപ്പെടുന്നതാണു് ആകമാനലോകചരിത്രം തന്നെ.

മുടിനാരിന്റെ ഒരംശം, അല്ലെങ്കില്‍ അല്‍പം ഉമിഴ്‌നീര്‍ ഇതൊക്കെ ധാരാളം മതി ഇന്നു് ജീന്‍ പരിശോധനവഴി ഒരു മനുഷ്യന്റെ അനന്യത (identity) നിശ്ചയിക്കാന്‍. മരണശേഷവും ഒരുവന്‍ ജന്തുശാസ്ത്രപരമായി ആരായിരുന്നുവെന്നു് അവന്റെ ഓരോ തരിയും വിളിച്ചുപറയുന്നുണ്ടെന്നു് സാരം. അതായതു്, മരണസമയത്തു് “ദാ പോകുന്നു” എന്നു് ചൂണ്ടിക്കാണിക്കാവുന്ന ഒന്നല്ല മനുഷ്യാത്മാവു്. ഇന്ദ്രിയഗോചരമായ കാര്യങ്ങളുടെ ബോധപൂര്‍വ്വമായ അനുഭവശേഷി, ചിന്താശേഷി, ഭാവനാശേഷി, ശ്രദ്ധ, ഓര്‍മ്മ, ആഗ്രഹം, വികാരം, ശരീരത്തിന്റെ അനന്യത്വം തിരിച്ചറിയല്‍, ഞാന്‍ എന്ന ബോധം മുതലായ വിഭിന്ന മാനസിക അവസ്ഥകളെല്ലാം ആത്മാവിന്റെ പലതരം മുഖങ്ങളാണു്. രോഗമോ, അപകടമോ മൂലം തലച്ചോറിന്റെ ബന്ധപ്പെട്ട ഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായാല്‍, ഇപ്പറഞ്ഞതില്‍ ഒന്നോ അതിലധികമോ ശേഷികള്‍ നഷ്ടപ്പെടാം, മറ്റു് ശേഷികളെ ബാധിക്കാതെ തന്നെ! ഒറ്റയാനായ ഒരു ആത്മാവിന്റെ പ്രവൃത്തിയല്ല അനുഭവശേഷി എന്നു് ചുരുക്കം.

