“എത്ര യഥാര്‍ത്ഥമാണു് യാഥാര്‍ത്ഥ്യം?” എന്ന തന്റെ പുസ്തകത്തില്‍ പോള്‍ വറ്റ്‌സ്ലാവിക് (Paul Watzlavick: 25.07.1921 – 07.04.2007) conditioned reflex എന്ന പ്രതിഭാസം വ്യക്തമാക്കുവാനായി ഞരമ്പുരോഗിയായ ഒരു കുതിരയുടെ (neurotic horse) കഥ വര്‍ണ്ണിക്കുന്നുണ്ടു്. ഒരു കുതിരയില്‍ നടത്തുന്ന പരീക്ഷണമാണു് വിഷയം. ലായത്തില്‍ നില്‍ക്കുന്ന കുതിര ഒരു കുളമ്പു് ചവിട്ടിയിരിക്കുന്നതു് ഒരു ലോഹത്തകിടിലാണു്. ഇടയ്ക്കിടെ ഈ തകിടിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചു് കുതിരയ്ക്കു് ഷോക്ക് നല്‍കുന്നു. ഓരോ പ്രാവശ്യവും ഷോക്ക് നല്‍കുന്നതിനു് തൊട്ടു് മുന്‍പു് ഒരു മണികിലുക്കം ഉണ്ടാവുന്നു എന്നതു് മാത്രമാണു് പ്രത്യേകത. അധികം താമസിയാതെ മണികിലുക്കവും ഷോക്കും തമ്മില്‍ ഒരു “കാര്യകാരണബന്ധം” ഉണ്ടെന്ന “വിശ്വാസം” മൂലം മണി കിലുങ്ങുമ്പോള്‍ തന്നെ ഷോക്കേല്‍ക്കാതിരിക്കാനായി കുതിര കാല്‍ പൊക്കുന്നു. ഏതാനും ആവര്‍ത്തനങ്ങള്‍ക്കു് ശേഷം ഷോക്ക് നല്‍കല്‍ നിറുത്തുന്നു. പക്ഷേ, മണി കേള്‍ക്കുമ്പോള്‍ കാല്‍ പൊക്കുന്ന രീതി കുതിര വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതല്ലാതെ വേണ്ടെന്നു് വയ്ക്കാന്‍ തീരുമാനിക്കുന്നില്ല.
കാല്‍ പൊക്കുമ്പോള്‍ ഷോക്ക് ഉണ്ടാവുന്നില്ല എന്നതിനാല്‍ , മണികിലുക്കം കേള്‍ക്കുമ്പോള്‍ കാല്‍ പൊക്കേണ്ടതു് ഷോക്ക് എന്ന അനഭിലഷണീയമായ അനുഭവത്തില്‍ നിന്നും തന്നെ രക്ഷിക്കുവാന്‍ ആവശ്യമാണെന്നു് പാവം കുതിര കരുതുന്നു. അതുവഴി, തന്റെ പെരുമാറ്റം ശരിയാണെന്നും, നിര്‍ബന്ധമായും പിന്തുടരേണ്ടതാണെന്നുമുള്ള വിശ്വാസം ഓരോ പ്രാവശ്യവും കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ ആ ജീവിയില്‍ സ്വയമേവ വേരുറയ്ക്കുന്നു. തന്റെ പെരുമാറ്റത്തെ നേരിയ തോതില്‍ പോലും സംശയിക്കേണ്ട ആവശ്യം കുതിരയ്ക്കില്ലാത്തതിനാല്‍, മണിയൊച്ച കേള്‍ക്കുമ്പോള്‍ കാല്‍ പൊക്കാതെയിരിക്കാനോ, അങ്ങനെ ആരംഭത്തില്‍ അനുഭവിക്കേണ്ടി വന്ന ഷോക്ക് ഇപ്പോള്‍ ഉണ്ടാവുന്നില്ല എന്ന സത്യം അറിയാനോ അതിനു് കഴിയുന്നില്ല. “ശരിയെ” തിരുത്തുന്നതു് അനാവശ്യമാണെന്നതിനാല്‍ “ശരിയെന്നു് കരുതുന്ന” തെറ്റു് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. അതായതു്, ആ കുതിരയെ സംബന്ധിച്ചു് പരിഹാരം ഒരു പ്രശ്നമായി മാറുന്നു – മനസ്സറിയാതെ!