ഇന്നത്തെ ശാസ്ത്രം പ്രപഞ്ചോത്ഭവം ഒരു ആദിസ്ഫോടനത്തിന്റെ (big bang) ഫലമാണെന്നു് വ്യാഖ്യാനിക്കുന്നു. അങ്ങേയറ്റം ലളിതമാക്കി പറഞ്ഞാല്‍ ഏതാണ്ടു് ഇങ്ങനെ: പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണു്. അകലെയുള്ള ഗാലക്സികളില്‍ നിന്നും ഭൂമിയിലെത്തുന്ന തരംഗങ്ങളില്‍ വീക്ഷിക്കാന്‍ കഴിയുന്ന red shift (Doppler effect) ആണു് ഈ നിഗമനത്തിനു് ആധാരം. റോഡിലൂടെ പാഞ്ഞുപോകുന്ന ഒരു പോലീസ്‌ വാഹനത്തിലെ സൈറണ്‍ സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ വാഹനം അടുത്തുവരുന്നോ, അതോ നമ്മില്‍ നിന്നും അകന്നുപോകുന്നോ എന്നു് മനസ്സിലാക്കാന്‍ കഴിയുന്നപോലെ. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അതു് എന്നെങ്കിലും ആരംഭിച്ചതായിരിക്കണം. ഈ വികാസം ഒരുപക്ഷേ എന്നാളും തുടരാം. അല്ലെങ്കില്‍ എന്നെങ്കിലും അവസാനിക്കാം; അതിനുശേഷം വീണ്ടും സങ്കോചിക്കാന്‍ ആരംഭിക്കാം. അതിന്റെ വ്യവസ്ഥകള്‍ കൃത്യമായി അറിയണമെങ്കില്‍ ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മുങ്ങാങ്കുഴി ഇടണം. ഒന്‍പതോ പത്തോ അതില്‍ കൂടുതലോ പൂജ്യങ്ങള്‍ കൊണ്ടു് മാത്രം എഴുതാന്‍ കഴിയുന്ന ഒത്തിരി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു ബിഗ് ബാങ് ഉണ്ടാവാം. ആദിസ്ഫോടനത്തിനുശേഷം ഊര്‍ജ്ജം ദ്രവ്യമായി മാറിക്കൊണ്ടിരുന്നതിനിടയില്‍ ഈ “അടുത്തയിട” രൂപമെടുത്ത ഒരു കണ്ണിയാണു് മനുഷ്യന്‍. മരിച്ചു് മണ്ണായാലും, ഭസ്മമായാലും മനുഷ്യനിലെ മുഴുവന്‍ അംശങ്ങളും ഇവിടെത്തന്നെ ഉണ്ടാവും. ഒരു പൂര്‍ണ്ണ മനുഷ്യനോ, അവന്റെ ആത്മാവോ ആയിട്ടല്ല, ഇലകളുടെ, പൂക്കളുടെ, മൃഗങ്ങളുടെ, മനുഷ്യരുടെ എല്ലാം ഭാഗങ്ങളായി, പ്രപഞ്ചത്തിന്റെ ഭാഗമായി – ഒരിക്കലും മോചനമില്ലാതെ. കോടാനുകോടി വര്‍ഷങ്ങള്‍ക്കുശേഷം ഊര്‍ജ്ജമാവാന്‍, ദ്രവ്യമാവാന്‍, ഊര്‍ജ്ജമാവാന്‍! ഒരുകാര്യം ശരിയാണു്. നമുക്കു് ഈ പ്രപഞ്ചത്തില്‍ നിന്നും മോചനമില്ല – ശാസ്ത്രത്തിന്റെ വെളിച്ചത്തിലായാലും, അദ്ധ്യാത്മികതയുടെ അടിസ്ഥാനത്തിലായാലും.

ദ്രവ്യത്തെയും ഊര്‍ജ്ജത്തെയും ഒരു ചെറിയ സമവാക്യം കൊണ്ടു് പരസ്പരം ബന്ധിപ്പിക്കാമെന്നു് ഐന്‍സ്റ്റൈനുശേഷം ശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ക്കറിയാം. അങ്ങേര്‍ക്കു് മുന്‍പു് അങ്ങനെയൊരു കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. മനസ്സിന്റെ, ആത്മാവിന്റെ വളര്‍ച്ചയാണു് മനുഷ്യനെ പുതിയ പുതിയ അറിവുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനാക്കുന്നതു്. മനുഷ്യാത്മാവു് ദൈവികമായ പരമാത്മാവിന്റെ ഭാഗമെങ്കില്‍, ദൈവം പൂര്‍ണ്ണനെങ്കില്‍, മനുഷ്യാത്മാവിന്റെ, അഥവാ മനുഷ്യമനസ്സിന്റെ വളര്‍ച്ച അര്‍ത്ഥശൂന്യമാണു്. പൂര്‍ണ്ണത എങ്ങനെ, എന്തിലേക്കു് വളരാന്‍?

അദ്ധ്യാത്മികത പറയുന്നു: തൂണിലും തുരുമ്പിലും ഞാന്‍ (അഹം) ഉണ്ടു്. എത്ര ശരി! പക്ഷേ, ഞാന്‍ എന്റെ തന്നെ ഭാഗമായവയെ, “ഞാന്‍” തന്നെ ആയവയെ ദൈവം എന്ന പേരു് നല്‍കി വിളിക്കുന്നു. ചിലര്‍ അതില്‍ കച്ചവടസാദ്ധ്യതകള്‍ കാണുന്നു. മനുഷ്യനിലെ ഞാന്‍ എന്ന അന്തസത്തയെ സ്വന്തബുദ്ധിയിലൊതുങ്ങുന്ന ദൈവമാക്കി, രൂപം നല്‍കി, അദ്ധ്യാത്മികതയുടെ പരിവേഷം ചാര്‍ത്തി, മോചനമില്ലായ്മയില്‍ നിന്നും മോചനം നല്‍കുന്ന പരമശക്തിയാക്കി വില്‍ക്കാന്‍ ചിലര്‍ തയ്യാറാവുമ്പോള്‍, മറ്റു് ചിലര്‍ വാങ്ങാന്‍ തയ്യാറാവുന്നു. ചിലര്‍ക്കു് വില്‍ക്കാന്‍ അറിയാം. മറ്റുചിലര്‍ക്കു് വാങ്ങാനേ അറിയൂ. അതും, ഒരര്‍ത്ഥത്തില്‍, മോചനമില്ലാത്ത ഒരുതരം അഭിശപ്താവസ്ഥയാണു്‌. വീണ്ടെടുപ്പു്! മോക്ഷം! എന്താണു് അതുവഴി മനുഷ്യന്‍ മനസ്സിലാക്കേണ്ടതു്? ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായ മനുഷ്യനെ എങ്ങോട്ടു്, ആരു് വീണ്ടെടുക്കാന്‍? പ്രപഞ്ചത്തില്‍ ഞാന്‍. എന്നില്‍ പ്രപഞ്ചം. പ്രപഞ്ചം ഞാനും, ഞാന്‍ പ്രപഞ്ചവും. എന്നെ ഞാന്‍ അല്ലാതാക്കാന്‍ ആര്‍ക്കും കഴിയും, നഗ്നനേത്രങ്ങള്‍ക്കു് കാണാന്‍ കഴിയാത്ത ഒരു വൈറസിനു് പോലും. പക്ഷേ എന്നെ പ്രപഞ്ചത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രപഞ്ചത്തിനു് പോലും കഴിയില്ല. പ്രപഞ്ചത്തെ ഇല്ലാതാക്കി സ്വതന്ത്രമാവാന്‍ എനിക്കുമാവില്ല.

കളിച്ചു് ചിരിച്ചു് പിണങ്ങി ഇണങ്ങി വളര്‍ന്ന രണ്ടു് കിളികളിലൊന്നു് ഒരുമിച്ചു് പറക്കാന്‍ ആരംഭിക്കുമ്പോള്‍തന്നെ ചിറകറ്റു് വീണു് എന്നേക്കുമായി വേര്‍പിരിയുന്നതു് അനുഭവിക്കേണ്ടിവന്ന ഇണക്കിളി ഒരു വീണ്ടും കാണല്‍ സ്വാഭാവികമായും ആഗ്രഹിച്ചുപോകും – മരണശേഷമെങ്കിലും.

ക്ഷമിക്കൂ! പക്ഷേ അതൊരു ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റുന്നതിനേക്കാള്‍, നഷ്ടസ്വര്‍ഗ്ഗങ്ങളെ ഓര്‍ത്തു് കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതയെപ്പോലെ വിലപിക്കുന്നതിനേക്കാള്‍, ആഗ്രഹസ്വപ്നങ്ങള്‍ കണ്ടു് പൂഴിമണലില്‍ തലപൂഴ്ത്തി മയങ്ങുന്നതിനേക്കാള്‍, പച്ചയായ മനുഷ്യജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെ നേരിടുന്നതാണു്, പരിഹാരം തേടുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടം. പിച്ചച്ചട്ടികളില്‍ കയ്യിട്ടുവാരി ജീവിക്കേണ്ടി വരുന്ന ദൈവങ്ങളുടെ കാണാത്ത സ്വര്‍ഗ്ഗത്തിലെ സാങ്കല്‍പികസുഗന്ധത്തേക്കാള്‍ എന്റെ വിശപ്പടക്കാന്‍ എന്നെ സഹായിക്കാന്‍ കഴിയുന്ന മണ്ണിന്റെ മണമാണു് എന്നെ ഉന്മത്തനാക്കുന്നതു്.