കണ്ഡീഷന്‍ഡ് റിഫ്ലക്സ് ദൈവവിശ്വാസത്തിന്റെ രൂപീകരണപ്രക്രിയയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു് ചിന്തിക്കുന്നതു് രസകരമായിരിക്കും. ഭൂമികുലുക്കവും അഗ്നിപര്‍വ്വതങ്ങളും ഇടിയും മിന്നലും കണ്ടു് ഭയന്ന പുരാതന മനുഷ്യര്‍ അവയുടെ മാരകമായ ശക്തിക്കു് പിന്നില്‍ അജ്ഞാതരായ ദൈവങ്ങളെ സങ്കല്‍പിച്ചു. കാലക്രമേണ ദൈവങ്ങള്‍ക്കു് ഓരോ സമൂഹത്തിന്റേയും ഭാവനാശേഷിയില്‍ ഒതുങ്ങാന്‍ കഴിയുന്ന വിധത്തിലുള്ള രൂപങ്ങളും, തമ്മില്‍ തമ്മില്‍ തിരിച്ചറിയാനുതകുന്ന പേരുകളും ലഭിച്ചു. മനുഷ്യശക്തിക്കു് നിയന്ത്രിക്കാനാവാത്ത പ്രകൃതിക്ഷോഭങ്ങള്‍ ഒഴിവായിക്കിട്ടാന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തണം എന്നു് സമൂഹത്തിലെ മൂപ്പന്മാര്‍ നിശ്ചയിച്ചുറപ്പിച്ചു. പ്രകൃതിക്ഷോഭങ്ങള്‍ അധികപങ്കും ആകസ്മികമായും വല്ലപ്പോഴുമൊക്കെയുമാണു് സംഭവിക്കുന്നതെന്നതിനാല്‍ അവയുടെ അഭാവം, നടത്തപ്പെടുന്ന യാഗങ്ങളും ബലികളും ദൈവങ്ങള്‍ കൈക്കൊള്ളുന്നുവെന്ന ധാരണ മനുഷ്യരില്‍ വളരാന്‍ സഹായിച്ചു. എന്നിട്ടും ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരുന്ന പ്രകൃതികോപങ്ങള്‍ മനുഷ്യരുടെ പെരുമാറ്റദൂഷ്യങ്ങളുടെ ഫലമാണെന്നു് തന്ത്രശാലികളായ മൂപ്പന്മാര്‍ തീര്‍ച്ചപ്പെടുത്തി. മൂപ്പന്മാരെ വിമര്‍ശിച്ചിരുന്നവരെ ഉന്മൂലനം ചെയ്യാന്‍ ഈ നിലപാടു് പലപ്പോഴും സഹായകവുമായിരുന്നു!
ദൈവങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങളും, മനുഷ്യരുടെ ദൈവങ്ങളോടുള്ള കടപ്പാടുകളും, അതിനനുസൃതം തൊഴില്‍സാധ്യതകളും, വരുമാനമാര്‍ഗ്ഗങ്ങളും പെരുകിയപ്പോള്‍ മനുഷ്യരെയും ദൈവങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി പുരോഹിതര്‍ എന്ന അധികാരിവര്‍ഗ്ഗം രൂപമെടുത്തു. അവരുടെയിടയിലെ അധികാരമോഹവും അഭിപ്രായഭിന്നതയും വിവിധ മതങ്ങള്‍ക്കു് ജന്മം നല്‍കി. മതങ്ങള്‍ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ ചെയ്താല്‍ മനുഷ്യര്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നേടാമെന്ന “വിശ്വാസം” ഞരമ്പുരോഗിയായ കുതിരയിലെന്നപോലെ മനുഷ്യരിലും വേരുറച്ചു. മണിയടി കേട്ടാല്‍ കാല്‍ പൊക്കാതിരിക്കാന്‍ കഴിയാത്ത കുതിരയെപ്പോലെ, മതമെന്നു് കേട്ടാല്‍ മതിമറക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മനുഷ്യരും അധികം താമസിയാതെ എത്തിച്ചേര്‍ന്നു.