 
10 Comments

Posted by on Dec 20, 2007 in ലേഖനം

 

Tags: , ,

10 responses to “ആത്മാവും ജീവിതവും

  1. സൂരജ്

    Dec 21, 2007 at 00:34

    ഇന്നലെ ഇതേ ആശയങ്ങള്‍ ആനുഷംഗികമായി പരാമര്‍ശിച്ച ഒരു പോസ്റ്റ് ഈയുള്ളവന്റെ വകയായി ബ്ലോഗിയതേയുള്ളൂ, ദാ ഇന്നിപ്പോള്‍ ബാബു ജീയുടെ ഈ പോസ്റ്റ് അതേക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു.

    അതിലെ പ്രസക്ത വാചകം:“ഊര്‍ജ്ജം ദ്രവ്യവുമായിച്ചേര്‍ന്ന് നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഫിസിക്സും, കോസ്മോളജിയുടെയും ക്വാണ്ടം ഭൌതികത്തിന്റെയും “ന്യു ഏജ് ” സിദ്ധാന്തങ്ങളും e = mc2 സമീകരണത്തിന്റെ സൌകര്യവുമൊക്കെ വന്നപ്പോള്‍ പുനര്‍ജന്മം, പൂര്‍വജന്മം, ജന്മാന്തര കര്‍മ്മ ഫലം, ജനി-മൃതി ചക്രം തുടങ്ങിയ പല ചരക്കുകളും ചൂടപ്പം പോലെ വിറ്റു പോകുന്നുണ്ട്…“

    മുന്‍പൊക്കെ ആത്മാവിനു രൂപവും സാരിയും പിന്നണിയില്‍ പാട്ടുമൊക്കെയുണ്ടായിരുന്നത് ആളുകള്‍ കേട്ടാല്‍ ചിരിക്കുമെന്നായപ്പോള്‍ ആത്മാവ് എന്ന സങ്കല്‍പ്പത്തെ മരണശേഷവും recycle ചെയ്യുന്ന “ഊര്‍ജ്ജം” ആയി പുതുതലമുറ മിസ്റ്റിക്കുകള്‍ മാറ്റിയിട്ടുണ്ട്.
    ഈ റീ‍സൈക്കിള്‍ ചെയ്യുന്ന ഊര്‍ജ്ജമാണത്രെ പുനര്‍ജന്മത്തില്‍ ദ്രവ്യഭാവം കൈവരിച്ച് ശരീരമാകുന്നത് ! പിന്നെ, ബിഗ് ബാങിനുമുന്‍പുള്ള കോസ്മിക് singularity യാണല്ലോ പരബ്രഹ്മം..! ആദിയും അന്തവുമില്ലാത്ത(?) ആ അനന്ത ഊര്‍ജ്ജ കേന്ദ്രത്തിലേക്ക് ചെന്നു ലയിക്കുകയാണ് ഓരോ ജീവസ്ഫുലിംഗത്തിന്റെയും ലക്ഷ്യം.! സ്ട്രിംഗ് സിദ്ധാന്തവും സൂപ്പര്‍ സിമ്മെട്രികതയുമൊക്കെ കൊളൈഡറുകളുടെ അഗ്നിപരീക്ഷകളെ ജയിച്ച് വരുമ്പോഴേക്കും ഈ മമ്മൂഞ്ഞ് മിസ്റ്റിക്കുകള്‍ വീണ്ടും പാടും: “ഞങ്ങളന്നേ പറഞ്ഞില്ലേ, ഇതൊക്കെ ഇവിടെ പണ്ടേ ഉണ്ടായിരുന്നുവെന്ന് – സ്ട്രിംഗുകളുടെ സംത്രാസം സൃഷ്ടിയുടെ ആദിതാളം..അതാണ് പ്രണവ മന്ത്രം..അതില്‍ നിന്നും മായാമയമായ ദ്രവ്യ പ്രപഞ്ചമുണ്ടാകുന്നു…പിന്നെ സകല ഗുലാബികളും…CERNഉം പ്ലാങ്ക് ഇന്‍സ്റ്റിട്യൂട്ടുമൊക്കെ പോയി തുലയാന്‍ പറ…ഇതൊക്കെ ഞമ്മള് പണ്ടേ പറഞ്ഞിട്ടൊള്ളതല്ലേ..??”

     
  2. സി. കെ. ബാബു

    Dec 21, 2007 at 11:22

    സൂരജ്,

    പ്രകൃതിശാസ്ത്രജ്ഞര്‍ മാത്രമല്ല, ബഹുഭൂരിപക്ഷം മനഃശാസ്ത്രജ്ഞരും, തത്വചിന്തകരും വ്യക്തിത്വത്തിനു് അതീതമായ ഒരു ആത്മാവിന്റെ സാധുത്വം ചോദ്യം ചെയ്യുന്നവരാണു്. അതേസമയം, ഇന്ദ്രിയഗോചരമായ അനുഭവം എന്ന മാനസികാവസ്ഥ നിഷേധിക്കാനാവില്ല. കാരണം, നമ്മള്‍ ഓരോരുത്തരും അതു് ദിനംപ്രതി അനുഭവിക്കുന്നുണ്ടു്.

    അതിഭൗതികവും, മതപരവുമായ മാനസികാവസ്ഥകളെ ശാസ്ത്രീയമായ പഠനങ്ങള്‍ക്കു് വിധേയമാക്കുക സാദ്ധ്യമല്ല. ഇതു് വായിക്കുന്ന ദൈവമക്കള്‍ സ്വാഭാവികമായും അതു് ശാസ്ത്രത്തിന്റെ കഴിവുകേടും, ദൈവത്തിന്റെ ചോദ്യം ചെയ്യാനാവാത്ത തികവും മികവുമായേ വിവക്ഷിക്കുകയുള്ളു. ശാസ്ത്രം ഇതുവരെ കൈവരിച്ച എത്രയോ നേട്ടങ്ങള്‍ – വെള്ളെഴുത്തു് കണ്ണടകള്‍ മുതല്‍ വിദ്യുച്ഛക്തിയും medicine-ലെ EEG, PET, MRI-മുതലായവയും വരെ! – കണ്ടും അനുഭവിച്ചും കൊണ്ടു് ശാസ്ത്രത്തെ ദുഷിക്കുന്നവരെപ്പറ്റി എന്തു് പറയാന്‍? ഏതെങ്കിലും ഒരു ശാസ്ത്രീയ പരീക്ഷണം പരാജയപ്പെട്ടു എന്നു് കേട്ടാല്‍ ഇക്കൂട്ടര്‍ക്കുണ്ടാവുന്ന സന്തോഷം അവര്‍ണ്ണനീയമാണു്! ഭൂമികുലുക്കം ഉണ്ടായി അന്യമതത്തില്‍ പെട്ട പതിനായിരങ്ങള്‍ ചത്താല്‍ അതു് ദൈവകോപമായിരുന്നു എന്നു് പറയാന്‍ മടിക്കാത്ത മനുഷ്യാധമന്മാരെ‍ വരെ അവരില്‍ കാണാം! ഇക്കൂട്ടരെ അവഗണിക്കാതിരുന്നെങ്കില്‍ ശാസ്ത്രത്തിനു് ഒരിക്കലും ഇത്രയും വളരാന്‍ കഴിയുന്മായിരുന്നില്ല.)

    ആശംസകള്‍!

     
  3. രാജന്‍ വെങ്ങര

    Dec 21, 2007 at 18:41

    പറ,പറ, വലിയ വലിയ കാര്യങ്ങള്‍
    നിങ്ങളങ്ങിനെ.
    വായിച്ചു വളരാം
    അറിവിന്‍ കൊമ്പത്തിവനുമേറാം
    കാണട്ടെഞാനുമാ ചക്രവാളങ്ങളീ
    ബ്ലോഗിന്‍ ജാലകപാളിയില്‍.