പുരാതനകാലത്തെ ദൈവങ്ങളുടെ ഉത്ഭവത്തിനു് കാരണഭൂതമായ പ്രകൃതിയിലെ പ്രതിഭാസങ്ങളെല്ലാം തന്നെ അറിയാനും അപഗ്രഥിക്കുവാനും ഇതിനോടകം ശാസ്ത്രങ്ങള്‍ക്കു് കഴിഞ്ഞു. എന്നിട്ടും മതവിശ്വാസത്തില്‍ നിന്നും തങ്ങളെ മോചിപ്പിക്കുവാന്‍ വിദ്യാഭ്യാസമുള്ള മനുഷ്യര്‍ക്കു് പോലും പലപ്പോഴും സാധിക്കുന്നില്ല എന്നതില്‍ നിന്നും മാനസികമായ കണ്ഡീഷനിങ് എത്ര ശക്തമാണെന്നു് മനസ്സിലാക്കാന്‍ കഴിയും. “മനുഷ്യനില്ലെങ്കില്‍ മതമില്ല” എന്നു് തിരിച്ചറിയുന്നതിനു് പകരം “മതമില്ലെങ്കില്‍ മനുഷ്യനില്ല” എന്നു് വിശ്വസിക്കാനാണു് അവര്‍ക്കു് കൂടുതല്‍ ഇഷ്ടം. “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നൊക്കെപ്പറഞ്ഞു് മനസ്സിലാക്കാന്‍ മനുഷ്യസ്നേഹികളായ പല ആചാര്യന്മാരും പലവട്ടം ശ്രമിക്കുകയും ചെയ്തു. പക്ഷേ മതം ഒരു ഉപജീവനമാര്‍ഗ്ഗമായവര്‍ക്കു് ഈ പഠിപ്പിക്കല്‍ കൊണ്ടു് വലിയ പ്രയോജനമില്ലാത്തതിനാല്‍ അവര്‍ തിരുത്തിയെഴുതി: “മനുഷ്യനു് എന്തു് സംഭവിച്ചാലും വേണ്ടില്ല, മതം രക്ഷപെട്ടാല്‍ മതി!”
“ബുദ്ധിഭ്രമം വ്യക്തികളില്‍ അപൂര്‍വ്വമാണു്, പക്ഷേ സമൂഹങ്ങളിലും, പാര്‍ട്ടികളിലും, ജനങ്ങളിലും, കാലങ്ങളിലും സാധാരണവും.” – ഫ്രീഡ്റിഹ് നീറ്റ്‌സ്ഷെ.
പ്രിയ ഉണ്ണികൃഷ്ണന്‍
Dec 3, 2007 at 05:23
viswasam ennum viswasam thanne!
സു | Su
Dec 3, 2007 at 06:29
ഓരോരുത്തര്‍ക്കും ഓരോ വിശ്വാസം.
ദീപു
Dec 3, 2007 at 08:59
Very informative….
pakshe mathathil ninnum maari chinthikkanulla manashakthi sadharana manushyanu illathe pokunnu.
“An atheist is a man who has no invisible means of support”
by Fulton J. Sheen
സി. കെ. ബാബു
Dec 3, 2007 at 10:44
പ്രിയ,
“നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും” എന്നു് യേശു പറഞ്ഞു. നല്ല കാര്യം! പക്ഷേ നിന്റെ വിശ്വാസം അന്യ വിശ്വാസികളെ ബോംബെറിഞ്ഞു് കൊല്ലണമോ? വിശ്വാസം അറിവല്ലാത്ത സ്ഥിതിക്കു് പ്രത്യേകിച്ചും?
സു,
ഓരോരുത്തരുടെ വിശ്വാസം അവരെപ്പോലെതന്നെ അന്യരേയും ഭാഗ്യവാന്മാരാക്കാന്‍ കഴിയുന്നവ ആയിരുന്നെങ്കില്‍ ലോകം എത്ര നന്നായിരുന്നേനെ!
ദീപു,
Fulton J. Sheen- നെ ഞാന്‍ ഒന്നു് തിരുത്തുന്നതില്‍ പരിഭവിക്കുകയില്ലെന്നു് കരുതുന്നു.
“An atheist is a man who NEEDS no invisible means of support.”
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാവര്‍ക്കും നന്ദി!
മൂര്‍ത്തി
Dec 4, 2007 at 18:21
നല്ല ചിന്ത..
desabhimani
Dec 6, 2007 at 11:14
വളരെ ഉത്തുംഗമായ ചിന്ത! ഈ ആശയങ്ങള്‍, ബൂസ്റ്റു ഡോസ് പോലെ, 3-4- ദിവസത്തിലൊരിക്കല്‍ ആരെങ്കിലുമൊക്കെ എഴുതണം. ഒരു വേള പഴക്കമേറിയാല്‍….. ആളുകളിലെ ജാതി-മത-വെകിളി കുറഞ്ഞേക്കാം..!
ബുദ്ധിമാന്‍
Dec 7, 2007 at 16:44
കാല് പൊക്കുന്നത് ഷോക്കടിക്കാതിരിക്കാനാണെന്ന കാര്യം പോലും പിന്നീട് കുതിര മറന്നു പോകും.
അത്രക്ക് ശക്തമാണ് കണ്ടീഷനിങ്ങ്!
നല്ല ലേഖനം.
സി. കെ. ബാബു
Dec 12, 2007 at 15:54
മൂര്‍ത്തി, desabhimani, ബുദ്ധിമാന്‍,
എല്ലാവര്‍ക്കും നന്ദി!