     
  4. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി

    Dec 21, 2007 at 19:51

    ഈ വിഷയത്തില്‍ എനിക്ക് കുറെ പറയാനുണ്ടായിരുന്നു . പക്ഷെ വാക്കുകള്‍ ഇപ്പോള്‍ വേണ്ടത്ര സഹകരിക്കുന്നില്ല . എന്തായാലും വീണ്ടും വരാം !
    ഇത് വായിക്കുമല്ലോ

     
  5. സി. കെ. ബാബു

    Dec 21, 2007 at 20:48

    രാജന്‍ വെങ്ങര,
    നന്ദി, സ്വാഗതം!

    K. P. S.,
    വിലയേറിയ അഭിപ്രായത്തിനായി കാത്തിരിക്കുന്നു. ലിങ്കിനു് നന്ദി.

     
  6. കാവലാന്‍

    Dec 25, 2007 at 08:17

    വരാനല്പ്പം വൈകിപ്പോയി. സൂരജിന്റെബ്ലോഗിലിതിന്റെയൊരംശം ഞാന്‍ കണ്ടിരുന്നു.

    ഇവിടെ വളരെ വ്യക്തമായി കാര്യങ്ങളവതരിപ്പിച്ചിരിക്കുന്നു.

    “ഒരിക്കലും മോചനമില്ലാതെ! കോടാനുകോടി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഊര്‍ജ്ജമാവാന്‍…, ദ്രവ്യമാവാന്‍…, ഊര്‍ജ്ജമാവാന്‍…!”
    ലേഖനത്തിലെ ഇത്തരം വരികള്‍ ചിന്തോദ്ധീപകമാണ്.(ഇതുമാത്രം എന്നല്ല ഉദ്ധേശിച്ചത്)

    ഞാനാചരിക്കുന്ന സംസ്കാരത്തിനിത്തരം ചിന്തകള്‍ വിലങ്ങുതടിയായല്ല എനിക്കനുഭവപ്പെടുന്നത്,
    സമാന്തരമായാണ് അല്ലെങ്കില്‍ അതുതന്നെയായാണ്.
    പലരും യുക്തിവാദമെന്നത് സാധാരണക്കാരനെ തെറിളിക്കുന്നതിലും,വിശ്വാസികളെ പ്രകോപിപ്പിക്കാനുമുപയോഗിക്കുമ്പോള്‍, പ്രശംസനാര്‍ഹമായ ഇത്തരം ലേഖനങ്ങള്‍ ചിന്തകള്‍ക്കും,മാറ്റങ്ങള്‍ക്കും വഴിതുറക്കുന്നു. ഇനിയും നല്ലവ പ്രതീക്ഷിക്കുന്നു

     
  7. സി. കെ. ബാബു

    Dec 27, 2007 at 10:40

    കാവലാന്‍,

    നന്ദി, സ്വാഗതം!

     
  8. കാട്ടിപ്പരുത്തി

    Jan 28, 2009 at 08:55

    ആത്മാവും ജീവനും ഒന്നായി ഇസ്ലാം കാണുന്നില്ല. മനുഷ്യര്‍ ജിന്നുകള്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ക്ക് ആത്മാവുണ്ടെന്ന് ഖുറാന്‍ രേഖപ്പെടുത്തു ന്നുണ്ട്. അവസാന നാളിനെ കുറിച്ച ചോദ്യങ്ങള്‍ക്കും ആത്മാവിനെ കുറിച്ച ചോദ്യങ്ങള്‍ക്കും അതിനെ കുറിച്ചുള്ള അറിവ് ദൈവത്തിന്റെ അരികിലാണെന്നാണ് പ്രവാചകന്‍ ഉത്തരം നല്‍കിയത്. അതിനാല്‍ ത്തന്നെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാകു മെന്നാണ് എന്‍റെ വിശ്വാസം – ഇതില്‍ മനസ്സിനെ തൃപ്തി പ്പെടുത്തുവാന്‍ ഒന്നുമില്ലെന്നനിക്കറിയാം. വിശ്വാസം കേവലമൊരു വിശ്വാസമല്ലേ എന്നൊരു ചോദ്യമുണ്ട്. ശരിക്കും വിശ്വാസമില്ലായ്മയും കേവലമൊരു വിശ്വസമില്ലയ്മയാണ്. ജിന്നെന്താനെന്നാണ് അടുത്ത ചോദ്യ മെന്നറിയാം, ഉത്തരം അധികം അറിയില്ല എന്ന് മാത്രമാണ്. മനുഷ്യരെ പ്പോലെ തിരഞ്ഞെടുക്കുവാന്‍ ബുദ്ധിയുള്ള മറ്റൊരു കൂട്ടര്‍ എന്ന് മാത്രമാണ് ഉത്തരം.

    എല്ലാറ്റിന്നും നമുക്കു നിര്‍വ്വചനങ്ങള്‍ നിര്‍മിക്കാമെന്ന വാശിയാണ് ആത്മാവിന്‍റെ അന്വേഷനങ്ങള്‍ക്ക് പിന്നില്‍- വിമര്‍ശിക്കുകയല്ല. എന്‍റെ ചെറിയ വിവരം പങ്കു വച്ചതാണ്. വിവരമില്ലയ്മയായി ത്തോന്നുന്നുവെങ്കില്‍ അതും.

     
  9. bayan

    Dec 28, 2011 at 10:21

    ഇപ്പോഴാണ് ലേഖനം വായിച്ചത്. ആത്മാവിനെ ലേഖനത്തിന്റെ സംഗ്രഹത്തില്‍ പറഞ്ഞ നിലപാടാണ് നിലപാട്.

    “ക്ഷമിക്കൂ! പക്ഷേ അതൊരു ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റുന്നതിനേക്കാള്‍, നഷ്ടസ്വര്‍ഗ്ഗങ്ങളെ ഓര്‍ത്തു് കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതയെപ്പോലെ വിലപിക്കുന്നതിനേക്കാള്‍, ആഗ്രഹസ്വപ്നങ്ങള്‍ കണ്ടു് പൂഴിമണലില്‍ തലപൂഴ്ത്തി മയങ്ങുന്നതിനേക്കാള്‍ പച്ചയായ മനുഷ്യജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെ നേരിടുന്നതാണു്, പരിഹാരം തേടുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടം. പിച്ചച്ചട്ടികളില്‍ കയ്യിട്ടുവാരി ജീവിക്കേണ്ടി വരുന്ന ദൈവങ്ങളുടെ കാണാത്ത സ്വര്‍ഗ്ഗത്തിലെ സാങ്കല്‍പികസുഗന്ധത്തേക്കാള്‍ എന്റെ വിശപ്പടക്കാന്‍ എന്നെ സഹായിക്കാന്‍ കഴിയുന്ന മണ്ണിന്റെ മണമാണു് എന്നെ ഉന്മത്തനാക്കുന്നതു്.”

     
  10. വി.ബി.രാജന്‍

    Jan 26, 2015 at 19:36

    കൊച്ചുകുട്ടികള്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ചില പ്രതീകങ്ങളിലൂടെ വിശദീകരണം നല്‍കുന്നതുപോലെ, ഗഹനമായ ആത്മീയത അജ്ഞനിയായ വിശ്വാസിയില്‍ എത്തിക്കുവാനാണ് ദൈവത്തിനേയും ആത്മാവിനേയും മനുഷ്യരൂപത്തില്‍ വിശദീകരിക്കുന്നതും ആരാധനയ്ക്ക് പ്രതീകങ്ങള്‍ ഉണ്ടാക്കുന്നതുമെന്നൊരു വിശദീകരണം ആധൂനിക ആത്മീയപ്രഭാഷകര്‍ നല്‍കുന്നത് കേട്ടിട്ടുണ്ട്. എന്തായാലും വിശ്വാസികള്‍ പൊതുവെ അജ്ഞരാണെന്ന സത്യം അവര്‍ അംഗീകരിക്കുന്നു. ഈ അജ്ഞതയെ വലിയൊരു കച്ചവടസാധ്യതയാക്കി മാറ്റാമെന്ന കണ്ടെത്തല്‍ ഭക്തി ആത്മീയ കച്ചവടം വളരുവാന്‍ കാരണമായി.

     
 
%d bloggers like this: